വെറും 50 രൂപക്ക് മുബൈയില്‍ ടിക്കറ്റ് മുറിക്കാന്‍ നിന്ന പയ്യന്‍. പട്ടിണിയും പരിവെട്ടവുമായി ജീവിച്ച അവന്‍ പതിയെ പതിയെ ചെറിയവേഷങ്ങള്‍ ചെയ്യാന്‍ തുടങ്ങി. പിന്നെ അങ്ങോട്ട് അവന്റെ കാലമായിരുന്നു. ഇന്ന് കിങ്് ഖാന്‍ എന്നും ബോളിവുഡിന്റെ ബാദ്ഷാ എന്നും അറിയപ്പെട്ടുന്ന സാക്ഷാല്‍ ഷാരൂഖ് ഖാന്റെ ആസ്തി 12,490 കോടി രൂപയാണ്! ഇന്ത്യയിലെ തന്നെ ഏറ്റവും സമ്പത്തുള്ള നടനായി ഷാരൂഖ് മാറിയിരിക്കയാണ്. ഹുറൂണ്‍ ഇന്ത്യ റിച്ച് ലിസ്റ്റ് 2025-ല്‍ സ്ഥാനം പിടിച്ച ഏക നടനാണ് അദ്ദേഹം. കഴിഞ്ഞ വര്‍ഷം ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ മുന്‍കൂര്‍ നികുതിയടച്ച് സെലിബ്രിറ്റി കൂടിയാണ് ഷാരൂഖ്.

മുകേഷ് അംബാനി- 9,55,410 കോടി രൂപ,ഗൗതം അദാനി- 8,14,720 കോടി രൂപ, റോഷ്നി നാടാര്‍ മല്‍ഹോത്ര- 2,84,120 കോടി രൂപ,സൈറസ് എസ് പൂനവല്ല- 2,46,460 കോടി രൂപ,കുമാര്‍ മംഗലം ബിര്‍ള- 2,32,850 കോടി രൂപ, നീരജ് ബജാജ്- 2,32,680 കോടി രൂപ,ദിലീപ് ഷാങ്വി- 2,30,560 കോടി രൂപ, അസിം പ്രേംജി- 2,21,250 കോടി രൂപ,ഗോപിചന്ദ് ഹിന്ദുജ- 1,85,310 കോടി രൂപ, രാധാകിഷന്‍ ദമാനി- 1,82,980 കോടി രൂപ എന്നിവരാണ്, ഹുറൂണ്‍ ഇന്ത്യ റിച്ച് ലിസ്റ്റ് ആദ്യ പത്തുസ്ഥാനങ്ങള്‍ അലങ്കരിക്കുന്നുണ്ട്. 350 പേരുള്ള ഈ പട്ടിയിലാണ് ഷാറുഖും സ്ഥാനം പിടിച്ചത്.

ഹുറുണ്‍ പട്ടികയില്‍ ഷാരൂഖ് ഖാന് പിന്നിലായുള്ള താരം ജൂഹി ചൗളയാണ്. അവരുടെ ആസ്തി 7,790 കോടി രൂപയാണ്. നൈറ്റ് റൈഡേഴ്‌സ് സ്‌പോര്‍ട്‌സിലെ ഓഹരി പങ്കാളിത്തമാണ് ഇതിന് പ്രധാന കാരണം. 2,160 കോടി രൂപയുമായി ഹൃത്വിക് റോഷന്‍ മൂന്നാം സ്ഥാനത്താണ്. ഫിറ്റ്‌നസ്, ലൈഫ്‌സ്റ്റൈല്‍ ബ്രാന്‍ഡായ എച്ച്ആര്‍എക്‌സിന്റെ പങ്കാളിത്തമാണ് ഹൃത്വിക് റോഷന്റെ സമ്പാദ്യം. 1,880 കോടി രൂപയുമായി കരണ്‍ ജോഹറും 1,630 കോടി രൂപയുമായി അമിതാഭ് ബച്ചനും കുടുംബവും ആദ്യ അഞ്ച് സ്ഥാനങ്ങളില്‍ ഇടം നേടി.

നേരത്തെ എസ്‌ക്വയര്‍ മാഗസിനാണ് പട്ടിക പ്രകാരം ലോകത്തെ ഏറ്റവും സമ്പന്നരായ 10 അഭിനേതാക്കളുടെ പട്ടികയിലും അദ്ദേഹം ഇടം നേടിയിട്ടുണ്ട്. ഈ റിപ്പോര്‍ട്ടില്‍ ആഗോള റാങ്കിങ്ങില്‍ നാലാം സ്ഥാനത്താണ് അദ്ദേഹം. ആര്‍നോള്‍ഡ് ഷ്വാര്‍സ്‌നഗര്‍, ഡയാനെ ജോണ്‍സണ്‍, ടോം ക്രൂയിസ് (891 മില്യണ്‍) എന്നിവരാണ് ഷാരൂഖ് ഖാന് മുന്നിലുള്ള മറ്റ് 3 താരങ്ങള്‍. കൂടാതെ, ഈ പട്ടിക പ്രകാരം ഷാരൂഖ് ഖാനാണ് ഇന്ത്യയിലെ ഏറ്റവും സമ്പന്നനായ നടന്‍.




