- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ദ്വിരാഷ്ട്ര പരിഹാരത്തില്‍ നിന്ന് ഇസ്രയേല്‍ പിന്‍മാറുന്നു? വെസ്റ്റ് ബാങ്കില്‍ കൂടുതല്‍ ജൂത സെറ്റില്‍മെന്റുകള്‍; കൂടുതല്‍ റെഡ്സോണുകള്‍ ഉണ്ടാക്കി ഹമാസിനെ ഉല്‍മൂലനം ചെയ്യും; ഗസ്സ അറബ് രാജ്യങ്ങള്‍ക്ക് കൈമാറുമെന്നും വാര്‍ത്തകള്‍; ഫലസ്തീന് എന്ന രാജ്യം ഒരിക്കലും പൂവണിയാത്ത സ്വപ്നമാവുമ്പോള്‍!
ദ്വിരാഷ്ട്ര പരിഹാരത്തില്‍ ഇസ്രയേല്‍ പിന്‍മാറുന്നു?
ഫലസ്തീന് എന്ന ഇതുവരെ പിറന്നിട്ടില്ലാത്ത രാജ്യത്തിന് ആഗോളതലത്തില്‍ കൂടുതല്‍ പിന്തുണ കുട്ടുന്ന കാലമാണിത്. ഫ്രാന്‍സ് അടക്കമുള്ള യൂറോപ്യന്‍ രാജ്യങ്ങള്‍ ഈയിടെ ഫലസ്തീനെ അംഗീകരിച്ചു കഴിഞ്ഞു. ബെല്‍ജിയം ഈ വര്‍ഷമാണ് അംഗീകരിച്ചത്. നേരത്തെ തന്നെ ഫലസ്തീന് അനുകൂലമാണ് ഇന്ത്യയും. ഫലസ്തീനെ സ്വതന്ത്ര രാഷ്ട്രമായി ലോകത്ത് 146-ഓളം രാജ്യങ്ങള്‍ അംഗീകരിച്ചിട്ടുണ്ട്. 2024 മെയ് മാസത്തില്‍, അയര്‍ലന്‍ഡ്, നോര്‍വേ, സ്പെയിന്‍, സ്ലൊവീനിയ എന്നീ രാജ്യങ്ങളും അംഗീകാരം നല്‍കി. ഐക്യരാഷ്ട്രസഭയും ഫലസ്തീനെ സ്വതന്ത്ര രാഷ്ട്രമായി അംഗീകരിക്കണമെന്ന് ലോക രാജ്യങ്ങളോട് അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. ഇതുസംബന്ധിച്ച് കഴിഞ്ഞ ദിവസം വരെ യുഎന്നില്‍ ഉണ്ടായ പ്രമേയം വിജയിക്കുകയും ചെയ്തു.
പക്ഷേ ഫലസ്തീന്‍ എന്ന രാജ്യം ഒരിക്കലും ഉണ്ടാകാനുള്ള സാധ്യത വെറും ഒരു ശതമാനം മാത്രമാണുള്ളതെന്നാണ്, ഇസ്രായേലിനെ അനുകൂലിക്കുന്ന ജെറുസലേം പോസ്റ്റ് എന്ന പത്രം പറയുന്നത്. ഇസ്രയേല്‍-ഫലസ്തീന്‍ എന്ന ദ്വിരാഷ്ട്ര പരിഹാരം എന്ന സമാധാന ഫോര്‍മുല പതുക്കെ ഇസ്രയേല്‍ ഒഴിവാക്കുകയാണ്. തങ്ങളുടെ സുരക്ഷക്ക് എക്കാലവും ഭീഷണിയായ ഗസ്സയും വെസ്റ്റബാങ്കും അടങ്ങുന്ന ഫലസ്തീന്‍, ഇനി വിട്ടുകൊടുക്കേണ്ട എന്നതാണ് ഇസ്രയേലിന്റെ പൊതുനിലപാട്. ഇതോടെ കിഴക്കന്‍ ജറുസലേം തലസ്ഥാനമാക്കിയുള്ള ഫലസ്തീന്‍ രാഷ്ട്രം എന്ന ചിരകാല സ്വപ്നവും ഇല്ലാതാവുകയാണ്.
ദ്വിരാഷ്ട്ര പരിഹാരത്തില്‍ നിന്ന് പിന്‍മാറുന്നു?
പരിഹരിക്കാന്‍ ശ്രമം നടക്കുമ്പോഴൊക്കെ വഷളായിക്കൊണ്ടിരിക്കുന്ന പ്രഹേളികയാണ് ഗസ്സ മുനമ്പും, വെസ്റ്റ്ബാങ്കുമൊക്കെ അടങ്ങുന്ന പശ്ചിമേഷ്യന്‍ മേഖല. ജോര്‍ദാന്‍ നദിക്കും മെഡിറ്ററേനിയന്‍ കടലിനും ഇടയിലുള്ള ഈ മേഖല ചരിത്രത്തില്‍ ഫലസ്തീന്‍ എന്നാണ് അറിയപ്പെട്ടത്. ലോക മഹായുദ്ധങ്ങളും, അന്നത്തെ ലോകശക്തികളുടെ ഇടപെടലുമാണ് ആ പഴയ ഫലസ്തീനെ വിഭജിച്ച് ഇന്നു കാണുന്ന ഇസ്രയേലും പിന്നെ ഫലസ്തീന്‍ എന്നറിയപ്പെടുന്ന വെസ്റ്റ്ബാങ്കും ഗസ്സയുമൊക്കെയാക്കി മാറ്റിയത്.
