ലോകത്തിന്റെ സാമ്പത്തിക തലസ്ഥാനമെന്ന് വിശേഷിപ്പിക്കപ്പെടുന്ന നഗരം. ടെക്ക്നോളജിയുടെയും, ഫാഷന്റെയും, വിനോദത്തിന്റെയും, വിജ്ഞാനത്തിന്റെയും അവസാനവാക്കായ നഗരം. അതാണ് ന്യൂയോര്‍ക്ക് സിറ്റി. അമേരിക്കന്‍ ഐക്യനാടുകളിലെ ഏറ്റവും ജനസംഖ്യയുള്ള നഗരം. ഒരു ആഗോള നഗരമെന്നു വിശേഷിപ്പിക്കാവുന്ന ഇവിടെ 90 ലക്ഷത്തോളം ജനങ്ങള്‍ വസിക്കുന്നു. ബ്രോങ്ക്സ്, ബ്രൂക്ക്ലിന്‍, മന്‍ഹാട്ടന്‍, ക്വീന്‍സ്, സ്റ്റേറ്റന്‍ ദ്വീപുകള്‍ എന്നീ അഞ്ച് ഉപനഗരങ്ങള്‍ കൂടിച്ചേര്‍ന്ന്, 830 ചതുരശ്ര കിലോമീറ്ററില്‍ 90ലക്ഷത്തോളം ജനം താമസിക്കുന്ന ഈ മഹാ നഗരം, വടക്കേ അമേരിക്കയിലെ ഏറ്റവും ജനസാന്ദ്രത കൂടിയ പ്രദേശമാണ്. രണ്ടാം ലോകമഹായുദ്ധം മുതല്‍ക്കേ ന്യൂയോര്‍ക്ക് പ്രബലമായ ആഗോള വാണിജ്യകേന്ദ്രമായിരുന്നു. ഈ നഗരത്തിലെ ജനസംഖ്യയുടെ 36 ശതമാനവും വിദേശത്തു ജനിച്ചവരാണ്. ഏകദേശം 170 വിവിധ ഭാഷകള്‍ സംസാരിക്കുന്ന ജനങ്ങള്‍ ന്യൂയോര്‍ക്കില്‍ ഉണ്ടെന്നാണ് കണക്ക്.

ഇങ്ങനെ ലോകത്തിന്റെ തലസ്ഥാനം എന്ന് പറയാവുന്ന ഈ നഗരത്തിന്റെ മേയറായി, ഒരു ഇന്ത്യന്‍ വംശജന്‍ തിരഞ്ഞെുടക്കപ്പെട്ടിരിക്കയാണ്. ന്യൂയോര്‍ക്കിന്റെ ചരിത്രത്തിലെ ഏറ്റവും പ്രായംകുറഞ്ഞ മേയറായാണ് ഡെമക്രാറ്റിക് സ്ഥാനാര്‍ഥി സൊഹ്‌റാന്‍ മംദാനി തിരഞ്ഞെടുക്കപ്പെട്ടത്. 34-കാരനായ അദ്ദേഹം ന്യൂയോര്‍ക്കിന്റെ ആദ്യത്തെ മുസ്ലീം മേയറും ആദ്യത്തെ ദക്ഷിണേഷ്യന്‍, ഇന്ത്യന്‍ വംശജനായ മേയറുമാണ്. ട്രംപിന്റെ കടുത്ത എതിരാളിയായ മംദാനി, അദ്ദേഹത്തെ വെല്ലുവിളിച്ചാണ് ഡെമോക്രാറ്റുകളുടെ പരമ്പരാഗത ശക്തികേന്ദ്രം നിലനിര്‍ത്തിയത്. ഇന്ത്യന്‍ സംവിധായിക മീര നയ്യാറുടെയും, ഇന്ത്യയില്‍ വേരുകളുള്ള ഉഗാണ്ടന്‍ എഴുത്തുകാരന്‍ മഹ്‌മൂദ് മംദാനിയുടെയും മകനാണ് സൊഹ്റാന്‍ മംദാനി, കടുത്ത ഫലസ്തീന്‍ അനുകുലിയും ഇസ്രയേല്‍ വിരുദ്ധനുമാണ്. രാഷ്ട്രീയപരമായി ഇന്ത്യക്കൊപ്പം അദ്ദേഹം നില്‍ക്കുന്നില്ലെങ്കിലും, ഇന്ത്യയിലും അദ്ദേഹത്തിന്റെ വിജയം വലിയ ചര്‍ച്ചയാണ്.

യുഎസിലെ മേയര്‍, -ഗവര്‍ണര്‍ തിരഞ്ഞെടുപ്പുകളില്‍ ഇന്ത്യയ്ക്ക് ഇരട്ടിമധുരമാണ്. ന്യൂയോര്‍ക്ക് മേയറായി മംദാനി തിരഞ്ഞെടുക്കപ്പെട്ടതിന് പുറമേയാണ് വെര്‍ജീനിയയിലും ഇന്ത്യന്‍ വംശജയായ സ്ത്രീ തിരഞ്ഞെടുപ്പില്‍ ജയിച്ചത്. ഇന്ത്യന്‍ വംശജയും ഡെമക്രാറ്റിക് സ്ഥാനാര്‍ഥിയുമായ ഗസാല ഹാഷ്മിയാണ് വെര്‍ജീനിയയില്‍ ലെഫ്. ഗവര്‍ണറായി തിരഞ്ഞെടുക്കപ്പെട്ടത്. വെര്‍ജീനിയയിലെ ആദ്യത്തെ മുസ്ലിം ലെഫ്. ഗവര്‍ണര്‍, ഈ പദവിയിലെത്തുന്ന ആദ്യത്തെ ദക്ഷിണേഷ്യന്‍ വംശജ എന്നീ നേട്ടങ്ങളും ഇനി ഗസാലയ്ക്ക് സ്വന്തം.




