- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കറന്‍സിയില്‍ നിന്ന് നാലു പൂജ്യങ്ങള്‍ നീക്കുന്നു; 10,000 റിയാലിന് ഇനി മൂല്യം വെറും ഒന്നിന്റേത്; പാപ്പരാവാതിരിക്കാന്‍ കടും വെട്ടുമായി ഇസ്ലാമിക ഭരണകൂടം; ജനങ്ങളില്‍ 50 ശതമാനവും ദാരിദ്ര്യരേഖക്ക് താഴെ; ലോകത്തിലെ എണ്ണ ശേഖരത്തിന്റെ 10 ശതമാനമുണ്ടായിട്ടും ഇറാന് പാപ്പരായതെങ്ങനെ?
കറന്‍സിയില്‍ നിന്ന് നാലു പൂജ്യങ്ങള്‍ നീക്കുന്നു
നമ്മുടെ രണ്ടായിരത്തിന്റെ നോട്ടിലെ മൂന്ന് പൂജ്യങ്ങള്‍ പൊടുന്നനെ അസാധുവാക്കപ്പെടുകയും അതിന് വെറും 2 രൂപയുടെ വില മാത്രമാവുകയും എന്നുവന്നാല്‍ എന്ത് ചെയ്യും! അഞ്ഞൂറിന്റെ നോട്ടിന് മൂല്യമുണ്ടാവുക വെറും 5 രൂപയുടേതാവും. ( നോട്ടു നിരോധനം പോലെ മനുഷ്യനിര്‍മ്മിത ദുരന്തങ്ങളുണ്ടായ ഒരു രാജ്യത്ത് ഇതും സംഭവിക്കാതിരിക്കട്ടെ!) എന്നാല്‍ അത്തരമൊരു കടുത്ത സാമ്പത്തിക പരിഹാരക്രിയയിലൂടെയാണ്, ലോക ഇസ്ലാമിക നേതൃത്വം സ്വയം എടുത്തണിയുന്ന, ഷിയാ കാര്‍ക്കശ്യത്തിന്റെ അവസാന വാക്കായ, ലോകത്തെ ആവണ ഭീഷണിയിലേക്ക് തള്ളിവിടുന്ന, ഇറാന്‍ കടന്നുപോവുന്നത്. കടുത്ത സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ നോട്ടിലെ പൂജ്യം വെട്ടുക എന്ന കടും വെട്ടിലേക്കാണ് അവര്‍ കടക്കുന്നത്.
ഔദ്യോഗിക റിപ്പോര്‍ട്ടുകള്‍ പ്രകാരം, ഇറാനിയന്‍ ജനസംഖ്യയുടെ 50% പേരും ദാരിദ്ര്യരേഖയ്ക്ക് താഴെയാണ് ജീവിക്കുന്നത്. ആറ് വയസ്സിന് താഴെയുള്ള കുട്ടികളില്‍ ഏകദേശം 16% പേര്‍ പോഷകാഹാരക്കുറവ് അനുഭവിക്കുന്നു. 8 ലക്ഷത്തോളം കുട്ടികള്‍ പ്രോട്ടീന്‍ കുറവിന്റെയും പ്രശ്നങ്ങള്‍ നേരിടുന്നു. ഇറാനിലെ 11% കുട്ടികള്‍ ഭാരക്കുറവുള്ളവരാണെന്നും 5% പേര്‍ കടുത്ത പോഷകാഹാരക്കുറവ് അനുഭവിക്കുന്നുണ്ടെന്നും യുനിസെഫിന്റെ സ്ഥിതിവിവരക്കണക്കുകള്‍ കാണിക്കുന്നു.
നോക്കണം, ലോകത്തിലെ എണ്ണ ശേഖരത്തിന്റെ 10 ശതമാനവും, പ്രകൃതി വാതക ശേഖരത്തിന്റെ 15 ശതമാനവുമുള്ള 'എന്‍ര്‍ജി സൂപ്പര്‍ പവര്‍' എന്നറിയപ്പെടുന്ന രാജ്യമാണ് ഈ രീതിയില്‍ കൂപ്പുകുത്തുന്നത്. വെള്ളം വെള്ളം സര്‍വത്ര, തുള്ളി കുടിപ്പാനില്ലത്രേ എന്ന ഉപമപോലെ, 2024 മുതല്‍ ഇറാന്‍ ഒരു ഊര്‍ജ്ജ പ്രതിസന്ധി നേരിടുക കൂടി ചെയ്യുന്നുണ്ട്. അപ്പോള്‍ ചോദ്യം വരും, ട്രില്ല്യന്‍ കണക്കിന് ബാരല്‍ എണ്ണയും പ്രകൃതിവാതകവും വിറ്റുള്ള പണം എങ്ങോട്ടുപോവുന്നു? ഒരു കാലത്ത് ലോകത്തിന്റെ സംസ്‌ക്കാരത്തിന്റെ കേന്ദ്രമായി അറിയപ്പെട്ട ഇറാന്‍ എങ്ങനെയാണ് ഇങ്ങനെ തകര്‍ന്നത്.
കറന്‍സിയില്‍നിന്ന് പൂജ്യങ്ങള്‍ വെട്ടുന്നു!
