- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
28ാം വയസ്സില്‍ എംപി, 29-ല്‍ കേന്ദ്രമന്ത്രി, 38-ല്‍ മുഖ്യമന്ത്രി! മുത്തച്ഛനും, അച്ഛനും, കൊച്ചുമകനും മുഖ്യമന്ത്രിമാര്‍; കവി, നടന്‍, മിശ്ര വിവാഹിതന്; പുലിവാലായി വിവാഹമോചനം; കഴിഞ്ഞതവണ തോറ്റത് നാലരലക്ഷം വോട്ടിന്; ചാരത്തില്‍ നിന്ന് ഉയര്‍ത്തെഴുനേറ്റ് ഒമര്‍ താരമാവുമ്പോള്‍
ചാരത്തില്‍ നിന്ന് ഉയര്‍ത്തെഴുനേറ്റ് ഒമര്‍ താരമാവുമ്പോള്‍
2024-ലെ ലോക്സഭാ തിരഞ്ഞെടുപ്പില്‍, ജയിലില്‍ കിടക്കുന്ന ഒരു സ്ഥാനാര്‍ത്ഥിയോട്, നാലരലക്ഷം വോട്ടിന് തോറ്റ് അപമാനിക്കപ്പെട്ടപ്പോള്‍, മനം നൊന്ത് വിരമിക്കല്‍ പ്രഖ്യാപിച്ച ഒരു നേതാവ്, മാസങ്ങള്‍ക്കുശേഷം നടന്ന നിയമസഭാ ഇലക്ഷനില്‍ വിജയിച്ച് മുഖ്യമന്ത്രിയാവുക! ശരിക്കും ഫീനിക്സ് പക്ഷിയെപ്പോലെ ചാരത്തില്‍നിന്ന് ഉയര്‍ത്തെഴുനേറ്റ നേതാവാണ്, ജമ്മുകാശ്മീരില്‍ മുഖ്യമന്ത്രിയാവുമെന്ന് ഏവരും കരുതുന്ന ഒമര്‍ അബ്ദുല്ല. ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിന് അഞ്ചുവര്‍ഷങ്ങള്‍ക്ക് ശേഷം നടന്ന തിരഞ്ഞെടുപ്പില്‍ നാഷണല്‍ കോണ്‍ഫറന്‍സ് - കോണ്‍ഗ്രസ് സഖ്യം 48 സീറ്റുകളാണ് പിടിച്ചടക്കിയത്. 51 സീറ്റുകളില്‍ മത്സരിച്ച എന്‍സി 42 ഇടങ്ങളിലും, 32 സീറ്റുകളില്‍ മത്സരിച്ച കോണ്‍ഗ്രസ് ആറിടങ്ങളിലും വിജയം രുചിച്ചു. രണ്ട് സീറ്റുകളില്‍ മത്സരിച്ച ഒമര്‍ അബ്ദുള്ള രണ്ടിടത്തും വിജയിച്ചു.
ഒരുകാലത്ത് കാശ്മീരിന്റെ മുഖമായിരുന്ന നാഷണല്‍ കോണ്‍ഫറന്‍സ് പാര്‍ട്ടിക്ക് 2015-ന് ശേഷം ഭരണത്തിലെത്താനായിട്ടില്ല. കാശ്മീരിന്റെ പ്രത്യേക പദവി പുനഃസ്ഥാപിക്കണമെന്ന് ശക്തമായി ആവശ്യപ്പെടുന്ന എന്‍ സി സര്‍ക്കാര്‍ അധികാരത്തിലേറുമ്പോള്‍ ബിജെപിക്ക് മുന്നോട്ടുള്ള രാഷ്ട്രീയ നീക്കങ്ങള്‍ സുഗമമാകില്ല. ഈ തിരഞ്ഞെടുപ്പോടെ മൂന്നു കുടുംബങ്ങളുടെ രാഷ്ട്രീയ വാഴ്ച അവസാനിപ്പിക്കുമെന്ന് പറഞ്ഞാണ് അമിത് ഷാ ഇലക്ഷന്‍ റാലികള്‍ നയിച്ചത്. അമിത് ഷാ പറഞ്ഞ അബ്ദുല്ല-ഗാന്ധി കുടുംബം സഖ്യത്തിലൂടെ നേട്ടമുണ്ടാക്കിയപ്പോള്‍, മുഫ്തി കുടുംബത്തിന്റെ പീപ്പിള്‍സ് ഡമോക്രാറ്റിക് പാര്‍ട്ടി (പിഡിപി) തകര്‍ന്നടിഞ്ഞു. കാശ്മീരിലെ നേതൃമുഖമായ ഒമറിന്റെയും പാര്‍ട്ടിയുടെയും വിജയം ദേശീയരാഷ്ട്രീയത്തില്‍ ഇന്ത്യാസഖ്യത്തിന് വന്‍ നേട്ടമാണ്. മുന്നണിയുടെ ദേശീയ മുഖമായും ഇനി ഈ നേതാവ് ഉണ്ടാവും. അസാധാരണമായ ഒരു രാഷ്ട്രീയ ജീവിതമാണ് അദ്ദേഹത്തിന്റെത്.