ഈ രണ്ടുലിസ്റ്റുകളും പരിശോധിച്ചാല്‍ ഒരുകാര്യം വ്യക്തമാണ്. ഇന്ത്യയിലെ മാത്രമല്ല ഏഷ്യയിലെ തന്നെ ഏറ്റവും സമ്പന്നനായ നടനാണ് ഷാരൂഖ് ഖാന്‍. പൊതുവെ നടന്‍മ്മാര്‍ അടക്കമുള്ള കലാകാരന്‍മ്മാരെക്കുറിച്ച് പറയുക അവര്‍ക്ക് ബിസിനസ് പറ്റില്ലെന്നാണ്. അറിയാത്ത പരിപാടികള്‍ക്കിറങ്ങി കൈപൊള്ളി ഉള്ള സമ്പത്തുപോയ നിരവധി സെലിബ്രിറ്റികള്‍ നമ്മുടെ കൊച്ചുമലയാളത്തില്‍ തന്നെയുണ്ട്. അവിടെയാണ് കിങ്് ഖാന്‍ ഒരു ബിസിനസ് മാഗ്നറ്റ് എന്ന നിലയിലും പിടിച്ചു നില്‍ക്കുന്നത്. എന്താണ് ഇദ്ദേഹത്തിന്റെ ടെക്്നിക്ക്? എങ്ങനെയാണ് ഷാരൂഖ് ഖാന് തൊട്ടതെല്ലാം പൊന്നാക്കാന്‍ കഴിയുന്നത്.

പട്ടിണിക്കാരനില്‍നിന്ന് കോടീശ്വരനിലേക്ക്

എല്ലാം തളികയില്‍വെച്ച് കിട്ടപ്പെട്ട ആധുനിക താരപത്രന്‍മ്മാരെപ്പേലെയായിരുന്നില്ല ഷാരുഖിന്റെ വളര്‍ച്ച. അതില്‍ കണ്ണീരിന്റെയും സഹനത്തിന്റെയും കഥയുണ്ട്. 1965 നവംബര്‍ 2 ന് ന്യൂഡല്‍ഹിയിലെ ഒരു മുസ്ലീം കുടുംബത്തിലാണ് ഖാന്‍ ജനിച്ചത്. അത്യവശ്യം സമ്പത്തുണ്ടായിരുന്ന കുടുംബം ഷാരൂഖിന്റെ പതാവിന്റെ ബിസിനസ് മൂലം പാപ്പരായിരുന്നു. അങ്ങനെ പരാജയപ്പെട്ട ഒരു സംരംഭകന്റെ മകനാണ് ഇന്ന് ബിസിനസിലും ഉന്നതിയില്‍ നില്‍ക്കുന്നത്.

പഠാന്‍ സിനിമയുടെ പേരില്‍ ഷാരൂഖിനെതിരെ വാളെടുത്തവര്‍, മറുന്നുപോകുന്നത് അദ്ദേഹം ബ്രിട്ടനെതിരെ പൊരുതിയ ഒരു സ്വാതന്ത്ര്യ സമര സേനാനിയുടെ മകന്‍ ആണെന്നത് കൂടിയാണ്. ബ്രിട്ടീഷ് ഇന്ത്യയില പെഷവാറിലെ (ഇന്നത്തെ പാക്കിസ്ഥാനില്‍) സ്വാതന്ത്ര്യസമര സേനാനിയായിരുന്നു ഖാന്റെ പിതാവായ താജ് മുഹമ്മദ് ഖാന്‍. ഖാന്റെ മാതാവ് ലത്തീഫ് ഫാത്തിമ, സുഭാഷ് ചന്ദ്ര ബോസിന്റെ കാലഘട്ടത്തില്‍ ഇന്ത്യന്‍ നാഷണല്‍ ആര്‍മിയില്‍ മേജര്‍ ജനറല്‍ ആയിരുന്ന ഷാനവാസ് ഖാന്റെ ദത്ത് പുത്രിയായിരുന്നു. ഇന്ത്യ സ്വതന്ത്രമായപ്പോള്‍ ആ കുടുംബം ഡല്‍ഹിയിലേക്ക് മാറി.''എന്റെ പിതാവൊരു ദരിദ്രനായിരുന്നു, തൊഴില്‍ രഹിതനും. ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാന്‍ അദ്ദേഹം കഷ്ടപ്പെടുന്നത് കുട്ടിക്കാലത്ത് ഞാന്‍ കണ്ടിട്ടുണ്ട്.'- ഷാരൂഖ് ഒരിക്കല്‍ പറഞ്ഞു.

ഡിഗ്രി കഴിഞ്ഞ് നടനാകണമെന്ന് ആഗ്രഹവുമായി മുംബൈയില്‍ എത്തുമ്പോള്‍ ഷാരൂഖിന് അവിടെ സുഹൃത്തുക്കള്‍ പോലും ഉണ്ടായിരുന്നില്ല. വെറും കൈയോടെ മുബൈയിലെത്തിയ പുതുമുഖത്തിന് ആര് എന്ത് വേഷം തരാന്‍. അങ്ങനെയാണ് അയാള്‍ ഒരു തീയേറ്ററിലെ ടിക്കറ്റ് മുറിക്കുന്ന ജോലിയില്‍ കയറി. സിനിമയുമായി ബന്ധമുള്ള ജോലി എന്നാണ് ഷാരൂഖ് തമാശപറയുന്നത്. 50 രൂപ ആയിരുന്നു ആദ്യ ശമ്പളം. പിന്നെ ഒരു സീരിയല്‍ നടിയുടെ ഡ്രൈവറായി ജോലി നോക്കി. ഈ സമയത്തും അഭിനയമോഹം തുടര്‍ന്നു. അങ്ങനെ ലൊക്കേഷന്‍ തെരഞ്ഞ് പോകുന്നതിനാല്‍ ജോലിക്ക് പോകാന്‍ കഴിയാതെ അത്താഴപ്പട്ടിണി കിടന്നു. പെപ്പുവെള്ളം കുടിച്ച് വിശപ്പടക്കിയ ദിവസങ്ങള്‍ ഷാരൂഖിന്റെ ആത്മകഥയില്‍ പറയുന്നുണ്ട്. 1981-ല്‍ അച്ഛന്‍ കാന്‍സര്‍ ബാധിച്ച് മരിച്ചതോടെ കടുംബത്തിന്റെ ഭാരം അദ്ദേഹത്തിന്റെ ചുമലിലായിരുന്നു.

