'ഔട്ട്, ഔട്ട്, ഔട്ട് ഹമാസ്, ഔട്ട്, ഔട്ട്.....' ഹമാസിന്റെ മക്കയെന്ന് വിളിക്കാവുന്ന ഗസ്സയില്‍ കഴിഞ്ഞ ദിവസങ്ങളിലുണ്ടായ ഈ പ്രതിഷേധം, ലോകവ്യാപകമായി ചര്‍ച്ചയാവുകയാണ്. ''അവര്‍ തീവ്രവാദികളാണ്...ഞങ്ങള്‍ക്ക് ഭക്ഷണം വേണം...ഞങ്ങള്‍ക്ക് സമാധാനം വേണം''- ഈ മുദ്രാവാക്യം ഉയര്‍ത്തിക്കൊണ്ട്, ഒന്നുരണ്ടുമല്ല നൂറുകണക്കിന് ആളുകളാണ് വടക്കന്‍ ഗസ്സയിലെ ബെയ്റ്റ് ലാഹിയയയില്‍ പ്രതിഷേധവുമായ രംഗത്ത് ഇറങ്ങിയിരിക്കുന്നത്. ഹമാസിന്റെ ശക്തി കേന്ദ്രത്തില്‍ ഗസ്സന്‍ ജനത തെരുവിലിറങ്ങിയത് ബിബിസി അടക്കമുള്ള ലോകമാധ്യമങ്ങള്‍ അതിശയത്തോടെയാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്. 2023 ഒക്ടോബര്‍ 7 ന് ശേഷം ഗസ്സയില്‍ ഹമാസിനെതിരെ നടക്കുന്ന ഏറ്റവും വലിയ പ്രതിഷേധമായി ഇത് മാറിയതായി ബിബിസി പറയുന്നു.

ഹമാസ് ഇസ്രയേലിനെ മന:പ്പൂര്‍വ്വം പ്രകോപിപ്പിക്കുകയാണെന്നും പ്രകടനക്കാര്‍ ഒരുപോലെ പറയുന്നു. മുഖംമൂടി ധരിച്ചെത്തുന്ന ഹമാസ് അനുകൂലികള്‍ പ്രതിഷേധക്കാരുടെ ബാനറുകള്‍ പിടിച്ചു വാങ്ങുകയും അവരെ ബലം പ്രയോഗിച്ച് നേരിടുകയും ചെയ്തു. പക്ഷേ എന്നിട്ടും ജനം പിരിച്ചില്ല. അളമുട്ടിയാല്‍ ചേരയും കടിക്കും എന്നതുപോലുള്ള ഒരു നടപടിയായിട്ടാണ് ലോക മാധ്യമങ്ങള്‍ ഈ പ്രതിഷേധത്തെ വിശേഷിപ്പിക്കുന്നത്. കാരണം ഹമാസ് മൂലം അവര്‍ അത്രയേറെ അനുഭവിച്ച് കഴിഞ്ഞു.

ലോകത്തിലെ ഏറ്റവും വലിയ ജയിലായ ഗാസ്സയില്‍ കഴിഞ്ഞ ഒന്നരവര്‍ഷത്തിനിടെ അരലക്ഷത്തോളം ജീവനുകളാണ് നഷ്ടമായത്. ബങ്കറുകള്‍ക്കും, ചെക്ക്പോസ്റ്റുകള്‍ക്കും, കൂറ്റന്‍ മതില്‍ക്കെട്ടിനും അകത്താണ് ഗസ്സയിലെ ജനജീവിതം. ഒരു ചലിക്കുന്ന മൃഗശാല പോലെ!വീടിന് തൊട്ടുമുന്നിലെ പാടത്തേക്ക് ഇറങ്ങാന്‍ പോലും, ഇസ്രയേല്‍ സ്ഥാപിച്ച മതില്‍ മൂലം അവര്‍ക്ക് മണിക്കുറുകള്‍ ചുറ്റിവളഞ്ഞ് സഞ്ചരിക്കണം. ഇസ്രയേലി ചെക്ക്പോസ്റ്റുകളില്‍ കെട്ടിക്കടന്ന് പ്രസവിച്ച സ്ത്രീകള്‍ നിരവധിയുണ്ട്. പ്ലേസ് ഓഫ് ബര്‍ത്ത് എന്നത് ചെക്ക്പോസ്റ്റ് എന്നത് ഇവിടുത്തെ സര്‍ട്ടിഫിക്കേറ്റില്‍ പതിവാണ്. വികസനമില്ല, പുരോഗതിയില്ല. ശരിക്കും ഒരു തുറന്ന ജയില്‍.

കിഴക്ക് ഇസ്രയേല്‍. പടിഞ്ഞാറ് മെഡിറ്ററേനിയന്‍ കടല്‍. തെക്കുപടിഞ്ഞാറ് ഈജിപ്ത്. ഫലസ്തീന്‍ രാജ്യത്തിന്റെ ചിതറിക്കിടക്കുന്ന രണ്ടു ഭാഗങ്ങളിലൊന്നായ ഇസ്രയേലിനുള്ളില്‍ ഒരു ദ്വീപുപോലെ അവശേഷിക്കുന്ന ഗസ്സാ മുനമ്പിന്റെ ഭൂമിശാസ്ത്രമിങ്ങനെയാണ്. ഇവിടേക്ക്, വെള്ളം, വൈദ്യുതി, മരുന്ന് തൊഴില്‍ എന്നിവയെല്ലാം നല്‍കുന്നത് ഇസ്രയേലാണ്. 17 കൊല്ലത്തോളം ഭരണത്തിലിരുന്നിട്ടും രാജ്യത്താകമാനം തുരങ്കങ്ങള്‍ ഉണ്ടാക്കിയതും, സാധാരണക്കാരെ 'മനുഷ്യ കവചങ്ങ'ളാക്കി മരണത്തിന് വിട്ടുകൊടുത്തുതുമാണ് ഹമാസിന്റെ സംഭാവന. ഗസ്സയിലെ 2.1 ദശലക്ഷം ജനസംഖ്യയില്‍ ഭൂരിഭാഗവും പലായനം ചെയ്ത നിലയിലാണ്.ഗസ്സയില്‍ 70% കെട്ടിടങ്ങളും തകരാറിലായോ നശിപ്പിക്കപ്പെട്ടതായോ കണക്കാക്കപ്പെടുന്നു, ആരോഗ്യ സംരക്ഷണം, വെള്ളം, ശുചിത്വ സംവിധാനങ്ങള്‍ തകര്‍ന്നു, ഭക്ഷണം, ഇന്ധനം, മരുന്ന്, പാര്‍പ്പിടം എന്നിവയുടെ ക്ഷാമം രുക്ഷമാണ്.