ഷെയ്ഖ് അബുദല്ലയില്‍ തുടങ്ങിയ ചരിത്രം
മുത്തച്ഛനും, പിതാവും, കൊച്ചുമകനു, ഒരേ സംസ്ഥാനത്തിന്റെ മുഖ്യമന്ത്രിയാവുക. ആ അപൂര്‍വങ്ങളില്‍ അപൂര്‍വത, കാശ്മീരിലെ അബ്ദുല്ല കുടുംബത്തിന് മാത്രമാണ്. ഒരുകാലത്ത് ഭൂമിയുടെ സ്വര്‍ഗമായിരുന്ന,കാശ്മീരിന്റെ ചരിത്രമെഴുതുന്ന ആര്‍ക്കും അവഗണിക്കാന്‍ കഴിയുന്നതല്ല അബ്ദുല്ല കുടുംബത്തെ. ഷേര്‍-ഇ-കാശ്മീര്‍ (കാശ്മീരിന്റെ സിംഹം) എന്നാണ് ഷെയ്ഖ് മുഹമ്മദ് അബ്ദുള്ള അറിയപ്പെട്ടിരുന്നത്. ജനങ്ങളില്‍ ഏറെ സ്വാധീനമുള്ള ഒരു കരിസ്മാറ്റിക് നേതാവായിരുന്നു അദ്ദേഹം. അലിഗഡ് മുസ്ലീം സര്‍വ്വകലാശാലയില്‍ പഠിച്ച, ഷേയ്ഖ് അബ്ദുല്ല ഫ്യൂഡലിസത്തെ ചോദ്യം ചെയ്യുന്ന പുരോഗമന ആശയക്കാരനായിരുന്നു.
മഹാരാജ ഹരിസിങ്ങിനെതിരെ ക്വിറ്റ് കശ്മീര്‍ സമരം നടത്തിയതിന് അബ്ദുള്ള മൂന്ന് വര്‍ഷം തടവിലായി. 1948-ല്‍ ജമ്മു കാശ്മീര്‍ ഇന്ത്യയിലേക്കുള്ള പ്രവേശനത്തിന് തൊട്ടുപിന്നാലെ ഷെയ്ഖ് അബ്ദുല്ല പ്രധാനമന്ത്രിയായി. അന്ന് കാശ്മീരിന് മുഖ്യമന്ത്രിയല്ല പ്രധാനമന്ത്രി പദവിയാണ്. 1953-ല്‍, ഭരണകൂടത്തിനെതിരെ ഗൂഢാലോചന നടത്തിയെന്ന് ആരോപിച്ച് ഷെയ്ഖ് അബ്ദുള്ളയെ 'കശ്മീര്‍ ഗൂഢാലോചനക്കേസില്‍' അറസ്റ്റ് ചെയ്തു. പതിനൊന്ന് വര്‍ഷമാണ് അദ്ദേഹം ജയിലില്‍ കിടന്നത്. 1975-ല്‍ ഇന്ദിര-ഷൈഖ് ഉടമ്പടിക്ക് യുണ്ടായി. ജയില്‍വാസത്തിന് ശേഷം ജമ്മു കശ്മീരിന്റെ മുഖ്യമന്ത്രിയായി അബ്ദുള്ള തിരിച്ചെത്തി. മരണം വരെ അദ്ദേഹം ഈ സ്ഥാനം വഹിച്ചു.
പിന്നീട് മകന്‍ ഡോ ഫാറൂഖ് അബ്ദുല്ല, നാഷണല്‍ കോണ്‍ഫറന്‍സ് എന്ന പാര്‍ട്ടിയുടെ നേതാവായി. കാശ്മീര്‍ മുഖ്യമന്ത്രിയുമായി. ഫാറൂഖും സംസ്ഥാന രാഷ്ട്രീയത്തിലെ ഒരു അതികായന്‍ തന്നെയായിരുന്നു. ഫാറൂഖ് പിന്നീട് ബാറ്റണ്‍ മകന്‍ ഒമറിന് കൈമാറി. അദ്ദേഹവും കാശ്മീര്‍ മുഖ്യമന്ത്രിയായി. ഇത് ചൂണ്ടിക്കാട്ടിയാണ് അബ്ദുല്ല കുടുംബത്തിന്റെ കുടുംബാധിപത്യമെന്ന് പറഞ്ഞ്, അമിത്ഷാ അടക്കമുള്ളവര്‍ കൊണ്ടുപിടിച്ച പ്രചാരണം നടത്തിയിരുന്നത്. പക്ഷേ കാശ്മീരില്‍ അത് വിലപ്പോയില്ല. അതിന് പൊതുവെ മുന്ന് കാരണങ്ങളാണ് ദ ഹിന്ദു ചൂണ്ടിക്കാട്ടുന്നത്. ഒന്ന് കാശ്മീര്‍ ജനതക്ക് ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിനോടുള്ള കടുത്ത പ്രതിഷേധം. ജമ്മുകാശ്മീരിന്റെ സംസ്ഥാന പദവി പുനസ്ഥാപിക്കണം എന്ന് പറഞ്ഞായിരുന്നു ഒമറിന്റെ ക്യാമ്പയിന്‍. രണ്ട് മിതവാദികളും, സമാധാനവാദികളുമായ അബ്ദുല്ല കുടുംബത്തോടുള്ള ജനങ്ങളുടെ കൂറ്. മൂന്ന് വോട്ട് ഭിന്നിക്കാതെ കോണ്‍ഗ്രസുമായി ചേര്‍ന്ന് എന്‍ സി ഉണ്ടാക്കിയ തന്ത്രപരമായ സഖ്യം.
