സേനാപതി ഗോപാലകൃഷ്ണന്‍ എന്ന ആ വിദ്യാര്‍ത്ഥി ഇ.മെയിലിനുവേണ്ടി തിരഞ്ഞെടുത്ത പാസ് വേര്‍ഡായിരുന്നു ക്രിസ് എന്ന ചുരുക്കപ്പേര്. പക്ഷേ, ഇന്ന് ആ പേര് ലോകം മുഴുവന്‍ അറിയപ്പെടുന്നു! ഇന്‍ഫോസിസിന്റെ സഹസ്ഥാപകന്‍ ക്രിസ് ഗോപാകൃഷ്ണന്‍ എന്ന ശതകോടീശ്വരനായ, മലയാളി സംരംഭകന് വിശേഷണങ്ങള്‍ ഏറെയുണ്ട്. ഇന്ത്യന്‍ ഐ ടി വ്യവസായത്തിന്റെ ഐക്കണായി കരുതപ്പെടുന്ന, 38,500 കോടിയുടെ സമ്പത്തുള്ള ഈ തിരുവനന്തപുരത്തുകാരന്റെ ജീവിത കഥ, മോട്ടിവേഷന്‍ ക്ലാസുകളിലെ പതിവ് വാചകമടിയല്ല.

തിരുവനന്തപുരത്തുനിന്ന് ലോകത്തിന്റെ നെറുകയിലേക്ക് വളര്‍ന്നയാളാണ് പത്മഭൂഷണ്‍ ക്രിസ് ഗോപാലകൃഷ്ണന്‍. മദ്രാസിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയില്‍ നിന്ന് ഭൗതികശാസ്ത്രത്തിലും കമ്പ്യൂട്ടര്‍ സയന്‍സിലും ബിരുദാനന്തര ബിരുദം. ഇന്ത്യന്‍ നാഷണല്‍ അക്കാദമി ഓഫ് എഞ്ചിനീയേഴ്‌സിന്റെ, ഫെലോയും ഇന്‍സ്റ്റിറ്റിയൂഷന്‍ ഓഫ് ഇലക്ട്രോണിക്‌സ് ആന്‍ഡ് ടെലികമ്മ്യൂണിക്കേഷന്‍ എഞ്ചിനീയേഴ്‌സിന്റെ ഓണററി ഫെല്ലോയും. ഐഐടി കാണ്‍പൂര്‍, ഐഐടി ഖൊരഖ്പൂര്‍ എന്നിവടങ്ങളില്‍നിന്ന് ഓണററി ഡോക്ടറേറ്റുകള്‍. ഈ 69ാം വയസ്സിലെ ജീവിത സായ്ഹാനത്തിലും അദ്ദേഹം വെറുതെയിരിക്കുന്നില്ല. ഇപ്പോഴും പുതിയ പുതിയ സ്റ്റാര്‍ട്ടപ്പുകളുമായി ക്രിസ് ആയിരിങ്ങള്‍ക്ക് തൊഴില്‍ നല്‍കുന്നു. സാങ്കേതിക വളര്‍ച്ചയെക്കുറിച്ചും, ഐടി മേഖലയിലുണ്ടാവേണ്ട മാറ്റങ്ങള്‍ക്കുമൊക്കെയായി ലോകം അദ്ദേഹത്തിന്റെ വാക്കുകള്‍ക്ക് കാതോര്‍ക്കുന്നു.

അതിനിടയിലാണ് തീര്‍ത്തും അപ്രതീക്ഷിതമായി ക്രിസ് ഒരു വിവാദത്തില്‍ പെടുന്നത്. ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സിലലെ ഒരു അസിസ്റ്റന്റ് പ്രൊഫസര്‍ നല്‍കിയ കേസില്‍, ക്രിസ് ഗോപാലകൃഷ്ണനടക്കമുള്ളവര്‍ക്കെതിരെ എസ്ഇ-എസ്ടി അട്രോസിറ്റീസ് ആ്കറ്റ് അനുസരിച്ച് കേസ് എടുത്തത് വലിയ വാര്‍ത്തയാവുകയാണ്. പക്ഷേ ഇത്തരം കരിനിഴലുകള്‍ക്ക് മറയ്ക്കാന്‍ കഴിയുന്നതല്ല, അദ്ദേഹത്തിന്റെ കത്തിജ്വലിച്ചു നില്‍ക്കുന്ന ജീവിതം.

