- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആദ്യഭാര്യക്ക് കൊടുക്കേണ്ടി വന്നത് 3800 കോടി ഡോളര്‍; ഡിവോഴ്സിലുടെ ലോക കോടീശ്വരിയായവള് പകുതി കൊടുത്തത് ജീവകാരണ്യ പ്രവര്‍ത്തനത്തിന്; 61-ാം വയസ്സില്‍ 200 കോടി ഡോളര്‍ ചെലവിട്ട് രണ്ടാം വിവാഹം; ഒപ്പം ചന്ദ്രനിലേക്ക് ഡെലിവറിക്കുള്ള നീക്കവും; ജെഫ് ബെസോസ് വീണ്ടും വാര്‍ത്തകളില്‍
ജെഫ് ബെസോസ് വീണ്ടും വാര്‍ത്തകളില്‍
കോടീശ്വരന്‍മാരുടെ വിവാഹവും, കോടികള്‍ നഷ്ടപരിഹാരം കൊടുത്തുള്ള പുലിവാല്‍ ഡിവോഴ്സുകളുമൊക്കെ ഏറെ പരിചയമുള്ള നാടാണ് അമേരിക്ക. ഇപ്പോഴിതാ അതുപോലെ ഒരു സെലിബ്രിറ്റി വിവാഹത്തിനുകൂടി സാക്ഷിയാവുകയാണ്, ആ നാട്. ആമസോണ്‍ സ്ഥാപകനും ശതകോടീശ്വരനുമായ ജെഫ് ബെസോസും, പ്രതിശ്രുതവധു ലോറന്‍ സാഞ്ചെസും തമ്മിലുള്ള വിവാഹം ഇറ്റലിയിലെ വെനീസില്‍ നടക്കുമെന്നാണ് റിപ്പോര്‍ട്ട്. കൃത്യമായ തീയതി പുറത്തെത്തിയിട്ടില്ലെങ്കിലും ജൂണ്‍ മാസത്തിലായിരിക്കും വിവാഹം നടക്കുകയെന്ന് പേജ് സിക്്‌സിനെ ഉദ്ധരിച്ച് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. 2023 മേയ്മാസത്തിലായിരുന്നു ഇവരുടെ വിവാഹനിശ്ചയം നടന്നത്. പക്ഷേ വിവിധ കാരണങ്ങളെ തുടര്‍ന്ന് വിവാഹം നീണ്ടുപോവുകയായിരുന്നു.
ലോകം വാഴുന്ന ശതകോടീശ്വരന്മാരുടെ പട്ടികയില്‍ മുന്‍നിരിയിലുള്ളയാളാണ് ആമസോണ്‍ മുന്‍ മേധാവി ജെഫ് ബെസോസ് എന്ന ജെഫ്രി പ്രിസ്റ്റണ്‍ ജോര്‍ഗന്‍സണ്‍. ഏത് ശതകോടീശ്വര പട്ടിക എടുത്താലൂം ആദ്യത്തെ അഞ്ചില്‍ അദ്ദേഹത്തിന്റെ പേരുണ്ടാവും. 2020വരെ ലോകത്തെ ഏറ്റവും വലിയ സമ്പന്നായിരുന്നു അദ്ദേഹം. ലോകത്തെ ഏറ്റവും വലിയ വാണിജ്യ സാമ്രാജ്യങ്ങളിലൊന്നായ അമസോണിന്റെ ഫൗണ്ടറും മുന്‍ സിഇഒയും. നിക്ഷേപകന്‍, കംമ്പ്യൂട്ടര്‍ എന്‍ജിനീയര്‍, ബഹിരാകാശ സഞ്ചാരി. ബെസോസിന് വിശേഷണങ്ങള്‍ ഏറെയാണ്. 20,000 കോടി ഡോളറിന്റെ ആസ്തിയാണ് ജെഫ് ബെസോസ്സിനുള്ളത് എന്നാണ് പറയുന്നത്.
