ഒരുകാലത്ത് പത്രമെടുത്താല്‍ നിറയെ ഇന്ത്യയില്‍ നടന്ന ഭീകരാക്രമണങ്ങളുടെ വാര്‍ത്തയായിരുന്നു. പഞ്ചാബിലും കാശ്മീരിലും കൊല്ലപ്പെടുന്നവരുടെ വാര്‍ത്തകള്‍ നമ്മെ ഞെട്ടിച്ചു. മുംബൈ ഭീകാരക്രമണം തൊട്ട് പാര്‍ലിമെന്റ് ആക്രമണം തൊട്ടുള്ള എത്രയോ വാര്‍ത്തകളിലൂടെ രാജ്യം നടുങ്ങി. എന്നാല്‍ ഇപ്പോള്‍ കഥ മാറിയിരിക്കയാണ്. ഇന്ത്യയുടെ ശത്രുക്കള്‍ ഒന്നൊന്നായി വിദേശമണ്ണില്‍ വെടിയേറ്റ് മരിക്കുകയാണ്. എല്ലാം ചെയ്യുന്നത് അജ്ഞാതര്‍!

ഇപ്പോള്‍ പാക്കിസ്ഥാനില്‍ സംഭവിക്കുന്നത് നോക്കുക. അവിടെ ഇന്ത്യവിരുദ്ധ ഭീകരരെ അവരുടെ സുരക്ഷക്കായി പാക് ചാരസംഘടനയാ ഐഎസ്ഐ തടവിലാക്കുന്ന അവസ്ഥ വന്ന് ചേരുകയാണ്. ഇന്നലെ ഉണ്ടായ സംഭവം നോക്കുക. ഭീകര സംഘടനയായ ജാമിയത്ത് ഉലമ-ഇ-ഇസ്ലാം തലവന്‍ മുഫ്തി അബ്ദുള്‍ ബാഖി നൂര്‍സായി അജ്ഞാതര്‍ വെടിവെച്ച് കൊന്നു. ക്വറ്റയിലെ എയര്‍പോര്‍ട്ട് റോഡിലായിരുന്നു ആക്രമണം നടന്നത്. ഗുരുതരമായി പരിക്കേറ്റ അബ്ദുള്‍ ബാഖിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരിച്ചു. രണ്ടുദിവസംമുമ്പ് വെടിയേറ്റ് പരലോകം പൂകിയത് ലഷ്‌ക്കറിന്റെ ചീഫ് കമാന്‍ഡറും, മോസ്റ്റ് വാണ്ടഡ് ക്രിമിനല്‍ ഹാഫിസ് സയീദിന്റെ അനന്തരവനുമായ അബു ഖത്തല്‍ ആയിരുന്നു. അതിന് ഒരാഴ്ച മുമ്പാണ്, കുല്‍ഭൂഷന്‍ ജാദവിനെ ഒറ്റിയ മൗലവിയെ തീര്‍ത്തത്. ഇതെല്ലാം അജ്ഞാതരാണ്, ചെയ്യുന്നത്. കാലക്കുശേഷം ഇവരുടെ പൊടിപോലുമില്ല കണ്ടുപിടിക്കാന്‍. ഇതോടെ കൊടും ഭീകരന്‍ ഹാഫിസ് സയീദ് അടക്കമുള്ളര്‍ കടുത്ത ഭീതിയിലാണെന്ന് പറയുന്നത് പാക്കിസ്ഥാന്‍ പത്രമായ ദ ഡോണ്‍ ആണ്്.

ഇത് പാക്കിസ്ഥാനില്‍ മാത്രം സംഭവിക്കുന്നതല്ല. ആഗോളവ്യാപകമായി ഇന്ത്യവിരുദ്ധ ഭീകരവാദികള്‍ കൊല്ലപ്പെടുന്നുണ്ട്. കഴിഞ്ഞ രണ്ടുവര്‍ഷമായി തുടരുന്ന പ്രവണതയാണിത്. 2023 ജൂണ്‍ 20ന്, ഖലിസ്ഥാന്‍ ടൈഗര്‍ ഫോഴ്‌സ് ചീഫ് ഹര്‍ദീപ് നിജ്ജാര്‍ കാനഡയിലെ സറിയില്‍ ഗുരുദ്വാരയ്ക്കു മുന്നില്‍ വെടിയേറ്റു മരിച്ചതിന്റെ പ്രശ്നങ്ങള്‍ ഇനിയും അവസാനിച്ചിട്ടില്ല. എന്‍ഐഎ തലയ്ക്കു 10 ലക്ഷം വിലയിട്ടിരുന്ന ഹര്‍ദീപ്, ഒരു മാസത്തിനിടെ കൊല്ലപ്പെടുന്ന മൂന്നാമത്തെ ഖലിസ്ഥാനിയാണ്. യുകെയില്‍ ഇന്ത്യയുടെ പതാക താഴെയിറക്കി ഖലിസ്ഥാന്‍ പതാക ഉയര്‍ത്താന്‍ ശ്രമിച്ച അവതാര്‍ സിങ് ഖണ്ഡ ലണ്ടന്‍ ആശുപത്രിയില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ചു. ഇതിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യ- കാനഡ നയതന്ത്രബന്ധം തന്നെ വഷളായിരുന്നു. ഇപ്പോള്‍ ശരിക്കും കില്ലിങ്് ഫീല്‍ഡ് എന്ന് പറയുന്നത് പാക്കിസ്ഥാനായി മാറിയിരിക്കയാണ്. ഒരുകാലത്ത് ഇന്ത്യയില്‍ നിരന്തരം സ്ഫോടനം നടത്തിയവരുടെ മാളത്തില്‍ കയറി കൊന്നുതള്ളുകയാണ് ആ അജ്ഞാതര്‍!




