- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Feature
- /
- AUTOMOBILE
'അഴകിയ രാവണനിൽ' മമ്മൂട്ടി പ്രയോഗിച്ച തന്ത്രം; ഷെൽ കമ്പനിവഴി വായ്പ്പകൊടുത്ത് മാതൃകമ്പനിയെ വിഴുങ്ങുന്നു; എൻഡിടിവിയിൽ നിന്ന് റോയ് ദമ്പതികൾ പുറത്തേക്ക്; സ്വതന്ത്ര മാധ്യമ പ്രവർത്തനത്തിന് മരണമണി; ഉടമകൾപോലും അറിയാതെയുള്ള ഏറ്റെടുക്കലിൽ നടുങ്ങി മാധ്യമലോകം; മോദിക്കു വേണ്ടി അദാനിയുടെ മീഡിയാ സർജിക്കൽ സ്ട്രൈക്ക് ഇങ്ങനെ!
ദൂരദർശൻ മാത്രമുള്ള 90കളിലെ ടീവിക്കാഴ്ചകളിൽ, തെരഞ്ഞെടുപ്പ് സാധ്യതകൾ കൃത്യമായി പ്രവചിക്കുന്ന, തിളങ്ങുന്ന കണ്ണുകൾ ഉള്ള സുമുഖനായ ഒരു താടിക്കാരനെ മലയാളികൾക്ക് ഓർമ്മയുണ്ടാവും. മസിലുപിടിച്ച് ദൂരദർശൻകാർ വാർത്തവായിക്കുമ്പോൾ, വേറിട്ട രീതിയിലായിരുന്നു അയാളുടെ അവതരണവും, ചർച്ചകളുമെല്ലാം. അതായിരുന്നു, പ്രണോയ് റോയി. തെരഞ്ഞെടുപ്പു ഫലങ്ങൾ വിശകലനം ചെയ്യുന്ന വിദഗ്ധൻ എന്ന നിലയിലായിരുന്നു, അയാൾ അറിയപ്പെട്ടത്. വൈകാതെ അയാൾ ദൂരദർശന്റെ ചട്ടക്കൂടുകളിൽനിന്ന് രക്ഷപ്പെട്ട്, സ്വതന്ത്ര മാധ്യമ പ്രവർത്തനത്തിലേക്ക് തിരിഞ്ഞു. അങ്ങനെ പ്രണോയും ഭാര്യ രാധികാ റോയും ചേർന്ന് ( സിപിഎം നേതാവ് ബൃന്ദകാരാട്ടിന്റെ സഹോദരിയാണ് രാധിക) ന്യൂഡൽഹി ടെലിവിഷൻ ലിമിറ്റഡ് എന്ന എൻഡിടിവി ചാനലിന് രൂപം കൊടുത്തു. അത് വളർന്ന് പന്തലിച്ചു. ഇന്നും ഇന്ത്യയിലെ ഏറ്റവും ആധികാരിക മാധ്യമമാണ് അത്.
ഇന്ത്യൻ മാധ്യമ രംഗത്തെ അതികായന്മാരായി ഇപ്പോൾ വിലസുന്ന രാജ്ദീപ് സർദേശായിയും, അർണോബ് ഗോസ്വാമിയും അടക്കമുള്ളവർ മുഖം കാണിച്ചു തുടങ്ങിയത് ഈ ചാനലിലൂടെ ആയിരുന്നു. ബർക്കാ ദത്ത് അടക്കമുള്ളവർ ഒരു കാലത്ത് ടെലിവിഷൻ ജേണലിസത്തിലെ ഐക്കണായി തിളങ്ങിയതും എൻഡിടിവിയിലൂടെയാണ്. രണ്ടാം തവണയും മോദി സർക്കാർ അധികാരത്തിൽ എത്തിയതോടെ, കേന്ദ്ര സർക്കാറിനുമുന്നിൽ മുട്ടിലിഴയുന്ന മാധ്യമ പ്രവർത്തകരിൽ റോയ് ദമ്പതികൾ വേറിട്ടു നിന്നു. പ്രധാനമന്ത്രി നേരന്ദ്രമോദിയെയും അമിതാഷായെും വിമർശിക്കുന്ന വാർത്തകൾ അവർ നിരന്തരം പുറത്തുവിട്ടു. ഗുജറാത്ത് കലാപത്തിന്റെ കരളലിയിപ്പിക്കുന്ന ദൃശ്യങ്ങളും പിന്നാമ്പുറ കഥകളു, പുറത്തുവിട്ടതോടെ അവർ മോദിയുടെ കണ്ണിലെ കരടായി. മോദി കേന്ദ്രത്തിൽ അധികാരത്തിൽ വന്നതിന് പിന്നാലെ പ്രണോയ് റോയിക്കും ഭാര്യക്കുമെതിരെ സിബിഐ എഫ്ഐആറുകൾ ഉണ്ടായി. അതിന് പിന്നാലെ പിന്നാലെ സെബി ചുമത്തിയത് 27 കോടി പിഴയാണ്. എന്നിട്ടും അവർ പിടിച്ചു നിന്നു.