പക്ഷേ ഇതിനെല്ലാം യഥാര്‍ത്ഥകാരണം ഹമാസ് ആണെന്ന് ഈ വൈകിയവേളയിലെങ്കിലും ഗസ്സന്‍ നിവാസികള്‍ തിരിച്ചറിയുന്നുണ്ടോ? ഹമാസ് ഗസ്സയില്‍ പ്രതിക്കൂട്ടിലാവാനുള്ള പ്രധാന കാരണങ്ങള്‍ ജറുസലേം പോസ്റ്റ് എന്ന വിഖ്യാത ന്യൂസ് പോര്‍ട്ടല്‍ അക്കമിട്ട് നിരത്തുന്നുണ്ട്.


വെടിനിര്‍ത്തല്‍ കരാര്‍ അട്ടിമറിച്ചു

കേരളത്തിലെ ഇസ്ലാമോ-ലെഫ്റ്റ് മാധ്യമങ്ങള്‍ പ്രചരിപ്പിക്കുന്നതുപോലെ ഗസ്സയിലെ വെടിനിര്‍ത്തല്‍ കരാര്‍ അട്ടിമറിച്ചത്, ഇസ്രയേല്‍ അല്ല ഹമാസ് ആണെന്ന് ഗസ്സയിലെ ഒരു വിഭാഗം ജനങ്ങള്‍ക്ക് നന്നായി അറിയാം. ഇപ്പോള്‍ ഹമാസിനെതിരെ പ്രതിഷേധം ഉയരാനുള്ള ഏറ്റവും പ്രധാനപ്പെട്ട കാരണവും അതുതന്നെയാണെന്ന്, ജറുസലേം പോസ്റ്റും, ന്യൂയോര്‍ക്ക് ടൈംസും അടക്കമുള്ള മാധ്യമങ്ങള്‍ പറയുന്നു. ഗസ്സയിലെ സാധാരണക്കാരായ ജനം ഏറെ ആശ്വസിച്ചിരുന്ന ഒന്നായിരുന്നു വെടിനിര്‍ത്തല്‍. 2023 ഒക്ടോബര്‍ 7-ന് ഹമാസ് ഇസ്രയേലില്‍ കയറി നടത്തിയ ആക്രമണത്തിനുശേഷം, കഴിഞ്ഞ ഒന്നരവര്‍ഷത്തോളമായി ഗസ്സക്കാര്‍ സമാധാനം എന്തെന്ന് അറിഞ്ഞിട്ടില്ല. അതുകൊണ്ടുതന്നെ വെടിനിര്‍ത്തല്‍ കരാര്‍ പരക്കെ സ്വാഗതം ചെയ്യപ്പെട്ടു.

ഒരു ബന്ദിക്കുവേണ്ടി നൂറുകണക്കിന് തടവുകാരെയാണ് ഇസ്രയേല്‍ വിട്ടുകൊടുത്തത്. തുടക്കം മുതല്‍ തന്നെ ഇത് എങ്ങനെയെങ്കിലും പൊളിക്കണം എന്ന ഉറപ്പിച്ചപോലെയായിരുന്നു ഹമാസ് സൈനികരുടെ പെരുമാറ്റം. ഓരോ തടവുകാരനെയും വിട്ടുകിട്ടുമ്പോള്‍ അപാരമായിരുന്നു ഹമാസിന്റെ പട്ടിഷോ. സൈനിക യൂണിഫോമുകളിട്ട് മുദ്രാവാക്യങ്ങള്‍ മുഴക്കി, വീരോചിത സ്വീകരണമാണ് ഭീകര്‍ക്ക് നല്‍കിയത്. എന്നാല്‍ തിരിച്ച് നിരപരാധികളായ, ഇസ്രയേല്‍ സിവിലന്‍സിനെ വിട്ടയക്കുമ്പോഴും ഇതേ ഭീതിതമായ അന്തരീക്ഷം ഉണ്ടാക്കി. എട്ടു ബന്ദികളുടെ മൃതദേഹമാണ് ഹമാസ് കൈമാറിയത്. ഈ മൃതദേഹങ്ങള്‍വെച്ചും ഹമാസ് ഷോ നടത്തി. ബന്ദികളുടെ ശവമഞ്ചവുമായി ഹമാസ് പരേഡ് നടത്തിയതും പരസ്യമായി പ്രദര്‍ശിപ്പിച്ചതും ലോകത്തെ ഞെട്ടിച്ചിരുന്നു. ബന്ദികളുടെ മൃതദേഹത്തില്‍പോലും ഹമാസ് വ്യാജനെ ഇറക്കി.

