തിരുവനന്തപുരം: മഹാവിഷ്ണുവിന്റെ അവതരമാണ് പരശുരാമന്‍ എന്നാണ് വിശ്വാസം. ഈ ഐതീഹ്യപെരുമയില്‍ പരശുരാമന്റെ പരീക്ഷണത്തെ അതിജീവിച്ചവരാണ് താഴ്മണ്‍ കുടുംബം. എന്നാല്‍ അയ്യപ്പ പരീക്ഷണത്തെ അവര്‍ക്ക് അതിജീവിക്കാന്‍ കഴിഞ്ഞില്ല. അതാണ് ഇപ്പോള്‍ ഈ കുടുംബത്തെ വിവാദത്തിലാക്കുന്നത്. ശബരിമല സ്വര്‍ണ്ണക്കടത്ത് വിഷയവുമായി ബന്ധപ്പെട്ട് തന്ത്രി കണ്ഠരര് രാജീവര് അറസ്റ്റിലായതോടെ വീണ്ടും ചര്‍ച്ചകളില്‍ നിറയുകയാണ് വര്‍ഷങ്ങളുടെ പാരമ്പര്യമുള്ള താഴ്മണ്‍ മഠവും അവിടുത്തെ തലമുറകളും.അയ്യപ്പന്റെ പിതൃസ്ഥാനം കല്‍പ്പിച്ചുവരുന്ന തന്ത്രി കുടുംബത്തിന്റെ ചരിത്രം പരിശോധിച്ചാല്‍ വിശ്വാസ വഴികള്‍ക്കൊപ്പം തന്നെ വിവാദങ്ങളുടെ പല അധ്യായങ്ങളും കാണാം.ശബരിമലയുടെ തന്ത്രി സ്ഥാനത്തേക്ക് ഈ കുടുംബം എത്തിയത് മുതല്‍ കണ്ഠരര് മോഹനര് ഹണിട്രാപ്പില്‍ കുടുങ്ങിയത് ഉള്‍പ്പടെ ഇപ്പോഴെത്തി നില്‍ക്കുന്ന സ്വര്‍ണ്ണക്കടത്ത് വരെ നീളുന്ന വര്‍ഷങ്ങളുടെ വിവാദ പരമ്പരയും കുടുംബത്തെ വേട്ടയാടുന്നുണ്ട്.

വിശ്വാസികളെ സംബന്ധിച്ചിടത്തോളം ശബരിമലയിലെ അവസാന വാക്ക് ശബരിമല ക്ഷേത്രം തന്ത്രിയുടേതാണ്.അതേ തന്ത്രിയാണ് ഇപ്പോള്‍ ഇത്രയും വിവാദമായ വിഷയത്തില്‍ അറസ്റ്റിലായിരിക്കുന്നത്.ശബരിമലയുടെ ക്ഷേത്ര തന്ത്രത്തിന്റെ നൂറ്റാണ്ടുകളുടെ അവകാശവാദം ഉന്നയിക്കുന്ന താഴമണ്‍ മഠവും അവിടുത്തെ തന്ത്രിന്മാരുടെയും ചരിത്രം എന്താണ്?പ്രമുഖരൊക്കെ വിവാദങ്ങളില്‍ അകപ്പെടുമ്പോള്‍ താന്ത്രിക കര്‍മ്മം എനി എങ്ങിനെ? താഴ്മണ്‍ മഠത്തിന്റെ ചില ഐതിഹ്യങ്ങളും കഥകളും ചരിത്രവും പരിശോധിക്കാം.

കേരളത്തിലേക്കുള്ള ബ്രാഹ്‌മണരുടെ വരവ്

ശത വര്‍ഷങ്ങള്‍ പഴക്കമുള്ള താഴ്മണ്‍ കുടുംബത്തിന്റെ ചരിത്രം പറയും മുന്‍പെ കേരളത്തിലേക്കുള്ള ബ്രാഹ്‌മണരുടെ വരവിനെക്കുറിച്ചൊന്ന് പരിശോധിക്കാം.ആര്യ അധിനിവേശത്തിന്റെ തുടര്‍ച്ചയായിട്ട് ഗംഗാ സമതലം വഴിയാണ് വടക്കെ ഇന്ത്യയിലേക്ക് ബ്രാഹ്‌മണര്‍ എത്തിയത് എന്നാണ് ചരിത്രം പറയുന്നത്.സാരസ്വതര്‍, കന്യാകുബ്ജര്‍, ഗൗഡര്‍, ഉത്കലര്‍, മൈഥിലി എന്നിങ്ങനെ ഇവരെ പഞ്ചഗൗഡ ബ്രാഹ്‌മണര്‍ എന്നാണ് വിളിക്കുന്നത്. ഇന്നത്തെ ഗുജറാത്ത്, മഹാരാഷ്ട്ര തുടങ്ങിയ സൗരാഷ്ട്ര മേഖലയില്‍ നിന്നാണ് ദക്ഷിണേന്ത്യയിലേക്ക് ബ്രാഹ്‌മണര്‍ എത്തുന്നതെണന്നാണ് അനുമാനിക്കുന്നത്.ആന്ധ്ര, ദ്രാവിഡം, കര്‍ണാടകം, മഹാരാഷ്ട്രം, ഗുജറാത്ത് എന്നിങ്ങനെ ഇവരെ പഞ്ച ദ്രാവിഡ ബ്രാഹ്‌മണര്‍ എന്നുവിളിക്കുന്നു. കേരളത്തിലെ ബ്രാഹ്‌മണരില്‍ ആന്ധ്ര, ദ്രാവിഡം, കര്‍ണാടകം വിഭാഗത്തിലുള്ളവരെയാണ് കൂടുതല്‍ കാണാനാവുക.