പക്ഷേ ഇപ്പോൾ മോദിക്കുവേണ്ടി, വ്യവസായി ഗൗതം അദാനി നടത്തിയ സർജിക്കൽ സ്ട്രൈക്കിൽ അമ്പരന്ന് നിൽക്കയാണ് റോയ് ദമ്പതികൾ. തങ്ങൾപോലും അറിയാതെ തങ്ങളുടെ ചാനലിന്റെ 30 ശതമാനത്തോളം ഓഹരികൾ അദാനി ഗ്രൂപ്പ് സ്വന്തമാക്കിയിരിക്കുന്നു. എൻഡിടിവി മാത്രമല്ല ഇന്ത്യൻ മാധ്യമ ലോകവും ഞെട്ടിയ വാർത്തയാണ് ഇന്നലെ പുറത്തുവന്നത്.
പൂട്ടിക്കാൻ നിരന്തര ശ്രമം
ശരിക്കും ദേശീയ മാധ്യമങ്ങൾക്കിടയിൽ ഒറ്റയാൻ ആയിരുന്നു എൻഡിടിവി.
അർണാബ് ഗോസ്വാമിയും, ടൈംസ് നൗവും, ഇന്ത്യാ ടുഡേയുമെല്ലാം കേന്ദ്രത്തിന്റെ പിആർ എജൻസികൾപോലെ ആയപ്പോൾ, എൻഡിടിവി വേറിട്ടുനിന്നു. മോദി 2014ൽ അധികാരത്തിലെത്തിയതിന് ശേഷം കേന്ദ്ര സർക്കാർ പരസ്യ ദാതാക്കൾ വഴി എൻഡി ടിവിയിൽ സമ്മർദ്ദം ചെലുത്തിയതായി റിപ്പോർട്ടുകളുണ്ടായിരുന്നു. 2002 ഗുജറാത്ത് കലാപത്തേക്കുറിച്ചുള്ള റിപ്പോർട്ടുകളാണ് ഇതിന് കാരണമെന്നും ആരോപണങ്ങൾ ഉയർന്നിരുന്നു. 2016ൽ എൻഡിടിവിയുടെ ഹിന്ദി ന്യൂസ് ചാനൽ നിരോധിക്കാനുള്ള നീക്കം കേന്ദ്രം ഉപേക്ഷിച്ചത്, മാധ്യമ ലോകത്തുനിന്നുള്ള രൂക്ഷ പ്രതിഷേധങ്ങളെ തുടർന്നാണ്.
എന്നാൽ, ചാനലിന്റെ ഫണ്ടിംഗുമായി ബന്ധപ്പെട്ട വിഷയങ്ങൾ അന്വേഷണ ഏജൻസികളെ എൻഡിടിവിയിലേക്ക് ക്ഷണിച്ചു വരുത്തുന്നതായി മാറി. പ്രണോയ് റോയിയുടേയും രാധികാ റോയിയുടേയും ഡൽഹിയിലെ വീട് 2017ൽ സിബിഐ റെയ്ഡ് ചെയ്തു. കേന്ദ്ര സർക്കാരിനെതിരെ വിമർശനാത്മക നിലപാട് സ്വീകരിക്കുന്നതിന്റെ പേരിൽ മാധ്യമ സ്വാതന്ത്ര്യത്തെ വേട്ടയാടുകയാണെന്ന് ആരോപണങ്ങളുയർന്നു. 2019ൽ എൻഡി ടിവിയുടെ മാനേജീരിയൽ-ബോർഡ് സ്ഥാനങ്ങളിൽ നിന്ന് രണ്ട് വർഷത്തേക്ക് പ്രണോയ്-രാധികാ റോയ്മാരെ സെബി മാറ്റി നിർത്തി. 2020 ഡിസംബറിൽ ഇരുവർക്കുമെതിരെ സെബി 27 കോടി പിഴ ചുമത്തി. പക്ഷേ വെറും സാങ്കേതിക നൂലാമാലകളിൽ പിടിച്ചുള്ള പ്രതികാര നടപടികളാണ് ഇവയെന്ന് പരക്കെ വിമർശിക്കപ്പെട്ടു. ഇതിലുള്ള കേസുകൾ നടന്നുവരികയാണ്.
മോദിക്ക് മാത്രമല്ല, മോദിയോട് ഒപ്പം വളർന്ന ഗൗതം അദാനി എന്ന വ്യവസായിക്കും നിരന്തരം തലവേദനയാണ് എൻഡിടിവി സൃഷ്ടിച്ചത്. അദാനിയുടെ ബിസിനസ് സാമ്രാജ്യത്തിലെ കടമെടുപ്പ് നിയന്ത്രണമില്ലാതെ പോകുന്നത് സംബന്ധിച്ച റിപ്പോർട്ട് എൻഡിടിവി പുറത്തുവിട്ടിരുന്നു. ഇതിന് പിന്നാലെയാണ് എൻഡിടിവിയിലെ ഷെയർ അദാനി ഏറ്റെടുക്കുന്നു എന്ന വാർത്തയും പുറത്തുവന്നത്.
