- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ലിറ്റര്‍ പാലിന് 250 രൂപവരെയായി തകര്‍ന്ന രാജ്യത്തിന് എങ്ങനെ ഭീകരരെ സഹായിക്കാന്‍ കഴിയുന്നു? വെള്ളിയാഴ്ചയിലെ ക്രൗഡ് ഫൗണ്ടിങ്ങിലുടെ കിട്ടിയത് 200 കോടി; പണവും ആധുധവും നല്കി ഐഎസ്ഐ; ഡ്രഗ് മണിയിലുടെ കോടികള്‍; ജീവകാരുണ്യസഹായവും ജിഹാദികളിലേക്ക്; പാക് ഭീകരതയുടെ സാമ്പത്തിക സൂത്രം!
പാക് ഭീകരതയുടെ സാമ്പത്തിക സൂത്രം!
ഒരു കിലോ ചിക്കന് ആയിരം രൂപയും, ഒരു ലിറ്റര്‍ പാലിന് 250 രൂപയമുള്ള ഒരു രാജ്യം! രാത്രി 9 മണി കഴിഞ്ഞാല്‍ ഗ്രാമങ്ങളില്‍ വൈദ്യുതിയില്ല.ആട്ടക്ക് കിലോ 400 രൂപ, പഞ്ചസാരക്ക് 200. ചായപ്പൊടിയില്ലാതെ ജനം ചായകുടി നിര്‍ത്തി. 250 ഗ്രാം ചെറുനാരങ്ങക്ക് 234രൂപ. നെയ്യ് കിലോഗ്രാമിന് 2,895. പെട്രോളിന് ലിറ്ററിന് 252 രൂപ. ഇതുപോലെ വിലക്കയറ്റമുള്ള ഒരു രാജ്യത്തെ ഭൂമിയിലെ നരകം എന്ന് വിശേഷിപ്പിക്കാമെങ്കില്‍ അതില്‍ ഒരു തെറ്റുമില്ല. അതാണ്, പാക്കിസ്ഥാന്‍ എന്ന ഇന്ത്യയുടെ നിതാന്ത ശത്രുരാജ്യത്തിന്റെ അവസ്ഥ. സാമ്പത്തികമായി പാപ്പരായതിനെ തുടര്‍ന്ന് ലോകബാങ്കില്‍നിന്നൊക്കെ കടമെടുത്തും, ഗള്‍ഫ് രാജ്യങ്ങളില്‍നിന്ന് സഹായം വാങ്ങിയൂമൊക്കെയാണ്, 'ജിന്നയുടെ വിശുദ്ധ നാട്' തട്ടിമുട്ടി കടന്നുപോവുന്നത്.
പക്ഷേ ഇങ്ങനെ പട്ടിണി രാഷ്ട്രമാണെങ്കിലും പാക്കിസ്ഥാനില്‍ ഒരു കാര്യത്തിന് യാതൊരു കുറവുമില്ല. മത ഭീകരതക്കും ഇന്ത്യാവിരുദ്ധതക്കും. പഹല്‍ഗാമില്‍ നടന്ന ഭീകരാക്രമണങ്ങള്‍ക്ക് പിന്നിലും, പാക്കിസ്ഥാന്‍ തന്നെയാണെന്നതില്‍ ആര്‍ക്കും സംശമില്ല. പക്ഷേ അപ്പോള്‍ ഉയര്‍ന്നുവരുന്ന ഒരു പ്രധാന ചോദ്യമുണ്ട്. ഇത്രയും സാമ്പത്തിക പ്രതിസന്ധിയിലുടെ കടന്നുപോവുന്ന പാക്കിസ്ഥാന് കോടികള്‍ മുടക്കി ഈ ഭീകരരെ ചെല്ലിനും ചെലവിനും കൊടുത്ത് കൊണ്ടുപോകാന്‍ കഴിയുമോ? എവിടെനിന്നാണ് തീവ്രവാദികള്‍ക്ക്് പണം വരുന്നത്? പാക് ഭീകരതയുടെ സാമ്പത്തികശാസ്ത്രമെന്താണ്? ശരിക്കും അതൊരു ഞെട്ടിക്കുന്ന കഥയാണ്.
'ഭീകര പ്രവര്‍ത്തനത്തിന് ബജറ്റ് വിഹിതം'!
എല്ലാ വര്‍ഷവും ബജറ്റ് അവതരിപ്പിക്കുമ്പോള്‍, ഓരോ ഇനം തിരിച്ച് പണം അനുവദിക്കുന്നത് നാം കണ്ടിട്ടുണ്ട്. ദേശീയപാതാ വികസനത്തിന് ഇത്ര, റെയില്‍വേക്ക് ഇത്ര, ടൂറിസം മേഖലക്ക് ഇത്ര എന്ന രീതിയിലൊക്കൊ. എന്നാല്‍ പാക്കിസ്ഥാനെ സംബന്ധിച്ച് ഭീകര പ്രവര്‍ത്തനത്തിന് ബജറ്റ് വിഹിതം അനുവദിച്ചിരിക്കുന്ന ലോകത്തിലെ എക രാഷ്ട്രമാണ് എന്നാണ് പൊതുവെയുള്ള പരിഹാസം! പാക് പ്രതിരോധ ബജറ്റിന്റെ മറവിലാണ് ലഷ്‌ക്കര്‍ ഇ ത്വയ്യിബക്കും, ജെയ്ഷെ മുഹമ്മിദുമെല്ലാം ഫണ്ട് കൊടുത്ത് ഭീകരതയെ പാലൂട്ടി വളര്‍ത്തുന്നത്. പാക്ക് പ്രതിരോധത്തിന്റെ നിര്‍ണ്ണായക ഭാഗമായാണ് ഇന്റര്‍ സ്റ്റേറ്റ് ഇന്റലിജന്‍സ് ( ഐഎസ്ഐ) എന്ന ചാര സംഘടനയെ അവര്‍ കാണുന്നത്. അതുകൊണ്ടുതന്നെ ആരോടും അക്കൗണ്ടബിള്‍ അല്ലാത്ത, അണ്‍ ഓഡിറ്റബിള്‍ ആയ ധാരാളം പണം ഐഎസ്ഐയിലുടെ കടന്നുപോവുന്നുണ്ട്. ശത്രുരാജ്യങ്ങളിലെ ചാരമ്മാര്‍ക്കുള്ള പണം വരെ ഇങ്ങനെയാണ് കൊടുക്കുന്നത് എന്നാണ് പറയുക.
