ജനീകാന്തിന്റെ കടുത്ത ആരാധകനായ 16 വയസ്സുള്ള ഒരു പയ്യന്‍, തലൈവരുടെ ചെന്നൈ പോയസ് ഗാര്‍ഡനിലുള്ള വീട് കാണാന്‍ കൂട്ടുകാരോടൊപ്പം ഒരിക്കല്‍ വന്നിരുന്നു. അന്ന് അവന്‍ ഞാനും വളര്‍ന്ന് ഇതുപോലെ ഒരു വീട് ഇവിടെ തന്നെ വാങ്ങുമെന്ന് പറഞ്ഞപ്പോള്‍ കൂട്ടുകാര്‍ കളിയാക്കി. പക്ഷേ ചപ്രത്തലയുള്ള, മെലിഞ്ഞ ഉണങ്ങിയ, ആ പയ്യന്‍ അതുക്കുംമേലെ പോയി. രജനീകാന്തിന്റെ വീടിനടുത്ത് വീട് വാങ്ങിക്കുക മാത്രമല്ല രജനിയുടെ മരുമകനുമായി. ഇന്ന്, തെന്നിന്ത്യയിലെ ഏറ്റവും വിലപിടിപ്പുള്ള താരമായി, ആ പഴയ സോഡാകുപ്പി കണ്ണടക്കാരനായ ആ 'ചെള്ളി' വളര്‍ന്നു കഴിഞ്ഞു. അവനാണ് വെങ്കിട്ട പ്രഭു എന്ന യഥാര്‍ഥ പേരുള്ള നടന്‍ ധനുഷ്. ഇന്ത്യന്‍ ബ്രൂസ്ലിയെന്ന് ആരാധകര്‍ വിളിക്കുന്ന അത്ഭുതതാരം!

ഇപ്പോഴിതാ ധനുഷ് നായകനാകുന്ന അമ്പതാമത് ചിത്രം 'രായനും' ഹിറ്റായിരിക്കയാണ്. ആഗോളതലത്തില്‍ ഇതുവരെ 150 കോടിയിലധികം രൂപയാണ് ചിത്രം നേടിയിരിക്കുന്നത്. ഈ വര്‍ഷം 150 കോടി ക്ലബ്ബിലെത്തുന്ന തമിഴ് ചിത്രമെന്ന ഖ്യാതി രായന് സ്വന്തം. തമിഴ്‌നാട്ടില്‍ നിന്ന് മാത്രം 75 കോടിയിലധികം രൂപ ചിത്രം നേടിക്കഴിഞ്ഞു. ധനുഷ് തന്നെയാണ് ചിത്രം സംവിധാനം ചെയ്തതും. ധനുഷിന്റെ കരിയറിലെ ആദ്യ 150 കോടി ക്ലബ് ചിത്രവും ഇതാണ്. താരത്തിന്റെ മൂന്നാം സംവിധാന സംരംഭമാണ് രായന്‍. 2017-ല്‍ പുറത്തിറങ്ങിയ പാ പാണ്ടിയാണ് ധനുഷ് സംവിധാനംചെയ്ത ആദ്യചിത്രം. ഇതോടെ നടന്‍, സംവിധായകന്‍, നിര്‍മ്മാതാവ്, ഗായകന്‍ എന്നിങ്ങനെ സിനിമയിലെ സമസ്ത മേഖലയിലും അയാള്‍ കൈവെച്ചു കഴിഞ്ഞു.

ശരിക്കും ഒരു അസാധാരണ ജീവിത കഥയാണ് ധനുഷിന്റെത്. കറുത്ത് മെല്ലിച്ച രൂപത്തിന്റെ പേരില്‍ ഒരിക്കല്‍ തന്നെ ബോഡിഷെയിം ചെയ്തവരെക്കൊണ്ടുതന്നെ അയാള്‍ കൈയടിപ്പിച്ചു. ഇന്ത്യന്‍ ബ്രൂസ്ലിയെന്ന് വിളിപ്പിച്ചു. പലരും കരുതുന്നതുപോലെ ഒരു നെപ്പോട്ടി ആക്റ്റര്‍ അല്ല ധനുഷ്. സഹസംവിധായകനായ പിതാവിന്റെ സാമ്പത്തിക പരാധീനതമുലം, പട്ടിണി ബാല്യത്തിലുടെയാണ് അയാള്‍ കടന്നുപോയത്.

