'നായിന്റെ മക്കള്‍'! ഹമാസിനെ ഇങ്ങനെ വിളിച്ചത് ഫലസ്തീന്‍ അതോരിറ്റി പ്രസിഡണ്ട് സാക്ഷല്‍ മഹ്‌മൂദ് അബ്ബാസാണ്. അല്ലാതെ ഇസ്രയേല്‍ പ്രധാനമന്ത്രി ബഞ്ചമിന്‍ നെത്യാഹുവല്ല. ഹമാസ് ഗസ്സയുടെ ശാപമാണ് എന്നാണ് മഹുമുദ് അബ്ബാസ് പറയുന്നത്. ഇപ്പോള്‍ അറബ് രാജ്യങ്ങളും അതേ വഴിയിലേക്ക് വന്നു കഴിഞ്ഞു. 'ഞങ്ങള്‍ക്ക് സമാധാനം വേണം, ഭക്ഷണം വേണം, ജീവിതം വേണം, നിങ്ങളീ മണ്ണ് വിട്ടു പോകൂ' എന്ന് ഹമാസിനോട് പറഞ്ഞത് ഗസ്സയില്‍ നിരവധി പ്രകടനങ്ങള്‍ നടന്നു കഴിഞ്ഞു.

അപ്പോഴൊക്കെ ഹമാസ് പിടിച്ചുനിന്നത് പ്രൊപ്പഗന്‍ഡകള്‍ വഴിയായിരുന്നു. ആശുപത്രിക്ക് അകത്ത് തുരങ്കമുണ്ടാക്കി ഒളിച്ചിരുന്ന് റോക്കറ്റ് ആക്രമണം നടത്തുക, ഇസ്രയേല്‍ തിരിച്ച് ആക്രമണം നടത്തുമ്പോള്‍ ആശുപത്രി തകര്‍ത്തേ എന്ന് നിലവിളിക്കുക. സ്ത്രീകളെയും കുട്ടികളെയും മനുഷ്യകവചമാക്കുക, എന്നിട്ട് മരണം സംഭവിക്കുമ്പോള്‍ അതിന്റെ പേരില്‍ ഇരവാദമിറക്കുക. ഈ പ്രൊപ്പഗന്‍ഡകളൊക്കെ തൊണ്ട തൊടാതെ വിഴുങ്ങുന്നതില്‍ രാജ്യന്തര മാധ്യമങ്ങള്‍ പോലുമുണ്ട്. ഒന്ന് പൊളിയുമ്പോള്‍ അടുത്ത പ്രെപഗന്‍ഡ എടുത്തിടുകയാണ് ഹമാസിന്റെ രീതി. ഇപ്പോള്‍ ഇസ്രയേല്‍ ആക്രമണം മൂലമുണ്ടായ പട്ടിണിമൂലം എല്ലും തോലുമായ കുട്ടികളുടെ ചിത്രങ്ങള്‍ വെച്ചാണ് ഹമാസ് പ്രൊപ്പഗന്‍ഡാ ഫാക്ടറി പ്രവര്‍ത്തിക്കുന്നത്.

ഫലസ്തീനില്‍ അഭയാര്‍ത്ഥി ക്യാമ്പുകളും യു എന്നിന്റെ ഏജന്‍സികളും പ്രവര്‍ത്തിക്കുന്നുണ്ട്. അതിനെയെല്ലാം ഏകോപിക്കുന്നത് യുഎന്‍ആര്‍ഡബ്ലയുഎ (യുണൈററഡ് നാഷന്‍സ് റിലീഫ് ആന്‍ഡ് വര്‍ക്ക് ഏജന്‍സി ഫോര്‍ ഫലസ്ഏന്‍ റെഫ്യൂജീസ് ഇന്‍ ദ നിയര്‍ ഈസ്റ്റ്) എന്ന ഏജന്‍സിയാണ്. 1949-ല്‍ സ്ഥാപിക്കപ്പെട്ട ഈ സംഘടനയിലുടെയാണ് ഫലസ്തീന്‍ അഭയാര്‍ത്ഥികള്‍ക്ക് വിദ്യാഭ്യാസം, ആരോഗ്യം, ഭക്ഷണം, താമസം തുടങ്ങിയ അവശ്യസേവനങ്ങള്‍ നല്‍കുന്നു. അത് കൂടാതെ ഇതിന് കീഴില്‍ ഡബ്ലയുഇപിയും (വേള്‍ഡ് ഫുഡ് പ്രോഗ്രാം) വിദ്യാഭ്യാസവും അടക്കമുള്ള മറ്റ് ഏജന്‍സികള്‍ പ്രവര്‍ത്തിക്കുന്നത്.

പക്ഷേ ഈ യുഎന്‍ആര്‍ഡബ്ലയുഎ പ്രവര്‍ത്തിക്കുന്നത് ഹമാസിന്റെ കീഴിലാണെന്നത് പലര്‍ക്കും അറിയാത്ത സത്യമാണ്. ഗസ്സയിലെ മരണസംഖ്യയുമായി ബന്ധപ്പെട്ടൊക്കെ ലോക വ്യാപകമായി മാധ്യമങ്ങള്‍ വാര്‍ത്ത കൊടുക്കാറുള്ളത്് ഗസ്സ ആരോഗ്യമന്ത്രാലയത്തില്‍ നിന്ന് കിട്ടുന്ന വിവരങ്ങള്‍ അനുസരിച്ചയാണ്. ഇത് യുഎന്‍ നിയന്ത്രിക്കുന്ന നിഷ്പക്ഷ ഏജന്‍സിയാണെന്നാണ് പലരുടെയും ധാരണ. ഇവരെ ഉദ്ധരിച്ച് വസ്തുതാവിരുദ്ധമായ പ്രചാരണം നടത്തിയവരില്‍ മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ജോ ബെയ്ഡന്‍ വരെ ഉണ്ട്. വാസ്തവത്തില്‍, ഗസ്സന്‍ ആരോഗ്യ മന്ത്രാലയം എന്ന എംഒഎച്ച്, ഹമാസിന്റെ പൂര്‍ണ നിയന്ത്രണത്തിലാണ്.