ഇസ്രയേല്‍ ഏറ്റവും കൂടുതല്‍ കാത്തിരുന്നത്, ബന്ദി മോചനവുമായി ബന്ധപ്പെട്ട് ഇസ്രയേലില്‍ നടന്ന പ്രക്ഷോഭങ്ങളുടെ പ്രതീകമായിരുന്ന, ഷിരി ബിബാസിന്റെ മൃതദേഹം വിട്ടുകിട്ടുന്നതിന് വേണ്ടിയിരുന്നു. പക്ഷേ കിട്ടിയ ഡെഡ്ബോഡി, ഷിരി ബിബാസിന്റേതില്ലെന്ന് ഫോറന്‍സിക് പരിശോധനയ്ക്ക് ശേഷം ഇസ്രയേലില്‍ വ്യക്തമാക്കി. ഹമാസ് നടത്തിയത് വെടിനിര്‍ത്തല്‍ കരാര്‍ ലംഘനമാണെന്ന് ചൂണ്ടിക്കാട്ടിയ ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു, ഈ ക്രൂരതയ്ക്ക് കനത്ത വിലനല്‍കേണ്ടി വരുമെന്നും വ്യക്തമാക്കി.

ഹമാസ് വെടിനിര്‍ത്തല്‍ കരാര്‍ നീട്ടാല്‍ താല്‍പ്പര്യം എടുക്കാത്തതും ഗസ്സക്കാരെ ഞെട്ടിച്ചു. ഒന്നാംഘട്ട വെടിനിര്‍ത്തല്‍ മാര്‍ച്ച് ഒന്നിന് കഴിഞ്ഞതാണ്. രണ്ടാംഘട്ട വെടിനിര്‍ത്തല്‍ ചര്‍ച്ചകള്‍ എങ്ങുമെത്തിയില്ല. ഈ സാഹചര്യത്തില്‍ ഒന്നാംഘട്ട വെടിനിര്‍ത്തല്‍ 42 ദിവസം കൂടി ദീര്‍ഘിപ്പിക്കണം എന്ന നിര്‍ദ്ദേശം യുഎസ് മുന്നോട്ടു വെച്ചു. ഈ ഇടവേളയില്‍ ശേഷിക്കുന്ന ബന്ദികളില്‍ പകുതിപേരെ ഹമാസും ആനുപാതികമായ തടവുകാരെ ഇസ്രയേലും വിട്ടയക്കണമെന്നായിരുന്നു വ്യവസ്ഥ. ഈ നിര്‍ദ്ദേശം ഇസ്രയേല്‍ അംഗീകരിച്ചു. ഹമാസ് തള്ളിക്കളഞ്ഞു. അതായത് ഹമാസാണ് രണ്ടാം ഘട്ട വെടിനിര്‍ത്തല്‍ കരാര്‍ നടപ്പാവാതിരിക്കാനുള്ള കാരണം. ഇത് ഗസ്സക്കാരില്‍ ഒരു ചെറിയ വിഭാഗത്തിനെങ്കിലും കൃത്യമായി മനസ്സിലായി.

വെടിനിര്‍ത്തല്‍ കരാര്‍ അസാധുവായതോടെ, കഴിഞ്ഞ ആഴ്ച ഗസ്സ വീണ്ടും കുരതിക്കളമായി. ആറാഴ്ചത്തെ ഇടവേളയ്ക്കു ശേഷം ഇസ്രയേല്‍നടത്തിയ വന്‍ ബോംബാക്രമണത്തില്‍ നാനൂറിലധികം പേരാണ് കൊല്ലപ്പെട്ടത്. കൊല്ലപ്പെട്ടവരില്‍ സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെയുള്ള, നിരവധി സാധാരണക്കാരും ഉള്‍പ്പെടുന്നു. ഇതോടെയാണ് ഗസ്സക്കാരുടെ രോഷം ഹമാസിനെതിരെ അണപൊട്ടി ഒഴുകിയത്. പക്ഷേ ഇത് പെട്ടന്നുള്ള കാരണം മാത്രമാണ്. ഹമാസിനെ ഗസ്സക്കാര്‍ വെറുക്കാന്‍ വേറെയും കാരണങ്ങള്‍ ഉണ്ട്.


രക്തംകുടിച്ച് അവര്‍ കോടീശ്വരമ്മാര്‍

ഗസ്സയില്‍ ഹമാസിനെതിരെ ഏറ്റവും കൂടുതല്‍ രോഷം ഉണ്ടാക്കാനുള്ള കാരണം, അവരുടെ നേതാക്കളുടെ ആഢംബര ജീവിതത്തെക്കുറിച്ചുള്ള വാര്‍ത്തകള്‍ പുറത്തായതാണ്. ഒരു തുരങ്കത്തില്‍ താമസിക്കുന്ന സ്ത്രീ 27 ലക്ഷം രൂപയുടെ ബാഗാണ് കൈവശം വെച്ചിരിക്കുന്നതെങ്കില്‍, പുറം ലോകത്തെ അവരുടെ ആഢംബരം എന്തായിരിക്കും? ഒക്ടോബര്‍ 7ന്റെ ഭീകരാക്രമണത്തിന് മുമ്പ്, ഹമാസ് നേതാവ് യഹിയ സിന്‍വറിന്റെ ഭാര്യ, ഗസ്സയിലെ തുരങ്കങ്ങളിലൂടെ സഞ്ചരിക്കുന്നതിന്റെ ഒരു വീഡിയോ കിട്ടിയപ്പോള്‍ ഇസ്രയേല്‍ നേതൃത്വം ശരിക്കും അമ്പരന്നുപോയിരുന്നു. തുരങ്കത്തില്‍ ജീവിക്കുന്ന, യഹിയ സിന്‍വറിന്റെ ഭാര്യയുടെ കൈയിലുണ്ടായിരുന്നത്, 32,000 ഡോളര്‍ വില വരുന്ന, ബിര്‍ക്കിന്‍ ബാഗ് ആയിരുന്നു. ഇന്ത്യന്‍ രൂപയിലേക്ക് മാറ്റിയാല്‍ 27 ലക്ഷംവരും വില. സാധാരണ ഹോളിവുഡ് നടിമാരും മോഡലുകളുമാണ് ഇത്തരം ബാഗുകള്‍ ഉപയോഗിക്കാറുള്ളത്. ഈ ബാഗ് കഥ ഗസ്സന്‍ നിവാസികളില്‍ വലിയ സ്വാധീനമാണ് ചെലുത്തിയത്.