കേരള ബ്രാഹ്‌മണരുടെ ഇടയിലെ ഏറ്റവും ഉയര്‍ന്ന വിഭാഗമായി കണക്കാക്കുന്നത് നമ്പൂതിരിമാരെയാണ് എന്നാണ് പറഞ്ഞുവരുന്നത്.ഇവയില്‍ തന്നെ ഉപവിഭാഗങ്ങളെയും കാണാം.ഇതുകഴിഞ്ഞാല്‍ പോറ്റി എന്നറിയപ്പെടുന്ന മധ്യവര്‍ഗം.അതിന് ശേഷം നമ്പീശന്‍, ഇളയത്, ഉണ്ണി, മൂത്തത്, ചാക്യാര്‍ തുടങ്ങിയ അമ്പലവാസി ബ്രാഹ്‌മണര്‍.ഇവരെയെല്ലാം സ്വദേശി ബ്രാഹ്‌മണരായിട്ടാണ് കണക്കാക്കുന്നത്.കൂടാതെ പരദേശി ബ്രാഹ്‌മണര്‍ എന്ന വിഭാഗത്തില്‍ എമ്പ്രാന്തിരി (തുളു), ഗൗഡസാരസ്വതബ്രാഹ്‌മണര്‍ (കൊങ്കിണി), പട്ടര്‍, ശര്‍മ്മ എന്നിവരുമുണ്ട്. ബ്രാഹ്‌മണര്‍ക്കും മുമ്പേ നമ്പൂതിരി എന്ന ഒരു വിഭാഗം കേരളത്തില്‍ ഉണ്ടായിരുന്നുവെന്നും ചേരരാജാക്കന്മാരുടെ കാലത്ത് ബുദ്ധമതക്കാരായിരുന്ന ഇവര്‍ ഒരോ ദേശത്തേയും പ്രധാന ന്യായാധിപ സ്ഥാനത്തുണ്ടായിരുന്നുവെന്നും ഒരു വാദമുണ്ട്.ഇന്ന് കാണുന്ന നമ്പൂതിരി വിഭാഗങ്ങള്‍ ഈ പദവി പിടിച്ചുപറ്റിയ ബ്രാഹ്‌മണ സമൂഹമായിരുന്നിരിക്കണമെന്നും വാദമുണ്ട്.കര്‍ണ്ണാടക വഴിയാണ് കേരളത്തിലേക്ക് ബ്രാഹ്‌മണ സമൂഹം കുടിയേറിയതെന്നാണ് പ്രധാന അനുമാനം.

ഇതില്‍പ്പെട്ട പ്രബലരായ വിഭാഗമായിരിക്കാം താഴമണ്ണും തരണനെല്ലൂരും. കേരളത്തിലെ ബ്രാഹ്‌മണരുടെ ആചാരരീതിയുള്ള മറ്റു ബ്രാഹ്‌മണര്‍ ഇന്ത്യയിലോ മറ്റ് പ്രദേശങ്ങളിലോ ഇല്ല. ഈ ആചാരവ്യത്യാസത്തിന് കാരണം കേരളത്തിലേക്കുള്ള അധിനിവേശത്തിനുശേഷം വരുത്തിയ മാറ്റങ്ങള്‍ ആണെന്നു ചരിത്രകാരന്മാര്‍ വിലയിരുത്തുന്നു.

പരശുരാമന്‍ കൊണ്ടുവന്ന തന്ത്രി കുടുംബം താഴ്മണ്‍ കുടുംബത്തിന്റെ ആഗമന ചരിതം

1400 വര്‍ഷങ്ങള്‍ക്ക് മുന്‍പ് പരശുരാമനാണ് കേരളത്തിലേക്ക് ബ്രാഹ്‌മണരെ എത്തിച്ചതെന്നാണ് വിശ്വസിക്കപ്പെടുന്നത്. കടല്‍ തെളിച്ച് കേരളക്കര സൃഷ്ടിച്ച പരശുരാമന്‍ നാടിന്റെ സംരക്ഷണത്തിനായി പരശുരാമന്‍ മലയോരങ്ങളില്‍ ശാസ്താ പ്രതിഷ്ഠകളും ഇടനാടുകളില്‍ ശൈവ- വൈഷ്ണവ പ്രതിഷ്ഠകളും നടത്തി. ഈ ക്ഷേത്രങ്ങളുടെ പൂജയും മറ്റ് അവകാശങ്ങളും ഏല്‍പ്പിക്കുവാന്‍ ബ്രാഹ്‌മണ കുടുംബങ്ങള്‍ ഇല്ലാത്തതിനാല്‍ ദ്രാവിഡ ദേശത്തിന് വടക്ക് നിന്ന് അതായത് ഇന്നത്തെ ആന്ധ്രപ്രദേശ്, തെലങ്കാന എന്നിവിടങ്ങളില്‍ നിന്ന് രണ്ട് ബ്രാഹ്‌മണരെ കൊണ്ടു വരുവാന്‍ തീരുമാനിച്ചുവെന്നാണ് ഐതീഹ്യം.

തെരഞ്ഞെടുത്ത രണ്ട് പേരുമായി പരശുരാമന്‍ കേരളത്തിലേക്ക് യാത്ര ചെയ്യുമ്പോള്‍ കൃഷ്ണ നദി മുറിച്ച് കടക്കേണ്ടതായി വന്നു. കൂടെയുള്ളവരുടെ കഴിവ് പരിശോധിക്കാനായി കൃഷ്ണ നദി മുറിച്ച് കടക്കാന്‍ അവരോട് പരശുരാമന്‍ ആവശ്യപ്പെട്ടുവത്രെ. ഇതില്‍ ഒരാള്‍ കൃഷ്ണ നദിയുടെ മുകളിലൂടെ മറുകരയിലെത്തി. മറ്റെയാള്‍ നദിയെ വകഞ്ഞ് മാറ്റി അടിത്തട്ടിലൂടെ നടന്ന് മറുകരയിലെത്തി. നദിയുടെ മുകളിലൂടെ പോയ ആള്‍ തരണനെല്ലൂര്‍ എന്നും അടിത്തട്ടിലൂടെ എത്തിയ ആള്‍ താഴമണ്‍ എന്നും അറിയപ്പെട്ടു. കേരളത്തിലെ ക്ഷേത്രങ്ങളുടെ അവകാശം തരണനെല്ലൂരിനും താഴമണ്ണിനുമായി പരശുരാമന്‍ വീതിച്ചു നല്‍കി. കാലക്രമത്തില്‍ കേരളത്തിലുണ്ടായ പുതിയ ക്ഷേത്രങ്ങളുടെ അവകാശങ്ങളും ഇവരിലെത്തി. ഇവര്‍ പിന്നീട് ഓരോ ക്ഷേത്രങ്ങളിലേക്ക് ഓരോരുത്തരെ നിയോഗിച്ചു. താഴമണ്ണും തരണനെല്ലൂരുമല്ലാതെ ചില ക്ഷേത്രങ്ങള്‍ക്ക് തന്ത്രികള്‍ എന്ന് അവകാശപ്പെടുന്ന വെറെ കുടുംബക്കാരുമുണ്ട്.

