- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പ്രണയം പശ്ചിമഘട്ടത്തോട്! പൂണൂല് ധരിക്കാത്ത നാസ്തികന്; റിപ്പോര്‍ട്ട് നല്‍കിയത് സഹ്യനെ മുഴുവന്‍ നടന്നു കണ്ട്; മാധവ് ഗാഡ്ഗിലിന്റെ ഹരിത ജീവിതം
'ഇത് ഗാഡ്ഗിലിനെ ക്രൂരമായി അവഗണിച്ച് ഓടിച്ചതിന്റെ ശാപം'. 2018-ലെ മഹാ പ്രളയത്തിനുശേഷം കേരളത്തില്‍ എന്തുപ്രകൃതി ദുരന്തം ഉണ്ടായാലും സോഷ്യല്‍ മീഡിയയില്‍ ആവര്‍ത്തിക്കപ്പെടുന്ന പേരാണ് പരിസ്ഥിതി ശാസ്ത്രജ്ഞന് മാധവ് ഗാഡ്ഗിലിന്റെത്. ഇത്തവണ വയനാട് മുണ്ടെക്കൈയിലുണ്ടായ, അഞ്ഞൂറുപേരുടെയെങ്കിലും മരണത്തിനിടയാക്കിയെന്ന് കരുതുന്ന, മഹാദുരന്തകാലത്തും വീണ്ടും ഉയര്‍ന്നുവന്നു, മാധവ് ഗാഡ്ഗില്‍. അദ്ദേഹം നല്കിയ റിപ്പോര്‍ട്ടിനെ അനുകൂലിക്കുന്നവരും, പ്രതികൂലിക്കുന്നവരും ഒരുപാട് ഉണ്ട്. പക്ഷേ ആ റിപ്പോര്‍ട്ട് സൂക്ഷ്മമായി പഠിക്കുമ്പോള്‍, ഒരു കാര്യം ഉറപ്പാണ്. അത് നമുക്ക് പൂര്‍ണ്ണമായും അവഗണിക്കാനാവില്ല. അതിന്റെ കുറച്ച് ഭാഗങ്ങളെങ്കിലും നാം അടിയന്തരമായി നടപ്പാക്കേണ്ടതുണ്ട്.
തന്റെ റിപ്പോര്‍ട്ട് നടപ്പാക്കാത്തതില്‍ നിരാശയുണ്ടെങ്കിലും, അതൊന്നും ഒരു ശാപമായി കേരളത്തിനുമേല്‍ വീഴണമെന്ന് ആഗ്രഹിക്കുന്ന ആളല്ല മാധവ് ഗാഡ്ഗില്‍ എന്ന മഹാനായ മനുഷ്യസ്നേഹി. 2013- ല്‍ മാധവ് ഗാഡ്ഗില്‍ തന്റെ പഠന റിപ്പോര്‍ട്ടില്‍ ചൂണ്ടി കാട്ടിയ വസ്തുതകള്‍ ഇങ്ങനെയാണ്.-'പശ്ചിമ ഘട്ടം ആകെ തര്‍ക്കപ്പെട്ടിരിക്കുന്നു. ഇനിയും നടപടിയെടുത്തില്ലെങ്കില്‍ കേരളത്തെ കാത്തിരിക്കുന്നത് വന്‍ ദുരന്തമാണ്. അതിന് നിങ്ങള്‍ വിചാരിക്കും പോലെ യുഗങ്ങള്‍ ഒന്നും വേണ്ട, നാലോ അഞ്ചോ വര്‍ഷം മതി. അന്ന് ഞാനും നിങ്ങളും ജീവിച്ചിരിപ്പുണ്ടാകും. ആരാണ് കള്ളം പറയുന്നതെന്ന് നിങ്ങള്‍ക്ക് മനസ്സിലാകും.' -എന്നായിരുന്നു ഗാഡ്ഗിലിന്റെ വാക്കുകള്‍.
അതിനുശേഷം 2020 ഓഗസ്റ്റ് 6ന് രാത്രി, രാജമല പെട്ടിമുടിയില്‍ 66 പേരുടെ ജീവനെടുത്ത പെട്ടിമുടി ദുരന്തത്തിന് ശേഷം ഗാഡ്ഗില്‍ പറഞ്ഞത് ഇപ്രകാരം, 'എന്നെ തള്ളി പറഞ്ഞവര്‍ സുരക്ഷിതരായി, സുഖമായി ജീവിക്കുന്നു. എനിക്കെതിരെ തെരുവില്‍ ഇറക്കപ്പെട്ട പാവങ്ങള്‍ ഇന്ന് മണ്ണിനടിയിലും. ഇനിയെങ്കിലും എന്നെ വിശ്വസിക്കൂ…'ഗാഡ്ഗിലിന്റെ ഈ വാക്കുകളാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ ചര്‍ച്ചയാവുന്നത്. അതിനിടെ വീണ്ടും വയനാട് ദുരന്തഭൂമിയായി മാറിയ വാര്‍ത്ത ആശങ്കയോടെയാണ് മാധവ് ഗാഡ്ഗില്‍ പൂനെയില്‍ ഇരുന്ന് കേട്ടത്. മാതൃഭൂമി ബുക്സ് പ്രസാധനം ചെയ്ത ഡോ. മാധവ്ഗാഡ്ഗിലിന്റെ ആത്മകഥ മലയാളത്തില്‍ മൊഴിമാറ്റിയത് അഡ്വ. വിനോദ് പയ്യടയെ വിളിച്ച് അദ്ദേഹം വയനാട് ദുരന്തം നടന്നപ്പോള്‍ തന്നെ വിവരം ആരാഞ്ഞിരുന്നു. കേരളത്തെയും പശ്ചിമഘട്ടത്തെയും കുറിച്ച് ആശങ്കപ്പെട്ട് വിങ്ങുന്ന മനസ്സുമായി, 83-കാരനായ ഈ പരിസ്ഥിതി സ്നേഹി ഇപ്പോഴും കര്‍മ്മരംഗത്തുണ്ട്. ശരിക്കും ഒരു ഹരിത ജീവിതമാണ് ഗാഡ്ഗിലിന്റെത്.