ഡൊണാള്‍ഡ് ട്രംപ് വീണ്ടും അമേരിക്കന്‍ പ്രസിഡന്റായതിന് ശേഷം രാജ്യത്ത് നടന്ന പ്രധാന തിരഞ്ഞെടുപ്പുകളിലാണ് റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്ക് കനത്ത പരാജയം ഏറ്റുവാങ്ങേണ്ടിവന്നത്. ന്യൂയോര്‍ക്ക്, വിര്‍ജിനിയ, ന്യൂജേഴ്‌സ് എന്നീ മൂന്ന് പ്രധാനനഗരങ്ങളിലും ഡെമോക്രാറ്റിക് സ്ഥാനാര്‍ഥികള്‍ക്കായിരുന്നു വിജയം. അടുത്തവര്‍ഷം യുഎസ് കോണ്‍ഗ്രസിലേക്കുള്ള ഇടക്കാല തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ ഡെമോക്രാറ്റിക് പാര്‍ട്ടിക്ക് ഇത് വലിയ ആത്മവിശ്വാസമാണ് സമ്മാനിക്കുന്നത്.

അമേരിക്കയില്‍ ട്രംപിസം അവസാനിക്കുന്നതിന്റെ സൂചനയാണ് ഇതിനെ വിലയിരുത്തുന്നത്. എന്തായിരുന്നു മംദാനിയുടെ തന്ത്രം? ഇനിയുള്ള അദ്ദേഹത്തിന്റെ ഭാവിയെന്താണ്? ലോകം കാത്തിരിക്കുന്ന ചോദ്യങ്ങളാണിവ.

ന്യൂയോര്‍ക്കിന്റെ സിഇഒ!

നമ്മുടെ നാട്ടില്‍, നഗരപിതാവ് എന്നാണ് മേയറെ വിളിക്കുന്നതെങ്കിലും അവര്‍ക്ക് കാര്യമായ അധികാരങ്ങള്‍ ഒന്നുമില്ല എന്ന് ഏവര്‍ക്കും അറിയാം. പക്ഷേ അമേരിക്കയില്‍ അങ്ങനെയല്ല. അടിയന്തരാവസ്ഥ പ്രഖ്യാപിക്കാനുള്ള അധികാരംവരെ മേയര്‍ക്കുണ്ട്. ശരിക്കുമുള്ള നഗരപിതാവ് തന്നെ.ന്യൂയോര്‍ക്ക് നഗരത്തിലെ മേയര്‍ അമേരിക്കയിലെ ഏറ്റവും ശക്തമായ പദവിയായാണ് കണക്കാക്കപ്പെടുന്നത്. നഗരത്തിന്റെ ഭരണഘടനയായ സിറ്റി ചാപ്റ്റര്‍ ഓഫ് ന്യൂയോര്‍ക്ക് അനുസരിച്ച് മേയറിന് നിരവധി നിര്‍ണായക അധികാരങ്ങളുണ്ട്. വിമാനത്താവളംവരെ ഫലത്തില്‍ മേയര്‍ക്ക് കീഴിലാണ്. നഗരത്തിലെ ക്രമസമാധാനപാലനത്തിലും അദ്ദേഹത്തിന് വലിയ റോളുണ്ട്. നമ്മുടെ നാട്ടിലെപോലെ ഒരു സ്റേറ്റ് ഇഷ്യൂ അല്ല അത്.

നഗത്തിന്റെ സിഇഒയാണ് മേയര്‍. നഗരത്തിലെ എല്ലാ വകുപ്പുകളുടെയും (ഉദാ: പോലീസ്, ഫയര്‍, ഹെല്‍ത്ത്, എജ്യുക്കേഷന്‍ തുടങ്ങിയവ) പ്രവര്‍ത്തനങ്ങളുടെ മേല്‍നോട്ടം അദ്ദേഹത്തിനാണ്. വകുപ്പുകളുടെ കമ്മീഷണര്‍മാരെയും മറ്റ് ഉന്നത ഉദ്യോഗസ്ഥരെയും നിയമിക്കാനുള്ള അധികാരം മേയര്‍ക്കുണ്ട് .നഗരത്തിന്റെ വാര്‍ഷിക ബജറ്റ് രൂപപ്പെടുത്തുന്നത് മേയറാണ്. അത് സിറ്റി കൗണ്‍സിലിന്റെ അംഗീകരാത്തിനായി സമര്‍പ്പിക്കണം. മേയറിന് വരുമാനച്ചെലവുകള്‍ നിയന്ത്രിക്കുന്നതിലും പ്രധാന പങ്കുണ്ട്. പ്രാദേശിക നിയമനിര്‍മ്മാണവുമായി ബന്ധപ്പെട്ട അധികാരവുമുണ്ട്. സിറ്റി കൗണ്‍സില്‍ പാസാക്കുന്ന ബില്ലുകള്‍ക്ക് വീറ്റോ ചെയ്യാനുള്ള അധികാരമുണ്ട്. പക്ഷേ മൂന്നില്‍ രണ്ട് ഭൂരിപക്ഷത്തോടെ കൗണ്‍സിലിന് ഈ വീറ്റോ മറികടക്കാം.




ന്യുയോര്‍ക്ക് പൊലീസ് ഡിപ്പാര്‍ട്ട്മെന്റ്, ഫയര്‍ ഡിപ്പാര്‍ട്ട്മെന്റ് എന്നിവയുടെ മേല്‍നോട്ടം മേയര്‍ക്കാണ്. അടിയന്തരഘട്ടങ്ങളില്‍ മേയര്‍ക്ക് തന്റെ എമര്‍ജന്‍സി പവേഴ്സ് ഉപയോഗിക്കാവുന്നതുമാണ്. നഗരത്തിന്റെ ഇന്‍ഫ്രാ സ്ട്രക്ച്ചര്‍ സംബന്ധിച്ച ദീര്‍ഘകാല പദ്ധതികള്‍ തയ്യാറാക്കാനും നടപ്പാക്കുന്നതിലും വലിയ റോളാണ് അദ്ദേഹത്തിനുണ്ടാവുക. അതുകൊണ്ടുതന്നെ അമേരിക്കയിലെ ഏറ്റവു്ം ഗ്ലാമറസ് ആയ തസ്തികകളില്‍ ഒന്നുമാണ് മേയര്‍ സ്ഥാനം. മംദാനിയെപ്പോലെ ആഘോഷിക്കപ്പെട്ട ഒരു നേതാവ് ഭാവിയില്‍ കയറിവരാനുള്ള സാധ്യതകളും കൂടുതലാണ്.