ചരുക്കിപ്പറഞ്ഞാല്‍ ഹമാസ് നല്‍കുന്ന കണക്കാണ് മാധ്യമങ്ങളില്‍ വരുന്നത്. അതുപോലെ കൃത്യമായ പ്രൊപ്പഗന്‍ഡാ ഫാക്ടറിയുള്ള സംഘടനകൂടിയാണ് ഹമാസ്. എതിരാളികളെ ഏത് മ്ലേഛമായ രീതിയില്‍ കരിതേച്ച് കാണിക്കാനും, തങ്ങള്‍ ചെയ്യുന്ന ക്രൂരതകള്‍ എല്ലാം മറച്ചുവെച്ച് സ്വാതന്ത്ര്യസമര പോരാളികളായി ചിത്രീകരിക്കാനുമുള്ള വലിയ പ്രൊപ്പഗന്‍ഡാ ടീമും അവര്‍ക്ക് ഒപ്പമുണ്ട്. അവര്‍ ഉണ്ടാക്കിയെടുത്ത അവസാനത്തെ അടവാണ്, ഗസ്സയിലെ പട്ടണി മരണങ്ങള്‍!



ഖേദം പ്രകടിപ്പിച്ച ന്യുയോര്‍ക്ക് ടൈംസ്

ഹമാസിന്റെ പ്രൊപ്പഗന്‍ഡാ ഹാന്‍ഡിലുകളുടെ പ്രധാന ജോലികളില്‍ ഒന്ന് വ്യാജഫോട്ടോ നിര്‍മ്മാണമാണ്. ഗസ്സയിലെ കുട്ടികള്‍ എല്ലുതോലുമായി എന്ന് കാണിക്കാന്‍ നിരവധി വ്യാജ ഫോട്ടോകളാണ് ഇവര്‍ പടച്ചുവിടുന്നത്. അത്തരത്തിലൊന്ന് എടുത്തുകൊടുത്തതിന്റെ പേരില്‍, ലോകപ്രശസ്തമായ ന്യൂയോര്‍ക്ക് ടൈസിന് ഈയിടെ ഖേദപ്രകടനത്തോടെ വിശദീകരണവും കൊടുക്കേണ്ടി വന്നു.

ഗസ്സയില്‍ പട്ടിണി മരണം നടക്കുന്നുവെന്ന, ഒന്നാം പേജ് സ്റ്റോറിയോടൊപ്പം ന്യൂയോര്‍ക്ക് ടൈംസ് കൊടുത്ത ഫോട്ടോ, മുഹമ്മദ് സഖറിയ അല്‍ മുതവഖ് എന്ന ഗസ്സയിലെ കുട്ടിയുടേതാണ്. ആ കുട്ടിക്ക് നേരത്തെ തന്നെ ജനിതക രോഗം ഉണ്ടെന്ന് പത്രം ഇപ്പോള്‍ സമ്മതിക്കുന്നു. ഇസ്രയേലിനെതിരെ വെറുപ്പുണ്ടാക്കണമെന്ന് ലക്ഷ്യംവെച്ച്, ഈ ചിത്രം പ്രസിദ്ധീകരിച്ച് ദിവസങ്ങള്‍ കഴിഞ്ഞാണ് ന്യൂയോര്‍ക്ക് ടൈംസിന്റെ തിരുത്ത്. കഴിക്കാന്‍ ഭക്ഷണം ഇല്ലാഞ്ഞിട്ടായിരുന്നില്ല, അസുഖം കാരണമാണ് കുട്ടി അവശനായത്. അത് ജന്‍മനാ ഉള്ള അസുഖമാണ്. അത് മറച്ചുവെച്ചാണ് ഹമാസ് പ്രചാരണം. രാജ്യാന്തരമാധ്യമങ്ങള്‍പോലും, യാതൊരു ശ്രദ്ധയുമില്ലാതെ അത് ഏറ്റുപിടിക്കയാണ്.



ഹമാസ് രോഗങ്ങളുള്ള കുഞ്ഞുങ്ങളുടെ പടം പട്ടിണിയാക്കി മാറ്റി പ്രചരിപ്പിക്കുന്നുണ്ട് എന്ന ഈ ന്യൂയോര്‍ക്ക് ടൈംസ് പോലെ ഒരു പത്രത്തിന് അറിയില്ല എന്നത് അവിശ്വസനീയമാണ്. വൈറലായ മറ്റൊരു ഫോട്ടോയാണ്, അഞ്ചുവയസ്സുള്ള ഒസാമാ അല്‍ റകബിന്റെത്. ഇതും ഇസ്രയേല്‍ ഉണ്ടാക്കുന്ന പട്ടിണിക്ക് ഉദാഹരണമയാണ് കാണിച്ചത്. പക്ഷേ ഈ കുട്ടിക്കും ജനിതകരോഗമായിരുന്നു. ജൂണ്‍ 12ന് രമോന്‍ വിമാനത്താളവം വഴി, അമ്മക്കും സഹോദരനും ഒപ്പം കുട്ടിയെ ഗസ്സയില്‍ നിന്ന് ഇസ്രയേല്‍ പ്രതിരോധ സൈന്യത്തിന്റെ യൂണിറ്റ് ചികിത്സക്കായി ഇറ്റലിയില്‍ എത്തിച്ചുവെന്നാണ് വസ്തുത. നോക്കണം, ഇസ്ലാമിസ്റ്റുകള്‍ കൊലയാളികള്‍ എന്ന് വിളിക്കുന്ന ഇസ്രയേലാണ് ഈ കുട്ടിയെ ചികില്‍സക്കായി കൊണ്ടുപോയത്.