പൂണൂല് ധരിക്കാത്ത നാസ്തികന്
1824 മെയ് 1942ല്‍ പൂനെയിലാണ് മാധവ് ഗാഡ്ഗില്‍ ജനിച്ചത്. അമ്മ പ്രമീള. അച്ഛന് സാമ്പത്തിക ശാസ്ത്രവിദഗ്ദ്ധനായ ധനഞ്ജയ് രാംചന്ദ്ര ഗാഡ്ഗില്‍. നാസ്തികനായ ധനഞ്ജയ് ജാതിയുടെ അടയാളമാണെന്ന കാരണത്താല്‍ അദ്ദേഹത്തിന്റെ കുട്ടികളുടെ പൂണൂല് ചടങ്ങ് നടത്തിയില്ല. അതിനുശേഷം ഇന്നും ഗാഡ്ഗില്‍ പൂണുല് ധരിച്ചിട്ടില്ല. ജാതിയും മതവുമില്ലാതെയാണ് അദ്ദേഹം വളര്‍ന്നതും. പൂനെ യൂണിവേഴ്സിറ്റിയില്‍ നിന്നും മുംബൈയില്‍ നിന്നും ജീവശാസ്ത്രം പഠിച്ചശേഷം, മാധവ് ഗണിത പരിസ്ഥിതിശാസ്ത്രത്തില്‍ ഹാര്‍വാഡ് യൂണിവേഴ്സിറ്റിയില്‍ ഡോക്ടറേറ്റ് നേടി. ഹാര്‍വാഡില്‍ അദ്ദേഹം ഒരു ഐ ബി എം ഫെലോ ആയിരുന്നു. കൂടാതെ അപ്ലൈഡ് മാത്തമാറ്റിക്സില്‍ റിസേര്‍ച്ച് ഫെലോയും ജീവശാസ്ത്ര അദ്ധ്യാപകനുമായിരുന്നു.
1973 മുതല്‍ 2004 വരെ ബംഗളുരുവിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സില്‍ അദ്ധ്യാപകനായിരിന്നു. അപ്പോഴാണ് അവിടെ പാരിസ്ഥിതിക ശാസ്ത്രത്തില്‍ ഒരു വിഭാഗം ആരംഭിച്ചത്. ഗാഡ്ഗില്‍ സ്റ്റാന്‍ഫോഡിലും, ബെര്‍ക്ലിയിലെ കാലിഫോണിയ സര്‍വകലാശാലയിലും വിസിറ്റിങ്് പ്രഫസര്‍ ആയിരുന്നിട്ടുണ്ട്. ജനസംഖ്യാശാസ്ത്രം, പരിസ്ഥിതി സംരക്ഷണ ശാസ്ത്രം, മനുഷ്യ-പരിസ്ഥിതിശാസ്ത്രം, പരിസ്ഥിതി ചരിത്രം എന്നിവയില്‍ താല്‍പ്പര്യമുള്ള അദ്ദേഹത്തിന്റേതായി 215 ഗവേഷണപ്രബന്ധങ്ങളും 6 പുസ്തകങ്ങളുമുണ്ട്. സ്ഥിരമായി ആനുകാലികങ്ങളില്‍ ഇംഗ്ലീഷിലും പ്രാദേശികഭാഷകളിലും എഴുതാറുണ്ട്.
ഭാരതത്തിലങ്ങോളം ഗവേഷകരുമായും, അദ്ധ്യാപകരുമായും, നിയമജ്ഞരുമായും, സര്‍ക്കാരിതര സംഘടനകളുമായും, കര്‍ഷകരുമായുമെല്ലാം, അദ്ദേഹം ഈ ജീവിത സായാഹ്നത്തിലും നിരന്തരം ബന്ധപ്പെട്ടു വരുന്നു. സ്കൂള്‍ വിദ്യാര്‍ത്ഥികളും കലാശാലാ അദ്ധ്യാപകരുമായും എല്ലാം ജൈവവൈവിധ്യം നിരീഷണങ്ങളിലും അദ്ദേഹം ഏര്‍പ്പെടുന്നുണ്ട്. 2002-ലെ ഇന്ത്യ ബയോഡൈവേഴ്സിറ്റി ആക്ട് ഉണ്ടാക്കിയ സമിതിയില്‍ ഡോ. ഗാഡ്ഗില്‍ അംഗമായിരുന്നു.
പശ്ചിമഘട്ടത്തിലെ ജൈവവൈവിധ്യം നിരീക്ഷിക്കുവാനായി ഉള്ള വിദ്യാഭ്യാസസ്ഥാപനങ്ങളുടെ ശൃംഖലയിലും അദ്ദേഹം സജീവമാണ്. തദ്ദേശവാസികളുടെ അറിവുകള്‍ ആധുനികമായ അറിവുകളുമായി കോര്‍ത്തിണക്കി പ്രകൃതിവിഭവങ്ങള്‍ കൈകാര്യം ചെയ്യാന്‍ ഉപയോഗിക്കണമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. നാട്ടുജൈവവൈവിധ്യത്തിന്റെ പട്ടിക ഉണ്ടാക്കാനുള്ള ദേശവ്യാപകമായുള്ള പദ്ധതിയിലും ഡോ. ഗാഡ്ഗില്‍ സജീവമായി ഇടപെട്ടു. അന്താരാഷ്ട്ര തലത്തില്‍ അറിയപ്പെടുന്ന ഈ ശാസ്ത്രജ്ഞനെ രാജ്യ പത്മശ്രീയും പത്മവിഭൂഷണും നല്കി ആദരിച്ചിട്ടുണ്ട്.
പ്രണയം പശ്ചിമഘട്ടത്തോട്
മാധവ് ഗാഡ്ഗിലിന്റെ ആത്മകഥയുടെ പേര് 'പശ്ചിമഘട്ടം ഒരു പ്രണയകഥ' എന്നാണ്. അത് സത്യമാണ്. അദ്ദേഹത്തിന് ശരിക്കും പ്രണയം തന്നെയാണ് പശ്ചിമഘട്ടത്തോട് എന്നാണ് അടുത്തറിയുന്നവര്‍ പറയുന്നത്. ചരിത്രകാരന് രാമചന്ദ്ര ഗുഹ ഗാഡ്ഗിലിന്റെ ആത്മകഥയെക്കുറിച്ച് ഇങ്ങനെ എഴുതുന്നു-'പൂര്‍ണമായും ശാസ്ത്രത്തിനുവേണ്ടി സമര്‍പ്പിക്കപ്പെട്ട ആ ജീവിതം ആത്മകഥാരൂപത്തില്‍ വായനക്കാര്ക്കുമുന്നിലെത്തുമ്പോള്, നമ്മുടെ റിപ്പബ്ലിക്കിന്റെ ഭാവിയെപ്പറ്റി ആശങ്കയുള്ള ഓരോ ഇന്ത്യാക്കാരനും ഈ പുസ്തകം വായിച്ചിരിക്കേണ്ടതാണ്".
