ബംഗാളിലെ ഗോര്‍ബച്ചേവ്, മാര്‍ക്സിസത്തിന്റെ അന്തി ക്രിസ്തു! അതായിരുന്നോ ബുദ്ധദേവ്? രണ്ടുമുറി അപ്പാര്‍ട്ടുമെന്റില്‍ നിസ്വനായി മരിച്ച നേതാവിന്റെ കഥ
പശ്ചിമ ബംഗാളിലെ ഗോര്‍ബച്ചേവ്, മാര്‍ക്സിസത്തിന്റെ അന്തി ക്രിസ്തു! ബംഗാളിലെ മൂന്ന് പതിറ്റാണ്ട് നീണ്ട, കമ്യൂണിസ്റ്റ് ഭരണത്തിന്റെ അന്തകന്‍, മുതലാളിത്ത നയങ്ങളിലുടെ പാര്‍ട്ടിയെ തകര്‍ത്ത അഞ്ചാംപത്തി. ഇന്ന് അന്തരിച്ച, ബുദ്ധദേവ് ഭട്ടാചാര്യ എന്ന സിപിഎമ്മിന്റെ മുതിന്ന നേതാവും, പശ്ചിമ ബംഗാള്‍ മുന്‍ മുഖ്യമന്ത്രിയുമായ ബുദ്ധദേവ് ഭട്ടാചാര്യയെക്കുറിച്ച് (80), കേരളത്തിലെ പാര്‍ട്ടി സര്‍ക്കിളുകളില്‍ പോലും പ്രചരിച്ച വിശേഷങ്ങള്‍ ഇങ്ങനെയായിരുന്നു. ബംഗാളിലെ സിപിഎം ഏരിയാ സെക്രട്ടറിയെ പെരുമ്പാവൂരിലെ ഹോട്ടലില്‍ ചായയടിക്കുന്നതിന് കാരണക്കാരനായ വ്യക്തി എന്നൊക്കെവരെ, ഈ വയോധിക നേതാവ് പരിഹസിക്കപ്പെട്ടു. പക്ഷേ […]
- Share
- Tweet
- Telegram
- LinkedIniiiii
പശ്ചിമ ബംഗാളിലെ ഗോര്‍ബച്ചേവ്, മാര്‍ക്സിസത്തിന്റെ അന്തി ക്രിസ്തു! ബംഗാളിലെ മൂന്ന് പതിറ്റാണ്ട് നീണ്ട, കമ്യൂണിസ്റ്റ് ഭരണത്തിന്റെ അന്തകന്‍, മുതലാളിത്ത നയങ്ങളിലുടെ പാര്‍ട്ടിയെ തകര്‍ത്ത അഞ്ചാംപത്തി. ഇന്ന് അന്തരിച്ച, ബുദ്ധദേവ് ഭട്ടാചാര്യ എന്ന സിപിഎമ്മിന്റെ മുതിന്ന നേതാവും, പശ്ചിമ ബംഗാള്‍ മുന്‍ മുഖ്യമന്ത്രിയുമായ ബുദ്ധദേവ് ഭട്ടാചാര്യയെക്കുറിച്ച് (80), കേരളത്തിലെ പാര്‍ട്ടി സര്‍ക്കിളുകളില്‍ പോലും പ്രചരിച്ച വിശേഷങ്ങള്‍ ഇങ്ങനെയായിരുന്നു. ബംഗാളിലെ സിപിഎം ഏരിയാ സെക്രട്ടറിയെ പെരുമ്പാവൂരിലെ ഹോട്ടലില്‍ ചായയടിക്കുന്നതിന് കാരണക്കാരനായ വ്യക്തി എന്നൊക്കെവരെ, ഈ വയോധിക നേതാവ് പരിഹസിക്കപ്പെട്ടു. പക്ഷേ യാഥാര്‍ത്ഥ്യം അങ്ങനെയായിരുന്നോ. ഒന്നും തിരുത്താന്‍ ബുദ്ധദേവ് ശ്രമിച്ചില്ല. ആരെയും പ്രതിക്കൂട്ടിലാക്കിയില്ല. ബംഗാളില്‍ ഒരിടത്തും കെട്ടിവെച്ച കാശുപോലും, കിട്ടാത്ത രീതിയില്‍ സിപിഎം നിഷ്ക്കാസനം ചെയ്യപ്പെട്ടിട്ടും, അയാള്‍ അതിന്റെ ഉത്തരവാദിത്വം സ്വന്തം ചുമലില്‍ താങ്ങി. ഒരിടത്തും പാര്‍ട്ടിയെ കുറ്റപ്പെടുത്തിയില്ല.