ഒന്നും രണ്ടുമല്ല, ഹമാസ് നേതൃത്വത്തിന്റെ 1,700 പേരാണ് മില്യണേഴ്‌സ് എന്ന വാര്‍ത്തയാണ് ഈയിടെ പുറത്തുവന്നത്. പത്തോളം പേര്‍ ബില്യണേഴ്‌സുമാണ്! ലോകത്തിന്റെ വിവിധ ഭാഗത്തുനിന്നുള്ള മനുഷ്യസ്‌നേഹികള്‍, പട്ടിണി കിടക്കുന്ന, ഇസ്രയേല്‍ പ്രത്യാക്രമണത്തില്‍ മരിച്ചുവീഴുന്ന ഫലസ്തീന്‍ ജനതക്ക് അയക്കുന്ന പണം, ഒരു മനസാക്ഷിക്കുത്തുമില്ലാതെ അടിച്ചുമാറ്റിയാണ് ഹമാസ് നേതാക്കള്‍ കോടീശ്വരന്‍മ്മാര്‍ ആവുന്നത്!

ഇസ്രയേല്‍ കൊന്നൊടുക്കിയ ഇസ്മായില്‍ ഹനിയക്ക് 4 ബില്യണ്‍ യുഎസ് ഡോളറാണ് ആസ്തി. ഹനിയയുടെ മകന്‍ യാസ് ഹനിയ, ഫാദര്‍ ഓഫ് റിയല്‍ എസ്റ്റേറ്റ്‌സ് ഇന്‍ ഗസ്സ എന്നാണ് അറിയപ്പെടുന്നത്. അയാള്‍ അറിയാതെ ഗസ്സയില്‍ ഒരു കച്ചവടവും നടക്കില്ല. കച്ചവടം ചെയ്യുന്നത് ഒരു മോശം കാര്യമല്ല. പക്ഷേ ഹമാസിന്റെ പേര് ഉപയോഗിച്ച്, ഭീതിയിലൂടെ സാധാരണക്കാരിനില്‍നിന്ന് ഭൂമി ചുളുവിലക്ക് തട്ടിയെടുത്തായിരുന്നു ഇയാളുടെ തുടക്കം. ഇപ്പോള്‍ ഖത്തറിലും തുര്‍ക്കിയിലുമൊക്കെ സ്വത്തുക്കളുള്ള വലിയ ബിസിനസ് ടെക്കൂണായി. ഹനിയയുടെ പണമാണ് മകനിലൂടെ വെളുപ്പിക്കുന്നത് എന്നാണ് പറയുന്നത്.

യഹിയ സിന്‍വിറിന് മൂന്ന് ബില്യണ്‍ യുഎസ് ഡോളറാണ് ആസ്തി. ഖാലിദ് മഷാല്‍ എന്ന പ്രമുഖനായ ഹമാസ് നേതാവിന് 2.6 ബില്ല്യണാണ് ആസ്തി. ഖത്തര്‍ ഈജിപ്ഷ്യന്‍ ബാങ്കുകളില്‍ ഇദ്ദേഹത്തിന് ഷെയര്‍ ഉണ്ട്. ഈ ഭീകരന്‍, 12 മില്യണ്‍ ഡോളര്‍ സിറിയയില്‍നിന്ന് തുര്‍ക്കിയിലേക്ക് സ്മഗിള്‍ ചെയ്തുവെന്ന് വാഷിങ്്ടണ്‍ പോസ്റ്റ് നേരത്തെ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഹ്യുമാനിറ്റേറിയന്‍ എയ്ഡ് ഹമാസ് തീവ്രവാദത്തിലേക്കും നന്നായി തിരിച്ചുവിട്ടു. മൂന്നുവര്‍ഷംവരെ ജയിലില്‍ കിടന്നവര്‍ക്ക് പ്രതിമാസം 400 ഡോളര്‍ കൊടുക്കുന്നുണ്ട് ഈ സംഘടന. ഇങ്ങനെ അയ്യായിരം ഡോളര്‍വരെ പ്രതിമാസം കിട്ടുന്ന നിരവധിപേര്‍ സംഘടനയിലുണ്ട്്. അതുപോലെ ചാവേര്‍ ബോംബായവരുടെ കുടുംബത്തിനും ഹമാസ് കോമ്പന്‍സേഷനും പെന്‍ഷനും കൊടുക്കുന്നുണ്ട്. ഇതെല്ലാം ഗസ്സയിലെ പാവങ്ങളുടെ കണ്ണീര്‍ ചിത്രങ്ങള്‍ കാട്ടി, ലോകത്തിലെ മനുഷ്യസ്്‌നേഹികളില്‍നിന്ന് അടിച്ചുമാറ്റുന്നതാണ്. അതിന് പുറമേ തുര്‍ക്കി, ഖത്തര്‍ തുടങ്ങിയ രാജ്യങ്ങളുടെ രഹസ്യഫണ്ടിങ്ങും ഇവര്‍ക്കുണ്ടായിരുന്നു.


