- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അമേരിക്കയില്‍ ഉദയംകൊണ്ട ആധ്യാത്മിക സമൂഹം; ലോകമെമ്പാടുമായി 10 ലക്ഷം അനുയായികളും കോടികളുടെ സ്വത്തും; സാദാ ഹരേകൃഷ്ണ ജപവുമായി കഴിയുന്നവര്‍; ഒരു മാംസവും പാടില്ല; ചൂതാട്ടവും മദ്യവും, പുകയിലയും നിഷിദ്ധം; എന്നിട്ടും എന്തിനാണ് ബംഗ്ലാദേശ് ഇസ്‌കോണിനെ നിരോധിക്കാന്‍ നീക്കം നടത്തുന്നത്?
എന്തിനാണ് ബംഗ്ലാദേശ് ഇസ്‌കോണിനെ നിരോധിക്കാന്‍ നീക്കം നടത്തുന്നത്?
ബംഗ്ലാദേശില്‍ ഇപ്പോള്‍ ഒരു 'നാമജപഘോഷയാത്ര' നടക്കുകയാണ്. ''ഹരേ കൃഷ്ണ, ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ, ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ'' എന്ന് വിളിച്ചുകൊണ്ട്, നൂറുകണക്കിന് ആളുകളാണ് കഴിഞ്ഞ ദിവസം ബംഗ്ലാദേശ് കോടതിക്കുമുമ്പാകെ തടിച്ചുകൂടിയത്. അതും ബംഗ്ലാദേശിലെ ഹിന്ദു സമൂഹം കടുത്ത മതവേട്ടയിലുടെ കടുന്നുപോകുന്ന ഈ സമയത്ത്. ഹരേകൃഷ്ണ പ്രസ്ഥാനം അല്ലെങ്കില്‍ ഇസ്‌കോണ്‍ എന്നറിയപ്പെടുന്ന ഇന്റര്‍ നാഷണല്‍ സൊസൈറ്റി ഫോര്‍ കൃഷ്ണ കോണ്‍ഷ്യസ്നെസിന്റെ പ്രവര്‍ത്തകര്‍ ആയിരുന്ന അവര്‍. അവര്‍ക്ക് ഒരു ആവശ്യമേ ഉണ്ടായിരുന്നുള്ളൂ. രാജ്യദ്രോഹക്കുറ്റത്തിന് അറസ്റ്റിലായ തങ്ങളുടെ നേതാവ് ചിന്‍മോയ് കൃഷ്ണ ദാസിന്റെ മോചനം. പക്ഷേ അവര്‍ ഒട്ടും പ്രതീക്ഷിക്കാത്ത കാര്യങ്ങളാണ് ബംഗ്ലാദേശ് ഭരണകൂടത്തില്‍നിന്ന് ഉണ്ടാവുന്നത്.
ഇസ്‌കോണിനെ നിരോധിക്കാനുള്ള നടപടികളുമായി മുന്നോട്ട് പോവുകയാണ്, ഷെയ്ഖ് ഹസീനക്കുശേഷം അധികാരത്തിലേറിയ യൂനുസ് സര്‍ക്കാര്‍. ഹരേ കൃഷ്ണ പ്രസ്ഥാനക്കാരെ നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് ഒരു ഹരജി കോടതിയില്‍ എത്തിയിരിക്കയാണ്. ഇതില്‍ നിലപാട് തേടിയപ്പോള്‍, ഇസ്‌കോണ്‍ ഒരു മത മൗലികവാദ സംഘടന ആണെന്നും ഇതിനെ നിരോധിക്കണമെന്നുമാണ് സര്‍ക്കാര്‍ കോടതിയെ അറിയിച്ചത്. ഇതോടെ ബംഗ്ലാദേശിലെ ഹിന്ദു സമുഹത്തില്‍ രോഷവും പ്രതിഷേധവും വര്‍ധിക്കയാണ്.
ഷേഖ് ഹസീന സര്‍ക്കര്‍ വീണതോടെ ബംഗ്ലാദേശില്‍ സമാനതകള്‍ ഇല്ലാത്ത പീഡനമാണ് അവശേഷിക്കുന്ന ഹിന്ദു-ക്രിസ്ത്യന്‍-സിഖ് ന്യൂനപക്ഷ സമൂഹം നേരിടുന്നത്. നിരവധി ക്ഷേത്രങ്ങളും ചര്‍ച്ചകളും അഗ്നിക്കിരയാക്കി. ന്യൂനപക്ഷങ്ങളുടെ ഭവനങ്ങളും കടകളും കൊള്ളയടിച്ചു. ഹസീനക്കുശേഷം അധികാരത്തിലേറിയ ഡോ മുഹമ്മദ് യൂനുസിന്റെ നേതൃത്വത്തിലെ ഇടക്കാല സര്‍ക്കാര്‍, ഈ അതിക്രമങ്ങള്‍ ഒക്കെയും കൈയും കെട്ടി നോക്കിനില്‍ക്കയാണ്. നിരവധി പേര്‍ക്ക് ജീവന്‍ നഷ്ടമായി. ഹിന്ദു സമൂഹത്തിനുനേരെ ബംഗ്ലാദേശില്‍ ഉയരുന്ന അതിക്രമങ്ങള്‍ക്കെതിരെ പ്രതികരിക്കുന്ന മത നേതാവ് കൂടിയായിരുന്നു, ഇസ്‌കോണ്‍ നേതാവ് കൂടിയായ ചിറ്റഗോങിലെ ചിന്‍മോയ് കൃഷ്ണ ദാസ്. കഴിഞ്ഞ മാസം അദ്ദേഹവും അറസ്റ്റിലായി. കൃഷ്ണദാസിനെ മോചിപ്പിക്കണമെന്ന് ഇന്ത്യ ആവശ്യപ്പെടുമ്പോള്‍, ഇന്ത്യയില്‍ അഭയം തേടിയ ഷേഖ് ഹീസനയെ വിട്ടുതരണം എന്ന രീതിയലാണ് ബംഗ്ലാദേശിന്റെ പ്രതികരണം. ഇതോടെ ഇന്ത്യാ- ബംഗ്ലാദേശ് ഉഭയകക്ഷിബന്ധങ്ങളില്‍ വിള്ളല്‍ വീഴുന്ന അവസ്ഥകൂടിയാണ് സംജാതമായിരിക്കുന്നത്.