വിലയിടഞ്ഞ് കറന്‍സിക്ക് കടലാസുവിലയായ ചില രാജ്യങ്ങളെ കഥ നാം കേട്ടിട്ടുണ്ട്. ആഫ്രിക്കന്‍ രാജ്യങ്ങളായ സുഡാനിലും, സോമാലിയയിലുമൊക്കെ അവിടുത്തെ കറന്‍സികള്‍ ആര്‍ക്കും വേണ്ടാതായിരുന്നു. ഈ രാജ്യങ്ങളിലൊക്കെ ഉന്തുവണ്ടിയില്‍ കറന്‍സികള്‍ കൊണ്ടുവരുന്നതിന്റെ അടക്കം വീഡിയോകള്‍ വൈറലായിരുന്നു. ഒരുകാലത്ത് ശ്രീലങ്കയും, അര്‍ജന്റീനയടക്കമുള്ള ലാറ്റിനമേരിക്കന്‍ രാജ്യങ്ങളും ഇത്തരം സാമ്പത്തിക ദുരന്തങ്ങളിലൂടെ കടന്നുപോയി.
ഇപ്പോള്‍ ഏതാണ്ട് സമാനമായ ഒരു സാമ്പത്തിക പ്രതിസന്ധിയാണ് ഇറാനും നേരിടുന്നത്. വര്‍ദ്ധിച്ചുവരുന്ന പണപ്പെരുപ്പം, കുത്തനെ ഇടിഞ്ഞ കറന്‍സിയുടെ മൂല്യം, അന്താരാഷ്ട്ര ഉപരോധങ്ങളുടെ നീണ്ടുനില്‍ക്കുന്ന ആഘാതം തുടങ്ങിയ മൂലം കടുത്ത അരക്ഷിതാവസ്ഥയാണ് ഇറാന്‍ സമ്പദ്വ്യവസ്ഥ നേരിടുന്നതെന്ന അല്‍ജസീറ ചാനല്‍പോലം സമ്മതിക്കുന്നു. ഡോളറിനെ വെച്ചുനോക്കുമ്പോള്‍, ഇറാന്‍ കറന്‍സിയായ റിയാലിന്റെ മൂല്യം കുത്തനെ ഇടിഞ്ഞിരിക്കയാണ്. 42,246 ഇറാനിയന്‍ റിയാലിന് സമമാണ് ഇപ്പോള്‍ ഒരു ഡോളര്‍! അഥവാ, ഒരു ഡോളര്‍ കൊടുത്താല്‍ അത്രയും റിയാല്‍ കിട്ടും. കറന്‍സിയുടെ ഈ തകര്‍ച്ച ഒഴിവാക്കാന്‍ വിചിത്രമായ നടപടിയാണ് ഇറാന്‍ ചെയ്തത്. നോട്ടിലെ പൂജ്യങ്ങളെ അസാധുവാക്കുക.
സാമ്പത്തിക ഇടപാടുകള്‍ ലളിതമാക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായി കറന്‍സിയില്‍നിന്ന് നാല് പൂജ്യങ്ങള്‍ നീക്കാന്‍ തീരുമാനിച്ചിരിക്കയാണ് ഇറാന്‍ ഭരണകൂടമെന്ന് റോയിട്ടേസ് അടക്കമുള്ള അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇടിഞ്ഞുകൊണ്ടിരുന്ന കറന്‍സിയെ ശക്തിപ്പെടുത്തുന്നതിന് സഹായകരമാകും നടപടിയെന്നാണ് അധികൃതര്‍ വിലയിരുത്തുന്നത്. ഇതോടെ 10,000 ത്തിന് തുല്യമായ ഒരു കറന്‍സിക്ക് ഇനി ഒരു റിയാലിന്റെ മൂല്യമാവും ഉണ്ടാവുക. കൂടാതെ ഇതിനെ 100 ഘെറാനുകളായി വിഭജിച്ചിരിക്കുന്നു. പക്ഷേ ഇത് പ്രാബല്യത്തില്‍ വന്നിട്ടില്ല. എന്നാല്‍ ബില്‍ വന്നിട്ടുണ്ട്.
നിലവിലെ ബില്‍ പാര്‍ലമെന്ററി വോട്ടെടുപ്പില്‍ പാസാക്കുകയും നിയമനിര്‍മ്മാണം നടത്താന്‍ അധികാരമുള്ള സ്ഥാപനമായ ഗാര്‍ഡിയന്‍ കൗണ്‍സിലിന്റെ അംഗീകാരം നേടുകയും വേണം. മെയ് മാസത്തില്‍, ഇറാനിയന്‍ സെന്‍ട്രല്‍ ബാങ്ക് ഗവര്‍ണര്‍ മുഹമ്മദ് റെസ ഫാര്‍സിന്‍ ഈ പദ്ധതി പിന്തുടരുമെന്ന് പറഞ്ഞിരുന്നു. പിന്നീട് കുറച്ചുകാലത്തേക്ക് കേള്‍ക്കാതായ ഈ പദ്ധതി ഇപ്പോള്‍ വീണ്ടും പുറത്തെടുത്തിരിക്കയാണ്. പക്ഷേ ഇത് വെറും തൊലിപ്പുറമെയുള്ള പരിഷ്‌ക്കാരം മാത്രമാണെന്ന് വിമര്‍ശനമുണ്ട്. പുജ്യം വെട്ടിയാലും പഴയ കറന്‍സി പിന്‍വലിച്ചാലുമൊന്നും രാജ്യത്തിന്റെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടില്ല. അതിന് കൂടുതല്‍ വാണിജ്യങ്ങളും, വ്യവസായങ്ങളും ഉണ്ടാവേണ്ടതുണ്ട്. രാജ്യത്തിന്റെ കയറ്റുമതി മെച്ചപ്പെടണം. ടൂറിസം മേഖല ശക്തിപ്പെടണം. തദ്ദേശീയമായി ജനങ്ങളുടെ കൈയില്‍ പണം എത്തണം. അതിന് ഇറാനിയല്‍ സമ്പദ് വ്യവസ്ഥയില്‍ അടിമുടി പരിഷ്‌ക്കരണമാണ് വേണ്ടത്. അതിന് പക്ഷേ മതനേതൃത്വം അനുവദിക്കില്ല. അതുതന്നെയാണ് ഇറാന്റെ യഥാര്‍ത്ഥ പ്രശ്നവും.
