ന്നുകാലിക്കടത്ത് അഴിമതി തൊട്ട് കല്‍ക്കരിവരെ. റേഷനില്‍ അഴിമതി വെറും 10,000 കോടി രൂപ. നിയമന അഴിമതി നടന്നതായി കണ്ടെത്തിയതിനെത്തുടര്‍ന്ന് ഏകദേശം 25,000-ത്തോളം അധ്യാപകരെയാണ് കോടതി ഇടപെട്ട് പരിച്ച് വിട്ടത്. 2,500 കോടിയുടെ ശാരദാ ചിട്ടിതട്ടിപ്പും, 17,000 കോടിയുടെ റോസ് വാലി തട്ടിപ്പും വേറെയുണ്ട്. ക്രമസമാധാന നിലയും താറുമാറായി. വീട്നിര്‍മ്മാണത്തിനുള്ള സര്‍ക്കാര്‍ സഹായത്തിന് തൊട്ട് പെന്‍ഷന്‍ വരെ അനുവദിച്ചാല്‍ അതിന്റെ ഒരു ഭാഗം പാര്‍ട്ടിക്കാര്‍ കട്ട്മണിയായി കൊണ്ടുപോവും. നിര്‍മ്മാണത്തിലെ അഴിമതിമൂലം കെട്ടിടങ്ങള്‍ നിന്ന നില്‍പ്പില്‍ നിലം പൊത്തുകയാണ്!

33 വര്‍ഷത്തെ ഇടതുഭരണത്തിന് അന്ത്യം കുറിച്ച്, മമതാബാനര്‍ജി മുഖ്യമന്ത്രിയായ പശ്ചിമ ബംഗാളിലെ വിശേഷങ്ങളാണിത്. തൂണിലും തുരുമ്പിലും അഴിമതിയാണ്. ദാരിദ്ര്യവും കഷ്ടപ്പാടും കാരണം ബംഗാളികള്‍ കൂട്ടത്തോടെ കേരളത്തിലേക്കും മറ്റ് സംസ്ഥാനങ്ങളിലേക്കും ഒഴുകുന്നു. ഒരുകാലത്ത് നമ്മുടെ നാട്ടില്‍ പണിക്ക് വന്നിരുന്ന തമിഴന്‍മാര്‍ ജയലളിത കാലത്തിനുശേഷം ഇങ്ങോട്ട് എത്താറില്ല. പക്ഷേ അതുപോലെ സ്വന്തം നാട്ടുകാരെ തൊഴില്‍ കൊടുത്ത് പിടിച്ച് നിര്‍ത്തിക്കാന്‍ മമതക്ക് കഴിയുന്നില്ല.

എന്നിട്ടും അവര്‍ തുടര്‍ച്ചയായി ജയിക്കയാണ്. 15 വര്‍ഷത്തെ തുടര്‍ ഭരണത്തിന്റെ വിരുദ്ധ വികാരമൊന്നും, ഏപ്രില്‍ 23, 29 തീയതികളില്‍ നടക്കുന്ന ബംഗാള്‍ തിരഞ്ഞെടുപ്പില്‍ ദീദിയെ ബാധിക്കില്ലെന്ന് വിവിധ സര്‍വേകള്‍ പറയുന്നു. വോട്ട് വൈബ് സിഎന്‍എന്‍ ന്യൂസ് സര്‍വേയില്‍, ആകെയുള്ള 294 സീറ്റില്‍ 184 മുതല്‍ 194 സീറ്റുകള്‍ വരെ നേടി മമത അധികാരം നിലനിര്‍ത്തുമെന്ന് പ്രവചിക്കുന്നു. ബിജെപി, 98 മുതല്‍ 108 സീറ്റുകള്‍ വരെ നേടും. കോണ്‍ഗ്രസ്-ഇടത് സഖ്യം ഉള്‍പ്പെടെയുള്ളവര്‍ക്ക് 1 മുതല്‍ 3 സീറ്റുകള്‍ മാത്രമേ ലഭിക്കാന്‍ സാധ്യതയുള്ളൂവെന്നും ഈ സര്‍വേ പറയുന്നു. ഐഎന്‍എസ് മാട്രിസ് സര്‍വേ, 155 മുതല്‍ 170 സീറ്റുകളാണ് ത്രിണമൂലിന് പ്രവചിക്കുന്നത്. ബിജെപി 100 മുതല്‍ 115 സീറ്റുകള്‍ വരെ നേടും. തൃണമൂല്‍ കോണ്‍ഗ്രസിന് ഏകദേശം 41.9% വോട്ട് വിഹിതവും ബി.ജെ.പിക്ക് 34.9% വോട്ട് വിഹിതവുമാണ് മിക്ക സര്‍വേകളും പ്രവചിക്കുന്നത്.

വല്ലാത്ത ഒരു രാഷ്ട്രീയ അത്ഭുതമാണ് മമത. ഇത്രയേറെ അഴിമതികളില്‍ കുളിച്ചിട്ടും എങ്ങനെയാണ് അവര്‍ തുടര്‍ച്ചയായി ജയിക്കുന്നത്!




തൂണിലും തുരുമ്പിലും അഴിമതി

2011-ല്‍ ഇടത് ഭരണത്തിനാണ് അന്ത്യം കുറിച്ച് പശ്ചിമ ബംഗാളിന്റെ ഭരണം പിടിച്ചെടുക്കുമ്പോള്‍ മമത മുന്നോട്ടുവെച്ച മുദ്രാവാക്യം, 'പരിബര്‍ത്തന്‍' അതായത് മാറ്റം എന്നായിരുന്നു. എന്നാല്‍ കഴിഞ്ഞ 15 വര്‍ഷം കൊണ്ട് അവര്‍ക്ക് ബംഗാളിന്റെ മുഖഛായ മാറ്റാന്‍ കാര്യമായി ഒന്നും ചെയ്യാന്‍ കഴിഞ്ഞിട്ടില്ല എന്നതാണ് സത്യം.

