- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- EXPATRIATE
നാട്ടില്‍ നിന്നുള്ള കെയറര്‍ വിസ റദ്ദാക്കി; പോസ്റ്റ് സ്റ്റഡി വിസ ഒന്നര വര്‍ഷമായി കുറച്ചു; പിആര്‍ കിട്ടാനുള്ള കാലാവധി ദീര്‍ഘിപ്പിച്ചു; ഡിപാണ്ടന്റ് വിസയില്‍ ഉള്ളവര്‍ അടക്കമുള്ളവരുടെ ഇംഗ്ലീഷ് യോഗ്യത കടുപ്പിച്ചു; ക്രിമിനല്‍ കുറ്റം ചെയ്താല്‍ നാട് കടത്തും: യുകെയിലെ പുതിയ വിസ നിയമങ്ങള്‍ ചുരുക്കത്തില്‍
നാട്ടില്‍ നിന്നുള്ള കെയറര്‍ വിസ റദ്ദാക്കി
ലണ്ടന്‍: ബ്രിട്ടന്‍ അപരിചിതരുടെ ഒരു ദ്വീപായി മാറുന്നു എന്ന് പരാമര്‍ശിച്ചുകൊണ്ടായിരുന്നു പ്രധാനമന്ത്രി സര്‍ കീര്‍ സ്റ്റാര്‍മര്‍ പുതിയ കുടിയേറ്റ നിയന്ത്രണ നടപടികള്‍ പ്രഖ്യാപിച്ചത്. രാജ്യാതിര്‍ത്തികള്‍ ലേബര്‍ സര്‍ക്കാര്‍ തിരിച്ചുപിടിക്കുമെന്ന് പ്രഖ്യാപിച്ച അദ്ദേഹം ബ്രിട്ടനിലേക്കുള്ള നിയമപരമായ കുടിയേറ്റവും കുറയ്ക്കുമെന്ന് പറഞ്ഞു. എന്നാല്‍, ഇപ്പോള്‍ പ്രഖ്യാപിച്ച നിയന്ത്രണങ്ങളും നിയമങ്ങളും കുടിയേറ്റവും അഭയാര്‍ത്ഥി പ്രവാഹവും തടയാന്‍ മതിയാകുമോ എന്ന സംശയത്തിലാണ് കണ്‍സര്‍വേറ്റീവ് പാര്‍ട്ടി ഈ സാഹചര്യത്തിലാണ് പുതിയ നിയമങ്ങള്‍ എന്തെല്ലാമാണെന്ന് പരിശോധിക്കേണ്ടത്.
കുടിയേറ്റത്തെ ശക്തമായി എതിര്‍ക്കുന്ന റിഫോം യുകെയുടെ തെരഞ്ഞെടുപ്പ് വിജയമാണ് ഇപ്പോള്‍ ഭരണകക്ഷിയെ കുടിയേറ്റത്തിനെതിരെ കര്‍ശന നിലപാട് എടുക്കാന്‍ പ്രേരിപ്പിച്ചിരിക്കുന്നത്. നിലവിലുള്ള ഓട്ടോമാറ്റിക് സെറ്റില്‍മെന്റ് സിസ്റ്റത്തെ പാടെ പിഴുതെറിയുന്നതാണ് പുതിയ പൗരത്വ നിയമം. നേരത്തെ യു കെയില്‍ അഞ്ചുവര്‍ഷം താമസിച്ച ഒരു വ്യക്തിക്ക് സ്വാഭാവികമായും പൗരത്വത്തിനുള്ള അര്‍ഹത ലഭിക്കുമായിരുന്നു. എന്നാല്‍ ഇതിപ്പോള്‍ 10 വര്‍ഷമാക്കി ഉയര്‍ത്തി.
