- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
52 വയസുള്ള സൂപ്പര്‍സ്റ്റാറിനെ സ്‌നേഹിച്ച മധുരപ്പതിനേഴുകാരി; മൂന്നു തവണ വിവാഹിതനായിട്ടും മക്കളില്ലാത്ത നായകന്; ഇപ്പോള്‍ ഇരുവരുടെയും മകളാണെന്ന് പറഞ്ഞ് ഒരു യുവതി രംഗത്ത്; അമ്മയെ തോഴി ചവിട്ടിക്കൊന്നെന്നും ആരോപണം; എംജിആര്‍ -ജയലളിത പ്രണയ രാഷ്ട്രീയം വീണ്ടും വാര്‍ത്തകളില്‍
എംജിആര്‍ -ജയലളിത പ്രണയ രാഷ്ട്രീയം വീണ്ടും വാര്‍ത്തകളില്‍
'ജയലളിത വിളിച്ചത് പ്രകാരമാണ് ഞാന്‍ പോയസ് ഗാര്‍ഡനില്‍ എത്തിയത്. അവിടെ ചെന്നപ്പോള്‍ സ്റ്റെയര്‍കേസിന് താഴെ വീണു കിടക്കുന്ന അമ്മയൊണ് കണ്ടത്. കാല് കൊണ്ട് അമ്മയുടെ മുഖത്ത് ശശികല ചവിട്ടുന്നു. ഞാന്‍ നിലവിളിക്കാന്‍ ശ്രമിച്ചപ്പോള്‍ എന്റെ വായ പൊത്തിപ്പിടിച്ച് സ്വീപ്പര്‍ പുറത്തേക്ക് പോയി. പേടികൊണ്ടാണ് ഇത്രയും കാലം ആരോടും പറയാതിരുന്നത്. എന്റെ അമ്മ മുഖ്യമന്ത്രി ആയിരുന്നപ്പോള്‍ ആണ് മരിച്ചത്. സാധാരണക്കാരിയായ ഒരു പെണ്ണിന് എന്ത് ചെയ്യാന്‍ പറ്റും. ശശികലയും മന്നാര്‍ഗുഡി മാഫിയയുമാണ് ഇതിന് പിന്നില്‍. ഇതിന് മുമ്പ് ഇക്കാര്യം ആരോടും വെളിപ്പെടുത്തിയിട്ടില്ല.അമ്മയ്ക്ക് നീതി വാങ്ങിക്കൊടുക്കണമെന്നാണ് ആഗ്രഹം''- ജയലളിതയുടെയും എംജിആറിന്റെയും മകളാണെന്ന് അവകാശപ്പെട്ട് രംഗത്തെത്തിയ തൃശൂര്‍ സ്വദേശിനിയായ സുനിതയുടെ വെളിപ്പെടുത്തല്‍ തമിഴ്നാടിനെ ഞെട്ടിക്കുകയാണ്. പുരൈട്ച്ചി തലൈവിയുടെ ദുരൂഹമരണത്തേക്കള്‍, തമിഴ്മക്കളെ ഞെട്ടിച്ചത്, മൂന്‍ മുഖ്യമന്ത്രിമാരും അവരുടെ ജീവന്റെ ജീവനായ അഭിനേതാക്കളായ എംജിആറും ജയലളിതയും തമ്മിലുള്ള ബന്ധത്തില്‍ ഒരു കുട്ടിയുണ്ട് എന്നതാണ്.
താന്‍ ജയലളിതയുടെയും എംജിആറിന്റെയും മകളാണെന്നതിന് തെളിവുണ്ടെന്നും സുനിത അവകാശപ്പെടുന്നു. എംജിആറിന്റെ ജോലിക്കാരന്‍ മുഖാന്തിരം അദ്ദേഹത്തിന്റെ വീട്ടിലാണ് താന്‍ വളര്‍ന്നതെന്നും അവര്‍ പറയുന്നു. തന്റെ അമ്മയായ ജയലളിത 18-ാം വയസില്‍ തന്നെ തിരിച്ചറിഞ്ഞതാണെന്നും ജീവിച്ചിരുന്നപ്പോള്‍ പോയി കാണാറുണ്ടായിരുന്നുവെന്നും ഇവര്‍ പറയുന്നു. 'എന്റെ എല്ലാ കാര്യങ്ങളും അമ്മ നടത്തിത്തരാറുണ്ട്. എനിക്ക് 2024 ഓഗസ്റ്റ് വരെ പണം തന്നിട്ടുണ്ട്.അമ്മ എന്നെ നേരത്തെ അംഗീകരിച്ചിരുന്നു. ഡിഎന്‍എ യും ടെസ്റ്റ് ചെയ്തിരുന്നു. സമൂഹത്തിന് മുന്നില്‍ വെളിപ്പെടുത്താന്‍ ഇരുന്നതാണ്. സെപ്റ്റംബര്‍ 22 ന് എന്നോട് വരാന്‍ ആവശ്യപ്പെട്ടിരുന്നു. അന്നാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. അമ്മയ്ക്ക് നീതി വേണം. ''-സുനിത പറയുന്നു.