അഴിമതിയുടെ പൂക്കാലമായിരുന്നു മമതയുടെ 15 വര്‍ഷത്തെ ഭരണമെന്ന്, ദ ഹിന്ദു അടക്കമുള്ള ദേശീയ മാധ്യമങ്ങള്‍ വിലയിരുത്തുന്നു. 2013-ലെ ശാരദ ചിട്ടിതട്ടിപ്പ് മറക്കാനാവില്ല. ശാരദ ഗ്രൂപ്പ് എന്ന കമ്പനി ഏകദേശം 17 ലക്ഷം നിക്ഷേപകരില്‍ നിന്ന് 2,500 കോടിയിലധികം രൂപ സമാഹരിച്ച് മുങ്ങുകയായിരുന്നു. തൃണമൂല്‍ കോണ്‍ഗ്രസിലെ പല പ്രമുഖ നേതാക്കളും ഈ ഗ്രൂപ്പുമായി അടുത്ത ബന്ധം പുലര്‍ത്തിയിരുന്നു. തൃണമൂല്‍ നേതാക്കളായ കുനാല്‍ ഘോഷ്, മദന്‍ മിത്ര തുടങ്ങിയവര്‍ ഈ കേസില്‍ അറസ്റ്റിലായി. തൃണമൂല്‍ സ്പോണ്‍സേഡ് തട്ടിപ്പ് എന്നാണ് ഇത് അറിയപ്പെടുന്നത്.




സമ്പാദ്യമെല്ലാം നഷ്ടപ്പെട്ട നിക്ഷേപകരും, പണം തിരികെ നല്‍കാന്‍ കഴിയാതെ വന്ന ഏജന്റുമാരും ഉള്‍പ്പെടെ നൂറിലധികം പേര്‍ ശാരദ തട്ടിപ്പുമായി ബന്ധപ്പെട്ട് ആത്മഹത്യ ചെയ്തതായി റിപ്പോര്‍ട്ടുകളുണ്ട്. ഗ്രാമപ്രദേശങ്ങളില്‍ നിക്ഷേപകരില്‍ നിന്ന് പണം പിരിച്ച ഏജന്റുമാര്‍ക്ക് ആളുകളുടെ രോഷം ഭയന്ന് വീടുപേക്ഷിച്ച് ഓടേണ്ടി വന്നു. ആയിരക്കണക്കിന് ഏജന്റുമാരാണ് തങ്ങളുടെ ഗ്രാമങ്ങളില്‍ നിന്ന് നാടുവിട്ടത്. ഇവരില്‍ പലരും പിന്നീട് കൂലിപ്പണിയെടുത്താണ് ജീവിച്ചത്. പാവപ്പെട്ട കര്‍ഷകരും ലോട്ടറി തൊഴിലാളികളും വീട്ടുജോലിക്കാരും തങ്ങളുടെ ആയുഷ്‌കാല സമ്പാദ്യമാണ് ഇതില്‍ നിക്ഷേപിച്ചിരുന്നത്. പശ്ചിമ ബംഗാള്‍ കൂടാതെ ഒഡീഷ, അസം, ത്രിപുര എന്നിവിടങ്ങളിലും ഈ തട്ടിപ്പ് ബാധിച്ചു. ഇരകള്‍ക്ക് നഷ്ടപരിഹാരം നല്‍കാനായി മമത സര്‍ക്കാര്‍ 500 കോടി രൂപയുടെ ഒരു പ്രത്യേക ഫണ്ട് രൂപീകരിച്ചിരുന്നുവെങ്കിലും എല്ലാവര്‍ക്കും പണം തിരികെ ലഭിച്ചിട്ടില്ല.

ശാരദ തട്ടിപ്പിനേക്കാള്‍ വലിയ തുകയുടെ തട്ടിപ്പായിരുന്നു റോസ് വാലി. ഇത്. ഏകദേശം 17,000 കോടി രൂപ നിക്ഷേപകരില്‍ നിന്ന് തട്ടിയെടുത്തതായാണ് സി.ബി.ഐ കണ്ടെത്തല്‍. തൃണമൂല്‍ എം.പിമാരായിരുന്ന താപസ് പാല്‍, സുദീപ് ബന്ദോപാധ്യായ എന്നിവര്‍ ഈ കേസില്‍ അറസ്റ്റിലായി. 2022-ല്‍ പുറത്തുവന്ന വിദ്യാഭ്യാസ നിയമന അഴിമതി കേസ് മമത സര്‍ക്കാരിന് വലിയ തിരിച്ചടിയായി. സര്‍ക്കാര്‍ സ്‌കൂളുകളില്‍ അധ്യാപകരെയും ജീവനക്കാരെയും നിയമിക്കുന്നതില്‍ കോടിക്കണക്കിന് രൂപയുടെ അഴിമതി നടന്നതായാണ് കണ്ടെത്തല്‍. അന്നത്തെ വിദ്യാഭ്യാസ മന്ത്രിയായിരുന്ന പാര്‍ത്ഥ ചാറ്റര്‍ജിയുടെയും അദ്ദേഹത്തിന്റെ അടുത്ത സുഹൃത്ത് അര്‍പ്പിത മുഖര്‍ജിയുടെയും വീടുകളില്‍ നിന്ന് ഇ.ഡി 50 കോടിയിലധികം രൂപ കണ്ടുകെട്ടി. അഴിമതി നടന്നതായി കണ്ടെത്തിയതിനെത്തുടര്‍ന്ന് ഏകദേശം 25,000-ത്തോളം അധ്യാപകരുടെ നിയമനം കല്‍ക്കട്ട ഹൈക്കോടതി റദ്ദാക്കി!