അബു ഖത്തലിന്റെ കൊലയില്‍ ഞെട്ടല്‍

രണ്ടുദിവസംമുമ്പാണ്, ലഷകറെ ത്വയ്യിബയുടെ ചീഫ് ഓപ്പറേഷണല്‍ കമാന്‍ഡറും, ഇന്ത്യയൂടെ മോസ്റ്റ് വാണ്ടഡ് ഭീകരനുമായ അബു ഖത്തലിനെ അജ്ഞാതര്‍ വെടിവെച്ച് കൊന്നത്. പഞ്ചാബ് പ്രവിശ്യയില്‍ അംഗരക്ഷകനൊപ്പം സഞ്ചരിക്കുന്നതിനിടെ വെടിയേല്‍ക്കുകയായിരുന്നു. ഝലം പ്രദേശത്തെ ദിന പഞ്ചാബ് യൂണിവേഴ്സിറ്റിക്ക് സമീപമുള്ള സീനത്ത് ഹോട്ടലിനു സമീപമാണ് ആക്രമണം നടന്നത്. വാഹനവ്യൂഹം കടന്നുപോകുമ്പോള്‍ അജ്ഞാതരായ തോക്കുധാരികള്‍ വെടിയുതിര്‍ക്കുകയായിരുന്നു.

ഖത്താലിന്റെ വാഹനത്തിന് നേരെ അക്രമികള്‍ 15 മുതല്‍ 20 വരെ റൗണ്ട് വെടിയുതിര്‍ത്തതായാണ് വിവരം. അംഗരക്ഷകനും കൊല്ലപ്പെട്ടു. ജമ്മു കശ്മീരില്‍ ഒട്ടേറെ ആക്രമണങ്ങള്‍ ആസൂത്രണം ചെയ്തതിനു പിന്നിലെ മുഖ്യ സൂത്രധാരനാണ്. സിയാ-ഉര്‍-റഹ്‌മാന്‍ എന്നാണ് അബു ഖത്തലിന്റെ യഥാര്‍ഥ പേര്. പാക്കിസ്ഥാന്‍ സൈന്യത്തിന്റെ കനത്ത സംരക്ഷണത്തിലായിരുന്ന അബു ഖത്താല്‍. ലഷ്‌കറെ തയിബ ഭീകരരെയും സാധാരണ വേഷത്തിലുള്ള പാക്ക് സൈനികരെയും സുരക്ഷയ്ക്കായി നിയോഗിച്ചിരുന്നു.

മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരനായ ഹാഫിസ് സയീദിന്റെ അനന്തരവനും വലംകൈയുമായിരുന്നു ഇയാള്‍. ഹാഫിസ് സയീദാണ് ലഷ്‌കറെ ത്വയിബ്ബയുടെ ഓപ്പറേഷണല്‍ കമാന്‍ഡറായി നിയമിച്ചത്. ഇതോടെ സയീദിന്റെ ദിനങ്ങളും എണ്ണപ്പെട്ടുവെന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ട്. അബു ഖത്തലിന്റെ സമാനവിധി തന്നെയാണ് ഹാഫിസ് സയീദിനെയും കാത്തിരിക്കുന്നതെന്ന് വിദേശകാര്യ വിദഗ്ധന്‍ റോബിന്ദര്‍ സച്ച്‌ദേവ അഭിപ്രായപ്പെട്ടു.-''അബു ഖത്താല്‍ കൊല്ലപ്പെട്ടു. അതിനര്‍ത്ഥം ഹാഫിസിന്റെ ദിവസവും അടുത്തെത്തിയെന്നാണ്. വാളെടുത്തവന്‍ വാളാല്‍ എന്നാണല്ലോ, ഹാഫിസ് സയീദിനും സമാനമായ വിധി നേരിടേണ്ടി വന്നേക്കാം. അബു ഖത്താല്‍ കൊല്ലപ്പെട്ടതോടെ തന്റെ സുരക്ഷ വര്‍ദ്ധിപ്പിക്കാന്‍ സയീദ് പാക് സൈന്യത്തോട് ആവശ്യപ്പെട്ടതായാണ് വിവരം. സൈന്യത്തിന്റെ സംരക്ഷണം ഉണ്ടെങ്കിലും പാകിസ്താനില്‍ ഒരു തീവ്രവാദിയും സുരക്ഷിതനല്ല. ഒരുനാള്‍ അവരും വേട്ടയാടപ്പെടും''-അദ്ദേഹം കൂട്ടിച്ചേര്‍ത്തു

