- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഗാന്ധിജിയുടെ ധനസഹായി; അംബാസഡര്‍ കാര്‍ തൊട്ട് ഐഡിയ മൊബൈല്‍ വരെ; ഇപ്പോള്‍ ജ്വല്ലറി രംഗത്തേക്കും; നഷ്ടപ്രതാപം വീണ്ടെടുക്കുന്ന ബിര്‍ളാ ഗ്രൂപ്പിന്റെ കഥ
ടാറ്റാ, ബിര്‍ളാ! 91-ലെ സാമ്പത്തിക ഉദാരീകരണത്തിന് മുമ്പ്, ഇന്ത്യന്‍ ബിസിനസ് ലോകത്തെ നിയന്ത്രിച്ചിരുന്നത്് ഈ രണ്ട് ഗ്രൂപ്പുകള്‍ ആയിരുന്നു. കുത്തകകള്‍ എന്നതിനും, കോടീശ്വരന്മ്മാര് എന്നതിനൊക്കെ പര്യായമായി മലയാളികള്‍ വരെ ഉപയോഗിച്ചുന്ന പദങ്ങളായിരുന്നു ഇവ. പക്ഷേ കാലക്രമേണെ ഇവരുടെ പ്രതാപത്തിന്റെ പകിട്ടു കുറഞ്ഞു. അംബാനി- അദാനിയുഗത്തിനുശേഷം നഷ്ടമായ പ്രതാപം തിരിച്ചുപിടിക്കാനുള്ള ശ്രമത്തിലാണ് ടാറ്റയും ബിര്ളയുമിപ്പോള്. ബിഎസ്എന്‍എല്ലുമായി സഹകരിച്ച് ടാറ്റ ടെലികോ വിപണിയില്‍ ഇറങ്ങുന്നത് ഒരു ഉദാഹരണം. അതുപോലെ ബിര്‍ളയും. അവര്‍ ഇപ്പോള്‍ ജ്വല്ലറി മേഖലയിലേക്ക് കൂടി കടന്നിരിക്കയാണ്. സിമന്റ് അടക്കമുള്ള തങ്ങളുടെ പരമ്പരാഗതമേഖലകളിലും ബിര്‍ള നിക്ഷേപം വര്ധിപ്പിക്കയാണ്.
ആദിത്യ ബിര്‍ള ഗ്രൂപ്പ് ഇന്ന്, മുംബൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഒരു ഇന്ത്യന്‍ ബഹുരാഷ്ട്ര കൂട്ടായ്മയാണ്. ലോഹങ്ങള്‍, സിമന്റ്, ഫാഷന്‍, റീട്ടെയില്‍, സാമ്പത്തിക സേവനങ്ങള്‍, ഫൈബര്‍ ,തുണിത്തരങ്ങള്‍, രാസവസ്തുക്കള്‍ , റിയല്‍ എസ്റ്റേറ്റ് , ഖനനം, വിനോദം തുടങ്ങിയ വിവിധ മേഖലകളിലായി 36 രാജ്യങ്ങളില്‍ സാന്നിധ്യമുള്ള കമ്പനി. 75 ബില്യണ്‍ യുഎസ് ഡോളറാണ് വാര്‍ഷക വരുമാനം! ഒരു ബില്യന്‍ നൂറുകോടിയാണെന്ന് ഓര്‍ക്കണം. അള്‍ട്രാടെക് സിമന്റ്, ഹിന്‍ഡാല്‍കോ, നോവെലിസ് , ഗ്രാസിം ( കോഴിക്കോട് മാവൂരില്‍ മലീനകരത്തിന്റെ പേരില്‍ വില്ലനായ ടീം) , ആദിത്യ ബിര്‍ള കാപ്പിറ്റല്‍ , ആദിത്യ ബിര്‍ള ഫാഷന്‍ ആന്‍ഡ് റീട്ടെയില്‍ , വോഡഫോണ്‍- ഐഡിയ എന്നിവയാണ് ബിര്‍ളാഗ്രൂപ്പിന്റെ പ്രമുഖ സ്ഥാപനങ്ങള്‍.
വെറുമൊരു ബിസിനസ് ഗ്രൂപ്പായിട്ടല്ല, ടാറ്റയെപ്പോലെ ബിര്‍ളയുടെയും തുടക്കം.
.എണ്ണത്തില്‍ അധികമില്ലെങ്കിലും, ചില പ്രമുഖ വ്യവസായികളെങ്കിലും ദേശീയപ്രസ്ഥാനത്തോടും, മഹാത്മാ ഗാന്ധിയോടും അടുത്ത് പ്രവര്‍ത്തിച്ചിട്ടുണ്ട്. അവരില്‍ പ്രമുഖരാണ് വ്യവസായ പ്രമുഖരായ ഘനശ്യാമദാസ് ബിര്‍ള, ബജാജ് ഗ്രൂപ്പിന്റെ സ്ഥാപകന്‍ ജമുനാലാല്‍ ബജാജ് തുടങ്ങിയവര്‍. ഇന്ത്യക്ക് സ്വതന്ത്ര്യം കിട്ടിയപ്പോഴും, രാജ്യത്തെ പുനര്‍നിര്‍മ്മിക്കുക, എന്ന വലിയ ദൗത്യംകൂടി ടാറ്റയും ബിര്‍ളയും ചേര്‍ന്ന് ഏറ്റെടുത്തു. ഇന്ത്യയെ വ്യവസായവത്ക്കരിക്കാന് ഇരുവരും ചേര്‍ന്നുണ്ടാക്കിയ ബോംബെ പ്ലാന്‍ പ്രസിദ്ധമാണല്ലോ. ടാറ്റ 150 വര്‍ഷത്തിലേറെയായി ഇവിടെയുണ്ട്, എന്നിട്ടും അംബാനിയും അദാനിയും എന്തുകൊണ്ട് നിങ്ങളെ വെട്ടിച്ചു വളര്‍ന്നു എന്ന ചോദ്യത്തിന്, രത്തന്‍ ടാറ്റ ഈയിടെ പറഞ്ഞ മറുപടി ഇങ്ങനെയായിരുന്നു.- " ലാഭം മാത്രം നോക്കുന്ന ഒരു വ്യവസായ ഗ്രൂപ്പല്ല ഞങ്ങള്‍. ഇന്ത്യയെ പുനര്‍ നിര്‍മ്മിക്കുക എന്ന വലിയ ദൗത്യം കൂടി ഞങ്ങള്‍ക്കുണ്ട്".
