പട്ടിണി മാറ്റാന്‍ ആനകളെയും ഹിപ്പോകളെയും കൊന്നുതിന്നാന്‍ നമീബിയ; ഭക്ഷണത്തിന് പകരം ഇവിടെ വിവാഹം; മരീച്ചിനിയില തിന്നുന്ന മഡഗാസ്ക്കര്; എല്നിനോയില്പെട്ട് ആഫ്രിക്ക പുല്ലു തിന്നുമ്പോള്‍!
എല്‍നിനോ പ്രതിഭാസം വരള്‍ച്ച വിതക്കുന്നു
- Share
- Tweet
- Telegram
- LinkedIniiiii
എം റിജു
കഴിഞ്ഞ വര്‍ഷം, പ്രൊജക്റ്റ് ചീറ്റ പദ്ധതിയുടെ ഭാഗമായി നമീബിയയില്‍നിന്ന് എത്തിച്ച ഏതാനും ചീറ്റപ്പുലികള്‍ മധ്യപ്രദേശിലെ, കുനോ ദേശീയോദ്യാനത്തില്‍ ചത്തതുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ ഓര്‍മ്മയില്ലേ. ഇന്ത്യയില്‍ 1952- മുതല്‍ വംശനാശ ഭീഷണി സ്ഥിരീകരിക്കപ്പെട്ട ജീവി വര്‍ഗമാണ് ചീറ്റകള്‍. തുടര്‍ന്ന് നൂറുകോടിരൂപയുടെ പ്രൊജക്റ്റ് ഉണ്ടാക്കി, നമീബയില്‍നിന്നും ദക്ഷിണാഫ്രിക്കയില്‍നിന്നുമാണ് നാം ചീറ്റകളെ വാങ്ങിയത്. ഇതില്‍ നിരവധി ചീറ്റകള്‍ ചത്തത് കഴിഞ്ഞ വര്‍ഷം വന്‍ വിവാദം ഉണ്ടാക്കിയിരുന്നു. അന്ന് ഇന്ത്യയിലെ പ്രതികൂല കാലവസ്ഥയും, മോശം മൃഗ സംരക്ഷണരീതികളുമൊക്കെ വാര്‍ത്തയായി. അക്കാലത്ത് ചീറ്റകള്‍ക്കുപോലും സുരക്ഷിതമായി കഴിയാന്‍ തക്ക സമൃദ്ധിയുള്ള കാടുകളായിരുന്നു, നമീബിയയിലും ദക്ഷിണാഫ്രിക്കയിലുമൊക്കെ ഉണ്ടായിരുന്നത്.
എന്നാല്‍ ഇപ്പോള്‍ ഇതേ ആഫ്രിക്കയില്‍നിന്ന് ഞെട്ടിപ്പിക്കുന്ന വിവരങ്ങളാണ് പുറത്തുവരുന്നത്. പട്ടിണി സഹിക്കാന്‍ കഴിയാതെ വന്യമൃഗങ്ങളെ കൊന്നുതിന്നുന്ന അവസ്ഥയിലാണ് നമീബിയ. ഭക്ഷണത്തിന് പകരമായി, സമ്പന്നര്‍ക്ക് പെണ്‍മക്കളെ വിവാഹം കഴിച്ച് കൊടുക്കാന്‍ നിര്‍ബന്ധരാക്കപ്പെടുകയാണ് ദക്ഷിണാഫ്രിക്കയിലെ ഉള്‍ഗ്രാമങ്ങളിലെ രക്ഷിതാക്കള്‍ എന്ന് പ്രമുഖ പരിസ്ഥിതി ജേണലായ ഡൗണ്‍ ടു എര്‍ത്ത് റിപ്പോര്‍ട്ട് ചെയ്യുന്നു.
എല്‍നിനോ പ്രതിഭാസത്തിന്റെ ഭാഗമായ അത്യപൂര്‍വമായ വരള്‍ച്ചയില്‍പെട്ട് ആഫ്രിക്കയിലെ 12 രാജ്യങ്ങളിലെ ആറുകോടിയോളം ജനങ്ങള്‍ പട്ടിണിയില്‍ ആണെന്നാണ്, സതേണ്‍ ആഫ്രിക്കന്‍ ഡെവലപ്‌മെന്റ് കമ്മ്യൂണിറ്റി ( എസ്എഡിസി) പയറുന്നത്. ബോട്സ്വാന, ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോ, ഇസ്വാത്തിനി, ലെസോത്തോ, മഡഗാസ്‌കര്‍, മലാവി, മൊസാംബിക്, നമീബിയ, ദക്ഷിണാഫ്രിക്ക, ടാന്‍സാനിയ, സാംബിയ, സിംബാബ്വെ എന്നിവയാണ് വരള്‍ച്ചാ ഭീഷണി നേരിടുന്ന രാജ്യങ്ങള്‍.