സത്യത്തില്‍, വ്യക്തിജീവിതത്തില്‍ ഈ പറയുന്ന മുതലാളിത്ത രീതിയില്‍ ജീവിക്കുന്ന അളായിരുന്നില്ല, ഒരുകാലത്ത് ബംഗാളികള്‍ ബുദ്ധബാബു എന്ന സ്നേഹപൂര്‍വം വിളിച്ചിരുന്ന ഈ നേതാവ്. ത്രിപുര മുന്‍ മുഖ്യമന്ത്രി മണിക്ക് സര്‍ക്കാറിനെപ്പോലെ ലളിത ജീവിതത്തിന് ഉടമയായിരുന്നു അദ്ദേഹവും. വെറും രണ്ടുമുറി സര്‍ക്കാര്‍ അപ്പാര്‍ട്ടുമെന്റിലായിരുന്നു മരണംവരെ ജീവിതം. വലിയ സ്വത്തുക്കളും അദ്ദേഹത്തിനുണ്ടായിരുന്നില്ല. ചെയിന്‍ സ്മോക്കറായിരുന്നു എന്നത് മാത്രമാണ് വ്യക്തി ജീവിതത്തില്‍ അദ്ദേഹത്തിനെതിരെ ആരോപിക്കാന്‍ കഴിയുന്ന ഏക കുറ്റം.
സാഹിത്യത്തില്‍ അപാരമായ വാസനയുള്ള ആളായിരുന്നു അദ്ദേഹം. മലയാളികളടക്കം കൊണ്ടാടുന്ന, ലാറ്റിനമേരിക്കന്‍ എഴുത്തുകാരന് ഗബ്രിയല് ഗാര്‍സിയ മാര്‍കേസിനെ ആദ്യമായി തര്ജ്ജമയിലുടെ ഇന്ത്യക്ക് പരിചയപ്പെടുത്തിയത് ബുദ്ധദേവാണ്. കവി, നാടകകൃത്ത്, പ്രാസംഗികന് എന്നീ നിലകളിലും അദ്ദേഹം വ്യക്തിമുദ്ര പതിപ്പിച്ചിരുന്നു. പൂണുല് പൊട്ടിച്ചെറിഞ്ഞ്, വിപ്ലവത്തിന്റെ പാതയിലേക്ക് എടുത്തുചാടിയ ബുദ്ധദേവ്, രാഷ്ട്രീയത്തില്‍ എത്തിയില്ലായിരുന്നെങ്കില്‍ നല്ലൊരു എഴുത്തുകാരന് ആയേനെ.
സത്യത്തില്‍ ജ്യോതിബസു അടക്കമുള്ള മുന്‍കാല നേതാക്കള്‍ എടുത്ത തെറ്റുകളുടെ പാപഭാരം പേറേണ്ടി വന്നത് ബുദ്ധദേവാണ്. അത്രയും കാലം സിപിഎം ഭരിച്ചിട്ടും ദാരിദ്ര്യവും, തൊഴിലില്ലായ്മയും വ്യാപകമായതോടെയാണ്, ബംഗാളിന്റെ അതിദ്രുത വ്യവസായവത്ക്കരണത്തിന് ബുദ്ധദേവ് തീരുമാനിച്ചതും, അത് സിപിഎമ്മിന്റെ വാട്ടര്‍ലൂ ആയതും. 2000 മുതല്‍ 2011 വരെ പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രിയായിരുന്ന ബുദ്ധദേവിനെ സി.ഒ.പി.ഡി. (ക്രോണിക് ഒബ്സ്ട്രക്ടീവ് പള്‍മണറി ഡിസീസ്)യും വാര്‍ധക്യസഹജമായ മറ്റ് രോഗങ്ങളും കുറച്ചുകാലമായി അലട്ടുന്നുണ്ടായിരുന്നു. ഇതേത്തുടര്‍ന്ന് കുറച്ചുകാലമായി അദ്ദേഹം പൊതുപ്രവര്‍ത്തനത്തില്‍ നിന്ന് പൂര്‍ണമായും വിട്ടുനില്‍ക്കുകയായിരുന്നു. തീര്‍ത്തും അസാധാരണമാണ് അദ്ദേഹത്തിന്റെ ജീവിതം.
പൂജാരിയില്‍ നിന്ന് പ്രോലിറ്റേറിയനിലേക്ക്
1944 മാര്‍ച്ച് 1 ന് വടക്കന്‍ കൊല്‍ക്കത്തയില്‍ ഒരു ബംഗാളി ബ്രാഹ്മണ കുടുംബത്തിലാണ് ഭട്ടാചാര്യ ജനിച്ചത്. ഇന്നത്തെ ബംഗ്ലാദേശിലെ മദാരിപൂര്‍ ജില്ലയില്‍ നിന്നുള്ള അദ്ദേഹത്തിന്റെ മുത്തച്ഛന് കൃഷ്ണചന്ദ്ര സ്മൃതിതീര്ത്ഥ ഒരു സംസ്കൃത പണ്ഡിതനും പുരോഹിതനും മികച്ച എഴുത്തുകാരനുമായിരുന്നു. ബംഗാളി ഹിന്ദു പുരോഹിതന്മാര്ക്കിടയില് പ്രചാരത്തിലിരിക്കുന്ന പുരോഹിത് ദര്പന് എന്ന പേരില്‍ ഒരു പുരോഹിത മാനുവല്‍ അദ്ദേഹം രചിച്ചിട്ടുണ്ട്. ബുദ്ധദേവിന്റെ പിതാവ് നേപ്പാള്ചന്ദ്ര പൗരോഹിത്യത്തില്‍ പ്രവേശിച്ചില്ല. പകരം കുടുംബ പ്രസിദ്ധീകരണമായ സരസ്വത് ലൈബ്രറിയില്‍ മത സാഹിത്യം വില്‍ക്കുന്ന തൊഴിലായിരുന്നു അദ്ദേഹത്തിന്. കവി സുകാന്ത ഭട്ടാചാര്യ അദ്ദേഹത്തിന്റെ പിതാവിന്റെ ബന്ധുവായിരുന്നു.