ഇതിന് മുമ്പും ജയലളിതയുടെ മകള്‍ എന്നവകാശപ്പെട്ട് ആളുകള്‍ രംഗത്തുവന്നിട്ടുണ്ട്. ജയലളിത തന്റെ അമ്മയാണെന്നും ഇത് തെളിയിക്കുന്നതിനായി ഡിഎന്‍എ പരിശോധന നടത്തണമെന്നും ആവശ്യപ്പെട്ട് യുവതി സമര്‍പ്പിച്ച ഹര്‍ജി സുപ്രീം കോടതി തള്ളിയിരുന്നു. ബംഗളൂരു സ്വദേശിനിയായ അമൃത മഞ്ജുള എന്ന മുപ്പത്തിയേഴുകാരിയാണ് കോടതിയെ സമീപിച്ചിരുന്നത്. ഇക്കാര്യത്തില്‍ യുവതിക്ക് ഹൈക്കോടതിയെ സമീപിക്കാമെന്നു ജസ്റ്റിസുമാരായ എംബി. ലോക്കൂര്‍, ദീപക് ഗുപ്ത എന്നിവര്‍ അധ്യക്ഷരായ ബെഞ്ച് നിരീക്ഷിച്ചത്. ഡിഎന്‍എ ടെസ്റ്റിനായി ജയലളിതയുടെ മൃതദേഹം പുറത്തെടുക്കണമെന്നുമാണ് അമൃത ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നത്. 1980 ആഗസ്റ്റ് 14 ന് മൈലാപൂരിലെ ജയലളിതയുടെ വീട്ടിലാണ് തന്റെ ജനനം. ജയലളിതയുടെ ആദരവിന് ഇടിവു വരാതിരിക്കാനാണ് ഇക്കാര്യം രഹസ്യമാക്കി വച്ചതെന്നുമാണ് അമൃത അന്ന് ഹര്‍ജിയില്‍ ആരോപിച്ചത്. ഇത് വലിയ കോലഹാലം സൃഷ്ടിച്ചിരുന്നു. പക്ഷേ അതിനുശേഷമാണ് സുനിതയുടെ വരവ്.
പക്ഷേ വെറുതെ പറയുകയല്ല, എല്ലാം തെളിയിക്കാനും തയ്യാറാണ് എന്നാണ് സുനിത പറയുന്നത്. ജയലളിതയുടെ മരണത്തില്‍ സുപ്രീംകോടതി ചീഫ് ജസ്റ്റിസിന് സുനിത കത്ത് നല്‍കിയിട്ടുണ്ട്. കൂടാതെ രാഷ്ട്രപതിക്കും പ്രധാനമന്ത്രിക്കും ആഭ്യന്തര മന്ത്രിക്കും പരാതി നല്‍കിയിട്ടുണ്ട്. ഇതോടെ തമിഴകരാഷ്ട്രീയത്തില്‍ പുതിയ വിവാദത്തിനും തുടക്കമിടുകയാണ്. നേരത്തെ തന്നെ സെലിബ്രിറ്റികളുടെ മക്കളാണെന്നും പറഞ്ഞ് കേസ് കൊടുക്കുന്ന രീതി പലയിടത്തും ഉണ്ടായിട്ടുണ്ട്. ഐശ്വര്യ റായിയുടെ മുന്‍ ഭര്‍ത്താവാണ് എന്നും പറഞ്ഞു രഹസ്യമകനാണെന്നും പറഞ്ഞ് രണ്ട് ഫേക്ക് കേസുകള്‍ ഉണ്ടായിട്ടുണ്ട്. നടന്‍ ധനൂഷ് തന്റെ ഒളിച്ചോടിപ്പോയ മകനാണെന്ന് പറഞ്ഞ് ഒരു ദമ്പതികള്‍ നല്‍കിയ കേസും ചീറ്റിപ്പോയി. ഇപ്പോള്‍ ജയലളിതയുടെ മുഖ സാമ്യം കണ്ട് സുനിത മകളാണെന്ന് ഒരിക്കലും പറയാന്‍ കഴിയില്ല. പക്ഷേ അവര്‍ പറയുന്ന സാഹചര്യ തെളിവുകളും, പ്രായവുമൊക്കെ സന്ദര്‍ഭത്തിന് ഒത്തുപോവുന്നുണ്ട്. ഇതോടെ എം ജി ആര്‍ ജയലളിത പ്രണയ രാഷ്ട്രീയവും വീണ്ടും ചര്‍ച്ചയാവുകയാണ്.