ഇന്ത്യയിലെ ഏറ്റവും ധനികനായ ഗൗതം അദാനി, ഫോബ്സ് ധനികരുടെ പട്ടികയിൽ നാലാം സ്ഥാനത്താണുള്ളത്. മൈക്രോസോഫ്റ്റ് സ്ഥാപകനായ ബിൽ ഗേറ്റ്സിനെ പിന്തള്ളിയാണ് കഴിഞ്ഞ ജൂലൈയോടെ അദാനിയുടെ നാലാം സ്ഥാനത്തെത്തിയത്. 115 ബില്യൺ ഡോളറാണ് അദാനിയുടെ ആസ്തി. ബിൽ ഗേറ്റ്സിന്റെ ആസ്തി 104.2 ബില്യൺ ഡോളറാണ്. ഗേറ്റ്സിനെക്കാൾ 11 ബില്യൺ കൂടുതലാണ് അദാനിയുടെ ആസ്തി. അയായത് എൻഡിടിവി ഏറ്റെടുക്കലൊക്കെ അയാൾക്ക് മിഠായി വാങ്ങുന്നതുപോലെയാണ്!
പക്ഷേ അദാനിക്ക് ഓഹരി വിൽക്കുകയോ അതിനുള്ള ചർച്ചകളോ ഒന്നും എൻഡിടിവിയുടെ ആരും നടത്തിയില്ല. പിന്നെന്താണ് സംഭവിച്ചത്. ഡൂൺ സ്കൂളിലും, സ്കോളർഷിപ്പോടെ ഇംഗ്ലണ്ടിലും പഠിച്ച, ഡൽഹി സ്കൂൾ ഓഫ് ഇക്കണോമിക്സിൽ നിന്ന് പിഎച്ച്ഡി കരസ്ഥമാക്കിയ ഡോ പ്രണോയ് റോയ്, അദാനിയുടെ മാർവാഡി ബുദ്ധിക്കുമുന്നിൽ അന്തം വിട്ട് നിൽക്കുന്ന കാഴ്ചയാണ് ഇപ്പോഴുള്ളത്.
വളഞ്ഞ വഴിക്ക് കമ്പനി പിടിക്കുന്നു
അഴകിയ രാവണൻ സിനിമയിൽ മമ്മൂട്ടിയുടെ മുംബൈക്കാരൻ ഡോൺ പറയുന്ന തന്ത്രമില്ലേ. ഒരു സ്ഥലം വേണമെങ്കിൽ അതിന്റെ നാലുപാടും മേടിച്ച് ഉടമയെ സമ്മർദ്ദത്തിലാക്കുന്ന ആ പഴയ നമ്പറിന്റെ കോർപ്പറേറ്റ് രൂപം തന്നെയാണ് സത്യത്തിൽ അദാനി പയറ്റുന്നത്. നമ്മുടെ നാട്ടിൽ മാർക്സിസ്റ്റുകാരൊക്കെ, സാധാരണ സഹകരണ ബാങ്ക് പിടിച്ചെടുക്കാൻ നടത്തുന്ന ടെക്ക്നിക്ക് തന്നെ. പതുക്കെ പതുക്കെ തങ്ങളുടെ ആളുകളെ അംഗങ്ങളാക്കി കയറ്റിവിടുക. നിലവിലുള്ള അംഗങ്ങളെ സ്വാധീനിച്ച് വശത്താക്കുക. ആ തന്ത്രത്തിന്റെ വേറൊരു രൂപമാണ് ഇവിടെയും. റോയ് ദമ്പതികൾ ഒരിക്കലും അദാനിക്ക് ഓഹരി കൊടുക്കില്ല. അപ്പോൾ മറ്റൊരു കമ്പനിയിലുടെയുള്ള മേടിക്കലാണ് നടന്നത്.
റോയ് ദമ്പതികളുടെ നിയന്ത്രണത്തിലുള്ള, ആർആർപിആർ ഹോൾഡിങ്ങ് പ്രൈവറ്റ് ലിമിറ്റഡ് എൻഡിടിവിയുടെ 29.18 ശതമാനം ഓഹരികൾ കൈയിലുള്ള പ്രമോട്ടർ കമ്പനിയാണ്. ഇവരെയാണ് പതുക്കെ പതുക്കെ അദാനി വിഴുങ്ങിയത്. 2009ൽ എൻഡിടിവി വല്ലാതെ സാമ്പത്തിക ബുദ്ധിമുട്ടിലേക്ക് പോയപ്പോൾ, ആർആർപിആർ വഴി വായ്പ്പക്ക് പോയതാണ് ഇപ്പോൾ പ്രണോയ് റോയ്ക്ക് തിരിച്ചടിയായത്. വിസിപിഎൽ എന്ന വിശ്വപ്രധാൻ കൊമേഴ്സ്യൽ പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയിൽനിന്നാണ് ആർആർപിആർ 403.85 കോടി രൂപ വായ്പ്പയെടുത്തത്.