ജെഫ് ബെസോസിന്റെ ആദ്യഭാര്യ മെക്കന്‍സിയും ചില്ലറക്കാരിയല്ല. ലോകത്തിലെ നമ്പര്‍ വണ്‍ ഓണ്‍ലൈന്‍ സെല്ലിങ്ങ് പ്ലാറ്റ്ഫോമായ ആമസോണിന്റെ വളര്‍ച്ചയില്‍ ബെസോസിനെപ്പോലെ വലിയ പങ്കുവഹിച്ചവര്‍ കൂടിയാണ് അവര്‍. അതുകൊണ്ടുതന്നെ, ലോകത്തിലെ ബെസോസ് കോമ്പന്‍സേഷന്‍ കൊടുത്ത് മുടിയുന്നതോടെ അത് അമസോണിന്റെ തകര്‍ച്ചയിലേക്ക് നയിക്കുമെന്ന് വരെ സംശയം ഉണ്ടായിരുന്നു. പക്ഷേ അങ്ങനെ ഉണ്ടായില്ല. ബെസോസ് ആവട്ടെ, 2021-ല്‍ ആമസോണ്‍ സിഇഒ സ്ഥാനം ഒഴിഞ്ഞു. ഇപ്പോള്‍ അദ്ദേഹം, തന്റെ ബഹിരാകാശ കമ്പനിയായ, ബഹിരാകാശ പര്യവേഷ സ്ഥാപനമായ ബ്ലൂ ഒറിജിനിലേക്കാണ് ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്. ലോകത്ത് എവിടെക്കും എന്തും അയച്ചിരുന്ന ബെസോസ് ഇനി ബഹിരാകശത്തേക്ക് ചരക്ക് കയറ്റി അയക്കുന്നതിനുള്ള ശ്രമത്തിലാണെന്നാണ് ന്യൂയോര്‍ക്ക് ടൈംസ് എഴുതിയത്. അതിനിടയിലാണ്, ഈ 61-കാരന്റെ വിവാഹവാര്‍ത്തയെത്തുന്നത്.
വരുന്നത്, കോടികളുടെ ആഡംബര വിവാഹം
ലോക ചരിത്രത്തിലെ തന്നെ ഏറ്റവും ചിലവേറിയ വിവാഹമാണ്, ബെസോസിന്റെയും, ലോറന്‍ സാഞ്ചെസിന്റെതുമെന്ന്, അമേരിക്കന്‍ ഫാഷന്‍ മാഗസിനുകളില്‍ റിപ്പോര്‍ട്ട് വരുന്നുണ്ട്. ആഗോളമംഗല്ല്യ മാമാങ്കമായിട്ടാണ് ഇത് ആഘോഷിക്കപ്പെടുന്നത്. വിവാഹത്തിനുള്ള അതിഥികള്‍ക്ക് ക്ഷണക്കത്തുകള്‍ അയച്ചുതുടങ്ങിക്കഴിഞ്ഞു. ജെഫിന്റെ, അഞ്ഞൂറുമില്യണ്‍ ഡോളര്‍ വില മതിക്കുന്ന ആഡംബര നൗകയില്‍ ഇറ്റാലിയന്‍ തീരത്തായിരിക്കും വിവാഹം. ജെഫ്, ലോറനെ പ്രൊപോസ് ചെയ്തതും വിവാഹനിശ്ചയ പാര്‍ട്ടി നടന്നതും ഇതേയിടത്താണ്. ഇവിടെ വെച്ചുതന്നെ വിവാഹവും നടത്താനാണ് തീരുമാനിച്ചിരിക്കുന്നത്. സാങ്കേതിക രംഗത്തുനിന്നും സിനിമാ-വ്യാപാര മേഖലയില്‍നിന്നുമുള്ള പ്രമുഖര്‍ വിവാഹത്തില്‍ പങ്കെടുത്തേക്കുമെന്നാണ് അറിയുന്നത്.
2023 ഓഗസ്റ്റില്‍ നടന്ന ജെഫ്-ലോറന്‍ വിവാഹനിശ്ചയത്തില്‍ മൈക്രോ സോഫ്റ്റ് സ്ഥാപകന്‍ ബില്‍ ഗേറ്റ്‌സ്, സെലിബ്രിറ്റികളായ ഓപ്ര വിന്‍ഫ്രി, ക്രിസ് ജെന്നര്‍, സല്‍മ ഹയേക്, റോബര്‍ട്ട് പാറ്റിന്‍സണ്‍ തുടങ്ങി നിരവധിപേര്‍ പങ്കെടുത്തിരുന്നു. 2018-ലാണ് ജെഫും ലോറനും ഡേറ്റിങ് ആരംഭിച്ചത്. ഒരുകൊല്ലത്തിനു ശേഷം 2019-ലാണ് ഇവര്‍ ബന്ധം പരസ്യമാക്കിയത്.
വിവാഹത്തിനായി 600 ദശലക്ഷം ഡോളര്‍ (ഏകദേശം 5096 കോടി രൂപ) ചെലവഴിക്കുമെന്നായി കഴിഞ്ഞ വര്‍ഷം തന്നെ വാര്‍ത്തകള്‍ വന്നിരുന്നു. അത് ജെഫ് ബെസോസ് നിഷേധിക്കുകയും ചെയ്തിരുന്നു. പ്രചരിക്കുന്ന വാര്‍ത്തകള്‍ അടിസ്ഥാനരഹിതമാണ്. സത്യം പുറത്തുവരുന്നതിന് മുമ്പ് നുണ ലോകം ചുറ്റുകയാണെന്നും ബെസോസ് കൂട്ടിച്ചേര്‍ത്തു. നിക്ഷേപകന്‍ ബില്‍ ആക്ക്മാന്റെ ട്വീറ്റ് പങ്കുവെച്ചുകൊണ്ടാണ് ബെസോസ് മറുപടി നല്‍കിയത്. വാര്‍ത്ത വിശ്വസനീയമല്ലെന്നും അതിഥികള്‍ക്ക് ഓരോ വീടുവാങ്ങിക്കൊടുക്കാതെ ഇത്രയും പണം ചെലവാക്കാനാവില്ല എന്നായിരുന്നു ആക്ക്മാന്റെ ട്വീറ്റ്. പക്ഷേ 600 മില്യന്‍ ഡോളര്‍ ഒന്നും ഇല്ലെങ്കിലും മിനിമം 200 മില്യന്‍ ഡോളറെങ്കിലും വിവാഹത്തിന് പൊടിയുമെന്നണ് അറിയുന്നത്.