സാമ്പത്തിക സ്വതന്ത്ര്യമില്ലാത്ത നാട്
ഇന്ത്യയുടെയും ചൈനയുടെയുമെല്ലാം പട്ടിണി മാറ്റിയത് ശരിക്കും പറഞ്ഞാല്‍ സാമ്പത്തിക ഉദാരീകരണവും ആഗോളീകരണവുമാണ്. എന്നാല്‍ ഇറാനില്‍ അതുപോലെ ഒരു അവസ്ഥയല്ല. ഇപ്പോഴും അടഞ്ഞ സാമ്പത്തിക അവസ്ഥയാണ് ഇറാനില്‍. പ്രധാനപ്പെട്ട രാജ്യങ്ങളുമായൊക്കെ വളരെ മോശം ബന്ധത്തിലാണ് ഇറാന്‍. ഇതിനെല്ലാം പുറമെയാണ് അമേരിക്കയുടെ ഉപരോധം.2018- ല്‍ യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ആദ്യ ഭരണകാലത്ത് സുപ്രധാന ആണവ കരാറില്‍ നിന്ന് വാഷിംഗ്ടണ്‍ പിന്മാറിയതിനുശേഷം, യുഎസ് ഏര്‍പ്പെടുത്തിയ കടുത്ത ഉപരോധങ്ങള്‍ കാരണം ഇറാന്റെ സമ്പദ്വ്യവസ്ഥ വളരെക്കാലമായി കടുത്ത സമ്മര്‍ദ്ദത്തിലാണ് തുടരുന്നത്. ഇതോടെ തീര്‍ത്തും ഒറ്റപ്പെട്ട നിലയിലാണ് ഇറാന്‍. പക്ഷേ അവര്‍ പിടിച്ചു നില്‍ക്കുന്നത്, റഷ്യയുടെയും തുര്‍ക്കിയുടെയുമൊക്ക സഹായത്തോടെയാണ്.
ഇപ്പോഴും സ്വകാര്യവത്ക്കരണം വളരെ കുറവായ രാജ്യങ്ങളിലൊന്നാണ് ഇറാന്‍. സമ്പദ്വ്യവസ്ഥയുടെ 80%-ത്തിലധികവും സര്‍ക്കാര്‍ നിയന്ത്രണത്തിലാണ്. ഇതുതന്നെ ഒരു സാമ്പത്തിക രോഗമാണെന്നാണ് വിദഗ്ധര്‍ വിലയിരുത്തുന്നത്. 1979- ന് മുമ്പ്, ഇറാന്‍ അതിവേഗം വികസിച്ചിരുന്നു. പരമ്പരാഗതമായി കാര്‍ഷിക മേഖല ശക്തമായിരുന്നു ഈ രാജ്യം 1970 കളോടെ വ്യവസായവല്‍ക്കരണത്തിനും ആധുനികവല്‍ക്കരണത്തിനും വിധേയമായി. വിപ്ലവത്തിന് തൊട്ടുമുമ്പ് മൂലധന ഒഴുക്ക് 1980-യുഎസ് ഡോളറില്‍ 30 മുതല്‍ 40 ബില്യണ്‍ ഡോളറിലെത്തിയതോടെ 1978 ആയപ്പോഴേക്കും വേഗത കുറഞ്ഞു. 1979ലെ ദേശസാല്‍ക്കരണവും ഇറാന്‍-ഇറാഖ് യുദ്ധവുമൊക്കെ രാജ്യത്തെ പറികോട്ടടിപ്പിച്ചു.
അതുപോലെ അഴിമതിയും രാജ്യത്ത് വ്യാപകമാണ്. ലോകത്തിലെ ഏറ്റവും അഴിമതി നിറഞ്ഞ രാജ്യങ്ങളില്‍ ഒന്നാണ് ഇറാന്‍ എന്നാണ് വിവധി പഠനങ്ങള്‍ പറയുന്നത്. 2021-ലെ ട്രാന്‍സ്പരന്‍സി ഇന്റര്‍നാഷണലിന്റെ കറപ്ഷന്‍ പെര്‍സെപ്ഷന്‍സ് ഇന്‍ഡെക്സില്‍ 180 ല്‍ 150-ാം സ്ഥാനത്താണ് ഇറാന്‍. മതസ്ഥാപനങ്ങളും, ഉന്നത പുരോഹിതന്മാരുമാണ് വിവിധ സര്‍ക്കാര്‍ സ്ഥാപനങ്ങളെ നിയന്ത്രിക്കുന്നത്. ഇത് വിഭവങ്ങള്‍ പാഴാക്കുന്നതിനും അവസരങ്ങള്‍ നഷ്ടപ്പെടുന്നതിനും കാരണമാകുന്നുവെന്ന് ടാന്‍സ്പരന്‍സി ഇന്റര്‍നാഷണല്‍ ചൂണ്ടിക്കാട്ടുന്നു.