ഡിബെഞ്ചറുകൾ എന്ന കടം സബ്സ്ക്രൈബ് ചെയ്യുമ്പോൾ കടം കൊടുക്കുന്ന കമ്പനികൾ പലപ്പോഴും ചില കണ്ടീഷനുകൾ വെക്കാറുണ്ട്. തങ്ങൾ ആവശ്യപെട്ടാൽ ഈ ഡിബഞ്ചറുകൾക്ക് പകരം, കടം എടുക്കുന്ന കമ്പനിയുടെ ഷെയർ ആയി മാറ്റുന്നതാണ് അതിൽ ഒന്ന്. കടം കൊടുക്കുന്നവർ, കമ്പനി നന്നായി നടക്കുന്നുവെങ്കിൽ കടത്തെ ഷെയർ ആക്കി മാറ്റും, അല്ലെങ്കിൽ തുക തിരിച്ചുവാങ്ങി പോകും. അതവരുടെ തീരുമാനം. ഇപ്പോൾ വിസിപിഎൽ എന്ന കടം കൊടുത്ത കമ്പനി, അത് ഷെയർ ആക്കി മാറ്റണം എന്ന് ആർആർപിആറിനോട് ആവശ്യപ്പെട്ടിരിക്കുന്നു. എന്നുവച്ചാൽ ആർആർപിആർ എന്ന കമ്പനിയുടെ 99 ശതമാനം ഷെയറുകളും ഇനി വിസിപിഎല്ലിന്റെത് ആകും. ഈ വിസിപിഎൽ എന്നത് അദാനിയുടെ കമ്പനിയാണെന്നത് എൻഡിടിവി ഉടമകൾ അറിഞ്ഞിരുന്നില്ല. അദാനിയുടെ എഎംജി നെറ്റ് വർക്ക് എന്ന മീഡിയാ ഗ്രൂപ്പ്, തങ്ങളുടെ അനുബന്ധ സ്ഥാപനമായ വിസിപിഎല്ലിൽനിന്ന് എൻഡിടിവിയുടെ ഓഹരികൾ വാങ്ങിയെന്ന് അറിയിച്ചതോടെയാണ് ലോകവും ഇക്കാര്യം അറിഞ്ഞത്. അങ്ങനെ ആളറിയാതെ വായ്പ്പകൊടുത്ത് അദാനി എൻഡിടിവിയിൽ കയറിപ്പറ്റിയെന്ന് ചുരുക്കം.
വിശ്വപ്രധാൻ കൊമേഴ്സ്യൽ പ്രൈവറ്റ് ലിമിറ്റഡ് എന്നത് കഴിഞ്ഞ 14 വർഷമായി പറയത്തക്ക ആക്റ്റിവിറ്റികൾ ഒന്നുമില്ലാത്തത ഒരു കമ്പനിയാണ്. ഒരു ടിപ്പിക്കൽ ഷെൽ കമ്പനി എന്നു പറയാം. ഇതിന്റെ പിറകിൽ അദാനിയാണെന്ന് റോയ് ദമ്പതികൾ ഒരിക്കലും അറിഞ്ഞിരുന്നില്ല. അവർ റിലയൻസാണ് വിസിപിഎല്ലിന് ഫണ്ട് നൽകുന്നത് എന്നാണ് കരുതിയിരുന്നത്. ആർആർപിആറിന് വിസിപിഎൽ നൽകിയ പണം റിലയൻസിന്റെ പൂർണ ഉടമസ്ഥതയിലുള്ള ഷിനാനോ റീട്ടെയിൽ വഴിയാണ്. പിന്നെ അത് എങ്ങനെ കറങ്ങിത്തിരിഞ്ഞ് അദാനിയുടെ കൈയിൽ എത്തി എന്നത് ദുരൂഹമാണ്.
ഇപ്പോൾ വിസിപിഎല്ലിനെ, എഎംജി മീഡിയ നെറ്റ്വർക്ക്സ് ലിമിറ്റഡിന്റെ പൂർണ ഉടമസ്ഥതയിലുള്ള ഉപസ്ഥാപനമാക്കി മാറ്റിയിരിക്കയാണ്. 113,74,61,990 രൂപയുടെ ഓൾ-ക്യാഷ് ഡീലിൽ വിസിപിഎൽ വാങ്ങിയതായി അദാനി എന്റർപ്രൈസസ് പ്രഖ്യാപിച്ചു. ഇത് സറ്റോക്ക് മാർക്കറ്റ് ഫയലിങ്ങുകളിലും സൂചിപ്പിക്കുന്നുണ്ട്. ആർആർപിആർ ഹോൾഡിങ് പ്രൈവറ്റ് ലിമിറ്റഡിന്റെ നിയന്ത്രണം തങ്ങൾ ഏറ്റെടുത്തതെന്ന് കാണിച്ച് വിശ്വപ്രധാൻ കൊമേഴ്സ്യൽ പ്രൈവറ്റ് ലിമിറ്റഡ് നോട്ടീസ് അയച്ചിട്ടുണ്ട്. അപ്പോഴാണ് പ്രണോയിയും രാധികയും വിവരം അറിഞ്ഞത്.
റോയ് ദമ്പതികൾ തെറിക്കുമോ?
29.18 ശതമാനം ഓഹരികൾ സ്വന്തമാക്കിയതോടെ എൻഡിടിവിയെ ഏറ്റവും വലിയ ഒറ്റ ഓഹരി ഉടമയായി അദാനി മാറിയിരിക്കയാണ്. രാധിക റോയിക്ക് 16.32 ശതമാനവും പ്രണോയ്ക്ക് 15.94 ശതമാനവും വ്യക്തിഗതമായി ഓഹരിയുണ്ട്. രണ്ടു ചേർത്ത് 31 ശതമാനം വരും.