2018- ല്‍ യെമനിലെ ആഭ്യന്തര യുദ്ധത്തെ തുടര്‍ന്നുണ്ടായ പട്ടിണിയിലായ കുട്ടികളെുടെ ചിത്രംവെച്ചും ഹമാസ് പ്രചാരണം നടത്തി. ചിത്രമാണ്. പുലിറ്റ്സര്‍ പുരസ്‌കാരം നേടിയ ടെയ്ലര്‍ ഹിക്സ് എടുത്ത, യമനിലെ അമല്‍ ഹുസൈന്‍ എന്ന എല്ലും തോലുമായ കുട്ടിയുടെ ഈ ഫോട്ടോ എടുത്തത ഈ ഫോട്ടോ 2018-ല്‍ ന്യൂയോര്‍ക്ക് ടൈംസിലടക്കം വന്നിരുന്നു. ഇപ്പോള്‍ ഈ കുട്ടിയുടെ ഫോട്ടോയും ഇസ്രയേലിന്റെ ഇര എന്ന് പറഞ്ഞ്, കേരളത്തിലടക്കം വ്യാപകമായി പ്രചരിക്കുന്നുണ്ട്. ഇതിന്റെ അര്‍ത്ഥം ഇസ്രയേലില്‍ ദാരിദ്ര്യമോ ഭക്ഷ്യക്ഷാമമോ ഇല്ല എന്നല്ല. പക്ഷേ ആഫ്രിക്കന്‍ രാജ്യങ്ങളെപ്പോലെ, കുട്ടികള്‍ വിശന്ന് മരിക്കുന്ന അവസ്ഥ അവിടെയില്ല. ഗസ്സയുടെ ചില ഭാഗങ്ങളില്‍ ഭക്ഷണത്തിനായി ക്യൂ രൂപപ്പെടുത്തുതന്നെ വിതരണത്തിലെ പ്രശ്നം മൂലമാണ്.

പട്ടിണി കുട്ടികളെ മാത്രം ബാധിക്കുന്ന വിഷയം അല്ല. അത് മാതാപിതാക്കളേയും ബാധിക്കും. നല്ല ആരോഗ്യമുള്ള മാതാപിതാക്കള്‍ പട്ടിണി എന്ന് പറഞ്ഞ്, അസുഖ ബാധിതരായ കുട്ടികളെ പ്രദര്‍ശിപ്പിച്ച് നില്‍ക്കുന്ന ഫോട്ടോ കണ്ടാല്‍ തന്നെ കാര്യങ്ങള്‍ വ്യക്തമാണ്. യഥാര്‍ത്ഥത്തില്‍ പട്ടിണിയുള്ള ആഫ്രിക്കയിലേക്ക് നോക്കുക. അവിടെ അമ്മമാരും കുട്ടികളും ഒരുപോലെ എല്ലും തോലുമാണ്.

ആഭ്യന്തര യുദ്ധത്തെ തുടര്‍ന്ന് 2025-ലെ കണക്ക് പ്രകാരം, സുഡാനില്‍ 7,70,000-ത്തിലധികം കുട്ടികള്‍ പട്ടിണിയെ നേരിടുന്നു. ഇതില്‍ തന്നെ 2,22,000-ത്തിലധികം കുട്ടികള്‍ അടുത്ത കുറേ മാസങ്ങളില്‍ തന്നെ മരിക്കാം എന്ന് പ്രത്യേകമായുള്ള മുന്നറിയിപ്പ് വിവിധ ആരോഗ്യ സംഘടനകള്‍ നല്‍കുന്നു. 3.2 മില്യണ്‍ കുട്ടികള്‍ ശക്തമായ പോഷകാഹാര ക്ഷാമം നേരിടുന്നു. 15 മില്യണ്‍ കുട്ടികള്‍ അടങ്ങുന്ന ആകെ 25 മില്യണ്‍ ജനങ്ങള്‍ ഇപ്പോള്‍ ഭക്ഷ്യസുരക്ഷ ഇല്ലാന്ന അവസ്ഥയില്‍ കുഴയുന്നു. സുഡാനില്‍ 85,000 - ല്‍ അധികം കുട്ടികളാണ് 2015 മുതല്‍ മാത്രം പട്ടിണി മൂലമാണ് മരണപ്പെട്ടത്.

യമനില്‍ 85,000-ല്‍ കൂടുതല്‍ കുട്ടികള്‍ കഴിഞ്ഞ പത്തു വര്‍ഷത്തിലെ പട്ടിണിയില്‍ മരിച്ചതായി കണക്കാക്കുന്നു. ഇവിടെ 1.2 മില്യണ്‍ കുട്ടികള്‍ക്ക് ഉടന്‍ ജീവഭീഷണിയിലാണ്, 17 മില്യണ്‍ പട്ടിണി നേരിടുന്നുണ്ട്. ഗസ്സയേക്കാള്‍ പത്തിരട്ടി ആളുകള്‍ കഷ്ടപ്പെടുന്ന സ്ഥലത്തേക്ക് എത്തുന്ന സഹായങ്ങള്‍ ഗസ്സയില്‍ എത്തുന്നതിന്റെ പത്തിലൊന്നുപോലുമില്ല! നൈജീരിയ, സൊമാലിയ, കോംഗോ തുടങ്ങിയ ആഫ്രിക്കന്‍ രാജ്യങ്ങളിലും ഭീകരമായ ഭക്ഷ്യക്ഷാമമുണ്ട്. അവിടുത്തെ ജനതുടെ ചിത്രമെടുത്താല്‍ മെലിഞ്ഞ് ഉണങ്ങി വാരിയെല്ലുകള്‍ പുറത്തുകാണാം. എന്നാല്‍ ഗസ്സയിലെ ചിത്രങ്ങളില്‍ തടിച്ച്കൊഴുത്ത അമ്മമാരെയും, മെലിഞ്ഞ് എല്ലുതോലുമായ കുട്ടികളെയുമാണ് കാണുന്നത്. വല്ലാത്ത പ്രതിഭാസമാണിത്. ജനിതക വൈകല്യങ്ങള്‍ തൊട്ട് വാഹനാപകടത്തില്‍ പരിക്കേറ്റ കുട്ടികളെവരെ ഇസ്രയേല്‍ സൃഷ്ടിച്ച് പട്ടിണിയുടെ ഇരയാക്കി മാറ്റുകയാണ് ഹമാസ് ചെയ്യുന്നത്.




ജനിതകവൈകല്യത്തിന് പിന്നിലാര്?