ഇറാനില്‍ സാമ്പത്തിക കുറ്റകൃത്യങ്ങള്‍ വ്യാപകമാണ്. സമീപ വര്‍ഷങ്ങളില്‍ രാജ്യത്ത് അഴിമതിയുടെയും തട്ടിപ്പിന്റെയും എണ്ണം മൂന്നിരട്ടിയായി വര്‍ദ്ധിച്ചു. ഈ കേസുകളില്‍ ഭൂരിഭാഗവും സര്‍ക്കാര്‍ ജീവനക്കാരോ സര്‍ക്കാര്‍ നടത്തുന്ന സാമ്പത്തിക സ്ഥാപനങ്ങളിലെ മാനേജീരിയല്‍ സ്ഥാനങ്ങളില്‍ നിയമിതരായ ആളുകളോ ആണ്, നികുതി നല്‍കാത്ത ഫൗണ്ടേഷനുകളുടെയും (ബോണയാഡുകള്‍) സുതാര്യതയില്ലാത്തത സംഘടനകളുടെയും സാന്നിധ്യം രാജ്യത്ത് ധാരാളമുണ്ട്. രാഷ്ട്രീയ ഉന്നതരുടെയും പ്രമുഖ പുരോഹിതന്മാരുടെയും മറ്റ് പ്രമുഖ രാഷ്ട്ര നേതാക്കളുടെയും ബാങ്ക് അക്കൗണ്ടുകളിലേക്ക് ഈ ബോണയാഡുകള്‍ ട്രില്യണ്‍ കണക്കിന് ഡോളര്‍ പൊതു ഫണ്ട് വഴിതിരിച്ചുവിട്ടതായി റിപ്പോര്‍ട്ടുകളുണ്ട്. മറ്റൊരു രീതിയില്‍ പറഞ്ഞാല്‍ ഇറാനിലെ മത നേതൃത്വം തന്നെയാണ് സാമ്പത്തിക തകര്‍ച്ചക്കും ഉത്തരവാദികള്‍.
യുദ്ധം ചോര്‍ത്തുന്ന ഖജനാവ്
ഒരു സര്‍ക്കാരിനെ ഉത്തരവാദിത്തത്തോടെ നിലനിര്‍ത്തുന്നതിന് സുതാര്യത അത്യാവശ്യമാണ്. എന്നാല്‍ പൗരോഹിത്യ ഭരണകൂടം ഇക്കാര്യത്തില്‍ നിരന്തരം പരാജയപ്പെട്ടു. ഇറാനിലെ സമ്പദ്വ്യവസ്ഥയുടെ എല്ലാ മേഖലകളിലും രാഷ്ട്രീയ ഇടപെടല്‍, സ്വജനപക്ഷപാതം എന്നിവയുണ്ടെന്നാണ് ട്രാന്‍സ്പെരന്‍സി ഇന്റര്‍ നാഷണല്‍ പറയുന്നത്.
അടിക്കടിയുണ്ടാവുന്ന യുദ്ധങ്ങളും പ്രോക്സി സംഘടനകള്‍ക്കുള്ള ഫണ്ടിങ്ങുമാണ് ഇറാന്റെ ഖജനാവ് ചോര്‍ത്തുന്ന ഏറ്റവും പ്രധാന സംഭവങ്ങള്‍. ഇറാഖുമായുള്ള എട്ട് വര്‍ഷത്തെ യുദ്ധം കുറഞ്ഞത് 3,00,000 ഇറാനിയന്‍ ജീവകളുാണ് അപഹരിച്ചത്. 5,00,000-ത്തിലധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഇറാന്റെ സമ്പദ്വ്യവസ്ഥയ്ക്ക് യുദ്ധം വലിയ ആഘാതമായി. ചെലവ് ഏകദേശം 500 ബില്യണ്‍ ഡോളറായിരുന്നു! 1988ല്‍ യുദ്ധം അവസാനിച്ചതിനുശേഷമാണ് ഇറാന്‍ ഒന്ന് പച്ചപിടിച്ചുവന്നത്. പക്ഷേ 1980 നും 2000 നും ഇടയില്‍ ഇറാന്റെ ജനസംഖ്യ ഇരട്ടിയിലധികമായി വര്‍ദ്ധിച്ചു. നിരവധി ഇറാനികള്‍ കര്‍ഷകരാണെങ്കിലും, 1960 കള്‍ മുതല്‍ കാര്‍ഷിക ഉല്‍പ്പാദനം സ്ഥിരമായി കുറഞ്ഞു. 1990 കളുടെ അവസാനത്തോടെ, ഇറാന്‍ അതിന്റെ ഭക്ഷണത്തിന്റെ ഭൂരിഭാഗവും ഇറക്കുമതി ചെയ്തു. അക്കാലത്ത്, ഗ്രാമപ്രദേശങ്ങളില്‍നിന്ന് നഗരങ്ങളിലേക്ക് കൂട്ട പലായനവും ഉണ്ടായി.