2018ലാണ് ജെഫ് ബെസോസും, സാഞ്ചെസ്സും ഡേറ്റിങ് ആരംഭിച്ചത്. 2019ലാണ് ഇരുവരും പ്രണയവിവരം പുറത്തുവിട്ടത്. ബ്രോഡ്കാസ്റ്റ് ജേണലിസ്റ്റായി ജോലി ചെയ്യുകയായിരുന്നു 55 വയസ്സുകാരി ലോറന്‍ സാഞ്ചെസ്. ഹെലികോപ്ടര്‍ പൈലറ്റ് ലൈസന്‍സും സ്വന്തമായുള്ള സാഞ്ചെസ് നേരത്തെ ബ്ലാക്ക് ഒപ്‌സ് ഏവിയേഷന്‍ എന്ന കമ്പനിയുടെ മേധാവിയായിരുന്നു. ഹോളിവുഡ് ഏജന്റായ പാട്രിക് വൈറ്റ്‌സെല്ലിനെയാണ് സാഞ്ചെസ് നേരത്തേ വിവാഹം ചെയ്തത്. ഇരുവര്‍ക്കും രണ്ട് കുട്ടികളുണ്ട്. നിക്കോ എന്നുപേരുള്ള മറ്റൊരു മകനും സാഞ്ചെസ്സിനുണ്ട്. ബെസോസിന്റെ രണ്ടാം വിവാഹമാണിത്. ആദ്യ ഭാര്യയില്‍ ബെസോസിന് മൂന്ന് കുട്ടികളുണ്ട്. ഇതില്‍നിന്ന് പുറത്തുവരാന്‍ വലിയ നഷ്ടപരിഹാരമാണ് ബെസോസിന് കൊടുക്കേണ്ടി വന്നത്.
ആമസോണിനെ തകര്‍ക്കുമെന്ന് കരുതിയ ഡിവോഴ്സ്
1993-ലാണ് ജെഫ് ബൊസോസും മെക്കന്‍സിയും, വിവാഹിതരാവുന്നത്. ഇവരുടെ വിവാഹത്തോളം തന്നെ പഴക്കുണ്ട് ആമസോണിനും. ലോകത്തിലെ ഏറ്റവും വലിയ ഓണ്‍ലെന്‍ ഷോപ്പിങ് സൈറ്റായ, ആമസോണിന്റെ വളര്‍ച്ചക്ക് പിന്നില്‍ ഇരുവരുടെയും പ്രയത്മാണ്. 25 വര്‍ഷം നീണ്ട ദാമ്പത്യത്തില്‍ നാലുമക്കളുണ്ട്. വിവാഹമോചിതരാവുന്നവര്‍ പരസ്പര ധാരണയില്‍ എത്താനായില്ലെങ്കില്‍, സ്വത്ത് തുല്യമായി വീതം വെക്കണമെന്ന വ്യവസ്ഥ നിലനില്‍ക്കുന്ന സ്ഥലമാണ് വാഷിങ്്ടണ്‍. അതുകൊണ്ടുതന്നെ ബെസോസിന്റെ പാതി സ്വത്തുപോവുമെന്ന് ഇത് ആമസോണിനെ തകര്‍ക്കുമെന്നും ആക്കാലത്ത് വ്യാപകമായ അഭ്യൂഹങ്ങള്‍ ഉണ്ടായിരുന്നു.
സക്കര്‍ബര്‍ഗിനെയോ ബില്‍ഗേറ്റസിനെയോപോലെ ആമസോണിന്റെ മൊത്തം നിയന്ത്രണം ബെസോസിന്റെ കൈയിലായിരുന്നില്ല. ആമസോണിന്റെ 79 ദശലക്ഷം ഓഹരികളാണ് അദ്ദേഹത്തിന്റെ കൈയിലുണ്ടായിരിന്നത്്. ഇതിനാവട്ടെ, മൊത്തം ഷെയറുകളില്‍ 16 ശതമാനം വരും. പൈസയാക്കിയാല്‍ ഇത് 131 ദശലക്ഷം ഡോളര്‍ വരും. ഇതാണ് ബെസോസിനെ ലോകത്തെ ഏറ്റവും വലിയ ധനികനാക്കുന്നതും. അദ്ദേഹത്തിന്റെ ആസ്തിയുടെ 95 ശതമാനവും തന്റെ ആമസോണ്‍ ഓഹരികളില്‍ നിന്നാണ്. ഇതില്‍ നിന്നായിരിക്കും വിവാഹമോചനത്തിന് കൊടുക്കേണ്ടി വരിക. അതോടെ അത് ആമസോണിനെ ബാധിക്കുമെന്ന് ന്യൂയോര്‍ക്ക് ടൈംസ് അടക്കം എഴുതി.