രജനിയുടെ ആരാധകര്‍

രായന്‍ സിനിമയുടെ ഓഡിയോ ലോഞ്ചിന്റെ സമയത്ത് ധനുഷ് പറഞ്ഞത് താന്‍ ജീവിതത്തിലുടെ കടന്നുപോയ ചില തീക്ഷ്ണമായ വഴികളെക്കുറിച്ചാണ്. അന്തരിച്ച മുഖ്യമന്ത്രി ജയലളിതയുടെയും, നടന്‍ രജിനികാന്തിന്റെയും വീടുകള്‍ക്ക് അടുത്ത്, പോയസ് ഗാര്‍ഡനില്‍ വീടു വാങ്ങിയതിനെ കുറിച്ചുവന്ന വാര്‍ത്തകളോട് പ്രതികരിക്കയായിരുന്നു അദ്ദേഹം.-"പോയസ് ഗാര്‍ഡനിലെ വീട് ഇത്രയും വലിയ സംസാര വിഷയമാകുമായിരുന്നെങ്കില്‍ ഞാന്‍ ഒരു ചെറിയ അപ്പാര്‍ട്ട്‌മെന്റില്‍ താമസിച്ചേനെ. എന്താ എനിക്ക് പോയസ് ഗാര്‍ഡനില്‍ വാങ്ങാന്‍ പറ്റില്ലേ ? ഞാനിപ്പോള്‍ തെരുവില്‍ നിന്ന് വന്ന ഒരാളാണെന്ന് കരുതുക. എനിക്കെല്ലായ്പ്പോഴും തെരുവില്‍ തന്നെയേ ജീവിക്കാവൂ എന്നുണ്ടോ? ഈ വീടിന് പിന്നില്‍ ഒരു ചെറിയ കഥയുണ്ട്. ഞാന്‍ ആരുടെ ആരാധകനാണെന്ന് (രജനികാന്ത്) എല്ലാവര്‍ക്കും അറിയാമല്ലോ? എനിക്ക്16 വയസ്സുള്ളപ്പോള്‍ എന്റെ സുഹൃത്തുമായി റൈഡിന് പോയി. കത്തീഡ്രല്‍ റോഡിലൂടെ പോകുമ്പോള്‍, തലൈവരുടെ വീട് കാണണം എന്ന് ഒരു ആഗ്രഹം. അവിടെ നിന്ന ഒരാളോട് ഞാന്‍ ചോദിച്ചു, തലൈവര്‍ വീട് എവിടെയാണ് എന്ന്. അയാള്‍ ഞങ്ങള്‍ക്ക് വഴി കാണിച്ചു തന്നു.

കുറച്ചുകൂടി പോയപ്പോള്‍ അവിടെ പോലീസ് നില്‍ക്കുന്നത് കണ്ടു. അവരോട് വഴി ചോദിച്ചു, വഴി കാട്ടി തന്നിട്ട് വേഗം തിരിച്ചുവരണമെന്ന് അവര്‍ പറഞ്ഞു. അങ്ങനെ ഞങ്ങള്‍ രണ്ട് പേരും അവിടെ പോയി തലൈവര്‍ വീട് കണ്ട് സന്തോഷത്തോടെ തിരിച്ചുവരാന്‍ വണ്ടി തിരിച്ചപ്പോള്‍ തൊട്ടടുത്ത വീടിന് മുന്നിലും അതേ കൂട്ടം. അതെന്താണെന്ന് ചോദിച്ചപ്പോഴാണ് അറിയുന്നത് അത് ജയലളിത അമ്മയുടെ വീടാണ് എന്ന്. ഞാന്‍ ഒരു നിമിഷം അവിടെ നിന്നു. ഒരു വശത്ത് രജിനി സാറിന്റെ വീട്, മറുവശത്ത് ജയലളിത അമ്മയുടെ വീട്.. ഒരു നാള്‍… ഒരു ദിവസം എങ്ങനെയെങ്കിലും പോയസ് ഗാര്‍ഡനില്‍ ഒരു ചെറിയ വീടെങ്കിലും വാങ്ങണം' എന്ന് മനസില്‍ ഒരു വാശി കേറി. അതുപറഞ്ഞപ്പോള്‍ കൂട്ടുകാര്‍ എന്നെ കളിയാക്കി.

ആ സമയത്ത് എനിക്ക് വയസ് പതിനാറ്. കുറച്ച് കഷ്ടപ്പാടിലൂടെയായിരുന്നു കുടുംബം കടന്നുപോയത്. 'തുളളുവതോ ഇളമൈ' എന്ന സിനിമ ആ സമയത്ത് ഓടിയില്ലായിരുന്നുവെങ്കില്‍ ഞങ്ങള്‍ തെരുവിന്റെ നടുവില്‍ നില്‍ക്കേണ്ടി വന്നേനെ. അങ്ങനെ ഇരുന്ന ആ 16 വയസില്‍ വെങ്കിടേഷ് പ്രഭുവിന് (ധനുഷിന്റെ യഥാര്‍ത്ഥ പേര്) 20 വര്‍ഷം കഷ്ടപ്പെട്ട് ഇന്നീ കാണുന്ന ധനുഷ് കൊടുത്ത സമ്മാനമാണ് ആ പോയസ് ഗാര്‍ഡന്‍ വീട്- ധനുഷ് പറഞ്ഞു.

പൈപ്പുവെള്ളം കുടിച്ച് വിശപ്പടക്കിയ ബാല്യം

ചലച്ചിത്രസംവിധായകനായ കസ്തൂരി രാജയുടെ മകനായി 1983 ജൂലൈ 28-നു മദ്രാസില്‍ ജനിച്ചത്. തമിഴ് സിനിമാകഥയെ വെല്ലുന്നതായിരുന്നു ധനുഷിന്റെ ജീവിതം. പരമ്പരാഗത നായകസങ്കല്പത്തിന്റെ അളവുകോലുകളൊന്നും അയാള്‍ രൂപവുമായി ചേര്‍ന്നുനിന്നിരുന്നില്ല. കാഴ്ചയില്‍ നായകനാകാനും വില്ലനാകാനും പാകമല്ലെന്ന് തുടക്കത്തില്‍ പലരും വിധിയെഴുതി. കറുത്തുമെല്ലിച്ച ശരീരവും മീശകിളിര്‍ക്കാത്ത മുഖവും ഒട്ടും സിനിമാറ്റിക്ക് അല്ലായിരുന്നു. എന്നിട്ടും അയാള്‍ ചരിത്രം തിരുത്തി.