ഈ സഹവാസം വഴിയാണ് ബുദ്ധദേവിനും ചെറുപ്പത്തിലേ സാഹിത്യ കമ്പം കയറുന്നത്. പഠനകാലത്താണ് അദ്ദേഹം കമ്യൂണിസത്തില്‍ ആകൃഷ്ടനാവുന്നത്. അങ്ങനെ പൂണൂല് പൊട്ടിച്ചെറിഞ്ഞ്, അദ്ദേഹം ജാതി നിര്‍മ്മാര്‍ജന പ്രവര്‍ത്തനങ്ങളിലും സജീവമായി. ( എന്നിട്ടും ഈ മനുഷ്യനെ ബ്രാഹ്മണിക്കല്‍ ഹെജിമണി എന്നൊക്കെ പറഞ്ഞ് വിമര്‍ശിക്കുന്നവരുണ്ട്)
ശൈലേന്ദ്ര സിര്‍കാര്‍ വിദ്യാലയത്തിലെ മുന്‍ വിദ്യാര്‍ത്ഥിയായ ഭട്ടാചാര്യ, കൊല്‍ക്കത്തയിലെ പ്രസിഡന്‍സി കോളേജില്‍ ബംഗാളി സാഹിത്യം പഠിക്കുകയും ബംഗാളിയില്‍ ബിഎ ഓണേഴ്സ്ബിരുദം നേടുകയും ചെയ്തു.ഡം ഡമിലെ ആദര്‍ശ് ശംഖ വിദ്യാ മന്ദിര്‍ സ്കൂളില്‍ അധ്യാപകനായി ചേര്‍ന്നു. 1966-ല്‍ സി.പി.ഐ.എമ്മില്‍ പ്രാഥമിക അംഗമായി. ഭക്ഷ്യപ്രസ്ഥാനത്തില് സജീവമായി പങ്കെടുത്തതിനു പുറമേ, 1968-ല്‍ വിയറ്റ്നാമിന്റെ സമരത്തെ പിന്തുണച്ചു. 1968-ല്‍ സിപിഎമ്മിന്റെ യുവജന വിഭാഗമായ ഡെമോക്രാറ്റിക് യൂത്ത് ഫെഡറേഷന്റെ സംസ്ഥാന സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടു. പിന്നീട് ഈ സംഘടനയാണ് ഡിവൈഎഫ്ഐ ആയത്. 1981 വരെ അദ്ദേഹം ഡിവൈഎഫ്ഐയില്‍ സജീവമായിരുന്നു.
പടിപടിയായി വളരുന്നു
പാര്‍ട്ടിയില്‍ പടിപടിയായിട്ടായിരുന്നു ബുദ്ധദേവിന്റെ വളര്‍ച്ച. 1972-ല്‍ സി.പി.ഐ.എമ്മിന്റെ സംസ്ഥാന കമ്മിറ്റിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ഭട്ടാചാര്യ 1982-ല്‍ സംസ്ഥാന സെക്രട്ടേറിയറ്റില്‍ അംഗമായി. ആദ്യം അദ്ദേഹം 1977 മുതല്‍ 1982 വരെ കാശിപൂര്‍-ബെല്ഗാച്ചിയയുടെ എംഎല്‍എ ആയിരുന്നു 1982-ല്‍ അതേ മണ്ഡലത്തില്‍ തോല്‍വിയറിഞ്ഞതോടെയാണ് പോരാട്ടം കാശിപുരില്നിന്ന് ജാദവ്പുരിലേക്ക് മാറ്റിയത്. കൊല്‍ക്കത്ത കോര്‍പ്പറേഷനിലെ പത്ത് വാര്‍ഡുകളടങ്ങുന്ന ജാദവ്പുര്‍ മണ്ഡലത്തിന് വിഐപി പരിവേഷം നല്കിയ ഇടതുനേതാവായിരുന്നു അദ്ദേഹം. 2000-ലാണ് ആദ്യമായി മുഖ്യമന്ത്രി സ്ഥാനത്തെത്തിയത്. 1987 മുതല്‍ തുടര്‍ച്ചയായ അഞ്ച് തവണ ഇവിടെനിന്ന് മത്സരിച്ച് ജയിച്ചു.