ബംഗാളിലെ റേഷന്‍ വിതരണ അഴിമതിയും ഞെട്ടിക്കുന്നതാണ്. റേഷന്‍ കടകള്‍ വഴി നല്‍കേണ്ട ധാന്യങ്ങള്‍ മറിച്ചുവിറ്റ് കോടികള്‍ തട്ടിയെടുത്തു എന്നണ് കേസ്. ഏകദേശം 10,000 കോടി രൂപയുടെ അഴിമതി നടന്നതായി ഇ.ഡി കോടതിയെ അറിയിച്ചിട്ടുണ്ട്. മുന്‍ ഭക്ഷ്യവകുപ്പ് മന്ത്രി ജ്യോതി പ്രിയ മല്ലിക് ഈ കേസില്‍ അറസ്റ്റിലായി. ഇന്ത്യ-ബംഗ്ലാദേശ് അതിര്‍ത്തി വഴി കന്നുകാലികളെ കടത്തുന്നതിന് സഹായം നല്‍കിയ കേസിലും തൃണമൂലുകാര്‍ പ്രതികളായി. എ മമതയുടെ വിശ്വസ്തനായ അനുബ്രത മൊണ്ടാല്‍ ഈ കേസില്‍ ജയിലിലായി. ഈസ്റ്റേണ്‍ കോള്‍ഫീല്‍ഡ് ലിമിറ്റഡിന്റെ ഖനികളില്‍ നിന്ന് കല്‍ക്കരി അനധികൃതമായി കടത്തി വിറ്റു എന്ന ആരോപണത്തില്‍, മമതയുടെ അനന്തരവന്‍ അഭിഷേക് ബാനര്‍ജിയെ കേന്ദ്ര ഏജന്‍സികള്‍ പലതവണ ചോദ്യം ചെയ്തിട്ടുണ്ട്.



ക്ഷേമപദ്ധതികളുടെ വിതരണത്തില്‍ പ്രാദേശിക തൃണമൂല്‍ നേതാക്കള്‍ കട്ട് മണി എന്ന കമ്മീഷന്‍ വാങ്ങുന്നുണ്ട്. സിപിഎം തുടങ്ങിവെച്ച ഈ പരിപാടി ഇന്നും ബംഗാളില്‍ നിര്‍ബാധം തുടരുകയാണ്. ബംഗാളിന്റെ ക്രമസമാധാന പാലനവും ഭദ്രമല്ല. കഴിഞ്ഞ പഞ്ചായത്ത് തിരഞ്ഞെടുപ്പുകാലത്ത് മാത്രം 40 പേരാണ് കൊല്ലപ്പെട്ടത്. തൃണമൂലിന്റെ ബൈക്ക് ബ്രിഗേഡ് ഓടിനടന്ന് അക്രമം അഴിച്ചുവിടുകയാണ്. എന്നിട്ടും തൃണമുല്‍ ഭരണം വീണ്ടും ബംഗാളില്‍ തുടരുമെന്ന വിലയിരുത്തലിന് പിന്നില്‍ ചില കാര്യങ്ങളുണ്ട്.

സ്ത്രീകള്‍ മമതയുടെ വോട്ട് ബാങ്ക്

ബംഗാളിലെ സ്ത്രീകളാണ് മമത ബാനര്‍ജിയുടെ പ്രധാന വോട്ട് ബാങ്ക്. എല്ലാ സര്‍വേക്കാരും ഇത് അടിവരയിടുന്നു. ബംഗാളില്‍ ശക്തയായ ഒരു വനിതാ നേതാവ് ഉണ്ടെന്നത് സ്ത്രീകളെ തൃണമൂലിലേക്ക് അടുപ്പിക്കുന്ന പ്രധാന ഘടകമാണ്. മുന്‍കാല തിരഞ്ഞെടുപ്പുകളില്‍ തൃണമൂല്‍ കോണ്‍ഗ്രസിന് ലഭിച്ച വോട്ടുകളില്‍ 50 ശതമാനത്തിലധികവും സ്ത്രീകളുടേതായിരുന്നു. 2024-ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ സ്ത്രീ വോട്ടര്‍മാര്‍ പുരുഷന്മാരേക്കാള്‍ കൂടുതല്‍ വോട്ട് രേഖപ്പെടുത്തിയ 25 മണ്ഡലങ്ങളില്‍ 15 എണ്ണത്തിലും തൃണമൂല്‍ ആണ് വിജയിച്ചത്. ലക്ഷ്മിര്‍ ഭണ്ഡാര്‍, കന്യാശ്രീ, തുടങ്ങിയ സ്ത്രീ കേന്ദ്രീകൃത പദ്ധതികള്‍ മമതയ്ക്ക് വലിയ പിന്തുണ നേടിക്കൊടുത്തു.

ജനറല്‍ വിഭാഗത്തിലുള്ള സ്ത്രീകള്‍ക്ക് പ്രതിമാസം 1,000 രൂപയും, പട്ടികജാതി പട്ടികവര്‍ഗ്ഗ വിഭാഗത്തിലുള്ള സ്ത്രീകള്‍ക്ക് പ്രതിമാസം 1,200 രൂപയും നേരിട്ട് ബാങ്ക് അക്കൗണ്ടിലേക്ക് നല്‍കുയാണ്, ലക്ഷ്മിര്‍ ഭണ്ഡാര്‍ പദ്ധതിയിലുടെ ചെയ്യുന്നത്. 25-നും 60-നും ഇടയില്‍ പ്രായമുള്ള സ്ത്രീകള്‍ക്കാണ് ഈ ആനുകൂല്യം ലഭിക്കുക. സര്‍ക്കാര്‍ ജോലി ഇല്ലാത്തവരും സ്ഥിരമായ പെന്‍ഷന്‍ ലഭിക്കാത്തവരുമായ കുടുംബനാഥകള്‍ക്ക് ഇതിനായി അപേക്ഷിക്കാം.ഏകദേശം രണ്ട് കോടിയിലധികം സ്ത്രീകള്‍ ഈ പദ്ധതിയുടെ ഗുണഭോക്താക്കളാണ്. റേഷന്‍ സാധനങ്ങള്‍ ഗുണഭോക്താക്കളുടെ വീട്ടുപടിക്കല്‍ നേരിട്ട് എത്തിച്ചു നല്‍കുന്ന ദുവാര്‍ റേഷന്‍ പദ്ധതിയും വലിയ തോതില്‍ വീട്ടമ്മാമാരെ ആകര്‍ഷിക്കുന്നു. ( കേരളത്തില്‍ പെന്‍ഷനാണ് വീട്ടിലെത്തിക്കുന്നത്.) ഉപരിപഠനത്തിനായി വിദ്യാര്‍ത്ഥികള്‍ക്ക് വളരെ കുറഞ്ഞ പലിശ നിരക്കില്‍ 10 ലക്ഷം രൂപ വരെ വായ്പ നല്‍കുന്ന പദ്ധതിയാണ് സുറ്റഡന്റ് ക്രെഡിറ്റ് കാര്‍ഡും മമതയുടെ ജനപ്രിയ പദ്ധതിയാണ്.

