'ബ്യൂട്ടി വിത്ത് എ പര്‍പ്പസ്'- ലോകത്ത് ഏറ്റവും കൂടുതല്‍ വിവാദമുണ്ടാക്കിയ ഒരു മത്സരത്തിന്റെ ആപ്തവാക്യം ഇതാണ്. എവിടെവെച്ച് നടത്തിയാലും അതിന്റെ 74 വര്‍ഷത്തെ ചരിത്രത്തില്‍ ഉടനീളം മിസ് വേള്‍ഡ് മത്സരങ്ങളില്‍ വിവാദം നിറയാറുണ്ട്. ഈ വര്‍ഷത്തെ മിസ്സ് വേള്‍ഡ് സൗന്ദര്യമത്സരത്തിന് ഇന്ത്യ ആതിഥേയത്വം വഹിക്കുന്ന സന്തോഷത്തിലാണ് ഫാഷന്‍ ലോകം. മെയ് 31 ഹൈദരാബാദിലാണ് ഫിനാലെ നടക്കുക. നൂറിലധികം രാജ്യങ്ങളില്‍ നിന്നുള്ള മത്സരാര്‍ത്ഥികള്‍ ഇപ്പോള്‍, ഇന്ദ്രനീലവും, വജ്രവും തിളങ്ങുന്ന ഒരുലക്ഷം ഡോളര്‍ മൂല്യമുള്ള ലോക സുന്ദരി കിരീടത്തിനായി മത്സരിച്ചുകൊണ്ടിരിക്കയാണ്.

മെയ് 7 മുതല്‍ 31വരെ നടക്കുന്ന രാജ്യാന്തര മത്സരത്തിനായി മിസ് വേള്‍ഡ് ഓര്‍ഗനൈസഷേനുമായി നേരിട്ട് കൈകോര്‍ത്തിരിക്കയാണ്, തെലങ്കാന ടുറിസം വകുപ്പ്. കഴിഞ്ഞ വര്‍ഷം ന്യൂഡല്‍ഹിയിലും മുംബൈയിലുമായി നടന്ന 72-ാം മിസ വേള്‍ഡ് പേജന്റിന് തുടര്‍ച്ചയായി വീണ്ടും അതിഥിരാജ്യമാവുന്നത്, വളരുന്ന സാമ്പത്തിക ശക്തിയെന്ന ഇന്ത്യയുടെ ബ്രാന്‍ഡ് ഇമേജിന് കിട്ടുന്ന അംഗീകാരമായാണ് വിലയിരുത്തപ്പെടുന്നത്. ഒരേ രാജ്യം തുടര്‍ച്ചയായി മത്സരവേദിയാവുന്നത് അപൂര്‍വമാണ്. ഇംഗ്ലണ്ട് മാത്രമാണ് ഈ രീതിയില്‍ രണ്ടുതവണ, 99ലും 2000ത്തിലും അതിഥേയത്വം വഹിച്ചിട്ടുള്ളത്.

ഇന്ത്യയിലെ 29ാം സംസ്ഥാനമായി രൂപീകരിക്കപ്പെട്ട തെലങ്കാന ഒരു ശതാബ്ദം പുര്‍ത്തിയാക്കുന്ന വേളയിലാണ് മിസ് വേള്‍ഡ് മത്സര വേദിയാവുന്നത്. 'തെലങ്കാന സരൂര്‍ ആനാ' എന്ന ടൂറിസം പരസ്യവാചകത്തിന് രാജ്യാന്തര ശ്രദ്ധയാണ് ലഭിക്കുന്നത്. ടൂറിസം രംഗത്തിന്റെ കുതിപ്പ് മാത്രമല്ല, ആഗോള ഇവന്റ് കൈകാര്യം ചെയ്യുന്നതോടെ പുതിയ വിപണി സാധ്യതകളും എത്തുകയാണ്. 96-ല്‍ ബാംഗ്ലൂരില്‍ നടന്ന മത്സരമാണ് ഇന്ത്യയില്‍ ആദ്യമായി നടന്ന മിസ് വേള്‍ഡ് ഇവന്റ്. അന്ന് ഈ ഇവന്റ് നടത്തി അമിതാബ് ബച്ചന്റെ കമ്പനിയായ എബിസിഎല്‍ കുത്തുപാള എടുത്തതൊക്കെ ചരിത്രമാണ്. പക്ഷേ ഇന്ന് ആഗോള ഇവന്റുകള്‍ ഏറ്റെടുത്ത് അതിലൂടെ വരുന്ന വിപണി സാധ്യതകള്‍ രാജ്യം പ്രയോജനപ്പെടുത്തുകയാണ്!

പക്ഷേ ഇപ്പോഴും വിവാദത്തിന് പഞ്ഞമൊന്നുമില്ല. അതിഗുരുതരമായ ആരോപണങ്ങള്‍ ഉന്നയിച്ച് മിസ് ഇംഗ്ലണ്ട് മില്ല മാഗി എന്ന 24കാരി, മത്സരത്തില്‍നിന്ന് പിന്‍മ്മാറിയത് വന്‍ വിവാദമാവുകയാണ്. ഈ മാസം എഴിന് ഹൈദരാബാദില്‍ എത്തലയ മില്ല 16-നാണ് യു.കെയിലേക്ക് മടങ്ങിയത്.73 വര്‍ഷത്തെ ചരിത്രത്തില്‍ മിസ് ഇംഗ്ലണ്ട് കിരീടം നേടിയ ആള്‍ ആദ്യമായാണ് ലോക സൗന്ദര്യ മല്‍സരത്തില്‍ നിന്നും പിന്മാറുന്നത്. തന്നോട് ലൈംഗികത്തൊഴിലാളിയെപ്പോലെ പെരുമാറി എന്നതടക്കമുള്ള ഞെട്ടിക്കുന്ന ആരോപണമാണ് മില്ല ഉന്നയിക്കുന്നത്. ഇത് ബ്രിട്ടീഷ് മാധ്യമങ്ങള്‍ ഇന്ത്യക്കെതിരെ ഉന്നയിക്കയാണ്.