താഴമണ്‍ കുടുംബത്തിലെ പുരുഷന്മാര്‍ക്കാണ് ക്ഷേത്രങ്ങളുടെ തന്ത്രവകാശം. തന്ത്രവകാശം എന്നാല്‍ ക്ഷേത്രങ്ങളിലെ വിഗ്രഹങ്ങള്‍ ആചാരനുസരണം പ്രതിഷ്ഠിക്കുക,പൂജാദികര്‍മങ്ങള്‍ ശാസ്ത്രാനുസരണം നിശ്ചയിക്കുക, നടത്തുക, നടത്തിക്കുക എന്നതാണ്.ക്ഷേത്രത്തിലെ ദൈവികമായ കാര്യങ്ങളെക്കുറിച്ചുള്ള വിധി പറയുന്നതിനുള്ള അധികാരം തന്ത്രിക്കാണ്. ക്ഷേത്രത്തില്‍ പ്രതിഷ്ഠിച്ചിരിക്കുന്ന ദേവന്‍ അഥവ ദേവിയുടെ പിതൃ സ്ഥാനമാണ് തന്ത്രിസ്ഥാനം വഹിക്കുന്നവര്‍ക്ക് കല്‍പ്പിച്ച് കൊടുത്തിരിക്കുന്നത്.വൈദികശാസ്ത്ര പ്രകാരം സ്വയം തന്ത്രി സ്ഥാനം ഒഴിവാക്കുകയല്ലാതെ മറ്റൊരാള്‍ക്കും ഇത് മാറ്റാന്‍ സാധിക്കില്ലെന്നതാണ് രീതി.

ഉപനയനത്തോടെയാണ് താഴമണ്‍ കുടുംബത്തിലെ പുരുഷന്മാര്‍ക്ക്, പാരമ്പര്യമായി കൈമാറി വരുന്ന അവരുടെ ക്ഷേത്രങ്ങളുടെ തന്ത്രവകാശം ലഭിക്കാന്‍ പ്രാപ്തനാവുന്നത്. താഴമണ്‍ കുടുംബത്തിലെ പുരുഷന്മാര്‍ അവരുടെ പേരിനൊപ്പം 'കണ്ഠരര്' എന്നതും കൂടി ചേര്‍ക്കും. കുടുംബത്തിലെ സ്ഥാനം കൊണ്ട് മൂത്ത് ആളാണ് തന്ത്രിമാരില്‍ പ്രധാനിയാവുക. ഇദ്ദേഹമായിരിക്കും ഇവര്‍ക്ക് അവകാശമുള്ള ക്ഷേത്രങ്ങളുടെ അവസാന വാക്ക്. കാലക്രമത്തില്‍ ഉണ്ടായ മാറ്റങ്ങള്‍ക്കനുസരിച്ച് തന്ത്രക്ഷേത്രങ്ങള്‍ കുടുംബത്തിലെ മറ്റ് പുരുഷന്മാരുമായും പങ്കിട്ട് എടുക്കുകയാണ് ഇപ്പോള്‍ പതിവ്. ശബരിമല പോലെയുള്ള വലിയ ക്ഷേത്രങ്ങളുടെ തന്ത്രവകാശം ഇത്രനാള്‍ ഇന്ന ആള്‍ക്ക് എന്ന് തിരിച്ച് ചുമതലയേല്‍ക്കുന്ന സമ്പ്രദായമായിരുന്നു പാലിച്ചു പോന്നിരുന്നത്.

താഴ്മണ്‍ കുടുംബത്തിന്റെ താന്ത്രികപ്പെരുമ

കേരളം സൃഷ്ടിച്ചപരശുരാമനില്‍നിന്ന് ലഭിച്ച ദൈവികമായ അവകാശം പവിത്രമായി കാത്തുസൂക്ഷിക്കുന്ന താഴമണ്‍ കുടുംബം ചെങ്ങന്നൂരില്‍ പമ്പാനദിയുടെ തീരത്താണ്. പാരമ്പര്യവും പ്രധാന്യമുള്ള ക്ഷേത്രത്തിലേക്ക് തന്ത്രവകാശം ഏറ്റെടുക്കുമ്പോള്‍ കുടുംബത്തിലെ മുതിര്‍ന്ന തന്ത്രി പ്രധാനിയില്‍ നിന്നും പ്രത്യേക മന്ത്രങ്ങള്‍, ക്ഷേത്ര ദേവന്റെ ധ്യാനശ്ലോകം എന്നിവ മനസ്സിലാക്കുന്ന 'രഹസ്യ ഉപദേശം' സ്വീകരിക്കണം.

ശബരിമല,ചെങ്ങന്നൂര്‍ മഹാദേവ ക്ഷേത്രം തുടങ്ങിയിടങ്ങളിലെ തന്ത്രവകാശം ഏറ്റെടുക്കുമ്പോള്‍ 'രഹസ്യ ഉപദേശം' സ്വീകരിക്കണം.ബ്രാഹ്‌മണ വിഭാഗക്കാര്‍ ആചരിക്കേണ്ട കര്‍മ്മങ്ങള്‍ താഴമണ്‍ കുടുംബത്തിനും ബാധകമാണ്. ഇതില്‍ പ്രധാനം ഷോഡശക്രിയകളാണ്.ഗര്‍ഭധാനം,പുംസവനം,സീമന്തോന്മയനം, ജാതകരണം, നാമകരണം, നിഷ്‌ക്രാമണം, അന്നപ്രാശനം, ചൂഡാകര്‍മം, ഉപനയനം, വേദാരംഭം, സമാവര്‍ത്തനം, വിവാഹം, ഗൃഹാശ്രമം, വാനപ്രസ്ഥം, സന്യാസം, അന്ത്യേഷ്ടി എന്നിവയാണ് ഷോഡശക്രിയകള്‍.

കേരളത്തിലെ ബ്രാഹ്‌മണരുടെ മേല്‍ ആധിപത്യമുളള ആഴ്വാഞ്ചേരി തമ്പ്രാക്കള്‍ക്ക് മുന്നില്‍ താഴമണ്‍ കുടുംബത്തിനും തരണനെല്ലൂരിനും മറ്റ് പലര്‍ക്കുമില്ലാതെ ഇളവുകള്‍ ഉണ്ടെന്ന് പറയുന്നു.ശ്രീശങ്കരാചാര്യര്‍ പുനര്‍നിശ്ചയിച്ച കേരളത്തിലെ ബ്രാഹ്‌മണ പൂജാവിധികളും ആചാരങ്ങളും അധികം മാറ്റങ്ങളില്ലാതെയാണ് താഴമണ്‍ കുടുംബവും പിന്തുടരുന്നത്.താഴമണ്‍ മഠത്തിലെ സ്ത്രീകള്‍ക്ക് മറ്റ് ബ്രാഹ്‌മണ സ്ത്രീകള്‍ ആചരിക്കേണ്ട കാര്യങ്ങള്‍ തന്നെയാണുള്ളത്.മറ്റുള്ളവരില്‍ നിന്ന് ഇവര്‍ക്കുള്ള പ്രത്യേക പരിഗണന ലഭിക്കുന്നത് ചെങ്ങന്നൂര്‍ മഹാദേവ ക്ഷേത്രത്തിലെ ദേവി തൃപ്പൂത്താകുമ്പോഴാണ്.