സ്ത്രീകളെയും കുട്ടികളെയുമാണ് വരള്‍ച്ച ഏറ്റവും മോശമായി ബാധിച്ചതെന്നും ഡൗണ്‍ ടു എര്‍ത്ത് റിപ്പോര്‍ട്ടില്‍ പറയുന്നു. വരള്‍ച്ചമൂലം ആരോഗ്യം, പോഷകാഹാരം, വിദ്യാഭ്യാസം എന്നിവയിലൊക്കെ ഇവര്‍ പിറകോട്ടടിക്കയാണ്. യുണൈറ്റഡ് നേഷന്‍സ് ഓഫീസ് ഫോര്‍ ദി കോര്‍ഡിനേഷന്‍ ഓഫ് ഹ്യൂമാനിറ്റേറിയന്‍ അഫയേഴ്‌സിന്റെ കണക്കനുസരിച്ച്, 100 വര്‍ഷത്തിനിടെ ഈ പ്രദേശം കണ്ട ഏറ്റവും വലിയ വരള്‍ച്ചയാണിത്. അടിയന്തര ഇടപെടല്‍ ഉണ്ടായില്ലെങ്കില്‍, 3 കോടി ജനം ദുരിതത്തിലാവുമെന്നാണ് യുഎന്‍ ഏജന്‍സിയായ വേള്‍ഡ് ഫുഡ് പ്രോഗ്രാമിന്റെ റിപ്പോര്‍ട്ട്. ഒന്നും തിന്നാനില്ലാതെ പുല്ലുതിന്നുന്ന അതിഭയാനകമായ അവസ്ഥയിലേക്കാണ് ഈ രാജ്യങ്ങള്‍ പോവുന്നത്!
ആനകളെ കൊന്നുതിന്നുന്ന നമീബിയ
'ആനയെത്തിന്നാനുള്ള വിശപ്പ്' എന്ന് മലയാളികള്‍ കഠിനമായ വിശപ്പിനെക്കുറിച്ച് പറയാറുണ്ട്. പക്ഷേ ശരിക്കും വിശപ്പ് മാറ്റാന്‍ ആനയെ തിന്നാന്‍ ഒരുങ്ങുകയാണ് നമീബിയ. എല്‍നിനോ പ്രതിഭാസംമൂലം കാലവസ്ഥാ വ്യതിയാനമുണ്ടായ ആഫ്രിക്കന്‍ രാജ്യങ്ങളില്‍ ഏറ്റവും ദുരിതം അനുഭവിക്കുന്നത്, ചീറ്റകളെ നമുക്ക് തന്ന നമീബിയയാണ്. ഈ നൂറ്റാണ്ടിലെ ഏറ്റവും കഠിനമായ പട്ടിണിയാണ് രാജ്യത്തെ പിടിമുറുക്കിയത്. 1.4 ദശലക്ഷം വരുന്ന ജനസഖ്യയുടെ പകുതിയോളം ദാരിദ്ര്യത്തിലാണ്. തുടര്‍ന്നാണ് 83 ആനകള്‍ ഉള്‍പ്പെടെ 723 വന്യമൃഗങ്ങളെ കശാപ്പ് ചെയ്ത് ജനങ്ങളുടെ പട്ടിണി മാറ്റാന്‍ ഭരണകൂടം തീരുമാനിച്ചത്. ആനകള്‍ക്കു പുറമെ 300 സീബ്രകള്‍, 30 ഹിപ്പോകള്‍, ആഫ്രിക്കയില്‍ കാണപ്പെടുന്ന 50 ഇംപാല എന്ന മാനുകള്‍, 60 കാട്ടുപോത്തുകള്‍, 100 ദക്ഷിണാഫ്രിക്കന്‍ മാനുകള്‍ എന്നിവയെയാണ് ഭക്ഷണത്തിനായി കശാപ്പ് ചെയ്യുന്നത്. 56,800 കിലോഗ്രാമില്‍ കൂടുതല്‍ മാംസമാണ് ഇത്തരത്തില്‍ വന്യമൃഗ വേട്ടയിലൂടെ പ്രതീക്ഷിക്കുന്നത്.
രാജ്യത്തെ ഭരണഘടന അനുസരിച്ച്, നമീബിയന്‍ പൗരന്മാര്‍ക്കു വേണ്ടി പ്രകൃതി സ്രോതസ്സുകളെ ഉപയോഗിക്കാമെന്നും, ജനങ്ങളുടെ ജീവന്‍ നിലനിര്‍ത്താന്‍ ഇതല്ലാതെ മറ്റു മാര്‍ഗ്ഗമില്ലെന്നുമാണ്, രവനം, പരിസ്ഥിതി, വിനോദസഞ്ചാര വകുപ്പിന്റെ വിശദീകരണം. എല്‍നിനോ പ്രതിഭാസം വിതച്ച വരള്‍ച്ചയാണ് പട്ടിണിക്കു കാരണമെന്നും ഔദ്യോഗിക വിശദീകരണമുണ്ട്.
'ഭക്ഷണമില്ല, മനുഷ്യര്‍ക്കും മൃഗങ്ങള്‍ക്കും' -രാജ്യം നേരിടുന്ന പ്രതിസന്ധിയെ നമീബിയയിലെ വേള്‍ഡ് വൈല്‍ഡ് ലൈഫ് ഫണ്ട് ഡയറക്ടര്‍ ജൂലിയാനെ സെയ്ഡ്‌ലര്‍ വിവരിക്കുന്നത് ഇങ്ങനെയാണ്. ഭക്ഷണത്തിനായി മാത്രമല്ല വന്യമൃഗങ്ങളെ കശാപ്പ് ചെയ്യുന്നത്. വരള്‍ച്ച രൂക്ഷമാകുന്നതോടെ ഭക്ഷണത്തിനും വെള്ളത്തിനും വേണ്ടി മൃഗങ്ങള്‍ അലയുന്നതോടെ, മനുഷ്യരെ വന്യമൃഗങ്ങള്‍ ആക്രമിക്കാനുള്ള സാധ്യത കൂടും. ഇതൊഴിവാക്കാന്‍ കൂടിയാണ് വന്യമൃഗങ്ങളെ കൊന്നൊടുക്കുന്നത്.