വിമര്‍ശനങ്ങള്‍ എന്തൊക്കെയുണ്ടായാലും, ഒരിക്കലും ഭീകരവാദികളെ പാലൂട്ടി വളര്‍ത്തിയ ചരിത്രം അബ്ദുല്ല കുടുംബത്തിനില്ല. വ്യക്തി ജീവിതത്തിലും പൊതു ജീവിതത്തിലും മതേതരവാദികളാണ് അവര്‍. അതുപോലെ കാശ്മീരി പണ്ഡിറ്റുകള്‍ സംസ്ഥാനത്തേക്ക് തിരിച്ചുവരണം എന്ന് അഭിപ്രായപ്പെടുന്നവരാണ് ഒമര്‍ അബ്ദുല്ലയും കൂട്ടരും. അപ്പോള്‍ തമ്മില്‍ ഭേദം തൊമ്മന്‍ എന്ന നിലയില്‍ അവര്‍ക്ക് വോട്ടുവീണതില്‍ അത്ഭുതമില്ല. മറിച്ച് ബിജെപിയാവട്ടെ, വോട്ട് ഭിന്നിപ്പിക്കാനായി കാശ്മീര്‍ ജമാഅത്തെ ഇസ്ലാമിയുടെയും, ഒരുകാലത്ത് അവരുടെ സായുധ വിഭാഗമായ ഹിസ്ബുള്‍ മുജാഹിദ്ദീന്റെയും പിന്തുണയുള്ള സ്ഥാനാര്‍ത്ഥികള്‍ക്ക് പരോക്ഷ പിന്തുണ കൊടുക്കയായിരുന്നു. ഇത്തരമൊരു നെറികെട്ട കളിയില്‍ തമ്മില്‍ ഭേദമാണ്, ഒമര്‍ എന്നതില്‍ സംശയമില്ല.
യങ്ങസ്റ്റ് എംപി, യങ്ങസ്റ്റ് മിനിസ്റ്റര്‍!
വളരെ ചെറു പ്രായത്തില്‍തന്നെ സ്ഥാനമാനങ്ങള്‍ തളികയില്‍വെച്ച് കിട്ടിയ ഭാഗ്യവാനാണ് ഒമര്‍. ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞ എംപി, ഏറ്റവും പ്രായം കുറഞ്ഞ കേന്ദ്ര മന്ത്രി എന്നീ റെക്കോര്‍ഡുകള്‍ അദ്ദേഹത്തിനാണ്. 1970 മാര്‍ച്ച് 10-ന് യു കെയിലെ എസെക്സിലെ റോച്ച്ഫോര്‍ഡിലാണ് ഒമര്‍ അബ്ദുല്ല ജനിച്ചത്. ഡോ ഫാറൂഖ് അബ്ദുള്ളയും മിശ്ര വിവാഹതിനാണ്. ഇംഗ്ലീഷുകാരിയും നഴ്സുമായ മോളിയാണ് ഒമറിന്റെ അമ്മ. മൂന്ന് പെണ്‍മക്കളും ഒരു ആണ്‍കുട്ടിയുമാണ് ദമ്പതികള്‍ക്കുള്ളത്. തന്റെ ഏക മകന്‍ രാഷ്ട്രീയത്തില്‍ ചേരുന്നതിനോട് അവര്‍ക്ക് ഒട്ടും യോജിപ്പുണ്ടായിരുന്നില്ല. പക്ഷേ പൊളിറ്റിക്സ് ഒരു കുലത്തൊഴില്‍പോലെ ഒമറിന്റെ രക്തത്തില്‍ അലിഞ്ഞുപോയി.
ശ്രീനഗറിലെ സോന്‍വാര്‍ ബാഗില്‍ സ്ഥിതി ചെയ്യുന്ന ബേണ്‍ ഹാള്‍ സ്‌കൂളിലും, പിന്നീട് സനാവറിലെ ലോറന്‍സ് സ്‌കൂളിലുമാണ് ഒമര്‍ പഠിച്ചത്. സിഡെന്‍ഹാം കോളേജ് ഓഫ് കൊമേഴ്‌സ് ആന്‍ഡ് ഇക്കണോമിക്‌സില്‍ നിന്ന് ബീകോം ബിരുദം. രാഷ്ട്രീയത്തില്‍ പ്രവേശിക്കുന്നതിന് മുമ്പ് 29 വയസ്സ് വരെ ഐടിസി ലിമിറ്റഡിലും, ഒബ്റോയ് ഗ്രൂപ്പിലും ജോലി ചെയ്തു. അക്കാലത്ത് അദ്ദേഹത്തിനും രാഷ്ട്രീയത്തില്‍ ഇറങ്ങാന്‍ താല്‍പ്പര്യമില്ലായിരുന്നു. പിന്നീട് സ്ട്രാത്ത്ക്ലൈഡ് സര്‍വ്വകലാശാലയില്‍ നിന്ന് എംബിഎ പഠിച്ചു. പക്ഷേ ലോക്സഭയിലേക്കുള്ള തിരഞ്ഞെടുപ്പിനെത്തുടര്‍ന്ന് അദ്ദേഹം ഈ കോഴ്‌സ് ഉപേക്ഷിച്ചു. നാഷണല്‍ കോണ്‍ഫറന്‍സിന് ഒരു യുവ മുഖം വേണമെന്ന പാര്‍ട്ടിയുടെ തീരുമാനമാണ് അദ്ദേഹത്തെ പൊളിറ്റിക്സില്‍ എത്തിച്ചത്. ആ വിലയിരുത്തല്‍ ശരിയുമായിരുന്നു. നല്ല ഭംഗിയില്‍ ഇംഗ്ലീഷ് സംസാരിക്കാന്‍ കഴിയുന്ന, സുമുഖനായ ആ യുവാവ് വളരെപെട്ടന്ന് താരമായി.