നേരത്തെയും ന്യൂയോര്‍ക്കിനെ നയിച്ച പ്രമുഖരായ നേതാക്കളുടെ പട്ടികയിലേക്ക് ഇപ്പോള്‍ മംദാനിയും എത്തുകയാണ്. 1934-1945 കാലഘട്ടത്തില്‍ ന്യുയോര്‍ക്കിനെ നയിച്ച എച്ച് ലാഗുര്‍ഡിയയാണ് ന്യുയോര്‍ക്കിലെ ഏറ്റവും മികച്ച മേയര്‍മാരില്‍ ഒരാളായി അറിയപ്പെടുന്നത്. മഹാമാന്ദ്യവും രണ്ടാം ലോകമഹായുദ്ധവും മറികടന്നത് ഇദ്ദേഹത്തിന്റെ കാലത്താണ്. നഗരത്തില്‍ വ്യാപകമായ അഴിമതി നീക്കാന്‍ ശക്തമായ നടപടി സ്വീകരിച്ചതും, തൊഴില്‍ സൃഷ്ടിക്കും പൊതുമേഖലാ വികസനത്തിനുമായി ഫെഡറല്‍ ഫണ്ടുകള്‍ ഉപയോഗിച്ച് വിപുലമായ ഇന്‍ഫ്രാസ്ട്രക്ചര്‍ പദ്ധതികള്‍ നടപ്പാക്കിയതുമാണ് അദ്ദേഹത്തെ ജനപ്രിയനാക്കിയത്. ജനങ്ങളോടുള്ള നേരിട്ടുള്ള ബന്ധം കൊണ്ടും സത്യസന്ധത കൊണ്ടും ദ ലിറ്റില്‍ ഫ്ളവര്‍ എന്ന് അദ്ദേഹം വിളിക്കപ്പെട്ടു.

1994-2001 കാലഘട്ടത്തില്‍ ഭരിച്ച റൂഡി ഗിയൂലിനിയും കുറ്റകൃത്യ നിരക്ക് കുറച്ചതിന്റെ ഭാഗമായി ന്യയോര്‍ക്കിലെ മികച്ചമേയറായി അറിയപ്പെട്ട വ്യക്തിയാണ്. നഗരത്തിന്റെ സുരക്ഷാ പ്രതിച്ഛായ പുനഃസ്ഥാപിച്ചുരോടെ നിക്ഷേപകരും വിനോദസഞ്ചാരികളും തിരിച്ചുവന്നത് ഇദ്ദേഹത്തിന്റെ കാലത്തെ വലിയ നേട്ടമാാണ് വിലയിരുത്തപ്പെടുന്നത്. 2001-ലെ 9/11 ഭീകരാക്രമണ സമയത്ത് ധീരമായ നേതൃത്വത്തിലുടെ 'അമേരിക്കാസ് മേയര്‍' എന്ന പേര് ഇദ്ദേഹത്തിന് കിട്ടി.

ഇതുപോലെ ഒരുപാട് മേയര്‍മാരുടെ ലിസ്റ്റിലേക്ക് നമ്മുടെ മംദാനിയും നടന്ന് കയറുകയാണ്. വലിയ സാധ്യതയാണിത്. ഒപ്പം വലിയ അപകടവും. ന്യുയോര്‍ക്കിന്റെ ക്രമസമാധാനപാലനവും, ഉയര്‍ന്നുന്ന ജീവിതചെലവ് കുറക്കുകയുമാണ് അദ്ദേഹം നേരിടുന്ന പ്രധാന വെല്ലുവിളികള്‍. അത് ഉയര്‍ത്തിക്കാട്ടിയാണ് അദ്ദേഹം കാമ്പയിന്‍ നടത്തിയതും.

ഉയര്‍ത്തിയത് വെല്‍ഫെയര്‍ പൊളിറ്റിക്സ്

കാര്യം ലോകത്തിലെ ഏറ്റവും സമ്പന്നമായ നഗരം എന്നൊക്കെ പറയുമെങ്കിലും ന്യൂയോര്‍ക്കിന്റെയും അമേരിക്കയുടെയും മൊത്തത്തിലുള്ള സമ്പദ്ഘടന അത്രമെച്ചമല്ല. ലോകത്തിലെ ഏറ്റവും വലിയ സാമ്പത്തിക ശക്തിയായ അമേരിക്ക കടുത്ത സാമ്പത്തിക പ്രതിസന്ധിയിലേക്ക് നീങ്ങുന്നകാലമാണിത്. സര്‍ക്കാര്‍ പ്രവര്‍ത്തനങ്ങള്‍ക്കുള്ള ഫണ്ട് അനുവദിക്കുന്ന ബില്‍ പാസാക്കാന്‍ കഴിയാതെ വന്നതോടെ ആറ് വര്‍ഷത്തിനിടയിലെ ആദ്യത്തെ 'ഷട്ട് ഡൗണ്‍' ഇവിടെയുണ്ടായി. ഇതിന്റെ ഭാഗമായി ഏകദേശം അഞ്ച് ലക്ഷത്തോളം ജീവനക്കാര്‍ക്കാണ് ശമ്പളമില്ലാതെ നിര്‍ബന്ധിത അവധിയില്‍ പ്രവേശിക്കേണ്ടി വന്നത്. പൊതുമേഖലാ ജീവനക്കാര്‍ക്കും ജോലിപോയി.




ഇതിനിയിലാണ് ന്യൂയോര്‍ക്ക് മേയര്‍ തിരഞ്ഞെടുപ്പും വന്നത്. അവിടെയാണ് സൊഹ്‌റാന്‍ മംദാനിയും ടീമും സമര്‍ത്ഥമായി കരുക്കള്‍ നീക്കിയത്.

മംദാനിയുടെ ഇലക്ഷന്‍ കാമ്പയിന്‍ ഏറ്റവും പ്രധാന വാക്യമായിരുന്നു അഫോര്‍ഡബിലിറ്റി എന്നതെന്ന്, ന്യുയോര്‍ക്ക് ടൈംസ് ചൂണ്ടിക്കാട്ടുന്നു. വിലക്കയറ്റം, വാടക പ്രശ്നം, സൗജന്യ ആശുപത്രി പരിരക്ഷ, പൊതുഗതാഗത സംരക്ഷണം തുടങ്ങിയയായിരുന്നു അദ്ദേഹം എടുത്തുപറഞ്ഞത്. അതുപോലെ ട്രംപില്‍നിന്ന് വ്യത്യസ്തമായി മംദാനി കുടിയേറ്റ ജനതയെയും ലക്ഷ്യമിട്ടു. അവര്‍ക്ക് ആത്മവിശ്വാസം നല്‍കി. അതുകൊണ്ടുതന്നെ ഇന്ത്യന്‍ വംശജര്‍ അടക്കമുള്ളവരുടെ വോട്ട് പോയതും മംദാനിക്ക് തന്നെ. അതായത് ഇന്ത്യയില്‍ ആം ആദ്മിയടക്കം പയറ്റിയ മധ്യവര്‍ഗത്തെ ലക്ഷ്യമിട്ടുകൊണ്ടുള്ള വെല്‍ഫെയര്‍ പൊളിറ്റിക്സാണ്, മംദാനിക്ക് ഗുണം ചെയ്തത്.

