മനുഷ്യരുടെ കൈകളും, കാലുകളും പുഴയില്‍ ഒലിച്ചുവരുന്നു… പാറക്കള്‍ക്കിടയില്‍ ചെളിയിലും മണ്ണിലും പൂണ്ടുകിടക്കുന്ന ചതഞ്ഞരഞ്ഞ ശവശരീരങ്ങള്‍. കിലോമീറ്ററുകള്‍ വ്യാപ്തിയില്‍ ഒരു പ്രദേശമാകെ ഒലിച്ചുപോയിരിക്കുന്നു! മുന്നൂറുപേരെയെങ്കിലും കാണാതായി എന്നാണ് നാട്ടുകാര്‍ പറയുന്നത്. വയനാട് മുണ്ടക്കൈയിലെ ഉരുള്‍പൊട്ടല്‍ കേരള ചരിത്രത്തിലെ ഏറ്റവും വലിയ പ്രകൃതി ദുരന്തമാവുകയാണ്.

പുത്തുമലയുടെയും, കവളപ്പാറയുടെയും, കൂട്ടിക്കലിന്റെയുമെല്ലാം മുറിവുകള്‍ പൂര്‍ണ്ണമായും ഉണങ്ങുന്നതിന് മുമ്പ്, കേരളത്തെ തേടി മറ്റൊരു ദുരന്തമെത്തുകയാണ്. മലയാളിക്ക് മഴ ഇപ്പോള്‍ കവികള്‍ വാഴ്ത്തുന്ന കാല്‍പനിക സൗന്ദര്യമല്ല, മരണമാണ്. പണ്ട് ഉരുള്‍പൊട്ടല്‍ വല്ലപ്പോഴുമുള്ള പ്രതിഭാസം ആയിരുന്നെങ്കില്‍ 2018ലെ പ്രളയത്തിനുശേഷം, എല്ലാവര്‍ഷവും വരുന്ന ദുരന്തമായി ഇത് മാറുന്നു. ഇരുനൂറോളം ജീവനാണ് 2018നുശേഷം നമുക്ക് ഉരുളില്‍ നഷ്ടമായത്. 20 ഓളം പേര്‍ ഈ മണ്ണിലെവിടെയോ പുതഞ്ഞുകിടപ്പുണ്ട്. അവരുടെ മൃതദേഹം പോലും കിട്ടിയിട്ടില്ല.

ഇന്ത്യയില്‍ തന്നെ ഏറ്റവും കൂടുതല്‍ ഉരുള്‍പൊട്ടലുകള്‍ ഉണ്ടാവുന്നത്, കേരളത്തിലാണെന്നാണ് പഠനങ്ങള്‍ പറയുന്നത്. 2022-ല്‍ കേന്ദ്രം പുറത്തുവിട്ട കണക്ക് നോക്കുക. കഴിഞ്ഞ ഏഴുവര്‍ഷത്തിനുള്ളില്‍ ഇന്ത്യയൊട്ടാകെ 3,782 ഉരുള്‍പൊട്ടലുകള്‍ ഉണ്ടായപ്പോള്‍, 2,239 എണ്ണവും കേരളത്തിലായിരുന്നു. രണ്ടാം സ്ഥാനത്തു നില്ക്കുന്ന പശ്ചിമബംഗാളിലുണ്ടായത് 376 എണ്ണം മാത്രം. തമിഴ്‌നാട്ടില്‍ 196, കര്‍ണാടകയില്‍ 194, ജമ്മു കശ്മീരില്‍ 184 എന്നിങ്ങനെയാണ് കണക്ക്. അതായത് രാജ്യത്ത് ആകെയുണ്ടാവുന്ന ഉരുള്‍പൊട്ടലുകളില്‍ 60 ശതമാനവും കേരളത്തിലാണെന്ന് ചുരുക്കം! ദൈവത്തിന്റെ സ്വന്തം നാടിപ്പോള്‍ ഉരുള്‍പൊട്ടലിന്റെ സ്വന്തം നാടുകൂടിയാവുകയാണ്. എന്താണ് ഉരുള്‍പൊട്ടലുകള്‍ക്ക് കാരണം? ആരാണ് ഇതിന് ഉത്തരവാദി. ഉരുള്‍പൊട്ടല്‍ ഒഴിവാക്കാന്‍ നാം എന്തുചെയ്യണം? ഇത്തരം ചോദ്യങ്ങള്‍ക്ക് ഗൗരവമായി പരിഗണിക്കേണ്ട സമയം കൂടിയാണിത്.

2018- ലെ മഹാപ്രളയത്തോടെയാണ് കേരളത്തില്‍ ദുരന്തങ്ങള്‍ തുടര്‍ക്കഥയാകുന്നത്. പിറ്റേ വര്‍ഷം ഉരുള്‍പൊട്ടലിന്റെ രൂപത്തില്‍ ദുരന്തമെത്തി. 2019 ഓഗസ്റ്റ് എട്ടിന് വയനാട് മേപ്പാടിയ്ക്ക് അടുത്തുള്ള പുത്തുമലയില്‍ വൈകുന്നേരത്തോടെ ഉരുള്‍പൊട്ടലുണ്ടായി. ( ഇതിന് തൊട്ടടുത്താണ് ഇപ്പോള്‍ ഉരുള്‍പൊട്ടലുണ്ടായ, ചൂരല്‍മല. ഒരു പ്രദേശത്ത് ഉരുള്‍പൊട്ടലുണ്ടായാല്‍ അടുത്ത പ്രദേശത്തെ സാഹചര്യം പഠിക്കണമെന്ന് വിദഗ്ധ നിര്‍ദേശമൊക്കെ ഇവിടെ കാറ്റില്‍ പറന്നു) പഞ്ചായത്ത് അംഗങ്ങളും നാട്ടുകാരും ദുരന്തം മുന്നില്‍ കണ്ട് ആളുകളെ ഒഴിപ്പിച്ചത് കൊണ്ട് മരണം 22ല്‍ ഒതുങ്ങി. വലിയ ദുരന്തത്തിന് മുന്നോടിയായി പുത്തുമലയില്‍ പലയിടത്തും മണ്ണിടിച്ചില്‍ ഉണ്ടായിരുന്നു. ഇതൊരു അപായസൂചനയായി നാട്ടുകാര്‍ക്ക് തോന്നിയിരുന്നില്ലെങ്കില്‍ ഒരുപക്ഷേ മരണം നൂറ് കവിഞ്ഞേനെ..