ചിന്‍മോയ് കൃഷ്ണദാസിന് വിലങ്ങ്
നോബേല്‍ സമ്മാനം നേടിയ സാമ്പത്തിക ശാസ്ത്രഞ്ജനായ ഡോ മുഹമ്മദ് യൂനുസ്, ഇടക്കാല സര്‍ക്കാറിനെ നയിക്കാനെത്തിയപ്പോള്‍, ബംഗ്ലാദേശിലെ ന്യൂനപക്ഷങ്ങള്‍ക്കും പ്രതീക്ഷകള്‍ ഏറെയായിരുന്നു. പക്ഷേ അദ്ദേഹത്തെ നോക്കുകുത്തിയാക്കി ബംഗ്ലാദേശ് ജമാഅത്തെ ഇസ്ലാമി അടക്കമുള്ള മതമൗലികവാദികള്‍ അഴിഞ്ഞാടുന്ന കാഴ്ചയാണ് പിന്നീട് കാണാനായത്. മറ്റ് സമുദായക്കാരെയെല്ലാം ആട്ടിയോടിച്ച ശേഷം, ബംഗ്ലാദേശിനെ പൂര്‍ണ്ണമായും ഒരു ഇസ്ലാമിക രാജ്യമാക്കണമെന്നായിരുന്നു അവരുടെ കാഴ്ചപ്പാട്. അതിന്റെ ഭാഗമായുള്ള പ്രധാനപ്പെട്ട ഒരു അജണ്ടയായിരുന്നു, ഹിന്ദുക്കളെയും, സിഖുകാരെയും, ക്രിസ്ത്യാനികളെയുമൊക്കെ ഭയപ്പെടുത്തി ഓടിക്കുക എന്നത്.
ആ ശ്രമത്തിലെ ഒരു കരടായിരുന്നു സത്യത്തില്‍ ചിന്‍മോയ് കൃഷ്ണദാസ് എന്നാണ്, ബംഗ്ലാദേശ് ന്യൂനപക്ഷങ്ങളുടെ പത്രമായ ദ വോയ്സ് പറയുന്നത്. ചിറ്റഗോങ്ങിലെ വൈഷ്ണവ ദേവാലയമായ, പുണ്ഡരിക് ദാമിന്റെ തലവാണ് ചിന്‍മോയ്. സുമ്മിലിട്ടോ സനാതന്‍ ജാഗരണ്‍ ജോട്ട് എന്ന സംഘടനയുടെ വക്താവായ അദ്ദേഹം, ഹിന്ദു അവകാശത്തിനായി പോരാട്ടം നടത്തുന്നുണ്ട്. ഒപ്പം ഇസ്‌കോണിന്റെ നേതാവുമാണ് അദ്ദേഹം. ഈ മേഖലയില്‍ ആയിരക്കണക്കിന് അനുയായികള്‍ ഉണ്ട്. ഒപ്പം അത്യാവശ്യം സമ്പത്തും. അതുകൊണ്ട് തന്നെ ചിറ്റഗോങ്ങ് മേഖലയില്‍ ആരും അദ്ദേഹത്തോട് ഒന്ന് മുട്ടാന്‍ മടിക്കും.
മതന്യൂനപക്ഷ സമുദായങ്ങളുടെ സുരക്ഷ ആവശ്യപ്പെട്ട് നിരവധി പ്രതിഷേധങ്ങള്‍ അദ്ദേഹം നേരത്തെ സംഘടിപ്പിച്ചിരുന്നു. അതുകൊണ്ടുതന്നെ ഇസ്ലാമിക മതമൗലികവാദികളുടെ കണ്ണിലെ കരടായിരുനനു കൃഷ്ണദാസ്. പക്ഷേ അന്ന് ഷെയ്ഖ ഹസീനയുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ ആയതുകൊണ്ട് അവര്‍ക്ക് കാര്യമായി ഒന്നും ചെയ്യാന്‍ കഴിഞ്ഞില്ല. പക്ഷേ ഹസീന മാറാന്‍ തക്കം പാര്‍ത്തിരുന്ന അവര്‍, ഈ നേതാവിന് പണി കൊടുത്തു. ബംഗ്ലാദേശിന്റെ ദേശീയ പതാകയോട് അനാദരവ് കാട്ടിയെന്ന കുറ്റം ചുമത്തിയാണ്, ചിന്‍മോയ് കൃഷ്ണദാസിനെ പൊലീസ് അറസ്റ്റ് ചെയ്തത്. എന്നും ബംഗ്ലാദേശ് സ്വത്വത്തില്‍ വിശ്വസിച്ചിരുന്ന കൃഷ്ണദാസ് അങ്ങനെ ഒരു കുറ്റം ചെയ്യില്ല എന്നാണ് അദ്ദേഹത്തിന്റെ അനുയായികള്‍ പറയുന്നത്. തന്റെ പ്രസംഗങ്ങളില്‍ എവിടെയും ബംഗ്ലാദേശ് സര്‍ക്കാറിനെതിരെ അദ്ദേഹം ഒന്നും പറയാറില്ല. മറിച്ച് മതമൗലികവാദികള്‍ക്കെതിരെ അദ്ദേഹം പ്രതികരിക്കാറുമുണ്ട്. ധാക്ക എയര്‍പോര്‍ട്ടില്‍ വച്ച് നവംബര്‍ 25നാണ് അദ്ദേഹത്തെ അറസ്റ്റ് ചെയ്തത്. രാജ്യദ്രോഹക്കുറ്റം ആരോപിച്ചായിരുന്നു പൊലീസ് നടപടി. ജാമ്യാപേക്ഷ തള്ളിയതിനെ തുടര്‍ന്ന് കൃഷ്ണദാസിനെ ജയിലിലേക്ക് മാറ്റിയരിക്കയാണ്.
