- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അദാനിയെ പിടിച്ച ഹിന്‍ഡന്‍ബര്‍ഗ് കൊട്ടക് ബാങ്കിനെതിരെ; പക്ഷേ ഇത്തവണത്തേത് ചീറ്റി; ഓഹരി വിപണിയില്‍ നേട്ടം; വിശ്വാസ്യത തകര്‍ക്കാനാവില്ലെന്ന് ബാങ്ക്
അദാനിയെ പിടിച്ച ഹിന്‍ഡന്‍ബര്‍ഗ് കൊട്ടക് ബാങ്കിനെതിരെ; ഇത്തവണത്തേത് ചീറ്റി; ഓഹരി വിപണിയില്‍ നേട്ടം; വിശ്വാസ്യത തകര്‍ക്കാനാവില്ലെന്ന് ബാങ്ക്
ന്യൂഡല്‍ഹി: ഹിന്‍ഡന്‍ബര്‍ഗ് എന്ന അമേരിക്കന്‍ കമ്പനിയെ ഓര്‍മ്മയില്ലേ. അദാനി ഗ്രൂപ്പിനെതിരെ ഹിന്‍ഡന്‍ബര്‍ഗ് പ്രസിദ്ധീകരിച്ച റിസര്‍ച്ച് റിപ്പോര്‍ട്ടിനെ തുടര്‍ന്ന്, അവരുടെ ഓഹരികള്‍ 15,000 കോടി ഡോളറോളം തകര്‍ന്നിരുന്നു. പിന്നീട് അദാനി ഗ്രൂപ്പ് ഒരു വര്‍ഷത്തിനുശേഷമാണ് തിരിച്ചുവന്നത്. അതേ ഹിന്‍ഡന്‍ ബര്‍ഗ് ഇത്തവണ പിടികൂടിയിരിക്കുന്നത് പ്രമുഖ ബാങ്കായ കൊട്ടക് മഹീന്ദ്രയെയാണ്. പക്ഷേ ഇത്തവണ അദാനിക്ക് ഏറ്റപോലെ പണി ഏറ്റില്ല.
ചൊവ്വാഴ്ച ഹിന്‍ഡന്‍ ബര്‍ഗ് റിപ്പോര്‍ട്ടിനെ തുടര്‍ന്ന് ഇടിഞ്ഞ കൊട്ടകിന്റെ അടക്കം ഓഹരികള്‍ ബുധനാഴ്ച കയറി. ഓഹരിവിപണിയിലെ ബാങ്കുകളുടെ സൂചികയായ ബാങ്ക് നിഫ്റ്റി ബുധനാഴ്ച 909 പോയിന്റുകള്‍ കയറി 53,077 എന്ന റെക്കോര്‍ഡിട്ട നിലയിലാണ് ഇപ്പോള്‍. കൊട്ടക് ബാങ്ക് തന്നെ 39 രൂപ കയറി 1809 രൂപയില്‍ എത്തി. എച്ച് ഡിഎഫ് സി ബാങ്ക് (2.24 ശതമാനം), എസ് ബിഐ (1.8 ശതമാനം), ആക്സിസ് ബാങ്ക് (1.8 ശതമാനം), ഇന്‍ഡസ് ഇന്‍ഡ് ബാങ്ക് (1.65 ശതമാനം), ഫെഡറല്‍ ബാങ്ക് (3.5 ശതമാനം), ഐസിഐസിഐ ബാങ്ക് (0.79 ശതമാനം) എന്നിങ്ങനെ ഉയര്‍ന്നു.