പക്ഷേ ഈ ഐഎസ്ഐ ഫണ്ട് എന്നത് പാക്കിസ്ഥാന് നല്ലൊരു മറയാണ്. അത് അവര്‍ കൊടുത്തിരുന്നത് ലഷ്‌ക്കറിനും ജെയ്ഷെ മുഹമ്മദിനുമൊക്കെയാണ്. അത് എത്ര കോടിയുണ്ടെന്നുപോലും ആര്‍ക്കും അറിയില്ല. കഴിഞ്ഞ കുറച്ചുകാലമായി കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായതോടെ പാക്കിസ്ഥാന്‍ ഈ ഫണ്ടില്‍ വന്‍ തോതില്‍ കുറച്ചു. കാശ്മീര്‍ ഭീകരര്‍ക്ക് ക്ഷീണം തട്ടാനുള്ള പ്രധാന കാരണങ്ങളിലൊന്നും അതുതന്നെയാണ്. ഇന്ത്യന്‍ ആര്‍മി പൂര്‍ണ്ണമായും നിഷ്പക്ഷവും രാജ്യത്തിന് വിധേയവുമാണെങ്കില്‍, മൂന്ന് പട്ടാള അട്ടിമറികള്‍ കണ്ട പാക്കിസ്ഥാനില്‍, ആര്‍മി എന്നത് അതിശക്തമായ ഒരു പൊളിറ്റിക്കല്‍ എന്‍ഡിറ്റി കൂടിയാണ്. സൈനിക മേധാവിയെന്നത് പലപ്പോഴും പ്രധാനമന്ത്രിയേക്കാള്‍ പവര്‍ ഉള്ള പോസ്റ്റാണ്. അതുപോലെ ശക്തമായ അധികാരകേന്ദ്രമാണ്, ഐഎസ്ഐ തലവന്‍ എന്നതും. ഭീകരവാദികളും സര്‍ക്കാരും തമ്മിലുള്ള കോഡിനേഷന്‍ നിര്‍വഹിക്കുന്നത് ഐഎസ്ഐ തലവനാണ്. ഇപ്പോള്‍ പാക് സൈനിക മേധാവിയായ അസീം മുനീര്‍ നേരത്തെ ഐഎസ്ഐ തലവനായിരുന്നു. അയാള്‍ക്ക് ഭീകരതയുടെ ഗ്രാസ് റൂട്ട് നന്നായി അറിയാം. നേരത്തെ ഇമ്രാന്‍ഖാനുമായുള്ള പ്രശ്നത്തിന്റെ പേരില്‍, അധികാരം നഷ്ടമായ മുനീറിന് തുണയായത് സൈന്യത്തിന്റെ പിന്തുണയാണ്.
വെറുതെ പണം കൊടുത്ത് മാറിനില്‍ക്കുക മാത്രമല്ല ഐഎസ്ഐ ചെയ്യുന്നത്. ഇന്ത്യാവിരുദ്ധ പ്രവര്‍ത്തനത്തിനായുള്ള എല്ലാ പരിശീലനവും അവര്‍ ചെയ്തുകൊടുക്കും. മുംബൈ ഭീകരാക്രമണത്തില്‍വരെ നാം അത് കണ്ടതാണ്. അജ്മല്‍ കസബ് അടക്കമുള്ളവരെ പരിശീലിപ്പിച്ചത് ഐഎസ്ഐയാണ്. ചാവേറുകള്‍ക്കായി പാക്ക് സൈനിക ഉദ്യോഗസ്ഥര്‍ നേരിട്ട് വന്നാണ് ട്രെനിനിങ്ങ് കൊടുക്കാറുള്ളത്. പാവപ്പെട്ട വീട്ടിലെ കുട്ടികളെ കണ്ടെത്തി വളരെ ചെറുപ്പത്തില്‍ തന്നെ റിക്രൂട്ട് ചെയ്താനും ലഷ്‌ക്കറും, ജെയ്ഷെയും അടക്കമുള്ള സംഘടനകള്‍ പ്രവര്‍ത്തിക്കുന്നത്. ഇത്തരം ഭീകരവാദകേന്ദ്രങ്ങള്‍ക്ക് സമീപത്തായി മദ്രസയും ഉണ്ടാവും. അവിടെ പഠിപ്പിക്കുകയും ഇതേ ടീം ആണ്. അവര്‍ കൃത്യമായി കുട്ടികളെ മതം കുത്തിവെച്ച് വഴിതിരിച്ചുവിടും. ഇന്ത്യാവിരുദ്ധമായ ഓഡിയോകളും വീഡിയോകളും കേള്‍പ്പിച്ച്, മതസ്വര്‍ഗത്തിനുവേണ്ടി മരിക്കുന്ന പാകത്തിലേക്ക് അവന്റെ മാനസികാവസ്ഥ മാറ്റിക്കും.