സൈനിക ചെലവും രാജ്യത്ത് ഭീമാണ്. 2021- ല്‍ തന്നെ ഏറ്റവും കൂടുതല്‍ സൈനിക ചെലവിടുന്ന 14-ാമത്തെ രാജ്യമായി ഇത് മാറി. അതിനേക്കാള്‍ വലിയ ചിലവാണ് പ്രോക്സികളെ തീറ്റിപ്പോറ്റുക എന്നത്. ലെബനോണിലെ ഹിസ്ബുള്ളക്കും, യമനിലെ ഹൂതികള്‍ക്കുമൊക്കെ കോടികളുടെ ഫണ്ടാണ് ഇവര്‍ പമ്പ് ചെയ്യുന്നത്. അതുപോലെ വിമതരെ അടിച്ചമര്‍ത്താനും, ഭരണകൂടത്തിനെതിരെ പ്രതികരിക്കുന്നവരെ തുരത്താനും വേണ്ടി പോവുന്നതും ശതകോടികളാണ്. അതുപോലെ തന്നെയാണ് ആണവ പദ്ധതികള്‍. അതിനും കോടികളാണ് ഇറാന്‍ ചെലവിടുന്നത്. സ്വന്തം ജനത പട്ടിണി കിടക്കുമ്പോഴും, ഇസ്ലാമിക ഭരണകൂടത്തിന് പ്രധാനം ആറ്റം ബോംബുണ്ടാക്കുകയാണ്.
അമേരിക്കയുടെ ഉപരോധത്തില്‍ വലയുന്ന ഇറാന്, ട്രംപ് ജനുവരിയില്‍ അധികാരത്തില്‍ തിരിച്ചെത്തും വലിയ വിനയായി. ഇറാനെതിരെ പരമാവധി സമ്മര്‍ദ ഉപരോധ പ്രചാരണങ്ങളാണ് ട്രംപ് നടത്തുന്നത്. ജൂണില്‍ ഇറാന്റെ ആണവ, സൈനിക കേന്ദ്രങ്ങള്‍ക്ക് ഇസ്രായേല്‍ ആക്രമണം നടത്തിയതിന് ശേഷം 12 ദിവസത്തെ മാരകമായ യുദ്ധം നടന്നിരുന്നു. കോടിക്കണക്കിന് നാശനഷ്ടങ്ങള്‍ക്കും വരുമാനനഷ്ടത്തിനും കാരണമായി. യുദ്ധവും ഭീതിയുമില്ലാത്ത രാജ്യത്താണ് വികസനം വരിക. എന്നാല്‍ എന്നും യുദ്ധ ഭീകരയുടെ ഒരു ഭാഗത്ത് ഇറാന്‍ ഉണ്ടാവും. അവസാനത്തെ യഹൂദനെവരെ ഇല്ലാതാക്കണം എന്ന മത കഥ വിശ്വസിച്ചാണ്, അവരുടെ പ്രവര്‍ത്തനം. അത് സ്വന്തം രാജ്യത്തെ സാമൂഹ്യമായും സാമ്പത്തികമായും തകര്‍ക്കയാണ്.
അനുഭവിക്കുന്നതില്‍ ഏറെയും കുട്ടികള്‍
ഇറാനില്‍ ഏറെ ദുരിതമനുഭവിക്കുന്നതില്‍ ഒരു വിഭാഗം കുട്ടികളാണ്. പട്ടിണി, തെരുവ് പോരാട്ടങ്ങള്‍, രോഗം എന്നിവ കാരണം ഓരോ മാസവും ഈ നാട്ടില്‍ 100-ലധികം കുട്ടികള്‍ മരിക്കുന്നുവെന്നാണ് യുണിസെഫ് പുറത്തുവിട്ട കണക്ക്. കുട്ടികളെ കടത്തുന്നതും ബാലവേല ചെയ്യുന്നതും തടയാനുള്ള നടപടികള്‍ ഇവിടെ ദുര്‍ബലമാണ്. കുട്ടിക്കുറ്റവാളികളുടെ എണ്ണത്തിലും വലിയ രീതിയിലുള്ള വര്‍ധനയുണ്ട്.18 വയസ്സിന് താഴെയുള്ളവര്‍ക്ക് വധശിക്ഷ അനുവദിക്കുന്ന അഞ്ച് രാജ്യങ്ങളില്‍ ഒന്നാണ് ഇറാന്‍ (പാകിസ്ഥാന്‍, സൗദി അറേബ്യ, സുഡാന്‍, യെമന്‍ എന്നിവയോടൊപ്പം). തടവിലാക്കപ്പെടുന്ന കുട്ടികള്‍ക്ക് പലപ്പോഴും നിയമസഹായം കിട്ടാറില്ല. മയക്കുമരുന്ന് കടത്തിലേക്കും തീവ്രവാദ പ്രവര്‍ത്തലത്തിലേക്കും പോവുന്ന കുട്ടികളുടെ എണ്ണവും കുറവല്ല.
ഇറാനില്‍ 5 വയസ്സിന് താഴെയുള്ള കുട്ടികളുടെ മരണനിരക്ക് വളരെ കൂടുതലാണ്. അകാല ജനനം, ന്യുമോണിയ, പെല്‍വിക് കണ്‍ജഷന്‍, വയറിളക്കം എന്നിവയാണ് ശിശുമരണത്തിന്റെ പ്രധാന കാരണങ്ങള്‍. കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി മാതൃ ആരോഗ്യ സംരക്ഷണം മെച്ചപ്പെട്ടിട്ടുണ്ടെങ്കിലും, അമ്മമാര്‍ക്കും കുട്ടികള്‍ക്കും ഇടയില്‍, പ്രത്യേകിച്ച് ഗ്രാമപ്രദേശങ്ങളില്‍ പോഷകാഹാരക്കുറവ് ഇപ്പോഴും ഗുരുതരമായ ഒരു പ്രശ്നമാണ്. ഇറാനില്‍ 11 വയസ്സ് വരെ വിദ്യാഭ്യാസം സൗജന്യമാണ്, നിര്‍ബന്ധമാണ്. എന്നിരുന്നാലും, ഗ്രാമപ്രദേശങ്ങളില്‍, പ്രത്യേകിച്ച് പെണ്‍കുട്ടികള്‍ക്കിടയില്‍, ഇപ്പോഴും സ്‌കൂള്‍ ഹാജര്‍ കുറവാണ്. രാജ്യത്തിന്റെ ഏറ്റവും വിദൂര പ്രദേശങ്ങളില്‍ ഇപ്പോഴും അടിസ്ഥാന സൗകര്യവുമില്ല.