സമാനതകള്‍ ഏറെയുള്ള ജീവിതങ്ങള്‍
ഭാര്യയുള്ള 52കാരനായ ഒരു സൂപ്പര്‍ സ്റ്റാറിന് 17 വയസ്സുപോലും തികഞ്ഞിട്ടില്ലാത്ത ഒരു നടിയോട് പ്രണയം തോന്നുക. പിന്നീട് അവളും അയാളെ ഹൃദയത്തില്‍ സ്വീകരിക്കുക. അവര്‍ ഒന്നിച്ച് അഭിനയിച്ച പടങ്ങള്‍ എല്ലാം ഹിറ്റാവുകയും, അവര്‍ ഒരു താരജോടിയായും മാറുക. പിന്നെ അയാളുടെ രാഷ്ട്രീയ പിന്തുടര്‍ച്ചയും അവള്‍ക്ക് കിട്ടുക. ശരിക്കും സിനിമാറ്റിക്കാണ് എംജിആര്‍- ജയലളിത പ്രണയം. (അതുകൊണ്ടുതന്നെയാണെല്ലോ, മണിരത്നം ഈ കഥ സിനിമയാക്കിയതും. ഇന്നും മോഹന്‍ലാലിന്റെ കരിയര്‍ ബെസ്റ്റായി പലരും എഴുതുന്നതും 'ഇരുവര്‍' എന്ന ക്ലാസിക്ക് ചിത്രത്തിലെ നടനമാണ്)
അത്യപൂര്‍വമായ സാദൃശ്യമാണ്, എംജിആറിന്റെയും ജയലളിതയുടെ ജീവിതത്തില്‍ ഉണ്ടായിരുന്നത്. രണ്ടുപേരും ജനിച്ചത് തമിഴ്നാട്ടിലല്ല. എം.ജി.ആര്‍ എന്നപേരില്‍ പ്രശസ്തനായ മരത്തൂര്‍ ഗോപാല രാമചന്ദ്രന്‍ പാലക്കാട്ടെ ഒരു നായര്‍ കുടുംബാംഗമാണ്. ജനിച്ചത് ശ്രീലങ്കയിലെ കാന്‍ഡിയിലാണ്. ജയലളിതാ ജയറാം മൈസൂറില്‍ താമസമാക്കിയ ബ്രാഹ്‌മണ അയ്യങ്കാര്‍ കുടുംബത്തിലാണ് ജനിച്ചത്. ജന്‍മം കൊണ്ട് സവര്‍ണ്ണരായ രണ്ടുപേരും ദ്രാവിഡ പാര്‍ട്ടികളെ നയിച്ചു. ദാരിദ്ര്യത്തിന്റെ കാര്യത്തിലും രണ്ടുപേര്‍ക്കും സമാനതകളുണ്ട്. ഇരുവരുടെ അച്ഛന്‍മ്മാര്‍ ചെറുപ്പത്തില്‍ മരിച്ചതാണ്. സാമ്പത്തികമായി രക്ഷപ്പെടാനാണ് ഇരുവരും സിനിമയിലെത്തിയതും. രണ്ടുപേരും വെള്ളിത്തിരയിലുടെ ജനമനസ്സും കീഴടക്കി.
മുഖ്യമന്ത്രിയായിരിക്കെയാണ് എംജിആര്‍ അസുഖബാധിതനായി തുടര്‍ച്ചയായി ചികിത്സയ്ക്ക് വിധേയനാകുന്നതും മരിക്കുന്നതും. ജയലളിതയും മുഖ്യമന്ത്രിയായി വീണ്ടും തെരഞ്ഞെടുക്കപ്പെട്ടപ്പോഴാണ് അസുഖ ബാധിതയാകുന്നതും മരിക്കുന്നതും.ജയലളിതയെ പോലെ ഹൃദയാഘാതം വന്നാണ് എംജിആറിന്റെയും ആരോഗ്യനില കൂടുതല്‍ വഷളാവുന്നത്. ഡിസംബറിലാണ് ഇരുവരും മരണപ്പെടുന്നത്. തങ്ങളുടെ പ്രിയ ജനനായകന്‍ എംജിആര്‍ മരിച്ചപ്പോള്‍ തമിഴകത്തിന് അത് താങ്ങാനായില്ല. കടകളും സിനിമാ തീയേറ്ററുകളും പൊതു- സ്വകാര്യമുതലുകളൊക്കെ ആക്രമിക്കപ്പെട്ടു. 30ഓളം പേര്‍ ആത്മഹത്യ ചെയ്തു. ജയലളിത മരിച്ചപ്പോഴും ആത്മാഹുതികള്‍ ഉണ്ടായി. എംജിആര്‍ തന്റെ പിന്‍ഗാമിയെ തെരഞ്ഞെടുത്തിട്ടില്ലായിരുന്നു. ജയലളിതയും. ഇരുവരുടെയും മരണം രണ്ടുപാര്‍ട്ടികളിലും പ്രശ്നങ്ങളുണ്ടാക്കി.
പക്ഷേ ഒരുകാര്യത്തില്‍ മാത്രം അവര്‍ തമ്മില്‍ വലിയ വ്യത്യാസമുണ്ട്. മൂന്നുതവണ വിവാഹിതനാണ് എംജിആര്‍. ജയലളിത അവിവാഹിതയും. ( പിന്നീട് തോഴി ശശികല അവരുടെ ജീവിതത്തില്‍ കടന്നുവന്നെങ്കിലും) എംജിആറിന്റെ ആദ്യ വിവാഹം തങ്കമണി എന്നറിയപ്പെടുന്ന ചിത്തരികുളം ഭാര്‍ഗവിയുമായി ആയിരുന്നു. പിന്നീട് രണ്ടാമതു സത്യാനന്ദവതിയെ വിവാഹം കഴിച്ചു. ക്ഷയരോഗം മൂലം സത്യാനന്ദവതി മരിച്ചതിനുശേഷമാണ് അദ്ദേഹം, തമിഴ്നടി ജാനകിയെ വിവാഹം കഴിക്കുന്നത്. രാമചന്ദ്രനെ വിവാഹം കഴിക്കാന്‍ ജാനകി ഭര്‍ത്താവ് ഗണപതിയെ ഡിവോഴസ് ചെയ്യുകയായിരുന്നു. പക്ഷേ വിധി വൈപരീത്യം നോക്കണേ, ഈ മൂന്ന് വിവാഹങ്ങളിലും എംജിആറിന് കുട്ടികള്‍ ഉണ്ടായില്ല! ഇപ്പോള്‍ സുനിത മകളാണെന്ന് പറഞ്ഞ് വരുമ്പോള്‍ തമിഴ്മാധ്യമങ്ങള്‍ ഇക്കാര്യവും ചര്‍ച്ചയെന്നുണ്ട്.
