തിരുവനന്തപുരം: 'സ്വന്തം പിതാവിനെ തൊടാന്‍ പോലും അവകാശമില്ലാത്ത മക്കള്‍. അച്ഛന്റെ സ്വത്തുക്കളിലും മക്കള്‍ക്ക് യാതൊരു അവകാശവുമില്ല. സന്ധ്യമയങ്ങളിയാല്‍ ഒരു റാന്തല്‍ വിളക്കുമായി സംബന്ധക്കാരന്‍ നമ്പൂതിരി, സ്വന്തം ഇല്ലത്തില്‍നിന്ന് ഭക്ഷണമൊക്കെ കഴിച്ച് ലൈംഗിക ആവശ്യങ്ങള്‍ക്കു മാത്രമായി ഭാര്യ വീട്ടില്‍ എത്തും. പിറ്റേന്ന് കാലത്ത് മടങ്ങുകയും ചെയ്യും. അതിലുണ്ടാവുന്ന മക്കള്‍ ആവട്ടെ പിതാവിന്റെ യാതൊരു പരിലാളനയും കിട്ടാതെയാണ് വളരുന്നത്. ഈ വിചിത്ര ഇടപാടായിരുന്നു 19ാം നൂറ്റാണ്ട് തൊട്ട് 20ാം നുറ്റാണ്ടിന്റെ പകുതിവെരെയെങ്കിലും കേരളത്തിലെ നായര്‍ സമുദായത്തില്‍ നിലവിലുണ്ടായിരുന്നു'- പ്രശസ്ത ചരിത്രകാരനും നരവംശ ശാസ്ത്രജ്ഞനുമായ റോബിന്‍ ജെഫ്രി എഴുതിയ 'നായര്‍ മേധാവിത്വത്തിന്റെ പതനം' എന്ന പുസ്‌കത്തില്‍ പറയുന്നതുകേട്ടാല്‍ ഇന്നത്തെ പരലും നെറ്റിചുളിക്കും.

അവിടെ തീരുന്നില്ല, വില്യംലോഗനും, പി കെ ബാലകൃഷ്‌നുമൊക്കെ എഴുതിയ പുസ്തകങ്ങളില്‍ അന്നത്തെ ഹീനമായ ജാതി വ്യവസ്ഥയെക്കുറിച്ച് കൃത്യമായി പ്രതിപാദിക്കുന്നു. 'ശരിക്കും ലൈംഗിക അരാജകത്വം നിലനിന്നിരുന്ന കാലം. നമ്പൂതിരിമാരിലെ മൂത്തപുത്രന്മാര്‍ക്ക് മാത്രമേ സ്വജാതിയില്‍ നിന്നും വിവാഹം അല്ലെങ്കില്‍ വേളി അനുവദിച്ചിരുന്നുള്ളു. മറ്റുള്ളവര്‍ ഇതര ക്ഷത്രിയര്‍, നായര്‍, അന്തരാളര്‍, ജാതിമാത്രര്‍ തുടങ്ങിയ മരുമക്കത്തായികളായ ഉന്നത ജാതിയില്‍ പെട്ട സ്ത്രീകളെ സംബന്ധം ചെയ്യുകയായിരുന്നു പതിവ്. മരുമക്കത്തായികളെ തിരഞ്ഞെടുക്കാന്‍ കാരണം ഭാര്യക്കും മക്കള്‍ക്കും ചെലവിന് നല്‌കേണ്ടതില്ല എന്നുള്ളതാണത്രേ. ഉന്നതരും പണ്ഡിതരും സമ്പന്ന കുടുംബാംഗങ്ങളുമായ നമ്പൂതിരിമാരുമായുള്ള ബന്ധം അവര്‍ക്കും അഭിമാനമായിരുന്നു.

സമ്പന്നരായ അബ്രാഹ്‌മണ സംബന്ധക്കാരിലൂടെ അവരുടെ മക്കള്‍ക്ക് കിട്ടുന്ന സമ്പത്ത് പല ദരിദ്ര മലയാള ബ്രാഹ്‌മണ തറവാട്ടുകാര്‍ക്കും താങ്ങായിരുന്നു. മരുമക്കത്തായം നിലവിലിരുന്ന നായര്‍, വാരിയര്‍ തുടങ്ങി പല ജാതിക്കാരിലും തറവാടിന്റെ പാരമ്പര്യാവകാശികളായ സ്ത്രീക്ക് ഇങ്ങോട്ടു വന്ന് വിവാഹബന്ധം അനുഗ്രഹമായിരുന്നു, സ്വന്തം കുടുംബത്തിന്റെ കാരണവരായവര്‍ക്കും അതിഥിയായ സംബന്ധക്കാരന്‍ അനുഗ്രഹമായിരുന്നു, കാരണം കുടുംബം ഭാഗിക്കുക എന്ന അവസ്ഥ ഒഴിവാകും, ഉന്നതബന്ധവും ലഭിക്കും.

ഈ ബന്ധം ഇരുവരും താത്പര്യപ്പെടുന്ന കാലമത്രയും നിലനിന്നിരുന്നു. വരന് സംബന്ധം അവസാനിപ്പിക്കാം എന്നതുപോലെ വധുവിനും ബന്ധം ഒഴിയാന്‍ എളുപ്പമായിരുന്നു. അതുകൊണ്ടുതന്നെ വ്യക്തിപരമായി സ്വതന്ത്രവുമായിരുന്നു ഈ ബന്ധം.മരുമക്കത്തായ കൂട്ടുകുടുംബ സമ്പ്രദായത്തില്‍ പകല്‍ സമയങ്ങളില്‍ പുരുഷന്മാര്‍ സ്വന്തം കാര്യങ്ങള്‍ നോക്കുകയും രാത്രി ഭാര്യവീട്ടിലേക്കു പോവുകയും ചെയ്തിരുന്നു. കുടുംബസ്വത്തില്ലാതെ പുരുഷന്മാര്‍ക്ക് ചെലവിനു നല്‍കുക എന്ന പ്രശ്‌നം ഇല്ലാത്ത ഈ ബന്ധം സമൂഹത്തിന്റെ ആവശ്യമായിരുന്നു.

മിക്കസമൂഹങ്ങളിലും തറവാടിനു പ്രാധാന്യവും വ്യക്തിക്കും വ്യക്തിബന്ധങ്ങള്‍ക്കും പരിഗണന കുറവും എന്നതായിരുന്നു അവസ്ഥ. അതുകൊണ്ടുതന്നെ, പിതൃബന്ധം, പാതിവ്രത്യം, ഏകപത്‌നീവ്രതം, ഏകപങ്കാളി തുടങ്ങിയ വ്യക്തിപരമായ കാര്യങ്ങള്‍ക്ക് വലിയ സ്ഥാനമില്ലായിരുന്നു. തറവാടിനുവേണ്ടി യത്‌നിക്കുക എന്നതുമാത്രമായിരുന്നു പ്രധാനം.'- പി കെ ബാലകൃഷ്ന്‍ കേരള ചരിത്രവും ജാതി വ്യവസ്ഥയും എന്ന പുസ്‌കതത്തില്‍ ഇങ്ങനെയാണ് എഴുതിയത്.

ഈ രീതിയിലുള്ള ദുഷിച്ച സാമൂഹിക വ്യവസ്ഥിതി മാത്രമായിരുന്നില്ല അനാചാരങ്ങളും ആധുനികതയോടുള്ള വിമുഖതയും നായര്‍ സുമുദായത്തെ ഒരുപാട് പിറകോട്ട് അടിപ്പിക്കുന്ന കാലം. അവിടെയാണ് മന്നത്ത് പത്മനാഭന്‍ എന്ന സാമുദായിക പരിഷ്‌ക്കര്‍ത്താവിന്റെ പ്രസക്തി. കേരളത്തില്‍ നായര്‍ സമുദായത്തിന് അപ്പുറത്തേക്ക് സാമൂഹിക പരിഷ്‌ക്കര്‍ത്താവായി മന്നത്ത് പത്മനാഭന്‍ വളര്‍ന്നത് അദ്ദേഹത്തിന്റെ നിലപാടുകള്‍ കൊണ്ടാണ്.