മെഡിസിന്‍ കൊതിച്ചു, പക്ഷേ ഐടിയിലേക്ക്

1955 ഏപ്രില്‍ 5ന് തിരുവനന്തപുരത്താണ് ക്രിസ് ഗോപാലകൃഷ്ന്റെ ജനനം. തിരുവനന്തപുരത്ത് എന്‍ജിനീയറിങ് കോണ്‍ട്രാക്ടുകള്‍ എടുത്ത് ജീവിതം നയിച്ചിരുന്ന, പാലാ രാമപുരം സ്വദേശിയായ അച്ഛന്‍ സേനാപതിയുടെയും, അമ്മ ആനന്ദവല്ലിയുടെയും മൂത്ത മകനായ അദ്ദേഹത്തിന്റെ ബാല്യം അത്രകണ്ട് സമൃദ്ധിയുടേത് ആയിരുന്നില്ല. ഒരു ഇടത്തരം കുടുംബമായിരുന്നു അവരുടേത്. തിരുവനന്തപുരം മോഡല്‍ സ്‌കൂളിലും തുടര്‍ന്ന് പ്രീഡിഗ്രിക്ക് ആര്‍ട്‌സ് കോളേജിലുമാണ് സേനാപതി ഗോപാലകൃഷ്ണന്‍ പഠിച്ചത്. പഠനത്തില്‍ മിടുക്കനായിരുന്നു അദ്ദേഹം.




പ്രീഡിഗ്രിക്ക് സയന്‍സ് ഗ്രൂപ്പ് പഠിച്ച് നല്ലൊരു ഡോക്ടര്‍ ആവണമെന്നായിരുന്നു ആഗ്രഹം.പക്ഷേ അന്ന് മെഡിസിന് സീറ്റ് കിട്ടിയില്ല. അത്് ഒരു കണക്കിന് നന്നായി. ഇല്ലെങ്കില്‍ ഇത്രപേര്‍ക്ക് തൊഴില്‍ കൊടുക്കാന്‍ കഴിയുമായിരുന്ന, ഒരു മഹാസംരംഭകനായി അദ്ദേഹം വളരുമായിരുന്നില്ല. ബി.എസ്സി.ക്ക് ഊര്‍ജതന്ത്രം പഠിക്കച്ചപ്പോഴും, ലോകത്തിലറിയപ്പെടുന്ന ഗവേഷകനാകണം, എന്നായിരുന്നു ആഗ്രഹം. അന്നൊന്നും ഐടി അദ്ദേഹത്തിന്റെ മനസ്സിലുണ്ടായിരുന്നില്ല. പക്ഷേ വഴികാട്ടിയത് അധ്യാപകനായ പ്രൊഫ. മഹാബലയായിരുന്നൂ.

കംപ്യൂട്ടറിന്റെ വരാന്‍ പോകുന്ന സാധ്യതകളെക്കുറിച്ച് ക്രിസിനെ ബോധവാനാക്കിയ ഈ അധ്യാപകന്‍ ഐ.ഐ.ടി ചെന്നൈയില്‍ അപേക്ഷിക്കാന്‍ പറഞ്ഞു. ഐ.ഐ.ടി.യില്‍ അഡ്മിഷന്‍ ലഭിച്ച് 1979-ല്‍ എം.ടെക് കംപ്യൂട്ടര്‍ സയന്‍സില്‍ വന്‍വിജയം കൈവരിച്ച ക്രിസിന് മുംബൈയില്‍ ജോലി ലഭിക്കുകയും ചെയ്തു. ഇന്ത്യന്‍ ഐടി ഇന്‍ഡസ്ട്രിയുടെ ചരിത്രം തുടങ്ങുന്നത് ഇവിടെ നിന്നാണ്. നാല് പതിറ്റാണ്ട് ശേഷം ആസ്തികള്‍ ശതകോടികളില്‍ എത്തിനില്‍ക്കേ ഒരു അഭിമുഖത്തില്‍ ക്രിസിനോട് ഇങ്ങനെ ചോദിക്കുന്നുണ്ട്. അന്ന് മെഡിസിന് അഡ്മിഷന്‍ കിട്ടാതെ പോയത് വലിയൊരു ഭാഗ്യമായിപ്പോയില്ലേ എന്ന്. തന്റെ ചോദ്യത്തിന് സ്വതസിദ്ധമായ ഒരു കുസൃതിച്ചിരിയോടെ ക്രിസ് പറഞ്ഞു:-'ദൈവം ഒരു വാതില്‍ അടക്കുമ്പോള്‍ മറ്റ് വാതിലുകള്‍ തുറന്ന് കിട്ടും'.

തന്നെപ്പോലെ മികവുള്ള പലരുമായും ക്രിസ് ആശയവിനിമയം നടത്തിയത് 80കളിലെ ആ മുംബൈക്കാലത്താണ്. അന്ന് ലോകത്ത് ഐടി കമ്പനികള്‍ പതുക്കെ പച്ചപിടിച്ചുവരികയാണ്. അക്കാലത്താണ് ഇന്‍ഫോസിസിന്റെ എല്ലാമെല്ലാമായ നാരായണ മൂര്‍ത്തിയും നന്ദന്‍ നിലേകനിയും അടക്കമുള്ളവരുമായി ക്രിസ് അടുക്കുന്നത്. അവരുടെ ചര്‍ച്ചകളിലുടെയാണ് ഇന്ത്യയില്‍ ഐ ടി വിപ്ലവം തുടങ്ങുന്നത്. എക്കാലവും ഒരു ജോലിക്കാരനായി ഇരിക്കാതെ സ്വന്തമായി കമ്പനി തുടങ്ങാന്‍ അവര്‍ തീരുമാനിക്കുന്നു.