അക്കൗണ്ടുകള്‍ പെരുപ്പിച്ച് കാണിക്കുകയും, വിദേശത്തെ കടലാസ് കമ്പനികള്‍ വഴി ഇന്ത്യയിലേക്ക് പണമൊഴുക്കി ഓഹരിവിലകള്‍ കൃത്രിമമായി ഉയര്‍ത്തി, തുടങ്ങിയ ആരോപണങ്ങള്‍ ഹിന്‍ഡന്‍ബര്‍ഗ് അദാനി ഗ്രൂപ്പിനെതിരെ ഉയര്‍ത്തിയിരുന്നു. എന്നാല്‍ അന്വേഷണത്തിനുശേഷം ഇത് വസ്തുതാ വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി, സെബി ഹിന്‍ഡന്‍ബര്‍ഗിന് ഷോകോസ് നോട്ടീസ് നല്‍കിയിരുന്നു. ഇതിന് നല്‍കിയ മറുപടിയിലാണ് ഹിന്‍ഡന്‍ബര്‍ഗ് കൊട്ടക് മഹീന്ദ്രബാങ്കിനെക്കൂടി വിവാദത്തിലാക്കിയത്. എന്തുകൊണ്ടാണ് അദാനി ഓഹരികള്‍ ഷോര്‍ട് സെല്‍ ചെയ്തത് വഴി നേട്ടമുണ്ടാക്കിയ കൊട്ടക് മഹീന്ദ്ര ബാങ്കിന്റെ ഫണ്ടിനെക്കുറിച്ച് സെബി അന്വേഷണം നടത്താത്തതെന്നായിരുന്നു ഹിന്‍ഡന്‍ബര്‍ഗിന്റെ ചോദ്യം. കൊട്ടക് അവരുടെ ഇന്റര്‍നാഷണല്‍ ഫണ്ടായ കെ-ഇന്‍ഡ്യ ഓപ്പര്‍ച്യുണിറ്റി ഫണ്ട് വഴിയാണ് അദാനി ഗ്രൂപ്പ് ഓഹരികളില്‍ ഷോര്‍ട്ട് സെല്ലിംഗ് നടത്തിയതെന്നും ഹിന്‍ഡന്‍ ബര്‍ഗ് ആരോപിച്ചു. ഇത് വാര്‍ത്തയായയോടെ ചൊവ്വാഴ്ച കൊട്ടക് മഹീന്ദ്ര ബാങ്കിന്റെ ഓഹരിവില രണ്ട് ശതമാനം ഇടിഞ്ഞിരുന്നു. എന്നാല്‍ ബുധനാഴ്ച അത് തിരിച്ചുകയറി.
ഷോര്‍ട്ട് സെല്ലിങ്ങിനുള്ള തന്ത്രമോ?
വിപണിയും ഓഹരികളും ഇടിയുമെന്ന് പ്രതീക്ഷിച്ച് ഓഹരികള്‍ കൈവശമില്ലാതെ വിറ്റതിനു ശേഷം വില കുറയുമ്പോള്‍ തിരിച്ചു വാങ്ങി ലാഭമുണ്ടാക്കുന്ന ഷോര്‍ട്ട് സെല്ലര്‍ വിഭാഗത്തിലെ അറിയപ്പെടുന്ന അമേരിക്കന്‍ കമ്പനിയാണ് ഹിന്‍ഡന്‍ബര്‍ഗ്. 2017-ല്‍ മാത്രം തുടങ്ങിയ ഈ കമ്പനിയില്‍ ഇപ്പോഴും വെറും അഞ്ച് ജീവനക്കാര്‍ മാത്രമാണ് 2021ല്‍ ഈ കമ്പനിയിലുള്ളത്. നിസ്വാര്‍ത്ഥ പ്രവര്‍ത്തനമല്ല, കോടികളുടെ ലാഭമാണ് ഓരോ റിപ്പോര്‍ട്ടിലും ഹിന്‍ഡന്‍ബര്‍ഗ് ഉണ്ടാക്കിയത്.
ഹിന്‍ഡന്‍ബര്‍ഗ് ആദ്യം തന്നെ ചെയ്തത് അദാനിയുടെ വിദേശ എക്സ്ചേഞ്ചുകളില്‍ വ്യാപാരം നടക്കുന്ന ബോണ്ടുകളില്‍ ഷോര്‍ട്ട് സെല്‍ ചെയ്തു. പിന്നാലെ ഈ റിപ്പോര്‍ട്ട് പുറത്തിറക്കി. റിപ്പോര്‍ട്ടിന്റെ അവസാനം ഡിസ്‌ക്ളോഷര്‍ ആയി തങ്ങള്‍ വിറ്റിട്ട കാര്യവും പറഞ്ഞു. റിപ്പോര്‍ട്ട് പുറത്തു വന്നതോടെ, ഇന്ത്യയില്‍ അദാനി ഗ്രൂപ്പ് ഓഹരികളില്‍ ഇടിവുണ്ടായി. തുടര്‍ന്ന് ഇനി ഇവര്‍ പ്രസ്തുത ഷോര്‍ട്ട് പൊസിഷന്‍ താഴ്ന്ന വിലക്ക് വാങ്ങി കവര്‍ ചെയ്യും. അപ്പോള്‍ അവര്‍ക്ക് ഭീമമായ ലാഭമുണ്ടാവും. ചുരുക്കത്തില്‍, വളരെ എളുപ്പത്തില്‍ ഹിന്‍ഡന്‍ബര്‍ഗ് വന്‍ലാഭം കൊയ്തു.
