ന്ത്യയുടെ വേദനിക്കുന്ന തലയാണോ, അതാ തലവേദനയാണോ ജമ്മു കാശ്മീര്‍? ( ഈസ് ജമ്മു ആന്‍ഡ് കശ്മീര്‍ ഇന്ത്യാസ് ഹെഡ് ഏയ്ക്ക് ഓര്‍ ഏയ്ക്കിങ്ങ് ഹെഡ്) എന്ന ചോദ്യത്തിന് വര്‍ഷങ്ങളുടെ പഴക്കമുണ്ട്. ഭൂപടത്തില്‍ ഇന്ത്യയുടെ തലയാണ് കാശ്മീര്‍. എന്നാല്‍ അതുകൊണ്ടുണ്ടായ തലവേദനകള്‍ക്കും ചോരപ്പുഴകള്‍ക്കം കൈയും കണക്കുമില്ല. ഇപ്പോള്‍ ബിജെപി അവകാശപ്പെടുന്നത്, 370ാം വകുപ്പ് റദ്ദാക്കുകയും, ഒരു പരിധിവരെ ഭീകരവാദത്തെ അടിച്ചമര്‍ത്തുകയും ചെയ്തതോടെ കശ്മീന്റെ തലവേദന ഗണ്യമായി കുറച്ചുവെന്നാണ്. അടഞ്ഞുകിടന്ന കാശ്മീരിനെ തുറന്നതോടെ വാണിജ്യ- വ്യവസായ രംഗത്തൊക്കെ വന്‍ തോതിലുള്ള കുതിച്ചുചാട്ടം ഉണ്ടായി എന്നാണ്, നരേന്ദ്രമോദിയും, അമിത്ഷായും അടക്കമുള്ളവര്‍ അവകാശപ്പെടുന്നത്്.

ഈ ഒരു സാഹചര്യത്തിലാണ്, 'ഭൂമിയിലെ സ്വര്‍ഗം' വീണ്ടും തിരഞ്ഞെടുപ്പിലേക്ക് നീങ്ങുന്നത്. 2018- ല്‍ അധികാരത്തില്‍ വന്ന 2 വര്‍ഷവും 77 ദിവസവും മാത്രം ആയുസുണ്ടായിരുന്ന, മെഹബൂബ മുഫ്തി നേതൃത്വം നല്‍കിയ പിഡിപി സര്‍ക്കാരാണ് ജമ്മുകശ്മീരിലെ അവസാനത്തെ തിരഞ്ഞെടുക്കപ്പെട്ട സര്‍ക്കാര്‍. ഇതിനെ പിരിച്ചുവിട്ടാണ് 2019 ഓഗസ്റ്റ് 6ന് ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കുന്നത്. തുടര്‍ന്ന് ലെഫ്റ്റനന്റ് ഗവര്‍ണര്‍ ഭരണമാണ് കാശ്മീരില്‍. പ്രത്യേക പദവി എടുത്ത് കളഞ്ഞതിനെ തുടര്‍ന്ന് 18 മാസം കശ്മീരില്‍ ഇന്റര്‍നെറ്റ് ഇല്ലായിരുന്നു. 2021 ഫെബ്രുവരിയിലാണ് ഇന്റര്‍നെറ്റ് പുനഃസ്ഥാപിക്കപ്പെടുന്നത്. രാഷ്ട്രീയ നേതാക്കള്‍ മാസങ്ങളോളം വീട്ടുതടങ്കലിലും, ജയിലിലും കിടക്കേണ്ടി വന്നു.

ഇപ്പോഴിതാ അഞ്ചുവര്‍ഷത്തിനുശേഷം വീണ്ടും തിരഞ്ഞെടുപ്പ് എത്തുന്നതോടെ രാഷ്ട്രീയ സാമൂഹിക സാഹചര്യങ്ങള്‍ ആകെ മാറുകയാണ്. സെപ്റ്റംമ്പര്‍ 18ന് കാശ്മീര്‍ ഇലക്ഷന്റെ ഒന്നാം ഘട്ടം കഴിഞ്ഞിരിക്കയാണ്. സെപറ്റംമ്പര്‍ 25, ഒക്ടോബര്‍ ഒന്ന് തീയതികളിലാണ് രണ്ടും മൂന്നും ഘട്ടങ്ങള്‍.




ഹിന്ദു മുഖ്യമന്ത്രിയുണ്ടാവുമോ?

അസാധാരണമാണ് ജമ്മു കശ്മീരിലെ വംശവൈവിധ്യം. കാശ്മീര്‍ താഴ്വരയിലെ 90 ശതമാനം ജനങ്ങളും മുസ്ലിങ്ങളാണ്. എന്നാല്‍ ജമ്മു പ്രവിശ്യയില്‍ ഹിന്ദുക്കളാണ് കൂടുതല്‍. ലഡാക്കില്‍ ബുദ്ധമതസ്ഥരും. അതേസമയം ജമ്മു പ്രവിശ്യയുടെ ഭാഗമായ പുഞ്ച്, രജൗരി, ഡോഡ എന്നീ ജില്ലകള്‍ മുസ്ലിം ഭൂരിപക്ഷ പ്രദേശങ്ങളാണ്. ലഡാക്കിന്റെ ഭാഗമായ കാര്‍ഗില്‍ മുസ്ലിം ഭൂരിപക്ഷപ്രദേശമാണ്. ജമ്മുവിലെയും കാര്‍ഗിലിലെയും മുസ്ലിങ്ങള്‍ താഴ്വരയിലെ മുസ്ലിങ്ങളില്‍ നിന്ന് വ്യത്യസ്തരാണ്. അവര്‍ക്കിടയില്‍ വിഘടനചിന്ത കടന്നിട്ടില്ല. കാര്‍ഗിലില്‍ കൂടുതലും ഷിയ മുസ്ലിങ്ങളാണ്. പക്ഷേ ഇപ്പോള്‍ ലഡാക്ക് കേന്ദ്രഭരണ പ്രദേശമാണ്.