അങ്ങനെ നടിയുടെ ഡ്രൈവറായി ജോലിചെയ്യുന്ന സമയത്താണ് ഭാഗ്യം ഷാറുഖിനെ തേടിയെത്തിയത്. ഒരിക്കല്‍ ഒരു നടന്‍ സമയത്ത് ലൊക്കേഷനില്‍ എത്തിച്ചേരാത്തതിനാല്‍ സംവിധായകന്‍ ഷാരൂഖിനെ അഭിനയിക്കാന്‍ ക്ഷണിച്ചു. അങ്ങനെ ലോക സിനിമയില്‍ ഇന്ത്യയുടെ ബ്രാന്‍ഡ് അംബാസഡറായ എസ്ആര്‍കെയുടെ അഭിനയ ജീവിതം അവിടെ തുടങ്ങി. ഇന്ത്യയില്‍ ടെലിവിഷന്‍ വിപ്ലവം നടക്കുന്ന 80കളുടെ അവസാനഘട്ടമായിരുന്നു അത്. ചറപറാ ടീവി സീരിയലുകള്‍ വരുന്ന കാലം. അതിന്റെ ഗുണം ഈ യുവ നടനും കിട്ടി. പതുക്കെ ഒരു ടെലിവിഷന്‍ താരം എന്ന നിലയില്‍ അയാള്‍ അറിയപ്പെടാന്‍ തുടങ്ങി. ഷാരൂഖിന് 25 വയസ്സായപ്പോഴേക്കും മാതാവ് ഫാത്തിമയും അന്തരിച്ചു. മകന്‍ ലോകം അറിയുന്ന നടനായി വളരുന്നത് കാണാന്‍ ആ അമ്മക്ക് ഉണ്ടായിരുന്നില്ല.1992 ജൂണില്‍ പുറത്തിറങ്ങിയ ദീവാന ആണ് ഷാരൂഖിന്റെ റിലീസാകുന്ന ആദ്യ സിനിമ. ദീവാനയില്‍ സിനിമയുടെ രണ്ടാം പകുതിയില്‍ ''കോയിനാ കോയി ചാഹിയെ'' എന്ന ഗാനം പാടി ബൈക്ക് ഓടിച്ചു വന്ന ഷാറുഖ് ഓടിക്കയറിയത് സിനിമ പ്രേമികളുടെ ഹൃദയത്തിലേക്ക് ആണ്. ആ സിനിമക്ക് ഏറ്റവും മികച്ച പുതുമുഖത്തിനുള്ള ഫിലിം ഫെയര്‍ അവാര്‍ഡും മറ്റാര്‍ക്കും ആയിരുന്നില്ല. പിന്നീട് അദ്ദേഹത്തിന് തിരിഞ്ഞുനോക്കേണ്ടി വന്നിട്ടില്ല.




ഒരു പടത്തിന് 250 കോടി വരെ

1995- ല്‍ ഇറങ്ങിയ ആദിത്യ ചോപ്ര സംവിധാനം ചെയ്ത 'ദില്‍വാലെ ദുല്‍ഹനിയ ലേ ജായേങ്കെ' എന്ന സിനിമ ചരിത്രമായി. ഇതിലെ നായകനാവാന്‍ സംവിധായകന്‍ ആദിത്യ ചോപ്ര മനസ്സില്‍ ഉറപ്പിച്ചത് സാക്ഷാല്‍ ടോം ക്രൂസിനെ. പിന്നെ നിശ്ചയിച്ചത് സെയ്ഫ് അലി ഖാനെ. പക്ഷെ ഇവ രണ്ടും നടക്കാതെ വന്നപ്പോള്‍ യാഷ് ചോപ്ര നിര്‍ദ്ദേശിച്ചത് അനുസരിച്ചു ഷാരൂഖിന് നറുക്ക് വീഴുന്നത്. അത് ചരിത്രമായി. ഷാറൂഖ്- കാജോള്‍ ജോടികള്‍ ഹിന്ദി സിനിമയുടെ എക്കാലത്തെയും മികച്ച പ്രണയ ജോടികളായി. ലോകമെമ്പാടും ഈ സിനിമ ഹിറ്റായി. മുബൈയില്‍ തുടര്‍ച്ചയായ ഇരുപതുവര്‍ഷം പ്രദര്‍ശിപ്പിച്ച ഡിഡിഎല്‍ജെയുടെ ലോക റെക്കാര്‍ഡ് ആര്‍ക്കും തിരുത്താല്‍ കഴിയില്ല. ഈ നിത്യ ഹരിത പ്രണയ സിനിമ ഷാറൂഖിനെ സൂപ്പര്‍ സ്റ്റാറായി ഉയര്‍ത്തി. 1998-ല്‍ ഇറങ്ങിയ 'കുച്ച് കുച്ച് ഹോതാ ഹേ' എന്ന സിനിമയിലൂടെ ഷാരൂഖ് കിങ് ഖാനിലേക്കു വളരുക ആയിരുന്നു. അതായിരുന്നു, രാജ്യത്തിന് പുറത്ത് ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടുന്ന ആദ്യ ഇന്ത്യന്‍ സിനിമ.