പക്ഷേ ഇപ്പോഴും ന്യൂയോര്‍ക്കിലെ സാമ്പത്തിക പ്രശ്നങ്ങള്‍ അവസാനിച്ചിട്ടില്ല. ഷട്ട്ഡൗണിന്റെ ഉത്തരവാദിത്തത്തില്‍ പരസ്പരം പഴിചാരുകയാണ് ഡെമോക്രാറ്റുകളും റിപ്പബ്ലിക്കന്‍സും. അത്യവശ്യ സര്‍വീസുകളൊഴികെ മറ്റെല്ലാ സര്‍ക്കാര്‍ സേവനങ്ങളും പൂര്‍ണമായോ ഭാഗികമായോ നിലയ്ക്കുന്നതാണ് ഷട്ട്ഡൗണ്‍ എന്നത് കൊണ്ടുദ്ദേശിക്കുന്നത്. പാസ്‌പോര്‍ട്ട് സേവനങ്ങള്‍ മുതല്‍ സൈനികരുടെ ശമ്പളം വരെ ഇക്കൂട്ടത്തില്‍പെടും. പോലീസ്, ആരോഗ്യപ്രവര്‍ത്തകര്‍ തുടങ്ങി അവശ്യ സര്‍വീസുകളില്‍ ഉള്ളവരൊഴിച്ച് മറ്റ് ജീവനക്കാരെയെല്ലാം ഷട്ട്ഡൗണ്‍ ബാധിച്ചു. പക്ഷേ ജോലിയില്‍ തുടരുന്നവര്‍ക്ക് ശമ്പളമുണ്ടാവുകയുമില്ല. ഇതാദ്യമായല്ല അമേരിക്കയില്‍ ഷട്ട്ഡൗണ്‍ ഉണ്ടാകുന്നത്. 2018 ഡിസംബറിലാണ് ഏറ്റവും ദൈര്‍ഘ്യമേറിയ ഷട്ട്ഡൗണ്‍ അമേരിക്കയില്‍ ഉണ്ടാകുന്നത്. അതും ട്രംപിന്റെ ഭരണകാലത്ത്തന്നെ. 35ദിവസമാണ് നീണ്ടുപോയത്. വിവിധ ഏജന്‍സികളിലെ 800,000 ഫെഡറല്‍ ജീവനക്കാരില്‍ 340,000 പേരെ അന്ന് പിരിച്ചുവിട്ടത്.

ഇത്തവണ ഫെഡറല്‍ ജീവനക്കാരില്‍ ഏകദേശം 25 ശതമാനം പേരെയും ഷട്ട്ഡൗണ്‍ ബാധിച്ചുവവെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. ഒക്ടോബര്‍ ഒന്നിനാണ് യുഎസില്‍ പുതിയ സാമ്പത്തിക വര്‍ഷം ആരംഭിക്കുന്നത്. അതിനുമുന്‍പ് സര്‍ക്കാര്‍ ചെലവുകള്‍ക്കുള്ള ധന അനുമതി ബില്‍ കോണ്‍ഗ്രസ് പാസാക്കി പ്രസിഡന്റ് ഒപ്പുവെക്കേണ്ടതുണ്ട്. എന്നാല്‍, റിപ്പബ്ലിക്കന്‍ പാര്‍ട്ടിയും ഡെമോക്രാറ്റുകളും തമ്മിലുള്ള രൂക്ഷമായ തര്‍ക്കങ്ങള്‍ കാരണം ഇത്തവണ ബില്‍ പാസായില്ല. മുന്‍പ് നിലവിലുണ്ടായിരുന്നതും പിന്നീട് ട്രംപ് ഭരണകൂടം വെട്ടിക്കുറച്ചതുമായ ചില ആരോഗ്യ ഇന്‍ഷുറന്‍സ് സബ്സിഡികളും ആനുകൂല്യങ്ങളും ബില്ലില്‍ പുനഃസ്ഥാപിക്കണമെന്ന ഡെമോക്രാറ്റുകളുടെ ആവശ്യം റിപ്പബ്ലിക്കന്‍ പാര്‍ട്ടിയും വൈറ്റ് ഹൗസും നിരാകരിച്ചതോടെയാണ് തര്‍ക്കം രൂക്ഷമായത്.

അനധികൃത കുടിയേറ്റക്കാര്‍ക്ക് മെഡിക്കല്‍ ആനുകൂല്യങ്ങള്‍ നല്‍കാനുള്ള ഡെമോക്രാറ്റുകളുടെ ശ്രമമാണ് പ്രതിസന്ധിക്ക് കാരണമെന്നാണ് ട്രംപിന്റെ ആരോപണം. കുടിയേറ്റക്കാര്‍ക്ക് മെച്ചപ്പെട്ട ആരോഗ്യപരിരക്ഷാ സ്‌കീമുകള്‍ നല്‍കുമ്പോള്‍ അത് കൂടുതല്‍ പേരെ അമേരിക്കയിലേക്കെത്താന്‍ പ്രേരിപ്പിക്കും. ഒരു രാജ്യത്തിനും ഇത്ര വലിയ സാമ്പത്തിക ബാധ്യത താങ്ങാന്‍ ആകില്ലെന്നും അതുകൊണ്ടാണ് കടുത്തനിലപാടുകള്‍ സ്വീകരിക്കുന്നതെന്നുമാണ് ട്രംപിന്റെ വിശദീകരണം. അതുവെച്ചുകൊണ്ടുതന്നെയായിരുന്നു, മംദാനിയും കൂട്ടരും പ്രചാരണം നടത്തിയതും. ഇപ്പോള്‍ തിരഞ്ഞെടുപ്പിലെ തിരിച്ചടിക്കുശേഷമാണ് ഷട്ട്ഗൗണ്‍ ബാധിച്ചുവെന്ന് ട്രംപ് തന്നെ സമ്മതിക്കുന്നത്. പക്ഷേ മംദാനിയുടെ മുന്നിലുള്ള വെല്ലുവിളി മോശമായ സാമ്പത്തിക അവസ്്ഥക്കുള്ള പരിഹാരമാണ്.