ലോകചരിത്രത്തില്‍ യഹുദരെപോലെ പീഡനങ്ങള്‍ ഏറ്റ വേറൊരു ജനതയില്ല. ലോകമെങ്ങും ചിതറിക്കിടന്ന ജൂതര്‍ക്ക് ഫലസ്തീനില്‍ രാഷ്ട്രമുണ്ടാക്കാന്‍ ബ്രിട്ടന്‍ ശ്രമം തുടങ്ങിയതോടെ അവിടെ അസ്വാരസ്യം തുടങ്ങി. 1920 കളിലും നാല്‍പതുകളിലും ഫലസ്തീനിലേക്ക് ജൂതന്‍മാരുടെ പ്രവാഹം തന്നെയുണ്ടായി. കൂട്ടക്കൊല ഭയന്ന് യൂറോപ്പില്‍ നിന്നും നിരവധിപേര്‍ ഇവിടെയെത്തി. ഹിറ്റ്ലറിന്റെ കൂട്ടക്കൊലയുടെ ഞെട്ടിക്കുന്ന കഥകള്‍കൂടി പുറത്തുവന്നതോടെ യഹൂദര്‍ക്ക് ഒരു രാജ്യം എന്നത് അംഗീകരിക്കപ്പെട്ടു.1948- ല്‍ ഫലസ്തീനെ വിഭജിച്ച് ജെറുസലേം കേന്ദ്രമാക്കി യഹൂദര്‍ക്കായി ഒരു രാജ്യവും അറബ് വംശജര്‍ക്കായി മറ്റൊരു രാജ്യവും സ്ഥാപിക്കാന്‍ ഐക്യരാഷ്ട്രസഭ വോട്ടിട്ടു. ഇത് വിജയിച്ചു. ഇസ്രയേല്‍ പിറന്നു. അന്ന് അത് അംഗീകരിച്ചിരുന്നെങ്കില്‍ ഫലസ്തീന്‍ മുസ്ലീങ്ങളുടെ കൈയില്‍ തന്നെ ഇരുന്നേനെ. പകരം അറബ് മണ്ണില്‍ യഹൂദനെ അനുവദിക്കില്ല എന്ന മതശാസനയുടെ ചുവടുപിടിച്ച്, ഒരു 'ബേബി കണ്‍ട്രിയെ' വളഞ്ഞിട്ട് ആക്രമിക്കയാണ് ചുറ്റുപാടുമുള്ള അയല്‍ക്കാര്‍ ചെയ്തത്. അന്ന് പോണ പോക്കില്‍ ഇസ്രയേല്‍ പിടിച്ചെടുത്തതാണ് ഗസ്സ. ജോര്‍ദാന്‍ വെസ്്റ്റ് ബാങ്കും പിടിച്ചെടുത്തു. 67-ലെ സിക്സ്ഡേ വാറിന്റെ സമയത്ത് രക്തം ചിന്തി ഈ പ്രദേശങ്ങള്‍ ഇസ്രയേല്‍ പിടിച്ചു. പിന്നീട് സമാധാന സന്ധിയുടെ ഭാഗമായി ഇസ്രയേലാണ് അത് തിരിച്ചുനല്‍കിയത്. ചുരുക്കിപ്പറഞ്ഞാല്‍ ഇന്ന് നാം കാണുന്ന ഫലസ്തീന്‍ സൃഷ്ടിച്ചത് ഇസ്രയേല്‍ ആണ്!
പിന്നീടുള്ള സമാധാന ചര്‍ച്ചകളുടെയൊക്കെ കുന്തമുനയായിരുന്നു 67-ലെ അതിര്‍ത്തികളിലേക്ക് മടങ്ങിപ്പോയി രണ്ടും രണ്ട് രാഷ്ട്രങ്ങളായി മാറുക എന്നത്. ഇസ്രയേല്‍ ഇപ്പോഴും ദ്വി രാഷ്ട്രവാദത്തില്‍നിന്ന് ഔദ്യോഗികമായി പിന്മാറിയിട്ടുമില്ല. മുന്‍കാല നേതാക്കളായ ഇഷാക്ക്് റബിന്‍, എഹൂദ് ഒല്‍മെര്‍ട്ട് തുടങ്ങിയവര്‍ ദ്വി രാഷ്ട്ര പരിഹാരത്തെ പിന്തുണച്ചെങ്കിലും, സുരക്ഷാ പ്രശ്‌നങ്ങള്‍, കുടിയേറ്റ നയങ്ങള്‍, തീവ്രവാദ ആക്രമണങ്ങള്‍ എന്നിവ മൂലം ഇത് മുന്നോട്ടുപോകാതെ നിന്നു. പക്ഷേ 2023 ഒക്ടോബര്‍ 7ലെ ആക്രമണവും, തുടന്ന് ഹൂതികളുമായി, ഹിസ്ബുള്ളയുമായും, ഇറാനുമായും ഇപ്പോള്‍ ഖത്തറുമായും ഉണ്ടായ നിരന്തര യുദ്ധത്തിലൂടെ കാര്യങ്ങള്‍ ആകെ മാറുകയാണ്. ഫലസ്തീന്‍ എന്ന ഒരു രാജ്യം ഉണ്ടായാല്‍ തങ്ങള്‍ക്ക് അത് ആജീവനാന്ത ഭീഷണിയാണെന്നും അതില്‍ ടു സ്റ്റേറ്റ് തിയറി തല്‍ക്കലാം ഫ്രീസറില്‍ വെക്കാം എന്നുമാണത്രേ ഇസ്രയേലിന്റെ അനൗദ്യോഗിക തീരുമാനം.
ഇന്നത്തെ ഇസ്രയേല്‍ ഭരണകൂടം വെസ്റ്റ്ബാങ്കിലെ കുടിയേറ്റങ്ങള്‍ വര്‍ധിപ്പിച്ച് തങ്ങളുടെ ആധിപത്യം വര്‍ധിപ്പിക്കയാണ്. യുഎന്‍, യൂറോപ്യന്‍ യൂണിയന്‍ എന്നവി ദ്വി രാഷ്ട്ര പരിഹാരത്തെ പിന്തുണയ്ക്കുന്നണ്ടെങ്കിലും ഇസ്രയേല്‍ പ്രധാനമന്ത്രി നെതന്യാഹുവിന് അതില്‍ താല്‍പ്പര്യമില്ല എന്നാണ് റിപ്പോര്‍ട്ട്. ഭാവിയില്‍ ഉണ്ടാകാനിടയുള്ള ഫലസ്തീന്‍ രാഷ്ട്രത്തെ ഇസ്രയേലിനെ നശിപ്പിക്കാനുള്ള വേദിയായിമാറുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപുമായി വൈറ്റ് ഹൗസില്‍ കൂടിക്കാഴ്ച നടത്തിയപ്പോള്‍തന്നെ നെതന്യാഹു പറഞ്ഞിരുന്നു. ഒക്ടോബര്‍ ഏഴിന്റെ ആക്രമണത്തെ ഫലസ്തീന്‍കാര്‍ക്ക് രാജ്യം ലഭിച്ചാല്‍ എന്തുചെയ്യുമെന്നതിന്റെ തെളിവായി നെതന്യാഹു വിശേഷിപ്പിച്ചു.