ഗോവയില്‍ ദുരൂഹസാഹചര്യത്തില്‍ മരിച്ച പരിസ്ഥിതിപ്രവര്‍ത്തകന്‍ ബിസ്മാര്‍ക്കിനാണ് ആത്മകഥയുടെ സമര്‍പ്പണം. പുനെയിലെ ബാല്യം, വിഖ്യാത സാമൂഹികശാസ്ത്രജഞയും ഗാഡ്ഗില്‍ കുടുംബത്തിന്റെ ആത്മമിത്രവുമായ ഐരാവതി കാര്വെയുമൊത്തുള്ള ഗവേഷണയാത്രകള്‍, സാലിം അലി, അംബേദ്കറും തന്റെ പിതാവുമായുണ്ടായിരുന്ന സൗഹൃദം തുടങ്ങി ഒട്ടേറെ ഓര്മകളുള്ക്കൊള്ളുന്നതാണ് ആത്മകഥ. പക്ഷിനിരീക്ഷണത്തില്‍ നിന്ന് ലോകപ്രശസ്തനായ പരിസ്ഥിതിശാസ്ത്രജ്ഞനിലേക്കുള്ള ഗാഡ്ഗിലിന്റെ വളര്‍ച്ചയുടെ കഥകൂടിയാണ് ഈ ആത്മകഥ.
2013-ലാണ് ഗാഡ്ഗിലിന്റെ ആത്മകഥ എട്ടു ഭാഷകളിലായി പുറത്തിറങ്ങിയത്. പുസ്തക പ്രകാശന ചടങ്ങില്‍ ഗാഡ്ഗിലും പ്രശസ്ത എഴുത്തുകാരനും ചരിത്രകാരനുമായ രാമചന്ദ്ര ഗുഹയും തമ്മിലുള്ള ആശയവിനിമയവും ശ്രദ്ധേയമായിരുന്നു. പിതാവും സാമ്പത്തിക വിദഗ്ധനുമായ ധനഞ്ജയ് രാമചന്ദ്ര ഗാഡ്ഗിലുമായുള്ള തന്റെ ആദ്യകാല ഓര്‍മ്മകളും അദ്ദേഹം പങ്കുവെച്ചു. പിതാവ് പ്രശസ്ത ശാസ്ത്രജ്ഞനായ സലിം അലിയുടെ സുഹൃത്തായിരുന്നു. പക്ഷിനിരീക്ഷണത്തിനായി അവര്‍ ബൈനോക്കലുറമായി വലിയ കുന്നുകള്‍ കയറുമെന്ന് മാധവ് ഗാഡ്ഗില്‍ പറഞ്ഞു. അങ്ങനെയാണ് ചെറുപ്പം മുതലേ അദ്ദേഹത്തിനും പ്രകൃതി സ്നേഹം ഉണ്ടാവുന്നത്.
നോബല്‍ സമ്മാന ജേതാവായ ശാസ്ത്രജ്ഞനായ വാസിലി ലിയോണ്റ്റിഫിനെ വിദ്യാര്‍ത്ഥിയായിരിക്കെ മാധവ് ഗാഡ്ഗില്‍ കണ്ടുമുട്ടിയതിന്റെ കഥ രാമചന്ദ്ര ഗുഹ പങ്കുവെച്ചു. മാധവ് ഗാഡ്ഗില്‍ വളര്‍ന്നുവരുമ്പോള്‍ നിങ്ങള്‍ എന്തായിരിക്കണമെന്ന് ലിയോണ്റ്റിഫ് ചോദിച്ചു, അതിന് ഗാഡ്ഗില്‍ ഒരു ജീവശാസ്ത്രജ്ഞനാകാന് ആഗ്രഹിക്കുന്നുവെന്ന് മറുപടി നല്കി. 'വളരെ നല്ലത്. നിങ്ങളുടെ പിതാവിന്റെ തൊഴില്‍ ഒരിക്കലും ഏറ്റെടുക്കരുത്, നിങ്ങളുടെ പിതാവ് അവന് ചെയ്യുന്ന കാര്യങ്ങളില്‍ നല്ലവനാണെങ്കിലും'- ലയോണ്ടിഫ് പറഞ്ഞു.
മാധവ് ഗാഡ്ഗിലിന്റെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട രണ്ട് ബന്ധങ്ങള്‍ ഭാര്യ സുലോചനയുമായും പശ്ചിമഘട്ടവുമായുള്ളതാണെന്ന് ഗുഹ ചൂണ്ടിക്കാട്ടി. പശ്ചിമഘട്ടം മുഴുവന്‍ തെക്കേ ആറ്റം വരെ നടന്നിട്ടുണ്ടെന്ന് ഗാഡ്ഗില്‍ പറഞ്ഞു. അതായത് വെറും 'ആം ചെയര്‍ സയന്റിസ്റ്റല്ല' അദ്ദേഹമെന്ന് ചുരുക്കം.
'മലയിടിക്കുമ്പോള്‍ ഹൃദയം തകരുന്നു'
കേരളത്തില്‍ നിന്ന് തുടങ്ങി മഹാരാഷ്ട്രയും കടന്ന് ഗുജറാത്ത് വരെ നീളുന്ന പശ്ചിമഘട്ടം നമ്മെ സംരക്ഷിച്ചു നിര്‍ത്തുന്ന പുതപ്പാണ് എന്നാണ് ഗാഡ്ഗില്‍ പറയാറുള്ളത്. പിന്നീട് അദ്ദേഹം, പശ്ചിമഘട്ട ജൈവ വിദഗ്ധസമിതിയുടെ തലവനായി. അപ്പോള്‍ നല്കിയ റിപ്പോര്‍ട്ടാണ് വിവാദമായത്. അതാണ് അദ്ദേഹത്തെ കേരളാ വിരുദ്ധനാക്കിയതും.