ലഷ്‌കര്‍ ഇ തൊയ്ബ സ്ഥാപകനും 26/11 മുംബൈ ആക്രമണത്തിന്റെ സൂത്രധാരനുമാണ് ഹാഫിസ് സയീദ്. 2024 ജൂണ്‍ 9 ന് നടന്ന റിയാസി ഭീകരാക്രണത്തിന്റെ സുത്രധാരനാണ് അബു ഖത്തല്‍. 2023ലെ രജൗറി ആക്രമണത്തിലും 2023 ഏപ്രില്‍ 20ന് നടന്ന ദുരിയ ഭീകരാക്രമണത്തിലും ഖത്തലിന് പങ്കുണ്ടായിരുന്നു. ജമ്മു കശ്മീരിലെ ന്യൂനപക്ഷ സമുദായത്തില്‍ നിന്നുള്ളവരെ ലക്ഷ്യമിട്ട് പാക്കിസ്ഥാനില്‍ നിന്നുള്ള ലഷ്‌കറെ തയിബ ഭീകരരെ റിക്രൂട്ട് ചെയ്യുന്നതിനും അയയ്ക്കുന്നതിനും അബു ഖത്തല്‍ പ്രവര്‍ത്തിച്ചിരുന്നു.ജമ്മു കശ്മീരിലെ റാസി ജില്ലയില്‍ ശിവഖോരി ക്ഷേത്രത്തില്‍ തീര്‍ഥാടനം കഴിഞ്ഞ് മടങ്ങിയവര്‍ സഞ്ചരിച്ച ബസിന് നേരെ ജൂണ്‍ ഒമ്പതിന് നടന്ന ആക്രമണത്തിന് നേതൃത്വം നല്‍കിയതും ഖത്തലാണെന്ന് സുരക്ഷ ഉദ്യോഗസ്ഥര്‍ പറയുന്നു. 2023 ജനുവരി ഒന്നിന് നടന്ന രജൗരി ആക്രമണം സംബന്ധിച്ച ദേശീയ അന്വേഷണ ഏജന്‍സിയുടെ കുറ്റപത്രത്തില്‍ അബു ഖത്തലും ഉള്‍പ്പെട്ടിരുന്നു. രജൗരിയിലെ ദാംഗ്രി ഗ്രാമത്തില്‍ നടന്ന ആക്രമണത്തില്‍ രണ്ട് കുട്ടികളടക്കം ഏഴു പേര്‍ കൊല്ലപ്പെടുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. ഈ രീതിയിലുള്ള ഒരു കൊടും ഭീകരനാണ് ഇപ്പോള്‍ പുകയായിരിക്കുന്നത്.




കുല്‍ഭൂഷണ്‍ കേസിലെ മൗലവിക്കും വെടിയുണ്ട

കുല്‍ഭൂഷന്‍ ജാദവ് എന്ന പേര് അത്രപെട്ടന്ന് ഇന്ത്യന്‍ പൊതുസമൂഹം മറക്കാനിടയില്ല. മുന്‍ ഇന്ത്യന്‍ നാവികസേന ഉദ്യോഗസ്ഥനായിരുന്ന ജാദവിനെ ചാരപ്രവര്‍ത്തനം ആരോപിച്ച് പാക്കിസ്ഥാന്‍, 2016-ല്‍ ബലൂചിസ്ഥാനില്‍ വച്ച് അറസ്റ്റ് ചെയ്തത് വലിയ വാര്‍ത്തയായിരുന്നു. ഇന്ത്യന്‍ ചാരസംഘടനയായ 'റോ'യുടെ ചാരനാണ് എന്നായിരുന്നു ആരോപണം. തുടര്‍ന്ന് 2017 ഏപ്രില്‍ 10ന് പാക് സൈനിക കോടതി കുല്‍ഭൂഷണ് വധശിക്ഷ വിധിച്ചു. വിചാരണ നിഷേധിച്ച് എന്ന് ആരോപിച്ച് ഇന്ത്യ ഇതിനെ ശക്തമായി എതിര്‍ത്തു. 2019-ല്‍ ജാദവിന്റെ വധശിക്ഷ നിര്‍ത്തിവച്ചു. അന്താരാഷ്ട്ര നീതിന്യായ കോടതി പാക്കിസ്ഥാനോട് അദ്ദേഹത്തിന്റെ ശിക്ഷ പുനഃപരിശോധിക്കാനും കോണ്‍സുലാര്‍ പ്രവേശനം അനുവദിക്കാനും ആവശ്യപ്പെട്ടു. പക്ഷേ പാക്കിസ്ഥാന്‍ അത് വകവെച്ചിട്ടില്ല. നിലവില്‍ കുല്‍ഭുഷണ്‍ പാക്ക് ജയിലിലാണ്.

പക്ഷേ ഇപ്പോഴിതാ ഈ കുല്‍ഭൂഷണ്‍ സംഭവത്തിലും അജ്ഞാതര്‍ പ്രതികാരം ചെയ്യുന്നുവെന്നാണ്. ജാദവിനെ തട്ടിക്കൊണ്ടുപോകാന്‍ പാക് ചാരസംഘടനയായ ഐഎസ്ഐ.യെ സഹായിച്ച ഇറാനിയന്‍ പൗരനെ ബലൂചിസ്ഥാനില്‍, കഴിഞ്ഞ ആഴ്ച അജ്ഞാതര്‍ വെടിവെച്ചു കൊന്നു. മതപണ്ഡിതനായ മുഫ്തി ഷാ മിറിനെയാണ് കൊലപ്പെടുത്തിയത്. പള്ളിയില്‍ നിന്ന് പ്രാര്‍ഥന കഴിഞ്ഞ് ഇറങ്ങിയപ്പോഴാണ് മോട്ടോര്‍ സൈക്കിളുകളിലെത്തിയ തോക്കുധാരികള്‍ വെടിവെച്ചത്.

വെള്ളിയാഴ്ച രാത്രി കച്ചിലെ ടര്‍ബത്ത് പട്ടണത്തിലാണ് സംഭവം. ഇവിടുത്തെ പള്ളിയിലെ പ്രാര്‍ഥനയ്ക്കുശേഷം ഇറങ്ങുമ്പോള്‍ തോക്കുധാരികള്‍ മുഫ്തി ഷായെ മോട്ടോര്‍ സൈക്കിളുകളില്‍ പിന്തുടര്‍ന്ന് വെടിവെക്കുകയായിരുന്നു. മുഫ്തി ഷാ ജെ.യു.ഐ. ഫണ്ടമെന്റലിസ്റ്റ് പാര്‍ട്ടി അംഗമാണ്. പണ്ഡിതന്‍ എന്ന പേരിന്റെ മറവില്‍ ഇയാള്‍ ആയുധക്കടത്തിലും മനുഷ്യക്കടത്തിലും സജീവമായിരുന്നു. ഐഎസ്‌ഐയുമായി അടുത്ത ബന്ധം സ്ഥാപിച്ചിരുന്നു. മുഫ്തി ഷായുടെ പാര്‍ട്ടിയിലെ രണ്ടുപേര്‍ കഴിഞ്ഞയാഴ്ച സമാനരീതിയില്‍ കൊല്ലപ്പെട്ടിരുന്നു. ആയുധ-മനുഷ്യക്കടത്ത് സംഘമായും ഇയാള്‍ക്ക് ബന്ധമുണ്ടെന്ന് ആരോപണമുയര്‍ന്നു. മുമ്പ് രണ്ട് തവണ വധശ്രമങ്ങളില്‍ നിന്ന് അദ്ദേഹം രക്ഷപ്പെട്ടു.

