- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
യഹിയ സിന്‍വറിന്റെ ഭാര്യ ഉപയോഗിച്ചിരുന്നത് 27 ലക്ഷം രൂപയുടെ ബാഗ്; ഹനിയുടെ മകന്‍ അറിയപ്പെടുന്നത് ഫാദര്‍ ഓഫ് റിയല്‍ എസ്റ്റേറ്റ്സ് ഇന്‍ ഗസ്സയെന്ന്; അറഫാത്തിന്റെ കുടുംബത്തിന് കൊക്കകോളയില്‍ വരെ ഷെയറുകള്‍; ഫലസ്തീനികളുടെ രക്തംകുടിച്ച് ഹമാസും ഫത്തയും തടിച്ചുകൊഴുക്കുമ്പോള്‍!
ഒരു തുരങ്കത്തില്‍ താമസിക്കുന്ന സ്ത്രീ 27 ലക്ഷം രൂപയുടെ ബാഗാണ് കൈവശം വെച്ചിരിക്കുന്നതെങ്കില്‍, പുറം ലോകത്തെ അവരുടെ ആഢംബരം എന്തായിരിക്കും? ഒരു ബാഗിനുവേണ്ടി ഇത്രയും പണം ചെലവാക്കാന്‍ കഴിയുന്ന അവര്‍, മറ്റ് പലതിനും എത്രയായിരിക്കും ചെലവിട്ടിരിക്കുക? ഒക്ടോബര്‍ 7ന്റെ ഭീകരാക്രമണത്തിന് മുമ്പ്, ഹമാസ് നേതാവ് യഹിയ സിന്‍വറിന്റെ ഭാര്യ ഗസ്സയിലെ തുരങ്കങ്ങളിലൂടെ സഞ്ചരിക്കുന്നതിന്റെ ഒരു വീഡിയോ കിട്ടിയപ്പോള്‍ ഇസ്രയേല്‍ നേതൃത്വം ശരിക്കും അമ്പരന്നുപോയിരുന്നു. കാരണം ആരും കാണാനില്ലാത്ത തുരങ്കത്തില്‍ ജീവിക്കുന്ന, യഹിയ സിന്‍വറിന്റെ ഭാര്യയുടെ കൈയിലുണ്ടായിരുന്നത്, 32,000 ഡോളര്‍ വില വരുന്ന, ബിര്‍ക്കിന്‍ ബാഗ് ആയിരുന്നു. ഇന്ത്യന്‍ രൂപയിലേക്ക് മാറ്റിയാല്‍ 27 ലക്ഷംവരും വില. സാധാരണ ഹോളിവുഡ് നടിമാരും മോഡലുകളുമാണ് ഇത്തരം ബാഗുകള്‍ ഉപയോഗിക്കാറുള്ളത്.
പക്ഷേ യഹിയ സിന്‍വറിന്റെ ഭാര്യ ഹോളിവുഡ് നടിമാരെക്കാളുമൊക്കെ മുകളിലാണ്. കാരണം അവരുടെ ഭര്‍ത്താവ് ഒരു ബില്യണര്‍ ആണ്. ഒന്നും രണ്ടുമല്ല, ഹമാസ് നേതൃത്വത്തിന്റെ 1,700 പേരാണ് മില്യണേഴ്സ്. പത്തോളം പേര്‍ ബില്യണേഴ്സുമാണ്! ലോകത്തിന്റെ വിവിധ ഭാഗത്തുനിന്നുള്ള മനുഷ്യസ്നേഹികള്‍, പട്ടിണി കിടക്കുന്ന, ഇസ്രയേല്‍ പ്രത്യാക്രമണത്തില്‍ മരിച്ചുവീഴുന്ന ഫലസ്തീന്‍ ജനതക്ക് അയക്കുന്ന പണം, ഒരു മനസാക്ഷിക്കുത്തുമില്ലാതെ അടിച്ചുമാറ്റിയാണ് ഹമാസ് നേതാക്കള്‍ കോടീശ്വരന്‍മ്മാര്‍ ആവുന്നത്!