രാജ്യത്തെ 84 ശതമാനം ഭക്ഷണ സ്രോതസ്സും ഉപയോഗിച്ച് കഴിഞ്ഞതോടെ, നമീബിയയിലെ അവസ്ഥ അതീവ ഗുരുതരമാണെന്ന് യുഎന്‍ പറയുന്നു. അടുത്തിടെ 4.9 മില്യണ്‍ ഡോളര്‍ അധിക മാനുഷിക സഹായം പ്രഖ്യാപിച്ച യുഎസ് ഏജന്‍സി ഫോര്‍ ഇന്റര്‍നാഷണല്‍ ഡെവലപ്‌മെന്റ്, ജൂലൈ മുതല്‍ സെപ്തംബര്‍ വരെയുള്ള സമയം ഭക്ഷണത്തിന്റെ ദൗര്‍ലഭ്യമുള്ള കഠിനമായ കാലയളവാണെന്ന് ഓര്‍മ്മപ്പെടുത്തുകയും ചെയ്തു. പക്ഷേ മൃഗങ്ങളെ കൊന്നുതിന്നാനുള്ള നീക്കത്തിനെതിരെ വ്യാപകമായ വിമര്‍ശനവും ഉയര്‍ന്നുണ്ട്.
ഭക്ഷ്യശൃഖല തകരും, ഗുരുതര പ്രത്യാഘാതം
വന്യമൃഗങ്ങളെ ഭക്ഷണത്തിനായി ഉപയോഗിക്കാനുള്ള നീക്കം വന്യജീവി സംരക്ഷകരില്‍ നിന്നും പ്രകൃതി സ്നേഹികളില്‍ നിന്നും, അതി ശക്തമായ വിമര്‍ശനത്തിന് ഇടയാക്കിയിട്ടുണ്ട. വരള്‍ച്ചയുടെയും ഭക്ഷ്യ അരക്ഷിതാവസ്ഥയുടെയും മൂലകാരണങ്ങളാണ് പരിഹരിക്കപ്പെടേണ്ടത് എന്നാണ് ഇവര്‍ പറയുന്നത്. തിന്നുകയും തിന്നപ്പെടുകയും, ചെയ്യപ്പെടുന്ന ജീവികളുടെ ശൃംഖല എന്നാണെല്ലോ നാം ഭക്ഷ്യശൃംഖലയെക്കുറിച്ച് പഠിച്ചിരിക്കുന്നത്. അതായത് എതെങ്കിലും ഒരു ജീവിയുടെ എണ്ണം വല്ലാതെ കുറഞ്ഞാല്‍ അത് മറ്റ് ജീവികളെയും ബാധിക്കും.
നമീബിയന്‍ വൈല്‍ഡ് ലൈഫ് കണ്‍സര്‍വേഷന്‍ ട്രസ്റ്റില്‍ പ്രവര്‍ത്തിക്കുന്ന ഇമ്മാനുവല്‍ കങ്കര പറയുന്നു- ''ഇതൊരു ദാരുണവും ദീര്‍ഘവീക്ഷണമില്ലാത്തതുമായ സമീപനമാണ്. വന്യമൃഗങ്ങളെ കൊല്ലുന്നത് മൂലം ഈ രാജ്യത്തെ ഭക്ഷ്യ അരക്ഷിതാവസ്ഥ പരിഹരിക്കില്ല. ഇത് ആവാസവ്യവസ്ഥയെയും ഭക്ഷ്യശൃംഖലയെയും തകര്‍ക്കുകയും മറ്റ് ജീവജാലങ്ങളെകൂടി അപകടപ്പെടുത്തുകയും ചെയ്യും'- അദ്ദേഹം ഡൗണ്‍ ടു എര്‍ത്തിനോട് പറഞ്ഞു.
സതേണ്‍ ടാന്‍സാനിയ എലിഫന്റ് പ്രോഗ്രാമുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന വന്യജീവി സംരക്ഷകനായ അറഫാത്ത് എംതുയി ഈ ആശങ്കകള്‍ പ്രതിധ്വനിപ്പിച്ചു. ''ഈ കൊലപ്പെടുത്തലിന്റെ ആഘാതം ദൂരവ്യാപകമായിരിക്കും. പാരിസ്ഥിതിക സന്തുലിതാവസ്ഥ നിലനിര്‍ത്തുന്നതില്‍ വന്യജീവികള്‍ക്ക് വലിയ പങ്കുണ്ട്. ഇത്രയും വലിയ മൃഗങ്ങളെ കൊല്ലുന്നത് ജൈവവൈവിധ്യത്തിന് ഗുരുതരമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കും,'' -അദ്ദേഹം മുന്നറിയിപ്പ് നല്‍കി.
ആനകളെയല്ല, കന്നുകാലികളെ കൊല്ലുന്നത് കൂടുതല്‍ പ്രായോഗികവും സുസ്ഥിരവുമായ പരിഹാരമാകുമെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടി.-''കന്നുകാലികളില്‍ നിന്ന് വ്യത്യസ്തമായി ആനകള്‍ വരള്‍ച്ചയെ അതിജീവിക്കാന്‍ അനുയോജ്യമാണ്,'' നമീബിയയിലെ കാര്‍ഷിക വിദഗ്ധനായ ജസ്റ്റിന്‍ എന്‍ഡ്‌ലോവു പറഞ്ഞു. ആഫ്രിക്കയിലെ മറ്റ് രാജ്യങ്ങള്‍ ഈ നയം അനുകരിക്കുമോ എന്ന ഭയവും പരിസ്ഥിതി പ്രവര്‍ത്തകര്‍ക്കുണ്ട്. ഇത്തരം നടപടികള്‍ പകര്‍ച്ചവ്യാധിയായ മൃഗരോഗങ്ങളുടെ വ്യാപനത്തിന് ഇടയാക്കുമെന്നും ആശങ്കയുണ്ട്.