അറസ്റ്റില്‍ വ്യാപകമായ പ്രതിഷേധമുണ്ടായി. ചിന്‍മോയ് കൃഷ്ണയെ മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ചിറ്റഗോങ്ങില്‍ ആയിരക്കണക്കിന് ആളുകളാണ് കോടതി വളപ്പില്‍ തടിച്ചുകൂടിയത്. കോടതിക്ക് പുറത്ത് അനുയായികളെ അഭിസംബോധന ചെയ്തുകൊണ്ട് ചിന്മയ് കൃഷ്ണദാസ് ഇങ്ങനെ പറഞ്ഞു- ''ഞങ്ങള്‍ ഭരണകൂടത്തിനും സര്‍ക്കാരിനും എതിരല്ല. ഞങ്ങള്‍ സനാതനികള്‍ ഈ രാജ്യത്തിന്റെ ഭാഗമാണ്. ഞങ്ങള്‍ക്ക് ഈ രാജ്യത്തോട് ചില ഉത്തരവാദിത്വങ്ങളുണ്ട്. സമാധാനത്തെ അസ്ഥിരപ്പെടുത്താനും സഹവര്‍ത്തിത്വം തകര്‍ക്കാനും ഞങ്ങള്‍ ആഗ്രഹിക്കുന്നില്ല. ആവശ്യങ്ങള്‍ അംഗീകരിക്കുന്നതുവരെ പ്രതിഷേധം തുടരുക തന്നെ ചെയ്യും. വികാരങ്ങള്‍ നിയന്ത്രിച്ച് സമാധാനപരമായ പ്രതിഷേധം നടത്തും''.
പക്ഷേ അദ്ദേഹത്തിന്റെ ജാമ്യാപേക്ഷ കോടതി തള്ളിയതോടെ കാര്യങ്ങള്‍ കൈവിട്ടു. പ്രതിഷേധ മുദ്രാവാക്യം മുഴക്കിയ അനുയായികളും, സുരക്ഷാ ഉദ്യോഗസ്ഥരും തമ്മില്‍ ഏറ്റമുട്ടലുണ്ടായി. പൊലീസ് ഗ്രനേഡ് പ്രയോഗിച്ചു. അതിനിടെ അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂട്ടര്‍ സൈഫുല്‍ ഇസ്ലാം കൊല്ലപ്പെട്ടു. ചിറ്റഗോങ്് സ്വദേശിയായ ഈ അഭിഭാഷകന്‍ ഒരു അംഗപരിമിതന്‍ കൂടിയായിരുന്നു. ഇത് ശരിക്കും അധികൃതര്‍ക്ക് വീണുകിട്ടിയ ഒരു വടിയായിരുന്നു. സത്യത്തില്‍ തിക്കിലും തിരിക്കലും പെട്ടാണ് അഭിഭാഷകന്‍ മരിച്ചത് എന്നും ഇതിന് കാരണക്കാര്‍, പൊലീസ് തന്നെയാണെന്നാണ്, ഹരേകൃഷ്ണ പ്രസ്ഥാനക്കാര്‍ പറയുന്നത്. പക്ഷേ അത് അവരെ വേട്ടയാടാന്‍ ബംഗ്ലാ സര്‍ക്കാറിന് കിട്ടിയ ഒരു വടിയായി.
ആരാണ് ഹരേകൃഷ്ണ പ്രസ്ഥാനക്കാര്‍?
പേര് സൂചിപ്പിക്കുന്നതുപോലെ, അടിസ്ഥാനപരമായി കൃഷ്ണ ഭക്തി പ്രസ്ഥാനമാണ് ഹരേകൃഷ്ണ പ്രസ്ഥാനം. ഗൗഡിയ വൈഷ്ണവരുടെ ഒരു മതസംഘടനയാണ് ഇത്. എ. സി. ഭക്തിവേദാന്ത സ്വാമി പ്രഭുപാദ 1966 -ല്‍ ന്യൂയോര്‍ക്ക് സിറ്റിയില്‍ ആണ് ഈ പ്രസ്ഥാനം സ്ഥാപിച്ചത്. പ്രഭുപാദയെ ഇസ്‌കോണ്‍ വിശ്വാസികള്‍ ഗുരുവും ആധ്യാത്മിക നേതാവുമായി കരുതിപ്പോരുന്നു. ഹിന്ദു പുരാണങ്ങളായ ഭഗവത് ഗീതയിലെയും ഭാഗവതത്തിലെയും തത്ത്വങ്ങളിലാണ് ഇതിന്റെ അടിസ്ഥാന വിശ്വാസം. ഭക്തിയോഗം പ്രചരിപ്പിക്കാനാണ് ഇസ്‌കോണ്‍ രൂപം കൊണ്ടത്. ഭക്തന്മാര്‍ അവരുടെ ചിന്തകളും പ്രവൃത്തികളും സര്‍വ്വേശ്വരനായ കൃഷ്ണനെ പ്രസാദിപ്പിക്കാനായി സമര്‍പ്പണം ചെയ്യുന്നു എന്നാണ് പറയുക.