അങ്ങനെ 1981 ജൂലൈയില്‍ ഇന്‍ഫോസിസിന്റെ തുടക്കമായി. നാരായണ മൂര്‍ത്തി, നന്ദന്‍ നിലേകനി, ക്രിസ് ഗോപാലകൃഷ്ണന്‍, എസ്ഡി ഷിബുലാല്‍, കെ ദിനേഷ്, എന്‍ എസ് രാഘവന്‍, അശോക് അറോറ എന്നിവരുള്‍പ്പെടെ ഏഴ് എഞ്ചിനീയര്‍മാര്‍ ചേര്‍ന്നാണ് ഇത് സ്ഥാപിച്ചത്. അത് ഇന്ത്യന്‍ ഐടി വ്യവസായത്തിന്റെ തലവരമാറ്റി. തന്റെ ഭാര്യ സുധ മൂര്‍ത്തി നല്‍കിയ 10,000 രൂപയായിരുന്നു ഇന്‍ഫോസിസിലെ തന്റെ ആദ്യ മൂലധനമെന്ന് നേരത്തെ നാരായണമൂര്‍ത്തി വെളിപ്പെടുത്തിയിരുന്നു. വിവാഹ ശേഷമാണ് സ്വന്തമായി കമ്പനി തുടങ്ങാനുള്ള നാരായണ മൂര്‍ത്തിയുടെ ആഗ്രഹം സുധ മനസിലാക്കിയത്. ഒരു ഒറ്റമുറി അപ്പാര്‍ട്ട്മെന്റില്‍ നിന്നാണ് ഇന്ന് ലോകം മുഴുവന്‍ പടര്‍ന്ന് പന്തലിച്ച, 6,08,000 കോടി രൂപ വിപണി മൂലധനമുള്ള ലോകത്തിലെ ഏറ്റവും വലിയ ഐടി കമ്പനികളിലൊന്നാണ് ഇന്‍ഫോസിസ് പിറന്നത്. അതിന്റെ വളര്‍ച്ചയില്‍ ക്രിസിനും വലിയ പങ്കുണ്ട്.




ഇന്‍ഫോസിസിനെ വളര്‍ത്തുന്നു

രണ്ടു പതിറ്റാണ്ട് നീണ്ടുനിന്ന സ്ട്രഗ്ളിങ്ങ് ടൈമിലുടെ കടന്നുപോയാണ് ഇന്‍ഫോസിസ് ഇന്ന് ലോകത്തിലെ നമ്പര്‍ വണ്‍ കമ്പനിയായത്. അതില്‍ ക്രിസിന്റെ സേവനങ്ങളും എടുത്തുപറയേണ്ടതാണ്. ഇന്‍ഫോസിസിന്റെ വിവിധ കസേരകളില്‍ പ്രവര്‍ത്തിച്ച അദ്ദേഹം ഒടുവില്‍ സിഇഒയായി. 2007 മുതല്‍ 2011 വരെ ഇന്‍ഫോസിസ് ഐടി കമ്പനിയുടെ സിഇഒയും മാനേജിംഗ് ഡയറക്ടറുമായി അദ്ദേഹം സേവനമനുഷ്ഠിച്ചു. 2011 മുതല്‍ 2014 വരെ കമ്പനിയുടെ വൈസ് ചെയര്‍മാനായും പ്രവര്‍ത്തിച്ചു.

ക്രിസിന്റെ കരങ്ങളിലേക്ക് ഇന്‍ഫോസിസ് വന്ന 2007ല്‍ മൂന്ന് ബില്ല്യണ്‍ യു.എസ്. ഡോളറായിരുന്ന വിറ്റു വരുമാനം. 2007-2008ല്‍ 35 ശതമാനം വളര്‍ച്ചയുണ്ടാക്കാന്‍ ക്രിസിന് പറ്റി. ആഗോളപരമായി മാന്ദ്യമുള്ള കാലത്താണ് ഈ നേട്ടം എന്നോര്‍ക്കണം. ഇന്‍ഫോസിസില്‍ ക്രിസ് ഒരുപാട് ക്രിയാത്മകമായ മാറ്റങ്ങളും വരുത്തിയിരുന്നു. കമ്പനിയെ തിരിച്ച് മുഖ്യധാരാ പ്രവര്‍ത്തനത്തിലേക്ക് കൊണ്ടു വരുകയെന്നതായിരുന്ന ആദ്യ അജന്‍ഡ. ഗ്ലോബല്‍ ഡെലിവറി മോഡലുകളില്‍ വരുത്തിയ വന്‍മാറ്റങ്ങള്‍ ഇന്‍ഫോസിസിന്റെ സഞ്ചാരപഥത്തില്‍ വലിയൊരു മാറ്റം വരുത്തി. ചൈന, അന്താരാഷ്ട ഉത്പാദനത്തിന്റെ തലസ്ഥാനമായി മാറുമ്പോള്‍ ഇന്ത്യയെ ഐ.ടി. അപ്ലിക്കേഷന്‍ ഡവലപ്പമെന്റിന്റെ സാരഥിയായി മാറ്റാന്‍ ക്രിസ് വഹിച്ച പങ്ക് നിര്‍ണായകമാണ്. ഇതിനിടയില്‍ ഹാര്‍ഡ് വെയര്‍ ഉത്പന്നങ്ങളില്‍ ശ്രദ്ധ തിരിക്കാന്‍ ശ്രമിച്ചതിന്റെ ഭാഗമായി സ്ഥാപിച്ച കമ്പനിയെ നല്ലൊരു വിലയ്ക്ക് വില്‍ക്കുകയാണ് ഉണ്ടായത്. 'ഹാര്‍ഡ്വെയര്‍ പ്രോഡക്റ്റ് ബിസിനസ് ഈസ് നോട്ട് മൈ കപ്പ് ഓഫ് ടീ' എന്നാണ് ക്രിസ് പറഞ്ഞത്. പക്ഷേ അതില്‍നിന്ന് കിട്ടിയ അനുഭവ പരിചയം വലുതാണെന്നും അദ്ദേഹം പറയുന്നു.