ബസുവിന്റെ സര്‍ക്കാരില്‍ അംഗമായി 1977 മുതല്‍ അദ്ദേഹം ഭരണസിരാകേന്ദ്രമായ റൈറ്റേഴ്സ് ബില്‍ഡിങ്ങില്‍ ഉണ്ടായിരുന്നു. സാംസ്കാരിക വകുപ്പ് മന്ത്രിയായാണ് തുടക്കം. 1999-ല്‍ ജ്യോതി ബസു സര്‍ക്കാരില്‍ ഉപമുഖ്യമന്ത്രിയായ ഭട്ടാചാര്യ 2000-ല്‍ ആദ്യമായി മുഖ്യമന്ത്രിസ്ഥാനത്തെത്തി. 2000 മുതല്‍ 2011 വരെ മൂന്ന് തവണ ബംഗാളിന്റെ മുഖ്യമന്ത്രിസ്ഥാനം വഹിച്ചിട്ടുണ്ട്. 20 വര്‍ഷത്തോളം പശ്ചിമബംഗാളിന്റെ വാര്‍ത്താവിനിമയ വകുപ്പ് മന്ത്രിയായിരുന്നു. സംസ്ഥാനത്തിന്റെ സാംസ്കാരിക മന്ത്രിയായും ഉപമുഖ്യമന്ത്രിയായും ആഭ്യന്തര മന്ത്രിയായും സേവനം അനുഷ്ഠിച്ചിട്ടുണ്ട്. 1984-ല്‍ സി.പി.ഐ.എമ്മിന്റെ കേന്ദ്രകമ്മിറ്റിയിലേക്ക് സ്ഥിരം ക്ഷണിതാവായ അദ്ദേഹം അടുത്ത വര്‍ഷം കേന്ദ്രകമറ്റി അംഗമായി.
പാര്‍ട്ടിയുമായി ഉടക്കിയ ചരിത്രവും അദ്ദേഹത്തിന് പറയാനുണ്ട്.1991-ല്‍ ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് കള്‍ച്ചറല്‍ അഫയേഴ്സ്, നഗരവികസന, മുനിസിപ്പല്‍ കാര്യ മന്ത്രിയായി അദ്ദേഹം മന്ത്രിസഭയില്‍ ഉള്‍പ്പെട്ടു. അഴിമതി ആരോപണത്തിലും മുഖ്യമന്ത്രിയുമായുള്ള അഭിപ്രായവ്യത്യാസത്തെത്തുടര്‍ന്ന് 1993 സെപ്റ്റംബറില്‍ അദ്ദേഹം തന്റെ സ്ഥാനം രാജിവച്ചു. ജ്യോതി ബസുവിന്റെ മന്ത്രിസഭ കള്ളന്മാരുടെ ഒരു കൗണ്‍സില്‍ ആണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടത് വിവാദമായിരുന്നു. പക്ഷേ ഈ പ്രശനം പിന്നീട് പാര്‍ട്ടി ചര്‍ച്ചചെയ്ത് പരിഹരിച്ചു. ഏതാനും മാസങ്ങള്‍ക്ക് ശേഷം അദ്ദേഹം മന്ത്രിസഭയില്‍ തിരിച്ചെത്തി.
ബസുവിനെപ്പോലെ തലപ്പൊക്കമുള്ള നേതാവായി, തീപ്പൊരി പ്രാസംഗികനും കവിയും എഴുത്തുകാരനുമായ ബുദ്ധദേവ് പെട്ടന്നു വളര്‍ന്നു. അതുകൊണ്ടുതന്നെ ജ്യോതിബസുവിനുശേഷം ആര് എന്ന ചോദ്യത്തിന് പാര്‍ട്ടിയില്‍ രണ്ടഭിപ്രായം ഉണ്ടായില്ല. 1996-ലെ പശ്ചിമ ബംഗാള്‍ തിരഞ്ഞെടുപ്പിന് ശേഷം, മുഖ്യമന്ത്രി ജ്യോതിബസുവിന്റെ മോശം ആരോഗ്യസ്ഥിതി കണക്കിലെടുത്ത്, ആഭ്യന്തര, വകുപ്പിന്റെ ചുമതല ഭട്ടാചാര്യയെ ഏല്‍പ്പിച്ചു. 1999-ല്‍ പശ്ചിമ ബംഗാളിന്റെ ഉപമുഖ്യമന്ത്രിയായി. 2000 നവംബര്‍ 6-ന് ബസു സ്ഥാനമൊഴിഞ്ഞതിനെത്തുടര്‍ന്ന് അദ്ദേഹം മുഖ്യമന്ത്രിയായി ഉയര്‍ത്തപ്പെട്ടു. 2002ല്‍ സിപിഐ എമ്മിന്റെ പോളിറ്റ് ബ്യൂറോയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു.
തുടര്‍ഭരണം വഴിതെറ്റിക്കുന്നു
മുഖ്യമന്ത്രി എന്ന നിലയില്‍, 2001 ലും 2006 ലും തുടര്‍ച്ചയായി രണ്ട് തിരഞ്ഞെടുപ്പ് വിജയത്തിലേക്ക് സി.പി.ഐ.എം നയിക്കുന്ന ഇടതുമുന്നണിയെ അദ്ദേഹം നയിച്ചു. 2001-ല്‍ 294 നിയമസഭാ സീറ്റുകളില്‍ 199 ഉം ഇടതുമുന്നണി 2006-ല്‍ അത് 235 ആയി ഉയര്‍ത്തി. സത്യത്തില്‍ ഈ തുടര്‍ഭരണമാണ് ബുദ്ധദേവിനെ വഴിതെറ്റിച്ചതെന്ന് പിന്നീട് വിമര്‍ശനങ്ങള്‍ വന്നു.