2023 ആദ്യം അദാനി ഗ്രൂപ്പ് കമ്പനികള്‍ക്കെതിരെ കടുത്ത വിമര്‍ശനങ്ങള്‍ ആരോപിച്ചുകൊണ്ട് ഹിന്‍ഡന്‍ബര്‍ഗ് റിസര്‍ച്ച് പുറത്തുവിട്ട റിപ്പോര്‍ട്ടിനെ തുടര്‍ന്ന് അദാനി ഓഹരികളുടെ വിപണിമൂല്യത്തില്‍ ഏകദേശം ഒരു മാസം കൊണ്ട് 60 ശതമാനം ഇടിവാണ് ഉണ്ടായത്.എന്നാല്‍ അതിനു ശേഷം ഓഹരികളില്‍ കരകയറ്റമുണ്ടായി. മിക്ക അദാനി ഓഹരികളും ഹിന്‍ഡന്‍ബര്‍ഗ് റിസര്‍ച്ച് റിപ്പോര്‍ട്ടിന് മുമ്പുള്ള വിലയിലേക്ക് കഴിഞ്ഞ ഏതാനും മാസങ്ങള്‍ക്കിടെ തിരിച്ചെത്തി. കഴിഞ്ഞ തവണ ഗ്രൂപ്പിന്റെ വാര്‍ഷിക പൊതുയോഗത്തില്‍ സംസാരിക്കുമ്പോള്‍ ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ടിനെതിരെ ഗൗതം അദാനി ആഞ്ഞടിച്ചിരുന്നു. ഒരു വെല്ലുവിളിക്കും തങ്ങളുടെ അടിസ്ഥാന ശക്തിയെ ദുര്‍ബലപ്പെടുത്താന്‍ കഴിയില്ലെന്ന് തങ്ങളുടെ വളര്‍ച്ച തെളിയിക്കുന്നതായും അദാനി വ്യക്തമാക്കി.
സുപ്രീംകോടതി നിര്‍ദേശത്തില്‍ അന്വേഷണം നടത്തിയ സെബി ഹിന്‍ഡന്‍ബര്‍ഗ് ആരോപണങ്ങളില്‍ തെളിവില്ലെന്ന് കണ്ടെത്തിയതായി അദാനി ചൂണ്ടിക്കാട്ടി. ഒന്നര വര്‍ഷത്തെ അന്വേഷണത്തില്‍ അദാനി ഗ്രൂപ്പിന്റെ നടപടി ക്രമങ്ങളില്‍ അപാകതകളൊന്നും കണ്ടെത്തിയിട്ടില്ലെന്ന് സെബി വ്യക്തമാക്കിയത്്. ഹിന്‍ഡന്‍ബര്‍ഗിന്റെ റിപ്പോര്‍ട്ടില്‍ വായനക്കാരെ തെറ്റിദ്ധരിപ്പിക്കാന്‍ ഉദ്ദേശിച്ചുള്ള കൃത്യമല്ലാത്ത പ്രസ്താവനകളും വിവരങ്ങളും അടങ്ങിയിട്ടുണ്ടെന്നും സെബി നല്‍കിയ കാരണം കാണിക്കല്‍ നോട്ടീസില്‍ പറയുന്നുണ്ട്. അദാനി ഗ്രൂപ്പിനെതിരായ ആരോപണങ്ങളുമായി ബന്ധപ്പെട്ട 24 കേസുകളില്‍ 22 എണ്ണത്തിലും സെബി അന്വേഷണം പൂര്‍ത്തിയാക്കിയിട്ടുണ്ട്.
സെബിയുടെ നോട്ടീസ് ലഭിച്ചെന്ന് ഹിന്‍ഡന്‍ബര്‍ഗ് ബ്ലോഗ് പ്രതികരിച്ചിട്ടുണ്ട്. അദാനി ഗ്രൂപ്പിന് അനുകൂല നിലപാടാണ് സെബി സ്വീകരിച്ചത്. ഇതിനു പിന്നില്‍ പ്രവര്‍ത്തിച്ച സെബി ജീവനക്കാരുടെ വിശദാംശങ്ങള്‍ അദാനിയും സെബിയും നടത്തിയ കൂടിക്കാഴ്ചകള്‍ ഫോണ്‍കോളുകള്‍ എന്നിവ സംബന്ധിച്ച് ആര്‍ടിഐ അപേക്ഷ നല്കുമെന്നും ഹിന്‍ഡെന്‍ബര്‍ഗ് അറിയിച്ചിട്ടുണ്ട്. ഇതിനുശേഷമാണ് കൊട്ടക്ക് മഹീന്ദ്രക്കെതിരെ ആരോപണം വരുന്നത്.