പത്തുലക്ഷത്തിലധികം വരുന്ന ശൈവ ഭക്തര്‍ ഒരു ഹൈവേയിലിലൂടെ, പാട്ടും നൃത്തവും, ഭജനയുമായി വരുന്ന ഒരു മഹായാത്ര. ദക്ഷിണേന്ത്യയ്ക്ക് അത്ര പരിചിതമല്ലാത്ത യാത്രയാണിത്. കിലോമീറ്ററുകള്‍ നഗന്പാദരായി താണ്ടുന്നവര്‍. അതാണ് കന്‍വര്‍ യാത്രയെന്നും, കാവടി യാത്രയെന്നും, കാവഡ് യാത്രയെന്നുമൊക്കെ വിളിക്കുന്നു, ഗംഗാ ജലം തേടിയുള്ള മഹായാനം! ശിവഭക്തര്‍ നടത്തുന്ന വാര്‍ഷിക തീര്‍ത്ഥാടനമാണ്. ലക്ഷക്കണക്കിന് തീര്‍ത്ഥാടകര്‍, ഗംഗാ നദിയില്‍ നിന്ന് മുളന്തണ്ടുകളില്‍ കെട്ടിയ കുടങ്ങളില്‍ ജലം ശേഖരിച്ച്, നൂറുകണക്കിന് മൈലുകള്‍ തോളില്‍ ചുമന്ന് അവരുടെ പ്രാദേശിക ശിവക്ഷേത്രങ്ങളിലോ ബാഗ്പത് ജില്ലയിലെ പുര മഹാദേവ ക്ഷേത്രം, മീററ്റിലെ ഔഘര്‍നാഥ് ക്ഷേത്രം, വാരണാസിയിലെ കാശി വിശ്വനാഥ ക്ഷേത്രം, ദിയോഘറിലെ ബൈദ്യനാഥ ക്ഷേത്രം തുടങ്ങിയ പ്രത്യേക ക്ഷേത്രങ്ങളിലോ സമര്‍പ്പിക്കുന്നു.

കാളകൂട വിഷം കഴിച്ചപ്പോള്‍ ശിവനിലുണ്ടായ വിഷപ്രഭാവം ഇല്ലാതാക്കാന്‍ മുളംതണ്ടില്‍ വിശുദ്ധമായ ഗംഗാജലം കൊണ്ടുവന്ന് പരശുരാമന്‍ അഭിഷേകം ചെയ്‌തെന്നാണ് കാവടി യാത്രയ്ക്കുപിന്നിലെ ഐതീഹ്യം. വിശ്വാസികള്‍ക്ക് പരശുരാമനാണ് ആദ്യത്തെ കാവടി യാത്രികന്‍. 2025ലെ കന്‍വാര്‍ യാത്ര ജൂലൈ 11 മുതല്‍ ജൂലൈ 23 വരെയാണ് നടക്കുന്നത്. അതോടെ ശൈവഭക്തര്‍ക്കായി ദേശിയപാതയിലെ ഒരു ഭാഗം വിട്ടുനല്‍കും. മൊത്തം 3 കോടിയോളം പേര്‍, 13 ദിവസം നീണ്ടുനില്‍ക്കുന്ന ഈ യാത്രയില്‍ പങ്കെടുക്കുമെന്നാണ് കരുതുന്നത്.

പക്ഷേ ഭക്തിക്ക് ഒപ്പം ഭീതിയും ഉയര്‍ത്തുന്നതാണ് ഈ യാത്ര. കഴിഞ്ഞ വര്‍ഷം കാവടിയാത്രയില്‍ ഉടനീളം സംഘര്‍ഷങ്ങളായിരുന്നു. രണ്ടുപേരുടെ ജീവനും നഷ്ടമായി. ഈ വര്‍ഷവും അതുണ്ടാവുമോ എന്ന ഭീതിയിലാണ് ഉത്തരേന്ത്യയെന്നാണ് എന്‍ഡിടിവി അടക്കമുള്ള മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. പക്ഷേ യാത്രക്ക് പഴുതടച്ച സുരക്ഷ നല്‍കുമെന്നാണ് അധികൃതര്‍ പറയുന്നത്.

കഴിഞ്ഞ വര്‍ഷം കാവടി യാത്രയുമായി ബന്ധപ്പെട്ട് യു.പി-ഉത്തരാഖണ്ഡ് സര്‍ക്കാരുകള്‍ പുറത്തിറക്കിയ, കടകള്‍ക്കു മുന്നില്‍ ഉടമകളുടെ പേര് പ്രദര്‍ശിപ്പിക്കണമെന്നു നിര്‍ദേശം വന്‍ വിവാദമായിരുന്നു. മുസ്ലീം കച്ചവടക്കാരെ ഒഴിവാക്കുക എന്നതാണ് ഇതിന്റെ ലക്ഷ്യമെന്ന് ആരോപണം ഉയര്‍ന്നിരുന്നു. കോടതി ഈ വിവാദ ഉത്തരവ് സ്റ്റേ ചെയ്തുവെങ്കിലും, അതും സംഘര്‍ഷത്തിന് കാരണമായി. പലപ്പോഴും ഈ യാത്ര ജാതി സംഘര്‍ഷങ്ങള്‍ക്ക്വരെ ഇടയാക്കാറുണ്ട്. ഇത്തവണ, ഹലാല്‍ എന്ന പേരില്‍ തുപ്പല്‍ കലര്‍ന്ന ആഹാരം നല്‍കുന്നവര്‍ക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്ന് ഉത്തരാഖണ്ഡ് ആരോഗ്യവകുപ്പ് ഒരുക്കിയ മാര്‍ഗനിര്‍ദേശത്തില്‍ പറയുന്നതാണ് വിവാദമായത്. ഇതും സംഘര്‍ഷത്തിന് ഇടയാക്കുമോ എന്ന ആശങ്കകള്‍ക്കിടയിലാണ്, വീണ്ടും ഒരു തീര്‍ത്ഥാടനകാലം ആരംഭിക്കുന്നത്.