1947- ല്‍ രാജ്യം വിഭജിക്കപ്പെട്ട കാലയളവില്‍, ലാഹോര്‍, പഞ്ചാബ്, ബംഗാള്‍ എന്നിവിടങ്ങളിലെല്ലാം വലിയ കലാപങ്ങള്‍ നടന്നു. എന്നാല്‍ കശ്മീരില്‍ ഒരു അക്രമം പോലും നടന്നില്ല. പക്ഷേ പിന്നീട് കശ്മീര്‍ ഇന്ത്യയുടെ തലവേദനയായത് ചരിത്രം. കശ്മീരികള്‍ പരസ്പരം കണ്ടുമുട്ടുമ്പോള്‍ നടത്തുന്ന കുശലാന്വേഷണങ്ങളില്‍ കുടുംബാംഗങ്ങളുടെ പേരുകള്‍ ഒന്നൊന്നായെടുത്തു പറഞ്ഞ് ഓരോരുത്തര്‍ക്കും സുഖം തന്നെയല്ലേയെന്ന് ചോദിക്കാറുണ്ട്. ധാരാളം പേര്‍ അപ്രത്യക്ഷമായ, നൂറ്റാണ്ടുകള്‍ക്ക് മുമ്പുണ്ടായ അഫ്ഗാന്‍ ആക്രമണ കാലത്ത് ആരംഭിച്ച അന്വേഷണരീതിയുടെ തുടര്‍ച്ചയാണിതെന്ന് കരുതപ്പെടുന്നു. അക്കാലത്ത് വലിയതോതില്‍ മതപരിവര്‍ത്തനവും നടന്നു. ധാരാളം പണ്ഡിറ്റുകള്‍ പലായനം ചെയ്തു. പിന്നീട് മുസ്ലീം ഭീകരരും പണ്ഡിറ്റകളെ ഓടിച്ചു. ഇപ്പോഴും പണ്ഡിറ്റുകളുടെ പ്രശ്നം കശ്മീരില്‍ സജീവമായുണ്ട്. പക്ഷേ ജമാഅത്തെ ഇസ്ലാമി അടക്കമുള്ള പാര്‍ട്ടികള്‍ പണ്ഡിറ്റുകളെ സ്വാഗതം ചെയ്യുന്നുണ്ട്.

കാലങ്ങളായി ബിജെപിക്ക് ഒപ്പം നില്‍ക്കുന്ന പ്രദേശമാണ് ജമ്മു. അതുകൊണ്ടു തന്നെ ജമ്മുവില്‍ ദേശീയതയിലും, വികസനത്തിലും, ഭീകര വിരുദ്ധ പ്രവര്‍ത്തനത്തിലും, രാജ്യസുരക്ഷയിലും ഊന്നിയാണ് ബിജെപിയുടെ പ്രചാരണം. കശ്മീരി പണ്ഡിറ്റ് വിഭാഗക്കാരാണ് ഇവിടെ ഭൂരിപക്ഷവും. ഇവര്‍ രാജ്യ സുരക്ഷയെയും തങ്ങളുടെ സുരക്ഷിതത്വത്തെയും കരുതി കാലകാലങ്ങളായി ബിജെപിക്ക് വോട്ടുചെയ്യുന്നവരാണ്. ജമ്മുവില്‍ ബിജെപിക്കാണ് മേല്‍ക്കൈ എങ്കില്‍ കശ്മീരില്‍ കഥ വ്യത്യസ്തമാണ്. ഇസ്ലാം മതവിശ്വാസികള്‍ ഭൂരിപക്ഷമുള്ള പ്രദേശത്തിന്റെ രാഷ്ട്രീയം വേറയൊണ്. ഇവിടെ പിഡിപിക്കും നാഷണല്‍ കോണ്‍ഫറന്‍സിനും, ജമാഅത്തെ ഇസ്ലാമിക്കും മറ്റ് സംഘടനകള്‍ക്കുമൊക്കെയാണ് സ്വാധീനം.

ഈ തിരഞ്ഞെടുപ്പിലെ ഏറ്റവും തന്ത്രപരമായ രാഷ്ട്രീയ നീക്കം, കോണ്‍ഗ്രസ്- നാഷനല്‍ കോണ്‍ഫറന്‍സ് ( എന്‍ സി) സഖ്യമാണ്. ശക്തരായ പൊതുശത്രുവിനെ നേരിടാനുള്ള കാലത്തിന്റെ ആവശ്യം എന്നാണ് സഖ്യത്തെക്കുറിച്ച് നാഷനല്‍ കോണ്‍ഫറന്‍സ് നേതാവ് ഡോ. ഫറൂഖ് അബ്ദുള്ള പറഞ്ഞത്. സം്ഥാനത്ത് ആകെയുള്ള 90 സീറ്റില്‍ എന്‍ സി 51 സീറ്റിലും കോണ്‍ഗ്രസ് 32 സീറ്റിലുമാണ് മത്സരിക്കുക. ഓരോ സീറ്റില്‍ സി.പി.എമ്മും ജമ്മു കാശ്മീര്‍ നാഷനല്‍ പാന്തേഴ്‌സ് പാര്‍ട്ടിയും മത്സരിക്കും. അഞ്ച് സീറ്റില്‍ സഖ്യമില്ല. കാശ്മീര്‍ താഴ്വരയിലെ സോപോര്‍, ബാനിഹാല്‍, ഭാണ്ഡര്‍വാ, ജമ്മുവിലെ ദോഹ, നഗ്രോട്ട എന്നീ മണ്ഡലങ്ങളിലാണ് 'സൗഹൃദമത്സരം'. ദേശീയതലത്തില്‍ 'ഇന്ത്യ' മുന്നണിയുടെ ഭാഗമായ മെഹ്ബൂബ മുഫ്തിയുടെ പി ഡി പി, നാഷണല്‍ കോണ്‍ഫറന്‍സുമായുള്ള ഭിന്നതയെതുടര്‍ന്ന് സഖ്യത്തില്‍ അംഗമാകാന്‍ വിസമ്മതിച്ചു. പാര്‍ട്ടി ഒറ്റയ്ക്ക് മത്സരിക്കുന്നു.

കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍, 46 നിയമസഭാ മണ്ഡലങ്ങളില്‍ ബി.ജെ.പി ഇതര പാര്‍ട്ടികള്‍ക്കായിരുന്നു ലീഡ്. ഇതാണ്, പ്രതിപക്ഷത്തിന്റെ ഏറ്റവും വലിയ പ്രതീക്ഷ. ഏറ്റവും വലിയ ഒറ്റക്കക്ഷിയായി മാറി കോണ്‍ഗ്രസിന്റെ പിന്തുണയോടെ സര്‍ക്കാറുണ്ടാക്കാം എന്നതാണ് എന്‍ സിയുടെ പ്രതീക്ഷ. ജമ്മുവില്‍ ബി.ജെ.പിയോളം ശക്തരല്ല കോണ്‍ഗ്രസ് എങ്കിലും കശ്മീര്‍ മേഖലയില്‍ മികച്ച പ്രകടനം കാഴ്ച വെക്കാനാകുമെന്നാണ് എന്‍.സിയുടെ പ്രതീക്ഷ. ജമ്മുവില്‍ 10-15 സീറ്റില്‍ കോണ്‍ഗ്രസിന് ജയിക്കാനായാല്‍ കേവല ഭൂരിപക്ഷത്തിനുവേണ്ട 46 സീറ്റോടെ ബി.ജെ.പിയെ പുറത്താക്കാമെന്ന കണക്കുകൂട്ടലിലാണ് ഇന്ത്യാ സഖ്യം.