ഇനിയാണ് കളിയുടെ അടുത്ത ഘട്ടം. ഇവിടെ സെബി അല്ലെങ്കിൽ ക്യാപിറ്റൽ മാർക്കറ്റ് നിയമങ്ങൾ പ്രാബല്യത്തിൽ വരുന്നു. സ്റ്റോക്ക് എക്സ്ചേഞ്ചിൽ ലിസ്റ്റ് ചെയ്യപ്പെട്ടിട്ടുള്ള ഏതെങ്കിലും ഒരു കമ്പനിയുടെ ഷെയർ ആരെങ്കിലും വാങ്ങി കൂട്ടിയാൽ, അത് ആ കമ്പനിയുടെ ആകെ ഷെയറിന്റെ 25 ശതമാനം എത്തിയാൽ, വാങ്ങിയവർക്ക് മാർക്കറ്റിൽ ഓപ്പൺ ഓഫർ വെച്ചുകൊണ്ട് മാത്രമേ ഇനി വാങ്ങാൻ അനുവാദമുള്ളൂ. ആ ഓഫർ ആണ് ഇപ്പോൾ അദാനി വെച്ചിരിക്കുന്ന 294രൂപയുടെ ഷെയർ. അതായത് മാർക്കറ്റിൽ നിന്ന് അദാനിക്ക് വേണമെങ്കിൽ ഇനിയും ഷെയറുകൾ വാങ്ങിക്കൂട്ടാം. 294 രൂപക്ക് വിൽക്കാൻ തയാറുള്ളവർക്കൊക്കെ വിൽക്കാം. ഇന്നത്തെ എൻഡിടിവിയുടെ മാർക്കറ്റ് വില 388 രൂപയാണെന്ന് ഓർക്കണം.
അദാനിയുടെ ഓപ്പൺ ഓഫർ അർത്ഥമാക്കുന്നത്, പ്രൊമോട്ടർ ഗ്രൂപ്പിന് പുറത്തുള്ള ഏതൊരു എൻഡിടിവി ഷെയർഹോൾഡർക്കും അവരുടെ ഓഹരികൾ അദ്ദേഹത്തിന് വിൽക്കാൻ കഴിയും എന്നാണ്. എൻഡിടിവിയുടെ ഓഹരിയുടമകളിൽ 29,691 വ്യക്തികളും, 947 സ്ഥാപനങ്ങളും ഉൾപ്പെടുന്നു. 23.85 ശതമാനമാനം ഓഹരികളാണ് ഇങ്ങനെ പബ്ലിക്കിന്റെ കൈയിലുള്ളത്. 29.18 ശതമാനം ഓഹരികൾ ഇപ്പോൾ നഷ്ടമായെങ്കിലും, പൊതു ഓഹരി ഉടമകളിൽ നിന്ന് അദാനിയെക്കാൾ കൂടുതൽ ഓഹരികൾ വാങ്ങാൻ കഴിഞ്ഞാൽ റോയ് ദമ്പതികൾക്ക് ഈ ഏറ്റെടുക്കൽ തടയാൻ കഴിയും. ചുരുക്കിപ്പറഞ്ഞാൽ എൻഡിടിവിയുടെ ഓഹരികൾ കൈയിലുള്ളവർക്ക്, പൊതുവേ നല്ല കാലമാണ്. പ്രണോയ് റോയ് ടീമും അദാനിയും മത്സരിച്ച് ഓഹരി വാങ്ങുന്നതുകൊണ്ട് വരും ദിനങ്ങളിൽ വില കുത്തനെ കൂടാൻ ഇടയാക്കും.
ഇവിടെയാണ് അടുത്ത ഗെയിം തുടങ്ങുന്നത്. എൻഡിടിവിയിൽ ഷെയർ ഉള്ള രണ്ടു മൗറീഷ്യസ് ബേസ്ഡ് കമ്പനികൾ അദാനിക്ക് ഒപ്പമാണ്. ഒന്ന് എൽടിഎസ് ഇൻവെസ്റ്റ് മെന്റ് ഫണ്ട്. അവർക്ക് എൻഡിടിവിയിൽ 9.75 ശതമാനം ഷെയർ ഉണ്ട്. രണ്ട്, വികാസ് ഇന്ത്യ ഇഐഎഫ്ഐ ഫണ്ട്. ഈ കമ്പനി 4.42 ശതമാനം ഷെയർ ഉടമകളാണ്. ഈ രണ്ടുകമ്പനികളും ഇപ്പോൾ തന്നെ അദാനിയുടെ കമ്പനികളിൽ ഷെയർ ഉടമകളാണ്.
അതായത് വിസിപിഎൽ വഴി കിട്ടുന്ന 29 ശതമാനം ഷെയറും, മൗറീഷ്യൻ കമ്പനികളായ ടിഎസ് ഇൻവെസ്റ്റ് മെന്റ് ഫണ്ട് എന്ന കമ്പനിയുടെ 9.75 ശതമാനം ഷെയറും, വികാസ് ഇന്ത്യ ഇഐഎഫ്ഐ ഫണ്ടിന്റെ 4.42 ശതമാനം ഷെയറും കൂട്ടിയാൽ 43 .17 ശതമാനം ഷെയർ അദാനിയുടെ നിയന്ത്രണത്തിൽ ഇപ്പോൾ തന്നെ ആയി! ഓപ്പൺ ഓഫർ 26 ശതമാനമാണ്. ഇനി ഓർപ്പൻ മാർക്കറ്റിൽനിന്ന് വെറും 8 ശതമാനം കൂടി കിട്ടിയാൽ കമ്പനിയുടെ നിയന്ത്രണം റോയ്് ദമ്പതികളിൽ നിന്ന് പോവും. നിലവിലെ സാഹചര്യത്തിൽ അദാനിക്ക് അത് നിഷ്പ്രയാസം സാധിക്കാവുന്നതേയുള്ളൂ. അതോടെ എൻഡിടിവിയിൽനിന്ന് അതിന്റെ സ്ഥാപകർ ആയ റോയ് ദമ്പതികൾ പടിയിറങ്ങേണ്ടി വരുമെന്ന്, പ്രമുഖ മാധ്യമമായ ന്യൂഡ് ലോൺഡ്രി റിപ്പോർട്ട് ചെയ്യുന്നു.