ഇന്ന് ശതകോടികളുടെ ആസ്തിയും, ലോകത്താകമാനം 550ലേറെ കേന്ദ്രങ്ങളുള്ള സംഘടനയാണ് ഇസ്‌കോണ്‍. 50 ലധികം രാജ്യങ്ങളിയായി 10 ലക്ഷത്തോളം പേര്‍ അംഗങ്ങളാണ്. ആസ്ഥാനം പശ്ചിമ ബംഗാളിലെ മായാപ്പൂരാണ്്. ലോക വ്യാപകമായി നോക്കുമ്പോള്‍, 60 കാര്‍ഷിക സമൂഹങ്ങളും 50 വിദ്യാലയങ്ങളും 90 ഭക്ഷണശാലകളും ഉണ്ട്. സോവിയറ്റ് യൂണിയന്റെ പതനത്തിനു ശേഷം കിഴക്കേ യൂറോപ്പിലും ഇന്ത്യയിലുമാണ് ഇസ്‌കോണിന്റെ അംഗസംഖ്യയില്‍ വലിയ വര്‍ദ്ധനവ് ഉണ്ടായത്.
ഇന്ത്യയില്‍ പ്രധാനമായും ബംഗാളിലും ബീഹാറിലുമാണ് ഈ പ്രസ്ഥാനത്തിന് അനുയായികള്‍ ഉള്ളത്. വിശ്വാസികള്‍ക്ക് കൃഷ്ണനാണ് പരമമായ, പൂര്‍ണ്ണനായ ദൈവം. കൃഷ്ണന്റെ ദിവ്യമായ പ്രതിരൂപമാണ് രാധ. ദിവ്യപ്രേമത്തിന്റെ പ്രതിരൂപമാണ് അവര്‍. ഇസ്‌കോണ്‍ വിശ്വാസത്തില്‍, അദ്വൈതത്തില്‍ നിന്നും വ്യത്യസ്തമായി ആത്മാവിനു സ്വന്തമായി നിലനില്‍പ്പുണ്ട്. അത് എവിടെയും ലയിച്ചുചേരുന്നില്ല. വേദാന്തത്തില്‍ വേരുകളുള്ള ഒരു ഏക ദൈവ വിശ്വാസ പ്രസ്ഥാനമാണ് ഇത്.
ഇസ്‌കോണിന് ഹരേകൃഷ്ണ പ്രസ്ഥാനം എന്ന പേരു വന്നതു തന്നെ ഭക്തന്മാര്‍ ഏതു നേരവും ഭജിക്കുകയും ജപിക്കുകയും പാടുകയും ചെയ്യുന്ന, മഹാമന്ത്രം എന്ന് അവര്‍ വിളിക്കുന്ന 'ഹരേ കൃഷ്ണ, ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ, ഹരേ ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ' എന്നതില്‍നിന്നാണ്. പ്രഭുപാദ 1966 -ല്‍ ഇസ്‌കോണ്‍ രൂപീകരിക്കുമ്പോള്‍ നിര്‍വചിച്ച ലക്ഷ്യങ്ങളില്‍ ഏറ്റവും പ്രധാനം, ഭഗവത് ഗീതയിലും ഭാഗവതത്തിലും പറഞ്ഞിട്ടുള്ളതു പോലെ കൃഷ്ണാവബോധം പ്രചരിപ്പിക്കുക എന്നതാണ്.
സമൂഹത്തിലെ എല്ലാവരെയും കൃഷ്ണന്റെ പക്കലേക്കും അടുപ്പിച്ച് മാനുഷികബോധം എല്ലാവരിലും ഉണ്ടാക്കി ഓരോരുത്തരും കൃഷ്ണന്റെ ഗുണങ്ങളുടെ ഭാഗമാണെന്ന് മനസ്സിലാക്കുക. എല്ലാവരും ഒത്തുകൂടി മഹാമന്ത്രം ചൊല്ലുകയും സനാതനപ്രസ്ഥാനത്തെപ്പറ്റി പഠിപ്പിക്കുകയും വ്യാപിപ്പിക്കുകയും ചെയ്യുക. കൃഷ്ണന്റെ വ്യക്തിത്വത്തില്‍ അര്‍പ്പണം ചെയ്ത് അംഗങ്ങള്‍ക്കും സമൂഹത്തിനും വേണ്ടി ഒത്തുചേരാനായി വിശുദ്ധങ്ങളായ വേദികള്‍ ഉണ്ടാക്കുക.
ലളിതവും നൈസര്‍ഗ്ഗികവുമായ ഒരു ജീവിതം നയിക്കാനായി അംഗങ്ങളെ എല്ലാവരെയും ഒരുമിച്ചു കൊണ്ടുവരിക. മേല്‍പ്പറഞ്ഞ കാര്യങ്ങള്‍ സാധിപ്പിക്കാനായി പുസ്തകങ്ങളും മാസികകളും പ്രസിദ്ധീകരിച്ച് വിതരണം ചെയ്യുക എന്നിവയാണ് സംഘടന ചെയ്യുന്നത്. മല്‍സ്യവും മുട്ടയും അടക്കം ഒരു മാംസവും ഹരേകൃഷ്ണക്കാര്‍ക്ക് പാടില്ല. വിവാഹിതരായ ഇണകള്‍, അതും പ്രജനനത്തിനുവേണ്ടി മാത്രമായിട്ടേ ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടാവൂ. ചൂതാട്ടം പാടില്ല. മദ്യം, പുകയില ഉള്‍പ്പെടെ യാതൊരു ലഹരിപദാര്‍ത്ഥവും ഉപയോഗിക്കരുത് എന്നും കര്‍ശന നിര്‍ദേശമുണ്ട്.