ഇന്ത്യന്‍ നാവികസേനയില്‍ നിന്ന് വിരമിച്ച ശേഷം ജാദവ് ഇറാനിലെ ചബഹാറില്‍ ഒരു ബിസിനസ് നടത്തിയിരുന്നു. മുന്‍ ഇന്ത്യന്‍ നാവികസേന ഉദ്യോഗസ്ഥനായ കുല്‍ഭൂഷണ്‍ ജാദവിനെ ഇറാനില്‍ നിന്ന് തട്ടിക്കൊണ്ടുപോകാന്‍ പാകിസ്ഥാന്‍ ചാര ഏജന്‍സിയായ ഐഎസ്‌ഐയെ മിര്‍ സഹായിച്ചതായി ടൈംസ് ഓഫ് ഇന്ത്യ അടക്കമുള്ള പത്രങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. അതിന്റെ പ്രതികാരമാണോ ഇപ്പോള്‍ ഉണ്ടായത് എന്നതിന് വ്യക്തതയില്ല. പക്ഷേ ഒരുകാര്യം ഉറപ്പാണ്. ഇന്ത്യാവിരുദ്ധരായ ശക്തികള്‍ക്കെതിരെ ഒരു കില്ലിങ് സ്‌ക്വാഡ് ഇറങ്ങിയിട്ടുണ്ട്. ഒന്നിനുപറികെ ഒന്നായി ഭീകരര്‍ കൊല്ലപ്പെടുകയാണ്.




ഹാഫിസ് സയീദ് മരിച്ചോ?

ഇന്ത്യ ഇന്നും കാത്തിരിക്കുന്ന മോസ്റ്റ് വാണ്ടഡ് ഭീകരന്‍ ആരാണെന്ന ചോദ്യത്തിന് ഉത്തരം ഒന്നേയുള്ളൂ. ഹാഫിസ് സയീദ് എന്ന ലഷ്‌ക്കര്‍ ഭീകരര്‍. 2008 നവംബര്‍ 26ന്റെ മുംബൈ ഭീകരാക്രമണത്തിന്റെ മുഖ്യ ആസൂത്രകന്‍. അന്ന് 166 ഇന്ത്യാക്കാരുടെ ജീവനാണ് പൊലിഞ്ഞത്. ഹാഫിസ് സയീദിന്റെ ഭീകര സംഘടനയായ ലഷ്‌കര്‍ ഇ തൊയ്ബയാണ് മുംബൈ ഭീകരാക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തത്. ഇപ്പോള്‍ ഇന്ത്യയുടെ മോസ്റ്റ് വാണ്ടഡ് ലിസ്റ്റിലുള്ള ഭീകരന്‍ ഹാഫിസ് സയീദിന്റെ കൗണ്ട് ഡൗണിന് തുടക്കമായിരിക്കയാണ്. രണ്ടുദിവസംമുമ്പ് കൊല്ലപ്പെട്ട, അബു ഖത്തല്‍. ഹാഫിസ് സയീദിന്റെ മരുമകനാണ്. ഖത്തലിനൊപ്പം സയീദും കൊല്ലപ്പെട്ടുവെന്ന് നേരത്തെ വാര്‍ത്തകള്‍ പരന്നിരുന്നു. പക്ഷേ സയീദിന് ഗുരുതരമായി പരിക്കേറ്റുവന്നതാണ് പിന്നീട് വന്ന വാര്‍ത്തകള്‍. ഇപ്പോള്‍ അറിയുന്നത് അദ്ദേഹം സുരക്ഷിതനാണെന്നാണ്.

ഹാഫീസ് സയീദിന്റെ മകന്‍ കമാലുദ്ദീനെ 2023 സെപ്റ്റംബര്‍ 26 മുതല്‍ കാണാതായിരിക്കായാണ്. കമാലുദ്ദീന്റെ പെട്ടെന്നുള്ള തിരോധാനം പാകിസ്ഥാന്‍ രഹസ്യാന്വേഷണ ഏജന്‍സിയായ ഐഎസ്‌ഐയിലും പാകിസ്ഥാന്‍ കേന്ദ്രമായ തീവ്രവാദ സംഘടനകളിലും പരിഭ്രാന്തി സൃഷ്ടിച്ചു. പെഷവാറില്‍ നിന്ന് കാറില്‍ എത്തിയ ചിലര്‍ കമാലുദ്ദീനെ തട്ടിക്കൊണ്ടു പോയതായാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. എന്നാല്‍ പാക്കിസ്ഥാനില്‍ തുടര്‍ച്ചയായി ഭീകരര്‍ കൊല്ലപ്പെടുന്നതിനാല്‍ ഹാഫിസ് സയീദിനെപ്പോലെ അയാളുടെ മകനേയും ഐഎസ്‌ഐ സുരക്ഷിത സ്ഥാനത്തേക്ക് കൊണ്ടുപോയതായിട്ടാണ് ചില പാക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. പക്ഷേ ആള്‍ എവിടെയെന്ന് ഇപ്പോഴും അറിയില്ല.