ഗംഗാ ജലം തേടി അവര്‍ എത്തുന്നു

ഉത്തരേന്ത്യയിലെ ഏറ്റവും പുരാതനമായ തീര്‍ത്ഥാടന യാത്രകളില്‍ ഒന്നാണിത്. ഒരു മിനി കുംഭമേള പോലെ തന്നെ, ഗംഗയില്‍ 10-12 ലക്ഷംവരെയുള്ള ശിവഭക്തര്‍ തടിച്ചുകൂടുന്ന തീര്‍ത്ഥാടനമാണിത്. പുണ്യ ഭാഗീരഥിയില്‍നിന്ന് വെള്ളം ചെറിയ കുടത്തില്‍ ശേഖരിച്ച് അത് ഒരു ദണ്ഡിന്റെ ഇരുവശങ്ങളിലായി തൂക്കിയിട്ടു പോകുന്ന യാത്രയാണിത്. പൂര്‍ണ്ണമായും ശിവന് സമര്‍പ്പിച്ചിരിക്കുന്ന ആഘോഷം. ഹരിദ്വാറിലേക്കുള്ള കാവടി യാത്രയില്‍ ഏകദേശം ഒരുകോടിയിലിധം ആളുകള്‍ വരെ പങ്കെടുത്ത ചരിത്രമുണ്ട്. ഡല്‍ഹി, ഉത്തര്‍പ്രദേശ്, ഹരിയാന, രാജസ്ഥാന്‍, പഞ്ചാബ്, ബീഹാര്‍ തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്നും ജാര്‍ഖണ്ഡ്, ഛത്തീസ്ഗഡ്, ഒഡീഷ, മധ്യപ്രദേശ് എന്നിവിടങ്ങളില്‍ നിന്നും ഭക്തര്‍ എത്താറുണ്ട്.




കന്‍വര്‍ അഥവാ കാവടി എന്ന വാക്കിന് ഈ ആചാരവുമായി ബന്ധമുണ്ട്. ഈ ദണ്ഡ് സാധാരണയായി മുള കൊണ്ട് നിര്‍മ്മിച്ചതാവും. രണ്ട് ഏതാണ്ട് തുല്യമായ ഭാരങ്ങളില്‍ കുടങ്ങളിലെ ഗംഗാ ജലം തൂക്കും. ഒന്നോ രണ്ടോ തോളില്‍ തൂണിന്റെ മധ്യഭാഗം തുലനം ചെയ്താണ് ഈ കന്‍വര്‍ അഥവാ കാവട് ചുമക്കുന്നത്. മണ്‍സൂണ്‍ മാസമായ ശ്രാവണിലാണ് കന്‍വര്‍ യാത്ര നടക്കുന്നത്. ഗംഗാ നദിയില്‍ നിന്ന് വെള്ളം എടുത്ത ശേഷം, ശിവഭക്തര്‍ നഗ്‌നപാദരായി കാവി വസ്ത്രത്തിലും അവരുടെ കന്‍വാര്‍ (ഉപയോഗിക്കുന്ന വടികള്‍ ) ഉപയോഗിച്ച് യാത്ര ചെയ്ത് അവരുടെ സ്വന്തം പ്രാദേശത്തേയോ അല്ലെങ്കില്‍ മറ്റ് പ്രശസ്തമായ ശിവക്ഷേത്രങ്ങളിലോ എത്തി ഗംഗാജലം ശിവന് ഒഴിക്കുകയാണ് ചെയ്യുന്നത്.

പ്രധാനമായും അഞ്ചു വഴികളിലുടെയാണ് ശിവഭക്തര്‍ ഗംഗയിലെ വെള്ളമെടുക്കാനെത്തുന്നത്. അതില്‍ ഏറ്റവും പ്രധാനപ്പെട്ടതാണ് ഹരിദ്വാര്‍ റൂട്ട്. ഹരിദ്വാറില്‍ നിന്ന് ഋഷികേശിലെ നീലകണ്ഠ മഹാദേവ ക്ഷേത്രം, അല്ലെങ്കില്‍ ഉത്തര്‍പ്രദേശിലെ ബാഗ്പട്ടിലെ പുര മഹാദേവ ക്ഷേത്രം പോലുള്ള സ്ഥലങ്ങളിലേക്ക് ഭക്തര്‍ യാത്ര ചെയ്യുന്ന ഏറ്റവും ജനപ്രിയമായ റൂട്ടാണിത്.