തന്റെ ജീവിതത്തിന്റെ നല്ലൊരു ഭാഗവും ഗാഡ്ഗില്‍ ചെലവിട്ടത് പശ്ചിമഘട്ടത്തിന് വേണ്ടിയാണ്. കേരളത്തില്‍ പശ്ചിമഘട്ടത്തിലെ പരിസ്ഥിതി ദുര്‍ബല മേഖലകളില്‍ 1700 അനധികൃത പാറമടകള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് മാധവ് ഗാഡ്ഗില്‍ നേരത്തേ ചൂണ്ടിക്കാട്ടിയിരുന്നു. 'പശ്ചിമഘട്ട നിരകളില്‍ 2700 പാറമടകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഇതില്‍ 1700 എണ്ണം അനധികൃതമാണ്. അവക്ക് കലക്ടര്‍ അനുമതി നല്‍കിയിട്ടില്ല. പഞ്ചായത്തുകള്‍ ഈ പാറമടകളുടെ പ്രവര്‍ത്തനാനുമതി നിഷേധിച്ചിട്ടുമുണ്ട്. പക്ഷേ, അവ ഇപ്പോഴും പ്രവര്‍ത്തിക്കുന്നു"-ഗാഡ്ഗില്‍ 2013-ല്‍ പറഞ്ഞതാണിത്. പശ്ചിമഘട്ട സംരക്ഷണ റിപ്പോര്‍ട്ട് തയാറാക്കാന്‍ കേരളത്തില്‍ എത്തിയപ്പോള്‍ ഈ പാറമടകള്‍ സന്ദര്‍ശിച്ചിരുന്നതായും അദ്ദേഹം വ്യക്തമാക്കി. അനധികൃതമായ പാറമടകള്‍ക്കെതിരെ കേരളത്തിലെ ജനങ്ങള്‍ക്ക് കടുത്ത പ്രതിഷേധമുണ്ട്. ഇവയെല്ലാം പരിസ്ഥിതി ദുര്‍ബല മേഖലകളിലാണ് പ്രവര്‍ത്തിക്കുന്നത്. പലതിലും യന്ത്രങ്ങള്‍ ഉപയോഗിച്ചാണ് കരിങ്കല്ലുകള്‍ പൊടിക്കുന്നത്. അനധികൃത ക്വാറികളെ നിയന്ത്രിച്ചില്ലെങ്കില്‍ വന്‍ പരിസ്ഥിതിനാശവും ദുരന്തവുമുണ്ടാകുമെന്നും ഗാഡ്ഗില്‍ മുന്നറിയിപ്പു നല്കി. നോക്കുക, വര്‍ഷങ്ങള്‍ക്ക് മുമ്പാണ് അദ്ദേഹം ഇത് പറഞ്ഞതെന്ന് ഓര്‍ക്കണം. .
'പശ്ചിമഘട്ട മലനിരകള്‍ ഇല്ലെങ്കില്‍ നമ്മുടെ ജീവിതമില്ല. അതിനെ സംരക്ഷിക്കുക അത്യാവശ്യമാണ്. വിദേശ രാജ്യങ്ങള്‍ ഒന്നും തന്നെ 20 ഡിഗ്രിയില്‍ കുടുതല്‍ ചെരിവുള്ള മേഖലകളില്‍ ഒരു നിര്‍മ്മാണ പ്രവര്‍ത്തനവും നടത്തില്ല. പക്ഷേ നാം അനധികൃതമായിപ്പോലും എന്തെല്ലാം പണികളാണ് നടത്തുന്നത്"- ഗാഡ്ഗില്‍ പറുന്നു. ഗാഡ്ഗില്‍ റിപ്പോര്‍ട്ട് പ്രകാരം പശ്ചിമഘട്ടത്തെ മൂന്ന് പരിസ്ഥിതിലോല മേഖലകളായി തരംതിരിച്ചിട്ടുണ്ട്. ഇതുപ്രകാരം, മുണ്ടക്കൈ ഇ.എസ്.ഇസഡ്-1 ന് കീഴിലാണ് ഉളളത്. അതായത് വളരെ ലോലമായ ഈ പ്രദേശങ്ങളില്‍ ഏറ്റവും ഉയര്‍ന്ന പ്രകൃതി സംരക്ഷണം ആവശ്യമാണ് എന്നാണ് നിര്‍ദേശിച്ചിട്ടുളളത്.
അതുകൊണ്ടാണ്, മുണ്ടക്കൈ-ചൂരല്‍മല ദുരന്തം മനുഷ്യനിര്‍മിതമാണ് എന്നാണ് ഡോ. ഗാഡ്ഗില്‍ പറഞ്ഞത്. തന്റെ സമിതിയുടെ ശുപാര്‍ശകള്‍ നടപ്പാക്കിയിരുന്നെങ്കില്‍, ദുരന്തം ഒഴിവാക്കാമായിരുന്നെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഈ പ്രദേശങ്ങളില്‍ മനുഷ്യ ഇടപെടലുകള്‍ മൂലം ഒരു വികസനവും നടത്താന്‍ പാടില്ലായിരുന്നുവെന്നും വയനാട് ദുരന്തത്തിന് ശേഷം ഡോ. ഗാഡ്ഗില്‍ അഭിപ്രായപെപടുന്നു.