ഗസ്സയില്‍ ജനിതക വൈകല്യമുള്ള കുഞ്ഞുങ്ങള്‍ ജനിക്കുന്നതിനും പഴി ഇസ്രയേലിനാണ്. പക്ഷേ ഇത് ഗസ്സയിലെ മാത്രം പ്രശ്നമല്ല. മസ്‌ക്യുലാര്‍ ഡിസ്ട്രോഫി, സെറിബ്രല്‍ പാള്‍സി, ബോണി ഡിസ്‌ട്രോഫികള്‍, ലിപോയിഡിസ്റ്റ്രോഫി, മാര്‍ഫന്‍ സിന്‍ഡ്രോം, പ്രോഗേറിയ, തുടങ്ങിയ മാരകമായ രോഗങ്ങള്‍ കേരളം അടക്കം എല്ലായിടങ്ങളിലും ഏറിയും കുറഞ്ഞും കാണാം. കണ്ടാല്‍ തന്നെ മനസ് വേദനിക്കുന്നതാണ്, അത് കുട്ടികള്‍ക്കാണങ്കില്‍ പറയുകയും വേണ്ട. അത്തരം ചിത്രങ്ങള്‍ വച്ചു കൊണ്ട് വ്യാജ പ്രചരണങ്ങള്‍ സംഘടിപ്പിക്കുന്നതാണ് മനുഷ്യത്വ വിരുദ്ധത. അത് ചെയ്യുന്നത് ഭിക്ഷാടന മാഫിയപോലെയുള്ള പ്രവര്‍ത്തിയാണ്. അതാണ് ഗസ്സയില്‍ ഹമാസ് ചെയ്യുന്നത്. രക്തബന്ധത്തില്‍ ഉണ്ടാവുന്ന കുഞ്ഞുങ്ങള്‍ക്ക് ജനിതക വൈകല്യം ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ് എന്നു വൈദ്യശാസ്ത്രം പറയുന്നു.

നമ്മുടെ നാട്ടിലും ഇത്തരത്തില്‍ രക്തബന്ധത്തില്‍ ഉള്ളവര്‍ തമ്മിലുള്ള വിവാഹം ധാരാളമായിരുന്നു. അമ്മയുടെ സഹോദരന്റെ മകളെ/ മകനെ കല്യാണം കഴിക്കുക ഇന്നും അപൂര്‍വമായി നടക്കാറുണ്ട്, തമിഴ്നാട്ടില്‍ ആണെങ്കില്‍ അമ്മയുടെ സഹോദരനെ തന്നെ കല്യാണം കഴിക്കാം. പക്ഷേ ഇത്തരത്തില്‍ രക്ത ബന്ധത്തിലുള്ളവര്‍ വിവാഹം കഴിച്ച് കുഞ്ഞുങ്ങള്‍ ഉണ്ടായാല്‍ ജനിതക രോഗങ്ങളും വര്‍ധിക്കും. ഇതുസംബന്ധിച്ച് നിരവധി പഠനങ്ങളുണ്ട്. ഗസ്സയിലും രക്തബന്ധുക്കള്‍ തമ്മിലുള്ള വിവാഹത്തിന്റെ നിരക്ക് കൂടുതലാണ്. ജനിതക വൈകല്യങ്ങള്‍ക്കുള്ള ഒരുകാരണവും അതാവാം.

ഗസ്സയില്‍ കുട്ടികള്‍ക്കുണ്ടാവുന്ന മറ്റ് അസുഖങ്ങളുടെ വ്യാപനം കൂടതലാണ്. കൃത്യമായ പ്രസവ രക്ഷ ചികില്‍സകള്‍, ഗര്‍ഭസ്ഥ രോഗനിര്‍ണ്ണയങ്ങള്‍, ശിശു സംരക്ഷണ സംവിധാനങ്ങള്‍ കുടുംബാസൂത്രണങ്ങള്‍, സര്‍വ്വോപരി എല്ലാവരും വാക്സിനേഷനുകള്‍ എടുക്കുന്‍ പതിവും എന്നിവ ഗസ്സയില്‍ ഇല്ല. പൊതുവേ മതപ്രചോദിതമായ അന്ധവിശ്വാസം മുന്‍ നിര്‍ത്തി വാക്സിനേഷന്‍ അടക്കമുള്ളവയോട് മുഖം തിരിഞ്ഞ് നില്‍ക്കുന്നവരാണ് ഇസ്ലാമിസ്റ്റുകള്‍. 100 ശതമാനം സാക്ഷരത കൈവരിച്ച കേരളത്തിലെ കടുത്ത മത വിശ്വാസികള്‍ പോലും വാക്സിനുകള്‍ക്ക് എതിരാണ്, എന്തിനേറെ പ്രസവത്തിന് ഹോസ്പിറ്റല്‍ പോകുന്നതിനു പോലും എതിരാണ് എന്നിരിക്കെ ഇന്നും ആറാം നൂറ്റാണ്ടില്‍ തന്നെ ജീവിക്കുന്ന യമന്‍, ഗസ്സ, അഫ്ഗാനിസ്ഥാന്‍ തുടങ്ങിയ രാജ്യത്തെ സ്ഥിതി പറയാനുണ്ടോ. വീടുകളിലെ പ്രസവ നിരക്കും ഗസ്സിയില്‍ കൂടിയതാണ്. അതും ശിശു മരണ നിരക്ക് വര്‍ധിപ്പിക്കുന്നുണ്ട്. ഇതൊക്കെ ശിശു മരണ നിരക്കിനെ ബാധിക്കുന്നുണ്ട്.

ഗസ്സയില്‍ പട്ടിണിയുണ്ടോ?

ഗസ്സയില്‍ പട്ടിണിയുണ്ടോ എന്ന് ചോദിച്ചാല്‍ ഉണ്ട് എന്ന് തന്നെയാണ് ഉത്തരം. പക്ഷേ അത് ഇസ്ലാമിസ്്റ്റുകള്‍ പ്രചരിപ്പിക്കുന്നതുപോലെ ഭീകരമല്ല. തിന്നാല്‍ ഒന്നുമില്ലാത്ത അവസ്ഥ അവിടെയില്ല. യുഎന്നിന്റെതടക്കം ആയിരിക്കണക്കിന് ഭക്ഷ്യസഹായ ട്രക്കുകളാണ് ഗസ്സയില്‍ എത്തുന്നത്. പക്ഷേ ഇവിടെ വിതരണത്തിന്റെ പ്രശ്നമുണ്ട്. ചില പ്രദേശങ്ങളിലേക്ക് അത് എത്തുന്നില്ല. അതിന് കാരണം ഇസ്രയേല്‍ അല്ല, ഹമാസ് തന്നെയാണ്. ഹമാസ് ഇത് തട്ടിയെടുത്ത് കരിഞ്ചന്തയില്‍ വില്‍ക്കുന്നതുകൊണ്ടാണ് അങ്ങനെ സംഭവിക്കുന്നത്.

