'ഹറകത്തുല്‍ മുഖാവമത്തുല്‍ ഇസ്ലാമിയ' ചുരക്കപ്പേരില്‍ അറിയപ്പെടുന്ന ഹമാസ്, എന്ന തീവ്രവാദ സംഘടന, പതിനായിരം കോടി ഡോളറിന്റെ വാര്‍ഷിക വരുമാനുമുള്ള ഒരു വലിയ സാമ്പത്തിക ശക്തികൂടിയായിരുന്നു. മിസൈലും, റോക്കറ്റും, എകെ 47നുമെല്ലാം അടങ്ങുന്ന, ഏത് ആധുനിക സേനയോടും കിടപിടിക്കുന്ന സൈനവ്യവും അവര്‍ക്കുണ്ടായിരുന്നു. വളരുന്തോറും പിളരും എന്ന് പറയുന്നതുപോലെ, മരണത്തില്‍നിന്ന് പൊട്ടിമുളക്കുന്നരാണ് ഹമാസ്. നേതൃത്വം ഒന്നൊന്നായി കൊല്ലപ്പെടുമ്പോഴും വളരുന്ന സംഘടന. ഈയാം പാറ്റകള്‍പോലെ പുതിയ പുതിയ ചാവേറുകള്‍ അവിടേക്ക് എത്തിക്കൊണ്ടിരിക്കുന്നു.

''നിങ്ങള്‍ ജീവിതത്തെ സ്നേഹിക്കുന്നതുപോലെ ഞങ്ങള്‍ മരണത്തെ സ്നേഹിക്കുന്നു'വെന്നാണ് ഹമാസിന്റെ ഏറ്റവും പ്രിയപെട്ട ഉദ്ധരണി. കടുത്ത ഇസ്ലാമിക ശാസനകളാല്‍ കെട്ടിപ്പടുത്ത ഹമാസിന് ഇഹലോക ജീവിതത്തെക്കാള്‍ പ്രിയമാണ് പരലോക ജീവിതം. രക്തസാക്ഷിയായി മരിച്ചാല്‍ സ്വര്‍ഗത്തിലെത്തുമെന്ന വിശ്വാസമാണ് അവര്‍ക്കുള്ളത്. കൊച്ചുകുഞ്ഞുങ്ങളുടെ തലച്ചോറിലേക്കുവരെ അവര്‍ അത്് ഗസ്സയിലെ മദ്രസകളിലുടെ അടിച്ചേല്‍പ്പിക്കുന്നു. ഹമാസിന്റെ നിയന്ത്രണത്തില്‍ ഉള്ള ടി വി ചാനലില്‍ കുട്ടികള്‍ക്ക് വേണ്ടി ഉള്ള പരിപാടിയിലും കുട്ടികളുടെ മാഗസിനില്‍ പോലും, എങ്ങനെ ഇസ്രയലിനെ നശിപ്പിക്കണം എന്നും ജിഹാദ് നടത്തണം എന്ന പരിപാടികള്‍ ആണ് സംപ്രേക്ഷണം ചെയ്യുന്നത്.

അതുകൊണ്ടുതന്നെ മരണം എന്നതുകേട്ടാല്‍ ഭയന്നുപോവുന്നവരല്ല ഹമാസുകാര്‍. നൊന്തു പ്രസവിച്ച ഒമ്പത് മക്കളും, കൊല്ലപ്പെട്ട ഒരു ഫലസ്തീന്‍ മാതാവ്, തന്റെ മക്കള്‍ സ്വര്‍ഗത്തില്‍പോയതില്‍ അഭിമാനിക്കുന്നുവെന്നും, ഇസ്ലാമിനുവേണ്ടി ഇനിയും മക്കളെ വേണമെങ്കില്‍ സൃഷ്ടിക്കുമെന്നും അഭിമാനത്തോടെ പറയുന്ന ഒരു വീഡിയോയുണ്ട്! അതാണ്, ഹമാസിന്റെ വിജയവും.

ഇങ്ങനെ വെട്ടിമുറിച്ചിട്ടാലും മുറികൂടി വരുന്ന സംഘടനയാ ഹമാസ് ഇപ്പോള്‍ അതിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിസന്ധിയിലൂടെയാണ് കടന്നുപോവുന്നത് എന്നാണ് വിദേശ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. പണമില്ലാതെ ഹമാസ് സമ്പൂര്‍ണ്ണമായി പാപ്പാരായിക്കഴിഞ്ഞുവെന്നാണ് പാശ്ചാത്യ മാധ്യമങ്ങള്‍ നല്‍കുന്ന വിവരം. സംഘടനയുടെ ദൈനദിന ചിലവുകള്‍പോലും നടത്താന്‍ കഴിയാതെ പ്രതിസന്ധിയിലാണ് അവര്‍.

ശമ്പളമില്ല, പെന്‍ഷനില്ല!

