സ്വതന്ത്ര ഇന്ത്യ കണ്ട ഏറ്റവും വലിയ മെഗാ ലയനം! കേരളത്തില്‍ സിനിമാ പീഡനങ്ങള്‍ക്കുപിറകേ മാധ്യമങ്ങള്‍ ഓടുമ്പോള്‍, ഇന്ത്യയിലെ ബിസിനസ് ലോകത്തിലെ ഏറ്റവും വലിയ ചില സംഭവങ്ങള്‍ക്ക് വേണ്ടത്ര ശ്രദ്ധകിട്ടാതെപോയി. അതാണ് ഡിസ്‌നി ഹോട്ട്സ്റ്റാറും, മുകേഷ് അംബാനിയുടെ റിലയന്‍സും തമ്മിലുള്ള ലയനം. കോംപറ്റീഷന്‍ കമ്മീഷന്‍ ഓഫ് ഇന്ത്യയുടെ (സിസിഐ) അനുമതി ലഭിച്ചതോടെ ലയനം പൂര്‍ണതയിലേക്ക് നീങ്ങുകയാണ്. ഈ വര്‍ഷം അവസാനമോ 2025 ആദ്യമോ ലയന നടപടികള്‍ പൂര്‍ത്തിയാകും. ഇതോടെ ഡിസ്‌നി ഹോട്ട്സ്റ്റാര്‍ എന്ന ഒ.ടി.ടി പ്ലാറ്റ്‌ഫോം ഇന്ത്യന്‍ വിനോദ രംഗത്ത് നിന്ന് അപ്രത്യക്ഷമാകുമെന്ന് ഇക്കണോമിക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

റിലയന്‍സ് ഇന്‍ഡസ്ട്രീസ് ഉപസ്ഥാപനവും, മീഡിയ വിഭാഗവുമായ വയാകോം18, മറ്റൊരു ഉപസ്ഥാപനമായ ഡിജിറ്റല്‍18 മീഡിയ, ഡിസ്നിയുടെ കീഴിലെ സ്റ്റാര്‍ ഇന്ത്യ, സ്റ്റാര്‍ ടിവി എന്നിവ ഉള്‍പ്പെടുന്നതാണ് മെഗാ ലയനം. 2024 ഫെബ്രുവരിയിലാണ് വയാകോം 18, സ്റ്റാര്‍ ഇന്ത്യ എന്നിവ തമ്മില്‍ ലയിക്കുമെന്ന പ്രഖ്യാപനമുണ്ടായത്. ഇന്ത്യയിലെ ഏറ്റവും വലിയ ടിവി, ഡിജിറ്റല്‍ കോണ്ടന്റ് സ്ഥാപനമാണ് അതുവഴി പിറക്കുക. 70,350 കോടി രൂപയായിരിക്കും (850 കോടി ഡോളര്‍) ലയിച്ചുണ്ടാകുന്ന കമ്പനിയുടെ മൂല്യം. കമ്പനിയുടെ വികസന പദ്ധതികള്‍ക്കായി റിലയന്‍സ് ഇന്‍ഡസ്ട്രീസ് 11,500 കോടി രൂപ (140 കോടി ഡോളര്‍) നിക്ഷേപിക്കുകയും ചെയ്യും.

സോണി ലിവ്, നെറ്റ്ഫ്ലിക്സ്, ആമസോണ്‍ പ്രൈം എന്നിവയ്ക്ക് വന്‍ വെല്ലുവിളി ഉയര്‍ത്തുന്നതാണ് റിലയന്‍സ്-ഡിസ്നി ഇന്ത്യ ലയനം. കളേഴ്സ്, സ്റ്റാര്‍ പ്ലസ് എന്നിവയടക്കം 120 ഓളം ചാനലുകളും, ജിയോ സിനിമ, ഡിസ്നി ഹോട്ട്സ്റ്റാര്‍ എന്നീ ഒടിടി പ്ലാറ്റ്ഫോമുകളും പുതിയ കമ്പനിക്ക് കീഴിലുണ്ടാകും. ഇന്ത്യയിലും വിദേശത്തുമായി 75 കോടിയിലധികം ഉപയോക്താക്കളുമാണ് കമ്പനിക്ക് സ്വന്തമാകുക. ഈ ലയനം സിനിമാമേഖലയിടക്കം വലിയ ആശങ്കകള്‍ ഉയര്‍ത്തുന്നുണ്ട്. റിലയന്‍സിന്റെ കുത്തകവത്ക്കരണത്തിന് ഇത് ഇടയാക്കുമെന്നാണ് വ്യാപക ആശങ്ക.

ഇനി റിലയന്‍സിന്റെ കുത്തകയോ?