ഇന്ത്യന്‍ അതിര്‍ത്തിയിയിലൂടെ നുഴഞ്ഞുകയറ്റം എങ്ങനെ നടത്തണം എന്നുപോലും, പഠിപ്പിക്കുന്നത് പാക് ആര്‍മിയാണ്. അഫ്ഗാന്‍ പോലുള്ള ഏതാനും നാടുകള്‍ ഒഴിച്ചാല്‍ ഇന്ന്, ലോകത്തിലെ ഒരു സൈന്യവും ഭീകര്‍ക്ക് നേരിട്ട് പരിശീലനം നല്‍കുന്നില്ല. എ കെ 47 അടക്കമുള്ള ആയുധങ്ങള്‍ അവര്‍ക്ക് എത്തിക്കുന്നതും ഐഎസ്ഐ വഴിയാണ്. ഇതൊക്കെ പകല്‍പോലെ വ്യക്തമായിട്ടും ഭീകരതയുമായി തങ്ങള്‍ക്ക് യാതൊരു ബന്ധവുമില്ലെന്ന് പാക്കിസ്ഥാന്‍ പറയുന്നതാണ് ഈ നൂറ്റാണ്ടിലെ ഏറ്റവും വലിയ കോമഡി!
ഡ്രഗ് മണിയിലുടെ കോടികള്‍
ലോകത്തിലെ മുന്‍നിര കറുപ്പ് ഉല്‍പ്പാദക രാജ്യമായായ അഫ്ഗാനിസ്ഥാനുമായുള്ള സാമീപ്യം, മയക്കുമരുന്നുകളുടെ വിതരണ കേന്ദ്രമാക്കി പാക്കിസ്ഥാനെയും മാറ്റുന്നു. മയക്കുമരുന്ന് കടത്തില്‍നിന്നുള്ള ലാഭം തീവ്രാദ പ്രവര്‍ത്തനങ്ങള്‍ക്ക് നന്നായി ഉപയോഗിക്കപ്പെടുന്നുണ്ട്. 'നാര്‍ക്കോട്ടികസ് ഈസ് എ ഡേര്‍ട്ടി ബിസിനസ്' എന്ന് ഇവിടെയാരും പറയാറില്ല. അഫ്ഗാനിസ്ഥാനിലെ താലിബാന്റെ നിലനില്‍പ്പുതന്നെ ഡ്രഗ് മണിയിലുടെയാണ്. ഒരു സര്‍ക്കാര്‍ തന്നെ നേരിട്ട് ലഹരി വ്യവസായത്തിന് കൂട്ടുനില്‍ക്കയാണ്! അഫ്ഗാന്‍ ഗ്രാമങ്ങളില്‍ ആയിരക്കണക്കിന് ഏക്കറുകളിലായാണ് ജനം പോപ്പിച്ചെടി നട്ടുവളര്‍ത്തുന്നത്. ഇത് നല്‍കുന്നത് ഭരണകക്ഷിയായ താലിബാന്റെ ആളുകള്‍ തന്നെയാണ്. ഈ പോപ്പിച്ചെടിയില്‍നിന്നുള്ള കറുപ്പ് എടുത്ത് അതിനെ കുടില്‍ വ്യവസായംപോലം വാറ്റി ഹെറോയിന്‍ ആക്കി മറ്റുരാഷ്ട്രങ്ങളില്‍ എത്തിച്ച് വില്‍ക്കയാണ് താലിബാന്റെ പ്രധാന വരുമാനം മാര്‍ഗം. അവര്‍ അത് ഉപയോഗിക്കുകയില്ല, വില്‍ക്കുന്നുവെന്ന് മാത്രം. ഈ മയക്കുമരുന്ന് ലോകത്തിന്റെ നാനാഭാഗത്തേക്ക് കയറ്റുമതി ചെയ്യാന്‍ അഫ്ഗാനെ ഏറ്റവും കൂടുതല്‍ സഹായിക്കുന്നത് പാക് ഭീകരരാണ്. ഇതില്‍നിന്നുള്ള ലാഭമാണ് സംഘടനയുടെ സാമ്പത്തിക പ്രതിസന്ധികള്‍ പരിഹരിക്കുന്നത്.