നമ്പൂതിരം സംബന്ധം അവസാനിപ്പിച്ചത് തൊട്ട് കൂട്ടുകുടുംബ വ്യവസ്ഥയില്‍ മരുമക്കത്തായം അവസാനിപ്പിക്കുക, മക്കത്തായവും ആളോഹരി ഭാഗവും നടപ്പാക്കുക, താലികെട്ട്, തെരണ്ടുകുളി, പുലകുളി മുതലായ അവസാദിപ്പിക്കുക, പടേനി, ഗുരുഡന്‍തൂക്കം തുടങ്ങിയ ക്ഷേത്രോത്സവ പരിപാടികള്‍ നിര്‍ത്തലാക്കുക എന്നിങ്ങനെ സമുദായ സംരക്ഷണപരങ്ങളും സാമൂഹ്യപരിഷ്‌കരണ സംബന്ധികളുമായ യത്‌നങ്ങളില്‍ മന്നം സജീവമായി ഇടപെട്ടിരുന്നു.

സത്യത്തില്‍ പോയകാലത്തെ ഏറ്റവു വലിയ ആചാര ലംഘകനായിരുന്നു മന്നം. ഏതാണ്ട് ഒരു നൂറ്റാണ്ട് മുമ്പ് സ്വന്തം വീട്ടില്‍ ഇലയിട്ട് പുലയര്‍ക്ക് വിളമ്പി പന്തിഭോജനം നടത്തി സാമൂഹിക അദ്ദേഹം വിപ്ലവം സൃഷ്ടിച്ചു. അവര്‍ണ്ണര്‍ക്ക് ക്ഷേത്രപ്രവേശനം നല്‍കാനുള്ള വൈക്കം ഗുരുവായൂര്‍ സത്യാഗ്രഹങ്ങളിലും സജീവമായി പങ്കെടുത്തു. അനാചാരങ്ങളും ആര്‍ഭാടങ്ങളും നിര്‍ത്തലാക്കി. നമ്പൂതിരി സംബന്ധത്തിന് എതിരെ തിരിഞ്ഞപോലെ, വിധവാ വിവാഹത്തിന് അനുകൂലമായും നിലപാട് എടുത്തു.




വിദ്യയിലുടെ ശക്തി പ്രാപിക്കാന്‍ സ്ഥാപനങ്ങള്‍ തുടങ്ങി. രാഷ്ട്രീയമായി മന്നത്തോട് വിയോജിപ്പുള്ളവര്‍ പോലും സാമൂഹിക പരിഷ്‌ക്കരണ മേഖലയിലുള്ള അദ്ദേത്തിന്റെ സംഭാവനകള്‍ മറക്കാന്‍ കഴിയില്ല. ഒരു മന്നം ജയന്തി കൂടി കടന്നുപോകുമ്പോള്‍ ഭാരത കേസരി സ്ഥാനം നല്‍കി രാഷ്ട്രപതി ആദരിച്ച, പത്മഭൂഷണ്‍ മന്നത്ത് പത്മനാഭന്റെ ഐതിഹാസികമായ ജീവിതത്തിലൂടെ ഒരു എത്തിനോട്ടം.

ദരിദ്രബാല്യം, പക്ഷേ പൊരുതി വളര്‍ന്നു

ചങ്ങനാശ്ശേരിയില്‍ പെരുന്ന എന്ന ഗ്രാമത്തില്‍ 1878 ജനുവരി മാസം രണ്ടാം തീയതി മന്നത്ത് പത്മനാഭന്‍ ജനിക്കുന്നത്. അച്ഛന്‍ വാകത്താനത്ത് നിലവന ഇല്ലത്തിലെ ഈശ്വരന്‍ നമ്പൂതിരി, അമ്മ മന്നത്ത് ചിറമറ്റത്ത് പാര്‍വതി അമ്മ. അദ്ദേഹത്തിന്റെ ജനനശേഷം പിതാവ് സംബന്ധം ഒഴിയുകയും, പാര്‍വ്വതിയമ്മ കളത്തില്‍ വേലുപ്പിള്ളയെ വിവാഹം ചെയ്യുകയും ചെയ്തു. കളത്തില്‍ വേലുപ്പിള്ളക്ക് പാര്‍വ്വതിയമ്മയില്‍ നാലു സന്താനങ്ങള്‍ ഉണ്ടായി. അവര്‍: മന്നത്തു കൃഷ്ണപിള്ള, മന്നത്തു മാധവന്‍പിള്ള, മന്നത്തു പരമേശ്വരന്‍പിള്ള, മന്നത്തു നാരായണന്‍.

സാധാരണപോലെ മറ്റുകുട്ടികള്‍ക്കൊപ്പം അഞ്ചു വയസ്സില്‍ എഴുത്തിനിരുത്തി. കരയിലെ കേശവന്‍ ആശാന്റെ കീഴില്‍ പഠനം ആരംഭിച്ചു. പത്തുവയസ്സില്‍ ചങ്ങനാശ്ശേരിയിലെ സര്‍ക്കാര്‍ മലയാളം സ്‌കൂളിലയച്ചു പഠിത്തം തുടര്‍ന്നു. നാലാം ക്ലാസ് വരെയേ അവിടെ പഠിപ്പിച്ചിരുന്നുള്ളു. രണ്ടാം ക്‌ളാസില്‍ പഠിക്കുമ്പോള്‍ ഫീസ് അടക്കാന്‍ പറ്റാത്തതിനാല്‍ പഠിപ്പു നിര്‍ത്തി. അതിനുശേഷം കൈയക്ഷരം നന്നാക്കുവാന്‍ പ്രവൃത്തികച്ചേരിയില്‍ പോയി തമിഴും മലയാളവും തണ്ടപ്പേര്‍ പകര്‍ത്താറുണ്ടായിരുന്നു. വീട്ടിലെ ബുദ്ധിമുട്ടുമൂലം താലൂക്ക് കച്ചേരിയില്‍ പോയി ഹര്‍ജി എഴുതിക്കൊടുത്തു കാശുണ്ടാക്കാന്‍ ശ്രമിച്ചിരുന്നു. കൂട്ടത്തില്‍ അന്ന് പ്രചാരത്തിലുണ്ടായിരുന്ന വഞ്ചിപ്പാട്ടും തുള്ളല്‍ക്കഥകളും മറ്റു പുസ്തകങ്ങളും വായിക്കാനും സമയം കണ്ടെത്തിയിരുന്നു. 15ാം വയസ്സില്‍ വീണ്ടും സര്‍ക്കാര്‍ പള്ളിക്കൂടത്തില്‍ ചേര്‍ന്നു. അദ്ദേഹം വീണ്ടും ഒന്നാം ക്ലാസ്സില്‍ ചേര്‍ന്നു പഠിത്തം ആരംഭിച്ചു. അന്ന് പ്രധാന അദ്ധ്യാപകന്‍ അമ്പലപ്പുഴ ശിവരാമകൃഷ്ണയ്യര്‍ ആയിരുന്നു. അന്ന് ചങ്ങനാശ്ശേരിയില്‍ ലോവര്‍ ഫോര്‍ത്ത് വരെ ക്ലാസ്സുള്ള ഒരു ഇംഗ്ലീഷ് സ്‌കൂള്‍ ഉണ്ടായിരുന്നിട്ടും ദാരിദ്ര്യം മൂലം പഠിക്കാന്‍ പറ്റിയില്ല.

പിന്നീട് സ്‌കോളര്‍ഷിപ്പോടുകൂടി തിരുവനന്തപുരത്ത് സര്‍ക്കാര്‍ ട്രയിനിങ് സ്‌കൂളില്‍ പഠിക്കാന്‍ അവസരം ലഭിച്ചു. ഉയര്‍ന്ന മാര്‍ക്കോടുകൂടിയുള്ള വിജയം വീണ്ടു പല സ്‌കൂളുകളിലേയും പ്രഥമ അദ്ധ്യാപകനാകുവാന്‍ സഹായിച്ചു.