പെണ്‍കുട്ടികള്‍ക്കെതിരായ വിവേചനവും ഇറാന്‍ സമൂഹത്തില്‍ കൂടുതലാണ്. സ്ത്രീകള്‍ താഴ്ന്നവരാണ് എന്ന മതവിശ്വാസമാണ് ഇറാനിയന്‍ വിദ്യാഭ്യാസ സമ്പ്രദായം പ്രചരിപ്പിപ്പെടുന്നുണ്ട്. സ്ത്രീകള്‍ പുരുഷന്മാരുടേതാണെന്നും ഭാര്യമാര്‍ അനുസരണക്കേട് കാണിച്ചാല്‍ അവരെ ശിക്ഷിക്കാന്‍ അവര്‍ക്ക് അവകാശമുണ്ടെന്നും കുട്ടികളെ പഠിപ്പിക്കുന്നത് ഇറാനിലെ ഇസ്ലാമിക ഭരണകൂടം ഇപ്പോഴും തുടരുകയാണ്. എന്നിട്ടും അവിടെനിന്ന് സ്ത്രീകള്‍ ഉയര്‍ന്നുവരുന്നു. സമീപ വര്‍ഷങ്ങളില്‍ യൂണിവേഴ്സിറ്റി കോഴ്സുകളില്‍ സ്ത്രീകള്‍ പുരുഷന്മാരേക്കാള്‍ കൂടുതലാണ്.
ശൈശവ വിവാഹത്തിന്റെ നിരക്കും ഇവിടെ കൂടുതലാണ്. ഇറാനിയന്‍ നിയമമനുസരിച്ച്, പെണ്‍കുട്ടികള്‍ക്ക് വിവാഹം കഴിക്കാന്‍ കുറഞ്ഞത് 13 വയസ്സും ആണ്‍കുട്ടികള്‍ക്ക് കുറഞ്ഞത് 15 വയസ്സും പ്രായമുണ്ടായിരിക്കണം. എന്നിരുന്നാലും, പല പെണ്‍കുട്ടികളെയും പലപ്പോഴും സാമ്പത്തിക കാരണങ്ങളാല്‍. വളരെ നേരത്തെ തന്നെ വിവാഹം കഴിപ്പിക്കാറുണ്ട്. ഇറാനിയന്‍ പെണ്‍കുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്യുന്നതിനായി വില്‍ക്കുകയോ മനുഷ്യക്കടത്ത് നടത്തുകയോ ചെയ്യുന്നതിന്റെ റിപ്പോര്‍ട്ടുകളും പുറത്തുവന്നിട്ടുണ്ട്.
ഇറാനില്‍ നിലവില്‍ ഏകദേശം രണ്ടുലക്ഷത്തിലേറെ കുട്ടികള്‍ തെരുവുകളില്‍ താമസിക്കുന്നുണ്ടെന്ന് കണക്കാക്കപ്പെടുന്നു. ഉപേക്ഷിക്കപ്പെട്ട കെട്ടിടങ്ങളിലോ, ഷിപ്പിംഗ് കണ്ടെയ്‌നറുകളിലോ, വാഹനങ്ങളിലോ അവര്‍ ഉറങ്ങുന്നു, സ്വന്തം ആവശ്യങ്ങള്‍ നിറവേറ്റുന്നതിനോ അല്ലെങ്കില്‍ കുടുംബത്തിന്റെ ആവശ്യങ്ങള്‍ നിറവേറ്റുന്നതിനോ അവര്‍ക്ക് ജോലി കണ്ടെത്തേണ്ടിവരുന്നു. ദുര്‍ബലരും മേല്‍നോട്ടമില്ലാത്തവരുമായ ഈ ഇറാനിയന്‍ കുട്ടികള്‍, പ്രായപൂര്‍ത്തിയായ വേട്ടക്കാരുടെ എളുപ്പ ഇരകളാണ്, അവര്‍ ഏത് അവസരത്തിലും അവരെ ദുരുപയോഗം ചെയ്യുന്നു . ഈ പെണ്‍കുട്ടികളില്‍ 60% ത്തിലധികം പേരും തെരുവുകളില്‍ താമസിക്കുന്നതിന്റെ ആദ്യ ആഴ്ചയില്‍ തന്നെ ലൈംഗിക പീഡനത്തിന് ഇരയായിട്ടുണ്ട് . ഓരോ ആറ് ദിവസത്തിലും ടെഹ്‌റാനില്‍ ഒരു പെണ്‍കുട്ടി ബലാത്സംഗം ചെയ്യപ്പെടുകയും കൊല്ലപ്പെടുകയും ചെയ്യുന്നുവെന്ന ഞെട്ടിപ്പിക്കുന്ന റിപ്പോര്‍ട്ടും ഇതോടൊപ്പം വായിക്കണം.