2021 ജൂണ്‍ മുതലാണ് ഹാഫിസ് സയീദിന്റെ ജീവിതത്തില്‍ മോശം ദിനങ്ങള്‍ ആരംഭിച്ചത്. 2019 ജൂലൈ 17 ന് അമേരിക്കന്‍ സമ്മര്‍ദത്തെത്തുടര്‍ന്ന് ഹാഫിസ് സയീദ് പാകിസ്ഥാനില്‍ അറസ്റ്റിലായിരുന്നു. അറസ്റ്റിന് ശേഷം സയീദിനെ ജയിലിലേക്ക് അയക്കുകയും ചെയ്തു. എന്നാല്‍ അന്താരാഷ്ട്ര സംഘടനകളുടെ കണ്ണില്‍ പൊടിയിടാനുള്ള ശ്രമം മാത്രമായിരുന്നു ഇത്് എന്ന രീതിയില്‍ പിന്നീട് വാര്‍ത്തകള്‍ പുറത്തു വരികയായിരുന്നു. ഹാഫിസ് സയീദ് ജയിലിലായിരുന്നില്ല എന്നും ലാഹോറിലെ ജോഹര്‍ ടൗണിലെ വീട്ടിലായിരുന്നുവെന്നുള്ള വിവരങ്ങളും പുറത്തു വന്നിരുന്നു.

2021 ജൂണ്‍ 23 ന് ലാഹോറിലെ ജോഹര്‍ ടൗണിലുള്ള ഹാഫിസ് സയീദിന്റെ വീട് ആക്രമിക്കപ്പെട്ടത്. ഹാഫിസ് സയീദിനെ കൊലപ്പെടുത്താനുള്ള ഗൂഢാലോചനക്ക് പിന്നില്‍ ഇന്ത്യന്‍ ഏജന്‍സികളാണെന്ന് പാകിസ്ഥാന്‍ അധികൃതര്‍ ആരോപിച്ചിരുന്നു. ആക്രമണത്തിന് പിന്നില്‍ ബബ്ലു ശ്രീവാസ്തവയാണെന്നാണ് പാകിസ്ഥാന്റെ വാദം. എന്നാല്‍, ഈ ആരോപണത്തെ ഇന്ത്യ തള്ളിക്കളയുകയായിരുന്നു. പിന്നീട് ഈ ആക്രമണവുമായി ബന്ധപ്പെട്ട് അഞ്ച് പേരെ പാകിസ്ഥാന്‍ അറസ്റ്റ് ചെയ്തിരുന്നു. ഇവരെല്ലാം പാക്കിസ്ഥാനികളായിരുന്നു എന്നുള്ളതായിരുന്നു രസകരം. ഇവരില്‍ നാലുപേരുെ വധശിക്ഷ നടപ്പിലാക്കിക്കഴിഞ്ഞു.




ഹാഫിസുമായുള്ള ബന്ധമുള്ളവര്‍ക്കും മരണം

മാത്രമല്ല, ഹാഫിസ് സയീദുമായി അടുപ്പമുള്ളവരൊക്കെ വെടിയേറ്റ് മരിക്കയാണ്. മുഫ്തി ഖൈസര്‍ ഫാറൂഖ് എന്ന ഭീകരന്‍ കഴിഞ്ഞ വര്‍ഷം കറാച്ചിയില്‍ അജ്ഞാതരുടെ വെടിയേറ്റ് മരിച്ചിരുന്നു. ലഷ്‌കറിന്റെപ്രധാന ഭീകരരില്‍ ഒരാളായിരുന്നു ഖൈസര്‍ ഫാറൂഖ്. ഹാഫിസുമായി അടുപ്പത്തിലായിരുന്നു ഇയാള്‍. സമനാബാദ് പ്രദേശത്തെ ഒരു മതസ്ഥാപനത്തിന് സമീപം ലക്ഷ്യമിട്ടുള്ള ആക്രമണത്തിലാണ് 30 കാരനായ കൈസര്‍ വെടിയേറ്റു മരിച്ചതെന്ന് ദ ഡോണ്‍ പത്രം റിപ്പോര്‍ട്ട് ചെയ്യുന്നു. വെടിയേറ്റതിനെ തുടര്‍ന്ന് കൈസറിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണമടയുകയായിരുന്നു.

പാക്കിസ്ഥാനിലെ തുടര്‍ച്ചയായ കൊലപാതകങ്ങള്‍ ഭീകരര്‍ക്ക് ഉറക്കമില്ലാത്ത രാത്രികളാണ് നല്‍കിയിരിക്കുന്നത്. 2023 മെയ് ആറിന് ഖാലിസ്ഥാന്‍ കമാന്‍ഡോ ഫോഴ്‌സ് മേധാവി പരംജീത് സിംഗ് പാകിസ്ഥാനിലെ ലാഹോറില്‍ വച്ച് അജ്ഞാത കൊലയാളികളുടെ വെടിയേറ്റ് മരിച്ചിരുന്നു. ഈ ഖാലിസ്ഥാന്‍ ഭീകരന്‍ ഏറെക്കാലമായി പാക്കിസ്ഥാനിലെ ലാഹോറില്‍ ഒളിവില്‍ കഴിയുകയായിരുന്നു. ഇതിനിടയില്‍ പാക്കിസ്ഥാനില്‍ യുവാക്കള്‍ക്ക് ആയുധ പരിശീലനം നല്‍കുന്ന പ്രവര്‍ത്തനവും ഇയാള്‍ നടത്തിയിരുന്നു. ഇന്ത്യയിലെ വിഐപികളെ ആക്രമിക്കാനുള്ള സഹായങ്ങള്‍ നല്‍കുന്നതിലും ഇയാള്‍ മുന്നിലുണ്ടായിരുന്നു. ഇന്ത്യന്‍ സര്‍ക്കാരിനെതിരെ ന്യൂനപക്ഷങ്ങളെ അണിനരത്തുക എന്ന ലക്ഷ്യത്തോടെ രാജ്യദ്രോഹപരവും വിഘടനവാദപരവുമായ പരിപാടികള്‍ റേഡിയോ വഴി പാക്കിസ്ഥാനില്‍ സംപ്രേഷണം ചെയ്യുന്നതിന് പിന്നിലും പരംജിത്തായിരുന്നു. മയക്കുമരുന്ന് കടത്തലിലും സജീവമായിരുന്ന ഇയാള്‍ കള്ളക്കടത്തുകാരുടെയും ഭീകരരുടെയും ഇടനിലക്കാരന്‍ കൂടിയായിരുന്നുവെന്നും എന്‍ഐഎയുടെ റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു.