ഇന്നും ഇന്ത്യയിലെ ഏറ്റവും വിപണി മൂല്യമുള്ള താരം ആരാണെന്ന ചോദ്യത്തിന് ഇന്നും ഒരേ ഒരു ഉത്തരമേയുള്ളൂ. തുടര്‍ച്ചയായ പരാജയങ്ങളെ തുടര്‍ന്ന് നാലുവര്‍ഷത്തോളം സിനിമയില്‍നിന്ന് വിട്ടുനിന്നിട്ടും കിങ്ങ് ഖാന്‍ എന്ന ഷാറൂഖ് ഖാന്‍ തന്നെയാണത്! 2023 റിപ്പബ്ലിക് ദിന റിലീസായി എത്തിയ പഠാന്റെ വിജയത്തിലൂടെ തന്റെ താരമൂല്യത്തിന് ഒരു കൊട്ടവും തട്ടിയില്ലെന്ന് ഷാരൂഖ് തെളിയിച്ചതാണ്. തുടര്‍ന്ന് അറ്റ്ലി സംവിധാനം ചെയ്ത ജവാന്‍, രാജ്കുമാര്‍ ഹിരാനി സംവിധാനം ചെയ്ത ഡങ്കി എന്നിവയും ഹിറ്റായതോടെ താരത്തിന്റെ പ്രതിഫലവും കുത്തനെ ഉയര്‍ന്നു.

ഒരു സിനിമക്ക് 200-250 കോടി റേഞ്ചിലാണ് താരം ഇപ്പോള്‍ വാങ്ങിക്കുന്നത്. 500 കോടി വരെ ഒ ടി ടി റൈറ്റുള്ള താരാമാണ് അദ്ദേഹം. തീയറ്റര്‍ ഇതര വരുമാനത്തിന്റെ കാര്യത്തില്‍ ഷാരൂഖ് ഖാന്‍ വെര്‍സസ് ഷാരൂഖ് ഖാന്‍ എന്ന അവസ്ഥയാണ്. എക്കാലത്തെയും മികച്ച രണ്ട് തിയറ്റര്‍ ഇതര ഡീലുകള്‍ കിംഗ് ഖാന്റെ പേരിലാണ്. ജവാന്റെ ഡിജിറ്റല്‍, സാറ്റലൈറ്റ്, മ്യൂസിക് അവകാശങ്ങള്‍ ഏകദേശം 250 കോടി രൂപയ്ക്ക് വിറ്റുപോയപ്പോള്‍, ഡങ്കിയുടെ അത് ഏകദേശം 230 കോടി രൂപയ്ക്കാണ് വില്‍പ്പന ആയത് '

ഒരു ഇന്‍സ്റ്റ പോസ്റ്റിന് 5 കോടി!

സിനിമയില്‍ ഒതുങ്ങി നില്‍ക്കാതെ ബിസിനസിലേക്ക് ഇറങ്ങിയതാണ് ഷാരൂഖിനെ വീണ്ടും സമ്പന്നനാക്കിയത്. സ്‌പോര്‍ട്‌സിലും എഡ്യുക്കേഷനിലും എന്റര്‍ടൈന്‍മെന്റിലുമാണ് അദ്ദേഹത്തിന്റെ ഇന്‍വസ്റ്റ്മെന്റില്‍ ഏറെയും.

താരത്തിന്റെ ആസ്തിയുടെ പ്രധാന സ്രോതസുകളിലൊന്ന് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് ക്രിക്കറ്റ് ടീമാണ്. ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലെ ഏറ്റവും മൂല്യമുള്ള ടീമുകളിലൊന്നാണിത്. 2008-ലാണ് ജൂഹി ചൗളയും ജയ് മെഹ്തയുമായി ചേര്‍ന്ന് ഐപിഎല്‍ ടീമായ കൊല്‍ക്കത്തയുടെ അവകാശം ഷാറൂഖ് നേടിയത്. ഏകദേശം 650 കോടിരൂപയുടേത് ആയിരുന്നു ഈ ഇടപാട്. അതിനുശേഷമാണ് കെകെ ആര്‍ എന്ന ചുരുക്കപ്പേരില്‍ കൊല്‍ക്കൊത്ത റ്റൈ് റൈഡേഴ്സ് തുടങ്ങുന്നത്. ഐപിഎല്‍ ചരിത്രത്തിലെ ഏറ്റവും വിജയിച്ച ആദ്യ മൂന്ന് ടീമുകളില്‍ കെകെആര്‍ ഉണ്ട്. ഇതിനോടൊപ്പം മറ്റ് വിദേശ ലീഗുകളിലും കെകെആര്‍ ബ്രാന്‍ഡ് സജീവമാണ്.