ഏറ്റവും വിചിത്രം, ഇസ്ലാമിസ്റ്റുകള്‍ സദാ പ്രാകുന്ന അമേരിക്കയില്‍നിന്നാണ് ഫലസ്തീനുള്ള ഫണ്ട് ഏറ്റവും കൂടുതല്‍ വന്നിട്ടുള്ളത്. അമേരിക്കയിലെയടക്കം മനുഷ്യസ്നേഹികള്‍ അയക്കുന്ന പണം, ഹമാസ് ഫലസ്തീനികള്‍ക്ക് കൊടുക്കാതെ, പുട്ടടിക്കുകയും, തീവ്രവാദ പ്രവര്‍ത്തനത്തിന് ഉപയോഗിക്കുകയും ചെയ്യുന്നുവെന്ന് ചുരുക്കം. ഇത് ശക്തമായി തടയാനുള്ള ശ്രമത്തിലാണ് പുതിയ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. താന്‍ അധികാരത്തിലേറിയാല്‍, മറ്റു രാജ്യങ്ങള്‍ക്ക് നല്‍കുന്ന സഹായങ്ങള്‍ നിര്‍ത്തലാക്കുമെന്ന് ട്രംപ് നേരത്തെ പ്രഖ്യാപിച്ചിരുന്നു. 'അമേരിക്ക ഫസ്റ്റ്' എന്ന ആശയത്തിന് പ്രാധാന്യം കൊടുക്കാന്‍ വിദേശ ചെലവുകള്‍ വെട്ടി കുറയ്ക്കുന്നതിന്റെ ഭാഗമായാണ് ഈ തീരുമാനം. ഇതിന്റെ ഭാഗമായി, യുഎസ്എയ്ഡിന്റെ സഹായം വരെ നിര്‍ത്തുകയാണ്. അതിന്റെ ഒരു കാരണം ഈ ഗസ്സക്കുള്ള യുഎസ്എയ്ഡിന്റെ സഹായം ഹമാസിനാണ് പോവുന്നത് എന്ന റിപ്പോര്‍ട്ടുകളാണ്.
ഇപ്പോള്‍ ഗസ്സയുടെ പുനരിധവാസത്തിന് കിട്ടുന്ന പണവും ഹമാസ് അടിച്ചുമാറ്റുമെന്ന് അമേരക്കയ്ക്ക് ഭയമുണ്ട്. പക്ഷേ ഫലസ്തീനികളെ സംബന്ധിച്ച് ഈ ദുര്‍വിധി ഒരു പുതിയ കാര്യമൊന്നുമല്ല. യാസര്‍ അറാഫത്തിന്റെ കാലം തൊട്ടുതന്നേ അവര്‍ അനുഭവിച്ച് വരുന്നതാണ് അത്.
അറാഫത്തില്‍ തുടങ്ങിയ പണാധിപത്യം
ഗസ്സയിലെയും വെസ്റ്റ്ബാങ്കിലെയും ഹമാസിന്റെയും, ഫത്ത പാര്‍ട്ടിയുടെയും കോടീശ്വരന്‍മ്മാരായ നേതാക്കളുടെ യഥാര്‍ത്ഥ മൂന്‍ഗാമി സത്യത്തില്‍, ഫലസ്തീന്‍ പോരാട്ടങ്ങളുടെ തലതൊട്ടപ്പനായ സാക്ഷാല്‍ യാസിര്‍ അറാഫാത്ത് ആയിരുന്നു. ആ കാലഘട്ടത്തില്‍തന്നെ ഫലസ്തീനുവേണ്ടി കിട്ടിയിരുന്നു പണം, അറാഫത്തിന്റെ കൈകളിലൂടെയാണ് പോയിരുന്നത്. അദ്ദേഹത്തിന് എത്രകോടിയുടെ സ്വത്തുക്കള്‍ ഉണ്ട് എന്ന് മരിക്കുമ്പോള്‍ അദ്ദേഹത്തിനുതന്നെ തിട്ടമില്ലായിരുന്നുവെന്നാണ് ജീവചരിത്രകാരന്‍മ്മാര്‍ പറയുന്നത്.
ലണ്ടനിലും, പാരീസിലും, ഈജിപ്തിലും, ഖത്തറിലൂമാക്കെയായി കോടിക്കണക്കിന് രൂപയുടെ സ്വത്തുക്കളായിരുന്നു, ഒരുകാലത്ത് തോക്കെടുത്ത് തീവ്രവാദിയായ ജീവിച്ച ഈ നേതാവിന് ഉണ്ടായിരുന്നത്. മരിക്കുമ്പോള്‍, 6.5 ബില്യണ്‍ യുഎസ് ഡോളറിന്റെ ആസ്തി അറാഫത്തിന് ഉണ്ടായിരുന്നു. അതായത് 650 കോടി ഡോളര്‍. പലതും ഇനിയും അക്കൗണ്ട് ചെയ്യാന്‍പോലും കഴിഞ്ഞിട്ടില്ല. അറാഫത്തിന്റെ അന്ത്യനാളുകളിലാണ് 1.3 ബില്ല്യണ്‍ ഡോളര്‍ അക്കൗണ്ടന്റ് കണ്ടെത്തിയത്.
