ഗ്രേറ്റ തുന്‍ബെര്‍ഗിനെ ഓര്‍മ്മയില്ലേ. ലോകമെമ്പാടുമുള്ള പരിസ്ഥിതി- മനുഷ്യാവകാശ പ്രവര്‍ത്തകരുടെ അരുമായായ സ്വീഡിഷ് പൗര. ആസ്പര്‍ജര്‍ സിന്‍ഡ്രോം, സെലക്ടീവ് മ്യൂട്ടിസം എന്നീ രോഗാവസ്ഥകളെ മറികടന്ന്, മണ്ണിനും മനുഷ്യനും വേണ്ടി പോരടക്കിന്നു വ്യക്തിത്വമെന്ന് ലോകം അവരെ വാഴ്ത്തുന്നു. 2019-ല്‍ ടൈം മാഗസിന്‍ ഗ്രേറ്റയെ 'പേഴ്സണ്‍ ഓഫ് ദ ഇയര്‍' ആയി തിരഞ്ഞെടുത്തിരുന്നു. ഈ ബഹുമതി ലഭിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയാണ് ഗ്രേറ്റ. കൂടാതെ നോബല്‍ സമാധാന പുരസ്‌കാരത്തിനായി പലതവണ നാമനിര്‍ദ്ദേശം ചെയ്യപ്പെട്ടിട്ടുണ്ട്.

2018-ല്‍ തന്റെ പതിനഞ്ചാം വയസ്സില്‍ സ്വീഡിഷ് പാര്‍ലമെന്റിന് മുന്നില്‍ തനിച്ച് നടത്തിയ 'കാലാവസ്ഥയ്ക്കായുള്ള സ്‌കൂള്‍ പണിമുടക്ക്' എന്ന പ്രതിഷേധത്തിലൂടെയാണ് ഗ്രേറ്റ ശ്രദ്ധിക്കപ്പെടുന്നത്. ഈ പ്രതിഷേധം പിന്നീട് ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് വിദ്യാര്‍ത്ഥികള്‍ പങ്കെടുത്ത 'ഫ്രൈഡേയ്‌സ് ഫോര്‍ ഫ്യൂച്ചര്‍' എന്ന വലിയൊരു പ്രസ്ഥാനമായി മാറി.

പക്ഷേ അവര്‍ കേരളത്തിലെ ഗ്രാമങ്ങളിലടക്കം പോപ്പുലര്‍ ആവുന്നത് ഫലസ്തീന്‍ വിഷയത്തില്‍ ഇടപെട്ടതോടെയാണ്.

ഗാസയിലേക്ക് വെള്ളവും ഭക്ഷണവും കൊടുക്കാനെന്ന പേരില്‍, സന്നദ്ധ സംഘടനയായ ഗ്ലോബല്‍ സുമൂദിന്റെ കപ്പലുകളില്‍ കയറി തിരിച്ചതും, അന്താരാഷ്ട്ര സമുദ്ര അതിര്‍ത്തിയില്‍ വെച്ച് ഇസ്രായേല്‍ സൈന്യം തടഞ്ഞ് തിരിയച്ചയും വലിയ വാര്‍ത്തയായിരുന്നു. അന്നുതന്നെ ഇസ്രയേല്‍ പറഞ്ഞത് ഇതൊരു കൊടും തട്ടിപ്പാണെന്നാണ്. കാരണം, ഗാസക്കുവേണ്ട വെള്ളവും, വൈദ്യുതിയും, ഭക്ഷണവും തങ്ങള്‍ കൊടുക്കുന്നുണ്ടെന്നും, അത് ഹമാസ് കൊള്ളയടിക്കുന്നതുകൊണ്ടാണ് ക്ഷാമം ഉണ്ടാവുന്നതുമെന്നുമാണ്. ഹമാസ് പലരൂപത്തിലും പല ഭാവത്തിലും വരുമെന്നാണ് ഇസ്രയേല്‍ പ്രധാനമന്ത്രി ബഞ്ചമിന്‍ നെതന്യാഹു ഇടക്കിടെ പറയാറുള്ളത്. മനുഷ്യാവകാശ പ്രവര്‍ത്തകന്റെ രൂപത്തില്‍, ഡോക്ടറും നഴ്സുമായി, മാധ്യമ പ്രവര്‍ത്തകനായി... അങ്ങനെ ഒട്ടേറെ രൂപത്തില്‍ വേഷം മാറിവരുന്ന ഹമാസിനെ ഇസ്രയേല്‍ കാണിച്ചുതരാറുണ്ട്. ഫലസ്തീന്‍ ഐക്യദാര്‍ഡ്യത്തിന്റെ പേരിലുള്ള പണപ്പിരുവകള്‍ക്ക് പിന്നില്‍ കള്ളപ്പണം വെളുപ്പിക്കലും, ഭീകരവാദത്തിന് കുടപിടിക്കലുമാന്നെ് നേരെത്ത ആരോപണം ഉയര്‍ന്നതാണ്.

പക്ഷേ ഇപ്പോഴിതാ ആ ആരോപണം ശരിയാണെന്ന് സമര്‍ത്ഥിക്കുന്നു കൂടുതല്‍ വിവരങ്ങള്‍ പുറത്തുവരികയാണ്. ഗ്രേറ്റ വന്ന കപ്പലല്‍ സ്പോണ്‍സര്‍ ചെയ്ത സന്നദ്ധ സംഘടനയായ ഗ്ലോബല്‍ സുമൂദിന്റെ പ്രവര്‍ത്തകര്‍ കള്ളപ്പണം വെളുപ്പിക്കലിന് ട്യൂണീഷ്യയില്‍ പിടിയിലായിരിക്കയാണ്. മനുഷ്യാവകാശ പ്രവര്‍ത്തനത്തിന്റെ മറവിലുള്ള ഭീകരതയാണ് ഇതോടെ മറ നീക്കുന്നത്!