ദ്വിരാഷ്ട്രം എന്നത് പരിഹാരമാണോ എന്ന് മാധ്യമപ്രവര്‍ത്തകര്‍ ചോദിച്ചപ്പോള്‍ യുഎസ് പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപ് പറഞ്ഞത് തനിക്കറിയില്ലെന്നാണ്. ചോദ്യം അദ്ദേഹം നെതന്യാഹുവിന് കൈമാറുകയും ചെയ്തു. 'ഫലസ്തീന്‍കാര്‍ക്ക് സ്വയംഭരണത്തിനുള്ള എല്ലാ അധികാരങ്ങളും ഉണ്ടായിരിക്കണം, എന്നാല്‍, ഞങ്ങളെ ഭീഷണിപ്പെടുത്താനുള്ള അധികാരങ്ങള്‍ ഉണ്ടാകരുത്. അതിനര്‍ത്ഥം, സുരക്ഷ പോലുള്ള പരമാധികാരം എപ്പോഴും ഞങ്ങളുടെ കൈവശമായിരിക്കും എന്നാണ്.' -നെതന്യാഹു അന്ന് പറഞ്ഞത് ഇങ്ങനെയാണ്. ' അവര്‍ നമ്മുടെ ആളുകളെ കൂട്ടക്കൊല ചെയ്യുകയും സ്ത്രീകളെ ബലാത്സംഗം ചെയ്യുകയും പുരുഷന്മാരുടെ തലയറുക്കുകയും ചെയ്തു. അത് രണ്ടാം ലോക മഹായുദ്ധത്തിനും നാസികള്‍ക്കും ഹോളോകോസ്റ്റിനും ശേഷം നാം കണ്ടിട്ടില്ലാത്ത തരത്തിലുള്ളതാണ്.'' നെതന്യാഹു പറയുന്നു. ഈയിടെ അദ്ദേഹം അത് അവര്‍ത്തിച്ചു. ഫലസ്തീനെ ഒരു രാഷ്ട്രമായി വളരുന്നത് തടയുമെന്നാണ് നെതന്യാഹു പറഞ്ഞത്. ഇതോടെ ഫലസ്തീന്‍ ഒരുകാലത്തും ഉണ്ടാവില്ലെന്ന് ഉറപ്പാവുകയാണ്.
ശത്രുക്കളെ കൊന്ന് തീര്‍ക്കാന്‍ ഇസ്രയേല്‍!
ചോരയിലേക്ക് പിറന്നുവീണ രാഷ്ട്രമാണ് ഇസ്രയേല്‍ എന്നാണ് പൊതുവെ പറയുക. പിറന്നു വീണതിന്റെ പിറ്റേ ദിനം മുതല്‍ യുദ്ധം ചെയ്ത് മാത്രം ജീവന്‍ നിലനിര്‍ത്തിയ രാജ്യമാണത്, എന്ന് ആയുധം താഴെ വെയ്ക്കുന്നുവോ അന്നേ ദിനം ഭൂമുഖത്തു നിന്നും തുടച്ചുമാറ്റപ്പെടാന്‍ 100% സാധ്യതയുള്ള ഒരേയൊരു രാജ്യമാണ് ഇസ്രയല്‍. അവര്‍ക്ക് ജയിക്കാതിരിക്കാനാവില്ല. കാരണം തോല്‍ക്കുന്ന യുദ്ധം അവരുടെ അവസാനത്തെ യുദ്ധമാണ്!
2023 ഒക്ടോബര്‍ 7 നു ശേഷം മാത്രം അഞ്ച് രാജ്യങ്ങളോട് ഏറ്റുമുട്ടേണ്ടി വന്നവര്‍. ലെബനോന്‍, സിറിയ, യമന്‍, ഇറാന്‍ ഇപ്പോള്‍ ഖത്തറും.ഈ രാജ്യങ്ങള്‍ക്കൊക്കെ ഇസ്രയേലുമായി എന്താണ് പ്രശ്നം എന്ന് ചോദിച്ചാല്‍ ഒരേയൊരു ഉത്തരമേ അതിനുള്ളൂ. അത് മതപരം മാത്രമാണ്. ഇപ്പോള്‍ ഖത്തറിനെ നേരിട്ട് ആക്രമിച്ചതോടെ അവര്‍ മറ്റൊരു സൂചനയാണ് കൃത്യമായി നല്‍കുന്നത്. തങ്ങളെ ആക്രമിക്കുന്നവര്‍ ഏത് മാളത്തില്‍പോയി ഒളിച്ചാലും കൊന്നുതള്ളുമെന്ന്. ഇസ്രയേല്‍/പലസ്തീന്‍ പ്രശ്നം ഏറ്റവും കൂടുതല്‍ വഷളാക്കിയ നിരവധി തീവ്രവാദ ആക്രമണങ്ങള്‍ക്ക് നേതൃത്വം കൊടുത്ത പിഎല്‍ഒ നേതാവ് യാസര്‍ അറഫാത്ത് മുതല്‍ ഇങ്ങേയറ്റത്ത് ഹമാസ് നേതാവ് ഖാലിദ് മഷാലും ഖലില്‍ അല്‍ ഹയ്യയും വരെയുള്ളവരുടെ അഭയകേന്ദ്രമായിരുന്നു ഖത്തര്‍.ടെഹ്റാനില്‍ കൊല്ലപ്പെട്ട ഹമാസ് നേതാവ് ഇസ്മായില്‍ ഹനിയ സുഖജീവിതം നയിച്ചതും ഖത്തറിലായിരുന്നു. ഹമാസ് നേതാവ് യഹിയ സിന്‍വര്‍ രക്ഷപ്പെടാന്‍ ആഗ്രഹിച്ചതും ഖത്തറിലേക്കായിരുന്നു. അമേരിക്കയുടെ സൈനിക സംരക്ഷണം ഒന്നുകൊണ്ട് മാത്രമാണ് ഖത്തറിനെ ഇസ്രായേല്‍ ഇതുവരെ തൊടാതിരുന്നത്. പക്ഷേ തങ്ങളുടെ സുരക്ഷക്ക് മുന്നില്‍ ഐക്യരാഷ്ട്ര സഭയോ അമേരിക്കയോ ഒന്നും ഒന്നുമല്ല എന്ന തിരിച്ചറിവാണ് ഇസ്രയേലിനെ നയിക്കുന്നത്.