ബുദ്ധദേവ് ഭരണത്തിന്റ ആദ്യത്തെ അഞ്ച് വര്‍ഷങ്ങള്‍ നേട്ടങ്ങളുടേതായിരുന്നു. വികസനപദ്ധതികള്‍ അദ്ദേഹത്തിന്റെ ജനസമ്മിതി വര്‍ധിപ്പിച്ചു. ആ സമയത്ത് വ്യവസായി അസിം പ്രേംജിയും മുന്‍ പ്രധാനമന്ത്രി മന്മോഹന് സിങ്ങും അദ്ദേഹത്തെ ഇന്ത്യയിലെ ഏറ്റവും മികച്ച മുഖ്യമന്ത്രിയെന്ന് വിശേഷിപ്പിച്ചിരുന്നു. 2006-ല്‍ വന്‍ ഭൂരിപക്ഷത്തില്‍ അധികാരത്തില്‍ തിരിച്ചെത്തി. അതോടെ സംസ്ഥാനത്ത് വ്യാവസായിക വിപ്ലവം നടപ്പാക്കാനായിരുന്നു അദ്ദേഹത്തിന്റെ തീരുമാനം. എന്നാലിത് ജനങ്ങളെ ബോധ്യപ്പെടുത്തുന്നതില്‍ ബുദ്ധദേവും പാര്‍ട്ടിയും പരാജയപ്പെട്ടു. കൃത്യമായ പ്ലാനിങ്ങില്ലാതെ നടപ്പിലാക്കാന്‍ ശ്രമിച്ച വ്യവസായ പദ്ധതികള്‍ അതുപോലെ തിരിച്ചടിച്ചു. പതിറ്റാണ്ടുകള്‍ അധികാരത്തില്‍ തുടര്‍ന്നത് പാര്‍ട്ടിയുടെ ജനകീയതെയും വലിയരീതിയില്‍ ബാധിച്ചിരുന്നു. സര്‍ക്കാര്‍ നയങ്ങള്‍ക്കെതിരെ നിരന്തരം സമരങ്ങള്‍ തുടര്‍ന്നു. നന്ദീഗ്രാമില്‍ വെടിവെപ്പുണ്ടായതോടെ പാര്‍ട്ടിയുടെ തിരിച്ചടിയാരംഭിച്ചു. മമത എന്ന നേതാവിന്റെ ഉയര്‍ച്ചയും അവിടെ തന്നെയായിരുന്നു.
വ്യവസായവത്കരണത്തിലൂടെ മാത്രമേ ബംഗാളിന് മോചനമുള്ളു എന്ന വിശ്വാസമായിരുന്നു ബുദ്ധദേവിനെ നയിച്ചിരുന്നത്. തന്റെ തീരുമാനത്തില്‍ ഉറച്ചുനില്‍ക്കുകയും അതിനായി ഏതറ്റംവരെയും പോകുകയും ചെയ്യുന്നതായിരുന്നു അദ്ദേഹത്തിന്റെ രീതി. എന്നാല്‍ ജനകീയമായി ഇത്തരം തീരുമാനങ്ങള്‍ നടപ്പിലാക്കാനുള്ള രാഷ്ട്രീയ തന്ത്രങ്ങള്‍ മെനയാന്‍ സാധിക്കാതെ പോയിടത്തായിരുന്നു ബുദ്ധദേവ് പരാജയപ്പെട്ടത്. ഗ്രാമീണ ജനതയുടെ അസംതൃപ്തി കാണാന്‍ സാധിച്ചില്ല. അധികാരത്തിന്റെ തണലില്‍ പാര്‍ട്ടി സംവിധാനങ്ങള്‍ പൂര്‍ണമായി പരാജയപ്പെട്ടതോടെ സര്‍ക്കാരിനെ ജനങ്ങള്‍ കൈവിട്ടുതുടങ്ങി. എതിരാളികളുയര്ന്നുവരുന്നതും പാര്‍ട്ടിയുടെ ജനകീയത ഇല്ലാതാവുന്നതും കാണാനും പരിഹരിക്കാനും അദ്ദേഹത്തിന് സാധിച്ചില്ല
വീണ്ടും വന്‍ ഭൂരിപക്ഷത്തിന് രണ്ടാമതും അധികാരം കിട്ടിയതോടെ എന്തും ചെയ്തുകളയാം എന്ന് ധാര്‍ഷ്ട്യം ബംഗാളിലെ പാര്‍ട്ടിക്കും, മുഖ്യമന്ത്രിക്കും വന്നു എന്നാണ് വിമര്‍ശകര്‍ പറയുന്നത്. മാത്രമല്ല, തുടര്‍ച്ചയായ ജ്യോതിബസുവിന്റെ ഭരണത്തില്‍ ബംഗാള്‍ ആകെ കുളമായിരുന്നു. വ്യവസായവത്ക്കരണത്തില്‍ സംസ്ഥാനം വല്ലാതെ പിറകേട്ട് അടിച്ചു. തൊഴിലില്ലായ്മയും വര്‍ധിച്ചു. ഇത് പരിഹരിക്കനായി ബുദ്ധദേവ് അതിവേഗം ശ്രമിച്ചു.