ഹമാസ് ബന്ധമെന്ന ആരോപണം ശക്തം

ഗാസയിലേക്ക് മാനുഷിക സഹായമെത്തിക്കാനായി രൂപീകരിച്ച സന്നദ്ധ സംഘടനയാണ് ഗ്ലോബല്‍ സുമൂദ്. ഇതിന്റെ ഭാഗമായ കപ്പലുകളെയാണ് ഫ്‌ലോട്ടില്ല എന്ന് വിളിക്കുന്നത്. ഇവരാണ്, കള്ളപ്പണം വെളുപ്പിച്ച കേസില്‍ ടുണീഷ്യയില്‍ അറസ്റ്റിലായത്. രാജ്യത്തെ ഭീകരവിരുദ്ധ നിയമപ്രകാരമാണ് നടപടി. മാര്‍ച്ച് 6-നാണ് സുമൂദ് ഫ്‌ലോട്ടില്ലയുടെ ടുണീഷ്യന്‍ കോര്‍ഡിനേഷന്‍ അംഗങ്ങളായ വായേല്‍ നൗവര്‍, ഭാര്യ ജവാഹര്‍ ചന്ന, നബീല്‍ ചന്നൂഫി, മുഹമ്മദ് അമീന്‍ ബന്നൂര്‍, സന മഹിദ്‌ലി എന്നിവരുള്‍പ്പെടെയുള്ള ഏഴ് ആക്റ്റീവിസ്റ്റുകളെയാണ് അറസ്റ്റ് ചെയ്തത്. ഇവരെ പത്ത് ദിവസത്തെ ചോദ്യം ചെയ്യലിന് ശേഷം മാര്‍ച്ച് 16-ഓടെയാണ് കോടതി റിമാന്‍ഡ് ചെയ്തു.

കഴിഞ്ഞ സെപ്റ്റംബറില്‍ നടന്ന ആദ്യ ഗ്ലോബല്‍ സുമൂദ് ഫ്‌ലോട്ടില്ലയുടെ ഭാഗമായി നടത്തിയ ഫണ്ട് ശേഖരണത്തിലാണ് കള്ളപ്പണം വെളുപ്പിച്ചതെന്നാണ് ആരോപണം. ഗ്രേറ്റ തന്‍ബര്‍ഗ് ഈ ഫ്‌ലോട്ടില്ല പ്രസ്ഥാനത്തിന് പരസ്യമായി പിന്തുണ പ്രഖ്യാപിച്ചിരുന്നു. ഐക്യദാര്‍ഢ്യത്തിന്റെ ഭാഗമായി ഈ മാസമാദ്യം ടുണീഷ്യയില്‍ നടന്ന പ്രതിഷേധങ്ങളില്‍ ഗ്രേറ്റ പങ്കെടുക്കുകയും ചെയ്തിരുന്നു.

എന്നാല്‍, ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്നും ഫലസ്തീന്‍ അനുകൂല പ്രവര്‍ത്തനങ്ങളെ അടിച്ചമര്‍ത്താനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും സംഘാടകര്‍ ആരോപിക്കുന്നു. നിയമപരമായ അനുമതി ലഭിച്ച പരിപാടികള്‍ പോലും പോലീസ് തടയുന്നതായും അവര്‍ ചൂണ്ടിക്കാട്ടുന്നു. ടുണീഷ്യന്‍ പ്രസിഡന്റ് ഖൈസ് സയീദിന്റെ നേതൃത്വത്തില്‍ രാഷ്ട്രീയ പ്രവര്‍ത്തകര്‍ക്കും സിവില്‍ സൊസൈറ്റി സംഘടനകള്‍ക്കും മേല്‍ നടക്കുന്ന കര്‍ശനമായ നിയന്ത്രണങ്ങളുടെ ഭാഗമായാണ് ഈ അറസ്റ്റുകളെന്ന് മനുഷ്യാവകാശ പ്രവര്‍ത്തകര്‍ വിമര്‍ശിക്കുന്നു. പക്ഷേ തെളിവുകള്‍ എന്നും തെളിവുകളാണെല്ലോ? ഇസ്രയേല്‍ അത് നല്‍കുന്നുണ്ട്. ആഗോള വ്യാപകമായുള്ള ഹമാസിന്റെ നെറ്റ് വര്‍ക്കുകളിലേക്കാണ് അത് സൂചന നല്‍കുന്നത്.