2021-ല്‍, ഗുജറാത്തിലെ മുന്ദ്ര തുറമുഖത്ത് 21,000 കോടി രൂപ വിലമതിക്കുന്ന ഏകദേശം 3,000 കിലോഗ്രാം ഹെറോയിന്‍ അധികൃതര്‍ പിടിച്ചെടുത്തു. ടാല്‍ക്കം പൗഡറായി ഒളിപ്പിച്ച് അഫ്ഗാനിസ്ഥാനില്‍ നിന്ന് ഇറാന്‍ വഴി കയറ്റി അയച്ച ഈ മയക്കുമരുന്ന് ഒരു സങ്കീര്‍ണ്ണമായ കള്ളക്കടത്ത് പ്രവര്‍ത്തനത്തിന്റെ ഭാഗമായിരുന്നു. ഭീകരതയ്ക്ക് ഫണ്ട് സ്വരൂപിക്കുന്നതിനായി ലഷ്‌കര്‍ ഇ ത്വയ്യിബയാണ് ഈ ചരക്ക് നീക്കിയതെന്ന് എന്‍.ഐ.എ വെളിപ്പെടുത്തി. ഈ മയക്കുമരുന്ന് വില്‍പ്പനയില്‍ നിന്നുള്ള പണം ആയുധങ്ങള്‍ വാങ്ങാനും പഹല്‍ഗാം കൂട്ടക്കൊല ഉള്‍പ്പെടെയുള്ള ആക്രമണങ്ങള്‍ ആസൂത്രണം ചെയ്യാനും ഉപയോഗിച്ചതായി അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ ഐശ്വര്യ ഭാട്ടി സുപ്രീം കോടതിയെ അറിയിച്ചത് വാര്‍ത്തയായിരുന്നു.
ഡല്‍ഹിയിലെ വെയര്‍ഹൗസുകളിലാണ് മയക്കുമരുന്ന് സൂക്ഷിച്ചിരുന്നത്. ഇന്ത്യന്‍ യുവാക്കള്‍ക്ക് ലഹരിക്ക് അടിമപ്പെടാനും അസ്ഥിരപ്പെടുത്താനും ലക്ഷ്യമിട്ടാണ് ഇവ വിതരണം ചെയ്തത് എന്നും എന്‍ഐഎ പറയുന്നു. അഫ്ഗാന്‍ വിതരണക്കാര്‍, ഇറാനിയന്‍ ഇടനിലക്കാര്‍, പാകിസ്ഥാന്‍ ഭീകരര്‍ എന്നിവര്‍ ഉള്‍പ്പെട്ടതാണ് ആഗോള നാര്‍ക്കോ-ടെറര്‍ ശൃംഖലയെന്നാണ് എന്‍ഐഎയുടെ വാദം. അക്രമത്തിന് ധനസഹായം നല്‍കുക മാത്രമല്ല, ഇന്ത്യന്‍ യുവാക്കളെ ലഹരിക്ക് അടിമകളാക്കി നശിപ്പിക്കുക എന്ന ലക്ഷ്യവും ഇവര്‍ക്കുണ്ട്.
ഇന്ത്യയിലേക്ക് മാത്രമല്ല, അമേരിക്കയിലേക്കും യൂറോപ്പിലേക്കുമൊക്കെ ഇങ്ങനെ ശതകോടികളുടെ മയക്കുമരുന്ന് പോവുന്നുണ്ട്. ആ നാര്‍ക്കോട്ടിക്ക് ശൃംഖല പൂര്‍ണ്ണമായും തകര്‍ക്കാന്‍ ഇനിയും കഴിയുന്നില്ല. ദുബൈ, ഖത്തര്‍, തുര്‍ക്കി, ഇറാന്‍ തുടങ്ങിയ രാജ്യങ്ങളില്‍നിന്നും, മയക്കുമരുന്ന് നെറ്റ് വര്‍ക്കിലേക്ക് ധാരാളം കണ്ണികള്‍ വരുന്നു. തീവ്രവാദികളും കള്ളക്കടുത്തുകാരും ഒന്നിക്കയാണ് ഇതിലൂടെ ചെയ്യുന്നത്. ഇപ്പോള്‍ അമേരിക്കയും യൂറോപ്പുമൊക്കെ ഈ വിപത്ത് തിരിച്ചറിയുന്നുണ്ട്. പാക്കിസ്ഥാനിലെ ഭീകരരെ തകര്‍ക്കേണ്ടത് ഇന്ത്യയുടെ മാത്രം ആവശ്യമല്ലാതെയാവുന്നതും അങ്ങനെയാണ്. ഇത് ആദ്യം തിരിച്ചറിഞ്ഞ ഒരു രാജ്യം യുഎസ് ആണ്. ഇന്ന് മെക്സിക്കോ വഴി രാജ്യത്ത് എത്തുന്ന കറുപ്പിന് പിന്നില്‍, തീവ്രവാദ ബന്ധമുണ്ടെന്ന് അമേരിക്കന്‍ സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റ് തിരിച്ചറിഞ്ഞതോടെയാണ്, പാക്കിസ്ഥാനുമായുള്ള അവരുടെ ബന്ധം റിവേഴ്സ് ഗിയറില്‍ ആവാന്‍ തുടങ്ങിയത്.
