- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പത്താം ക്ലാസില്‍ പഠിപ്പ് നിര്‍ത്തിയ മെക്കാനിക്ക് വളര്‍ന്നത് കാറോട്ട ചാമ്പ്യനായും നടനായും; തുടര്‍ച്ചയായി സിനിമകളില്ല, സോഷ്യല്‍ മീഡിയയില്‍ അക്കൗണ്ട്പോലുമില്ല; 58,000 യൂണിറ്റുകള്‍ ഉണ്ടായിരുന്ന ഫാന്‍സ് അസോസിയഷനും പിരിച്ചുവിട്ടു; എന്നിട്ടും 'തല' എന്നുകേട്ടാല്‍ ജനം ഇളകിമറിയുന്നതെന്തുകൊണ്ട്?
'തല' എന്നുകേട്ടാല്‍ ജനം ഇളകിമറിയുന്നതെന്തുകൊണ്ട്?
'തല'! തമിഴകത്ത് ഏത് പൊതുപരിപാടിയിലും ആ വാക്ക് ഒന്ന് ഉച്ചരിച്ചാല്‍ അയാളെ ഓര്‍ത്ത് കൈയടികള്‍ ഉയരും. തമിഴ് സിനിമയില്‍ ഗോഡ് ഫാദര്‍മാരില്ലാതെ സ്വയം വളര്‍ന്നു വന്നയാള്‍. അഭിമുഖങ്ങളില്ല, തുടര്‍ച്ചയായി സിനിമകളില്ല, വന്‍ പ്രതിഫലം വാങ്ങാറില്ല, എന്തിനേറെ പറയാന്‍ സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ പോലുമില്ല. സ്വന്തം സിനിമയുടെ പ്രമോഷനുപോലും അയാള്‍ പോകാറില്ല. ഫാന്‍സ് അസോസിയേഷനുകളും പിരിച്ചുവിട്ടു. എന്നിട്ടും തമിഴ് മക്കള്‍ക്ക് തല എന്ന അജിത്ത്കുമാര്‍ എന്ന എകെ ഒരു വികാരമാണ്.
പരാജയങ്ങളുടെ വന്‍നിര അജിത്തിന്റെ കണക്ക് പുസ്തകത്തിലുണ്ട്. പത്താം ക്ലാസില്‍ പഠിപ്പ് നിര്‍ത്തിയവന്‍. വെറുമൊരു മെക്കാനിക്ക്. ഭാഗ്യമില്ലാത്ത നടന്‍.. അങ്ങനെയങ്ങനെ പുച്ഛിച്ചവരോട് അജിത്ത് മറുപടി പറഞ്ഞത് വിജയങ്ങള്‍ വെട്ടിപ്പടിച്ചുകൊണ്ടാണ്. വെറുമൊരു മെക്കാനിക്കില്‍ നിന്ന് റേസിങ് ചാംപ്യനിലേക്ക്. പിന്നെ വിമാനം പറത്താന്‍ ലൈസന്‍സും. ഒപ്പം ഒരുപാട് സൂപ്പര്‍ ഹിറ്റ് സിനിമകളും.
ഇമേജ് നോക്കാതെ തന്റെ യഥാര്‍ഥ രൂപം ആരാധകര്‍ക്കു മുന്നില്‍ കാണിച്ചുകൊടുത്തു തല. തന്റെ നരച്ച തലമുടി കറുപ്പിക്കാതെ തന്നെ അജിത് സിനിമയില്‍ അഭിനയിച്ചു. അപ്പോള്‍ ആരാധകര്‍ക്ക് അതും ഒരു സ്റ്റെല്‍ ആയി. പക്ഷേ അടുത്തകാലത്തായി അജിത്തിന് ബോക്സോഫീസില്‍ തിരിച്ചടികളുടെ കാലമായിരുന്നു. ഏറെ പ്രതീക്ഷയോടെ വന്ന ലൈക്ക പ്രൊഡക്ഷന്‍സിന്റെ വിടാമുയര്‍ച്ചി അടക്കമുള്ള ചിത്രങ്ങള്‍ പൊളിഞ്ഞു. പക്ഷേ 'മാര്‍ക്ക് ആന്റണിയുടെ' സംവിധായകന്‍ അധിക് രവിചന്ദ്രന്റെ 'ഗുഡ് ബാഡ് അഗ്ലി' എന്ന തലപ്പടം 150 കോടിയും പിന്നിട്ട് കുതിക്കയാണ്. ആരാധകര്‍ക്കുവേണ്ടി തലയുടെ കൊണ്ടാട്ടം.
സുഹൃത്തുക്കള്‍ക്കിടയില്‍ അജിത്തിനൊരു വിളിപ്പേരുണ്ട്. 'ഫീനിക്‌സ്'. സത്യത്തില്‍ ഫീനിക്‌സ് പക്ഷിയെപ്പോലെ ചാരത്തില്‍ നിന്ന് ഉയിര്‍ത്തെഴുന്നേറ്റ ചരിത്രങ്ങളും ഏറെയാണ്. അജിത്തിന്റെ സിനിമാജീവിതത്തിലെ ഏറ്റവും വലിയ ഫ്ലോപ്പുകളില്‍ ഒന്നായി ഇന്നും പലരും വിശേഷിപ്പിക്കുന്ന 'ജന' ബോക്‌സ് ഓഫിസില്‍ തവിടുപൊടിയായിപ്പോയപ്പോള്‍ അജിത്തിന്റെ പേരുവെട്ടിയ കാലം ഉണ്ടായിരുന്നു. പിന്നെ അവിടുന്ന് കരകയറിയത് 'അട്ടഹാസം' എന്ന ചിത്രത്തിലൂടെയായിരുന്നു. 'അട്ടഹാസ'ത്തില്‍ ഒരു രൂപ പോലും പ്രതിഫലം വാങ്ങാതെയാണ് അദ്ദേഹം അഭിനയിച്ചത്. ഇപ്പോള്‍ 'ഗുഡ് ബാഡ് അഗ്ലിയി'ലുടെ വീണ്ടും അജിത് തരംഗമാണ് തമിഴകത്ത്.