രണ്ടാംവാധ്യാര്‍, ശമ്പളം 5 രൂപ

ദാരിദ്ര്യത്തോടു പടവെട്ടി ഒരുവിധത്തിലാണ് പത്മനാഭന്‍ ചങ്ങനാശേരി മലയാളം സ്‌കൂളില്‍ പഠിച്ചിറങ്ങി സര്‍ക്കാര്‍ കീഴ്ജീവനപ്പരീക്ഷ ജയിച്ചത്. ഇംഗ്ലിഷ് സ്‌കൂളില്‍ ചേര്‍ന്നു പഠിക്കണമെന്നു മോഹമുണ്ടായിരുന്നെങ്കിലും കുടുംബഭാരം തലയിലേറ്റിയതിനാല്‍ ഉദ്യോഗത്തിനു ശ്രമിച്ചു. 16 വയസ്സ് തികയുന്നതിനുമുന്‍പ് 1893 സെപ്റ്റബറില്‍ കാഞ്ഞിരപ്പള്ളി പ്രവൃത്തിപ്പള്ളിക്കൂടത്തില്‍ രണ്ടാം വാധ്യാരായി ജോലിയില്‍ പ്രവേശിച്ചു. ശമ്പളം 5 രൂപ.

വളരെവേഗം മികച്ച അദ്ധ്യാപകനായി പേരെടുത്തതോടെ 22 ാം വയസ്സില്‍ സ്‌റ്റൈപ്പന്‍ഡോടെ തിരുവനന്തപുരം ശിക്ഷാക്രമപാഠശാലയില്‍ പ്രവേശനം നേടി. സംസ്ഥാനത്തു രണ്ടാമനായിട്ടാണു പരീക്ഷ ജയിച്ചത്. പിന്നീടു പല സര്‍ക്കാര്‍ പ്രൈമറി സ്‌കൂളുകളിലും പ്രഥമാധ്യാപകനായി ജോലി നോക്കി. 11 വര്‍ഷത്തെ അദ്ധ്യാപനജീവിതത്തിനിടയില്‍ കാഞ്ഞിരപ്പള്ളി, മഴുവന്നൂര്‍, പായിപ്പാട്, തുരുത്തി, കൊണ്ടൂര്‍,തുറവൂര്‍, പെരുന്ന, കിളിരൂര്‍, ചങ്ങനാശേരി എന്നിവിടങ്ങളിലെല്ലാം ശിഷ്യസമ്പത്തും ബഹുമാനാദരങ്ങളും നേടാന്‍ അദ്ദേഹത്തിനു കഴിഞ്ഞു. എന്നിട്ടും ഒരു പ്രത്യേക സാഹചര്യത്തില്‍ മന്നം ജോലി രാജിവച്ചു. ചങ്ങനാശ്ശേരി മിഡില്‍സ്‌കൂള്‍ അദ്ധ്യാപകനായിരിക്കുമ്പോള്‍ പ്രധാനാധ്യാപകനുമായുള്ള അഭിപ്രായ വ്യത്യാസത്തിന്റെ പേരിലായിരുന്നു അത്.

മിടുക്കനായ അഭിഭാഷകന്‍

സമര്‍ഥനായ അഭിഭാഷകന്‍ കൂടിയായിരുന്നു മന്നത്തു പത്മനാഭന്‍. ആലപ്പുഴ ജില്ലയിലെ തുറവൂരില്‍ അദ്ധ്യാപകനായി ജോലി ചെയ്യുന്ന കാലത്തുതന്നെയാണ് അദ്ദേഹം മജിസ്‌ട്രേട്ട് പരീക്ഷ ജയിച്ചത്. അന്നത്തെ രീതിയനുസരിച്ച് ഈ പരീക്ഷ ജയിച്ചവര്‍ക്ക് ജില്ലാ മജിസ്‌ട്രേട്ട് കോടതിയിലും കീഴ് മജിസ്‌ട്രേട്ട് കോടതികളിലും അഭിഭാഷകരാകാം. അദ്ധ്യാപകജോലി ഉപേക്ഷിച്ച വര്‍ഷം തന്നെ കോട്ടയം മജിസ്‌ട്രേട്ട് കോടതിയില്‍ അഭിഭാഷകനായി പ്രാക്ടീസ് ആരംഭിച്ചു. ആദ്യമൊക്കെ വരുമാനം കുറവായിരുന്നു-മാസം 30 രൂപ. നാലഞ്ചുകൊല്ലം കഴിഞ്ഞതോടെ ഇത് 200 രൂപയായി. ഒപ്പം വക്കീലിനു പേരും പെരുമയുമായി. ചങ്ങനാശേരിയിലെ പൊതുസമ്മതനായ വ്യക്തിത്വമായി മാറാന്‍ അഭിഭാഷകവൃത്തി അദ്ദേഹത്തെ സഹായിച്ചു.

അന്നു ചങ്ങനാശേരി കോടതിയില്‍ പത്തോളം അഭിഭാഷകരുണ്ടായിരുന്നെങ്കിലും കുറഞ്ഞകാലംകൊണ്ട് മന്നം അവരുടെ മുന്നിലെത്തി. അങ്ങനെയാണ് അഭിഭാഷകരുടെ സംഘടനയ്ക്ക് രൂപം നല്‍കിയപ്പോള്‍ സെക്രട്ടറിയായി അദ്ദേഹം തിരഞ്ഞെടുക്കപ്പെട്ടത്. സംഘടനയ്ക്ക് സ്വന്തമായി ഒരു ഓഫിസ് കെട്ടിടമുണ്ടാക്കാനുള്ള അദ്ദേഹത്തിന്റെ ശ്രമവും വിജയിച്ചു. അദ്ധ്യാപക ജോലിപോലെ, ഒരുഘട്ടത്തില്‍ അഭിഭാഷകവൃത്തിയും അദ്ദേഹം വലിച്ചെറിഞ്ഞു. സ്ഥലം മാറിയെത്തിയ ഒരു മജിസ്‌ട്രേട്ടുമായുള്ള അഭിപ്രായവ്യത്യാസമായിരുന്നു കാരണം.

സി.വി. രാമന്‍പിള്ളയെ വിസ്്മയിപ്പിച്ച നടന്‍

അരങ്ങിലും തിളങ്ങിയ വ്യക്തിത്വമായിരുന്നു മന്നത്തു പത്മനാഭന്റേത് എന്ന് അധികമാര്‍ക്കും അറിയില്ല. 'മാര്‍ത്താണ്ഡവര്‍മ'യില്‍ സുന്ദരയ്യന്റെ വേഷമണിഞ്ഞ് ഗ്രന്ഥകാരനായ സാക്ഷാല്‍ സി.വി. രാമന്‍പിള്ളയെത്തന്നെ വിസ്മയിപ്പിച്ചിട്ടുണ്ട്, മന്നത്തിലെ കലാകാരന്‍.

അന്നത്തെ നാട്ടുനടപ്പനുസരിച്ച് കളരി ആശാന്റെ ശിക്ഷണത്തില്‍ എഴുത്തും വായനയും അഭ്യസിച്ചശേഷം 8 വയസ്സുള്ള പത്മനാഭന്‍ ചങ്ങനാശേരി സര്‍ക്കാര്‍ സ്‌കൂളില്‍ ചേര്‍ന്നു. സാമ്പത്തിക പരാധീനതമൂലം പഠനം മുടങ്ങി. പ്രവൃത്തിക്കച്ചേരിയില്‍ ചെന്നു മലയാളവും തമിഴും പകര്‍ത്തിയെഴുതി കാലം തള്ളുമ്പോഴാണ് ചങ്ങനാശേരിയില്‍ കുമാരമംഗലസ്സ് നീലകണ്ഠന്‍ നമ്പൂതിരിപ്പാടിന്റെ നേതൃത്വത്തില്‍ നാടകസംഘം ആരംഭിച്ചത്. ഒട്ടും മടിച്ചില്ല.ബാലനടനായി കൂടെക്കൂടി. രണ്ടു കൊല്ലം കൊണ്ടു മികച്ചനടനെന്നു പേരെടുത്ത പത്മനാഭന്‍, 'അഭിജ്ഞാന ശാകുന്തള'ത്തില്‍ ഭരതകുമാരന്‍, 'കുചേലഗോപാല'ത്തില്‍ ബ്രാഹ്‌മണ ബാലന്‍, 'ഉത്തരരാമചരിത'ത്തില്‍ ലവന്‍ തുടങ്ങിയ വേഷങ്ങളില്‍ തിളങ്ങി. പിന്നീടാണ് സുന്ദരയ്യന്റെ വേഷമണിയുന്നത്. പത്മനാഭന്റെ അഭിനയം കണ്ടു മനം നിറഞ്ഞ സി.വി പറഞ്ഞതിങ്ങനെ:''ഈ കഥാപാത്രത്തെ സൃഷ്ടിച്ചതിന്റെ സാഫല്യം ഇപ്പോഴാണെനിക്കുണ്ടായത്.''