ഇതിനാല്‍ താഴമണ്‍ കുടുംബത്തിലെ സ്ത്രികള്‍ക്കും പ്രധാന്യമുണ്ട്.ഈ സ്ത്രീകളെല്ലാം മറ്റ് കുടുംബങ്ങളില്‍ നിന്നുള്ളവരായിരിക്കും.അതായത് താഴമണ്‍ കുടുംബത്തിലെ പുരുഷന്മാര്‍ വിവാഹം കഴിച്ച് കൊണ്ട് വരുന്നവര്‍.താഴമണ്‍ കുടുംബത്തില്‍ ജനിച്ച സ്ത്രീകള്‍ക്ക് കേരളത്തിലെ മറ്റ് ബ്രാഹ്‌മണ സത്രീകളെപ്പോലെയുളള അവകാശങ്ങളെയുള്ളൂ.വിവാഹം കഴിച്ച് എത്തുന്ന കുടുംബമായിരിക്കും അവരുടേത്. ജനിച്ച കുടുംബവുമായുള്ള ബന്ധം (ആചാര പ്രകാരം) എന്ന് പറയുന്നത് മാതാപിതാക്കള്‍ മരിച്ചാല്‍ ആശൂലം ആചരിക്കുകയും ശ്രാദ്ധം ഊട്ടുകയും ചെയ്യുകയുമെന്നത് മാത്രമാണ്.

താഴമണ്‍ മഠത്തിന് കേരളത്തിലും പുറത്തുമായി ഏകദേശം 800-ഓളം ക്ഷേത്രങ്ങളുടെ തന്ത്രവകാശമുണ്ട്. കണ്ഠര് മോഹനര്, കണ്ഠര് രാജീവര്, കണ്ഠര് മഹേഷ് മോഹനര് എന്നിവരാണ് നിലവിലെ താഴമണ്‍ കുടുംബത്തിലെ തന്ത്രികളിലെ പ്രധാനികള്‍.

വിശ്വാസികളെ ഞെട്ടിച്ച അഗ്‌നിബാധ..താഴ്മണ്‍ കുടുംബം ശബരിമലയുടെ തന്ത്രിസ്ഥാനത്തേക്ക് എത്തുന്നു

ശബരിമല തന്ത്രിസ്ഥാനത്തേക്ക് താഴ്മണ്‍ കുടുംബം വന്നതിന് പിന്നിലും ഒരു കഥയുണ്ട്.അത് പറയപ്പെടുന്നത് ഇങ്ങനെ..മുന്‍പ് കേരളത്തിലെ പ്രബല തന്ത്രികുടുംബങ്ങള്‍ അടക്കം ശബരിമല തന്ത്രം വഹിച്ചിരുന്നു എന്നാണ് വിവരം.ഘോരവനത്തിലെ ക്ഷേത്രത്തില്‍ തന്ത്രത്തിന് പോയാല്‍ ജീവനോടെ തിരിച്ചു വരുമെന്ന് ഉറപ്പില്ലാത്ത കാലം.ഈ ഭീതി കാരണം താന്ത്രിക കര്‍മ്മം ഏറ്റെടുക്കാന്‍ പലരും മടിച്ചു.കുടുംബക്കാവിലെ ചടങ്ങുകള്‍ നടത്താന്‍ കുടുംബങ്ങളില്‍ ആളില്ലാത്ത കാലം. പലകാവുകളും ക്ഷേത്രങ്ങളാക്കിയപ്പോള്‍ താഴമണ്‍ കുടുംബം തന്ത്രം ഏറ്റു.അങ്ങിനെ ശബരിമല തന്ത്രം കയ്യില്‍ വന്നതോടെയാണ് താഴമണ്‍ കുടുംബം കേരളത്തിലെ ഏറ്റവും പ്രബലരായ തന്ത്രികുടുംബം ആയി മാറുന്നത്.അതിന് വഴിവച്ചതാകട്ടെ 1902-ലെ ശബരിമല തീപിടിത്തവും.

മകരസംക്രമദിനത്തിലാണ് പുല്ലുമേഞ്ഞ ശ്രീകോവിലിന് തീപിടിച്ചത്.തിരുവാഭരണങ്ങള്‍ സുരക്ഷിതമായി മാറ്റി.വിഗ്രഹം മേല്‍ശാന്തി എടുത്തുമാറ്റി. എല്ലാം കത്തിയമര്‍ന്നെങ്കിലും വിഗ്രഹം ബാലാലയത്തിലേക്ക് മാറ്റി.1902ല്‍ കത്തിനശിച്ച ക്ഷേത്രം പുനര്‍നിര്‍മിച്ച് 1910-ല്‍ പ്രതിഷ്ഠ നടത്തി. താഴമണ്‍ കുടുംബത്തിലെ കണ്ഠര് പ്രഭാകര് ആയിരുന്നു അന്ന് പ്രതിഷ്ഠ നടത്തിയത്.തിരുവിതാംകൂര്‍ രാജകുടുംബത്തിന്റെ ക്ഷണപ്രകാരം അങ്ങനെയാണ് താഴമണ്‍ കുടുംബം ശബരിമലയുടെ തന്ത്രത്തിലേക്ക് വരുന്നത്.1950-ല്‍ വീണ്ടും ക്ഷേത്രം കത്തിനശിച്ചു. 1951ല്‍ ഇന്നു കാണുന്ന പഞ്ചലോഹ വിഗ്രഹം പ്രതിഷ്ഠിച്ചത് കണ്ഠര് ശങ്കര് ആയിരുന്നു.രണ്ട് പ്രതിഷ്ഠ നടത്തിയതോടെ താഴമണ്‍ കുടുംബം പൂര്‍ണ തന്ത്ര അധികാരികളായി.