ആകെയുള്ള പണി തുരങ്ക നിര്‍മ്മാണം

ഗസ്സയിലെ ചെറുപ്പക്കാര്‍ക്ക് ഏറ്റവും എളുപ്പത്തില്‍ കിട്ടുന്ന പണി ഏതൊണെന്നോ. അതാണ് തുരങ്ക നിര്‍മ്മാണം. ഒരു പിക്കാസ് എടുക്കുക. കുഴിക്കാന്‍ കൂടുക. അടുത്തകാലംവരെ ഏത് സമയവും ഈ ജോലിയുണ്ടായിരുന്നു. ഗസ്സയെ വെറുമൊരു തുരങ്ക നഗരമാക്കിമാറ്റുക എന്നല്ലാതെ അവിടെ യാതൊരു വികസനവും കൊണ്ടുവരാന്‍ ഹമാസിന് കഴിഞ്ഞിട്ടില്ല. ഗസ്സയില്‍ ഹമാസും ഇസ്രായേലി സൈന്യവും തമ്മില്‍ നടന്ന യുദ്ധത്തെ അണ്ടര്‍വേള്‍ഡ് വാര്‍ എന്ന് ലോകമാധ്യമങ്ങള്‍ വിശേഷിപ്പിക്കാനുള്ള കാരണവും അതാണ്. ഗസ്സയില്‍ ഭൂമിയില്‍നിന്ന് 40-50 മീറ്റര്‍ താഴ്ചയില്‍ നിര്‍മ്മിച്ച ആറടി ഉയരുവും രണ്ടരയടി വീതിയുമുള്ള 1,300 തുരങ്കങ്ങളാണ് ഹമാസിന്റെ തുറുപ്പുചീട്ട്. നാലുമാസം വരെ കഴിയാനുള്ള മരുന്നും, ഭക്ഷണവും, ഓക്സിജന്‍ സിലണ്ടറുകളും, ബാത്ത്റുമും, ഡൈനിങ് എരിയയുമൊക്കെയുള്ള ആധുനിക ഹൈട്ടക്ക് തുരങ്കങ്ങളും ഇതിലുണ്ട്. അതില്‍ ഒളിച്ചിരുന്ന് എലികളെപ്പോലെയാണ് ഹമാസിന്റെ പ്രവര്‍ത്തനം. ഇപ്പോള്‍ അതില്‍ 70 ശതമാനവും ഇസ്രയേല്‍ സേന തകര്‍ത്തുകഴിഞ്ഞു.

ഗസ്സക്ക് ലോകത്തിന്റെ നാനാഭാഗത്തുനിന്ന് കിട്ടുന്ന പണത്തിന്റെ നല്ലൊരുഭാഗവും ഈ തുരങ്കങ്ങള്‍ക്കാണ് ഹമാസ് ചെലവിടുന്നത്. വെറും 375 സ്‌ക്വയര്‍ കിലോമീറ്റര്‍ മാത്രമുള്ള ഒരു പ്രദേശത്താണ്, 500 കിലോമീറ്റര്‍ നീളംവരുന്ന ഭൂര്‍ഗഭ തുരമള്ളത്. ഡല്‍ഹി മെട്രോക്ക്പോലും 392 കലോമീറ്ററാണ് നീളം. ഡല്‍ഹി ഗസ്സയേക്കാള്‍ നാലിരട്ടി വിസ്തൃതമായ സ്ഥലമാണ്. അപ്പോള്‍ ഗസ്സ മുനമ്പിലെ ടണല്‍ ശൃംഖല എത്ര വിപുലമാണെന്നാണ് ഊഹിക്കാവുന്നതേയുള്ളൂ.

ഇനി ഈ തുരങ്കത്തിന് ചുങ്കം ഏര്‍പ്പെടുത്തിയും ഹമാസ് ഗസ്സക്കാരെ പിഴിയുന്നുണ്ട്. ഖത്തറില്‍നിന്നും ഇറാനില്‍നിന്നും തുര്‍ക്കിയില്‍നിന്നും എത്തുന്ന കോടികളുടെ സംഭാവനകള്‍ കഴിഞ്ഞാല്‍ ഹമാസിന്റെ ഏറ്റവും വലിയ വരുമാനമാര്‍ഗം ഈ തുരങ്കങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയ ചുങ്കമാണ്. ഭൂഗര്‍ഭ തുരങ്കങ്ങളുടെ കൊണ്ടുവരുന്ന എല്ലാ കള്ളക്കടത്ത് സാധനങ്ങള്‍ക്കും 20 ശതമാനം നികുതിയാണ്. ചില സമയത്ത് നിരക്ക് അതിലും കൂട്ടും. ഇതുവഴി കോടികളാണ് ഹമാസിന് കിട്ടുന്നത്. ഈ നികുതി ഭാരവും കിടക്കുന്നത് ഗസ്സയിലെ സാധാരക്കാരായ ജനങ്ങളുടെ തലയിലാണ്.

20ലക്ഷം ജനങ്ങളുള്ള ഗസ്സയില്‍ നേരം വണ്ണം നടക്കുന്ന ഏക പണി തുരങ്ക നിര്‍മ്മാണം മാത്രമാണെന്നാണ്, ന്യൂയോര്‍ക്ക് ടൈംസ് അടക്കുള്ള വിദേശമാധ്യമങ്ങള്‍ പറയുന്നത്. യുവാക്കള്‍പോലും പഠിത്തം ഉപേക്ഷിച്ച് ടണല്‍ കുഴിക്കാന്‍ ഇറങ്ങുകയാണ്. കിണര്‍, ജലശുദ്ധീകരണം തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങളേക്കാള്‍ തുരങ്ക നിര്‍മ്മാണത്തിനാണ് ഹമാസ് ഫണ്ട് ഉപയോഗിക്കുന്നത്, ഗസ്സയിലെ ബാല്യകാല മരണങ്ങളില്‍ 12 ശതമാനവും മലിനജലം മൂലമാണ്. ഇത് പരിഹരിക്കാനുള്ള യാതൊരു നടപടിയും ഇവിടുത്തെ ഭരണകക്ഷികൂടിയായ, ഹമാസ് ചെയ്യുന്നില്ല. ബാക്കിയുള്ള പണം കൊണ്ട് കോടീശ്വരന്‍മ്മാരായ ഹമാസ് നേതാക്കള്‍, ഖത്തറില്‍ സുഖ ജീവിതം നയിക്കയാണ്. ഇതെല്ലാം ജനങ്ങള്‍ക്കിടയില്‍ വന്‍ പ്രതിഷേധത്തിന് ഇടയാക്കി.