മില്ല മാഗിയുടെ ആരോപണങ്ങള്‍ക്ക് തെളിവില്ലെന്ന് തെലങ്കാന സര്‍ക്കാറിന്റെ സ്പെഷ്യല്‍ ചീഫ് സെക്രട്ടറി ജയേഷ് രഞ്ജന്‍ പറഞ്ഞു. മുഖ്യമന്ത്രി രേവന്ദ് റെഡ്ഡിയും ആരോപണങ്ങളില്‍ കഴമ്പില്ലെന്ന് പറയുന്നു. എന്നാല്‍ തെലങ്കാനയിലെ പ്രതിപക്ഷം വിഷയം ഏറ്റെടുത്തതോടെ വിവാദം കത്തുകയാണ്.




കാല്‍കഴുകല്‍ വിവാദം

കാല്‍കഴുകല്‍ വിവാദത്തിലായിരുന്നു തെലങ്കാന തര്‍ക്കങ്ങളുടെ തുടക്കം. സൗന്ദര്യമത്സരത്തിനായി എത്തിയിരിക്കുന്ന മത്സരാര്‍ത്ഥികളുടെ കാലുകള്‍ ഇന്ത്യന്‍ സ്ത്രീകളെക്കൊണ്ട് കഴുകിപ്പിച്ചത് ആണ് സോഷ്യല്‍ മീഡിയയില്‍ ചിലര്‍ വിവാദമാക്കിയത്.'കൊളോണിയല്‍ ഹാംഗ് ഓവര്‍' എന്നരീതിയില്‍ അത് വ്യാപകമായി വിമര്‍ശിക്കപ്പെട്ടു്. ചിലര്‍ ഇതില്‍ ജാതികൂടി കുത്തിക്കയറ്റി പിന്നാക്ക ജാതിക്കാരായ സ്ത്രീകളെകൊണ്ടാണ് കാലു കഴുകിപ്പിച്ചത് എന്നും ആരോപിക്കുന്നുണ്ട്.

മെയ് 10 ന് ഹൈദരാബാദില്‍ നടന്ന വര്‍ണാഭമായ ചടങ്ങോടെയാണ് മിസ്സ് വേള്‍ഡ് 2025 മത്സരം ആരംഭിച്ചത്. മെയ് 31 ന് നടക്കുന്ന ഗ്രാന്‍ഡ് ഫിനാലെയില്‍ നിലവിലെ ലോക സുന്ദരി ക്രിസ്റ്റിന പിസ്‌കോവ പുതിയ വിജയിക്ക് കിരീടം കൈമാറും. ഫൈനലിന് മുന്നോടിയായി സുന്ദരികള്‍ യുനെസ്‌കോയുടെ ലോക പൈതൃക സ്ഥലമായ മുളുഗു ജില്ലയിലെ രാമപ്പ ക്ഷേത്രത്തിലും, വാറങ്കലിലെ പ്രശസ്തമായ ആയിരം തൂണ്‍ ക്ഷേത്രത്തിലും സന്ദര്‍ശനം നടത്തിയിരുന്നു. തെലങ്കാന ടൂറിസം വകുപ്പ് ക്ഷേത്ര സന്ദര്‍ശനങ്ങള്‍ ഒരുക്കിയത്. നിലവിലെ മിസ് വേള്‍ഡ് ചെക്ക് റിപ്പബ്ലിക്കില്‍ നിന്നുള്ള ക്രിസ്റ്റിന പിസ്‌കോവയും ക്ഷേത്ര സന്ദര്‍ശനത്തിന് എത്തിയിരുന്നൂ. ഇവിടെ ക്ഷേത്രത്തില്‍ പ്രവേശിക്കുന്നതിനു മുമ്പായി സുന്ദരികളുടെ കാലുകള്‍ കഴുകാന്‍ ഇന്ത്യന്‍ സ്ത്രീകളെ സഹായികളായി നിര്‍ത്തിയതാണ്, വ്യാപക പ്രതിഷേധത്തിന് ഇടയാക്കിയത്.




സംഭവത്തിനെതിരെ രൂക്ഷവിമര്‍ശനവുമായി പ്രതിപക്ഷം രംഗത്തെത്തി. തെലങ്കാനയിലെ പിന്നാക്ക വിഭാഗത്തിലെ സ്ത്രീകളെ ഇതിന് നിയോഗിച്ചത് സംസ്ഥാനത്തിന് അപമാനമാണെന്ന് ബിആര്‍എസ് കുറ്റപ്പെടുത്തി. സ്ത്രീകളെ കാല്‍ കഴുകാന്‍ നിയോഗിച്ചത് കൊളോണിയല്‍ മനസ്ഥിതിയുടെ ഭാഗമെന്ന് ബിജെപി വിമര്‍ശിച്ചു. അതേസമയം, ഇന്ത്യന്‍ സംസ്‌കാരത്തിന്റെ ഭാഗമെന്നാണ് പരിപാടിയുടെ സംഘാടകര്‍ നല്‍കുന്ന വിശദീകരണം. അതിഥിദേവോ ഭവ എന്നത് എടുത്തിട്ടാണ് അവര്‍ പ്രതിരോധം തീര്‍ക്കുന്നത്.