ഈ ലയനത്തിലൂടെ ഇന്ത്യന്‍ ഒടിടി മേഖല റിലയന്‍സിന്റെ കുത്തകയായിരിക്കുമെന്ന ആശങ്കയില്‍ വലിയ ചര്‍ച്ചയാണ് ബിസിനസ് മാധ്യമങ്ങളിലും, സാമൂഹിക മാധ്യമങ്ങളിലുമൊക്കെ നടന്നത്. ഇത് സിസിഐയും പരിശോധിച്ചിരുന്നു. ഹോട്ട്സ്റ്റാറിന്റെ കൈവശമുള്ള വിപുലമായ ഉള്ളടക്കങ്ങളും, ക്രിക്കറ്റ് ഉള്‍പ്പെടെ മുന്‍നിര കായിക മാമാങ്കങ്ങളുടെ സംപ്രേഷണാവകാശവും ഇനി റിലയന്‍സിന്റെ കൈയിലാകും. 2024 മുതല്‍ 2027 വരെയുള്ള ഐസിസി ഇവന്റുകളുടെ എക്സ്‌ക്ലൂസീവ് ഡിജിറ്റല്‍- ടിവി അവകാശങ്ങളും, 2023 മുതല്‍ 2028 വരെയുള്ള ഐപിഎല്‍ സംപ്രേക്ഷണാവകാശവും ഡിസ്നി ഹോട്ട് സ്റ്റാര്‍ നേടിയിട്ടുണ്ട്. അതേസമയം ഐപിഎല്‍ സ്ട്രീമിംഗ് അവകാശം ജിയോയ്ക്കാണ്. അതായത് ഇപ്പോള്‍ രണ്ടുടീമും ഒന്നിച്ചതോടെ ക്രിക്കറ്റ് സംപ്രേഷണവകാശം പൂര്‍ണണമായും കൈയിലാവും. കോടികളുടെ വരുമാനമാണ് ഓരോ ക്രിക്കറ്റ് മത്സരത്തിലുടെയും ഉണ്ടാവുന്നത് എന്നോര്‍ക്കണം.

പരസ്യ നിരക്കും സബ്‌സ്‌ക്രിപ്ഷന്‍ പ്ലാനും അടക്കമുള്ള കാര്യങ്ങള്‍ റിലയന്‍സ് ഏകപക്ഷീയമായി തീരുമാനിച്ചേക്കുമെന്ന ഭയം കോംപറ്റീഷന്‍ കമ്മീഷന്‍ ഓഫ് ഇന്ത്യയ്ക്കുണ്ടായിരുന്നു. അവര്‍ ലയനത്തിനെതിരേ രംഗത്തു വരാന്‍ കാരണവും ഇതായിരുന്നു. ഇതിന്റെ പേരില്‍ വലിയ വാദപ്രതിവാദങ്ങള്‍ സിസിഐയില്‍ ഉണ്ടായി. ലയനം, ഇന്ത്യന്‍ വിപണികളില്‍ കുത്തക സൃഷ്ടിച്ചേക്കുമെന്നു ആശങ്ക കേന്ദ്ര സര്‍ക്കാറിനും ഉണ്ടായിരുന്നു. ഇതോടെ, രണ്ടു വര്‍ഷത്തേയ്ക്ക് പരസ്യ നിരക്കുകള്‍ അടക്കമുള്ളവ ഭേദഗതി ചെയ്യില്ലെന്ന് അംബാനി വ്യക്തമാക്കിയിരുന്നു. ഇതോണ് ലയനത്തിന് അംഗീകാരം നല്‍കാന്‍ സിസിഐയെ പ്രേരിപ്പിച്ച പ്രധാനഘടകമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. ( തന്നെ വിലക്കിയതിന്റെ പേരില്‍ സംവിധായകന്‍ വിനയന്‍, സമീപിച്ചത് ഇതേ കോംപറ്റീഷന്‍ കമ്മീഷന്‍ ഓഫ് ഇന്ത്യയെയാണ്. ലക്ഷങ്ങളുടെ പിഴയാണ് കമ്മീഷന്‍ ഈ കേസില്‍ നമ്മുടെ സൂപ്പര്‍താരങ്ങള്‍ക്കടക്കം വിധിച്ചിരിക്കുന്നത്)

പക്ഷേ, ഈ കുത്തകവത്ക്കരണം പരിഹരിക്കാന്‍ മുന്നോട്ടുവച്ച നിര്‍ദേശങ്ങള്‍ക്ക് അനുസൃതമായാണ് ലയനത്തിന് അനുമതി നല്‍കുന്നതെന്ന് സിസിഐ വക്താക്കള്‍ എക്സില്‍ വ്യക്തമാക്കി. റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡ്, വയാകോം 18 മീഡിയ പ്രൈവറ്റ് ലിമിറ്റഡ്, ഡിജിറ്റല്‍ 18 മീഡിയ ലിമിറ്റഡ്, സ്റ്റാര്‍ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ്, സ്റ്റാര്‍ ടെലിവിഷന്‍ പ്രൊഡക്ഷന്‍സ് ലിമിറ്റഡ് എന്നിവ ഉള്‍പ്പെടുന്ന നിര്‍ദ്ദിഷ്ട കോമ്പിനേഷന്‍, സ്വമേധയാ വരുത്തിയ പരിഷ്‌ക്കരണങ്ങള്‍ക്ക് അംഗീകരിച്ചതായി റെഗുലേറ്റര്‍ പറഞ്ഞു. അതേസമയം ഇരു കക്ഷികളും സ്വമേധയാ വരുത്തിയ മാറ്റങ്ങള്‍ എന്തൊക്കെയെന്ന് സിസിഐ വ്യക്തമാക്കിയിട്ടില്ല.