അജിത്തിനെ ജനം ഇത്രയേറെ സ്നേഹിക്കാന്‍ കാരണം മിസ്റ്റര്‍ ജന്റില്‍മാന്‍ എന്ന അദ്ദേഹത്തിന്റെ ഇമേജ് തന്നെയാണ്. ഒരു വിവാദത്തിലും പെടാതെ, ഗോസിപ്പുകള്‍ക്ക് ഇട കൊടുക്കാതെ, ഒരു ടോക്സിസിറ്റിയുമില്ലാതെ ജീവതം ആസ്വദിക്കുന്ന ഒരു മനുഷ്യസ്നേഹി. അസാധാരണമാണ് അദ്ദേഹത്തിന്റെ ജീവിതവും!
ജനനം പാലക്കാട്ട്
തല അജിത്ത് ജന്‍മം കൊണ്ട് മലയാളിയാണെന്നത് അധികമാര്‍ക്കും അറിയാത്ത രഹസ്യമാണ്. അജിത് ജനിച്ചത് പാലക്കാട്ടാണ്. 1971 മേയ് ഒന്നാണ് ഡേറ്റ് ഓഫ് ബര്‍ത്ത്. പക്ഷേ ഒരു മാസം മാത്രമേ അവിടെ ജീവിച്ചിരുന്നുള്ളൂ. ( എംജിആറും പാലക്കാട്ടുകാരനാണെന്നത് മറന്നുപോവരുത്) 'തല'യുടെ പിതാവ് തമിഴനും മാതാവ് സിന്ധിയുമാണ്. ശേഷം ഹൈദരാബാദിലേക്ക് കുടുംബം മാറി. പക്ഷേ അജിത് വളര്‍ന്നത് മദ്രാസില്‍ ആയിരുന്നു. തികഞ്ഞ തമിഴ് സംസ്‌ക്കാരമുള്ളയാളായാണ് അവന്‍ മാറിയത്.
പഠിത്തത്തില്‍ യാതൊരു താല്‍പ്പര്യവും ഇല്ലാത്ത കുട്ടിയായിരുന്നു അവന്‍. ചെറുപ്പത്തിലേ സൈക്കിള്‍ റേസ് അടക്കമുള്ള സാഹസികതയില്‍ ആയിരുന്നു താല്‍പ്പര്യം. 1986-ല്‍ പഠിത്തം ഇടക്ക് വച്ച് അവസാനിപ്പിച്ച് അജിത് ഒരു പാര്‍ട് ടൈം മെക്കാനിക്കായി ജോലി നോക്കി. ഈ സമയത്ത് പല പരസ്യങ്ങളിലും അഭിനയിച്ചു. ചെറുപ്പം മുതലേ അജിത്തിന് കാറോട്ടം മത്സരം വലിയ ഹരം ആയിരുന്നു. അതില്‍ പങ്കെടുക്കാനുള്ള പണത്തിനാണ് മോഡലിങ്ങിലേക്ക് തിരിഞ്ഞത്. പക്ഷേ അത് അദ്ദേഹത്തിന്റെ തലവര മാറ്റി. ഷോളാവരത്ത് റേസ് കാണാന്‍ അച്ഛന്‍ കൊണ്ടുപോയിരുന്ന കാലം തൊട്ടുള്ള ആവേശമായിരുന്നു അവനെ ബൈക്ക്, കാര്‍ റേസിങ്ങിലെത്തിച്ചത്. 18 വയസ്സ് പൂര്‍ത്തിയായി ഡ്രൈവിങ് ലൈസന്‍സ് സ്വന്തമാക്കിയതോടെ അവന്‍ മല്‍സരയോട്ടങ്ങളില്‍ അദ്ഭുതം കാട്ടി. പിന്നെ ബൈക്ക് റേസില്‍ നിന്നു കാര്‍ റേസിലേക്കു മാറി.
21-ാമത്തെ വയസ്സിലാണ് അജിത് തന്റെ ചലച്ചിത്ര അഭിനയം തുടങ്ങിയത്. 1992-ല്‍ പുറത്തുവന്ന 'പ്രേമപുസ്തകം' എന്ന തെലുങ്കു സിനിമയാണ് ആദ്യ ചിത്രം. ആദ്യ തമിഴ് ചിത്രം 'അമരാവതി'യാണ്. ഇതില്‍ അജിത്തിന് ശബ്ദം നല്‍കിയത് മറ്റൊരു പ്രമുഖ നടനായ വിക്രമാണ്. ഇതില്‍ അജിത്തിന് പ്രതിഫലമായി ലഭിച്ചത് 390 രൂപയായിരുന്നു. പിന്നീട് 'പവിത്ര' എന്ന തമിഴ് ചിത്രവും കഴിഞ്ഞ് 1995-ല്‍ പുറത്തുവന്ന 'ആശൈ' ആയിരുന്നു അജിത്തിന്റെ രക്ഷകന്‍. ചെന്നൈയില്‍ 210 ദിവസമാണ് ഈ ചിത്രം ഓടിയത്. പിന്നെ വന്ന 'വാന്‍മതി' എന്ന ചിത്രവും തരക്കേടില്ലാതെ ഓടി. അതിനുശേഷം 'കല്ലൂരി വാസല്‍' എന്ന ചിത്രം. പിന്നീടുവന്ന 'കാതല്‍കോട്ടെ' അജിത്തിനെ മുന്‍നിരയില്‍ എത്തിച്ചു. 'ഉല്ലാസം' എന്ന ചിത്രത്തിന് 50 ലക്ഷം രൂപ പ്രതിഫലം വാങ്ങിയതോടെ മുന്‍നിരനായകനായി. അവിടെ നിന്ന് 'ആഞ്ജനേയ' എന്ന ചിത്രത്തിലേക്കെത്തിയപ്പോള്‍ 3.5 കോടി രൂപയാണ് പ്രതിഫലം വാങ്ങിയത്.