നിഷ്പക്ഷമായി പരിശോധിക്കുമ്പോള്‍ സംഘാടകര്‍ പറയുന്നതില്‍ ന്യായമുണ്ടെന്ന് കാണാം. കാല്‍ കഴുകല്‍ ഒരു അടിമത്തമായി ഇന്ത്യയില്‍ കാണുന്നില്ല. അത് ഒരു സംസ്‌ക്കാരത്തിന്റെ ഭാഗമാണ്. കുംഭമേളയില്‍ അടക്കം എത്തിയ അതിഥികളെ ഇങ്ങനെയാണ് സ്വീകരിച്ചത്. ഇവിടെ ക്ഷേത്രത്തിന്റെ അകത്ത് കയറുമ്പോഴാണ് ഇത്തരം ഒരു രീതി സ്വീകരിച്ചത്. വിശ്വസുന്ദരികളെ തെലങ്കാനയിലെ പ്രധാന ടൂറിസ്റ്റ് കേന്ദ്രങ്ങളിലും, ക്ഷേത്രങ്ങളിലൊക്കെ കൊണ്ടുപോയി ഫോട്ടോ എടുപ്പിക്കുക എന്നത് തെലങ്കാന ടൂറിസം വകുപ്പിന്റെ ഒരു അജണ്ട തന്നെയായിരുന്നു. കാരണം കോടികള്‍ മുടക്കി പരസ്യം ചെയ്താല്‍പോലും കിട്ടാത്ത പബ്ലിസിറ്റിയാണ് ഈ സ്ഥലങ്ങള്‍ക്ക് സുന്ദരിമാര്‍ വഴി കിട്ടിയത്. തെലങ്കാന സര്‍ക്കാര്‍ ഇരുനൂറ് കോടി ഈ മേളക്ക് മുടക്കിയത് തന്നെ, ആഗോള അടിസ്ഥാനത്തിലുള്ള ടൂറിസം വിപണി മുന്നില്‍ കണ്ടുകൊണ്ടാണ്. പക്ഷേ എന്തിലും കക്ഷിരാഷ്ട്രീയമുള്ള ഇന്ത്യയില്‍, തെലങ്കാനയിലെ കോണ്‍ഗ്രസ് സര്‍ക്കാറിനെ അടിക്കാനുള്ള വടിയായിട്ടാണ് ബിആര്‍എസും ബിജെപിയും കാല്‍കഴുകല്‍ വിവാദത്തെ എടുത്തത്.

'വേശ്യയെപ്പോലെ തോന്നിപ്പിച്ചു'

കാല്‍ കഴുകല്‍ വിവാദത്തിന്ശേഷമാണ് മിസ്സ് ഇംഗ്ലണ്ട് മില്ല മാഗിയുടെ പിന്‍മാറ്റമുണ്ടായത്. മില്ല മാഗി അതിഗുരുതരമായ ആരോപണങ്ങളാണ് ഉന്നയിക്കുന്നത്. രാവിലെ മുതല്‍ മുഴുവന്‍ സമയവും മേക്ക്അപ്പും ബോള്‍ ഗൗണും ധരിക്കേണ്ടി വന്നു. പരിപാടിക്ക് പണം നല്‍കി സഹായിച്ചരോട് നന്ദി പറയാന്‍ സ്പോണ്‍സര്‍മാരായ മധ്യവയസ്‌കരുമായി ഇടപഴകാന്‍ സംഘാടകര്‍ ആവശ്യപ്പെട്ടുവെന്നും മില്ല പറയുന്നു. ഷോപീസുകളെ പോലെയാണ് മത്സരാര്‍ഥികളെ കൈകാര്യം ചെയ്യുന്നത് എന്ന് അവര്‍ ആവര്‍ത്തിക്കുന്നു.

'ആറ് അതിഥികളുള്ള ഓരോ മേശയിലും രണ്ട് പെണ്‍കുട്ടികള്‍ ഉണ്ടായിരുന്നു. നന്ദി സൂചകമായി വൈകുന്നേരം മുഴുവന്‍ അവരോടൊപ്പം ഇരുത്തി. മിസ് വേള്‍ഡിനും മൂല്യങ്ങള്‍ ഉണ്ടായിരിക്കണം. എന്നാല്‍ ഇത് പഴയകാലത്ത് തങ്ങി നില്‍ക്കുകയാണ്. അവര്‍ എന്നെ ഒരു ലെംഗികതൊഴിലാളിയായാണോ കണക്കാക്കിയത് എത്തുപോലും തോന്നിപ്പോയി'' -മില്ല ആരോപിച്ചു. ഒരു മാറ്റമുണ്ടാക്കാന്‍ വേണ്ടിയാണ് അവിടെ പോയത്. പക്ഷേ കുരങ്ങന്മാരെ പോലെ അഭിനയിക്കേണ്ടി വന്നു. ധാര്‍മ്മികമായി, എനിക്ക് അതിന്റെ ഭാഗമാകാന്‍ കഴിയില്ലെന്നും മില്ല കൂട്ടിച്ചേര്‍ത്തു. 'ദ സണ്‍' പത്രത്തിന് നല്‍കിയ അഭിമുഖത്തിലാണ് ഈ പ്രതികരണം. ബുദ്ധിശക്തി കൂടി അളക്കുന്ന മത്സരമാകുമെന്നാണ് കരുതിയത്, എന്നാല്‍ കളികുരങ്ങിനെ പോലെ ഇരിക്കേണ്ടി വന്നുവെന്നും മില്ല പറയുന്നത്.




