- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കൈകാലുകള്‍ കെട്ടിയാലും നീന്താന്‍ കഴിയുന്നവര്‍; പരിശീലനം യഥാര്‍ത്ഥ വെടിയുണ്ടകള്‍ ഉപയോഗിച്ച്; കാര്‍ഗില്‍ -മുബൈ ആക്രമണമടക്കം നിരവധി ദൗത്യങ്ങള്‍; കടല്‍ക്കൊള്ളക്കാരെ തുരത്തി; താടിയുള്ള സൈന്യം; ഇന്ത്യയുടെ മോസാദ്! മാര്‍ക്കോസ് കമാന്‍ഡോകള്‍ ലോകം വിറപ്പിക്കുമ്പോള്‍
മാര്‍ക്കോസ് കമാന്‍ഡോകള്‍ ലോകം വിറപ്പിക്കുമ്പോള്‍

കൈകാലുകള്‍ കെട്ടിയിട്ട നിലയിലായാലും നീന്താനും, ശ്വാസം അടക്കിപ്പിടിച്ച് കടലിനടിയില്‍ സ്ഫോടനങ്ങള്‍ നടത്താനും കഴിയുന്ന സംഘം. 25 കിലോ ഭാരമുള്ള ബാഗും പേറി മുട്ടറ്റം ചെളിയിലൂടെ കിലോമീറ്ററുകള്‍ ഇഴഞ്ഞുനീങ്ങി ആക്രമിക്കാന്‍ കഴിയുന്ന കമാന്‍ഡോകള്‍. കടലിനു പുറമേ, കരയിലും പര്‍വ്വതങ്ങളിലും വായുവിലും പ്രതികൂല കാലാവസ്ഥയെപ്പോലും വകവയ്ക്കാതെ പോരാടാന്‍ കഴിയുന്ന ഫോഴ്സ്.....
ഈ വിശേഷണങ്ങളൊക്കെ കേള്‍ക്കുമ്പോള്‍ നിങ്ങള്‍ കരുതുക, ഇസ്രയേലിന്റ മൊസാദ് കമാന്‍ഡകളേയോ, ഒസാമാ ബില്‍ലാദനെപ്പോലും തീര്‍ത്ത യുഎസ് മറീനുകളെക്കുറിച്ചോ ആയിരിക്കും. പക്ഷേ ഇത് ഇവരെക്കുറിച്ചല്ല. ഇസ്രയേല്‍- അമേരിക്കന്‍ കമാന്‍ഡോകളോട് കിടപിടിക്കാന്‍ കഴിയുന്ന, ലോകത്തിലെ ഏറ്റവും അപകടകാരികളായ കമാന്‍ഡോ ഫോഴ്സ് എന്ന പേരെടുത്ത ഒരു സംഘം ഇന്ത്യക്കുണ്ടെന്ന് പറഞ്ഞാല്‍ നിങ്ങള്‍ വിശ്വസിക്കുമോ? പക്ഷേ സംഗതി സത്യമാണ്. അതാണ്, മാര്‍ക്കോസ് എന്ന മറൈന്‍ കമാന്‍ഡോസ്. ആധുനിക ഇന്ത്യന്‍ സേനയുടെ വജ്രായുധം.
ഇന്ത്യയുടെ കടല്‍ത്തീരങ്ങളില്‍ ഒരില അനങ്ങിയാല്‍ പോലും നിമിഷനേരം കൊണ്ട് ഇവര്‍ ജാഗരൂകരാകരാവും. കടല്‍ക്കൊള്ളക്കാരെ ചെറുത്ത് തോല്‍പ്പിച്ച് ഇന്ത്യ സീ റൂട്ട് സുരക്ഷിതമാക്കിയതിലുടെ അവര്‍ ലോകത്തിന്റെ കൈയടി നേടിയത് കഴിഞ്ഞ വര്‍ഷമാണ്. ശ്രീലങ്കയിലെ എല്‍ടിടിടി വിരുദ്ധ ദൗത്യം തൊട്ട് മുംബൈ ഭീകരാക്രമണത്തിലും കാര്‍ഗില്‍ യുദ്ധത്തിലുമടക്കം ഇന്ത്യയുടെ പ്രതിരോധ കുന്തമുനയായ ഈ സംഘം, ഇന്ന് ലോകത്തിലെ നമ്പര്‍ വണ്‍ കമാന്‍ഡോ ഗ്രൂപ്പ് എന്ന പേരില്‍ വിദേശമാധ്യമങ്ങളില്‍ ചര്‍ച്ചയാവുകയാണ്.
കശ്മീരിലും, അധിനിവേശ കശ്മീരിലും, പാക്കിസ്ഥാനിലും, കാനഡയിലും, യുകെയിലുമൊക്കെയായി ഇന്ത്യാവിരുദ്ധ പ്രവര്‍ത്തനം നടത്തുന്ന ഭീകരര്‍, ഇടക്കിടെ കൊല്ലപ്പെടുന്ന വാര്‍ത്തകള്‍ വരുമ്പോഴും, മാര്‍ക്കോസ് കമാന്‍ഡോകളുടെ പേര് ഉയരുന്നുവരും. ഇസ്രയേലിന് മൊസാദിനെപ്പോലെയാണ് ഇന്ത്യക്ക് മാര്‍ക്കോസ് എന്നും വാര്‍ത്തകള്‍ വന്നു. പക്ഷേ ഇന്ത്യ ഔദ്യോഗികമായി ഇതെല്ലാം നിഷേധിക്കയാണ്. ആക്രമണമല്ല, പ്രതിരോധമാണ് മാര്‍ക്കോസിന്റെ ലക്ഷ്യമെന്ന് ഭാരതം പറയുന്നു.
താടിയുള്ള സൈന്യം!
