- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ക്ഷേത്രം കത്തിക്കുന്നു, ഹിന്ദുക്കളെ കൊള്ളയടിക്കുന്നു; കൊലയും വ്യാപകം; ഹസീന വീണതോടെ ഇസ്ലാമിസ്റ്റുകളുടെ നരനായാട്ട്; ബംഗ്ലാദേശും പാക്കിസ്ഥാനാവുമോ?
മഹാത്മാ ഗാന്ധിയുടെ പ്രതിമ തല്ലിത്തകര്‍ക്കുന്ന ഒരു ആള്‍ക്കൂട്ടത്തെ ഇന്ത്യക്ക് സങ്കല്‍പ്പിക്കാന്‍ കഴിയുമോ. എന്നാല്‍ രാഷ്ട്രപിതാവായ ഷെയ്ഖ് മുജീബുര്‍ റഹ്മാന്റെ പ്രതിമക്ക് മുകളില്‍ കയറി മൂത്രമൊഴിച്ചശേഷം അത് അടിച്ച് തകര്‍ക്കയാണ് ബംഗ്ലാദേശില്‍! ഇതില്‍നിന്നുതന്നെ ഒരു കാര്യം വ്യക്തമാണ്. കേവലം വിദ്യാര്‍ത്ഥി പ്രക്ഷോഭം മാത്രമല്ല അവിടെ നടക്കുന്നത്. ഇന്ത്യാടുഡെ റിപ്പോര്‍ട്ട് ചെയ്തപോലെ, കൃത്യമായി പാക്കിസ്ഥാന്‍ പിന്തുണയോടെ, വിദ്യാര്‍ത്ഥികളെ കരുവാക്കിക്കൊണ്ടുള്ള, ജമാഅത്തെ ഇസ്ലാമി പോലുള്ള മതമൗലികവാദികളുടെ അജണ്ടയാണ് വിജയം കാണുന്നത്. അവാമി ലീഗ് നേതാവും, പ്രധാനമന്ത്രിയുമായിരുന്നു, ബംഗ്ലാദേശിന്റെ ഉരുക്കുവനിത എന്ന് അറിയപ്പെടുന്നു, […]
മഹാത്മാ ഗാന്ധിയുടെ പ്രതിമ തല്ലിത്തകര്‍ക്കുന്ന ഒരു ആള്‍ക്കൂട്ടത്തെ ഇന്ത്യക്ക് സങ്കല്‍പ്പിക്കാന്‍ കഴിയുമോ. എന്നാല്‍ രാഷ്ട്രപിതാവായ ഷെയ്ഖ് മുജീബുര്‍ റഹ്മാന്റെ പ്രതിമക്ക് മുകളില്‍ കയറി മൂത്രമൊഴിച്ചശേഷം അത് അടിച്ച് തകര്‍ക്കയാണ് ബംഗ്ലാദേശില്‍! ഇതില്‍നിന്നുതന്നെ ഒരു കാര്യം വ്യക്തമാണ്. കേവലം വിദ്യാര്‍ത്ഥി പ്രക്ഷോഭം മാത്രമല്ല അവിടെ നടക്കുന്നത്. ഇന്ത്യാടുഡെ റിപ്പോര്‍ട്ട് ചെയ്തപോലെ, കൃത്യമായി പാക്കിസ്ഥാന്‍ പിന്തുണയോടെ, വിദ്യാര്‍ത്ഥികളെ കരുവാക്കിക്കൊണ്ടുള്ള, ജമാഅത്തെ ഇസ്ലാമി പോലുള്ള മതമൗലികവാദികളുടെ അജണ്ടയാണ് വിജയം കാണുന്നത്.
അവാമി ലീഗ് നേതാവും, പ്രധാനമന്ത്രിയുമായിരുന്നു, ബംഗ്ലാദേശിന്റെ ഉരുക്കുവനിത എന്ന് അറിയപ്പെടുന്നു, ഷെയ്ഖ ഹസീന വീണതോടെ, ആ രാജ്യത്ത് തീവ്ര ഇസ്ലാമിസ്റ്റുകളുടെ നരനയാട്ടാണ്. 24 മണിക്കുറിനുള്ളില്‍ അഞ്ചുറോളം ആളുകളാണ്, രാജ്യത്ത് മരിച്ചുവീണത്. ഹിന്ദുക്ഷേത്രങ്ങളും, ക്രിസ്ത്യന്‍ പള്ളികളും, സിഖ് ദേവാലയങ്ങളും, വ്യാപകമായി ആക്രമിക്കപ്പെടുകയാണ്. കമ്യൂണിസ്റ്റ് നേതാക്കളും കൊല്ലപ്പെടുകയാണ്. ഭരണകക്ഷിയായ അവാമി ലീഗ് നേതാക്കളും കൂട്ടത്തോടെ കൊല ചെയ്യപ്പെടുന്നു. ഷെയ്ഖ് ഹസീനയുടെ പാത പിന്തുടര്‍ന്ന പാര്‍ട്ടി നേതാക്കളില്‍ പലരും ഇന്ത്യയിലേക്ക് കടന്നുകഴിഞ്ഞു.