മില്ല മാഗിയുടെ ആരോപണങ്ങള്‍ ബ്രിട്ടനിലും, ഇന്ത്യയിലും ഒരുപോലെ വിവാദങ്ങള്‍ക്ക് തീക്കൊളുത്തി. ഈ ആരോപണങ്ങളില്‍ അന്വേഷണം ആവശ്യപ്പെട്ട് ഭാരതീയ രാഷ്ട്ര സമിതി (ബിആര്‍സ്) പ്രസിഡന്റ് ചന്ദ്രശേഖര റാവു രംഗത്തെത്തി. സ്ത്രീകളെ വളരെയധികം ബഹുമാനിക്കുന്ന തെലങ്കാനയില്‍ ഉണ്ടായ ഈ സംഭവം തന്നെ നിരാശപ്പെടുത്തിയെന്നും കെടിആര്‍ പ്രതികരിച്ചു.

' ഞാനും ഒരു പെണ്‍കുട്ടിയുടെ അച്ഛനാണ്. ഒരു പെണ്‍കുട്ടിയും ഇത്തരം സാഹചര്യങ്ങളിലൂടെ കടന്നുപോകരുതെന്നാണ് ഞാന്‍ ആഗ്രഹിക്കുന്നത്. തനിക്കുണ്ടായ മാനസിക ബുദ്ധിമുട്ട് തുറന്നുപറയാന്‍ കാണിച്ച മില്ല മാഗിയുടെ ധൈര്യം പ്രംശംസനീയമാണ്''- കെ ടി ആര്‍ പറഞ്ഞു. മില്ല മാഗിയുടെ ആരോപണങ്ങള്‍ അന്വേഷിക്കാതെ അവരെ കുറ്റക്കാരിയായി കാണുന്ന സര്‍ക്കാരിന്റെ നിലപാട് അങ്ങേയറ്റം ആശങ്കാജനകമാണ്. അവകാശവാദങ്ങള്‍ ശരിയാണെന്ന് തെളിഞ്ഞാല്‍ ഉത്തരവാദികളായവര്‍ക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.




ഇന്ത്യയെ കൊച്ചാക്കാനുള്ള നീക്കം

മില്ലയുടെ ആരോപണങ്ങള്‍ക്ക് മറുപടിയായി, മിസ് വേള്‍ഡ് ഓര്‍ഗനൈസേഷന്‍ സിഇഒയും ചെയര്‍പേഴ്‌സണുമായ ജൂലിയ മോര്‍ലി രംഗത്തെത്തി. മില്ല മാഗി തന്റെ അമ്മയുടെ ആരോഗ്യവുമായി ബന്ധപ്പെട്ട എമര്‍ജന്‍സിയെ തുടര്‍ന്നാണ് മത്സരം ഉപേക്ഷിച്ചതെന്നും, എന്തെങ്കിലും പ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടിയിരുന്നില്ലെന്നുമാണ് അവര്‍ പറയുന്നത്. മാഗി പോയതിനെത്തുടര്‍ന്ന്, മിസ് ഇംഗ്ലണ്ടിലെ ഒന്നാം റണ്ണറപ്പായ ഷാര്‍ലറ്റ് ഗ്രാന്റ് തന്റെ രാജ്യത്തെ പ്രതിനിധീകരിക്കാന്‍ എത്തി. മിസ്സ് വേള്‍ഡ് ഓര്‍ഗനൈസേഷന്‍, മില്ല ഇന്ത്യയില്‍ താമസിച്ചിരുന്ന സമയത്ത് റെക്കോര്‍ഡുചെയ്ത എഡിറ്റ് ചെയ്യാത്ത വീഡിയോകള്‍ പുറത്തുവിട്ടു. അതില്‍ അവര്‍ തനിക്ക് ലഭിച്ച മികച്ച അനുഭവത്തിന് നന്ദിയും സന്തോഷവും അവര്‍ പ്രകടിപ്പിക്കുന്നുണ്ട്.

ഹൈദരബാദില്‍വെച്ച് യാതൊരു പരാതിയും പറയാത്ത ആള്‍ അങ്ങ് ബ്രിട്ടനില്‍ എത്തിയപ്പോള്‍ പ്രതികരിച്ചത് എന്തിനെന്നും ചോദ്യമുണ്ട്. ഒരു അന്താരാഷ്ട്ര പ്രോട്ടോക്കോള്‍ പ്രകാരം നടക്കുന്ന മത്സരമാണിത്. അവിടെ ഹൈദരബാദിലെ സംഘാടകര്‍ക്കായി ഒന്നും കൂട്ടിച്ചേര്‍ക്കാന്‍ കഴിയില്ല. മുമ്പ് നടന്ന മത്സരങ്ങളും ഇങ്ങനെതന്നെതാണ്. അത് എല്ലാം നേരത്തെ തന്നെ മത്സരാര്‍ത്ഥികളെ അറിയിക്കാറുമുണ്ട്. എന്തിട്ടും മാഗി ഇങ്ങനെ പ്രതികരിക്കുന്നതിന് പിന്നില്‍ എന്തോ അജണ്ടയുണ്ടെന്നാണ് സംശയം ഉയരുന്നത്. ഇന്ത്യയെ പരിഹസിക്കാന്‍ അവസരമാക്കി ബ്രിട്ടീഷ് മാധ്യമങ്ങള്‍ എടുത്തിരിക്കയാണെന്ന് സോഷ്യല്‍ മീഡിയ ആക്റ്റീവിസ്റ്റുകള്‍ ചൂണ്ടിക്കാട്ടുന്നത്. സത്യത്തില്‍ മിസ് വേള്‍ഡ് മത്സരത്തിന്റെ രീതികളം പ്രോട്ടോക്കോളും ഒന്നും ഇന്ത്യ ഉണ്ടാക്കിയതല്ല. മിസ് വേള്‍ഡ് ഓര്‍ഗനൈസേഷന്‍ എന്ന രാജ്യാന്തര സംഘടനയുടേതാണ്. മിസ് വേള്‍ഡ് മത്സരത്തിന്റെ പ്രോട്ടോക്കോളുകള്‍ക്ക് എന്തെങ്കിലും പ്രശ്നം ഉണ്ടെങ്കില്‍ അത് ഇന്ത്യയല്ല, മിസ് വേള്‍ഡ് ഓര്‍ഗനൈസേഷനാണ് പരിഹരിക്കേണ്ടത്.