നേരെത്തുള്ള തുരങ്കങ്ങള്‍ എല്ലാം പ്രാകൃത അവസ്ഥയിലായിരുന്നു. എന്നാല്‍ ഇപ്പോള്‍ ഉള്ളവ അങ്ങനെയല്ല. ആയുധങ്ങളും വെടിക്കോപ്പുകളും സൂക്ഷിക്കാന്‍ മതിയായ സ്ഥലവുമുണ്ട്. ഭിത്തിയെല്ലാം സിമന്റില്‍ തീര്‍ത്തിരിക്കുന്നു. ആര്‍ച്ച് ഷേപ്പില്‍ ശാസ്ത്രീയമായാണ് ഉള്‍ഭാഗം പണിതിരിക്കുന്നത്. ഓക്സിജന്‍ സിലണ്ടര്‍, മരുന്ന് ഭക്ഷണം, ഡൈനിങ്് ഹാള്‍, ബാത്ത്റും എന്നിവ ഇവയില്‍ ഉണ്ട്. മൂന്ന് നാലമാസം അതിനകത്ത് ഇരിക്കാം. ഒരുപക്ഷേ ഗസ്സക്ക് പുറത്ത് ഇത്രയും സൗകര്യങ്ങള്‍ ഇല്ല എന്നും ജനം മരുന്നിനുപോലും വലയുകയാണെന്നുമാണ് ന്യൂയോര്‍ക്ക് ടൈംസ എഴുതുന്നത്.

ഗസ്സക്ക് കിട്ടുന്ന പണത്തിന്റെ ഭൂരിഭാഗവും തുരങ്കനിര്‍മ്മാണത്തിനാണ് പോവുന്നത്. അതിന് പുറമേ സിമന്റ് കമ്പിയും കള്ളക്കടത്തിലുടെ വരുന്നുണ്ട്. തുരങ്കത്തിലുള്ള ഒരു സാധനവും സാധാരണക്കാരന് കിട്ടുന്നില്ല. ഗസ്സയില്‍ ഒരു ബാറ്ററിക്ക് ചുററ്റും കൂടിയിരുന്ന് മൊബൈല്‍ ചാര്‍ജ് ചെയ്യുന്നവരുടെ ചിത്രം പുറത്തുവന്നിരുന്നു. പക്ഷേ തുരങ്കത്തില്‍ ഇന്ധനക്ഷാമമില്ല. അവര്‍ക്ക് ജനറേറ്റര്‍ പ്രവര്‍ത്തിക്കാന്‍ ഡീസല്‍ കിട്ടരുത് എന്നതിനാലാണ് ഇസ്രായേല്‍ ഇന്ധനം കൊടുക്കുന്നത് നിര്‍ത്തിയത്. പക്ഷേ ഫലത്തില്‍ ഇതിനും അനുഭവിക്കുന്നത് ഗസ്സ നിവാസികള്‍ ആണ്.


മനുഷ്യ കവചത്തിനെതിരെ പ്രതിഷേധം

'നിങ്ങള്‍ ജീവിതത്തെ ആസ്വദിക്കുന്നതുപോലെ ഞങ്ങള്‍ മരണത്തെയും ആസ്വദിക്കുന്നുവെന്നാണ്' ഹമാസ് പറയുക. മരണാനന്തര ജീവിതത്തിലേക്ക് ആളുകളെ പറഞ്ഞ് പഠിപ്പിച്ച് വളരെ ചെറുപ്പത്തിലെ തന്നെ ജിഹാദി ആശയം കുട്ടികളുടെ തലയിലേക്ക് അടിച്ചുകയറ്റിയാണ് അവര്‍ വളരുന്നത്. ഗസ്സയിലെ മദ്രസകളെ ജിഹാദി ഫാക്ടറികള്‍ എന്നാണ് അവിടെനിന്ന് രക്ഷപ്പെട്ടവര്‍ വിശേഷിപ്പിച്ചത്. ഇതിനൊക്കെ കാരണമായ ബ്രദര്‍ഹുഡിന്റെ ആശയത്തെയും ഗസ്സയിലെ സാധാരണക്കാരില്‍ ഒരു വിഭാഗം തള്ളിക്കളയുന്നു. അല്ലെങ്കില്‍, ബ്രദര്‍ഹുഡിന്റെ ആശയത്തെ അവര്‍ തിരിച്ചറിയുന്നു. കഴിഞ്ഞ ദിവസം ഉയര്‍ന്നുകേട്ട മുദ്രവാക്യങ്ങളില്‍ ഏറെയും ബ്രദര്‍ഹുഡിന് എതിരായിരുന്നു.