ചോരയുടെ ചരിത്രം ഒരുപാട് കണ്ട രാജ്യമാണ് ബംഗ്ലാദേശ്. 1971-ലെ സ്വാതന്ത്ര്യ സമരത്തില്‍ 30 ലക്ഷംപേരാണ് കൊല്ലപ്പെട്ടത്. ജമാഅത്തെ ഇസ്ലാമിയുടെ പിന്തുണയുള്ള റസാക്കര്‍മാര്‍ എന്ന സംഘത്തിന്റെ സഹായത്തോടെ പാക് പട്ടാളവും, വര്‍ഗീയവാദികളും അഴിഞ്ഞാടി. ഇവരുടെ നരനായാട്ടില്‍ 10ലക്ഷംമുതല്‍ 40ലക്ഷം വരെ സ്ത്രീകളെ ബലാത്സംഗം ചെയ്തുവെന്നും പറയപ്പെടുന്നു. ഈ റേപ്പിന്റെ ഫലമായി 25,000 മുതല്‍ 2 ലക്ഷംവരെ ഗര്‍ഭധാരണമുണ്ടായി. റസാക്കര്‍മാരുടെ ബീജത്തില്‍നിന്ന് ഉണ്ടായ അനാഥരായ പതിനായിരിക്കണക്കിന് പേര്‍ ഇന്നും ആ നാട്ടില്‍ ജീവിച്ചിരിപ്പുണ്ട്! അങ്ങനെ ചോരയില്‍ കുതിര്‍ന്ന് സ്വതന്ത്ര്യം നേടിയ ഒരു രാജ്യത്ത് ഇടക്കിടെ ചോരക്കളി ആവര്‍ത്തിക്കാറുണ്ട്.
1975 ആഗസ്റ്റ് 15-ന് ബംഗ്ലാദേശ് പ്രധാനമന്ത്രിയും, രാഷ്ട്രപിതാവുമായ, ബംഗ്ലാ ബന്ധുവെന്ന് ലോകം വിളിച്ചിരുന്ന, ഷെയ്ഖ് മുജീബുര്‍ റഹ്മാനും കുടുംബവും സ്വന്തം പട്ടാളത്തിലെ വിമതരാല്‍ വെടിയേറ്റ് കൊല്ലപ്പെട്ടു. വിദേശത്ത് ആയിരുന്നതുകൊണ്ട് മാത്രം മുജീബുര്‍ റഹ്മാന്റെ മകള്‍ ഷെയ്ഖ ഹസീന രക്ഷപ്പെട്ടു. പക്ഷേ അവള്‍ വിട്ടില്ല. അധികാരം പിടിച്ചപ്പോള്‍ സ്വന്തം പിതാവിന്റെ മരണത്തിന് കണക്ക് ചോദിച്ചു. ജമാഅത്തെ ഇസ്ലാമിയെ നിരോധിച്ചു. നൂറോളം നേതാക്കളെ തൂക്കിക്കൊന്നു. റസാക്കര്‍മാരുടെ സ്വത്തുക്കള്‍ കണ്ടുകെട്ടി. കഴിഞ്ഞ 15 വര്‍ഷമായി മറ്റെല്ലാവരെയും നിഷ്പ്രഭമാക്കി ബംഗ്ലാ മണ്ണില്‍ ഹസീന തരംഗമാണ്.
പക്ഷേ മതമൗലികവാദികള്‍ തക്കം പാര്‍ത്തിരിക്കയായിരുന്നു. അവര്‍ ബംഗ്ലാദേശിലെ വിദ്യാര്‍ത്ഥികള്‍ നടത്തിയ സംവരണവിരുദ്ധ പ്രക്ഷോഭത്തില്‍ എരിവ് പകര്‍ന്നു. വിചിത്രമായിരുന്നു ബംഗ്ലാദേശിലെ സംവരണ നയം. 71-ലെ വിമോചനയുദ്ധത്തില്‍ പങ്കെടുത്ത സ്വാതന്ത്ര്യ സമരസേനാനികളുടെ മക്കള്‍ക്കും കൊച്ചുമക്കള്‍ക്കും ഉള്‍പ്പെടെയുള്ളവര്‍ക്ക് രാജ്യത്തെ ഉന്നത സര്‍ക്കാര്‍ ജോലികളില്‍ 30 ശതമാനം സംവരണമുണ്ടായിരുന്നു. ഈ മാനദണ്ഡം മൂലം സര്‍ക്കാര്‍ ജോലികള്‍ ഏറെയും കൈയടിക്കിയിരുന്നത് അവാമി ലീഗ് പാര്‍ട്ടിയുടെ നേതാക്കളാണ്. ഹസീനയുടെ പിതാവ് ശൈഖ് മുജീബുര്‍ റഹ്മാനും അദ്ദേഹത്തിന്റെ അവാമി ലീഗുമായിരുന്നു സ്വാതന്ത്ര്യസമരത്തിലെ പ്രധാനികള്‍. ഈ സംവിധാനം അനീതിയാണെന്നു പലരും നേരത്തെ ചൂണ്ടിക്കാട്ടിയിരുന്നു.