1951-ന് ശേഷമാണ് ഇന്ന് കാണുന്ന വിധത്തിലേക്ക് തിരക്കേറി വന്നതും താഴമണ്‍ കുടുംബം നൂറുകണക്കിന് ക്ഷേത്രങ്ങളുടെ തന്ത്രം ഏറ്റെടുക്കുന്ന നിലയിലേക്ക് വളര്‍ന്നതും.കുടുംബത്തിലെ ആദ്യകാല അംഗങ്ങള്‍ തന്ത്രി കണ്ഠര്‍ മഹേശ്വര്‍,കണ്ഠര്‍ കൃഷ്ണര്‍,കണ്ഠര്‍ നീലകണ്ഠര്‍ എന്നിവരായിരുന്നു.മഹേശ്വരുടെ മകന്‍ മോഹനര്‍, കൃഷ്ണരുടെ മകന്‍ രാജീവര്‍ എന്നിവര്‍ അടുത്ത തലമുറയിലെ തന്ത്രിമാരായി ശബരിമലയിലെത്തി.നീലകണ്ഠര്‍ക്ക് നാലു പെണ്‍മക്കള്‍ ഉണ്ടായിരുന്നു.മക്കത്തായമാണ് താഴമണ്‍ കുടുംബം പിന്തുടരുന്നത്.മോഹനറിന്റെ മകന്‍ മഹേഷ് മോഹനര്‍, രാജീവറിന്റെ മകന്‍ ബ്രഹ്‌മദത്തന്‍ ശബരിമലയിലെ അവസാനകാല തന്ത്രിമാരായി സേവനമനുഷ്ഠിക്കുന്നു.

ഓരോ സീസണിലും ശബരിമലയില്‍ തന്ത്രിയുടെ സേവനം കുടുംബത്തിലെ അംഗങ്ങളെ പ്രകാരം പ്രതിനിധീകരിക്കപ്പെടുന്നു. തന്ത്രിമാര്‍ സന്നിധാനത്ത് ഇല്ലാത്ത സമയങ്ങളില്‍ മറ്റ് ക്ഷേത്രങ്ങളിലെ ചുമതലകള്‍ ഏറ്റെടുക്കുകയും ചെയ്യും. താഴമണ്‍ കുടുംബത്തിന് 15 രാജ്യങ്ങളിലെ വിവിധ ക്ഷേത്രങ്ങളിലേക്കുള്ള താന്ത്രിക അവകാശവും നിലനില്‍ക്കുന്നു.

പ്രശസ്തിയുടെ കൊടുമുടിയില്‍ നിന്ന് വിവാദങ്ങളുടെ പടുകുഴിയിലേക്ക്..കുടുംബത്തെ വേട്ടയാടിയ വിവാദങ്ങള്‍

ശബരിമലയുടെ തന്ത്രിസ്ഥാനം കയ്യില്‍ വന്നതോടെയാണ് അക്ഷരാര്‍ത്ഥത്തില്‍ താഴ്മണ്‍ കുടുംബത്തിന്റെ പ്രശസ്തി ഉയരുന്നത്.വിശ്വാസികള്‍ക്കിടയില്‍ ഇത് തന്ത്രി കുടുംബത്തിന്റെ ബഹുമാനം കൂട്ടുകയും ചെയതു.എന്നാല്‍ പ്രശസ്തിക്കൊപ്പം തന്നെ വിവാദങ്ങളുടെ പരമ്പരയും ഈ കടുംബത്തെ വേട്ടയാടിയിരുന്നു.

തന്ത്രിസ്ഥാനത്തെച്ചൊലി മലയരയസഭയുമായുള്ള വിവാദം

തന്ത്രി സ്ഥാനത്തെച്ചൊല്ലിയായിരുന്നു ആദ്യത്തെ വിവാദം ഉടലെടുത്തത്.ഇന്നും പലവിധ ചര്‍ച്ചകള്‍ ഈ വിഷയത്തില്‍ തുടരുന്നുമുണ്ട്.2019 കാലഘട്ടത്തില്‍ ക്ഷേത്രത്തിന്റെ തന്ത്രിസ്ഥാന അവകാശത്തെക്കുറിച്ച് താഴ്മണ്‍ കുടുംബം വാര്‍ത്താക്കുറിപ്പ് ഇറക്കിയതും ഇതിനെതിരെ മലയരയസഭ രംഗത്ത് വന്നതും വലിയ ചര്‍ച്ചയായിരുന്നു.ശബരിമല ക്ഷേത്രത്തിന്റെ തന്ത്രിപദവി ബിസി 100-ല്‍ പരശുരാമ മഹര്‍ഷിയില്‍ നിന്നും ലഭിച്ചതെന്നാണ് തന്ത്രി കുടുംബം പുറത്തിറക്കിയ വാര്‍ത്താ കുറിപ്പില്‍ പറഞ്ഞിരുന്നത്.തന്ത്രിയെ നിയമിക്കുന്നത് ദേവസ്വം ബോര്‍ഡല്ല. തന്ത്രശാസ്ത്രപ്രകാരവും കീഴ്വഴക്കവുമനുസരിച്ച് ശബരിമല ക്ഷേത്രത്തിലെ ആചാരനുഷ്ഠാനങ്ങളിലെ പരമാധികാരവും അത് പ്രാവര്‍ത്തികമാക്കാനുള്ള അധികാരവും തന്ത്രിക്കാണ്.

ഈ അവകാശത്തെ ചോദ്യം ചെയ്യാന്‍ സര്‍ക്കാരിനും ദേവസ്വം ബോര്‍ഡിനും കഴിയില്ലെന്നും താഴമണ്‍ മഠം പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ ഉണ്ടായിരുന്നു.ഇതിനെതിരെയാണ് ശബരിമലയിലെ താന്ത്രികാവകാശം പരശുരാമന്‍ നേരിട്ട് നല്‍കിയതാണെന്ന് താഴ്മണ്‍കുടുംബത്തിന്റെ അവകാശവാദത്തെ പരിഹസിച്ച് മലഅരയ സഭ രംഗത്ത് വന്നത്.സഭനേതാവ് കൂടിയായിരുന്ന പി.കെ സജീവ് സമൂഹമാധ്യമത്തില്‍ പങ്കുവെച്ച കുറിപ്പിലൂടെയാണ് ഇതിനെതിരെ രംഗത്ത് വന്നത്.ശബരിമല അമ്പലം നിലവില്‍ വന്നത് ബി.സി.യിലാണെന്ന പുതിയ കണ്ടെത്തലെന്നും അന്നു മുതല്‍ അമ്പലത്തില്‍ പൂജ നടത്താന്‍ താഴമണ്‍ കുടുംബത്തിന് പരശുരാമന്‍ അനുവാദം നല്‍കിയെന്നമാണ് പറയുന്നതെങ്കില്‍ പന്തളമെന്തു ചെയ്യുമെന്നു സജീവ് വാദിക്കുന്നു.