ഇലക്ഷന്‍ റിസള്‍ട്ടിനെ കുറിച്ച് റോയുടെ മുന്‍ മേധാവി അമര്‍ജിത് സിങ് ദുലാത് നടത്തിയ പ്രവചനവും വലിയ വാര്‍ത്തയായി-''കോണ്‍ഗ്രസ്- നാഷനല്‍ കോണ്‍ഫറന്‍സ് സഖ്യം തകരാതെ നില്‍ക്കുകയാണെങ്കില്‍ ജമ്മു അവര്‍ക്ക് അനുകൂലമായി വോട്ട് ചെയ്യും. നേരെ മറിച്ച് സഖ്യം പരാജയപ്പെട്ടാല്‍, സംസ്ഥാനത്ത് ബി.ജെ.പി അധികാരത്തില്‍ വരും, ചരിത്രത്തിലാദ്യമായി ഒരു 'ഹിന്ദു മുഖ്യമന്ത്രി'യുണ്ടാവുകയും ചെയ്യും''- റഷ്യന്‍ മീഡിയ ഹൗസായ ആര്‍ടി ക്കുവേണ്ടി എഴുതിയ 'ലേഖനത്തിലാണ് ഈ പ്രവചനം. കാശ്മീര്‍ താഴ്വരയിലെ മുസ്ലീം വോട്ടുകള്‍ ഭിന്നിക്കുകയും, ജമ്മുവിലെ ഹിന്ദുവോട്ടുകള്‍ ഒന്നിപ്പിക്കുകയും ചെയ്യുക എന്ന തന്ത്രമാണ് ബിജെപി പയറ്റുന്നത്.



370ന്റ ഹിതപരിശോധന?

ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കി സംസ്ഥാന പദവി ഇല്ലാതാക്കിയതിന്റെ ഹിതപരിശോധനയാകും ഈ തിരഞ്ഞെടുപ്പ് എന്നാണ് പൊതുവിലയിരുത്തല്‍. 370ാം വകുപ്പ് റദ്ദാക്കിയതോടെ സംസ്ഥാനത്ത് ഭീകരവാദത്തിന് അന്ത്യം കുറിക്കാനായി എന്ന കാമ്പയിനിലാണ് ബിജെപി. ഇന്ത്യന്‍ ദേശീയ പതാകയുടെ കീഴിലും നടക്കുന്ന ആദ്യ തിരഞ്ഞെടുപ്പ് എന്നാണ് പാര്‍ട്ടി പ്രചാരണം. എന്നാല്‍, 'ജമ്മു കാശ്മീര്‍ ജനതയുടെ ആത്മാഭിമാനം നശിപ്പിച്ച നടപടി' എന്നു പറഞ്ഞാണ് കോണ്‍ഗ്രസും നാഷനല്‍ കോണ്‍ഫറന്‍സും ബി.ജെ.പിക്കെതിരെ ഈ വിഷയം രാഷ്ട്രീയ ആയുധമാക്കുന്നത്.ആര്‍ട്ടിക്കിള്‍ 370 പുനഃസ്ഥാപിച്ച് ജമ്മു കാശ്മീരിന് സംസ്ഥാന പദവി തിരിച്ചുനല്‍കും എന്നതാണ് കോണ്‍ഗ്രസിന്റെ ഏറ്റവും പ്രധാന വാഗ്ദാനം. പഷേ ര്‍ട്ടിക്കിള്‍ 370 ചരിത്രമായിക്കഴിഞ്ഞുവെന്നും അത് ഇനി ഒരിക്കലും തിരിച്ചുകൊണ്ടുവരില്ലെന്നുമാണ് അമിത് ഷാ, ബി.ജെ.പി പ്രകടനപത്രിക പുറത്തിറക്കിയശേഷം പ്രഖ്യാപിച്ചത്

ജമ്മു കാശ്മീര്‍ നയം പാളുമോ എന്ന ഭയം ബി.ജെ.പിക്കും കേന്ദ്ര സര്‍ക്കാരിനുമുണ്ട് എന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നത്. തെരഞ്ഞെടുപ്പിനുശേഷം അധികാരത്തില്‍ വരുന്ന സര്‍ക്കാറിനുമേല്‍ കേന്ദ്രത്തിന്റെ ആധിപത്യം ഉറപ്പിക്കാനുള്ള ചില നിയമഭേദഗതികള്‍ കേന്ദ്ര ആഭ്യന്തര വകുപ്പ് ഒളിച്ചുകടത്തിയത് അതുകൊണ്ടാണെന്ന് വിമര്‍ശനമുണ്ട്. 2019-ലെ ജമ്മു കാശ്മീര്‍ പുനഃസംഘടനാ നിയമം ഭേദഗതി ചെയ്ത് ലെഫ്. ഗവര്‍ണര്‍ക്ക് കൂടുതല്‍ അധികാരങ്ങള്‍ നല്‍കിയിരിക്കയാണ്. പൊലീസ്, ക്രമസമാധാനം, അഖിലേന്ത്യ സര്‍വീസുകള്‍, അഴിമതി വിരുദ്ധ സെല്‍ തുടങ്ങിയ വിഷയങ്ങളില്‍ തീരുമാനമെടുക്കാന്‍ ലെഫ്റ്റനന്റ് ഗവര്‍ണറുടെ അനുമതി വേണം. ഐ എ എസ്- ഐ പി എസ് ഉദ്യോഗസ്ഥരുടെ പൂര്‍ണ നിയന്ത്രണം ലെഫ്. ഗവര്‍ണര്‍ക്കായിരിക്കും. അഡ്വക്കറ്റ് ജനറല്‍ അടക്കമുള്ള നിയമ ഉദ്യോഗസ്ഥരെ ലെഫ്. ഗവര്‍ണറാകും നിയമിക്കുക. പ്രോസിക്യൂഷന്‍ അനുമതി നല്‍കല്‍, അപ്പീലുകള്‍ സമര്‍പ്പിക്കല്‍ തുടങ്ങിയ കാര്യങ്ങളിലും പുതിയ സര്‍ക്കാരിന് ലെഫ്. ഗവര്‍ണറുടെ അനുമതി വേണ്ടിവരും.