കൈവച്ച മേഖലകളിലെല്ലാം തിളങ്ങിയ ചരിത്രമുള്ള മന്നം സാഹിത്യരംഗത്തും അത് ആവര്‍ത്തിച്ചു. അദ്ദേഹത്തിന്റെ രചനകളില്‍ ഏറ്റവും വിലപ്പെട്ടത് 'എന്റെ ജീവിത സ്മരണകള്‍' എന്ന ആത്മകഥയാണ്. നായര്‍ സര്‍വീസ് സൊസൈറ്റിയുടയും കേരള നവോത്ഥാനത്തിന്റെയും ചരിത്രംകൂടിയാണത്.

എന്‍എസ്എസിനു ധനം ശേഖരിക്കാന്‍ മലയ (ഇന്നത്തെ മലേഷ്യ), സിംഗപ്പുര്‍ തുടങ്ങിയ രാജ്യങ്ങളില്‍ എം.എന്‍.നായരുമൊന്നിച്ച് നടത്തിയ പര്യടനത്തിന്റെ വിവരണമായ 'ഞങ്ങളുടെ എഫ്എംഎസ് യാത്ര' എന്ന യാത്രാവിവരണഗ്രന്ഥമാണ് മന്നത്തിന്റെ മറ്റൊരു രചന. 'പഞ്ചകല്യാണി-ഒരു നിരൂപണം' എന്ന 14 അധ്യായങ്ങളുള്ള സുദീര്‍ഘമായ രചനയാണ് മറ്റൊന്ന്. ചിത്രമെഴുത്ത് കെ.എം.വര്‍ഗീസ് എഴുതിയ 'മാര്‍ അത്തനാസ്യോസിന്റെ പഞ്ചകല്യാണി' എന്ന ഗ്രന്ഥത്തെക്കുറിച്ചുള്ള നിശിതമായ നിരൂപണമാണത്. മന്നത്തു പത്മനാഭന്റെ വിപുലമായ വായനയും പുസ്തകപരിചയവും നര്‍മബോധവും പ്രകടമാക്കുന്നതാണ് ഈ രചനയെന്നു വിലയിരുത്തപ്പെടുന്നു. 'ചങ്ങനാശേരി പരമേശ്വരന്‍പിള്ളയുടെ ജീവചരിത്രം ഒരു ലഘുനിരൂപണം' എന്നതാണു മറ്റൊരു ഗ്രന്ഥം.

താഴേന്നിന്ന് തുടങ്ങിയ നവോത്ഥാനം

കേരളത്തിന്റെ നവോത്ഥാന മുന്നേറ്റങ്ങള്‍ വ്യക്തികളില്‍നിന്ന് ആരംഭിക്കുകയും പിന്നീട് അത് മഹാ പ്രസ്ഥാനമായി മാറുകയുമാണ് ചെയ്തത്. മിഷണറിമാരുടെ പ്രവര്‍ത്തനങ്ങളും ഇത്തരം മുന്നേറ്റത്തിന് വഴിമരുന്നിട്ടിട്ടുണ്ട്. അയ്യാ വൈകുണ്ഠനെയും ആറാട്ട്പുഴ വേലായുധപ്പണിക്കരെയും പോലെയുള്ളവരെ നവോത്ഥാനത്തിന്റെ ആദ്യ പഥികരെന്ന് പൊതുവില്‍ വിശേഷിപ്പിക്കപ്പെടാറുണ്ട്.നവോത്ഥാന ചിന്തകള്‍ പിന്നീട് വിപുലപ്പെടുന്നത് ചട്ടമ്പിസ്വാമികളിലാണ്. ജാതീയതയ്ക്കും ബ്രാഹ്‌മണാധിപത്യത്തിനും എതിരായി നിലപാടുകള്‍ സ്വീകരിച്ചുകൊണ്ടാണ് ചട്ടമ്പിസ്വാമികള്‍ കേരളീയ നവോത്ഥാനത്തിന് സവിശേഷമായ സംഭാവന നല്‍കിയത്.വേദങ്ങളും ഉപനിഷത്തുക്കളും ബ്രാഹ്‌മണരുടെ കുത്തകയായിരുന്ന കാലത്ത് അതിന് മാറ്റംവരുത്താനുള്ള പ്രവര്‍ത്തനം നടത്തി എന്നതാണ് ചട്ടമ്പി സ്വാമികളുടെ പ്രാധാന്യം. കേരളീയ നവോത്ഥാന മുന്നേറ്റത്തിന് അടിത്തറ ഒരുക്കുന്ന ചിന്താഗതികളായിരുന്നു ഇവയെന്ന് കാണാം.

നവോത്ഥാന മുന്നേറ്റങ്ങള്‍ കേരളത്തെയാകമാനം വ്യാപിക്കുന്ന ഒന്നായി മാറുന്നത് ശ്രീനാരായണ ഗുരുവിന്റെ രംഗപ്രവേശനത്തോടെയാണ്. അരുവിപ്പുറം പ്രതിഷ്ഠയും സര്‍വമത സമ്മേളനവും ശിവഗിരി തീര്‍ത്ഥാടനവുമെല്ലാം ഈ ദിശയിലുള്ള ശക്തമായ ചുവടുവയ്പ്പുകളായിരുന്നു. അതുകൊണ്ടാണ് കേരളത്തിന്റെ നവോത്ഥാനത്തിന്റെ പതാകവാഹകനായി ശ്രീനാരായണ ഗുരുവിനെ നാം കാണുന്നത്. സാധുജന പരിപാലന സംഘം രൂപീകരിച്ച് നവോത്ഥാന ചിന്തകള്‍ക്ക് പുതിയ ദിശാബോധം നല്‍കുകയായിരുന്നു അയ്യന്‍കാളി. കര്‍ഷക-തൊഴിലാളി സമരത്തെ പോലും നവോത്ഥാനപരമായ മുന്നേറ്റങ്ങള്‍ക്ക് ഉപയോഗപ്പെടുത്തുകയായിരുന്നു അദ്ദേഹം ചെയ്തത്.




കേരളത്തിന്റെ നവോത്ഥാന മുന്നേറ്റത്തില്‍ അവര്‍ണര്‍ എന്ന് വിളിക്കപ്പെടുന്ന വിഭാഗങ്ങളില്‍നിന്നാണ് നവോത്ഥാന ചിന്തകള്‍ വളര്‍ന്ന് വികസിച്ച് മഹാ പ്രസ്ഥാനങ്ങളായി വളര്‍ന്നുവന്നത് എന്ന് കാണാം. ആ മാറ്റങ്ങള്‍ സവര്‍ണര്‍ എന്ന് വിളിക്കപ്പെടുന്ന വിഭാഗങ്ങളിലും വലിയ ചലനങ്ങള്‍ക്ക് ഇടയാവുകയും ചെയ്തു. ന്യൂനപക്ഷ വിഭാഗങ്ങളിലും ഇത് മാറ്റങ്ങള്‍ വരുത്തി. നമ്പൂതിരി സമുദായത്തില്‍ വി.ടിയും എം.ആര്‍.ബിയും ഇ.എം.എസും നടത്തിയ അതേ പരിഷ്‌ക്കരണം നായര്‍ സമുദായത്തില്‍ അത് പ്രയോഗികമാക്കിയത് മന്നമായിരുന്നു. നാരായണ ഗുരുവിനെയാണ് ഞാന്‍ മാതൃകമാക്കിയതെന്ന് അദ്ദേഹം പലപ്പോഴും പറയുകയും ചെയ്തിരുന്നു.

സംബന്ധവും മരുമക്കത്തായവും തുലയട്ടെ

കേരളത്തില്‍ വളര്‍ന്നുവികസിച്ച നവോത്ഥാന ചിന്തകളെ നായര്‍ വിഭാഗങ്ങള്‍ക്കിടയില്‍ സജീവമായി പ്രചരിപ്പിച്ചുകൊണ്ടാണ് മന്നത്ത് പത്മനാഭന്‍ രംഗപ്രവേശം ചെയ്യുന്നത്. നായര്‍ സമൂഹത്തിനകത്ത് അന്ന് നിലനിന്ന തെറ്റായ ഏതെല്ലാം സമ്പ്രദായങ്ങളെയും രീതികളെയുമാണ് മന്നത്ത് പത്മനാഭന്‍ എതിര്‍ത്തതെന്ന് അദ്ദേഹത്തിന്റെ ജീവചരിത്രമായ എന്‍എസ്എസ് പ്രസിദ്ധീകരിച്ച 'മന്നത്ത് പത്മനാഭന്‍ കര്‍മയോഗിയായ കുലപതി' എന്ന പുസ്തകത്തില്‍ ഇങ്ങനെ രേഖപ്പെടുത്തുന്നുണ്ട്.