ജീവകാരണ്യ സഹായം ജിഹാദികളിലേക്ക്
ലഷ്‌കര്‍ ഇ തൊയ്ബയുടെ ജീവകാരുണ്യ വിഭാഗമായ ജമാഅത്ത്-ഉദ്-ദവ പോലുള്ള സംഘടനകള്‍ മാനുഷിക പ്രവര്‍ത്തനങ്ങളുടെ പേരില്‍ ഫണ്ട് സ്വരൂപിക്കുന്നുണ്ട്. ഇതില്‍ ഗണ്യമായ ഒരു വിഭാഗം തീവ്രവാദ പ്രവര്‍ത്തനത്തിനാണ് പോവുന്നത്. ഇതുപോലെ നിരവധി സംഘടനകളുണ്ട്. ഹമാസ് എങ്ങനെയാണോ ഗസ്സയക്ക് കിട്ടുന്ന സഹായം തട്ടിയെടുക്കുന്നത്, അതുപോലെ പാക്കിസ്ഥാന് കൊടുക്കുന്ന പ്രളയം സഹായത്തില്‍ ഒരു ഭാഗംപോലും ഭീകരരുടെ അക്കൗണ്ടുകളില്‍ എത്തുന്നുണ്ട്. അതുകൊണ്ടുതന്നെയാണ് അമേരിക്കയടക്കമുള്ള രാജ്യങ്ങള്‍ ഇപ്പോള്‍ ധനസഹായ പ്രശ്നത്തില്‍ ഏറെ ശ്രദ്ധിക്കുന്നത്. സിയാ ഉള്‍ ഹഖിന്റെയും പര്‍വേസ് മുഷ്റഫിന്റെയുമൊക്കെ കാലത്ത്, ഇങ്ങനെ ഫണ്ട് തിരിച്ചുവിടുന്നതിന് സര്‍ക്കാറിന്റെ ഔദ്യോഗിക സഹായമുണ്ടായിരുന്നു. എന്നാല്‍ ഇപ്പോള്‍ കള്ളപ്പണത്തിനും ഡ്രഗ്മണിക്കും എതിരെ രാജ്യാന്തര തലത്തില്‍ വലിയ കൂട്ടായ്മകള്‍ ഉള്ളതിനാല്‍ കാര്യങ്ങള്‍ പഴതുപോലെ വര്‍ക്കാവുന്നില്ല എന്ന് മാത്രം.
ആഗോള കള്ളപ്പണം വെളുപ്പിക്കല്‍, തീവ്രവാദ ധനസഹായം എന്നിവ നിരീക്ഷിക്കുന്ന സംഘടനയാണ് എഫ്എടിഎഫ് എന്നറിയപ്പെടുന്ന ഫിനാന്‍ഷ്യല്‍ ആക്ഷന്‍ ടാസ്‌ക് ഫോഴ്‌സ്. ഭീകരര്‍ക്ക് പണം നല്‍കരുതെന്ന് പാകിസ്ഥാന് അന്ത്യശാസനവുമായി എഫ്എടിഎഫ്് നേരത്തെ തന്നെ രംഗത്ത് എത്തിയിരുന്നു. 2018 ജൂലൈ മുതല്‍ ഈ ജനുവരി 31 വരെ കള്ളക്കടത്തു പണവും ആഭരണങ്ങളുമായി 20 ബില്യണ്‍ പാക്കിസ്ഥാനി രൂപയാണ് പിടിച്ചെടുത്തത്. 2018ല്‍ സംശയാസ്പദമായ 8,707 ബാങ്ക് ഇടപാടുകള്‍ പാക്കിസ്ഥാനില്‍ നടന്നിട്ടുണ്ട്. 2017ല്‍ ഇത് 5,548 എണ്ണമായിരുന്നു. 2019ജനുവരിയിലും ഫെബ്രുവരിയിലും മാത്രം 1,136 ഇടപാടുകള്‍ നടന്നു.
ഇടപാട് നടത്തിയ 6 ബാങ്കുകള്‍ക്കു പിഴ ശിക്ഷ നല്‍കിയിട്ടുണ്ട്. വ്യാജ ബാങ്ക് അക്കൗണ്ടുകള്‍ തുടങ്ങിയ കേസില്‍ 109 പേര്‍ക്കെതിരെ അന്വേഷണവും നടക്കുന്നു. ഈ വര്‍ഷം മേയ് മാസത്തിനുള്ളില്‍ കൃത്യമായ നടപടികള്‍ എടുക്കണമെന്ന അന്ത്യശാസനമാണ് പാക്കിസ്ഥാന് എഫ്എടിഎഫിന്റെ ഇന്റര്‍നാഷനല്‍ കോഓപ്പറേഷന്‍ റിവ്യൂ ഗ്രൂപ്പ് (ഐസിആര്‍ജി) നല്‍കിയിരിക്കുന്നത്. എഫ്എടിഎഫിന്റെ നിര്‍ദേശങ്ങള്‍ നടപ്പാക്കാന്‍ പാക്കിസ്ഥാനു കഴിഞ്ഞില്ലെങ്കില്‍ കരിമ്പട്ടികയില്‍ പെടുത്തുമെന്നാണ് മുന്നറിയിപ്പ് നല്‍കിക്കഴിഞ്ഞു.