ദാരിദ്ര്യത്തിലും സാമ്യം
മൈസൂരില്‍ കൊട്ടാരം വൈദ്യനായിരുന്നു ജയലളിതയുടെ മുത്തച്ഛന്‍. പക്ഷേ ധൂര്‍ത്തനായിരുന്ന അച്ഛന്‍ സമ്പത്തെല്ലാം തുലച്ചു. സമൃദ്ധിയുടെ കുട്ടിക്കാലം തിരിച്ചുപിടിക്കാനുള്ള വ്യഗ്രത എക്കാലത്തും ജയലളിതയിലുണ്ടായിരുന്നു. ഒരു പക്ഷേ, പണത്തോടും ആഡംഭരങ്ങളോടുമുള്ള ജയലളിതയുടെ പ്രതിപത്തിക്ക് പിന്നില്‍ ഈ കുട്ടിക്കാലത്തിന്റെ ഓര്‍മ്മകള്‍ ഉണ്ടായിരുന്നിരിക്കാം.
ജയലളിതയ്ക്ക് രണ്ട് വയസ്സായപ്പോഴേയ്ക്കും പിതാവ് മരണമടഞ്ഞു. പഠിക്കാന്‍ മിടുക്കിയായിരുന്ന അവര്‍. ചര്‍ച്ച് പാര്‍ക്ക് കോണ്‍വെന്റ് സ്‌കൂളിലായിരുന്നു പ്രാഥമിക വിദ്യാഭ്യാസം. ബിഷപ്പ് കോട്ടണ്‍ ഹില്‍ ഗേള്‍സ് ഹൈസ്‌കൂളില്‍ പഠിക്കവേ ഉപരി പഠനത്തിനായി സ്‌കോളര്‍ഷിപ്പു ലഭിച്ചു. അങ്ങനെയാണ് അമ്മ വേദവല്ലിയോടൊപ്പം, ആദ്യം ബംഗളൂരിലേയ്ക്കും പിന്നീട് ചെന്നെയിലേയ്ക്കും അവര്‍ താമസം മാറിയത്. അപ്പോഴേക്കും കുടുംബം സാമ്പത്തികമായി തകര്‍ന്നിരന്നു. അങ്ങനെ വെറും 15-ാം വയസ്സില്‍ ജയലളിത സിനിമയില്‍ അഭിനയിച്ചു തുടങ്ങി. ആദ്യം പഠനത്തിന് വിഘാതം വരാത്ത രീതിയില്‍ വേനലവധിക്കും, രാത്രികളിലും മറ്റുമായിരുന്നു ചിത്രീകരണങ്ങള്‍. 1964- ല്‍ ചിന്നഡ കൊംബെ എന്ന കന്നഡ ചലച്ചിത്രത്തിലാണ് ജയലളിത നായികയായി അഭിനയിച്ചത്. കത്തുന്ന സൗന്ദര്യമുള്ള, സ്വിച്ചിട്ടപോലെ ഭാവങ്ങള്‍ മാറുന്ന തീര്‍ത്തും പ്രൊഫഷണലായ ആ നടി വൈകാതെ തന്നെ ഏറെ ശ്രദ്ധിക്കപ്പെട്ടു. പക്ഷേ ജയയുടെ ജീവിതം മാറിമറിയുന്നത്, സൂപ്പര്‍ സ്റ്റാര്‍ എംജിആറിനെ പരിചയപ്പെട്ടതോടെയാണ്.
കഷ്ടതകള്‍ ഏറെ അറിഞ്ഞ ബാല്യമായിരുന്നു എംജിആറിന്റെയും. പിതാവിന്റെ മരണശേഷം കുടുംബത്തിലെ ദാരിദ്ര്യം കാരണം അദ്ദേഹത്തിന് തുടര്‍ന്ന് പഠിക്കാന്‍ ആയില്ല. അമ്മ കൂലിപ്പണിയെടുത്താണ് കുടുംബം പോറ്റിയത്. പശിയടക്കാനായാണ്, ഒറിജിനല്‍ ബോയ്സ് എന്ന നാടകസംഘത്തില്‍ എം.ജി.ആര്‍ ചേര്‍ന്നത്്. അതുവഴി സിനിമയിലെത്തി. 1936-ല്‍ 'സതി ലീലാവതി' എന്ന ചിത്രത്തിലൂടെയായിരുന്നു എം.ജി.ആര്‍ വെള്ളിത്തിരയില്‍ രംഗത്തുവന്നത്. അമേരിക്കയില്‍ ജനിച്ച ചലച്ചിത്രസംവിധായകനായിരുന്ന എല്ലിസ് ആര്‍. ഡങ്കന്‍ ആയിരുന്നു സംവിധായകന്‍. അത് വലിയ വിജയമായില്ല. 1947ല്‍ 'രാജകുമാരി' എന്ന ചിത്രം പുറത്തിറങ്ങുന്നതു വരെ എം.ജി.ആറിനു വലിയ ജനപ്രീതി ലഭിച്ചിരുന്നില്ല. 'രാജകുമാരി ഇന്ത്യന്‍ സിനിമാചരിത്രത്തിലെ തന്നെ വലിയ വിജയങ്ങളില്‍ ഒന്നായി. കരുണാനിധി ആയിരുന്നു ഈ ചിത്രത്തിനു തിരക്കഥ എഴുതിയത്. രാജകുമാരിയിലെ നായകവേഷം എം.ജി.ആറിനെ കോളിവുഡിലെ ഏറ്റവും പ്രധാന നായകരില്‍ ഒരാളാക്കി. പിന്നെയുള്ളത് എംജിആര്‍ യുഗമാണ്. ജയ അഭിനയിക്കാന്‍ എത്തുമ്പോള്‍ അദ്ദേഹം തമിഴ് സിനിമയിലെ കിരീടം വെക്കാത്ത രാജാവാണ്.