ഗസ്സയിലെ കുട്ടികള്‍ ഭക്ഷണമില്ലാതെ മരിക്കാന്‍ പോവുന്നുവെന്ന ലോക വ്യാപകമായ മുറവിളികള്‍ നടക്കുന്ന സമയത്തുതന്നെയാണ്, ഇവിടേക്ക് ഭക്ഷ്യവസ്തുക്കളുമായി വന്ന ട്രക്കുകള്‍ കാണാതാവുന്ന സംഭവവും ഉണ്ടായത്. ഇത് ഇസ്രയേല്‍ തട്ടിയെടുത്തതാണ് എന്ന് ഹമാസ് ആരോപിച്ചിരുന്നു. ഹമാസിന്റെ പ്രൊപ്പഗന്‍ഡാ ടീമുകള്‍ ഇത് വാര്‍ത്തയാക്കിയപ്പോള്‍, അല്‍ജസീറ തൊട്ട് കേരളത്തിലെ മീഡിയാവണ്‍ വരെ, മരണാസന്നരായ കുട്ടികളുടെ ഭക്ഷണം വരെ കൊള്ളയടിക്കുന്ന ഭീകരരാക്കി ഇസ്രയേലിനെ ചിത്രീകരിക്കുകയും ചെയ്തു. എന്നാല്‍ ഇതിന്റെ യഥാര്‍ത്ഥ വസ്തുതതയും വീഡിയോയും പിന്നീട് പുറത്തുവന്നു. അപ്പോള്‍ ഹമാസ് തന്നെയാണ് ട്രക്ക് തട്ടിയെടുത്തത് എന്ന് തെളിഞ്ഞു. ഇത് ഒരു ഒറ്റപ്പെട്ട സംഭവമല്ല.

2024 ന് ശേഷം ഗാസയിലേക്ക് ഭക്ഷണവുമായി പോയ ട്രക്കുകളില്‍ 97 എണ്ണം ഹമാസ് തട്ടിയെടുത്തു. ഈ 97 ട്രക്കുകളും അതില്‍ ഉണ്ടായിരുന്ന ഭക്ഷണങ്ങളും എവിടെപ്പോയി എന്നാണ് ഇസ്രയേല്‍ ചോദിക്കുന്നത്. ഇത്രയും വലിയ ഒരു കൊള്ളയടിക്ക് സിവിലിയന്‍സിന് കഴിയുമോ? മാത്രമല്ല കൊള്ളയടിക്കപ്പെട്ട ഈ ട്രക്കുകള്‍ എവിടെയാണ് സുക്ഷിച്ചതെന്ന് കണ്ടുപിടിക്കാന്‍ കഴിഞ്ഞിട്ടില്ല. ഗസ്സ എന്ന ചെറിയ ഒരു സ്ഥലത്ത് ഇത്രയധികം ട്രക്കുകള്‍ സാധാരണക്കാര്‍ക്ക് ഒളിപ്പിക്കാന്‍ പറ്റില്ല. അതുകൊണ്ടുതന്നെ അവ നേരെ, ഹമാസ് നിര്‍മ്മിച്ച തുരങ്കങ്ങളിലേക്ക് പോയിരിക്കാമെന്നാണ് നിഗമനം. യുഎന്‍ അടക്കമുള്ള വിവിധ ഏജന്‍സികള്‍ സൗജന്യമായി കൊടുക്കുന്ന, ഭക്ഷ്യവസ്തുകള്‍ ഇങ്ങനെ തുരങ്കങ്ങളിലാക്കി വിലകൂട്ടി വില്‍ക്കുകയാണ് ഹമാസിന്റെ രീതിയെന്നാണ് ഇസ്രയേല്‍ പറയുന്നത്.



ഗസ്സയില്‍ ഭക്ഷ്യദാരിദ്ര്യമുണ്ടെന്നാണ് ബിബിസി അടക്കമുള്ള മാധ്യമങ്ങള്‍ പറയുന്നത്. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ കൂടുതല്‍ ഭക്ഷ്യട്രക്കുകളാണ് ഇവിടെ എത്തിയത്. പക്ഷേ അത് ആവശ്യക്കാരുടെ കൈയില്‍ എത്തുന്നില്ല. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ കൂടുതല്‍ ഗസ്സയിലേക്ക് ട്രക്കുകള്‍ എത്തിയത് ഈ വര്‍ഷമാണ്. ഗസ്സയിലെ എയ്ഡ് ട്രക്കുകള്‍ നിന്ന് ഫലസ്തീനികള്‍ക്കുള്ള ഭക്ഷ്യ വസ്തുക്കള്‍, വസ്ത്രം, മൊബെല്‍ ഫോണുകള്‍, എന്തിന് സിഗററ്റ് പാക്കറ്റുകള്‍ വരെ തട്ടി എടുത്ത് കരിചന്തയില്‍ വില്‍ക്കുക എന്നതായിരുന്നു ഹമാസ് ചെയ്തു വന്നത്. യുദ്ധം ഇല്ലാത്ത സമയങ്ങളില്‍ ഫലസ്തീനികള്‍ക്ക് യുഎന്‍ നല്‍കിയിരുന്ന പര്‍ച്ചേഴ്‌സ് കൂപ്പണുകളിലെ പണവും ഒഴുകുന്നത് ഹമാസിന്റെ പോക്കറ്റിലേക്കാണ്. വാളണ്ടിയേഴ്‌സ് എന്ന നിലയില്‍ നല്ല ശബളം പറ്റി പ്രവര്‍ത്തിക്കുന്നതും ഹമാസ് ഭീകരര്‍ തന്നെ. ഇപ്പോള്‍, പ്രശ്‌നബാധിത മേഖലകളിലെ കമ്യൂണിറ്റി കിച്ചനുകളുടെ നിയന്ത്രണവും യു എന്‍ ഏജന്‍സികള്‍ക്കും അതു വഴി ഹമാസിനും തന്നെ. അതായത് ഭക്ഷണവും മറ്റ് അടിസ്ഥാന സൗകര്യവും ഇല്ലാത്തതുകൊണ്ടല്ല ഗസ്സക്കാര്‍ പട്ടിണി കിടക്കുന്നത്. ഹമാസ് അത് അടിച്ചുമാറ്റി സ്വന്തം കീശവീര്‍പ്പിക്കുന്നതും, ഉല്‍പ്പന്നങ്ങള്‍ കരിഞ്ചന്തയില്‍ വില്‍ക്കുന്നതുകൊണ്ടുമാണ്. എന്നിട്ട് അവസാനം എല്ലാറ്റിന്റെയും കുറ്റം വന്ന് വീഴുന്നതാവട്ടെ ഇസ്രയേലിന്റെ ചുമലിലുമാണ്.