പശ്ചിമഘട്ട മേഖലയിലുടനീളം വയനാട്ടിലും ഇടുക്കിയിലും പ്രത്യേകിച്ച്, നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കായി മലയോരങ്ങള്‍ ഇടിച്ചു നിരത്തിയിരിക്കുന്ന അവസ്ഥ കാണാവുന്നതാണ്. പാറകള്‍ തുരക്കുന്നതിനായി വന്‍ ക്വാറികള്‍, മര കൊളളക്കാര് മുറിച്ചു മാറ്റിയ വലിയ മരങ്ങള്‍, കൃഷിക്കും പാര്‍പ്പിടത്തിനുമായി കുടിയേറ്റക്കാര്‍ നിരപ്പാക്കിയ കുന്നുകള്‍ എന്നിവ ഇവിടങ്ങളില്‍ ഉടനീളം ദൃശ്യമാണ്. പശ്ചിമഘട്ടത്തെ ഇടിച്ചുതകര്‍ക്കുന്നത് കാണുമ്പോള്‍ അനുകൂലിച്ചത് പരിഷത്തും ആര്‍എസ്എസും മാത്രം
അടിമുടി ജനാധിപത്യവാദിയാണ് ഗാഡ്ഗില്‍. ജനങ്ങളെകൂടി പങ്കെടുപ്പിക്കാതെ ഒരു പദ്ധതിയും നടത്തരുത് എന്നാണ് അദ്ദേഹം പറഞ്ഞത്. 'ഏതു ഗ്രാമത്തില്‍ നിലവില്‍ വരുന്ന ഏതു പദ്ധതികളെപ്പറ്റിയും തീരുമാനമെടുക്കേണ്ടത് ആ ഗ്രാമത്തിലെ ജനങ്ങളാവണം. ഗ്രാമങ്ങളിലെ കര്‍ഷകരും, മുക്കുവരും, ആദിമനിവാസികളുമാണ് പ്രകൃതിയെ പരിപാലിക്കുന്നവരും സംരക്ഷിക്കുന്നവരും. കാരണം അവര്‍ക്കാണ് പ്രകൃതിയുടെ വിലയറിയുന്നതും, അതിനെ എങ്ങനെ സംരക്ഷിക്കണമെന്ന് അറിയുന്നതും. അവരെ കുടി ചേര്‍ത്തുവെക്കാതെ ഒരു വികസനവും നടത്തരുത്"- ഗാഡ്ഗില്‍ പറയുന്നു.
ഭൗതികസൗകര്യങ്ങള്‍ക്കുവേണ്ടിയുള്ള വികസനപ്രവര്‍ത്തനങ്ങള്‍ സന്തുലിതാവസ്ഥയെ തകര്‍ത്തുകൊണ്ടാവരുത് എന്ന തിരിച്ചറിവ് ഭരണകൂടങ്ങള്‍ക്കെന്ന പോലെ പൊതുജനങ്ങള്‍ക്കും ഉണ്ടാവണമെന്നാണ്, മാധവ് ഗാഡ്ഗില്‍ കമ്മിറ്റി റിപ്പോര്‍ട്ടില്‍ പറഞ്ഞിരിക്കുന്നത്. ദുര്‍ബ്ബല മേഖലകളെ തരംതിരിച്ച് അതിനനുസൃതമായ രീതിയില്‍ പ്രവര്‍ത്തനങ്ങള്‍ ചിട്ടപ്പെടുത്തണമെന്ന് റിപ്പോര്‍ട്ട് പറയുന്നു. എന്നിട്ടും എത്ര അവജ്ഞയോടെയാണ് കേരളം അതിനെ സമീപിച്ചത് എന്നോര്‍ക്കണം.
എന്നാല്‍ കാര്യങ്ങള്‍ ഒന്നും വേണ്ടത്ര പഠിക്കാതെ ഗാഡ്ഗില്‍ റിപ്പോര്‍ട്ടിനെതിരെ ജനങ്ങളെ ഇളക്കി വിടാനാണ്, ഇവിടുത്തെ രാഷ്ട്രീയക്കാര്‍ ശ്രമിച്ചത്. രണ്ട് വിരുദ്ധചേരിയില്‍ നില്ക്കുന്ന സംഘടനകളായ, കേരള ശാസ്ത്രസാഹിത്യ പരിഷത്തും, ആര്‍എസ്എസും മാത്രമാണ് ഗാഡ്ഗില്‍ റിപ്പോര്‍ട്ട് നടപ്പാക്കണമെന്ന് വാദിച്ചത്. ബാക്കി മുഴുവന്‍ സംഘടനകളും ഗാഡ്ഗിലിന് എതിരായിരുന്നു. ഗാഡ്ഗിലാണ് മലയോര കര്‍ഷകരുടെ മനസ്സില്‍ തീകൊരിയിട്ടതെന്ന് കേരള വനംവകുപ്പ് മന്ത്രി പോലും പറഞ്ഞത്. ഇതിനെതിരെ, മാതൃഭൂമിക്ക് നല്കിയ അഭിമുഖത്തില്‍ ഗാഡ്ഗില്‍ ഇങ്ങനെ പ്രതികരിക്കുന്നു-'ഞാന്‍ പരിസ്ഥിതി ശാസ്ത്രജ്ഞനാണ്. ഒപ്പം ജനാധിപത്യത്തെ അത്രമാത്രം ഞാന്‍ സ്നേഹിക്കുന്നുണ്ട്. പശ്ചിമഘട്ട മലനിരകള്‍ സംരക്ഷിക്കപ്പെടുക തന്നെ വേണം. ഞാനൊരിക്കലും ആരുടെയും മനസ്സില്‍ തീ കോരിയിട്ടിട്ടില്ല. ഭാവിയെ മുന്‍ നിര്‍ത്തിയാണ് കാര്യങ്ങള്‍ പറഞ്ഞത്. മന്ത്രിക്ക് അദ്ദേഹത്തിന്റെ അഭിപ്രായം പറയാന്‍ അവകാശമുണ്ട്. അദ്ദേഹം, അദ്ദേഹത്തിന്റെ അഭിപ്രായം പറയട്ടെ. ഞാന്‍ എന്റേതും."