ഇസ്രയേലിന്റെ ദോഹ ആക്രമണത്തെ 'സെപ്റ്റംബര്‍ 11' ഭീകരാക്രമണവുമായി ബന്ധപ്പെടുത്തുകയാണ് പധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു ചെയ്തത്. 2023 ഒക്ടോബര്‍ ഏഴിനുണ്ടായ ഹമാസ് ആക്രമണം ഇസ്രയേലിനെ സംബന്ധിച്ച് '9/11' നിമിഷമാണെന്ന് നെതന്യാഹു പറഞ്ഞു. അമേരിക്കയുടെ ചരിത്രത്തിലെ ഇരുണ്ടദിനമായ 2001 വേള്‍ഡ് ട്രേഡ് സെന്റര്‍ ആക്രമണത്തിന്റെ വാര്‍ഷികത്തോടനുബന്ധിച്ച് നല്‍കിയ സന്ദേശത്തിലാണ് ഇക്കാര്യം പറഞ്ഞത്.9/11നു മറുപടിയായി യുഎസ് എന്തൊക്കെ നടപടികള്‍ സ്വീകരിച്ചോ അതുതന്നെയാണ് ഇസ്രയേല്‍ ചെയ്യുന്നതെന്നും നെതന്യാഹു പറഞ്ഞു. അന്ന് ഭീകരസംഘടനയായ അല്‍ഖായിദയ്ക്കെതിരേ യുഎസ് നടത്തിയ പോരാട്ടത്തെയും നെതന്യാഹു അനുസ്മരിച്ചു.
'സെപ്റ്റംബര്‍ 11-നുശേഷം യുഎസ് എന്താണ് ചെയ്തത്. ആ നിന്ദ്യമായ പ്രവൃത്തിചെയ്ത ഭീകരരെ അവര്‍ എവിടെയായിരുന്നാലും വേട്ടയാടിവീഴ്ത്തുമെന്ന് പ്രതിജ്ഞചെയ്തു. ഒരു രാജ്യവും ഭീകരര്‍ക്ക് അഭയം നല്‍കരുതെന്നുപറഞ്ഞ് യുഎന്‍ രക്ഷാസമിതിയില്‍ പ്രമേയം പാസാക്കി. അല്‍ഖായിദ ഭീകരരെത്തേടി അഫ്ഗാനിസ്താനിലിറങ്ങി. ഒസാമ ബിന്‍ലാദനെ പാകിസ്താനില്‍ച്ചെന്ന് വധിച്ചു. ഇതുതന്നെയാണ് ഇസ്രയേലും കഴിഞ്ഞദിവസം ചെയ്തത്.'' -നെതന്യാഹു പറഞ്ഞു.
ഹമാസ് നേതാക്കളെ ലക്ഷ്യമിട്ട് ദോഹയില്‍ നടത്തിയ ആക്രമണത്തെ അപലപിച്ച ലോകരാജ്യങ്ങള്‍ സ്വന്തം പ്രവൃത്തിയോര്‍ത്ത് ലജ്ജിക്കണമെന്നും നെതന്യാഹു പറഞ്ഞു. ഹമാസുകാര്‍ക്ക് സഹായധനവും അഭയവും ആഡംബരജീവിതവുമൊരുക്കുന്നെന്നു പറഞ്ഞ് ഖത്തറിനെ കുറ്റപ്പെടുത്തി. 'ഭീകരര്‍ക്ക് താവളമൊരുക്കുന്ന ഖത്തറിനോടും മറ്റു രാജ്യങ്ങളോടും എനിക്കു പറയാനുള്ളത്, ഒന്നുകില്‍ നിങ്ങള്‍ അവരെ പുറത്താക്കണം, അല്ലെങ്കില്‍ നിമയത്തിനു വിട്ടുകൊടുക്കണം. നിങ്ങള്‍ അത് ചെയ്തില്ലെങ്കില്‍ ഞങ്ങള്‍ ചെയ്യും.'' -നെതന്യാഹു മുന്നറിയിപ്പ് നല്‍കി. അതായത് തങ്ങളെ ആക്രമിക്കുന്ന എത് ശക്തിയെയും തീര്‍ക്കുമെന്നാണ് ഇസ്രയേല്‍ അസന്നിഗ്ധമായി പറയുന്നതത്. അതുപോലെ ഗസ്സക്കും വെസ്റ്റ് ബാങ്കിനും നേരെയുള്ള സമീപനവും ഇസ്രയേല്‍ കടുപ്പിക്കയാണ്.