യുറോപ്പ്യന്‍ യൂണിയന്‍ ഗാസയിലെ കുട്ടികള്‍ക്ക് കുടിവെള്ളത്തിന് നൂറു മില്യന്‍ യൂറോയുടെ പൈപ്പുകള്‍ കൊടുത്തിരുന്നു. ഹമാസ് അത് കുഴിച്ചെടുത്ത് ജൂതന്റെ നേരെ റോക്കറ്റ് വിടാന്‍ ഉപയോഗിക്കുന്നു. അവരുടെ തന്നെ പ്രൊപ്പഗണ്ട വീഡിയോ വഴി അവര്‍ അവകാശപ്പെട്ടതാണിത്. തങ്ങളുടെ കുഞ്ഞുങ്ങള്‍ വെള്ളം കുടിച്ചില്ലെങ്കിലും, ജൂതനിട്ട് പണി കൊടുക്കണം എന്നതാണ് ഹമാസിന്റെ മനസ്സ്. അതുപോലെ സ്ത്രീകളെയും കുട്ടികളെയും ഹമാസ് മനുഷ്യകവചമായി ഉപയോഗിക്കുന്നതുകൊണ്ടാണ് മരണ സംഖ്യ ഇങ്ങനെ വര്‍ധിക്കുന്നത്. പക്ഷേ കേരളത്തിലടക്കം അതൊന്നും ചര്‍ച്ചയാവുന്നില്ല.

അറബ് രാജ്യങ്ങള്‍ ഒന്നടങ്കം ഹമാസിനെതിരെ

ഹമാസ് തീരാതെ ഗസ്സ ചിരിക്കില്ല എന്ന സത്യം പതുക്കെയാണെങ്കിലും അറബികളും അംഗീകരിച്ചു തുടങ്ങിയിരിക്കുന്നു. ചരിത്രത്തില്‍ ആദ്യമായി അറബ് രാജ്യങ്ങള്‍ ഒന്നടങ്കം ഹമാസിനെതിരെ തിരിഞ്ഞ സമയമാണിത്. ഇസ്രയേലിന്റെ ആക്രമണങ്ങള്‍ അവസാനിപ്പിക്കാന്‍ ഗസ്സയുടെ നിയന്ത്രണം ഉപേക്ഷിക്കാന്‍ ഹമാസ് തയ്യാറാവണമെന്ന് അറബ് രാജ്യങ്ങള്‍ ഒന്നടങ്കം ആവശ്യപ്പെട്ടതോടെ ഹമാസ് ഒറ്റപ്പെടുകയാണ്. യൂറോപ്യന്‍ യൂണിയനും ഇതിന് പിന്തുണ പ്രഖ്യാപിച്ചു. സൗദി അറേബ്യ, ഖത്തര്‍, ഈജിപ്ത് തുടങ്ങിയ രാജ്യങ്ങളാണ് ഹമാസിനോട് ഇക്കാര്യം ആവശ്യപ്പെട്ടത്. ഇതില്‍ ഖത്തറില്‍നിന്നാണ് ഹമാസിന് ഏറ്റവും കൂടുതല്‍ സഹായം വന്നിട്ടുള്ളതെന്ന് ഓര്‍ക്കണം. ഹമാസിന്റെ കോടീശ്വരന്‍മ്മാരായ പല നേതാക്കളും ഖത്തറിലാണ് താമസം. അവരുടെ മക്കള്‍ അവിടുത്തെ വലിയ സ്‌കൂളുകളിലും കോളജുകളിലുമാണ് പഠിക്കുന്നതും. ഖത്തര്‍ ഹമാസിനെ കൈവിട്ടത് അവരുടെ ചരിത്രത്തിലെ ഏറ്റവം വലിയ തിരിച്ചടിയായിട്ടാണ് വിലയിരുത്തപ്പെടുന്നത്.

ഇസ്രയേലിനും പലസ്തീനുമിടയില്‍ ദ്വിരാഷ്ട്ര പരിഹാരം പുനരുജ്ജീവിപ്പിക്കുന്നത് സംബന്ധിച്ച് ഐക്യരാഷ്ട്ര സഭ സമ്മേളനത്തില്‍ അംഗീകരിച്ച ഏഴ് പേജുള്ള രേഖയിലാണ് അറബ് ലീഗ് ഹമാസ് ഗസ്സ വിടണം എന്ന ആവശ്യപ്പെട്ടത്. നിര്‍ദേശത്തെ യൂറോപ്യന്‍ യൂണിയനും ഉള്‍പ്പെടെ പതിനേഴ് രാജ്യങ്ങള്‍ പിന്തുണച്ചു. നിലവിലെ യുദ്ധത്തിന് കാരണമായ, 2023 ഒക്ടോബര്‍ 7-ലെ ഹമാസ് ആക്രമണത്തെ യു.എന്‍ പ്രമേയം അപലപിക്കുകയും ചെയ്തു. ഗസ്സയിലെ യുദ്ധം അവസാനിപ്പിക്കുന്നതിന്റെ ഭാഗമായി, ഫലസ്തീന്‍ രാഷ്ട്രം എന്ന ലക്ഷ്യത്തിനു വേണ്ടി, ഗാസ്സയിലെ ഭരണം ഹമാസ് അവസാനിപ്പിക്കുകയും ആയുധങ്ങള്‍ പലസ്തീന്‍ അതോറിറ്റിക്ക് കൈമാറുകയും വേണം.'-യുഎന്‍ അംഗീകരിച്ച പ്രഖ്യാപനത്തില്‍ പറയുന്നു.