പക്ഷേ ഈ എതിര്‍പ്പൊന്നും വിലപ്പോവുമെന്ന് തോനുന്നില്ല. കാരണം അത്രമേല്‍ ശക്തമാണ് ആ നാടിന്റെ വിശപ്പ്. ഇക്കഴിഞ്ഞ, ഓഗസ്റ്റ് 29-ന് നമീബിയന്‍ ടെലിവിഷനില്‍ സംപ്രേഷണം ചെയ്ത ഒരു ഡോക്യുമെന്ററിയെ ഭയാനകം എന്നാണ് ബിബിസി വിശേഷിപ്പിച്ചത്. വരള്‍ച്ച ബാധിത ഗ്രാമമായ ഒമുലങ്ങിയിലെ, വിശപ്പിന്റെ ഭീകരമായ യാഥാര്‍ത്ഥ്യം അത് എടുത്ത കാട്ടുന്നു. പോഷകാഹാരക്കുറവുമൂലം എല്ലുംതോലുമായ ഗ്രാമവാസികളുടെ കൂട്ടങ്ങള്‍, ദുര്‍ഘടമായ ഭൂപ്രദേശങ്ങളിലൂടെ ഭക്ഷണവും വെള്ളവും തേടി അലഞ്ഞുനടക്കുന്ന കാഴ്ച ഞെട്ടിക്കുന്നതായിരുന്നു. ഒരുകാലത്ത് ജീവന്‍ തുടിക്കുന്ന ഭൂപ്രകൃതി, ഇപ്പോള്‍ കന്നുകാലികളുടെ ശവങ്ങള്‍ കൊണ്ട് നിറഞ്ഞിരിക്കുന്നു.
നാല് കുട്ടികളുടെ അമ്മയായ 38 കാരിയായ മരിയ നംഗലോ തന്റെ കുടുംബത്തിന് ഭക്ഷണവും വെള്ളവും കണ്ടെത്താനുള്ള തന്റെ ദൈനംദിന ബുദ്ധിമുട്ട് ഡോക്യൂമെന്റിയില്‍ ഇങ്ങനെ പറയുന്നു. -''നമുക്ക് ഒന്നും ബാക്കിയില്ല. ഞങ്ങളുടെ വിളകള്‍ ഉണങ്ങി, ഞങ്ങളുടെ കന്നുകാലികള്‍ ചത്തൊടുങ്ങുന്നു,'' അവര്‍ പറയുന്നു. മരിയയും വന്യമൃഗങ്ങളെ കൊന്ന് ഒടുക്കുമ്പോള്‍ കിട്ടുന്ന മാസം തങ്ങളുടെ പട്ടിണി മാറ്റുമെന്ന് കരുതുന്നു. ''ഞങ്ങള്‍ വന്യജീവികളെ സ്നേഹിക്കുന്നു, പക്ഷേ ഞങ്ങളുടെ കുട്ടികള്‍ക്ക് കഴിക്കാനെന്തുണ്ട്'- അവര്‍ ചോദിക്കുന്നു.
വന്യജീവികളെ കൊല്ലാനുള്ള തീരുമാനത്തെ ന്യായീകരിച്ച് നമീബിയയിലെ പരിസ്ഥിതി, ടൂറിസം മന്ത്രാലയത്തിന്റെ വക്താവ് റോമിയോ മുയുണ്ട ഇങ്ങനെ പറയുന്നു. -''ഇത് ഞങ്ങള്‍ നിസ്സാരമായി എടുത്ത തീരുമാനമല്ല; അത് ആവശ്യകതയാല്‍ നയിക്കപ്പെടുന്നു. രാജ്യം കടുത്ത വരള്‍ച്ചയാണ് നേരിടുന്നത്. ഭക്ഷ്യക്ഷാമം നേരിടുന്നവരെ സഹായിക്കുക എന്നതാണ് ഞങ്ങളുടെ മുന്‍ഗണന,''- മുയുണ്ട പറയുന്നു.
നമീബിയ തകര്‍ന്നതെങ്ങനെ?
ഇതോടൊപ്പം നമീബിയ എങ്ങനെയാണ് തകര്‍ന്നത് എന്നതിന്റെ വിശദമായ റിപ്പോര്‍ട്ടും ഡൗണ്‍ടു എര്‍ത്തും ബിബിസിയും അടക്കമുള്ള മാധ്യമങ്ങള്‍ പങ്കുവെക്കുന്നുണ്ട്. കാര്യം ശരിയാണ്, പതിറ്റാണ്ടുകളിലെ ഏറ്റവും വലിയ വരള്‍ച്ചയാണ് നമീബിയ നേരിടുന്നത്. കഴിഞ്ഞ ദശകത്തില്‍ വാര്‍ഷിക മഴയില്‍ 30 ശതമാനം കുറവുണ്ടായി. ഈ നീണ്ട വരള്‍ച്ച ജലസ്രോതസ്സുകളെയും കൃഷിയെയും സാരമായി ബാധിച്ചു. വിളവെടുപ്പ് കുത്തനെ ഇടിഞ്ഞു. ഭക്ഷ്യസുരക്ഷ അട്ടിമറിഞ്ഞു.
