ലണ്ടന്‍: റിഫോം യു കെ ഇഫക്റ്റ് ഇതിനോടകം തന്നെ ഭരണകക്ഷിയെയും പ്രധാന പ്രതിപക്ഷത്തെയും ബാധിച്ചു കഴിഞ്ഞു. ബ്രിട്ടനിലേക്കുള്ള കുടിയേറ്റം നിയന്ത്രിക്കുന്നതിനായി നിയമങ്ങള്‍ കൂടുതല്‍ കര്‍ശനമാക്കേണ്ടുന്നതിനെ കുറിച്ച് ഇപ്പോള്‍ ഇരുകക്ഷികളും തുടര്‍ച്ചയായി സംസാരിച്ചു കൊണ്ടിരിക്കുകയാണ്. അതിനിടയിലാണ് ബ്രിട്ടന്‍ അനുവദിച്ച വിസകളുടെ ഏറ്റവും പുതിയ ഔദ്യോഗിക കണക്ക് പുറത്തു വരുന്നത്. കെയര്‍ വര്‍ക്കര്‍ വിസയില്‍ കുത്തനെ ഇടിവാണ് സംഭവിച്ചിരിക്കുന്നത്.

2022 ഫെബ്രുവരിക്കും 2023 ആഗസ്റ്റിനും ഇടയില്‍, പ്രതിമാസം ലഭിക്കുന്ന കെയര്‍വര്‍ക്കര്‍ വിസ അപേക്ഷകളുടെ എണ്ണം 4,100 ല്‍ നിന്നും 18,300 ല്‍ എത്തിയിരുന്നു. എന്നാല്‍, അതിനു ശേഷം വിദേശ കെയര്‍ വര്‍ക്കര്‍മാരെ റിക്രൂട്ട് ചെയ്യുന്നതില്‍ കര്‍ശന സമീപനം സര്‍ക്കാര്‍ സ്വീകരിച്ചു. തൊഴിലുടമകള്‍ എന്ന നിലയിലുള്ള ഉത്തരവാദിത്തം പൂര്‍ത്തിയാക്കാത്ത നിരവധിപേര്‍ക്ക് സ്പോണ്‍സര്‍ ലൈസന്‍സ് നഷ്ടപ്പെടുന്ന സാഹചര്യം വരെ ഉണ്ടായി. ഇതോടെ ബ്രിട്ടനിലേക്കുള്ള വിദേശ കെയര്‍ വര്‍ക്കര്‍മാരുടെ ഒഴുക്കും കുറഞ്ഞു. 2025 ഏപ്രിലില്‍ ഇവിടെ എത്തിയത് 1,700 കെയര്‍ വര്‍ക്കര്‍മാര്‍ മാത്രമാണ്.

കെയര്‍വര്‍ക്കര്‍മാര്‍ക്കൊപ്പമുള്ള ആശ്രിത വിസയിലും കാര്യമായ കുറവുണ്ടായി. അതേസമയം, സ്‌കില്‍ഡ് വര്‍ക്കര്‍ വിസയില്‍ അപേക്ഷകരുടെ എണ്ണത്തില്‍ കാര്യമായ കുറവുണ്ടാകാതെ തുടരുന്നുണ്ട്. 2022 ജനുവരിക്കും 2024 മാര്‍ച്ചിനും ഇടയില്‍ പ്രതിമാസം ശരാശരി 6000 അപേക്ഷകളാണ് സ്‌കില്‍ഡ് വര്‍ക്കര്‍ വിസയ്ക്കായി ലഭിച്ചതെങ്കില്‍ 2025 ല്‍ 3500 അപേക്ഷകളാണ് ലഭിച്ചത്. കെയര്‍വര്‍ക്കര്‍ വിസയുമായി താരതമ്യം ചെയ്യുമ്പോള്‍ ഇവിടെ കാര്യമായ കുറവുണ്ടായില്ല എന്ന് ബോദ്ധ്യപ്പെടും.

യൂത്ത് മൊബിലിറ്റി സ്‌കീം, സീസണല്‍ വര്‍ക്കര്‍ റൂട്ട് തുടങ്ങിയ താത്ക്കാലിക വര്‍ക്ക് വിസയുടെ കാര്യത്തിലും ഏതാണ്ട് മാറ്റമില്ലാത്ത അവസ്ഥയാണുള്ളത്. എന്നാല്‍, സ്റ്റുഡന്റ് വിസയുടെ കാര്യത്തില്‍ 10 ശതമാനത്തിന്റെ കുറവാണ് ഉണ്ടായിരിക്കുന്നത്. ഏപ്രില്‍ 2025 ന് അവസാനിച്ച ഒരു വര്‍ഷത്തില്‍ ലഭിച്ചത് സ്റ്റുഡന്റ് വിസയ്ക്കുള്ള 4,22,200 അപേക്ഷകളാണ്. അതേസമയം സ്റ്റുഡന്റ് ഡിപ്പന്‍ഡന്റ് വിസയുടെ കാര്യത്തില്‍ 87 ശതമാനത്തിന്റെ കുറവാണ് ഉണ്ടായിരിക്കുന്നത്. വിദ്യാര്‍ത്ഥികള്‍ ആശ്രിതരെ കൊണ്ടുവരുന്നതില്‍ വരുത്തിയ നിയന്ത്രണങ്ങളുടെ ഫലമാണിത്. പോസ്റ്റ് ഗ്രാഡ്വേറ്റ് റിസര്‍ച്ച് കോഴ്സുകള്‍ക്കായി വരുന്ന വിദ്യാര്‍ത്ഥികള്‍ക്ക് മാത്രമെ ഇപ്പോള്‍ ആശ്രിതരെ കൊണ്ടുവരാന്‍ അനുവാദമുള്ളു.

കുടുംബാംഗങ്ങളെ കൊണ്ടു വരുന്നതിനുള്ള ഫാമിലി വിസക്കുള്ള വരുമാന പകുതി ഉയര്‍ത്തിയതോടെ ഫാമിലി വിസയുടെ കാര്യത്തിലും കാര്യമായ കുറവുണ്ടായി. 2023 ഡിസംബര്‍ മുതല്‍ ഈ വരുമാന പരിധി നിലവില്‍ വന്ന ഏപ്രില്‍ 2024 വരെ പ്രതിമാസ ഫാമിലി വിസ അപേക്ഷകളുടെ എണ്ണം 7,500 ല്‍ നിന്നും 12,700 ആയി വര്‍ദ്ധിച്ചിരുന്നു. എന്നാല്‍, പുതിയ നിയമം പ്രാബല്യത്തില്‍ വന്നതിനു ശേഷം 2024 മെയ് മാസത്തില്‍ ഇത് 6,900 ആയി കുറഞ്ഞു. കഴിഞ്ഞ മാസം ഇത് 7,100 ആണ്.