ഫലസ്തീന്‍ ഭരണത്തില്‍ ഭാവിയില്‍ ഹമാസിനെ യാതൊരു പങ്കും വഹിക്കുന്നതില്‍ നിന്ന് വിലക്കണമെന്നും പ്രമേയം നിര്‍ദ്ദേശിക്കുന്നു. ബന്ദികളെ അടിയന്തരമായി മോചിപ്പിക്കണമെന്നും പ്രമേയത്തിലുണ്ട്. ഇസ്രയേലും ഹമാസും ഗസ്സ വിട്ടുപോകണമെന്നും ഫലസ്തീന്‍ അതോറിറ്റിക്ക് പ്രദേശത്തിന്റെ നിയന്ത്രണം ഏറ്റെടുക്കാന്‍ അവസരം നല്‍കണമെന്നും യുഎന്നിലെ ഫലസ്തീന്‍ പ്രതിനിധി സംഘം ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് പ്രമേയം. ഫ്രാന്‍സ്, ബ്രിട്ടന്‍, കാനഡ തുടങ്ങിയ രാജ്യങ്ങളും രേഖയില്‍ ഒപ്പുവെച്ചിട്ടുണ്ട്. ഇസ്രയേലും അമേരിക്കയും യോഗത്തില്‍നിന്ന് വിട്ടുനിന്നു. യുദ്ധം അവസാനിച്ച ശേഷം ഗസ്സയെ സുസ്ഥിരമാക്കാന്‍ വിദേശസൈന്യത്തെ വിന്യസിക്കണമെന്നും യോഗം അഭിപ്രായപ്പെട്ടു.

സൗദി അറേബ്യയ്ക്കൊപ്പം സമ്മേളനത്തിന് അധ്യക്ഷത വഹിച്ച ഫ്രാന്‍സ്, ഈ പ്രഖ്യാപനത്തെ ചരിത്രപരമെന്നാണ് വിശേഷിപ്പിച്ചത്. അറബ് രാജ്യങ്ങളും ഒന്നാകെ ഹമാസിനെ അപലപിക്കുകയാണ്. ഹമാസിന്റെ നിരായുധീകരണത്തിനായി പ്രമേയം ആഹ്വാനം ചെയ്യുന്നു. ഫലസ്തീന്‍ ഭരണത്തില്‍നിന്ന് അവരെ ഒഴിവാക്കാന്‍ ആവശ്യപ്പെടുന്നു. ഭാവിയില്‍ ഇസ്രയേലുമായി ബന്ധം സാധാരണ നിലയിലാക്കാനുള്ള ഉദ്ദേശ്യം വ്യക്തം. ഫ്രഞ്ച് വിദേശകാര്യ മന്ത്രി ജീന്‍-നോയല്‍ ബാരോ പറഞ്ഞു. ഹമാസിന്റെ ഒക്ടോബര്‍ 7 ആക്രമണത്തില്‍ 1,200-ലധികം പേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടു. ഇതിന് മറുപടിയായി ഇസ്രയേല്‍ വലിയ തോതിലുള്ള സൈനികാക്രമണം നടത്തുകയും പതിനായിരക്കണക്കിന് ഫലസ്തീനികളുടെ മരണത്തിനും ഇടയാക്കിട്ടുണ്ട്. ഇതാദ്യമായിട്ടാണ് അറബ് രാജ്യങ്ങള്‍ ഒന്നടങ്കം ഹമാസിന് നേരേ തിരിഞ്ഞിരിക്കുന്നത്. ഗസ്സയിലേക്കുള്ള അവശ്യ വസ്തുക്കളുടെ വിതരണം തടസപ്പെടുത്തുന്നത് ഇസ്രയേല്‍ ആണെന്ന് ഹമാസും സഹായ വസ്തുക്കള്‍ ഹമാസ് മോഷ്ടിക്കുകയാണെന്ന് ഇസ്രയേലും പരസ്പരം ആരോപണം ഉന്നയിച്ചിരുന്നു. അതേ സമയം ഇസ്രയേലും അമേരിക്കയും ഐക്യരാഷ്ട്രസഭയുടെ സമ്മേളനത്തില്‍ പങ്കെടുക്കുകയോ പ്രഖ്യാപനത്തില്‍ ഒപ്പുവെക്കുകയോ ചെയ്തിട്ടില്ല.



കോടീശ്വരന്‍മാര്‍ നാടുവിടുന്നു?

തങ്ങള്‍ എന്നും സമാധാനത്തിനുവേണ്ടിയാണ് യുദ്ധം ചെയ്യുന്നത് എന്നും ഹമാസിന്റെ സമ്പൂര്‍ണ്ണ നിര്‍മാര്‍ജ്ജനമാണ് ലക്ഷ്യമെന്നും ഇസ്രയേല്‍ നേരത്തെ തന്നെ പ്രഖ്യാപിച്ചിട്ടുണ്ട്. ഹമാസ് ആയുധം താഴെവെച്ചാല്‍ യുദ്ധം തീരുമെന്നും, തങ്ങള്‍ ആയുധം താഴെവെച്ചാല്‍ തങ്ങള്‍ തീരുമെന്നും ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു നേരത്തെ തന്നെ പറഞ്ഞിട്ടുണ്ട്. ഇപ്പോള്‍ ഗസ്സയില്‍ ഉണ്ടാക്കിയ ഹമാസിന്റെ തുരങ്കങ്ങള്‍ 75 ശതമാനത്തോളം ഇസ്രയേല്‍ തകര്‍ത്തു കഴിഞ്ഞു. ഹമാസിന്റെ നേതൃത്വത്തിലെ പ്രമുഖരെയൊക്കെ കാലപുരിക്ക് അയച്ചുകഴിഞ്ഞു. വിദേശ ഫണ്ടിന്റെ സാമ്പത്തിക സ്ത്രോതസുകളും അടച്ചതോടെ ഹമാസ് ശരിക്കും കുരുക്കിലേക്കാണ് നീങ്ങുന്നത്.