രാജ്യത്തിനുള്ളിലെ മറ്റൊരു രാജ്യം എന്ന നിലയിലാണ് ഹമാസിന്റെ പ്രവര്‍ത്തനം. ഗസ്സയുടെ ഭരണകക്ഷികൂടിയായിരുന്നു ഹമാസ്. പക്ഷേ തങ്ങളുടെ അണ്ടര്‍ഗ്രൗണ്ട് സേനയെ നിലനിര്‍ത്തുന്നത് അടക്കമുള്ള വലിയ ചെലവുകള്‍ അവര്‍ക്കുണ്ട്. അതൊക്കെ രഹസ്യ ഫണ്ടിങ്ങിലൂടെയാണ് വരുന്നത്. ഇപ്പോള്‍ ഹമാസിന്റെ സൈനിക വിഭാഗം പ്രവര്‍ത്തകര്‍ക്ക് ശമ്പളം നല്‍കുന്നത് അടക്കം പ്രതിസന്ധിയിലായിരിക്കുകയാണെന്ന് വാള്‍ സ്ട്രീറ്റ് ജേര്‍ണല്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. മാര്‍ച്ചില്‍ ഇസ്രയേല്‍ ആക്രമണം കടുപ്പിച്ചതോടെയാണ് ഹമാസ് പ്രതിസന്ധിയിലായതെന്ന് അറബ് ഇന്റലിജന്‍സ് ഉദ്യോഗസ്ഥരെ ഉദ്ധരിച്ചുള്ള റിപ്പോര്‍ട്ടിലുണ്ട്.




പുതിയ സാമ്പത്തിക പ്രതിസന്ധിയോടെ ഹമാസിലെ ജീവനക്കാരുടെ ശമ്പള വിതരണം മുടങ്ങിയെന്നാണ് റിപ്പോര്‍ട്ട്. കഴിഞ്ഞ വര്‍ഷം മുതിര്‍ന്ന പല ജീവനക്കാര്‍ക്കും ശമ്പളത്തിന്റെ പകുതി മാത്രമാണ് നല്‍കിയത്. കുറഞ്ഞ റാങ്കിലുള്ള ഹമാസ് സൈനിക വിഭാഗം പ്രവര്‍ത്തകര്‍ക്ക് മാസം 200 ഡോളറിനും 300 ഡോളറിനും ഇടയിലാണ് (17,000 രൂപ മുതല്‍ 25,500 രൂപ) ശമ്പളം. അതുപോലെ ചാവേറുകളുടെ കുടുംബത്തിനും, യുദ്ധത്തില്‍ പരിക്കേറ്റവര്‍ക്കുമെല്ലാം ഹമാസ് പെന്‍ഷന്‍ കൊടുക്കുന്നുണ്ട്. മൂന്നുവര്‍ഷംവരെ ജയിലില്‍ കിടന്നവര്‍ക്ക് പ്രതിമാസം 400 ഡോളര്‍ കൊടുക്കുന്നുണ്ട്. ഇങ്ങനെ അയ്യായിരം ഡോളര്‍രെ പ്രതിമാസം കിട്ടുന്ന നിരവധിപേര്‍ സംഘടനയിലുണ്ട്്. അതുപോലെ ചാവേര്‍ബോംബായവരുടെ കുടുംബത്തിനും ഹമാസ് വന്‍ തുകയും പെന്‍ഷനും കൊടുക്കുന്നുണ്ട്. ഇതെല്ലാം മുടങ്ങിയിരിക്കയാണ്.

ജനുവരിയില്‍ വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചതോടെ ഹമാസിന് താല്‍ക്കാലിക സാമ്പത്തിക ഉത്തേജനം ഉണ്ടായിരുന്നു. ഗാസയിലേക്ക് കൂടുതല്‍ സഹായം എത്തിയതോടെ ഇതില്‍ നിന്നും ഹമാസിന് സാമ്പത്തികനേട്ടമുണ്ടായി. മാര്‍ച്ചില്‍ വെടിനിര്‍ത്തല്‍ അവസാനിച്ചതോടെ ഇസ്രായേല്‍ സൈനിക പ്രവര്‍ത്തനങ്ങള്‍ പുനരാരംഭിക്കുകയും സഹായ വിതരണം നിര്‍ത്തിവയ്ക്കുകയും ചെയ്താണ് ഹമാസിന്റെ സാമ്പത്തിക സ്ഥിതി കൂടുതല്‍ വഷളാക്കിയതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ഫണ്ട് വിതരണം നടത്തുന്ന ഹമാസ് ഉദ്യോഗസ്ഥരെ ലക്ഷ്യമിട്ടുള്ള ഇസ്രയേല്‍ സേനയുടെ ആക്രമണങ്ങള്‍ സാമ്പത്തിക പ്രതിസന്ധിക്ക് കാരണമായതായും റിപ്പോര്‍ട്ടിലുണ്ട്. ഇസ്രയേല്‍ ഹമാസ് യുദ്ധത്തിന് മുന്നോടിയായി വലിയ അളവില്‍ ഹമാസ് ഫണ്ട് ശേഖരിച്ചിരുന്നു. ഖത്തറില്‍ നിന്ന് ഹമാസിന് പ്രതിമാസം 15 മില്യണ്‍ ഡോളറാണ് ലഭിച്ചിരുന്നത്. തുര്‍ക്കിയില്‍ നിന്നടക്കം ആകെ 500 മില്യണ്‍ ഡോളര്‍ ഫണ്ടും ലഭിച്ചിരുന്നതായും റിപ്പോര്‍ട്ട് പറയുന്നു. പക്ഷേ അതെല്ലാം ധൂര്‍ത്തടിച്ച് ഹമാസ് നേതാക്കള്‍ സുഖമായി ജീവിക്കയാണ്. അണികള്‍ പട്ടിണിയിലും. അതോടെ വലിയ രീതിയിലുള്ള പ്രതിഷേധമാണ് ഗസ്സയിലനിന്ന് തന്നെ ഹമാസിന് നേരിടേണ്ടി വരുന്നത്.