'കൂട്ടുകുടുംബ വ്യവസ്ഥയില്‍ മരുമക്കത്തായം അവസാനിപ്പിക്കുക, മക്കത്തായവും ആളോഹരി ഭാഗവും നടപ്പാക്കുക, താലികെട്ട്, തെരണ്ടുകുളി, പുളികുടി മുതലായ ചടങ്ങുകളോടനുബന്ധിച്ച് നടത്തിയിരുന്ന ആര്‍ഭാടസമന്വിതങ്ങളും അമിത വ്യയഹേതുക്കളുമായ ആഘോഷങ്ങള്‍ക്ക് വിരാമമിടുക, പടേനി, ഗുരുഡന്‍തൂക്കം തുടങ്ങിയ ക്ഷേത്രോത്സവ പരിപാടികള്‍ നിര്‍ത്തലാക്കുക എന്നിങ്ങനെ സമുദായ സംരക്ഷണപരങ്ങളും സാമൂഹ്യപരിഷ്‌കരണ സംബന്ധികളുമായ യത്‌നങ്ങളില്‍ മന്നം സജീവമായി ഏര്‍പ്പെട്ടു.' (പേജ് -86)

ഇത് കാണിക്കുന്നത് നായര്‍ സമുദായത്തിനകത്ത് അക്കാലത്ത് നിലനിന്ന ദായക്രമങ്ങളെയും ആചാര സമ്ബ്രദായങ്ങള്‍ക്കെതിരെയും മന്നത്ത് പത്മനാഭന്‍ പ്രവര്‍ത്തിച്ചിരുന്നു എന്നാണ്. അതോടൊപ്പംതന്നെ ആര്‍ഭാടരഹിതമായ തരത്തില്‍ ആഘോഷങ്ങള്‍ നടത്തണമെന്നും അദ്ദേഹം നിഷ്‌കര്‍ഷിച്ചു. ക്ഷേത്രങ്ങളില്‍ നിലനില്‍ക്കുന്നതും തെറ്റാണെന്ന് അദ്ദേഹത്തിന് തോന്നിയതുമായ ഉത്സവരീതികളെപ്പോലും എതിര്‍ത്തുള്ളതായിരുന്നു അദ്ദേഹത്തിന്റെ നിലപാട്. ആചാരങ്ങള്‍ മാറ്റാന്‍ പറ്റാത്തതാണെന്ന നിലപാടായിരുന്നില്ല മന്നത്ത് പത്മനാഭന്റേത് എന്നര്‍ഥം. മനുഷ്യന്റെ ജീവിതത്തെ ഗുണപരമായി മുന്നോട്ടുകൊണ്ടുപോകുന്നതിന് തടസ്സമായി നില്‍ക്കുന്നവയെ മാറ്റുക എന്നതായിരുന്നു അദ്ദേഹത്തിന്റെ നിലപാട് എന്ന് വ്യക്തം. ഈ നിലപാടും അതിനായുള്ള ഇടപെടലുമാണ് സാമൂഹ്യ പരിഷ്‌കര്‍ത്താവ് എന്ന നിലയില്‍ മന്നത്ത് പത്മനാഭന് കേരളത്തിന്റെ നവോത്ഥാന ചരിത്രത്തില്‍ സ്ഥാനം നേടാനായത്.

നമ്പൂതിരിമാര്‍ നായര്‍ സ്ത്രീകളെ വിവാഹം ചെയ്തുകൊണ്ട് മുന്നോട്ടുപോകുന്ന സംബന്ധം സമ്ബ്രദായത്തിനെതിരെയും ശക്തമായ നിലപാട് അദ്ദേഹം മുന്നോട്ടുവച്ചിരുന്നു. എന്‍എസ്എസ് പ്രസിദ്ധീകരിച്ച അദ്ദേഹത്തിന്റെ ജീവചരിത്രത്തില്‍ ഇത് സംബന്ധിച്ച് ഇങ്ങനെയാണ് രേഖപ്പെടുത്തിയിട്ടുള്ളത്. ' നമ്പൂതിരിമാരുമായി വിവാഹ ബന്ധമുണ്ടായപ്പോള്‍ അത് കുടുംബ ശൈഥില്യത്തെ ത്വരിതപ്പെടുത്തി. ഭര്‍ത്താവിന് ഭാര്യയെയോ സന്താനങ്ങളെയോ സംരക്ഷിക്കാന്‍ യാതൊരു ബാധ്യതയും ഇല്ലാത്ത തരത്തിലുള്ള വിചിത്രമായ ബന്ധമായിരുന്നു അത്. നമ്ബൂതിരിയുടെ ആചാരത്വം, പൗരോഹിത്യം എന്നിവയാല്‍ ദാനധര്‍മാദികള്‍ക്കും മറ്റുമുള്ള നായന്മാരുടെ സാമ്പത്തിക ബാധ്യത വളരെ വര്‍ധിക്കുകയും ചെയ്തു. കുടുംബത്തില്‍ വര്‍ധിച്ചുവരുന്ന അംഗങ്ങളെ തീറ്റിപ്പോറ്റാനും മറ്റുമായി തറവാട്ടുമുതല്‍ വില്‍ക്കുകയല്ലാതെ ഗത്യന്തരമുണ്ടായിരുന്നില്ല.' (മന്നത്ത് പത്മനാഭന്‍ കര്‍മയോഗിയായ കുലപതി, പേജ് - 87)

ഇത്തരത്തില്‍ ബ്രാഹ്‌മണ മേധാവിത്വത്തിന്റെ ഭാഗമായി നായര്‍സമൂഹം അനുഭവിച്ച പ്രശ്‌നങ്ങള്‍ അക്കാലത്ത് ഏറെ ഗുരുതരമായ ഒന്നായിരുന്നു. അവയ്‌ക്കെതിരായുള്ള വലിയ സമരമായിരുന്നു മന്നത്ത് പത്മനാഭന്റെ ജീവിതം. അതുകൊണ്ടുതന്നെയാണ് നമ്ബൂതിരി യോഗക്ഷേമ സഭയുടെ യോഗത്തില്‍ മന്നത്ത് പത്മനാഭന്‍ നടത്തിയ പ്രസംഗത്തില്‍ അദ്ദേഹം ഇങ്ങനെ പറഞ്ഞത്. ''സകല കാര്യങ്ങള്‍ക്കും പ്രതിബദ്ധമായി നില്‍ക്കുന്നത് യഥാസ്ഥിതികന്മാരാണ്. യാഥാസ്ഥിതികത എന്ന പദത്തിന് നിഘണ്ടുവില്‍ എന്തര്‍ഥമായിരുന്നാലും ജീവനില്ലായ്മ എന്നാണ് ഞാന്‍ അര്‍ഥം കല്‍പ്പിക്കുന്നത്' അങ്ങനെ യാഥാസ്ഥിതികത്വത്തെ ജീവനില്ലായ്മയായി പ്രഖ്യാപിക്കുകയും അതിനെതിരായി ശക്തമായ സമരം മുന്നോട്ടുവയ്ക്കുകയും ചെയ്തതാണ് മന്നത്ത് പത്മനാഭന്റെ ജീവിതം എന്ന് കാണാം.