ദാരിദ്ര്യം നിറഞ്ഞ തന്റെ ബാല്യത്തെക്കുറിച്ച് ധനുഷ് തന്നെ മുന്‍പ് നേര്‍ക്കാഴ്ചകളില്‍ സംസാരിച്ചിട്ടുണ്ട്. സിനിമയില്‍ എത്തും മുമ്പ് മില്ലിലെ ജോലിക്കാരനായാണ് അച്ഛന്‍ ജീവിതം തുടങ്ങിയത്. പിന്നീട് സുഹൃത്തുക്കളുടെ സഹായത്തോടെ അച്ഛന്‍ സിനിമയിലേക്കെത്തി. സഹസംവിധായകനായി വര്‍ഷങ്ങളോളം ജോലിചെയ്തു. പൈപ്പുവെള്ളം കുടിച്ച് വിശപ്പകറ്റിയ കുട്ടിക്കാലത്തെക്കുറിച്ച് പറയുമ്പോള്‍ ഒരു അഭിമുഖത്തില്‍ ധനുഷിന്റെ കണ്ണുനിറഞ്ഞിരുന്നു.

യാത്രക്ക് വണ്ടിക്കാശില്ലാത്തതിനാല്‍ തേനിയില്‍നിന്ന് ഗര്‍ഭിണിയായ അമ്മ ഉള്‍പ്പെടെ തന്റെ കുടുംബം മധുരയിലേക്ക് കാല്‍നടയായി നീങ്ങിയ കാര്യങ്ങള്‍ ധനുഷ് പറഞ്ഞിട്ടുണ്ട്. നടന്നുനീങ്ങുമ്പോള്‍ വിശന്നുകരയുന്ന മക്കളോട് സ്ഥിരമായി മൈല്‍ക്കുറ്റിയിലെ അക്കങ്ങള്‍ വായിക്കാന്‍ അമ്മ ആവശ്യപ്പെടും. തൊണ്ണൂറിലെത്തുമ്പോള്‍ ഭക്ഷണം കിട്ടുമെന്നും പറയുന്ന അമ്മയുടെ മുഖം ഇന്നും മനസ്സിലുണ്ടെന്ന് താരം പറയുന്നു. വിശപ്പും ദാഹവും സഹിച്ച് കിലോമീറ്ററുകളോളം തളര്‍ന്നുനടന്ന കാലമാണ് പിന്നീട് തനിക്ക് പടവെട്ടി മുന്നേറാന്‍ കരുത്തുനല്‍കിയതെന്ന് ധനുഷ് പറയാറുണ്ട്.

പതിനഞ്ചുവര്‍ഷത്തോളം സഹസംവിധായകനായി പ്രവര്‍ത്തിച്ച ധനുഷിന്റെ അച്ഛന്‍ പിന്നീട് കസ്തൂരിരാജ എന്ന പേര് സ്വീകരിച്ച് മകനെ നായകനാക്കി തന്റെ ആദ്യ ചിത്രം സംവിധാനം ചെയ്തു. 'തുള്ളുവതോ ഇളമൈ' എന്ന ചിത്രത്തില്‍ അഭിനയിക്കുമ്പോള്‍ ധനുഷിന് 16വയസ്സാണ് പ്രായം. ധനുഷിനു അഭിനയത്തില്‍ തീരെ താല്‍പര്യമില്ലായിന്നു അക്കാലത്ത്. സഹോദരനും സംവിധായകനുമായ ശെല്‍വരാഘവന്റെ നിര്‍ബന്ധത്തിനു വഴങ്ങിയാണു ധനുഷ് തുളളുവതോ ഇളമെയില്‍ അഭിനയിച്ചത്. മാതാപിതാക്കളുടെ സ്‌നേഹം കിട്ടാതെ വഴി തെറ്റിപ്പോകുന്ന ഒരു പറ്റം വിദ്യാര്‍ഥികളുടെ കഥ പറഞ്ഞ ചിത്രം ഹിറ്റായി.

അരങ്ങേറ്റ സിനിമയുടെ ആദ്യ ഷോട്ടിന് ക്യാമറയ്ക്ക് മുന്നില്‍ എത്തിയപ്പോള്‍ ഷൂട്ടിങ് കാണാന്‍ തടിച്ച് കൂടിയ ജനം ഹീറോയെ കണ്ട് ചരിച്ച കഥ ഒരിക്കല്‍ ധനൂഷ് തന്നെ പറഞ്ഞിട്ടുണ്ട്. മെലിഞ്ഞ ശരീരത്തെക്കുറിച്ചുള്ള കളിയാക്കലുകള്‍ കേട്ട് ആ പയ്യന്‍ തളര്‍ന്നുപോയി. കാറില്‍ കയറി മുഖംപൊത്തി കരഞ്ഞ ആ പയ്യന്‍ പിന്നെ തമിഴകം കീഴടക്കി. ആദ്യചിത്രം വന്‍ വിജയമായിരുന്നെങ്കിലും പിന്നീട് ധനുഷിനെ തേടി ആരുമെത്തിയില്ല. കാരണം അവന്റെ ശരീരഘടന ഒരു ഹീറോക്ക് പറ്റിയതല്ലെന്ന് അവര്‍ വിധിയെഴുതി.