1998-ല്‍, 28-ാം വയസ്സില്‍, ഒമര്‍ അബ്ദുള്ള ലോക്സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. 1998-99 കാലഘട്ടത്തില്‍, ഗതാഗതവും ടൂറിസവും സംബന്ധിച്ച കമ്മിറ്റിയിലും, ടൂറിസം മന്ത്രാലയത്തിന്റെ കണ്‍സള്‍ട്ടേറ്റീവ് കമ്മിറ്റിയിലും അദ്ദേഹം അംഗമായി. 1999-ല്‍ ഒമര്‍ പതിമൂന്നാം ലോക്‌സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. 1999 ഒക്ടോബര്‍ 13-ന് അദ്ദേഹം വാജ്പേയ് മന്ത്രിസഭയില്‍ വാണിജ്യ വ്യവസായ സഹമന്ത്രിയായി. അതോടെ ഏറ്റവും പ്രായം കുറഞ്ഞ കേന്ദ്രമന്ത്രി എന്ന പേരും ഒമറിന് ലഭിച്ചു. പിന്നീട് വിദേശകാര്യ സഹ മന്ത്രിയായപ്പോഴും അദ്ദേഹം ശരിക്കും തിളങ്ങിയിരുന്നു. ഒരു നടന്‍ കൂടിയാണ് ഒമര്‍. അപൂര്‍വ ലഖിയയുടെ മിഷന്‍ ഇസ്താംബുള്‍ (2008) എന്ന സിനിമയില്‍ അദ്ദേഹം ഒരു വേഷം ചെയ്തതും ശ്രദ്ധിക്കപ്പെട്ടിരുന്നു. കവി എന്ന നിലയിലും ഒമര്‍ അരക്കൈ നോക്കിയിട്ടുണ്ട്.
38ാം വയസ്സില്‍ മുഖ്യമന്ത്രി
പാര്‍ട്ടി പ്രവര്‍ത്തനങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനായി 2002 ഡിസംബര്‍ 23-ന് ഒമര്‍ മന്ത്രി സ്ഥാനമൊഴിഞ്ഞു. 2002 ജൂണ്‍ 23-ന്, പിതാവ് ഫാറൂഖ് അബ്ദുള്ളയ്ക്ക് പകരമായി അദ്ദേഹം നാഷണല്‍ കോണ്‍ഫറന്‍സ് പാര്‍ട്ടിയുടെ പ്രസിഡന്റായി. പക്ഷേ 2002 സെപ്തംബര്‍-ഒക്ടോബര്‍ മാസങ്ങളില്‍ നടന്ന കശ്മീര്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ അദ്ദേഹത്തിന് ഗന്ദര്‍ബാല്‍ സീറ്റ് നഷ്ടപ്പെട്ടു. 2006-ല്‍ ഒമര്‍ അബ്ദുള്ള നാഷണല്‍ കോണ്‍ഫറന്‍സ് പാര്‍ട്ടിയുടെ പ്രസിഡന്റായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു.
2006 മാര്‍ച്ചില്‍, ഒമര്‍ അബ്ദുള്ള പാകിസ്ഥാന്‍ പ്രസിഡന്റ് പര്‍വേസ് മുഷറഫുമായി ഇസ്ലാമാബാദില്‍ ഒരു കൂടിക്കാഴ്ച നടത്തി . ജമ്മു കശ്മീരിലെ ഒരു മുഖ്യധാരാ രാഷ്ട്രീയക്കാരനും പാകിസ്ഥാന്‍ സര്‍ക്കാരും തമ്മിലുള്ള ഇത്തരത്തിലുള്ള ആദ്യ കൂടിക്കാഴ്ചയായിരുന്നു ഇത്. പക്ഷേ അത് വലിയ പ്രതീക്ഷകള്‍ക്ക് ഒപ്പം വിമര്‍ശനവും ഉണ്ടാക്കി. ആരെയം ആകര്‍ഷിക്കാന്‍ കഴിയുന്ന തീപ്പൊരി പ്രാസംഗികന്‍ കൂടിയാണ്, ഒമര്‍. 2008 ജൂലൈ 22ന്, വിശ്വാസ വോട്ടിനിടെ ഒമര്‍ ഒരു പ്രസംഗം നടത്തി പ്രസംഗമൊക്കെ ആരാധകര്‍ ഇന്നും കൊണ്ടാടുകയാണ്.
തിരിച്ചടികളും ഒരുപാട് കിട്ടിയ നേതാവാണ് ഒമര്‍. 2002- ലെ സംസ്ഥാന അസംബ്ലി തിരഞ്ഞെടുപ്പില്‍ സ്വന്തം സീറ്റായ ഗന്ദര്‍ബാല്‍ നഷ്ടപ്പെട്ടു
2002-ല്‍ കോണ്‍ഗ്രസ്- പി.ഡി.പി സഖ്യമാണ് കാശ്മീരില്‍ അധികാരത്തില്‍ വന്നത്. കോണ്‍ഗ്രസ് നേതാവ് ഗുലാം നബി ആസാദായിരുന്നു മുഖ്യമന്ത്രി. അമര്‍നാഥ് ഭൂമി കൈമാറ്റവുമായി ബന്ധപ്പെട്ട പ്രക്ഷോഭമാണ് ഗുലാം നബി സര്‍ക്കാറിനെ താഴെയിറക്കിയത്. പക്ഷേ 2008-ല്‍ നാഷണല്‍ കോണ്‍ഫറന്‍സും കോണ്‍ഗ്രസും തിരഞ്ഞെടുപ്പിനുശേഷം സഖ്യമുണ്ടാക്കി. കുടുംബ കുത്തകയായ ഗന്ദര്‍ബാല്‍ സീറ്റ് ഒമര്‍ തിരിച്ചുപിടിച്ചു. അങ്ങനെ 38 കാരനായ അയാള്‍ സംസ്ഥാന ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ മുഖ്യമന്ത്രിയായി. ജമ്മു കാശ്മീരിന്റെ പതിനൊന്നാമത് മുഖ്യമന്ത്രിയായി ഒമര്‍ 2009 ജനുവരി 5-ന് സത്യപ്രതിജ്ഞ ചെയ്തു. പക്ഷേ മുഖ്യമന്ത്രി എന്ന നിലയില്‍ അദ്ദേഹത്തിന്റെ പ്രകടനം ശരാശരി മാത്രമായിരുന്നു. താഴ്വരയിലെ തീവ്രവാദത്തെ അമര്‍ച്ചചെയ്യാനും വികസനം കൊണ്ടുവരാനും, കാര്യമായി ഒന്നും ചെയ്യാന്‍ അദ്ദേഹത്തിന് ആയിട്ടില്ല.