ലോകത്തെ ഏറ്റവും മികച്ച പത്ത് കമാന്‍ഡോ വിഭാഗങ്ങളിലൊന്നാണ് ഇന്ത്യന്‍ നാവികസേനയുടെ മറൈന്‍ കമാന്‍ഡോ ഫോഴ്സ് എന്ന മാര്‍ക്കോസ്. യുദ്ധസാമഗ്രികളുടെ ഭാരവും വഹിച്ച് ആകാശത്തു നിന്ന് പാരച്യൂട്ടില്‍ ഇറങ്ങാന്‍ ശേഷിയുള്ള ലോകത്തെ അപൂര്‍വം കമാന്‍ഡോ ഗ്രൂപ്പ്. 1987-ല്‍ സ്ഥാപിതമായ മാര്‍ക്കോകള്‍, ഫോഴ്സ് വണ്‍, ഗരുഡ്, നാഷണല്‍ സെക്യൂരിറ്റി ഗാര്‍ഡ്, പാരാ കമാന്‍ഡോകള്‍ എന്നിവയുള്‍പ്പെടെ രാജ്യത്തെ അതിശക്തമായ കമാന്‍ഡോ യൂണിറ്റുകളില്‍ ഒന്നാണ്. ഇവര്‍ വേഗത്തിലുള്ളതും രഹസ്യവുമായ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ തീവ്രമായ പരിശീലനത്തിലൂടെ കടന്നുപോകുന്നു. യുഎസ് നേവി സീല്‍സിന്റെ മാതൃകയിലാണ് മാര്‍ക്കോകളുടേയും പ്രവര്‍ത്തനം.
കരയിലും വായുവിലും കടലിലും ഉള്‍പ്പെടെ എല്ലാത്തരം സാഹചര്യങ്ങളിലും മാര്‍ക്കോസിന് പ്രവര്‍ത്തിക്കാന്‍ സാധിക്കും. കൂടുതല്‍ അനുഭവപരിചയവും പ്രൊഫഷണലിസത്തിന് അന്താരാഷ്ട്ര പ്രശസ്തിയും വര്‍ഷങ്ങളായി സേന സ്ഥിരമായി നേടിയിട്ടുണ്ട്. ഇന്ത്യന്‍ സൈന്യവുമായി സഹകരിച്ച് മാര്‍ക്കോസ് ജമ്മു കശ്മീരില്‍ ഝലം നദിയിലും വുലാര്‍ തടാകത്തിലും ഉടനീളം കലാപവിരുദ്ധ പ്രവര്‍ത്തനങ്ങളും പ്രത്യേക നാവിക പ്രവര്‍ത്തനങ്ങളും പതിവായി നടത്തുന്നു. 'ദ ഫ്യൂ, ദ ഫിയര്‍ലെസ്സ്' അഥവാ 'ഭയമില്ലാത്ത ചിലര്‍' എന്നതാണ് മാര്‍ക്കോസിന്റെ ആപ്തവാക്യം. ലോകത്തിലെ തന്നെ ഏറ്റവും അപകടകാരികളായ കമാന്‍ഡോ വിഭാഗങ്ങളില്‍ ഒന്നായി ഇവര്‍ കണക്കാക്കപ്പെടുന്നു.
മാര്‍ക്കോസ് കമാന്‍ഡോകള്‍ ഭീകരര്‍ക്കിടയില്‍ 'ദാഡി വാലാ ഫൗജി' (താടിയുള്ള സൈന്യം) എന്ന പേരില്‍ അറിയപ്പെടാറുണ്ട്. ഇതിന് പിന്നില്‍ പ്രധാനമായും സുരക്ഷാപരവും തന്ത്രപരവുമായ ചില കാരണങ്ങളാണുള്ളത്. ഭീകരവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുമ്പോള്‍ ഇവര്‍ താടി വളര്‍ത്തുന്നത് കേവലം ഒരു സ്റ്റൈല്‍ എന്നതിലുപരി കൃത്യമായ ലക്ഷ്യങ്ങളോടെയാണ്. കശ്മീരിലെ വൂളാര്‍ തടാകം പോലുള്ള പ്രദേശങ്ങളില്‍ ദൗത്യങ്ങള്‍ നടത്തുമ്പോള്‍ പ്രാദേശിക ജനങ്ങള്‍ക്കിടയില്‍ അലിഞ്ഞുചേരാന്‍ താടി ഇവരെ സഹായിക്കുന്നു. കശ്മീരിന്റെ പരമ്പരാഗത വസ്ത്രമായ 'ഫിറാന്‍' ധരിച്ച് താടിയും വളര്‍ത്തിയാല്‍ ഇവരെ പെട്ടെന്ന് തിരിച്ചറിയാന്‍ കഴിയില്ല. ശത്രു പാളയത്തില്‍ നുഴഞ്ഞുകയറുമ്പോള്‍ സാധാരണ സൈനികരെപ്പോലെ ക്ലീന്‍ ഷേവ് ചെയ്തിരിക്കുന്നത് തങ്ങളെ ഒറ്റിക്കൊടുക്കുമെന്ന് ഇവര്‍ക്കറിയാം. അതിനാല്‍ ഐഡന്റിറ്റി മറച്ചുവെക്കാന്‍ താടി ഒരു കവചമായി ഉപയോഗിക്കുന്നു.
കാഴ്ച്ചയില്‍ കൂടുതല്‍ അപകടകാരികളായി തോന്നിപ്പിക്കുന്നത് ശത്രുക്കളുടെ ഇടയില്‍ ഭയം സൃഷ്ടിക്കാന്‍ സഹായിക്കാറുണ്ട്. കശ്മീരിലെ തീവ്രവാദികള്‍ക്കിടയില്‍ ഈ പേര് ഒരു പേടിസ്വപ്നമാണ്. മാത്രമല്ല കഠിനമായ തണുപ്പുള്ള ഹിമാലയന്‍ മേഖലകളില്‍ താടി വളര്‍ത്തുന്നത് മുഖത്തെ ചര്‍മ്മത്തെ സംരക്ഷിക്കാനും ശരീരതാപം നിലനിര്‍ത്താനും സഹായിക്കാറുണ്ട്. കശ്മീരിലെയും മറ്റും ഉള്‍നാടന്‍ നദികളിലും തടാകങ്ങളിലും ഭീകരവിരുദ്ധ ഓപ്പറേഷനുകള്‍ നടത്തുന്ന മാര്‍ക്കോസ് വിഭാഗത്തിന് നാവികസേന പ്രത്യേക അനുമതിയോടെയാണ് ഇത്തരം ഇളവുകള്‍ നല്‍കുന്നത്.