ഇന്ത്യന്‍ ബ്രൂസ്ലിയായി ഉയരുന്നു

ധനുഷിന്റെ ഗോഡ്ഫാദര്‍ എന്ന് പറയുന്നത് ചേട്ടന്‍ ശെല്‍വരാഘവനാണ്. അദ്ദേഹം ധനുഷിനെ വിട്ടില്ല. അങ്ങനെ ശെല്‍വരാഘവന്റെ സംവിധാനത്തില്‍ രണ്ടാം സിനിമയായി. അതാണ് 'കാതല്‍ കൊണ്ടേന്‍'. കുട്ടിക്കാലത്ത് മനസികമായി കശക്കിയെറിയപ്പെട്ടവന് കൗമാരകാലത്തുണ്ടാകുന്ന മാനസികസംഘര്‍ഷങ്ങളാണ് ചിത്രം പറഞ്ഞത്. മാനസികവൈകൃതങ്ങള്‍ അസാമാന്യമായി അവതരിപ്പിച്ച ധനുഷ് രണ്ടാം ചിത്രത്തിലൂടെ കൈയടിനേടി.
ഗ്ലാമറില്ലാത്ത നായകന് അഭിനയിക്കാനറിയാമെന്ന് സിനിമ കണ്ടിറങ്ങിയവര്‍ അഭിപ്രായപ്പെട്ടു. കാതല്‍ കൊണ്ടേനുശേഷം പക്കാ തമിഴ് മസാലച്ചിത്രമായി വന്ന 'തിരുടാ തിരുടി'യും വലിയ സാമ്പത്തികനേട്ടം കൈവരിച്ചതോടെ ധനുഷിന് ഹാട്രിക്ക് വിജയമായി.മന്‍മദ രാസ എന്നു തുടങ്ങുന്ന പാട്ടും നൃത്ത രംഗവും തമിഴകത്തിന്റെ മനം കവര്‍ന്നു. പിന്നീട് വന്ന പുതുക്കോട്ടയിലിരുന്ത് ശരവണന്‍' എന്ന ചിത്രവും ഹിറ്റായി.

ആദ്യ ചിത്രങ്ങള്‍ വന്‍വിജയമായിരുന്നെങ്കില്‍ തുടര്‍ന്ന് വന്ന ചിത്രങ്ങള്‍ പരാജയമായിരുന്നു. പിതാവ് കസ്തൂരിരാജ തന്നെ സംവിധാനം നിര്‍വഹിച്ച ഡ്രീംസ് എന്ന ചിത്രം വന്‍പരാജയമായി. ദേവതയെ കണ്ടേന്‍, അത് ഒരു കനാക്കാലം എന്നീ 2005-ല്‍ ഇറങ്ങിയ ചിത്രങ്ങള്‍ ശരാശരി വിജയം നേടി. പ്രകാശ്രാജിനൊപ്പം അഭിനയിച്ച തിരു വിളയാടല്‍ ആരംഭം എന്ന ചിത്രത്തിലൂടെ ഹാസ്യപ്രാധാന്യമുള്ള നായകനെയും അവതരിപ്പിച്ചു. 2007-ന്റെ ആദ്യ പാതിയില്‍ പടങ്ങള്‍ ഒന്നും ഹിറ്റാകാതിരുന്ന ധനുഷിന് അതേ വര്‍ഷം ദീപാവലിക്കു പുറത്തിറങ്ങിയ പൊല്ലാതവനാണ് കരിയറിലെ ഏറ്റവും വലിയ ബ്രേക്ക് സമ്മാനിച്ചത്. തുടര്‍ന്നു വന്ന യാരടി നീ മോഹിനി, പഠിക്കാതവന്‍, ഉത്തമപുത്തിരന്‍ എന്നീ ചിത്രങ്ങളും വിജയം കൈവരിച്ചതോടെ ധനുഷ് തന്റെ സ്ഥാനം തമിഴ് സിനിമാ ലോകത്ത് അരക്കിട്ടുറപ്പിച്ചു.

പഠിക്കാതവനിലെ ക്ലൈമാക്‌സ് രംഗം ഏറെ പ്രേക്ഷക ശ്രദ്ധ പിടിച്ചു പറ്റി. വെട്ട്രിമാരന്‍ തന്നെ ഒരുക്കിയ ആടുകളം എക്കാലത്തേയും മികച്ച വിജയമാണ് ധനുഷിനു സമ്മാനിച്ചത്. സ്ഥിരം ശൈലിയില്‍ നിന്നു വ്യത്യസ്തമായി വലിയ ബഹളങ്ങളില്ലാത്ത നായക വേഷത്തിലേക്ക് ധനുഷ് മാറി. തമിഴ്‌നാട്ടിലെ നാട്ടുമ്പുറങ്ങളില്‍ കണ്ടുമുട്ടുന്ന സാധാരണക്കാരനായ യുവാവിന്റെ വേഷത്തില്‍ പിന്നെ ധനുഷോളം മികച്ചതായി മറ്റാരും ഉണ്ടായില്ല. വേലയില്ലാ പട്ടധാരി, എന്ന ചിത്രത്തിന്റെ സൂപ്പര്‍ഹിറ്റ് വിജയത്തിലൂടെ ധനുഷ് തമിഴ് സിനിമാ ലോകത്തെ മറ്റെല്ലാ യുവതാരങ്ങളെയും കടത്തിവെട്ടി മുന്നേറി. മാപ്പിളൈ, ത്രീ, മാരി, മരിയാന്‍, വട ചെന്നെ.. അങ്ങനെ െതാട്ടതെല്ലാം ഹിറ്റാക്കി മുന്നോട്ടുപോയ ജൈത്രയാത്ര.