ഇതേ ദിവസം രാത്രി തന്നെയാണ് മലപ്പുറം ജില്ലയിലെ നിലമ്പൂര്‍ പോത്തുകല്ലിന് അടുത്തുള്ള കവളപ്പാറ കോളനിയ്ക്ക് മുകളിലേക്ക് മുത്തപ്പന്‍മല പൊട്ടിവീണത്. സമീപത്തെ തോട്ടില്‍ വെള്ളം പൊങ്ങുന്നതിനാല്‍ ആളുകളെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റാന്‍ ശ്രമിച്ച നാട്ടുകാര്‍ ഉള്‍പ്പെടെയുള്ളവര്‍ നിമിഷനേരം കൊണ്ട് മണ്ണിനടിയിലായി. വാര്‍ത്താ വിനിമയ സംവിധാനങ്ങള്‍ താറുമാറായതിനാല്‍ ദുരന്തം പുറംലോകം അറിയാന്‍ സമയമെടുത്തു. സംഭവം അറിഞ്ഞ് പോലീസ് ഉള്‍പ്പെടെയുള്ളവര്‍ എത്തിയപ്പോഴാകട്ടെ കവളപ്പാറയ്ക്കും രക്ഷാപ്രവര്‍ത്തകര്‍ക്കും ഇടയില്‍ ചാലിയാര്‍ കരകവിഞ്ഞ് ആര്‍ത്തലച്ച് ഒഴുകി. ആ പ്രതിബന്ധവും കടന്ന് കവളപ്പാറയില്‍ എത്തിയപ്പോഴാകട്ടെ കണ്ടത് മുത്തപ്പന്‍ കുന്നിന് താഴെ മറ്റൊരു കുന്നാണ്. നിമിഷങ്ങള്‍ കൊണ്ട് രൂപപ്പെട്ട ആ വലിയ കുന്നിനടിയില്‍ നിന്നാണ് 59 പേരെ വീണ്ടെടുത്തത്. 11 പേര്‍ ഇനിയും ആ മണ്ണിനടിയില്‍ എവിടെയോ ഉണ്ട്. അവരുടെ മൃതദേഹം പോലും കിട്ടിയിട്ടില്ല. ( മഹാദുരന്തങ്ങള്‍ പലപ്പോഴും അങ്ങനെയാണ്. ഇപ്പോള്‍ കര്‍ണ്ണാടകയിലെ അര്‍ജുന്റെ രക്ഷാപ്രവര്‍ത്തനത്തില്‍, പാളിച്ചകള്‍ ഉണ്ടെന്നും മലയാളിയായതുകൊണ്ടാണ് അങ്ങനെ സംഭവിച്ചത് എന്നും പറയുന്നവര്‍ ഈ സംഭവം ഓര്‍ക്കണം. മലയാളി അല്ലാത്തതുകൊണ്ടാണോ നമുക്ക് കവളപ്പാറക്കാരെ വീണ്ടെടുക്കാന്‍ കഴിയാഞ്ഞത്)

2020-ല്‍ ഉരുള്‍പൊട്ടലുണ്ടായത് മൂന്നാര്‍ പെട്ടിമുടിയിലാണ്. 70 പേരുടെ പ്രാണനാണ് ഉരുള്‍പാച്ചിലിനൊപ്പം കുത്തിയൊലിച്ചു പോയത്. ദുരന്തമുണ്ടായത് രാത്രി 10.30നാണ്. പക്ഷേ പുറംലോകത്ത് നിന്ന് ആദ്യ സംഘം എത്തുന്നത് പിറ്റേന്ന് രാവിലെ പത്തുമണിയോടെയാണ്. ദുരന്തം പുറംലോകത്തെ അറിയിക്കാന്‍ കഴിയാത്ത വിധം പെട്ടിമുടിയിലെ വാര്‍ത്താവിനിമയ സംവിധാനങ്ങള്‍ താറുമാറായിരുന്നു. 2021 ഒക്ടോബര്‍ 17 നാണ് കൂട്ടിക്കല്‍ പഞ്ചായത്തില്‍ ഉരുള്‍പൊട്ടലുണ്ടാകുന്നത്. എത്തവണത്തെയും പോലെ നിര്‍ത്താതെ പെയ്ത മഴയായിരുന്നു ഇവിടെയും വില്ലന്‍. റബ്ബര്‍ തോട്ടമേഖലയില്‍ നിന്നാണ് ഉരുള്‍പൊട്ടിയെത്തിയത്. കൂട്ടിക്കലിലും കൊക്കയാറിലുമായി 20 തോളം ജീവനുകളാണ് നഷ്ടപ്പെട്ടത്. അതിനുശേഷവുമുണ്ടായി ചെറുതും വലുതുമായ നിരവധി ഉരുള്‍പൊട്ടലുകളും മണ്ണിടിച്ചിലുകളും. എന്നിട്ടും നമ്മള്‍ എന്തെങ്കിലും പാഠങ്ങള്‍ പഠിച്ചോ? നമ്മുടെ മലയോരങ്ങളെ സുരക്ഷിതമാക്കാനുള്ള എന്ത് നടപടിയാണ് നമുക്ക് സ്വീകരിക്കാന്‍ കഴിഞ്ഞത്? മാധവ ഗാഡ്ഗിലിനെപ്പോലുള്ള ശാസ്ത്രജ്ഞര്‍ നല്‍കിയ തുടര്‍ച്ചയായ മുന്നറിയിപ്പുകള്‍ അവഗണിച്ച്, നാം ചോദിച്ച് വാങ്ങിയതാണോ ഈ ദുരന്തം?