ഇന്ത്യയില്‍ ഒറ്റ നേതാവിനെ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന രാഷ്ട്രീയ പാര്‍ട്ടികളെപ്പോലെയാണ്, ആമസോണുമെന്ന് കാണാം. ബെസോസ് എന്ന ഒറ്റയാള്‍ പട്ടാളമാണ് കമ്പനിയുടെ സിരാ കേന്ദ്രം. അദ്ദേഹത്തിന്റെ ശ്രദ്ധ പതറിയാല്‍ കമ്പനിയുടെ കാര്യം അവതാളത്തിലാവും. 2019-ല്‍ ഒന്ന് രണ്ട് പ്രഭാഷണങ്ങളില്‍ ബെസോസ് പറഞ്ഞിരുന്ന കാര്യം ഒരു ദിവസം തന്റെ കമ്പനിയും തരുമെന്നായിരുന്നു! ഇതും വലിയ വിവാദത്തിനും അഭ്യൂഹങ്ങള്‍ക്കും ഇടവരുത്തി. വിവാഹമോചന വാര്‍ത്ത വന്നപ്പോള്‍ തന്ന ആമസോണിന്റെ ഓഹരിമൂല്യം ഇടിഞ്ഞു. ആദ്യ വണ്‍ ട്രില്ല്യണ്‍ കമ്പനിയായ ആപ്പിളിന്റെ മൂല്യമിടിഞ്ഞപ്പോള്‍ മൈക്രോസോഫ്റ്റ് മുന്നില്‍ കയറിയിരുന്നു. പിന്നീട് ആമസോണ്‍ മുന്നില്‍ കയറി. പക്ഷേ വിവാഹ മോചന വാര്‍ത്ത പരന്നതോടെ കമ്പനിയുടെ മുല്യം ഒരു ശതമാനത്തോളം ഇടിഞ്ഞു.
പക്ഷേ ഇതില്‍നിന്ന് വളരെപെട്ടന്ന് കരകയറാന്‍ ബെസോസിനും, മെക്കന്‍സിക്കും ആയി. തങ്ങളുടെ വ്യക്തി പ്രശ്നങ്ങള്‍ ബെസോസിന്റെ ബിസിനസ് സംരംഭങ്ങളെയും, കോടാനുകോടി മനുഷ്യരുടെ ജോലിയെയും ഒന്നും ബാധിക്കരുതെന്ന് അവര്‍ ഇരുവരും ചേര്‍ന്ന് തീരുമാനിക്കായായിരുന്നു.
ഡിവോഴ്സിലൂടെ ലോക കോടീശ്വരി
ലോകത്തിലെ ഏറ്റവും വലിയ ഡിവോഴ്സുകളില്‍ ഒന്നാണ്, ആമസോണ്‍ മുതലാളിയുടേത്. 2019-ല്‍ മെക്കന്‍സിക്ക് ബെസോസ് 3800 കോടി ഡോളറാണ്, കോമ്പന്‍സേഷന്‍ കൊടുത്തത്. അന്നത്തെ തുകവെച്ചു നോക്കുമ്പോള്‍ 2.6 ലക്ഷം കോടി രൂപ! ലോകത്തിലെ ഏറ്റവും വലിയ സമ്പന്നന്റെ വിവാഹമോചനവും അങ്ങനെ ചരിത്രത്തിന്റെ ഭാഗമായി എന്നാണ് അന്ന് ന്യൂയോര്‍ക്ക് ടൈസ് എഴുതിയത്.
ആമസോണ്‍ കമ്പനിയുടെ 19.7 മില്യണ്‍ ഓഹരിയാണ് ബെസോസ് ഭാര്യക്ക് കൊടുത്തത്. ഇതോടെ കമ്പനിയുടെ ഓഹരി നാലുതമാനം മെക്കന്‍സിക്ക് സ്വന്തമായി. വിവാഹമോചനത്തോടെ ബ്ലൂംബര്‍ഗിന്റെ കോടീശ്വരപട്ടിക്കയില്‍ 22-ാം സ്ഥാവും മെക്കന്‍സി നേടി. വിവാഹമോചിതരാവുന്നവര്‍ പരസ്പര ധാരണയില്‍ എത്താനായില്ലെങ്കില്‍, സ്വത്ത്തുല്യമായി വീതം വെക്കണമെന്ന വ്യവസ്ഥ നിലനില്‍ക്കുന്ന സ്ഥലമാണ് വാഷിങ്്ടണ്‍. എന്നാല്‍ മൊത്തം സ്വത്തിന്റെ 25 ശതമാനം നല്‍കാമെന്ന ഉടമ്പടി ഇരുവരും അംഗീകരിക്കയായിരുന്നു. മെക്കന്‍സിക്ക് വേണമെങ്കില്‍ കുടുംപിടുത്തത്തില്‍ ഉറച്ചുനിന്ന് ബെസോസിന് പണി കൊടുത്ത്, പാതി സ്വത്ത് അടിച്ചുമാറ്റാമായിരുന്നു. പക്ഷേ അവര്‍ അത് ചെയ്തില്ല. തങ്ങള്‍ തമ്മിലുള്ള പ്രശ്നം ബെസോസ് എന്ന ഗ്ലോബല്‍ ബ്രാന്‍ഡിന്റെ തകര്‍ച്ചയിലേക്ക് നയിക്കരുത് എന്നായിരുന്നു അവരുടെ വാദം.