ഗ്ലോബല്‍ സുമൂദ് ഫ്ലോട്ടില്ല ഹമാസിന്റെ സംഘടനയാണെന്നാണ് ഇസ്രയേല്‍ തെളിവ് സഹിതം ആരോപിക്കുന്നത്. ഗസ്സയിലെ ഹമാസ് പോസ്റ്റുകളില്‍ നിന്ന് 2021-ല്‍ കണ്ടെടുത്ത ചില ഔദ്യോഗിക രേഖകളിലൂടെയാണ് 'ഗ്ലോബല്‍ സുമൂദ് ഫ്ലോട്ടില്ല'യുടെ പോയ്മുഖം വെളിപ്പെട്ടത്. ഹമാസിന്റെ വിദേശകാര്യ വിഭാഗമായ പി.സി.പി.എ വഴി ഈ ഫ്ലോട്ടില്ലകള്‍ നിയന്ത്രിക്കപ്പെടുന്നു എന്നാണ് ഇതില്‍ പറയുന്നത്. ഹമാസിന്റെ അന്നത്തെ രാഷ്ട്രീയ മേധാവിയായിരുന്ന ഇസ്മായില്‍ ഹനിയ്യ, പി.സി.പി.എ-യെ ഒരു ഹമാസ് വിഭാഗമായി അംഗീകരിച്ചുകൊണ്ടുള്ള കത്താണ് ഇതില്‍ ഏറ്റവും പ്രധാനം. ഇത് ഇസ്രായേല്‍ പുറത്തുവിട്ടിരുന്നു. ഫ്ലോട്ടില്ല ദൗത്യങ്ങളുടെ പ്രധാന സംഘാടകനായ സഹീര്‍ ബിരാവി ലണ്ടന്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഒരു ഹമാസ് നേതാവാണെന്ന് ഇസ്രായേല്‍ ആരോപിക്കുന്നു. കഴിഞ്ഞ 15 വര്‍ഷമായി ഗസ്സയിലേക്ക് ഫ്ലോട്ടില്ലകള്‍ അയക്കുന്നതില്‍ ഇദ്ദേഹത്തിന് വലിയ പങ്കുണ്ട്. സഹീര്‍ ബിരാവിക്കെതിരെ അമേരിക്കന്‍ ട്രഷറി വിഭാഗം ഉപരോധം ഏര്‍പ്പെടുത്തിയിരുന്നു.

സൈഫ് അബു കാഷ്‌ക് എന്ന ഇതിലെ സ്പെയിന്‍ ആസ്ഥാനമായുള്ള ഈ പ്രവര്‍ത്തകനെ ഹമാസിന്റെ ഏജന്റായാണ് ഇസ്രായേല്‍ വിശേഷിപ്പിക്കുന്നത്. ഫ്ലോട്ടില്ലയില്‍ ഉപയോഗിക്കുന്ന കപ്പലുകളില്‍ പലതും സ്പെയിനിലെ സൈബര്‍ നെപ്റ്റിയൂണ്‍ എന്ന കമ്പനിയുടെ ഉടമസ്ഥതയിലുള്ളതാണ്. ഈ കമ്പനിയുടെ സി.ഇ.ഒ സൈഫ് അബു കാഷ്‌ക് ആണെന്നും, കമ്പനി ഹമാസിന് വേണ്ടി രഹസ്യമായി പ്രവര്‍ത്തിക്കുന്ന ഒന്നാണെന്നും ഇസ്രായേല്‍ ആരോപിക്കുന്നു. വെറുതെ ആരോപിക്കയല്ല അതിനുള്ള രേഖകളും അവര്‍ പുറത്തിവിട്ടിട്ടുണ്ട്.





സന്നദ്ധ പ്രവര്‍ത്തനം എന്ന വ്യാജേന അന്താരാഷ്ട്ര ശ്രദ്ധ നേടാനും, ഇസ്രായേലിന്റെ ഉപരോധം ലംഘിക്കാനുമുള്ള ഹമാസിന്റെ ഒരു സിവിലിയന്‍ കവര്‍ ദൗത്യമാണിതെന്ന് ഇസ്രായേല്‍ വിദേശകാര്യ മന്ത്രാലയം പറയുന്നു. ഫ്ലോട്ടില്ലയില്‍ വെള്ളമോ, വലിയ തോതിലുള്ള ഭക്ഷണസാധനങ്ങളോ ഇല്ലെന്നും ഇത് കേവലം ഒരു പബ്ലിസിറ്റി സ്റ്റണ്ട് മാത്രമാണെന്നുമാണ് ഇസ്രായേല്‍ പോലീസിന്റെ പക്ഷം. ഈ ആരോപണങ്ങളെല്ലാം ഗ്ലോബല്‍ സുമൂദ് പ്രവര്‍ത്തകര്‍ നിഷേധിച്ചിട്ടുണ്ട്. ഇത് തങ്ങളെ അപകീര്‍ത്തിപ്പെടുത്താനുള്ള ഇസ്രായേലിന്റെ വ്യാജപ്രചാരണം മാത്രമാണെന്നും, തങ്ങള്‍ പൂര്‍ണ്ണമായും സന്നദ്ധാടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കുന്ന ഒരു സിവിലിയന്‍ സംഘടനയാണെന്നും അവര്‍ വാദിക്കുന്നു. ടുണീഷ്യയില്‍ പ്രവര്‍ത്തകര്‍ അറസ്റ്റിലായപ്പോഴും അവര്‍ ഇതേവാദമാണ് പറയുന്നത്. പക്ഷേ ഇസ്രയേലിന്റെ മൂന്നില്‍ ശക്തമായ തെളിവുകളാണ് ഉള്ളത്.