വേശ്യാവൃത്തിയും വര്‍ധിക്കുന്നു
വലിയ സദാചാരമൂല്യങ്ങള്‍ പിന്തുടരുന്ന ഒരു ഇസ്ലാമിക രാജ്യം എന്നായിരിക്കു പുറമെനിന്ന് നോക്കുമ്പോള്‍ ഇറാനെക്കുറിച്ച് തോന്നുക. എന്നാല്‍ ഈ ധാരണ തീര്‍ത്തും അബദ്ധമാണെന്നാണ് ഇറാനില്‍ ജീവിച്ചവര്‍ പറയുന്നത്. വേശ്യാവൃത്തിയും, വിവാഹേതര ബന്ധങ്ങളും, ലൈംഗിക ചൂഷണവും മനുഷ്യക്കടത്തും, എല്ലാം ഇവിടെ വര്‍ധിച്ച് വരികയാണ്. പക്ഷേ അതിലൊക്കെയുള്ള ഒരു വ്യത്യാസം ഇറാന്‍ എല്ലാറ്റിനും ഒരു മതത്തിന്റെ മേമ്പൊടി കൊടുക്കുന്നു എന്നതാണ്! ഹ്യൂമന്‍ വാച്ചിന്റെ റിപ്പോര്‍ട്ട് പ്രകാരം, പാകിസ്ഥാന്‍, തുര്‍ക്കി, യുഎഇ, ബഹ്‌റൈന്‍, യൂറോപ്പ് എന്നിവിടങ്ങളില്‍ പാവപ്പെട്ട ഇറാനിയന്‍ കുട്ടികളെ ലൈംഗിക വ്യാപാരത്തിലേക്ക് വില്‍ക്കുന്നുണ്ട്. രാജ്യത്ത് വേശ്യാവൃത്തിയും വര്‍ധിച്ചുവരികയാണ്. അഫ്ഗാനിസ്ഥാന്‍, പാകിസ്ഥാന്‍ എന്നിവിടങ്ങളില്‍ നിന്നുള്ള കുട്ടികളെ തെക്കന്‍ ഇറാനിലെ വേശ്യാലയങ്ങളിലേക്ക് കൊണ്ടുവരുന്ന മനുഷ്യക്കടത്ത് സംഘങ്ങളുമുണ്ട്.
മുത്വ എന്നു പറയുന്ന ഒരു തരം താല്‍ക്കാലിക വിവാഹത്തിന്റെ മറവിലാണ് ഇവിടെ വേശ്യവൃത്തി കൊഴുക്കുന്നത്. ഇസ്ലാം മതത്തിലെ ഷിയാവിഭാഗത്തിലെ ഏറ്റവും കൂടുതല്‍ അനുയായികളുള്ള ഇസ്‌നാ അശ്അരി വിഭാഗക്കാര്‍ക്കിടയില്‍ പ്രചാരത്തിലുള്ള താല്‍ക്കാലിക വിവാഹത്തെയാണ് മുത്അ വിവാഹം എന്ന് പറയുന്നത്. ഒരാള്‍ക്ക് ഒരു സ്ത്രീയെ ദിവസങ്ങളോ, മാസങ്ങളോ, വര്‍ഷങ്ങളോ കൃത്യമായി നിശ്ചയിച്ച് വിവാഹം ചെയ്യുന്ന രീതിയാണിത്. ഇതില്‍ മഹര്‍ നിശ്ചയിച്ചിരിക്കും. വിവാഹ കാലാവധി പൂര്‍ത്തിയായാല്‍ വിവാഹം അവസാനിക്കുന്നതാണ്. വിവാഹ ബന്ധം അവസാനിച്ചാല്‍ സ്ത്രീകള്‍ 3 മാസത്തേക്ക് ഇദ്ദ ആചരിക്കണം.
വേശ്യാവൃത്തിക്കുള്ള നിയമപരമായ ഒരു ലൈസന്‍സായിട്ടാണ് പലരും ഇതിനെ കാണുന്നത്. ഇറാനിലെ യുവാക്കളും ഇതിനെ അനുകൂലിക്കുന്നവരാണ്. സദാചാര പൊലീസിന്റെ ഉപദ്രവമില്ലാതെ അവര്‍ക്ക് അവരുടെ കമിതാക്കള്‍ക്കൊപ്പം ജീവിക്കാനും അവരുടെ പങ്കാളികളില്‍ നിന്ന് വേണമെങ്കില്‍ വേര്‍പിരിയാനും ഇത് വഴി സാധിക്കും. പാരമ്പര്യവാദികളെ സംബന്ധിച്ചിടത്തോളം, താല്‍ക്കാലിക വിവാഹം സമ്പന്നനായ ഒരു പുരുഷന്, വിവാഹിതനാണെങ്കില്‍ പോലും, ലൈംഗിക തൊഴിലാളികളുടെ അടുക്കല്‍ പോകാനുള്ള ഒരു വഴിയാണ്. ഇറാനില്‍ വേശ്യവൃത്തിയില്‍ ഏര്‍പ്പെട്ടിരിക്കുന്ന സ്ത്രീകളുടെ കൃത്യമായ സ്ഥിതിവിവരക്കണക്കുകളില്ല. എന്നാലും ഒരു എന്‍ജിഒയായ അഅഫ്തഅബ് സൊസൈറ്റിയുടെ ഹെഡ്, ഫറഹ്നാസ് സെലിം പറയുന്നത് ടെഹ്റാന്‍ പ്രവിശ്യയില്‍ മാത്രം ഏകദേശം 10,000 സ്ത്രീകള്‍ ഈ ജോലിയില്‍ ഉള്‍പ്പെടുന്നുവെന്നും, അതില്‍ 35ശതമാനവും വിവാഹിതരാണെന്നുമാണ്.