ആയിരക്കണക്കിന് കര്‍ഷകര്‍ വിളനാശത്തില്‍ നിന്ന് വലയുകയാണ്. ടാന്‍സാനിയ ആസ്ഥാനമായുള്ള ഇക്കണോമിക് ആന്‍ഡ് സോഷ്യല്‍ റിസര്‍ച്ച് ഫൗണ്ടേഷനിലെ പ്രിന്‍സിപ്പല്‍ റിസര്‍ച്ച് അസോസിയേറ്റ് ആയ സാമുവല്‍ വാങ്വെ, നമീബിയയിലെ സ്ഥിതിയെക്കുറിച്ച് ഇങ്ങനെ പറയുന്നു.-'' പട്ടിണി മാറ്റാനുള്ള സാമ്പത്തിക സാഹചര്യം ഉണ്ടാക്കിക്കൊടുക്കയാണ് വേണ്ടത്. കാര്‍ഷിക പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കണം. ജല മാനേജ്മെന്റ് മെച്ചപ്പെടുത്തണം. കൃഷിക്ക് പകരം വ്യവസായത്തിലേക്ക് മാറാനുള്ള ശ്രമം തുടങ്ങണം. പക്ഷേ ഇവിടെ അതിന് ശ്രമിക്കുന്നില്ല. വിശപ്പ് ലഘൂകരിക്കാന്‍ വന്യജീവികളെ കൊല്ലുന്നത് ദീര്‍ഘകാല സാമ്പത്തിക പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കും. വന്യജീവികളുടെ നഷ്ടം നമീബിയയുടെ സമ്പദ്വ്യവസ്ഥയുടെ സുപ്രധാന മേഖലയായ ടൂറിസത്തെ ബാധിക്കും''- അദ്ദേഹം ചൂണ്ടിക്കാട്ടി.
ഈ പട്ടിണിയൊക്കെ രാജ്യത്തെ ഭരണകൂടത്തിന്റെ പിടിപ്പുകേടാണ് എന്നും വ്യാപക വിമര്‍ശനമുണ്ട്. അഴിമതിയുടെ കുത്തരങ്ങാണ് ഈ രാജ്യം. വിക്കീപീഡയയില്‍ നമീബിയന്‍ അഴിമതി എന്ന് ഒരു പേജ് പോലുമുണ്ട്. ഇതാണ് പ്രധാന പ്രശ്നമെന്നാണ് പലരും ചൂണ്ടിക്കാട്ടുന്നത്. 1990-ല്‍ മാത്രം സ്വാതന്ത്ര്യം കിട്ടിയ രാഷ്ട്രമാണ് നമീബിയ. അതുവരെ അവര്‍ ജര്‍മ്മനിയുടെയും പിന്നീട് ദക്ഷിണാഫ്രിക്കയുടെയും കോളനിയായിരുന്നു. ഈ രണ്ടുരാജ്യങ്ങളും അവരെ ചൂഷണം ചെയ്യുകയും, സമാനതകളില്ലാത്ത ക്രൂരതകള്‍ അഴിച്ചിവിടുകയും ചെയ്തിരുന്നു.
ഇതില്‍ ജര്‍മ്മനി നടത്തിയ നമീബിയന്‍ കൂട്ടക്കൊലയൊക്കെ കുപ്രസിദ്ധമാണ്. ഒരു നൂറ്റാണ്ടുമുന്‍പ് നടന്ന നമീബിയ കൂട്ടക്കൊലയില്‍ രണ്ടുവര്‍ഷം മുമ്പ് മാത്രമാണ് ജര്‍മ്മനി കുറ്റം സമ്മതിച്ചത്. കൂട്ടക്കൊല വംശഹത്യയാണെന്ന് അംഗീകരിച്ച ജര്‍മനി സംഭവത്തില്‍ മാപ്പുപറയുകയും ചെയ്തു. നഷ്ടപരിഹാരമായി വിവിധ പദ്ധതികള്‍ക്കായി ഒരു ബില്യന്‍ യൂറോ (ഏകേദശം 8,837 കോടി രൂപ) നല്‍കാമെന്നും അംഗീകരിച്ചിട്ടുണ്ട്.
1884 മുതല്‍ ഒന്നാം ലോക മഹായുദ്ധം വരെ ജര്‍മനിയുടെ ആധിപത്യത്തിലായിരുന്നു നമീബിയ. അന്ന് ജര്‍മന്‍ സൗത്ത് വെസ്റ്റ് ആഫ്രിക്ക എന്ന പേരിലാണ് രാജ്യം അറിയപ്പെട്ടിരുന്നത്. കോളനി ഭരണത്തിനിടെ 1904നും 1908നും ഇടയില്‍ ഇവിടെയുണ്ടായിരുന്ന ഹെരേരോ, നാമ ഗോത്രവിഭാഗങ്ങളില്‍പെട്ട പതിനായിരങ്ങളെ ജര്‍മന്‍ സൈന്യം കൊന്നൊടുക്കിയിരുന്നു. ജര്‍മന്‍ ഭരണകൂടത്തിനെതിരെ നടന്ന തദ്ദേശീയരുടെ പ്രക്ഷോഭങ്ങള്‍ അടിച്ചമര്‍ത്തുന്നതിന്റെ ഭാഗമായായിരുന്നു കൂട്ടക്കൊലകള്‍ നടന്നത്. 65,000 ഹെരോരോകളും 10,000ത്തോളം നമ ഗോത്രവര്‍ഗക്കാരുമാണ് വംശഹത്യയില്‍ കൊല്ലപ്പെട്ടത്.