ഈ രീതി മാറ്റാന്‍ തുടങ്ങിയ വിദ്യാര്‍ത്ഥികളുടെ സമരമാണ് ഇപ്പോള്‍ ഹസീനയുടെ പതനത്തിലെത്തിച്ചത്. സംവരണക്വാട്ട റദ്ദാക്കാമെന്ന് സര്‍ക്കാര്‍ സമ്മതിച്ചിട്ടും സമരം തീര്‍ന്നില്ല. പിന്നില്‍ മുഖ്യപ്രതിപക്ഷമായ ഖാലിദാ സിയയുടെ പാര്‍ട്ടിയും ജമാഅത്തെ ഇസ്ലാമിയുമാണെന്ന് വ്യക്തമായിരുന്നു. സേഛ്വാധിപതിയാണെന്ന്, വിമര്‍ശനം ഉണ്ടെങ്കിലും, രാജ്യത്തെ മതന്യൂനപക്ഷങ്ങളുടെ സംരക്ഷകയായിരുന്നു, ഷെയ്ഖ് ഹസീന എന്ന 76കാരി. ഇപ്പോള്‍ ബംഗ്ലാദേശിലെ ന്യൂനപക്ഷ സമുഹം ഒന്നടങ്കം ഭീതിയിലാണ്. പല ക്ഷേത്രങ്ങള്‍ക്കും വിദ്യാര്‍ത്ഥി നേതാക്കള്‍ കാവല്‍ നില്‍ക്കയാണെന്നും വാര്‍ത്തകള്‍ വരുന്നുണ്ട്. സംവരണ വിരുദ്ധ പ്രക്ഷോഭമാണ് ബംഗ്ലാദേശില്‍ നടക്കുന്നതെങ്കില്‍ അതില്‍ ഒന്നും കക്ഷിയല്ലാത്ത മത ന്യൂനപക്ഷങ്ങളെ ആക്രമിക്കുന്നത് എന്തിനാണ്? ഹസീന വീണതോടെ രാജ്യത്ത് ഇസ്ലാമിസ്റ്റുകള്‍ അഴിഞ്ഞാടുകയാണ്.
നരനായാട്ടില്‍ ഭീതിയോടെ ഹൈന്ദവ സമൂഹം
1971-ല്‍ ബംഗ്ലാദേശ് രൂപീകരിച്ച കാലം തൊട്ടേ, ഹിന്ദുക്കള്‍ അടക്കമുള്ള മതന്യൂനപക്ഷങ്ങളുടെ ചോര ഒരുപാട് വീണ മണ്ണാണ് ബംഗ്ലാദേശ്. ജമാഅത്തെ ഇസ്്ലാമിയുടെ പിന്തുണയുള്ള റസാക്കര്‍മാര്‍ ആയിരക്കണക്കിന് ഹിന്ദുക്കളെയാണ് കൊന്നുതള്ളിയത്. അവാമി ലീഗ് കാര്‍ക്ക് അധികാരം നഷ്ടമായ വേളകളില്‍ രാജ്യത്തെ മതന്യൂനപക്ഷങ്ങള്‍ ആക്രമിക്കപ്പെട്ടിട്ടുണ്ട്. ഇപ്പോള്‍ അതിന്റെ തനിയാവര്‍ത്തനമാണ് നടക്കുന്നത്.
രാജ്യത്തെ ന്യൂനപക്ഷമായ ഹിന്ദുക്കള്‍ക്കെതിരെയും ഭരണപക്ഷത്തുണ്ടായിരുന്ന അവാമി പാര്‍ട്ടിക്കെതിരെയും കടുത്ത ആക്രമണമാണ് പ്രക്ഷോഭകാരികള്‍ അഴിച്ചുവിടുന്നത്. ഖുല്‍ന ഡിവിഷനില്‍ സ്ഥിതി ചെയ്യുന്ന മെഹര്‍പൂരിലെ ഇസ്‌കോണ്‍ ക്ഷേത്രമാണ് കലാപകാരികള്‍ കത്തിച്ചത്. ഒപ്പം ജഗന്നാഥന്‍, ബലദേവ്, സുഭദ്രാദേവി എന്നിവരുള്‍പ്പെടെയുള്ള ദേവതകളുടെ വിഗ്രഹങ്ങളും അഗ്നിക്കിരയാക്കിയതായി റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയുന്നു. പ്രദേശത്തെ ചര്‍ച്ചുകള്‍ക്ക് നേരെയും ആക്രമമുണ്ടായിട്ടുണ്ട്. 17 കോടിവരുന്ന ബംഗ്ലാദേശ് ജനതയില്‍ 8 ശതമാനം ന്യൂനപക്ഷങ്ങളാണ്.
ഖുല്‍നയിലെ, ഹിന്ദു വ്യവസായികളുടെ നിരവധി കടകള്‍ കൊള്ളയടിച്ചതായും റിപ്പോര്‍ട്ടുണ്ട്. രണ്ട് ഹിന്ദു കൗണ്‍സിലര്‍മാര്‍ വെടിയേറ്റ് മരിച്ചതായും സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളുണ്ട്. ബംഗ്ലാദേശ് തലസ്ഥാനമായ ധന്‍മോണ്ടി പ്രദേശത്ത് സ്ഥിതി ചെയ്യുന്ന ഇന്ദിരാഗാന്ധി കള്‍ച്ചറല്‍ സെന്ററിനും (ഐജിസിസി) ബംഗബന്ധു മെമ്മോറിയല്‍ മ്യൂസിയത്തിനും അക്രമാസക്തരായ ജനക്കൂട്ടം കേടുപാടുകള്‍ വരുത്തിയതായി ദൃക്‌സാക്ഷികള്‍ പറഞ്ഞു.