അതി കഠിനപരിശീലനം
മാര്‍ക്കോസ് ടീമിലെ ഓരോ അംഗവും അവരുടെ 20 വയസിന്റെ തുടക്കത്തില്‍ ഇന്ത്യന്‍ നാവികസേനയില്‍ നിന്ന് തിരഞ്ഞെടുക്കപ്പെടുന്നു. ഇവര്‍ കഠിനമായ പരിശീലനവും സെലക്ഷന്‍ പ്രക്രിയയും വിജയിച്ചിരിക്കണം. വ്യോമഗതാഗത പ്രവര്‍ത്തനങ്ങള്‍, കോംബാറ്റ് ഡൈവിംഗ്, ഭീകരവാദത്തിനെതിരായ പ്രതിരോധം, ഹൈജാക്കിംഗ്, ആന്റി പൈറസി, നേരിട്ടുള്ള പ്രവര്‍ത്തനം, നുഴഞ്ഞുകയറ്റം, പുറംതള്ളല്‍ വിദ്യകള്‍, പ്രത്യേക നിരീക്ഷണം, പാരമ്പര്യേതര യുദ്ധം എന്നിവയെല്ലാം പരിശീലന പരിപാടിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ചരുക്കിപ്പറഞ്ഞാല്‍ ആയിരം സൈനികര്‍ക്ക് കിടപടിക്കാന്‍ കഴിയുന്ന ബാഹുബലിയാണ് ഈ ഒരു ഒറ്റ കമാന്‍ഡോ!
ഏകദേശം 3 വര്‍ഷം വരെ നീണ്ടുനില്‍ക്കുന്ന ഈ പരിശീലനത്തിലൂടെ, ശാരീരികമായും മാനസികമായും ഒരാളെ പൂര്‍ണ്ണമായി മാറ്റിയെടുക്കുന്നു. ആദ്യം പ്രീ സെലക്ഷനാണ്. മൂന്ന് ദിവസം നീണ്ടുനില്‍ക്കുന്ന കഠിനമായ ശാരീരികക്ഷമതാ പരിശോധനയാണിത്. ഇതില്‍ തന്നെ 80 ശതമാനത്തിലധികം അപേക്ഷകര്‍ പുറത്താകുന്നു. ഹെല്‍ വീക്ക് എന്നതാണ് അടുത്ത ഘട്ടം. ഒരാഴ്ചയാണ് പരിശീലനം. യുഎസ് നേവി സീല്‍സിന്റെ മാതൃകയിലുള്ള അഞ്ച് ആഴ്ചത്തെ അതികഠിനമായ ഘട്ടമാണ് അടുത്തത്. ഈ ആറ് ദിവസത്തിനുള്ളില്‍ കമാന്‍ഡോകള്‍ക്ക് ലഭിക്കുന്നത് പരമാവധി 4 മണിക്കൂര്‍ ഉറക്കം മാത്രമാണ്.
ഡെത്ത് ക്രോള്‍ എന്നതാണ് ഇതിലെ ഏറ്റവും കഠിനമായ ദൗത്യം. 25 കിലോ ഭാരവും പേറി മുട്ടറ്റം ചെളിയിലൂടെ 800 മീറ്റര്‍ ഇഴയുന്ന ദൗത്യമാണിത്. ഇതിനുശേഷം കടുത്ത തളര്‍ച്ചയിലും ഉറക്കമില്ലായ്മയിലും കൃത്യമായി ലക്ഷ്യസ്ഥാനത്തേക്ക് വെടിവയ്ക്കാനുള്ള കഴിവും ഇവര്‍ തെളിയിക്കണം. തുടര്‍ന്ന്, മുംബൈയിലെ ഐഎന്‍സ് അഭിമന്യു എന്ന ബേസിലാണ് പരിശീലനം നടക്കുക. പത്ത് ആഴ്ച നീളുന്ന ഈ ഘട്ടത്തില്‍ ആയുധങ്ങള്‍ കൈകാര്യം ചെയ്യുക, നിശബ്ദ ആക്രമണങ്ങള്‍, മുങ്ങിക്കപ്പലുകളില്‍ നിന്നുള്ള നീക്കങ്ങള്‍ എന്നിവ പഠിപ്പിക്കുന്നു. കൊച്ചിയിലെ നേവല്‍ ഡൈവിംഗ് സ്‌കൂളില്‍ വച്ച് സ്പെഷ്യല്‍ കോംബാറ്റ് ഡൈവിംഗ് പരിശീലനവും ഇവര്‍ക്ക് ലഭിക്കുന്നു.
തുടര്‍ന്ന് അഡ്വാന്‍സ് പരിശീലനമാണ്. പാരാച്യൂട്ട് ജമ്പുകള്‍ക്കായി ആഗ്രയിലെ സ്‌കൂളിലും, കാട്ടുപ്രദേശങ്ങളിലെ പോരാട്ടത്തിനായി മിസോറാമിലെ കൗണ്ടര്‍ ഇന്‍സര്‍ജന്‍സി സ്‌കൂളിലും പരിശീലനം നല്‍കുന്നു. ശത്രുരാജ്യങ്ങളിലെ ഭാഷകള്‍, സ്നിപ്പര്‍ പരിശീലനം, ഐ.ഇ.ഡി നിര്‍മ്മാണം എന്നിവ ഈ ഘട്ടത്തിലെ പ്രത്യേകതയാണ്. വിമാനത്തില്‍ നിന്നും കിലോമീറ്ററുകള്‍ മുകളില്‍ നിന്ന് ചാടി കൃത്യമായ ലക്ഷ്യസ്ഥാനത്ത് ഇറങ്ങാനുള്ള പരിശീലനവും കൊടുക്കുന്നു.