ഹമാസും മറ്റും ചെയ്യുന്നതുപോലെ, മറ്റ് സന്നദ്ധ സംഘടകള്‍ പാക്കിസ്ഥാന് നല്‍കുന്ന സഹായവും ജിഹാദികള്‍ അടിച്ചുമാറ്റുന്നുണ്ട്. മസ്ജിദുകളിലും പൊതുസ്ഥലങ്ങളിലും ധനസമാഹരണത്തിനായി അഭ്യര്‍ത്ഥനകള്‍ നടത്തി ക്രൗഡ് ഫണ്ടിങ്ങ് നടത്തുകയാണ് പ്രധാന പരിപാടി. ക്യുആര്‍ കോഡുകളിലുടെ ഇങ്ങനെ കോടികള്‍ സമാഹരിക്കുന്നു. ക്രൗഡ് ഫണ്ടിങ്ങിലൂടെ സമാഹരിച്ച ഫണ്ടിന്റെ ഒരു ഭാഗം തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്ക് സ്ഥിരമായ വരുമാനം ഉണ്ടാക്കുന്നതിനായി ബിസിനസ്സുകളിലും റിയല്‍ എസ്റ്റേറ്റ് പ്രോജക്റ്റുകളിലും നിക്ഷേപിച്ചതായും, ഫിനാന്‍ഷ്യല്‍ ആക്ഷന്‍ ടാസ്‌ക് ഫോഴ്‌സ് കണ്ടെത്തിയിട്ടുണ്ട്. അങ്ങനെ നോക്കുമ്പോള്‍ പാക് ഭീകരര്‍ക്ക് ദുബൈയിലും ഖത്തറിലുമൊക്കെ കോടികളുടെ ആസ്തിയുണ്ട്. ഈ വര്‍ഷം മാര്‍ച്ചില്‍, 'മണി ലോണ്ടറിങ് ആന്‍ഡ് ടെററിസ്റ്റ് ഫിനാന്‍സിങ് ഇന്‍ ദി ആര്‍ട്‌സ് ആന്‍ഡ് ദി ആന്റിക്‌സ് മാര്‍ക്കറ്റും' എന്ന തലക്കെട്ടിലുള്ള റിപ്പോര്‍ട്ടില്‍ എഫ്എടിഎഫ് ഇക്കാര്യം പറയുന്നുണ്ട്. 200നും 300നും ഇടയിലുള്ള കോടികളാണത്രേ ഇങ്ങനെ ഒറ്റ വെള്ളിയാഴ്ചയിലെ ക്രൗഡ് ഫണ്ടിങ്ങ് കൊണ്ട് ലഷ്‌ക്കര്‍ ഭീകരരടക്കം നേടാറുള്ളത്.
സാമ്പത്തിക നാഡി സജീവം
ഇനി പാക്കിസ്ഥാന്‍ സര്‍ക്കാര്‍ വിചാരിച്ചപ്പോലും തീവ്രവാദത്തിന് ഫണ്ട് കിട്ടുന്നത് നിര്‍ത്താന്‍ കഴിയില്ല. അത് ഹഖാനി നെറ്റ്വര്‍ക്ക് പോലുള്ള ചില ഗ്ലോബല്‍ തീവ്രവാദ ശൃഖലകളുമായി ബന്ധപ്പെട്ട് കിടക്കുന്നതാണ്. നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളുടെ ഒരു ശൃംഖലയിലൂടെയാണ് 'ഭീകരരുടെ ഈ സമ്പദ്വ്യവസ്ഥ' നിലനില്‍ക്കുന്നത്. 1980-കളിലെ സോവിയറ്റ്-അഫ്ഗാന്‍ യുദ്ധകാലത്താണ് ഈ സമ്പദ്വ്യവസ്ഥ രൂപപ്പെടുന്നത്. അന്ന് പാക്കിസ്ഥാനിലെ മുജാഹിദ്ദീനുകളും അഫ്ഗാനിലെ അധിനിവേശത്തിനെതിരെ പോരാടിയിരുന്നു. ആ സമയത്ത് സോവിയറ്റ് യൂണിയതിരായ പോരാട്ടത്തിന് അമേരിക്ക നന്നായി ഫണ്ട് ചെയ്തിരുന്നു. അതിന്റെ ഒരു ഭാഗമാണ് സത്യത്തില്‍ 90കളില്‍ കാശ്മരിനെ കലുഷിതമാക്കിയ തീവ്രവാദി ആക്രമണങ്ങളുടെയും മൂലധനം.
86ല്‍ സോവിയറ്റ്-അഫ്ഗാന്‍ യുദ്ധകാലത്ത്, ആഗോള ഇസ്ലാലാമിക സഹായത്തിനായി ഉണ്ടാക്കിയതാണ്, ജാമില്‍ അല്‍-റഹ്‌മാന്‍ സ്ഥാപിച്ച ജമാഅത്ത് അല്‍ ദവ അല്‍ ഖുറാന്‍. ഈ സംഘടന നിരവധി അറബ് വളണ്ടിയര്‍മാരെ ആതിഥേയത്വം വഹിക്കുകയും സൗദി- കുവൈറ്റ് ബിസിനസുകാരില്‍ നിന്ന് ധനസഹായം സ്വീകരിക്കുകയും ചെയ്തു. 1991-ല്‍ കുനാര്‍ പ്രവിശ്യയില്‍ ഒരു ഇസ്ലാമിക മിനി-സ്റ്റേറ്റ് ആയ കുനാര്‍ ഇസ്ലാമിക് എമിറേറ്റ് സ്ഥാപിക്കാന്‍ ഈ ഗ്രൂപ്പിന് കഴിഞ്ഞു.എന്നാല്‍ 1991-ല്‍ ഇവര്‍ തകര്‍ന്നു. അതേകാലത്താണ് ഹഖാനി നെറ്റ്വര്‍ക്ക് എന്ന സാധനവും രൂപീകൃതമായത്. ആഗോളവ്യാപകമായി ഇസ്ലാമിക സംഘടനകള്‍ക്ക് പണമെത്തിക്കുന്ന, അഫ്ഗാന്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന സംഘടന ഇപ്പോഴും സജീവമാണ്. ഈ വലക്കണ്ണിയിലുടെ ഹാഫിസ് സെയ്ദിനുവരെ പണം എത്തിയിട്ടുണ്ട്.