ഗ്രേറ്റയെ മുന്‍ നിര്‍ത്തി തട്ടിപ്പ്

ഗ്രേറ്റ തന്‍ബെര്‍ഗിനെതിരെ പ്രത്യക്ഷമായ സാമ്പത്തിക തിരിമറി ആരോപണങ്ങളോ ഫണ്ട് വെട്ടിപ്പ് കേസുകളോ നിലവിലില്ല. എന്നാല്‍, അവര്‍ പങ്കെടുത്ത ഫലസ്തീന്‍ ഐക്യദാര്‍ഢ്യ ദൗത്യങ്ങളുമായി ബന്ധപ്പെട്ട് ചില വിവാദങ്ങളും നിയമനടപടികളും ഉണ്ടായിട്ടുണ്ട്. ഇപ്പോള്‍ ഗ്ലോബല്‍ സുമൂദ് ഫ്ലോട്ടില്ല കള്ളപ്പണം വെളുപ്പിച്ചെന്ന ആരോപണത്തിലും ഗ്രേറ്റ തന്‍ബെര്‍ഗ് പ്രതിയല്ല. പക്ഷേ അവരും ഈ ദ്യൗത്യത്തിന്റെ ഭാഗമായിരുന്നുവെന്നത് ധാര്‍മ്മിക ഉത്തരവാദിത്വമുണ്ട്. ഈ ദൗത്യത്തിന്റെ ഭാഗമായിരുന്ന ഗ്രേറ്റയെയും മറ്റ് അന്താരാഷ്ട്ര പ്രവര്‍ത്തകരെയും 2025 ഒക്ടോബര്‍ ആദ്യം ഇസ്രായേല്‍ നാവികസേന കടലില്‍ വെച്ച് തടയുകയും കസ്റ്റഡിയിലെടുക്കുകയും ചെയ്തിരുന്നു. ചോദ്യം ചെയ്യലിന് ശേഷം അവരെ ഇസ്രായേലില്‍ നിന്ന് നാടുകടത്തുകയാണുണ്ടായത്. പക്ഷേ ഇത്തരത്തിലുള്ള സംഘടനകളുടെ പ്രവര്‍ത്തനങ്ങളില്‍ പങ്കാളിയാകുന്നതിലൂടെ ഗ്രേറ്റ അറിഞ്ഞോ അറിയാതെയോ ഇത്തരം ശൃംഖലകളുടെ ഭാഗമാകുന്നു എന്നതാണ് വിമര്‍ശകര്‍ ഉയര്‍ത്തുന്ന പ്രധാന ആരോപണം.

2025 ഡിസംബര്‍ 23-ന് ലണ്ടനില്‍ നടന്ന ഒരു പ്രതിഷേധത്തിനിടെ ഗ്രേറ്റ ഭീകരവിരുദ്ധ നിയമപ്രകാരം അറസ്റ്റിലായിരുന്നു. ബ്രിട്ടന്‍ നിരോധിച്ച 'ഫലസ്തീന്‍ ആക്ഷന്‍' എന്ന സംഘടനയെ പിന്തുണയ്ക്കുന്ന പ്ലക്കാര്‍ഡ് കൈവശം വെച്ചതിനാണ് യു.കെ.യിലെ ഭീകരവിരുദ്ധ നിയമപ്രകാരം പോലീസ് അവരെ കസ്റ്റഡിയിലെടുത്തത്.പിന്നീട് അവര്‍ ജാമ്യത്തില്‍ ഇറങ്ങുകയും ചെയ്തു. ഇത്തരത്തിലുള്ള കേസുകള്‍ അല്ലാതെ സാമ്പത്തിക തട്ടിപ്പില്‍ അവര്‍ കുടുങ്ങിയിട്ടില്ല. പക്ഷേ ഗ്രേറ്റയെ വെച്ച് ഹമാസ് അനുകുല സംഘടനകള്‍ വന്‍ തോതില്‍ കള്ളപ്പണം വെളുപ്പിക്കുന്നുവെന്നാണ് ആരോപണം.

ഗ്രേറ്റ ഒരു സന്നദ്ധ പ്രവര്‍ത്തക എന്നതിലുപരി ഹമാസിന്റെ പ്രൊപ്പഗണ്ട പ്രചരിപ്പിക്കാനുള്ള ഒരു ഉപകരണമായി മാറിക്കഴിഞ്ഞു എന്ന് ഇസ്രായേല്‍ ആരോപിക്കുന്നു.ഗ്രേറ്റയുടെ പ്രവര്‍ത്തനങ്ങള്‍ക്കും വിദേശയാത്രകള്‍ക്കും പിന്നില്‍ ആരാണെന്നും അവര്‍ക്ക് പണം നല്‍കുന്നത് ആരെന്നും വെളിപ്പെടുത്താന്‍ തയ്യാറാകണമെന്ന് ഇസ്രായേല്‍ മാധ്യമങ്ങളും ഔദ്യോഗിക വക്താക്കളും ആവശ്യപ്പെട്ടിട്ടുണ്ട്. തങ്ങള്‍ക്കെതിരായ ഹേറ്റ് കാമ്പയിനുകള്‍ക്ക് വിദേശ രാജ്യങ്ങളില്‍ നിന്ന് ഫണ്ട് ലഭിക്കുന്നുണ്ടെന്നാണ് ഇസ്രയേലിന്റെ വാദം. ഈ ആരോപണങ്ങളെല്ലാം അടിസ്ഥാനരഹിതമായ 'സ്മിയര്‍ കാമ്പയിനുകള്‍' ആണെന്നാണ് ഗ്രേറ്റയുടെ മറുപടി. ഗസ്സയിലെ മനുഷ്യാവകാശ പ്രശ്നങ്ങള്‍ ലോകശ്രദ്ധയില്‍ കൊണ്ടുവരാനാണ് താന്‍ ശ്രമിക്കുന്നതെന്നും സംഘടനകളുടെ ആഭ്യന്തര സാമ്പത്തിക കാര്യങ്ങളില്‍ തനിക്ക് പങ്കില്ലെന്നും അവര്‍ വ്യക്തമാക്കുന്നു. പക്ഷേ അത് ഒരു ഒഴിഞ്ഞുമാറല്‍ മാത്രമാണെന്ന് വ്യക്തമാണ്.