സംസ്ഥാനങ്ങളില്‍ കൂടുതല്‍ നിക്ഷേപവും തൊഴിലവസരങ്ങളും കൊണ്ടുവരുന്നതിനായി അദ്ദേഹം പശ്ചിമ ബംഗാളില്‍ വ്യവസായവല്‍ക്കരണ യജ്ഞം ആരംഭിച്ചു. ഐടി, സേവന മേഖലകളും ഇക്കാലത്ത് ബംഗാളില്‍ വളര്‍ന്നു. സി.പി.ഐ.എമ്മിന്റെ പരമ്പരാഗത സാമ്പത്തിക നയങ്ങളില്‍ നിന്ന് വ്യത്യസ്തമായി, തുറന്ന വ്യവസായ നയമായിരുന്നു ഭട്ടാചാരയുടേത്. അങ്ങനെയാണ് ടാറ്റയുടെ നനോ കാര്‍ നിര്‍മ്മാണ ഫാക്ടറിയൊക്കെ ബംഗാളില്‍ എത്തുന്നത്. കൊല്‍ക്കത്തയ്ക്ക് സമീപമുള്ള സിംഗൂര്‍ എന്ന ചെറിയ കുഗ്രാമത്തിലേക്ക് ടാറ്റ നാനോ കാര്‍ പദ്ധതിക്ക് ക്ഷണിക്കപ്പെട്ടു. അതുപോലെ നന്ദിഗ്രാമില്‍ സലിം ഗ്രൂപ്പും. പക്ഷേ അതിനുള്ള ഭൂമിയേറ്റെടുക്കാനുള്ള ശ്രമങ്ങള്‍ സിപിഎമ്മിനെ ബംഗാളില്‍ തകര്‍ത്തു.
നന്ദിഗ്രാമും സിംഗുരും മുറിവുകള്‍
ബംഗാളിലെ നന്ദിഗ്രാമില്‍ കര്‍ഷക ഭൂമി കുത്തക മുതലാളിമാര്‍ക്ക് വ്യാവസായിക ആവശ്യങ്ങള്‍ക്ക് വേണ്ടി പതിച്ചു നല്കിയ നടപടി പ്രതിഷേധ സമരങ്ങള്‍ക്കിടയാക്കി. തുടര്‍ന്ന് 2007 മാര്‍ച്ച് 14ന് നന്ദിഗ്രാമില്‍ സമരക്കാര്‍ക്ക് നേരെ നടന്ന പോലീസ് വെടിവെയ്പില്‍ 14 പേര് കൊല്ലപ്പെട്ടു. വെടിവെപ്പിന് ഉത്തരവിട്ട സര്‍ക്കാര്‍ നടപടി വലിയ പ്രതിഷേധങ്ങള്‍ക്കാണ് ഇടയാക്കിയത്.
പ്രതിപക്ഷ പാര്‍ട്ടികളും ഇടതുമുന്നണി സഖ്യകക്ഷികളും അദ്ദേഹത്തെ വിമര്‍ശിച്ചു. ഈ വിഷയത്തില്‍ മുന്‍ മുഖ്യമന്ത്രിയുമായ ജ്യോതി ബസുവിനാലും അദ്ദേഹം വിമര്‍ശിക്കപ്പെട്ടു. സമരക്കാരെ സര്‍ക്കാരും പാര്‍ട്ടിയും കായികമായി നേരിടാന്‍ ഒരുങ്ങിയതോടെയാണ്, മമതാബാനര്‍ജി എന്ന നേതാവിന്റെ ഉദയവും.
2009 ലെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ ഇടതുമുന്നണി കനത്ത പരാജയം ഏറ്റുവാങ്ങി. 2011- ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇടതുമുന്നണിയെ തോല്‍പ്പിച്ച് തൃണമൂല്‍ അധികാരത്തിലേറി. തൃണമൂല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി മനീഷ് ഗുപ്തയോടും 16,684 വോട്ടുകള്‍ക്ക് ബുദ്ധദേവ് പരാജയപ്പെട്ടു. 1967-ല്‍ പ്രഫുല്ല ചന്ദ്ര സെന്നിനു ശേഷം സ്വന്തം മണ്ഡലത്തില്‍ നിന്ന് തിരഞ്ഞെടുപ്പില്‍ തോല്‍ക്കുന്ന രണ്ടാമത്തെ പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രിയാണ് അദ്ദേഹം. ഇടതുമുന്നണി 294-ല്‍ 62 സീറ്റുകള്‍ മാത്രമാണ് കിട്ടിയത്.പശ്ചിമ ബംഗാളില്‍ 34 വര്‍ഷത്തെ ഇടതുമുന്നണിയുടെ ഭരണം, ലോകത്തിലെ ഏറ്റവും ദൈര്‍ഘ്യമേറിയ ജനാധിപത്യപരമായി തിരഞ്ഞെടുക്കപ്പെട്ട കമ്മ്യൂണിസ്റ്റ് സര്‍ക്കാറായിരുന്നു. 2011.മെയ് 13-ന് അദ്ദേഹം മുഖ്യമന്ത്രി സ്ഥാനം രാജിവച്ചു. സ്ഥാനമൊഴിഞ്ഞ അപ്പോള്‍ തന്നെ ഔദ്യോഗിക കാറും വസതിയും ഒഴിഞ്ഞ്, രണ്ടുമുറി അപ്പാര്‍ട്ടമെന്റിലേക്ക് ഒരു പഴഞ്ചന്‍ കാറില്‍ അദ്ദേഹം യാത്രയായി.