മഴയും, മിന്നലുമൊക്കെ പോലെ തന്നെ പ്രകൃതി പ്രതിഭാസമായാണ് ഉരുള്‍പൊട്ടലിനെ ശാസ്ത്രജ്ഞര്‍ വിശേഷിപ്പിക്കുന്നത്. മനുഷ്യ ഇടപെടലുകള്‍ ഇല്ലാത്ത കാടുകളിലും മലഞ്ചെരിവുകളിലും മണ്ണിടിച്ചിലും ഉരുള്‍പൊട്ടലും ഉണ്ടാകാറുണ്ട്. ഭൂസ്ഥിരത നഷ്ടപ്പെടുന്നതുമൂലം ഉയര്‍ന്ന പ്രദേശങ്ങളിലെ മണ്ണും പാറയും ചരലും ഉരുളന്‍കല്ലുകളും മറ്റ് വസ്തുക്കളും, വന്‍തോതില്‍ വളരെ പെട്ടെന്ന് താണ സ്ഥലങ്ങളിലേക്ക് പതിക്കുന്ന പ്രതിഭാസമാണ് ഉരുള്‍പൊട്ടല്‍. ഉത്ഭവസ്ഥാനത്ത് നിന്നും പതനസ്ഥലത്തേക്ക് എത്തുന്ന വഴി അവിടങ്ങളിലെ എല്ലാ വസ്തുക്കളും തകര്‍ക്കപ്പെടുന്നു. അവശേഷിക്കുന്നത് നഗ്നമാക്കപ്പെട്ട അടിപ്പാറകള്‍ മാത്രമാകും. ഈ സ്ഥലങ്ങളില്‍ നീര്‍ച്ചാലുകള്‍ രൂപപ്പെടുന്നതും കാണാം.

കനത്ത മഴ പെയ്യുമ്പോള്‍ സംഭരിക്കാവുന്നതിനേക്കാള്‍ കൂടുതല്‍ വെള്ളം മണ്ണിലേക്കിറങ്ങും. ഭൂഗര്‍ഭ ജലത്തിന്റെ അളവു കൂടുന്നതിനനുസരിച്ച് മണ്ണിനടിയില്‍ മര്‍ദം വര്‍ധിക്കും. ഈ മര്‍ദത്തിന്റെ ഫലമായാണ് വെള്ളം പുറത്തേക്കു ശക്തിയില്‍ കുതിച്ചൊഴുകുക. ഉരുള്‍ പൊട്ടലും മണ്ണിടിച്ചിലും തമ്മില്‍ സാങ്കേതികമായ ചില മാറ്റങ്ങള്‍ ഉണ്ട്. പ്രായോഗികമായി രണ്ടിലും സംഭവിക്കുന്നത് മണ്ണും കല്ലും വെള്ളവും കൂടി താഴേക്ക് ഒഴുകി വരികയാണ്.

ഉരുള്‍ പൊട്ടലിന്റെ പാതയില്‍ പെട്ടാല്‍ ജീവിച്ചിരിക്കാനുള്ള സാധ്യത വളരെ കുറവാണ് കാരണം, പ്രളയം പോലെ പതുക്കെ സംഭവിക്കുന്ന പ്രതിഭാസമല്ല ഉരുള്‍പൊട്ടല്‍. വൃഷ്ടിപ്രദേശത്ത് മഴ പെയ്താല്‍ ഓരോ തവണയും പുഴയില്‍ വെള്ളം ഉയരുമെന്ന പോലുള്ള കൃത്യമായ ശാസ്ത്രം ഉരുള്‍ പൊട്ടലില്‍ പ്രാവര്‍ത്തികമാക്കാന്‍ സാധിക്കില്ല. അതുകൊണ്ടു തന്നെ മുന്നറിയിപ്പുകള്‍ നല്‍കുക അത്ര എളുപ്പമല്ല. മഴയൊ ചുഴലിക്കാറ്റോ പോലെ പ്രവചിക്കാവുന്ന ഒന്നല്ല ഉരുള്‍പൊട്ടല്‍. വിദേശരാജ്യങ്ങളില്‍ ചിലത് ഉരുള്‍പൊട്ടലുകള്‍ പ്രവചിക്കാന്‍ കഴിയുന്ന നിലവാരത്തിലേക്ക് സാങ്കേതികവിദ്യയെ വികസിപ്പിച്ചിട്ടുണ്ട്. പക്ഷേ ഇന്നത്തെ സാഹചര്യത്തില്‍ നമുക്ക് അവിടെയെത്താന്‍ ദൂരങ്ങള്‍ താണ്ടണം.

നമ്മുടെ നാട്ടില്‍ മഴക്കാലം മണ്ണിനെ അതി പൂരിതമാക്കുമ്പോള്‍ വേനല്‍ക്കാലം മണ്ണിനെ വരണ്ടതാക്കുന്നു. കൊല്ലത്തില്‍ ഇങ്ങനെ ഇടവിട്ടുള്ള നനയലും വരളലും, സസ്യാവരണങ്ങള്‍ കുറഞ്ഞ ചരിവുകൂടിയ പ്രതലങ്ങളില്‍ മണ്ണിടിച്ചിലുണ്ടാക്കുന്നു. ഭൂമികുലുക്കം, മേഘസ്ഫോടനം, കടും വരള്‍ച്ചയെത്തുടര്‍ന്നുണ്ടായേക്കാവുന്ന പേമാരി തുടങ്ങിയവും ഉരുള്‍പൊട്ടലിനുള്ള സ്വാഭാവിക കാരണങ്ങളാണ്.