കഴിഞ്ഞമാസം, ഒന്നും രണ്ടുമല്ല നൂറുകണക്കിന് ആളുകളാണ് വടക്കന്‍ ഗസ്സയിലെ ബെയ്റ്റ് ലാഹിയയയില്‍, കഴിഞ്ഞമാസം ഹമാസിനെതിരെ പതിഷേധവുമായ രംഗത്ത് ഇറങ്ങിയിത്. 'ഔട്ട്, ഔട്ട്, ഔട്ട്ഹമാസ്, അവര്‍ തീവ്രവാദികളാണ്...ഞങ്ങള്‍ക്ക് ഭക്ഷണം വേണം...ഞങ്ങള്‍ക്ക് സമാധാനം വേണം'', എന്ന മുദ്രാവാക്യമാണ് ജനം ഉയര്‍ത്തിയത്. ഹമാസിന്റെ ശക്തി കേന്ദ്രത്തില്‍ ഗസ്സന്‍ ജനത തെരുവിലിറങ്ങിയത് ബിബിസി അടക്കമുള്ള ലോകമാധ്യമങ്ങള്‍ അതിശയത്തോടെയാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്.




ഇസ്ലാമിക് ജിഹാദികള്‍, ഇസ്രായേലിനെതിരെ റോക്കറ്റുകള്‍ വിക്ഷേപിച്ചതിന്റെ പിറ്റേന്നാണ് വടക്കന്‍ ഗസ്സയില്‍ പ്രതിഷേധങ്ങള്‍ ഉണ്ടായത്. ഇത് ബെയ്റ്റ് ലാഹിയയുടെ വലിയൊരു ഭാഗം ഒഴിപ്പിക്കാനുള്ള ഇസ്രായേലിന്റെ തീരുമാനത്തിന് കാരണമായി. ഇതാണ് പ്രദേശത്ത് പൊതുജനരോഷം അണപൊട്ടി ഒഴുകിയത്. അല്‍പ്പം സംയമനം ഹമാസ് പാലിച്ചിരുന്നെങ്കില്‍ തങ്ങള്‍ക്ക് ഈ ഗതികേട് ഉണ്ടാവില്ലെന്ന് പ്രതിഷേധക്കാര്‍ പറയുന്നു. വെടിനിര്‍ത്തല്‍ നീട്ടാനുള്ള യുഎസ് നിര്‍ദ്ദേശം നിരസിച്ചതിനും പ്രതിഷേധക്കാര്‍ ഹമാസിനെ കുറ്റപ്പെടുത്തി.

പട്ടണത്തില്‍ നിന്നുള്ള ഫൂട്ടേജുകളില്‍ പ്രതിഷേധക്കാര്‍ 'ഹമാസ് ഭരണം താഴെയിറക്കുക, മുസ്ലീം ബ്രദര്‍ഹുഡ് ഭരണം തുലയട്ടെ' എന്ന് ആക്രോശിക്കുന്നത് വ്യക്തമാണ്. ഒരു വര്‍ഷം മുമ്പ് ഫലസ്തീന്‍ തിരഞ്ഞെടുപ്പുകളില്‍ വിജയിക്കുകയും എതിരാളികളെ അക്രമാസക്തമായി പുറത്താക്കുകയും ചെയ്ത ശേഷം 2007 മുതല്‍ ഗാസയിലെ ഏക ഭരണാധികാരിയാണ് ഹമാസ്. ഇപ്പോള്‍ തങ്ങളുടെ പട്ടാളത്തിന് ഭക്ഷണംപോലും കൊടുക്കാന്‍ കഴിയാത്ത അവസ്ഥയിലാണ് ഹമാസ്.

ഖത്തര്‍- തുര്‍ക്കി ഹവാല നിലക്കുന്നു

ഹമാസിനെ പാപ്പരാക്കിയതില്‍ പ്രധാന പങ്ക് അവരുടെ സാമ്പത്തിക നാഡി തകര്‍ത്തുകളഞ്ഞ, അമേരിക്കയുടെയും ഇസ്രയേലിന്റെയും ഓപ്പറേഷനാണ്. ഹമാസുമായി ബന്ധമുള്ള കമ്പനികളെ കൃത്യമായി കണ്ടെത്താന്‍ സിഎഎക്കും മൊസാദിനും കഴിഞ്ഞു. അത്തരം ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിക്കപ്പെട്ടതോടെ ഹമാസിന് എത്തുന്ന പണം വലിയതോതില്‍ കുറഞ്ഞു. ഇന്നും ലോകമെമ്പാടുമുള്ള മുസ്ലീങ്ങള്‍ നല്‍കുന്ന സംഭാവന തന്നെയാണ് ഹമാസിന്റെ കരുത്ത്. കേരളത്തില്‍നിന്ന് അടക്കം ഗസ്സയിലെ, പാവപ്പെട്ട കുട്ടികളുടെ ചിത്രം കാട്ടി, പള്ളികളില്‍ വെള്ളിയാഴ്ച പിരിവ് നടത്തിയുണ്ടാക്കുന്ന പണം, ഫലത്തില്‍ പോവുന്നത് ഹമാസ് തീവ്രാദത്തിനാണ്.