നരച്ച തലയും ഹിറ്റ്
1999- ല്‍ പുറത്തിറങ്ങിയ സൈക്കോളജിക്കല്‍ റൊമാന്റിക് ത്രില്ലര്‍ ചിത്രമായി വാലി അജിത്തിന്റെ കരിയറില്‍ ഒരു പൊന്‍തൂവലായി. സിമ്രാന്‍, ജ്യോതിക എന്നിവര്‍ക്കൊപ്പം അജിത് ഇരട്ട വേഷങ്ങളിലാണ് ചിത്രത്തിലെത്തിയത്. ശിവ, ദേവ എന്നീ കഥാപാത്രങ്ങളായാണ് ചിത്രത്തില്‍ താരമെത്തിയത്. എസ്.ജെ സൂര്യയായിരുന്നു ചിത്രം സംവിധാനം ചെയ്തത്. 200 ലധികം ദിവസം തിയറ്ററില്‍ പ്രദര്‍ശനം തുടര്‍ന്നു ചിത്രം. 2000-ത്തില്‍ പറത്തിറങ്ങിയ 'മുഗവാരി'യും വന്‍ വിജയമായിരുന്നു. അജിത്, ജ്യോതിക, രഘുവരന്‍, വിവേക് തുടങ്ങിയവരായിരുന്നു ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തിയത്. ബോക്സോഫീസില്‍ വന്‍ ഹിറ്റായ സിനിമ രണ്ട് തമിഴ്‌നാട് സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകള്‍ നേടുകയും ചെയ്തു. ശ്രീധറെന്ന കഥാപാത്രമായാണ് ചിത്രത്തില്‍ അജിത് എത്തിയത്. ദുരൈ ആയിരുന്നു സംവിധായകന്‍.
പക്ഷേ അജിത്തിന്റെ എവര്‍ ഗ്രീന്‍ ചിത്രങ്ങള്‍ പിന്നീട് വരാനുള്ളവയാണ്. പൊളിറ്റിക്കല്‍ ആക്ഷന്‍ ത്രില്ലറായാണ് 'സിറ്റിസണ്‍' ഇന്നും തരംഗമാണ്. ശരവണ സുബ്ബയ്യ ആണ് ചിത്രം കഥയെഴുതി സംവിധാനം ചെയ്തത്. മീന, വസുന്ധര ദാസ്, നഗ്മ എന്നിവരായിരുന്നു ചിത്രത്തിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ഈ ചിത്രത്തിലും അജിത് ഡബിള്‍ റോളിലാണെത്തിയത്. വിഷ്ണുവര്‍ധന്‍ സംവിധാനം ചെയ്ത് 2007- ല്‍ പുറത്തിറങ്ങിയ ആക്ഷന്‍ ത്രില്ലര്‍ ചിത്രമാണ് 'ബില്ല' അജിത്തിന്റെ കള്‍ട്ട് ക്ലാസിക്ക് ചിത്രമാണ്. വിഖ്യാതമായ അജിത്ത് സ്റ്റെല്‍ രൂപപ്പെട്ടത് ഈ ചിത്രത്തിലുടെയാണ് നയന്‍താര, നമിത എന്നിവരും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തി. ഡേവിഡ് ബില്ല, ശരവണ വേലു എന്നിങ്ങനെ രണ്ട് വേഷങ്ങളിലാണ് ചിത്രത്തില്‍ അജിത് എത്തിയത്. ബോക്സോഫീസില്‍ വന്‍ ഹിറ്റായി മാറിയ ചിത്രം 61-ാമത് കാന്‍ ഫിലിം ഫെസ്റ്റിവലില്‍ പ്രദര്‍ശിപ്പിക്കുകയും ചെയ്തു.
അജിത്തിന്റെ കരിയറിലെ അമ്പതാമത്തെ ചിത്രമായിരുന്നു 'മങ്കാത്ത'. അജിത്, അര്‍ജുന്‍ എന്നിവരാണ് ചിത്രത്തില്‍ പ്രധാനവേഷത്തിലെത്തിയത്. വെങ്കട് പ്രഭുവാണ് ചിത്രം സംവിധാനം ചെയ്തത്. ചിത്രവും വന്‍ ഹിറ്റായി മാറി. രജനീകാന്തിനു ശേഷം തന്റെ യഥാര്‍ഥ രൂപം ആരാധകര്‍ക്കു കാട്ടിക്കൊടുത്ത താരമാണ് അജിത്തെന്ന് ഇഷ്ടക്കാര്‍ വാഴ്ത്തും. ജീവിതത്തില്‍ വിഗ് ഉപയോഗിക്കാത്ത രജനിയെ പോലെ തന്റെ നരച്ച തലമുടി സിനിമയിലൂടെയും ജീവിതത്തിലും അജിത് ആരാധകര്‍ക്കു കാണിച്ചുകൊടുത്തു. ആദ്യമായി മങ്കാത്തയിലൂടെയാണ് അജിത് നര വീണ തലമുടിയുമായി എത്തിയത്. ചിത്രം വന്‍ ഹിറ്റായതോടെ സാള്‍ട്ട് ആന്‍ഡ് പെപ്പര്‍ ലുക്കും ഹിറ്റായി.