വേട്ടയാവാമെന്ന് ഗാഡ്ഗില്‍
എതിരാളികള്‍ ആരോപിക്കുന്നപോലെ വെറും പരിസ്ഥിതി മൗലികവാദിയല്ല മാധവ് ഗാഡ്ഗില്‍. കേരളത്തില്‍ വന്യമൃഗ ആക്രമണങ്ങള്‍ പതിവായപ്പോള്‍, വിദേശരാജ്യങ്ങളെ മാതൃകയാക്കി നിയന്ത്രിതമായ തോതില്‍ വേട്ടയാവാം എന്നാണ് അദ്ദേഹം പറഞ്ഞത്. കഴിഞ്ഞവര്‍ഷം, മാധവ് ഗാഡ്ഗില്‍ മാതൃഭൂമി പ്രതിനിധി എന്‍. ശ്രീജിത്തിന് അനുവദിച്ച അഭിമുഖത്തില്‍ ഇങ്ങനെ പറയുന്നു. 'വന്യമൃഗങ്ങളെ നിയന്ത്രിതമായ രീതിയില്‍ വേട്ടയാടുന്നത് അവയുടെ എണ്ണം കുറയ്ക്കാനും വനത്തിനടുത്ത് ജീവിക്കുന്നവരെ മൃഗങ്ങളില്‍നിന്ന് സംരക്ഷിക്കാനും സാധ്യമാക്കും. ജീവനും സ്വത്തിനും ഭീഷണിയാകുന്ന വന്യജീവികളെ കൊല്ലരുതെന്ന് പറയുന്നത് ഭരണഘടനാ വിരുദ്ധമാണ്. വന്യമൃഗങ്ങളെ നിയന്ത്രിതമായി വേട്ടയാടേണ്ടത് ഇന്നത്തെ കാലത്തെ ഏറ്റവും വലിയ ആവശ്യങ്ങളിലൊന്നാണ്. 1972-ലെ വന്യജീവി സംരക്ഷണനിയമം മനുഷ്യര്‍ക്ക് മൃഗങ്ങളുടെ ആക്രമണത്തില്‍നിന്ന് സ്വയം പ്രതിരോധിക്കാനുള്ള അവകാശത്തെ നിഷേധിക്കുന്നതാണ്. സംരക്ഷിത വനമേഖലയ്ക്ക് പുറത്തിറങ്ങി മനുഷ്യന്റെ ആവാസ മേഖലയില്‍ അതിക്രമിച്ചു കടക്കുന്ന വന്യജീവികളെ കൊല്ലുന്നതില്‍ തെറ്റില്ല. ഇന്ത്യയില്‍ മാത്രമാണ് രാജ്യവ്യാപകമായി മൃഗവേട്ടയ്ക്ക് നിരോധനമുള്ളത്. പ്രകൃതിയുടെ സന്തുലിതാവസ്ഥ നിലനിര്‍ത്തിക്കൊണ്ടുള്ള വന്യജീവി സംരക്ഷണമാണ് വേണ്ടത്.
വന്യജീവികളെ സംബന്ധിച്ച കൃത്യമായ കണക്കുകളില്ല. കാട്ടുപന്നികളുടെയും കടുവകളുടെയും ആക്രമണത്തില്‍ കൊല്ലപ്പെടുന്ന ആളുകളുടെ എണ്ണം കൂടിവരുകയാണ്. വന്യജീവികള്‍ക്ക് മനുഷ്യനെ കൊല്ലാം, സ്വയംരക്ഷയ്ക്കുപോലും വന്യജീവികളെ കൊല്ലാന്‍ പാടില്ലെന്നുമുള്ള നിലപാട് മണ്ടത്തരമാണ്. വന്യമൃഗങ്ങളുടെ എണ്ണം സംബന്ധിച്ച് സര്‍ക്കാര്‍ വകുപ്പുകളുടെ കൈവശമുള്ള കണക്കുകള്‍ പലതും നുണയാണ്. മനുഷ്യജീവന് ഭീഷണിയാകുന്ന വന്യമൃഗങ്ങളെ വേട്ടയാടാന്‍ അനുമതി നല്‍കണം. തദ്ദേശ ഭരണ സ്ഥാപനങ്ങള്‍ക്ക് ഇതിന് അധികാരം നല്‍കണം. വേട്ടയ്ക്ക് ലൈസന്‍സ് നല്‍കുന്നതടക്കമുള്ള കാര്യങ്ങളില്‍ തദ്ദേശഭരണ സ്ഥാപനങ്ങള്‍ക്ക് തീരുമാനമെടുക്കാന്‍ അനുവാദം നല്‍കണം. കേന്ദ്രവനം പരിസ്ഥിതി മന്ത്രാലയം നാട്ടുകാരുമായി ആശയവിനിമയം നടത്തി മൃഗങ്ങളുടെ പട്ടിക തയ്യാറാക്കണം.
നിയന്ത്രണങ്ങളോടു കൂടിയ വേട്ട മൃഗങ്ങളുടെ വംശനാശത്തിന് കാരണമാകില്ല. വനത്തില്‍ ജീവിക്കുന്നവരെ മൃഗങ്ങളില്‍നിന്ന് സംരക്ഷിക്കാനും സഹായകമാകും. കാട്ടില്‍ ജീവിക്കുന്ന മനുഷ്യരുടെ അവസ്ഥകൂടി നഗരത്തില്‍ കഴിയുന്ന തീവ്ര പ്രകൃതി സംരക്ഷണവാദികള്‍ അനുഭവിച്ചറിയണം. വന്യജീവി സംരക്ഷണനിയമം കാലോചിതമായി പരിഷ്കരിക്കണം. അമേരിക്കയും ഇംഗ്ലണ്ടും ആഫ്രിക്കന്‍ രാജ്യങ്ങളും മൃഗവേട്ട അനുവദിക്കുന്നുണ്ട്. കടുവവേട്ട പൂര്‍ണമായും നിരോധിക്കുന്നത് യുക്തിഭദ്രമായ കാര്യമായിതോന്നുന്നില്ല. പക്ഷികളെയോ മൃഗങ്ങളെയോ വേട്ടയാടുന്നതുകൊണ്ടല്ല, മറിച്ച് കീടനാശിനിയുടെ അനിയന്ത്രിതമായ ഉപയോഗം പോലുള്ള മറ്റ് കാര്യങ്ങളാണ് ജൈവവൈവിധ്യം നശിപ്പിക്കുന്നത്."- ഗാഡ്ഗില്‍ പറയുന്നു.
1972 ലെ വന്യജീവി സംരക്ഷണ നിയമം ഭരണഘടനാവിരുദ്ധമാണെന്നും ഇതു റദ്ദാക്കേണ്ട സമയമായെന്നും മാധവ് ഗാഡ്ഗില്‍ പറഞ്ഞു. 1972 നു മുന്‍പ് ആന, മാന്‍, കടുവ തുടങ്ങിയ മൃഗങ്ങളെ ഇന്ത്യയില്‍ വേട്ടയാടിയിരുന്നു. ഇത്ര യുക്തിരഹിതമായ മറ്റൊരു നിയമം വേറൊരു രാജ്യത്തുമില്ല.