നിലപാട് മാറ്റില്ലെന്ന് എൻഡിടിവി
അതിനിടെ അദാനി ഗ്രൂപ്പിനെതിരെ എൻഡിടിവിയും പരസ്യമായി രംഗത്തെത്തിയിട്ടുണ്ട്. എൻഡിടിവി സ്ഥാപക പ്രമോർട്ടർമാരായ രാധികയുമായോ, പ്രണോയ് റോയിയുമായോ യാതൊരു ചർച്ചയും ഇത് സംബന്ധിച്ച് നടന്നിട്ടില്ലെന്ന് അവർ വാർത്താകുറിപ്പിൽ വ്യക്തമാക്കി. സ്ഥാപകരുടെ ഷെയർ ഹോൾഡിംഗിൽ മാറ്റമില്ലെന്ന് ഇന്നലെ തന്നെ എൻഡിടിവി സ്റ്റോക്ക് എക്സ്ചേഞ്ചുകളെ അറിയിച്ചിരുന്നു. തങ്ങളുടെ പത്രപ്രവർത്തനം വിട്ടുവീഴ്ചയില്ലാതെ നടത്തുമെന്നും, മാധ്യമമേഖലയിൽ അഭിമാനത്തോടെ തുടരുമെന്നും എൻഡിടിവി അധികൃതർ കൂട്ടിച്ചേർത്തു. അതിനിടെ തങ്ങൾ അറിയാതെയുള്ള ഏറ്റെടുക്കലിലെ നിയമവിരുദ്ധതയും ഗുഢാലോചനയും ചൂണ്ടിക്കാട്ടി എൻഡിടിവി കോടതിയെ സമീപിക്കുമെന്ന് റിപ്പോർട്ടുണ്ട്.
എന്നാൽ അദാനി മീഡിയാഗ്രൂപ്പും പത്രക്കുറിപ്പുമായി രംഗത്തെത്തി. പുതിയ യുഗത്തിൽ മാധ്യമങ്ങളുടെ പുതിയ വഴി ഒരുക്കുകയാണ് ഈ ഏറ്റെടുക്കലിലൂടെ നടക്കുന്നതെന്നും ഇത് ഒരു സുപ്രധാന നാഴികക്കല്ലാണെന്നും എഎംജി മീഡിയ നെറ്റ്വർക്കിന്റെ സിഇഒ സഞ്ജയ് പുഗാലിയ പറഞ്ഞു.''ഇന്ത്യൻ പൗരന്മാരെയും ഉപഭോക്താക്കളെയും ഇന്ത്യയിൽ താൽപ്പര്യമുള്ളവരെയും വിവരങ്ങളും അറിവും ഉപയോഗിച്ച് ശാക്തീകരിക്കാൻ എഎംഎൻഎൽ ശ്രമിക്കുന്നു. എൻഡിടിവി ഞങ്ങളുടെ കാഴ്ചപ്പാടിൽ എത്തിക്കുന്നതിന് ഏറ്റവും അനുയോജ്യമായ പ്രക്ഷേപണവും ഡിജിറ്റൽ പ്ലാറ്റ്ഫോമാണ്. വാർത്താ വിതരണത്തിൽ എൻഡിടിവിയുടെ നേതൃത്വം ശക്തിപ്പെടുത്താൻ ഞങ്ങൾ ആഗ്രഹിക്കുന്നു, ''-പുഗാലിയ കൂട്ടിച്ചേർത്തു.
കഴിഞ്ഞ ഏതാനും മാസങ്ങൾക്കുള്ളിൽ എഎംജി മീഡിയ നെറ്റ്വർക്ക്, മാധ്യമ മേഖലയിൽ നടത്തുന്ന രണ്ടാമത്തെ പ്രധാന നിക്ഷേപമാണിത്. മേയിൽ, രാഘവ് ബഹലിന്റെ ക്വിന്റ് ഡിജിറ്റലിന്റെ 49 ശതമാനം ഓഹരികൾ, അദാനി സ്വന്തമാക്കിയരുന്നു. ഇതിന് കൊടുത്ത തുക എത്രയാണെന്ന് വെളിപ്പെടുത്തിയിട്ടില്ല. നിലവിൽ ഒരു മാധ്യമ വ്യവസായം നടത്തി ജീവികേണ്ട ഗതികേട് ഒന്നും ഗൗതം അദാനിക്ക് ഇല്ല. പക്ഷേ എന്തിനാണ് അദ്ദേഹം ഇങ്ങനെ ചെയ്യുന്നത് എന്ന് ചോദിച്ചാൽ, മോദിയുടെ വിമർശകരുടെ നാവടക്കാൻ വേണ്ടി തന്നെയാണ് എന്നാണ് മാധ്യമ വിശകലന വിദഗ്ദ്ധർ പറയുന്നത്.