ബംഗ്ലാദേശില്‍ ഹിന്ദുക്കള്‍ക്ക് നേരെ നടക്കുന്ന കലാപത്തെക്കുറിച്ച്, ധാക്ക സ്വദേശിയായ അവിരൂപ് സര്‍ക്കാര്‍ എന്ന ഹിന്ദു യുവാവ് വിവരിക്കുന്നത് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറല്‍ ആയിട്ടുണ്ട്. ധാക്കയില്‍ നിന്നും 100 കിലോ മീറ്റര്‍ മാറിയുള്ള നെത്രോക്കോണയിലാണ് അവിരൂപിന്റെ കുടുംബ വീട് ഉള്ളത്. പിതാവിന്റെ സഹോദരങ്ങളും അവരുടെ മക്കളും ഈ പ്രദേശത്താണ് താമസിക്കുന്നത്. ഇവരുടെ വീടുകളില്‍ ഉള്‍പ്പെടെ കലാപകാരികള്‍ അതിക്രമിച്ച് കടന്ന് ആക്രമണം നടത്തി. ഭയന്ന് വിറഞ്ഞ് വിധവയായ അര്‍ദ്ധ സഹോദരി ഫോണ്‍ ചെയ്തുവെന്നും അവിരൂപ് വ്യക്തമാക്കുന്നു. -"കരഞ്ഞുകൊണ്ടായിരുന്നു അവള്‍ തന്നോട് സംസാരിച്ചത്. അവളുടെ വീട്ടിലേക്ക് അതിക്രമിച്ച് കടന്ന കലാപകാരികള്‍ വീട് മുഴുവന്‍ നശിപ്പിക്കുകയും ഇവരെ മര്‍ദ്ദിക്കുകയും ചെയ്തു. വീടിന്റെ വാതിലുകളും മറ്റ് ഫര്‍ണീച്ചറുകളും അക്രമികള്‍ അടിച്ച് തകര്‍ത്തു. ഉപയോഗിക്കാന്‍ പറ്റാത്ത തരത്തില്‍ വീടാക്കി. വീട്ടില്‍ സൂക്ഷിച്ചിരുന്ന പണവും സ്വര്‍ണവും അക്രമികള്‍ കൊള്ളയടിച്ചു.ഇവരുടെ സമീപത്തായി മുസ്ലീം വീടുകള്‍ ധാരാളം ഉണ്ടായിരുന്നു. എന്നാല്‍ അവിടെയൊന്നും ഇവര്‍ കയറിയില്ല'- അവിരൂപ് വ്യക്തമാക്കി.
താലിബാന്‍ മോഡലില്‍ നടനെ കൊന്നു
ഇപ്പോള്‍, സമാനതകള്‍ ഇല്ലാത്ത ക്രൂരതയുടെ വാര്‍ത്തകളാണ് ബംഗ്ലാദേശില്‍നിന്ന് പുറത്തുവരുന്നത്. താലിബാന്‍ മോഡലില്‍ ഗായകരെയും നടന്‍മ്മാരെയുമൊക്കെ വര്‍ഗീയവാദികള്‍ കൊന്നൊടുക്കുന്നതായും റിപ്പോര്‍ട്ടുകളുണ്ട്. ബംഗ്ലാ നടന്‍ ഷാന്റോ ഖാനെയും , പിതാവും ചലച്ചിത്ര നിര്‍മ്മാതാവും സംവിധായകനുമായ സെലിം ഖാനെയും അക്രമികള്‍ മര്‍ദ്ദിച്ചു കൊലപ്പെടുത്തിയത്, ലോക മാധ്യമങ്ങളിലും വാര്‍ത്തയായി. ഷാന്റോയും പിതാവ് സെലിം ഖാനും തിങ്കളാഴ്ച ഉച്ചയോടെ സ്വന്തം നാട്ടില്‍ നിന്ന് രക്ഷപ്പെടുന്നതിനിടെ ബാലിയ യൂണിയനിലെ ഫറക്കാബാദ് മാര്‍ക്കറ്റില്‍ വച്ച് അക്രമികള്‍ പിടികൂടുകയായിരുന്നു. തുടര്‍ന്ന് മര്‍ദ്ദിച്ച് കൊല്ലുകയായിരുന്നെന്നാണ് ദൃക്സാക്ഷികളുടെ ഉദ്ധരിച്ച് പ്രാദേശിക മാധ്യമങ്ങള്‍ പറയുന്നത്.