പെണ്‍കുട്ടികളുടെ വിദ്യാഭ്യാസം പ്രോത്സാഹിപ്പിക്കാനും ബാലവിവാഹം തടയാനുമുള്ള പദ്ധതിയാണ് കന്യാശ്രീ പ്രകല്പ. സ്‌കൂളില്‍ പഠിക്കുന്ന പെണ്‍കുട്ടികള്‍ക്ക് വാര്‍ഷിക ഗ്രാന്റും 18 വയസ്സ് തികയുമ്പോള്‍ ഒറ്റത്തവണയായി 25,000 രൂപയും ലഭിക്കുന്നു. കുടുംബത്തിന് പ്രതിവര്‍ഷം 5 ലക്ഷം രൂപ വരെയുള്ള സൗജന്യ ചികിത്സാ ഇന്‍ഷുറന്‍സ് നല്‍കുന്ന പദ്ധതിയാണ് സ്വാസ്ത്യ സാഥി. കുടുംബത്തിലെ മുതിര്‍ന്ന സ്ത്രീയുടെ പേരിലാണ് ഈ കാര്‍ഡ് നല്‍കുന്നത്. ഇതെല്ലാം ബംഗാളിലെ സ്ത്രീകളുടെ അന്തസ് വലിയ തോതില്‍ ഉയര്‍ത്തുകയാണ്. അങ്ങേയറ്റം പാട്രായാര്‍ക്കലായ ഒരു സമൂഹത്തില്‍, സ്ത്രീ ഒരു രണ്ടാം തരം പൗരയല്ല എന്ന സന്ദേശം കൊടുക്കാന്‍ മമതക്ക് കഴിഞ്ഞു. അതുകൊണ്ടുതന്നെ വനിതാ വോട്ടര്‍മാര്‍ എന്ത് പ്രതിസന്ധിയുണ്ടായലും അവര്‍ക്കൊപ്പം നില്‍ക്കയാണ്. അവര്‍ക്ക് അഴിമതിയൊന്നും വലിയ പ്രശ്നമില്ല.




പശ്ചിമ ബംഗാളിലെ ആകെ ജനസംഖ്യയുടെ ഏകദേശം 49 ശതമാനത്തോളം സ്ത്രീകളാണ്. തന്റെ വോട്ട് ബാങ്ക് മുന്നില്‍ കണ്ട് കൂടുതല്‍ സ്ത്രീകളെ സ്ഥാനാര്‍ത്ഥിയാക്കാനും മമത ശ്രമിക്കുന്നുണ്ട്. 2026-ലെ നിയമസഭാ തിരഞ്ഞെടുപ്പിനായി തൃണമൂല്‍ കോണ്‍ഗ്രസ് പുറത്തിറക്കിയ 291 സ്ഥാനാര്‍ത്ഥികളുടെ പട്ടികയില്‍ 52 പേര്‍ സ്ത്രീകളാണ്. ഇത് ആകെ സ്ഥാനാര്‍ത്ഥികളുടെ ഏകദേശം 18 ശതമാനത്തോളം വരും.

മുസ്ലിം വോട്ടുകളും തൃണമൂലിന്

ബംഗാളില്‍ മമതഭരണം നിലനില്‍ക്കുന്നതിന്റെ മറ്റൊരു പ്രധാന കാരണമായി പറയുന്നത്, ജനസംഖ്യയുടെ 27 ശതമാനം വരുന്ന മുസ്ലീങ്ങളുടെ പിന്തുണകൊണ്ടാണ്. നന്ദിഗ്രാം സമരകാലംതൊട്ടെ മമതക്ക് ഒപ്പമാണ് മുസ്ലീം സമുദായം. 70.54% ഹിന്ദുക്കള്‍, 27.01% മുസ്ലീങ്ങള്‍, 2.45% മറ്റ് സമുദായക്കാര്‍ എന്നിങ്ങനെയാണ് ബംഗാളിലെ ജനസംഖ്യ. മാല്‍ഡ, മുര്‍ഷിദാബാദ്, ഉത്തര്‍ ദിനാജ്പൂര്‍ തുടങ്ങിയ ജില്ലകളില്‍ മുസ്ലീം ജനസംഖ്യ 50 ശതമാനത്തിന് മുകളിലാണ്. ഇവിടെ തൃണമൂലാണ് സ്ഥിരമായി വിജയിക്കാറുള്ളത്. ഹിന്ദുക്കളിലെ ദളിത് വിഭാഗമായ മതുവ വോട്ടര്‍മാര്‍ക്ക് പല മണ്ഡലങ്ങളിലും ജയപരാജയങ്ങള്‍ നിശ്ചയിക്കാന്‍ ശേഷിയുണ്ട്. ഇവര്‍ നിലവില്‍ ബി.ജെ.പിക്ക് വലിയ പിന്തുണ നല്‍കുന്നവരാണ്.