ഇപ്പോള്‍ അദ്ദേഹത്തിന്റെ ഭാര്യക്കും മകള്‍ക്കും അതിലേറെ സ്വത്തുക്കളുണ്ട്. സ്വിറ്റ്സര്‍ലന്‍ഡ്, കരീബിയ, ഈജിപ്ത് എന്നിവടങ്ങളില്‍ അറാഫത്തിന്റെ കാലത്ത് തുടങ്ങിയ ഹിഡന്‍ അക്കൗണ്ട് ഇപ്പോഴുമുണ്ട്. അമേരിക്കന്‍ കമ്പനിയായ കൊക്കോളയില്‍ പോലും അറാഫത്തിന് ഇന്‍വെസ്റ്റ്മെന്റ് ഉണ്ടായിരുന്നു. അത് ഇപ്പോഴും തുടരുന്നുണ്ടെന്നാണ് ഫോക്സ് ന്യൂസ് രേഖകള്‍ സഹിതം പറയുന്നു. (കേരളത്തില്‍നിന്ന് കൊക്കക്കോളയെ ഓടിക്കാന്‍ ഇസ്ലാമിസ്റ്റുകളും കമ്യൂണിസ്റ്റുകളും കൈകോര്‍ത്തിരുന്നു!)
അറാഫത്തിന്റെ ഭാര്യ സാഹ പാരീസിലെ അറിയപ്പെടുന്ന കോടീശ്വരിയാണ്. അവര്‍ക്ക് ലണ്ടനിലടക്കം ഭൂമിയും വസ്്തുവകളുമുണ്ട്. 1990-ല്‍ അറഫാത്ത്, സാഹയെ രഹസ്യവിവാഹം കഴിക്കുമ്പോള്‍ അവര്‍ക്ക് പ്രായം വെറും 27 വയസ്സായിരുന്നു. അറാഫത്തിന് 61 വയസ്സും. അക്കാലത്തുതന്നെ മാസം ഒരുലക്ഷം ഡോളറാണ്, ഭാര്യയുടെ ചെലവിയായി പിഎല്‍ഒ നേതാവ് അയച്ചുകൊടുത്തിരുന്നത്. റോമന്‍ കാത്തലിക്ക് കോണ്‍വെന്റ് സ്‌കുളില്‍ പഠിച്ചുവളര്‍ന്ന കടുത്ത ക്രിസ്തുമത വിശ്വാസിയായ സാഹയെ, ഇസ്ലാമിലേക്ക് മതം മാറ്റിയാണ് അറാഫത്ത് വധുവാക്കിയത്.
ഇവര്‍ക്ക് ഫ്രാന്‍സിലും ടുണീഷ്യയിലും പൗരത്വമുണ്ട്. ഈ രണ്ടിടത്തും, നിരവധി സാമ്പത്തിക കുറ്റകൃത്യങ്ങളിലും അറാഫത്തിന്റെ ഭാര്യ ആരോപിതയായി. സ്വിറ്റ്സര്‍ലന്‍ഡില്‍നിന്ന് ഫ്രാന്‍സിലേക്ക് പതിനൊന്നര മില്യണ്‍ ഡോളര്‍ ട്രാന്‍സ്ഫര്‍ ചെയ്ത കേസ് പാരീസില്‍ ഇനിയും അവസാനിച്ചിട്ടില്ല. ഈ പണമൊക്കെ സത്യത്തില്‍ വന്നത് ഫലസ്തീനികള്‍ക്കായാണ്. അത് അറഫാത്തിന്റെ സ്വകാര്യസ്വത്തായി മാറുകയാണുണ്ടായത്. ഈ ബന്ധത്തിലുണ്ടായ മകള്‍ സഹ്വ അറാഫത്തും കോടീശ്വരിയാണ്. 8 ബില്യന്‍ അമേരിക്കന്‍ ഡോളറാണ് അവരുടെ ആസ്തിയെന്നാണ് ബിബിസിയടക്കമുള്ള മാധ്യമങ്ങള്‍ പറയുന്നത്. ഇവര്‍ ആരും തന്നെ ഫലസ്തീനെക്കുറിച്ച് ഒരക്ഷരം മിണ്ടാറുപോലുമില്ല. ഗസ്സയിലെ പാവങ്ങളെ അവര്‍ തിരിഞ്ഞുനോക്കാറില്ല. ലണ്ടനിലും, ഈജിപ്തിലും, പാരീസിലുമൊക്കെയായി അവര്‍ ജീവിതം ആഘോഷിച്ച് തീര്‍ക്കുന്നു.