കാര്‍ റേസര്‍ 'തല'യായി മാറുന്നു
അഭിനയം തുടരുമ്പോഴും കാര്‍റേസിലായിരുന്നു അജിത്തിന് കമ്പം. 2003 ന് ശേഷം അദ്ദേഹം കാറോട്ടത്തില്‍ ശ്രദ്ധിക്കുവാന്‍ സിനിമകളുടെ എണ്ണം കുറച്ചു. ഈ കാലയിളവില്‍, 'ഗജിനി' ഉള്‍പെടെയുള്ള ചിത്രങ്ങള്‍ അദ്ദേഹം വേണ്ടെന്നു വെച്ചു. അജിത്തിന്റെ സിനിമാ ജീവിത്തിലെ ഏറ്റവും വലിയ നഷ്ടമായിരുന്നു അത്. ഇന്ത്യന്‍ സൂപ്പര്‍താരങ്ങള്‍ ഓരോ സിനിമയുടെ ഷൂട്ടിങ് തീര്‍ത്ത് വിദേശത്ത് വെക്കേഷന് പോകുമ്പോള്‍ അജിത്ത് പോകാറുള്ളത് കാറോട്ടത്തിനാണ്. അതുപോലെ ഡ്യൂപ്പിനെയും കുറച്ച് ഉപയോഗിക്കുന്ന നടനാണ് അദ്ദേഹം. ഏത് സാഹസിക ഷോട്ടിനും ഓക്കെ പറയുന്ന, ഫൈറ്റ്, റെയ്സിങ് സീനുകളില്‍ സ്വന്തം ജീവന്‍ തന്നെ അജിത്ത് പന്താടിയ സന്ദര്‍ഭങ്ങളുണ്ട്.
2003-ലെ ഫോര്‍മുല ഏഷ്യ ബിഎംഡബ്ല്യു ചാംപ്യന്‍ഷിപ്പിലും, 2010 ഫോര്‍മുല 2 ചാംപ്യന്‍ഷിപ്പിലും അദ്ദേഹം പങ്കെടുത്തു. പരിശീലനങ്ങള്‍ക്കിടെ പരുക്കേറ്റ് പത്തിലേറെ തവണ ശസ്ത്രക്രിയകള്‍ക്കു വിധേയനായി. ഒരിക്കല്‍ ഒന്നര വര്‍ഷത്തോളം കിടപ്പിലായി. കാലിനും നടുവിനുമായി നടത്തിയ പത്തിലേറെ ശസ്ത്രക്രിയകള്‍ക്കുശേഷവും, സാഹസികമായ രംഗങ്ങള്‍ അജിത്ത് ചെയ്യും. 'വിവേകത്തിനായി' ദിവസവും നാലുമണിക്കൂറില്‍ അധികമാണ് കഠിന വ്യായാമമുറകള്‍ ചെയ്യുന്നത്. എന്നിട്ടും ഇഷ്ടത്തെ കൈവിട്ടില്ല. രാജ്യാന്തര ഫോര്‍മുല 3 റേസില്‍ പങ്കെടുത്ത മൂന്നാമത്തെ ഇന്ത്യക്കാരന്‍ കൂടിയാണ് അജിത്ത്. വിമാനം പറപ്പിക്കാനറിയുന്ന അജിത്തിന് പൈലറ്റ് ലൈസന്‍സുമുണ്ട്. ഇതിനൊപ്പം പാചകം, ഫോട്ടോഗ്രാഫി, യാത്രകള്‍ അങ്ങനെ തന്റെ പ്രണയങ്ങളെ എല്ലാം ചേര്‍ത്തുപിടിക്കാന്‍ ഒരുപാട് സിനിമകള്‍ നഷ്ടപ്പെടുത്തിയിട്ടുണ്ട് ഈ നടന്‍. ഫോട്ടോഗ്രാഫി കമ്പക്കാരനായ അജിത് എടുത്ത ചിത്രങ്ങളുടെ പ്രദര്‍ശനം ചെന്നെയിലെ ആര്‍ട്ട് ഗാലറിയില്‍ നടന്നിരുന്നു.