2011ല്‍ 9 പേരുടെ മരണത്തിനിടയാക്കിയ സിപിഎം പ്രവര്‍ത്തകര്‍ പ്രതികളായ നേതായി കൂട്ടക്കൊല സംബന്ധിച്ച തുറന്നുപറച്ചിലുകളും വിവാദത്തിന് വഴിയൊരുക്കി. ബാബ്റി മസ്ജിദ് തകര്‍ന്നതിന്റെ പതിനഞ്ചാം വാര്‍ഷികം ആചരിക്കുന്ന ഒരു ചടങ്ങില്‍ ശ്രീരാമന് ജനിച്ചതും ജീവിച്ചതുമെല്ലാം കവികളുടെയും കഥാകാരന്മാരുടെയും ഭാവനയില്‍ മാത്രമായിരുന്നുവെന്നും രാമസേതു പ്രകൃതിയില്‍ സ്വഭാവികമായി രൂപപ്പെട്ടതാണെന്നും ഉള്ള അദ്ദേഹത്തിന്റെ പരാമര്‍ശം വീണ്ടും വിമര്‍ശനങ്ങള്‍ക്കിട വരുത്തി
എഴുത്തും വായനയുമായി ജീവിത സായാഹ്നം
പിന്നീട് അങ്ങോട്ട്, ആരോടും യാതൊരു പരാതിയുമില്ലാതെ എഴുത്തും വായനയുമായി അദ്ദേഹം ഒതുങ്ങിക്കൂടുകയായിരുന്നു. ഇക്കാലത്തും നിരവധി പുസ്തകങ്ങള്‍ വിവര്‍ത്തനം ചെയ്തു. സജീവരാഷ്ട്രീയത്തിലുള്ള കാലത്തും അദ്ദേഹം നിരവധി നാടകങ്ങളും വിവര്‍ത്തനവും നടത്തിയിരുന്നു. 1993-ല്‍ എഴുതിയ 'ദുഃസമയ' നന്ന നാടകം ശ്രദ്ധേയമായിരുന്നു. ബാബറി മസ്ജിദ് തകര്‍ത്തതിന് ശേഷം ഹിന്ദുക്കളും മുസ്ലീങ്ങളും തമ്മിലുള്ള വര്‍ഗീയ സംഘര്‍ഷത്തെ ബുദ്ധദേവ് ഭട്ടാചാര്യയുടെ നാടകം കൈകാര്യം ചെയ്യുന്നു. മുഖമന്ത്രിയുടെ തിരിക്കുകളിലായിരിക്കുമ്പോഴും അദ്ദേഹം സാഹിത്യരചന നടത്തി.
പാര്‍ട്ടിയുടെ ചുമതലകളില്‍ നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടിട്ടും ഭട്ടാചാര്യയെ 2012-ല്‍ കോഴിക്കോട്ട് സംഘടിപ്പിച്ച 20-ാം പാര്‍ട്ടി കോണ്‍ഗ്രസില്‍ പോളിറ്റ് ബ്യൂറോയിലും കേന്ദ്ര കമ്മിറ്റിയിലും അംഗമായി നിലനിര്‍ത്തി. പക്ഷേ 2015-ല്‍ വിശാഖപട്ടണത്ത് നടന്ന 21-ാം പാര്‍ട്ടി കോണ്‍ഗ്രസില്‍ പൊളിറ്റ് ബ്യൂറോയിലെയും കേന്ദ്ര കമ്മിറ്റിയിലെയും സ്ഥാനങ്ങളില്‍ നിന്ന് അദ്ദേഹത്തെ ഒഴിവാക്കി. എന്നാലും കേന്ദ്ര കമ്മിറ്റിയിലേക്കുള്ള പ്രത്യേക ക്ഷണിതാവായി തിരഞ്ഞെടുത്തു. എങ്കിലും 2018 വരെ സംസ്ഥാന കമ്മിറ്റിയിലും സംസ്ഥാന സെക്രട്ടേറിയറ്റിലും അംഗമായി തുടരാന്‍ അദ്ദേഹത്തെ പ്രേരിപ്പിച്ചു. 2018-ല്‍ അനാരോഗ്യം തുടരുന്നതിനാല്‍ സംസ്ഥാന കമ്മിറ്റിയില്‍ നിന്നും സംസ്ഥാന സെക്രട്ടേറിയറ്റില്‍ നിന്നും അദ്ദേഹം ഒഴിഞ്ഞുമാറി. പക്ഷേ സംസ്ഥാന കമ്മിറ്റിയുടെ പ്രത്യേക ക്ഷണിതാവായിരുന്നു. 2019 ല്‍, കൊല്‍ക്കത്തയിലെ ബ്രിഗേഡ് പരേഡ് ഗ്രൗണ്ടില്‍ ഒരു മെഗാ റാലിയില്‍ പങ്കെടുക്കാന്‍ അദ്ദേഹം ശ്രമിച്ചു, എന്നിരുന്നാലും, ശ്വാസതടസ്സം കാരണം അദ്ദേഹത്തിന് സ്റ്റേജില്‍ പ്രത്യക്ഷപ്പെടാന്‍ കഴിഞ്ഞില്ല, കാറില്‍ തന്നെ ഇരുന്നു.