ഒപ്പം ഇസ്ലാമോ- ലെഫറ്റ് രാഷ്ട്രീയവും




ഇതോടൊപ്പം കൃത്യമായ ഇസ്ലാമോ- ലെഫ്റ്റ് രാഷ്ട്രീയവും മംദാനിക്കുവേണ്ടി വര്‍ക്ക് ചെയ്തു. ആരാധനാലയങ്ങള്‍ കേന്ദ്രീകരിച്ച് വോട്ടുപിടിക്കുക, ജാതി- മത സംഘടനകളുടെ ഫണ്ട് കൈപ്പറ്റുക, സാധാരണ ഇത്തരം കാര്യങ്ങളൊക്കെ ഇന്ത്യപോലുള്ള രാജ്യങ്ങളിലാണ് നടക്കുക എന്നാണ് പൊതുവെ കരുതൂക. പക്ഷേ ഏറെ പുരോഗമിച്ചുവെന്ന് പറയുന്ന അമേരിക്കയിലും അതുതന്നെയാണ് നടന്നത്. സൊഹ്റാന്‍ മംദാനിക്കുവേണ്ടി ഇത്തരത്തിലുള്ള പ്രചാരണങ്ങള്‍ നടന്നിട്ടുണ്ട്.

മംദാനിയുടെ പ്രചാരണത്തിന് പ്രധാനമായും ഫണ്ട് നല്‍കിയത് ഹമാസ് ബന്ധം സംശയിക്കുന്ന സംഘടനയില്‍ നിന്നാണെന്ന് വെളിപ്പെടുത്തിയത് അദ്ദേഹത്തിന്റെ രാഷ്ട്രീയ ഉപദേഷ്ടാവ് തന്നെയാണ്. കൗണ്‍സില്‍ ഓണ്‍ അമേരിക്കന്‍ ഇസ്ലാമിക് റിലേഷന്‍ (സിഎഐആര്‍) ആണ് മംദാനിക്ക് ഫണ്ട് നല്‍കിയ പ്രധാന സംഘടനയെന്നാണ് മംദാനിയുടെ രാഷ്ട്രീയ ഉപദേഷ്ടാവും അടുത്ത സുഹൃത്തുമായ ഫലസ്തീന്‍-അമേരിക്കന്‍ ആക്ടിവിസ്റ്റ് ലിന്‍ഡ സര്‍സൂര്‍ വെളിപ്പെടുത്തിയത്.ഇത് വന്‍ വിവാദമായിട്ടുണ്ട്.

ഹമാസുമായുള്ള ബന്ധത്തിന്റെ പേരില്‍ കടുത്ത വിമര്‍ശനം നേരിടുന്ന സംഘടനാണ്, സിഎഎസ്ആര്‍. മംദാനിയുടെ രാഷ്ട്രീയ ഉപദേഷ്ടാവ് കൂടിയായ ലിന്‍ഡ സര്‍സൂര്‍ താനും സിഎഐആറുമാണ് മംദാനിയുടെ ഉയര്‍ച്ചയ്ക്ക് പിന്നിലെന്ന് അവകാശപ്പെടുന്നത്. തിരഞ്ഞെടുപ്പ് കാലയളവില്‍ ലഭിച്ച ഏകദേശം 30 ലക്ഷം ഡോളര്‍ സംഭാവനയില്‍ നിന്ന് പൊളിറ്റിക്കല്‍ ആക്ഷന്‍ കമ്മിറ്റി (പിഎസി)യായ യൂണിറ്റി ആന്‍ഡ് ജസ്റ്റിസ് , ന്യൂയോര്‍ക്ക് സിറ്റി ആസ്ഥാനമായുള്ള മംദാനി അനുകൂല പിഎസിയായ ലോവര്‍ കോസ്റ്റ്സിന് 1,20,000 ഡോളര്‍ (ഏകദേശം 25 കോടി രൂപ) നല്‍കിയതായി രേഖകള്‍ സൂചിപ്പിക്കുന്നു. ഹമാസ് ധനസഹായം നല്‍കുന്നുണ്ടോ എന്ന കാര്യത്തില്‍ സിഎഐആര്‍ അന്വേഷണം നേരിടുന്ന സാഹചര്യത്തിലാണ് ഇക്കാര്യങ്ങളും പുറത്തുവിട്ടത്. അന്വേഷണം നേരിടുന്ന ഒരു സംഘടനയില്‍ നിന്ന് ഫണ്ട് സ്വീകരിച്ചതായാണ് മംദാനിയുടെ മേലുയര്‍ന്നിട്ടുള്ള ആരോപണം. ഇത് ഗുരുതരമായ കുറ്റമാണ്.

നേരത്തെയും മംദാനിയുടെ ജിഹാദി ബന്ധം വിവാദമായിരുന്നു. 93- ലെ ബോംബാക്രമണത്തിലെ ആരോപിതനായ ഇമാം സിറാജ് വഹാജിനൊപ്പമുള്ള ചിത്രം മംദാനി പങ്ക് വച്ചത് മാസങ്ങള്‍ക്ക് മുമ്പ് വിവാദമായിരുന്നു. വെള്ളിയാഴ്ച ആഴ്ച ബ്രൂക്ലിനിലെ മസ്ജിദില്‍ നടന്ന പ്രാര്‍ത്ഥനയില്‍ പങ്കെടുത്തശേഷമാണ് അദ്ദേഹം, ഇമാമിനെ കണ്ടത്. രാജ്യത്തെ ''മുന്‍നിര മുസ്ലീം നേതാക്കളില്‍ ഒരാള്‍'' എന്നും ബ്രൂക്ലിനിലെ മുസ്ലീം സമൂഹത്തിന്റെ ''സ്തംഭം'' എന്നും വിശേഷിപ്പിച്ചുകൊണ്ടാണ് സൊഹ്‌റാന്‍ മംദാനി വഹാജിനൊപ്പമുള്ള ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തത് . ഒപ്പം ''ഇന്ന് മസ്ജിദ് അത്-തഖ്വയില്‍, രാജ്യത്തെ മുന്‍നിര മുസ്ലീം നേതാക്കളില്‍ ഒരാളും ബെഡ്-സ്റ്റുയ് സമൂഹത്തിന്റെ നെടുംതൂണുമായ ഇമാം സിറാജ് വഹാജിനെ കാണാന്‍ കഴിഞ്ഞതില്‍ എനിക്ക് സന്തോഷം തോന്നി,'' എന്നും മംദാനി ട്വീറ്റ് ചെയ്തു. ഇതിനെതിരെ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് അടക്കമുള്ളവര്‍ രംഗത്തെത്തിയിരുന്നു.