1,700 മില്യണേഴ്സുള്ള ഹമാസ് നേതൃത്വം
സദാ യുദ്ധം ചെയ്യുന്ന ഒരു സംഘടനയുടെ നേതാക്കള്‍ക്ക് എങ്ങനെയാണ് എങ്ങനെയാണ് ശതകോടികളുടെ ആസ്തികള്‍ വരിക. സ്വന്തം ജനത പട്ടിണി കിടക്കുമ്പോള്‍, സ്വന്തം മക്കളെകൊണ്ട് അവര്‍ക്ക് എങ്ങനെയാണ് ആഢംബരജീവിതം നയിപ്പിക്കാന്‍ കഴിയുക. അതാണ് ഹമാസ്. പറയുന്നത് ഒന്ന് പ്രവര്‍ത്തിക്കുന്നത് വേറൊന്ന്. ഫലസ്തീനികള്‍ ശാന്തിയോടെയും, സമാധാനത്തോടെയും ജീവിക്കണമെന്ന് ഹമാസ് നേതൃത്വം ഒരിക്കലും ആഗ്രഹിക്കുന്നില്ല. സൗദി അറേബ്യയടക്കമുള്ള രാജ്യങ്ങള്‍ ഇസ്രയേലുമായി നല്ല നിലയില്‍ പോവുന്നും, കുടുതല്‍ രാജ്യങ്ങള്‍ അബ്രഹാം കാരാറിലേക്ക് വരുന്നതും കണ്ടാണ് ഹമാസ്, ഒക്ടോബര്‍ 7ന്റെ കൂട്ടക്കുരുതി തന്നെ നടത്തിയത്. സത്യത്തില്‍ ഫലസ്തീനികളുടെ ശാപമാണ് ഇവര്‍.
ഗസ്സ നിവാസികളെ ബന്ദിയാക്കിയെന്നോണം പ്രവര്‍ത്തിക്കുന്ന ഹമാസിന്റെ രീതികള്‍ നേരത്തെ ചര്‍ച്ചയായിട്ടുണ്ട്. നമ്മുടെ ഡല്‍ഹി മെട്രോയേക്കാള്‍ വലിയ, ഭൂഗര്‍ഭ തുരങ്കമാണ് ഹമാസ് ഗസ്സയില്‍ ഉണ്ടാക്കിയത്. സ്‌കൂളിലും ആശുപത്രിയിലുമൊക്കെ അണ്ടര്‍ ഗ്രൗണ്ട് ആയുധപ്പുരകള്‍ ഉണ്ടാക്കി. അവിടെനിന്ന് റോക്കറ്റ് അയക്കുമ്പോള്‍ ഇസ്രയേല്‍ തിരിച്ചയക്കുന്ന റോക്കറ്റുകള്‍ നേരെ വീഴുക ആശുപത്രിക്കും സ്‌കുളിനും മുകളിലാണ്. പിറ്റേന്ന വാര്‍ത്ത ഇസ്രയേല്‍ റോക്കറ്റ് ആക്രമണത്തില്‍ ആശുപത്രി തകര്‍ന്നുവെന്നും, സ്‌കുള്‍ കുട്ടികള്‍ മരിച്ചുവെന്നുമാണ്!
ഇങ്ങനെ ഒരു സമൂഹത്തെ ബന്ദിയാക്കിവെക്കുക മാത്രമല്ല, അവര്‍ക്ക് ആഗോള വ്യാപകമായി വരുന്ന സഹായം അടിച്ചുമാറ്റിയും, ഹമാസ് സാമ്പത്തിക ജിഹാദ് നടത്തുന്നു. ഇസ്രയേല്‍ കൊന്നൊടുക്കിയ ഇസ്മായില്‍ ഹനിയക്ക് 4 ബില്യണ്‍ യുഎസ് ഡോളറാണ് ആസ്തി. ഹനിയയുടെ മകന്‍ യാസ് ഹനിയ, ഫാദര്‍ ഓഫ് റിയല്‍ എസ്റ്റേറ്റ്സ് ഇന്‍ ഗസ്സ എന്നാണ് അറിയപ്പെടുന്നത്. അയാള്‍ അറിയാതെ ഗസ്സയില്‍ ഒരു കച്ചവടവും നടക്കില്ല. കച്ചവടം ചെയ്യുന്നത് ഒരു മോശം കാര്യമല്ല. പക്ഷേ ഹമാസിന്റെ പേര് ഉപയോഗിച്ച്, ഭീതിയിലൂടെ സാധാരണക്കാരിനില്‍നിന്ന് ഭൂമി ചുളുവിലക്ക് തട്ടിയെടുത്തായിരുന്നു ഇയാളുടെ തുടക്കം. ഇപ്പോള്‍ ഖത്തറിലും തുര്‍ക്കിയിലുംമൊക്കെ സ്വത്തുക്കളുള്ള വലിയ ബിസിനസ് ടെക്കൂണായി. ഹനിയയുടെ പണമാണ് മകനിലൂടെ വെളുപ്പിക്കുന്നത് എന്നാണ് പറയുന്നത്.