ഇപ്പോള്‍ ഈ നെറ്റ്വര്‍ക്ക്മൂലം പാക്കിസ്ഥാന്‍ വിചാരിച്ചാലും തീവ്രവാദ ഫണ്ടിങ്ങ് തടയാന്‍ പറ്റാത്ത അവസ്ഥയാണ്. ലഷ്‌ക്കര്‍ ഇ ത്വയിബ സ്ഥാപകനേതാവ്, ഹാഫിസ് സയീദ് നിലവില്‍ തീവ്രവാദ പ്രവര്‍ത്തനത്തിന് പണം സ്വരൂപിച്ച കേസില്‍ പാക് ജയിലില്‍ 33 വര്‍ഷത്തെ ശിക്ഷ അനുഭവിക്കുകയാണ്. പാക്കിസ്ഥാന്‍ തീവ്രവാദ വിരുദ്ധ വകുപ്പാണ് ഹാഫിസിനെതിരെ കേസ് ഫയല്‍ ചെയ്തത്. പക്ഷേ എന്നിട്ടും തീവ്രവാദികള്‍ക്ക് പണം എത്തുന്നു. ജയില്‍ ശിക്ഷ എന്നൊക്കെ പുറമെ പറയുകയാണ്. ഹാഫീസ് വീട്ടുതടങ്കലിലാണ് എന്ന് പറയാം. സത്യത്തില്‍ ഇന്ത്യന്‍ തിരിച്ചടികളില്‍നിന്ന് അയാളെ രക്ഷിക്കാന്‍ സംരക്ഷണം കൊടുക്കയാണ് പൊലീസ് ചെയ്യുന്നത്.
പക്ഷേ ഭീകരതയെ പ്രോല്‍സാഹിപ്പിക്കുന്നതിലെ ഏറ്റവും പ്രധാനപ്പെട്ടകാര്യം ഇനി പറയുന്നതാണ്. പാക്കിസ്ഥാന് ഓക്സിജന്‍ പോലെയാണ് ഭീകരത. വെള്ളമില്ലെങ്കിലും, ഭക്ഷണമില്ലെങ്കിലും അവര്‍ സഹിക്കും. പക്ഷേ മതപ്രചോദിതമായ ഇന്ത്യാവിരുദ്ധമായ ഭീകരപ്രവര്‍ത്തനമില്ലെങ്കില്‍ അവര്‍ക്ക് പിടിച്ചുനില്‍ക്കാന്‍ കഴിയില്ല! പാക്കിസ്ഥാനിലെ എക്്സ് മുസ്ലീമും പ്രവാസിയുമായ അന്‍വര്‍ അലി അത് തുറന്ന് പറഞ്ഞിട്ടുണ്ട്. -''മദ്രസകള്‍ തൊട്ട് സര്‍വകലാശാലകളില്‍വരെ മതം അടിച്ചുകയറ്റി, അവര്‍ ജനങ്ങളെ ആ രീതിയിലാക്കി മാറ്റിയിരിക്കുന്നു. പാക്കിസ്ഥാനില്‍ പൊതുജനങ്ങള്‍ക്കിടയില്‍ ഒരു സര്‍വേ എടുത്തുനോക്കു. നിങ്ങള്‍ക്ക് സുഭിക്ഷമായി ജീവിക്കയാണോ വേണ്ടത് അതോ ഇന്ത്യക്കെതിരെ ജിഹാദ് ചെയ്യുകയാണോ വേണ്ടത് എന്ന് ചോദിച്ചാല്‍, 80 ശതമാനത്തിന്റെയും ഉത്തരം രണ്ടാമത്തേതിന് അനുകൂലമായിരിക്കും''- അന്‍വര്‍ അലി ചൂണ്ടിക്കാട്ടി. പുറമേ ഭീകരാക്രമണത്തെ അപലപിക്കുമ്പോഴും പാക്കിസ്ഥാനിലെ 80 ശതമാനം ജനങ്ങളും പരോക്ഷമായി ഭീകര്‍ക്ക് ഒപ്പമാണ് എന്നതാണ് യാഥാര്‍ത്ഥ്യം! അത് മനസ്സിലാക്കിയുള്ള കാര്‍ഡാണ് അവിടുത്തെ ഭരണാധികാരികള്‍ ഇറക്കുന്നത്.
പഴുതടക്കാന്‍ ഇന്ത്യ
പാക്കിസ്ഥാനെ പൂര്‍ണ്ണമായും ഭീകരവിമുക്തമാക്കാന്‍ കഴിയില്ലെങ്കിലും, അവരുടെ സാമ്പത്തിക നാഡി അടുത്തുമാറ്റാനുള്ള ശ്രമം കൂടിയാണ് ഇന്ത്യ ഇപ്പോള്‍ നടത്തുന്നത്. പഹല്‍ഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യ അട്ടാരി ചെക്ക്‌പോസ്റ്റ് അടക്കുകയും, യുദ്ധ ഭീതിയില്‍ പ്രതിരോധ ബജറ്റ് വര്‍ധിപ്പിച്ചതുമെല്ലാം പാക്കിസ്ഥാനില്‍ കനത്ത വിലക്കയറ്റത്തിന് ഇടയാക്കുകയാണ്. വളവും മരുന്നു മടക്കമുള്ള പല സാധനങ്ങളും പാക്കിസ്ഥാനില്‍ വരുന്നത് ഇന്ത്യയില്‍നിന്നാണ്. സംഘര്‍ഷം തുടര്‍ന്നാല്‍ പാക്കിസ്ഥാന്റെ സാമ്പത്തിക സ്ഥിതി ഒന്നുകൂടി മോശമാവും. നിലവില്‍ ഒരു ഡോളറിന്റെ മൂല്യം 281പാകിസ്ഥാന്‍ രൂപയ്ക്ക് തുല്യമാണ്. അതേസമയം ഇന്ത്യന്‍ രൂപയെ അപേക്ഷിച്ചും വളരെ കുറഞ്ഞ മൂല്യമാണ് പാക്കിസ്ഥാനി രൂപയ്ക്ക്. 0.30 പൈസ മാത്രമാണ് ഒരു പാക്കിസ്ഥാനി രൂപയുടെ നിലവിലെ മൂല്യം.