10 ഡിഗ്രി മുതല്‍ 40 ഡിഗ്രി വരെ ചരിവുള്ള പ്രദേശങ്ങളിലാണ് മണ്ണിടിച്ചിലിന്റെ സാധ്യത കൂടുതലുള്ളത്. രണ്ടു കിലോമീറ്റര്‍ ചുറ്റളവില്‍ എന്നെങ്കിലും ഉരുള്‍പൊട്ടല്‍ ഉണ്ടായ സ്ഥലമാണെങ്കില്‍ പ്രത്യേക ശ്രദ്ധ വേണ്ടത് അത്യാവശ്യമാണ്. കേരളത്തിലെ 13 ശതമാനം ഭൂപ്രദേശങ്ങളും ഉരുള്‍പൊട്ടല്‍ സാധ്യത നേരിടുന്നതായി പഠനങ്ങള്‍ പുറത്ത് വന്നിരുന്നു. മിഷിഗണ്‍ ടെക്‌നോളജിക്കല്‍ യൂണിവേഴ്‌സിറ്റിയും പുനെയിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ട്രോപ്പിക്കല്‍ മെറ്റീരിയോളജിയുമായി ചേര്‍ന്ന് കേരള യൂണിവേഴ്‌സിറ്റി ഓഫ് ഫിഷറീസ് ആന്‍ഡ് ഓഷ്യന്‍ സയന്‍സസ് (കുഫോസ്) ആണ് പഠനം പുറത്ത് വിട്ടത്. 2018- ലെ പ്രളയത്തിനു കാരണമായ മഴ ഇടുക്കി, പത്തനംതിട്ട, മലപ്പുറം, പാലക്കാട്, തൃശൂര്‍ ജില്ലകളില്‍ ഉരുള്‍പൊട്ടല്‍ സാധ്യതകള്‍ 3.46 ശതമാനം ഉയര്‍ത്തിയതായും റിപ്പോര്‍ട്ട് വ്യക്തമാക്കിയിരുന്നു.

ലോകത്ത് ഏറ്റവും കൂടുതല്‍ ഉരുള്‍പൊട്ടലുകള്‍ അനുഭവപ്പെട്ടിരുന്നത് ആഫ്രിക്കന്‍ രാജ്യമായ കെനിയയിലും നേപ്പാളിലുമാണ്. പക്ഷേ അവിടെപ്പോലും ഡെത്ത് റേറ്റ് കേരളത്തേക്കാള്‍ കുറവാണ്. അതുകൊണ്ടുതനെനയാണ്, നമ്മള്‍ മലയാളികള്‍ ഉരുള്‍പൊട്ടല്‍ എന്ന ഈ പ്രതിഭാസത്തെ ഇനിയും, കൂടുതല്‍ പഠിക്കേണ്ടിയിരിക്കുന്നു.

ഉരുള്‍പൊട്ടല്‍ ഒരു പ്രകൃതി പ്രതിഭാസം ആണെങ്കിലും പലപ്പോഴും മനുഷ്യന്റെ ഇടപെടലുകള്‍ അതിന് കാരണമാക്കുന്നുണ്ട്. കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് അടക്കം നടത്തിയ പഠനങ്ങള്‍, ഇക്കാര്യം വ്യക്തമാക്കുന്നുണ്ട്. കേരളത്തില്‍ 95 ശതമാനവും ഉരുള്‍പൊട്ടല്‍ മനുഷ്യനിര്‍മ്മിതമാണെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. ഭൂമിയുടെ കിടപ്പ്, ചരിവ്, പാറകളുടെ സ്വഭാവം, മണ്ണിന്റെ ഘടന, മരങ്ങളുടെ പ്രത്യേകത തുടങ്ങിയവ കണക്കിലെടുക്കാതെ മലഞ്ചരുവുകളില്‍ കൃഷ്ചെയ്യുന്നതും, മണ്ണും പാറയും ഖനനം നടത്തുന്നതും, റോഡ് പണിയുന്നതും, കെട്ടിടനിര്‍മാണവും ഒക്കെ ചരിഞ്ഞ പ്രതലങ്ങളുടെ സന്തുലിതാവസ്ഥ തകര്‍ക്കുകയും വന്‍തോതിലുള്ള മണ്ണിടിച്ചിലിനും മണ്ണൊലിപ്പിനും കാരണമാവുകയും ചെയ്യുന്നു. മനുഷ്യജീവനടക്കം നഷ്പ്പെടുന്ന വന്‍ ദുരന്തങ്ങള്‍ക്ക് ഇത് വഴിവെക്കുന്നു.

വനനശീകരണം ഒപ്പം ശാസ്ത്രീയമായ വനവല്‍ക്കരണവും ഉരുള്‍ പൊട്ടലിനു വഴിവയ്ക്കും. പാറകളില്‍ ഉണ്ടാകുന്ന വിള്ളലുകള്‍, മരങ്ങളും പാറകളും മണ്ണും സ്വാഭാവികമായ അവസ്ഥയില്‍ നില്‍ക്കാത്ത മണ്ണിന്റെയും മരങ്ങളുടെയും വഴുതിപ്പോക്ക്, കല്ലുകളുടെ ബലഹീനത, ചെങ്കുത്തായ സ്ഥലങ്ങള്‍ എന്നിവ മഴക്കാലങ്ങളില്‍ ഉരുള്‍പൊട്ടലിന് കാരണമാകുന്നു. ഉരുള്‍പൊട്ടല്‍ മേഖലകളില്‍ പഠനം നടത്തിയശേഷം കോഴിക്കോട് സി ഡബ്ലിയുആര്‍ ഡി എമ്മിലെ, ശാസ്ത്രജ്ഞനായ ഇ അബ്ദുല്‍ഹമീദ് ഇങ്ങനെ എഴുതുന്നു. -'ഈ സ്ഥലങ്ങള്‍ സന്ദര്‍ശിച്ചതില്‍ നിന്നും മനസ്സിലായത് മനുഷ്യ ഇടപെടലുകള്‍ തന്നെയാണ് ഉരുള്‍പൊട്ടലിനും മണ്ണിടിച്ചിലിനും കാരണമായിരിക്കുന്നത് എന്നാണ്. ചെങ്കുത്തായ മലകളില്‍പ്പോലും വീതിയുള്ള റോഡുകള്‍ നിര്‍മിച്ചിരിക്കുന്നത് കാണാം. ഇത്തരം റോഡുകള്‍ക്ക് ഓവുചാലുകള്‍ നിര്‍മിച്ചിട്ടുണ്ടെങ്കിലും അവ മഴക്കാലത്തെ ജലപ്രവാഹത്തെ ഉള്‍ക്കൊള്ളാനാവുന്നവയല്ല. നിരവധി നീര്‍ച്ചാലുകളെ ഈ റോഡുകള്‍ മുറിച്ചു കടക്കുന്നതിനാല്‍ സ്വാഭാവിക ഒഴുക്കിന്റെ ദിശ മാറ്റപ്പെടുന്നു. പലപ്പോഴും റോഡുകള്‍ നിര്‍മിക്കുന്നതിനായി നികത്തപ്പെടുന്നതും പരിവര്‍ത്തനം ചെയ്യപ്പെടുന്നതും മലയോരങ്ങളിലെ ഒന്ന് രണ്ട് ശ്രേണികളിലായുള്ള നീര്‍ച്ചാലുകളെയാണ്. ചെങ്കുത്തായ മലനിരകളില്‍ അതാതിടത്ത് പെയ്യുന്ന മഴവെള്ളത്തെ അപ്പപ്പോള്‍ ഒഴുക്കി മാറ്റുന്ന ധര്‍മമാണ് ഈ ചെറുചാലുകള്‍ (അരുവികള്‍) നിര്‍വഹിക്കുന്നത്. സുഗമമായ ഒഴുക്കിന് വിഘാതം സംഭവിക്കുമ്പോള്‍ വെള്ളം കെട്ടിനില്‍ക്കുകയും മണ്‍സുഷിരജലമര്‍ദ്ദം അധികരിക്കുന്നതിന് ഇടയാക്കുകയും ചെയ്യും. ഈ ജലമര്‍ദമാണ് ഉരുള്‍പൊട്ടലിനുള്ള ഒരു അടിസ്ഥാന ഘടകം.