നേരത്തെ സൗദി അറേബ്യയടക്കമുള്ള രാജ്യങ്ങളില്‍നിന്ന് ഹമാസിന് പണം വന്നിരുന്നു. എന്നാല്‍ അവരുടെ തനിനിറം ബോധ്യപ്പെട്ടതോടെ, ഈജിപ്ത്, ലെബനന്‍, സൗദി, ഇറാഖ്, തുടങ്ങിയ രാജ്യങ്ങള്‍ ഒക്കെയും ഫണ്ടിങ്ങില്‍നിന്ന് പിന്‍മാറി. മിഡില്‍ ഈസ്റ്റിലെ മിക്കരാജ്യങ്ങളുമായി എബ്രഹാം കരാറിലൂടെയാക്കെ ഇസ്രയേല്‍ സമാധനവഴി സ്ഥാപിച്ചതും ഹമാസിന് വലിയ അടിയായി. ഇതിന്റെയൊക്കെ പശ്ചാത്തലത്തിലാണ്, ഹമാസ് പൊടുന്നനെ ഒക്ടോബര്‍ 7-ന്റെ ആക്രമണം നടത്തിയത് എന്നും വിലയിരുത്തലുണ്ട്. കാരണം യുദ്ധം ഇല്ലെങ്കില്‍ ഹമാസിന് ഫണ്ട് ഇല്ല.




തങ്ങള്‍ മനുഷ്യകവചമായി ഉപയോഗിക്കുന്ന കുട്ടികള്‍ മരിച്ചുവീഴുമ്പോള്‍ അവരുടെ ശവം, കാണിച്ച് പണമുണ്ടാക്കുകയും, അതുകൊണ്ട് ആഡംബരപുര്‍വം ജീവിക്കായാണ് ഹമാസ് നേതാക്കള്‍ ചെയതത്. ഒക്ടോബര്‍ 7ന്റെ ഭീകരാക്രമണത്തിന് മുമ്പ്, ഹമാസ് നേതാവ് യഹിയ സിന്‍വറിന്റെ ഭാര്യ ഗസ്സയിലെ തുരങ്കങ്ങളിലൂടെ സഞ്ചരിക്കുന്നതിന്റെ ഒരു വീഡിയോ കിട്ടിയപ്പോള്‍ ഇസ്രയേല്‍ നേതൃത്വം ശരിക്കും അമ്പരന്നുപോയിരുന്നു. കാരണം ആരും കാണാനില്ലാത്ത തുരങ്കത്തില്‍ ജീവിക്കുന്ന, യഹിയ സിന്‍വറിന്റെ ഭാര്യയുടെ കൈയിലുണ്ടായിരുന്നത്, 32,000 ഡോളര്‍ വില വരുന്ന, ബിര്‍ക്കിന്‍ ബാഗ് ആയിരുന്നു. ഇന്ത്യന്‍ രൂപയിലേക്ക് മാറ്റിയാല്‍ 27 ലക്ഷംവരും വില. സാധാരണ ഹോളിവുഡ് നടിമാരും മോഡലുകളുമാണ് ഇത്തരം ബാഗുകള്‍ ഉപയോഗിക്കാറുള്ളത്.ഒന്നും രണ്ടുമല്ല, ഹമാസ് നേതൃത്വത്തിന്റെ 1,700 പേരാണ് മില്യണേഴ്സ്. പത്തോളം പേര്‍ ബില്യണേഴ്സുമാണ്!

ഇസ്രയേല്‍ കൊന്നൊടുക്കിയ ഇസ്മായില്‍ ഹനിയക്ക് 4 ബില്യണ്‍ യുഎസ് ഡോളറാണ് ആസ്തി. ഹനിയയുടെ മകന്‍ യാസ് ഹനിയ, ഫാദര്‍ ഓഫ് റിയല്‍ എസ്റ്റേറ്റ്സ് ഇന്‍ ഗസ്സ എന്നാണ് അറിയപ്പെടുന്നത്. അയാള്‍ അറിയാതെ ഗസ്സയില്‍ ഒരു കച്ചവടവും നടക്കില്ല. ഹമാസിന്റെ പേര് ഉപയോഗിച്ച്, ഭീതിയിലൂടെ സാധാരണക്കാരിനില്‍നിന്ന് ഭൂമി ചുളുവിലക്ക് തട്ടിയെടുത്തായിരുന്നു ഇയാളുടെ തുടക്കം. ഇപ്പോള്‍ ഖത്തറിലും തുര്‍ക്കിയിലുംമൊക്കെ സ്വത്തുക്കളുള്ള വലിയ ബിസിനസ് ടെക്കൂണായി. ഹനിയയുടെ പണമാണ് മകനിലൂടെ വെളുപ്പിക്കുന്നത് എന്നാണ് പറയുന്നത്.

യഹിയ സിന്‍വിറിന് മൂന്ന് ബില്യണ്‍ യുഎസ് ഡോളറാണ് ആസ്തി. അദ്ദേഹത്തിന്റെ ഭാര്യ ഉപയോഗിച്ച 27 ലക്ഷം രൂപയുടെ ബാഗ് ശരിക്കും ഒരു പ്രതീകം തന്നെയായിരുന്നു. ഖാലിദ് മഷാല്‍ എന്ന പ്രമുഖനായ ഹമാസ് നേതാവിന് 2.6 ബില്ല്യണാണ് ആസ്തി. ഖത്തര്‍ ഈജിപ്ഷ്യന്‍ ബാങ്കുകളില്‍ ഇദ്ദേഹത്തിന് ഷെയര്‍ ഉണ്ട്. ഈ ഭീകരന്‍, 12 മില്യണ്‍ ഡോളര്‍ സിറിയയില്‍നിന്ന് തുര്‍ക്കിയിലേക്ക് സ്മഗിള്‍ ചെയ്തുവെന്ന് വാഷിങ്്ടണ്‍ പോസ്റ്റ് നേരത്തെ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഹ്യുമാനിറ്റേറിയന്‍ എയ്ഡ് ഹമാസ് തീവ്രവാദത്തിലേക്കും നന്നായി തിരിച്ചുവിട്ടു. തുര്‍ക്കി, ഖത്തര്‍ തുടങ്ങിയ രാജ്യങ്ങളുടെ രഹസ്യഫണ്ടിങ്ങും ഇവര്‍ക്കുണ്ടായിരുന്നു. ഇപ്പോള്‍ പക്ഷേ അത് പഴയതുപോലെ കിട്ടുന്നില്ല. അല്ലെങ്കില്‍ അമേരിക്കയും ഇസ്രയേലും ചേര്‍ന്ന് ആ സാമ്പത്തിക നാഡി മുറിച്ചിരിക്കുന്നു.