ജര്‍മ്മനിപോയതോടെ ദക്ഷിണാഫ്രിക്കയുടെ കൈയിലായിരുന്ന നമീബിയ. അവിടുത്തെ വര്‍ണ്ണവിവേചന ഭരണകൂടവും വലിയ ക്രൂരതകളാണ് തദ്ദേശീയര്‍ക്കുനേരെ നടത്തിയത്. തുടര്‍ന്ന് ദീര്‍ഘകാലമായി നടന്ന സ്വാതന്ത്ര്യ സമരത്തിന് ഒടുവില്‍ 1990 മാര്‍ച്ച് 21ന് നമീബിയ സ്വതന്ത്ര രാഷ്ട്രമായി. ലോകത്തില്‍ ഏറ്റവും അവസാനം സ്വാതന്ത്ര്യം കിട്ടുന്ന രാജ്യങ്ങളിലൊന്നായി ഇത് മാറി. അപ്പോഴേക്കും കൊളോണിയലിസത്തിന്റെ ഭാഗമായി ശരിക്കും നമീബിയ ചണ്ടിയായി മാറിയിരുന്നു. രത്നവും, വജ്രവും, യുറേനിയവും, സ്വര്‍ണ്ണവും വെള്ളിയുമൊക്കയുള്ള മണ്ണാണ് നമീബിയ. എന്നാല്‍ അതൊന്നും ഫലപ്രദമായി ഉപയോഗിക്കാന്‍ പിന്നീട് വന്ന ഭരണകൂടങ്ങള്‍ക്കും കഴിഞ്ഞില്ല. സ്വതന്ത്ര്യത്തിനുശേഷവും നമീബിയയില്‍ അഴിമതി വ്യാപകമായി. അങ്ങനെ കോടിക്കണക്കിന് ഡോളറിന്റെ ധാതു-ലോഹ സമ്പത്തുള്ള രാജ്യം പട്ടിണി പരുവത്തിലായി.
നമീബിയയിലെ പട്ടിണിക്ക് എല്‍നിനോയെയും, കാലാവസ്ഥാ വ്യതിയാനത്തെയും മാത്രം കുറ്റം പറഞ്ഞ് ആര്‍ക്കും രക്ഷപ്പെടാന്‍ കഴിയില്ല. വിപണി തുറന്ന് കൊടുക്കാനും, കൂടുതല്‍ വ്യവസായവത്ക്കരണം നടത്താനും, വിദ്യാഭ്യാസ പുരോഗതി നേടാനുമൊന്നും, ആ രാജ്യത്ത് മാറിമാറി വന്ന ഭരണകര്‍ത്താക്കള്‍ ശ്രമിച്ചില്ല. അവര്‍ക്ക് അഴിമതി നടത്തി സ്വന്തം കീശ വീര്‍പ്പിക്കാനായിരുന്നു താല്‍പ്പര്യം.
ഇപ്പോള്‍, വന്യജീവികളെ കൊല്ലാനുള്ള സര്‍ക്കാറിന്റെ സര്‍ക്കാരിന്റെ ഏറ്റവും പുതിയ നീക്കം ഒരു തിരഞ്ഞെടുപ്പ് തന്ത്രമാണെന്നും വിമര്‍ശനമുണ്ട്. നവംബറിലാണ് നമീബയിലെ തിരഞ്ഞെടുപ്പ്. അതിന് മുന്നോടിയായി, ജനങ്ങള്‍ക്കായി എന്തെങ്കിലും ചെയ്തു എന്ന് വരുത്തിത്തീര്‍ക്കാനുള്ള ശ്രമത്തിലാണ് സര്‍ക്കാര്‍. ഇത്തരം ചെപ്പടി വിദ്യകളല്ല, ദീര്‍ഘകാല പദ്ധതികളാണ് രാജ്യത്തെ രക്ഷിക്കാന്‍ വേണ്ടത് എന്നാണ് സാമ്പത്തിക വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്.
ഭക്ഷണത്തിന് പകരം വിവാഹം
ഇതിന് സമാനമായ അവസ്ഥയിലാണ് ഒരുകാലത്ത് അത്യാവശ്യം സമ്പന്നമായിരുന്ന, ദക്ഷിണാഫ്രിക്കയിലെ ഗ്രാമങ്ങളും കടന്നുപോവുന്നത് എന്നാണ് ഡൗണ്‍ ടു എര്‍ത്ത് റിപ്പോര്‍ട്ട് ചെയ്യുന്നത്. 2023-24 ലെ എല്‍നിനോ പ്രതിഭാസം ദക്ഷിണാഫ്രിക്കയിലുടനീളം വലിയ വരള്‍ച്ചയുണ്ടാക്കി. മഴ കുറഞ്ഞതോടെ കൃഷി നശിച്ച് ഗ്രാമങ്ങള്‍ പട്ടിണിയിലായി. ഇതിന് പിന്നാലെ അതി ഗുരുതരമായ ഒരു സാമൂഹിക സാഹചര്യം കൂടി രൂപപ്പെട്ടുവരുന്നതായി ഡൗണ്‍ ടു എര്‍ത്ത് റിപ്പോര്‍ട്ട് ചെയ്യുന്നു. വരള്‍ച്ച ബാധിച്ച പ്രദേശങ്ങളിലെ കുടുംബങ്ങള്‍ ഭക്ഷണത്തിന് പകരമായി പെണ്‍മക്കളെ വിവാഹം കഴിപ്പിക്കാന്‍ നിര്‍ബന്ധിതരായി, എന്നാണ് ആക്ഷന്‍ എയ്ഡ് എന്ന അന്താരാഷ്ട്ര സര്‍ക്കാരിതര സംഘടന പുറത്തിറക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നത്. അതായത് സമ്പന്നരായ പലരും ഗ്രാമങ്ങളിലെത്തി കൊച്ചുപെണ്‍കുട്ടികളെ വിവാഹം കഴിക്കയാണ്. അവള്‍ക്കും കുടുംബത്തിനും ഭക്ഷണം തന്ന് പോറ്റിക്കോളം എന്ന് മാത്രമാണെത്ര ഇവരുടെ വാഗ്ദാനം!