കോംപറ്റീഷന്‍ കമ്മിഷന്‍ ഓഫ് ഇന്ത്യയും ഇവിടെ ഒത്തുകളിക്കയാണെന്നും കാര്യങ്ങള്‍ക്ക് വ്യക്തതപോരെന്നും ആരോപണമുണ്ട്. ക്രിക്കറ്റ് ബ്രോഡ്കാസ്റ്റിംഗ് സ്‌പേസില്‍ കുത്തകവത്ക്കരണത്തിന് ലയനം വഴിവയ്ക്കുമെന്ന് ഇപ്പോഴും ഭയമുണ്ടെന്ന് സിസിഐ മുന്‍ ചെയര്‍പേഴ്സണ്‍ ധര്‍മേന്ദ്ര കുമാര്‍ ഇക്കണോമിക്ക് ടൈംസിനോട് പറഞ്ഞു. കമ്പനികള്‍ വരുത്തിയ ഭേദഗതികള്‍ വ്യക്തത പോരെന്നും ധര്‍മ്മേന്ദ്രകുമാര്‍ വിമര്‍ശിച്ചു.

മലയാള സിനിമകള്‍ക്ക് തിരിച്ചടി?

അതേമസമയം റിലയന്‍സിന്റെ ഈ ആധിപത്യം മലയാള സിനിമക്ക് വലിയ തിരിച്ചടിയാവുമെന്ന് പൊതുവേ ആശങ്കയുണ്ട്. കാരണം, പ്രാദേശിക ഭാഷകളില്‍ വലിയ നിക്ഷേപം നടത്തിയിരുന്ന പ്ലാറ്റ്‌ഫോം ആയിരുന്നു ഡിസ്‌നി ഹോട്ട്സ്റ്റാര്‍. ജിയോ സിനിമ ആകട്ടെ ഹിന്ദി കണ്ടന്റുകള്‍ക്കായിരുന്നു പ്രാധാന്യം നല്‍കിയിരുന്നത്. ജിയോ സിനിമയുടെ എതിരാളികളായിരുന്ന ഹോട്ട്സ്റ്റാര്‍ ലയിച്ച് ഇല്ലാതാകുന്നതോടെ പ്രാദേശിക ഭാഷ കണ്ടന്റുകള്‍ക്ക് പഴയ പ്രാധാന്യം കിട്ടില്ലെന്ന ആശങ്ക ശക്തമാണ്. സോണി ലിവ്, ആമസോണ്‍ പ്രൈം, നെറ്റ്ഫ്‌ളിക്‌സ് തുടങ്ങിയ കമ്പനികളുമായിട്ടാകും ഇനി ഡിസ്‌നി-റിലയന്‍സിന്റെ മല്‍സരം. ഡിസ്‌നിയുടെ കോണ്ടന്റുകള്‍ കൂടി ലഭിക്കുന്നതോടെ എതിരാളികളെ ബഹുദൂരം പിന്നിലാക്കാന്‍ റിലയന്‍സിന് സാധിക്കും. മലയാളത്തില്‍ മാത്രം 100ലധികം സിനിമകളുടെ അവകാശം ഹോട്ട്സ്റ്റാറിനുണ്ട്.

നിലവില്‍ ഒടിടി പ്ലാറ്റ്ഫോമുകള്‍ മലയാള സിനിമയോട് അകലം പാലിക്കുന്ന സമയമാണിത്. 2024-ല്‍ മലയാള സിനിമ പിടിച്ചുനിന്നത് തീയേറ്റര്‍ വരുമാനം കൊണ്ടാണ്. തീയേറ്ററില്‍ വിജയിക്കാത്ത സിനിമകളെ തങ്ങള്‍ക്കും വേണ്ട എന്നാണ് ഒടിടിക്കാരുടെ ഇപ്പോള്‍ തന്നെയുള്ള നിലപാട്. ഒടിടിയില്‍ പ്രദര്‍ശിപ്പിച്ച മലയാളസിനിമകളില്‍ ഭൂരിഭാഗവും തിരിച്ചുപിടിച്ചത് മുടക്കിയ പണത്തിന്റെ 5 ശതമാനം മാത്രമാന്നാണ് പറയുന്നത്. പുതിയ വരിക്കാര്‍, കൂടുതല്‍ തവണ കാണുന്നവരുടെ എണ്ണം എന്നിങ്ങനെ പല ഘടകങ്ങളാണ് ഒടിടിയിലെ വിജയം നിര്‍ണയിക്കുന്നത്. ഇതിലെല്ലാം ഭൂരിഭാഗം മലയാളസിനിമകളും പ്രതീകഷക്ക് ഒത്ത് ഉയര്‍ന്നില്ല. ഭൂരിഭാഗം കൈകളിലും സ്മാര്‍ട് ഫോണ്‍ ഉള്ളതിനാല്‍ ജനസംഖ്യയുടെ കൂടി അടിസ്ഥാനത്തിലാണ് ഒടിടി മാര്‍ക്കറ്റിന്റെ വലുപ്പം തീരുമാനിക്കുന്നത്. തമിഴ്നാട്ടിലെ ജനസംഖ്യ 8 കോടിയും കര്‍ണാടകയില്‍ 6.7 കോടിയും ആന്ധ്രയില്‍ 5 കോടിയുമാണെങ്കില്‍ കേരളത്തിലിത് 3.5 കോടിയാണ്. രാജ്യത്തെ ഏറ്റവും ചെറിയ മാര്‍ക്കറ്റുകളിലൊന്നാണു കേരളമെന്നു ചുരുക്കം.