തുരങ്ക ചുങ്കം തീരുന്നു

കേരളത്തിലെ ഇടതുവലതുമുന്നണികള്‍ എത്രയൊക്കെ ന്യായീകരിച്ചാലും ഹമാസ് ഒരു ലക്ഷണമൊത്ത ഭീകരവാദ സംഘടനയാണെന്ന് അതിന്റെ ചരിത്രം പരിശോധിച്ചാല്‍ മനസ്സിലാവും. ഫലസ്തീന്റെ വിമോചനമോ, ഇസ്രയേലിന്റെ ഉന്‍മൂലനമോ അല്ല ഹമാസിന്റെ യഥാര്‍ത്ഥ ആവശ്യം. ലോകം മുഴുവന്‍ ഇസ്ലാമിക ആധിപത്യത്തില്‍ കൊണ്ടുവരിക എന്നതുതന്നെയാണ്. ഇസ്ലാമിക തീവ്രവാദത്തിന്റെ മക്ക എന്ന് വിളിക്കാവുന്ന, മുസ്ലീം ബ്രദര്‍ഹുഡിന്റെ സഹോദരസംഘടനയായിട്ടാണ് ഹമാസിന്റെ പിറവി. 'ദൈവം ഞങ്ങളുടെ ലക്ഷ്യം, പ്രവാചകന്‍ ഞങ്ങളുടെ മാതൃക, ഖുര്‍ആന്‍ ഞങ്ങളുടെ ഭരണഘടന, ജിഹാദ് ഞങ്ങളുടെ മാര്‍ഗ്ഗം, ദൈവത്തിനുവേണ്ടിയുള്ള മരണം ഞങ്ങളുടെ അദമ്യമായ ആഗ്രഹം' -ഇതാണ് ഹമാസിന്റെ മുദ്രാവാക്യം. ഫലസ്തീന്‍ എന്ന ഭൂപ്രദേശം 'അന്തിമവിധിനാള്‍' വരേക്കുമുള്ള മുസ്ലിം ജനതയ്ക്കായി ദൈവം തയ്യാറാക്കിയിരിക്കുന്നതാണെന്നും ഹമാസ് വിശ്വസിക്കുന്നു.




വെറുമൊരു ഭൂമി തര്‍ക്കം മാത്രമല്ല ഇസ്രയേലും ഹമാസും തമ്മിലുള്ളത്. അത് മതപരമാണ്. ജൂതനെ വെറുക്കപ്പെട്ടവനായി ചിത്രീകരിക്കുന്ന ഇസ്ലാമിക സാഹിത്യത്തിന്റെ ഉപോല്‍പ്പന്നമാണത്. 1988-ല്‍ എഴുതപ്പെട്ട 'ഹമാസ് ഉടമ്പടി'യാണ് ഹമാസിന്റെ ഔദ്യോഗിക നയരേഖയായി കരുതപ്പെടുന്നത്. 'ദൈവത്തിന്റെ കൊടി ഫലസ്തീനിലെ ഓരോ ഇഞ്ചിലും ഉയര്‍ത്താനാണ്' ഈ രേഖ ആഹ്വാനം ചെയ്യുന്നത്. ഇസ്രായേലിനെ ഇല്ലാതാക്കി പകരം ഫലസ്തീന്‍ എന്ന ഇസ്ലാമിക രാജ്യം സ്ഥാപിക്കുക എന്നതാണ് ഹമാസിന്റെ ലക്ഷ്യങ്ങളുടെ സാരാംശം.വിപ്ലവമല്ല ജിഹാദാണ് ലക്ഷ്യം. അതുകൊണ്ടുതന്നെ അവര്‍ക്ക് കിട്ടുന്നത് ജിഹാദി ഫണ്ടാണ്.

ഈ ഫണ്ടിനൊപ്പം മറ്റൊരു പരിപാടിയും ഹമാസ് നടത്തി. അതാണ് തുരങ്കചുങ്കം. ഗസ്സന്‍ മെട്രോ എന്ന് വിളിക്കുന്ന, തുരങ്കങ്ങളിലുടെയാണ് അയല്‍ രാജ്യങ്ങളില്‍നിന്ന് ഇവിടേക്ക് സാധനങ്ങള്‍ എത്തുന്നത്. ഇതിന് അവര്‍ വലിയ ചുങ്കം ചുമത്തി. ഗാസയിലേക്ക് എത്തുന്ന സഹായങ്ങള്‍ കരിചന്തയില്‍ വിറ്റും അവര്‍ വന്‍തുക നേടി. ഉദാഹരണമായി 10 രൂപയുടെ ഒരു പേസ്റ്റ് ഗസ്സക്ക് സഹായമായി ഒരു സംഘടന നല്‍കിയെന്ന് ഇരിക്കട്ടെ. ഹമാസ് അതില്‍ 200 ശതമാനം നികുതി ചുമത്തി 30 രൂപക്കാണ് ഗസ്സക്കാര്‍ക്ക് നല്‍കുക! അതുപോലെ വ്യാപാരികള്‍ക്കുമുണ്ട് നികുതി. ചെക്ക് പോസ്റ്റില്‍ തീരുവയുണ്ട്. അതുപോലെ പലയടിത്തുനിന്നുമായി കൊള്ളയിടിച്ചച് കിട്ടുന്ന സാധാനങ്ങളും ഹമാസ് വലിയ വിലക്ക് വില്‍ക്കും.