ദാരിദ്ര്യം ഏറ്റവും കൂടുതല്‍ ബാധിച്ചിരിക്കുന്നത് പെണ്‍കുട്ടികളെയാണെന്നും, അവരുടെ വിദ്യാഭ്യാസം അടക്കമുള്ള കാര്യങ്ങള്‍ പ്രതിസന്ധിയിലാണെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. -'''വരള്‍ച്ച പല കര്‍ഷക സമൂഹങ്ങളുടെയും സാമ്പത്തിക അവസരങ്ങളെ പ്രതികൂലമായി ബാധിച്ചു. പെണ്‍കുട്ടികളെ നേരത്തെയുള്ളവിവാഹങ്ങള്‍ക്ക് നിര്‍ബന്ധിതരാക്കുന്നു.''- ഡൗണ്‍ ടു എര്‍ത്തിനോട് അവിടുത്തെ സാമൂഹിക പ്രവര്‍ത്തകര്‍ പ്രതികരിച്ചു.
ഏതാണ്ട് സമാനമായ അവസ്ഥയാണ്, ടാന്‍സാനിയ, സാംബിയ, സിംബാബ്വെ എന്നീ രാജ്യങ്ങളിലൊക്കെയും. ഇതില്‍ സിംബാബ്വേയിലൊക്കെ കറന്‍സിക്ക് വിലയിടഞ്ഞ് കടലാസിന് തുല്യമായിട്ടുണ്ട്. ഈ സാമ്പത്തിക പ്രശ്നങ്ങള്‍ക്ക് ഒപ്പം, വരള്‍ച്ചകൂടി വന്നതോടെ കാര്യങ്ങള്‍ കൈവിട്ട് പോവുകയാണ്. ആഫ്രിക്കയുടെ ഭാഗമായി ഇന്തൊനീഷ്യയില്‍ സ്ഥിതി ചെയ്യുന്ന ദ്വീപായ മഡഗാസ്‌കറിലും കാര്യങ്ങള്‍ കൈവിട്ട് പോയിരിക്കയാണ്. ലോകത്തെ കാലാവസ്ഥാ പ്രതിസന്ധിയുടെ തിക്തഫലങ്ങള്‍ ഒരുപാട് അനുഭവിക്കുന്ന രാജ്യമാണ് അപൂര്‍വ സസ്യ- ജൈവ വൈവിധ്യം സ്ഥിതി ചെയ്യുന്ന മഡഗാസ്‌കര്‍. മറ്റ് ആഫ്രിക്കന്‍ രാജ്യങ്ങളെപ്പോലെ കടുത്ത കാലാവസ്ഥാ സാഹചര്യങ്ങളും അസ്ഥിക ഭരണവുമൊന്നും ഇല്ലാതിരുന്നിട്ടും പ്രതിസന്ധിയിലേക്ക് മഡഗാസ്‌ക്കറിനെ തള്ളിവിട്ടത് കാലാവസ്ഥാ വ്യതിയാനം കാരണമുണ്ടായ മാറ്റങ്ങളാണ് എന്നാണ് വിലയിരുത്തല്‍.
ഇതിനൊപ്പം മൂന്ന് സൈനിക അട്ടിമറികളും കൂടിയായതോടെയാണ് രാജ്യത്ത് ഭക്ഷണപ്രതിസന്ധി രൂക്ഷമായത്. പരമ്പരാഗത വിളകള്‍ക്ക് പകരം മരച്ചീനി ഉപയോഗിച്ചാണ് ഇവര്‍ ഇപ്പോള്‍ പിടിച്ചു നില്‍ക്കുന്നത് എന്നാണ് ഒരു റിപ്പോര്‍ട്ട് പറയുന്നത്. മരച്ചീനി ഇലകള്‍പോലും ജനം തിന്ന് തീര്‍ക്കയാണ്. പലപ്പോഴും മരച്ചീനിയുടെ ഇലകളും മറ്റ് ചില പച്ചക്കറികളുമൊക്കെ ചേര്‍ത്തു പുഴുങ്ങിയ ദ്രാവകരൂപത്തിലുള്ള ഭക്ഷണമാണ് പലരുടെയും ഭക്ഷണം. ഇതും ദിവസത്തില്‍ ഒരു നേരമായിരിക്കുമെന്നാണ് പറയുന്നത്. പലപ്പോഴും കപ്പ വളരുമ്പോഴേക്കും അതില്‍ ഇലകള്‍ ഒന്നും കാണില്ലത്രേ!
ആഫ്രിക്കയെ തകര്‍ത്ത എല്‍നിനോ
ഇതിനെല്ലാം വില്ലനായി എല്‍നിനോ എന്ന ഒറ്റപേരാണ് കേള്‍ക്കുന്നത്. രണ്ട് മുതല്‍ ഏഴുവര്‍ഷം വരെ വര്‍ഷങ്ങളുടെ ഇടവേളയില്‍ പസഫിക് സമുദ്രത്തില്‍ വികസിക്കുന്ന സവിശേഷ കാലാവസ്ഥ പ്രതിഭാസമാണ് എല്‍നിനോ. സ്പാനിഷ് ഭാഷയില്‍ 'ചെറിയ കുട്ടി' എന്ന് അര്‍ത്ഥമാക്കുന്ന പദമാണിത്. പസഫിക്ക് സമുദ്രത്തിന്റെ മധ്യഭാഗത്ത് ഭൂമധ്യരേഖക്ക് ചുറ്റുമായി ഒരു നിശ്ചിത പ്രദേശത്ത് സമുദ്രത്തിന്റെ ഉപരിതലത്തില്‍ അസാധാരണമായ ചൂട് രൂപപ്പെടും. തെക്കേ അമേരിക്കയുടെ പസഫിക് തീരത്ത് നിന്ന് ഗാലപ്പാഗോസ് ദ്വീപുകളുടെ പടിഞ്ഞാറ് ഭാഗംവരെയാണ് ഈ പ്രതിഭാസം കാണുക. എല്‍ നിനോയുടെ നേര്‍വിപരീതമായുള്ള പ്രതിഭാസമാണ് ലാനിന.