മാത്രമല്ല, ഉയര്‍ന്ന നിലവാരത്തിലുള്ള ഇംഗ്ലീഷ് പരിജ്ഞാനവും ആവശ്യമാണ്. ഇത് ബ്രിട്ടനിലേക്ക് വര്‍ക്ക് വിസ ലഭിക്കുന്നതിനും ബാധകമാണ് എന്ന് മാത്രമല്ല, ആശ്രിത വിസയില്‍ ആശ്രിതരെ കൊണ്ടു വരണമെങ്കില്‍ അവര്‍ക്കും ഉയര്‍ന്ന നിലയിലുള്ള ഇംഗ്ലീഷ് പരിജ്ഞാനം ആവശ്യമാണ്. ഇംഗ്ലീഷ് ഭാഷാ പരിജ്ഞാനം ഇല്ലാത്തതാണ് കുടിയേറ്റക്കാര്‍ക്ക് ഇംഗ്ലീഷ് സമൂഹവുമായി ഒത്തുപോകുന്നതില്‍ തടസ്സമാകുന്നത് എന്നാണ് ഇതിന് കാരണമായി പറയുന്നത്. മറ്റൊരു സുപ്രധാന മാറ്റം വന്നിരിക്കുന്നത് കെയര്‍ വര്‍ക്കര്‍ വിസയുമായി ബന്ധപ്പെട്ടാണ്.
കെയര്‍ വര്‍ക്കര്‍ വിസ പൂര്‍ണ്ണമായും നിര്‍ത്തലാക്കുകയാണെന്ന് ഹോം സെക്രട്ടറി യുവെറ്റ് കൂപ്പര്‍ അറിയിച്ചിട്ടുണ്ട്. കെയര്‍ സ്ഥാപനങ്ങള്‍ക്ക് ഇനിമുതല്‍ വിദേശത്തു നിന്നും കെയറര്‍മാരെ റിക്രൂട്ട് ചെയ്യാന്‍ കഴിയില്ലെന്നും, അതിനു പകരമായി ബ്രിട്ടീഷ് പൗരന്മാര്‍ക്ക് ആവശ്യമായ പരിശീലനം നല്‍കി ബ്രിട്ടീഷ് കെയറര്‍മാരുടെ ഒരു സേനയെ സൃഷ്ടിക്കണമെന്നുമാണ് ഹോം സെക്രട്ടറി ആവശ്യപ്പെട്ടത്. ഈ മാറ്റങ്ങള്‍ എല്ലാം പൂര്‍ണ്ണമായും നടപ്പില്‍ വരാന്‍ 2028 വരെ സമയമെടുക്കും. അതുവരെ, ബ്രിട്ടനിലുള്ള വിദേശ കെയറര്‍മാര്‍ക്ക് വിസ നീട്ടുന്നതിനായി അപേക്ഷിക്കുകയും ചെയ്യാം.
സര്‍ക്കാരിന്റെ കണക്കുകള്‍ അനുസരിച്ച്, വ്യാജസ്ഥാപനങ്ങള്‍ ബ്രിട്ടനില്‍ എത്തിച്ച് കബളിപ്പിച്ച 40,000 ഓളം വിദേശ കെയറര്‍മാര്‍ ബ്രിട്ടനില്‍ ഇപ്പോല്‍ തൊഴില്‍ ഇല്ലാതെയുണ്ട്. തദ്ദേശ കെയറര്‍മാരെ തയ്യാറാക്കുന്നതു വരെ ഇവരെ നിയമിക്കാവുന്നതാണെന്നും ഹോം ഡിപ്പാര്‍ട്ട്‌മെന്റ് അറിയിച്ചിട്ടുണ്ട്. മറ്റൊരു കാതലായ മാറ്റം വന്നിരിക്കുന്നത് വിദേശ കുറ്റവാളികളുടെ കാര്യത്തിലാണ്. നേരത്തെ, ഒരു വിദേശി ബ്രിട്ടനില്‍ കുറ്റം ചെയ്താല്‍, ഒരു വര്‍ഷത്തിലധികം ജയില്‍ ശിക്ഷ ലഭിച്ചാല്‍ മാത്രമെ നാടുകടത്തുമായിരുന്നുള്ളു. എന്നാല്‍, പുതിയ നിയമമനൂസരിച്ച്, ഒരു വിദേശി എന്ത് കുറ്റം ചെയ്താലും വിസ റദ്ദാക്കാനും നാടുകടത്താനുമുള്ള വിവേചനാധികാരം ഹോം ഡിപ്പാര്‍ട്ട്‌മെന്റിന് ഉണ്ടായിരിക്കും.