ലോകത്തിലെ ഏറ്റവും വലിയ നാലാമത്തെ, സമ്പന്നയായ യുവതിയായി മാറിയിട്ടും മെക്കന്‍സി ഒട്ടും അഹങ്കരിക്കുന്നില്ല. തനിക്ക് ലഭിച്ച സമ്പത്തിന്റെ പകുതി ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് നീക്കിവെക്കാന്‍ തീരുമാനിച്ച് അവര്‍ ലോകത്തെ ഞെട്ടിച്ചു! ലോക സമ്പന്നരായ വാരന്‍ ബഫറ്റും, മൈക്രോസോഫ്റ്റ് സ്ഥാപകന്‍ ബില്‍ ഗേറ്റ്സും, ചേര്‍ന്ന് 2010-ല്‍ രൂപീകരിച്ച, സന്നദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് പണം സമാഹരിക്കുന്ന, ഗിവിങ്് പ്ലഡ്ജ് എന്ന ക്യാമ്പയിലേക്ക് കോടികളാണ് ഇവര്‍ നല്‍കിയത്. സ്വത്ത് ഭാഗിച്ചതോടെ ലോകത്തിലെ സമ്പന്നരുടെ പട്ടിയില്‍നിന്ന്, ജെഫ് പിന്തള്ളപ്പെടുമോ എന്ന് ആശങ്ക ഉയര്‍ന്നിരുന്നു. പക്ഷേ അതുണ്ടായില്ല. അന്ന് ഉണ്ടായിരുന്നതില്‍ 12 ശതമാനം ആസ്തി മാത്രം ശേഷിച്ചാലും ജെഫ് ലോകത്തിലെ ഏറ്റവും വലിയ സമ്പന്നായി തുടരുന്നു. അപ്പോഴേക്കും ബെസോസിന്റെ മറ്റ് കമ്പനികളുടെ ഓഹരി വിലയും നന്നായി ഉയര്‍ന്നിരുന്നു.
പിരിഞ്ഞാല്‍ പിന്നെ ഇല്ലാത്ത ആരോപണങ്ങള്‍ ഉന്നയിക്കുന്ന, ഇന്ത്യന്‍ ദമ്പതികളെപ്പോലെയല്ല വിദേശികള്‍. ഡിവോഴ്സായിട്ടും, പരസ്പര സ്നേഹവും ബഹുമാനും നിലനിര്‍ത്തുന്ന ബെസോസും, മൂന്‍ഭാര്യയും. കഴിഞ്ഞ വര്‍ഷം മക്കന്‍സി വീണ്ടും വിവാഹിതയായപ്പോള്‍ ആശംസകര്‍ നേരുകയാണ് ബെസോസ് ചെയ്തത്. മെക്കന്‍സിയുടെ കുട്ടികള്‍ പഠിക്കുന്ന, സ്‌കൂളിലെ അധ്യാപകന്‍, ഡാന്‍ ജെവറ്റ് ആണ് അവരുടെ പുതിയ ഭര്‍ത്താവ്. ഡാന്‍ വളരെ നല്ലയാളാണെന്നും ഇരുവരും വിവാഹിതരായതില്‍ സന്തോഷം ഉണ്ടെന്നുമാണ് ബെസോസ് പ്രതികരിച്ചത്.
സ്‌കൂള്‍ വിദ്യര്‍ത്ഥിനിയുടെ മകന്‍, രണ്ടാനച്ഛന്റെ പ്രിയര്‍
അതി വിചിത്രമായ ജീവിയ കഥയാണ് ബെസോസിന്റെത്. ഒന്നുമില്ലായ്മയില്‍നിന്നാണ് അയാള്‍ ലോകകോടീശ്വരനായി വളര്‍ന്നത്. അതി ദയനീയമായിരുന്നു അദ്ദേഹത്തിന്റെ ബാല്യം. കൗബോയ് സംസ്‌ക്കാരത്തിന് പേരുകേട്ട, ന്യൂ മെകിസ്‌ക്കോയിലെ അല്‍ബുര്‍ക്കക്കിലാണ് ബൊസോസിന്റെ ജനനം.