സ്ത്രീകളെയും കുട്ടികളെയും മനുഷ്യകവചമായി ഉപയോഗിക്കുക എന്നത്, കഴിഞ്ഞ എത്രയോ വര്‍ഷമായി, ഹമാസ് പയറ്റുന്ന അടവാണ്. ഹമാസിന്റെ പല ടണലുകളും കടന്നുപോവുന്നത് ജനവാസ കേന്ദ്രങ്ങളിലൂടയാണ്. സ്‌കൂളുകള്‍ക്കുള്ളില്‍, ആശുപത്രികള്‍ക്കുള്ളില്‍, മാര്‍ക്കറ്റുകളില്‍, വീടുകളില്‍ ഒക്കെയാണ് ഇതിന്റെ ഓപ്പണിങ്ങ്. ഈ ടണലുകളില്‍നിന്ന് പെട്ടെന്ന് പുറത്തിറങ്ങി, ഹമാസുകാര്‍ ഇസ്രയേലിലേക്ക് റോക്കറ്റ് അയക്കുന്നു. എന്നിട്ടു ഒന്നും അറിയാത്തപോലെ ടണലിലേക്ക് വലിയുന്നു. റോക്കറ്റ് വന്ന സ്ഥലം തിരിച്ചറിഞ്ഞ് ഇസ്രയേല്‍ ഓട്ടോ സെന്‍സറുകള്‍ തിരിച്ച് റോക്കറ്റ് ആയക്കുമ്പോള്‍ അത് വന്ന് വീഴുക സ്‌കുളിനോ, ആശുപത്രിക്കോ, വീടിനോ മുകളില്‍ ആയിരിക്കും! സാധാരണക്കാര്‍ മരിക്കും, പക്ഷേ ഹമാസിന് ഒരുചുക്കം സംഭവിക്കില്ല. ഇഅപ്പോള്‍ കേരളത്തിലടക്കം, പത്ര വാര്‍ത്ത വരിക ഇസ്രയേല്‍ സ്‌കുള്‍ കെട്ടിടം ആക്രമിച്ച് കുട്ടികളെ കൊന്നുവെന്നായിരിക്കും. ഈ കുട്ടികളുടെ മൃതദേഹം നിരത്തിവെച്ച് ഇസ്രയേലിനെ പ്രതിക്കുട്ടിലാക്കുകയും, കൂടുതല്‍ ഫണ്ട് ലോകവ്യാപകമായി സംഘടിപ്പിക്കാനും ഹമാസിന് കഴിയുന്നു.

നേരത്തെ ഐഡിഎഫ് നടത്തിയ പല പരിശോധനകളിലും കണ്ടത്, സ്‌കുളുകളിലും ആശുപത്രിക്കുള്ളിലുമൊക്കെ ഹമാസ് റോക്കറ്റ് ഒളിപ്പിച്ചുവെക്കുന്നുവെന്നതാണ്. അതായത് ജനങ്ങള്‍ക്കിടയില്‍ പതുങ്ങിയിരുന്ന്, ഇസ്രയേലിന്‍െ ആക്രമിക്കുക. ഈ തന്ത്രം പക്ഷേ ഇപ്പോള്‍ എക്സ്പോസ്ഡ് ആവുന്നുണ്ട്. ഇങ്ങനെ മനുഷ്യരെ ബന്ദികളാക്കി വെക്കുന്നത് ഗസ്സയിലെ ഒരു വിഭാഗം തിരിച്ചറിയുന്നുണ്ട്. ബിബിസിക്ക് നല്‍കിയ പ്രതികരണത്തില്‍ അവര്‍ അത് എടുത്തുപറയുന്നുണ്ട്. കുറേ തുരങ്കങ്ങള്‍ ഉണ്ടാക്കിയന്ന് അല്ലാതെ ഹമാസ് ഈ നാട്ടില്‍ എന്ത് വികസനമാണ് കൊണ്ടുവന്നതെന്ന്.


ഗസ്സയുടെ യഥാര്‍ത്ഥ ശാപം

ഫലസ്തീനികള്‍ ശാന്തിയോടെയും, സമാധാനത്തോടെയും ജീവിക്കണമെന്ന് ഹമാസ് നേതൃത്വം ഒരിക്കലും ആഗ്രഹിക്കുന്നില്ല. സൗദി അറേബ്യയടക്കമുള്ള രാജ്യങ്ങള്‍ ഇസ്രയേലുമായി നല്ല നിലയില്‍ പോവുന്നും, കുടുതല്‍ രാജ്യങ്ങള്‍ അബ്രഹാം കാരാറിലേക്ക് വരുന്നതും കണ്ടാണ് ഹമാസ്, ഒക്ടോബര്‍ 7ന്റെ കൂട്ടക്കുരുതി തന്നെ നടത്തിയത്. സത്യത്തില്‍ ഫലസ്തീനികളുടെ ശാപമാണ് ഇവര്‍. 20 ലക്ഷത്തോളം വരുന്ന ജനതയെ ഒരു രീതിയിലും രക്ഷപ്പെടാന്‍ അനുവദിക്കാത്തവര്‍. ഫലസ്തീന്‍ എന്ന രാഷ്ട്രം സ്ഥാപിതമായാല്‍ അവസാനിക്കുന്നതല്ല തങ്ങളുടെ പോരാട്ടമെന്ന് ഹമാസ് തുറന്നു പറഞ്ഞിട്ടുണ്ട്. അവരുടെ ലക്ഷ്യം ഒരു ഇസ്ലാമിക ലോക ക്രമമാണ്. അവസാനത്തെ യഹൂദനും ഇല്ലതാവുന്ന, മതവെറി നിറഞ്ഞ ലോകമാണ് അവരുടേത്. ഫലസ്തീന്‍ സ്വതന്ത്രരാജ്യമായാലും ഹമാസ് തോക്ക് താഴെ വെക്കില്ല. കാരണം അവരുടെ സിരകളില്‍ മതമാണ്.