പന്തളം ബി.സി.യിലല്ലല്ലോ വന്നത്.ഇനി തിരുവാഭരണം എങ്ങനെ അയ്യപ്പനു ചാര്‍ത്തും കാലഗണനയുമായി ശരിയാകുന്നില്ല.അട്ടര്‍ കണ്‍ഫ്യൂഷന്‍, ഇനിയുമങ്ങോട്ടു പോയാല്‍ താഴമണ്‍ കുടുംബമൊക്കെ മല അരയ കുടുംബമാന്നെന്നു പ്രഖ്യാപിച്ചാലോ?എന്നും സജീവ് പരിഹസിച്ചു.ശബരിമലയില്‍ തേനഭിഷേകവും,പഞ്ചലങ്കാര പൂജയും,വിളിച്ചു ചൊല്ലി പ്രാര്‍ത്ഥനയും അവര്‍ ഏറ്റെടുത്തേക്കുമോ എന്നും മലയിലെ മകരവിളക്കുതെളിക്കലും,ശബരിയും നീലിയും ചക്കിയും, എല്ലാം ആ കുടുംബത്തില്‍ നിന്നാണെന്ന് സര്‍ട്ടിഫിക്കറ്റുമായി എത്താന്‍ സാധ്യതയുള്ളതാണെന്നും അദ്ദേഹം തന്റെ ഫേസ്ബുക്കില്‍ കുറിച്ചു.

ഒന്നും തള്ളിക്കളയാനാകില്ലെന്നും മലഅരയന്മാര്‍ തന്ത്രി കുടുംബവും തന്ത്രി കുടുംബം മല അരയന്‍മാരുമാണെന്ന് ആ സര്‍ട്ടിഫിക്കറ്റില്‍ എഴുതിയിട്ടുണ്ടാകമോ, എന്നും ചോദിച്ച സജീവ് എല്ലാം സാമ്പത്തികം ശരണം എന്ന് പറഞ്ഞ് കൊണ്ടാണ് പോസ്റ്റ് അവസാനിപ്പിച്ചത്.

കണ്ഠര് മോഹനര് കുടുങ്ങിയ ശോഭ ജോണിന്റെ ഹണി ട്രാപ്പ്

2006ല്‍ കണ്ഠര് മോഹനര് ശോഭ ജോണിന്റെ ഹണി ട്രാപ്പില്‍ കുടുങ്ങിയതാണ് കുടുംബത്തിന് ഏറ്റ മറ്റൊരു നാണക്കേട്.2006 ജൂലൈ 23 ന് ആയിരുന്നു കണ്ഠരര് മോഹനരരെ കുടുക്കിയ ബ്ലാക്ക് മെയ്‌ലിംഗ് കേസ്.കേരളത്തിലെ കുപ്രസിദ്ധ കുറ്റവാളികളിലൊരാളായ ശോഭ ജോണും സംഘമായിരുന്നു ബ്ലാക്ക് മെയ്‌ലിംഗിനു പിന്നില്‍. കാസറഗോഡ് സ്വദേശി ബച്ചു റഹ്‌മാനും ഈ സംഘത്തില്‍ ശോഭയോടൊപ്പം ഉണ്ടായിരുന്നു. ശോഭയുടെ ഫ്ലാറ്റില്‍ എത്തിയ മോഹനരരെ കത്തിയും കളിത്തോക്കും കാണിച്ച് ഭീഷണിപ്പെടുത്തി കൈവശമുണ്ടായിരുന്ന 27.5 പവന്‍ സ്വര്‍ണാഭാരണങ്ങളും ഇരുപതിനായിരം രൂപയും മൊബൈല്‍ ഫോണും കൈക്കലാക്കി. ഇതിനുശേഷം ഒരു സ്ത്രീയോടൊപ്പം നഗ്നനാക്കി നിര്‍ത്തിയശേഷം ഫോട്ടോ എടുത്തു. ഈ ഫോട്ടോ പത്രങ്ങള്‍ക്ക് നല്‍കാതിരിക്കണമെങ്കില്‍ 30 ലക്ഷം രൂപ കൊടുക്കണമെന്നായിരുന്നു ഭീഷണി. പിന്നീട് ഈ കേസില്‍ ശോഭയും ബച്ചുവും അടക്കമുള്ള പ്രതികള്‍ അറസ്റ്റിലായി.

ലൈംഗികസംബന്ധമായ കേസ് ഉണ്ടായതിനു പിന്നാലെ കണ്ഠരര് മോഹനരരെ തന്ത്രി സ്ഥാനത്തു നിന്നും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് നീക്കം ചെയ്തു. ശബരിമല സന്നിധാനത്ത് മോഹനരര് വരുന്നതില്‍ വരെ ദേവസ്വം ബോര്‍ഡ് അതൃപ്തി അറിയിക്കുകയും ചെയ്തിരുന്നു. തന്ത്രിസ്ഥാനം ഏറ്റെടുക്കുന്ന പിതാവ് മഹേശ്വരരെ അനുഗമിച്ച് മോഹനനരര് സന്നിധാനത്ത് എത്തിയതിന്റെ പേരില്‍ ദേവസ്വം അധികൃതരും കണ്ഠരര് മഹേശ്വരരും തമ്മില്‍ തര്‍ക്കമുണ്ടായിട്ടുണ്ട്. മോഹനരരെ ശ്രീകോവിലിനുള്ളില്‍ പ്രവേശിപ്പിക്കരുതെന്നും പൂജാദികര്‍മങ്ങളില്‍ പങ്കെടുപ്പിക്കരുതെന്നും അധികൃതകര്‍ തന്ത്രിക്ക് കര്‍ശന നിര്‍ദേശം നല്‍കിയിരുന്നു. മറ്റേവരെയും പോലെ ദര്‍ശനം നടത്തിപ്പോകാനുള്ള അനുവാദം മാത്രമാണ് മോഹനരര്‍ക്ക് ദേവസ്വം ബോര്‍ഡ് നല്‍കിയത്. ക്രിമിനല്‍ കേസുകള്‍ ഉണ്ടെന്നു ചൂണ്ടിക്കാട്ടിയായിരുന്നു മോഹനരര്‍ക്കെതിരേ ദേവസ്വം ബോര്‍ഡ് ഇത്തരമൊരു നിലപാട് എടുത്തത്.

