തിരുവനന്തപുരം: സംസ്ഥാനത്ത് ഹരിത ഹൈഡ്രജന്‍ ഉല്‍പ്പാദനത്തിന് താല്‍പ്പര്യം പ്രകടിപ്പിച്ച് കൂടുതല്‍ കമ്പനികള്‍. വിഴിഞ്ഞം-കൊച്ചി തുറമുഖങ്ങള്‍ കേന്ദ്രീകരിച്ച് ഹരിത ഹൈഡ്രജനും ഹരിത അമോണിയയും ഉത്പാദിപ്പിക്കാന്‍ താത്പര്യം പ്രകടിപ്പിച്ച് ഈ മേഖലയിലെ പ്രമുഖ കമ്പനികള്‍ സംസ്ഥാന സര്‍ക്കാരിനെ സമീപിച്ചു. 72,000 കോടി നിക്ഷേപം വരുന്ന നാലുപദ്ധതികളാണ് പരിഗണനയിലുള്ളത്. ഇതോടെ ഈ രംഗത്ത് വലിയ സാധ്യതയാണ് സര്‍ക്കാറിനെ കാത്തിരിക്കുന്നത്.

25 ശതമാനംവരെ മൂലധന സബ്‌സിഡി വാഗ്ദാനം ഉള്‍പ്പെടെ സംസ്ഥാന സര്‍ക്കാരിന്റെ കരടുഹരിത ഹൈഡ്രജന്‍ നയത്തില്‍ ആകൃഷ്ടരായാണ് കമ്പനികളെത്തുന്നത്. നയത്തിന് അംഗീകാരം ലഭിച്ചാലേ അപേക്ഷകളില്‍ തീരുമാനമാകൂ. നിര്‍മാണഘട്ടത്തില്‍ 30,000-ത്തോളവും പ്രവര്‍ത്തനഘട്ടത്തില്‍ ഏഴായിരത്തോളവും തൊഴിലവസരങ്ങളാണ് വാഗ്ദാനം.

തുറമുഖങ്ങളോടു ചേര്‍ന്നാണ് പല കമ്പനികളും പ്ലാന്റ് സ്ഥാപിക്കാന്‍ 30 ഏക്കര്‍മുതല്‍ 300 ഏക്കര്‍വരെ ആവശ്യപ്പെട്ടിരിക്കുന്നത്. കിഴക്കന്‍ മേഖലകളില്‍ നഷ്ടത്തിലായ പ്ലാന്റേഷന്‍ ഭൂമി ഇതിനായി പരിഗണിക്കാനാവുമോ എന്നും സര്‍ക്കാര്‍ നോക്കുന്നുണ്ട്. കേരളത്തില്‍ ഹരിത ഹൈഡ്രജന്‍ പദ്ധതി നടപ്പാക്കാനുള്ള നോഡല്‍ ഏജന്‍സിയായ അനെര്‍ട്ടിന്റെ നേതൃത്വത്തിലാണ് നയത്തിന് രൂപം നല്‍കുന്നത്.

കല്‍ക്കരി, പ്രകൃതിവാതകം തുടങ്ങിയ ഫോസില്‍ ഇന്ധനത്തെ ആശ്രയിക്കാതെ പൂര്‍ണമായും പുനരുപയോഗ ഊര്‍ജത്തെ അധിഷ്ഠിതമാക്കി ഉത്പാദിപ്പിക്കുന്ന ഹൈഡ്രജനാണ് ഹരിത ഹൈഡ്രജനായി വിശേഷിപ്പിക്കുന്നത്. ജലകണികകളെ ഇലക്ട്രോളിസിസിലൂടെ വിഘടിപ്പിച്ച് ഹൈഡ്രജന്‍ ഉത്പാദിപ്പിക്കും. കാര്‍ബണ്‍ പുറന്തള്ളല്‍ കുറയ്ക്കുന്നതിനായി ഹരിത ഹൈഡ്രജന് വലിയ ആവശ്യമാണ് ഭാവിയില്‍ ഉണ്ടാവുക എന്നാണ് കരുതുന്നത്. റിന്യൂ പവര്‍, ലീപ്പ് എനര്‍ജി, എച്ച്.എല്‍.സി, എന്‍ഫിനിറ്റി തുടങ്ങിയ കമ്പനികളാണ് നിക്ഷേപം ഇറക്കാന്‍ തയ്യാറായി രംഗത്തുവന്നിരിക്കുന്നത്.

എന്താണ് ഹരിത ഹൈഡ്രജന്‍?

വൈദ്യുതി ഉപയോഗിച്ച് ജലത്തില്‍ നിന്നും ഇലക്ട്രോളിസിസ് എന്ന പ്രക്രിയയിലൂടെ വേര്‍തിരിക്കുന്ന പദാര്‍ത്ഥമാണ് ഗ്രീന്‍ ഹൈഡ്രജന്‍. വാണിജ്യ ആവശ്യങ്ങള്‍ക്കുള്ള ബ്രൗണ്‍ ഹൈഡ്രജന്‍ സ്റ്റീം മീഥെയ്ന്‍ റീഫോര്‍മേഷന്‍ (എസ്.എം.ആര്‍) എന്ന പ്രക്രിയയിലൂടെയാണ് വേര്‍തിരിക്കുന്നത്. കേന്ദ്രസര്‍ക്കാരിന്റെ ദേശീയ ഹരിത ഹൈഡ്രജന്‍ മിഷന്റെ ഭാഗമായി ഹരിത ഹൈഡ്രജന് കൃത്യമായ നിര്‍വചനം നല്‍കിയിട്ടുണ്ട്. ഉത്പാദനത്തിന്റെ ഭാഗമായി ബാക്കി വരുന്ന കാര്‍ബണ്‍ മോണോക്സൈഡ് പോലുള്ള മാലിന്യങ്ങളെ നിയന്ത്രിക്കുകയാണ് ലക്ഷ്യം.

ഗതാഗതം, ഷിപ്പിംഗ്, സ്റ്റീല്‍ തുടങ്ങിയ വ്യവസായങ്ങളില്‍ ഹരിത ഹൈഡ്രജന്‍ ഉപയോഗം വലിയ മാറ്റങ്ങള്‍ക്ക് വഴിവയ്ക്കുമെന്നാണ് വിലയിരുത്തല്‍. നിലവില്‍ ഫോസില്‍ ഇന്ധനം ഉപയോഗിച്ച് നിര്‍മാണം നടത്തുന്ന അമോണിയ, മെഥനോള്‍, സ്റ്റീല്‍ തുടങ്ങിയ വ്യവസായങ്ങളിലും ഉപയോഗിക്കാം. വാഹനങ്ങളിലെ ഫ്യൂവല്‍ സെല്ലുകളായി ഹരിത ഹൈഡ്രജന്‍ ഉപയോഗിച്ച് തുടങ്ങുന്നത് ഗതാഗത രംഗത്തും വലിയ മാറ്റങ്ങളുണ്ടാക്കും.