ഇതിന് സമാനമാണ് ബിര്‍ള ഗ്രൂപ്പിന്റെയും കഥ. മഹാത്മാഗാന്ധിക്കുവരെ എല്ലാം പിന്തുണയും നല്കി, സ്വാതന്ത്ര്യസമരത്തിലടക്കം വലിയ പങ്കുവരിച്ച, ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ച ലക്ഷ്യമിട്ട് പ്രവര്‍ത്തിച്ച ഒരു ഗ്രൂപ്പ് തന്നെയാണ് ബിര്‍ളയും. ചില കമ്യൂണിസ്റ്റുകാരുടെ ലേഖനങ്ങളില്‍ പറയുന്നതുപോലെ വെറും കുത്തക മൂരാച്ചി, ബുര്ഷ്വകള് അല്ല അവര്‍.
ഗാന്ധിജിയുടെ അരുമയായ ബിര്‍ള
പത്തൊമ്പതാം നൂറ്റാണ്ടിന്റെ മധ്യത്തില്‍, രാജസ്ഥാനിലെ പിലാനി ഗ്രാമത്തില്‍ നിന്ന് മുംബൈക്ക് കുടിയേറിവരാണ്, മാര്‍വാഡികളായ ബിര്‍ള കുടുംബമെന്നാണ് ചരിത്രം. പരുത്തി, വെള്ളി, ധാന്യം എന്നിവയുടെയും തുടര്‍ന്ന് ചൈനയുമായി നടന്ന വമ്പന്‍ കറുപ്പ് വ്യാപാരത്തിലുടെയും അവര്‍ സമ്പത്ത് വാരിക്കൂട്ടി.
ആ കുടിയേറ്റ വ്യാപാരികളില്‍ മൂന്നാം തലമുറക്കാരനായിരുന്നു ഘനശ്യാമദാസ് ബിര്‍ള എന്ന് ജി ഡി ബിര്‍ള. സത്യത്തില്‍ ഇന്നുകാണുന്ന രീതിയില്‍ ബിര്‍ള ഗ്രൂപ്പിനെ വളര്‍ത്തിയത് ഇദ്ദേഹമാണ്. ബിസിനസ്സ് രക്തത്തിലലിഞ്ഞ ഘനശ്യാമദാസ് പതിനൊന്നാം വയസില്‍ വിദ്യാഭ്യാസം പോലും ഉപേക്ഷിച്ച് കുടുംബത്തിന്റെ ബിസിനസില്‍ ചേര്‍ന്നു. കല്‍ക്കത്തയില്‍ ചണമില്‍ രംഗമായിരുന്നു തുടക്കം. 1918-ല്‍ 23-ാം വയസില്‍ കല്‍ക്കത്തയില്‍ സ്ഥാപിച്ച ജൂട്ട് മില്‍ സ്ഥാപിച്ച ഘനശ്യാമ ബിര്‍ളക്ക് ആ രംഗത്തെ കുത്തകക്കാരായിരുന്ന ബ്രിട്ടീഷ്, സ്കോട്ടിഷ് വ്യവസായികളുടെ ശക്തമായ എതിര്‍പ്പ് നേരിടേണ്ടി വന്നു. പക്ഷെ അദ്ദേഹം തളര്‍ന്നില്ല. യുദ്ധകാലം വലിയ വരുമാനം കൊണ്ടുവന്നു.
വ്യവസായരംഗത്ത് വിദേശികളില്‍ നിന്ന് നേരിട്ട ശത്രുത ഘനശ്യാമദാസില്‍ ദേശീയ ബോധം ഉണര്‍ത്തി. 1914-ല്‍ ദക്ഷിണാഫ്രിക്കയില്‍ നിന്ന് മടങ്ങി എത്തിയ ഗാന്ധിജിയെ അദ്ദേഹം കണ്ടു. വൈകാതെതന്നെ ജി ഡി ബിര്‍ള, ഗാന്ധിജിയുടെ ഉറ്റ ചങ്ങാതിയായി തീര്‍ന്നു. ഗാന്ധിജിയുമായുള്ള സൗഹൃദം അപകടകരമായ കാലത്ത് പോലും ഘനശ്യാമദാസ് പിന്തിരിഞ്ഞില്ല. ഗാന്ധിജിയുടെ പ്രമുഖ ധനസഹായി ആയി ഈ ബിര്‍ള മാറി. 1926-ല്‍ കേന്ദ്ര നിയമസഭാംഗമായി ഘനശ്യാമ ദാസ്, 1932-ല്‍ ഗാന്ധിജി സ്ഥാപിച്ച ഹരിജന്‍ സേവക് സംഘിന്റെ അധ്യക്ഷനുമായി. ഭിന്നതകള്‍ പല കാര്യങ്ങളിലുമുണ്ടെങ്കിലും ഘനശ്യാമ ദാസ് ജീവിതകാലം മുഴുവന്‍ ഗാന്ധിജിയുടെ സുഹൃത്തും സഹായിയുമായിരുന്നു. കുറച്ചുകാലം ഗാന്ധിജിയുടെ ഹരിജന്‍ മാസികയുടെ എഡിറ്ററായും പ്രവര്‍ത്തിച്ചു.