വിജയ്, അജിത്ത് എന്നിവര്‍ക്കുശേഷമുള്ള താരനിരയിലേക്ക് വളരെ പെട്ടെന്നുതന്നെ ധനുഷ് എന്ന നടന്‍ പറന്നിറങ്ങി. തമിഴ് ചിത്രങ്ങളുടെ വിജയസമവാക്യങ്ങള്‍ പൊളിച്ചെഴുതി. തനിഗ്രാമീണതയിലേക്ക് സിനിമയെ കൂട്ടിക്കൊണ്ടുപോകുന്ന നായകനായിരുന്നു ധനുഷ്. വംശീയത എന്നും വികാരമായി നെഞ്ചേറ്റിയ തമിഴര്‍ക്കുമുന്നില്‍ കറുപ്പിന്റെ താളവും ആഴവും തന്നെയാണ് താരം തുറന്നുകാണിച്ചത്.സോഡാകുപ്പി കണ്ണടയും മുടി ചീകാത്ത തലയുമായി കാണുന്ന പയ്യന്‍മാരെയെല്ലാം ധനുഷ് എന്നു വിളിക്കാന്‍ തുടങ്ങിയ ഒരു കാലമുണ്ടായിരുന്നു. അപമാനിച്ചവര്‍ക്കും പരിഹാസച്ചിരി ചിരിച്ചവര്‍ക്കും തന്റെ പ്രകടം കൊണ്ടാണ് ധനുഷ് മറുപടികൊടുത്തത്. പരിഹസിച്ചവര്‍ തന്നെ അവന് 'ഇന്ത്യന്‍ ബ്രൂസ്ലി' എന്ന പേരും സമ്മാനിച്ചു.

മീശയും താടിയും വടിച്ചാല്‍ പ്ലസ്ടുകാരന്‍, മീശ വച്ചാല്‍ യുവാവ്, അല്‍പം നരയിട്ടാല്‍ വൃദ്ധന്‍. അങ്ങനെ ഏത്കാലത്തേക്കും മാറ്റാന്‍ കഴിയുന്ന ശരീരവുമായി അയാള്‍ കസറുയാണ്. പച്ച തമിഴനായാണ് ധനൂഷ് പൊതുവേദികളിലും പ്രത്യക്ഷപ്പെകുട. കഴുത്തില്‍ കറുത്ത ചരടില്‍ െകാരുത്ത രുദ്രാക്ഷം, മുത്തു മാല, വെള്ള മുണ്ട്, വെള്ള ഷര്‍ട്ട്.. ഹോളിവുഡ് ചിത്രം ഗ്രേ മാന്റെ പ്രീമിയറിന് പോലും കോട്ടിട്ടവര്‍ക്ക് മുന്നില്‍ ഇങ്ങനെ തനി തമിഴനായി അദ്ദേഹം നിറഞ്ഞു.

കൊലവെറി മുതല്‍ സൂപ്പര്‍സ്റ്റാര്‍

കോഴിപ്പോരിന്റെ കഥപറഞ്ഞ വെട്രിമാരന്റെ ആടുകളത്തിലൂടെ ധനുഷ് ഇന്ത്യയിലെ മികച്ച നടനുള്ള പുരസ്‌കാരം ഏറ്റുവാങ്ങി. പഠിക്കാത്തവന്‍, കുട്ടി, യാരടി നീ മോഹിനി, മരിയാന്‍, വേലയില്ലാ പട്ടധാരി, അനേകന്‍, മാരി-എന്നീ ചിത്രങ്ങളിലൂടെയെല്ലാം ധനുഷ് എന്ന നടന്റെ താരമൂല്യം ഉയരുകയായിരുന്നു.
ഭാര്യ ഐശ്വര്യയുടെ സംവിധാനത്തില്‍ പുറത്തിറങ്ങിയ ത്രീ എന്ന ചിത്രത്തിനായി ധനുഷ് എഴുതിപ്പാടിയ 'വൈ ദിസ് കൊലവറി…' എന്ന ഗാനം ധനുഷിനെ വാര്‍ത്തകളുടെ നെറുകയിലേക്ക് കൊണ്ടുപോയി. ധനുഷ് ആദ്യമായി ബോളിവുഡിന്റെ ശ്രദ്ധയില്‍പെടുന്നത് അദ്ദേഹത്തിന്റെ 'വൈ ദിസ് കൊലവെറി ഡി' എന്ന ഗാനം വൈറല്‍ ആയപ്പോഴാണ്. വഞ്ചിക്കപ്പെട്ട കാമുകന്മാരുടെ ഗാനം ലോകമെങ്ങും ഉയര്‍ത്തിയ തരംഗം ഈ നടന്റെയും തലവര തന്നെ മാറ്റി. പാട്ടിന്റെ നിലവിലെ എല്ലാ വ്യാകരണങ്ങള്‍ക്കും പുറത്തായിരുന്നു കൊലവറിയെങ്കിലും റിലീസ് ചെയ്ത് ഒരുവാരത്തിനുള്ളില്‍ 3.50 കോടി ആളുകള്‍ പാട്ട് ഷെയര്‍ ചെയ്തു. ബി.ബി.സി.യും ടൈം മാഗസിനും പാട്ടിന്റെ പ്രസക്തി വാര്‍ത്തയാക്കി.