ഇതോടൊപ്പം, മണ്ഡല പുനര്‍നിര്‍ണയത്തിലും കേന്ദ്ര സര്‍ക്കാര്‍, ബി.ജെ.പിക്ക് അനുകൂലമായ ചില സൂത്രങ്ങള്‍ പ്രയോഗിച്ചു. മുസ്ലിം ഭൂരിപക്ഷ പ്രദേശങ്ങളുടെ പ്രാധാന്യം കുറയ്ക്കുകയും പ്രാദേശിക പാര്‍ട്ടികളുടെ സ്വാധീനം ഇല്ലാതാക്കുകയും ചെയ്യുന്ന തരത്തിലായിരുന്നു നടപടി. നിയമസഭാ സീറ്റുകളുടെ എണ്ണം 90 ആക്കി ഉയര്‍ത്തിയപ്പോള്‍ ജമ്മു മേഖലയില്‍ ഏഴ് സീറ്റാണ് കൂട്ടിയത്. ജനസംഖ്യയില്‍ 56 ശതമാനം വരുന്ന കശ്മീര്‍മേഖലയില്‍ ഒരു സീറ്റ് മാത്രമാണ് കൂട്ടിയത്. നാമനിര്‍ദേശം ചെയ്യാവുന്ന അംഗങ്ങളുടെ എണ്ണം അഞ്ചായി കൂട്ടുകയും ചെയ്തു.. ഒരു ബി.ജെ.പി ഇതര സര്‍ക്കാര്‍ ഭരണത്തില്‍ വരികയാണെങ്കില്‍ ലെഫ്. ഗവര്‍ണറുടെ ഭരണനിയന്ത്രണത്തിലുള്ള ഒരു 'ഡല്‍ഹി മോഡല്‍' ഭരണക്രമത്തിനാണ് കേന്ദ്രം ലക്ഷ്യമിടുന്നത് എന്നത് ഇതില്‍നിന്നെല്ലാം വ്യക്തമാണ്.

കുടുംബവാഴ്ചക്ക് അറുതി വരുത്താന്‍ കഴിഞ്ഞുവെന്നും വികസനം കൊണ്ടുവെന്നുമൊക്കെയാണ് ബിജെപി വാദങ്ങള്‍. എന്നാല്‍ ഇതിനെയും പ്രതിപക്ഷം എതിര്‍ക്കുന്നു. ആര്‍ട്ടിക്കിള്‍ 370 പിന്‍വലിച്ചതോടെ ടൂറിസം രംഗത്തടക്കം വന്‍ കുതിച്ചുചാട്ടമുണ്ടായി എന്ന് ബിജെപി വാദിക്കുന്നത് പൊള്ളയാണെന്ന് ഇന്ത്യാസഖ്യം പറയുന്നു. മഹബൂബയുടെയും, ഫാറുഖ് അബ്ദുള്ള കുടുംബ വാഴ്ച അവസാനിപ്പിച്ചകാര്യവും ബിജെപി എടുത്തു പറയുന്നു. പക്ഷേ 2014-ല്‍ ബി.ജെ.പിയുമായി സഖ്യമുണ്ടാക്കി സമയത്തും പിഡിപി കടുംബ പാര്‍ട്ടി ആയിരുന്നില്ലേ എന്നാണ് പ്രതിപക്ഷം ചോദിക്കുന്നത്. കുടംബവാഴ്ചയുള്ള നാഷണല്‍ കോണ്‍ഫറന്‍സും നേരത്തെ എന്‍ഡിഎക്ക് ഒപ്പമായിരുന്നു. വികസനവും കൂടി എടുത്തിട്ട് പ്രചാരണം കുതിക്കുന്നതോടെ ശക്തമായ പേരാട്ടമാണ് ജമ്മു- കാശ്മീരില്‍ നടക്കുന്നത്.

ബിജെപി- ജമാഅത്ത് സഖ്യമോ?

ബിജെപിയും ജമാഅത്തെ ഇസ്ലാമിയുമായി സഖ്യമുണ്ടാവുക എന്നു വെച്ചാല്‍ കേരളത്തിലൊക്കെ നമുക്ക് സങ്കല്‍പ്പിക്കാന്‍ കഴിയുമോ? നേരത്തെ കോലീബി സഖ്യം കേരളത്തിലുണ്ടായിരുന്നത് മറക്കാന്‍ കഴിയില്ല. അതുപോലെ പരാജയഭീതി പാര്‍ട്ടിയെ രഹസ്യബാന്ധവങ്ങളിലേക്ക് നയിക്കുന്നവെന്നാണ് ആരോപണം. ബി.ജെ.പി കശ്മീരില്‍ 19 സീറ്റുകളില്‍ മാത്രമാണ് മത്സരിക്കുന്നത്. ചില ചെറുപാര്‍ട്ടികളുമായി ബിജെപി രഹസ്യ ധാരണ ഉണ്ടാക്കിയിട്ടുണ്ടെന്ന് വ്യക്തം. ഒരു ഭാഗത്ത് ഭീകരവാദത്തിനെതിരെ പ്രസംഗിക്കയും, മറുഭാഗത്ത് ഭീകരസംഘടനകളുമായും ഭീകരവാദ നേതാക്കളുമായും സഖ്യമുണ്ടാക്കുന്നുവെന്ന് രാഹുല്‍ ഗാന്ധിയടക്കമുള്ളവര്‍ വിര്‍ശിച്ചു കഴിഞ്ഞു.

ഭീകരവാദത്തിന്റെ പേരില്‍ നിരോധിക്കപ്പെട്ട ജാഅത്തെ ഇസ്ലാമി ഇത്തരവണ വേഷം മാറി ഒരുപാട് സ്വതന്ത്ര സ്ഥാനാര്‍ത്ഥികളെ നിര്‍ത്തിയിട്ടുണ്ട്്. അതുപോലെ അവാമി ഇത്തിഹാദ് പാര്‍ട്ടി സ്ഥാനാര്‍ഥികള്‍ക്കും ബി.ജെ.പി ഒത്താശയുണ്ടെന്നാണ് അരോപണം. ഇവര്‍ എന്‍സി- കോണ്‍ഗ്രസ് സഖ്യത്തിന്റെയും, പിഡിപിയുടെയും വോട്ടുചോര്‍ത്തുമെന്നും അതുവഴി ജയിച്ചു കയറാമെന്നുമാണ് ബിജെപിയുടെ കണക്കുകൂട്ടല്‍.