സ്വാഭാവിക മരങ്ങള്‍ മുറിച്ചുമാറ്റുക, ഇടവിള (നാണ്യവിള) തോട്ടങ്ങള്‍ ഉണ്ടാക്കുക, മണ്ണൊലിപ്പിന് കാരണമാകുന്ന കൃഷികള്‍ ചെയ്യുക, ഫാമുകള്‍ നിര്‍മിക്കുക, കെട്ടിടം പണിയുക, അമിതഭാരം ഏല്‍പ്പിക്കുക, സ്ഫോടനങ്ങള്‍, ഭാരമേറിയ വാഹനങ്ങളുടെ സഞ്ചാരം തുടങ്ങിയവയെല്ലാം ഉരുള്‍പൊട്ടലിന് കാരണമാകുന്ന ഘടകങ്ങളാണ്."- ഡോ അബ്ദുല്‍ ഹമീദ് വിലയിരുത്തി

ഇങ്ങനെ വിശകലനം ചെയ്താല്‍ കണ്ടെത്തുക 70 ശതമാനം ഉരുള്‍പൊട്ടലുകള്‍ക്കും കാരണം മനുഷ്യ ഇടപെടലുകളാണെന്നാണ്. കേരളത്തിന്റെ ഭൂമിശാസ്ത്രവും കാലാവസ്ഥാപരമായ പ്രത്യേകതകളും നാം അനിവാര്യമായി മനസ്സിലാക്കിയിരിക്കണം. ഓരോ ഇടപെടലും എന്ത് പ്രത്യാഘാതമാണ് ഉണ്ടാക്കുക എന്നറിയണം. ദുരന്തങ്ങള്‍ ഇനിയും സംഭവിക്കാതിരിക്കാന്‍ നിതാന്ത ജാഗ്രത കൂടിയേ തീരൂ.

ഒരു സംസ്ഥാനമാകെ മൂന്ന് തട്ടുകളായി സ്ഥിതി ചെയ്യുന്ന സവിശേഷ ഭൂപ്രകൃതിയാണ് നമ്മുടെ കൊച്ചു കേരളത്തിനുള്ളത്. ഏതാണ്ട് പൂര്‍ണ്ണമായും പശ്ചിമഘട്ട മലനിരകള്‍ ഉള്‍പ്പെടുന്ന മലനാട്, ചെറിയ കുന്നുകള്‍ ഉള്‍പ്പെടുന്ന ഇടനാട്, കായലും കടലും ഉള്‍പ്പെടുന്ന തീരപ്രദേശവും. ഈ കേരളമാകെ ആവിര്‍ഭവിച്ചത് പശ്ചിമഘട്ടത്തിന് ശേഷമാണ് എന്നു പറഞ്ഞാല്‍ അതാണ് ശരി. കേരളത്തിന്റെ ഭൂവിസ്തൃതിയുടെ 50 ശതമാനം മലനാടാണ്. ജനസംഖ്യയുടെ 35 ശതമാനം അധിവസിക്കുന്നത് ഈ മേഖലയിലാണ്. അതുകൊണ്ടുതന്നെ പശ്ചിമഘട്ട സംരക്ഷണം എന്നത്, കേരളീയരെ സംബന്ധിച്ച് അതിപ്രധാനമാണ്.