ഇന്ത്യയിലും ഫണ്ടിങ് വിവാദം

ഇന്ത്യയില്‍ കര്‍ഷക സമരവുമായി ബന്ധപ്പെട്ട് ഗ്രേറ്റ പങ്കുവെച്ച ടൂള്‍കിറ്റ് കേസില്‍, ഫ്രൈഡേയ്‌സ് ഫോര്‍ ഫ്യൂച്ചറിന്റെ ഇന്ത്യന്‍ ഘടകം വിഘടനവാദ ഗ്രൂപ്പുകളില്‍ നിന്ന് സാമ്പത്തിക സഹായം സ്വീകരിച്ചതായി അന്വേഷണ ഏജന്‍സികള്‍ ആരോപിച്ചിരുന്നു. ഫ്രൈഡേയ്‌സ് ഫോര്‍ ഫ്യൂച്ചര്‍ ഇന്ത്യയുടെ സ്ഥാപക അംഗങ്ങളില്‍ ഒരാളായ ദിശ രവിയെ (22), 2021 ഫെബ്രുവരി 13-ന് ബെംഗളൂരുവില്‍ വെച്ചാണ് ഡല്‍ഹി പോലീസ് അറസ്റ്റ് ചെയ്തത്. രാജ്യദ്രോഹം ക്രിമിനല്‍ ഗൂഢാലോചന തുടങ്ങിയ കുറ്റങ്ങളാണ് ചുമത്തിയത്. കര്‍ഷക സമരത്തിന് പിന്തുണ തേടിക്കൊണ്ട് തയ്യാറാക്കിയ 'ടൂള്‍കിറ്റ്' ഗൂഗിള്‍ ഡോക്യുമെന്റ് എഡിറ്റ് ചെയ്തത് ദിശ രവിയാണെന്ന് പോലീസ് പറയുന്നു. ഈ രേഖ തയ്യാറാക്കിയത് കാനഡ കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന പോയറ്റിക് ജസ്റ്റിസ് ഫൗണ്ടേഷന്‍ എന്ന സംഘടനയാണെന്നും, ഇത് ഒരു ഖാലിസ്ഥാനി അനുകൂല വിഘടനവാദ ഗ്രൂപ്പാണെന്നും അന്വേഷണ ഏജന്‍സികള്‍ കോടതിയില്‍ വാദിച്ചു.

2021 ജനുവരി 26-ന് ഡല്‍ഹിയില്‍ നടന്ന അക്രമ സംഭവങ്ങള്‍ക്ക് പിന്നില്‍ ഈ ടൂള്‍കിറ്റ് വഴി ആസൂത്രണം ചെയ്ത അന്താരാഷ്ട്ര ഗൂഢാലോചന ഉണ്ടെന്നാണ് പോലീസ് ആരോപിച്ചത്. വിഘടനവാദ ഗ്രൂപ്പുകളുമായി ചേര്‍ന്ന് ഇന്ത്യയുടെ പ്രതിച്ഛായ തകര്‍ക്കാന്‍ ശ്രമിച്ചു എന്നതായിരുന്നു പ്രധാന ആരോപണം. ഫ്രൈഡേയ്‌സ് ഫോര്‍ ഫ്യൂച്ചര്‍ ഇന്ത്യ വിദേശത്തുള്ള വിഘടനവാദ സംഘടനകളില്‍ നിന്ന് സാമ്പത്തിക സഹായം കൈപ്പറ്റിയതായി ചില അന്വേഷണ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിച്ചിരുന്നു. ഇതിന്റെ ഭാഗമായി സംഘടനയുടെ വെബ്‌സൈറ്റ് കുറച്ചു കാലത്തേക്ക് തടയുകയും ചെയ്തിരുന്നു. 2021 ഫെബ്രുവരി 23-ന് ഡല്‍ഹി കോടതി ദിശ രവിക്ക് ജാമ്യം അനുവദിച്ചു. ' വ്യക്തമല്ലാത്തതുമായ തെളിവുകളുടെ'അടിസ്ഥാനത്തില്‍ ഒരാളുടെ സ്വാതന്ത്ര്യം തടയാനാവില്ലെന്നും, വിയോജിക്കാനുള്ള അവകാശം ഭരണഘടനാപരമായ അവകാശമാണെന്നും ജഡ്ജി വിധിയില്‍ നിരീക്ഷിച്ചു. ഈ കേസ് നിലവില്‍ കോടതിയുടെ പരിഗണനയിലാണ്.