സിനിമാ നിര്‍മ്മാണത്തതിലും താരം സജീവമാണ്. ഭാര്യ ഗൗരിയോടൊപ്പം സ്ഥാപിച്ച റെഡ് ചില്ലീസ് എന്റര്‍ടൈന്‍മെന്റ് ഇന്ന് ഇന്ത്യയിലെ നമ്പര്‍ വണ്‍ സ്ഥാപനമായി വളര്‍ന്നു കഴിഞ്ഞു. 1999ലാണ് താരം ആദ്യമായി നിര്‍മ്മാതാവുന്നത്. ജൂഹി ചൗളയും സംവിധായകന്‍ അസീസ് മിര്‍സയും പങ്കാളികളായി ഡ്രീംസ് അണ്‍ലിമിറ്റഡ് എന്ന പേരിലായിരുന്നു പ്രൊഡക്ഷന്‍ കമ്പനി തുടങ്ങിയത്. ഇത് നിര്‍ത്തലാക്കിയാണ് റെഡ് ചില്ലീസ് തുടങ്ങിയത്. അത് വന്‍ വിജയമായി.

ഇപ്പോള്‍ ഷാരൂഖ് ഖാന്റെ പ്രൊഡക്ഷന്‍ കമ്പനിയുടെ ടേണ്‍ഓവര്‍ 700 കോടിയോളമാണ്. രാവണ്‍, കൃഷ് പോലെയുള്ള ഹിറ്റ് സിനിമകളെടുത്ത റെഡ് ചില്ലീസാകട്ടെ ഇന്ത്യയിലെ ഏറ്റവും വലിയ വിഷ്വല്‍ സ്റ്റുഡിയോകളിലൊന്നും. 8 ജീവനക്കാരില്‍ തുടങ്ങി ഇന്ന് ഫോറിന്‍ ടെക്‌നീഷന്‍സടക്കം 500 എംപ്ലോയീസുള്ള വലിയ കമ്പനിയായി റെഡ് ചില്ലീസ് എന്ന സംരംഭം മാറിയത്, ഷാരൂഖിലെ ഇന്‍വെസ്റ്ററുടെ മികവാണ്. ഇന്ത്യന്‍ ചലച്ചിത്ര വ്യവസായത്തിലെ സാങ്കേതിക നിലവാരം ഉയര്‍ത്താനും ഇന്ത്യയെ ലോക സിനിമ മേഖലയിലെ മികച്ച മാര്‍ക്കറ്റാക്കാനുമാണ് റെഡ് ചില്ലീസ് ലക്ഷ്യം വെയ്ക്കുന്നതെന്ന് നേരത്തെ ഒരു അഭിമുഖത്തില്‍ ഷാരൂഖ് പറഞ്ഞിരുന്നു.

വന്‍കിട കമ്പനികളുടെ ബ്രാന്‍ഡ് അംബാസഡറാണ് ഷാറൂഖ്. 50 മില്യന്‍ ഫോളോവേഴ്സ് വരുന്ന അദ്ദേഹത്തിന്റെ ഇന്‍സറ്റഗ്രാമിലുടെയും 45 മില്യണ്‍ ഫോളോവേഴ്സ് വരുന്ന ട്വിറ്റിറിലൂടെയും ബ്രാന്‍ഡിങ്ങ് വഴി അദ്ദേഹം കോടികള്‍ സമ്പാദിക്കുന്നു. ചില കണക്കുകള്‍ പ്രകാരം ബ്രാന്‍ഡ് എന്‍ഫോഴ്സ് മെന്റിന് 5 കോടിരൂപയാണ് അദ്ദേഹം വാങ്ങുന്നത്. അതായത് നിങ്ങളുടെ ഉല്‍പ്പന്നത്തെ ഷാരൂഖിന്റെ സോഷ്യല്‍ മീഡിയ ഹാന്‍ഡില്‍ വഴി പരസ്യപ്പെടുത്തുന്നതിന് ഇത്രയും കോടി കൊടുക്കണം. വിരാട് കോഹ്ലി അടക്കമുള്ളവര്‍ വിജയകരമായ ചെയ്യുന്ന കാര്യമാണിത്. ഇതിലുടെ ശതകോടികളാണ് ഷാരൂഖിന് കിട്ടുന്നത്. അതുപോലെ ആഡ് ഫിലിമിനെ അദ്ദേഹം 50 കോടി വാങ്ങിക്കുന്നുണ്ടെന്നാണ്, ഇക്കണോമിക്ക് ടൈംസ് അടക്കമുള്ള മാധ്യമങ്ങള്‍ പറയുന്നത്. പെപ്സി, ഫ്രൂട്ടി, നോക്കിയ, ഹ്യൂണ്ടായ് സാന്‍ട്രോ, ലകസ് ഡിഷ് ടിീവി തുടങ്ങിയ ഒട്ടനനവി വമ്പന്‍ ബ്രാന്‍ഡുകളുടെ പ്രമോഷനുകളില്‍ ഷാറുഖ് എത്തിയിട്ടുണ്ട്.

ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായി വന്‍കിട റിയല്‍റ്റി നിക്ഷേപങ്ങളും ഷാറുഖ് ഖാനുണ്ട്. ബാന്ദ്രയില്‍ സ്ഥിതി ചെയ്യുന്ന അദ്ദേഹത്തിന്റെ പ്രശസ്തമായ മന്നത് എന്ന വീട് 200 കോടിരൂപയുടേതാണ്. ലണ്ടനിലെ പാര്‍ക്ക് ലെയ്ന്‍ ഏരിയിലെ ആഡംബര അപ്പാര്‍ട്ട്മെന്റ്, ബെവര്‍ലിഹില്‍സില്‍ വില്ല. ദുബായില്‍ വീട് തുടങ്ങി നിരവധി പ്രോപ്പര്‍ട്ടികള്‍ ഷാറുഖിനുണ്ട്.അത്യാഡംബരം കാറുകളം ഷാറൂഖിന് പ്രിയപ്പെട്ടതാണ്. ബിഎംഡബ്ല്യു, റോള്‍സ് റോയ്‌സ്, മെഴ്‌സിഡീസ് ബെന്‍സ്, ഔഡി, ബുഗാറ്റി, റേഞ്ച് റോവര്‍ തുടങ്ങി അത്യാഡംബര ഓട്ടോ ബ്രാന്‍ഡുകളുടെയെല്ലാം മോഡലുകള്‍ ഷാറൂഖ് ഖാന്റെ വാഹന ശേഖരത്തിലുണ്ട്. ഇതില്‍ 12 കോടി രൂപയുടെ ബുഗാറ്റി വെയ്‌റോണും 9.5 കോടി രൂപയുടെ റോള്‍സ് റോയ്‌സ് ഫാന്റമും ഉള്‍പ്പെടും

ഷാരൂഖിന്റെ വിജയമന്ത്രമെന്ത്?

തന്റെ ബിസിനസ് വിജയമന്ത്രമെന്താണ് എന്ന ചോദ്യത്തിന് ഷാരൂഖ് ഒരിക്കല്‍ പറഞ്ഞ മറുപടി ഇങ്ങനെയാണ്-''പാഷനുണ്ടെങ്കില്‍ മാത്രമേ ഓരോ ബിസിനസിലേക്കും ഇറങ്ങാറുള്ളൂ. സിനിമകളോട് തോന്നുന്ന പാഷനാകില്ല അത്. ഒരു രാത്രിയോടെ അവസാനിക്കുന്ന പാഷനെ ബിസിനസാക്കി മാറ്റാറില്ല ട്രെന്‍ഡ് നോക്കി ഇന്‍വെസ്റ്റ്‌മെന്റ് നടത്തരുത്. ട്രെന്‍ഡിനെ കുറിച്ച് കൃത്യമായ ധാരണയുണ്ടാകണം''- അദ്ദേഹം പറയുന്നു. ''ഇന്‍വെസ്റ്റ്‌മെന്റില്‍ എപ്പോഴും ഡൈവേഴ്‌സിഫൈഡ് ആകുക, ബോറോയിംഗ് ഒഴിവാക്കുക, നിങ്ങളുടെ പാഷന്‍ പിന്തുടരുക, ഫിക്‌സ്ഡ് ആയ ഫോര്‍മുലകള്‍ ഒഴിവാക്കുക.''.ചിലവ് കുറയ്ക്കാതെ തന്നെ വരുമാനം കൂട്ടുകയാണ് വേണ്ടതെന്ന തന്റെ അമ്മയുടെ വാക്കുകള്‍ അദ്ദേഹം ഇടക്കിടെ ഉദ്ധരിക്കാറുണ്ട്.

''നിങ്ങള്‍ക്ക് ബിസിനസ് ചെയ്യാനുള്ള അഭിനിവേശമുണ്ടാകണം. വാള്‍ട്ട് ഡിസ്‌നിയേയും അസിം പ്രേംജിയേയും രത്തന്‍ ടാറ്റയേയും പോലെ. അവര്‍ മികച്ചവരാണ്. അവരുടെ ബിസിനസ് വൈഭവത്തെ കുറിച്ച് പറയാന്‍ ഞാനാളല്ല. പക്ഷേ അവര്‍ എന്തുകൊണ്ടാണ് ബിസിനസ് ചെയ്യുന്നതെന്ന് എനിക്കറിയാം. ഒരു നല്ല ഉദ്ദേശത്തോടെയാണ് നാനോ കൊണ്ടുവന്നത്. അത് ശരിയാകുമോ ഇല്ലയോ എന്നൊന്നും എനിക്കറിയില്ല. പക്ഷേ അത് കൊണ്ടുവന്നതിന് പിന്നിലെ കാരണം വ്യക്തമാണ്. അതിന് പിന്നില്‍ ബിസിനസല്ല, അഭിനിവേശവുമുണ്ട്'' - ഷാരൂഖ് പ്രയുന്നു.




''എനിക്ക് ബിസിനസില്‍ താത്പര്യമുണ്ടെന്ന് അംബാനി, ബിര്‍ല, ടാറ്റ എന്നിവര്‍ക്കൊക്കെ അറിയാം. ഞാന്‍ അവരെ കണ്ടപ്പോള്‍ ഇതുപോലുള്ള ബിസിനസ് നോക്കിക്കൊണ്ടിരിക്കുന്ന ഘട്ടത്തിലായിരുന്നു അവരും. എന്റെ അച്ഛനും അമ്മയും ബിസിനസുകാരായിരുന്നു. അവര്‍ ബിസിനസിന്റെ നഷ്ടപ്പെടുന്ന അവസ്ഥയിലായപ്പോഴും ആവേശം കൈവിടാതെ മുന്നോട്ടുപോവുകയാണ് ചെയ്തത്. എനിക്ക് അവസരം കിട്ടുമ്പോഴൊക്കെ ഞാന്‍ ടാറ്റ സണ്‍സ് ഗ്രൂപ്പിലെ ആര്‍.കെ കൃഷ്ണകുമാറുമായി സമയം ചെലവിടാറുണ്ട്. ഇത്തരം ആളുകള്‍ സംസാരിക്കുകയും ചിന്തിക്കുകയും ചെയ്യുന്ന രീതി എനിക്ക് ഇഷ്ടമാണ്. അവരുണ്ടാക്കി വെച്ചിരിക്കുന്നത് ഒന്നുനോക്കൂ. കെ.വി കമ്മത്തുമായി ഞാന്‍ സംസാരിക്കാറുണ്ട്. വളരെ സാധാരണക്കാരനായ മനുഷ്യന്‍. എന്നാല്‍ അവരുടെ ദീര്‍ഘവീക്ഷണം മികച്ചതാണ്. എന്നെ ഇത് പ്രചോദിപ്പിച്ചിട്ടുണ്ട്.- ഷാരൂഖ് കൂട്ടിച്ചേര്‍ത്തു.