പക്ഷേ ഇപ്പോള്‍ പറ്റിയത്, ഇസ്രയേലിന്റെ കടുത്ത ആക്രമണത്തില്‍ ഈ തുരങ്കങ്ങളില്‍ ഏറെയും തകര്‍ന്നു. ചെക്ക്പോസ്റ്റുകള്‍ തകര്‍ന്നു. അതോടെ കോടിക്കണിക്കന് രൂപയുടെ വരുമാനം ഒറ്റയടിക്ക് ഇല്ലാതായി. ഗസ്സയിലെ ഏറ്റവും എളുപ്പത്തില്‍ യുവാക്കള്‍ക്ക് ജോലി കിട്ടാനുള്ള ഒരു മാര്‍ഗം തുരങ്ക നിര്‍മ്മാണമായിരുന്നു. ഇപ്പോള്‍ അതും അവസാനിച്ചിരിക്കയാണ്.

ഭീകരര്‍ക്കുള്ള മയക്കുമരുന്ന് കിട്ടാനില്ല

ഹമാസ് പ്രതിസദ്ധിയിലാവാനുള്ള കാരണങ്ങളില്‍ ഒന്നായി വാള്‍സ്ട്രീറ്റ് ജേണല്‍ പറയുന്ന ഒരു കാര്യം കേട്ടാല്‍ നാം നടുങ്ങിപ്പോവും. ചാവേറുകള്‍ക്കും ഭീകരര്‍ക്കും പഴയതുപോലെ മയക്കുമരുന്ന് എത്തിച്ച് കൊടുക്കാന്‍ കഴിയുന്നില്ലത്രേ! തുരങ്കങ്ങളില്‍ മാസങ്ങളോളം കഴിയുന്ന ഭീകരര്‍ക്ക്, ഹാഷിസും, മരിജുവാനയും അടക്കമുള്ള മയക്കുമരുന്നുകള്‍ നിര്‍ബന്ധമാണത്രേ. ഇതിന്റെ സപ്ളെ ചെയിനും മുറിഞ്ഞു. ഗസ്സന്‍ മെട്രാ എന്ന് അറിയപ്പെടുന്ന, ഡല്‍ഹി മെട്രോയേക്കാള്‍ വലിയ തുരങ്കങ്ങളില്‍നിന്ന് തുരങ്കങ്ങളിലേക്ക് കൈമാറിയാണ് മയക്കുമരുന്ന് എത്തിയിരുന്നത്. ഇത് അഫ്ഗാനില്‍നിന്ന് തുര്‍ക്കി വഴിയാണ് എത്തിയിരുന്നത് എന്നാണ് പറയുന്നത്. ഈ റൂട്ടില്‍ അന്താരാഷ്ട്രതലത്തിലുണ്ടായ മയക്കുമരുന്ന് വേട്ടകള്‍ ഫലത്തില്‍ ഹമാസിന് തിരിച്ചടിയായി.




പക്ഷേ തങ്ങളുടെ ആളുകള്‍ ആരും തന്നെ മയക്കുമരുന്ന് ഉപയോഗിക്കുന്നില്ലെന്നാണ്, ഹമാസിനെ അനുകൂലിക്കുന്നവര്‍ പറയുക. 2023-ഒക്ടോബര്‍ 7ലെ ഭീകരാക്രമണത്തില്‍ ഹമാസിന്റെ ബന്ദികളായി മോചിതരായവര്‍ ഇക്കാര്യം സ്ഥിരീകരിക്കുന്നുണ്ട്. എന്നാല്‍ ഇത് ഒറ്റപ്പെട്ട ആരോപണമല്ല. നേരത്തെയും പലരും, ഹമാസിന്റെ മയക്കുമരുന്ന് ഉപയോഗം ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഓപ്പിയം തൊട്ട് രാസലഹരികള്‍ വരെ ഗസ്സയിലെ ഹമാസ് തുരങ്കങ്ങളിലും എത്തുന്നുണ്ട്. പല ഹമാസ് ഭീകരര്‍ക്കും ഇത്ര മനുഷ്യത്വരഹിതമായി പ്രവര്‍ത്തിക്കാന്‍ കഴിയുന്നത്, അവര്‍ ലഹരിയുടെ കിറുക്കത്തിലായതുകൊണ്ട് കൂടിയാണെന്ന് രക്ഷപ്പെട്ടവര്‍ ചൂണ്ടിക്കാട്ടിയിരുന്നു. ബന്ദിയാക്കുമ്പോള്‍ പരിക്കേറ്റ പലരെയും അനസ്ത്യേഷ്യപോലുമില്ലാതെ പച്ച ഇറച്ചിയിലാണ് ശസ്ത്രക്രിയ നടത്തിയത്. ഇതിനെല്ലാം കഴിയുന്നത് ഭീകരര്‍ ലഹരി ഉപയോഗിക്കുന്നത് കൊണ്ടാണെന്നാണ് രക്ഷപ്പെട്ടവര്‍ പറയുന്നത്. സൈക്കോകളെപ്പോലെയുള്ള ഇവരുടെ പെരുമാറ്റം പേടിപ്പെടുത്തുന്നതായിരുന്നുവെന്ന് രക്ഷപ്പെട്ടവര്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