യഹിയ സിന്‍വിറിന് മൂന്ന് ബില്യണ്‍ യുഎസ് ഡോളറാണ് ആസ്തി. അദ്ദേഹത്തിന്റെ ഭാര്യ ഉപയോഗിച്ച 27 ലക്ഷം രൂപയുടെ ബാഗ് ശരിക്കും ഒരു പ്രതീകം തന്നെയായിരുന്നു. ഖാലിദ് മഷാല്‍ എന്ന പ്രമുഖനായ ഹമാസ് നേതാവിന് 2.6 ബില്ല്യണാണ് ആസ്തി. ഖത്തര്‍ ഈജിപ്ഷ്യന്‍ ബാങ്കുകളില്‍ ഇദ്ദേഹത്തിന് ഷെയര്‍ ഉണ്ട്. ഈ ഭീകരന്‍, 12 മില്യണ്‍ ഡോളര്‍ സിറിയയില്‍നിന്ന് തുര്‍ക്കിയിലേക്ക് സ്മഗിള്‍ ചെയ്തുവെന്ന് വാഷിങ്്ടണ്‍ പോസ്റ്റ് നേരത്തെ റിപ്പോര്‍ട്ട് ചെയ്തിരുന്നു.
ഹ്യുമാനിറ്റേറിയന്‍ എയ്ഡ് ഹമാസ് തീവ്രവാദത്തിലേക്കും നന്നായി തിരിച്ചുവിട്ടു. മൂന്നുവര്‍ഷംവരെ ജയിലില്‍ കിടന്നവര്‍ക്ക് പ്രതിമാസം 400 ഡോളര്‍ കൊടുക്കുന്നുണ്ട് ഈ സംഘടന. ഇങ്ങനെ അയ്യായിരം ഡോളര്‍രെ പ്രതിമാസം കിട്ടുന്ന നിരവധിപേര്‍ സംഘടനയിലുണ്ട്്. അതുപോലെ ചാവേര്‍ബോംബായവരുടെ കുടുംബത്തിനും ഹമാസ് വന്‍ തുകയും പെന്‍ഷനും കൊടുക്കുന്നുണ്ട്. ഇതെല്ലാം ഗസ്സയിലെ പാവങ്ങളുടെ കണ്ണീര്‍ ചിത്രങ്ങള്‍ കാട്ടി, ലോകത്തിലെ മനുഷ്യസ്്നേഹികളില്‍നിന്ന് അടിച്ചുമാറ്റുന്നതാണ്. അതിന് പുറമേ തുര്‍ക്കി, ഖത്തര്‍ തുടങ്ങിയ രാജ്യങ്ങളുടെ രഹസ്യഫണ്ടിങ്ങും ഇവര്‍ക്കുണ്ടായിരുന്നു. ഇപ്പോള്‍ പക്ഷേ അത് കിട്ടുന്നില്ല.
മെഹമൂദ് അബ്ബാസ് എന്ന ബിസിനസ് ടൈക്കുണ്‍
ഫലസ്തീനികള്‍ക്ക് വരുന്ന ഫണ്ട്, ഹമാസ് അടിച്ചുമാറ്റുന്നതിനെ പറ്റി വലിയ രീതിയില്‍ വിമര്‍ശിക്കുന്ന പാശ്ചാത്യ മാധ്യമങ്ങളില്‍ പലരും, ഫലസ്തീന്‍ അതോരിറ്റി ഭരിക്കുന്ന ഫത്തേ പാര്‍ട്ടി അതേ പണി തന്നെയാണ് എടുക്കുന്നത് എന്ന് മറുന്നുപോകുന്നു. ഗസ്സയുടെ അവസ്ഥവെച്ചുനോക്കുമ്പോള്‍ എത്രയോ ഭേദമാണെങ്കിലും, വെസ്റ്റ്ബാങ്കിലും പലമേഖലകളിലും കൊടിയ ദാരിദ്രമാണ്. ഫലസ്തീന്‍ അതോരിറ്റിയുടെ തലവനായ, മെഹമൂദ് അബ്ബാസിന്റെ ശ്രദ്ധ ഈ വിഷയങ്ങളൊന്നും പരിഹരിക്കുന്നതിലല്ല. അദ്ദേഹം സ്വന്തം ബിസിനസ് വളര്‍ത്തുന്നതിലാണ് ബദ്ധ ശ്രദ്ധനായിരിക്കുന്നത്.