ഗംഗാ നദിയുടെ ഉറവിടമായ ഗൗമുഖില്‍ നിന്ന് ആരംഭിച്ച് ഭക്തര്‍ പുണ്യജലം അവരുടെ തിരഞ്ഞെടുത്ത സ്ഥലങ്ങളിലേക്ക് കൊണ്ടുപോകുന്ന വഴിയാണ് ഗോമുഖ് റുട്ട്. മറ്റൊരു പ്രധാന റൂട്ട് ഗംഗോത്രിയില്‍ ആരംഭിക്കുന്നു. വാരണാസിയിലെ കാശി വിശ്വനാഥ അല്ലെങ്കില്‍ ജാര്‍ഖണ്ഡിലെ ദിയോഘറിലെ ബൈദ്യനാഥ് ധാം പോലുള്ള ക്ഷേത്രങ്ങളിലേക്ക് ഭക്തര്‍ വെള്ളം ഇവിടെനിന്ന് കൊണ്ടുപോകുന്നു.

സുല്‍ത്താന്‍ഗഞ്ചില്‍ ഗംഗാ ജലം ശേഖരിച്ച് ഏകദേശം 105 കിലോമീറ്റര്‍ സഞ്ചരിച്ച് ദിയോഘറിലെ ബൈദ്യനാഥ ക്ഷേത്രത്തിലേക്ക് പോകുന്നതാണ് അവസാനത്തെ വഴി. ഈ യാത്രക്കൊപ്പം, പ്രയാഗ്രാജ് , വാരണാസി തുടങ്ങിയ സ്ഥലങ്ങളിലേക്കും ചെറിയ തീര്‍ത്ഥാടനങ്ങള്‍ നടക്കുന്നുണ്ട് ജാര്‍ഖണ്ഡിലെ ദിയോഘറില്‍ ശ്രാവണി മേള ഒരു പ്രധാന ഉത്സവമാണ്.

ഹരിദ്വാറില്‍ മതസൗഹാര്‍ദ പ്രതീകം

കിലോമീറ്ററുകള്‍ നീളുന്ന ഈ യാത്രയുടെ സുരക്ഷാ പ്രശ്നങ്ങളടക്കം മാനേജ് ചെയ്യുക എന്നത് സംസ്ഥാനങ്ങളെ സംബന്ധിച്ച് വലിയൊരു ഉത്തരവാദിത്വമാണ്. അതിനുള്ള മാര്‍ഗനിര്‍ദേശങ്ങളും കൃത്യമായി കൊടുക്കാറുണ്ട്. യാത്രയില്‍ വലിയ തിരക്ക് അനുഭവപ്പെടുന്നതിനാല്‍, ഭക്തര്‍ വ്യക്തിപരമായ ശുചിത്വം പാലിക്കുകയും, ആവശ്യമായ മെഡിക്കല്‍ സാധനങ്ങള്‍ കരുതുകയും ചെയ്യേണ്ടത് അത്യാവശ്യമാണെന്ന് അധികൃതര്‍ പറയുന്നു. തീര്‍ത്ഥാടനത്തിന് ദീര്‍ഘദൂരം നടക്കേണ്ടതിനാല്‍ ശാരീരിക ക്ഷമത ഉറപ്പാക്കേണ്ടത് നിര്‍ണായകമാണ്. സുരക്ഷയ്ക്കായി ഗ്രൂപ്പുകളായി യാത്ര ചെയ്യുണമെന്നും, ഒറ്റപ്പെട്ട പ്രദേശങ്ങള്‍ ഒഴിവാക്കണമെന്നു നിര്‍ദേശമുണ്ട്. ഭക്തര്‍ ഗതാഗത നിയമങ്ങള്‍ പാലിക്കുകയും തടസ്സങ്ങള്‍ സൃഷ്ടിക്കുന്നത് ഒഴിവാക്കുകയും വേണം. പാരിസ്ഥിതികമായി, തീര്‍ത്ഥാടകര്‍ മാലിന്യം ഇടുന്നത് ഒഴിവാക്കുകയും, മാലിന്യങ്ങള്‍ ശരിയായി സംസ്‌കരിക്കുകയും, പ്ലാസ്റ്റിക് മാലിന്യങ്ങള്‍ കുറയ്ക്കുന്നതിന് പുനരുപയോഗിക്കാവുന്ന വാട്ടര്‍ ബോട്ടിലുകളും ബാഗുകളും ഉപയോഗിക്കുകയും വേണമെന്നും നിര്‍ദേശങ്ങളില്‍ പറയുന്നു. കൂടാതെ, വിവിധ പ്രദേശങ്ങളിലൂടെ കടന്നുപോകുമ്പോള്‍ പ്രാദേശിക ആചാരങ്ങളെയും പാരമ്പര്യങ്ങളെയും ബഹുമാനിക്കുക, മാന്യത നിലനിര്‍ത്തുക, ഏതെങ്കിലും തരത്തിലുള്ള മോശം പെരുമാറ്റങ്ങള്‍ ഒഴിവാക്കുക എന്നിവ പ്രധാനമാണ്. ഇങ്ങനെ നിര്‍ദേശങ്ങളാക്കെയുണ്ടെങ്കിലും യാത്രയില്‍ സംഘര്‍ഷം പതിവാണ്.