1942-ല്‍ ക്വിറ്റ് ഇന്ത്യാ പ്രക്ഷോഭം രാജ്യത്തെ ഇളക്കിമറിച്ചു. ഘനശ്യാമദാസ് ബിര്‍ളയും അതില്‍ പങ്കാളിയായി. ബ്രിട്ടീഷ് കാലത്ത് തന്നെ ഇന്ത്യയ്ക്ക് സ്വന്തമായി ഒരു കാര്‍ നിര്‍മ്മിച്ച്, ആധുനികവ്യവസായരംഗത്തേക്ക് രാജ്യത്തെ നയിക്കാന്‍ ജി ഡി ബിര്‍ള മുന്നോട്ട് വന്നു. അങ്ങനെയാണ് അദ്ദേഹം കല്‍ക്കട്ടയില്‍ ഹിന്ദുസ്ഥാന്‍ മോട്ടോഴ്സ് സ്ഥാപിച്ചത്. ഇന്ത്യന്‍ സ്വത്വത്തിന്റെ പ്രതീകമായി മാറിയ അംബാസഡര്‍ കാര്‍ ഇറങ്ങുന്നത് ഈ സ്ഥാപനത്തില്‍ നിന്നാണ്. അടുത്ത വര്‍ഷം ഘനശ്യാമ ദാസ് ഒരു ബാങ്ക് ആരംഭിച്ചു, യുണൈറ്റഡ് കൊമേഴ്സ്യല്‍ ബാങ്ക്. ഇന്നത്തെ ദേശസാത്കൃത യൂക്കോ ബാങ്ക്.
ഘനശ്യാമ ദാസിന്റെ ദില്ലിയിലെ വസതിയായ ബിര്‍ളാ ഹൗസിലായിരുന്നു തന്റെ അവസാനത്തെ മൂന്ന് മാസക്കാലം ഗാന്ധിജി തങ്ങിയത്. 1948 ജനുവരി 30ന് അദ്ദേഹം വെടിയേറ്റ് വീണതും ഇവിടെവച്ചുതന്നെ. സ്വാതന്ത്ര്യത്തിന് ശേഷം വ്യവസായത്തിലും ജീവകാരുണ്യ പ്രവര്‍ത്തനത്തിലും കൂടുതല്‍ മുഴുകിയ ഘനശ്യാമ ദാസ് തന്റെ ഗ്രാമമായ പിലാനിയില്‍ 1964-ല്‍ സ്ഥാപിച്ചതാണ് ഇന്നത്തെ ബിര്‍ള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി എന്ന ബിറ്റ്സ് പിലാനി. ഇന്ത്യയിലെ ഏറ്റവും പ്രമുഖ വ്യവസായി സംഘടനയായ ഫിക്കിയുടെ സ്ഥാപകനും ഘനശ്യാമദാസ് ബിര്‍ളയായിരുന്നു. 1983-ല്‍ 85ാം വയസ്സില്‍ അന്തരിക്കുമ്പോള്‍ ബിര്‍ലാ ഗ്രൂപ്പിനെ, ആയിരം കോടി രൂപയുടെ ആസ്തിയുള്ള സാമ്രാജ്യമാക്കി അദ്ദേഹം മാറ്റിയിരുന്നു.
ഇന്ത്യയിലെ ആദ്യത്തെ ആഗോള വ്യവസായി
വിദേശരാജ്യങ്ങളിലെക്ക് ബിര്‍ള ഗ്രൂപ്പിനെ എത്തിച്ച് വലിയ ഒരു കുതിച്ച് ചാട്ടം നടത്തിയത്, ഘനശ്യാമദാസ് ബിര്‍ള എന്ന ജി ഡി ബിര്‍ളയുടെ ചെറുമകനായ, അതായത് മകളുടെ മകനായ ആദിത്യ വിക്രം ബിര്‍ളയാണ്. വ്യവസായ പ്രമുഖനായ ബസന്ത് കുമാറിന്റെയും, സരള ബിര്‍ളയുടെയും മകനായി 1943 നവംബര്‍ 14- ന് കൊല്‍ക്കത്തയിലാണ് ആദിത്യ ജനിച്ചത്. കല്‍ക്കട്ടയിലെ സെന്റ് സേവ്യേഴ്സ് കോളേജില്‍ പഠിച്ച ശേഷം, മസാച്യുസെറ്റ്സ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയില്‍ കെമിക്കല്‍ എഞ്ചിനീയറിംഗില്‍ ബിരുദം നേടി. 1965-ല്‍ ഇന്ത്യയില്‍ തിരിച്ചെത്തിയ ആദിത്യ ബിര്‍ള, ടെക്സ്റ്റൈല്‍സ് ബിസിനസിലാണ് ആദ്യം ശ്രദ്ധേകേന്ദ്രീകരിച്ചത്. മുത്തച്ഛന് ജി ഡി ബിര്‍ളയുടെ പിന്തുണയും ഇതിനുണ്ടായിരുന്നു. കൊല്‍ക്കൊത്തയിലെ ഈസ്റ്റേണ്‍ സ്പിന്നിംഗ് മില്‍സ് ആദിത്യയുടെ നേതൃത്വത്തില്‍ അതിവേഗം വളര്‍ന്നു. ബിര്‍ള ഗ്രൂപ്പിന്റെ നഷ്ടത്തിലുള്ള റയോണിന്റെയും തുണിത്തരങ്ങളുടെയും ബിസിനസ്സ് വീണ്ടും ട്രാക്കിലാക്കലായത് അദ്ദേഹത്തിന്റെ കാലത്താണ്. ഇക്കാലത്താണ് കോഴിക്കോട് മാവൂരിലും ഗ്രാസിം എത്തുന്നത്.
1969-ല്‍ ബിര്‍ള ഗ്രൂപ്പിന്റെ ആദ്യത്തെ വിദേശ കമ്പനിയായ ഇന്‍ഡോ-തായ് സിന്തറ്റിക്സ് കമ്പനി ലിമിറ്റഡ് സ്ഥാപിച്ചു. 1973-ല്‍ അദ്ദേഹം നൂല് നിര്‍മ്മിക്കുന്നതിനായി പി ടി ടെക്സ്റ്റൈല്‍സ് സ്ഥാപിച്ചു. ഇന്തോനേഷ്യയിലെ ഗ്രൂപ്പിന്റെ ആദ്യ സംരംഭമായിരുന്നു ഇത്. തുടര്‍ന്ന് ഫിലിപ്പൈന്‍സിലും ഇതേ ബിസിനസുമായി അദ്ദേഹം കടന്നുകയറി. 1977-ല്‍, മലേഷ്യയില്‍ പാം ഓയില്‍ റിഫൈനറിയുണ്ടാക്കി. ഈ സംരംഭങ്ങളെല്ലാം ബിര്‍ള ഗ്രൂപ്പിനെ ലോക ബിസിസസ് ഭൂപടത്തില്‍ ഉള്‍പ്പെടുത്തി. ഫൈബറിന്റെയും, പാമോയില്‍ ശുദ്ധീകരണത്തിന്റെയും ഏറ്റവും വലിയ കമ്പനിയായും ബിര്‍ള ഗ്രൂപ്പ് മാറി.