അന്താരാഷ്ട്ര തലത്തില്‍ തന്നെ പല ഡ്രഗ് കാര്‍ട്ടലുകളും ഇത്തരം ജിഹാദി ഗ്രൂപ്പുകളുമായി സഹകരിച്ച് പ്രവര്‍ത്തിച്ചിട്ടുണ്ട്. ഐസിസും അല്‍ഖായിദയും നേരെത്ത ഡ്രഗ്സ് കടത്തിയ വാര്‍ത്തകളുണ്ട്. താലിബാന്‍ ഭരിക്കുന്ന അഫ്ഗാനിലാവട്ടെ ഓപ്പിയം ചെടികള്‍ നട്ട് അതില്‍നിന്ന് ലഹരി വേര്‍തിരിച്ചെടുക്കുന്ന എന്നത് ഒരു കുടില്‍ വ്യവസായംപോലെയാണ്. അത് അഫ്ഗാനില്‍നിന്ന് പാക്കിസ്ഥാന്‍ വഴി ഇന്ത്യ അടക്കമുള്ള രാജ്യങ്ങളിലേക്കും, ശ്രീലങ്ക വഴി യൂറോപ്പിലേക്ക് എത്തുകയുമാണ്. പക്ഷേ ഇങ്ങനെ ഡ്രഗ് കടത്തിന് കൂട്ടുനില്‍ക്കുമ്പോള്‍ പോലും, താലിബാന്‍ അടക്കമുള്ളവര്‍, മയക്കുമരുന്ന് ഉപയോഗിച്ചിരുന്നില്ല. ശരിക്കും ഒരു തരം നാര്‍ക്കോട്ടിക്ക് ജിഹാദ് തന്നെയായിരുന്നു അത്. പക്ഷേ ഇവിടെ ഹമാസ് ആവട്ടെ, ശരിക്കും മയക്കുമരുന്നിന്റെ ഉപാസകര്‍ ആവുകയാണ്!

പുനര്‍നിര്‍മ്മാണം ഹമാസിന് ചാകരയാവുമോ?

ഇപ്പോള്‍ ഹമാസിനുള്ള ഏറ്റവും വലിയ പ്രതീക്ഷ യുദ്ധാന്തരമുള്ള ഗസ്സയുടെ പുനര്‍നിര്‍മ്മാണമാണ്. അതിനായി ലോകത്തിന്റെ നാനാഭാഗങ്ങളില്‍നിന്നും പണം കുത്തിയൊഴുകൂമെന്നും അതിലെ ഒരു ഭാഗം അടിച്ചുമാറ്റി, സമ്പന്നരാവാമെന്നുമാണ് ഹമാസ് കരുതുന്നത്. പക്ഷേ ഇത് കര്‍ശനമായി തടയിടാനുള്ള ശ്രമത്തിലാണ്, ട്രംപും, നെതന്യാഹുവും.

ഏറ്റവും വിചിത്രം ഫലസ്തീനുവേണ്ടി ഏറ്റവും കൂടുതല്‍ ഫണ്ട് ഒഴുകുന്നത് ഇപ്പോഴും, അമേരിക്കയില്‍നിന്നാണെന്നാണ്. ഫലസ്തീനിന് ലഭിച്ച സഹായത്തിന്റെ 45 ശതമാനവും അമേരിക്കന്‍ ഏജന്‍സികള്‍ വഴിയാണ്. യൂറോപ്പ് 40 ശതമാനം കൊടുത്തപ്പോള്‍, വെറും 15 ശതമാനമാണ് അറബ് രാജ്യങ്ങളുടെ സംഭാവന! അമേരിക്കന്‍ ജനത ഗസ്സയിലും വെസ്റ്റബാങ്കിലെയും പാവപ്പെട്ടവര്‍ക്കുള്ള സഹായമായാണ് ഇത് ചെയ്യുന്നത്. അങ്ങനെ ഗസ്സ നിവാസികളുടെ ഭൗതിക സൗകര്യം വര്‍ധിച്ചാല്‍, അവര്‍ തീവ്രവാദത്തില്‍നിന്ന് മാറി നില്‍ക്കുമെന്നും, ഹമാസിന്റെയടക്കം ശക്തികുറയുമെന്നാണ് അവര്‍ കരുതിയത്. പക്ഷേ നേരെ തിരിച്ചാണ് കാര്യങ്ങള്‍ വന്നത്.




ഇതാണ് അമേരിക്കന്‍ പ്രസിഡന്റ് ട്രംപിനെ ചൊടിപ്പിക്കുന്നതും. താന്‍ അധികാരത്തിലേറിയാല്‍, മറ്റു രാജ്യങ്ങള്‍ക്ക് നല്‍കുന്ന സഹായങ്ങള്‍ നിര്‍ത്തലാക്കുമെന്ന് ട്രംപ് നേരത്തെ പ്രഖ്യാപിച്ചിരുന്നു. 'അമേരിക്ക ഫസ്റ്റ്' എന്ന ആശയത്തിന് പ്രാധാന്യം കൊടുക്കാന്‍ വിദേശ ചെലവുകള്‍ വെട്ടി കുറയ്ക്കുന്നതിന്റെ ഭാഗമായാണ് ഈ തീരുമാനം. ഇതിന്റെ ഭാഗമായി, യുഎസ്എയ്ഡിന്റെ സഹായം വരെ നിര്‍ത്തുകയാണ്. അതിന്റെ ഒരു കാരണം ഈ ഗസ്സക്കുള്ള യുഎസ്എയ്ഡിന്റെ സഹായം ഹമാസിനാണ് പോവുന്നത് എന്ന റിപ്പോര്‍ട്ടുകളാണ്.

യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്ന്റെിന്റെ റിപ്പോര്‍ട്ട് പ്രകാരം, യുസ്‌ഐഡിയുടെ ഗസ്സന്‍ ധനസഹായം ഫലത്തില്‍ പോവുന്നത് തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്കാണ്. 1961-ല്‍ അമേരിക്കന്‍ കോണ്‍ഗ്രസ് പാസാക്കി അന്നത്തെ പ്രസിഡന്റ് ജോണ്‍ എഫ്. കെന്നഡി ഒപ്പിട്ട വിദേശ സഹായ നിയമത്തിലൂടെയാണ് യുണൈറ്റഡ് സ്റ്റേറ്റ്സ് ഏജന്‍സി ഫോര്‍ ഇന്റര്‍നാഷണല്‍ ഡെവലപ്‌മെന്റ് (യുഎസ്എഐഡി) എന്ന യുഎസ് എയ്ഡ് എന്ന ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ സഹായമെത്തിക്കുന്ന എജന്‍സി പിറന്നുവീണത്. അമേരിക്കല്‍ ഭരണകൂടത്തിന് നിയന്ത്രിക്കാന്‍ കഴിയാത്ത രീതിയില്‍ സ്വതന്ത്ര ഏജന്‍സിയായിരുന്നു ഇത്. പക്ഷേ യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റിന്റെ അന്വേഷണം ചെന്നെത്തുന്നത്, സഹായഫണ്ടുകള്‍ തീവ്രവാദത്തിന് വളമാകുന്ന എന്ന നിരീക്ഷണത്തിലേക്കാണ്.

അതുപോലെ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്ന് ഗസ്സക്കായി വിവിധ സംഘടനകളിലുടെ പണം എത്തന്നുണ്ട്. ഇതെല്ലാം അടിച്ചുമാറ്റിയാണ് ഹമാസ് വളരുന്നത്. ഇപ്പോള്‍ ഗസ്സയുടെ പുനരധിവാസത്തിന് ലോക വ്യാപകമായി ഫണ്ടെത്തിയാല്‍, അത് തകര്‍ന്ന് തരിപ്പണമായ ഹമാസിന്റെ പുനരുജ്ജീവനത്തിനാണ് വഴിവെക്കുക എന്ന ട്രംപിന് നന്നായി അറിയാം. അതുകൊണ്ടാണ് ഗസ്സയിലെ ജനങ്ങളെ, അറേബ്യയിലേക്ക് മാറ്റി ആ നാട് അമേരിക്ക പുനര്‍നിര്‍മ്മിക്കുമെന്നൊക്കെ അദ്ദേഹം പറയുന്നത് എന്നാണ് വാഷിംങ്്ടണ്‍ പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്യുന്നത്. സാമ്പത്തിക നാഡി അറുത്തെടുക്കാന്‍ കഴിയാത്തിടത്തോളം ഹമാസിനെ തടയാന്‍ കഴിയില്ല എന്ന് നെതന്യാഹുവിനും നന്നായി അറിയാം. അതുകൊണ്ടുതന്നെ ഗസ്സയുടെ പുനരുദ്ധാരണം അവര്‍ക്ക് മുന്നിലുള്ള ഒരു ഗൗരവമായ പ്രശ്നമാണ്. അതിനെത്തുന്ന പണം ഹമാസിന് പോവാതെ, തടയുക എന്നത് ശരിക്കും ഒരു വെല്ലുവിളി തന്നെയാണ്. ഹമാസ് ആവട്ടെ ഇതില്‍ പിടിച്ച് കയറാനാണ് ശ്രമിക്കുന്നതും.

വാല്‍ക്കഷ്ണം: ഇനി ഹമാസിനെ മാത്രം കുറ്റം പറയാന്‍ വരട്ടെ, ഫലസ്തീന്‍ അതോരിറ്റി ഭരിക്കുന്ന ഫത്തേ പാര്‍ട്ടി അതേ പണി തന്നെയാണ് എടുക്കുന്നത്. ഗസ്സയുടെ അവസ്ഥവെച്ചുനോക്കുമ്പോള്‍ എത്രയോ ഭേദമാണെങ്കിലും, വെസ്റ്റ്ബാങ്കിലും പലമേഖലകളിലും കൊടിയ ദാരിദ്രമാണ്. ഫലസ്തീന്‍ അതോരിറ്റിയുടെ തലവനായ, മെഹമൂദ് അബ്ബാസിന്റെ ശ്രദ്ധ ഈ വിഷയങ്ങളൊന്നും പരിഹരിക്കുന്നതിലല്ല. അദ്ദേഹം സ്വന്തം ബിസിനസ് വളര്‍ത്തുന്നതിലാണ് ബദ്ധ ശ്രദ്ധനായിരിക്കുന്നത്. ഏകദേശം 75 ബില്യണ്‍ ഡോളറെങ്കിലും ആസ്തിയുള്ള വലിയൊരു വ്യവസായ ഗ്രൂപ്പിന്റെ ഉടമയാണ് മഹമൂദ് അബ്ബാസ്!