ലോകത്ത് എല്ലായിടത്തും കേരളീയരുണ്ടെന്നു പറയാമെങ്കിലും കണക്കു മുന്നില്‍വച്ചു കച്ചവടം നടത്തുമ്പോള്‍ മലയാളി പിറകിലാണ്. ഒടിടിയില്‍ സിനിമ കാണുന്നവരുടെ എണ്ണത്തില്‍ ഏറ്റവും പിറകിലുള്ള ഗ്രൂപ്പുകളിലൊന്ന് മലയാളികളാണ്. ഹിറ്റ് തമിഴ് സിനിമ ഒടിടിയില്‍ ഒരുദിവസം കാണുന്നവരുടെ എണ്ണവും വന്‍ ഹിറ്റായ മലയാള സിനിമ 20 ദിവസംകൊണ്ടു കാണുന്നവരുടെ എണ്ണവും ഏകദേശം തുല്യമാണെന്നു ബിസിനസ് വിദഗ്ധര്‍ പറയുന്നു.

25 കോടി രൂപ മുതല്‍മുടക്കുള്ള മലയാളസിനിമയ്ക്ക് 2024 ജനുവരി അവസാനംവരെ റിലീസിനു മുന്‍പ് ഒടിടിയില്‍നിന്നും ചാനലില്‍നിന്നുമായി കിട്ടിയിരുന്നത് 25-30 കോടി രൂപയാണ്. അതായത് നിര്‍മാണച്ചെലവു പൂര്‍ണമായി ഒടിടിയില്‍നിന്നു കിട്ടിയ കാലം. ഇപ്പോള്‍ 25 കോടി മുടക്കുള്ള സിനിമ തിയറ്ററില്‍ റിലീസ് ചെയ്ത ശേഷം മാത്രമേ ഒടിടിക്കാര്‍ എടുക്കൂ. തിയറ്ററില്‍ സിനിമ തകര്‍ന്നാല്‍ അവര്‍ പിന്മാറുകയും ചെയ്യും. സൂപ്പര്‍ ഹിറ്റ് മലയാളസിനിമയ്ക്ക് ഇപ്പോള്‍ നല്‍കുന്നത് 5 -8 കോടി രൂപയാണ്. തിയറ്ററില്‍ 150 കോടിയിലേറെ കലക്ഷനുണ്ടാക്കിയ സിനിമയ്ക്കുപോലും 14 കോടിയാണു വില പറയുന്നത്. മാത്രമല്ല, പ്രമുഖ ഒടിടി കമ്പനികളില്‍ പലതും അവര്‍ ഓഫര്‍ ചെയ്യുന്ന തുക മറ്റു കമ്പനികളുമായി അനൗദ്യോഗികമായി പങ്കിടുകയും ചെയ്യുന്നു. ആരോഗ്യകരമല്ലാത്ത മത്സരം ഒഴിവാക്കാനാണിത്. അത്തരം മത്സരം ഒടിടി മാര്‍ക്കറ്റിനെയാകെ തകര്‍ക്കുമെന്ന് അവര്‍ തിരിച്ചറിഞ്ഞിരിക്കുന്നു.