1983-ല്‍ ഘനശ്യാം ദാസ് ബിര്‍ള എന്ന അതികായന് അന്തരിച്ചു, അദ്ദേഹത്തിന്റെ മിക്ക കമ്പനികളും കിട്ടയത് പേരക്കുട്ടിയായ ആദിത്യക്കായിരുന്നു. ആദിത്യ ചെയര്‍മാനായിരിക്കെ, ബിര്‍ള ഗ്രൂപ്പ് ഓഫ് കമ്പനികള്‍ ഹിന്ദുസ്ഥാന്‍ ഗ്യാസ് വിജയകരമായി വികസിപ്പിക്കുകയും, ഇന്‍ഡോ-ഗള്‍ഫ് ഫെര്‍ട്ടിലൈസേഴ്സ് ആന്‍ഡ് കെമിക്കല്‍സ് ലിമിറ്റഡിനെ നഷ്ടത്തില്‍നിന്ന് കരകയറ്റുകയും ചെയ്തു.
അങ്ങനെ കത്തിനില്‍ക്കുന്നതിനിടെ വെറും 52ാം വയസ്സിലാണ് ആദിത്യ ബിര്‍ള മരിക്കുന്നത്. 1993-ല്‍ അദ്ദേഹത്തിന്് പ്രോസ്റ്റേറ്റ് കാന്‍സര്‍ ഉണ്ടെന്ന് കണ്ടെത്തി . ഈ രോഗത്തിനുള്ള ഏറ്റവും മികച്ച ചികിത്സ ബിര്‍ളയ്ക്കും യുഎസിലെ ബാള്‍ട്ടിമോറിലെ ജോണ്‍സ് ഹോപ്കിന്‍സ് ഹോസ്പിറ്റലില്‍ ഉള്‍പ്പെടെ അദ്ദേഹം ചികത്സതേടി. അവിടെ നിരവധി മാസങ്ങള്‍ ചെലവഴിച്ചു. ആ ഹോസ്പിറ്റലില്‍വെച്ചാണ് 1995 ഒക്ടോബര്‍ 1നാണ് അദ്ദേഹം മരിച്ചത്. അന്നത്തെ ധനകാര്യ മന്ത്രി മന്മോഹന് സിംഗ് ആദിത്യ ബിര്‍ളയെ 'ഇന്ത്യയിലെ ഏറ്റവും മികച്ചതും ശോഭയുള്ളതുമായ പൗരന്മാരില് ഒരാള്‍' എന്നാണ് വിശേഷിപ്പിച്ചത്.
കാന്‍സറിനോട് പോരാടുമ്പോള്‍ ആദിത്യ ബിര്‍ളയുടെ വലിയ ആഗ്രഹം തന്റെ മകള്‍ വാസവദത്തയുടെ വിവാഹം കാണണം എന്നായിരുന്നു. മുത്തച്ഛന് ഘനശ്യാംദാസ് ബിര്‍ളയുടെ അടുത്ത സുഹൃത്ത് കൂടിയായിരുന്നു, ജംനാലാല്‍ ബജാജിന്റെ കുടുംബവുമായാണ് അദ്ദേഹം വിവാഹബന്ധം സ്ഥാപിച്ചത്. വാസവദത്തയുടെ വിവാഹം, ബജാജ് കുടുംബത്തിലെ ശിശിര്‍ ബജാജിന്റെ മകന് കുശാഗ്ര ബജാജുമായാണ് ഉറപ്പിച്ചത്. പക്ഷേ നിശ്ചയ ചടങ്ങിന് ആദിത്യബിര്‍ള സാക്ഷിയായെങ്കിലും കല്യാണം കാണാന്‍ ഭാഗ്യമുണ്ടായില്ല. കാരണം വധുവരന്മ്മാര് പ്രായപൂര്‍ത്തിയാകാത്തതിനാല്‍ വിവാഹം ഉടനടി നടത്താന്‍ കഴിഞ്ഞില്ല. 1997- ലാണ് ഇവര്‍ വിവാഹിതരായത്. അപ്പോഴേക്കും ആദിത്യബിര്‍ള മരിക്കുകയും ചെയ്തു.
അദ്ദേഹത്തിന്റെ സ്മരണയ്ക്കായി മകന് കുമാര്‍ മംഗലം ബിര്‍ള, ആദിത്യ ബിര്‍ള സ്കോളര്‍ഷിപ്പുകള്‍ ഏര്‍പ്പെടുത്തി. ഓരോ വര്‍ഷവും 40 എഞ്ചിനീയറിങ്ങ് വിദ്യാര്‍ത്ഥികള്‍ക്ക് ഈ സ്കോളര്‍ഷിപ്പ് ലഭിക്കുന്നുണ്ട്. ആദിത്യ ബിര്‍ള മെമ്മോറിയല്‍ ഹോസ്പിറ്റലും അദ്ദേഹത്തിന്റെ സ്മരണക്കായി ബിര്‍ള ഗ്രൂപ്പ് തുടങ്ങി. 'ഇന്ത്യയിലെ ആദ്യത്തെ ആഗോള വ്യവസായി' എന്ന ബഹുമതി നല്കി, ആദിത്യക്കായി, 2013 ജനുവരി 14-ന് രാജ്യം ഒരു പ്രത്യേക സ്മരണിക സ്റ്റാമ്പ് പുറത്തിറക്കിയിരുന്നു.