ഏകദേശം 75 ബില്യണ്‍ ഡോളറെങ്കിലും ആസ്തിയുള്ള വലിയൊരു വ്യവസായ ഗ്രൂപ്പിന്റെ ഉടമയാണ് മഹമൂദ് അബ്ബാസ് എന്നത്, അധികമാര്‍ക്കും അറിയാത്ത സംഗതിയാണ്. അറിയുന്നവര്‍ ആവട്ടെ ഈ വിവരം മറച്ചുപിടിക്കാന്‍ ശ്രമിക്കുന്നു. മെഹമൂദ് അബ്ബാസും രണ്ടുമക്കളും ചേര്‍ന്നാണ്, ഫാല്‍ക്കണ്‍ കമ്പനീസ് എന്ന ബിസിനസ് എമ്പയര്‍ നടത്തുന്നത്. ഫാല്‍ക്കണ്‍ ടോബാക്കോ ആന്‍ഡ് സിഗാര്‍ കമ്പനി, ഫാല്‍ക്കണ്‍ ഇലട്രിസിറ്റി ആന്‍ഡ് മെക്കാനിക്കല്‍ കമ്പനി, കോണ്‍ട്രാക്റ്റ് കമ്പനി, ഫാല്‍ക്കണ്‍ ഇന്റര്‍നാഷണല്‍ മീഡിയകമ്പനി, ഫാല്‍ക്കണ്‍ ജനറല്‍ ഇന്‍വെസ്റ്റ്മെന്റ് കമ്പനി, അല്‍ മാര്‍ഷ് ഇന്‍ഷൂറന്‍സ് കമ്പനി എന്നിങ്ങനെ ഈ ബിസിനസ് സാമ്രാജ്യം പരന്നുകിടക്കയാണെന്നാണ്, ജറുസലേം പോസ്റ്റ് പത്രം കണക്കുകള്‍വെച്ച് ചൂണ്ടിക്കാട്ടുന്നത്. ഇതില്‍ ഫാല്‍ക്കണ്‍ ജനറല്‍ ഇന്‍വെസ്റ്റ്മെന്റ് കമ്പനിക്ക് മാത്രം വരുമത്രേ 60 ബില്യണ്‍ ഡോളറിന്റെ ആസ്തി! ഒരു ബില്യണ്‍ എന്നത് നൂറുകോടിയാണെന്ന് മറക്കരുത്. അതുപോലെ, 11 ബ്രാഞ്ചുകളുള്ള, അല്‍ മാര്‍ഷ് ഇന്‍ഷൂറന്‍സ് കമ്പനിയുടെ ആസ്തി, 35 മില്യണാണ്. കാനഡിയും ഇവര്‍ക്ക് ബിസിനസുകള്‍ ഉണ്ട്.
ഇത് ഒരു ഒറ്റപ്പെട്ട സംഭവമല്ല. ഫത്തേപാര്‍ട്ടിയുടെ മഹുമ്മദ് ദഹ്ലാനും വലിയ മുതലാളിയാണ്. 120 മില്യണ്‍ യുഎസ് ഡോളറാണ് ഇദ്ദേഹത്തിന്റെ ആസ്തി. റിയല്‍ എസ്റ്റേറ്റ് തൊട്ട് കണ്‍സ്ട്രക്ഷന്‍ കമ്പനികള്‍വരെയുണ്ട്. ഈയിടെ അദ്ദേഹം ഒരു മില്യണിന്റെ ടവര്‍ വാങ്ങിയത് വാര്‍ത്തയായിരുന്നു. അതുപോലെ ഫത്തേ പാര്‍ട്ടിയില്‍ തന്നെ ഒരു ഡസനോളം നേതാക്കള്‍ ഇതുപോലെ കോടീശ്വരന്‍മ്മാരാണ്.