ലോക്സഭാ തെരഞ്ഞെടുപ്പിനുശേഷം ദക്ഷിണ കശ്മീരില്‍ സ്വാധീനമുറപ്പിക്കുന്ന അവാമി ഇത്തിഹാദ് പാര്‍ട്ടി (എ.ഐ.പി), ജമ്മു കാശ്മീര്‍ ജനതയുടെ സ്വയം നിര്‍ണയാവകാശത്തിനുവേണ്ടി നിലകൊള്ളുന്ന പാര്‍ട്ടിയാണ്. ജമാഅത്തെ ഇസ്ലാമിയാകട്ടെ, കാശ്മീരുമായി ബന്ധപ്പെട്ട യു.എന്‍ പ്രമേയം നടപ്പിലാക്കണമെന്ന് ആവശ്യപ്പെട്ടിരുന്ന സംഘടനയാണ്. 'മാറിയ' രാഷ്ട്രീയ കാലാവസ്ഥയില്‍ ഈ പാര്‍ട്ടികളുടെ ഐഡിയോളജി തല്‍ക്കാലം മറക്കാം എന്ന നിലപാടിലാണ് ബി.ജെ.പി. സമാധാനവും വികസനവുമെന്ന ബിജെപിയുടെ അജണ്ട ജമാഅത്തെ ഇസ്ലാമിയും അംഗീകരിക്കുന്നുവെന്നും, ഈ തിരഞ്ഞെടുപ്പില്‍ ജമാഅത്തെ ഇസ്ലാമിയുടെ വോട്ടുകള്‍ ബിജെപിക്ക് കിട്ടുമെന്ന് ദേശീയ ന്യൂനപക്ഷ കമ്മീഷന്‍ അംഗവും ബിജെപി നേതാവു

മായ സയ്യിദ് ഷൗക്കത്ത് ഗയൂര്‍ ഏഷ്യാനെറ്റ് ന്യുസിനോട് തുറന്നടിച്ചു പറയുന്നുണ്ട്.




നോര്‍ത്ത് കാശ്മീരിലെ എം.പിയും അവാമി ഇത്തിഹാദ് പാര്‍ട്ടി നേതാവുമായ എഞ്ചിനീയര്‍ റാഷിദിനെ ജാമ്യത്തില്‍ വിട്ടയച്ച നടപടി രഹസ്യനീക്കത്തിന്റെ ഭാഗമാണെന്ന് ആരോപണമുണ്ട്. ഭീകരപ്രവര്‍ത്തനത്തിന് ധനസഹായം നല്‍കി എന്ന കുറ്റം ചുമത്തിയാണ് റാഷിദിനെ തീഹാര്‍ ജയിലിലടച്ചത്. കാശ്മീരിലെ 36 മണ്ഡലങ്ങളില്‍ റാഷിദിന്റെ പാര്‍ട്ടി മത്സരിക്കുന്നുണ്ട്. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബാരാമുല്ലയില്‍നിന്ന് മുന്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ളയെയാണ് റാഷിദ് തോല്‍പ്പിച്ചത്. ബാരാമുല്ലയില്‍ തന്നെ തോല്‍പ്പിക്കാന്‍ റാഷിദിനെ മുന്‍നിര്‍ത്തി കേന്ദ്ര സര്‍ക്കാറും ബി.ജെ.പിയും ഗൂഢാലോചന നടത്തിയെന്ന് ഒമര്‍ അബ്ദുള്ള ആരോപിച്ചിരുന്നു. ജയിലില്‍ കഴിഞ്ഞിരുന്ന ഒരാള്‍ക്ക് നാമനിര്‍ദേശപത്രിക നല്‍കാന്‍ അവസരം ലഭിച്ചത് ഈ ഒത്താശ മൂലമാണെന്നും ഒമര്‍ അബ്ദുല്ല ആരോപിച്ചിരുന്നു.

പുല്‍വാമ ഭീകരാക്രമണത്തെ തുടര്‍ന്നാണ് 2019 ഫെബ്രുവരിയില്‍ ജമാഅത്തെ ഇസ്ലാമിയെ യു.എ.പി.എ ചുമത്തി നിരോധിച്ചത്. ജമ്മു കാശ്മീരിലെ ഭീകരസംഘടനകള്‍ക്ക് കശ്മീര്‍ ജമാഅത്തെ ഇസ്ലാമി ആശയപരമായ പിന്തുണ നല്‍കുന്നുവെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു നിരോധനം. 1987- മുതല്‍ തെരഞ്ഞെടുപ്പുരാഷ്ട്രീയത്തില്‍നിന്ന് മാറിനില്‍ക്കുകയാണ് ജമാഅത്തെ ഇസ്ലാമി. വിഘടനവാദപ്രവര്‍ത്തനങ്ങളുടെ പേരില്‍ സംഘടനയുടെ നിരവധി നേതാക്കള്‍ ജയിലിലാണ്. കഴിഞ്ഞ ലോകസ്ഭാ തെരഞ്ഞെടുപ്പിലും മത്സരിക്കാന്‍, ജസ്റ്റിസ് ആന്റ് ഡവലപ്‌മെന്റ് ഫ്രണ്ട് എന്ന പേരില്‍ പാര്‍ട്ടിയുണ്ടാക്കി ജമാഅത്തെ ഇസ്ലാമി ഒരുക്കം നടത്തിയിരുന്നുവെങ്കിലും നിരോധനം നീക്കാത്തതിനാല്‍ മത്സരിക്കാനായില്ല.

നിരോധനം നീക്കാന്‍ ജമാഅത്തെ ഇസ്ലാമി കേന്ദ്ര സര്‍ക്കാറിനുമുന്നില്‍ പലതരം സമ്മര്‍ദങ്ങള്‍ പയറ്റുന്നുണ്ട്. ഈയിടെ ജയില്‍മോചിതരായ ചില ജമാഅത്ത് നേതാക്കളെ ഉള്‍പ്പെടുത്തി, മുതിര്‍ന്ന നേതാവായ ഗുലാം ക്വാദിര്‍ വാണിയുടെ നേതൃത്വത്തില്‍ ഒരു പാനല്‍ രൂപീകരിച്ചിരുന്നു. ഈ പാനല്‍ ജമ്മു കാശ്മീര്‍ അപ്നി പാര്‍ട്ടി പ്രസിഡന്റ് അല്‍താഫ് ബുഖാരിയുടെ മധ്യസ്ഥതയില്‍ കേന്ദ്രവുമായി ചര്‍ച്ച നടത്തിയിരുന്നു. സംഘടനയുടെ നിരോധനം പിന്‍വലിച്ച് തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ സാഹചര്യമൊരുക്കണമെന്നായിരുന്നു ജമാഅത്തെ ഇസ്ലാമിയുടെ ആവശ്യം. ഇതിന് കേന്ദ്രത്തില്‍നിന്ന് അനുകൂല സമീപനമുണ്ടായതായും റിപ്പോര്‍ട്ടുണ്ട്.