ഡോ. സാലിം അലി പോലും മികച്ച വേട്ടക്കാരനായിരുന്നു. കടുവകളെയും പുലികളെയും മറ്റും അദ്ദേഹം സ്ഥിരമായി വേട്ടയാടിയിരുന്നു. കടുവകളും അതുപോലെയുള്ള വന്യജീവികളും സംരക്ഷിക്കപ്പെടേണ്ടത് ദേശീയോദ്യാനങ്ങളിലാണെന്നും പുറത്തല്ലെന്നും ഗാഡ്ഗില്‍ പറഞ്ഞു. യൂറോപ്യന്‍ രാജ്യങ്ങളില്‍, മ്ലാവ്, മാനുകള്‍ എന്നിവയെ ലൈസന്‍സുള്ളവര്‍ക്കു വേട്ടയാടാം. എത്രത്തോളം വേട്ട നടത്താമെന്ന് തദ്ദേശ സ്ഥാപനങ്ങളാണ് തീരുമാനിക്കുന്നത്. 2002 ലെ ജൈവവൈവിധ്യ നിയമം തദ്ദേശ സമൂഹങ്ങള്‍ക്ക് എങ്ങനെ ജൈവവൈവിധ്യം പരിപാലിക്കാമെന്നു മാര്‍ഗനിര്‍ദേശം നല്‍കുന്നുണ്ട്. ജൈവവൈവിധ്യ മാനേജ്മെന്റ് കമ്മിറ്റികളാണ് ഇത്തരം കാര്യങ്ങള്‍ തീരുമാനിക്കേണ്ടത്, വനംവകുപ്പ് അല്ല"- ഗാഡ്ഗില്‍ പറയുന്നു.
വന്യമൃഗ പ്രശ്നത്തിനാണെങ്കിലും പ്രകൃതി ദുരന്തത്തിന്റെ കാര്യത്തിലായാലും, നമുക്ക് മാതൃകയാക്കാനുള്ളത് സ്കാന്‍ഡനേവിയന്‍ രാജ്യങ്ങളെയാണെന്ന് അദ്ദേഹം പറയുന്നു. "നിയന്ത്രിതമായ വേട്ട അവര്‍ അനുവദിക്കുന്നു, സ്കാന്ഡിനേവിയന് രാജ്യങ്ങളായ നോര്‍വേയും സ്വീഡനും ഉദാഹരണം. വന്യജീവികളെ പുനരുപയോഗപ്രദമായ പ്രകൃതിവിഭവമായാണ് ഈ രാജ്യത്തെ ആളുകള്‍ കരുതുന്നത്. അതിനാല്‍ തന്നെ സൂക്ഷ്മമായി നിയന്ത്രിത വിളവെടുപ്പ് ഈ വിഭവത്തിന്മേല് നടത്താമെന്ന് അവര്‍ കരുതുന്നു.അനധികൃത വേട്ട പ്രോത്സാഹിപ്പിക്കപ്പെടരുത്. വിവേചനരഹിതമായ വേട്ട, വംശനാശത്തിനു കാരണമാകും. ചെന്നായ്ക്കള്‍ ഇന്ത്യയില്‍ ഭീഷണിയിലാണ്. ചീങ്കണ്ണികളും ഭീഷണി നേരിടുന്നു. എന്നാല്‍, ഇതു വേട്ട കാരണമല്ല. നദികളിലെ മലിനീകരണമാണ് പ്രശ്നം"- ഗാഡ്ഗില്‍ പറയുന്നു. നോക്കുക ഈ മനുഷ്യനെ പിന്നെ എങ്ങനെയാണ് പരിസ്ഥിതി മൗലികവാദിയായി വിലയിരുത്താന്‍ കഴിയുക.
വിമര്‍ശനങ്ങളും ഒട്ടേറെ
എന്നാല്‍ മാധവ് ഗാഡ്ഗിലിനുനേരെ കടുത്ത വിമര്‍ശനങ്ങളും ഉയരുന്നുണ്ട്. അതില്‍ എറ്റവും പ്രധാനം ഗാഡ്ഗില്‍ റിപ്പോര്‍ട്ട് നടപ്പായാല്‍, കേരളത്തിലെ മലയോരങ്ങള്‍ യാതൊരു വികസനവുമില്ലാതെ മുരടിക്കുമെന്നായിരുന്നു. പാറക്കല്ലും കോണ്‍ക്രീറ്റും വെച്ചുള്ള പരിപാടികളൊക്കെ നിരപ്പായ പ്രദേശത്തെ ആളുകള്‍ക്ക് മതി, മലയോരത്തിന് വെറും മണ്ണും തടിയും മതിയെന്നാണോ ഗാഡ്ഗില്‍ ഉദ്ദേശിക്കുന്നതെന്ന് വിമര്‍ശനം ഉയര്‍ന്നു. പശ്ചിമഘട്ടത്തില്‍ പാറ പൊട്ടിക്കരുത്, വലിയ നിര്‍മിതികള്‍ പാടില്ല, ജൈവകൃഷി മാത്രം ചെയ്യണം എന്നതൊക്കെ അശാസ്ത്രീയവും അപ്രായോഗികവുമായ നിര്‍ദ്ദേശങ്ങളാണെന്ന് വിമര്‍ശനം ഉയര്‍ന്നു.
ഇതുസംബന്ധിച്ച് ഷിന്റോ പോള്‍ എന്ന സോഷ്യല്‍ മീഡിയ ആക്റ്റീവിസ്റ്റിന്റെ പോസ്റ്റ് ഇങ്ങനെയാണ്-'ഓരോ പ്രദേശത്തെ ഓരോ പ്ലോട്ടിലും മണ്ണിന്റെ ഘടനയും വെള്ളപ്പാച്ചിലും ചെരിവും ഇരിപ്പു വശവുമൊക്കെ നോക്കി ശരിയായി ജിയോളജിക്കല്‍ അസസ്മെന്റ് നടത്തി മാത്രം നിര്‍മ്മാണാനുമതി നല്‍കുന്നതാണ് ശാസ്ത്രീയ രീതി. അല്ലാതെ നാടുതിരിച്ച് ഓരോരോ ചാപ്പ കുത്തി ആളുകളെ ഭീതിയിലാഴ്ത്തുന്നത് അപ്രായോഗികതയാണ്. പശ്ചിമഘട്ടത്തിലെ കൃഷിക്ക് രാസവളം ഉപയോഗിക്കരുത്. വാര്‍ഷിക വിളകള്‍ പാടില്ല തുടങ്ങിയവയാണ് ഗാഡ്ഗില്‍ മാമന്റെ റിപ്പോര്‍ട്ടിലെ പ്രധാന ഹൈലൈറ്റുകള്‍.