രാഷ്ട്രീയക്കാരായാലും അവര്‍ കമ്പനികള്‍ നടത്തിയും, ബിസിനസ് ചെയ്തും സമ്പന്നര്‍ ആവുന്നതില്‍ ആരും എതിരല്ല. പക്ഷേ ഇവര്‍ ഫലസ്തീനികളുടെ ചോരകുടിച്ചാണ് സമ്പന്നര്‍ ആവുന്നത്. ആരും പരമ്പരാഗത പണക്കാര്‍ ആയിരുന്നില്ല. നിര്‍ഗതിയും പരഗതിയുമില്ലാത്ത രാജ്യത്ത് ജനിച്ച അവര്‍ക്ക് കാര്യമായ ബിസിനസ് സാധ്യതകളും ഉണ്ടായിരുന്നില്ല. പിന്നെ എന്തായിരുന്നു അവരുടെ മൂലധനം എന്നത് വ്യക്തമാണ്. കേരളത്തില്‍നിന്ന് അടക്കം, ലോകമെമ്പാടുനിന്നും ഫലസ്തീനുവേണ്ടി പിരിയുന്ന പണത്തിന്റെ നല്ലൊരു ഭാഗം നേതാക്കളിലേക്ക് പോവുന്നു. അത്വെച്ച് അവര്‍ വിദേശത്ത് കമ്പനികള്‍ നടത്തി കോടീശ്വരര്‍ ആവുന്നു. ഫലസ്തീനി കുട്ടികള്‍ പോഷകാഹരക്കുറവുമൂലം മരിക്കുമ്പോള്‍, നേതാക്കളുടെ മക്കള്‍ ഖത്തറിലെയും ലണ്ടനിലെയും വന്‍കിട സ്‌കൂളുകളില്‍ അടിച്ചുപൊളിച്ച് ജീവിക്കുന്നു!
വെട്ടിപ്പ് തടയാനായി ട്രംപ്
ഏറ്റവും വിചിത്രം ഫലസ്തീനുവേണ്ടി ഏറ്റവും കൂടുതല്‍ ഫണ്ട് ഒഴുകുന്നത് ഇപ്പോഴും, അമേരിക്കയില്‍നിന്നാണെന്നാണ്. ഹമാസും കേരളത്തിലെയടക്കം ഇസ്ലമിസ്റ്റുകളും, കമ്യൂണിസ്റ്റുകളും അമേരിക്ക മുടിഞ്ഞ് കാണാന്‍ ആഗ്രഹിക്കുന്നാരാണ്. അമേരിക്കയില്‍ തീപിടുത്തമുണ്ടായാലും, വിമാനാപകടമുണ്ടായാലും, കേരളത്തിലെ ഇസ്ലാമോ ലെഫ്റ്റിന്റെ ചിരിക്കുന്ന ഇമോജികള്‍ സോഷ്യല്‍ മീഡിയയില്‍ പതിവാണ്. അവിടെയൊക്കെ മരിക്കുന്നത്, നിരപരാധികളായ സാധാരണക്കാര്‍ ആണെന്നുപോലും ഇവര്‍ ഓര്‍ക്കാറില്ല. അതേ അമേരിക്കയില്‍നിന്നുതന്നെയാണ് ഗസ്സക്കുവേണ്ടി ഏറ്റവും കൂടുതല്‍ ഫണ്ട് വന്നത് എന്നാണ് കണക്ക്.
ഫലസ്തീനിന് ലഭിച്ച സഹായത്തിന്റെ 45 ശതമാനവും അമേരിക്കന്‍ ഏജന്‍സികള്‍ വഴിയാണ്. യൂറോപ്പ് 40 ശതമാനം കൊടുത്തപ്പോള്‍, വെറും 15 ശതമാനമാണ് അറബ് രാജ്യങ്ങളുടെ സംഭാവന! അമേരിക്കന്‍ ജനത ഗസ്സയിലും വെസ്റ്റബാങ്കിലെയും പാവപ്പെട്ടവര്‍ക്കുള്ള സഹായമായാണ് ഇത് ചെയ്യുന്നത്. അങ്ങനെ ഗസ്സ നിവാസികളുടെ ഭൗതിക സൗകര്യം വര്‍ധിച്ചാല്‍, അവര്‍ തീവ്രവാദത്തില്‍നിന്ന് മാറി നില്‍ക്കുമെന്നും, ഹമാസിന്റെയടക്കം ശക്തികുറയുമെന്നാണ് അവര്‍ കരുതിയത്. പക്ഷേ നേരെ തിരിച്ചാണ് കാര്യങ്ങള്‍ വന്നത്. അതാണ് മതപ്പണി!