ജസ്റ്റിസ് പരിപൂര്‍ണന്‍ കമ്മിഷന്റെ ചോദ്യങ്ങളില്‍ നിന്ന് മോഹനര്‍ക്ക് വേദമോ സംസ്‌കൃതമോ ഭാഗ്യസൂക്തം പോലുമോ അറിയില്ലെന്ന് വ്യക്തമായതും വലിയ നാണക്കേടായി.ശബരിമലയിലെ ക്രമക്കേടുകളെ കുറ്റിച്ച് അന്വേഷിക്കാന്‍ പതിനൊന്നു വര്‍ഷങ്ങള്‍ക്കു മുമ്പ് ജസ്റ്റീസ് കെ എസ് പരിപൂര്‍ണന്‍ കമ്മിഷനെ നിയോഗിച്ചിരുന്നു.കമ്മീഷന്‍ മോഹനരരെ വിചാരണ ചെയ്തിന്റെ റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നതായി പറയുന്നത് തന്ത്രിക്കു വേണ്ട പ്രത്യേത അറിവുകളോ ശാന്തിപ്പണിയുടെ പ്രാഥമിക പാഠങ്ങളോ കണ്ഠരര് മോഹനരര്‍ക്ക് ഇല്ലെന്നായിരുന്നു.ജസ്റ്റീസ് പരിപൂര്‍ണനും ജസ്റ്റീസ് ബി എം തുളസിദാസും ചേര്‍ന്ന് നടത്തിയ വിസ്താരത്തില്‍ പങ്കെടുത്ത് സംസാരിച്ച മോഹനനരര്‍ക്ക് പല ചോദ്യങ്ങള്‍ക്കും ഉത്തരമില്ലായിരുന്നു.സംസ്‌കൃതം അറിയാമോ എന്ന ചോദ്യത്തിന് അറിയില്ല എന്നായിരുന്നുവത്രെ.

പിന്നെ ശബരിമലയില്‍ തന്ത്രിയായി മോഹനരെ കണ്ടില്ല.അടുത്തിടെ കണ്ടത് അയ്യപ്പ സംഗമ വേദിയിലും പന്തളത്തെ ബദല്‍ സംഗമവേദിയിലും ആയിരുന്നു അദ്ദേഹം പ്രത്യക്ഷപ്പെട്ടത്.

സ്വര്‍ണ്ണക്കൊള്ള കേസില്‍ ഇപ്പോള്‍ രാജീവരും

മോഹനര്‍ പെട്ട് 20 വര്‍ഷങ്ങള്‍ക്കിപ്പുറമാണ് മോഹനരുടെ മുത്തച്ഛന്റെ സഹോദരന്റെ മകന്‍ തന്ത്രി കണ്ഠര് രാജീവര് ശബരിമല സ്വര്‍ണക്കൊള്ളക്കേസില്‍ അറസ്റ്റില്‍ ആകുന്നത്.കട്ടിളപ്പാളി കവര്‍ന്ന കേസില്‍ 13ാം പ്രതിയായാണ് കണ്ഠരര് രാജീവിനെ രേഖപ്പെടുത്തിയത്. തന്ത്രി കണ്ഠരര് രാജീവരെ 14 ദിവസത്തേക്ക് തന്ത്രിയെ റിമാന്‍ഡ് ചെയ്തു.തിരുവനന്തപുരം സ്പെഷ്യല്‍ സബ്ജയിലിലേക്ക് കണ്ഠരര് രാജീവിനെ കൊണ്ടുപോയെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഈ മാസം പതിമൂന്നിന് ജാമ്യാപേക്ഷ പരിഗണിക്കുമെന്ന് കൊല്ലം വിജിലന്‍സ് കോടതി അറിയിച്ചു.ആവശ്യമെങ്കില്‍ ജയില്‍ വൈദ്യസഹായം നല്‍കാമെന്നും കോടതി നിര്‍ദേശിച്ചു.കട്ടിളപ്പാളികള്‍ കൊണ്ടുപോകുന്നതിന് കുറ്റകരമായ മൗനാനുവാദം നല്‍കിയെന്നും ചട്ടലംഘനം നടന്നപ്പോള്‍ ദേവസ്വം ബോര്‍ഡിനെ അറിയിച്ചില്ലെന്നും ഗൂഢാലോചനയില്‍ പങ്കുണ്ടെന്നും എസ്.ഐ.ടി ചൂണ്ടിക്കാട്ടി.തന്ത്രി ആചാരലംഘനത്തിനും ദേവസ്വം ബോര്‍ഡിന്റെ വസ്തുവകകള്‍ കൊണ്ടുപോകുന്നതിനും കൂട്ടുനിന്നു. താന്ത്രിക വിധി പാലിച്ചില്ല. കട്ടിള പ്പാളികള്‍ കൊണ്ടുപോകാന്‍ ഒത്താശ ചെയ്തു. ദേവന്റെ അനുജ്ഞ വാങ്ങിയില്ല. കട്ടിളപ്പാളികള്‍ കൈമാറിയപ്പോള്‍ തന്ത്രി തടഞ്ഞില്ലെന്നും എസ്.ഐ.ടി റിപ്പോര്‍ട്ടില്‍ പറയുന്നു.

സാമ്പത്തിക ക്രമക്കേട്,വ്യാജരേഖ ചമയ്ക്കല്‍,ഗൂഢാലോചന എന്നിവയുമായി ബന്ധപ്പെട്ട വകുപ്പുകളും തന്ത്രിക്കെതിരെ ചുമത്തിയിട്ടുണ്ട്.വകുപ്പ് 403 വസ്തുവകകള്‍ ദുരുപയോഗം ചെയ്യുക, 406 വിശ്വാസ വഞ്ചന, 409 സര്‍ക്കാര്‍ ഉദ്യോഗസ്ഥനോ ബാങ്കറോ വ്യാപാരിയോ അല്ലെങ്കില്‍ ഏജന്റോ നടത്തുന്ന വിശ്വാസ വഞ്ചന, 466 കോടതി രേഖകളിലോ പൊതുരജിസ്ട്രറിലോ വ്യാജ രേഖ ചമയ്ക്കല്‍,467 വിലപ്പെട്ട രേഖകളോ വില്‍പത്രമോ വ്യാജമായി നിര്‍മ്മിക്കല്‍, 120 ബി ക്രിമിനല്‍ ഗൂഢാലോചന, 34 പൊതുവായ ഉദ്ദേശത്തിന് ഒന്നിലധികം പേര്‍ നടത്തുന്ന കുറ്റകൃത്യങ്ങള്‍, അഴിമതി നിരോധന നിയമത്തിലെ വിവിധ വകുപ്പുകളും കണ്ഠരര് രാജീവിനെതിരെ ചുമത്തിയിട്ടുണ്ട്.