ഈ കഠിനമായ പരീക്ഷണങ്ങളെല്ലാം അതിജീവിച്ച് 10% മുതല്‍ 25% വരെ ആളുകള്‍ മാത്രമാണ് അവസാനമായി ഒരു മാര്‍ക്കോസ് കമാന്‍ഡോ ആയി മാറുന്നത്. വെടിയുണ്ടകള്‍ പായുന്ന സാഹചര്യത്തില്‍ പോലും 0.27 സെക്കന്‍ഡിനുള്ളില്‍ കൃത്യമായി പ്രതികരിക്കാന്‍ ഇവര്‍ക്ക് സാധിക്കുമെന്നതാണ് എറ്റവും അത്ഭുതം! മാര്‍ക്കോസ് കമാന്‍ഡോകളുടെ ഈ അപാരമായ വേഗതയെ 'മസില്‍ മെമ്മറി' എന്നാണ് വിളിക്കുന്നത്്.
ലൈവ് ബുള്ളറ്റുകള്‍കൊണ്ട് പരിശീലനം!
സാധാരണ മനുഷ്യര്‍ ഒരു ശബ്ദമോ അപകടമോ കണ്ടാല്‍ അത് തലച്ചോറില്‍ എത്തി ചിന്തിച്ച് പ്രവര്‍ത്തിക്കാന്‍ സമയം എടുക്കും. എന്നാല്‍ മാര്‍ക്കോസ് കമാന്‍ഡോകള്‍ക്ക് ആയുധം എടുക്കാനും വെടിയുതിര്‍ക്കാനും ചിന്തിക്കേണ്ടി വരുന്നില്ല. ആയിരക്കണക്കിന് തവണ ആവര്‍ത്തിച്ചു ചെയ്യുന്ന പരിശീലനത്തിലൂടെ അവരുടെ ശരീരം തനിയെ പ്രതികരിക്കുന്നു. റിഫ്ളെക്സ് ്ആക്ഷന്‍ എന്നാണ് ഇതിനെ പറയുക. 0.27 സെക്കന്‍ഡ് മാത്രമാണ് ഇവരുടെ പ്രതികരണ സമയം.
ഇതിനുള്ള ലൈവ് ഫയറിംഗ് പരിശീലനം കമാന്‍ഡോകള്‍ക്ക് കിട്ടിയിട്ടുണ്ട്. അതായത്, ഇവര്‍ പരിശീലനം നടത്തുന്നത് യഥാര്‍ത്ഥ വെടിയുണ്ടകള്‍ ഉപയോഗിച്ചാണ്! പലപ്പോഴും സഹപ്രവര്‍ത്തകര്‍ ലക്ഷ്യത്തിന് തൊട്ടടുത്ത് നില്‍ക്കുമ്പോഴായിരിക്കും ഇവര്‍ വെടിവെക്കുക. ലക്ഷ്യം തെറ്റിയാല്‍ സ്വന്തം സഹപ്രവര്‍ത്തകന്റെ ജീവന്‍ പോകാം എന്ന സമ്മര്‍ദ്ദത്തിലും കൃത്യമായി വെടിവെക്കാന്‍ ഇത് അവരെ പ്രാപ്തരാക്കുന്നു.ഇന്‍സ്റ്റിങ്ക്റ്റീവ് ഷൂട്ടിംഗ് എന്ന പരിശീലനമാണ് മറ്റൊന്ന്. അതായത് തോക്കിലെ സൈറ്റിലൂടെ നോക്കി ഉന്നം പിടിക്കാന്‍ ഇവര്‍ കാത്തുനില്‍ക്കില്ല. ശത്രുവിനെ കണ്ട നിമിഷം തന്നെ തോക്ക് ഉയര്‍ത്തുന്നതും കാഞ്ചി വലിക്കുന്നതും ഒരേ സെക്കന്‍ഡില്‍ നടക്കുന്നു.രണ്ട് കൈകള്‍ കൊണ്ടും ഒരേ കൃത്യതയോടെ ആയുധം ഉപയോഗിക്കാന്‍ ഇവര്‍ക്ക് പരിശീലനം ലഭിക്കുന്നു.ചുരുക്കത്തില്‍, കണ്ണ് ചിമ്മുന്നതിനേക്കാള്‍ വേഗത്തില്‍ ശത്രുവിനെ തിരിച്ചറിഞ്ഞ് നിശബ്ദമാക്കാന്‍ ഇവര്‍ക്ക് സാധിക്കും.
മാര്‍ക്കോസ് കമാന്‍ഡോകള്‍ ഉപയോഗിക്കുന്ന ആയുധങ്ങള്‍ ലോകത്തിലെ തന്നെ ഏറ്റവും മികച്ചവയാണ്. 2026-ലെ കണക്കനുസരിച്ചും കടലിലും കരയിലും വായുവിലും ഒരുപോലെ പ്രഹരശേഷിയുള്ള ആധുനിക ആയുധശേഖരമാണ് ഇവര്‍ക്കുള്ളത്. കണക ടാവോര്‍ എന്ന ഇസ്രായേല്‍ നിര്‍മ്മിതമായ ഈ റൈഫിളാണ് മാര്‍ക്കോസിന്റെ പ്രധാന ആയുധം. ഇതിന്റെ ഭാരം കുറവായതിനാലും ഏത് കാലാവസ്ഥയിലും ഉപയോഗിക്കാന്‍ കഴിയുന്നതിനാലും കമാന്‍ഡോകള്‍ക്ക് ഇത് ഏറെ പ്രിയപ്പെട്ടതാണ്.