മാത്രമല്ല, കുടുംബത്തോടൊപ്പം ജീവിക്കാന്‍ അവകാശം നല്‍കുന്ന യൂറോപ്യന്‍ കണ്‍വെന്‍ഷന്‍ ഓണ്‍ ഹ്യുമന്‍ റൈറ്റ്‌സിലെ ആര്‍ട്ടിക്കിള്‍ 8 ദുരുപയോഗം ചെയ്ത് നാടുകടത്തലില്‍ നിന്നും രക്ഷപ്പെടുന്നത് ഒഴിവാക്കാനുള്ള നിയമവും കൊണ്ടുവരും. ആര്‍ട്ടിക്കിള്‍ 8 ഉയര്‍ത്തി വരുന്ന ക്രിമിനലുകള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കും. മാറ്റം കാര്യമായി ബാധിക്കുന്ന മറ്റൊരു വിഭാഗം വിദേശ വിദ്യാര്‍ത്ഥികളാണ്. പ്രതിവര്‍ഷം ഒന്നര ലക്ഷത്തോളം വിദേശ വിദ്യാര്‍ത്ഥികളാണ് ഗ്രാജ്വേറ്റ് വിസ വഴി യു കെയില്‍ വരുന്നത്. നിലവില്‍ അവര്‍ക്ക് കോഴ്സ് കഴിഞ്ഞാലും രണ്ട് വര്‍ഷം വരെ യു കെയില്‍ തുടരാനാകും, എന്നാല്‍ ഇപ്പോഴിത് 18 മാസമായി കുറച്ചിരിക്കുകയാണ്.
അതുപോലെ വര്‍ക്ക് വിസക്ക് ആവശ്യമായ സ്‌കില്‍ ത്രെഷോള്‍ഡ് ഡിഗ്രി ലെവലിലേക്ക് ഉയര്‍ത്തുകയാണ്. 2021 നും 2024 നും ഇടയില്‍ കുറഞ്ഞ തലത്തിലുള്ള സ്‌കില്ലുകള്‍ ആവശ്യമായ തൊഴിലുകള്‍ക്കായിരുന്നു വിദേശികള്‍ കൂടുതലായി എത്തിയിരുന്നത്. അത് ഇനി അസാധ്യമാകും. ഈ സ്‌കില്‍ നിലവാരത്തിനു താഴെമാത്രം സ്‌കില്‍ ആവശ്യമായ ജോലിക്ക് വിദേശികളെ റിക്രൂട്ട് ചെയ്യുകയാണെങ്കില്‍ അത് കര്‍ശനമായും സമയ പരിമിതി വെച്ചുകൊണ്ടായിരിക്കണം. മാത്രമല്ല, അത്തരം തൊഴിലുകള്‍ക്ക് അനുയോജ്യമായ തൊഴിലാളികളുടെ ക്ഷാമമുണ്ടെന്നും തെളിയിക്കണം. . നിശ്ചിത കാലാവധി കഴിഞ്ഞാല്‍, ഇങ്ങനെയെത്തുന്ന തൊഴിലാളികള്‍ മടങ്ങിപ്പോവുകയും വേണം.
വിദേശ തൊഴിലാളികളെ സ്പോണ്‍സര്‍ ചെയ്യുന്ന സ്ഥാപനങ്ങള്‍ക്കുള്ള ഇമിഗ്രേഷന്‍ സ്‌കില്‍ ചാര്‍ജ്ജില്‍ 32 ശതമാനത്തിന്റെ വര്‍ദ്ധനവും വരുത്തിയിട്ടുണ്ട്. നിലവില്‍ ഒരു വിദേശ തൊഴിലാളിയെ സ്‌കില്‍ദ് വര്‍ക്കറായി റിക്രൂട്ട് ചെയ്യുമ്പോള്‍ സ്ഥാപനം ആദ്യ വര്‍ഷം 1000 പൗണ്ടും, പിന്നീടുള്ള ഓരോ ആറ് മാസക്കാലത്തേക്കും 500 പൗണ്ട് വീതവും ഇമിഗ്രേഷന്‍ സ്‌കില്‍ ചാര്‍ജ്ജായി നല്‍കണം.