വെസ്റ്റ്ബാങ്കിലെ കുടിയേറ്റം വര്‍ധിക്കും
നാലുപാടും ശത്രുക്കളാല്‍ ചുറ്റപ്പെട്ടുകിടക്കുന്ന ഒരു രാജ്യം എന്ന നിലക്ക് തങ്ങളുടെ സുരക്ഷയില്‍ ഏറെ ആശങ്കാകുലരാണ് ഇസ്രയേല്‍. അതുകൊണ്ടുതന്നെ വെസ്റ്റ്ബാങ്കിനോടുള്ള ഇസ്രയേലിന്റെ സമീപനവും കടുപ്പിക്കുമെന്നാണ്, റിപ്പോര്‍ട്ട്. ചോര ചിന്തി ഇസ്രയേല്‍ പിടിച്ചെടുത്ത പ്രദേശമാണിത്. 1967 ജൂണില്‍ ഈജിപ്തും, സിറിയയും, അടങ്ങുന്ന നാലുപാടുമുള്ള ഇസ്ലാമിക രാജ്യങ്ങള്‍ ഒന്നിച്ച് ആക്രമിക്കാന്‍ വന്നപ്പോള്‍ അവരെ ആറുദിവസംകൊണ്ട് കെട്ടുകെട്ടിച്ചാണ് ഇസ്രയേല്‍ വെസ്റ്റ് ബാങ്കും കിഴക്കന്‍ ജെറുസലേമും പിടിച്ചെടുത്തത്. ലാന്‍ഡ് ഫോര്‍ പീസ് എന്നതാണ് ഇസ്രായേലിന്റെ ഒരു പ്രഖ്യാപതി തത്വം. തങ്ങളുമായി സന്ധിചെയ്യുന്നവര്‍ക്ക് ഒക്കെ അവര്‍ ഭൂമി തിരിച്ചുകൊടുത്തിട്ടുണ്ട്.
എന്നാല്‍ വെസ്റ്റ്ബാങ്കില്‍ ഇസ്രയേല്‍ മറ്റൊരു തന്ത്രമാണ് സ്വീകരിച്ചത്. ഹമാസിന് പകരം അവിടെ ഫത്ത പാര്‍ട്ടിയെ വളര്‍ന്നു. മെഹമൂദ് അബ്ബാസിനെപ്പോലുള്ള നേതാക്കള്‍ ഉയര്‍ന്നുവന്നു. ഫലസ്തീന്‍ അതോറിറ്റിയുടെ ചെയര്‍മാന്‍ കൂടിയായ മെഹമുദ് അബ്ബാസ്, ഹമാസിനെ 'നായിന്റെ മക്കള്‍' എന്നാണ് ഈയിടെ വിശേഷിപ്പിച്ചത്. ഗസ്സയെവെച്ചു നോക്കുമ്പോള്‍, പ്രശ്നങ്ങള്‍ എത്രയോ കുറവാണ് വെസ്റ്റ്ബാങ്കില്‍. അവിടെ മറ്റൊരു തന്ത്രവും ഇസ്രയേല്‍ പയറ്റുന്നുണ്ട്. അതാണ് അനധികൃത കൂടിയേറ്റം. നിരവധിയായ ജൂത സെറ്റില്‍മെന്റുകള്‍ സൃഷ്ടിച്ചുകൊണ്ട് വെസ്റ്റബാങ്കിന്റെ ഡെമോഗ്രാഫിയില്‍ ഇടപെടാന്‍ ഇസ്രയേലിന് കഴിയുന്നു. ഇതിനെതിരെ ലോക രാഷ്ട്രങ്ങളും ഐക്യരാഷ്ട്ര സഭയുമെല്ലാം രംഗത്തെത്തിയിട്ടും, ഇസ്രയേല്‍ ഒരു വിട്ടുവീഴ്ചയും ചെയ്തിട്ടില്ല. ഗസ്സയില്‍നിന്ന് വ്യത്യസ്തമായ വെസ്റ്റ് ബാങ്ക് താരതമ്യേന സുരക്ഷിതമായി ഇരിക്കുന്നത്, തങ്ങളുടെ ജനത അവിടെയുള്ളതുകൊണ്ടാണ് എന്നാണ് ഇസ്രയേല്‍ പറയാതെ പറയുന്നത്.
പുതിയ സാഹചര്യത്തില്‍ വെസ്റ്റ്ബാങ്കിലെ കുടിയേറ്റം ഒന്നുകൂടി വര്‍ധിക്കാനാണ് സാധ്യതയെന്ന് ബിബിസി അടക്കമുള്ള മാധ്യമങ്ങള്‍ പറയുന്നു. 1967നുശേഷം, 7 ലക്ഷം ഇസ്രയേലികളെ ഇവിടേക്ക് കുടിയേറിക്കഴിഞ്ഞുവെന്നാണ് റിപ്പോര്‍ട്ട്. ഇപ്പോള്‍ പുതിയ കുടിയേറ്റപദ്ധതിക്ക് ഇസ്രയേല്‍ അംഗീകാരം നല്‍കിക്കഴിഞ്ഞു. ഭാവി ഫലസ്തീന്‍രാഷ്ട്രത്തിന്റെ സാധ്യതയ്ക്കുപോലും ഭീഷണിയായ തീരുമാനം വെസ്റ്റ് ബാങ്കിലെ ഇസ്രയേലി പട്ടണമായ മാലേ അദൂമീമിന്റെ മേയര്‍ ഗയ് യിഫ്രാച്ചാണ് കഴിഞ്ഞമാസം അറിയിച്ചത്. കിഴക്കന്‍ ജറുസലേമിനോടു ചേര്‍ന്നുകിടക്കുന്ന ഇ1 എന്നറിയപ്പെടുന്ന 12 ചതുരശ്ര കിലോമീറ്റര്‍ പ്രദേശത്ത് 3400-ഓളം വീടുകള്‍ പണിത് ജൂതരെ താമസിപ്പിക്കുകയാണ് ഇസ്രയേലിന്റെ ഉദ്ദേശ്യം. ജറുസലേമിനും ഇസ്രയേലി കുടിയേറ്റപ്രദേശമായ മാലെഹ് അദൂമീമിനും ഇടയിലാണിത്. ഇവിടേക്കുള്ള കുടിയേറ്റം അന്താരാഷ്ട്ര എതിര്‍പ്പിനെത്തുടര്‍ന്ന് വര്‍ഷങ്ങളായി മാറ്റിവെച്ചിരിക്കുകയായിരുന്നു ഇസ്രയേല്‍. 2023 ഒക്ടോബര്‍ ഏഴിനുണ്ടായ ഹമാസ് ആക്രമണം സുരക്ഷയുടെ പേരില്‍ എന്തും ചെയ്യാനുള്ള മൗനാനുവാദം ഇസ്രയേലിന് നല്‍കുകയാണ്.