ദുബായില്‍ ഗ്ലോബല്‍ ഫ്രെയ്റ്റ് സമ്മിറ്റില്‍ സംസാരിക്കവെ ഷാരൂഖ് പറഞ്ഞ വാക്കുകളും വൈറലായിരുന്നു. പരാജയങ്ങളില്‍ വിഷമിക്കുകയല്ല, വിലയിരുത്തല്‍ നടത്തുകയാണ് വേണ്ടതെന്നാണ് ഷാരൂഖ് ഖാന്‍ പറഞ്ഞത്. സ്വന്തം ജീവിതത്തില്‍നിന്നുള്ള അനുഭവം പറഞ്ഞാണ് അദ്ദേഹത്തിന്റെ ആഹ്വാനം. ഒരു ചിത്രം ബോക്‌സ് ഓഫീസില്‍ പരാജയപ്പെട്ടാല്‍ അതിന് കാരണം ഗൂഢാലോചനയല്ല, പ്രേക്ഷകനുമായി സംവദിക്കാന്‍ കഴിയാതെ പോയതുകൊണ്ടാണെന്നും ഷാരൂഖ് പറഞ്ഞു.'പരാജയപ്പെടുമ്പോള്‍ നിങ്ങളുടെ സേവനമോ ഉത്പന്നമോ മോശമായി എന്നല്ല കരുതേണ്ടത്. നിങ്ങള്‍ പ്രവര്‍ത്തിക്കുന്ന ചുറ്റുപാടിനെ നിങ്ങള്‍ തെറ്റിദ്ധരിച്ചേക്കാം. ആളുകള്‍ എങ്ങനെ പ്രതികരിക്കുന്നു എന്നാണ് നിങ്ങള്‍ മനസിലാക്കേണ്ടത്. ആര്‍ക്കുമുന്നിലാണോ ഞാന്‍ എന്നെ പ്രദര്‍ശിപ്പിക്കുന്നത്, അവരുടെ ആവശ്യങ്ങള്‍ നിറവേറ്റാന്‍ കഴിഞ്ഞിട്ടില്ലെങ്കില്‍ എത്ര മികച്ചതായാലും എന്റെ ഉത്പന്നം ശ്രദ്ധിക്കപ്പെടാന്‍ പോകുന്നില്ല''- ഷാരൂഖ് ഖാന്‍ പറഞ്ഞു.

സ്വന്തം പെര്‍ഫോമന്‍സിനെ വിമര്‍ശനാത്മകമായി സമീപിക്കാറുണ്ടോയെന്ന ചോദ്യത്തിന് ഉണ്ടെന്ന് അദ്ദേഹം മറുപടി പറഞ്ഞു. ''ആ വികാരം ഞാന്‍ വെറുക്കുന്നു. അപ്പോള്‍ ബാത്‌റൂമിലിരുന്ന് കരയും. ആരേയും അത് കാണിക്കാറില്ല. ലോകം ഒരിക്കലും നിങ്ങള്‍ക്ക് എതിരാണെന്ന് ചിന്തിക്കരുത്. നിങ്ങള്‍ കാരണമോ മറ്റാരെങ്കിലും ഗൂഢാലോചന നടത്തുന്നതുകൊണ്ടോ അല്ല നിങ്ങളുടെ ചിത്രം മോശമാവുന്നത്. നിങ്ങളുടെ തെറ്റ് തിരിച്ചറിഞ്ഞ് മുന്നോട്ടുപോകണം''- അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സിമ്പിള്‍ ഹമ്പിള്‍ ഖാന്‍!

കഴിഞ്ഞ് മൂന്ന് പതിറ്റാണ്ടായി ഷാരൂഖ് ഖാനോളം, ഇന്ത്യന്‍ ജനതയെ സ്വാധീനിച്ച താരങ്ങള്‍ വിരലില്‍ എണ്ണാവുന്നവരാണ്. 2015-ല്‍ ബിബിസി നടത്തിയ സര്‍വേയില്‍ ലോക സിനിമയിലെ ഏറ്റവും പ്രശസ്തനായി തെരഞ്ഞെടുക്കപ്പെട്ടത് ഈ ഇന്ത്യന്‍ താരമായിരുന്നു. ഏകദേശം 400 കോടി ജനങ്ങള്‍ക്കറിയാവുന്ന നടന്‍. അന്നത്തെ ലോക ജനസംഖ്യയുടെ പകുതിയില്‍ കൂടുതല്‍ വരുന്ന പ്രശസ്തി. ഹോളിവുഡ് താരങ്ങളായ ടോം ക്രൂസിനെക്കാളും, ജാക്കിചാനെക്കാളുമാണ് ഷാരുഖിന്റെ ആരാധകര്‍. ഒരു സുപ്രഭാതത്തില്‍ നേടിയെടുത്തതല്ല അദ്ദേഹം ഇത്.