ഒരോ പ്രകൃതി ദുരന്തങ്ങള്‍ ഉണ്ടാവുന്ന സമയത്തും, കേരളം ഓര്‍ക്കുന്ന പേരാണ് പരിസ്ഥിതി ശാസ്ത്രജ്ഞന്‍ മാധവ് ഗാഡ്ഗിലിന്റെത്. പശ്ചിമ ഘട്ട സംരക്ഷണത്തെക്കുറിച്ച് ഗാഡ്ഗില്‍ വര്‍ഷങ്ങള്‍ക്ക്മുമ്പേ റിപ്പോര്‍ട്ട് നല്‍കിയപ്പോള്‍ അതിനെ പുച്ഛിച്ചവരാണ് കേരളീയര്‍. കേരളത്തില്‍ പശ്ചിമഘട്ടത്തിലെ പരിസ്ഥിതി ദുര്‍ബല മേഖലകളില്‍ 1700 അനധികൃത പാറമടകള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് മാധവ് ഗാഡ്ഗില്‍ നേരത്തേ ചൂണ്ടിക്കാട്ടിയിരുന്നു. 'പശ്ചിമഘട്ട നിരകളില്‍ 2700 പാറമടകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഇതില്‍ 1700 എണ്ണം അനധികൃതമാണ്. അവക്ക് കലക്ടര്‍ അനുമതി നല്‍കിയിട്ടില്ല. പഞ്ചായത്തുകള്‍ ഈ പാറമടകളുടെ പ്രവര്‍ത്തനാനുമതി നിഷേധിച്ചിട്ടുമുണ്ട്. പക്ഷേ, അവ ഇപ്പോഴും പ്രവര്‍ത്തിക്കുന്നു"-ഗാഡ്ഗില്‍ പറയുന്നു. പശ്ചിമഘട്ട സംരക്ഷണ റിപ്പോര്‍ട്ട് തയാറാക്കാന്‍ കേരളത്തില്‍ എത്തിയപ്പോള്‍ ഈ പാറമടകള്‍ സന്ദര്‍ശിച്ചിരുന്നതായും അദ്ദേഹം വ്യക്തമാക്കി. അനധികൃതമായ പാറമടകള്‍ക്കെതിരെ കേരളത്തിലെ ജനങ്ങള്‍ക്ക് കടുത്ത പ്രതിഷേധമുണ്ട്. ഇവയെല്ലാം പരിസ്ഥിതി ദുര്‍ബല മേഖലകളിലാണ് പ്രവ4ത്തിക്കുന്നത്. പലതിലും യന്ത്രങ്ങള്‍ ഉപയോഗിച്ചാണ് കരിങ്കല്ലുകള്‍ പൊടിക്കുന്നത്. അനധികൃത ക്വാറികളെ നിയന്ത്രിച്ചില്ലെങ്കില്‍ വന്‍ പരിസ്ഥിതിനാശവും ദുരന്തവുമുണ്ടാകുമെന്നും ഗാഡ്ഗില്‍ മുന്നറിയിപ്പു നല്‍കി. നോക്കുക, വര്‍ഷങ്ങള്‍ക്ക് മുമ്പാണ് അദ്ദേഹം ഇത് പറഞ്ഞതെന്ന് ഓര്‍ക്കണം.

ഭൗതികസൗകര്യങ്ങള്‍ക്കുവേണ്ടിയുള്ള വികസനപ്രവര്‍ത്തനങ്ങള്‍ സന്തുലിതാവസ്ഥയെ തകര്‍ത്തുകൊണ്ടാവരുത് എന്ന തിരിച്ചറിവ് ഭരണകൂടങ്ങള്‍ക്കെന്നപോലെ പൊതുജനങ്ങള്‍ക്കും ഉണ്ടാവണമെന്നാണ്, മാധവ് ഗാഡ്ഗില്‍ കമ്മിറ്റി റിപ്പോര്‍ട്ടില്‍ പറഞ്ഞിരിക്കുന്നത്. ദുര്‍ബ്ബല മേഖലകളെ തരംതിരിച്ച് അതിനനുസൃതമായ രീതിയില്‍ പ്രവര്‍ത്തനങ്ങള്‍ ചിട്ടപ്പെടുത്തണമെന്ന് റിപ്പോര്‍ട്ട് പറയുന്നു. എന്നിട്ടും എത്ര അവജ്ഞയോടെയാണ് കേരളം അതിനെ സമീപിച്ചത് എന്നോര്‍ക്കണം.

ക്വാറികള്‍, ഉരുള്‍പൊട്ടലുണ്ടാക്കാന്‍ കാരണമാകുന്ന ഘടകമാണെന്ന് സി എസ് ഐ ആറിന്റെ അടക്കം പഠനങ്ങള്‍ വേറെയുമുണ്ട്. വലിയ സ്‌ഫോടക വസ്തുക്കള്‍ നിറച്ചുപൊട്ടിക്കുമ്പോള്‍ ആ പറയുടെ രണ്ടകിലോമീറ്റര്‍ ചുറ്റളവില്‍ ഉള്ള പാറകളിലും അതിന്റെ ശക്തമായ തരംഗങ്ങള്‍ എത്തുന്നു. ഇത് തുടര്‍ച്ചയായി ഉണ്ടാകുമ്പോള്‍ പാറക്കു മുകളിലെ മണ്ണുമായുള്ള പിടുത്തം കുറയുന്നു. അടിമണ്ണിന് ഇളക്കംതട്ടി മഴവെള്ളവുമായി ചേര്‍ന്ന് ബലമില്ലാതാകുന്നതോടെ, മുകളിലെ പാറയും മണ്ണുമെല്ലാം താഴേയ്ക്ക് ഒഴുക്കുന്നു. അതുകൊണ്ടാണ് മഴക്കാലങ്ങളില്‍ ക്വാറികളുടെ പ്രവര്‍ത്തനം നിര്‍ത്തി വെക്കുന്നത്. പക്ഷേ അപ്പോഴും അനധികൃത ക്വാറികള്‍ പ്രവര്‍ത്തിച്ചുകൊണ്ടേയിരിക്കും. അതാണ് പ്രശ്നവും.