അന്താരാഷ്ട്ര മാന്ദ്യത ഇന്‍ഫോസിസിന്റെ അടുത്ത രണ്ടുകൊല്ലത്തെ വളര്‍ച്ചയെ സാരമായി ബാധിച്ചെങ്കിലും മറ്റുള്ള കമ്പനികള്‍ നെഗറ്റീവ് വളര്‍ച്ചയിലേക്ക്്് പോയപ്പോഴും ഇന്‍ഫോസിസ് 2008-2009ല്‍ 11ശതമാനം വളര്‍ച്ചയിലും 2009 '10-ല്‍ മൂന്ന് ശതമാനം വളര്‍ച്ചയിലും എത്തി. 2011-ല്‍ വളര്‍ച്ച 26 ശതമാനമാവുകയും ചെയ്തു. തന്ത്രപ്രധാനമായ പല തീരുമാനങ്ങളും ഈ കാലയളവിലുണ്ടായി. ടെക്‌നോളജിയുടെ ഭാഗമായി പുതിയ നിക്ഷേപങ്ങള്‍ കമ്പനിക്കുള്ളില്‍ നടത്തുകയും ഐ.പി. എന്നീ മേഖലകളിലെ മികവ് ഉത്പാദനക്ഷമത വര്‍ധിപ്പിക്കുകയും ചെയ്തു.




പില്‍ക്കാലത്ത് നാരായണ മൂര്‍ത്തിയേക്കാള്‍ മികച്ച സിഇഒ ആയും അദ്ദേഹം വലിയിരുത്തപ്പെട്ടു. ഇന്‍ഫോസിസില്‍ സ്ഥാപകന്‍ നാരായണമൂര്‍ത്തിയും സി.ഇ.ഒ.യും തമ്മിലുള്ള അധികാരവടംവലിയെക്കുറിച്ച് ചോദിച്ചപ്പോള്‍ ക്രിസ് പറഞ്ഞത്് ഇങ്ങനെ-'' ഞാന്‍ സി.ഇ.ഒ. ആയിരുന്ന കാലഘട്ടത്തില്‍ സഹസ്ഥാപകരുമായി അനാവശ്യ ഇടപെടലുകളുണ്ടായിരുന്നില്ല. വലിയൊരു പ്രൊഫഷണല്‍ പരിതസ്ഥിതി ഇന്‍ഫോസിസില്‍ എല്ലാ കാലത്തും ഉള്ളതാണ്''. ഇന്നും ഇന്‍ഫോസിസ് നാരായണ മൂര്‍ത്തിയുമായും മറ്റൊരു ഐ ടി ജയന്റ്, നന്ദന്‍ നിലേകനിയുമായൊക്കെ ക്രിസ് അടുത്ത സൗഹൃദവും കുടുംബ ബദ്ധവും പുലര്‍ത്തുന്നു.

മൂര്‍ത്തിയേക്കാള്‍ വലിയ സമ്പന്നന്‍

2014-ല്‍ ഇന്‍ഫോസിസില്‍നിന്ന് വിരമിച്ചതിനുശേഷം മള്‍ട്ടി ടാലന്‍ഡഡ് ആയ വിവിധ മേഖലകളില്‍ അദ്ദേഹം നിക്ഷേപങ്ങള്‍ നടത്തിയിരുന്നു. ഓട്ടോമൊബൈല്‍ സേവന ദാതാവായ കി മൊബിലിറ്റി പോലുള്ള സ്റ്റാര്‍ട്ടപ്പുകള്‍, അദ്ദേഹത്തിന്റെ ബിസിനസ് ഇന്‍കുബേറ്ററായ ആക്‌സിലോര്‍ വെഞ്ചേഴ്‌സ് വഴിയും ചില വെഞ്ച്വര്‍ ഫണ്ടുകള്‍ വഴിയും. ഗുഡ്‌ഹോം, കാഗാസ്, എന്‍കാഷ് എന്നിവയുള്‍പ്പെടെ നിരവധി കമ്പനികളില്‍ നിക്ഷേപം നടത്തിയിട്ടുള്ള സ്റ്റാര്‍ട്ടപ്പ് ആക്‌സിലറേറ്ററായ ആക്‌സിലര്‍ വെഞ്ചേഴ്‌സിന്റെ ചെയര്‍മാനാണ് ക്രിസ്. ഇതുവഴിയൊക്കെ ശതകോടികളുടെ വരുമാനമാണ് അദ്ദേഹത്തിനുള്ളത്.