സ്വതന്ത്ര മാധ്യമ പ്രവർത്തനത്തിന്റെ അന്ത്യം
എൻഡിടിവിയുടെ അദാനിയുടെ ഉടമസ്ഥത ടിവി വാർത്താ രംഗത്ത് ഭൂകമ്പ സമാനമായ മാറ്റത്തിനാണ് ഇടയാക്കുക എന്നും ന്യൗസ് ലോൺഡ്രി വിലയിരുത്തുന്നു. റിപ്പബ്ലിക് ടിവി, ടൈംസ് നൗ, ഇന്ത്യാ ടുഡേ എന്നിവയൊക്കെ ഇപ്പോൾ സർക്കാർ പക്ഷത്താണ്. സർക്കാരിനെ വിമർശിക്കുന്ന ഏതാനും സ്വതന്ത്ര മാധ്യമ പ്ലാറ്റ്ഫോമുകളിലൊന്നായാണ് എൻഡിടിവിയെ കാണുന്നത്. നരേന്ദ്ര മോദിയുടെ അടുത്ത സഹകാരിയിലേക്കുള്ള ഉടമസ്ഥാവകാശം എൻഡിടിവിയുടെ നിഷപക്ഷ നിലപാടിനെ ബാധിക്കുമെന്ന് ഉറപ്പാണ്. മാത്രമല്ല പ്രണോയ് റോയുടെ ഭാര്യ രാധിക, സിപിഎം നേതാവ് ബൃന്ദകാരാട്ടിന്റെ സഹോദരിയായതുകൊണ്ടുതന്നെ ഒരു ഇടതുപക്ഷ ചാനൽ എന്നാണ് സംഘപരിവാർ വൃത്തങ്ങൾ എൻഡിടിവിയെ വിശേഷിപ്പിക്കാറുള്ളത്. പക്ഷേ ഇതിൽ കഥയൊന്നുമില്ല എന്നാണ് വാസ്തവം. പിണറായി സർക്കാറിനെ പ്രതിക്കൂട്ടിൽ നിർത്തുന്ന നിരവധി വാർത്തകൾ എൻഡിടിവിയിൽ കാണാം. നേരത്തെ ബംഗാളിലെ മാർക്സിസ്റ്റ് ഫാസിസത്തിനെതിരെയും അവർ നിരന്തരം വാർത്തകൾ ചെയ്തിരുന്നു.
ഗൗതം അദാനിക്കും എൻഡിടിവിയോടെ വ്യക്തിപരമായി പ്രശ്നം ഉണ്ട്. മോദിയുടെ ഭരണത്തിലെ അദാനിയുടെ വളർച്ചയടക്കമുള്ള കാര്യങ്ങൾ നിരന്തരമായി റിപ്പോർട്ട് ചെയ്യുന്ന മാധ്യമമാണ് ഇത്. ശ്രീലങ്കയിൽ അദാനി വഴിവിട്ട് കരാർ നേടിയെടുത്തതിനെ തൊട്ട് നമ്മുടെ വിഴിഞ്ഞം തുറമുഖംവരെ അവർ വാർത്തയാക്കുന്നുണ്ട്. എറ്റവും ഒടുവിലായി ഗൗതം അദാനിയുടെ വ്യവസായ സാമ്രാജ്യം വല്ലാതെ ഊതിവീർപ്പിച്ചതാണെന്ന് വായ്പ നിരീക്ഷണ ഏജൻസിയായ ക്രെഡിറ്റ് സൈറ്റ്സ് റിപ്പോർട്ട് ചെയ്തതും, വലിയ പ്രധാന്യത്തോടെ എൻഡിടിവി വാർത്തയാക്കി. ഒന്നിനു പിറകെ ഒന്നായി വിവിധ മേഖലകളിലേക്ക് അതിവേഗം അദാനി പടർന്നുകയറുന്നതിനിടയിലാണ്, അദാനി സ്ഥാപനങ്ങളുടെ ഭദ്രതയെക്കുറിച്ച ആശങ്ക പങ്കുവെക്കപ്പെട്ടത്.