അതിന്റെ പ്രതിഫലനമെന്ന നിലയ്ക്കാണ്, സ്വതന്ത്രരായി വേഷം മാറിയുള്ള സംഘടനയുടെ രംഗപ്രവേശം. ഈ സ്വതന്ത്രര്‍ മുസ്ലീം വോട്ടുകള്‍ ചോര്‍ത്തുമ്പോള്‍, മിതവാദികളുടെ പിന്തുണയോടെ ജയിച്ച് കയറാം എന്നാണ് ബിജെപി കണക്കുകൂട്ടല്‍. അല്ലെങ്കില്‍ ഈ സ്വതന്ത്രര്‍ വിജയിച്ചുവന്നാല്‍ സര്‍ക്കാറുണ്ടാക്കാനുള്ള സഹായം ബിജെപി പ്രതീക്ഷിക്കുന്നുണ്ട്.

ഒറ്റപ്പെട്ട് മെഹ്ബൂബയും പിഡിപിയും

മെഹ്ബൂബ മുഫ്തിയുടെ പിഡിപിയാണ് ഇത്തവണ അക്ഷരാര്‍ഥത്തില്‍ ഒറ്റപ്പെട്ടുപോയ പാര്‍ട്ടി. മെഹ്ബൂബ മുഫ്തി മത്സരരംഗത്തില്ല. ബി.ജെ.പിയുമായുള്ള പി.ഡി.പിയുടെ കഴിഞ്ഞകാല സഖ്യങ്ങള്‍ നഷ്ടക്കച്ചവടമായിരുന്നു. ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയ തീരുമാനത്തെതുടര്‍ന്ന് 50 ലേറെ നേതാക്കളാണ് പാര്‍ട്ടി വിട്ടത്. അതുകൊണ്ടുതന്നെ, പുതുമുഖങ്ങളെയാണ് പാര്‍ട്ടി മത്സരിപ്പിക്കുന്നത്. ഒരു കാലത്ത് കാശ്മീരിലെ ഏറ്റവും സ്വാധീനശേഷിയുള്ള കോണ്‍ഗ്രസ് നേതാവായിരുന്ന ഗുലാം നബി ആസാദിന്റെ പാര്‍ട്ടി ചില മണ്ഡലങ്ങളില്‍ സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചെങ്കിലും പിന്നീട് പിന്‍വാങ്ങുന്നതായി പ്രഖ്യാപിച്ചു.

1998-ല്‍ മുഫ്തി മുഹമ്മദ് സയ്യിദ് ആണ് ജമ്മു കശ്മീര്‍ പീപ്പിള്‍സ് ഡെമോക്രാറ്റിക് പാര്‍ട്ടി സ്ഥാപിച്ചത്. 2016-ല്‍ അദ്ദേഹത്തിന്റെ മരണശേഷം മകള്‍ മെഹബൂബ മുഫ്തിയായി പാര്‍ട്ടിയുടെ പരമാധികാരി. സംസ്ഥാനത്തു വ്യക്തമായ സ്വാധീനമുള്ള പാര്‍ട്ടിയാണ് പിഡിപി എന്നതു മുന്‍കാല തിരഞ്ഞെടുപ്പു ചരിത്രത്തില്‍നിന്നു വ്യക്തം. 2004-ല്‍ ലോക്സഭയിലേക്കും രാജ്യസഭയിലേക്കും ഓരോ എംപിമാരെ അയച്ച് കശ്മീര്‍ രാഷ്ട്രീയത്തില്‍ പാര്‍ട്ടി അടിത്തറ ഉറപ്പിച്ചു. 2014-ലെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ പിഡിപി പാര്‍ലമെന്റില്‍ എത്തിച്ചതു മൂന്നു നേതാക്കളെയാണ്. പിന്നീട് ബദ്ധവൈരികളായിരുന്ന ബിജെപിയുമായി രാഷ്ട്രീയ ബന്ധം ഉണ്ടാക്കി, മെഹബൂബ മുഫ്തി ജമ്മു കശ്മീരിന്റെ മുഖ്യമന്ത്രി പദത്തിലെത്തിയതു രാഷ്ട്രീയ നിരീക്ഷകരെ അമ്പരപ്പിച്ചു.




എന്നാല്‍, ആ ബന്ധം അധികനാള്‍ മുന്നോട്ടു പോയില്ല. പിഡിപി തീവ്രവാദത്തെ പ്രോത്സാഹിപ്പിക്കുന്നു എന്ന കാരണം പറഞ്ഞ് 2018 ജൂണ്‍ 19നു ബിജെപി പിന്തുണ പിന്‍വലിച്ചു. മെഹബൂബയുടെ സര്‍ക്കാര്‍ വീണു. അതിനുശേഷമാണ് 370-ാം വകുപ്പ് തന്നെ പിന്‍വലിക്കപ്പെടുന്നത്. അതോടെ മെഹബൂബക്കും വലിയ തിരിച്ചടിയുണ്ടായി. ജനങ്ങളുടെ വിശ്വാസം പൂര്‍ണ്ണമായും നഷ്ടപ്പെട്ട് ഫലത്തില്‍ എടുക്കാച്ചരക്കായി അവര്‍ മാറിയെന്നാണ്, ഹിന്ദുസ്ഥാന്‍ ടൈംസ് പത്രം പറയുന്നത്. പി.ഡി.പി ഇന്ത്യാ സഖ്യത്തിലുണ്ടായിരുന്നെങ്കില്‍ ഇതില്‍ കൂടുതല്‍ നേട്ടമുണ്ടാക്കാന്‍ കഴിയുമെന്ന കാര്യത്തില്‍ ആര്‍ക്കും സംശയമില്ല. പക്ഷേ തിരഞ്ഞെടുപ്പിന് ശേഷമുള്ള സഖ്യത്തില്‍ ഇന്ത്യാ സഖ്യം പിഡിപിയെ പ്രതീക്ഷിക്കുന്നുണ്ട്.