അതേസമയം ഹരിദ്വാര്‍ അടക്കമുള്ള ഉത്തരേന്ത്യന്‍ നഗരങ്ങളില്‍ കാവടി യാത്ര തികച്ചും മതസൗഹാര്‍ദത്തിന്റെ പ്രതീകമായാണ് അറിയപ്പെടുന്നത് എന്നാണ്, പ്രമുഖ മാധ്യമമായ എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്യുന്നത്. എല്ലാ വര്‍ഷവും ദശലക്ഷക്കണക്കിന് ശിവ ഭക്തരാണ് കാല്‍നടയായി ഹരിദ്വാറിലെത്തി ഗംഗയിലെ ജലം ശേഖരിക്കുന്നത്. ഹരിദ്വാറിലെ മുസ്ലിം കുടുംബങ്ങളടക്കം നിര്‍മിക്കുന്ന അതിമനോഹരമായ കാവഡിലാണ് തീര്‍ഥാടകര്‍ സ്വദേശത്തേക്ക് ഗംഗ ജലം കൊണ്ടുപോവുക. കാവഡും ചുമലിലേന്തി കിലേമീറ്ററുകള്‍ നടന്ന് തങ്ങളുടെ നാട്ടിലെ ക്ഷേത്രത്തില്‍ ഈ ജലം സമര്‍പ്പിക്കും.

കാവഡ് നിര്‍മാണത്തിനായി മാസങ്ങളുടെ തയ്യാറെടുപ്പാണ് ഓരോ കുടുംബത്തിനും വേണ്ടിവരുന്നത്. മുതിര്‍ന്നവര്‍ മുതല്‍ കുട്ടികള്‍ വരെയുള്ളവര്‍ കാവഡ് നിര്‍മാണത്തില്‍ ഏര്‍പ്പെടും. രണ്ടും മൂന്നും തട്ടുകളായിട്ടാണ് കാവഡ് നിര്‍മിക്കുക. ശിവലിംഗമെല്ലാം ഇതിന്റെ ഭാഗമാകും. 500 മുതല്‍ 5000 രൂപ വരെയാണ് ഓരോ കാവഡിന്റെയും വില. കുംഭനഗരി കൂടിയായ ഹരിദ്വാറില്‍നിന്നാണ് കാവഡ് യാത്ര ആരംഭിക്കുന്നത്. ഹിന്ദു-മുസ്ലിം ഐക്യത്തിന്റെ ഉത്തമ മാതൃക കൂടിയാണ് ഈ യാത്ര. ഏകദേശം 300ഓളം കുടുംബങ്ങളാണ് ഹരിദ്വാറില്‍ കാവഡ് നിര്‍മിക്കുന്നത്. ഇതില്‍ ഭൂരിഭാഗവും മുസ്ലിം കുടുംബങ്ങളാണ്. ഓരോ സീസണിലും ഈ കുടുംബങ്ങള്‍ രണ്ട് മുതല്‍ മൂന്ന് ലക്ഷം രൂപ വരെ കാവഡ് നിര്‍മിച്ച് സമ്പാദിക്കുന്നുണ്ട്. പക്ഷേ ഹരിദ്വാരിലെ ആ ശാന്തത പിന്നീട് കാണാറില്ല എന്നതാണ് ചുരുക്കം.

മുമ്പ് ജാതി സംഘര്‍ഷങ്ങളും

കാവടി യാത്രക്ക് ഏറെക്കാലത്തെ പഴക്കമുണ്ടെങ്കിലും, ഇന്നുകാണുന്ന രീതിയിലുള്ള ഒരു വലിയ പ്രവാഹമായി അത് മാറിയത്, 1980നുശേഷമാണ്. അറുപതുകളിലും എഴുപതുകളിലുമൊക്കെ ഇവിടെ യാത്ര ഏതാനും സന്യാസിമാര്‍, വൃദ്ധ ഭക്തര്‍, അയല്‍ നഗരങ്ങളിലെ സമ്പന്നരായ മാര്‍വാഡികള്‍ എന്നിവര്‍ക്ക് മാത്രമായി പരിമിതപ്പെടുത്തിയിരുന്നു. പക്ഷേ 80കള്‍ക്ക് ശേഷം ഇത് ഒരു വലിയ യാത്രയായി. ഇന്ന്, പ്രത്യേകിച്ച് ഹരിദ്വാറിലേക്കുള്ള കാവടിയാത്ര ഇന്ത്യയിലെ ഏറ്റവും വലിയ വാര്‍ഷിക മതസമ്മേളനമായി വളര്‍ന്നിരിക്കുന്നു. 2023 ലും 2024 ലും നടന്ന ചടങ്ങുകളില്‍ ഏകദേശം 3 കോടി ഭക്തര്‍ പങ്കെടുത്തൂവെന്നാണ് സ്ഥിരീകരിക്കാത്ത കണക്ക്. ഡല്‍ഹി, ഉത്തര്‍പ്രദേശ്, ഹരിയാന, രാജസ്ഥാന്‍, പഞ്ചാബ് ,ബീഹാര്‍ തുടങ്ങിയ അയല്‍ സംസ്ഥാനങ്ങളില്‍ നിന്നും ജാര്‍ഖണ്ഡ് , ഛത്തീസ്ഗഢ് ,ഒഡീഷ,, മധ്യപ്രദേശ് എന്നിവിടങ്ങളില്‍ നിന്നും ഭക്തര്‍ എത്തുന്നു. ഡല്‍ഹി-ഹരിദ്വാര്‍ ദേശീയ പാതയിലെ ( എന്‍എച്ച്58 ) ഗതാഗതം ഈ കാലയളവില്‍ വഴിതിരിച്ചുവിടുകയും ചെയ്യുന്നു.