കേരളത്തിലെ ഉരുള്‍പൊട്ടലുകളെകുറിച്ച് ഏറ്റവും ആധികാരികമായി പഠിച്ച കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് സമര്‍പ്പിച്ച റിപ്പോര്‍ട്ടിലും വളരെ പ്രസക്തമായ കാര്യങ്ങളാണ് പറയുന്നത്. 22 ഡിഗ്രിക്കു മുകളില്‍ ചെരിവുള്ള മലമ്പ്രദേശങ്ങളിലാണ് ഉരുള്‍പൊട്ടലുണ്ടാവാന്‍ സാധ്യത കൂടുതല്‍. (വിദേശരാജ്യങ്ങളില്‍ ഇത്തരം മേഖലകളില്‍ യാതൊരു നിര്‍മ്മാണ പ്രവര്‍ത്തനവും അനുവദിക്കാറില്ല)

ഉരുള്‍പൊട്ടല്‍ സാധ്യതയുള്ള സ്ഥലങ്ങളുടെ ഭൂപടം ജിയോളജി വകുപ്പ് തയാറാക്കിയിട്ടുണ്ട്. 24 മണിക്കൂറില്‍ കൂടുതല്‍ തുടര്‍ച്ചയായി മഴ പെയ്യുകയാണെങ്കില്‍ ഉരുള്‍പൊട്ടല്‍ സാധ്യത മുന്‍കൂട്ടി കാണണം. മലയടിവാരത്തും മലമുകളിലും കുന്നിന്‍ചെരിവുകളിലും താമസിക്കുന്നവര്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തണം. രണ്ടു കിലോമീറ്റര്‍ ചുറ്റളവില്‍ എന്നെങ്കിലും ഉരുള്‍പൊട്ടല്‍ ഉണ്ടായ സ്ഥലമാണെങ്കില്‍ പ്രത്യേകിച്ചും.

ഇന്ന് വിവിധ സ്ഥാപനങ്ങള്‍ തയ്യാറാക്കിയ ലാന്‍ഡ് സ്ലൈഡ് ഹസാര്‍ഡ് സോണേഷന്‍ മാപ്പുകള്‍ ലഭ്യമാണെങ്കിലും വലിയ സ്‌കെയിലുകളില്‍ ആണ് ഇവ നിര്‍മിച്ചിരിക്കുന്നത്. ഇത് ഒരു പോരായ്മയാണ്. തെരഞ്ഞെടുത്ത പ്രദേശങ്ങളില്‍ സൂക്ഷ്മതലത്തില്‍ ജിയോളജിക്കല്‍, ജിയോടെക്‌നിക്കല്‍ പഠനങ്ങള്‍ നടത്തി ചെറിയ സ്‌കെയിലില്‍ ഭൂപടം നിര്‍മിച്ചാല്‍ അത് പഞ്ചായത്ത് തലത്തിലുള്ള അധികൃതര്‍ക്ക് അനായാസം ഉപയോഗിക്കാന്‍ സാധിക്കും. ഇതുവരെ നടന്ന പഠനങ്ങള്‍ ക്രോഡീകരിച്ച് സാധാരണക്കാരന് മനസ്സിലാക്കാവുന്ന ഭാഷയില്‍ അതാത് പഞ്ചായത്തുകള്‍ക്ക് കൈമാറാന്‍ നടപടിയുണ്ടാകണം.

ഓരോ സ്ഥലത്തും ഉരുള്‍പൊട്ടലിന് പ്രേരകമായ ഘടകങ്ങളെ കണ്ടെത്തി അതിനുവേണ്ട പ്രതിവിധി നിര്‍ണയിക്കുകയാണ് ഉരുള്‍പൊട്ടലിന്റെ കെടുതി ഇല്ലാതാക്കുന്നതിനായി അത്യാവശ്യം ചെയ്യേണ്ടത്. തദ്ദേശവാസികള്‍ ശാസ്ത്രസമൂഹം മുന്നോട്ടുവയ്ക്കുന്ന കരുതലുകള്‍ നിസ്സാരമായാണ് പലപ്പോഴും നോക്കിക്കാണുന്നത്. നിര്‍ദേശങ്ങളെ ജാഗ്രതയോടുകൂടി സമീപിക്കാന്‍ ജനങ്ങളെ ബോധവത്കരിക്കണം. അത്യാഹിതം സംഭവിച്ചാല്‍ പെട്ടെന്ന് പ്രതികരിക്കാന്‍ തയ്യാറുള്ള വളണ്ടിയര്‍മാരെ വാര്‍ഡുതലത്തില്‍ പരിശീലിപ്പിച്ചെടുക്കുകയും വേണം. പ്രഥമശുശ്രൂഷക്കും ജീവന്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കും ശേഷിയുണ്ടാക്കുന്ന രീതിയില്‍ പരിശീലനം നല്‍കണം. ഇവര്‍ക്ക് പ്രാഥമിക ശുശ്രൂഷ, ജീവന്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ എന്നിവയില്‍ പരിശീലനം ലഭ്യമാക്കണമെന്നും പരിഷത്ത് റിപ്പോര്‍ട്ടില്‍ പറയുന്നു.

മഴമാപിനികളുടെ ശൃംഖല മെച്ചപ്പെടുത്തണമെന്നും പരിഷത്ത്് റിപ്പോര്‍ട്ട് നിര്‍ദേശദിക്കുന്നു. മഴ അളന്ന് ഓരോ പ്രദേശത്തിന്റെയും ഉരുള്‍പൊട്ടല്‍ ആരംഭിക്കുന്നതിനുള്ള അളവ് (ത്രഷോള്‍ഡ് വാല്യു) കണ്ടെത്തിയാല്‍ മഴ നിശ്ചിത അളവില്‍ അധികമാകുമ്പോള്‍ മുന്നറിയിപ്പ് നല്‍കുകയും ഭീഷണിയുള്ള സ്ഥല ങ്ങളില്‍ നിന്നും അവരെ മാറ്റി പാര്‍പ്പിക്കുകയും ചെയ്യാം. ക്വാറികള്‍, കെട്ടിടസമുച്ചയങ്ങള്‍ എന്നിവ ഒരു കാരണവശാലും റിസ്‌ക് കൂടിയ സ്ഥലങ്ങളില്‍ അനുവദിക്കാതിരിക്കുക. ഹസാര്‍ഡ് മാപ്പിനൊപ്പം റിസ്‌ക് മാപ്പുകള്‍ തയ്യാറാക്കുകയും, ഇന്‍ഷൂറന്‍സ് പരിരക്ഷ ഏര്‍പ്പെടുത്തുകയും വേണം. ഇങ്ങനെ ബോധവല്‍ക്കരണവും, ജനകീയപങ്കാളിത്തത്തോടെയുള്ള ദുരന്ത മാനേജ്‌മെന്റും ഉരുള്‍പൊട്ടല്‍ ഭീഷണിയുള്ള മേഖലകളില്‍ ആവിഷ്‌കരിക്കണം എന്നാണ് പരിഷത്ത് പഠന റിപ്പോര്‍ട്ട്. എന്നാല്‍ അതും, കടലാസില്‍ ഒതുങ്ങി.