എംജിആറിന്റെ ഇദയക്കനി
ആയിരത്തില്‍ ഒരുവന്‍ എന്ന ചിത്രത്തിലൂടെയാണ് ജയലളിത ആദ്യമായി എംജി ആറിന്റെ നായികയാകുന്നത്. സംവിധായകന്‍ ബിആര്‍ പന്തലുവാണ് ചിത്രത്തിലേക്ക് ജയലളിതയെ നായികയാക്കാന്‍ തീരുമാനിച്ചത്. ആ പടം ഹിറ്റായതോടെ പിന്നീട് തുടര്‍ച്ചയായി സിനിമകള്‍. നസീര്‍-ഷീല താരജോടിപോലെ, എംജിആര്‍- ജയ തമിഴ് സിനിമക്ക് ഭാഗ്യ ജോഡിയായി. അതോടെ പലഗോസിപ്പുകളും പരുന്നു. 52 വയസുള്ള എംജിആറിനെ സ്‌നേഹിച്ച മധുരപതിനേഴുകാരിയുടെ കഥകള്‍ പലരും ഇറക്കി. ജയയും എംജിആറും തമ്മിലുള്ള ബന്ധം എല്ലാവരും അറിഞ്ഞിരുന്നു. തെന്നിന്ത്യ മുഴുവന്‍ ഇരുവരുടെയും അടുപ്പം ചര്‍ച്ച ചെയ്തു. ഭാര്യ-ഭര്‍ത്താക്കന്‍മാരെപ്പോലെയാണ് ഇവര്‍ ജീവിച്ചതും. ജയലളിതയെ രാഷ്ട്രീയത്തിലേക്ക് കൈപിടിച്ച് ഉയര്‍ത്തിയതും എംജിആറാണ്. എന്നാല്‍ അച്ഛന്റെ പ്രായം വരുന്ന എംജി ആറിനെ വിവാഹം കഴിച്ച് ജീവിക്കാന്‍ ജയലളിത ഒത്തിരി ആഗ്രഹിച്ചിരുന്നതായും കേള്‍ക്കാം. എന്നാല്‍ തന്റെ വിവാഹബന്ധം വേര്‍പെടുത്തി മറ്റൊരു വിവാഹത്തിലേക്ക് പോകാന്‍ എംജിആറിന് തീരെ താത്പര്യമില്ലായിരുന്നു എന്നതാണ് മറ്റൊരു സത്യം. അമ്മയുടെ മരണ ശേഷം ഒറ്റയ്ക്കായ എന്നെ സഹായിച്ചത് എംജിആര്‍ ായിരുന്നുവെന്ന് ജയലളിത പറഞ്ഞിട്ടുണ്ട്.
തമിഴ്‌നാട് മുഖ്യമന്ത്രിയായി എംജിആര്‍ ചുമതലയേറ്റ സമയത്തും ജയലളിത വിവാഹത്തെ കുറിച്ച് പറഞ്ഞിട്ടിട്ടുണ്ട്. മുകാംബികയില്‍ വച്ച് വിവാഹം നടത്താനായിരുന്ന അവരുടെ ആഗ്രഹം. വിവാഹത്തിന് മനസില്ലാ മനസോടെ സമ്മതിച്ചതായി കാണിച്ച എംജിആര്‍ പിന്നെ പിന്‍മാറി. ഇരുവരുടെയും ഉറ്റ സുഹൃത്തായ ശോലയോട് അദ്ദേഹം പറഞ്ഞത്, ജയയെ കാര്യങ്ങള്‍ പറഞ്ഞ് മനസിലാക്കണം എന്നായിരുന്നു. വെക്‌സ് എക്‌സ്പ്രസ് ട്രെയിനിലാണ് ഇരുവരും മൂകാംബികയ്ക്ക് പോകാനിരുന്നത്. ജയ റെയില്‍വേസ്റ്റേഷനില്‍ എത്തിയപ്പോള്‍ എംജിആറിനെ കണ്ടില്ല. അന്ന് രാവിലെയാണ് എംജിആറും ഭാര്യ ജാനകിയും മദ്രാസിലേക്ക് പോയത്. പിന്നീട് ഇത് നേരത്തെ അറിഞ്ഞ ശോലെ ജയലളിതയെ സംഭവിച്ച കാര്യം പറഞ്ഞ് മനസിലാക്കുകയായിരുന്നു.