ബുദ്ധിക്ക് പ്രധാന്യമുള്ള കുരങ്ങുകളി എന്ന് മില്ല മാഗി മിസ് വേള്‍ഡ് മത്സരത്തെ കളിയാക്കുന്നുണ്ട്. എന്നാല്‍ ഇതെല്ലാം എല്ലാ മിസ് വേള്‍ഡ് മത്സരത്തിലും നടക്കാറുണ്ട്. ബുദ്ധി ശക്തിയെ അളക്കുന്നത് അവസാനത്തെ നിമിഷങ്ങളില്‍ മാത്രം. ഒരു ചോദ്യം ജഡ്ജിംഗ് കമ്മറ്റി ചോദിക്കും. അതിന് മറുപടി പറയണം. അത് കൂടി കണക്കിലെടുത്താകും വിജയിയെ നിശ്ചയിക്കുക. എന്നാല്‍ ഇതൊന്നും ബ്രിട്ടീഷ് സുന്ദരി അറിയാതെയാണ് ഇന്ത്യയിലെത്തിയതെന്ന തരത്തിലാണ് പ്രതികരണം. ബ്രിട്ടീഷ് മാധ്യമങ്ങളുടെ അമിത വിമര്‍ശനത്തിന് പിന്നില്‍, മിസ് വേള്‍ഡ്പോലുള്ള വലിയ ഒരു ഇവന്റ്, തുടര്‍ച്ചയായ രണ്ടാം വര്‍ഷവും ഇന്ത്യയില്‍ തന്നെ നടക്കുന്നതിന്റെ ചൊരുക്കാണെന്നും ആക്ഷേപമുണ്ട്. ലോകത്തിലെ വിനോദവ്യവസായത്തിന്റെ കേന്ദ്രമായി ഇന്ത്യമാറുന്നതിന്റെ ചൊറിച്ചിലാണ് ഇതെന്നും ചില സോഷ്യല്‍ മീഡിയ ആക്റ്റീവിസ്റ്റുകള്‍ ചൂണ്ടിക്കാട്ടുന്നുണ്ട്.

സ്വിം സ്യൂട്ടിന് പകരം സിപിആര്‍

മറ്റൊരു പ്രശ്നമായി ചൂണ്ടിക്കാട്ടുന്നത് ഒരു ആക്റ്റീവിസ്റ്റ,് ഫെമിനിസ്റ്റ് എന്ന നിലയിലുള്ള മില്ല മാഗിയുടെ ഇടപെടലാണ്. നിലവിലുള്ള രീതിയോട് കഠിനമായി വിയോജിപ്പുള്ള വ്യക്തിയാണ് അവര്‍. ബ്രിട്ടനിലെ മിസ് വേള്‍ഡ് ഇംഗ്ലണ്ട് സൗന്ദര്യമത്സരം പരിഷ്‌ക്കരിച്ചതുതന്നെ അവളുടെ ഇടപടല്‍ കൊണ്ടാണ്. വര്‍ഷങ്ങള്‍ മത്സരത്തില്‍നിന്ന് കാലഹരണപ്പെട്ട സ്വിംസ്യൂട്ട് റൗണ്ട് നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ടത് മില്ല മാഗിയാണ്. നേരത്തെ, ലോക സുന്ദരി മത്സരവേദിയില്‍ സ്വിം സ്യൂട്ട് വസ്ത്രം ധരിക്കാന്‍ ഇന്ത്യയുടെ പ്രിയങ്ക ചോപ്ര തയാറായിരുന്നില്ല.

ഇപ്പോള്‍ ബ്രിട്ടനില്‍, സ്വിം സ്യൂട്ട് വസ്ത്രം ഒഴിവാക്കി എന്ന് മാത്രമല്ല കാലോചിതമായ ചില കാര്യങ്ങള്‍ കൂടി ഉള്‍പ്പെടുത്തുകയും ചെയ്തിട്ടുണ്ട്. അത് സിപിആര്‍ കൊടുക്കുന്നത് അടക്കമുള്ള ജീവന്‍ രക്ഷാമാര്‍ഗങ്ങളെ കുറിച്ചാണ്. ഇതിന് പ്രചോദനമായതും മില്ലയുടെ ജീവിത കഥയാണ്. നിലവില്‍ ലൈഫ് ഗാര്‍ഡാണ് മില്ല. കുടംബത്തിലെ ഒരാള്‍ക്ക് ഹൃദയാഘാതം വന്നപ്പോള്‍ ആര്‍ക്കും സിപിആര്‍ കൊടുക്കാന്‍ അറിഞ്ഞിരുന്നില്ല. അങ്ങശന കണ്‍മുന്നില്‍ അദ്ദേഹം മരിച്ചു. ഈ അനുഭവം മില്ല പറഞ്ഞതോടെയാണ് സുന്ദരി മത്സരത്തിലും സിപിആര്‍ എത്തിയത്. മത്സരാര്‍ഥികള്‍ക്ക് സിപിആറില്‍ എത്ര വൈദഗ്ധ്യമുണ്ടെന്നാണ് പരിശോധിക്കുന്നത്.



എന്നാല്‍ ഇത്തരം പരിഷ്‌ക്കരണങ്ങള്‍ ഒന്നം ലോക സൗന്ദര്യ മത്സരത്തിലേക്ക് എത്തിയില്ല. പഴയ രീതിയില്‍ നടക്കുന്ന ആ രീതിയായിരിക്കും മില്ല മാഗിയെ ചൊടിപ്പിച്ചിരിക്കുക. പക്ഷേ അതിന് പഴി വന്നത് ഇന്ത്യക്ക് മേലാണ്.