എ.ആര്‍. മുരുകദാസ് സംവിധാനം ചെയ്ത 'ദീന' എന്ന ചിത്രത്തിലെ ചെല്ലപ്പേരായിരുന്നു തല. അള്‍ട്ടിമേറ്റ് സ്റ്റാര്‍ എന്ന നിലയില്‍ ജനം അത് ഏറ്റെടുത്തു. ഇന്ന് തലയെന്ന ഒരു വാക്ക് എവിടെയെങ്കിലും ഉച്ചരിച്ചാല്‍ മതി. ആള്‍ക്കൂട്ടം ഇളകിമറിയും. വാരിസ് എന്ന സിനിമയുടെ ഓഡിയോ ലോഞ്ചില്‍, നടന്‍ വിജയ് ഒരു കുട്ടിക്കഥ പറഞ്ഞു. ആ കഥ പൂര്‍ണമായി കേള്‍ക്കുന്നതിന് മുന്‍പ് തന്നെ പറഞ്ഞത് അജിത്തിനെ പറ്റിയാണ് എന്ന് മുദ്രകുത്തി കഥകളിറങ്ങി. എന്നാല്‍ ഞാന്‍ എന്നോട് തന്നെ മല്‍സരിച്ച് മല്‍സരിച്ചാണ് ഇവിടെ വരെ എത്തിയത് എന്നാണ് വിജയ് പറഞ്ഞുവച്ചത്. താരത്തിന്റെ ഓരോ വാക്കിനും ഉയര്‍ന്ന കയ്യടി മിനിറ്റുകള്‍ നീണ്ടു. എന്നാല്‍ അതേ ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ അജിത്തിന്റെ അസാനിധ്യത്തില്‍ പോലും തല എന്ന് ഉച്ചരിച്ചാല്‍ പ്രകമ്പനം കൊള്ളിക്കുന്ന ആര്‍പ്പുവിളികള്‍ ഉയര്‍ന്നു. ഇനി എന്നെ തലയെന്ന് വിളിക്കരുത് എ.കെ. എന്നോ അജിത്ത് കുമാര്‍ എന്നോ വിളിക്കൂ എന്ന് അജിത്ത് പറഞ്ഞിട്ടും നടപടിയായില്ല. ''അങ്ങനെ വിളിക്കല്ലേ എന്ന് എത്രതവണ കെഞ്ചിയാലും.. രസികര്‍ പഠിച്ചതല്ലേ പാടൂ.. 'നമ്മ തല സാര്‍'- അജിത്ത് പറയുന്നു.
ഫാന്‍സുകാരെ പിരിച്ചുവിടുന്നു
മിസ്റ്റര്‍ ക്ലീന്‍ ഇമേജുള്ള ഓഫ് സ്‌ക്രീന്‍ പ്രസന്‍സാണ് അജിത്തിന്റെ വ്യത്യസ്തനാക്കുന്നത്. ആത്മവിശ്വാസമാണ് അജിത്തിന്റെ അടയാളം. അഭിമുഖങ്ങള്‍ നല്‍കുന്നതു വിരളം. അന്തര്‍മുഖനും ആള്‍ക്കൂട്ടങ്ങളില്‍ നിന്ന് അകന്നു നില്‍ക്കാന്‍ താല്‍പര്യപ്പെടുന്ന ആളുമായി അജിത്ത് മാറിയിട്ട് വര്‍ഷങ്ങളായി. 2011-ല്‍ ഫാന്‍സ് അസോസിയേഷന്‍ പിരിച്ചുവിട്ട് തെന്നിന്ത്യയെ ഞെട്ടിച്ചു. അന്തവും കുന്തവുമില്ലാത്ത ഫാന്‍ഫൈറ്റിന് എന്നും എതിരാണ് ഈ നടന്‍. 58,000ല്‍ അധികം ഫാന്‍സ് ക്ലബ്ബുകളുമായി തമിഴ്നാട്ടില്‍ മുന്നില്‍ നില്‍ക്കുമ്പോഴാണ് ആരാധകര്‍ അച്ചടക്കംവിട്ട് പെരുമാറുന്നത് കണ്ട് തല തന്റെ ഫാന്‍സ് അസോസിയേഷന്‍ പിരിച്ചുവിടുന്നത്.
വിജയ്- അജിത്ത് ആരാധകര്‍ തമ്മിലുള്ള അനാവശ്യ പ്രശ്നങ്ങളാണ്, താരത്തിനെ ചൊടിപ്പിച്ചത്. എന്നാല്‍ സിനിമയ്ക്ക് പുറത്തും അജിത്തും വിജയ്യും നല്ല കൂട്ടുകാരാണ്. അവര്‍ തമ്മില്‍ ഈ പറയുന്ന പ്രശ്നമൊന്നുമില്ല. ഇപ്പോള്‍ വിജയ് അഭിനയത്തിന് അവധികൊടുത്ത് രാഷ്ട്രീയത്തില്‍ ഇറങ്ങിയിരിക്കയാണ്. അതോടെ തമിഴക ഇന്‍ഡസ്ട്രിയെ നയിക്കേണ്ട താരമായും അജിത്ത് മാറിയിരിക്കയാണ്. എങ്കിലും സമൂഹമാധ്യമങ്ങളില്‍ അജിത് -വിജയ് ഫാന്‍സ് ഏറ്റുമുട്ടലിന് ഇപ്പോഴും കുറവില്ല. 