1964 ജനുവരി 12 ആണ് ഡേറ്റ് ഓഫ് ബര്‍ത്ത്. അമ്മ ജാക്ക്‌ലിന്‍, അച്ഛന്‍ തിയോഡോര്‍ ജോര്‍ഗന്‍സണ്‍. ജനിക്കുമ്പോള്‍ ഒരു 17 കാരിയായ ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥിയായിരുന്നു അദ്ദേഹത്തിന്റെ അമ്മ. തന്റെ മകനെയുമെടുത്താണ് ജാക്ക്‌ലിന്‍ സ്‌കൂളില്‍ പിന്നീട് രാത്രി ക്ലാസുകളില്‍ പങ്കെടുത്തത്. തിയോഡോര്‍ ജോര്‍ഗന്‍സണുമായി വേര്‍പിരിഞ്ഞതിന് ശേഷം ജെഫ്രിയുടെ നാലാം വയസിലാണ് ജാക്ക്‌ലിന്‍ ക്യുബയില്‍ നിന്ന് കുടിയേറിയെത്തിയ മിഖായേല്‍ മൈക്ക് ബെസോസിനെ വിവാഹം ചെയ്തത്. വിവാഹത്തിന് ശേഷം മൈക്ക് ജെഫ്രിയെ തന്റെ മകനായി ദത്തെടുത്തു. അങ്ങനെയാണ് ജെഫ്രിയുടെ പേരിനൊപ്പം ബെസോസ് എന്നത് ചേരുന്നത്.
ബന്ധങ്ങള്‍ എന്നും നൊമ്പരമായ വ്യക്തിയാണ് ബെസോസ്. തന്റെ ശരിയായ യഥാര്‍ത്ഥ പിതാവ് ജോര്‍ഗന്‍സുമായി അദ്ദേഹത്തിന് അടുപ്പം ഉണ്ടായിരുന്നില്ല. വളര്‍ത്തച്ഛന്‍ മിഗ്വല്ലുമായി ജെഫ് അടുത്ത ബന്ധം പുലര്‍ത്തുകയും ചെയ്തിരുന്നു. അധികം വൈകാതെ ഈ രണ്ടാനച്ഛന്‍ ജെഫിന്റെ ജീവിതത്തിലെ പ്രധാന വ്യക്തിയായി മാറുകയും ചെയ്തു. റിപ്പോര്‍ട്ടുകള്‍ പ്രകാരം 2012 -ലാണ് മകന്റെ നേട്ടങ്ങളെക്കുറിച്ച് ജോര്‍ഗന്‍സന്‍ അറിയുന്നത്. അതായത് മകനെ ഉപേക്ഷിച്ച് ഏകദേശം 50 വര്‍ഷങ്ങള്‍ക്കു ശേഷം. പത്രപ്രവര്‍ത്തകനായ ബ്രാഡ് സ്റ്റോണ്‍ 'ദ എവരിതിംഗ് സ്റ്റോര്‍: ജെഫ് ബെസോസ് ആന്‍ഡ് ആമസോണ്‍' എന്ന തന്റെ പുസ്തകത്തിനായി ജെഫിനെ പറ്റി ഗവേഷണം നടത്തിയപ്പോഴാണ് ഇക്കാര്യങ്ങള്‍ പുറംലോകം മനസിലാക്കിയത്.
ആദ്യം ജോര്‍ഗന്‍സന്‍ ജെഫിന്റെ പേര് പോലും തിരിച്ചറിഞ്ഞില്ല, പക്ഷേ മകന്റെ ഫോട്ടോകള്‍ കാണിച്ചപ്പോള്‍ അദ്ദേഹം സ്തംഭിച്ചുപോയി. താന്‍ ഒരു നല്ല പിതാവോ, ഭര്‍ത്താവോ അല്ലായിരുന്നുവെന്നും, ഇപ്പോള്‍ അതില്‍ പശ്ചാത്താപമുണ്ടെന്നും അദ്ദേഹം സമ്മതിക്കുന്നു. വര്‍ഷങ്ങള്‍ കഴിഞ്ഞതോടെ രണ്ടാനച്ഛന്‍ മിഗ്വല്ലുമായി ജെഫ് അകല്‍ച്ച പാലിച്ചിരുന്നു. എന്നാല്‍ തന്റെ മൂല്യങ്ങളും, പ്രവര്‍ത്തന നൈതികതയും രൂപപ്പെടുത്തിയതിന് മിഗ്വല്‍ വലിയ സ്വാധീനം ചെലുത്തിയെന്ന് ബെസോസ് പലപ്പോഴും തുറന്നുപറഞ്ഞിട്ടുണ്ട്.