തെലങ്കാനയില്‍ വരുന്നത് കോടികള്‍

മിസ് ഇന്ത്യ മത്സരത്തിലെ വിവാദങ്ങള്‍ വന്‍ രാഷ്ട്രീയ പ്രശ്നമായും വളര്‍ന്നിട്ടുണ്ട്. തുടക്കം മുതല്‍ തന്നെ തന്നില്‍നിന്ന് അധികാരം പിടിച്ചെടുത്ത, കോണ്‍ഗ്രസ് മുഖ്യമന്ത്രി രേവന്ദ് റെഡ്ഡിയെ അടിക്കാനുള്ള വടിയായിട്ടാണ ബിആര്‍എസ് നേതാവ് കെ.ടി.ആര്‍ എന്ന കെ ചന്ദ്രശേഖര റാവു ഈ സംഭവത്തെ ഉപയോഗിക്കുന്നത്. തെലങ്കാനയില്‍ ശമ്പളം കൊടുക്കുന്നത് പോലും ബുദ്ധിമുട്ടിയാണെന്ന തുറന്ന് പറഞ്ഞ മുഖ്യമന്ത്രി രേവന്ത് റെഡ്ഡി, മിസ് വേള്‍ഡ് മത്സരത്തിനായി 200 കോടി രൂപയും ഹൈദരാബാദില്‍ നടക്കുന്ന ഫോര്‍മുല-ഇ കാറോട്ട മത്സരത്തിനായി 46 കോടി രൂപയുമാണ് അനുവദിച്ചത്. 71,000 കോടി രൂപയാണ് സംസ്ഥാനത്തെ റവന്യൂ കമ്മി. ശമ്പളം കൊടുക്കാനും അടിസ്ഥാന ചിലവുകള്‍ക്കും പാടുപെടുന്ന സമയത്താണ് മിസ് വേള്‍ഡ് മത്സരത്തിനും കാറോട്ട മത്സരത്തിനും സര്‍ക്കാര്‍ കോടികള്‍ ചിലവിടുന്നതെന്നും കെടിആര്‍ ആരോപിച്ചു.

പൊതുജനങ്ങളുടെ പണം സൗന്ദര്യ മത്സരങ്ങള്‍ക്ക് ഉപയോഗിക്കുന്ന വികലമായ യുക്തി വിശദീകരിക്കാന്‍ അദ്ദേഹം രാഹുല്‍ ഗാന്ധിയോട് സാമൂഹിക മാധ്യമമായ എക്‌സിലൂടെ നേരത്തേ ആവശ്യപ്പെട്ടിരുന്നു. നിയമസഭയിലും വലിയ പ്രതിഷേധമാണ് സര്‍ക്കാരിനെതിരെ ബിആര്‍എസ് നടത്തിയത്. ഉണങ്ങിയ വിളകള്‍ കയ്യിലേന്തിയ പ്രതിപക്ഷ എംഎല്‍എമാര്‍, കോണ്‍ഗ്രസ് ഉണ്ടാക്കിയ വരള്‍ച്ചയാണ് ഇപ്പോഴുണ്ടായതെന്ന് ആരോപിച്ചു. മിസ് വേള്‍ഡ് മത്സരത്തിനായി അനുവദിച്ച തുക കര്‍ഷകരെ സഹായിക്കാനായി വകമാറ്റണമെന്ന് പ്രതിപക്ഷ എംഎല്‍എമാര്‍ ആവശ്യപ്പെട്ടു.

എന്നാല്‍ പ്രതിപക്ഷത്തിന്റെ ആരോപണങ്ങള്‍ക്ക് ശക്തമായ മറുപടിയുമായി മുഖ്യമന്ത്രി രേവന്ത് റെഡ്ഡി രംഗത്തെത്തി. മുന്‍ മുഖ്യമന്ത്രിയായ ബിആര്‍എസ് നേതാവ് കെ. ചന്ദ്രശേഖര്‍ റാവുവാണ് തെലങ്കാനയുടെ നിലവിലെ അവസ്ഥയ്ക്ക് കാരണമെന്ന് അദ്ദേഹം ആരോപിച്ചു. തെലങ്കാനയെ പാപ്പരാക്കിയെന്ന് രേവന്ത് റെഡ്ഡി കുറ്റപ്പെടുത്തി. കോണ്‍ഗ്രസ് സര്‍ക്കാര്‍ അധികാരമേല്‍ക്കുമ്പോള്‍ വലിയ പൊതുകടമാണ് ബിആര്‍എസ് ബാക്കിവെച്ചത്. അതിന്റെ പലിശയായി മാസം 1.53 ലക്ഷം കോടിയാണ് അടയ്ക്കുന്നതെന്നും രേവന്ത് റെഡ്ഡി പറഞ്ഞു.

'മുന്‍ സര്‍ക്കാര്‍ ഉണ്ടാക്കിയ കടത്തിന്റെ പലിശയായി മാസം 1.53 ലക്ഷം കോടി രൂപയാണ് സര്‍ക്കാര്‍ അടയ്ക്കുന്നത്. ഇത്ര വലിയ തുക കയ്യില്‍ വെക്കാന്‍ കഴിഞ്ഞിരുന്നെങ്കില്‍ സര്‍ക്കാരിന് എല്ലാവര്‍ക്കും വീട് നിര്‍മ്മിച്ച് നല്‍കുകയും കര്‍ഷകരുടെ വായ്പ്പകള്‍ എഴുതിത്തള്ളുകയും ചെയ്യാമായിരുന്നു.' -രേവന്ത് റെഡ്ഡി വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയോട് പറഞ്ഞു.