ചാന്ദ്പൂര്‍ സമുദ്രാതിര്‍ത്തിയിലെ പത്മ-മേഘന നദിയില്‍ നൂറുകണക്കിന് ഡ്രഡ്ജറുകള്‍ ഉപയോഗിച്ച് അനധികൃതമായി മണല്‍ ഖനനം നടത്തിയതിന് നിരവധി വര്‍ഷങ്ങള്‍ സലിം ഖാന്‍ ശിക്ഷ അനുഭവിച്ചിരുന്നു . അദ്ദേഹത്തിനെതിരായ ഒരു കേസ് നിലവില്‍ എസിസിയില്‍ നടന്നുകൊണ്ടിരിക്കുകയാണ്.'ഷാഹെന്‍ഷാ', 'ബിദ്രോഹി' എന്നിവയുള്‍പ്പെടെ നിരവധി ജനപ്രിയ സിനിമകള്‍ നിര്‍മ്മിച്ച ഷാപ്ല മീഡിയയുടെ പ്രൊപ്രൈറ്ററും ഡയറക്ടറുമായിരുന്നു അദ്ദേഹം. രാഷ്ട്രപിതാവായ ബംഗബന്ധു ഷെയ്ഖ് മുജിബുര്‍ റഹ്മാന്റെ ജീവിതം ആസ്പദമാക്കി 'തുങ്കി പരാര്‍ മിയ ഭായ്' എന്ന സിനിമ അദ്ദേഹം സംവിധാനം ചെയ്തിരുന്നു.ഈ വര്‍ഷം ജൂലൈയില്‍, 3.25 കോടി രൂപയുടെ അനധികൃത സ്വത്ത് സമ്പാദിച്ചതില്‍ പങ്കുണ്ടെന്ന് ആരോപിച്ച് നടന്‍ ഷാന്റോ ഖാനെതിരെ അഴിമതി വിരുദ്ധ കമ്മീഷന്‍ കേസെടുത്തിരുന്നു.
അതുപോലെ, പ്രശസ്ത ബംഗ്ലാദേശി ഗായകന്‍ രാഹുല്‍ ആനന്ദിന്റെ 140 വര്‍ഷം പഴക്കമുള്ള വീടിന് നേരെ ഇസ്ലാമിസ്റ്റുകളുടെ ആക്രമണമുണ്ടായി.. 3000-ത്തിലധികം വാദ്യോപകരണങ്ങള്‍ കത്തിനശിച്ചു . വീടിന്റെ ഫര്‍ണിച്ചറുകള്‍ കൊള്ളയടിച്ചു .ധാക്കയിലെ ധന്‍മോണ്ടി 32-ല്‍ സ്ഥിതി ചെയ്യുന്ന വീടാണ് ജനക്കൂട്ടം കൊള്ളയടിച്ച ശേഷം കത്തിച്ചത് . ഭാഗ്യവശാല്‍, ആനന്ദയും കുടുംബാംഗങ്ങളും ആക്രമണത്തില്‍ നിന്ന് പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. പ്രതിഷേധക്കാര്‍ വിലപിടിപ്പുള്ള വസ്തുക്കള്‍ മോഷ്ടിക്കുകയും വീട് നശിപ്പിക്കുകയും ചെയ്തു.പ്രതിഷേധക്കാര്‍ ഗേറ്റ് തകര്‍ത്താണ് വീടിനുള്ളിലെത്തിയത്. രാഹുല്‍ ആനന്ദ ജോലര്‍ ഗാന് എന്ന നാടോടി സംഗീത ബാന്‍ഡ് നടത്തുകയാണ്. കമ്യൂണിസ്റ്റുകളും വ്യാപകമായി ആക്രമിക്കപ്പെടുനനുണ്ട്. ബംഗ്ലാദേശ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ (സിപിബി) നേതാവും കര്‍ഷക തൊഴിലാളി നേതാവും റോയ്ഗഞ്ച് പ്രസ് ക്ലബ് അസിസ്റ്റന്റ് സെക്രട്ടറിയുമായ പ്രദീപ് ഭൗമിക്കിനെ കലാപകാരികള്‍ ക്രൂരമായി വെട്ടിക്കൊല്ലുകയായിരുന്നു.
അവാമി ലീഗുകാര്‍ രാജ്യം വിടുന്നു
ഷെയ്ഖ് ഹസീനയുടെ പാര്‍ട്ടിയായ അവാമി ലീഗിലെ നൂറോളം പേര്‍ക്കാണ് രണ്ടുദിവസത്തിനുള്ളില്‍ ജീവന്‍ നഷ്ടമായത്. തലസ്ഥാനമായ ധാക്കയില്‍ ഇന്നലെമാത്രം കണ്ടെത്തിയത്, 20 ലധികം നേതാക്കളുടെ മൃതദേഹങ്ങള്‍ളാണ്. ഉള്‍പ്പെടെ രാജ്യത്തെ ഒട്ടുമിക്ക പൊലീസ് സ്റ്റേഷനുകളിലും നിലവില്‍ പൊലീസുകാരില്ല. ഇവരെല്ലാം സുരക്ഷിത കേന്ദ്രങ്ങളില്‍ അഭയം പ്രാപിച്ചുവരികയാണ്. അവാമി ലീഗ് സര്‍ക്കാരുമായി അടുപ്പമുള്ള ഉന്നത ഉദ്യോഗസ്ഥരും മുങ്ങിയിരിക്കയാണ്. ബംഗ്ലാദേശില്‍ വര്‍ദ്ധിച്ചുവരുന്ന അക്രമങ്ങള്‍ക്കിടയില്‍, അവാമി ലീഗ് പ്രവര്‍ത്തകന്‍ മുഹമ്മദ് റൂബല്‍ ഇസ്ലാം ഇന്ത്യയില്‍ അഭയം തേടി . ജമാഅത്തെ ഇസ്ലാമി അംഗങ്ങള്‍ ബംഗ്ലാദേശിനെ മറ്റൊരു പാകിസ്ഥാനാക്കി മാറ്റാന്‍ ശ്രമിക്കുകയാണെന്ന് മുഹമ്മദ് റൂബല്‍ ഇസ്ലാം പറയുന്നു. പലരും രാജ്യം വിട്ട് പലായനം ചെയ്യാന്‍ ആഗ്രഹിക്കുന്നു, എന്നാല്‍ പാസ്‌പോര്‍ട്ടിന്റെയും വിസയുടെയും അഭാവം ബുദ്ധിമുട്ടുണ്ടാക്കുന്നുവെന്നും അദ്ദേഹം പറയുന്നുണ്ട്.