വൈക്കം-ഗുരുവായൂര്‍ സത്യഗ്രഹങ്ങളിലും പ്രധാന പങ്ക്

സാമൂദായിക പരിഷ്‌കരണത്തിന്റെ ഭാഗമായി സംഘടനയ്ക്ക് രൂപംനല്‍കാനും അദ്ദേഹം തയ്യാറായി. അതിന്റെ അടിസ്ഥാനത്തിലാണ് 1914ല്‍ രൂപംകൊണ്ട നായര്‍ സര്‍വീസ് സൊസൈറ്റിയുടെ പ്രവര്‍ത്തനങ്ങളെ അദ്ദേഹം കണ്ടത്. ബ്രാഹ്‌മണമേധാവിത്വത്തിന്റെ രീതികളെ അദ്ദേഹം ശക്തമായി എതിര്‍ത്തു. അക്കാലത്തെ സ്ഥിതിയെപ്പറ്റി അദ്ദേഹം ഇങ്ങനെ പറയുന്നുണ്ട്. 'അക്ഷരാഭ്യാസം സിദ്ദിഖാത്ത നിര്‍ധനനായ ഒരു ഉണ്ണി നമ്പൂതിരി സര്‍. സി ശങ്കരന്‍നായരെ കണ്ടാലും എഴുന്നേല്‍ക്കണമെന്ന് ശങ്കിക്കുന്നില്ല. വെറും ഒരു നമ്പൂതിരിയെ കണ്ടാല്‍ കണ്ടാല്‍ ശങ്കരന്‍ നായര്‍ക്കായാലും ഇരിപ്പുറയ്ക്കുമെന്ന് തോന്നുന്നില്ല.' ഇങ്ങനെ ജാതി വ്യവസ്ഥയുടെ ഭാഗമായി നിലനിന്ന അടിമ മനോഭാവത്തിനെതിരെയുള്ള സമരമായിരുന്നു അദ്ദേഹത്തിന്റേത്.

പുതിയ കാലഘട്ടത്തില്‍ വിദ്യാഭ്യാസത്തിലൂടെ മാത്രമേ സമൂഹത്തിന് പുരോഗതി ഉണ്ടാവൂ എന്നതിന്റെ അടിസ്ഥാനത്തില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ നാടിന്റെ നാനാഭാഗത്തും കെട്ടിപ്പടുക്കുന്നതിനും ത്യാഗപൂര്‍ണമായ ഇടപെടലാണ് അദ്ദേഹം വഹിച്ചത്. ഇങ്ങനെ അദ്ദേഹത്തിന്റെ ആദ്യകാല ജീവിതം എന്നത് നവോത്ഥാന ചിന്തകള്‍ക്കും സാമൂഹ്യ പരിഷ്‌കരണത്തിനുമായി ഒഴിഞ്ഞുവച്ച ഒന്നായിരുന്നു എന്ന് കാണാവുന്നതാണ്.നവോത്ഥാന നായകര്‍ പൊതുവില്‍ ഉയര്‍ത്തിപ്പിടിച്ച ഒരു സവിശേഷത അവര്‍ ജനിച്ചുവളര്‍ന്ന വിഭാഗത്തിന്റെ മാത്രമല്ല, മറ്റു വിഭാഗങ്ങളുടെ പ്രശ്‌നങ്ങളെയും സജീവമായി പരിഗണിച്ചു എന്നതാണ്.

അയിത്തോച്ഛാടനത്തിനെതിരായി അദ്ദേഹം നടത്തിയ പ്രവര്‍ത്തനങ്ങള്‍ എടുത്തുപറയേണ്ടതാണ്. വൈക്കം സത്യഗ്രഹത്തിന്റെ കാലത്താണ് മന്നത്ത് പത്മനാഭന്റെ നേതൃത്വത്തില്‍ ഒരു സവര്‍ണജാഥ വൈക്കത്ത്‌നിന്ന് തിരുവനന്തപുരത്തേക്ക് ആരംഭിക്കുന്നത്. സഞ്ചാര സ്വാതന്ത്ര്യം എല്ലാ പൗരന്മാരുടെയും ജന്മാവകാശമാണെന്ന് എഴുതിയ ബോര്‍ഡ് വച്ചുകൊണ്ടായിരുന്നു ആ ജാഥ പോയത്. സ്വീകരണ കേന്ദ്രങ്ങളില്‍ മന്നത്ത് പത്മനാഭന്റെ പ്രസംഗവും ഉണ്ടായിരുന്നു. അയിത്തമില്ലാതാക്കാനും സഞ്ചാരസ്വാതന്ത്ര്യമുണ്ടാക്കാനും സവര്‍ണ ഹിന്ദുക്കള്‍ക്കുള്ള ഉത്തരവാദിത്തം എന്താണെന്നും അവര്‍ണ ഹിന്ദുക്കള്‍ അനുഭവിക്കുന്ന ക്ലേശങ്ങളെയും കുറിച്ചായിരുന്നു ആ ജാഥ. കേരളത്തിന്റെ നവോത്ഥാന ചരിത്രത്തിലെ സുപ്രധാന സംഭവങ്ങളിലൊന്നായി ആ ജാഥ മാറുകയും ചെയ്തു.ഗുരുവായൂര്‍ സത്യഗ്രഹത്തിലും മന്നത്ത് പത്മനാഭന്‍ നേതൃത്വനിരയില്‍ തന്നെ പ്രവര്‍ത്തിക്കുകയും ചെയ്തു. അതെല്ലാം പലതവണ എഴുതപ്പെട്ടതുമാണ്.

വിമോചന സമര നായകനും

ഇന്ന് കമ്യൂണിസ്റ്റ് പാര്‍ട്ടിപോലും നവോത്ഥാന നായകന്‍ ആയി കണക്കാക്കുന്ന മന്നത്തിന് ലോക ചരിത്രത്തില്‍ ആദ്യമായി ബാലറ്റിലുടെ തെരഞ്ഞെടുക്കപ്പെട്ട കേരളത്തില കമ്യൂണിസ്റ്റ് സര്‍ക്കാറിനെ അട്ടിമറിച്ചതിലും നിര്‍ണ്ണായക റോള്‍ ആളുള്ളത്. അദ്ദേഹം കടുത്ത കമ്മ്യൂണിസറ്റ് വിരുദ്ധനമായിരുന്നു.




വിമോചന സമരം ഔപചാരികമായി ഉദ്ഘാടനം ചെയ്തുപോലും മന്നം ആയിരുന്നു. 1959 മെയ് 1 ന് വിദ്യാഭ്യാസസ്ഥാപനങ്ങള്‍ അടച്ചിട്ട് പ്രതിഷേധം പ്രകടിപ്പിക്കാനുള്ള ഒരു പ്രമേയം ചങ്ങനാശ്ശേരിയില്‍ വച്ച് സമുദായിക നേതാക്കള്‍ പാസ്സാക്കി. ജോസഫ് മുണ്ടശ്ശേരിയുടേയും, ചങ്ങനാശ്ശേരി ആര്‍ച്ചബിഷപ്പിന്റേയും ഒരു പൊതു സുഹൃത്തിന്റെ മദ്ധ്യസ്ഥതയില്‍ പ്രശ്‌നപരിഹാരത്തിനു ശ്രമിച്ചുവെങ്കിലും ഫലവത്തായില്ല. മന്നത്ത് പത്മനാഭന്റെ നേതൃത്വത്തില്‍ ഒരു വിമോചനസമരസമിതി തന്നെ രൂപവത്കരിക്കപ്പെട്ടു. ഈ വരുന്ന വിമോചനസമരം, ഇന്ത്യയെ മാത്രമല്ല ഏഷ്യയെതന്നെ കമ്മ്യൂണിസത്തില്‍ നിന്നും മോചിപ്പിക്കും എന്ന് ദീപിക പത്രം പ്രഖ്യാപിച്ചു.

ഭൂപരിഷ്‌കരണ നിയമവും വിദ്യാഭ്യാസ പരിഷ്‌കരണ നിയമവുമെല്ലാം ചേര്‍ന്ന് വന്ന സാമൂഹിക മാറ്റം അട്ടിമറിക്കാനാണ് ഈ നീക്കം എന്ന് അന്നുതാന്നെ ആരോപണം ഉണ്ടായിരുന്നു. പാരമ്പര്യമായി അനുഭവിച്ച് വന്നിരുന്ന ഭൂമി നഷ്ടമാകുമെന്ന് വന്നപ്പോള്‍ ജന്മിമാര്‍ കൈയും കെട്ടി നോക്കി നിന്നില്ല. കോണ്‍ഗ്രസിന്റെയും എന്‍എസ്എസിന്റെയും ക്രിസ്തീയ സഭകളുടെയും മുസ്ലിം ലീഗിന്റെയുമെല്ലാം സഹായത്തോടെ അവര്‍ സര്‍ക്കാരിനെതിരെ തിരിഞ്ഞു. അതാണ് വിമോചന സമരത്തിലേക്കും ആദ്യ കമ്മ്യൂണിസ്റ്റ് സര്‍ക്കാരിന്റെ പുറത്താകലിലേക്കും കലാശിച്ചത്. വിദ്യാഭ്യാസ പരിഷ്‌കാരത്തിനെതിരെ സ്വകാര്യ മാനേജ്മെന്റുകളാണ് രംഗത്തെത്തിയത്. അതിലും എന്‍എസ്എസും ക്രിസ്തീയ സഭകളുമായിരുന്നു മുന്‍പന്തിയില്‍. സ്‌കൂള്‍ തുറക്കേണ്ട ജൂണ്‍ 15ന് തങ്ങള്‍ ഒരു കാരണവശാലും സ്‌കൂളുകള്‍ തുറക്കില്ലെന്ന് ക്രിസ്തീയ സഭകളും മന്നത്ത് പത്മനാഭനും പ്രഖ്യാപിച്ചു.