ഇന്‍ഫോസിസിന്റെ പേര് കേള്‍ക്കുമ്പോള്‍ ആദ്യം ഓര്‍മ്മ വരുന്നത് നാരായണ മൂര്‍ത്തിയുടെ പേരാണെങ്കിലും, ഇന്ന് ഇദ്ദേഹത്തേക്കാള്‍ ധനികനാണ് ഇന്‍ഫോസിസിന്റെ സഹസ്ഥാപകന്‍ ക്രിസ് ഗോപാലകൃഷ്ണന്‍ എന്നാണ് ഇക്കണോമിക്ക് ടൈംസ് പറയുന്നത്. ഹുറുണ്‍ ഇന്ത്യ റിച്ച് ലിസ്റ്റ് 2024 പ്രകാരം, 36,600 കോടി രൂപയുടെ ആസ്തിയുമായി നാരായണയും സുധാ മൂര്‍ത്തിയും ബെംഗളൂരുവിലെ ഏറ്റവും സമ്പന്ന കുടുംബങ്ങളുടെ പട്ടികയില്‍ അഞ്ചാം സ്ഥാനം നേടിയപ്പോള്‍, ക്രിസ് 38,500 കോടിയുടെ സമ്പത്തുമായാണ് അദ്ദേഹത്തെ മറികടന്നത്.

ഇപ്പോഴും ഫൗണ്ടര്‍ അംഗങ്ങള്‍ എന്ന നിലയില്‍ നാരായണ മൂര്‍ത്തിക്കും, നിലേകനിക്കും, ക്രിസിനും ഇന്‍ഫോസിസില്‍ മേജര്‍ ഷെയറുകള്‍ ഉണ്ട്. കമ്പനി വഴിവിട്ടുപോവുന്ന എന്ന് തങ്ങള്‍ക്ക് തോന്നുന്ന സമയത്ത് അവര്‍ പ്രതികരിക്കാറുണ്ട്. ഇടക്കാലത്ത് വിരമിച്ച കമ്പനി ജീവനക്കാര്‍ക്ക് വലിയ തോതിലുള്ള പാക്കേജ് അനുവദിച്ചപ്പോള്‍ അവര്‍ പ്രതികരിച്ചിരുന്നു. നേരത്തെ കമ്പനി മുന്‍ സിഇഒ സലീല്‍ പരേഖും സിഎഫ്ഒ നിലഞ്ജന്‍ റോയിയും ലാഭം പെരുപ്പിക്കാന്‍ അനധികൃത നടപടികള്‍ സ്വീകരിച്ചതായി വിസില്‍ ബ്ലോവര്‍മാര്‍ കമ്പനിയുടെ ബോര്‍ഡിനും യുഎസ് സെക്യൂരിറ്റീസ് ആന്‍ഡ് എക്സ്ചേഞ്ച് കമ്മീഷനും മെയില്‍ അയച്ചിരുന്നു. ഈ വിവാദത്തിലും ഇവര്‍ പ്രതികരിക്കുകയും കമ്പനിയെ നേര്‍വഴിക്ക് നയിക്കാന്‍ ശ്രമിക്കുകയും ചെയ്തിരുന്നു.




ഇന്ന്് ലോകത്തുതന്നെ, ഏറ്റവും നല്ല ശമ്പള പാക്കേജ് നല്‍കുന്ന കമ്പനികൂടിയാണ് ഇത്. 2025-ല്‍ തുടക്കകാര്‍ക്ക് 9 ലക്ഷം രൂപ വാര്‍ഷിക ശമ്പളം നല്‍കി കൊണ്ട് വാര്‍ത്തകളില്‍ ഇടം നേടിയിരിക്കുകയാണ് ഇന്‍ഫോസിസ്. മറ്റ് കമ്പനികളെ അപേക്ഷിച്ചു നോക്കുമ്പോള്‍ ഇത് വലിയൊരു സംഖ്യയാണ്. മിക്ക കമ്പനികളും തുടക്കകാര്‍ക്ക് വാര്‍ഷിക ശമ്പളമായി 3 മുതല്‍ 3.5 ലക്ഷം രൂപ വരെയാണ് നല്‍കാറുള്ളത്. 2025 സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യപാദത്തില്‍ രണ്ടായിരത്തിലധികം പേരുടെ കൊഴിഞ്ഞുപോക്ക് മുന്നില്‍ കണ്ട് ഇന്‍ഫോസിസ് തുടക്കാര്‍ക്കായുള്ള റിക്രൂട്ട്‌മെന്റ് ഡ്രൈവുകള്‍ ആരംഭിച്ചു കഴിഞ്ഞു. ഈ രീതിയില്‍ ഇന്‍ഫോസിസിനെ വളര്‍ത്തിയതിന് പിന്നില്‍ ക്രിസിന്റെ അധ്വാനത്തെ അര്‍ക്കും തള്ളിക്കളയാനാവില്ല.

കോടികളുടെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍

പക്ഷേ ഇന്ത്യയില്‍ ഐ ടിമേഖല ഇനിയും വികസിക്കാനുണ്ടെന്നാണ് ക്രിസിന്റെ പക്ഷം. ഒരു ഐ.ടി. വിപ്ലവം ഇനിയും വരുമെന്നും ഈ മേഖലയില്‍ വന്‍ മാറ്റങ്ങള്‍ ഉണ്ടാകുമെന്നും ഈ മാറ്റത്തില്‍ ഇന്ത്യ വലിയൊരു സ്ഥാനം അര്‍ഹിക്കുന്നുവെന്നും അത് നേടുമെന്നും ഈയിടെ ഒരു അഭിമുഖത്തിലും അദ്ദേഹം പറയുന്നു. -''40 ലക്ഷം ജനങ്ങള്‍ പണിയെടുക്കുന്ന 160 ബില്ല്യണ്‍ ഡോളര്‍ വിറ്റുവരവുള്ള വേറൊരു വ്യവസായം ഇന്ത്യയില്‍ ഇല്ല''-ക്രിസ് പറയുന്നു.

ഇതോടൊപ്പം കോടികളുടെ ജീവകാരണ്യ പ്രവര്‍ത്തനങ്ങളും ക്രിസ് നടത്തുന്നുണ്ട്. ഹുറുണ്‍ ഇന്ത്യയും എഡെല്‍ഗിവ് ഫൗണ്ടേഷനും ചേര്‍ന്ന് തയ്യാറാക്കിയ ജീവകാരുണ്യ പട്ടികയില്‍ ഇടം പിടിച്ച പത്തു മലയാളികളില്‍ ഒന്ന് ഇദ്ദേഹമാണ്. 107 കോടി രൂപ ചെലവിട്ട ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം.എ. യൂസഫലിക്ക് തൊട്ട് പിന്നാലെ 93 കോടിയുമായി രണ്ടാം സ്ഥാനത്ത് ക്രിസ് ഗോപാലകൃഷ്ണനുണ്ട്. വി-ഗാര്‍ഡ് സ്ഥാപകന്‍ കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളി 82 കോടിയുമായി മൂന്നാം സ്ഥാനത്തുമാണ്.

105 വര്‍ഷം പഴക്കമുള്ള ബാംഗ്ലൂരിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സില്‍ 225 കോടി രൂപ നിക്ഷേപിച്ച് ബ്രെയിന്‍ റിസേര്‍ച്ച് സെന്റര്‍ തുടങ്ങാനായി സംഭാവന നല്‍കി അദ്ദേഹം വാര്‍ത്തകളില്‍ ഇടം പിടിച്ചിരുന്നു. ആദ്യമായിട്ടാണ് ഒരു വ്യക്തിയില്‍ നിന്ന് ഇത്രയും വലിയ തുക ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സിലേക്ക് ഗവേഷണത്തിനായി സംഭാവനയായി ലഭിക്കുന്നത്. മദ്രാസ് ഐഐടിയില്‍ ഭാര്യയുടെ പേരിലുള്ള സുധ ഗോപാലകൃഷ്ണന്‍ ബ്രെയിന്‍ റിസര്‍ച്ച് സെന്ററിന് അദ്ദേഹം കോടികള്‍ ധനസഹായം നല്‍കുന്നുണ്ട്. ഇന്ത്യന്‍ ഐടി വ്യവസായത്തിന്റെ ചരിത്രം ' ഇതിഹാസ' എന്ന പേരില്‍ പ്രസിദ്ധീകരിക്കുന്ന ഇതിഹാസ റിസര്‍ച്ച് ആന്‍ഡ് ഡിജിറ്റലിന്റെ ചെയര്‍മാനാണ് ഗോപാലകൃഷ്ണന്‍ . 'എഗെയിന്‍സ്റ്റ് ഓള്‍ ഓഡ്‌സ് - ദി ഐടി സ്റ്റോറി ഓഫ് ഇന്ത്യ' യുടെ സഹ-രചയിതാവാണ് അദ്ദേഹം.