ഇങ്ങനെ സ്വതവേ മലയാള സിനിമ പിറകോട്ട് അടിച്ചു നില്‍ക്കുന്ന ഒടിടി വ്യവസായത്തിലാണ് ഇപ്പോള്‍ അംബാനിയുടെ കുത്തക രുപം കൊള്ളുന്നത്. അവിടെ മല്ലുവുഡിന്റെ അവസ്ഥ ഒന്നുകൂടി ദയനീയമാവുമെന്നാണ് പലരും പറയുന്നത്. എന്നാല്‍ ഉള്ളടക്കമാണ് രാജാവ് എന്നും, നല്ല കോണ്ടന്റുള്ള സിനിമകളെ ഒരു അംബാനിക്കും തള്ളിക്കളയാന്‍ ആവില്ല എന്ന് വിശ്വസിക്കുന്നവരും ധാരാളമുണ്ട്. മാത്രമല്ല, സോണി, നെറ്റ്ഫ്‌ലിക്‌സ്, ആമസോണ്‍ എന്നിങ്ങനെ മറ്റ് പ്ലാറ്റ്ഫോമുകള്‍ റിലന്‍സിന്റെ എതിരാളികളായി ഉണ്ട്. ഉള്ളടക്കം നല്ലതാണെങ്കില്‍ നിങ്ങള്‍ക്ക് ഇവരുമായും വിലപേശാം. പക്ഷേ ഒരുകാര്യം ഉറപ്പാണ്, മോശം സിനിമയെ പി ആര്‍ വര്‍ക്കിന്റെ അടിസ്ഥാനത്തില്‍ പൊക്കിക്കൊണ്ടുവന്ന്, ഒടിടിക്കാരുടെ കാശടിക്കുന്ന പരിപാടി ഇനി നടക്കില്ല!

താരമായി നിതാ അംബാനി

റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ 47-ാം വാര്‍ഷിക പൊതുയോഗം നടക്കാനിരിക്കേയാണ് സിസിഐയുടെ അനുമതിയെന്നത് ശ്രദ്ധേയമാണ്. റിലയന്‍സ് റീറ്റെയ്ല്‍, ജിയോ തുടങ്ങിയുടെ പ്രാരംഭ ഓഹരി വില്‍പന (ഐപിഒ) ഉള്‍പ്പെടെ ശ്രദ്ധേയ പ്രഖ്യാപനങ്ങള്‍ ഈ യോഗത്തില്‍ ചെയര്‍മാന്‍ മുകേഷ് അംബാനി പ്രഖ്യാപിച്ചേക്കുമെന്നാണ് പ്രതീക്ഷകള്‍. ഇതോടെ അംബാനിയുടെ ഓഹരിവിലകള്‍ ഉയരാനും ഇടയുണ്ട്. റിലയന്‍സ്-ഡിസ്നി ലയനശേഷം കമ്പനിയുടെ ഡയറക്ടര്‍ ബോര്‍ഡില്‍ 10 പേരുണ്ടാകും. റിലയന്‍സില്‍ നിന്ന് അഞ്ചും ഡിസ്നിയില്‍ നിന്ന് മൂന്നും പേര്‍ ബോര്‍ഡിലെത്തും. രണ്ടുപേര്‍ സ്വതന്ത്ര ഡയറക്ടര്‍മാരായിരിക്കും. 2024-ന്റെ അവസാനപാദത്തിലോ 2025-ന്റെ ആദ്യപാദത്തിലോ ലയനം പൂര്‍ണമാകും.

ലയനശേഷം ഡയറക്ടര്‍ ബോര്‍ഡില്‍ 10 പേരാകും ഉണ്ടാകുക. ഇതില്‍ അഞ്ചുപേര്‍ റിലയന്‍സില്‍ നിന്നും ഡിസ്‌നിയില്‍ നിന്ന് മൂന്ന് പ്രതിനിധികളുമാകും വരിക. രണ്ടുപേര്‍ സ്വതന്ത്ര ഡയറക്ടര്‍മാരാകും. വാള്‍ട്ട് ഡിസ്നിയില്‍ നിന്നുള്ള ഉദയ് ശങ്കര്‍ വൈസ് ചെയര്‍മാനാകും. കമ്പനിയില്‍ 16.34% ഓഹരികളാകും റിലയന്‍സിനുണ്ടാകുക. 46.82% വയാകോം18ന് ആയിരിക്കും. 36.84% ഓഹരികള്‍ ഡിസ്നിയും കൈവശം വയ്ക്കും.റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്‍മാന്‍ മുകേഷ് അംബാനിയുടെ പത്നിയും റിലയന്‍സ് ഫൗണ്ടേഷന്‍ മേധാവിയുമായ നിത അംബാനിയായിരിക്കും ലയിച്ചുണ്ടാകുന്ന മാധ്യമക്കമ്പനിയുടെ ചെയര്‍പേഴ്സണ്‍.