ഇതാണ് അമേരിക്കന്‍ പ്രസിഡന്റ് ട്രംപിനെ ചൊടിപ്പിക്കുന്നതും. യുഎസ് എയ്ഡ് അടക്കമുള്ളവ ട്രംപ് നിര്‍ത്താന്‍ തീരുമാനിച്ചതും, ഫണ്ട് ഹമാസിന് പോവുന്നു എന്ന് കണ്ടുകൊണ്ടുതന്നെയാണ്. യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്ന്റെിന്റെ റിപ്പോര്‍ട്ട് പ്രകാരം, യുസ്‌ഐഡിയുടെ ഗസ്സന്‍ ധനസഹായം ഫലത്തില്‍ പോവുന്നത് തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്കാണ്. 1961-ല്‍ അമേരിക്കന്‍ കോണ്‍ഗ്രസ് പാസാക്കി അന്നത്തെ പ്രസിഡന്റ് ജോണ്‍ എഫ്. കെന്നഡി ഒപ്പിട്ട വിദേശ സഹായ നിയമത്തിലൂടെയാണ് യുണൈറ്റഡ് സ്റ്റേറ്റ്സ് ഏജന്‍സി ഫോര്‍ ഇന്റര്‍നാഷണല്‍ ഡെവലപ്‌മെന്റ് (യുഎസ്എഐഡി) എന്ന യുഎസ് എയ്ഡ് എന്ന ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ സഹായമെത്തിക്കുന്ന എജന്‍സി പിറന്നുവീണത്. അമേരിക്കല്‍ ഭരണകൂടത്തിന് നിയന്ത്രിക്കാന്‍ കഴിയാത്ത രീതിയില്‍ സ്വതന്ത്ര ഏജന്‍സിയായിരുന്നു ഇത്. പക്ഷേ യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റിന്റെ അന്വേഷണം ചെന്നെത്തുന്നത്, സഹായഫണ്ടുകള്‍ തീവ്രവാദത്തിന് വളമാകുന്ന എന്ന നിരീക്ഷണത്തിലേക്കാണ്. ഇന്ത്യക്കും ഭീഷണിയുണ്ടെന്ന് റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടുന്നു. യുഎസ്എയ്ഡ് കാശ്മീരില്‍ ലഷ്‌ക്കറെ ത്വയ്യിബയുടെ അടുത്തും എത്തിയിട്ടുണ്ട്.
ഗസ്സയുടെ പുനരധിവാസത്തിന് ലോക വ്യാപകമായി ഫണ്ടെത്തിയാല്‍, അത് ഇപ്പോള്‍ തകര്‍ന്ന് തരിപ്പണമായ ഹമാസിന്റെ പുനരുജ്ജീവനത്തിനാണ് വഴിവെക്കുക എന്ന ട്രംപിന് നന്നായി അറിയാം. അതുകൊണ്ടാണ് ഗസ്സയിലെ ജനങ്ങളെ, അറേബ്യയിലേക്ക് മാറ്റി ആ നാട് അമേരിക്ക പുനര്‍നിര്‍മ്മിക്കുമെന്നൊക്കെ അദ്ദേഹം പറയുന്നത് എന്നാണ് വാഷിംങ്്ടണ്‍ പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്യുന്നത്. സാമ്പത്തിക നാഡി അറുത്തെടുക്കാന്‍ കഴിയാത്തിടത്തോളം ഹമാസിനെ തടയാന്‍ കഴിയില്ല എന്ന് നെതന്യാഹുവിനും നന്നായി അറിയാം. അതുകൊണ്ടുതന്നെ ഗസ്സയുടെ പുനരുദ്ധാരണം അവര്‍ക്ക് മുന്നിലുള്ള ഒരു ഗൗരവമായ പ്രശ്നമാണ്.
വാല്‍ക്കഷ്ണം: ഗസ്സയുടെ പുനര്‍നിര്‍മ്മാണത്തിന് കിട്ടുന്ന കോടികള്‍ ഹമാസിന്റെ അണ്ണാക്കിലേക്ക് പോവുമെന്ന്, കേരളത്തിലെ ഇസ്ലാമോ ലെഫ്റ്റുകളും ഇപ്പോള്‍ അറിയാതെ പറഞ്ഞുപോവുന്നുണ്ട്. കാനഡയില്‍ ഇരുന്ന് ഇസ്രയോല്‍ മുടിഞ്ഞുപോവട്ടെയെന്ന് അലാറംവെച്ച് പ്രാകുന്ന, ഹമാസ് പോരാളി സുനിത ദേവദാസ് തന്റെ പുതിയ വീഡിയോയില്‍ പറയുന്നത്, ഗസ്സയുടെ പുനര്‍നിര്‍മ്മാണത്തോടെ ഹമാസ് ശക്തിപ്പെടുമെന്നാണ്! സത്യമാണ്. ഫലസ്തീനികളുടെ രക്തം ഊറ്റിയാണ്, ഹമാസ് നേതാക്കള്‍ കോടീശ്വരന്‍മ്മാരാവുന്നത്.