സര്‍ക്കാര്‍ ഇതര സംഘടനകള്‍ പുറത്തുവിട്ട സ്ഥിതിവിവരക്കണക്കുകള്‍ സൂചിപ്പിക്കുന്നത് ലൈംഗികത്തൊഴിലാളികളുടെ ഏറ്റവും കുറഞ്ഞ പ്രായം ഈയിടെയായി 20 മുതല്‍ 30 വയസ്സില്‍ നിന്ന് 12 മുതല്‍ 18 വയസ്സായി കുറഞ്ഞുവെന്നാണ്.സ്ത്രീകള്‍ക്ക് നേരെയുള്ള ചൂഷണം പല തൊഴില്‍ മേഖലകളിലും നിലനില്‍ക്കുന്നു. ഇറാനിലെ സാമ്പത്തിക പ്രതിസന്ധി, ലിംഗവിവേചനം, മതിയായ തൊഴില്‍ അവസരങ്ങളുടെ അഭാവം എന്നിവ കാരണം ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ള സ്ത്രീകളുടെ എണ്ണം വര്‍ദ്ധിച്ചുവരികയാണ്. ഇത് ചൂഷണത്തിന് വളമാകുന്നു. അതുപോലെ ഇറാഖിലെ ഷിയകള്‍ക്കിടയില്‍ പ്രചാരത്തില്‍ ഉണ്ടായിരുന്നു ആനന്ദ വിവാഹങ്ങള്‍ ഇറാനിലും നടക്കുന്നുണ്ടെന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ട്.
പെണ്‍കുട്ടികളെ വേശ്യാവൃത്തിയിലേക്ക് തള്ളിവിടാന്‍ പുരോഹിതന്മാരുടെ മുന്‍കൈയില്‍ 'ആനന്ദ വിവാഹങ്ങള്‍' നടക്കുന്നത്. ഒരു മണിക്കൂറോളവും മറ്റും നീണ്ടുനില്‍ക്കുന്ന താല്‍ക്കാലിക 'വിവാഹം' നടത്തി ലൈംഗികാവശ്യങ്ങള്‍ക്കായി വില്‍ക്കുന്നുവെന്ന് റിപ്പോര്‍ട്ട്. 'ആനന്ദ വിവാഹം' എന്ന പേരിലാണ് ഈ നിര്‍ബന്ധിത വേശ്യാവൃത്തി നടക്കുന്നത്. പുരോഹിതന്മാര്‍ ഇടനിലക്കാരായിനിന്നാണ് ഇത് നടക്കുന്നത്. രാജ്യത്തെ യുവാക്കള്‍ വിവാഹത്തോട് താല്‍പ്പര്യ കുറവ് കാണിക്കുയാണെന്നാണ് പഠനങ്ങള്‍ പറയുന്നത്. ഇറാനില്‍ വിവാഹനിരക്ക് കുത്തനെ കുറയുന്ന അവസ്ഥയാണ്. വിവാഹമോചന നിരക്ക് കൂടുകയും ചെയ്യുന്നു.
ഇതോടൊപ്പമാണ്, ജനസംഖ്യയില്‍ ഉണ്ടാവുന്ന കുറവ്. ഇറാനിലെ ജനസംഖ്യയുടെ പകുതിയിലധികവും 35 വയസ്സിന് താഴെയുള്ളവരാണ്. ഈ പ്രവണത തുടര്‍ന്നാല്‍ അടുത്ത മൂന്ന് ദശകത്തിനുള്ളില്‍ വൃദ്ധര്‍ ഏറ്റവും കൂടുതലുള്ള രാജ്യങ്ങളിലൊന്നായി ഇറാന്‍ മാറുമെന്ന് സര്‍ക്കാര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇതിനിടയിലാണ് ഇറാനില്‍ നിന്ന് കടുത്ത സാമ്പത്തിക പ്രതിസന്ധിയുടെ വാര്‍ത്തകള്‍ പുറത്തുവരുന്നത്. ഈ സാമൂഹിക അവസ്ഥ മാറണമെങ്കില്‍ രാജ്യം സാമ്പത്തികമായി ഉയരേണ്ടതുണ്ട്. പക്ഷേ പുരോഹിത നേതൃത്വം മാത്രമാണ് ഈ രാജ്യത്ത് തിടിച്ചുകൊഴുക്കുന്നത്.
വാല്‍ക്കഷ്ണം: വലിയ രീതിയിലുള്ള സാമ്പത്തിക പരിഷ്‌ക്കരണങ്ങള്‍ നടത്തി, വിപണി തുറന്നുകൊടുത്തുകൊണ്ടും, മറ്റ് രാജ്യങ്ങളുമായി സൗഹാര്‍ദപരമായ ബന്ധം പുലര്‍ത്തിയും മാത്രമേ ഇറാന് ഈ സാമ്പത്തിക പ്രതിസന്ധിയില്‍നിന്ന് കരകയറാന്‍ കഴിയൂ എന്നാണ് വിഗദ്ധര്‍ പറയുന്നത്. അതിന് നോട്ടിലെ പൂജ്യം വെട്ടുന്നതുപോലെത്തെ ചെപ്പടി വിദ്യകള്‍ പോര!