ജമ്മു കശ്മീരിലെ കുപ്വാര ജില്ലക്കാരനായ, ബഷീര്‍ അഹമ്മദ് പീര്‍ എന്ന ഇംതിയാസ് ആലവും 2023 ഫെബ്രുവരി 20ന് പാകിസ്ഥാനില്‍ വച്ച് അജ്ഞാതരുടെ വെടിയേറ്റ് കൊല്ലപ്പെട്ടു. ഹിസ്ബുള്‍ മുജാഹിദ്ദീന്‍ ലോഞ്ചിംഗ് കമാന്‍ഡറായിരുന്നു ഇംതിയാസ് ആലം എന്ന ബഷീര്‍ അഹമ്മദ് പീര്‍. റാവല്‍പിണ്ടിയില്‍ വച്ചാണ് ഇംതിയാസ് കൊല്ലപ്പെടുന്നത്. 2022ഇന്ത്യന്‍ സര്‍ക്കാര്‍ ഇയാളെ തീവ്രവാദിയായി പ്രഖ്യാപിച്ചത്. റാവല്‍പിണ്ടി കേന്ദ്രമാക്കി ജമ്മു കശ്മീരിലേക്ക് നുഴഞ്ഞുകയറുന്ന ഭീകരര്‍ക്ക് ലോജിസ്റ്റിക്സും മറ്റ് ഉപകരണങ്ങളും നല്‍കുന്നത് ഇംതിയാസ് ആയിരുന്നവെന്നാണ് എന്‍ഐഎ റിപ്പോര്‍ട്ട്.

ഭീകരതയുടെ പുസ്തകം മുതല്‍ ഇസ്ലാമിസ്റ്റ് ഗറില്ലവരെ

ഒരു ഭീകരന്‍ നിരവധി കുറ്റകൃത്യങ്ങളും കൊലപാതകങ്ങളും ചെയ്ത് കൊടും ഭീകരനായിക്കഴിഞ്ഞാല്‍ പിന്നെ അവന്‍, ഒരു ഇരട്ടപ്പേരിലാണ് ലോകത്തിന്റെ മുന്നില്‍ അറിയപ്പെടുക. ഇത്തരം ഇരട്ടപ്പേരുകളുള്ള നിരവധി ഭീകരരാണ് കഴിഞ്ഞ മൂന്ന് വര്‍ഷത്തിനുള്ളില്‍ കാലപുരി പൂകിയത്.

ഭീകരതയുടെ പുസ്തകം എന്നറിയപ്പെടുന്ന ഇജാസ് അഹമ്മദ് അഹാംഗര്‍ 2023 ഫെബ്രുവരി 22 ന് അഫ്ഗാനിസ്ഥാനിലെ കാബൂളില്‍ വച്ച് കൊല്ലപ്പെട്ടു. ഇന്ത്യയില്‍ ഇസ്ലാമിക് സ്റ്റേറ്റ് പുനരാരംഭിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ക്കിടയിലാണ് ഇയാള്‍ കൊല്ലപ്പെടുന്നത്. ഈ ആവശ്യവുമായി ബന്ധപ്പെട്ട് ഇജാസ് അല്‍ ഖ്വയ്ദയുമായും ബന്ധപ്പെട്ടിരുന്നു. 1996-ല്‍ കശ്മീര്‍ ജയിലില്‍ നിന്ന് മോചിതനായ ഇജാസ് പാകിസ്ഥാനിലേക്ക് പലായനം ചെയ്യുകയും അവിടെ നിന്ന് അഫ്ഗാനിസ്ഥാനിലേക്ക് പോവുകയുമായിരുന്നു. ഇന്ത്യാ ഗവണ്‍മെന്റ് ഇയാളെ മോസ്റ്റ് വാണ്ടഡ് തീവ്രവാദികളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തിയിരുന്നു. 1974ല്‍ ശ്രീനഗറിലൊണ്, ഇജാസ് ജനിച്ചത്. അല്‍-ഖ്വയ്ദയുമായും മറ്റ് ആഗോള ഭീകര സംഘടനകളുമായും ഇജാസിന് അടുത്ത ബന്ധമുണ്ടായിരുന്നു.