2009-ല്‍ ഷോപ്പിയാനില്‍ രണ്ട് യുവതികളെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവം മറച്ചുവെച്ചതിന് ഒമര്‍ അബ്ദുള്ളയ്‌ക്കെതിരെ കേസെടുത്തിരുന്നു. ഇത്തരത്തിലുള്ള നിരവധി വിവാദങ്ങളിലും അദ്ദേഹം പെട്ടിട്ടുണ്ട്. 2014-ല്‍ സഖ്യത്തില്‍നിന്ന് പിന്‍മാറിയത് നാഷനല്‍ കോണ്‍ഫറന്‍സിനും കോണ്‍ഗ്രസിനും ഒരുപോലെ തിരിച്ചടിയായി. 2014-ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ കനത്ത പരാജയം ഏറ്റുവാങ്ങിയശേഷം ഒമര്‍ ട്വിറ്ററില്‍ പോസ്റ്റ് ചെയ്ത വരികള്‍ ഇപ്പോള്‍ വീണ്ടും വൈറലാണ്. 'സമാധാനമായിരിക്കൂ, കാരണം ഞാന്‍ തിരിച്ചുവരും' എന്നാണ് അദ്ദേഹം അന്ന് പോസ്റ്റ് ചെയ്തിരുന്നത്. ഒമര്‍ അന്നുപറഞ്ഞ തിരിച്ചുവരവാണ് ഇപ്പോള്‍ സംഭവിച്ചിരിക്കുന്നതെന്നാണ് സാമൂഹിക മാധ്യമങ്ങളില്‍ അദ്ദേഹത്തിനെ പിന്തുണയ്ക്കുന്നവരുടെ അഭിപ്രായം.
ചാരത്തില്‍നിന്ന് തിരിച്ചുവരവ്
2018-ല്‍ നിയമസഭ പിരിച്ചുവിട്ട് ജമ്മു കശ്മീര്‍ സംസ്ഥാനം ഇല്ലാതാകുന്നതിന് മുമ്പ്, കശ്മീര്‍ നിയമസഭയിലെ പ്രതിപക്ഷ നേതാവായിരുന്നു അദ്ദേഹം. സംസ്ഥാന പദവി റദ്ദാക്കിയതിന് തൊട്ടുപിന്നാലെ വീട്ടുതടങ്കലിലാക്കപ്പെട്ട കാശ്മീരിലെ പ്രധാന രാഷ്ട്രീയ നേതാക്കളില്‍ ഒമറും ഉള്‍പ്പെട്ടിരുന്നു. പബ്ലിക് സേഫ്റ്റി ആക്ട് (പി.എസ്.എ) പ്രകാരം കേസെടുത്ത് ഒന്നരമാസത്തിലധികമാണ് കേന്ദ്രസര്‍ക്കാര്‍ വീട്ടുതടങ്കലിലാക്കിയത്. അബ്ദുള്ളയുടെ സഹോദരി സാറാ അബ്ദുല്ല പൈലറ്റിനെയും തടങ്കലില്‍ വച്ചിരുന്നു. ഇതിനെതിരെ സുപ്രീം കോടതിയില്‍ ഒരു റിട്ട് ഹര്‍ജി സമര്‍പ്പിച്ചു. സാറയെ സുപ്രീം കോടതിയില്‍ ഹാജരാക്കാനുള്ള ഹേബിയസ് കോര്‍പ്പസും ഹര്‍ജിയിയും വാര്‍ത്തയായി.
ഒമര്‍ അബ്ദുല്ലയുടെ രാഷ്ട്രീയ ജീവിതത്തിലെ ഏറ്റവും വലിയ തിരിച്ചടിയാണ് കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പില്‍ ഉണ്ടായത്. ബാരാമുള്ള മണ്ഡലത്തില്‍, ജയിലില്‍ കിടന്ന് മത്സരിച്ച സ്വതന്ത്ര സ്ഥാനാര്‍ഥി എഞ്ചിനീയര്‍ റാഷിദിനോട് നാലര ലക്ഷം വോട്ടുകള്‍ക്കാണ് ഒമര്‍ പരാജയം ഏറ്റുവാങ്ങിയത്. തീവ്രവാദ ബന്ധത്തിന്റ പേരില്‍ അറസ്റ്റിലായ ഒരു വ്യക്തിയെയാണ് ജനം ഇത്രമേല്‍ സ്നേഹിക്കുന്നത് എന്നതും ഞെട്ടിക്കുന്നതായിരുന്നു. അവിടെയും വേറിട്ട് മത്സരിച്ചതാണ് കോണ്‍ഗ്രസിനും എന്‍സിക്കും വിനയായത്.