ഇടയ്ക്കിടെ വിദേശയാത്രകള്‍ നടത്തുന്ന വ്യവസായിയായ റൂബലിന് ഫുല്‍ബാരി അതിര്‍ത്തിയിലൂടെയാണ് ഇന്ത്യയിലേക്ക് കടക്കാന്‍ കഴിഞ്ഞത്. -"സ്ഥിതി ഭയാനകമാണ്. എന്റെ സുരക്ഷയ്ക്കായാണ് ഞാന്‍ ഇന്ത്യയില്‍ വന്നത്. അവാമി ലീഗ് നേതാക്കളുടെ വീടുകള്‍ കൊള്ളയടിക്കപ്പെടുന്നു, അവര്‍ കൊല്ലപ്പെടുന്നു. ബിഎന്‍പി, ജമാഅത്ത് വിഭാഗങ്ങള്‍ അവരെ അടിച്ചമര്‍ത്തുകയാണ്. ഒരു വിദ്യാര്‍ത്ഥി പ്രസ്ഥാനമായി ആരംഭിച്ചത് ഇപ്പോള്‍ ജമാഅത്ത് വിദ്യാര്‍ത്ഥികളെ പണയമാക്കി ഹൈജാക്ക് ചെയ്തിരിക്കുന്നു. വിദ്യാര്‍ത്ഥികള്‍ പോലും ഇത് തിരിച്ചറിഞ്ഞു തുടങ്ങിയിരിക്കുന്നു,"- റൂബല്‍ പറയുന്നു.
"ആളുകള്‍ സമാധാനം ആഗ്രഹിക്കുന്നു, പക്ഷേ അനാവശ്യമായ അശാന്തി പടര്‍ത്തുകയാണ്. ജമാഅത്ത് വിദ്യാര്‍ത്ഥി പ്രസ്ഥാനത്തെ ഉപയോഗിച്ച് രാജ്യം പിടിച്ചടക്കുകയാണ്. ദുഷ്ടശക്തികള്‍ ബംഗബന്ധുവിന്റെ പ്രതിമ തകര്‍ത്തു. വിദ്യാസമ്പന്നരായ ഏതെങ്കിലും വിദ്യാര്‍ത്ഥിക്ക് പോയി ഒരാളുടെ വീടിന് തീയിടാനോ കൊള്ളയടിക്കാനോ കഴിയുമോ? രാജ്യത്തെ മറ്റൊരു പാകിസ്ഥാനോ അഫ്ഗാനിസ്ഥാനോ ആക്കാനാണ് ജമാഅത്ത് ആഗ്രഹിക്കുന്നത്- റൂബല്‍ ചൂണ്ടിക്കാട്ടി.
പിന്നില്‍ പാക്കിസ്ഥാന്റെ കരങ്ങളും
ഇന്ത്യയുടെ ഏറ്റവും വലിയ കണ്ണീരായിരുന്നു വിഭജനം. ഭാരതത്തെ രണ്ടു തുണ്ടമാക്കിയ പാക്കിസ്ഥാന്, കാലം കാത്തുവെച്ചതം, അതുപോലെ മുറിക്കപ്പെടുക എന്ന കാവ്യനീതിയാണ്. അവഗണനക്കെതിരെ ഷെയ്ഖ് മുജീബുര്‍ റഹ്മാന്റെ നേതൃതത്തില്‍ കിഴക്കന്‍ പാക്കിസ്ഥാനിലെ ജനങ്ങള്‍ സംഘടിച്ചപ്പോള്‍, ബംഗ്ലാദേശ് എന്ന പുതിയ ഒരു രാജ്യം പിറഞ്ഞു. 1971-ല്‍ ഇന്ദിരാഗാന്ധി പ്രധാനമന്ത്രിയായിരുക്കുമ്പോള്‍ നടന്ന ധീരമായ സൈനിക നടപടിയായിരുന്നു, ഫലത്തില്‍ ബംഗ്ലാദേശിന്റെ പിറവിക്ക് ഇടയാക്കിയത്. അന്നുതൊട്ട് ഇന്ത്യയുടെ മിത്രവും, പാക്കിസ്ഥാന്റെ ബദ്ധശത്രുവുമായി ആ രാജ്യം.