2011 ജനുവരിയില്‍, ഇന്ത്യാ ഗവണ്‍മെന്റ് ഗോപാല്‍കൃഷ്ണനു രാജ്യത്തെ മൂന്നാമത്തെ പരമോന്നത സിവിലിയന്‍ ബഹുമതിയായ പത്മഭൂഷണ്‍ നല്‍കി ആദരിച്ചു. അതോടൊപ്പം നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ തലപ്പത്തും അദ്ദേഹം പ്രവര്‍ത്തിച്ചിരുന്നു. മദ്രാസിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്റ്റിയൂട്ട് ഓഫ് ടെക്‌നോളജിയുടെയും, ബാംഗ്ലൂരിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റിന്റെയും, ബോര്‍ഡ് ഓഫ് ഗവര്‍ണേഴ്‌സില്‍ സേവനമനുഷ്ഠിക്കുന്നു. ബാംഗ്ലൂരിലെ ഐഐഐടിയുടെ ബോര്‍ഡ് ഓഫ് ഗവര്‍ണേഴ്‌സിന്റെ ചെയര്‍മാനും ചെന്നൈ മാത്തമാറ്റിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ബോര്‍ഡ് ഓഫ് ട്രസ്റ്റീസ് അംഗവുമാണ്. അങ്ങനെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സിലെ (ഐഐഎസ്സി) പ്രവര്‍ത്തനമാണ്, ഇപ്പോള്‍ അദ്ദേഹത്തിന്റെ പേരില്‍ കേസ് വരാന്‍ വരെ കാരണമായത്.




കരിനിഴലായി ജാതി വിവാദം

ഇപ്പോള്‍ ഏവരെയും ഞെട്ടിക്കുന്നത്, ക്രിസ് ഗോപാലകൃഷ്ണനെതിരെ ഉയരുന്ന ജാതിവിവാദമാണ്. ക്രിസിനും ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സിലെ ഫാക്കല്‍റ്റികള്‍, അഡ്മിനിസ്‌ട്രേഷനിലെ ജീവനക്കാര്‍ ഉള്‍പ്പെട 17 പേര്‍ക്കെതിരെ കേസ് വന്നിരിക്കയാണ്. ഇവര്‍ക്കെതിരെ സദാശിവനഗര്‍ പോലീസ് സ്റ്റേഷനില്‍ കേസ് രജിസ്റ്റര്‍ ചെയ്തു. പട്ടികജാതി-പട്ടികവര്‍ഗ (അതിക്രമങ്ങള്‍ തടയല്‍) നിയമത്തിലെ വകുപ്പുകള്‍ പ്രകാരമാണ് കേസ്. ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സിലം സസ്റ്റെയിനബിള്‍ ഡെവലപ്പ്മെന്റ് വിഭാഗത്തിലെ അസിസ്റ്റന്റ് പ്രൊഫസറായ ഡി സന്ന ദുര്‍ഗപ്പയാണ് ബംഗളൂരു കോടതിയില്‍ സ്വകാര്യ അന്യായം നല്‍കിയത്. ഇതിന്റെ അടിസ്ഥാനത്തിലാണ് സദാശിവനഗര്‍ പോലീസ് എഫ് ഐ ആര്‍ രെജിസ്റ്റര്‍ ചെയ്തത്.

തനിക്കെതിരെ വ്യാജ ആരോപണങ്ങള്‍ ഉന്നയിച്ച് തന്റെ ജോലി മേലധികാരികള്‍ ഇല്ലാതാക്കിയെന്നും, വ്യാജ ലൈംഗികാതിക്രമ കേസ് ചുമത്തിയെന്നും ദുര്‍ഗപ്പ പരാതിയില്‍ പറയുന്നു. ''ഒമ്പത് വര്‍ഷം താന്‍ തൊഴില്‍ രഹിതനായെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സുവോളജിയില്‍ പിഎച്ച്ഡി ഉള്ള ദുര്‍ഗ്ഗപ്പ 2008 ജൂലൈ 10നാണ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ലക്ചററായി നിയമിതനാകുന്നത്. 2011 ജൂലൈ 10ന് അസിസ്റ്റന്റ് പ്രൊഫസറായി സ്ഥാനക്കയറ്റം ലഭിച്ചു. ഇവിടുത്തെ ചില പദ്ധതികള്‍ പ്രകാരം പ്രത്യേക ലബോറട്ടറിക്കും, സിറ്റിംഗ് ഏരിയക്കുമായി ഫണ്ട് അനുവദിക്കാത്തതുമായി ബന്ധപ്പെട്ട് പരാതി ഔദ്യോഗികമായി ഇയാള്‍ നല്‍കിയിരുന്നു. 2011 ഒക്ടോബര്‍ 25ന് ഇന്‍സ്റ്റിറ്റ്യൂട്ടിലെ ജാതി വിവേചനത്തെ പറ്റി എസ്സി/എസ്ടി ഫാക്കല്‍റ്റി ആന്‍ഡ് ഓഫീസേഴ്‌സ് അസോസിയേഷന്‍ മുഖേനയും പരാതി നല്‍കിയിരുന്നു.