കുറച്ചുകാലം മുമ്പുവരെ പ്രാദേശികരായ ഹരിദ്വാര്‍ നിവാസികളെ സംബന്ധിച്ച് കാവടിയുടെ അവസാന നാളുകള്‍ എന്നത് ശബ്ദക്കടലില്‍ പെട്ട അവസ്ഥയായായിരുന്നു. ഡിജെ സെറ്റുമായി നൂറുകണക്കിന് വാഹനങ്ങള്‍ ഇങ്ങോട്ട് എത്തി. ഒടുവില്‍ അതിനു കോടതി നിയന്ത്രണ വന്നതോടെയാണ് അല്‍പ്പം സമാധാനമായത്. മിക്ക തീര്‍ത്ഥാടകരും പുരുഷന്മാരാണെങ്കിലും, കുറച്ച് സ്ത്രീകളും യാത്രയില്‍ പങ്കെടുക്കുന്നു. ഏറെയും കാല്‍നടയായി സഞ്ചരിക്കുന്നു. എന്നാല്‍ സൈക്കിളുകള്‍, മോട്ടോര്‍ സൈക്കിളുകള്‍, സ്‌കൂട്ടറുകള്‍, മിനി ട്രക്കുകള്‍ അല്ലെങ്കില്‍ ജീപ്പുകള്‍ എന്നിവയിലും സഞ്ചരിക്കുന്ന സംഘങ്ങളും ധാരാളമുണ്ട്. നിരവധി ഹിന്ദു സംഘടനകളും പ്രാദേശിക കന്‍വര്‍ സംഘങ്ങളും, ആര്‍എസ്എസ്, വിശ്വഹിന്ദു പരിഷത്ത് തുടങ്ങിയ സന്നദ്ധ സംഘടനകളും യാത്രയ്ക്കിടെ ദേശീയ പാതകളില്‍ ക്യാമ്പുകള്‍ സ്ഥാപിക്കുന്നു. അവിടെ ഭക്ഷണം, താമസം, വൈദ്യസഹായം, എന്നിവയൊക്കെയുണ്ടാവും. ശബരിമല തീര്‍ത്ഥാടകര്‍ക്ക് വിരിവെക്കാന്‍ അവസരം ഒരുക്കുന്നതുപോലെ മിക്ക നഗരങ്ങളിലും കാവടി യാത്രികര്‍ക്ക് വിശ്രമിക്കാനുള്ള സൗകര്യം ഉണ്ടായിരിക്കും.

ജാതി സംഘര്‍ഷങ്ങള്‍ക്കും ഈ യാത്ര പലപ്പോഴും ഇടയാക്കിയിട്ടുണ്ട്. മൂന്‍ കാലങ്ങളില്‍, കാവടിയാത്ര പോകുന്ന വഴിയിലുള്ള കമ്മാരന്മാര്‍ (ഇരുമ്പ് പണിക്കാര്‍) മാംസം കഴിക്കുകയും എല്ലുകള്‍ വഴിയില്‍ വലിച്ചെറിയുകയും ചെയ്യുന്നത് പ്രശ്നങ്ങളുണ്ടാക്കിയിരുന്നു. കോവിഡിനുശേഷം വീണ്ടും തീര്‍ത്ഥയാത്ര തുറന്നപ്പോള്‍, യാത്രപോവുന്ന വഴിയില്‍ കമ്മാരന്മാര്‍ ഇല്ലെന്ന് ഉറപ്പാക്കി സ്‌പെഷ്യല്‍ ബ്രാഞ്ച് ജില്ലാ പൊലീസിനെ അറിയിച്ചതായി ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. കാവടി യാത്രാ വഴികള്‍ വൃത്തിയാക്കാനും വഴികളില്‍ മാംസം വില്‍പ്പന നിരോധിക്കാനും യോഗി ആദിത്യ നാഥ് കോവിഡ് കാലത്തു തന്നെ നിര്‍ദ്ദേശം നല്‍കിയിരുന്നു

രണ്ടുകൊല, 20ഓളം അക്രമങ്ങള്‍

കാവടിയാത്ര കടന്നുപോവിന്നിടത്ത് കഴിഞ്ഞ വര്‍ഷം വ്യാപകമായ ആക്രമങ്ങളുണ്ടായത്, കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകള്‍ക്ക് തലവേദനയായിരുന്നു. രണ്ട് കൊലപാതകങ്ങള്‍, പൊലീസ് ജീപ്പടക്കം നിരവധി വാഹനങ്ങള്‍ക്കും ഭിന്നശേഷിക്കാരനടക്കം നിരവധി പേര്‍ക്കും നേരെ ആള്‍ക്കൂട്ട ആക്രമണം, സ്ഥാപനങ്ങള്‍ തകര്‍ക്കല്‍.2024 ജൂലൈയില്‍ നടന്ന രണ്ടാഴ്ചയോളം നീണ്ടുനിന്ന കാവടി തീര്‍ഥയാത്രക്കിടെ കുറഞ്ഞത് 20 അക്രമ സംഭവങ്ങള്‍ക്കാണ് ഉത്തര്‍പ്രദേശ് സാക്ഷ്യം വഹിച്ചത്. ജൂലൈ 18ന് തുടങ്ങിയ യാത്ര ആഗസ്ത് രണ്ടിനാണ് അവസാനിച്ചത്. 20 അക്രമ സംഭവങ്ങളില്‍ 15 എണ്ണം യുപിയിലും രണ്ട് ഉത്തരാഖണ്ഡിലും രണ്ട് ഹരിയാനയിലും ഒന്ന് രാജസ്ഥാനിലുമാണ് നടന്നത്.