രാഞ്ചന എന്ന ചിത്രത്തിലൂടെ ബോളിവുഡിലേക്കും ധനുഷ് എത്തിനോക്കി. സോനം കപൂറിനൊപ്പമുള്ള ചിത്രം ഹിന്ദിയില്‍ വന്‍വിജയമായതോടെ ധനുഷിന്റെ അഭിനയ അതിരുകള്‍ ദേശത്തിന്റെ അതിര്‍ത്തികള്‍ ഭേദിച്ചു. ബിഗ് ബിക്കൊപ്പം അഭിനയിച്ച ഷമിതാഭാണ് ധനുഷിന്റെ രണ്ടാമത്തെ ഹിന്ദി സിനിമ. കോളിവുഡും ബോളിവുഡും കടന്ന് ഹോളിവുഡില്‍ വരെ ആ നടന്‍ എത്തി. രണ്ട് ഇംഗ്ലീഷ് ചിത്രങ്ങളിലും അയാള്‍ അഭിനയിച്ചു.

ഇന്ന് നടന്‍, ഗായകന്‍, ഡാന്‍സര്‍, ഫൈറ്റര്‍, ഗാനരചയിതാവ്, തിരക്കഥാകൃത്ത്, സംവിധായകന്‍, നിര്‍മാതാവ്.. അങ്ങനെ സകലകലാവല്ലഭനായി ധനുഷ് നിറയുന്നു. ആടുകളത്തിനുശേഷം പതിനൊന്ന് വര്‍ഷത്തിന് ശേഷം വീണ്ടും മികച്ച നടനുള്ള ദേശീയ പുരസ്‌കാരം അസുരന്‍ എന്ന ചിത്രത്തിലടെ ധനുഷിനെ തേടിയെത്തി. രണ്ട് ചിത്രങ്ങളും സംവിധാനം ചെയ്തത് ഒരാള്‍ തന്നെ. വെട്രിമാരന്‍. 2018ലാണ് ധനുഷ് ഫ്രഞ്ച് സിനിമയായ എക്സ്ട്രാ ഓര്‍ഡിനറി ജേണി ഓഫ് എ ഫക്കീറിലൂടെ രാജ്യാന്തര തലത്തില്‍ തന്റെ അരങ്ങേറ്റം കുറിച്ചത്. അങ്ങനെ ആഗോള തലത്തില്‍ ആരാധകരുള്ള ഒരു താരമായി വളരുകയാണ് ധനുഷ്.

മാതാപിതാക്കളെ ചൊല്ലി വിവാദം

അതിനിടെ ധനുഷിന്റെ മാതാപിതാക്കളെന്ന അവകാശവുമായി വൃദ്ധ ദമ്പതികള്‍ രംഗത്ത് വന്നത് ഇന്ത്യന്‍ സിനിമാലോകത്തെ ഇളക്കിമറിച്ചു. രക്ഷിതാക്കളെന്ന് അവകാശപ്പെട്ട് രംഗത്ത് വന്നവര്‍ തട്ടിപ്പുകാരാണെന്ന് പറഞ്ഞ് ധനുഷ് അവകാശവാദങ്ങളെ എതിര്‍ത്തു. എന്നാല്‍ ധനുഷിനെ ഡിഎന്‍എ ടെസ്റ്റിന് വെല്ലുവിളിച്ച് വൃദ്ധ ദമ്പതികള്‍ അവകാശവാദം ശക്തമാക്കിയതോടെ വിവാദം കൊഴുത്തു.

മധുരൈയിലുള്ള കതിരേശനും മീനാക്ഷിയുമാണ് ധനുഷ് തങ്ങളുടെ ഇളയമകനാണെന്ന അവകാശവാദവുമായി കോടതിയിലെത്തിയിരുന്നത്. ധനുഷ് തങ്ങളുടെ മൂന്നാമത്തെ മകനാണെന്നും സ്‌കൂളില്‍ പഠിക്കുമ്പോള്‍ നാടുവിട്ടുപോയതാണെന്നുമാണ് ദമ്പതികളുടെ വാദം. 1985 നവംബര്‍ ഏഴിന് ജനിച്ച ധനുഷിന്റെ യഥാര്‍ത്ഥ പേര് കാളികേശവന്‍ എന്നാണെന്നും ദമ്പതികള്‍ അവകാശപ്പെടുന്നു. പ്രായം ചെന്ന തങ്ങളുടെ ജീവിതച്ചെലവിനു മാസം 65,000 രൂപ വീതം ധനുഷ് നല്‍കണമെന്നാവശ്യപ്പെട്ടാണു കോടതിയെ സമീപിച്ചത്.