കുതിച്ച് ഉയര്‍ന്ന് കുമരമംഗലം
പിതാവ് ആദിത്യ വിക്രം ബിര്‍ളയുടെ മരണത്തെത്തുടര്‍ന്ന് 1995-ല്‍ 28ാം വയസ്സില്‍ ബിര്‍ള ഗ്രൂപ്പിന്റെ ചെയര്‍മാനായി മകന് കുമാര്‍ മംഗലം ബിര്‍ള ചുമതലയേറ്റു. ഇത്രയും ചെറുപ്പമായ ഒരാള്‍ കമ്പനിയുടെ തലപ്പത്ത് എത്തുന്നതോടെ ബിര്‍ള ഗ്രൂപ്പ് ആകെ അവതാളത്തിലാവും എന്നാണ് എല്ലാവരും കരുതിയത്. പക്ഷേ കുമാര്‍ മംഗലത്തിന്റെ കീഴില്‍ ബിര്‍ള ഗ്രൂപ്പ് വലിയതോതില്‍ വളര്‍ന്നു. ഗ്രൂപ്പിന്റെ വാര്‍ഷിക വിറ്റുവരവ് 1995ലെ രണ്ടു ബില്യണ്‍ യുഎസ് ഡോളറില്‍ നിന്ന് 2021-ല്‍ 45 ബില്യണ്‍ യുഎസ് ഡോളറായി ഉയര്‍ന്നു. ഇന്ന്, ആറ് ഭൂഖണ്ഡങ്ങളിലായി 36 രാജ്യങ്ങളില്‍ ബിര്‍ള ഗ്രൂപ്പ് പ്രവര്‍ത്തിക്കുന്നു.
ഉയര്‍ന്ന വിദ്യാഭ്യാസ യോഗ്യതയും കുമാര്‍ മംഗലത്തിനുണ്ട്. മുംബൈ യൂണിവേഴ്സിറ്റിയിലെ എച്ച്ആര്‍ കോളേജ് ഓഫ് കൊമേഴ്സ് ആന്‍ഡ് ഇക്കണോമിക്സില്‍ നിന്ന് ബിരുദവും നേടിയ അദ്ദേഹം, 1992-ല്‍ ലണ്ടന്‍ യൂണിവേഴ്സിറ്റിയില്‍ നിന്ന് ബിസിനസ് അഡ്മിനിസ്ട്രേഷനിലും ബിരുദം നേടി. ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ചാര്‍ട്ടേഡ് അക്കൗണ്ടന്റ്സ് ഓഫ് ഇന്ത്യയില്‍ നിന്നുള്ള ചാര്‍ട്ടേഡ് അക്കൗണ്ടന്റ് കൂടിയാണ്, കണക്കുകളില്‍ കേമനായ ഈ ബിര്‍ള.
ഏറ്റെടുക്കലുകളുടെ രാജാവ് എന്നാണ് അദ്ദേഹം അറിയപ്പെടുന്നു. കുമാര്‍ മംഗലം ബിര്‍ള കുടുംബ ബിസിനസ്സ് ഏറ്റെടുത്തപ്പോള്‍ ആദ്യം ചെയ്തത്, ആദിത്യ ബിര്‍ള ഗ്രൂപ്പ് (എബിജി) എന്ന ബ്രാന്‍ഡിന് കീഴില്‍ തങ്ങളുടെ എല്ലാ കമ്പനികളെയും ഏകീകരിക്കയായിരുന്നു. 2000-ല്‍ ബിര്‍ള ഇന്ത്യന്‍ അലുമിനിയം കമ്പനിയെ (ഇന്‍ഡാല്‍) ഏറ്റെടുത്തു. 2003-ല്‍ ആദിത്യ ബിര്‍ള ഗ്രൂപ്പ് ഓസ്ട്രേലിയയിലെ മൗണ്ട് ഗോര്‍ഡന്‍ കോപ്പര്‍ മൈന്‍സ് ഏറ്റെടുത്തു. 2004-ല്‍, എല്‍ ആന്‍ഡ് ടി സിമന്റിന്റെ ഭൂരിഭാഗം ഓഹരികളും ബിര്‍ള ഏറ്റെടുത്തു, അത് പിന്നീട് അള്‍ട്രാടെക് സിമന്റ് എന്ന് പേരുമാറ്റി. ഇന്ന് ഈ കമ്പനിയാണ് ഇന്ത്യയുടെ സിമന്റ് വ്യവസായത്തിലെ നമ്പര്‍ വണ്‍. 2015-ല്‍ ആദിത്യ ബിര്‍ള ഗ്രൂപ്പ്, അതിന്റെ ലൈഫ്സ്റ്റൈല്‍ റീട്ടെയില്‍ സ്ഥാപനങ്ങള്‍ ഏകീകരിക്കുകയും ആദിത്യ ബിര്‍ള ഫാഷന്‍ & റീട്ടെയില്‍ എന്ന് പുനര്‍നാമകരണം ചെയ്തു. ഇതും ഇപ്പോള്‍ നമ്പര്‍ വണ്‍ ആണ്.
ഇപ്പോള്‍ എന്തുവിലകൊടുത്തും തന്റെ ബിസിനസിനെ വീണ്ടും വളര്‍ത്തുമെന്ന തീരുമാനത്തിലാണ് കുമാര്‍ മംഗലം. അതിന്റെ ഭാഗമായി കുമാര്‍ മംഗലം ബിര്‍ളയുടെ മൂത്തമകളും മകളും പ്രശസ്ത ഗായികമായ അനന്യ ബിര്‍ള സംഗീത രംഗം പോലും ഉപേക്ഷിച്ചു. ഇക്കഴിഞ്ഞ മെയ്മാസത്തില്‍ ഒരു ഇന്‍സ്റ്റഗ്രാം പോസ്റ്റിലാണ് അനന്യ തന്റെ തീരുമാനം അറിയിച്ചത്. ബിസിനസ്സ് സംരംഭങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനായാണ് സംഗീത ലോകത്ത് നിന്ന് മാറിനില്‍ക്കുകയാണെന്നാണ് അനന്യ പ്രഖ്യാപിച്ചത്. ഇതിന് പിന്നാലെ, നിരവധി സെലിബ്രിറ്റികള്‍ ഞെട്ടല്‍ രേഖപ്പെടുത്തി. ഗായകന് അര്മാന് മാലിക്, സാനിയ മിര്‍സ, ബോബി ഡിയോള്‍ തുടങ്ങി നിരവധി പേര് അനന്യയുടെ തീരുമാനത്തില്‍ ഞെട്ടല്‍ പ്രകടിപ്പിക്കുകയും, അതേസമയം ബിസിനസില്‍ അനന്യയ്ക്ക് ആശംസയും പിന്തുണയും വാഗ്ദാനം ചെയ്യുകയും ചെയ്തു.