കാവടി യാത്ര കടന്നുപോകുന്ന പാതയിലെ വ്യാപാരസ്ഥാപനങ്ങള്‍ ഉടമയുടെ മതം തിരിച്ചറിയാനാകും വിധം വലിപ്പത്തില്‍ പേര് എഴുതി പ്രദര്‍ശിപ്പിക്കണമെന്ന ഉത്തരവ് യാത്ര തുടങ്ങുംമുമ്പ് തന്നെ വിവാദം സൃഷ്ടിച്ചിരുന്നു. പിന്നീടങ്ങോട്ട് ഓരോ ദിവസവും വിവിധ അക്രമസംഭവങ്ങളാണ് അരങ്ങേറിയത്. 20 ആക്രമണങ്ങളില്‍ ഒന്നൊഴികെ ബാക്കി എല്ലാ സംഭവങ്ങള്‍ക്കും കാവടി തീര്‍ഥാടകരാണ് ആക്രമണത്തിന് നേതൃത്വം നല്‍കിയത്. വല്ലാത്തൊരു സൈക്കോമോഡില്‍ യാത്രികര്‍ ആയിമാറുന്നതിന്റെ കാരണം അധികൃതര്‍ക്കും പിടകിട്ടിയിട്ടില്ല. അവര്‍ കഴിഞ്ഞ ഒരു വര്‍ഷം നടത്തിയ അക്രമത്തിന്റെ ലിസ്റ്റ് ഇങ്ങനെയാണ്.

2024 ജൂലൈ 21 - മുസഫര്‍നഗര്‍: കാവടി യാത്രികര്‍ കാര്‍ നശിപ്പിക്കുകയും ഡ്രൈവറെ മര്‍ദിക്കുകയും ഭക്ഷണശാല ആക്രമിക്കുകയും ചെയ്തു.

ജൂലൈ 19- മുസാഫര്‍നഗര്‍- ഭക്ഷണത്തില്‍ ഉള്ളിയും വെളുത്തുള്ളിയും ഉപയോഗിച്ചിനെറ പേരില്‍ കാവടി യാത്രികര്‍ ഒരു ഭക്ഷണശാല അടിച്ചു തകര്‍ത്തു.

ജൂലൈ 23 - ഹരിദ്വാര്‍: കാവടി യാത്രികര്‍ ട്രക്ക് ഡ്രൈവറെ മര്‍ദിച്ചു.

ജൂലൈ 23 - മുസഫര്‍നഗര്‍: മോഹിത് എന്ന ഇ-റിക്ഷാ ഡ്രൈവറെ കാവടി യാത്രികര്‍ ആക്രമിച്ചു. 5 ദിവസത്തിന് ശേഷം അദ്ദേഹം മരിച്ചു. ആക്രമണത്തെ തുടര്‍ന്നാണ് മരിച്ചതെന്ന് കുടുംബം ആരോപിച്ചു.

ജൂലൈ 23 - ഹരിദ്വാര്‍: കാവടി യാത്രികര്‍ ഇ-റിക്ഷാ ഡ്രൈവറെ മര്‍ദിക്കുകയും വാഹനം കേടുവരുത്തുകയും ചെയ്തു

ജൂലൈ 23 - സഹാറന്‍പൂര്‍: അബദ്ധത്തില്‍ കന്‍വാറില്‍ ബൈക്ക് തട്ടിയതിന് രണ്ട് സഹോദരന്മാരെ കാവടി യാത്രികര്‍ ആക്രമിച്ചു.

ജൂലൈ 24 - മുസാഫര്‍നഗര്‍: പുകവലിക്കരുതെന്ന് പറഞ്ഞതിന് കാവടി യാത്രികര്‍ പെട്രോള്‍ പമ്പ് ജീവനക്കാരെ മര്‍ദിച്ചു. പരിക്കേറ്റ ഒരാളെ ഐ.സി.യുവില്‍ പ്രവേശിപ്പിച്ചു.

ജൂലൈ 25 - മുസാഫര്‍നഗര്‍: തങ്ങളുടെ മുന്നില്‍ വടി വീശിയെന്നാരോപിച്ച് കാവടി യാത്രികര്‍ ഭിന്നശേഷിക്കാരനെ മര്‍ദിച്ചു.

ജൂലൈ 25 - മുറാദ്‌നഗര്‍: കരാര്‍ തൊഴിലാളിയെ കന്‍വാരിയര്‍ മര്‍ദിച്ചു.

ജൂലൈ 26 - മീററ്റ്: തെറ്റായ വശത്തുകൂടെ കാര്‍ ഓടിച്ചെന്ന് ആരോപിച്ച് കാവടി യാത്രികര്‍ ഒരാളെ ആക്രമിക്കുകയും കാര്‍ നശിപ്പിക്കുകയും ചെയ്തു.

ജൂലൈ 27 - മുറാദ്‌നഗര്‍: തീര്‍ത്ഥാടകരില്‍ ഒരാളെ ഇടിച്ചതിനെ തുടര്‍ന്ന് കാവടി യാത്രികര്‍ കാര്‍ നശിപ്പിച്ചു. പിന്നീട് റോഡ് ഉപരോധിച്ചു.