എം ജിആറുമായുള്ള പ്രണയത്തെക്കുറിച്ച് ജയ ഒരിടത്തും തുറന്ന് പറഞ്ഞിട്ടില്ല. സുഹൃത്തും നടിയുമായ സിമി ഗ്രാവലിന് നല്‍കിയ അഭിമുഖത്തിലാണ് എംജിആറിനെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് ജയലളിത തുറന്ന് മറുപടി പറഞ്ഞത്. 'നിങ്ങള്‍ എംജിആറുമായി പ്രണയത്തിലായിരുന്നോ' എന്നായിരുന്നു അവതാരകയുടെ ഒരു ചോദ്യം. ഈ ചോദ്യം കേട്ടപ്പാള്‍, ഒരു പുഞ്ചിരിയോടെയാണ ജയ അദ്ദേഹത്തോടുള്ള ഇഷ്ടത്തെ കുറിച്ച് പറഞ്ഞത്. എംജിആറിനെ കണ്ടുമുട്ടുന്നവരെല്ലാം അദ്ദേഹത്തിന്റെ ആകര്‍ഷകമായ വ്യക്തിത്വം കാണുന്നതോടെ പ്രണയത്തിലാവുമെന്നാണ് തനിക്ക് തോന്നിയിട്ടുള്ളതെന്ന്' ജയ പറഞ്ഞു.ഒരു വ്യക്തിയെന്ന നിലയില്‍ എംജിആര്‍ എങ്ങനെയായിരുന്നു എന്ന ചോദ്യത്തിന്, 'അദ്ദേഹം വളരെ കരുതലുള്ള ആളായിരുന്നുവെന്നും അമ്മയ്ക്ക് ശേഷം എന്റെ ജീവിതത്തില്‍ അവശേഷിച്ച ശൂന്യത നികത്തിയത് എംജിആര്‍ ആണെന്നും' ജയലളിത പറഞ്ഞു. 'എന്റെ അമ്മയും എം.ജി.ആറും ശാഠ്യമുള്ള വ്യക്തിത്വങ്ങളായിരുന്നു. അമ്മ എന്റെ ജീവിതത്തില്‍ ആധിപത്യം സ്ഥാപിച്ചു. എം.ജി.ആര്‍. അവന്‍ നമ്മുടെ കാര്യത്തില്‍ പൊസസീവ് ആയിരുന്നു''-എന്നായിരുന്നു ജയലളിത പറഞ്ഞത്.
ശവമഞ്ചത്തില്‍ നിന്നുപോലും പുറത്ത്
വളരെ നന്നായി ഇംഗ്ലീഷ് കൈകാര്യം ചെയ്യാന്‍ അറിയുന്ന, സ്മാര്‍ട്ടായ ജയയെ രാഷ്ട്രീയത്തിലേക്ക് കൈപിടിച്ച് ഉയര്‍ത്തിയതും എംജിആര്‍ തന്നെയാണ്. 1980-ല്‍ ജയലളിത എ.ഐ.എ.ഡി.എം.കെ.യില്‍ അംഗമായി. അവരുടെ രാഷ്ട്രീയ പ്രവേശനം മുതിര്‍ന്ന നേതാക്കള്‍ക്കൊന്നും താല്‍പര്യമുള്ളതായിരുന്നില്ല. എം.ജി.ആര്‍ അസുഖം മൂലം അമേരിക്കയിലേക്ക് ചികിത്സക്കായി പോയപ്പോഴാണ് ജയലളിത പാര്‍ട്ടിയിലെ ചോദ്യം ചെയ്യപ്പെടാത്ത ശക്തിയായി ഉയരുന്നത്. എം.ജി.ആര്‍. നടപ്പിലാക്കിയ ഉച്ച ഭക്ഷണ പരിപാടിയുടെ ചുമതലയും ലഭിച്ചത് ജയലളിതക്കായിരുന്നു. പിന്നീട് അവര്‍ രാജ്യസഭാംഗമായി.
പക്ഷേ എംജിആര്‍ തീര്‍ത്തും അവശനായതോടെ ഭാര്യ ജാനകി പിടിമുറുക്കി. അമേരിക്കയില്‍ ചികിത്സയ്ക്ക് പോകുന്ന സമയത്തും അതിന് ശേഷമൊന്നും, ജയയെ അദ്ദേഹത്തെ ഒന്ന് കാണാന്‍ പോലും സമ്മതിച്ചില്ല. ഡല്‍ഹിയിലും തമിഴ്‌നാട്ടിലും ജയലളിതയ്ക്കുണ്ടായിരുന്ന വിഐപി റൂം പോലും പൂട്ടിയിരുന്നു. എംജിആറിന്റെ വിലാപയാത്രയിലും ജയ അപമാനിതായി. ആ വാഹനത്തില്‍നിന്ന് അവര്‍ ഇറക്കപ്പെട്ടത് ലക്ഷങ്ങള്‍ നേരിട്ടുകണ്ടു.