ഇവിടെ ഫോര്‍മുലാ വണ്‍ കാറോട്ട മത്സരവും വിശ്വസുന്ദരീ മത്സവരുമൊക്കെ പിടിച്ചുകൊണ്ട് മറ്റൊരുപരിപാടി കൂടി രേവന്ത് റെഡ്ഡി ലക്ഷ്യമിടുന്നുണ്ട്. മുബൈയും, ഡല്‍ഹിയും, പനാജിയുമൊന്നുമല്ല ഇന്ത്യയുടെ ആഘോഷനഗരമെന്നും, അത് ഹൈദരബാദ് ആണെന്നും അദ്ദേഹം തെളിയിക്കുകയാണ്. തെലങ്കാന ടൂറിസത്തെ ലോകത്തിനുമുന്നില്‍ പരിചയപ്പെടുത്താനുള്ള അവസരമായിട്ടാണ് അദ്ദേഹം ഈ ഇവന്റുകളെ കാണുന്നത്. 200 കോടി സര്‍ക്കാര്‍ കൊടുത്തുക്കുന്ന ഒരു മേളയുടെ ടെലിവഷന്‍ സംപ്രേഷണ അവകാശം വഴി 2000 കോടി രൂപയാണ് തെലങ്കാന ലാഭം നേടുന്നത്. അതുവഴി ലഭിക്കുന്ന ആയിരക്കണക്കിന് തൊഴിലുകള്‍ വേറെയും. ടാക്സി ഡ്രൈവര്‍മാര്‍ തൊട്ട് ഹോട്ടലുകാര്‍വരെ ഈ ഇവന്റിന്റെ ഗുണഭോക്താക്കളാണ്. ഭാവിയില്‍ വരുന്ന ടൂറിസം സാധ്യതകള്‍ വേറെയും. ചുരക്കിപ്പറഞ്ഞാല്‍ കോടികള്‍ എറിഞ്ഞ് കോടികള്‍ നേടുക തന്നെയാണ് തെലങ്കാനയുടെ ലക്ഷ്യം.

ഐശ്വര്യ റായ് അടക്കമുള്ളവര്‍

തുടക്കം മുതല്‍ വിവാദത്തിന്റെ ചരിത്രമാണ് മിസ് വേള്‍ഡിന്റെത്. ഫെസ്റ്റിവല്‍ ഓഫ് ബ്രിട്ടന്‍ ആഘോഷങ്ങളുടെ ഭാഗമായി 1951-ല്‍ എറിക് മോര്‍ലി എന്ന ടിവി അവതാരകന്‍ ഇംഗ്ലണ്ടില്‍ തുടങ്ങിയ മത്സരമാണ് പിന്നീട് ലോകപ്രശസ്തമായ മിസ് വേള്‍ഡ് മത്സരമായത്. രണ്ടാം ലോകയുദ്ധത്തിനു ശേഷം വിവിധ സാംസ്‌കാരിക പരിപാടികള്‍ സംഘടിപ്പിക്കുന്നതിന്റെ ഭാഗമായിട്ടാണ് മിസ് വേള്‍ഡ് ലണ്ടനില്‍ നടത്തിയത്. 27 പേര്‍ പങ്കെടുത്ത ആദ്യ മത്സരത്തില്‍ സ്വീഡനുവണ്ടേി കിക്കി ഹക്കാസന്‍ ആണ് വിജയിച്ചത്. അന്ന് ബിക്കിനി ധരിച്ചായിരുന്നു മത്സരം. ബിക്കിനി ധരിച്ച് കിരീടം നേടിയ കിക്കി ഏറെ വിമര്‍ശിക്കപ്പെട്ടു. സ്വീഡനിലും അവര്‍ക്ക് എതിര്‍പ്പ് നേരിട്ടു. പല രാജ്യങ്ങളും മിസ് വേള്‍ഡില്‍നിന്ന് പിന്‍മാറി. വേള്‍ഡിന്റെ ചരിത്രത്തില്‍ ബിക്കിനിയില്‍ കിരീടം നേടിയ ഏക വനിത ഇവര്‍ ആയിരുന്നു!

പക്ഷേ തുടര്‍ന്നും എല്ലാ വര്‍ഷവും മത്സരം നടത്തപ്പെട്ടു. 1959 മുതല്‍ ബിബിസി മത്സരം പ്രക്ഷേപണം ചെയ്തുതുടങ്ങി. ഇതോടെ ചുരുങ്ങിയ വര്‍ഷങ്ങള്‍ക്കൊണ്ട് തന്നെ ടിവിയില്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ കാണുന്ന പരിപാടികളിലൊന്നായി മിസ് വേള്‍ഡ് മത്സരം മാറി. ജനപ്രീതി വര്‍ധിച്ചതോടെ വിജയികള്‍ക്കു ലഭിക്കുന്ന സമ്മാനങ്ങളില്‍ ആഡംബരവുമേറി. ആദ്യ മിസ് വേള്‍ഡിന് കിട്ടിയത്, 5000 രൂപയും പൂച്ചക്കുട്ടിയുമാണ്. പക്ഷേ ഇപ്പോള്‍ ഒരുലക്ഷം ഡോളര്‍ വില വരുന്ന വജ്ര കിരീടമാണ്. പക്ഷേ അത് എവര്‍ റോളിങ്ങാണ് സ്വന്തമായി കൈയില്‍ കിട്ടില്ല. പഷേ വമ്പന്‍ കാഷ് പ്രൈസ്. ലണ്ടനില്‍ സ്വന്തമായി അപ്പാര്‍ട്ട്മെന്റ്, ലോകോത്തര ബ്രാന്‍ഡുകളുടെ വസ്ത്രങ്ങള്‍, ആഭരണങ്ങള്‍, മേക്കപ്പ് സാധനങ്ങള്‍ തുടങ്ങിയവ സൗജന്യം. ലോകമെങ്ങും യാത്രകള്‍. പരസ്യ ചിത്രങ്ങളിലും സിനിമകളിലും അവസരം... സ്വപ്ന തുല്യമാണ് മിസ് വേള്‍ഡിന്റെ ഒരു വര്‍ഷത്തെ വരുമാനം. അതുകൊണ്ടുതന്നെ ലോക മെമ്പാടുമുള്ള സുന്ദരികളുടെ സ്വപ്നവുമാണ് ഈ ടൈറ്റില്‍.