ക്രെഡിറ്റ് സൈറ്റ്സ് റിപ്പോർട്ട് ഇങ്ങനെ പറയുന്നു. -''വിവിധ വ്യവസായ മേഖലകളിൽ ആധിപത്യം സ്ഥാപിക്കാൻ കാണിക്കുന്ന, അദാനി ഗ്രൂപ്പിന്റെ തിടുക്കം വലിയൊരു കടക്കെണിയിലേക്കോ വായ്പ കുടിശ്ശിക വരുത്തുന്നതിലേക്കോ എത്തിയെന്നു വരാം. ഭരണകൂടപിന്തുണയും അതിനൊത്ത് ലഭിക്കുന്ന ബാങ്ക് വായ്പകളുമാണ് അദാനിക്ക് പുതിയ നിക്ഷേപപദ്ധതികൾ പ്രഖ്യാപിക്കാൻ സഹായകമാവുന്നത്. എന്നാൽ, അതിനൊത്ത സൂക്ഷ്മമായ മൂലധനസമാഹരണവും ധനവിനിയോഗവും ഇല്ല.തുറമുഖം, വിമാനത്താവളം, ഖനികൾ, വൈദ്യുതി, അടിസ്ഥാനസൗകര്യ വികസനം, സിമന്റ് ഉൽപാദനം, വാതക മേഖല, ഡേറ്റ സെന്ററുകൾ എന്നിങ്ങനെ കൂടുതൽ മേഖലകളിലേക്ക് സാമ്രാജ്യം വളർത്തുകയാണ് അദാനി. പ്രഖ്യാപിക്കുന്ന പദ്ധതികൾക്കൊത്ത സുരക്ഷിത ആസ്തി അദാനിക്കില്ല.കമ്പനികളുടെ പ്രമോട്ടർ എന്ന നിലയിൽ അദാനിയുടെ ഭാഗത്തുനിന്ന് മതിയായ മൂലധനനിക്ഷേപത്തിന് തെളിവുകളില്ല. പരസ്പര ബന്ധമില്ലാത്തതും വലിയ മൂലധന നിക്ഷേപം വേണ്ടിവരുന്നതുമായ വ്യവസായങ്ങൾ തുടങ്ങുന്നു. വിപണി മേധാവിത്വത്തിനുവേണ്ടിയുള്ള മത്സരം, സൂക്ഷ്മതയില്ലാത്ത സാമ്പത്തിക തീരുമാനങ്ങൾക്ക് പ്രേരിപ്പിക്കുന്നു.''- ഇങ്ങനെയാണ് ക്രെഡിറ്റ് സൈറ്റ്സിന്റെ വിലയിരുത്തൽ. ഈ റിപ്പോർട്ട് പുറത്തുവന്നതിനു പിന്നാലെ ഓഹരി വിപണിയിൽ ലിസ്റ്റ് ചെയ്ത അദാനി കമ്പനികളുടെ ഓഹരിവില ചൊവ്വാഴ്ച ഏഴു ശതമാനം വരെ ഇടിഞ്ഞു.
ഈ ഘട്ടത്തിലാണ് അദാനി, മോദിക്കുവേണ്ടിയുള്ള സർജിക്കൽ സ്ട്രൈക്കുമായി മാധ്യമ മേഖലയിലേക്ക് കടക്കുന്നത്. 'ഗൗതം അദാനി: ദ് മാൻ ഹു ചേഞ്ച്ഡ് ഇന്ത്യ' എന്നതാണ് അദ്ദേഹത്തിന്റെ ആത്മകഥയുടെ പേര്. താൻ ആഗ്രഹിച്ചതെല്ലാം നേടിയെടുത്ത ഒരു കഠിനാധ്വാനിയായ സംരഭകൻ എന്നാണ് അതിൽ അദാനിയെ വിശേഷിപ്പിക്കുന്നത്. പ്രധാനമന്ത്രി മോദിയുമായി അടുത്ത സൗഹൃദം പുലർത്തുന്നതുകൊണ്ടുതന്നെ അദാനി ഒരു മേഖലയിലേക്ക് കടന്നുവന്നാൽ ആ രംഗം പൂർണ്ണമായും അയാളുടെ കൈകളിൽ ആവുന്ന കാഴ്ചയാണ് കാണാറുള്ളത്. മാധ്യമ മേഖലയിലെ അദാനിയുടെ കടുന്നുവരവും അതുപോലെ ആവുമോ എന്ന ഭീതിയും നമ്മുടെ ദേശീയ മാധ്യമങ്ങൾക്ക് വരെയുണ്ട്.
വാൽക്കഷ്ണം: ഇത്തരം കോർപ്പറേറ്റ് വിഴുങ്ങലുകൾ നമുക്ക് പുതുമയുള്ളതാണെങ്കിലും വിദേശരാജ്യങ്ങളിൽ അങ്ങനെയല്ല. സഹായിക്കാനെത്തി ദീപിക പത്രത്തിന്റെ മുതലാളിയായ ഫാരീസ് അബൂബക്കിന്റെ കഥയേ നമുക്ക് അറിയൂ. ഇലോൺ മസ്ക്കിന്റെ ട്വിറ്റർ ഏറ്റെടുക്കാനുള്ള ശ്രമവും പിന്മാറലും പിന്നീട് ഇപ്പോൾ നടക്കുന്ന നിയമ യുദ്ധങ്ങളും ഉദാഹരണം. റൂപെർട്ട് മർഡോക്ക് എന്ന ധനാഢ്യൻ ബ്രിട്ടീഷ് സ്കൈ ബ്രോഡ് കാസ്റ്റിങ്ങിനെ പിടിച്ചെടുത്ത് ഒരു സുപ്രഭാതത്തിലാണ്. എന്തിന് 'ആപ്പിളിന്റെ' സ്ഥാപകൻ സാക്ഷാൽ സ്റ്റീവ് ജോബ്സിന് അദ്ദേഹം തുടങ്ങിയ കമ്പനി നഷ്ടമായിട്ടുണ്ട്. പക്ഷേ ജോബ്സ് 'എന്റെ തലച്ചോറാണ് എന്റെ കമ്പനി' എന്ന് പ്രഖ്യാപിച്ച് പുതിയത് തുടങ്ങി. അത് വളർന്നു. പ്രണോയ് റോയിക്കും അത് സ്വീകരിക്കാവുന്നതേയുള്ളൂ.
വിവരങ്ങൾക്ക് കടപ്പാട്- ലേഖനങ്ങൾ വാർത്തകൾ- ന്യൂസ് ലോൻഡ്രി, എക്കണോമിക്ക് ടൈംസ്
അരുൺ ജയകുമാർ മറുനാടൻ മലയാളി തിരുവനന്തപുരം റിപ്പോർട്ടർ