അമേരിക്കയില്‍ വളര്‍ന്ന ആധ്യാത്മിക സമൂഹം
ഒരു കൈയില്‍ ഭാഗവതവും, മറുകൈയില്‍ എതാനും നോട്ടുകളുമായി ഒരു സന്യാസി, അമേരിക്കയില്‍ ഇറങ്ങുമ്പോള്‍ അത് ഇസ്‌കോണ്‍ എന്ന ഇത്രയും വലിയ പ്രസ്ഥാനത്തിന്റെ തുടക്കമാവുമെന്ന് ആരും കരുതിയിരുന്നില്ല. ഇസ്‌കോണ്‍ സ്ഥാപകന്‍, എ. സി ഭക്തിവേദാന്ത സ്വാമി ശ്രീല പ്രഭുപാദിന്റെ ചരിത്രവും രസകരമാണ്. 1896-ല്‍, കല്‍ക്കട്ടയിലുള്ള ഒരു വൈഷ്ണവ കുടുംബത്തിലാണ് അദ്ദേഹം ജനിച്ചത്. അഭയ് എന്ന് തങ്ങള്‍ വിളിച്ചിരുന്ന മകന്‍, കൃഷ്ണ ഭക്തനായി മാറണം എന്നതായിരുന്നു കുടുംബത്തിന്റെ ആഗ്രഹം.
ബ്രിട്ടീഷ് രാജവാഴ്ച്ച നിലനിന്നിരുന്ന കാലത്താണ് അഭയ് വിദ്യാഭ്യാസം നടത്തിയത്. രസതന്ത്ര പഠനത്തിനായി കലാലയത്തിലേയ്ക്കു പ്രവേശിച്ച അദ്ദേഹം, ഗാന്ധിജിയുടെ ഒനുചരനായിത്തീരുകയായിരുന്നു. ഗാന്ധിയനായതോടെ അദ്ദേഹം ഭാരതത്തില്‍ നിര്‍മ്മിച്ച കൈത്തറി വസ്ത്രള്‍ മാത്രമാണ് ഉപയോഗിച്ചത്. കലാലയത്തില്‍ നിന്നും തനിക്കു ലഭിക്കേണ്ടിയിരുന്ന ബിരുദവും അദ്ദേഹം സ്വാതന്ത്ര്യസമരത്തിനുവേണ്ടി ഉപേക്ഷിച്ചു.
വിവാഹിതനായ ശേഷം അഭയ് ഒരു ചെറിയ ഫര്‍മസ്യൂട്ടിയ്ക്കല്‍ കമ്പനി ആരംഭിച്ച് തന്റെകുടുംബത്തെയും പുലര്‍ത്താനാരംഭിച്ചു. ആ സമയത്താണ് അദ്ദേഹം തന്റെ ആത്മീയ ഗുരുവായ ശ്രീല ഭക്തിസിദ്ധാന്ത സരസ്വതി ഗോസ്വാമിയെ കണ്ടുമുട്ടുന്നത്. 1922-ല്‍ കല്‍ക്കട്ടയില്‍ വച്ചായിരുന്നു അത്. അതോടെയാണ് അഭയ് ആത്മീയ ജീവിതത്തിലേക്ക് ആകര്‍ഷിക്കപ്പെടുന്നത്.
1936- ല്‍ അഭയ് തന്റെ ആത്മീയഗുരുവിനോട് തന്നാല്‍ കഴിയുന്ന എന്തെങ്കിലും സേവ അങ്ങേയ്ക്കായി ചെയ്യേണ്ടതുണ്ടൊയെന്നു ഒരു കത്തിലൂടെ ആരാഞ്ഞു. ആ കത്തിനു മറുപടിയായി, 1922-ല്‍ ലഭിച്ച അതേ നിര്‍ദ്ദേശം തന്നെ വീണ്ടും അദ്ദേഹത്തിനു ലഭിക്കുകയുണ്ടായി. ഇംഗ്ലീഷില്‍ കൃഷ്ണാവബോധം പ്രചരിപ്പിക്കാനായിരുന്നു ഗുരുവിന്റെ നിര്‍ദേശം. രണ്ടാഴ്ചകള്‍ക്ക് ശേഷം ശ്രീല ഭക്തിസിദ്ധാന്ത സരസ്വതി അന്തരിച്ചു. അങ്ങനെയാണ് അഭയ് മുഴുവന്‍ സമയ ആത്മീയ പ്രവര്‍ത്തനത്തിലേക്ക് തിരിയുന്നതും, ഭക്തിവേദാന്ത സ്വാമി പ്രഭുപാദര്‍ എന്ന് പേരില്‍ അറിയപ്പെടുന്നതും.
ഗൗഢീയ മഠത്തിന്റെ പ്രവര്‍ത്തനങ്ങളുമായി മുന്നോട്ട് പോകവേ തന്നെ ശ്രീല പ്രഭുപാദര്‍, ഭഗവദ്-ഗീതയ്ക്കൊരു ഭാഷ്യം രചിയ്ക്കുക ഉണ്ടായി. 1944 ലെ രണ്ടാം ലോക മഹായുദ്ധ കാലത്ത്, കടലാസിന് ക്ഷാമവും, ദാരിദ്ര്യവും കൊടുമ്പിരികൊണ്ടിരുന്ന അക്കാലത്ത്, ശ്രീല പ്രഭുപാദര്‍, ഭഗവദ് സന്നിധിയിലേയ്ക്ക് എന്ന മാസിക ആരംഭിച്ചു. 1950-ല്‍ പ്രഭുപാദര്‍ വാനപ്രസ്ഥം സ്വീകരിച്ചു. വീടും കുടുംബവും ഉപേക്ഷിച്ച് അദ്ദേഹം ഒരു മുഴുനീള ആത്മീയാചാര്യനായി മാറി. 1953- ല്‍ അനുചരര്‍ അദ്ദേഹത്തിന്‍ ഭക്തിവേദാന്ത എന്ന സ്ഥാനപ്പേരു നല്‍കി ആദരിച്ചു. അതിനുശേഷം അദ്ദേഹം കല്‍ക്കട്ടയില്‍ നിന്ന് യാത്രയായി വൃന്ദാവനത്തിലുള്ള രാധാ-ദാമോധര ക്ഷേത്രത്തില്‍ എത്തിച്ചേര്‍ന്നു. അവിടെ അദ്ദേഹം വൈദിക ഗ്രന്ഥങ്ങളും മറ്റു ലിഖിതങ്ങളും പഠിയ്ക്കുന്നതിലേയ്ക്കായി പല വര്‍ഷങ്ങള്‍ ചിലവഴിച്ചു.