മുന്‍ അല്‍ ബദര്‍ കമാന്‍ഡര്‍ സയ്യിദ് ഖാലിദ് റാസ പാകിസ്ഥാനില്‍ വെടിയേറ്റ് മരിച്ചത് 2023 ഫെബ്രുവരി 26നാണ്. കശ്മീരില്‍ ഭീകരര്‍ക്ക് പരിശീലനം നല്‍കിയിരുന്ന മത തീവ്രവാദ സംഘടനയായിരുന്നു അല്‍ ബദര്‍. സയ്യിദ് ഖാലിദ് റാസയെ കറാച്ചിയിലെ വീടിന് പുറത്തു വച്ചാണ് അജ്ഞാതര്‍ വെടിവെച്ചുകൊന്നത്. കശ്മീരില്‍ തീവ്രവാദം വ്യാപിപ്പിക്കുന്നതില്‍ സജീവമായിരുന്ന ഇയാളുടെ തലയ്ക്കാണ് അജ്ഞാതര്‍ വെടിയുതിര്‍ത്തത്.

ഇന്ത്യ തിരയുന്ന ഭീകരരുടെ പട്ടികയില്‍ ഉള്‍പ്പെട്ട സയ്യിദ് നൂര്‍ ഷലോബറിനെ 2023 മാര്‍ച്ച് 4 ന് പാക്കിസ്ഥാനിലെ ഖൈബര്‍ പഖ്തൂണ്‍ഖ്വ മേഖലയില്‍ വച്ച് അജ്ഞാതരായ തോക്കുധാരികള്‍ കൊലപ്പെടുത്തുകയയിരുന്നു. പാകിസ്ഥാന്‍ സൈന്യവുമായും രഹസ്യാന്വേഷണ ഏജന്‍സിയായ ഐഎസ്‌ഐയുമായും സഹകരിച്ച് കശ്മീരില്‍ ഭീകരവാദം വ്യാപിപ്പിക്കുകയും പുതുതായി ഭീകര സംഘടനയില്‍ എത്തുന്നവര്‍ക്ക് പരിീലെനം നല്‍കുകയും ചെയ്തു വരികയായിരുന്നു ഷാലോബര്‍.

പാക് അധീന കശ്മീരിന്റെ തലസ്ഥാനമായ മുസാഫറാബാദില്‍ നിന്ന് 130 കിലോമീറ്റര്‍ അകലെ റാവല്‍കോട്ടിലെ പള്ളിയില്‍ വെള്ളിയാഴ്ച പ്രാര്‍ത്ഥനയ്ക്കിടെയാണ് ഭീകരന്‍ മുഹമ്മദ് റിയാസ് കൊല്ലപ്പെട്ടത്. അജ്ഞാതനായ കൊലയാളി ഇയാളുടെ ശരീരത്തിലേക്ക് നാല് റൗണ്ട് വെടിവയ്ക്കുകയായിരുന്നു. അബു ഖാസിം കശ്മീരി എന്ന പേരിലും മുഹമ്മദ് റിയാസ് അറിയപ്പെട്ടിരുന്നു. ഈ വര്‍ഷം കശ്മീരില്‍ അഞ്ച് സൈനികരാണ് കൊല്ലപ്പെട്ടത്. അബു ഖാസിമാണ് ഈ കൊലപാതകങ്ങളുടെ സൂത്രധാരനെന്നാണ് ആരോപണം. ഇന്ത്യന്‍ സൈനികരെ രഹസ്യമായി ആക്രമിക്കാറുണ്ടായിരുന്ന ഖാസിമിനെ ഇസ്ലാമിസ്റ്റ് ഗറില്ല നേതാവ് എന്നാണ് വിളിച്ചിരുന്നത്.

കൊലകള്‍ക്ക് പിന്നിലാര്?

കഴിഞ്ഞ മൂന്നുവര്‍ഷമായി ഇന്ത്യക്കെതിരെ പ്രവര്‍ത്തിക്കുന്ന നിരവധി ഭീകരരാണ് ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ കൊല്ലപ്പെട്ടത്. ആരാണ് ഇതിന് പിന്നില്‍. ലോക മാധ്യമങ്ങളുടെ ചോദ്യത്തിന് ഔദ്യോഗിക ഉത്തരമില്ല. പക്ഷേ രഹസ്യമായി എതിരാളികള്‍ ഭയക്കുന്നുണ്ട്്. അതിന് പിന്നില്‍ റോ തന്നെയാണ്. . സിഐഎയുടെയും, മൊസാദിന്റെയുമൊക്കെ കില്ലര്‍ സ്‌ക്വാഡുകളെക്കുറിച്ച് കേട്ടിട്ടില്ലേ. ലോകത്തിന്റെ ഏത് കോണില്‍പോയി ശത്രുക്കളെ കൊന്നിടുന്ന രീതി. ആ ശൈലിയിലേക്ക് റോ യും കടക്കുകയാണെന്നാണ്, വിദേശ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. പക്ഷേ ഇന്ത്യ ഇക്കാര്യം പുര്‍ണ്ണമായി നിഷേധിക്കയാണ്. കാനഡയിലടക്കം നടന്ന സംഭവങ്ങള്‍ക്ക് തങ്ങള്‍ക്ക് യാതൊരു പങ്കുമില്ലെന്ന് ഇന്ത്യ പറയുന്നു.