പക്ഷേ 2015നുശേഷമുള്ളകാലം ഷാരൂഖിന് തിരിച്ചടികളുടേത് ആയിരുന്നു. തുടര്‍ച്ചയായി പടങ്ങള്‍ പരാജയപ്പെട്ടു. മകന്‍ മയക്കുമരുന്നില്‍ കേസില്‍പെട്ടത് അപമാനമായി. 2018 -ല്‍ പുറത്തിറങ്ങിയ സീറോയുടെ പരാജയത്തോടെ അഭിനയത്തില്‍ നിന്നും ഇടവേളയെടുത്തിരുന്നു താരരാജാവ്. പക്ഷേ സിദ്ധാര്‍ത്ഥ് ആനന്ദ് ഒരുക്കുന്ന പഠാനിലൂടെയാണ് ഷാരൂഖ് ഖാന്റെ ശക്തമായി തിരിച്ചുവന്നു. സംഘപരിവാര്‍ ഉയര്‍ത്തിയ കാവി ബിക്കിനി വിവാദം ഫലത്തില്‍ സിനിമക്ക് ഗുണമായിമാറി.

വെറുപ്പാളികള്‍ പ്രചരിപ്പിക്കുന്നതുപോലെ, ഒന്നുമല്ല ഷാറൂഖിന്റെ വ്യക്തിജീവിതം. ഖാന്‍ ത്രയങ്ങളിലെ ഏറ്റവും ലവബിള്‍ ആയ, സിമ്പിള്‍ ഹമ്പിള്‍ എന്ന് പേരുകേട്ട മനുഷ്യന്‍. കറകളഞ്ഞ മതേതര വാദിയാണ് ഷാറൂഖ്. മിശ്രവിവാഹിതനായ അയാള്‍ ഭാര്യയെ ഒരിക്കലും സ്വന്തം മതത്തിലേക്ക് കൂട്ടാന്‍ ശ്രമിച്ചിട്ടില്ല. മക്കളെയും അങ്ങനെ തന്നെ. സല്‍മാന്‍ഖാനെപ്പോലെ മദ്യപിച്ച് തല്ലുണ്ടാക്കിയ കഥയോ, കൃഷ്ണമൃഗത്തെ വേട്ടയാടിയതോ, എന്തിന് സഹനടിമാവുമായുള്ള ഗോസിപ്പുകളോ ഒന്നും ഷാറൂഖിന്നേരെ ഉയര്‍ന്നിട്ടില്ല. പട്ടിണിയില്‍നിന്ന് വളര്‍ന്നുവന്ന അയാള്‍ ഇപ്പോഴും തന്റെ എളിമ കാക്കുന്നു.




സിനിമയിലൂടെ മാത്രമല്ല ഇന്ത്യ ഷാറൂഖിനെ സ്‌നേഹിക്കാന്‍ തുടങ്ങിയത്. കോടിക്കണക്കിന് രൂപയുടെ ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന മനുഷ്യസ്‌നേഹിയാണ് അദ്ദേഹം. എപ്പോഴും ഒരു കുസൃതിക്കുട്ടിയെപ്പോലെ പെരുമാറാന്‍, ഈ 59-ാംമത്തെ വയസ്സിലും അദ്ദേഹത്തിന് കഴിയുന്നു. ഒരു വേദിയില്‍ നമ്മുടെ റിമിടോമിയെ എടുത്തുപൊക്കിയ രീതി നോക്കുക. അതുപോലെ എവിടെപോയാലും ഓളമുണ്ടാക്കാന്‍ അദ്ദേഹത്തിന് കഴിയും,. ഈ പ്രായത്തിലും സിക്‌സ് പാക്കിന്റെ എനര്‍ജി സൂക്ഷിക്കുന്നു വ്യക്തി. ഇപ്പോഴത്തെ ട്രെന്‍ഡ് അനുസരിച്ച് ഷാരൂഖിനെ വെല്ലാന്‍ കഴിയുന്ന ഒരു താരം ഇനി ഇന്ത്യയില്‍ ജനിക്കേണ്ടിയിരിക്കുന്നു. സിനിമയില്‍ മാത്രമല്ല, ബിസിനസിലും.

വാല്‍ക്കഷ്ണം: ഷാരൂഖ് എന്ന ബ്രാന്‍ഡ് നെയിമിന് കോട്ടം തട്ടാത്ത എന്ത് പണിയും നല്ലതാണെന്നാണ് അദ്ദേഹത്തിന്റെ വിശ്വാസം. അനില്‍ അംബാനിയുടെ മകന്‍ അനന്ദ് അംബാനിയുടെ വിവാഹമഹാമഹത്തിന്റെ ആങ്കര്‍ ആയി വിളിച്ചപ്പോള്‍, അംബാനി ടീമിന് ഷാരുഖ് വരുമോ എന്ന് ഭയമുണ്ടായിരുന്നു. എന്നാല്‍ അദ്ദേഹം പരിപാടിയുടെ ആങ്കറായി. ''അതും ഒരു ജോലിയാണ്. എന്തു നല്ല ജോലിചെയ്യാനും നാം മടിക്കേണ്ടതില്ല''- ഇതാണ് ഷാരൂഖിന്റെ ലൈന്‍.