ഭൂമിയുടെ പടിഞ്ഞാറുവശത്തേക്ക് സഞ്ചരിക്കുന്ന വായുപ്രവാഹത്തിന്റെ വേഗത കുറയുകയും ചൂടുവെള്ളം കിഴക്കോട്ട് തള്ളിമാറ്റപ്പെടുകയും ചെയ്യുന്നതാണ് എല്‍ നിനോ പ്രതിഭാസത്തിന് കാരണം. ഇതിന്റെ ഫലമായി മധ്യരേഖാ പസഫിക്കിലെ സമുദ്രോപരിതലത്തിലെ താപനില ശരാശരിയേക്കാള്‍ കൂടുതലായി കാണപ്പെടും. ആഗോളതലത്തില്‍ കനത്തചൂടിനും പ്രളയങ്ങള്‍ക്കും വരള്‍ച്ചക്കും എല്‍നിനോ കാരണമായിട്ടുണ്ട്. ഭൂമിയില്‍ സാധാരണഗതിയില്‍ ലഭ്യമാകുന്ന മഴയുടെയും ചൂടിന്റെയും കാറ്റിന്റെയുമൊക്കെ ഗതിയും ദിശയും സമയക്രമവും മാറ്റാന്‍ ഈ പ്രതിഭാസത്തിന് സാധിക്കും.
ലോകത്ത് ഏറ്റവും വലിയ പ്രത്യാഘാതങ്ങളുണ്ടായത് 2014 മുതല്‍ 2016 വരെ നീണ്ടുനിന്ന എല്‍ നിനോ പ്രതിഭാസത്തോടെയാണ്. ഇത് ലോകത്തിന്റെ ചില ഭാഗങ്ങളില്‍ കടുത്ത ചൂടിനും വരള്‍ച്ചക്കും കാരണമായപ്പോള്‍ മറ്റു ചിലയിടങ്ങളില്‍ കൊടും പേമാരിയും പ്രളയവും ഉണ്ടാക്കാനിടയാക്കി. ഏറ്റവും ചൂട് കൂടിയ വര്‍ഷമായാണ് 2016 അറിയപ്പെടുന്നത്. 2000-ന് ശേഷം അഞ്ചാമത്തെ തവണയാണ് എല്‍നിനോ പ്രതിഭാസം രൂപപ്പെടുന്നത്. 2023 ലെ എല്‍നിനോയാണ് ആഫ്രിക്കയെ ബാധിച്ചത്.
ഇന്ത്യയും എല്‍നിനോ ഭീതിയില്‍നിന്ന് മുക്തമല്ല. രാജ്യത്ത് കഴിഞ്ഞ 100 വര്‍ഷത്തിനിടെ 18 വരള്‍ച്ചകളാണുണ്ടായത്. ഇതില്‍ 13 എണ്ണവും എല്‍നിനോയുമായി ബന്ധപ്പെട്ടതാണ്. ഇതിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പഠനങ്ങളിലാണ് എല്‍നിനോ പ്രതിഭാസവും രാജ്യത്തെ മണ്‍സൂണും തമ്മില്‍ ബന്ധമുണ്ടെന്ന വിലയിരുത്തലിലേക്ക് വിദഗ്ധരെത്തിയത്. എല്‍നിനോ പ്രതിഭാസത്തിന്റെ ആവര്‍ത്തി കാലക്രമേണ വര്‍ധിച്ചുകൊണ്ടിരിക്കുകയാണെന്നും കണക്കുകള്‍ കാണിക്കുന്നുണ്ട്. മണ്‍സൂണ്‍ മഴ കുറയും എന്നതാണ് ഇന്ത്യയെയും കേരളത്തെയും സംബന്ധിച്ച് എല്‍നിനോ ഉണ്ടാക്കുന്ന ഭീഷണി. ഇത് വരാനിരിക്കുന്ന വലിയ വരള്‍ച്ചയെക്കുറിച്ചുള്ള മുന്നറിയിപ്പ് കൂടിയാണെന്ന് വിദഗ്ധര്‍ പറയുന്നു.
വാല്‍ക്കഷ്ണം: ഇന്ത്യയിലും എല്‍നിനോ ഭീഷണിയുണ്ടെങ്കിലും നാം ഒരിക്കലും ആഫ്രിക്കയെപ്പോലെ പട്ടിണി രാജ്യമാവില്ല. നമ്മുടെ ഫുഡ് ഗോഡൗണുകള്‍ ഇപ്പോഴും നിറഞ്ഞിരിക്കയാണ്. ഹരിത വിപ്ലവത്തിനും, ഉദാരീകരണം അടക്കമുള്ള സാമ്പത്തിക കാരണങ്ങള്‍ക്കും നാം ഇതിനായി നന്ദി പറയണം. അഴിമതിയൊക്കെയുണ്ടെങ്കിലും, വെറും കൊള്ളക്കാരുടെ രാജ്യമല്ല നാം!