മമത ബാനര്‍ജി മുസ്ലീം പ്രീണനം നടത്തുന്നു എന്നാരോപിച്ച് ബി.ജെ.പി പല തവണ രംഗത്ത് എത്തിയിട്ടുണ്ട്. ഇത്തവണയും ബിജെപി അത് ശക്തമായി ഉന്നയിക്കുന്നു. പള്ളികളിലെ ഇമാമുമാര്‍ക്കും മുഅദ്ദിനുകള്‍ക്കും സര്‍ക്കാര്‍ പ്രതിമാസ ഓണറേറിയം നല്‍കുന്നത് ബി.ജെ.പി വലിയ ആയുധമാക്കുന്നു. ഹിന്ദു പൂജാരിമാരെക്കാള്‍ മുന്‍ഗണന ഇവര്‍ക്ക് നല്‍കുന്നു എന്നാണ് ആരോപണം.

മുസ്ലീം വിദ്യാര്‍ത്ഥികള്‍ക്കായി മാത്രം നല്‍കുന്ന ഐക്യശ്രീ പോലുള്ള പ്രത്യേക സ്‌കോളര്‍ഷിപ്പുകള്‍ വിവേചനമാണെന്ന് ബി.ജെ.പി വാദിക്കുന്നു. മുന്‍ വര്‍ഷങ്ങളില്‍ ദുര്‍ഗ്ഗാ പൂജയും, മുഹറം ഘോഷയാത്രയും ഒരേ ദിവസം വന്നപ്പോള്‍, വിഗ്രഹനിമഞ്ജനത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തിയത് വലിയ വിവാദമായിരുന്നു. ഇത് ഹിന്ദു വികാരങ്ങളെ വ്രണപ്പെടുത്തുന്ന നടപടിയായി ബി.ജെ.പി ചിത്രീകരിക്കുന്നു. പ്രമുഖ മുസ്ലീം മതനേതാക്കളുമായി മമത പുലര്‍ത്തുന്ന അടുത്ത ബന്ധവും, തിരഞ്ഞെടുപ്പ് പ്രചാരണങ്ങളില്‍ ഹിജാബ് ധരിച്ചും പ്രാര്‍ത്ഥനകളില്‍ പങ്കെടുത്തും അവര്‍ നടത്തുന്ന നീക്കങ്ങളും പ്രീണന രാഷ്ട്രീയമാണെന്ന് ബി.ജെ.പി പറയുന്നു

ബംഗ്ലാദേശില്‍ നിന്നുള്ള അനധികൃത കുടിയേറ്റക്കാരെ വോട്ട് ബാങ്ക് രാഷ്ട്രീയത്തിനായി മമത സംരക്ഷിക്കുന്നു എന്നതാണ് ബി.ജെ.പിയുടെ മറ്റൊരു പ്രധാന ആരോപണം. എസ് ഐ ആറിനുശേഷം വോട്ടര്‍ പട്ടിക പുതുക്കിയപ്പോള്‍, പശ്ചിമ ബംഗാളിലെ ആകെ വോട്ടര്‍മാരുടെ എണ്ണം 7.66 കോടിയില്‍നിന്ന് 7.04 കോടിയയി കുറഞ്ഞിരുന്നു. വോട്ടര്‍മാരുടെ എണ്ണത്തില്‍ 61 ലക്ഷത്തിന്റെ വലിയ കുറവാണുണ്ടായത്. ഇത് മമതക്ക് ശക്തമായ തിരിച്ചിടയാണെന്നും ഇതില്‍ ഏറെയും ബംഗ്ലാദേശി മുസ്ലീം വോട്ടുകളുമാണെന്നാണ് ബിജെപി ആരോപിക്കുന്നത്. ( നേരത്തെ ബംഗ്ലാദേശികള്‍ക്കെല്ലാം റേഷന്‍കാര്‍ഡ് കൊടുത്ത് വോട്ട് ബാങ്ക് ആക്കിയെന്ന് ജ്യോതിബസുവിന്റെ കാലത്ത് സിപിഎമ്മിനുനേരെ വിമര്‍ശനം ഉയര്‍ന്നിരുന്നു)




എന്നാല്‍ മമതയും തൃണമൂലം ഈ ആരോപണങ്ങളെല്ലാം നിഷേധിക്കയാണ്. എന്നാല്‍, പശ്ചിമ ബംഗാളിലെ മുസ്ലീം വിഭാഗം സാമ്പത്തികമായി വളരെ പിന്നാക്കമാണെന്നും അവരുടെ സാമൂഹിക പുരോഗതിക്കായാണ് ഈ പദ്ധതികള്‍ നടപ്പിലാക്കുന്നതെന്നുമാണ് തൃണമൂല്‍ കോണ്‍ഗ്രസിന്റെ മറുപടി. അതിനെല്ലാം പുറമെ ശക്തമായ മോദിപ്പേടി മുസ്ലീങ്ങള്‍ക്കിടയില്‍ വളര്‍ത്തിയെടുക്കാന്‍ മമതയും തൃണമൂലും ശ്രമിക്കുന്നുണ്ട്. മുസ്ലീം സമുദായമാവട്ടെ മോദിയുടെ മുട്ടാന്‍ കഴിയുന്ന, ഏക നേതാവായിട്ടാണ് ദീദിയെ കാണുന്നതും.