പിന്നെയും വര്‍ഷങ്ങള്‍ക്കുശേഷമാണ് അമേരിയ്ക്കയിലേയ്ക്കു പോകാന്‍ സ്വാമി തീരുമാനിച്ചത്. ലോകത്തിലാകമാനം കൃഷ്ണാവബോധം പ്രചരിപ്പിക്കുക എന്നതായിരുന്നു ലക്ഷ്യം. ജലദൂത എന്ന ചരക്കു കപ്പലില്‍ സൗജന്യമായി 1965-ല്‍ അദ്ദേഹം ന്യൂയോര്‍ക്കില്‍ എത്തിച്ചേര്‍ന്നു. 69ാംം വയസ്സിലാണ് ഈ ഉദ്യമത്തിനു തയ്യാറെടുക്കുന്നതെന്നത് ശ്രദ്ധേയമാണ്. അന്ന്, ഭാഗവതത്തിന്റെ പ്രതികളും കുറച്ചു നൂറ് രൂപാനോട്ടുകളും മാത്രമാണ് അദ്ദേഹത്തിന്റെ പക്കലുണ്ടായിരുന്നത്.
യാത്രയിലുടനീളം ശ്രീല പ്രഭുപാദര്‍ക്ക് വളരെയധികം യാതനകള്‍ അനുഭവിക്കേണ്ടതായി വന്നു.രണ്ടു ഹൃദയാഘാതങ്ങളെ അദ്ദേദഹം നേരിട്ടു. ആറുമാസത്തെ തന്റെ തീവ്ര പ്രചരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി കിട്ടിയ വിരലിലെണ്ണാവുന്ന അഭ്യുദയകാംക്ഷികളില്‍ ചിലര്‍ ചേര്‍ന്ന് മാന്‍ഹട്ടനില്‍ ഒരു കടമുറിയും അതിനോട് ചേര്‍ന്നുള്ള അപാര്‍ട്ട്മെന്റും അദ്ദേഹത്തിനു തരപ്പെടുത്തിക്കൊടുത്തു. അവിടെ അദ്ദേഹം എല്ലാദിവസവും പ്രഭാഷണങ്ങള്‍ നല്‍കുകയും, കീര്‍ത്തനങ്ങള്‍ നടത്തുകയും പ്രസാദം വിതരണം നടത്തുകയും ചെയ്തു. ക്രമേണെ ആദ്യം ഹിപ്പികള്‍ അടക്കമുള്ളവരും, പിന്നെ ജീവിതത്തിന്റെ നാനാതുറകളിലുള്ളവരും, അവിടേയ്ക്കു ഒഴുകിയെത്താന്‍ തുടങ്ങി.
തന്റെ അനുയായികള്‍ കൂടുതല്‍ ആകൃഷ്ടരായി വരുന്നതിനനുസരിച്ച് ശ്രീല പ്രഭുപാദര്‍ നിരന്തരമായി ആധ്യത്മികയോഗങ്ങള്‍ പാര്‍ക്കുകളിലും മറ്റുമായി സംഘടിപ്പിക്കുവാന്‍ തുടങ്ങി. യുവാക്കളായ ആരാധകര്‍ അദ്ദേഹത്തില്‍ നിന്നും ദീക്ഷ സ്വീകരിച്ചു. അത് ഒരു തരംഗമായി മാറി. അങ്ങനെയാണ്, ശ്രീല പ്രഭുപാദര്‍ 1966-ല്‍ അന്താരാഷ്ട്ര കൃഷ്ണാവബോധ സമിതി എന്ന ഇസ്‌കോണ്‍ സ്ഥാപിക്കുന്നത്. 1967-ല്‍ അദ്ദേഹം സാന്‍ഫ്രാന്‍സിസ്‌കൊ സന്ദര്‍ശിക്കുകയും അവിടെയും ഒരു ഇസ്‌കോണ്‍ സമൂഹം സ്ഥാപി്ക്കുകയും ചെയ്തു. അതിനുശേഷം അദ്ദേഹം തന്റെ ശിഷ്യന്മാരെ ലോകത്തിന്റെ നനാഭാഗങ്ങളിലേക്ക് പറഞ്ഞയച്ചു.