'വിവേക'ത്തിന്റെ റിലീസിന് തൊട്ടുമുമ്പ് അഭിഭാഷകന്‍ വഴി ഇറക്കിയ പ്രസ്താവനയില്‍ ഇത്തരം സൈബര്‍ യുദ്ധങ്ങളില്‍ അജിത്ത് ക്ഷമപറഞ്ഞിരുന്നു. താരം തന്റെ ഫാന്‍സ അസോസിയേഷന്‍ പിരിച്ചുവിട്ടിട്ടും ജനം അടങ്ങിയില്ല. ഇന്ന് ലോകമെമ്പാടും, സ്വയംസന്നദ്ധ അജിത് ഫാന്‍സ് അസോസിയേഷനുകള്‍ ഒട്ടേറെയുണ്ട്. താരത്തിന്റെ ഒരു ഫണ്ടിങ്ങുമില്ലാതെ കൈയില്‍നിന്ന് കാശെടുത്ത് അവര്‍ പ്രവര്‍ത്തിക്കന്നു. ബര്‍ത്ത്ഡേ ആഘോഷിക്കുന്നു. ആര്‍പ്പുവിളിക്കുന്നു. പോയ ജന്മത്തില്‍ ചെയ്ത പുണ്യമാണ് ഇപ്പോള്‍ തനിക്ക് ലഭിക്കുന്ന ഈ ആരാധകരുടെ സ്നേഹമെന്ന് ഒരിക്കല്‍ അജിത്ത് പറഞ്ഞിട്ടുണ്ട്. അണ്‍കണ്ടീഷണല്‍ ലൗ. അതാണ് ഈ നടനോട് അവര്‍ക്കുള്ളത്
സ്വന്തം ചിത്രങ്ങളുടെ പ്രമോഷന്‍ പരിപാടികളില്‍ അജിത്ത് പങ്കെടുക്കുന്നതു തന്നെ അപൂര്‍വം. 2010-ല്‍ കരുണാനിധി വേദിയിലിരിക്കെ, രാഷ്്ട്രീയ പരിപാടികളില്‍ പങ്കെടുക്കാന്‍ അഭിനേതാക്കളെ നിര്‍ബന്ധിക്കരുതെന്നു പറഞ്ഞതു വിവാദമായിരുന്നു. ജയലളിതയുമായുള്ള അടുത്ത ബന്ധം അവരുടെ മരണശേഷം അണ്ണാ ഡിഎംകെയുടെ തലപ്പത്തേക്ക് വരെ അജിത് എത്തിയേക്കും എന്ന ചര്‍ച്ചകളിലേക്ക് നീണ്ടു. ആരാധകരുടെ വേദനകളിലും എല്ലാം കൈവിട്ടുപോയ സാധാരണ മനുഷ്യരെയും ചേര്‍ത്തുപിടിക്കാന്‍ അജിത്ത് ഒരിക്കലും മടിച്ചിട്ടില്ല. അതൊന്നും പബ്ലിസിറ്റിക്കായി അദ്ദേഹം ഉപയോഗിക്കില്ല എന്നതും വേറിട്ടുനിര്‍ത്തുന്നു. ചെന്നൈ പ്രളയവേളയില്‍ സ്വന്തം വീട് ദുരിതബാധിതര്‍ക്കായി അദ്ദേഹം തുറന്നുകൊടുത്തത് സമാനതകളില്ലാത്ത മറ്റൊരു കാഴ്ച.
അതുപോലെ ലാളിത്യമാണ് അദ്ദേഹത്തിന്റെ ജീവിതത്തിന്റെ മറ്റൊരു മുഖമുദ്ര. മുന്നിലേക്ക് വരുന്ന അതിഥിയെ എഴുന്നേറ്റ് നിന്ന് വരവേല്‍ക്കുന്നത് 'തലയുടെ' രീതിയാണ്. അത് ഭക്ഷണത്തിന് മുന്നിലാണെങ്കിലും. ഒരിക്കല്‍ സംവിധായകന്‍ രാജമൗലിയുടെ കുടുംബത്തെ പരിചയപ്പെടുമ്പോള്‍ 'ഞാന്‍ അജിത്ത്' എന്ന് സ്വയം പരിചയപ്പെടുത്തിയത് അത്ഭുതത്തോടെ രാജമൗലി വിശദീകരിച്ചിട്ടുണ്ട്.
ആദ്യ പ്രണയം ഹീരയുമായി
സാധാരണ സിനിമാ താരങ്ങളെപ്പോലെ ഒരുപാട് ഗോസിപ്പുകളില്‍ ഒന്നും ഇടംപിടിക്കാത്ത നടനാണ് അജിത്ത്. മിസ്റ്റര്‍ ക്ലീന്‍ എന്ന ഇമേജ് അദ്ദേഹത്തിന്റെ കുടെ എപ്പോഴുമുണ്ട്. പക്ഷേ അജിത്തിന്റെ ഒരു പ്രണയം തമിഴ് സിനിമാ മാസികള്‍ ആഘോഷിച്ചിട്ടുണ്ട്. അത് തെന്നിന്ത്യന്‍ നായിക ഹീരയുമായിട്ടായിരുന്നു. ശാലിനിയെ കണ്ടുമുട്ടുന്നതിന് മുന്‍പ് തന്നെ ഹീരയെ വിവാഹം കഴിക്കണമെന്ന് അജിത്ത് ആലോചിച്ചിരുന്നെന്നാണ് വാര്‍ത്ത. ആദ്യമായി ഒന്നിച്ചഭിനയിച്ച 'കാതല്‍ കോട്ടൈ' എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടയിലാണ് ഇവര്‍ പ്രണയത്തിലായത്. സെറ്റിലിരുന്ന് അജിത്ത് ഹീരയ്ക്ക് പ്രണയലേഖനങ്ങള്‍ എഴുതിയിട്ടുണ്ട്. തമിഴിലെ അറിയപ്പെടുന്ന കലാകാരന്മാരില്‍ ഒരാളായ ബൈയിലവന്‍ രംഗനാഥന്‍ ഒരിക്കല്‍ സെറ്റില്‍ നിന്ന്, അജിത്തിന്റെയും ശാലിനിയുടെയും പ്രണയലേഖനം വായിച്ചിട്ടുണ്ട്. അങ്ങനെയാണ് രഹസ്യമാക്കി വെച്ച ബന്ധത്തെ കുറിച്ച് പുറംലോകം അറിഞ്ഞത്.