എസ്ഐജി 716 ആണ് മറ്റൊന്ന്. അതിവേഗം വെടിയുതിര്‍ക്കാനും ദീര്‍ഘദൂര ലക്ഷ്യങ്ങള്‍ ഭേദിക്കാനും ശേഷിയുള്ള അമേരിക്കന്‍ റൈഫിളാണിത്.റഷ്യന്‍ നിര്‍മ്മിതമായ എകെ103 റൈഫിള്‍ അതിന്റെ വിശ്വാസ്യതയ്ക്കും പ്രഹരശേഷിക്കും പേരുകേട്ടതാണ്. ഇതിന് പറുമേ പ്രത്യേക ആയുധങ്ങളും ഇവര്‍ക്കുണ്ട്. കടലിനടിയില്‍ വച്ച് വെടിയുതിര്‍ക്കാന്‍ കഴിയുന്ന ലോകത്തിലെ അപൂര്‍വ്വം ആയുധങ്ങളില്‍ ഒന്നായ. അണ്ടര്‍വാട്ടര്‍ റൈഫിള്‍ ഇവര്‍ക്കുണ്ട്. സാധാരണ വെടിയുണ്ടകള്‍ക്ക് പകരം 'ഡാര്‍ട്ട്' പോലുള്ള പ്രത്യേക അമ്പുകളാണ് ഇതില്‍ ഉപയോഗിക്കുന്നത്.വളരെ അടുത്തുള്ള ശത്രുക്കളെ നേരിടാന്‍ ഉപയോഗിക്കുന്ന സബ് മെഷീന്‍ ഗണ്ണുകളും ഏറെയുണ്ട്. കെട്ടിടങ്ങള്‍ക്കുള്ളിലെ ദൗത്യങ്ങള്‍ക്കും മറ്റും ഇത് ഉപയോഗിക്കുന്നു.
ദൂരെയുള്ള ശത്രുക്കളെ കൃത്യമായി ഉന്നം വയ്ക്കാന്‍ സഹായിക്കുന്ന ഇസ്രായേലി നിര്‍മ്മിത തോക്കായ കണക ഗാലില്‍ മാര്‍ക്കോസിന്റെ വജ്രായുധങ്ങളില്‍ ഒന്നാണ്. ലോകത്തിലെ ഏറ്റവും കൃത്യതയുള്ള സ്നിപ്പര്‍ റൈഫിളുകളില്‍ ഒന്നായ ഹെക്ലര്‍ & കോക്ക് പിജിഎസ്1 ധാരാളമായി ഉപയോഗിക്കുന്നു. കടലിനടിയിലൂടെ കമാന്‍ഡോകളെയും ആയുധങ്ങളെയും ലക്ഷ്യസ്ഥാനത്ത് എത്തിക്കാന്‍ സഹായിക്കുന്ന ചെറിയ അന്തര്‍വാഹിനികളായ, അണ്ടര്‍സീ ചാരിയറ്റ്സിന്റെ സഹായത്തോടെയാണ്, ഇവരുടെ യുദ്ധം. കാണാന്‍ കഴിയുന്ന നൈറ്റ് വിഷന്‍ ഗ്ലാസുകള്‍ എന്നിവ ഉപയോഗിക്കുന്നു. ഇസ്രായേല്‍ സാങ്കേതികവിദ്യയില്‍ ഇന്ത്യയില്‍ തന്നെ നിര്‍മ്മിക്കുന്ന തോക്കുകളും നിലവില്‍ ഇവര്‍ ഉപയോഗിച്ചു തുടങ്ങിയിട്ടുണ്ട്. ഇത്രയും മികച്ച ആയുധങ്ങളും ലോകോത്തര പരിശീലനവുമാണ് മാര്‍ക്കോസിനെ ഇന്ത്യയുടെ ഏറ്റവും കരുത്തുറ്റ സൈനിക വിഭാഗമാക്കി മാറ്റുന്നത്.
ലങ്ക മുതല്‍ കാര്‍ഗില്‍വരെ
ഇന്ത്യക്കുവേണ്ടി അതിശകതമായ നിരവധി പേരാട്ടങ്ങളില്‍ കഴിവ് തെളിയിച്ചവരാണ്, മാര്‍ക്കോസ് കമാന്‍ഡോകള്‍. 1980-കളുടെ അവസാനത്തില്‍, ശ്രീലങ്കന്‍ ആഭ്യന്തരയുദ്ധത്തിനിടയില്‍ മാര്‍ക്കോസ് 'ഓപ്പറേഷന്‍ പവന്‍' എന്നറിയപ്പെടുന്ന ഒരു സുപ്രധാന ഓപ്പറേഷന്‍ നടത്തി. 1987-ല്‍ ശ്രീലങ്കയിലെ ജാഫ്നാ, ട്രിങ്കോമാലി തുറമുഖങ്ങള്‍ പിടിച്ചടക്കുന്നതില്‍ സഹായിച്ച പ്രാരംഭ ദൗത്യമായിരുന്നു അത്.
അന്ന് ഐ എം എസ് എഫ് അഥവാ ഇന്ത്യന്‍ മറീന്‍ സ്പെഷ്യല്‍ ഫോഴ്സ് എന്നാണ് ഇവര്‍ അറിയപ്പെട്ടിരുന്നത്. 1987 ഒക്ടോബര്‍ 21-ന് ഇന്തന്‍ മറീന്‍ കമാന്‍ഡോകള്‍ നടത്തിയ അതിസാഹസികമായ നീക്കമാണ്, ഗുരു നഗറിലെ മിന്നലാക്രമണം. എല്‍.ടി.ടി.ഇയുടെ താവളമായിരുന്ന ഗുരു നഗറിലെ ഹാര്‍ബര്‍ നശിപ്പിക്കാന്‍ 18 കമാന്‍ഡോകള്‍ ഏകദേശം 12 കിലോമീറ്റര്‍ ദൂരം കടലിലൂടെ നീന്തി ലക്ഷ്യസ്ഥാനത്തെത്തി. ശത്രുക്കള്‍ തിരിച്ചറിയുന്നതിന് മുന്‍പ് തന്നെ അവിടെ സ്ഫോടകവസ്തുക്കള്‍ സ്ഥാപിച്ച് ഹാര്‍ബര്‍ പൂര്‍ണ്ണമായും തകര്‍ത്തു.
ഹാര്‍ബര്‍ തകര്‍ത്ത ശേഷം മടങ്ങുന്നതിനിടെ എല്‍.ടി.ടി.ഇ ഭീകരര്‍ അവര്‍ക്ക് നേരെ കടുത്ത വെടിവെപ്പ് നടത്തി. എന്നാല്‍ യാതൊരു പോറലുമേല്‍ക്കാതെ തിരികെ നീന്തി സുരക്ഷിത സ്ഥാനത്തെത്താന്‍ അവര്‍ക്ക് കഴിഞ്ഞു. ഈ ദൗത്യത്തിന് നേതൃത്വം നല്‍കിയ ലഫ്റ്റനന്റ് അരവിന്ദ് സിംഗിന് ഇന്ത്യയുടെ രണ്ടാമത്തെ വലിയ സൈനിക ബഹുമതിയായ മഹാവീര്‍ ചക്ര ലഭിച്ചു.