വേള്‍ഡ് ട്രേഡ് സെന്റര്‍ ആക്രമണത്തില്‍ വഹാജിനെതിരെ കുറ്റം ചുമത്തിയിട്ടില്ലെങ്കിലും, പ്രതികളില്‍ ചിലര്‍ അദ്ദേഹത്തിന്റെ പള്ളിയില്‍ പോയിട്ടുണ്ടെന്ന് അന്വേഷക സംഘം കണ്ടെത്തിയിരുന്നു . ആക്രമണവുമായി വഹാജ് തനിക്ക് ബന്ധമില്ലെന്ന് പറഞ്ഞെങ്കിലും അക്രമികളായ തീവ്രവാദികളെ അദ്ദേഹം പ്രതിരോധിച്ചു. എഫ്ബിഐയെയും സിഐഎയെയും ''യഥാര്‍ത്ഥ തീവ്രവാദികള്‍'' എന്ന് മുദ്രകുത്തി. 1993-ലെ ബോംബാക്രമണ ഗൂഢാലോചനയുടെ സൂത്രധാരന്‍ എന്ന് ശിക്ഷിക്കപ്പെട്ട ''അന്ധനായ ഷെയ്ഖ്'' എന്നറിയപ്പെടുന്ന തീവ്രവാദ നേതാവ് ഷെയ്ഖ് ഒമര്‍ അബ്ദുല്‍-റഹ്‌മാനുമായി വഹാജിന് അടുത്ത ബന്ധമുണ്ടെന്നും സൂചനയുണ്ട്. വര്‍ഷങ്ങള്‍ക്ക് മുമ്പ്, അമേരിക്കന്‍ മുസ്ലീങ്ങള്‍ ഒന്നിച്ചാല്‍ ''നിങ്ങള്‍ ബുഷിനോ ക്ലിന്റനോ വോട്ട് ചെയ്യേണ്ടതില്ല'' എന്നും അവര്‍ക്ക് അവരുടെ ''സ്വന്തം അമീറിനെ തിരഞ്ഞെടുത്ത് അദ്ദേഹത്തോട് കൂറ് പുലര്‍ത്താമെന്നും'' വഹാജ് പറഞ്ഞിരുന്നു. അതായത് ശരിക്കും മതപരമായ ആശയങ്ങളാണ് അയാള്‍ പുലര്‍ത്തുന്നത്. മംദാനിയും പിന്തുടരുന്നത് പച്ചയായ മതമാണെന്ന് നേരത്തെ വിമര്‍ശനം വന്നിട്ടുണ്ട്. ഇസ്ലാമിക സംഘടനകളാണ് അയാള്‍ക്ക് പിന്നില്‍ അണിനിരന്നത്്. നേരത്തെ ശരിയ്യ ഫോര്‍ ന്യൂയോര്‍ക്ക് എന്ന് പ്രശ്നം ഉയര്‍ന്നപ്പോള്‍ മംദാനി ഒന്നും മിണ്ടിയിരുന്നുമില്ല. അതുപോലെ ഫലസ്തീനികള്‍ ഒപ്പം നില്‍ക്കുകയും, നെതന്യാഹുവിനെ ഈ രാജ്യത്തേക്ക് കയറ്റാന്‍ അനുവദിക്കില്ല എന്ന നിലപാട് എടുക്കുകയും ചെയ്തയാളാണ് മംദാനി. ഇതുവഴിയൊക്കെ ലിബറലുകളുടെയും സോഷ്യലിസ്റ്റുകളുടെയും വോട്ട് വലിയ രീതിയില്‍ സമാഹരിക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞു.

ട്രംപ് ഫണ്ട് വെട്ടുമോ?




റിപ്പബ്ലിക്കന്‍- ഡെമോക്രാറ്റുകളുടെ കുടിപ്പക മൂലം ബില്ലുകള്‍ പാസാക്കാനാവാതെ ഷട്ട്ഡൗണ്‍വരെ വന്ന രാജ്യമാണ് അമേരിക്ക. അവിടെ ട്രംപിനെ വെല്ലുവിളിച്ച് ഒരാള്‍, ന്യൂയോര്‍ക്കിലെ മേയറായാലുള്ള അവസ്ഥ എന്താവും. കമ്യൂണിസ്റ്റായ മംദാനി മേയറായി തിരഞ്ഞെടുക്കപ്പെടുന്നപക്ഷം ന്യൂയോര്‍ക്കിന് നാമമാത്രമായ ഫെഡറല്‍ സഹായധനമേ നല്‍കൂവെന്ന് നേരത്തെ ഡൊണാള്‍ഡ് ട്രംപ് തന്റെ സാമൂഹികമാധ്യമമായ എക്‌സിലൂടെ മുന്നറിയിപ്പും നല്‍കിയിരുന്നു. അതുകൊണ്ടുതന്നെ ന്യൂയോര്‍ക്കില്‍ ശീതസമരം തുടരാനാണ് സാധ്യത. സൊഹ്‌റാന്‍ മംദാനി വിജയിച്ചതിന് തൊട്ടുപിന്നാലെ സാമൂഹികമാധ്യമമായ എക്‌സില്‍ കുറിപ്പ് പങ്കുവെച്ച് വൈറ്റ്ഹൗസ്. 'ട്രംപ് ആണ് നിങ്ങളുടെ പ്രസിഡന്റ്' എന്ന കുറിപ്പാണ് വൈറ്റ്ഹൗസ് പങ്കുവെച്ചിട്ടുള്ളത്. അത് കൃത്യമായ ഒരു രാഷ്ട്രീയ സൂചകം കൂടിയാണ്.