എന്നാല്‍ തുടക്കത്തില്‍ തന്നെ ഹീരയുടെ അമ്മ ഈ ബന്ധത്തില്‍ എതിര്‍പ്പ് പ്രകടിപ്പിപ്പിച്ചു. കരിയര്‍ കത്തിനില്‍ക്കെയുള്ള മകളുടെ വിവാഹം അമ്മ ആഗ്രഹിച്ചിരുന്നില്ല. ഇതോടെയാണ് ഈ ബന്ധം അവസാനിച്ചത്. എന്നിട്ടും അവര്‍ നല്ല സുഹൃത്തുക്കളായി തുടര്‍ന്നു. കാതല്‍ കോട്ടൈ എന്ന ചിത്രത്തിന് ശേഷം 'തെടറും' എന്ന സിനിമയിലും ഇതേ ജോഡികള്‍ നായിക, നായകന്മാരായി അഭിനയിച്ചിട്ടുണ്ട്.
ശാലിനി എന്ന ജീവിത സഖി
ഹീരയുമായിട്ടുള്ള പ്രണയബന്ധം അവസാനിച്ചതിന് ശേഷം 1999 ലാണ് അജിത്തും ശാലിനിയും കണ്ടുമുട്ടുന്നത്. ഇന്ന് ന്യൂജന്‍കാര്‍ ക്രിഞ്ച് എന്ന് പറയുന്നതുപോലെ ഒരു ലവ് സ്റ്റോറിയാണ് ഇവരുടേത്. മലയാളികളുടെ പ്രിയപ്പെട്ട 'മാമാട്ടിക്കുട്ടിയമ്മയായി' അരങ്ങുതകര്‍ത്ത ബേബി ശാലിനി പിന്നീട് മുതിര്‍ന്നപ്പോള്‍ കുഞ്ചാക്കോ ബോബനൊപ്പം 'അനിയത്തിപ്രാവ്' എന്ന ചിത്രത്തിലൂടെയും തരംഗമായി. അതിന്റെ തമിഴ് പതിപ്പായ 'കാതലുക്ക് മര്യാദൈ' എന്ന ചിത്രത്തിലും ശാലിനിയായിരുന്നു നായിക. വിജയ് ആയിരുന്നു നായകന്‍. അതിനുശേഷം അജിത്തിനൊപ്പം 'അമര്‍ക്കളം'. ഇരുവരും ഒരുമിച്ചുള്ള ആദ്യ ചിത്രവും അതായിരുന്നു.
'അമര്‍ക്കളത്തി'ലേക്ക് സംവിധായകന്‍ ശരണ്‍ സമീപിച്ചപ്പോള്‍ ശാലിനി ആദ്യം കൂട്ടാക്കിയില്ല. കാരണം ശാലിനിക്ക് പ്ലസ് ടു പരീക്ഷ എഴുതണമായിരുന്നു. പരീക്ഷയ്ക്ക് മുന്‍പ് താന്‍ ഒന്നും ഏറ്റെടുക്കാന്‍ തയ്യാറല്ലെന്ന് ശാലിനി പറഞ്ഞു. പക്ഷേ ശരണ്‍ വിട്ടില്ല. ശാലിനിയും അജിത്തും സിനിമയില്‍ നല്ല ജോഡിയാണെന്ന് ശരണിന് തോന്നിയിരുന്നു. ഒരു നിവൃത്തിയുമില്ലാതെ ശരണ്‍ അജിത്തിനെകൊണ്ട് ശാലിനിയെ വിളിപ്പിച്ചു. പരീക്ഷയുടെ കാര്യം വീണ്ടും ആവര്‍ത്തിച്ചപ്പോള്‍ ശരണിനോട് പോലും ചോദിക്കാതെ അജിത് പറഞ്ഞു, 'ആദ്യം പരീക്ഷ എഴുതി തീര്‍ക്കൂ, ഞങ്ങള്‍ ഷൂട്ടിംങ് നീട്ടിവെച്ചോളാം.'
പരീക്ഷയ്ക്ക് ശേഷം ശാലിനി ഷൂട്ടിങിനെത്തി. ഒരു ആക്ഷന്‍ രംഗം ചിത്രീകരിക്കുന്നതിനിടെ അജിത് പിടിച്ചിരുന്ന കത്തി ശാലിനിയുടെ കൈത്തണ്ടയില്‍ അബദ്ധത്തില്‍ ഒരു വലിയ മുറിവുണ്ടാക്കി. വേദന സഹിക്കാനാകാതെ കണ്ണുനിറഞ്ഞ ശാലിനിയെ കണ്ടപ്പോള്‍ അജിത്തിന്റെ മനസ്സ് വേദനിച്ചു. ആ കുറ്റബോധമാണ് പിന്നീട് പ്രണയമായി മാറിയതെന്ന് അജിത്പറഞ്ഞിട്ടുണ്ട്.