ഉരുള്‍പൊട്ടലും മണ്ണിടിച്ചിലും വരുത്തിവെക്കുന്ന നഷ്ടങ്ങളുടെ കണക്ക് ജീവഹാനി സംഭവിച്ചവരുടെ എണ്ണത്തെ മാത്രം അടിസ്ഥാനമാക്കി വിലയിരുത്തുന്നതിനപ്പുറം മാനവരാശിക്ക് നഷ്ടപ്പെട്ട മണ്ണും ധാതുസമ്പത്തും പോഷകങ്ങളും എത്രയെന്നുകൂടി തിട്ടപ്പെടുത്തണം. അപ്പോള്‍ മാത്രമേ അത് എങ്ങനെ നമ്മുടെ ഭാവിയെക്കൂടി ബാധിക്കുന്നു എന്നു ബോധ്യമാകൂ. ഭൂമിയില്‍ ഒരല്‍പ്പം മണ്ണുണ്ടായി വരാന്‍ നൂറു കണക്കിനു കൊല്ലങ്ങളെടുക്കും. മഴ, മഞ്ഞ്, ചൂട്, തണുപ്പ്, മര്‍ദം തുടങ്ങിയ ഭൗതിക ഘടകങ്ങളുടെ പശ്ചാത്തലത്തില്‍ രാസ ജൈവ പ്രക്രിയകള്‍ നിരന്തരം നടക്കുന്നതിന്റെ ഫലമായിട്ടാണ് മണ്ണുണ്ടാകുന്നത്. ഈ മണ്ണാണ് മനുഷ്യനെ മലമുകളില്‍ പോലും കൊണ്ടെത്തിച്ചത്. പക്ഷേ, അവിടെ പാലിക്കേണ്ട 'വികസന അച്ചടക്കം' ആരും ചെവികൊള്ളുന്നില്ല. ചെങ്കുത്തായി കിടക്കുന്ന ഇത്തരം പരിസ്ഥിതി ദുര്‍ബല പ്രദേശങ്ങളില്‍ എന്തുമാകാം എന്ന നിലപാട് അത്യന്തം അപകടകരവും പ്രതിലോമപരവുമാണ്.

ഇതിനെല്ലാം ഉപരി ഉരുള്‍പൊട്ടലിന്റെ യഥാര്‍ത്ഥ വില്ലന്‍ മഴ തന്നെയാണ്. ഓരോ വര്‍ഷം കഴിയുന്തോറും മഴയുടെ തീവ്രത അഭൂതപൂര്‍വമായി വര്‍ധിക്കുന്നതിനാലാണ് ഉരുള്‍പൊട്ടലുകളുടെ സംഖ്യയും വര്‍ധിക്കുന്നതെന്ന് ഭൂവിജ്ഞാനീയ പരിസ്ഥിതി ശാസ്ത്രജ്ഞനായ ഡോ. എസ് ശ്രീകുമാര്‍ ചൂണ്ടിക്കാട്ടുന്നു. മുമ്പൊക്കെ 24 മണിക്കൂറിനുള്ളില്‍ ഒരു മേഖലയില്‍ 50 മില്ലീമീറ്റര്‍ മഴ പെയ്തിരുന്നത് ഇപ്പോള്‍ ഒരു മണിക്കൂറിനകം തന്നെ തീവ്രമായ പേമാരി തലയറഞ്ഞു പെയ്യുന്നുവെന്നും അദ്ദേഹം പറയുന്നു.

പക്ഷേ മുമ്പുണ്ടായിരുന്ന ദുരന്തങ്ങളില്‍നിന്ന് ഒന്നും നമ്മുടെ സര്‍ക്കാരുകള്‍ ഒരു പാഠവും പഠിക്കുന്നില്ല. പ്രകൃതി ദുരന്തങ്ങള്‍ ഏറെയുള്ള ജപ്പാനിലും, നെതര്‍ലന്‍ഡ്സും പോലുള്ള രാജ്യങ്ങള്‍ അതിജീവിക്കുന്നത് ജനങ്ങളുടെ സഹകരണത്തോടെ പുര്‍ണ്ണമായും, ശാസ്ത്രീയ കാര്യങ്ങള്‍ നടപ്പാക്കിയാണ്. ഉരുള്‍പൊട്ടലും വന്യജീവി പ്രശ്നവുമൊക്കെ ഇനി നമ്മുടെ മലയോര മേഖലയില്‍ എക്കാലവും നിലനില്‍ക്കുന്ന സംഭവങ്ങളായിരിക്കും. അതു മനസ്സിലാക്കി, ശാസ്ത്രീയ മാര്‍ഗങ്ങളിലൂടെ അവയെ നേരിടുകയാണ് വേണ്ടത്.

വാല്‍ക്കഷ്ണം: വന്യജീവി പ്രശ്നത്തെത്തുടര്‍ന്ന്, വിനോദസഞ്ചാരകേന്ദ്രങ്ങള്‍ അടച്ചിട്ടതോടെ വയനാടിന്റെ ടൂറിസം മേഖല കടുത്ത പ്രതിസന്ധിയിലാണ്. കുരുമുളക് അടക്കമുള്ള കൃഷി വ്യാപകമായി നശിച്ചതോടെ വയനാടിന്റെ അവശേഷിക്കുന്ന പ്രതീക്ഷ ടൂറിസത്തിലായിരുന്നു. ഇനി പ്രകൃതി ദുരന്തം കൂടിയാവുന്നതോടെ ഒരു നാടിന്റെ സാമ്പത്തിക തകര്‍ച്ച കൂടിയാവും കാണേണ്ടി വരിക.