പിന്നാലെ പ്രതികരണവുമായി യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും രംഗത്തെത്തി. തന്റെ പേര് ബാലറ്റില്‍ ഇല്ലാതിരുന്നതും യുഎസിലെ ഷട്ട്ഡൗണുമാണ് പരാജയത്തിന് കാരണമായതെന്ന് അദ്ദേഹം പറഞ്ഞു. സാമൂഹികമാധ്യമമായ ട്രൂത്ത് സോഷ്യലിലൂടെയായിരുന്നു്ര്ര പതികരണം.''ട്രംപ് ബാലറ്റില്‍ ഇല്ലായിരുന്നു, പിന്നെ ഷട്ഡൗണും. ഇതാണ് റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥികള്‍ തിരഞ്ഞെടുപ്പില്‍ തോല്‍ക്കാനിടയായ രണ്ടുകാരണങ്ങളായി തിരഞ്ഞെടുപ്പ് വിദഗ്ധര്‍ പറയുന്നത്''- എന്നായിരുന്നു ട്രംപിന്റെ കുറിപ്പ്.

മംദാനിയെ ശക്തമായി എതിര്‍ത്തയാളാണ് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. മംദാനിയെ മേയറായി തിരഞ്ഞെടുത്താല്‍ സാമ്പത്തികമായും സാമൂഹികമായും ന്യൂയോര്‍ക്ക് സമ്പൂര്‍ണ ദുരന്തത്തിലാകുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പറഞ്ഞിരുന്നു. സ്വതന്ത്ര സ്ഥാനാര്‍ഥിയായ മുന്‍ ഗവര്‍ണര്‍ ആന്‍ഡ്രൂ ക്വോമോയെ ജയിപ്പിക്കണമെന്നും ട്രംപ് ജനങ്ങളോട് ആഹ്വാനംചെയ്തിരുന്നു. റിപ്പബ്ലിക്കന്‍ പാര്‍ട്ടി സ്ഥാനാര്‍ഥിയായി കര്‍ട്ടിസ് സ്ലീവ മത്സരിക്കുമ്പോഴാണ് ബലാത്സംഗക്കേസിലുള്‍പ്പെട്ട ക്വോമോയെ ട്രംപ് ഔദ്യോഗികമായി പിന്തുണച്ചത്. എന്നാല്‍, സ്വതന്ത്ര സ്ഥാനാര്‍ഥിയായ ആന്‍ഡ്രൂ ക്വോമോയെയും റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥി കര്‍ട്ടിസ് സ്ലീവയെയും ബഹുദൂരം പിന്നിലാക്കിയായിരുന്നു മംദാനിയുടെ വിജയം.

ന്യൂയോര്‍ക്കിന് പുറമേ വിര്‍ജിനിയയിലും ന്യൂജേഴ്‌സിയിലും ട്രംപിന്റെ റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്ക് കനത്ത തിരിച്ചടിയാണ് നേരിട്ടത്. വിര്‍ജിനിയയുടെ ചരിത്രത്തിലെ ആദ്യ വനിതാ ഗവര്‍ണറായി ഡെമക്രാറ്റിക് സ്ഥാനാര്‍ഥി അബിഗെയ്ല്‍ സ്പാന്‍ബെര്‍ഗര്‍ തിരഞ്ഞെടുക്കപ്പെട്ടു. റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥി വിന്‍സം ഏര്‍ലി സിയേഴ്‌സിനെയാണ് അബിഗെയ്ല്‍ പരാജയപ്പെടുത്തിയത്. ന്യൂജേഴ്‌സിയില്‍ റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥി ജാക്ക് സിയാറ്ററെല്ലിയെ പരാജയപ്പെടുത്തി ഡെമക്രാറ്റിക് സ്ഥാനാര്‍ഥി മിക്കി ഷെറിലും ഗവര്‍ണറായി തിരഞ്ഞെടുക്കപ്പെട്ടു. ഇതോടെ ഡെമോക്രാറ്റുകള്‍ തിരിച്ചുവരവിന്റെ പാതയിലാണെന്നും മാധ്യമങ്ങള്‍ എഴുതുകയാണ്.

ആന്റി ട്രംപിസത്തിന്റെ വിജയം?

തിരഞ്ഞെടുപ്പ് ഫലം മൊത്തത്തില്‍ നോക്കുമ്പോള്‍ വലിയ തിരിച്ചടിയാണ് ട്രംപിനും റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്കും ഉണ്ടായിരിക്കുന്നത്. ന്യുയോര്‍ക്ക് എന്നും ഡെമോക്രാറ്റുകളുടെ ശക്തികേന്ദ്രമാണ്. അവിടെ ജയിക്കുമെന്ന് അവര്‍ക്ക് വലിയ പ്രതീക്ഷയൊന്നും ഉണ്ടായിരുന്നില്ല. എന്നാല്‍ മറ്റിടങ്ങളില്‍ കൂടി തിരിച്ചടി കിട്ടിയതാണ് ഡെമോക്രാറ്റിക്ക് ക്യാമ്പിനെ ചിന്തിപ്പിക്കുന്നത്.

2026-ല്‍ നടക്കുന്ന യുഎസ് ഇടക്കാല തിരഞ്ഞെടുപ്പുകളെ സംബന്ധിച്ചിടത്തോളം ഇപ്പോള്‍ പുറത്തുവന്ന തിരഞ്ഞെടുപ്പു ഫലങ്ങള്‍ ഏറെ നിര്‍ണായകമെന്നാണ് ന്യൂയോര്‍ക്ക് ടൈംസ് വിലയിരുത്തുന്നത്. അടുത്തകൊല്ലം നവംബര്‍ മൂന്നിന് യുഎസ് പ്രതിനിധിസഭയിലെ 435 സീറ്റുകളിലേക്കും യുഎസ് സെനറ്റിലെ 100-ല്‍ 35 സീറ്റുകളിലേക്കും തിരഞ്ഞെടുപ്പ് നടക്കും. മാത്രമല്ല, മുപ്പത്തൊമ്പതിടത്തെ ഗവര്‍ണര്‍ തിരഞ്ഞെടുപ്പുകളും പ്രാദേശികതലത്തിലുള്ള തിരഞ്ഞെടുപ്പും നടക്കും. ഈ നവംബറിലെ വിജയം അടുത്ത നവംബറിലെ മികച്ച പ്രകടനത്തിന് വഴിപാകുമെന്ന പ്രതീക്ഷയിലാണ് ഡെമോക്രാറ്റുകള്‍.