ബംഗ്ലാദേശിനെ അസ്ഥിരപ്പെടുത്താന്‍ നേരത്തെയും പലതവണ പാക്കിസ്ഥാന്‍ ശ്രമിച്ചിട്ടുണ്ട്. അവിടെയുണ്ടായ പട്ടാള അട്ടിമറികളിലും, രാഷ്ട്രപിതാവും, പ്രധാനമന്ത്രിയുമായ ഷെയ്ഖ് മുജീബുര്‍ റഹ്മാന്റെ വധത്തിലുമെല്ലാം പാക് ചാരസംഘടനയായ ഐഎസ്ഐയുടെ പങ്ക് ഒളിഞ്ഞും തെളിഞ്ഞും വെളിപ്പെട്ടിട്ടുണ്ട്. ഇപ്പോള്‍ ബംഗ്ലാദേശില്‍ നടക്കുന്ന സമരങ്ങളിലും ഐസ്ഐയുടെ ദീര്‍ഘകാല ആസൂത്രണം ഉണ്ടായതായി, ഇന്ത്യടുഡെ അടക്കമുള്ള മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്.
ഷേഖ് ഹസീന സ്ഥാനഭ്രഷ്ടയാക്കപ്പെട്ടത് ഇന്ത്യയെ സംബന്ധിച്ചിടത്തോളം ഒരു വലിയ പ്രഹരമാണ്. അതിര്‍ത്തിയില്‍ ഇന്ത്യക്കാകെ ഉള്ള ഒരു വലിയ സുഹൃത്തിനാണ് അധികാരം നഷ്ടപ്പെട്ടിട്ടുള്ളത്. മാത്രമല്ല, മതമൗലികവാദികള്‍ക്കും പാക്കിസ്ഥാനും അവിടെ വലിയ മേല്‍ക്കെകയും കിട്ടുന്നു. ഹസീന രാജ്യം വിട്ടതിന് പിന്നാലെ ഇന്ത്യ-ബംഗ്ലാദേശ് അതിര്‍ത്തിയില്‍ സുരക്ഷ ശക്തമാക്കി അതിര്‍ത്തി രക്ഷാസേന (ബി.എസ്.എഫ്). രണ്ട് ദിവസത്തേക്ക് അതിജാഗ്രത നിര്‍ദേശം നല്‍കിയിട്ടുള്ളത്. അതിര്‍ത്തിയില്‍ പരിശോധന ശക്തമാക്കുമെന്നും ബംഗ്ലാദേശിലെ സ്ഥിതിഗതികള്‍ സൂക്ഷ്മമായി നിരീക്ഷിക്കുകയാണെന്നും ബി.എസ്.എഫ് ഡയറക്ടര്‍ ജനറല്‍ ദല്‍ജിത് സിങ് ചൗധരി വ്യക്തമാക്കി.ലോകത്തിലെ അഞ്ചാമത്തെ ദൈര്‍ഘ്യമേറിയ കര അതിര്‍ത്തിയാണ് ഇന്ത്യയും ബംഗ്ലാദേശും തമ്മിലുള്ളത്. 4,096.70 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള രാജ്യാന്തര അതിര്‍ത്തിയാണ് ഇരുരാജ്യങ്ങളും പങ്കിടുന്നത്. ഇന്ത്യയിലെ അസം, ത്രിപുര, മിസോറാം, മേഘാലയ, പശ്ചിമ ബംഗാള്‍ എന്നീ അഞ്ച് സംസ്ഥാനങ്ങള്‍ ബംഗ്ലാദേശ് അതിര്‍ത്തിയോട് ചേര്‍ന്നുള്ളവയാണ്. ബംഗ്ലാദേശ് കത്തിയാല്‍ വലിയ രീതിയിലുള്ള അഭയാര്‍ത്ഥി പ്രവാഹവും ഇന്ത്യ ഭയക്കുന്നുണ്ട്.
ഹസീനക്ക് പിഴച്ചതെവിടെ?
ഇതോടൊപ്പം ഹസീനക്ക് പിഴച്ചതെവിടെ എന്ന ചോദ്യവും ശക്തമാണ്. ഒരു പട്ടിണി രാഷ്ട്രമായിരുന്ന ബംഗ്ലാദേശിനെ, വികസ്വര രാഷ്ട്രമാക്കി മാറ്റാന്‍ അവര്‍ക്കായി. പക്ഷേ തുടര്‍ച്ചയായി 15 വര്‍ഷത്തെ ഭരണം ഹസീനയെ ഏകാധിപതിയാക്കിമാറ്റി. 2009 മുതലുള്ള ഹസീനയുടെ ഭരണകാലത്തില്‍ അവരുടെ അഭ്യന്തര സുരക്ഷാ ടീം അപ്രത്യക്ഷമാക്കിയത് 600 വിമര്‍ശകരെയാണ്. ഇവര്‍ എവിടെയാണെന്ന് ആര്‍ക്കും ഒരു പിടിയില്ല. 143 ഏറ്റുമുട്ടല്‍ കൊലകള്‍ ഉണ്ടായിട്ടുണ്ട്. പോലീസിനെ പേടിച്ച് ആയിരക്കണക്കിനു പേര്‍ കുടുംബത്തോടെ എവിടെയൊക്കെയോ ഒളിച്ച് താമസിക്കുന്നുണ്ട്. പ്രതിപക്ഷ നേതാവാണെങ്കില്‍ വീട്ടു തടങ്കലിലും. എല്ലാ സര്‍ക്കാര്‍ സംവിധാനത്തിലും സര്‍വ്വത്ര അഴിമതിയായിരുന്നു. എല്ലാം ചെയ്യുന്നത് ഭരണകക്ഷിയുടെ ആളുകള്‍. അതിനുപുറമെ സ്വതന്ത്ര്യ സമരസേനാനിയാണെന്ന് പറഞ്ഞ് സംവരണത്തിലുടെ സര്‍ക്കാര്‍ ജോലിയും, ഹസീനയുടെ പാര്‍ട്ടിക്കാര്‍ അടിച്ചെടുക്കും. ഇലക്ഷനില്‍ ക്രിത്രിമങ്ങള്‍ വ്യാപകമായി. പ്രധാനപെട്ട പ്രതിപക്ഷകക്ഷികളൊന്നും പങ്കെടുക്കാത്ത തിരഞ്ഞെടുപ്പാണ് അവിടെ നടത്തത്.