ഡല്‍ഹി പോലീസ് ഈ കേസില്‍ ദിശ രവിയെ കൂടാതെ മറ്റുചിലര്‍ക്കെതിരെയും നടപടിയെടുത്തിരുന്നു. മഹാരാഷ്ട്രയിലെ ബീഡ് സ്വദേശിയായ പരിസ്ഥിതി പ്രവര്‍ത്തകന്‍ ശാന്തനുവായിരുന്ന അതില്‍ പ്രധാനി. ടൂള്‍കിറ്റ് നിര്‍മ്മാണത്തില്‍ ദിശ രവിയോടൊപ്പം ഇയാളും പങ്കാളിയായെന്ന് പോലീസ് ആരോപിച്ചു. അറസ്റ്റ് ഒഴിവാക്കാന്‍ ഇദ്ദേഹത്തിന് ബോംബെ ഹൈക്കോടതിയില്‍ നിന്ന് മുന്‍കൂര്‍ ജാമ്യം ലഭിച്ചിരുന്നു. മുംബൈ ആസ്ഥാനമായുള്ള അഭിഭാഷകയായ നികിത ജേക്കബും കേസില്‍ പ്രതിയായി. ടൂള്‍കിറ്റ് തയ്യാറാക്കാന്‍ സഹായിച്ചുവെന്നാരോപിച്ച് ഇവരുടെ വീട്ടില്‍ പോലീസ് പരിശോധന നടത്തുകയും ലാപ്ടോപ്പും ഫോണും പിടിച്ചെടുക്കുകയും ചെയ്തു. ഇവര്‍ക്കും പിന്നീട് കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചു. പോയറ്റിക്ക് ജസ്റ്റിസ് ഫൗണ്ടേഷന്‍ എന്ന പി.ജെ.എഫിന്റെ സ്ഥാപകരായ ധാലിവാള്‍ അനിത ലാല്‍ എന്നിവര്‍ക്കെതിരെയും പോലീസ് അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.

പകല്‍ മനുഷ്യാവകാശം, രാത്രി?

മനുഷ്യവകാശ സംഘടനകളുടെയും, പരിസ്ഥിതി സംഘടനകളുടെയും മുഖംകൂടിയിട്ട് ഹമാസിനുവേണ്ടി പ്രവര്‍ത്തിക്കുന്ന ചില സംഘടക,െ നേരത്തെ ഇസ്രയേല്‍ ലിസ്റ്റ് ചെയ്തിട്ടുണ്ട്. അവര്‍ പ്രധാനമായും ലക്ഷ്യം വെച്ചത് ആറ് വലിയ സംഘടനകളെയാണ്. 2021 ഒക്ടോബറില്‍ ഇസ്രായേല്‍ പ്രതിരോധ മന്ത്രാലയം ആറ് സംഘടനകളെ ഭീകരവിരുദ്ധ നിയമപ്രകാരം നിരോധിച്ചു:




അല്‍-ഹഖ് എന്ന അന്താരാഷ്ട്ര തലത്തില്‍ അംഗീകരിക്കപ്പെട്ട മനുഷ്യാവകാശ സംഘടയാണ് ഇതില്‍ ആദ്യത്തേത്. അദമീര്‍ എന്ന ഫലസ്തീന്‍ തടവുകാരുടെ അവകാശങ്ങള്‍ക്കായി പ്രവര്‍ത്തിക്കുന്ന സംഘടനയാണ് അടുത്തത്. ഡിഫന്‍സ് ഫോര്‍ ചില്‍ഡ്രന്‍ ഇന്റര്‍നാഷണല്‍-ഫലസ്തീന്‍ എന്നത് കുട്ടികളുടെ അവകാശങ്ങള്‍ സംരക്ഷിക്കാന്‍ പ്രവര്‍ത്തിക്കുന്ന ഗ്രൂപ്പാണെന്നാണ് പറയുന്നത്. യൂണിയന്‍ ഓഫ് അഗ്രികള്‍ച്ചറല്‍ വര്‍ക്ക് കമ്മിറ്റീസ് കര്‍ഷകരുടെ ക്ഷേമത്തിനായി പ്രവര്‍ത്തിക്കുന്ന സന്നദ്ധ സംഘടനയാണ്. ഗവേഷണങ്ങള്‍ക്കും സിവില്‍ സൊസൈറ്റി പ്രവര്‍ത്തനങ്ങള്‍ക്കുമായി പ്രവര്‍ത്തിക്കുന്ന കേന്ദ്രമായ അറിയപ്പെടുന്ന ബിസാന്‍ സെന്റര്‍ ഫോര്‍ റിസര്‍ച്ച് ആന്‍ഡ് ഡെവലപ്‌മെന്റ്, സ്ത്രീകളുടെ അവകാശങ്ങള്‍ക്കായി പ്രവര്‍ത്തിക്കുന്നതാണ് യൂണിയന്‍ ഓഫ് ഫലസ്തീനിയന്‍ വിമന്‍സ് കമ്മിറ്റീസ്. പക്ഷേ ഇവയെല്ലാറ്റിനെയും ഇസ്രയേല്‍ നിരോധിച്ചിരിക്കയാണ്.

ഈ സംഘടനകള്‍ പുറമെ മനുഷ്യാവകാശ പ്രവര്‍ത്തനം നടത്തുമ്പോള്‍ തന്നെ ഭീകരസംഘടനകള്‍ക്ക് വേണ്ടിയുള്ള മറയായി പ്രവര്‍ത്തിക്കുന്നുവെന്നാണ് ഇസ്രായേല്‍ പറയുന്നത്. ഈ സംഘടനകള്‍ പോപ്പുലര്‍ ഫ്രണ്ട് ഫോര്‍ ദ ലിബറേഷന്‍ ഓഫ് ഫലസ്തീന്‍ (പിഎഫ്എല്‍പി) എന്ന നിരോധിത ഗ്രൂപ്പിന്റെ ഭാഗമാണെന്ന് ഇസ്രായേല്‍ ആരോപിക്കുന്നു. പി.എഫ്.എല്‍.പി-യിലെ മുതിര്‍ന്ന അംഗങ്ങള്‍ ഈ സംഘടനകളുടെ തലപ്പത്തിരുന്ന് ഭീകരപ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്യുന്നുവെന്നാണ് മന്ത്രാലയത്തിന്റെ റിപ്പോര്‍ട്ട്. വിദേശ രാജ്യങ്ങളില്‍ നിന്നും യൂറോപ്യന്‍ യൂണിയനില്‍ നിന്നും മനുഷ്യാവകാശ പ്രവര്‍ത്തനങ്ങള്‍ക്കെന്ന പേരില്‍ ഈ സംഘടനകള്‍ കോടിക്കണക്കിന് രൂപ ഗ്രാന്റായി സ്വീകരിക്കുന്നുവെന്ന് തെളിവ് സഹിതം ഇസ്രയേല്‍ പുറത്തുവിട്ടിട്ടുണ്ട്.