വെസ്റ്റ് ബാങ്കിലെ സെറ്റില്‍മെന്റുകള്‍ സന്ദര്‍ശിച്ച, നെതന്യാഹുവും കുടിയേറ്റം വര്‍ധിക്കുമെന്ന് ഉറപ്പിക്കുന്ന രീതിയിലാണ് സംസാരിച്ചത്. കഴിഞ്ഞ മാര്‍ച്ചില്‍ തെക്കുവടക്കന്‍ വെസ്റ്റ്ബാങ്കിനെ ബന്ധിപ്പിച്ച് ഫലസ്തീനികള്‍ക്ക് മാത്രമായി ഒരു പാത, എന്ന ആശയം ഇസ്രയേല്‍ മുന്നോട്ടുവെച്ചിരുന്നു. പക്ഷേ പ്രധാന ഹൈവേകളില്‍ ഫലസ്തീനികള്‍ക്ക് വിലവരുമോ എന്ന ആശങ്കയില്‍ ഇതിനെതിരെ വലിയ പ്രതിഷേധം ഉയര്‍ന്നിരുന്നു. വെസ്റ്റബാങ്കിനെ കിഴക്കന്‍ ജറുസലേമില്‍നിന്ന് മുറിച്ചുമാറ്റുന്നരീതില്‍ റെഡ് സോണ്‍ ഉണ്ടാക്കാനും ഇസ്രയേല്‍ നീക്കം നടത്തുന്നുണ്ട്. ഐഡിഎഫിന്റെ പൂര്‍ണ്ണതോതിലുള്ള സൈനിക വിന്യാസത്തെയാണ് റെഡ് സോണ്‍ എന്ന് പറയുക. അതോടെ കിഴക്കന്‍ ജറുസലേമില്‍നിന്ന് വെസ്റ്റ്ബാങ്കിലേക്ക് നേരിട്ട് എത്താന്‍ കഴിയില്ല. നാട്ടുകാര്‍ക്ക് വലിയ ബുദ്ധിമുട്ടാണെങ്കിലും തീവ്രവാദത്തെ ചെറുക്കാന്‍ ഇത്തരം നടപടികള്‍ അനിവാര്യമാണ് എന്നാണ് ഇസ്രയേല്‍ കരുതുന്നത്.
സൈനികവത്ക്കരിക്കപ്പെടുന്ന ഗസ്സ
41 കിലോ മീറ്റര്‍ നീളവും 6 മുതല്‍ 12 കിലോ മീറ്റര്‍ വരെ വീതിയുമുള്ള, ചെറിയൊരു മേഖല. 365 ചതുരശ്ര കിലോ മീറ്ററില്‍ 23 ലക്ഷത്തോളം ജനങ്ങള്‍ കഴിയുന്ന ഇടം. ഇതാണ് ഗസ്സ. കിഴക്ക് ഇസ്രയേല്‍. പടിഞ്ഞാറ് മെഡിറ്ററേനിയന്‍ കടല്‍. തെക്കുപടിഞ്ഞാറ് ഈജിപ്ത്. ഇസ്രയേലിനുള്ളില്‍ ഒരു ദ്വീപുപോലെ അവശേഷിക്കുന്ന ഗാസ്സ മുനമ്പിന്റെ ഭൂമിശാസ്ത്രമിങ്ങനെയാണ്. ഹമാസും, ഇസ്രയേലും ഒരുപോലെ ഇവിടുത്തെ സാധാരണക്കാരുടെ ജീവിതം ദുരിതത്തിലാക്കുകയാണ്. മരണം ഇവര്‍ക്ക് പുത്തരിയല്ല. ഉറ്റവര്‍ കൊല്ലപ്പെടാത്ത ഒരു കുടുംബംപോലും ഇവിടെയില്ല. ചെറുപ്പത്തിലെ ചവേറുകള്‍ ആവുന്ന കുട്ടികള്‍ അടക്കമുള്ളവരാണ് ഞെട്ടിക്കുന്നത്. സ്ത്രീകളെയും കുട്ടികളെയും മനുഷ്യകവചമാക്കുന്ന നാട്. 'നിങ്ങള്‍ ജീവിതത്തെ സ്നേഹിക്കുന്നതുപോലെ ഞങ്ങള്‍ മരണത്തെും സ്നേഹിക്കുന്നുവെന്നാണ്' ഹമാസിന്റെ ഒരു മുദ്രാവാക്യം തന്നെ. ബങ്കറുകള്‍ക്കും, ചെക്ക്പോസ്റ്റുകള്‍ക്കും, കൂറ്റന്‍ മതില്‍ക്കെട്ടിനും അകത്താണ് ഗാസയിലെ ജനജീവിതം.