ബറാക്ക് ഒബാമ അടക്കമുള്ള മൂന്‍കാല ഡെമോക്രാറ്റ് നേതാക്കള്‍ ഇതിന്റെ ആവേശം പങ്കുവെക്കുന്നുണ്ട്. വിജയിച്ച ഡെമോക്രാറ്റ് സ്ഥാനാര്‍ഥികള്‍ക്ക് അഭിനന്ദനം അറിയിച്ചുകൊണ്ടുള്ള ഒബാമയുടെ എക്‌സിലെ കുറിപ്പിലും ട്രംപിസത്തിന്റെ അവസാനമെന്നപേരില്‍ ചര്‍ച്ചകള്‍ പുരോഗമിക്കയാണ്.-'' ശക്തരും ദീര്‍ഘവീക്ഷണമുള്ളവരുമായ നേതാക്കള്‍ക്ക് ചുറ്റും നാമൊത്തുചേരുമ്പോള്‍ നമുക്ക് വിജയിക്കാനാകുമെന്നതിന്റെ ഓര്‍മപ്പെടുത്തലാണ് ഇത്. ഇനിയും ധാരാളം കാര്യങ്ങള്‍ നമുക്ക് ചെയ്തുതീര്‍ക്കേണ്ടതുണ്ട്. എന്നിരുന്നാലും ഭാവി അല്‍പംകൂടി പ്രകാശമാനമായി തോന്നുന്നു''എന്നായിരുന്നു ഒബാമയുടെ കുറിപ്പ്.




അടുത്ത കൊല്ലത്തെ ഇടക്കാല തിരഞ്ഞെടുപ്പിന്റെ രാഷ്ട്രീയ അന്തരീക്ഷത്തെ കുറിച്ച് സൂചന നല്‍കുന്നതാണ് ഇപ്പോഴത്തെ ഫലങ്ങളെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തല്‍. ട്രംപിന്റെ ഭരണകാലയളവിന്റെ രണ്ടാംപകുതിയില്‍ യുഎസ് കോണ്‍ഗ്രസിനെ ആര് നിയന്ത്രിക്കണമെന്ന് ആ തിരഞ്ഞെടുപ്പിലൂടെ വോട്ടര്‍മാര്‍ നിശ്ചയിക്കും. ട്രംപ് ഭരണകൂടത്തിന്റെ ആദ്യകാല ഭരണത്തിന്റെ വിലയിരുത്തലാണ് ഇപ്പോഴത്തെ തിരഞ്ഞെടുപ്പുകളില്‍ പ്രതിഫലിക്കുന്നത്. ഇത് ശരിക്കും കൃത്യമായ ഒരു സൂചനയാണ്. ഭ്രാന്തന്‍ നയങ്ങളിലുടെ ട്രംപ് അമേരിക്കന്‍ ജനതയെ വെറുപ്പിച്ചുവെന്ന് തുറന്നടിക്കയാണ് ന്യൂയോര്‍ക്ക് ടൈംസ്. അമേരിക്ക ഫസ്റ്റ് എന്ന മുദ്രാവാക്യമാണ് കഴിഞ്ഞ തവണ ട്രംപിനെ വിജയിപ്പിച്ചത്. എന്നാല്‍ മേലുകീഴ്നോക്കാതെയുള്ള ട്രംപിന്റെ നയങ്ങളും, താരിഫ് യുദ്ധവുമടക്കം അമേരിക്കക്ക് സമ്മാനിച്ചത് സാമ്പത്തിക കുഴപ്പങ്ങളാണ്. ആ ഒരു ഒറ്റകാര്യംകൊണ്ടുതന്നെ, ജനം ട്രംപിന് എതിരായെന്നാണ് വിലയിരുത്തല്‍.

എന്നാല്‍ ന്യൂയോര്‍ക്ക് ടൈംസ് പോലുള്ള പത്രങ്ങള്‍ തങ്ങളുടെ ചിരകാല ശത്രുക്കളാണെന്നാണ്, ട്രംപും റിപ്പബ്ബിക്കന്‍ പബ്ലിക്ക് റിലേഷന്‍സ് ടീമും പറയുന്നത്. അമേരിക്കയുടെ പുരോഗതിയിലും ലോകത്തിന്റെ സമാധാനത്തിനും ട്രംപ് വലിയ പങ്കാണ് വഹിക്കുന്നത് എന്നും രാജ്യവിരുദ്ധരാണ് ട്രംപിനെതിരെയാണ് കാമ്പയിന് പിന്നിലെന്നും അവര്‍ ചൂണ്ടിക്കാട്ടുന്നു. പക്ഷേ ഈ തോല്‍വികളോടെ ട്രംപിനെതിരെ റിപ്പബ്ലിക്കന്‍ പാര്‍ട്ടിയിലും അനിഷ്ടമുണ്ടെന്നും വിമര്‍ശനം ഉയരുന്നുണ്ട്. പക്ഷേ ട്രംപിന്റെ സ്വഭാവംവെച്ച് അയാള്‍ ഒരു മാറ്റത്തിനും മുഖം മിനുക്കലിനും വഴങ്ങുന്ന ആളല്ല. അതുകൊണ്ടുതന്നെ എന്ത് സംഭവിക്കുമെന്ന് കണ്ടുതന്നെ അറിയണം.

വാല്‍ക്കഷ്ണം: സൊഹ്‌റാന്‍ മംദാനിയുടെ വിജയം കമ്യൂണിസ്റ്റുകളുടെ വിജയമയാണ് കേരളത്തില്‍ ചില സൈബര്‍ പോരാളികള്‍ ചിത്രീകരിക്കുന്നത്. എന്നാല്‍ മംദാനി താന്‍ കമ്യൂണിസ്റ്റാണെന്ന് പറഞ്ഞിട്ടില്ല. ട്രംപ്, മംദാനിയുടെ ജനപ്രീതി ഇടിക്കാനായി അയാള്‍ കമ്യൂണിസ്റ്റാണെന്ന് ആരോപിക്കയാണ് ഉണ്ടായത്!