എന്നാല്‍ ഈ പണം വ്യാജ രേഖകളുണ്ടാക്കി ഭീകരപ്രവര്‍ത്തനങ്ങള്‍ക്കും ആയുധങ്ങള്‍ക്കുമായി മാറ്റുന്നുവെന്ന് ഇസ്രായേല്‍ ആരോപിക്കുന്നു. തങ്ങള്‍ക്കെതിരെ അന്താരാഷ്ട്ര തലത്തില്‍ തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കാനും നിയമപോരാട്ടങ്ങള്‍ നടത്താനും ഈ സന്നദ്ധ സംഘടനകളുടെ വേദികള്‍ ഉപയോഗിക്കുന്നും ഇസ്രയേല്‍ ആരോപിക്കുന്നു. ചരുക്കിപ്പറഞ്ഞാല്‍ പകല്‍ മനുഷ്യാവകാശ പ്രവര്‍ത്തനം, രാത്രി ഭീകരവാദം എന്നതാണ് ഈ സംഘടനകളുടെ അവസ്ഥയെന്ന് ഇസ്രയേല്‍ പറയുന്നു.

ഭീകരതയുടെ ഇരട്ട അംഗത്വം

ആറ് പ്രമുഖ ഫലസ്തീന്‍ സംഘടനകളെ ഭീകര സംഘടനകളായി പ്രഖ്യാപിച്ചപ്പോള്‍ ഇസ്രായേല്‍ ഇന്റലിജന്‍സ് വിഭാഗമായ ഷിന്‍ ബെറ്റ് തയ്യാറാക്കിയ റിപ്പോര്‍ട്ടില്‍ ഇക്കാര്യങ്ങള്‍ അക്കമിട്ട് നിരത്തിയിരുന്നു. ഫണ്ട് വെട്ടിപ്പിന്റെയടക്കം കഥകള്‍ അതിലുണ്ട്. ഈ സംഘടനകളുടെ അക്കൗണ്ടന്റുമാരായിരുന്ന സെയ്ദ് അബേദത്ത്, അമ്രു ഹമൂദെ എന്നിവരെ ചോദ്യം ചെയ്തപ്പോഴാണ് ഫണ്ട് വെട്ടിപ്പിന്റെ വിവരങ്ങള്‍ ലഭിച്ചത്. മാനുഷിക സഹായങ്ങള്‍ക്കായി യൂറോപ്യന്‍ രാജ്യങ്ങളില്‍ നിന്ന് ലഭിക്കുന്ന പണം വ്യാജ രസീതുകള്‍ ഉപയോഗിച്ച് പി.എഫ്.എല്‍.പി എന്ന ഭീകര ഗ്രൂപ്പിന്റെ പ്രവര്‍ത്തനങ്ങള്‍ക്കായി വകമാറ്റുന്നുവെന്ന് ഇവര്‍ മൊഴി നല്‍കിയിരുന്നു.

സംഘടനകളുടെ തലപ്പത്തിരിക്കുന്നവര്‍ ഭീകര ഗ്രൂപ്പുകളിലും അംഗങ്ങളാണെന്ന് ഇസ്രായേല്‍ ചൂണ്ടിക്കാട്ടുന്നു. 'അദമീര്‍' എന്ന സംഘടനയുടെ തലപ്പെത്തുണ്ടായിരുന്ന, സാമര്‍ അര്‍ബിദ് 2019-ല്‍ ഒരു ഇസ്രായേലി പെണ്‍കുട്ടിയെ കൊലപ്പെടുത്തിയ ബോംബ് സ്ഫോടനത്തിന്റെ സൂത്രധാരനാണെന്ന് ഇസ്രായേല്‍ ആരോപിക്കുന്നു. പല സംഘടനകളിലെയും മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ പി.എഫ്.എല്‍.പി-യുടെ രാഷ്ട്രീയ അല്ലെങ്കില്‍ സൈനിക വിഭാഗങ്ങളില്‍ സജീവമാണെന്ന് സോഷ്യല്‍ മീഡിയ പോസ്റ്റുകളും മറ്റ് പരസ്യരേഖകളും തെളിവായി ഇസ്രായേല്‍ ചൂണ്ടിക്കാട്ടുന്നു.