2000ത്തില്‍ എറിക്ക് മോര്‍ലിയുടെ മരണശേഷം ഭാര്യ ജൂലിയ മോര്‍ലിയുടെ നേതൃത്വത്തിലാണ് മത്സരം നടക്കുന്നത്. മിസ് യൂണിവേഴ്സ്, മിസ് ഇന്റര്‍നാഷണല്‍, മിസ് എര്‍ത്ത് എന്നിവയ്‌ക്കൊപ്പം, ഈ മത്സരം ബിഗ് ഫോര്‍ ഇന്റര്‍നാഷണല്‍ സൗന്ദര്യമത്സരങ്ങളില്‍ ഒന്നാണ്. സൗന്ദര്യവും ബുദ്ധിയും അറിവും പരിശോധിച്ചാണ് ലോകസുന്ദരിമാരെ തെരഞ്ഞെടുക്കുന്നത്. 1966 ല്‍ റീത്തഫാരിയാണ് ആദ്യമായി ഇന്ത്യയില്‍ ലോക സുന്ദരി കിരീടം കൊണ്ടു വന്നത്. അതിനു ശേഷം 28 വര്‍ഷങ്ങള്‍ക്കു ശേഷമാണ് ഐശ്വര്യ റായ് വീണ്ടും കിരീടം ചൂടിയത്. പിന്നീട് ഡയാന ഹെയ്ഡന്‍, യുക്ത മുഖി, പ്രിയങ്കാ ചോപ്ര, മാനുഷ്യ ചില്ലാര്‍ എന്നിവരാണ് പിന്‍കാമികള്‍. പ്രിയങ്ക ചോപ്ര കിരിടം നേടി 17 വര്‍ഷത്തിനു ശേഷമാണ് മനുഷ്യ ചില്ലാര്‍ കിരീടം നേടുന്നത്. മലയാളിയായ പാര്‍വതി ഓമനക്കുട്ടന്‍ 2008-ല്‍ മിസ് വേള്‍ഡ് റണ്ണര്‍ അപ്പായിരുന്നു. ഇതില്‍ ഐശ്വര്യ റായ് ടൈറ്റില്‍ വിന്നര്‍ ആയതോടെയാണ് സൗന്ദര്യമത്സരത്തിന്റെ വിപണിയായി ഇന്ത്യ മാറുന്നത്.



1970ല്‍ ലണ്ടനിലെ റോയല്‍ ആല്‍ബര്‍ട്ട് ഹാളില്‍ നടന്ന തത്സമയ പരിപാടിയില്‍ ഫെമിനിസ്റ്റ് പ്രതിഷേധക്കാര്‍ ബോംബുകള്‍ എറിഞ്ഞത് അടക്കമുള്ള നിരവധി അതിക്രമങ്ങള്‍ ഈ മത്സരത്തിനുനേരെ ഉണ്ടായിട്ടുണ്ട്. വേദിമാറ്റലും, ബോംബ് ഭീഷണിയുമൊക്കെ അതിജീവിച്ചാണ് മേള വളര്‍ന്നത്. 1996-ല്‍ ആദ്യമായി സൗന്ദര്യമത്സരത്തിന്റെ ആതിഥേയത്വം ഇന്ത്യ സ്വീകരിച്ചപ്പോള്‍ ബാംഗ്ലൂരില്‍ വ്യാപകമായ പ്രതിഷേധം നടന്നു. സിമ്മിങ് സ്യൂട്ട് മത്സരത്തിനിടെ വെടിവയ്പ്പ് നടന്നു. പിന്നീട് ആ മത്സരം സീഷെല്‍സിലേക്ക് മാറ്റി, കനത്ത സുരക്ഷയും ഏര്‍പ്പെടുത്തി. സദാചാരവാദികളുടെയും, മതമൗലികവാദികളുടെയും എതിര്‍പ്പ് മറികടന്ന്, മിസ് വേള്‍ഡ് കോണ്ടസ്റ്റ് മുന്നോട്ടു തന്നെ പോവുകയാണ്.


വാല്‍ക്കഷ്ണം: ലോക സുന്ദരി മത്സരത്തിനെതിരെ ഇസ്ലാമിക മതമൗലികവാദികള്‍ അടക്കമുള്ളവര്‍ പലരീതിയിലുള്ള പ്രതിഷേധങ്ങളും നടത്തിയിട്ടുണ്ട്. പക്ഷേ അവര്‍ക്കൊന്നും കോഴിക്കോട്ടുകാരനായ രാംദാസ് വൈദ്യര്‍ നടത്തിയ ആക്ഷേപഹാസ്യത്തിന്റെ അടുത്ത് എത്താന്‍ കഴിഞ്ഞിട്ടില്ല. സൗന്ദര്യമത്സരത്തിന് ബദലായി വൈദ്യര്‍ ലോക വിരൂപ മത്സരം സംഘടിപ്പിച്ചു. ബിബിസി അടക്കമുള്ള ലോക മാധ്യമങ്ങള്‍ പോലും അത് വാര്‍ത്തയാക്കുകയും ചെയ്തു!