മമത വേഴ്സസ് സുവേന്ദു

എന്നും വ്യക്തി പ്രഭാവത്തില്‍ വിശ്വസിച്ചിരുന്നവരാണ് ബംഗാള്‍ ജനത. സിദ്ധാര്‍ത്ഥ് ശങ്കര്‍ റേ എന്ന കോണ്‍ഗ്രസ് നേതാവിനെയും, പിന്നീട് വന്ന സിപിഎമ്മിലെ ജ്യോതിബാസുവിനെയൊക്കെ അവര്‍ ഭയഭക്തി ബഹുമാനങ്ങളോടെയാണ് കണ്ടത്. അതിനുശേഷം, ദുര്‍ഗക്ക് സമാനമായ ഇമേജുള്ള അതിശക്തയായ നേതാവായി ഉയര്‍ന്നുവന്നത് മമതാ ബാനര്‍ജിയാണ്. സിപിഎമ്മും കോണ്‍ഗ്രസും തകര്‍ന്നതോടെ ബിജെപിയായി മുഖ്യ പ്രതിപക്ഷം. അവര്‍ക്ക് അടുത്തകാലംവരെയും മമതക്ക് ഒപ്പം നില്‍ക്കാന്‍ തലപ്പൊക്കമുള്ള ഒരു നേതാവിനെ ഉയര്‍ത്തിക്കാട്ടാന്‍ കഴിഞ്ഞിരുന്നില്ല.

പക്ഷേ തൃണമൂല്‍ വിട്ട് ബിജെപിയില്‍ ചേര്‍ന്ന സുവേന്ദു അധികാരിയെന്ന നേതാവിന്റെ ഇമേജ് വലിയ തോതില്‍ കൂടുകയാണെന്ന് വിവിധ സര്‍വേ ഫലങ്ങള്‍ സൂചിപ്പിക്കുന്നു. ബിജെപി മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി ഉയര്‍ത്തിക്കാട്ടുന്നതും പതിപക്ഷ നേതാവുകൂടിയായ സുവേന്ദു അധികാരിയെയാണ്. സര്‍വേയില്‍ പങ്കെടുത്തവരില്‍ 48.5% പേരും മമത ബാനര്‍ജിയെത്തന്നെയാണ് അടുത്ത മുഖ്യമന്ത്രിയായി കാണാന്‍ ആഗ്രഹിക്കുന്നത്. സുവേന്ദു അധികാരിയെ 33.4% പേര്‍ പിന്തുണയ്ക്കുന്നു. ഇത് ചെറിയ ഒരു സംഖ്യയല്ല. സുവേന്ദുവിന്റെ വളര്‍ച്ച തന്നെയാണ് സൂചിപ്പിക്കുന്നത്.

ഒരു കാലത്ത് മമതയുടെ വിശ്വസ്തനും തൃണമൂല്‍ കോണ്‍ഗ്രസിലെ രണ്ടാമനുമായിരുന്ന സുവേന്ദു ഇന്ന് ബംഗാളിലെ ബി.ജെ.പിയുടെ പ്രധാന മുഖമാണ്. ബംഗാളിലെ സ്വാധീനശക്തിയുള്ള രാഷ്ട്രീയ കുടുംബത്തിലാണ് അദ്ദേഹം ജനിച്ചത്. പിതാവ് ശിശിര്‍ അധികാരി മുന്‍ കേന്ദ്രമന്ത്രിയും ദീര്‍ഘകാലം എം.പിയുമായിരുന്നു. 2007-ലെ നന്ദിഗ്രാം ഭൂമി ഏറ്റെടുക്കല്‍ വിരുദ്ധ പ്രക്ഷോഭത്തിന് നേതൃത്വം നല്‍കിയത് സുവേന്ദുവായിരുന്നു. ഈ പ്രക്ഷോഭമാണ് മമത ബാനര്‍ജിയെ അധികാരത്തിലെത്തിക്കാന്‍ നിര്‍ണ്ണായകമായത്.

പക്ഷേ വൈകാതെ സുവേന്ദു മമതയില്‍നിന്ന് അകന്നു. മമത ബാനര്‍ജിയുടെ അനന്തരവന്‍ അഭിഷേക് ബാനര്‍ജി പാര്‍ട്ടിയില്‍ അതിവേഗം ശക്തിപ്രാപിച്ചത് അദ്ദേഹത്തെ ചൊടിപ്പിച്ചു. മമതയ്ക്ക് ശേഷം പാര്‍ട്ടിയുടെ പിന്‍ഗാമിയായി അഭിഷേകിനെ ഉയര്‍ത്തിക്കാട്ടുന്നത് തഴയപ്പെടലായി സുവേന്ദു കണ്ടു. 'ഭായ്പോ' (അനന്തരവന്‍) രാഷ്ട്രീയം എന്നാണ് അദ്ദേഹം ഇതിനെ പരിഹസിച്ചിരുന്നത്. 2021 തിരഞ്ഞെടുപ്പിന് മുന്നോടിയായി പാര്‍ട്ടിയില്‍ മാറ്റങ്ങള്‍ വരുത്താന്‍ മമത നിയോഗിച്ച തിരഞ്ഞെടുപ്പ് തന്ത്രജ്ഞന്‍ പ്രശാന്ത് കിഷോറിന്റെ ഇടപെടലുകള്‍ സുവേന്ദുവിന് ഇഷ്ടപ്പെട്ടില്ല. പാര്‍ട്ടിയുടെ താഴെത്തട്ടിലുള്ള കാര്യങ്ങളില്‍ പ്രശാന്ത് കിഷോറിന്റെ ടീം ഇടപെടുന്നത് സ്വന്തം സ്വാധീനം കുറയ്ക്കുമെന്ന് അദ്ദേഹം ഭയപ്പെട്ടു. നന്ദിഗ്രാം പ്രക്ഷോഭത്തിലൂടെ തൃണമൂലിനെ അധികാരത്തിലെത്തിക്കാന്‍ വലിയ പങ്ക് വഹിച്ചിട്ടും തനിക്ക് അര്‍ഹമായ പദവികളോ തീരുമാനങ്ങള്‍ എടുക്കാനുള്ള സ്വാതന്ത്ര്യമോ ലഭിക്കുന്നില്ലെന്ന് അദ്ദേഹം പരാതിപ്പെട്ടിരുന്നു.