സ്‌കൂളുകള്‍ തുറന്നില്ലെങ്കില്‍ ഷെഡ്ഡുകള്‍ കെട്ടി ക്ലാസുകള്‍ നടത്തുമെന്ന് സര്‍ക്കാരും പ്രഖ്യാപിച്ചു. ജനകീയ സ്‌കൂളിന് കമ്മ്യൂണിസ്റ്റുകാര്‍ നല്ല പ്രചരണം നല്‍കിയെങ്കിലും അത് പ്രാവര്‍ത്തികമായില്ല. 'മന്നം പൂട്ടിയ സ്‌കൂളു തുറക്കാന്‍ എംഎന്നു മീശ കിളുര്‍ത്തിട്ടില്ല' എന്ന മുദ്രാവാക്യവുമായി സമരക്കാര്‍ സര്‍ക്കാര്‍ സ്‌കൂളുകളും പിക്കറ്റ് ചെയ്തു. പലയിടത്തും കൂടിയും കുറഞ്ഞും അക്രമങ്ങളുണ്ടായി. തിരുവനന്തപുരം ജില്ലയിലെ വെട്ടുകാടും പുല്ലുവിളയിലും പൊലീസ് വെടിവച്ചു. അഞ്ച് പേര്‍ കൊല്ലപ്പെടുകയും ചെയ്തു. അങ്കമാലി കല്ലറയും തിരുവനന്തപുരത്ത് ചെറിയതുറയില്‍ പൊലീസിന്റെ വെടിയേറ്റ് മരിച്ച ഫ്ളോറിയെന്ന ഗര്‍ഭിണിയുമെല്ലാം ആ വിമോചന സമരത്തിന്റെ ബാക്കിപത്രങ്ങളാണ്.

1959 ജൂണ്‍ 16ന് എഐസിസി ജനറല്‍ സെക്രട്ടറി സാദിക് അലി തിരുവനന്തപുരത്തെത്തിയിരുന്നു. മന്നത്തു പത്മനാഭനുമായി ദീര്‍ഘനേരം സംസാരിച്ച സാദിക് അലി കുറഞ്ഞപക്ഷം സ്‌കൂള്‍ പിക്കറ്റിങ് എങ്കിലും ഒഴിവാക്കിക്കൂടെയെന്ന് ചോദിച്ചപ്പോള്‍ സാധ്യമല്ല എന്നാണ് മന്നം അറത്തുമുറിച്ച് പറഞ്ഞത്. കെപിസിസി നമ്പൂതിരിപ്പാടിന് കൊടുത്ത പത്ത് ദിവസത്തെ കാലാവധി ജൂണ്‍ 23ന് അവസാനിക്കുമെന്നും അന്നേയ്ക്കകം രാജിവയ്ക്കാത്ത പക്ഷം പിക്കറ്റിങ് രൂക്ഷമാക്കുമെന്നും മന്നം പരസ്യപ്രസ്താവന നടത്തി*. ഇഎംഎസ് സര്‍ക്കാരിനെ ഭരണത്തില്‍ തുടരാന്‍ അനുവദിക്കില്ലെന്നായിരുന്നു മന്നത്ത് പത്മനാഭന്റെ നിലപാട്. മന്നത്തിന്റെ തീ തുപ്പുന്ന പ്രസംഗങ്ങള്‍ കേള്‍ക്കാന്‍ അന്ന് ആയിരങ്ങളാണ് ഒത്തുകൂടിയത്. പുറമെ പരിഷ്‌ക്കരണം പറയുമ്പോഴും ഉള്ളില്‍ വെറുമൊരും ജാതിവാദി മാത്രമായിരുന്നു മന്നം എന്നതിന് തെളിവായാണ് പലരും വിമോചന സമരത്തിലെ അദ്ദേഹത്തിന്റെ ഇടപെടലുകളെ ചൂണ്ടിക്കാട്ടുള്ളത്.

തിരുവിതാംകൂറിലെ ആദ്യത്തെ എംഎല്‍എമാരില്‍ ഒരാള്‍

തിരുവിതാംകൂറിലെ ആദ്യത്തെ എംഎല്‍എമാരില്‍ ( മെംബര്‍ ഓഫ് ലെജിസ്ലേറ്റിവ് അസംബ്ലി) ഒരാളായിരുന്നു മന്നത്തു പത്മനാഭന്‍ എന്നത് ഇന്നു പലരും ഓര്‍ക്കുന്നുണ്ടാവില്ല. ദിവാന്‍ സി.പി.രാമസ്വാമി അയ്യര്‍ രാജിവച്ചൊഴിഞ്ഞതിനുശേഷം തിരുവിതാംകൂറില്‍ പ്രായപൂര്‍ത്തി വോട്ടവകാശപ്രകാരം ആദ്യമായി നടന്ന പൊതുതിരഞ്ഞെടുപ്പായിരുന്നു 1948ലേത്. കോണ്‍ഗ്രസ് നേതൃമണ്ഡലത്തിലേക്കുള്ള മന്നത്തു പത്മനാഭന്റെ രംഗപ്രവേശം പാര്‍ട്ടിയുടെ പ്രതിച്ഛായയും ജനസ്വാധീനവും വര്‍ധിക്കാന്‍ സഹായമായെന്നു തിരിച്ചറിഞ്ഞതിനാലാണ് മന്നത്തെ മത്സരിപ്പിക്കാന്‍ തീരുമാനിച്ചത്. പത്തനംതിട്ടയിലെ കുമ്പഴ-വള്ളിക്കോട് നിയോജകമണ്ഡലമാണ് മന്നത്തിനായി നീക്കിവച്ചത്. ചിറ്റൂര്‍ രാജഗോപാലന്‍ നായരായിരുന്നു മുഖ്യ എതിരാളി. മന്നത്തോടാണു മത്സരിക്കുന്നതെന്നറിഞ്ഞപ്പോഴേ വിജയപ്രതീക്ഷ നഷ്ടപ്പെട്ട രാജഗോപാലന്‍ നായര്‍ പിന്മാറി. അങ്ങനെ മന്നം വന്‍ ഭൂരിപക്ഷത്തോടെ അനായാസം ജയിച്ചു.

വിമര്‍ശിക്കപ്പെട്ട ആര്‍എസ്എസ് സമീപനം

''ഹിന്ദുക്കളുടെ ആലംബവും ആശാകേന്ദ്രവും ആര്‍എസ്എസ് ആണ് -മന്നത്ത് പത്മനാഭന്‍'' എന്ന തലക്കെട്ടോടെ ആര്‍എസ്എസ് മുഖപത്രമായ കേസരിയില്‍ 20-10-1957ല്‍ വന്ന റിപ്പോര്‍ട്ട് അദ്ദേഹത്തിന്റെ പില്‍ക്കാലത്തെ രാഷ്ട്രീയ ചായ്വ് വ്യക്തമാക്കുന്നതാണ്. ആര്‍എസ്എസ് നേതാവ് ഗോള്‍വാള്‍ക്കാര്‍ പങ്കെടുത്ത ചടങ്ങില്‍ വച്ചാണ് മന്നം ഈ പ്രസ്താവന നടത്തയതെന്നത് ശ്രദ്ധേയമാണ്. ആര്‍എസ്എസ് എറണാകുളം ശാഖാ വാര്‍ഷികമായിരുന്നു ചടങ്ങ്. ഗാന്ധി വധത്തിന്റെ പേരില്‍ ആര്‍എസ്എസ് പ്രതികൂട്ടില്‍നില്‍ക്കുന്ന സമയത്തായിരുന്നു ഈ പുകഴ്ത്തല്‍ എന്നും ഓര്‍ക്കണം.