ജൂലൈ 28 - ജുന്‍ജുനു: മതകേന്ദ്രത്തില്‍ സ്ത്രീകള്‍ കുളിക്കുന്ന സ്ഥലത്ത് കാവടി യാത്രികര്‍ അതിക്രമിച്ചുകയറി. പൊലീസ് ഓടിച്ചിട്ടുവിട്ട തീര്‍ഥാടകര്‍ പിന്നീട് പ്രദേശത്തെ കടകള്‍ അടിച്ചു തകര്‍ത്തു.

ജൂലൈ 29 - ഗാസിയാബാദ്: തീര്‍ഥാടകരില്‍ ഒരാളെ ഇടിച്ചെന്നാരോപിച്ച് കാവടി യാത്രികര്‍ പൊലീസ് വാഹനം മറിച്ചിട്ട് നശിപ്പിച്ചു.

ജൂലൈ 29 - ഗാസിയാബാദ്: തങ്ങള്‍ക്കൊപ്പം നൃത്തം ചെയ്യാന്‍ ശ്രമിച്ച രണ്ട് ട്രാന്‍സ്‌ജെന്‍ഡര്‍മാരെ കാവടി യാത്രികര്‍ മര്‍ദിച്ചു.

ജൂലൈ 29 - സാഹിബാബാദ്: കാവടി യാത്രികര്‍ മദ്യശാലകള്‍ നശിപ്പിക്കുകയും പൂട്ടിക്കാന്‍ ശ്രമിക്കുകയും ചെയ്തു.

ജൂലൈ 30 - ഫത്തേഹാബാദ്: സിഖ് സംഘടന നടത്തുന്ന സ്‌കൂളിന്റെ ബസ് കാവടി യാത്രികര്‍ ആക്രമിച്ചു

ആഗസ്റ്റ് 1 - ഹാപൂര്‍: തീര്‍ഥാടകര്‍ക്ക് നേരെ ആരോ തുപ്പിയെന്നാരോപിച്ച് കാവടി യാത്രികര്‍ മദ്റസയില്‍ കയറി ആക്രമിക്കാന്‍ ശ്രമിച്ചു.

ഓഗസ്റ്റ് 1- വാരണാസി: തീര്‍ഥാടകരെ അബദ്ധത്തില്‍ ഇടിച്ച പിക്കപ്പ് വാന്‍ ആക്രമിക്കുകയും കാര്‍ ഷോറൂം നശിപ്പിക്കുകയും ചെയ്തു.

ഓഗസ്്റ്റ് 2 - കാവടി യാത്രികര്‍ ചേരിതിരിഞ്ഞ് ആക്രമിച്ച് 19 വയസ്സുള്ള തീര്‍ഥാടകന്‍ മരിച്ചു.

ഭക്തി ഭീതിയായി മാറുമ്പോള്‍!




ശരിക്കും ഭഗവാനുവേണ്ടിയുള്ള യാത്രയാവുമ്പോള്‍ ആത്മസംയമനമാണ് വേണ്ടത്. എന്നാല്‍ ചെറിയ കാര്യത്തിനുപോലും കാവടിയാത്രക്കാര്‍ പ്രകോപിതരാവുകയാണ്. മതത്തിന്റെ പേരില്‍ ആയതുകൊണ്ട് തങ്ങള്‍ക്ക് എന്തും ചെയ്തുകളായം എന്ന ധാരണയും ചിലര്‍ക്കുണ്ട്. ആത്മാര്‍ത്ഥതയോടെയും ഭക്തിയോടെയും യാത്രയില്‍ പങ്കെടുക്കാത്തവരാണ് അക്രമം അഴിച്ചുവിടുന്നതെന്ന് കാവടി തീര്‍ഥാടകനായ ശ്യാം വിദാഗര്‍ 'ദ ക്വിന്റ്' ഓണ്‍ലൈനിനോട് പറഞ്ഞു. ഭാരമുള്ള കന്‍വാര്‍ കലങ്ങള്‍ക്ക് വാഹനമിടിക്കുന്നതാണ് തീര്‍ഥാടകരെ പ്രകോപിപ്പിക്കുന്ന മറ്റൊരു കാരണമെന്ന് കാവടി യാത്രികനായ മനോജ് അഭിപ്രായപ്പെട്ടു. 'ചില ഡ്രൈവര്‍മാര്‍ ശ്രദ്ധാപൂര്‍വം കടന്നുപോകുന്നു, പക്ഷേ ചിലര്‍ ശ്രദ്ധിക്കുന്നില്ല. അവരുടെ വാഹനം തട്ടി ഞങ്ങളുടെ കന്‍വാറിന് കേടുസംഭവിക്കുന്നു. ഡ്രൈവര്‍മാര്‍ അനുസരിക്കാത്തപ്പോള്‍ ഞങ്ങള്‍ തല്ലേണ്ടി വരും' -മനോജ് 'ദ ക്വിന്റി'നോട് പറഞ്ഞു. പക്ഷേ വാഹനം ഇടിക്കാത്തിടത്തും നിരവധി അക്രമങ്ങള്‍ നടക്കുന്നുണ്ട്. അതുകൊണ്ടുതന്നെ കാവടിയാത്ര അഥവാ കന്‍വാര്‍ യാത്ര എന്ന് കേള്‍ക്കുമ്പോള്‍ തന്നെ മൊത്തത്തില്‍ ഒരു ഭീതി നിലനില്‍ക്കയാണ്.