ആമസോണിന്റെ ആദ്യ നാളുകളില്‍ മിഗ്വലും, ജാക്ക്ലിനും ജെഫിനെ വളരെ പിന്തുണച്ചിരുന്നു. പരാജയപ്പെടാനുള്ള സാധ്യത 70 ശതമാനം ആണെന്ന് പലരും വിലയിരുത്തിയിട്ടും ദമ്പതികള്‍ മകനായി 2,50,000 ഡോളറിന്റെ നിക്ഷേപം കമ്പനിയില്‍ നടത്തി. തുടര്‍ന്ന് ലോകത്തിലെ ഏറ്റവും വലിയ ഇ- കൊമേഴ്സ് കമ്പനികളിലൊന്നായി ആമസോണ്‍ വളരുന്നതാണ് ആളുകള്‍ കണ്ടത്. ഇതിനു ജെഫിനെ സഹായിച്ചയും രണ്ടാനച്ഛന്റെ ആദ്യകാല നിക്ഷേപമായിരുന്നു.16-ാം വയസ്സില്‍ ക്യൂബയില്‍ നിന്ന് യു എസിലെത്തിയ പിതാവിന്റെ നിശ്ചയദാര്‍ഢ്യവും ശുഭാപ്തി വിശ്വാസവുമാണ് ജീവിതത്തില്‍ വിജയം കൈവരിക്കാന്‍ കാരണമായതെന്നും ബെസോസ് പറയാറുണ്ട്.
ഇനി ചന്ദ്രനിലേക്ക് ചരക്ക് കയറ്റം
ഇലക്ട്രിക്കല്‍ എഞ്ചിനീയറിങിലും കംപ്യൂട്ടര്‍ സയന്‍സിലും ബിരുദങ്ങള്‍ നേടിയിട്ടുണ്ട് ബെസോസ്. 1986-1994 കാലഘട്ടങ്ങളില്‍ വാള്‍സ്ട്രീറ്റില്‍ വിവിധ ജോലികള്‍ ചെയ്തിരുന്നു. 1994 ലാണ് അദ്ദേഹം ആമസോണിന് തുടക്കമിട്ടത്. ന്യൂയോര്‍ക്കില്‍ നിന്നും സിയാറ്റിലിലേക്കുള്ള ഒരു റോഡ് യാത്രയ്ക്കിടെയാണ് ആമസോണ്‍ എന്ന ആശയം ബെസോസിന്റെ മനസിലുദിച്ചത്. പുസ്തകങ്ങള്‍ ഓണ്‍ലൈനായി വില്‍ക്കുന്ന സംരംഭമായിരുന്നു ആദ്യ കാലത്ത് ആമസോണ്‍. പിന്നീട് ഘട്ടം ഘട്ടമായി മറ്റ് വിവിധങ്ങളായ ഉല്‍പ്പന്നങ്ങള്‍ വില്‍ക്കുന്ന സ്ഥാപനമായി മാറി. ഭാര്യയായ മക്കെന്‍സി ടട്ടിലും അന്ന് ഒപ്പമുണ്ടായിരുന്നു. ഇന്ന് ബഹിരാകാശത്തോളം എത്തി നില്‍ക്കുകയാണ്.
ഇന്നു ലോകത്തുള്ള എല്ലാ ഓണ്‍ലൈന്‍ ഷോപ്പുകളും ജെഫിന്റെ ആമസോണ്‍ മാതൃകയോടു കടപ്പെട്ടിരിക്കുന്നു. ക്ലൗഡ് സേവനങ്ങളില്‍ സ്വന്തം വഴി അവതരിപ്പിച്ച് മൈക്രോസോഫ്റ്റും ഗൂഗിളും അടങ്ങിയ വമ്പന്‍മാരെ ഞെട്ടിച്ചതിന് പിന്നില്‍ ബെസോസിന്റെ ബുദ്ധിയാണ്. ഇപ്പോള്‍നാസയോടും ഇലോണ്‍ മസ്‌കിന്റെ സ്‌പെയ്സ് എക്‌സിനോടും മല്‍സരിച്ചുകൊണ്ട് ബഹിരാകാശ യാത്രയില്‍ ശ്രദ്ധേയമായ മുന്നേറ്റം നടത്തി. കൂടാതെ, ഡിജിറ്റല്‍ സ്ട്രീമിങ്, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, തുടങ്ങിയ മേഖലകളിലും ആമസോണ്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഗൂഗിള്‍, ആപ്പിള്‍,മെറ്റ , മൈക്രോസോഫ്റ്റ് എന്നിവയ്‌ക്കൊപ്പം അമേരിക്കയിലെ മുന്‍നിര ഐടി കമ്പനികളിലൊന്നാണ് ആമസോണ്‍. ഓട്ടോണമസ് വെഹിക്കിള്‍, സാറ്റലൈറ്റ് കമ്മ്യൂണിക്കേഷന്‍ കമ്പനിയായ കുയിപ്പര്‍ സിസ്റ്റംസ്, കംപ്യൂട്ടര്‍ ഹാര്‍ഡ് വെയര്‍ റിസര്‍ച്ച് ആന്റ് ഡെവലപ്പിങ് സ്ഥാപനമായ ആമസോണ്‍ ലാബ് 126, വ്യോമയാന ബഹിരാകാശ യാത്രാ ഗവേഷണ സ്ഥാപനമായ ബ്ലൂ ഒറിജിന്‍ എന്നിവയും ബെസോസിന്റെ വാണിജ്യ ശൃംഖലയിലെ കണ്ണികളാണ്.
