- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സീനിയര്‍ നഴ്സ് ജോലി നേടാന്‍ വ്യാജ നഴ്സിംഗ് സര്‍ട്ടിഫിക്കറ്റുകളും തെറ്റായ തൊഴില്‍ രേഖകളും; നഴ്സ് കുറ്റക്കാരിയെന്ന് കണ്ടെത്തി കോടതി
ലണ്ടന്‍: നഴ്സിംഗ് യോഗ്യതാ സര്‍ട്ടിഫിക്കറ്റും, പ്രവൃത്തി പരിചയ സര്‍ട്ടിഫിക്കറ്റും വ്യാജമായി നിര്‍മ്മിച്ച്, പ്രമുഖ ആശുപത്രിയിലെ നവജാത ശിശുക്കളുടെ വാര്‍ഡില്‍ സീനിയര്‍ നഴ്സ് ആയി ജോലി ചെയ്തിരുന്ന ടാനിയ നസീര്‍ എന്ന 45 കാരി കുറ്റക്കാരിയാണെന്ന് കോടതി കണ്ടെത്തി. ഹെര്‍ട്ട്ഫോര്‍ഡ്ഷയറിലെ റിക്ക്മാന്സ്വര്ത്തില് താമസിക്കുന്ന ഇവര്‍ ഒമ്പത് കൗണ്ട് തട്ടിപ്പിനും വ്യാജരേഖകള്‍ ഹാജരാക്കിയതിനുമാണ് കുറ്റക്കാരിയാണെന്ന് കണ്ടെത്തിയത്. ഉയര്‍ന്ന യോഗ്യതയുള്ള, നിയോനാറ്റല്‍ നഴ്സ് ആണെന്നും സൈനിക സേവനം നടത്തിയിട്ടുണ്ട് എന്നുമൊക്കെയായിരുന്നു ഇവര്‍ പറഞ്ഞിരുന്നത്.
നിരവധി അക്കാദമിക, ക്ലിനിക്കല്‍ യോഗ്യതകള്‍ ഉള്ള തനിക്ക് അഫ്ഗാനിസ്ഥാനില്‍ സൈനിക സേവനം അനുഷ്ഠിക്കുന്നതിനിടെ രണ്ടു തവണ വെടിയേറ്റിട്ടുണ്ടെന്നും ഇവര്‍ അവകാശപ്പെട്ടിരുന്നു. തീര്‍ത്തും കളവായ കഥകള്‍ കെട്ടിച്ചമച്ച് ഇവര്‍ മേലധികാരികളെയും അടുത്ത സുഹൃത്തുക്കളെയും കബളിപ്പിക്കുകയായിരുന്നു എന്നതാണ് വാസ്തവം. കുറ്റക്കാരിയാണെന്ന് കണ്ടെത്തിയ ഇവരെ തത്ക്കാലം ജാമ്യത്തില്‍ വിട്ടയച്ച കോടതി, ശിക്ഷ പ്രഖ്യാപിക്കുന്നത് സെപ്റ്റംബര്‍ 24 ന് ആയിരിക്കുമെന്നും അറിയിച്ചിട്ടുണ്ട്.
ബ്രിഡ്ജെന്‍ഡിലെ പ്രിന്‍സസ് ഓഫ് വെയ്ല്‍സ് ഹോസ്പിറ്റലിലെ നിയോ നാറ്റല്‍ വാര്‍ഡില്‍ 2019 സെപ്റ്റംബറിലായിരുന്നു, രണ്ടു കുട്ടികളുടെ അമ്മയായ ഇവര്‍ വാര്‍ഡ് മാനേജര്‍ ആയി ജോലിയില്‍ പ്രവേശിച്ചത്. ജോലിയില്‍ കയറി നാല് മാസം കഴിഞ്ഞപ്പോഴാണ് മേട്രണ്‍ ഇവരുടെ മേല്‍ സംശയം ജനിച്ചത്. ഇവരുടെ നഴ്സിംഗ് കോഡ് കാണിക്കുന്നത്, ഇവര്‍ അവകാശപ്പെടുന്നതിലും നാല് വര്‍ഷം കഴിഞ്ഞതിന് ശേഷമാണ് നഴ്സിംഗ് യോഗ്യത നേടിയത് എന്നാണ്.
തുടര്‍ന്ന് ആശുപത്രി അധികൃതര്‍ നടത്തിയ അന്വേഷണത്തിലാണ് ഇവര്‍ തന്റെ നഴ്സിംഗ് യോഗ്യതയെ കുറിച്ചും, സൈനിക ജീവിതത്തെ കുറിച്ചും പറഞ്ഞതെല്ലാം നുണകളായിരുന്നു എന്ന് തെളിഞ്ഞത്. തുടര്‍ന്ന് ഇവരെ സസ്പെന്‍ഡ് ചെയ്യുകയായിരുന്നു. എന്നാല്‍, കാര്യങ്ങള്‍ ബോധിപ്പിക്കാന്‍ അന്വേഷണ ഏജന്‍സിക്ക് മുന്പില് എത്താന്‍ ആവശ്യപ്പെട്ടതിന് രണ്ടു ദിവസം മുന്‍പെ ഇവര്‍ രാജിവെക്കുകയായിരുന്നു. ലണ്ടനിലെ ഹില്ലിംഗ്ഡണ്‍ ഹോസ്പിറ്റലില്‍ നേരത്തെ ജോലി ചെയ്തിരുന്ന മൗറീന്‍ വെസ്റ്റ്പാല്‍ എന്നൊരു നഴ്സിന്റെ എന്‍ എച്ച് എസ് ഈമെയില്‍ അക്കൗണ്ട് ദുരുപയോഗിച്ച് റെഫറന്‍സ് ലെറ്റര്‍ സംഘടിപ്പിച്ചായിരുന്നു ഇവര്‍ വാര്‍ഡ് മാനേജര്‍ ആയി ജോലിയില്‍ കയറിയത്.
അതില്‍ വെസ്റ്റ്പാല്‍ ആയിരുന്നു ടാനിയ നസീറിന്റെ ലൈന്‍ മാനേജര്‍ എന്ന് എഴുതിയിരുന്നു. എന്നാല്‍, ഈ കത്തെഴുതുന്നതിന് 10 മാസം മുന്‍പ് തന്നെ വെസ്റ്റ്പാല്‍, തന്റെ പൂര്‍ണ്ണസമയ ജോലിയില്‍ നിന്നും ഒഴിഞ്ഞിരുന്നു. പിന്നീട് താത്ക്കാലിക ജോലിക്കാരിയായി തുടരുന്നതിനാലായിരുന്നു അതിനു ശേഷവും ഇവരുടെ ഈമെയില്‍ സജീവമായിരുന്നത്. എന്‍ എച്ച് എസ്സ് കൗണ്ടര്‍ ഫ്രോഡ് അന്വേഷകര്‍ക്ക് മുന്പില് മൗറീന്‍ വെസ്റ്റ്പാല്‍ താന്‍ ഇത്തരത്തിലൊരു കത്ത് എഴുതിയിട്ടില്ല എന്ന് സമ്മതിക്കുകയും ചെയ്തിരുന്നു. ടാനിയയുടെ അറസ്റ്റിന് ശേഷം പോലീസ് ടാനിയയുടെ വീട് പരിശോധിച്ചപ്പോള്‍ നിരവധി വ്യാജ സര്‍ട്ടിഫിക്കറ്റുകളും ഡിപ്ലൊമകളും അവിടെ നിന്നും ലഭിച്ചിരുന്നു.