ബംഗ്ലാദേശില്‍ ഒരാളെ ഏറ്റവും കൂടുതല്‍ അപമാനിക്കാന്‍ വിളിക്കുന്ന പേരാണത്. സമരം ചെയ്യുന്നവരെ ഹസീന അങ്ങനെ വിശേഷിപ്പിച്ചത് എരിയീയില്‍ എണ്ണയായി. നോബല്‍ സമ്മാന ജേതാവിനെ പോലും നാടുവിട്ടോടിച്ച ഭരണമായിരുന്നു ഹസീനയുടെ മൂന്നാം ടേം. 2006-ലെ സമാധാനത്തിനുള്ള നൊബേല്‍ സമ്മാന ജേതാവായ ഡോ. യൂനുസ് ഹസീനയുടെ മുഖ്യശത്രുവാണ്. ചെറുകിടസംരംഭങ്ങള്‍ക്ക് സാമ്പത്തികസഹായം നല്‍കുന്നതിന് 1983-ല്‍ ബംഗ്ലാദേശിലുടനീളം ഗ്രാമീണബാങ്കുകള്‍ സ്ഥാപിച്ചയാളാണ് അദ്ദേഹം. ഗ്രാമീണബാങ്കിങ്ങിലൂടെ ബംഗ്ലാദേശിന്റെ ദാരിദ്യനിര്‍മാര്‍ജനത്തില്‍ സുപ്രധാന പങ്കുവഹിച്ചു. ഇതു മുന്‍നിര്‍ത്തിയാണ് 2006-ല്‍ യൂനുസിന് നൊബേല്‍സമ്മാനം ലഭിച്ചത്. 2008-ല്‍ അധികാരത്തില്‍വന്നശേഷം തൊഴില്‍നിയമം ലംഘിച്ചെന്നതടക്കം ആരോപിച്ച് ഹസീന സര്‍ക്കാര്‍ യൂനുസിനെ നിരന്തരം വേട്ടയാടിയിട്ടുണ്ട്. പല കേസുകളിലും പ്രതിയായി.
ഇപ്പോള്‍ ഹസീനക്കുശേഷമുള്ള ഇടക്കാല സര്‍ക്കാറിനെ നയിക്കുന്നത്, മുഹമ്മദ് യൂനുസാണെന്നാണ് റിപ്പോര്‍ട്ട്. ആഗോള തലത്തില്‍ അംഗീകാരം നേടാന്‍ വേണ്ടി കൂടിയാണിത്. യൂനുസിനെ ഇടക്കാല സര്‍ക്കാരിന്റെ ഉപദേശകനാക്കണമെന്ന് സംവരണവിരുദ്ധപ്രക്ഷോഭത്തിന് നേതൃത്വം നല്‍കിയ വിദ്യാര്‍ഥി നേതാക്കള്‍ ആവശ്യപ്പെട്ടിരുന്നു. ഇത് സൈനിക നേതൃത്വം അംഗീകരിക്കയായിരുന്നു. പക്ഷേ മതമൗലിക വാദികള്‍ ഈ രീതിയില്‍ ഉറഞ്ഞുതുള്ളുന്ന ഒരു നാട്ടില്‍, ഡോ യൂനുസിനെപ്പോലെ ഒരാള്‍ക്ക് എന്ത് ചെയ്യാന്‍ കഴിയുമെന്നാണ് ചോദ്യം. അവസാനം ഒരു മിനി അഫ്ഗാനോ മിനി പാക്കിസ്ഥാനോ ആയി ബംഗ്ലാദേശ് മാറുമെന്ന ആശങ്കയാണുള്ളത്.
വാല്‍ക്കഷ്ണം: ബംഗ്ലാദേശ് കത്തിയെരിയുമ്പോള്‍, ആഹ്ലാദിക്കുന്ന ഒരു കൂട്ടര്‍, മൗദൂദികള്‍ എന്ന് അറിയപ്പെടുന്ന കേരളത്തിലെ ജമാഅത്തെ ഇസ്ലാമിക്കാരാണ്. അവരുടെ സോഷ്യല്‍ മീഡിയാ പോസ്റ്റുകളും, മീഡിയാവണ്ണിലെ ചര്‍ച്ചകളും നോക്കുക. പണ്ട് താലിബാനെ 'വിസ്മയമാക്കി' വാര്‍ത്തകൊടുത്ത കക്ഷികളില്‍നിന്ന് നമുക്ക് ഇതില്‍ കൂടുതല്‍ പ്രതീക്ഷിക്കാനുമാവില്ല.