ഇതോടെ നിത അംബാനിക്കും വീണ്ടും താരപദവി കൈവന്നിരിക്കയാണ്. നേരത്തെ ഐപിഎല്‍ ക്രിക്കറ്റിലും, അംബാനി ഫൗണ്ടേഷന്‍ അടക്കമുള്ള സാമൂഹിക പ്രവര്‍ത്തനങ്ങളിലുമാണ് നിത അംബാനി സജീവമായിരുന്നത്. ഐപിഎല്‍ മത്സരങ്ങളില്‍ റിലയന്‍സ് സ്‌പോണസര്‍ ചെയ്യുന്ന ടീം വിജയം നേടുമ്പോള്‍ കളിക്കാരെ വിട്ട് ക്യാമറ ഫോക്കസ് ചെയ്തിരുന്നത് സിനിമാ നടിമാരെ തോല്‍പ്പിക്കുന്ന ആകാരവടിവുകളുള്ള നിതാ അംബാനിയിലേക്ക് ആയിരുന്നു. കോടികളുടെ സ്വത്തുമായി ജീവിതം ക്രിക്കറ്റും സിനിമയുമായി അടിച്ചുപൊളിച്ച് ആഘോഷിക്കുന്ന വ്യക്തിയാണ് അവര്‍ എന്നാണ് നമുക്ക് ഒറ്റനോട്ടത്തില്‍ തോന്നുക. ( നമ്മുടെ പതിവ് മാര്‍ക്‌സിസ്റ്റ് പദാവലികള്‍ ഉപയോഗിച്ചാല്‍ ഒരു കുത്തക ബൂര്‍ഷ്വാ നിയോലിബറല്‍ ചൂഷകയെന്നോക്കെ വിശേഷിപ്പിക്കാം! ) പക്ഷേ യാര്‍ഥാര്‍ത്ഥ്യം അതൊന്നുമല്ല. ഇന്ന് ഇന്ത്യയില്‍ എറ്റവും കൂടുതല്‍ ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന വ്യക്തികളുടെ ലിസ്റ്റ് എടുത്താല്‍ ആദ്യ പത്തില്‍ വരുന്നത് നിതാ അംബാനി ആയിരിക്കും.

റിലയന്‍സ് ഗ്രൂപ്പിന്റെ മാനുഷിക മുഖമാണ് നിത. അംബാനിയെ സാമൂഹിക സേവന മേഖലകളിലേക്ക് തിരിച്ചുവിട്ടത് അവര്‍ ആയിരുന്നു. 2010- ല്‍ ധീരുബായി അംബാനി ഫൗണ്ടേഷന്‍ സ്ഥാപിച്ചു കൊണ്ടാണ് നിത അംബാനി ശക്തമായി രംഗത്തെത്തുന്നത്. റിലയന്‍സിന്റെ സി.എസ് ആര്‍ ഫണ്ട് ഫലപ്രദമായി കൈകാര്യം ചെയ്യണമെന്ന ലക്ഷ്യവുമായാണ് ഇതിന്റെ തുടക്കം. അത് ശതകോടികളുടെ സാമൂഹിക പ്രവര്‍ത്തനമായി മാറി.

ബഹുഭൂരിപക്ഷവും ദരിദ്രര്‍ ജീവിക്കുന്ന ഇന്ത്യയില്‍ കോവിഡ് 19 അടച്ചുപൂട്ടല്‍ എങ്ങനെ ബാധിക്കുമെന്ന് ലോകത്തിലെ തന്നെ ഏറ്റവും വലിയ ജീവകാരുണ്യ സ്ഥാപനങ്ങളില്‍ ഒന്നായ റിലയന്‍സ് ഫൗണ്ടേഷന്റെ ഉപജ്ഞാതാവും സാരഥിയുമായ നിതയ്ക്ക് അറിയാമായിരുന്നു. മുംബൈ കോര്‍പറേഷനുമായി സഹകരിച്ച് സൗജന്യ ചികില്‍സക്കായി ഇന്ത്യയിലെ ആദ്യത്തെ കോവിഡ് സ്‌പെഷല്‍റ്റി ഹോസ്പിറ്റല്‍ സ്ഥാപിക്കുകയാണ് ആദ്യം തന്നെ അവര്‍ ചെയ്തത്. ആദ്യം 250 ബെഡ് പിന്നീടത് 2000 ബെഡ്ഡാക്കി ഉയര്‍ത്തി.
പ്രതിദിനം 15000 കോവിഡ് ടെസ്റ്റുകള്‍ ചെയ്യാന്‍ പറ്റുന്ന ലാബും സ്ഥാപിച്ചു. റിലയന്‍സിന്റെ ജം നഗര്‍ കോംപ്ലക്‌സിനെ ഒരു ലക്ഷം പിപിഇ കിറ്റുകളും മാസ്‌ക്കുകളും മെഡിക്കല്‍ ഗ്രേഡ് ഓക്‌സിജനും ഉല്‍പാദിപ്പിക്കാനുള്ള കേന്ദ്രമാക്കി മാറ്റി. ജിയോ ഹെല്‍ത്ത് ക്ലബ് എന്ന ഡിജിറ്റല്‍ പ്ലാറ്റ്‌ഫോം സ്ഥാപിച്ച് 25 ലക്ഷം പേര്‍ക്ക് സൗജന്യ വാക്‌സിനേഷന്‍ നല്‍കി. എട്ടര കോടി പേര്‍ക്കാണ് സൗജന്യ ഭക്ഷണമൊരുക്കിയത്. മൃഗങ്ങളെയും മറന്നില്ല അവര്‍. മൃഗ സംരക്ഷണത്തിന് 20 മൃഗ ആംബുലന്‍സുകള്‍ ഇറക്കി. ഒരുമിച്ച് നിന്നാല്‍ ഏതു വലിയ പ്രതിസന്ധിയും മറികടക്കാന്‍ പറ്റും എന്നാണ് ഇതെല്ലാം ചെയ്യുമ്പോഴും നിതയ്ക്ക് പറയാനുള്ളത്.