വാഷിങ്ടണ്‍ പോസ്റ്റ് പത്രവും ബെസോസിന്റേതാണ്. 2013ലാണ് വാഷിങ്ടണ്‍ പോസ്റ്റിനെ അദ്ദേഹം സ്വന്തമാക്കിയത്. ഇപ്പോള്‍ അമസോണില്‍നിന്ന് ഒഴിഞ്ഞ ബെസോസിന്റെ എല്ലാ ശ്രദ്ധയും ബഹിരാകാശ യാത്രകളിലാണ്.-''ബ്ലൂ ഒറിജിനും, ആമസോണും ഒരുമിച്ച് കൊണ്ടുപോകാന്‍ സാധിച്ചില്ല. എന്നാല്‍ ബ്ലൂ ഒറിജന് എന്നെ ആവശ്യമായിരുന്നു. കഴിഞ്ഞ കറേക്കാലമായി തന്റെ ജീവിതത്തിന്റെ ഭാഗമായി ബ്ലൂ ഒറിജിന്‍ മാറിയിട്ടുണ്ട്''- ഇതേക്കുറിച്ച് അദ്ദേഹം പ്രതികരിച്ചത് ഇങ്ങനെയായിരുന്നു.
ബ്ലൂ ഒറിജിന്‍ കമ്പനി വൈകാതെ തന്നെ ബഹിരാകാശ ടൂറിസം യാഥാര്‍ഥ്യമാക്കുന്നന്നാണ അദ്ദേഹം പറയുന്നത്. ചന്ദ്രനിലെ മനുഷ്യ കോളനിയിലേക്ക് ചരക്ക് കയറ്റി അയക്കാനുള്ള പദ്ധതിയുമായി എത്തിയിരിക്കയാണ് ബെസോസ്. ഇതിനായി ചന്ദ്രനിലെ ദക്ഷിണ ധ്രുവത്തിലെ പ്രദേശം പാര്‍ക്കിംങിനായി പോലും കണ്ടുവെച്ചുകഴിഞ്ഞു. ഒരു യാത്രയില്‍ പതിനായിരം പൗണ്ട് (ഏകദേശം 4500 കിലോ) ചരക്ക് വരെ ഭൂമിയില്‍ നിന്നും ചന്ദ്രനിലെത്തിക്കുകകയാണ് ലക്ഷ്യം. ചന്ദ്രനിലെ ദക്ഷിണാര്‍ധഗോളത്തിലെ ഷാക്ക്‌ലെറ്റണ്‍ ക്രാറ്റര്‍ എന്ന ഭാഗമാണ് റോക്കറ്റ് ഇറക്കാന്‍ കണ്ടുവെച്ചിരിക്കുന്നത്. സൂര്യപ്രകാശത്തിന്റെ സാന്നിധ്യവും ജലാംശം ഉപയോഗിച്ച് റോക്കറ്റ് ഇന്ധനമായ ഹൈഡ്രജന്‍ നിര്‍മിക്കാമെന്നതുമാണ് ഈ പ്രദേശം സപാര്‍ക്കിങ് സ്പോട്ടായി കണ്ടെത്തിയതിന് പിന്നില്‍.
ഇതെല്ലാം നടക്കുമോ എന്ന് യാതൊരു ഉറപ്പുമില്ല. പക്ഷേ അദ്ദേഹം പദ്ധതികളുമായി മുന്നോട്ട് പോവുകാണ്. അതിനിടെയിലാണ് പുതിയ വിവാഹവും.
വാല്‍ക്കഷ്ണം: വാഷിങ്ടണ്‍ പോസ്റ്റ് ബെസോസ് വാങ്ങിയതുകൊണ്ടാവണം, അദ്ദേഹത്തെക്കുറിച്ച് വാര്‍ത്ത കൊടുക്കാന്‍ ന്യൂയോര്‍ക്ക് ടൈംസിന് വല്ലാത്ത ആവേശമാണ്. സാധാരണ ഇത്തരം വാര്‍ത്തകളൊന്നും കൊടുക്കാത്ത ന്യൂയോര്‍ക്ക് ടൈംസാണ് 2018-ല്‍ ബെസോസ് മറ്റൊരു സ്ത്രീയുമായി പ്രണയത്തിലാണെന്ന് വാര്‍ത്ത കൊടുത്തത്! ബെസോസ് അത് നിഷേധിച്ചതുമില്ല എന്നത് വേറെ കാര്യം.