താനൊരു വെറും 'സേവകന്‍' മാത്രമായി മാറാന്‍ ആഗ്രഹിക്കുന്നില്ലെന്ന് സുവേന്ദു പരസ്യമായി പറയുകയും ചെയ്തു. ഈ തര്‍ക്കങ്ങള്‍ക്കൊടുവില്‍ 2020 ഡിസംബറില്‍ അദ്ദേഹം മന്ത്രിസ്ഥാനവും എം.എല്‍.എ സ്ഥാനവും രാജിവെച്ച് അമിത് ഷായുടെ സാന്നിധ്യത്തില്‍ ബി.ജെ.പിയില്‍ ചേര്‍ന്നു. തുടര്‍ന്ന് 2021-ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ നന്ദിഗ്രാമില്‍ വെച്ച് മമത ബാനര്‍ജിയെ നേരിട്ട് പരാജയപ്പെടുത്തിക്കൊണ്ടാണ് അദ്ദേഹം പ്രതികാരം വീട്ടിയത്. ഈ വിജയമാണ് അദ്ദേഹത്തെ ബി.ജെ.പിയിലെ അനിഷേധ്യ നേതാവാക്കിയത്. വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ അദ്ദേഹം നന്ദിഗ്രാം, ഭവാനിപൂര്‍ (മമതയുടെ സിറ്റിംഗ് സീറ്റ്) എന്നീ രണ്ട് മണ്ഡലങ്ങളില്‍ നിന്നും മത്സരിക്കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. ഇത് മമതയെ അവരുടെ സ്വന്തം മണ്ണില്‍ വീണ്ടും നേരിടാനുള്ള നീക്കമായാണ് വിലയിരുത്തപ്പെടുന്നത്.

മമത ബാനര്‍ജിയെ നേരിട്ട് വെല്ലുവിളിക്കാന്‍ ശേഷിയുള്ള, തൃണമൂലിന്റെ പ്രവര്‍ത്തനരീതികള്‍ കൃത്യമായി അറിയാവുന്ന ഏക നേതാവ് സുവേന്ദുവാണ്. കടുത്ത ഹൈന്ദവ നിലപാടുകളിലൂടെയും പ്രസംഗങ്ങളിലൂടെയും ഒരു വിഭാഗം വോട്ടര്‍മാരെ ബി.ജെ.പിയിലേക്ക് അടുപ്പിക്കാന്‍ അദ്ദേഹത്തിന് സാധിക്കുന്നുണ്ട്. ഇത് പല മണ്ഡലങ്ങളിലും ബി.ജെ.പിയുടെ വോട്ട് വിഹിതം വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുമെന്നാണ് കരുതുന്നത്. തൃണമൂലിലായിരുന്നപ്പോള്‍ സംസ്ഥാനവ്യാപകമായി അദ്ദേഹം കെട്ടിപ്പടുത്ത വ്യക്തിപരമായ ബന്ധങ്ങള്‍ ബി.ജെ.പിക്ക് താഴെത്തട്ടില്‍ ഗുണകരമാകുന്നുണ്ട്. പ്രത്യേകിച്ച് കിഴക്കന്‍ മിഡ്നാപൂര്‍ പോലുള്ള ജില്ലകളില്‍ അദ്ദേഹത്തിന് വലിയ സ്വാധീനമുണ്ട്. 2026-ലെ തിരഞ്ഞെടുപ്പ് ഒരു വശത്ത് മമത ബാനര്‍ജിയും മറുവശത്ത് സുവേന്ദു അധികാരിയും തമ്മിലുള്ള വ്യക്തിപരമായ പോരാട്ടം കൂടിയായി മാറിയിരിക്കുകയാണ്.

സംപൂജ്യരായി സിപിഎം

34 വര്‍ഷം ബംഗാള്‍ ഭരിച്ച സി.പിഎം സംസ്ഥാന രാഷ്ട്രീയത്തില്‍ നിന്ന് തുടച്ചുനീക്കപ്പെട്ട അവസ്ഥയിലാണ്. നിലവില്‍ പശ്ചിമ ബംഗാള്‍ നിയമസഭയില്‍ സി.പി.എമ്മിന് അംഗങ്ങളില്ല. 2021-ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ ഇടത് മുന്നണിക്ക് ഒരു സീറ്റില്‍ പോലും വിജയിക്കാന്‍ കഴിഞ്ഞില്ല. ഭൂരിഭാഗം സീറ്റുകളിലും കെട്ടിവെച്ച കാശ് നഷ്ടമായി. 294 അംഗങ്ങളുള്ള നിയമസഭയിലാണ് ഒരു സീറ്റുപോലുമില്ലാത്തതെന്ന് ഓര്‍ക്കണം. 2024-ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിലും ബംഗാളില്‍ നിന്ന് സിപിഎമ്മിന് സീറ്റുകളൊന്നും ലഭിച്ചില്ല. സിപിഎം സംസ്ഥാന സെക്രട്ടറി മുഹമ്മദ് സലിം മുര്‍ഷിദാബാദില്‍ ശക്തമായ മത്സരം കാഴ്ചവെച്ചെങ്കിലും രണ്ടാം സ്ഥാനത്തെത്താനേ കഴിഞ്ഞുള്ളൂ.

സമാനമായ അവസ്ഥയിലാണ് കോണ്‍ഗ്രസും. 2021-ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ ഒരു സീറ്റില്‍ പോലും വിജയിക്കാന്‍ കഴിയാതിരുന്നതോടെ, ബംഗാള്‍ നിയമസഭയുടെ ചരിത്രത്തില്‍ ആദ്യമായി കോണ്‍ഗ്രസ് സംപൂജ്യരായി. 2024-ല്‍ നടന്ന ലോക്സഭാ തിരഞ്ഞെടുപ്പില്‍ ബംഗാളിലെ 42 സീറ്റുകളില്‍ ഒരെണ്ണത്തില്‍ മാത്രമാണ് കോണ്‍ഗ്രസ് വിജയിച്ചത്. മല്‍ഡ സൗത്ത് മണ്ഡലത്തില്‍ നിന്ന് വിജയിച്ച ഇഷാ ഖാന്‍ ചൗധരിയാണ്, ലോക്സഭയിലുള്ള ബംഗാളില്‍ നിന്നുള്ള ഏക കോണ്‍ഗ്രസ് അംഗം. പ്രമുഖ നേതാവായ അധീര്‍ രഞ്ജന്‍ ചൗധരി ബഹറംപൂര്‍ മണ്ഡലത്തില്‍ പരാജയപ്പെട്ടിരുന്നു.