ജാഫ്ന, ബട്ടിക്കലോവ തുടങ്ങിയ തീരപ്രദേശങ്ങളില്‍ ഇന്ത്യന്‍ സൈന്യത്തിന് ഇറങ്ങാന്‍ അനുയോജ്യമായ സ്ഥലങ്ങള്‍ കണ്ടെത്തുകയും ശത്രുക്കളുടെ സാന്നിധ്യം പരിശോധിക്കുകയും ചെയ്തത് മാര്‍ക്കോസ് ആയിരുന്നു. ജാഫ്നയുടെ പടിഞ്ഞാറന്‍ തീരദേശ റോഡുകളില്‍ സുരക്ഷാ പട്രോളിംഗ് നടത്തുകയും ശത്രുക്കളുടെ വിതരണ ശൃംഖലകള്‍ തടയുകയും ചെയ്യുന്നതില്‍ ഇവര്‍ വലിയ പങ്കുവഹിച്ചു. ശ്രീലങ്കന്‍ കാടുകളിലും കടലിലും എല്‍.ടി.ടി.ഇയ്ക്ക് ലഭിച്ചിരുന്ന ആധിപത്യം ഇല്ലാതാക്കാന്‍ മാര്‍ക്കോസിന്റെ സാന്നിധ്യം ഇന്ത്യന്‍ സമാധാന സേനയെ വളരെയധികം സഹായിച്ചു.
മാലദ്വീപിലെ അട്ടിമറി ശ്രമം പരാജയപ്പെടുത്താന്‍ ഇന്ത്യന്‍ സൈന്യത്തെ സഹായിച്ച, 1988-ലെ ഓപ്പറേഷന്‍ കാക്ടസിലും മാര്‍ക്കോസ് കമാന്‍ഡോകള്‍ നിര്‍ണ്ണായ പങ്കുവഹിച്ചു. അതുപോലെ 1999-ലെ കാര്‍ഗില്‍ യുദ്ധത്തിലും അവരുടെ സേവനം അതിഗംഭീരമായിരുന്നു. ഏകദേശം 15,000 മുതല്‍ 18,000 വരെ അടി ഉയരത്തിലുള്ള അതിശൈത്യ മേഖലകളിലാണ് ഇവര്‍ പ്രവര്‍ത്തിച്ചത്. സാധാരണയായി കടലില്‍ പ്രവര്‍ത്തിക്കുന്ന ഇവര്‍ ഹിമാലയന്‍ മലനിരകളിലേക്ക് ഇറങ്ങുകയായിരുന്നു. കാര്‍ഗില്‍ യുദ്ധം കൊടുമ്പിരിക്കൊള്ളുമ്പോള്‍, ഭീകരര്‍ ജമ്മു കശ്മീരിലെ വൂളാര്‍ തടാകം വഴി നുഴഞ്ഞുകയറാന്‍ സാധ്യതയുണ്ടെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ട് ഉണ്ടായിരുന്നു. തടാകത്തിലൂടെയുള്ള ഇത്തരം നീക്കങ്ങള്‍ തടയാനും അവിടെ പട്രോളിംഗ് നടത്താനും മാര്‍ക്കോസിനെയാണ് നിയോഗിച്ചത്. ഇന്നും വൂളാര്‍ തടാകത്തില്‍ മാര്‍ക്കോസിന്റെ സാന്നിധ്യമുണ്ട്. കാര്‍ഗിലിലെ കുന്നുകളില്‍ ഒളിച്ചിരുന്ന ശത്രുക്കളുടെ വിവരങ്ങള്‍ ശേഖരിക്കാനും അവരെ പിന്നില്‍ നിന്ന് ആക്രമിക്കാനും ഇന്ത്യന്‍ ആര്‍മിയുടെ സ്പെഷ്യല്‍ ഫോഴ്സിനൊപ്പം മാര്‍ക്കോസ് കമാന്‍ഡോകളും പ്രവര്‍ത്തിച്ചു.
സാധാരണ നേവി കമാന്‍ഡോകള്‍ക്ക് ലഭിക്കുന്ന പരിശീലനത്തിന് പുറമെ, പര്‍വ്വതനിരകളില്‍ യുദ്ധം ചെയ്യാനുള്ള പ്രത്യേക പരിശീലനം കൂടി ഇവര്‍ക്ക് ലഭിച്ചിരുന്നു. ഇത് കാര്‍ഗിലിലെ ദുഷ്‌കരമായ ഭൂപ്രകൃതിയില്‍ പ്രവര്‍ത്തിക്കാന്‍ അവരെ സഹായിച്ചു. കാര്‍ഗില്‍ യുദ്ധത്തിന് ശേഷം കശ്മീരിലെ നദികളിലും തടാകങ്ങളിലും ഭീകരവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കായി മാര്‍ക്കോസിന്റെ ഒരു സ്ഥിരം യൂണിറ്റിനെ വിന്യസിക്കാന്‍ ഇന്ത്യന്‍ സര്‍ക്കാര്‍ തീരുമാനിച്ചു.