കോവിഡ് കാലത്ത് അംബാനി ഫൗണ്ടേഷന്‍ നടത്തിയ പ്രവര്‍ത്തനങ്ങള്‍ വ്യാപകമായി പ്രകീര്‍ത്തിക്കപ്പെട്ടു. ഫോര്‍ച്യൂണ്‍ ഇന്ത്യ ലിസ്റ്റില്‍ ഇന്ത്യയിലെ ഏറ്റവും ശക്തയായ രണ്ടാമത്തെ വനിതയായി നിത അംബാനിയെ ആണ് തെരഞ്ഞെടുത്തിരിക്കുന്നത്. കോവിഡ് സാഹചര്യങ്ങള്‍ ഇന്ത്യയിലുണ്ടാക്കാന്‍ പോകുന്ന ദൂരവ്യാപക ഫലങ്ങള്‍ അവര്‍ മുന്‍കൂട്ടി കണ്ട് നടപ്പാക്കിയ പദ്ധതികളാണ് ഇന്ത്യയിലെ ഏറ്റവും ശക്തയായ രണ്ടാമത്തെ വനിതയെന്ന പദവി അവര്‍ക്ക് ലഭിക്കാന്‍ കാരണമായത്. ഇപ്പോഴിതാ അവര്‍ അംബാനിയുടെ ബിസിനസിലും നേരിട്ട് സജീവമാവുകയാണ്.

അംബാനി സാമ്രാജ്യം വളരുമ്പോള്‍

ഈ എറ്റെടുക്കലിലൂടെ ഒരുകാര്യം ഉറപ്പായിരിക്കയാണ്. കുറേക്കൂടി ശക്തനായിരിക്കയാണ് മുകേഷ് അംബാനി. അയാളുടെ തേരോട്ടത്തെ തടയിടാന്‍ അടുത്തകാലത്തൊന്നും ആര്‍ക്കും കഴിയില്ല. കുടുംബത്തില്‍നിന്നുള്ള ഉറച്ച പിന്തണുകൂടിയാണ് മുകേഷിനെ ഇത്രമേല്‍ കരുത്തനാക്കുന്നത്. അദ്ദേഹത്തിന്റെ ഭാര്യയും മക്കളുമെല്ലാം ഒരുഅച്ചില്‍ വാര്‍ത്തവരെപ്പോലെ, അഭിപ്രായ ഭിന്നതകള്‍ ഇല്ലാതെയാണ് പ്രവര്‍ത്തിക്കുന്നത്.

റിലയന്‍സ് സാമ്രാജ്യത്തിലെ ഏറ്റവും വലിയ കരുത്തായാണ് അംബാനിയുടെ ഭാര്യ നിതയെ വിലയിരുത്തപ്പെടുന്നത്. ഷഷ്ടിപൂര്‍ത്തിയോടു അടുക്കുമ്പോഴും മുപ്പതിന്റെ ചുറുചുറുക്കോടും പ്രസരിപ്പോടും കൂടി തന്റെ സ്വപ്നങ്ങളുടെ ചിറകിലേറി അവര്‍ യാത്ര തുടരുകയാണ്. മക്കള്‍ക്ക് ഒരിക്കലും അമ്മയെ മിസ് ചെയ്യുന്നില്ല, ഭര്‍ത്താവിന് ഭാര്യയെയും മിസ് ചെയ്യില്ല, സഹപ്രവര്‍ത്തകര്‍ക്കോ നല്ല ഒരു ബോസും. ഏത് ആശയം കൊണ്ടുവന്നാലും ഭര്‍ത്താവ് നല്‍കുന്ന ശക്തമായ പിന്തുണയാണ് തന്റെ ശക്തിയെന്ന് തുറന്നു പറയാന്‍ നിതയ്ക്ക് മടിയില്ല.

ധീരുഭായി അംബാനി സാമ്രാജ്യത്തിന് പില്‍ക്കാലത്ത് പ്രശ്നമുണ്ടാക്കിയത്, മുകേഷിന്റെ അനിയന്‍ അനില്‍ അംബാനിയുടെ പാപ്പരാവല്‍ ആയിരുന്നു. പക്ഷേ അനിലിന്റെ കടങ്ങള്‍ വീട്ടി, ചേട്ടന്‍ മുകേഷ് അംബാനിയാണ് അദ്ദേഹത്തെ തിരിച്ചുകൊണ്ടുവന്നത്. ഇതിനും പ്രധാന പങ്കുവഹിച്ചത് നിതാം അംബാനിയായിരുന്നു.റിലയന്‍സ് മാധ്യമ സാമ്രാജ്യത്തിന്റെ തലപ്പത്ത് നിത അംബാനി വരുന്നത് താല്‍ക്കാലികമാണെന്നും, ഭാവിയില്‍ ഈ പദവിയിലേക്ക് വരിക, മകള്‍ ഇഷാ അംബാനിയാണെന്നും ബിസിനസ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്.