വീടിന് തൊട്ടുമുന്നിലെ പാടത്തേക്ക് ഇറങ്ങാന്‍ പോലും, ഇസ്രായേല്‍ സ്ഥാപിച്ച മതില്‍മൂലം അവര്‍ക്ക് മണിക്കുറുകള്‍ ചുറ്റിവളഞ്ഞ് സഞ്ചരിക്കണം. ഇസ്രായേലിചെക്ക്പോസ്റ്റുകളില്‍ കെട്ടിക്കടന്ന് പ്രസവിച്ച സ്ത്രീകള്‍ നിരവധിയുണ്ട്. പ്ലേസ് ഓഫ് ബര്‍ത്ത് എന്നത് ചെക്ക്പോസ്റ്റ് എന്നത് ഇവിടുത്തെ സര്‍ട്ടിഫിക്കേറ്റില്‍ പതിവാണ്. ഗസ്സയുടെ കടലും കരയും ആകാശവുമെല്ലാം ഇസ്രയേല്‍ പ്രത്യക്ഷമായും പരോക്ഷമായും നിയന്ത്രിച്ചുപോന്നു. വൈദ്യുതിക്കും വെള്ളത്തിനും ഇസ്രയേലിനെയാണ് ഗസ്സ നിവാസികള്‍ ആശ്രയിച്ചിരുന്നത്. ലോകത്തിലെ എറ്റവും വലിയ തുറന്ന ജയില്‍ എന്നൊക്കെ പറയുമ്പോഴും തീവ്രവാദം ഇവിടെ കൊഴുക്കയുകയാണ്. ഡല്‍ഹിമെട്രോയേക്കാള്‍ വലിയ തുരങ്കമാണ് ഗസ്സയില്‍ ഹമാസ് ഉണ്ടാക്കിയത്. ഇപ്പോഴും ആ തുരങ്കങ്ങളില്‍ 50ഓളം ബന്ദികളുണ്ട് എന്നാണ് പറയുന്നത്. ഒക്ടോബര്‍ ആക്രമണത്തിന് നേതൃത്വം നല്‍കിയവരും ഇതേ ഗസ്സയില്‍നിന്നാണ്. ആശുപത്രിക്കും സ്‌കൂളുകള്‍ക്കും ഇടയില്‍നിന്ന് റോക്കറ്റ് വിടുന്നതും, കുട്ടികളെയും സ്ത്രീകളെയും മനുഷ്യകവചമായി ഉപയോഗിക്കുന്നതും ഇതേ 'തുറന്ന ജയിലില്‍'നിന്നാണ്.
ഇത്രയേറെ സുരക്ഷ ഉണ്ടായിട്ടും ഗസ്സയില്‍ മിസൈലുകളും റോക്കറ്റുകളും നിര്‍ബാധം വരുന്നുണ്ടെങ്കില്‍, ഇസ്രയേല്‍ ഡിഫന്‍സ് ഫോഴ്സിന്റെ സാനിധ്യമില്ലാത ്അവസ്ഥ എന്താണ് എന്ന് സങ്കല്‍പ്പിച്ചുനോക്കുക. ഇപ്പോള്‍ ഗസ്സയെ പൂര്‍ണ്ണമായും സൈനികവത്ക്കരിക്കുക, അങ്ങനെ ഹമാസിനെ തുരത്തുക എന്നതാണ് ഇസ്രയേലിന്റെ നിലപാട്. ഇപ്പോള്‍ തന്നെ തെക്കന്‍ ഗസ്സയും, സെന്‍ട്രല്‍ ഗസ്സയും ഐഡിഎഫ് നിയന്ത്രിക്കുന്ന റെഡ് സോണായി മാറിക്കഴിഞ്ഞു. വെറും 25 കിലോമീറ്റര്‍ നീളവും, 20 കിലോമീറ്റര്‍ വീതിയുമുള്ള അല്‍മവാസി, ദേര്‍ അല്‍ബലാ ഭാഗത്തേക്ക് ഗസ്സ നിവാസികളെ ഒതുക്കിയിട്ടുണ്ട്. ഇവിടെയാണ് 15 ലക്ഷം പേര്‍ കഴിയുന്നത്. യുദ്ധത്തിനുശേഷം ഒരു ടെന്റ് സിറ്റിയായി ഈ മേഖല മാറിയിരിക്കയാണ്. ബാക്കിയുള്ള ഗസ്സക്കാര്‍ ഖാന്‍ യൂനിസിലാണ്. 5 ലക്ഷം പേരാണ് ഇവിടെ ജീവിക്കുന്നത്. ഇതിന്റെ പകുതിയും ഐഡിഎഫിന്‍െ റെഡ്സോണാണ്.
റഫ മുതല്‍ അല്‍മവാസിവരെയുള്ള 7 കിലോമീറ്റര്‍ പൂര്‍ണ്ണമായും ഐഡിഎഫിന്റെ കൈയിലാണ്. ഗസ്സയില്‍ കൂടുതല്‍ റെഡ്സോണുകള്‍ ഉണ്ടാക്കി ഹമാസിനെ ഉല്‍മൂലനം ചെയ്യുക എന്നതാണ് ഇസ്രയേലിന്റെ തന്ത്രം. ഹമാസ് നിര്‍മ്മിച്ച 1300 ഓളം തുരങ്കങ്ങള്‍ ഇസ്രയേല്‍ അടിച്ചു തകര്‍ത്തു കഴിഞ്ഞു. ഇപ്പോള്‍ തെക്കന്‍ ഗസ്സയിലും, ഖാന്‍ യൂനുസിലുമാണ് അവശിഷ്ട ഹമാസ് കുടികൊള്ളുന്നത് എന്നാണ് ഐഡിഎഫ് പറയുന്നത്.
ഗസ്സ അറബ് രാജ്യങ്ങള്‍ക്ക്?
യുദ്ധം അവസാനിപ്പിക്കാന്‍ ഉപാധികള്‍ ഇസ്രായേല്‍ മുന്നോട്ടുവെച്ചിട്ടുണ്ട്. ഹമാസിനെ നിരായുധീകരിക്കുക, ശേഷിക്കുന്ന ബന്ദികളെ മോചിപ്പിക്കുക, ഇസ്രായേല്‍ സുരക്ഷാ നിയന്ത്രണം ഉറപ്പാക്കുക, ഹമാസോ അതോറിറ്റിയോ ഇല്ലാത്ത ഒരു ഭരണകൂടം സ്ഥാപിക്കുക എന്നിവയാണിവ. പക്ഷേ ഇത് ഹമാസ് അംഗീകരിച്ചിട്ടില്ല. അതുകൊണ്ടുതന്നെ അടുത്ത കാലത്തൊന്നും ഗസ്സ ശാന്തമാകില്ല എന്നും ഉറപ്പാണ്.