ധനുഷിന്റെതാണെന്ന് അവകാശപ്പെടുന്ന പഴയ ഫോട്ടോയും ഇവര്‍ തെളിവിനായി കോടതിയില്‍ ഹാജരാക്കിയിരുന്നു. കേസ് പരിഗണിച്ച മേലൂര്‍ ജുഡിഷ്യല്‍ മജിസ്ട്രേട്ട് കോടതി നേരിട്ടു ഹാജരാകാന്‍ ധനുഷിനോടു നിര്‍ദേശിച്ചിു. ഡിഎന്‍എ പരിശോധനയ്ക്ക് വെല്ലുവിളിച്ചതിന് പിന്നാലെ സ്‌കൂള്‍ സര്‍ട്ടിഫിക്കറ്റുകളുടെ ഒറിജിനല്‍ ഹാജരാക്കാന്‍ കോടതി ആവശ്യപ്പെട്ടു. മദ്രാസ് ഹൈക്കോടതിയുടെ മധുരൈ ബഞ്ചാണ് ധനുഷിനോട് സര്‍ട്ടിഫിക്കറ്റുകള്‍ ആവശ്യപ്പെട്ടത്. തന്റെ വാദത്തിന് ആധാരമായി സ്‌കൂള്‍ സര്‍ട്ടിഫിക്കറ്റിന്റെ കോപ്പിയും ജനനസര്‍ട്ടിഫിക്കറ്റും ധനുഷ് സമര്‍പ്പിച്ചിരുന്നു. ധനുഷ് മകനാണെന്ന് തെളിയിക്കുന്ന കൂടുതല്‍ രേഖകള്‍ സമര്‍പ്പിക്കാമെന്ന് കതിരേശനും അറിയിച്ചതോടെ വിവാദം കൊഴുത്തു. ബന്ധുക്കളും സുഹൃത്തുക്കളും സ്‌കൂള്‍ സഹപാഠികളും ധനുഷ് കാളികേശവനാണെന്ന് തെളിയിക്കാന്‍ തങ്ങള്‍ക്കൊപ്പം ഉണ്ടെന്നും ദമ്പതികള്‍ കോടതിയെ അറിയിച്ചിട്ടുണ്ട്.

ധനുഷ് തങ്ങളുടെ മകനാണെന്നും അവനെ തിരികെ വേണമെന്നുമാണ് തിരുപ്പുവനം സ്വദേശികളായ ഇവരുടെ ആവശ്യം. 2002- ല്‍ പഠനത്തില്‍ പരാജയപ്പെട്ടപ്പോള്‍ ധനുഷ് വീടു വിട്ട് പോയതാണെന്നാണ് ഇവരുടെ വാദം. കാണാതായ മകനെ കണ്ടെത്താന്‍ ഏറെ നാള്‍ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ലെന്നും പിന്നീട് സിനിമ കണ്ടപ്പോഴാണു തിരിച്ചറിഞ്ഞതെന്നും ഇവര്‍ പറയുന്നു. തമിഴ്നാട് ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷനിലെ ജീവനക്കാരനായിരുന്നു കതിരേശന്‍. പക്ഷേ പിന്നീട് വിശദമായ വാദത്തിനും, സാക്ഷിമൊഴികള്‍ക്കുശേഷം, കോടതി കതിരേശന്റ വാദം തള്ളുകയായിരുന്നു. നിലവിലുള്ള രേഖകള്‍ പ്രകാരം കസ്തൂരി രാജയുടെ മകന്‍ തന്നെയാണ് ധനുഷ് എന്നും കോടതി വിധിച്ചു.

21ാം വയസ്സില്‍ 23കാരിയുമായി വിവാഹം

അതിനിടെ സൂപ്പര്‍താരം രജനിയുടെ മകളെ കാമുകിയും ഭാര്യയുമാക്കിയതിലൂടെ ധനുഷ് വീണ്ടും മാധ്യമങ്ങളില്‍ നിറഞ്ഞു. ആറു മാസം നീണ്ട പ്രണയത്തിനൊടുവില്‍ 2004 നവംബര്‍ 18 നായിരുന്നു ധനുഷ് ഐശ്വര്യ വിവാഹം. വിവാഹിതനാകുമ്പോള്‍ ധനുഷിന് 21 വയസ്സും ഐശ്വര്യയ്ക്ക് 23 വയസ്സുമായിരുന്നു പ്രായം. വധുവിന്റെ പ്രായക്കൂടുതലും വിവാഹത്തില്‍ രജനിക്കുള്ള അതൃപ്തിയുമെല്ലാം അന്ന് ആഘോഷിക്കപ്പെട്ട വാര്‍ത്തകളായിരുന്നു. 2022 ജനുവരി 26ന്, 18 വര്‍ഷം നീണ്ട ഒരുമിച്ചുള്ള ജീവിതം ഇരുവരും ട്വിറ്ററിലൂടെ അറിയിച്ചു. യാത്രയും ലിംഗയുമാണ് ഇവരുടെ മക്കള്‍. അവരുടെ കാര്യങ്ങള്‍ക്ക് ഇനിയും ഒരുമിച്ച് ഉണ്ടാകുമെന്നും ഇരുവരും വ്യക്തമാക്കി. നല്ല സുഹൃത്തുക്കളായി മുന്നോട്ടുപോകുമെന്നും ഇവര്‍ പറയുന്നു.