2022 ജനുവരിയില്‍, ഇന്ത്യയിലെ മൂന്നാമത്തെ ഏറ്റവും ഉയര്‍ന്ന സിവിലിയന്‍ ബഹുമതിയായ പത്മഭൂഷണ്‍ നല്കി ഭട്ടാചാര്യയെ കേന്ദ്ര സര്‍ക്കാര്‍ ആദരിച്ചു. എന്നാല്‍, പുരസ്കാരം അദ്ദേഹം നിരസിച്ചു. ഇന്ന് തിരിഞ്ഞുനോക്കുമ്പോള്‍ എന്തായിരുന്നു ബുദ്ധദേവ് ചെയ്ത തെറ്റ് എന്ന് തോന്നിപ്പോവുന്നു. സിപിഎം കാലങ്ങളായി ഭരിച്ച്, ഒരു സ്റ്റേറ്റിനെ മൊത്തമായി രാഷ്ട്രീയവത്ക്കരിച്ച് വെച്ചതിന്റെ മൊത്തം പ്രശ്നങ്ങളും നേരിട്ടത് ബുദ്ധദേവ് ആയിരുന്നു. അയാളുടെ വ്യവസായവത്ക്കരണ നയങ്ങള്‍ ശരിയായിരുന്നു. ബംഗാളികള്‍ ഓടിച്ച ടാറ്റയെ ഗുജറാത്തിലേക്ക് മോദി കൊണ്ടുപോയത് ഓര്‍മ്മവേണം.
വ്യക്തിപരമായി ഒരു പൈസയുടെ അഴിമതിയും അദ്ദേഹം നടത്തിയില്ല. എന്നാല്‍ ജോ്യതിബസുവിന്റെ മകന് ചന്ദന്‍ ബസു, ഇന്ന് വീണാ വിജയന് വളര്ന്നപോലെ, ഭരണത്തണലിലാണ് വലിയ വ്യവസായിയായി പന്തലിച്ചത്. മീര ഭട്ടാചാര്യയെയാണ് ബുദ്ധദേവ് വിവാഹം കഴിച്ചു; അവര്‍ക്ക് സുചേതന്‍ ഭട്ടാചാരി എന്നൊരു മകനുണ്ട്. അവന് അച്ഛനെ ഇത്തിള്‍ക്കണ്ണിയായി ജീവിക്കാതെ, സ്വന്തമായി തൊഴിലെടുത്ത് ജീവിക്കയാണ്. ബുദ്ധദേവിന് എന്തെങ്കിലും കുഴപ്പം ഉണ്ടായിരുന്നെങ്കില്‍ അത് അയാളുടെ പാര്‍ട്ടിയുടേതും കുടിയാണ്. എന്തൊക്കെപ്പറഞ്ഞാലും, അഴിമതിരഹിതനായ, വിശാലമായ കാഴ്ചപ്പാടുകളുള്ള ഒരു നേതാവാണ് വിടപറയുന്നത്.
വാല്‍ക്കഷ്ണം: ബുദ്ധദേവ് വളര്‍ത്തിയതില്‍ നിന്ന് ഒരിഞ്ച് എങ്കിലും ആ സംസ്ഥാനത്തെ വളര്‍ത്താന്‍, മമതാ ബാനര്ജിക്കായോ? മമതയുടെ 13 വര്‍ഷത്തെ ഭരണത്തില്‍ ബംഗാള്‍ തൃണമൂലിന്റെ ഒരു ഗുണ്ടാ സ്റ്റേറ്റായി മാറുകയാണ് ഉണ്ടായത്. ഓരോ തിരഞ്ഞെടുപ്പുകാലത്തും, നൂറുകണക്കിന് ആളുകള്‍ ബംഗാളില്‍ കൊല്ലപ്പെടുന്നു. അഴിമതി സിപിഎം ഭരണത്തിന്റെ ഇരട്ടിയായി. ഇപ്പോഴും പൊറാട്ടയടിക്കാാനായി ബംഗാളികള്‍ കേരളത്തിലേക്ക് ഒഴുകിക്കൊണ്ടിരിക്കുന്നു!