യു എന്‍ ആര്‍ ഡബ്ലയു എ എന്ന ഉണ്‍റാ എന്ന് വിളിക്കുന്ന ഗസായിലെ എല്ലാമെല്ലാമായ യു എന്‍ ഏജന്‍സിയെ, ഇസ്രായേല്‍ ഭീകര സംഘടനയായി പ്രഖ്യാപിക്കാന്‍ നടപടികള്‍ തുടങ്ങിയിട്ടുണ്ട്. ഉണ്‍റയിലെ നിരവധി അംഗങ്ങളാണ്, ഒക്ടോബര്‍ ആക്രമണത്തില്‍, നേരിട്ട് പങ്കെടുത്തത്! ഇത് പിടിക്കപ്പെട്ടതിനെ തുടര്‍ന്ന് ഇവരെ യുഎന്‍ പിരിച്ചുവിടുകയും, ഇസ്രയേല്‍ പിടികൂടുകയുമായിരുന്നു. ഗാസയിലെ ആരോഗ്യമന്ത്രാലയവും, മീഡിയ സെല്ലുമൊക്കെ ഹമാസ് നിയന്ത്രിക്കുന്ന ഉണ്‍റയാണ്. അവര്‍ നല്‍കുന്ന കണക്ക് തൊണ്ടതൊടതെ വിഴുങ്ങുകയാണ്, ബിബിസി അടക്കമുള്ള മാധ്യമങ്ങള്‍ ചെയ്യുന്നത്. യുദ്ധത്തിന്റെ പെരുപ്പിച്ച നാശനഷ്ടങ്ങളും, ഇല്ലാത്ത പട്ടിണിയും, ശിശു മരണ നിരക്കുമൊക്കെ ഈ ഉണ്‍ട്ര പടച്ചുവിടുന്നതാണ് എന്നാണ് ഇസ്രയേല്‍ ആരോപണം. ഇവിടെയും വെറും ആരോപണമല്ല. ഓരോന്നിനും അവര്‍ തെളിവ് കൊണ്ടുവരുന്നുണ്ട്. അമേരിക്കയും ഇത് അംഗീകരിക്കുന്നു.

പക്ഷേ ഗ്രേറ്റ തുന്‍ബര്‍ഗിനെപ്പോലുള്ളവര്‍ക്ക് ഇനിയും നേരം വെളുത്തിട്ടില്ല. ഇതെല്ലാം ഇസ്രയേല്‍ കെട്ടിച്ചമയച്ചതാണെന്നാണ് അവര്‍ പറയുന്നത്. ശാസ്ത്രീയമായ അറിവില്ലാതെ കേവലം വൈകാരികമായ പ്രസംഗങ്ങള്‍ മാത്രമാണ് ഗ്രേറ്റ നടത്തുന്നതെന്ന് നേരത്തെ പല വിമര്‍ശകരും ആരോപിച്ചിട്ടുണ്ട്. പരിസ്ഥിതി സൗഹൃദപരമായ ജീവിതശൈലിയെക്കുറിച്ച് സംസാരിക്കുമ്പോഴും ഗ്രേറ്റയുടെ യാത്രകളും മറ്റും പ്രായോഗികമല്ലെന്നും അവയില്‍ ഇരട്ടത്താപ്പുണ്ടെന്നും വിമര്‍ശനമുണ്ട്. ഉദാഹരണത്തിന്, വിമാനം ഒഴിവാക്കി വഞ്ചിയില്‍ യാത്ര ചെയ്തപ്പോള്‍ ആ വഞ്ചി തിരികെ എത്തിക്കാന്‍ ജീവനക്കാര്‍ വന്‍ തുക മുടക്കി വിമാനത്തില്‍ യാത്ര ചെയ്യേണ്ടി വന്നു. (ഗാന്ധിയുടെ ദാരിദ്ര്യത്തിന് കോണ്‍ഗ്രസ് പാര്‍ട്ടി വലിയ വില കൊടുക്കേണ്ടി വന്നു എന്ന വിമര്‍ശനമാണ് ഇവിടെ ഓര്‍മ്മവരിക) ഗ്രേറ്റ വെറുമൊരു കളിപ്പാവയാണെന്നും ചില നിക്ഷിപ്ത താത്പര്യക്കാരായ സംഘടനകളാണ് അവരെ പിന്നില്‍ നിന്ന് നിയന്ത്രിക്കുന്നതെന്നും നേരത്തെ ഉയര്‍ന്ന വിമര്‍ശനങ്ങള്‍ ശരിവെക്കുകയാണ് ടുണീഷ്യന്‍ സംഭവം.

വാല്‍ക്കഷ്ണം: നിങ്ങള്‍ അറിഞ്ഞതും അപ്പുറമാണ് ഹമാസ് എന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു പലപ്പോഴായി പറയുന്നകാര്യമാണ്. തുറന്ന ജയില്‍ എന്ന് നമ്മുടെ മീഡിയാവണ്‍ വിശേഷിപ്പിക്കുന്ന ഗാസയില്‍, ഡല്‍ഹി മെട്രോയേക്കാള്‍ വലിയ തുരങ്കങ്ങളാണ് ഹമാസ് നിര്‍മ്മിച്ചിരിക്കുന്നത്. ആശുപത്രിക്കും, സ്‌കൂളിനുമടിയില്‍പോലും റോക്കറ്റ് ആക്രമണകേന്ദ്രമാക്കുന്നു. അതിനുപുറമെ മനുഷ്യാകാശ സംഘടനകളുടെ മറവില്‍വരുന്ന കോടികളുടെ പണമാണ്, അവര്‍ ഭീകരതക്കുവേണ്ടി വഴിതിരിച്ചുവിടുന്നത്. ലോകത്തിലെ പല മനുഷ്യാവകാശ പ്രവര്‍ത്തകര്‍ക്കും ഈ കളി മനസ്സിലായിട്ടില്ല.