പിന്നെ പാറക്വാറികള്‍. അത് മാമന് തീരെ കണ്ടുകൂടാ. മഹാരാഷ്ട്രയിലെ ഏതോ നഗരത്തില്‍ മാമന് താമസിക്കുന്നത് പാറ പൊട്ടിക്കാത്ത വള്ളിക്കുടിലിലോ ഗുഹയിലോ മറ്റോ ആയിരിക്കണം. കേരളത്തിലെ അദ്ദേഹത്തിന്റെ ആര്‍മി അംഗങ്ങളും അങ്ങനെയാണല്ലോ. പലരുടേയും ധാരണ ഇദ്ദേഹം ഒരു ജിയോളജിസ്റ്റ് ആന്നെന്നാണ്. പക്ഷേ പുള്ളി പഠിച്ചത് ബയോളജിയും സുവോളജിയുമാണ്. കൃഷി ആപ്പീസറായി പിന്നീട് പരിസ്ഥിതിയിലേക്ക് തിരിഞ്ഞു. പാറക്കോറികള്‍ ഒരു തരത്തിലും ഉരുള്‍പൊട്ടലിന് കാണമാവുന്നില്ല എന്ന് വിദഗ്ധരായ നിരവധി ഭൗമശാസ്ത്രജ്ഞര്‍ അടിവരയിട്ട് പറയുന്നുണ്ട്. പക്ഷേ മാമന് പറയുന്നതാണ് നാട്ടിലെ വാട്ട്സാപ്പ് മാമന്മാര്ക്ക് വേദവാക്യം.അല്ലെങ്കില്‍ത്തന്നെ ഈ ചൂരല്‍മലയുടെ കാര്യം നോക്കുക കുറഞ്ഞത് പത്തു കിലോമീറ്ററിനുള്ളില്‍ ഒരു ക്വാറി പോലുമില്ല.
മഴ ശക്തിപ്പെടുമ്പോള്‍, റെഡ് ഓറഞ്ച് അലര്‍ട്ടുകള്‍ വരുമ്പോള്‍ ഇത്തരം പ്രദേശങ്ങളില്‍ നിന്ന് മാറി നില്ക്കുക എന്നതല്ലാതെ തല്ക്കാലം വേറെ വഴികളൊന്നുമില്ല. പ്രഭവസ്ഥാനത്തിന് നാലു കിലോമീറ്ററപ്പുറം മുണ്ടക്ക പ്രദേശവും കഴിഞ്ഞാണ് ചായത്തോട്ടങ്ങളും മറ്റും വരുന്നത്. താഴെ ചായത്തോട്ടം വന്നതുകൊണ്ട് നാലുകിലോമീറ്റര്‍ മുകളില്‍ ഉരുള്‍ പൊട്ടി എന്ന തിയറിയും കൊണ്ട് ഈ വഴിക്ക് ആരും വരരുത്. അനാവശ്യമായ കാല്‍പ്പനിക പരിസ്ഥിതി പ്രേമം വിതറാതിരുന്നെങ്കില് ആവശ്യത്തിന് പാറ ഉണ്ടായിരുന്നെങ്കില്‍ ആളുകള്‍ നല്ല കയ്യാലകളും കെട്ടിടങ്ങളും ഉണ്ടാക്കിയേനെ. കുറച്ചു പേര് കൂടി മരിക്കാതിരുന്നേനെ. നോര്‍വേയിലും സ്വിസിലുമൊക്കെ ഉരുള്‍പൊട്ടല്‍ ഉണ്ടാവാറുണ്ട്. ഒരു മാതിരി എല്ലാ വീടുകളും ചെരിവുകളില്‍ ആണുള്ളത്. പക്ഷേ എല്ലാ ചെരിവുകളും കൂറ്റന്‍ പാറക്കല്ലുകള്‍ കൊണ്ടുവന്ന് കെട്ടി ഭദ്രമാക്കിയിട്ടുണ്ടാവും. അതത് പ്രാദേശത്തെ ഏറ്റവും അടുത്ത ഉറവിടത്തില്‍ നിന്നും പാറ പൊട്ടിച്ചെടുക്കാന്‍ അവര്‍ക്ക് മടിയില്ല".- ഇങ്ങനെ പോകുന്ന ഗാഡ്ഗിലിനു നേരെയുള്ള വിമര്‍ശനങ്ങള്‍.
പക്ഷേ എന്തൊക്കെയായാലും ഒരു കാര്യം ഉറപ്പാണ്. മാധവ് ഗാഡ്ഗില്‍ റിപ്പോര്‍ട്ട് പൂര്‍ണ്ണമായും തള്ളിക്കളയേണ്ട ഒന്നല്ല. അതിന്റെ പ്രധാന ഭാഗങ്ങളെങ്കിലും നമുക്ക് നടപ്പാക്കാന്‍ കഴിയണം. ഒരുകാലത്ത് കേരളം ഭീകരനാക്കി ഓടിച്ച പരിസ്ഥിതി ശാസ്ത്രജ്ഞനോടുള്ള പ്രായശ്ചിത്തം കൂടിയാവട്ടെ അത്.
വാല്ക്കഷ്്ണം: കേരളത്തിലെ മലയോരങ്ങള്‍ ഉരുള്‍പൊട്ടല്‍ സാധ്യതാമേഖലയാണെന്നും, അതുകൊണ്ടുതന്നെ പ്രാദേശിക തലത്തില്‍ രക്ഷാപ്രവര്‍ത്തനം അടക്കമുള്ള കാര്യങ്ങള്‍ക്കായി പരിശീലനം കൊടുത്ത വളണ്ടിയര്‍ ഗ്രൂപ്പ് ഉണ്ടാക്കണമെന്നും ഗാഡ്ഗില്‍ റിപ്പോര്‍ട്ടില്‍ പറയുന്നു. ഈ വൈകിയ വേളയിലെങ്കിലും അത്തരം ഒരു സംരഭത്തിനുനേരെ കേരളം മുഖം തിരിക്കരുത്.