മോണ്ട്രിയല്‍, ബോസ്റ്റണ്‍, ലണ്ടന്‍, ബെര്‍ലിന്‍, കൂടാതെ വടക്കെ അമേരിക്കയുടെയും ഇന്ത്യയുടെയും യൂറോപ്പിലെയും പ്രധാന നഗരങ്ങളിലും ഇസ്‌കോണിന്റെ ശാഖകള്‍ സ്ഥാപിച്ചു. ഇന്ത്യയില്‍ അദ്ദേഹം മനോഹരങ്ങളായ മൂന്നു ക്ഷേത്രങ്ങളുടെ രൂപരേഖയുണ്ടാക്കുകയും ചെയ്തു. വൃന്ദാവനത്തിലെ ദാരുശില്പമായി നിലകൊള്ളുന്ന ബലരാമ ക്ഷേത്രം, മുംബൈയിലെ ക്ഷേത്രം, കൂടാതെ മായാപ്പൂരിലെ ഭീമാകാരമായ വൈദിക പ്ലാനറ്റോറിയം എന്നിവയാണവ. 1977 നവംബര്‍ 14-ന് അദ്ദേഹം അന്തരിക്കുമ്പോഴേക്കും, ലോകമെമ്പാടും 108 ക്ഷേത്രങ്ങളും, ലക്ഷക്കണക്കിന് അനുയായികളുമുള്ള വലിയ പ്രസ്ഥാനമായ ഹരേകൃഷ്ണ പ്രസ്ഥാനം വളര്‍ന്നിരുന്നു.
ബംഗ്ലാമണ്ണില്‍ നിരോധന നീക്കം
ഒരു ആത്മീയ പാതയില്‍ കഴിയുന്നവരാണ് ഇസ്‌കോണ്‍ പ്രസ്ഥാനം. അത് ഒരു തീവ്രാവാദ സംഘടനയാണെന്നോ, മറ്റുമതസ്ഥരെ ആക്രമിക്കാന്‍ പദ്ധതിയുള്ളവര്‍ ആണെന്നോ ഇതുവരെ ആരും പറഞ്ഞിട്ടില്ല. ചില്ലറ കേസുകളും സാമ്പത്തിക തര്‍ക്കങ്ങളും മാത്രമാണ് ഈ സംഘടനയുമായി ബന്ധപ്പെട്ട് ഉണ്ടായരുന്നത്. പക്ഷേ ബംഗ്ലാദേശ്് ഇപ്പോള്‍ ശ്രമിക്കുന്നത്, ഒരു ഭീകര സംഘടനയാക്കി മാറ്റി ഇസ്‌കോണിനെ നിരോധിക്കാനുള്ള ശ്രമങ്ങളാണ്. ചിതറിത്തെറിച്ചു കിടക്കുന്ന ബംഗ്ലാദേശിലെ ഹിന്ദു സമൂഹത്തില്‍ ശരിക്കും ആദ്യത്തെ സംഘടിത ശക്തിയാണ്, ഇസ്‌കോണ്‍. അതുകൊണ്ടുതന്നെ അവര്‍ക്ക് എതിരെയുള്ള ഒരു അവസരത്തിന് ജമാഅത്തെ ഇസ്ലാമി അടക്കമുള്ള മതമൗലികവാദികള്‍ കാത്തിരിക്കുകയായിരുന്നു.
കോടതി പരിസരത്തുണ്ടായ അതിക്രമങ്ങളില്‍ അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂട്ടര്‍ മരിച്ച സംഭവത്തോടെയാണ്, ഇസ്‌കോണ്‍ നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് ഒരു അഭിഭാഷകന്‍ ബംഗ്ലാദേശ് ഹൈക്കോടതയില്‍ ഹര്‍ജി നല്‍കിയത്. വാദം കേള്‍ക്കുന്നതിനിടെ ഇസ്‌കോണ്‍ എങ്ങനെയാണ് ബംഗ്ലാദേശില്‍ സ്ഥാപിച്ചതെന്നും അറ്റോര്‍ണി ജനറലിനോട് കോടതി ആരാഞ്ഞു. ഇസ്‌കോണ്‍ സംബന്ധിച്ച സര്‍ക്കാര്‍ നിലപാടും രാജ്യത്തെ മൊത്തത്തിലുള്ള ക്രമസമാധാന നിലയും റിപ്പോര്‍ട്ട് ചെയ്യാന്‍ അറ്റോര്‍ണി ജനറലിനോട് ഹൈക്കോടതി നിര്‍ദേശിച്ചു. ക്രമസമാധാന നില തകരുന്നത് തടയണമെന്ന് കോടതി സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. തുടര്‍ന്നാണ് ഇസ്‌ക്കോണിനെ നിരോധിക്കണമെന്ന നിലപാട് സര്‍ക്കാര്‍ അറിയിച്ചത്. എന്നാല്‍, കോടതി ഈ നിലപാടിനോട് അനുകൂലമായി പ്രതികരിച്ചില്ല എന്നത് ശ്രദ്ധേയമാണ്.
ഇസ്‌കോണ്‍ സന്യാസിയെ അറസ്റ്റ് ചെയ്ത് ജയിലിലടച്ച ബംഗ്ലാദേശ് നടപടിയെ ഇന്ത്യയും അപലപിച്ചിട്ടുണ്ട്. ബംഗ്ലാദേശിലെ മത ന്യൂനപക്ഷമായ ഹിന്ദുക്കളുടെ സുരക്ഷ ഉറപ്പാക്കാന്‍ ഭരണകൂടം തയ്യാറാകണമെന്ന് വിദേശകാര്യ മന്ത്രാലയം ആവശ്യപ്പെട്ടു. ഹിന്ദുക്കളുടെയും മറ്റെല്ലാ ന്യൂനപക്ഷങ്ങളുടെയും സുരക്ഷയും സംരക്ഷണവും ഉറപ്പാക്കാന്‍ ബംഗ്ലാദേശ് സര്‍ക്കാര്‍ നടപടി സ്വീകരിക്കണമെന്ന് ഇന്ത്യ ആവശ്യപ്പെട്ടു.