ഹമാസിനെ പൂര്‍ണ്ണമായും ഇല്ലാതാക്കിയശേഷം ഗസ്സയെ റീ ബില്‍ഡ് ചെയ്യുക, എന്നതാണ് നെതന്യാഹുവിന്റെയും ട്രംപിന്റെയും മനസ്സിലുള്ളത് എന്നാണ് വിദേശമാധ്യമങ്ങള്‍ പറയുന്നത്. അതിലേക്ക് ഇപ്പോള്‍ അറബ് രാജ്യങ്ങളും വന്നിരിക്കയാണ്. പക്ഷേ ഹമാസ് ഒരിക്കലും ആയുധം താഴെവെക്കില്ല എന്ന് ഉറപ്പാണ്. കാരണം അത് ഒരു മതപ്രചോദിത സംഘടനാണ്. ഫലസ്തീന്റെ മാത്രം മോചനത്തിനുവേണ്ടിയല്ല അവര്‍ പ്രവര്‍ത്തിക്കുന്നത്. ലോകത്തെ മൊത്തം ഇസ്ലാമികവത്ക്കരിക്കുന്നതിനുള്ള ജിഹാദിന്റെ ഭാഗമാണ് അവര്‍ക്ക് ഈ പേരാട്ടാം. അവസാനത്തെ യഹൂദനെയും ഇല്ലാതാക്കാനുള്ള മത കല്‍പ്പനയാണ് അവര്‍ നടപ്പാക്കുന്നത്.

സ്വന്തം രാജ്യത്തിലെ ഒരൊറ്റ പൗരന്റെ ജീവന് വേണ്ടി ആയിരക്കണക്കിന് തടവുകാരെ വിട്ടയക്കാന്‍ തയ്യാറാകുന്ന ഇസ്രയേല്‍ ഒരു വശത്ത്. ആയിരക്കണക്കിന് സ്വന്തക്കാരും ബന്ധക്കാരും കണ്‍മുന്നില്‍ പിടഞ്ഞു തീരുമ്പോഴും ഒരൊറ്റ ബന്ദിയേയും വിട്ടുകൊടുക്കില്ല എന്ന് വാശിപിടിക്കുന്ന ഹമാസ് മറുവശത്ത്. സമാധാനം ജീവിതത്തെ സ്നേഹിക്കുന്നവന്റെ ആവശ്യമാണ്.ജീവിതത്തേക്കാള്‍ മരണത്തെ പ്രണയിക്കുന്നവന്,മരണാനന്തര ഇന്ദ്രിയ സുഖങ്ങള്‍ക്കായി കാത്തിരിക്കുന്നവന് സമാധാനവും സ്വസ്ഥതയും ഒരനാവശ്യ ആര്‍ഭാടം മാത്രമാണ്.അതുകൊണ്ടുതന്നെ അടുത്തകാലത്തൊന്നും ഗസ്സയില്‍ സമാധാനം ഉണ്ടാവില്ലെന്ന് ഉറപ്പാണ്.

ഇത് അറിഞ്ഞുകൊണ്ടുതന്നെ, അത്യാവശ്യം സമ്പത്തുള്ള ഹമാസ് നേതാക്കളുടെ ബന്ധുക്കളൊക്കെ ഗസ്സ വിടുകയാണ്. ഫലസ്തീന്‍ തീവ്രവാദി നേതാവ് യാസര്‍ അറാഫത്തിന്റെ ഭാര്യ സുഹാ അറാഫത്ത് ഇപ്പോള്‍ പാരീസിലാണ് സ്ഥിര താമസം. യൂറോപ്പിലെ മാള്റ്റ ദ്വീപില്‍ ഒരു മില്യണ്‍ യൂറോ വില വരുന്ന അവധിക്കാല വസതിയും ഉണ്ട്. അറാഫത്ത് മരിക്കുമ്പോള്‍ മൂന്ന് ബില്യണ്‍ യു എസ് ഡോളര്‍ വരെ സബാദ്യം ഇവര്‍ക്കുണ്ടായിരുന്നു എന്ന് കണക്കാക്കപ്പെടുന്നു. ഗസന്‍ ഭീകരന്‍ യാഹിയാ സിന്‍വാറിന്റെ ഭാര്യ സമര്‍ മുഹമ്മദ് അബു സാമര്‍ ഇപ്പോള്‍ കോടികളുമായി നാടുവിട്ട് മുങ്ങിയിട്ടുണ്ട്. അവര്‍ വിവാഹം കഴിച്ചു എന്നും പറയുന്നു.



ഫലസ്തീനിലെ കുട്ടികളെ്കാട്ടി പണം പിരിക്കുക. പാവങ്ങള്‍ക്കുള്ള സഹായങ്ങള്‍ വരെ കരിഞ്ചന്തയില്‍ വിറ്റ് കാശ് ഉണ്ടാക്കുക. യു എന്‍ സഹായം കൊണ്ട് സുഭിഷമായി ജീവിക്കുക. ഫലസ്തീന്‍കാരക്ക് അവകാശപ്പെട്ട പണം സ്വന്തം പേരിലും, ഭാര്യയുടേയും മക്കളുടേയും പേരിലും സമ്പാദിക്കുക. ഇതാണ് ഹമാസ് നേതാക്കാള്‍ ചെയ്യുന്നത്. ഈ ഭിക്ഷാടന മാഫിയക്ക് സമാനമായ പ്രവര്‍ത്തനം പക്ഷേ, കേരളത്തില്‍ സ്വാതന്ത്ര്യസമര പോരാട്ടമാണ്!

വാല്‍ക്കഷ്ണം: ഗസ്സയിലേതിനേക്കാള്‍ ഹമാസ് ഭക്തരുള്ളത് 5000 കിലോമീറ്റര്‍ ദൂരത്തുള്ള ഈ കൊച്ചു കേരളത്തില്‍ലാണ്. അറബ് രാജ്യങ്ങള്‍ തള്ളിപ്പറഞ്ഞാലും ഹമാസ് നമുക്ക് മുത്താണ്, പേരാളികളാണ്. സത്യത്തോട് പുറം തിരിഞ്ഞുനില്‍ക്കുന്ന ഈ മാനസികാവസ്ഥയും ഭീതിദമാണ്!