എം.ജി.ആറിന്റെ മരണത്തിന് ശേഷം രാജ്യസഭാംഗമെന്ന സ്ഥാനം രാജിവെച്ച ജയ സംസ്ഥാന രാഷ്ട്രീയത്തിലേക്ക് തിരിച്ചു വന്നു. പക്ഷേ പാര്‍ട്ടിയില്‍ പ്രശ്നങ്ങളായി. ജാനകി, ജയലളിതയെ അംഗീകരിച്ചില്ല. ജയലളിതയുയര്‍ത്തിയ വെല്ലുവിളികളെ അതിജീവിച്ച് ജാനകി രാമചന്ദ്രന്‍ 1988-ല്‍ മുഖ്യമന്ത്രിയായത് 131 എംഎല്‍എമാരില്‍ 97 പേരുടെ പിന്തുണയോടെയാണ്. ജയലളിത പക്ഷത്തു വെറും 23 പേര്‍ മാത്രമായിരുന്നു. എന്നാല്‍, സാധാരണ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കും പൊതുജനങ്ങള്‍ക്കുമിടയില്‍ കൂടുതല്‍ സ്വാധീനമുണ്ടായിരുന്നതു ജയ വിഭാഗത്തിനായിരുന്നു. കാലം അത് തെളിയിച്ചു. ഇതിലുമുണ്ട് സാമ്യം. 1972-ല്‍ ഡിഎംകെയില്‍നിന്ന് എംജിആറിനെ സസ്പെന്‍ഡ് ചെയ്യാന്‍ തീരുമാനമെടുത്തതു പാര്‍ട്ടിയുടെ 31 അംഗ കേന്ദ്ര നിര്‍വാഹക സമിതിയിലെ 26 അംഗങ്ങളുടെ പിന്തുണയോടെയായിരുന്നു. പക്ഷേ, പാര്‍ട്ടി പ്രവര്‍ത്തകര്‍ എംജിആറിനൊപ്പം നിന്നു. അദ്ദേഹമാണ് ജനനേതാവെന്നു കാലം തെളിയിച്ചു. അതേ അനുഭവമാണ് ജയലളിതക്കുമുണ്ടായത്.
എംജിആറിന്റെ നിര്യാണത്തെ തുടര്‍ന്ന് പാര്‍ട്ടി ജാനകി പക്ഷവും ജയ പക്ഷവുമായി പിളര്‍ന്നു. 1989-ല്‍ നടന്ന തിരഞ്ഞെടുപ്പില്‍ ഈ പിളര്‍പ്പ് മുതലെടുത്ത് ഡി.എം.കെ. അധികാരത്തിലെത്തി. ഡി.എം.കെ.യുടെ ഭരണകാലത്തിനിടെ പാര്‍ട്ടിയെ തന്റെ അധികാരത്തിനു കീഴിലാക്കാന്‍ ജയയ്ക്ക് കഴിഞ്ഞു. ജാനകി രാമചന്ദ്രന്‍ രാഷ്ട്രീയത്തില്‍ നിന്ന് പിന്മാറിയതോടെ ജയലളിതക്ക് ശത്രുക്കളൊന്നും തന്നെ ഇല്ലാതായി. 1991ലെ തിരഞ്ഞെടുപ്പില്‍ വന്‍ ഭൂരിപക്ഷത്തോടെ ജയിച്ച ജയ ആദ്യമായി തമിഴ്നാട് മുഖ്യമന്ത്രിയായി. പിന്നീടുള്ള അവരുടെ ജീവിതവും മരണവും ചരിത്രമാണ്.
തോഴി നേരത്തെ സംശയമുനയില്‍
മകള്‍ ആണെന്ന് പറഞ്ഞ് എത്തിയ സ്ത്രീയും പറയുന്നത് ജയലളിതയുടെ മരണത്തില്‍ പുനര്‍ അന്വേഷണം വേണമെന്നും, പിന്നില്‍ തോഴി ശശികലയാണെന്നുമാണ്. ഇത് നേരത്തെതും വിവാദമായതാണ്. ജയലളിതയുടെ മരണത്തില്‍ വി.കെ. ശശികല ഉള്‍പ്പെടെ നാലുപേരെ പ്രതിയാക്കി അന്വേഷണം നടത്താന്‍ ജസ്റ്റിസ് ആറുമുഖസാമി കമ്മിഷന്‍ ശുപാര്‍ശ ചെയ്തിരുന്നു. മുഖ്യമന്ത്രി സ്റ്റാലിന്‍ നിയമസഭയുടെ മേശപ്പുറത്ത് വെച്ച കമ്മഷീന്‍ റിപ്പോര്‍ട്ട് വായിച്ച് തമിഴ്മക്കള്‍ ഞെട്ടുകയായിരുന്നു.
കാലതാമസം വരുത്താതെ വിദഗ്ധചികിത്സ നല്‍കിയിരുന്നുവെങ്കില്‍ ജയലളിതയുടെ ജീവന്‍ രക്ഷിക്കാമായിരുന്നുവെന്നും കമ്മിഷന്‍ നിരീക്ഷിച്ചത്. ശശികലയെ പോയസ് ഗാര്‍ഡനിലെ വീട്ടില്‍നിന്ന് ജയലളിത പുറത്താക്കിയതിനുശേഷം 2012-ല്‍ വീണ്ടും ഇരുവരും ഒന്നിച്ചുവെങ്കിലും തുടര്‍ന്നുള്ള ബന്ധം അത്ര സുഖകരമല്ലായിരുന്നു. ആശുപത്രിയില്‍ ജയലളിത ചികിത്സയില്‍ക്കഴിഞ്ഞ നിലയിലെ 10 മുറികളില്‍ ശശികലയുമായി ബന്ധമുള്ളവരായിരുന്നു താമസിച്ചിരുന്നതെന്നും 608 പേജുകളുള്ള റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു. ശശികലയടക്കം നാലുപേര്‍ കുറ്റംചെയ്തുവെന്ന് കണക്കാക്കി അന്വേഷണം നടത്തണമെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.കമ്മിഷന്‍ പറയുന്നത് ഇങ്ങനെയാണ്, വിദഗ്ധാഭിപ്രായം ലഭിച്ചിട്ടും ആന്‍ജിയോപ്ലാസ്റ്റി അല്ലെങ്കില്‍ ശസ്ത്രക്രിയ നടത്താന്‍ ഡോ. ബാബു എബ്രഹാം തയ്യാറായില്ല. ജയലളിതയുടെ ആരോഗ്യവിവരങ്ങള്‍ പൂര്‍ണമായും അറിയാമായിരുന്നിട്ടും ഡോ. റെഡ്ഡി മാധ്യമങ്ങള്‍ക്ക് തെറ്റായവിവരം നല്‍കി.ഡോക്ടമാര്‍ക്കുമേല്‍ ശശികലയുടെ സമ്മര്‍ദമുണ്ടായി.