ഇതോടെ ഒമര്‍ അബ്ദുല്ല ശരിക്കും തകര്‍ന്നുപോയിരുന്നു. അദ്ദേഹം ഇങ്ങനെ പറഞ്ഞു. ''ജമ്മു-കശ്മീരിന് സംസ്ഥാനപദവി പുനഃസ്ഥാപിക്കുന്നതുവരെ ഇനി ഞാന്‍ തിരഞ്ഞെടുപ്പില്‍ മത്സരിക്കില്ല'. പക്ഷേ മാസങ്ങള്‍ക്കിപ്പുറം കാശ്മീരില്‍ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചപ്പോള്‍ അദ്ദേഹം ഈ ശപഥം മറന്നു. ഒന്നല്ല രണ്ടുമണ്ഡലങ്ങളിലാണ് ഒമര്‍ ജനവിധി തേടിയത്. ഇതേക്കുറിച്ചുള്ള വിമര്‍ശനങ്ങളെക്കുറിച്ച് അദ്ദേഹം ഇങ്ങനെ പറഞ്ഞു. 'രണ്ടു സീറ്റുകളില്‍ ഞാന്‍ മത്സരിക്കുന്നതു ബലഹീനതയല്ല. അത് നാഷനല്‍ കോണ്‍ഫറന്‍സിന്റെ ശക്തിയുടെ തെളിവാണ്. ബാരാമുല്ല, അനന്ത്നാഗ്, ശ്രീനഗര്‍ എന്നിവിടങ്ങളിലെല്ലാം നാഷനല്‍ കോണ്‍ഫറന്‍സിന് അനുകൂല ട്രെന്‍ഡാണു കാണുന്നത്. കഴിഞ്ഞ 5-6 വര്‍ഷമായി ഉയര്‍ന്ന അഴിമതി ആരോപണങ്ങളെല്ലാം അന്വേഷിക്കും. ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതില്‍ ജനം സന്തുഷ്ടരല്ല'- ഫലം വന്നപ്പോള്‍ രണ്ടുമണ്ഡലങ്ങളിലും അദ്ദേഹം ജയിക്കുകയും ചെയ്തു.
പക്ഷേ തികഞ്ഞ അവസാരവാദിയെന്ന വിമര്‍ശനവും ഒമറിനുനേരെ ഉയര്‍ന്നുവന്നിട്ടുണ്ട്. എന്നും ബിജെപിയെ എതിര്‍ക്കുന്ന, നാഷണല്‍ കോണ്‍ഫറന്‍സ് വാജ്പേയ് സര്‍ക്കാറില്‍ ചേര്‍ന്നത് ഒരു ഉദാഹരണം. പി.ഡി.പിക്കും അത്തരം അവസരവാദ നിലപാടുകളുടെ സമ്പന്ന ചരിത്രമുണ്ട്. പക്ഷേ ബിജെപിയുമായി ചേര്‍ന്നതിനെ ഇന്നും ഒമര്‍ തള്ളിപ്പറയുന്നില്ല. വാജ്പേയുമായി ഒന്നിച്ച് പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞത് തന്റെ ഭാഗ്യമാണെന്നാണ് ഒമര്‍ ഒരു അഭിമുഖത്തില്‍ പറയുന്നത്. രാഷ്ട്രീയമായി എതിര്‍ക്കുമ്പോഴും വ്യക്തിബന്ധം സൂക്ഷിക്കാന്‍ അദ്ദേഹം എന്നും ശ്രമിച്ചിട്ടുണ്ട്. മോദിയുമായും അദ്ദേഹം നല്ല ബന്ധം നിലനിര്‍ത്തുന്നു.
ജമ്മു കാശ്മീരിന് പ്രത്യേക പദവിയും സംസ്ഥാന പദവിയും നഷ്ടമാണിപ്പോള്‍. സംസ്ഥാന പദവി തിരികെ നല്‍കണമെന്ന് സുപ്രീംകോടതി 2023ല്‍ നിര്‍ദ്ദേശിച്ചിരുന്നു. ഇതിനു വേണ്ടി ആദ്യം തെരഞ്ഞെടുപ്പ് നടത്തണമെന്നും നിര്‍ദ്ദേശിക്കപ്പെട്ടു. ഇനി സംസ്ഥാന പദവിക്കും പ്രത്യേക പദവിക്കും വേണ്ടി കേന്ദ്ര സര്‍ക്കാരുമായി ഒമര്‍ പോരാട്ടത്തില്‍ ഏര്‍പ്പെടേണ്ടി വരുമെന്ന് ഉറപ്പാണ്.
പുലിവാലായ വിവാഹമോചനം
ഒമര്‍ അബ്ദുല്ലയുടെ സ്വകാര്യജീവിത്തിന്റെ പേരിലും ഏറെ വിവാദങ്ങള്‍ ഉണ്ടായിട്ടുണ്ട്. മിശ്രവിവാഹം എന്നത് അദ്ദേഹത്തിന് പുത്തരിയല്ല. പിതാവും, സഹോദരിയും ആ വഴിയാണ് തെരഞ്ഞെടുത്തത്. ഒമറിന്റെ ഇളയ സഹോദരി സാറയെ വിവാഹം കഴിച്ചത് രാജേഷ് പൈലറ്റിന്റെ മകന്‍ സച്ചിന്‍ പൈലറ്റിനെയാണ്. ഒമറും മിശ്ര വിവാഹിതനാണ്. ഡല്‍ഹിയിലെ വിരമിച്ച സൈനിക ഉദ്യോഗസ്ഥനായ രാം നാഥിന്റെ മകള്‍ പായല്‍ നാഥിനെയാണ് അദ്ദേഹം, പ്രണയിച്ച് വിവാഹം കഴിച്ചത്.