ഇസ്ലാമും കമ്യൂണിസവും നേര്‍ക്കുനേര്‍

ഇതില്‍ എല്ലാവരും ഉറ്റുനോക്കുന്നത് ഒന്നാംഘട്ടത്തില്‍ തിരഞ്ഞെടുപ്പ് നടന്ന കുല്‍ഗാമിനെ കുറിച്ചാണ്. 'കശ്മീരില്‍ കമ്യൂണിസവും ഇസ്ലാമും നേരിട്ട് ഏറ്റമുട്ടുന്നു' എന്ന് ദേശീയ മാധ്യമങ്ങളൊക്കൊണ്ട് എഴുതിക്കത്തക്ക രീതിയിലുള്ള മത്സരമായിരുന്നു അത്. കാശ്മീരിലെ കമ്യൂണിസ്റ്റ് തുരത്ത് എന്ന് അറിയപ്പെടുന്ന മണ്ഡലമാണ് കുല്‍ഗാം. നാലുതവണ ഇവിടെ തുടര്‍ച്ചയായി ചെങ്കൊടി പാറിച്ച സിപിഎമ്മിന്റെ തീപ്പൊരി നേതാവും, സംസ്ഥാന സെക്രട്ടറിയുമായ മുഹമ്മദ് യൂസഫ് തരിഗാമിക്കെതിരെ മത്സരിച്ചത്, ജമാഅത്തെ ഇസ്ലാമിയുടെ പിന്തുണയുള്ള സ്വതന്ത്രന്‍ സയര്‍ അഹമ്മദ് റെഷിയാണ്. ഭീകരവാദ ബന്ധത്തിന്റെ പേരില്‍ കശ്മീര്‍ ജമാഅത്തെ ഇസ്ലാമിക്ക് നിരോധനം ഉള്ളതുകൊണ്ട് അവര്‍ പ്രച്ഛന്നവേഷത്തില്‍ മത്സരിക്കുന്നത്. റെഷിയുടെ പിന്നില്‍ പൂര്‍ണ്ണമായും കശ്മീര്‍ ജമാഅത്തെ ഇസ്ലാമിയും, ഒരുകാലത്ത്് അവരുടെ ചില യുവജനവിഭാഗത്തിന്റെ സായുധ വിഭാഗമായ ഹിസ്ബുള്‍ മുജാഹിദ്ദീനുമാണെന്ന് എല്ലാവര്‍ക്കും അറിയാം.

1996-ല്‍ നടന്ന നിയമസഭാ തെരഞ്ഞെടുപ്പോടെയാണ് കുല്‍ഗാം സി.പി.എമ്മിന് സ്വന്തമായത്. 2002, 2008, 2014 തെരഞ്ഞെടുപ്പുകളില്‍ സി.പി.എം തരിഗാമിയിലൂടെ ജയം ആവര്‍ത്തിച്ചു. 2002-ല്‍ കുല്‍ഗാമിനെ കൂടാതെ സെയ്നപോറ മണ്ഡലത്തിലും സി.പി.എമ്മിന് ജയിക്കാനായി. കഴിഞ്ഞ നാലു നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ കുല്‍ഗാമിനെ പ്രതിനിധീകരിക്കുന്ന തരിഗാമി അഞ്ചാം തവണയാണ് മത്സരത്തിനിറങ്ങുന്നത്.

ദക്ഷിണ കാശ്മീരിലെ കുല്‍ഗാം സിപിഎമ്മിനെപ്പോലെ ജമാഅത്തെ ഇസ്ലാമിക്കും നല്ല വേരുള്ള മണ്ഡലമാണ്. കുല്‍ഗാമില്‍ വന്‍ റാലി സംഘടിപ്പിച്ചാണ് ജമാഅത്തെ ഇസ്ലാമി കരുത്ത് പ്രകടിപ്പിച്ചത്. ഇതോടൊയണ് കാശ്മീരില്‍ 'കമ്യൂണിസ്റ്റും ഇസ്ലാമിസ്റ്റും നേര്‍ക്കുനേര്‍' എന്നാണ് ക്യാപ്ഷന്‍ ഉയര്‍ന്നത്. 1972-ല്‍ ജമാഅത്തെ ഇസ്ലാമി ആദ്യമായി തെരഞ്ഞെടുപ്പു രാഷ്ട്രീയത്തിലിറങ്ങിയ സമയത്ത്, കുല്‍ഗാം അടക്കം അഞ്ച് മണ്ഡലങ്ങളിലാണ് ജയിക്കാനായത്. തീവ്രവാദി നേതാവ് അബ്ദുല്‍ റസാഖ് മിര്‍ അടക്കമുള്ളവരാണ് അന്ന് നിയമസഭയിലെത്തിയത്. 1977-ലെ ഇലക്ഷനിലും ജമാഅത്തെ ഇസ്ലാമി മത്സരിച്ചു, രണ്ടു സീറ്റില്‍ ജയിച്ചു. ഏറ്റവും കൗതുകം, ഭാരതീയ ജനസംഘവുമായി ചേര്‍ന്നാണ് രണ്ടു തവണയും ജമാഅത്തെ ഇസ്ലാമി മത്സരിച്ചത്. 1983-ല്‍ മത്സരിച്ച 26 സീറ്റിലും തോറ്റു. 1987-ല്‍ ജമാഅത്തെ ഇസ്ലാമിയുടെ വിദ്യാര്‍ഥി വിഭാഗമായ ജമാഅത്തെ തുല്‍ബ മുസ്ലിം യുനൈറ്റഡ് ഫ്രണ്ട് എന്ന കൂട്ടായ്മയുടെ ഭാഗമായി മത്സരിച്ചു. കുല്‍ഗാം അടക്കം നാലിടത്ത് കൂട്ടായ്മക്ക് ജയിക്കാനായി.

കശ്മീരില്‍ ഇസ്ലമിക ഭരണം സ്ഥാപിക്കുക എന്നതായിരുന്നു മുസ്ലിം യുനൈറ്റഡ് ഫ്രണ്ടിന്റെ അജണ്ട. ഇതേതുടര്‍ന്ന് ഫ്രണ്ടിനെതിരെ പൊലീസ് നടപടിയുണ്ടായി. നിരവധി പ്രവര്‍ത്തകര്‍ പാക്കിസ്ഥാനിലേക്ക് കടന്നു. ചില പ്രവര്‍ത്തകര്‍ സായുധ പരിശീലനത്തിനുശേഷം ഭീകരപ്രവര്‍ത്തനത്തിലേക്കു തിരിഞ്ഞു. എം.യു.എഫ് സ്ഥാനാര്‍ഥിയായിരുന്ന മുഹമ്മദ് യൂസഫ് ഷായാണ് സയ്യീദ് സലാഹുദ്ദീന്‍ എന്ന പേരില്‍ പിന്നീട് ഹിസ്ബുല്‍ മുജാഹിദ്ദീന്‍ എന്ന സംഘടനയുടെ തലവനായത്. ഇയാളുടെ ഇലക്ഷന്‍ മാനേജറായിരുന്ന യാസിന്‍ മാലിക് ജമ്മു കാശ്മീര്‍ ലിബറേഷന്‍ ഫ്രണ്ടിന്റെ തലവനായി. പിന്നീടുള്ള വര്‍ഷങ്ങള്‍ കശ്മീര്‍ ഭീകരപ്രവര്‍ത്തനങ്ങളാല്‍ കലുഷിതമായിരുന്നു.