കേരളത്തില്‍ ദളിത് വിമോചനത്തിന് വേണ്ടി പ്രവര്‍ത്തിച്ച നേതാവെന്നാണ് മന്നത്തെ ചിലര്‍ വിശേഷിപ്പിക്കുന്നത് കാപട്യമാണെന്നാണ് കെ കെ കൊച്ചിനെയും സണ്ണി കപിക്കാടിനെയും പോലുള്ള ദലിത ചിന്തകര്‍ ചൂണ്ടിക്കാട്ടുന്നത്. ഈഴവ മുഖ്യമന്ത്രിയായ ആര്‍.എശങ്കറിന്റെ മന്ത്രിസഭയെ മറിച്ചിടുന്നതില്‍ മുഖ്യപങ്ക് വഹിച്ച മന്നം ദളിതുകളെ ജാതീയമായി അതിക്ഷേപിക്കുന്ന പ്രസ്താവനകള്‍ നടത്തിയതായി ചരിത്രം പരതിയാല്‍ വ്യക്തമാകുമെന്ന് അവര്‍ ചൂണ്ടിക്കാട്ടുന്നു. ദളിതുകള്‍ക്ക് കേരള മന്ത്രിസഭയില്‍ പ്രാതിനിധ്യം ലഭിച്ചപ്പോള്‍ അസഹിഷ്ണുവായ മന്നം നടത്തിയ പ്രസ്താവനകള്‍ ഇതിന് തെളിവാണ്.

1963ലെ ശാസ്തമംഗലം പ്രസംഗം മന്നത്തിന്റെ ജാതീയതയുടെ തീവ്രത മുഴുവന്‍ പുറത്തുകൊണ്ടുവരുന്നതാണെന്ന വിമര്‍ശനം ഉയര്‍ന്നതാണ്. ഈഴവര്‍ക്ക് ക്ഷേത്രപ്രവേശനത്തിന് വേണ്ടി പ്രവര്‍ത്തിച്ച മന്നത്ത് പത്മനാഭന്‍ തന്നെയാണ് പിന്നീട് അത് പുനപ്പരിശോധനക്ക് വിധേയമാക്കണമെന്ന് പറയുന്നത്. ഈഴവന്‍ മുഖ്യമന്ത്രിയായിരിക്കുന്നത് സഹിക്കാന്‍ മന്നത്തിന് ഒരിക്കലും കഴിയുമായിരുന്നില്ലെന്നാണ് സണ്ണി കപിക്കാടിനെപ്പോലുള്ള ദലിത് നേതാക്കള്‍ ചൂണ്ടിക്കാട്ടുന്നത്.

മന്നതിന്റെ നേതൃത്വത്തില്‍ നടന്ന ഉപജാപത്തിനൊടുവില്‍ 1964ല്‍ ശങ്കര്‍ മന്ത്രിസഭ വീണപ്പോള്‍ ആഹ്ലാദഭരിതനായ മന്നത്ത് പത്മനാഭന്‍ എന്‍.എസ്.എസ് ആസ്ഥാനമായ പെരുന്നയില്‍ പ്രസംഗിച്ചത് ഇങ്ങിനെ. ''രാവണ ഭരണം അവസാനിപ്പിക്കണമെന്ന് ഞാന്‍ പറഞ്ഞത് രാജ്യസ്നേഹം കൊണ്ടാണ്''. 23-09-64ലെ കേരള കൗമുദി ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. ശങ്കര്‍ മന്ത്രിസഭ വീണതിനെ തുടര്‍ന്ന് തന്നെ വന്നുകണ്ട മാധ്യമപ്രവര്‍ത്തകരോട് മന്നം പറഞ്ഞത് ഇങ്ങിനെ: ''എല്ലാം നന്നായി കലാശിച്ചിരിക്കുന്നു. എന്ന് പറഞ്ഞാല്‍ മുത്തശ്ശി ഭാഷയില്‍ പാലുകുടിച്ച് കിണ്ണം താഴത്ത് വെച്ച സംതൃപ്തി''.

നായര്‍ സര്‍വ്വീസ് സൊസൈറ്റിയിലെ തന്നെ പലര്‍ക്കും മന്നത്തിന്റെ കടുത്ത ജാതീയ, വര്‍ഗ്ഗീയ നിലപാടുകളോട് യോജിപ്പില്ലായിരുന്നു. ചെങ്ങന്നൂര്‍ സി.എന്‍ മാധവന്‍ പിള്ള 1965 ജനുവരി 9ന് കേരള കൗമുദിയില്‍ മന്നത്ത് പത്മനാഭന്‍ എനി എന്ത് ചെയ്യണം എന്ന പേരില്‍ പ്രസിദ്ധീകരിച്ച ലേഖനത്തില്‍ പറയുന്നതിങ്ങിനെ.

''ജാതിക്കെതിരായി മന്നത്തിനെപ്പോലെ പടവാളുയര്‍ത്തിയ മറ്റൊരു നായരുണ്ടോ?. അമ്പത് വര്‍ഷങ്ങള്‍ക്ക് മുമ്പ് സ്വഭവനത്തില്‍ വെച്ച് ഒരു പുലയന് പന്തിഭോജനം നടത്താന്‍ ധൈര്യമുള്ള മറ്റൊരു നായരുണ്ടോ?. ഇത്രമാത്രം ഉത്കൃഷ്ടമായ മന്നം തന്റെ അവസാന ദശയില്‍ നായര്‍, നായര്‍ എന്നുള്ള സങ്കുചിത ആദര്‍ശം വിളംബരം ചെയ്തുകൊണ്ടിരിക്കുന്നത് ഇന്നത്തെ നായര്‍ സമുദായത്തിന്റെ അധപ്പതനത്തിനെ അല്ലേ പ്രഖ്യാപിക്കുന്നത്?. നായന്മാര്‍ ഇന്ന് യഥാര്‍ത്ഥത്തില്‍ ഒറ്റപ്പെട്ട് വരികയാണ്. നായന്മാരോട് ഇന്ന് അത്മാര്‍ത്ഥമായ സ്നേഹമുള്ള മറ്റൊരു സമുദായവും ഈ രാജ്യത്തില്ലെന്ന് ശ്രീ മന്നം ദയാപൂര്‍വ്വം മനസ്സിലാക്കണം.

ഒരു സാമൂഹിക പരിഷ്‌ക്കര്‍ത്തവായി തുടങ്ങി ജാതിവാദിയായി അവസാനിച്ച വ്യക്തിയെന്നാണ് അതുകൊണ്ടുതന്നെ പലരും മന്നത് പത്മനാഭനെ വിലയിരുത്തുന്നത്. രാഷ്ട്രീയ നിലപാടുകളില്‍ അതി കഠിമായി വിയോജിക്കുമ്പോള്‍ പോലും, മന്നത്തിന്റെ മറ്റ് സേവനങ്ങള്‍ കാണാതിരിക്കാന്‍ ആവില്ല എന്നാണ് സിപിഎം പോലും വിമര്‍ശനം ഉന്നയിച്ചു പോന്നിരുന്നത്. വിമോചന സമരത്തിന് നേതൃത്വം കൊടുത്തതവരില്‍ ഒരാള്‍ മന്നമാണെന്നത് അംഗീകരിച്ചുകൊണ്ടതന്നെയാണ് സിപിഎം ബുദ്ധിജീവികള്‍ പോലും ഈ നിലപാട് എടുക്കുന്നത്.

ചരിത്രകാരന്‍ എംജിഎസ് നാരായണനെപ്പോലുള്ളവര്‍ പറയുന്നത് രാഷ്ട്രീയമായും അദ്ദേഹത്തിന്റെ അവസാനകാലത്തെയും നിലപാടുകള്‍ എന്തുതന്നെയായാലും, സാമൂഹിക പരിഷ്‌ക്കര്‍ത്താവ് എന്ന നിലയില്‍ മന്നതിന്റെ സേവനങ്ങള്‍ വിസ്മരിക്കാന്‍ കഴിയില്ല എന്നുതന്നെയാണ്. കാലം മാറിയപ്പോള്‍ ഇടതു സര്‍ക്കാര്‍ തന്നെ മന്നത്തിന്റെ ജന്‍മദിനം സര്‍ക്കാര്‍ അവധി ദിനമായി പ്രഖ്യാപിക്കുകയും ചെയ്തു എന്നതാണ് മറ്റൊരുകാര്യം.