ഭാര്യയെ ഒരിക്കലും മതം മാറ്റാനോ തന്റെ ഇഷ്ടത്തിനനുസരിച്ച് ജീവിക്കാനോ ഒമര്‍ നിര്‍ബന്ധിച്ചിട്ടില്ല. ഡല്‍ഹി ഒബ്‌റോയ് ഹോട്ടലില്‍ മാര്‍ക്കറ്റിങ് ഓഫിസറായി ജോലി ചെയ്യുന്ന കാലത്താണ് ഒമര്‍, ഇവിടെ ജീവനക്കാരിയായിരുന്ന പായല്‍ നാഥിനെ പരിചയപ്പെടുന്നത്. പിന്നീട് 1994-ല്‍ ഇവര്‍ രജിസ്റ്റര്‍ വിവാഹം ചെയ്തു. ഇവര്‍ക്ക് സഹീര്‍, സമീര്‍ എന്നു പേരുള്ള രണ്ട് ആണ്‍മക്കളും ഉണ്ടായി. 2011-ലാണ് പായലുമായുള്ള ദാമ്പത്യ ജീവിതം അവസാനിപ്പിക്കുന്നതായി ഒമര്‍ അബ്ദുല്ല പ്രഖ്യാപിക്കുന്നത്. മറ്റൊരാളെ വിവാഹം കഴിക്കാനുള്ള നീക്കമാണെന്നു വ്യാപക പ്രചാരണമുണ്ടായെങ്കിലും ഒമര്‍ തന്നെ നേരിട്ട് ഈ അഭ്യൂഹങ്ങളെല്ലാം തള്ളിക്കളഞ്ഞു.
2012-ല്‍ പായലില്‍ നിന്ന് വിവാഹ മോചനം ആവശ്യപ്പെട്ട് ഒമര്‍ അബ്ദുല്ല കോടതിയെ സമീപിച്ചു. ദാമ്പത്യ ജീവിതത്തില്‍ പായല്‍ അതീവ ക്രൂരയാണെന്നു ചൂണ്ടിക്കാട്ടിയായിരുന്നു വിവാഹ മോചനം ആവശ്യപ്പെട്ടത്. ആരോപണങ്ങളെല്ലാം തന്നെ പായല്‍ അഭിഭാഷകന്‍ മുഖേന നിഷേധിച്ചു. അതിനിടെ കേന്ദ്ര മന്ത്രിയായിരിക്കെ ഒമര്‍ അബ്ദുല്ലയുടെ ഔദ്യോഗിക വസതിയായിരുന്ന അക്ബര്‍ റോഡിലെ സ്പൗളിങ് ബംഗ്ലാവില്‍ നിന്ന് ഇറങ്ങണമെന്ന് ആവശ്യപ്പെട്ട് ജമ്മു കാശ്മീര്‍ സര്‍ക്കാര്‍ പായലിന് നോട്ടിസ് നല്‍കിയവും വാര്‍ത്തയായി. 1999-ല്‍ കേന്ദ്ര മന്ത്രിയായിരിക്കെ ലഭിച്ച ഔദ്യോഗിക വസതി പിന്നീട് ജമ്മു കാശ്മീര്‍ മുഖ്യമന്ത്രിയായപ്പോഴും ഒമര്‍ കൈവശം വച്ചിരിക്കുകയായിരുന്നു.
ഭര്‍ത്താവിന് കേന്ദ്ര സര്‍ക്കാര്‍ അനുവദിച്ച വീടാണിതെന്നും ഒഴിഞ്ഞു കൊടുക്കാന്‍ ആവശ്യപ്പെടാന്‍ ജമ്മു കശ്മീര്‍ സര്‍ക്കാരിന് അധികാരമില്ലെന്നും ചൂണ്ടിക്കാട്ടി പായല്‍ കോടതിയെ സമീപിച്ചു. പക്ഷേ, അനുകൂല വിധി ലഭിച്ചില്ല. തനിക്കും മക്കള്‍ക്കും ഇസഡ് പ്ലസ് സുരക്ഷ വേണമെന്നും അവരെക്കൂടി ഉള്‍പ്പെടുത്താന്‍ കഴിയുന്ന ഒരു വീട് വേണമെന്നുമായിരുന്നു പായലിന്റെ ആവശ്യം. എന്നാല്‍, പായിലിന് ഡല്‍ഹിയില്‍ അത്ര സുരക്ഷ ഭീഷണിയില്ലെന്നായിരുന്നു അന്നത്തെ കേന്ദ്ര സര്‍ക്കാര്‍ കോടതിയില്‍ വ്യക്തമാക്കിയത്. പിന്നീട് ഈ വീട് ഒഴിഞ്ഞു കൊടുക്കേണ്ടി വന്നു.