എന്നാല്‍ കഴിഞ്ഞവര്‍ഷത്തേത് ഒരു ഒറ്റപ്പെട്ട സംഭവം മാത്രമാണെന്നും, ഇത്തവണ അത്തരം അനിഷ്ട സംഭവങ്ങള്‍ ഒന്നും ഉണ്ടാവില്ല എന്നുമാണ് പറയുന്നത്. പക്ഷേ ശ്രാവണ മാസമായി കാവടി യാത്ര തുടങ്ങാനുള്ള സമയമായപ്പോള്‍ തന്നെ വിവാദവും വിദ്വേഷ ഭാഷണവും തുടങ്ങിയിട്ടുണ്ട്. ഇത്തവണ ആദ്യവെടിപൊട്ടിയത്, ഉത്തരാഖണ്ഡില്‍നിന്നാണ്. മുഖ്യമന്ത്രി പുഷ്‌കര്‍ സിംഗ് ധാമിയുടെയും ആരോഗ്യ മന്ത്രി ഡോ. ധാന്‍ സിംഗ് റാവത്തിന്റെയും നേതൃത്വത്തില്‍ ആരോഗ്യ വകുപ്പ്, ഭക്തര്‍ക്ക് ശുദ്ധവും സുരക്ഷിതവുമായ ഭക്ഷണം ലഭിക്കുന്നതിനായി നടപ്പാക്കിയ കര്‍മ്മ പദ്ധതിയാണ് വിവാദമായത്. ഹലാല്‍ എന്ന പേരില്‍ തുപ്പല്‍ കലര്‍ന്ന ആഹാരം നല്‍കുന്നവര്‍ക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്നാണ് ഈ മാര്‍ഗനിര്‍ദേശത്തില്‍ പറയുന്നത്.

ഓരോ കച്ചവടക്കാരനും തന്റെ ലൈസന്‍സിന്റെയോ രജിസ്ട്രേഷന്‍ സര്‍ട്ടിഫിക്കറ്റിന്റെയോ ഒരു ക്ലീന്‍ കോപ്പി തന്റെ സ്ഥാപനത്തിലെ ഒരു പ്രധാന സ്ഥലത്ത് വയ്ക്കണം, അതുവഴി ഉപഭോക്താക്കള്‍ക്ക് അത് എളുപ്പത്തില്‍ കാണാന്‍ കഴിയും. ചെറുകിട വ്യാപാരികളും വണ്ടി ഉടമകളും അവരുടെ ഫോട്ടോ പതിച്ച തിരിച്ചറിയല്‍ കാര്‍ഡും രജിസ്ട്രേഷന്‍ സര്‍ട്ടിഫിക്കറ്റും കൈവശം വയ്ക്കുകയും പ്രദര്‍ശിപ്പിക്കുകയും വേണം. ഹോട്ടലുകള്‍, ഭക്ഷണശാലകള്‍, ധാബകള്‍, റെസ്റ്റോറന്റുകള്‍ എന്നിവയില്‍ വ്യക്തമായി കാണാവുന്ന സ്ഥലത്ത് 'ഭക്ഷ്യ സുരക്ഷാപ്രദര്‍ശന ബോര്‍ഡ്' സ്ഥാപിക്കണം, അതുവഴി ഭക്ഷണത്തിന്റെ ഗുണനിലവാരത്തിന് ആരാണ് ഉത്തരവാദിയെന്ന് ഉപഭോക്താവിന് അറിയാന്‍ കഴിയുമെന്നാണ് അധികൃതര്‍ പറയുന്നത്.

എന്നാല്‍ ഇത്തരം ബോര്‍ഡുകളുടെ യഥാത്ഥ ഉദ്ദേശം കഴിഞ്ഞ തവണത്തെപോലെ മുസ്ലീം കച്ചവടക്കാരെ മാറ്റി നിര്‍ത്തുക തന്നെയാണെന്ന് വിമര്‍ശനം ഉയരുന്നുണ്ട്. മുസ്ലീങ്ങള്‍ ഭക്ഷണത്തില്‍ തുപ്പുന്നവര്‍ ആണെന്ന മുന്‍വിധിയും ഉണ്ടാക്കുകയാണെന്നും, ഇത് വീണ്ടും സംഘര്‍ഷത്തിലേക്കാണ് കാര്യങ്ങള്‍ കൊണ്ട് എത്തിക്കുകയെന്നും വിമര്‍ശനമുണ്ട്. ഏതായാലും ഇത്തവണത്തെ കാവടി യാത്രയില്‍ എന്തുസംഭവിക്കുമെന്ന് കണ്ടറിയണം.

വാല്‍ക്കഷ്ണം: ഇന്ത്യയെ സ്നേഹിക്കുന്ന, ഭാരതസംസ്‌ക്കാരം മനസ്സിലാക്കാന്‍ ആഗ്രഹിക്കുന്ന ഒരുപാട് വിദേശികളും ഈ യാത്ര ക്യാമറയിലാക്കാന്‍ എത്താറുണ്ട്. കഴിഞ്ഞ വര്‍ഷം യാത്രയിലെ സംഘര്‍ഷങ്ങള്‍ കണ്ട് തങ്ങള്‍ അമ്പരുന്നുപോയി എന്നാണ് പല വിദേശികളും എഴുതിയത്.