1997-ല്‍ ഗുലാം മുഹമ്മദ് ഭട്ട് അമീറായിരിക്കുമ്പോഴാണ് ജമാഅത്തെ ഇസ്ലാമി വിഘടനവാദപ്രവര്‍ത്തനത്തില്‍നിന്ന് വിട്ടുനില്‍ക്കാന്‍ തീരുമാനിച്ചത്. തടവിലായിരുന്ന അദ്ദേഹം ജയില്‍മോചിതനായശേഷം, സംഘടനയ്ക്ക് ഒരു ഭീകരസംഘടനയുമായും ബന്ധമുണ്ടായിരിക്കില്ല എന്ന് പ്രഖ്യാപിച്ചു. പക്ഷേ അത് വെറും വാക്ക് മാത്രമായിരുന്നു. ഇന്നും കാശ്മീര്‍ ഭീകരതയെ ഒളിഞ്ഞ് ജമാഅത്തെ ഇസ്ലാമി പിന്തുണക്കുന്നുണ്ട്. ( ഈ കാശ്മീര്‍ ജമാഅത്തെ ഇസ്ലാമിയുമായി തങ്ങള്‍ക്ക് യാതൊരു ബന്ധവുമില്ലെന്നാണ് കേരളത്തിലെ ജമാഅത്തെ ഇസ്ലാമിക്കാര്‍ പറയുക)

42 കാരനായ സയര്‍ അഹമ്മദ് റെഷി കുല്‍ഗാമിലെ ഖാരോട്ട് ഗ്രാമത്തില്‍നിന്നുള്ളയാളാണ്. പൊളിറ്റിക്കല്‍ സയന്‍സില്‍ എം.ഫില്‍ നേടിയശേഷം കുല്‍ഗാമിലെയും അനന്ത്നാഗിലെയും സര്‍ക്കാര്‍ കോളേജുകളില്‍ ലക്ചററായി ജോലി ചെയ്തിരുന്നു. കമ്യൂണിസത്തിന്റെ പൊള്ളത്തരങ്ങളും, കേന്ദ്ര സര്‍ക്കാറിന്റെ പ്രശ്‌നങ്ങളും ചൂണ്ടിക്കാട്ടിയാണ് അദ്ദേഹം വോട്ടുപിടിക്കുന്നത്. കാശ്മീരി പണ്ഡിറ്റുകള്‍ താഴ്വരിയിലേക്ക് തിരിച്ചുവരുന്നതിനെ റെഷി എതിര്‍ക്കുന്നില്ല എന്നതും ശ്രദ്ധേയയാണ്.




കാശ്മീരിലെ സിപിഎമ്മിന്റെ തീപ്പൊരി നേതാവ് തന്നെയാണ് താരിഗാമി. ജീവിതത്തിന്റെ നല്ലൊരു കാലവും സമരം നയിച്ച് ജയിലില്‍ കിടന്ന നേതാവ്. അദ്ദേഹം ജയിലില്‍ കിടക്കമ്പോള്‍ ഭാര്യ മരിച്ചത്. നിരവധി തവണ തീവ്രവാദികളുടെ ആക്രമണത്തില്‍നിന്ന് ഇദ്ദേഹം കഷ്ടിച്ചാണ് രക്ഷപ്പെട്ടത്. 2005-ല്‍ ശ്രീനഗറിലെ കനത്ത സുരക്ഷയുള്ള തുളസിബാഗ് കോളനിയില്‍ പ്രവേശിച്ച തീവ്രവാദികള്‍ തരിഗാമിയുടെയും വിദ്യാഭ്യാസ മന്ത്രി ഗുലാം നബി ലോണിന്റെയും വീടുകള്‍ ആക്രമിച്ചു. ലോണ്‍ കൊല്ലപ്പെട്ടു. 2005 ലെ ആക്രമണത്തില്‍, തരിഗാമിയുടെ കാവല്‍ക്കാരന്‍ കൊല്ലപ്പെട്ടു. ഇതടക്കം നിരവധി ആക്രമണങ്ങള്‍ താരിഗാമിക്കുനേരെ ഉണ്ടായിട്ടുണ്ട്. ഇന്നും അദ്ദേഹത്തിന് ഇസഡ് കാറ്റഗറി സുരക്ഷയുണ്ട്.

ജമാഅത്തെ ഇസ്ലാമി രാഷ്ട്രീയത്തിലൂടെ ഒളിച്ചുകടത്താന്‍ ശ്രമിക്കുന്ന മതരാഷ്ട്രീയത്തെ തുറന്നെതിര്‍ത്താണ് 77 കാരനായ തരിഗാമി പ്രചാരണം നടത്തിയത്. കൃഷിയിടത്തിലെ ഒരു കളയെ എങ്ങനെ പറിച്ചുമാറ്റാം എന്ന് കുല്‍ഗാമിലെ ജനങ്ങള്‍ക്ക് നന്നായി അറിയാം എന്നാണ് തരിഗാമി ഈ രഹസ്യ നീക്കത്തെക്കുറിച്ച് പറഞ്ഞത്. ഒപ്പം, കാശ്മീര്‍ ജനതയോടുള്ള കേന്ദ്ര സര്‍ക്കാറിന്റെ വാഗ്ദാനലംഘനത്തെയും തുറന്നുകാട്ടുന്നു. നാഷനല്‍ കോണ്‍ഫറന്‍സ്- കോണ്‍ഗ്രസ് സഖ്യത്തിലെ സഖ്യകക്ഷിയായാണ് ഇത്തവണ സി.പി.എം മത്സരിക്കുന്നത്. നാഷനല്‍ കോണ്‍ഫറന്‍സായിരുന്നു കഴിഞ്ഞ തെരഞ്ഞെടുപ്പുകളില്‍ തരിഗാമിയുടെ പ്രധാന എതിരാളി. കമ്യൂണിസവും ഇസ്ലാമും നേരിട്ട് ഏറ്റുമുട്ടുന്ന എന്ന ക്യാപ്ഷന്‍ വന്നതോടെ എല്ലാവും ശ്രദ്ധിക്കുന്ന മണ്ഡലമായി കുല്‍ഗാം മാറിയിട്ടുണ്ട്.

വാല്‍ക്കഷ്ണം: എന്തൊക്കെയാണെങ്കിലും ഒരു കാര്യത്തില്‍ കേന്ദ്ര സര്‍ക്കാറിനെ സമ്മതിക്കണം. നേരത്തെ ഭീകരരെ പേടിച്ച് തിരഞ്ഞെടുപ്പ് നടത്താന്‍ കഴിയാത്ത അവസ്ഥ ഇല്ലാതായല്ലോ? മതവും ഭീകരതയും വിട്ട് വികസനത്തെക്കുറിച്ച് കാശ്മീര്‍ ചര്‍ച്ചചെയ്യുന്നതും നല്ല ലക്ഷണമാണ്.