രണ്ട് തന്ത്രിമാരും വിവാദക്കുരുക്കില്‍.. താന്ത്രിക കര്‍മ്മം ഇനി പുതുതലമുറയിലേക്ക്

രണ്ട് തന്ത്രിമാരും വിവാദങ്ങളില്‍ അകപ്പെട്ടതോടെ ഇനിയെന്താണ് താന്ത്രിക കര്‍മ്മങ്ങളുടെ ഭാവിയെന്നാണ് ഉയരുന്ന ചോദ്യം.നിലവിലുള്ള മുതിര്‍ന്ന തന്ത്രിമാര്‍ രണ്ടുപേരും വിവാദങ്ങളുടെ പേരില്‍ കര്‍മങ്ങളില്‍നിന്നു മാറിനില്‍ക്കേണ്ട സാഹചര്യത്തില്‍ പുതുതലമുറയില്‍പെട്ടവര്‍ പൂര്‍ണ ഉത്തരവാദിത്വത്തിലേക്ക് വരികയാണ്.

താഴമണ്‍ മഠത്തില്‍ കണ്ഠര് രാജീവരുടെ പിതൃസഹോദര പുത്രനായ കണ്ഠര് മോഹനര് നേരത്തെതന്നെ വിവാദങ്ങളില്‍പെട്ട് ശബരിമലയിലെ താന്ത്രിക ജോലികളില്‍നിന്ന് അകറ്റി നിര്‍ത്തപ്പെട്ടിരിക്കുകയാണ്.മോഹനരുമായി ബന്ധപ്പെട്ട് ഉയര്‍ന്ന സ്വഭാവദൂഷ്യ ആരോപണങ്ങള്‍ ഏറെ ചര്‍ച്ച ചെയ്യപ്പെട്ടതിനു ശേഷം തന്ത്രിയെ ഒഴിവാക്കാന്‍ ദേവസ്വം ബോര്‍ഡ് താഴമണ്‍ മഠത്തിനു കത്ത് നല്‍കുകയായിരുന്നു.മോഹനരെ ഒഴിവാക്കിയപ്പോള്‍ വിശ്രമത്തിലായിരുന്ന അച്ഛന്‍ മഹേശ്വര് വീണ്ടുമെത്തി താന്ത്രിക കര്‍മങ്ങള്‍ നിര്‍വഹിച്ചു.മുത്തച്ഛന്റെ മരണത്തോടെ മോഹനരുടെ മകന്‍ മഹേഷ് മോഹനരും സ്വതന്ത്രമായി ചുമതലകള്‍ ഏറ്റെടുത്തു.

അച്ഛന്‍ കൃഷ്ണരുടെ മരണത്തോടെ ദീര്‍ഘകാലമായി രാജീവര് ശബരിമലയില്‍ ഒന്നിടവിട്ട വര്‍ഷങ്ങളില്‍ ചുമതലകള്‍ നിര്‍വഹിച്ചുവരികയായിരുന്നു.കൃഷിവകുപ്പ് ഉദ്യോഗസ്ഥനായിരുന്ന രാജീവര് ഏതാനും വര്‍ഷം മുന്പു സ്വയം വിരമിച്ചു പൂര്‍ണമായി താന്ത്രിക ജോലികള്‍ ഏറ്റെടുക്കുകയായിരുന്നു. നേരത്തെ മൂന്നു വര്‍ഷത്തിലൊരിക്കലായിരുന്നു തന്ത്രിമാരുടെ ടേമെങ്കിലും മുതിര്‍ന്ന തന്ത്രി കണ്ഠര് നീലകണ്ഠര്‍ക്ക് ആണ്‍മക്കളില്ലാതെ വന്നതോടെ അദ്ദേഹത്തിന്റെ കുടുംബത്തിന്റെ അവകാശം നഷ്ടമായപ്പോള്‍ രാജീവരുടെയും മോഹനരുടെ കുടുംബങ്ങള്‍ ഓരോ വര്‍ഷങ്ങളിലും മാറിമാറി താന്ത്രിക ജോലികള്‍ ചെയ്തുവരികയാണ്.

രാജീവരുടെ മകന്‍ കണ്ഠര് ബ്രഹ്‌മദത്തനും താന്ത്രിക പഠനങ്ങള്‍ പൂര്‍ത്തിയാക്കി അച്ഛനു സഹായിയായി കഴിഞ്ഞ വര്‍ഷം മുതല്‍ രംഗത്തുണ്ട്. 2024 - 25 കാലയളവിലാണ് കണ്ഠര് ബ്രഹ്‌മദത്തന്‍ ആദ്യമായി ശബരിമലയിലെ താന്ത്രിക ജോലികള്‍ ചെയ്തത്.അച്ഛന്‍ വിവാദത്തിലായതോടെ മകന്‍ ഇനി പൂര്‍ണ്ണ ഉത്തരവാദത്തിലേക്ക് വരും.ശബരിമല കൂടാതെ പ്രധാനപ്പെട്ട് മറ്റ് ക്ഷേത്രങ്ങളുടെ താന്ത്രികാവകാശവും താഴമണ്‍ മഠത്തിനുണ്ട്. തന്ത്രി രാജീവരായിരുന്നു കൂടുതലും ഇതു നിര്‍വഹിച്ചു വന്നത്. മലേഷ്യ, സിങ്കപ്പോര്‍ തുടങ്ങി 13 രാജ്യങ്ങളില്‍ ഉള്‍പ്പെടെയുള്ള ക്ഷേത്രങ്ങളില്‍ താന്ത്രിക ചുമതല ഇവര്‍ക്കുണ്ട്.

പ്രശസ്തിക്കൊപ്പം വിവാദങ്ങളും വിട്ടൊഴിയാതത്താണ് താഴ്മണ്‍ കുടുംബത്തിന്റെ കഥ.പുതിയ തലമുറയിലേക്ക് കര്‍മ്മങ്ങള്‍ കൈമാറുമ്പോള്‍ വിശ്വാസി സമൂഹം ഉറ്റുനോക്കുന്നതും ഈ പാരമ്പര്യത്തിന്റെ ഭാവി തന്നെയാണ്.