മുംബൈ മുതല്‍ സോമാലിയ വരെ
മുംബൈ ഭീകരാക്രമണ സമയത്ത് ഭീകരരെ നേരിട്ടപ്പോള്‍ മാര്‍ക്കോസുകളുടെ വീര്യവും ധൈര്യവും ശ്രദ്ധേയമായി. 2008-ല്‍ താജ് ഹോട്ടല്‍ ആക്രമണത്തെ ചെറുക്കാന്‍ പ്രാരംഭ ഘട്ടത്തില്‍ മാര്‍ക്കോകളും സഹായിച്ചിട്ടുണ്ട്. ഇന്ത്യന്‍ സൈന്യത്തോടൊപ്പം മാര്‍ക്കോസ് കാര്‍ഗില്‍ യുദ്ധത്തിലും പങ്കെടുത്തു. മുംബൈയില്‍ തന്നെ ക്യാമ്പുണ്ടായിരുന്നതിനാല്‍, ഡല്‍ഹിയില്‍ നിന്ന് എന്‍.എസ്.ജി എത്തുന്നതിന് മുന്‍പ് തന്നെ ആദ്യമായി പ്രതികരിച്ച സ്പെഷ്യല്‍ ഫോഴ്സ് യൂണിറ്റുകളിലൊന്ന് ഇവരായിരുന്നു. ഭീകരാക്രമണം ആരംഭിച്ച് ഏകദേശം 45 മിനിറ്റിനുള്ളില്‍ തന്നെ മാര്‍ക്കോസ് ടീം സജ്ജരാകുകയും സംഭവസ്ഥലത്തെത്തുകയും ചെയ്തു. എന്‍.എസ്.ജി കമാന്‍ഡോകള്‍ എത്തുന്നതുവരെയുള്ള നിര്‍ണ്ണായകമായ ആദ്യ മണിക്കൂറുകളില്‍ ഭീകരരെ പ്രതിരോധിച്ചത് ഇവരാണ്. ഓപ്പറേഷന്‍ ബ്ലാക്ക് ടൊര്‍ണാഡോ എന്നാണ് ഈ ദൗത്യത്തിന് പേരിട്ടത്.
മാര്‍ക്കോസ് കമാന്‍ഡോകള്‍ താജ് ഹോട്ടലിന്റെ വിവിധ ഭാഗങ്ങളിലൂടെ അകത്തു കടക്കുകയും ഭീകരരുമായി നേരിട്ട് ഏറ്റുമുട്ടുകയും ചെയ്തു. പ്രവീണ്‍ കുമാര്‍ തിയോതിയ എന്ന, മാര്‍ക്കോസ് കമാന്‍ഡോയുടെ ധീരത ഈ ദൗത്യത്തില്‍ എടുത്തുപറയേണ്ടതാണ്. ഭീകരരുമായുള്ള ഏറ്റുമുട്ടലിനിടെ ഇദ്ദേഹത്തിന് അഞ്ച് വെടിയുണ്ടകള്‍ ഏറ്റിട്ടും പിന്മാറാതെ പോരാടി. ഇത് 150-ഓളം അതിഥികളെ സുരക്ഷിതമായി പുറത്തെത്തിക്കാന്‍ സഹായിച്ചു. അദ്ദേഹത്തിന് പിന്നീട് ശൗര്യ ചക്ര ലഭിച്ചു. ഏകദേശം 200-ഓളം പേരെ താജ് ഹോട്ടലില്‍ നിന്ന് സുരക്ഷിതമായി മാറ്റുന്നതില്‍ ഇവര്‍ വലിയ പങ്കുവഹിച്ചു.
ഒബ്‌റോയ് ട്രൈഡന്റ് ഹോട്ടലിലും മാര്‍ക്കോസ് സംഘം സജീവമായി പ്രവര്‍ത്തിച്ചു. ഹോട്ടലിലെ വിവിധ നിലകളില്‍ കുടുങ്ങിക്കിടന്ന 200-ഓളം പേരെ ഇവര്‍ അവിടെ നിന്നും രക്ഷപ്പെടുത്തി.ഹോട്ടലിനുള്ളിലെ സങ്കീര്‍ണ്ണമായ വഴികളിലൂടെ ഭീകരരെ തിരയാനും അവരെ ഒരു നിശ്ചിത ഭാഗത്തേക്ക് ഒതുക്കാനും മാര്‍ക്കോസിന് സാധിച്ചു.
ഡല്‍ഹിയില്‍ നിന്ന് എന്‍.എസ്.ജി എത്തിയപ്പോള്‍, മാര്‍ക്കോസ് അവര്‍ക്ക് കൃത്യമായ വിവരങ്ങള്‍ നല്‍കുകയും സംയുക്തമായി ഓപ്പറേഷന്‍ തുടരുകയും ചെയ്തു. ഹോട്ടലുകളുടെ ഭൂപ്രകൃതിയും ഭീകരരുടെ ഏകദേശ സ്ഥാനവും മനസ്സിലാക്കാന്‍ മാര്‍ക്കോസിന്റെ ആദ്യകാല നിരീക്ഷണങ്ങള്‍ എന്‍.എസ്.ജിയെ സഹായിച്ചു.
സൊമാലിയന്‍ കടല്‍ക്കൊള്ളക്കാര്‍ക്കെതിരെ ഇന്ത്യന്‍ നാവികസേനയുടെ മാര്‍ക്കോസ് കമാന്‍ഡോകള്‍ നടത്തുന്ന ഇടപെടലുകള്‍ ആഗോളതലത്തില്‍ തന്നെ വലിയ പ്രശംസ പിടിച്ചുപറ്റിയിട്ടുണ്ട്. അറബിക്കടലിലും ഏദന്‍ ഗള്‍ഫിലും കപ്പലുകളുടെ സുരക്ഷ ഉറപ്പാക്കിയത് ഭാരതമാണ്. 2023 ഡിസംബറില്‍ സൊമാലിയന്‍ കടല്‍ക്കൊള്ളക്കാര്‍ പിടിച്ചെടുത്ത ബള്‍ഗേറിയന്‍ കപ്പലായ എം.വി. റൂയനെ മോചിപ്പിക്കാനായി 2024-മാര്‍ച്ചില്‍ നടന്ന ദൗത്യമാണ് ഇതില്‍ ഏറ്റവും പ്രധാനപ്പെട്ടത്. ഇന്ത്യന്‍ നാവികസേനയുടെ ഐഎന്‍എസ് കൊല്‍ക്കത്ത, ഐഎന്‍എസ് സുഭദ്ര എന്നീ യുദ്ധക്കപ്പലുകളും ഡ്രോണുകളും മറൈന്‍ കമാന്‍ഡോകളും ഏകദേശം 40 മണിക്കൂറോളം നീണ്ടുനിന്ന ഓപ്പറേഷനില്‍ പങ്കെടുത്തു. ഈ ഓപ്പറേഷനിലും താരമായത് മാര്‍ക്കോസ് കമാന്‍ഡോകളാണ്. കമാന്‍ഡോകള്‍ വിമാനത്തില്‍ നിന്ന് അറബിക്കടലിലെ കടല്‍ക്കൊള്ളക്കാരുടെ ഇടയിലേക്ക് അപ്രതീക്ഷിതമായി ചാടിയിറങ്ങുകയായിരുന്നു.