തൊട്ടു പിന്നാലെ തന്നെ തനിക്കും മക്കള്‍ക്കും പ്രതിമാസം 15 ലക്ഷം രൂപ ജീവനാംശം ആവശ്യപ്പെട്ട് പായല്‍ കോടതിയെ സമീപിച്ചു. തനിക്ക് വിവാഹ മോചനത്തില്‍ താല്‍പര്യമില്ലെന്നും തന്നെയും മക്കളെയും ഒമര്‍ അബ്ദുല്ല അവഗണിക്കുകയാണെന്നുമായിരുന്നു പായലിന്റെ വാദം. പായലിന് സുഖ ജീവിതം നയിക്കാനുള്ള വരുമാനം ഉണ്ടെന്നായിരുന്നു ഒമറിന്റെ വാദം. എന്നാല്‍, താന്‍ പിതാവിനെ ആശ്രയിച്ചാണ് ജീവിക്കുന്നതെന്നായിരുന്നു അവരുടെ നിലപാട്. പായല്‍ അബ്ദുല്ലയ്ക്ക് പ്രതിമാസം 1,50,000 രൂപ നല്‍കാന്‍ സിംഗിള്‍ ബെഞ്ച് ഉത്തരവിട്ടിരുന്നു. പായലിനും രണ്ട് ആണ്‍മക്കള്‍ക്കും മാന്യമായ ജീവിത നിലവാരം നല്‍കാനുള്ള ഒമര്‍ അബ്ദുല്ലയുടെ സാമ്പത്തിക ശേഷി ഉണ്ടെന്നായിരുന്നു കോടതിയുടെ വിലയിരുത്തല്‍. ഒമര്‍ അബ്ദുല്ലയുടെ ജീവിത നിലവാരം കൂടി കണക്കിലെടുത്തായിരുന്നു ഉത്തരവ്. മക്കളുടെ വിദ്യാഭ്യാസത്തിന് പ്രതിമാസം 60,000 രൂപ നല്‍കണമെന്നും നിര്‍ദേശിച്ചു വിവാഹ മോചനം ആവശ്യപ്പെട്ട് ഒമര്‍ നല്‍കിയ അപേക്ഷ കുടുംബ കോടതി തള്ളുകയും ചെയ്തു.
ഇതോടെ വിവാഹ മോചനം ആവശ്യപ്പെട്ട്, ഒമര്‍ ഡല്‍ഹി ഹൈക്കോടതിയില്‍ ഹരജി നല്‍കി. ഇത് 2016-ല്‍ ഡല്‍ഹി ഹൈക്കോടതി തള്ളിപായല്‍ അബ്ദുള്ളയുടെ ക്രൂരതയായി ഒമര്‍ അബ്ദുള്ള നടത്തിയ ആരോപണങ്ങള്‍ അവ്യക്തമാണെന്ന കുടുംബ കോടതിയുടെ ഉത്തരവ് ഡല്‍ഹി ഹൈക്കോടതി അംഗീകരിക്കുകയായിരുന്നു.ശാരീരികമോ മാനസികമോ ആയ ക്രൂരത എന്ന് വിളിക്കാവുന്ന ഒരു പ്രവൃത്തിയും തെളിയിക്കാന്‍ ഒമര്‍ അബ്ദുല്ലയ്ക്ക് കഴിഞ്ഞിട്ടില്ലെന്നും കോടതി വ്യക്തമാക്കി. തന്റെ ദാമ്പത്യബന്ധം തകര്‍ന്നുവെന്നും, 2007 മുതല്‍ താന്‍ ദാമ്പത്യബന്ധം ആസ്വദിച്ചിട്ടില്ലെന്നുമാണ് ഒമര്‍ അബ്ദുല്ല കോടതിയില്‍ വാദിച്ചിരുന്നത്. ഡല്‍ഹി ഹൈക്കോടതിയാവട്ടെ ജീവനാശം 1.5 ലക്ഷം രൂപയാക്കി വര്‍ധിപ്പിക്കുകയും ചെയ്തു.
ഇതെല്ലാം വാര്‍ത്തകള്‍ ആയതോടെ തന്റെ മക്കളുടെ സ്വകാര്യതയെ ബാധിക്കയാണെന്ന തിരിച്ചറിവ് ഒമറിനും ഉണ്ടായി. ഇതോടെ ഇരുവരും പരസ്പരം ധാരണയിലെത്തി. അങ്ങനെയാണ് ഈ കേസ് അസസാനിച്ചത്. മക്കളുമായി ഇപ്പോഴും ഒമര്‍ നല്ല ബന്ധം പുലര്‍ത്തുന്നു. പക്ഷേ അവര്‍ ആരും തന്നെ പിതാവിനെപ്പോലെ രാഷ്ട്രീയത്തില്‍ താല്‍പ്പര്യമുള്ളവര്‍ അല്ല. ഷെയ്ഖ് അബ്ദുല്ല തുടങ്ങിയ കുടുംബത്തിന്റെ രാഷ്ട്രീയ ചരിത്രം ഒമറില്‍ അവസാനിക്കാനാണ് സാധ്യത.
വാല്‍ക്കഷ്ണം: കാശ്മീരിന്റെ രാഷ്ട്രീയ ചരിത്രം നോക്കുമ്പോള്‍ വാഷ് ഔട്ടായിപ്പോയത് മുന്‍ മുഖ്യമന്ത്രികൂടിയായ ഗുലാം നബി ആസാദാണ്. ഒരുകാലത്ത് കാശ്മീരിലെ ഏറ്റവും സ്വാധീനശേഷിയുള്ള കോണ്‍ഗ്രസ് നേതാവായിരുന്ന ഗുലാം നബി, പിന്നീട് പാര്‍ട്ടി വിട്ട് പുതിയ സംഘടനയുണ്ടാക്കി. ചില മണ്ഡലങ്ങളില്‍ ഇവര്‍ സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചെങ്കിലും പിന്നീട് പിന്‍വാങ്ങുകയായിരുന്നു.