ഏഷ്യയിലെ ഏറ്റവും വലിയ ധനികനായ മുകേഷ് അംബാനി, 2023 ആഗസ്റ്റിലാണ് മക്കളായ ഇഷ, ആകാശ്, അനന്ത് എന്നിവരെ റിലയന്‍സ് കമ്പനിയുടെ ഡയറക്ടര്‍ ബോര്‍ഡില്‍ ഉള്‍പ്പെടുത്തിയത്. 2022-ല്‍ മുകേഷ് അംബാനി മൂത്ത മകന്‍ ആകാശ് അംബാനിയെ ഇന്ത്യയിലെ ഏറ്റവും വലിയ മൊബൈല്‍ സ്ഥാപനമായ റിലയന്‍സ് ജിയോ ഇന്‍ഫോകോം ലിമിറ്റഡിന്റെ ചെയര്‍മാനാക്കിയിരുന്നു. ജിയോ ഇന്‍ഫോകോം, ജിയോ പ്ലാറ്റ്ഫോമുകളുടെ ഉപസ്ഥാപനമാണ്. അതില്‍ മെറ്റയ്ക്കും ഗൂഗിളിനും ഓഹരികളുണ്ട്. കമ്പനിയുടെ അധ്യക്ഷ പദവി വഹിക്കുന്നത് ഇപ്പോഴും മുകേഷാണ്. റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡാണ് ജിയോ പ്ലാറ്റ്ഫോമുകളുടെ മാതൃസ്ഥാപനം.

ആകാശിന്റെ ഇരട്ട സഹോദരി ഇഷ റിലയന്‍സിന്റെ റീട്ടെയില്‍ വിഭാഗത്തിലും ഇളയ സഹോദരന്‍ അനന്ത് ന്യൂ എനര്‍ജി ബിസിനസിലുമാണ് ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നു.ഓപ്പറേറ്റിംഗ് കമ്പനികളുടെ ബോര്‍ഡില്‍ സഹോദരങ്ങള്‍ ഉണ്ടായിരുന്നെങ്കിലും ആദ്യമായാണ് മാതൃ സ്ഥാപനത്തിന്റെ ബോര്‍ഡില്‍ അവരെ നിയമിക്കുന്നത്.മുകേഷ് അംബാനിക്ക് 2029 ഏപ്രില്‍ വരെ അഞ്ച് വര്‍ഷത്തെ കാലാവധി കൂടി റിലയന്‍സ് നല്‍കിയിരുന്നു. ഭാര്യ നിത കമ്പനി ബോര്‍ഡില്‍ ഡയറക്ടറായിരുന്നുവെങ്കിലും മക്കള്‍ക്ക് വഴിയൊരുക്കുന്നതിനായി അവര്‍ രാജിവച്ചിരുന്നു.

മുകേഷ് തന്റെ സ്ഥാപനങ്ങളുടെ നടത്തിപ്പ് മക്കള്‍ക്ക് തുല്യമായാണ് വീതിച്ചു നല്‍കുന്നതെങ്കിലും, മുകേഷ് അംബാനിയുടെ യഥാര്‍ത്ഥ പിന്‍ഗാമിയായി വരുക മകള്‍ ഇഷ അംബാനിയാണെന്നാണ് ചില മാധ്യമങ്ങള്‍ പറയുന്നത്. ലയനം നടന്ന റിലയന്‍സ്- ഹോട്ട് സ്റ്റാര്‍ കമ്പനിയുടെയും, മേധാവിയായി ഭാവിയില്‍ വരുക ഇഷ തന്നെയായിരുക്കും. എന്തായാലും തന്ത്രപരമായ നിക്ഷേപങ്ങളിലുടെയും, കൃത്യമായ ഏറ്റെടുക്കലിലുടെയും മുകേഷ് അംബാനി ഗ്രൂപ്പ് വളരുന്നതിന്റെ തന്നെ കാഴ്ചയാണ് ഇപ്പോള്‍ കാണുന്നത്.

വാല്‍ക്കഷ്ണം: അംബാനിയുടെ വളര്‍ച്ചയുടെ ഏറ്റവും വലിയ കാരണമായി ബിസിസസ് സ്റ്റാന്‍ഡേര്‍ഡ് കാണുന്നത് ബുദ്ധിപരമായ ഏറ്റെടുക്കലുകളെയും, ലയനങ്ങളെയുമാണ്. ബുദ്ധിപരമല്ലാത്ത ഏറ്റെടുക്കലിന് അവര്‍ ഉദാഹരണം കൊടുക്കുന്നത് നമ്മുടെ ബൈജൂസ് ആപ്പിനെയാണ്. അനാവശ്യമായ ടേക്ക് ഓവറിലൂടെ അവര്‍ പ്രതിസന്ധിയിലായപ്പോള്‍, ബുദ്ധിപൂര്‍വമായ ഏറ്റെടുക്കലിലുടെ അംബാനി വളരുന്നു!