എന്നാല്‍ ഇതിന്റെ പേരില്‍ തന്നെ പീഡിപ്പിക്കയാണ് ചെയ്തത് എന്നാണ്, സന്ന ദുര്‍ഗപ്പ പറയുന്നത്. മുന്‍ ഐഐഎസ് സി ഡയറക്ടര്‍ ഹണി ട്രാപ്പിലൂടെ തന്റെ ജോലി ഇല്ലാതാക്കിയെന്നും, ആ കേസില്‍ ശരിയായ അന്വേഷണം നടന്നില്ലെന്നും ദുര്‍ഗപ്പ പരാതിയില്‍ പറയുന്നു. ഇതേ പരാതിയില്‍ മെയ് 2017 ല്‍ ലജിസ്ലേച്വര്‍ അസംബ്ലി കമ്മിറ്റി നടത്തിയ അന്വേഷണത്തില്‍ ലൈംഗിക പീഡനം നടന്നിട്ടില്ല എന്നും ദളിതനായതിനാല്‍ തന്നെ ഒറ്റപ്പെടുത്തിയതാണെന്ന് തെളിയുകയും ചെയ്തതാണ്. ഇന്‍സ്റ്റിറ്റ്യൂട്ട് കമ്മറ്റിക്ക് മുന്‍പാകെ തന്നെ തിരികെ ജോലിക്ക് പ്രവേശിപ്പിക്കാം എന്ന് സമ്മതിച്ചിരുന്നു എങ്കലും തന്നെ തിരികെ ജോലിയില്‍ പ്രവേശിപ്പിച്ചില്ല എന്നും ദുര്‍ഗപ്പ പരാതിയില്‍ പറഞ്ഞു.

ദു പരാതിയില്‍ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ഗവേണിംഗ് കൗണ്‍സിലിലുണ്ടായിരുന്ന ക്രിസ് ഗോപാലകൃഷ്ണന്‍, മുന്‍ ഐ ഐ എസ് സി ഡയറക്ടര്‍ ബലറാം പി എന്നിവരടക്കം 16 പേര്‍ക്കെതിരെ എസ് സി/എസ് ടി അതിക്രമങ്ങള്‍ തടയല്‍ നിയമത്തിന്റെ 3(8), 3(14), 3(1)(2), 3(എക്സ) വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. ശ്രീധര്‍ വാര്യര്‍, അനില്‍ കുമാര്‍, നമ്രത ഗുണൈഹ്, നിര്‍മല, സന്ധ്യ വിശ്വനാഥ്, ദീപിക ചക്രവര്‍ത്തി, ഹരി കെവിഎസ്, ദാസപ്പ, ഗോവിന്ദന്‍ രംഗരാജന്‍, ബാലചന്ദ്ര പി, ഹേമലാ മ്ഹിഷി, അഞ്ജലി കരണ്ടെ, ചതോപാദ്യായ കെ, പ്രദീപ് സാവ്കര്‍, അഭിലാഷ് രാജുക്കര്‍, മനോഹരന്‍ എന്നിവരാണ് കേസിലെ മറ്റ് പ്രതികള്‍.




ഈ സംഭവം ദേശീയ മാധ്യമങ്ങളിലടക്കം വലിയ വാര്‍ത്തയായി.ക്രിസ് ആവട്ടെ ഈ വിഷയത്തോട് പ്രതികരിച്ചിട്ടില്ല. മൊത്തത്തില്‍ അധികൃതര്‍ക്കെതിരെ കേസ് കൊടുത്തപ്പോള്‍ ക്രിസിനേയും കൂട്ടി എന്നല്ലാതെ, അദ്ദേഹം പ്രത്യേകമായി എന്ത് ചെയ്തു എന്ന് പരാതിയില്‍ പറയുന്നുമില്ല. മാത്രമല്ല, സ്ഥാപനത്തിലെ ദൈനദിന അക്കാദമിക കാര്യങ്ങളിലെന്നും അദ്ദേഹം ഇടപെടാറുമില്ല. അതുകൊണ്ടുതന്നെ ഈ വിഷയത്തില്‍ ക്രിസ് തീര്‍ത്തും നിരപരാധിയാണെന്നാണ് ടൈംസ് ഓഫ് ഇന്ത്യപോലുള്ള മാധ്യമങ്ങള്‍ പറയുന്നത്.

വാല്‍ക്കഷ്ണം: രാജ്യത്ത് ജാതിവിവേചനവും, മതവിവേചനവും ഏറ്റവും കുറവുള്ള തൊഴില്‍ മേഖലകളില്‍ ഒന്നാണ് ഐടി. നൂറുകണക്കിന് തൊഴിലാളികളുമായി വര്‍ഷങ്ങളോളം ഇടപെട്ടിട്ടും, ജാതി-മത സ്പര്‍ധയുടെ ഒരു അംശം പോലും ക്രിസില്‍ ആരോപണം ഉന്നയിക്കപ്പെട്ടില്ല. അതുകൊണ്ടുതന്നെ ഇപ്പോഴത്തെ കേസിലും, അദ്ദേഹം അഗ്‌നിശുദ്ധി വരുത്തുമെന്നാണ് അഭ്യുദയകാംക്ഷികള്‍ ആഗ്രഹിക്കുന്നത്.