ഒ. പനീര്‍ശെല്‍വത്തിനും എല്ലാം അറിയുമായിരുന്നു. ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നതിനുമുമ്പ് ജയലളിത വീട്ടില്‍ കുഴഞ്ഞുവീണിരുന്നു. ജയലളിതയുടെ ആരോഗ്യപ്രശ്നങ്ങളെക്കുറിച്ച് ഡോ. ശിവകുമാറിന് ധാരണയുണ്ടായിരുന്നു. എന്നിട്ടും ആശുപത്രിയില്‍ എത്തിക്കുന്നതിനുമുമ്പ് പാരസെറ്റാമോള്‍ മാത്രമാണ് നല്‍കിയത്. അതായത് പച്ച തമിഴില്‍ പറഞ്ഞാല്‍ ജയലളിതയെ ശശികലയെ മനപുര്‍വം മരണത്തിലേക്ക് തള്ളിവിട്ടത് തന്നെയാണെന്നാണ് കമ്മീഷന്‍ പറയാതെ പറയുന്നത്
ലെസ്ബിയന്‍ നീലചിത്ര കാസറ്റുകള്‍ എത്തിച്ച് അടുത്തുകൂടിയ ലേഡി വീഡിയോഗ്രാഫറായ ശശികല, പിന്നെ ജയയുടെ തോഴിയായി. അധികാരം കിട്ടിയപ്പോള്‍ മന്നാര്‍ഗുഡി മാഫിയയായി. പിന്നെകേള്‍ക്കുന്നത് പ്രമേഹംമൂലം വിരലുകള്‍ മുറിച്ച മുഖ്യമന്ത്രിയെ അടിച്ച് നിലത്തിട്ടുവെന്നും സ്ലോ പോയിസന്‍ നല്‍കി തീര്‍ത്തുവെന്നുമാണ്. ജയലളിതയെ കൊല്ലാന്‍ തോഴി ശശികല പതിയെ കൊല്ലുന്ന വിഷം നല്‍കി എന്ന വിധത്തിലുള്ള സൂചന നല്‍കിയത് ജയലളിതയോട് അടുപ്പമുള്ള വൃത്തങ്ങള്‍ തന്നെയായിരുന്നു. അവസാനകാലത്തെ ആശുപത്രിവാസത്തിനിടെ ജയലളിതയെ ആരും കണ്ടിട്ടില്ലെന്നും ശശികലയും കുടുംബവുമാണു ജയലളിതയുടെ മരണത്തിന് ഉത്തരവാദികളെന്നും ആരോപിച്ച് അന്നത്തെ അണ്ണാ ഡിഎംകെ മന്ത്രി ഡിണ്ടിഗല്‍ ശ്രീനിവാസന്‍ തുറന്നടിച്ചിരുന്നു.ശശികലയെ പേടിച്ചു താനുള്‍പ്പെടെയുള്ള മന്ത്രിമാര്‍ ജയയുടെ ആരോഗ്യസ്ഥിതിയെക്കുറിച്ചു കള്ളം പറഞ്ഞതായും ശ്രീനിവാസന്‍ വെളിപ്പെടുത്തിയിരുന്നു. ഇപ്പോള്‍ മകള്‍ എന്ന് പറയുന്ന യുവതിയും ഇതേകാര്യം ഉന്നയിച്ചതോടെ, വിവാദവും കത്തിപ്പടരുകയാണ്.
വാല്‍ക്കഷ്ണം: എംജിആറിനേക്കാള്‍ അരക്ഷിതാബോധം അനുഭവിച്ചിരുന്ന വ്യക്തിയായിരുന്നു ജയലളിത. മലയാളിയാണെന്നതായിരുന്നു എംജിആര്‍ നേരിട്ട വലിയൊരു പ്രതിസന്ധി. പക്ഷേ, അപാരമായ ജനപിന്തുണ കൊണ്ടും രാഷ്ട്രീയ കൗശലം കൊണ്ടും എംജിആര്‍ ഈ വെല്ലുവിളി മറികടന്നു. സ്ത്രീ ആണെന്നതു തന്നെയായിരുന്നു രാഷ്ട്രീയത്തില്‍ ജയലളിത നേരിട്ട ഏറ്റവും വലിയ കടമ്പ. ദ്രവീഡിയന്‍ പാര്‍ട്ടിയുടെ തലപ്പത്തെത്തുന്ന ബ്രാഹമണ വനിത എന്നത് മറ്റൊരു വെല്ലുവിളിയായി. മൊത്തത്തില്‍ അരക്ഷിതാവസ്ഥയുടെ തടവുകാരിയായിരുന്നു അവര്‍ എന്ന് പിന്നീട് പഠനങ്ങള്‍ വന്നു. ഒപ്പം രഹസ്യങ്ങളുടെ കലവറയും. ആ രഹസ്യങ്ങളാണോ ഇപ്പോള്‍ വെളിപ്പെടുന്നതെന്ന്, ആര്‍ക്കറിയാം!