കഴിഞ്ഞ പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസും സിപിഎമ്മും സഖ്യമായാണ് മത്സരിച്ചത്. അതിനാല്‍ ഇരുവര്‍ക്കും മോശമല്ലാത്ത പ്രകടനം കാഴ്ചവെക്കനായി. എന്നാല്‍ വരുന്ന നിയസഭാ തിരഞ്ഞെടുപ്പില്‍ സഖ്യം പൊളിഞ്ഞു. 'കൈയരിവാള്‍ സഖ്യം' വിട്ട് ഇരുപാര്‍ട്ടികളും ഒറ്റക്ക് മത്സരിക്കയാണ്. ഏപ്രില്‍ 23, 29 തീയതികളില്‍ നടക്കാനിരിക്കുന്ന തിരഞ്ഞെടുപ്പില്‍ സി.പി.എം ഇതിനകം തന്നെ 143-ലധികം സീറ്റുകളിലേക്കുള്ള സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു കഴിഞ്ഞു. ആകെ 192 സീറ്റുകളിലെ സ്ഥാനാര്‍ത്ഥികളെ ഇടത് മുന്നണി പ്രഖ്യാപിച്ചിട്ടുണ്ട്. ഇത്തവണ വലിയ തോതില്‍ യുവ നേതാക്കളെയും സ്ത്രീകളെയും സി.പി.എം രംഗത്തിറക്കിയിട്ടുണ്ട്. ജാദവ്പൂര്‍ മണ്ഡലത്തില്‍ മുന്‍ കൊല്‍ക്കത്ത മേയര്‍ വികാസ് രഞ്ജന്‍ ഭട്ടാചാര്യയും, ഭവാനിപൂരില്‍ മമത ബാനര്‍ജിക്കെതിരെ യുവ നേതാവായ ശ്രീജീബ് ബിശ്വാസും മത്സരിക്കുന്നു.




സര്‍വേകള്‍ തൃണമൂലിന് ഒന്നാംസ്ഥാനവും ബി.ജെ.പിക്കും രണ്ടാം സ്ഥാനവും നല്‍കുന്നുണ്ടെങ്കിലും, വോട്ട് വിഹിതം വര്‍ദ്ധിപ്പിക്കാനും നിയമസഭയില്‍ അക്കൗണ്ട് തുറക്കാനുമാണ് 33 വര്‍ഷം ഭരിച്ച് ഒരു സംസ്ഥാനത്ത് സിപിഎം ശ്രമിക്കുന്നത്! ഞെട്ടിക്കുന്ന രാഷ്ട്രീയ തകര്‍ച്ചയെന്നല്ലാതെ എന്തുപറയാന്‍. ജ്യോതി ബസു ഭരണം അവസാനിച്ചതോടെ, സിപിഎമ്മിന്റെ വോട്ട് ബാങ്കായിരുന്നു മുസ്ലീങ്ങള്‍ ഒന്നടങ്കം തൃണമൂലില്‍ ചേര്‍ന്നു. സിപിഎമ്മിന് വോട്ട് ചെയ്തിരുന്ന ഹിന്ദു കേഡര്‍മാര്‍ ബിജെപിയിലും. തൃണമൂലിന്റെ ആക്രമണം സഹിക്കവയ്യാതായാതോടെ, ഒരുകാലത്ത് പാര്‍ട്ടി കോട്ടയായിരുന്ന, 24 പര്‍ഗാന ജില്ലയിലെ പാര്‍ട്ടി ഓഫീസുകളില്‍ കാവിക്കൊടി ഉയര്‍ത്തി, ലോക്കല്‍ സെക്രട്ടറി അടക്കമുള്ളവര്‍ ഒന്നടങ്കം ബിജെപിയിലേക്ക് പോയത് നേരത്തെ ചര്‍ച്ചയായിരുന്നു! ഇതുതന്നെയാണ് ത്രിപുരയിലും സംഭവിച്ചത്. രണ്ട് സംസ്ഥാനങ്ങളിലെയും ബിജെപി പ്രവര്‍ത്തകരില്‍ നല്ലൊരു ശതമാനവും പഴയ സിപിഎമ്മുകാരാണ്. ഇത് വലിയൊരു രാഷ്ട്രീയ പാഠമാണ് സിപിഎമ്മിന് നല്‍കുന്നത്.

വാല്‍ക്കഷ്ണം: എല്ലാം വൈകി മാത്രമായി തിരിച്ചറിയുന്ന ജനതയായി ബംഗാളികള്‍ വിമര്‍ശിക്കപെടാറുണ്ട്. 33 വര്‍ഷം ഭരിച്ചിട്ടാണ് സിപിഎം ഭരണത്തിന്റെ കുഴപ്പം അവര്‍ക്ക് പിടികിട്ടിയത്. ഇനി തൃണമൂല്‍ അത്രയും കാലം ഭരിച്ചാലാണ് അവരുടെ കുഴപ്പം മനസ്സിലാക്കുക എന്നതാണ് ഒരു തമാശ. എന്തായാലും ഒരു കാര്യം ഉറപ്പാണ്. ബംഗാളികളുടെ കഷ്ടകാലം അടുത്തകാലത്തൊന്നും അവസാനിക്കുന്നില്ല.