സമാധാനപരമായി സമ്മേളിക്കുന്നതിനും അഭിപ്രായപ്രകടനം നടത്തുന്നതിനുമുള്ള അവരുടെ അവകാശം നിഷേധിക്കരുത്. ഇദ്ദേഹത്തിന്റെ മോചനത്തിനായി സമാധാനപരമായി പ്രതിഷേധിച്ച മതന്യൂനപക്ഷ സംഘടനാ പ്രവര്‍ത്തകര്‍ക്ക് നേരെയുണ്ടായ ആക്രമണത്തിലും ആശങ്ക രേഖപ്പെടുത്തി. ന്യൂനപക്ഷ വിഭാഗക്കാരുടെ വീടുകളും വ്യാപാര സ്ഥാപനങ്ങളും തീയിടുകയും കൊള്ളയടിക്കുകയും ചെയ്യുക, ന്യൂനപക്ഷങ്ങളുടെ ആരാധനാലയങ്ങള്‍ നശിപ്പിക്കുക തുടങ്ങി നിരവധി കേസുകള്‍ ബംഗ്ലാദേശില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെന്നും വിദേശകാര്യമന്ത്രാലയം ചൂണ്ടിക്കാട്ടി.
ചിന്‍മോയ് കൃഷ്ണ ദാസിനെ അറസ്റ്റ് ചെയ്തതില്‍ അപലപിച്ച് ശ്രീ ശ്രീ രവിശങ്കറും രംഗത്തുവന്നിരുന്നു. ബംഗ്ലാദേശിലെ ന്യൂനപക്ഷങ്ങളുടെ ദുരവസ്ഥ ഉയര്‍ത്തിക്കാട്ടാന്‍ മാത്രമാണ് ചിന്‍മോയ് കൃഷ്ണ ദാസ് ആഗ്രഹിക്കുന്നത്. തന്റെ ആളുകളെ പരിപാലിക്കുക മാത്രമാണ് അദ്ദേഹം ചെയ്തത്. ജനങ്ങള്‍ക്ക് വേണ്ടിയുള്ള പ്രവര്‍ത്തനത്തിന് സമാധാനത്തിനുള്ള നൊബേല്‍ സമ്മാനം ലഭിച്ച പ്രൊഫസര്‍ എംഡി യൂനസ് സര്‍ക്കാരില്‍ നിന്ന് ഞങ്ങള്‍ കൂടുതല്‍ പ്രതീക്ഷിക്കുന്നു. ബംഗ്ലാദേശിന്റെ പ്രതിച്ഛായയ്ക്ക് മങ്ങലേല്‍പ്പിക്കുന്ന തീവ്ര മതഘടകങ്ങളെ ബംഗ്ലാദേശ് സര്‍ക്കാര്‍ നിയന്ത്രിക്കുമെന്നും ന്യൂനപക്ഷ സമുദായങ്ങളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കുമെന്നും ഞങ്ങള്‍ പ്രതീക്ഷിക്കുന്നു. സന്യാസിമാരെയും പുരോഹിതന്മാരെയും അറസ്റ്റ് ചെയ്യുന്നത് ബംഗ്ലാദേശ് സര്‍ക്കാരിന് നല്ലതല്ല. പുരോഗമനപരവും ലിബറല്‍ രാജ്യവുമായാണ് ബംഗ്ലാദേശ് അറിയപ്പെട്ടിരുന്നത്. എന്നാല്‍ ഇപ്പോള്‍ ചില ഘടകങ്ങള്‍ അതിനെ പിന്നോട്ട് കൊണ്ടുപോകാന്‍ ആഗ്രഹിക്കുന്നു. ബംഗ്ലാദേശ് സര്‍ക്കാര്‍ ന്യൂനപക്ഷങ്ങളെ പരിപാലിക്കണമെന്ന് ഞങ്ങള്‍ അഭ്യര്‍ത്ഥിക്കുന്നു. ന്യൂനപക്ഷങ്ങളുടെ സുരക്ഷയാണ് ഞങ്ങള്‍ ആവശ്യപ്പെടുന്നത്. അന്താരാഷ്ട്ര സമൂഹവും ഇത് ശ്രദ്ധിക്കണം.- ശ്രീ ശ്രീ രവിശങ്കര്‍ പറഞ്ഞു.
അതുപോലെ ലോകമെമ്പാടുമുള്ള ഹരേകൃഷ്ണ പ്രസ്ഥാനക്കാര്‍ സംഭവത്തില്‍ പ്രതിഷേധിക്കുന്നുണ്ട്. ചുരുക്കിപ്പറഞ്ഞാല്‍ ഇസ്‌കോണ്‍ പ്രശ്നം ഇന്ത്യ- ബംഗ്ലാദേശ് ഉഭയകക്ഷി പ്രശ്നമായിട്ടല്ല, ഒരു അന്താരാഷ്ട്ര പ്രശ്നമായിട്ടുതന്നെ വളരുകയാണ്.
വാല്‍ക്കഷ്ണം: സ്വാമിയുടെ മോചനം ആവശ്യപ്പെട്ട് ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടക്കുന്ന പ്രതിഷേധ പരിപാടികള്‍ കണ്ടപ്പോഴാണ്, ഇസ്‌കോണിന്റെ വലിപ്പം അധികൃതര്‍ മനസ്സിലാക്കിയത് എന്നാണ് ബംഗ്ലാദേശി വിമത പത്രങ്ങള്‍ എഴുതുന്നത്. ഷേഖ് ഹസീനയെ അനുകൂലിക്കുന്നവരും, സ്വതന്ത്രചിന്തകരും, കൃഷ്ണദാസിന്റെ മോചനത്തിനുവേണ്ടി പ്രതികരിക്കുന്നുണ്ട്. ബംഗ്ലാദേശി എഴുത്തുകാരിയായ തസ്ലീമ നസ്രീന്‍ അടക്കമുള്ളവര്‍ ചിന്മയ് കൃഷ്ണദാസിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.