അഴിമതി ആരോപണങ്ങളും ബിര്‍ളക്കെതിരെ ഉണ്ടായിട്ടുണ്ട്. 2004 നും 2009 നും ഇടയില്‍ കല്‍ക്കരിപ്പാടങ്ങള്‍ അനധികൃതമായി അനുവദിച്ചതില്‍ ബിര്‍ളയുടെ പേരും ഉയര്‍ന്നുവന്നൂ. പക്ഷേ പിന്നീട് സിബിഐ കുറ്റവിമുക്തരാക്കി. പക്ഷേ പൊതുവെ ടാറ്റയെപ്പോലെ വലിയ ചീത്തപ്പേര് ഇവര്‍ക്ക് ഉണ്ടായിരുന്നില്ല. കോണ്‍ഗ്രസ് സര്‍ക്കാറുകളുടെ കാലത്ത്, ഇന്ന് അംബാനിക്കും അദാനിക്കും കിട്ടിയ പരിഗണന കിട്ടിയിരുന്നത്, ടാറ്റക്കും ബിര്ളക്കുമാണെന്നത് സത്യമാണ്. പക്ഷേ ഇപ്പോള്‍ ടാറ്റയെപ്പോലെ ബിര്‍ളയും വീണ്ടും ഉയര്‍ന്നുവരികയാണ്. സിമന്റ്- ജ്വല്ലറി ബിസിനിസിലൊക്കെ, കോടികള്‍ എറിഞ്ഞ് അംബാനിക്കും അദാനിക്കും വന്‍ വെല്ലുവിളി ഉയര്‍ത്തനാണ് കുമാര്‍ മംഗലം ബിര്‍ളയുടെ തീരുമാനം.
സിമന്റില്‍ അദാനിയുമായി കടുത്ത മത്സരം
ഇപ്പോള്‍ രാജ്യത്ത് എറ്റവും ശക്തമായ മത്സരം നടക്കുന്ന മേഖല സിമന്റ് ആണ്.
ഈ രംഗത്ത് ഒന്നാമനാവന് അദാനിയെ വിടില്ലെന്ന വാശിയിലാണ് ബിര്‍ള. ഇപ്പോള്‍ രാജ്യത്തെ ഇപ്പോള്‍ സിമന്റ് രംഗത്ത് ഒന്നാം സ്ഥാനത്താണ് ബിര്‍ളയുടെ അള്‍ട്രാടെക് സിമന്‍സ്. 14 കോടി മെട്രിക് ടണ്‍ ആണ് അള്‍ട്രാടെകിന്റെ വാര്‍ഷിക ഉല്പാദന ശേഷി. ഇത് ഇപ്പോഴത്തെ അദാനിയുടെ ആകെ സിമന്റ് ഉല്‍പാദനശേഷിയേക്കാള്‍ എത്രയോ ഉയരത്തിലാണ്. 2028ഓടെ വാര്‍ഷിക ഉല്പാദന ശേഷി 20 കോടി മെട്രിക് ടണ്ണായി ഉയര്‍ത്താനാണ് ആദിത്യ ബിര്‍ള ഗ്രൂപ്പ് ലക്ഷ്യമിടുന്നത്. ഇതിനായി പുതിയ സിമന്റ് കമ്പനികളെ ഏറ്റെടുത്ത് ഒന്നാം സ്ഥാനം നിലനിര്‍ത്താനാണ് നീക്കം.
കഴിഞ്ഞ മാസം, ഇന്ത്യ ഇന്ത്യാ സിമന്റ്സ് കമ്പനിയുടെ 23 ശതമാനം ഓഹരിയാണ് കുമാരമംഗലം ബിര്‍ള വാങ്ങിയത്. 276 രൂപ വിലയുള്ള 7.06 കോടി ഓഹരിയാണ് വിലയ്ക്ക് വാങ്ങിയത്. ഏകദേശം 1932 കോടി ചെലവ് ചെയ്താണ് ഇത്രയും ഓഹരികള്‍ വിലയ്ക്ക് വാങ്ങിയത്. ഇനി കുമാരമംഗലം ബിര്‍ള കണ്ണുവെച്ചിരിക്കുന്നത് യുഎഇയിലെ റാക് എന്ന റാസല്‍ഖൈമ സിമന്റ് കമ്പനിയെയാണ്. കമ്പനിയുടെ 25 ശതമാനം വരുന്ന ഓഹരികള്‍ 12 കോടി കൊടുത്ത് വിലയ്ക്ക് വാങ്ങാനുള്ള നടപടി തുടങ്ങിക്കഴിഞ്ഞു. അള്‍ട്രാടെക് സിമന്റിന്റെ മിഡില്‍ ഈസ്റ്റ് യൂണിറ്റിനാണ് ഏറ്റെടുക്കലിന്റെ ചുമതല നല്‍കിയിരിക്കുന്നത്.