പരിഞ്ഞിട്ടും പരസ്പരം ചെളിവാരിയെറിയാതെ ഇരുവരും മാന്യത കാട്ടി. രണ്ട് വ്യക്തികള്‍ എന്ന നിലയില്‍ തങ്ങളുടെ നന്മയ്ക്ക് വേണ്ടിയാണ് ഈ തീരുമാനമെന്നാണ് അവര്‍ സംയുക്ത പ്രസ്താവനയില്‍ പറഞ്ഞത്.-"സുഹൃത്തുക്കളും പങ്കാളികളുമായി 18 വര്‍ഷത്തെ ഒരുമിച്ചുള്ള ജീവിതം, മാതാപിതാക്കളായും പരസ്പരമുള്ള അഭ്യുദയകാംക്ഷികളായും വളര്‍ച്ചയുടെയും മനസിലാക്കലിന്റെയും ക്രമപ്പെടുത്തലിന്റെയും ഒത്തുപോവലിന്റെയുമൊക്കെ യാത്രയായിരുന്നു ഇത്. ഞങ്ങളുടെ വഴികള്‍ പിരിയുന്ന ഒരിടത്താണ് ഇന്ന് ഞങ്ങള്‍ നില്‍ക്കുന്നത്. പങ്കാളികള്‍ എന്ന നിലയില്‍ വേര്‍പിരിയുന്നതിനും വ്യക്തികള്‍ എന്ന നിലയില്‍ ഞങ്ങളുടെ തന്നെ നന്മയ്ക്കും സ്വയം മനസിലാക്കുന്നതിനും സമയം കണ്ടെത്താനും ഐശ്വര്യയും ഞാനും തീരുമാനിച്ചിരിക്കുന്നു. ഞങ്ങളുടെ തീരുമാനത്തെ ദയവായി ബഹുമാനിക്കണം. ഇതിനെ കൈകാര്യം ചെയ്യാന്‍ അവശ്യമായ സ്വകാര്യത ഞങ്ങള്‍ക്ക് നല്‍കണം."- ഇങ്ങനെയാണ് ധനുഷും ഐശ്വര്യയും സംയുക്തമായി പ്രസ്താവിച്ചത്.

പരിഞ്ഞിട്ടും ഇന്നും അവര്‍ സുഹൃത്തുക്കളായി തുടരുകയാണ്. കൊലവെറി പാട്ടിനടക്കം താന്‍ കടപ്പെട്ടിരിക്കുന്നത് ഐശ്വര്യയോടാണെന്നും, തന്റെ കരിയറില്‍ അവര്‍ ഏറെ പങ്കുവഹിച്ചിട്ടുണ്ടെന്ന് പരിഞ്ഞതിന്ശേഷവും, ധനൂഷ് പറഞ്ഞിരുന്നു. ഒരു മോട്ടിവേഷന്‍ സ്പീക്കറില്‍നിന്നും കിട്ടാത്ത അസാധാരണ ജീവിതമാണ് ധനുഷിന്‍െത്. പൈപ്പുവെള്ളം കുടിച്ച, പരിഹസിക്കപ്പെട്ട ബാലനില്‍നിന്ന് സൂപ്പര്‍ സ്റ്റാറിലേക്ക് വളരുമ്പോളും അയാള്‍ വിനയാന്വിതനാവുന്നു. " ഒന്നുമില്ലായ്മയില്‍നിന്നും വന്നയാളാണ് ഞാന്‍. അതുകൊണ്ട് ഒന്നും നഷ്ടപ്പെടാന്നുമില്ല. കിട്ടിയതെല്ലാം ബോണസാണ്. ഇപ്പോള്‍ രായന്റെ വിജയം തമിഴ് മക്കളുടെ സമ്മാനമായി കരുതുന്നു. "- 150 കോടിയിലെത്തിയ രായന്‍ സിനിമയുടെ വിജയാഘോഷത്തിലും, ധനുഷ് പറയുന്നത് അങ്ങനെയാണ്.

വാല്‍ക്കഷ്ണം: നടന്‍ വിജയുടെ രാഷ്ട്രീയ പ്രവേശനത്തോടെ തമിഴ് സിനിമയെ ഇനി നയിക്കുക, സുര്യയും, ധനുഷുമാണെന്നാണ് കോളിവുഡ് സിനിമാ മാധ്യമങ്ങള്‍ എഴുതുന്നത്. ഭാവിയില്‍ വിജയ്ക്ക് എതിരാളിയായി, ധനുഷ് രാഷ്ട്രീയത്തില്‍ ഇറങ്ങുമെന്നും പ്രവചനമുണ്ട്. കാരണം, വിജയേക്കാളുമൊക്കെ തമിഴ് ദേശീയബോധം വളര്‍ത്താന്‍ കഴിയുക, ലുങ്കിയുടുത്ത് വരുന്ന കട്ട ലോക്കല്‍ തമിഴനായ ധനുഷിന് ആയിരിക്കുമെന്നാണ് വിലയിരുത്തലുകള്‍!