ഇന്ത്യയുടെ ഈ ഭീകരമായ തിരിച്ചടി പദ്ധതികള്‍ക്ക് പിന്നില്‍ മാസ്റ്റര്‍ ബ്രയിന്‍ എന്ന് പറയുന്നത് വെറും നാലുപേരാണ് എന്നാണ്, കഴിഞ്ഞ വര്‍ഷം പാക്കിസ്ഥാന്‍ പത്രമായ ഡോണ്‍ എഴുതിയത്. കേന്ദ സുരക്ഷ ഉപദേഷ്ടാവ് അജിത്ത് ഡോവലും, റോ യുടെ മേധാവി രവി സിന്‍ഹയും, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷായുമാണ് പിന്നെ പ്രധാനമന്ത്രി നരേന്ദ്രമോദിയും. ഇന്ത്യയുടെ അണ്ടര്‍ കവര്‍ ഓപ്പറേഷന്‍ ശക്തമാവുകയാണെന്ന് ന്യൂയോര്‍ക്ക് ടൈംസ് അടക്കമുള്ള പത്രങ്ങളും പറയുന്നു. 79ാം വയസ്സിലും ദിവസവും 18 മണിക്കൂര്‍ ജോലിചെയ്യുന്ന അജിത്ത് ഡോവല്‍ ശരിക്കും ഇന്ത്യയുടെ ജെയിംസ് ബോണ്ട് തന്നെയാണ്. തോക്ക് തൊട്ട് ടോര്‍പിഡോവരെ പ്രവര്‍ത്തിപ്പിക്കാന്‍ അറിയാം. ആ രീതിയില്‍ പരിശീലനം കിട്ടിയ ഒരു സൂപ്പര്‍ സ്‌പൈ ആയിരുന്നു അജിത്ത്. ഇന്ത്യയിലും വിദേശത്തുമായി, മരണം മുന്നില്‍ കാണുന്ന നിരവധി സൈനിക നീക്കങ്ങളില്‍ പങ്കെടുത്തയാള്‍. മരുഭുമിയില്‍ ദിവസങ്ങളോളം വെള്ളം കിട്ടാതെ പിടിച്ച് നില്‍ക്കാനും, കടലില്‍ ഒറ്റപ്പെട്ടുപോയാല്‍ അതിജീവിക്കാനുമൊക്കെ പരിശീലനം കിട്ടിയ ഒരു സൂപ്പര്‍ കമാന്‍ഡോ. ആ അറിവ് തന്നെയാണ് ഇത്തരം ഒരു കില്ലര്‍ ഫോഴ്‌സിന്റെ രൂപീകരത്തിലേക്ക് നയിച്ചത് എന്നാണ് വിലയിരുത്തല്‍.

പക്ഷേ ഇന്ത്യ വിദേശകാര്യമന്ത്രി എസ് ജയശങ്കറും പ്രധാനമന്ത്രി നരേന്ദ്രമോദിയും അടക്കമുള്ളവര്‍ ഈ അണ്ടര്‍ കവര്‍ ഓപ്പറേഷനുകളുടെ ശക്തമായി നിഷേധിക്കയാണ്. അത്തരം ഒരു രീതി ഭാരതത്തിന് ഇല്ലെന്നും അവര്‍ പറയുന്നു. അപ്പോഴും ഒരു ചോദ്യം ബാക്കിയാവുന്നു. എന്തുകൊണ്ടാണ് ഇന്ത്യയുടെ ശത്രുക്കളായ ഭീകരര്‍ വിദേശമണ്ണില്‍ തുടര്‍ച്ചയായി കൊല്ലപ്പെടുന്നത്? അവരോട് വ്യക്തിവൈരാഗ്യമോ മറ്റോ ഉള്ള ആരെങ്കിലും കണ്ടത്താന്‍ കഴിഞ്ഞോ? പാക്കിസ്ഥാനിലും കാനഡിയിലുമൊക്കെപ്പോയി ഓപ്പറേഷനുകള്‍ നടത്താന്‍, ഒരു സംഘടിത സൈനിക- ഇന്റലിജന്‍സ് ഔട്ട്പുട്ട് ഇല്ലാത്തവര്‍ക്ക് കഴിയുമോ?

സത്യം പറഞ്ഞാല്‍ അളമുട്ടിയാല്‍ ചേരയും കടിക്കുമെന്നതാണോ ഇന്ത്യയുടെ അവസ്ഥ. ഒരുകാലത്ത് പാര്‍ലിമെന്റിനുനേരെവരെ ഭീകരാക്രമണമുണ്ടായപ്പോള്‍ നിസ്സഹായരായി നോക്കിനില്‍ക്കേണ്ടിവന്നരാണ് നാം. അന്ന് പൊട്ടിച്ചിരിച്ച് അര്‍മാദിച്ചിരുന്ന ഭീകരര്‍ ഇന്ന് ജീവഭയത്താല്‍ ഓടുകയാണ്!

വാല്‍ക്കഷ്ണം: 'പത്തിഞ്ച് കത്തികൊണ്ട് കുത്തിവാങ്ങും പാക്കിസ്ഥാന്‍' എന്ന മുദ്രവാക്യമുയര്‍ത്തി, കേരളത്തിലടക്കം പ്രകടനം നടത്തി പിടിച്ച് വാങ്ങിയ ഒരു മതരാജ്യത്തിന്റെ ഇന്നത്തെ അവസ്ഥയെന്താണ്. പട്ടിണിയും, ദാരിദ്ര്യവും ഭീകരതയും. സ്വന്തം രാജ്യം വേണമെന്ന് ആവശ്യപ്പെട്ടാണ് ബലൂചിസ്ഥാനില്‍ പ്രക്ഷോഭം നടക്കുന്നത്. ട്രെയിന്‍ റാഞ്ചല്‍ തൊട്ട് ബോംബ് സ്ഫോടനംവരെ അവിടെ പതിവായി നടക്കുന്നു. മറുഭാഗത്ത് പാക് താലിബാന്‍ തൊട്ട് ഷിയാ തീവ്രവാദികള്‍ വരെയുണ്ട്. പാക്കിസ്ഥാന്റെ വടക്കന്‍ മലനിരകളില്‍ ഐസിസുമുണ്ട്. ഇവരൊക്കെ പരസ്പരം പോരടിക്കുകയാണ്. വാളെടുത്തവന്‍ വാളാല്‍ എന്ന ഉപമ ഇതിലും നന്നായി ആര്‍ക്കാണ് ചേരുക.