എന്നാല്‍ അദാനിയും വെറുതെയിരിക്കുന്നില്ല. 2028-ഓടെ വാര്‍ഷിക ഉല്പാദന ശേഷി 14 കോടി മെട്രിക് ടണ്ണായി ഉയര്‍ത്താനാണ് അദാനിയുടെ ലക്ഷ്യം. ഇതിനായി അദാനി പുതിയ സിമന്റ് കമ്പനികളെ ഏറ്റെടുക്കുകയാണ്. ഇതിന്റെ ഭാഗമായി കഴിഞ്ഞ ദിവസം പെന്ന സിമന്റ് കമ്പനിയെ 10440 കോടി രൂപയ്ക്ക് വിലയ്ക്ക് വാങ്ങി. ഇതിനും മുന്‍പാണ് സൗരാഷ്ട്രയിലെ സംഘി ഇന്‍ഡസ്ട്രീസിനെ 5185 കോടി രൂപയ്ക്ക് ഏറ്റെടുത്തിരുന്നു. സംഘിയേയും പെന്നയെയും ഏറ്റെടുത്തതോടെ അദാനി ഗ്രൂപ്പിന് കീഴിലുള്ള സിമന്റ് കമ്പനികളുടെ എണ്ണം നാലായി- അംബുജ സിമന്റ്സ്, സംഘി ഇന്‍ഡസ്ട്രീസ്, എസിസി, പെന്ന സിമന്റ്സ്. അദാനി ഗ്രൂപ്പിന്റെ സിമന്റ് ഉല്പാദന ശേഷി ഇപ്പോള്‍ 11.5 കോടി മെട്രിക് ടണ്ണായി വാര്‍ഷിക ഉല്പാദന ശേഷി ഉയര്‍ന്നു.
പക്ഷേഅപ്പോഴും ബിര്‍ളയുടെ അള്‍ട്രാടെകിനേക്കാള്‍ 3.5 കോടി മെട്രിക് ടണ്‍ ശേഷി കുറവാണ് അദാനിയ്ക്ക്.ഇപ്പോള്‍ അദാനി തങ്ങളുടെ കീഴിലുള്ള എല്ലാ സിമന്റ് കമ്പനികളെയും ഒന്നാക്കിമാറ്റാനുള്ള ശ്രമമാണ്. ഇതിന്റെ ഭാഗമായി ആദ്യം അംബുജ സിമന്റിനെ അദാനിയുടെ സിമന്റ് കമ്പനിയുമായി ലയിപ്പിക്കും. അദാനിയുടെ സിമന്റ് കമ്പനിക്ക് അദാനി സിമന്റേഷന് ലിമിറ്റഡ് (എസിഎല്) എന്നാണ് പേരിട്ടിരിക്കുന്നത്. വൈകാതെ എസിസിയേയും അദാനി സിമന്റേഷന് ലിമിറ്റഡില്‍ ലയിപ്പിക്കും. പക്ഷേ എന്നാലും സിമന്റ് മേഖലയില്‍ തങ്ങളുടെ മേല്‍ക്കോയ്മ വിട്ടുകൊടുക്കില്ല എന്ന തീരുമാനത്തിലാണ് ബിര്‍ള.
ബിര്‍ള ജ്വല്ലറിമേഖലയിലേക്കും
ഇപ്പോള്‍ ബിസിനസ് രംഗത്തുനിന്ന് വരുന്ന എറ്റവും വലിയ വാര്‍ത്ത, സിമന്റിനിന് പിന്നാലെ ഇന്ത്യയിലെ ജ്വല്ലറി രംഗത്തും വലിയ കിടമത്സരത്തിന് വഴിയൊരുങ്ങുന്നു എന്നതാണ്. ടാറ്റയും, അംബാനിയും അരങ്ങു വാഴുന്നിടത്തേക്ക് ആദിത്യ ബിര്ളഗ്രൂപ്പാണ് പുതിയ ബ്രാന്‍ഡായ ഇന്ദ്രിയയുമായി എത്തുന്നത്. ജൂലൈ 26ാം തിയ്യതിയാണ്, കുമാര്‍ മംഗളം ബിര്‍ള നേതൃത്ത്വം നല്കുന്ന ആദിത്യ ബിര്‍ള ഗ്രൂപ്പ് പുതിയ ജ്വല്ലറി ബ്രാന്‍ഡ് ലോഞ്ച് ചെയ്തത്. അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ രാജ്യത്തെ മൂന്ന് മുന്‍നിര ജ്വല്ലറി ബ്രാന്‍ഡുകളില്‍ ഒന്നാവുകയാണ് ഇന്ദ്രിയയുടെ ലക്ഷ്യം.
ഇന്ത്യയിലെ ജ്വല്ലറി വിപണിയുടെ മൂല്യം ഏകദേശം 6.7 ലക്ഷം കോടി രൂപയാണെന്നാണ് കണക്കാക്കപ്പെട്ടിരിക്കുന്നത്. 2030 ഓടെ ഇത് 11-13 ലക്ഷം കോടി കടക്കുമെന്നാണ് വിലയിരുത്തലുകള്‍. ഇക്കഴിഞ്ഞ കേന്ദ്ര ബജറ്റില്‍ ധനമന്ത്രി നിര്‍മല സീതാരാമന് സ്വര്‍ണത്തിനും വെള്ളിയ്ക്കും പ്ലാറ്റിനത്തിനും കസറ്റംസ് തീരുവയില്‍ വന്‍ ഇളവ് പ്രഖ്യാപിച്ചതിനു പിന്നാലെയാണ് ബിര്‍ള ഗ്രൂപ്പിന്റെ സ്വര്‍ണ വ്യാപാര മേഖലയിലേക്കുള്ള കടന്ന് വരവ്. സ്വര്‍ണത്തിന്റെയും വെള്ളിയുടെയും കസ്റ്റംസ് തീരുവ 15 ശതമാനത്തില്‍ നിന്ന് ആറ് ശതമാനമായും വെള്ളിയുടേത് 6.5 ശതമാനമായുമാണ് കുറച്ചത്.
ജ്വല്ലറി ബിസിനസില്‍ റീടെയില്‍ ശൃംഗല പടുത്തുയര്‍ത്തുന്നതിനായി 5,000 കോടി രൂപയാണ് ബിര്‍ള നിക്ഷേപിക്കുന്നത്. ബ്രാന്‍ഡഡ് ജ്വല്ലറി ബിസിനസിനായി ഒരു പുതിയ കമ്പനി തന്നെ ബിര്‍ള ഗ്രൂപ്പ് ആരംഭിച്ചിട്ടുണ്ട്. നോവല്‍ ജ്വല്‍സ് എന്നാണ് ഈ കമ്പനിയുടെ പേര്. ടാറ്റ ഗ്രൂപ്പിന്റെ തനിഷ്ക്ക് എന്ന ബ്രാന്‍ഡിനോടും, മുകേഷ് അംബാനി നേതൃത്ത്വം നല്കുന്ന റിലയന്‍സിന്റെ ബ്രാന്‍ഡായ റിലയന്‍സ് ജ്വല്സിനോടുമാണ് ഇന്ദ്രിയ മത്സരിക്കുന്നത്.