ഓപ്പറേഷന്റെ ഭാഗമായി വ്യോമസേനയുടെ സി-17 ഗ്ലോബ്മാസ്റ്റര്‍ ട്രാന്‍സ്പോര്‍ട്ട് എയര്‍ക്രാഫ്റ്റിന്റെ സഹായത്തോടെ മാര്‍ക്കോസ് കമാന്‍ഡോകളെ ഇന്ത്യയില്‍ നിന്ന് 2600 കിലോമീറ്റര്‍ അകലെ അറബിക്കടലില്‍ ഇറക്കിയിരുന്നു. കൂടാതെ, മാര്‍ക്കോസ് കമാന്‍ഡോകള്‍ക്കായി നിരവധി പ്രത്യേക ബോട്ടുകളും അറബിക്കടലില്‍ ഇറക്കി. ഈ ബോട്ടുകളുടെ സഹായത്തോടെ ഇന്ത്യന്‍ മാര്‍ക്കോസ് കമാന്‍ഡോകള്‍ തട്ടിക്കൊണ്ടുപോയ വ്യാപാരക്കപ്പലായ എംവി റൗണില്‍ കയറുകയും കടല്‍ക്കൊള്ളക്കാരെ കീഴടങ്ങാന്‍ നിര്‍ബന്ധിതരാക്കുന്ന ഒരു ഓപ്പറേഷന്‍ നടത്തുകയായിരുന്നു. നാവികസേനയുടെ ഈ ഓപ്പറേഷന്‍ ഏകദേശം 40 മണിക്കൂര്‍ നീണ്ടുനിന്നു. ഈ സമയത്ത് കടല്‍ക്കൊള്ളക്കാര്‍ ഇന്ത്യന്‍ സൈനികര്‍ക്ക് നേരെ പലതവണ വെടിയുതിര്‍ത്തു. ഇതിനിടെ പാരച്യൂട്ടു വഴി കടല്‍ക്കൊള്ളക്കാരുടെ കപ്പലിലേക്ക് പറന്നിറങ്ങിയാണ് മാര്‍ക്കോസ് കമാന്‍ഡോകള്‍ ഓപ്പറേഷന്‍ വിജയിപ്പിച്ചത്.
2024 ജനുവരിയില്‍ ബ്രസീലില്‍ നിന്ന് വരികയായിരുന്ന എം.വി. ലീല നോര്‍ഫോക്ക് എന്ന കപ്പല്‍ സൊമാലിയന്‍ തീരത്ത് വച്ച് തട്ടിക്കൊണ്ടുപോകാന്‍ ശ്രമം നടന്നിരുന്നു. വാര്‍ത്ത അറിഞ്ഞയുടന്‍ ഐ.എന്‍.എസ് ചെന്നൈ എന്ന കപ്പല്‍ സ്ഥലത്തെത്തി. മാര്‍ക്കോസ് കമാന്‍ഡോകള്‍ കപ്പലിലേക്ക് ഇരച്ചുകയറുകയും തിരച്ചില്‍ നടത്തുകയും ചെയ്തു. കമാന്‍ഡോകളുടെ സാന്നിധ്യം അറിഞ്ഞ കടല്‍ക്കൊള്ളക്കാര്‍ കപ്പല്‍ ഉപേക്ഷിച്ച് കടന്നുകളഞ്ഞു. കപ്പലിലുണ്ടായിരുന്ന 15 ഇന്ത്യക്കാര്‍ ഉള്‍പ്പെടെ 21 പേരെ സുരക്ഷിതമായി മോചിപ്പിച്ചു. ഇതും മാര്‍ക്കോസ കമാന്‍ഡോളുടെ യശസ്സ് അന്താരാഷ്ട്ര തലത്തില്‍ തന്നെ ഉയര്‍ത്തി. സൊമാലിയന്‍ കടല്‍ക്കൊള്ളക്കാരുടെ വേരറുത്ത് കപ്പല്‍ പാത സുഖമമാക്കിയത് മാര്‍ക്കോസ് കമാന്‍ഡോകള്‍ തന്നെയാണ്. ഇപ്പോള്‍ ഇന്ത്യയുടെ എതിരാളികളായ ഭീകരര്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ കൊല്ലപ്പെടുമ്പോഴും, മാര്‍ക്കോസ് മറീനുകള്‍ ചര്‍ച്ചയാവാറുണ്ട്. കശ്മീരടക്കമുള്ള വിവിധ മേഖലകളിലും അവര്‍ താടി വളര്‍ത്തി രഹസ്യ ഓപ്പറേഷനിലുടെ രാജ്യം കാക്കുന്നു.
വാല്‍ക്കഷ്ണം: മാസങ്ങള്‍ക്കുമുമ്പ് ഇപ്പോള്‍ ഒരു ഇന്ത്യാ-ചൈന യുദ്ധം വന്നാല്‍ ആര് ജയിക്കുമെന്നും, ആര്‍ക്കാണ് കൂടതല്‍ കരുത്തുമെന്നും മാധ്യമങ്ങളില്‍ ഒരു ചര്‍ച്ച വന്നിരുന്നു. അന്ന് ന്യൂയോര്‍ക്ക് ടൈംസിലടക്കം ചര്‍ച്ചയായ പേരാണ് ഇന്ത്യന്‍ മാര്‍ക്കോസ് കമാന്‍ഡോകളുടേത്. ചൈനപോലും ഈ രീതിയില്‍ വളര്‍ന്നിട്ടില്ലെന്നാണ് അവരുടെ കണ്ടെത്തല്‍.