അതിനിടെ ഗസ്സ സിറ്റിയുടെ പൂര്‍ണ സൈനിക നിയന്ത്രണംഏറ്റെടുക്കാനുള്ള നെതന്യാഹുവിന്റെ പദ്ധതിക്ക് ഇസ്രയേല്‍ മന്ത്രിസഭ അംഗീകാരം നല്‍കിയിരുന്നു. എന്നാല്‍ ഗസ്സ ഭരിക്കാന്‍ ഉദ്ദേശമില്ലെന്നും നെതന്യാഹു പ്രതികരിച്ചിരുന്നു. ഇസ്രായേല്‍ സൈന്യം നഗരത്തിന്റെ നിയന്ത്രണം ഏറ്റെടുക്കാന്‍ തയ്യാറാകുമെന്നും യുദ്ധമേഖലകള്‍ക്ക് പുറത്തുള്ള സാധാരണക്കാര്‍ക്ക് മാനുഷിക സഹായം നല്‍കുമെന്നും ഏറ്റെടുക്കല്‍ പദ്ധതി പ്രഖ്യാപിച്ചുകൊണ്ട് നെതന്യാഹുവിന്റെ ഓഫീസ് പ്രസ്താവന പുറത്തിറക്കി.
'ഞങ്ങള്‍ ഗാസ ഭരിക്കാന്‍ ആഗ്രഹിക്കുന്നില്ല. സുരക്ഷാ മേഖലയാണ് ഞങ്ങളുടെ ലക്ഷ്യം, സ്ഥിരമായ നിയന്ത്രണമല്ല'- നെതന്യാഹു ഫോക്സ് ന്യൂസിനോട് പ്രതികരിച്ചു. യുദ്ധത്തിനു ശേഷം ഗസ്സയെ അറബ് രാജ്യങ്ങള്‍ക്ക് കൈമാറാന്‍ ഇസ്രായേല്‍ ആഗ്രഹിക്കുന്നുവെന്നും നെതന്യാഹു പറഞ്ഞു. എന്നാല്‍ ഏതൊക്കെ അറബ് രാജ്യങ്ങള്‍ക്കാണ് കൈമാറുക എന്നതിനെക്കുറിച്ച് വ്യക്തതയില്ല. ഇതും വലിയ ചര്‍ച്ചയായി. ഇതിന്റെ വിശദാംശങ്ങള്‍ പുറത്തുവന്നിട്ടില്ല. പക്ഷേ നിലവിലെ സാഹചര്യത്തില്‍ ഈജിപ്തോ സിറിയയോ, ലെബനനോ അടക്കമുള്ള ഒരു രാജ്യവും ഗസ്സയെ ഏറ്റെടുക്കില്ല എന്നാണ് ന്യൂയോര്‍ക്ക് ടൈംസ് പോലുള്ള പത്രങ്ങള്‍ പറയുന്നത്. അവര്‍ എല്ലാം അതിര്‍ത്തികള്‍ അടച്ചിരിക്കയാണ്. നിലവില്‍ ഈജിപ്തും, ജോര്‍ദാനുമെല്ലാം ഇസ്രയേല്‍ പക്ഷത്തുമാണ്. നിരന്തരമായി മുട്ടി തോറ്റശേഷം അവര്‍ എല്ലാവരും ഈ കൊച്ചുരാജ്യവുമായി സമാധാന ഉടമ്പടിയില്‍ ഏര്‍പ്പെട്ടുകഴിഞ്ഞു! അതായത് യുദ്ധമാണ് യഹുദര്‍ക്ക് സമാധാനം കൊണ്ടുവരുന്നത്.
അതിനിടെ ഫലസ്തീനികളെ മുഴുവന്‍ മറ്റു നാടുകളിലേക്ക് ഒഴിപ്പിച്ച ശേഷം ഗസ്സയെ വമ്പന്‍ ടൂറിസം-വ്യവസായ ഹബ് ആക്കി മാറ്റുമെന്ന, ടംപിന്റെ പ്രഖ്യാപനവും ഏറെ ചര്‍ച്ചയായിരുന്നു. എന്നാല്‍ ട്രംപ് പിന്നീട് അതേക്കുറിച്ച് ഒരക്ഷരം മിണ്ടിയില്ലെങ്കിലും ആ പദ്ധതികളും സ്വപ്നങ്ങളും അദ്ദേഹവും യുഎസ് ഭരണകൂടവും ഉപേക്ഷിച്ചിരുന്നില്ലെന്നത് സത്യമാണ്. ഇതേതുടര്‍ന്ന് 5,000 ഡോളര്‍ നല്‍കി ഫലസ്തീനികളെ പുറത്താക്കുമെന്നൊക്കെ വാര്‍ത്ത വന്നിരുന്നു. പക്ഷേ അതൊന്നും സത്യമല്ല. നിലവിലെ അവസ്ഥയില്‍ ഗസ്സിയില്‍നിന്ന് ആളുകളെ ഒഴിപ്പിക്കയെന്നതും അങ്ങേയറ്റം പ്രയാസകരമാണ്. അതിനാല്‍ ഇതൊന്നും നടക്കാന്‍ പോവില്ല എന്നും ഉറപ്പാണ്. പക്ഷേ ഒരുകാര്യം ഉറപ്പാണ്. ഫലസ്തീന്‍ എന്ന രാഷ്ട്രവും അടുത്തകാലത്തൊന്നും രൂപം കൊള്ളില്ല. ഇത്രയും സേന ഗസ്സയിലും വെസ്റ്റബാങ്കിലും ഉണ്ടായിട്ടും ഹമാസ് ഈ രീതിയില്‍ വളര്‍ന്നെങ്കില്‍, തൊട്ടടുത്ത് ഒരു സ്വതന്ത്ര പരമാധികാര രാഷ്ട്രം ഉണ്ടെങ്കില്‍ തങ്ങളുടെ ഇടപാട് തീരും എന്ന് ഇസ്രയേല്‍ കരുതുന്നതില്‍ എന്താണ് തെറ്റ്?
വാല്‍ക്കഷ്ണം: ഫലസ്തീന്‍ വിഷയത്തെ ഇക്കാണും വിധം ചോരയില്‍ മുക്കിയതിന്റെ ഉത്തരവാദിത്വം ഹമാസിനാണ്. തീവ്രവാദം കളിച്ചുകളിച്ച് ഒടുവില്‍ സ്വയം ഇല്ലാതാവുകയാണ് ഹമാസ്.