ജ്വല്ലറി ബിസിനസിലേക്ക് ചുവടു വെക്കുന്നത് സ്വാഭാവികമായ ബിസിനസ് വികസനത്തിന്റെ ഭാഗം മാത്രമാണെന്ന് കമ്പനി അറിയിച്ചു. ഫാഷന്‍, റീടെയില്‍ & ലൈഫ് സ്റ്റൈല്‍ മേഖലകളില്‍ തങ്ങള്‍ക്ക് 20 വര്‍ഷത്തിലധികമായി ബിസിനസ് പാരമ്പര്യമുണ്ടെന്നും ആദിത്യ ബിര്‍ള ഗ്രൂപ്പ് ചൂണ്ടിക്കാട്ടി. തുടക്കത്തില്‍ ഇന്ദ്രിയ എന്ന ബ്രാന്‍ഡ് രാജ്യത്തെ മൂന്ന് പ്രധാന നഗരങ്ങളിലാണ് ആരംഭിക്കുക. ഡല്‍ഹി, ഇന്‍ഡോര്‍, ജയ്പൂര്‍ എന്നിവിങ്ങളിലായി നാല് സ്റ്റോറുകളാണ് തുറക്കുക. അടുത്ത ആറ് മാസത്തിനുള്ളില്‍ പത്ത് നഗരങ്ങളില്‍ കൂടി പുതിയ സ്റ്റോറുകള്‍ തുറക്കും. അയ്യായിരത്തില്‍ അധികം എക്സ്ക്ലൂസീവ് ഡിസൈനില്‍ 15,000ല്‍ അധികം ആഭരണങ്ങളാണ് ഇന്ദ്രിയ എന്ന ബ്രാന്‍ഡിന് കീഴില്‍ തുടക്കത്തില്‍ അണി നിരക്കുന്നത്.
ബിര്‍ളയുടെ കടന്നവരവ് കേരളത്തിന്റെ കനകകച്ചവടമേഖലയിലും വന്‍ മാറ്റങ്ങളുണ്ടാക്കും. രാജ്യത്തെ പ്രമുഖ ജുവലറി റീറ്റെയ്ല്‍ ശൃംഖലകളായ കല്യാണ്‍ ജുവലേഴ്സിനും ജോയ് ആലുക്കാസിനും മലബാര്‍ ഗോള്‍ഡിനുമടക്കം ഇത് വെല്ലുവിളിയായിമാറുമെന്ന് ബിസിനസ് മാഗസിനുകള്‍ എഴുതുന്നു. എന്തായാലും ഒരുകാര്യം ഉറപ്പാണ് അംബാനിക്കും, അദാദിക്കും വെല്ലവിളിയായി ടാറ്റയും, ബിര്‍ളയും വീണ്ടും പഴയ പ്രതാപത്തിലേക്ക് മടങ്ങുകയാണ്. ഇതോടെ ഇന്ത്യന്‍ ബിസിനസ് മേഖലയിലും പുത്തന്‍ ഉണര്‍വാണ് ഉണ്ടാവുന്നത്. കാരണം, കുത്തകയല്ല, മത്സരയാണ് ക്യാപ്പിറ്റലിസത്തിന്റെ അടിസ്ഥാനം. കൂടുതല്‍ കൂടുതല്‍ നിക്ഷേപവും, കമ്പനികളും വരുന്നതോടെയാണ് രാജ്യം പുരോഗമിക്കുക.
വാല്‍ക്കഷ്ണം: പൊതുവെ നാഷണല്‍ ബില്‍ഡിങ്ങിന് സഹായിച്ച വ്യവസായികള്‍ എന്ന പേരിലാണ് ബിര്‍ള അറിയപ്പെടുന്നതെങ്കിലും നമ്മുടെ നാട്ടില്‍ അവര്‍ കൊടും വില്ലന്മ്മാരാണ്. കോഴിക്കോട് മാവൂരിലെ ഗ്വാളിയോര്‍ റയോണ്‍സ് ഫാക്ടിറിയുമായി ബന്ധപ്പെട്ട് മലീനീകരണം നടത്തി, കാന്‍സര്‍ രോഗമുണ്ടാക്കുന്ന ചെകുത്താന്മ്മാരായിട്ടാണ് ബിര്‍ളാ ഗ്രൂപ്പ് വിലയിരുത്തപ്പെട്ടത്. 57-ലെ ഇഎംഎസ് സര്‍ക്കാര്‍,അങ്ങോട്ട്പോയി ക്ഷണിച്ചുകൊണ്ട് വന്നതാണ് ബിര്‍ളയെ. എന്നിട്ട് അവസാനം മലിനീകരണ തോത് പെരുപ്പിച്ച് കാട്ടി ഭീതിവ്യാപാരം നടത്തി എല്ലാവരും ചേര്‍ന്ന് ഗ്രാസീം ഇന്‍ഡസ്ട്രീസിനെ മാവൂരില്‍നിന്ന് ഓടിച്ചു. കാശുമുഴുവന്‍ ഇടനിലക്കാര്‍ അടിച്ചുമാറ്റി. ഒരുകാലത്ത് കേരളത്തില്‍ ഏറ്റവും ഉയര്‍ന്ന ശമ്പളം നല്‍കിയിരുന്ന സ്ഥാപനമായിരുന്നു ഇത്. അത് മാവൂര്‍ എന്ന പ്രദേശത്ത് കാണാനുണ്ടായിരുന്നു. ഗ്രാസിം പൂട്ടിപ്പോയതോടെ ആ നാടും മുരടിച്ചുപോയി. എന്നാലും ബിര്‍ളയെ ഓടിച്ചുവെന്ന മാനസിക സന്തോഷം നമുക്കുണ്ടല്ലോ. അതുമതി!