'ഒരിക്കല്‍ ഞാന്‍ മുടിയൊക്കെ ചുരുട്ടിവെച്ച് പുതിയ സ്‌റ്റൈലില്‍ സെറ്റില്‍ പോയി. അന്ന് എന്നെ കണ്ട അജിത് എന്നോട് പറഞ്ഞു എനിക്കത് ചേരുന്നില്ലെന്ന്. പെട്ടന്ന് തന്നെ അദ്ദേഹം തിരുത്തി പറഞ്ഞു 'എന്നെ തെറ്റിദ്ധരിക്കരുത്, കുട്ടിയുടെ 'കാതലുക്ക് മര്യാദൈ' ഞാന്‍ കണ്ടിട്ടുണ്ട്. അതിലെ സ്‌റ്റൈലാണ് നല്ലത്'- ശാലിനി ജെ.ഡബ്ല്യൂ മാസികയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ പറയുന്നു. 'അമര്‍ക്കള'ത്തിന്റെ ചിത്രീകരണത്തിന് ശേഷം ശാലിനിയാണ് തന്റെ ജീവിതത്തിലെ പെണ്‍കുട്ടിയെന്ന് അജിത്തിന് തോന്നി. അല്‍പ്പം ഭയത്തോടെ ആയിരുന്നു ഇഷ്ടം തുറന്ന് പറഞ്ഞത്. ആ സമയത്ത് ശാലിനിയുടെ മനസ്സിലും പ്രണയം മൊട്ടിട്ടിരുന്നു.
2000-ലാണ് അജിത്തും ശാലിനിയും വിവാഹം ചെയ്യുന്നത്. അതിന് മുന്‍പ് തന്നെ മണിരത്നം ചിത്രം 'അലൈപ്പായുതേ' അടക്കമുള്ള സിനിമ ശാലിനി പൂര്‍ത്തിയാക്കിയിരുന്നു. അഭിനയ ജീവിതത്തോട് ശാലിനി വിടപറഞ്ഞിട്ട് 25 വര്‍ഷങ്ങളായെങ്കിലും, ശാലിനിയെന്നും അടുത്ത വീട്ടിലെ പെണ്‍കുട്ടിയാണ് മലയാളികള്‍ക്ക്. ഒരു വര്‍ഷത്തോളം നീണ്ട പ്രണയത്തിന് ശേഷം വീട്ടില്‍ പറഞ്ഞ് 2000 -ല്‍ ഇരുവരും വിവാഹിതരായി. ഹിന്ദുവായ അജിത്ത് ക്രിസ്ത്യാനിയായ ശാലിനിയെ വിവാഹം ചെയ്തപ്പോള്‍ രണ്ട് മതങ്ങളുടെ അനുഷ്ഠാനങ്ങള്‍ അനുസരിച്ചാണ് വിവാഹം നടത്തിയത്. ഇന്നും അവര്‍ക്കിടയില്‍ മതം ഒരു വേലിക്കെട്ടല്ല. അനൗഷ്‌ക, ആദ്വിക് എന്നിവരാണ് ശാലിനി-അജിത് താരദമ്പതികളുടെ മക്കള്‍. ദാമ്പത്യത്തിന് കാല്‍ നൂറ്റാണ്ട് പിന്നിടുമ്പോഴും തമിഴകത്തിന്റെ മാതൃകാ ജോഡികളാണ് അവര്‍. താനും അജിത്തും ഭാര്യാഭര്‍ത്താക്കന്‍മ്മാരല്ല, നല്ല സുഹൃത്തുക്കളാണ് എന്നാണ് ശാലിനി ഈയിടെയും ഒരു അഭിമുഖത്തില്‍ പറഞ്ഞത്. തന്റെ എല്ലാ ജീവിത വിജയത്തിന് പിന്നിലും ശാലിനയാണെന്നാണ് അജിത്ത് പറയുന്നത്.
വിജയങ്ങള്‍ മാത്രം കണ്ടുവളര്‍ന്ന നായകനല്ല അയാള്‍. പരാജയങ്ങളും എന്നും അജിത്തിന്റെ കുടെയുണ്ടായിരുന്നു. ഈയിടെ തുടര്‍ച്ചയായ പരാജയങ്ങള്‍ ഉണ്ടായപ്പോള്‍ പലയും തലയെ എഴുതിത്തള്ളി. പക്ഷേ ഫീനികസ് പക്ഷിയെപ്പോലെ അയാള്‍ ഉയര്‍ത്തെഴുനേറ്റു. ഇപ്പോള്‍ ഗുഡ് ബാഡ് അഗ്ലിയുടെ വിജയത്തോടെ വീണ്ടും ആരാധകര്‍ ആര്‍ത്തുവിളിക്കയാണ്, 'തലാ'........
വാല്‍ക്കഷ്ണം: പുറമെ അടിയാണെങ്കിലും ഒരു പ്രശ്നം വന്നാല്‍ അജിത്ത്- വിജയ് ഫാന്‍സുകാര്‍ ഒന്നാവുകയും ചെയ്യും. 'അജിത്തിനെപ്പോലെ വയസ്സായ നടന്‍മാര്‍ക്ക് ബോളിവുഡില്‍ അച്ഛന്‍ വേഷങ്ങളേ ചേരൂ' എന്നൊരു വിദ്വേഷ നിരീക്ഷണം നേരത്തെ, കെആര്‍കെ എന്ന ഹിന്ദി നടനും നിരുപകനുമായ ആള്‍ നടത്തിയിരുന്നു. ഇതിനെതിരെ അതിശക്തമായി തലഫാന്‍സിനൊപ്പം വിജയ് ഫാന്‍സും രംഗത്ത് എത്തിയിരുന്നു
(ദുഖവെള്ളി പ്രമാണിച്ച് 18-04-2025ന് മറുനാടന്‍ മലയാളിയ്ക്ക് അവധിയായിരിക്കും. ഈ സാഹചര്യത്തില്‍ 18-04-2025ന് വെബ് സൈറ്റില്‍ അപ്ഡേഷന്‍ ഉണ്ടായിരിക്കില്ല-എഡിറ്റര്‍)