ഇനി, ഗസ്സയുടെ പുനര്‍നിര്‍മ്മാണത്തിന് കിട്ടുന്ന കോടികള്‍ ഹമാസിന്റെ അണ്ണാക്കിലേക്ക് പോവുമെന്ന്, കേരളത്തിലെ ഇസ്ലാമോ ലെഫ്റ്റുകളും ഇപ്പോള്‍ അറിയാതെ പറഞ്ഞുപോവുന്നുണ്ട്. കാനഡയില്‍ ഇരുന്ന് ഇസ്രയോല്‍ മുടിഞ്ഞുപോവട്ടെയെന്ന് അലാറംവെച്ച് പ്രാകുന്ന, ഹമാസ് പോരാളി സുനിത ദേവദാസ് തന്റെ പുതിയ വീഡിയോയില്‍ പറയുന്നത്, ഗസ്സയുടെ പുനര്‍നിര്‍മ്മാണത്തോടെ ഹമാസ് ശക്തിപ്പെടുമെന്നാണ്! സത്യമാണ്. ഫലസ്തീനികളുടെ രക്തം ഊറ്റിയാണ്, ഹമാസ് നേതാക്കള്‍ കോടീശ്വരന്‍മ്മാരായത്.

ഏറ്റവും വിചിത്രം ഫലസ്തീനുവേണ്ടി ഏറ്റവും കൂടുതല്‍ ഫണ്ട് ഒഴുകുന്നത് ഇപ്പോഴും, അമേരിക്കയില്‍നിന്നാണെന്നാണ്. ഫലസ്തീനിന് ലഭിച്ച സഹായത്തിന്റെ 45 ശതമാനവും അമേരിക്കന്‍ ഏജന്‍സികള്‍ വഴിയാണ്. യൂറോപ്പ് 40 ശതമാനം കൊടുത്തപ്പോള്‍, വെറും 15 ശതമാനമാണ് അറബ് രാജ്യങ്ങളുടെ സംഭാവന! അമേരിക്കന്‍ ജനത ഗസ്സയിലും വെസ്റ്റബാങ്കിലെയും പാവപ്പെട്ടവര്‍ക്കുള്ള സഹായമായാണ് ഇത് ചെയ്യുന്നത്. അങ്ങനെ ഗസ്സ നിവാസികളുടെ ഭൗതിക സൗകര്യം വര്‍ധിച്ചാല്‍, അവര്‍ തീവ്രവാദത്തില്‍നിന്ന് മാറി നില്‍ക്കുമെന്നും, ഹമാസിന്റെയടക്കം ശക്തികുറയുമെന്നാണ് അവര്‍ കരുതിയത്. പക്ഷേ നേരെ തിരിച്ചാണ് കാര്യങ്ങള്‍ വന്നത്. അതാണ് മതപ്പണി!

ഇതാണ് അമേരിക്കന്‍ പ്രസിഡന്റ് ട്രംപിനെ ചൊടിപ്പിക്കുന്നതും. യുഎസ് എയ്ഡ് അടക്കമുള്ളവ ട്രംപ് നിര്‍ത്താന്‍ തീരുമാനിച്ചതും, ഫണ്ട് ഹമാസിന് പോവുന്നു എന്ന് കണ്ടുകൊണ്ടുതന്നെയാണ്. യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്ന്റെിന്റെ റിപ്പോര്‍ട്ട് പ്രകാരം, യുസ്‌ഐഡിയുടെ ഗസ്സന്‍ ധനസഹായം ഫലത്തില്‍ പോവുന്നത് തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്കാണ്. അതുകൊണ്ടാണ് ട്രംപ് ആ ഫണ്ട് നിര്‍ത്തിയത്.

ഗസ്സയുടെ പുനരധിവാസത്തിന് ലോക വ്യാപകമായി ഫണ്ടെത്തിയാല്‍, അത് ഇപ്പോള്‍ തകര്‍ന്ന് തരിപ്പണമായ ഹമാസിന്റെ പുനരുജ്ജീവനത്തിനാണ് വഴിവെക്കുക എന്ന ട്രംപിന് നന്നായി അറിയാം. അതുകൊണ്ടാണ് ഗസ്സയിലെ ജനങ്ങളെ, അറേബ്യയിലേക്ക് മാറ്റി ആ നാട് അമേരിക്ക പുനര്‍നിര്‍മ്മിക്കുമെന്നൊക്കെ അദ്ദേഹം പറയുന്നത് എന്നാണ് വാഷിംങ്്ടണ്‍ പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്യുന്നത്. സാമ്പത്തിക നാഡി അറുത്തെടുക്കാന്‍ കഴിയാത്തിടത്തോളം ഹമാസിനെ തടയാന്‍ കഴിയില്ല എന്ന് നെതന്യാഹുവിനും നന്നായി അറിയാം. അതുകൊണ്ടുതന്നെ ഗസ്സയുടെ പുനരുദ്ധാരണം അവര്‍ക്ക് മുന്നിലുള്ള ഒരു ഗൗരവമായ പ്രശ്നമാണ്. ഒരുകാര്യം ഉറപ്പാണ് ഹമാസ് എത്രകണ്ട് ശക്തിപ്പെടുന്നുവോ, അത്രകണ്ട് ഗസ്സന്‍ ജനതയുടെ ദുരിതംകൂടുമെന്ന് ഉറപ്പാണ്.

വാല്‍ക്കഷ്ണം: കേരളത്തിലിരുന്ന് ഹമാസിനുവേണ്ടി കഥയും കവിതയും എഴുതുന്നവര്‍, ഗസ്സയില്‍നിന്ന് ഉയരുന്ന പ്രതിഷേധം കണ്ടഭാവം നടിക്കില്ല. ലക്ഷണമൊത്ത ഒരു ഫാസിസ്റ്റ് സംഘടനയാണ് ഹമാസ് എന്ന് വിദേശമാധ്യമങ്ങള്‍ ഉയര്‍ത്തുന്ന വിമര്‍ശനം കാണില്ല.