പാക്കിസ്ഥാന്‍ ആസ്ഥാനമായുള്ള വിമാനക്കമ്പനികളുടെ എല്ലാ വിമാനങ്ങള്‍ക്കും ഇന്ത്യ വ്യോമാതിര്‍ത്തി അടച്ചിരിക്കയാണ്. പാക്കിസ്ഥാന്‍ ഇന്റര്‍നാഷണല്‍ എയര്‍ലൈന്‍സിന്റെ വിമാനങ്ങള്‍ ചൈന വഴി ക്വാലാലംപൂര്‍ പോലുള്ള സ്ഥലങ്ങളിലേക്ക് വഴിതിരിച്ചുവിടുകയാണ്. ഇത് അധികം സമയം ചെലവും, സാമ്പത്തിക ബാധ്യതും പാക്കിസ്ഥാന് ഉണ്ടാക്കും. പാക്കിസ്ഥാനില്‍നിന്നുള്ള എല്ലാവസ്തുക്കളുടെയും ഇറക്കുമതി ഇന്ത്യ നിരോധിച്ചിരിക്കയാണ്. ഏപ്രില്‍ 24ന് അട്ടാരിയിലെ ഇന്റര്‍ഗ്രുറ്റഡ് ചെക്ക് പോസ്റ്റ് അടച്ചുപൂട്ടിയെങ്കിലും, പാക്കിസ്ഥാന്‍ ഉല്‍പ്പന്നങ്ങള്‍ മൂന്നാം രാജ്യങ്ങള്‍ വഴി ഇന്ത്യയില്‍ എത്തിയിരുന്നു.ഇപ്പോള്‍ ആ പഴുതുകൂടി ഇന്ത്യ അടച്ചിരിക്കയാണ്. ഡ്രൈ ഫ്രൂട്ട്സ്, ഈത്തപ്പഴം, ജിപ്സം, സിമന്റ്, ഗ്ലാസ്, ഔഷധ സസ്യങ്ങള്‍ തുടങ്ങിയവയാണ് പാക്കിസ്ഥാനില്‍നിന്ന് പ്രധാനമായും ഇന്ത്യയില്‍ എത്തുന്നത്. പാക് ഉല്‍പ്പന്നങ്ങളെ ഇന്ത്യ കാര്യമായി ആശ്രയിക്കുന്നില്ലെങ്കിലും, ഈ നീക്കം പാക് സമ്പദ്വ്യവസ്ഥയെ ക്ഷീണിപ്പിക്കുന്നതായിരിക്കും.
ഇന്ത്യന്‍ തുറമുഖങ്ങളില്‍ പാക്കിസ്ഥാന്‍ കപ്പലുകള്‍ പ്രവേശിക്കുന്നതും ഇന്ത്യ നിരോധിച്ചിരിക്കുകയാണ്. 2023-24 ല്‍ പാക്കിസ്ഥാനിലുടെയുള്ള ഇന്ത്യയുടെ കയറ്റുമയി 118 കോടി ഡോളര്‍ ആയിരുന്നു. ഇറക്കുമതി 28.8 ലക്ഷം ഡോളറിന്റെതും. ഇറക്കുമതി നിരോധിച്ചതിനേക്കാള്‍ ഇന്ത്യയില്‍ിന്നുള്ള കയറ്റുമതി നിര്‍ത്തിവെച്ചത് പാക് വ്യവസായങ്ങള്‍ക്ക് കനത്ത ആഘാതമാണ് ഉണ്ടാക്കുക. ജൈവ രാസവസ്തുക്കള്‍, ഔഷധം, പ്ലാസ്റ്റിക്ക്, വാഹന ഘടകങ്ങള്‍. ദുബൈ പോലുള്ള മൂന്നാം കക്ഷി റൂട്ടുകളിലുടെ പാക്കിസ്ഥാനിലേക്ക്് ഇന്ത്യന്‍ വസ്തുകള്‍ക്കള്‍ കയറ്റുമതി ചെയ്യുന്നില്ലെന്ന് ഉറപ്പാക്കാനും ഇന്ത്യ ശ്രദ്ധ പുലര്‍ത്തുന്നുണ്ട്. ഇങ്ങനെ എല്ലാ കണക്ഷനും ഇല്ലാതാക്കി പാക്കിസ്ഥാനെ സാമ്പത്തികമായി ദുര്‍ബലപ്പെടുത്താന്‍ ഇന്ത്യ ശ്രമിക്കുന്നുണ്ട്. രക്തം ചിന്തിയ യുദ്ധത്തേക്കാള്‍ ചിലപ്പോള്‍ ഫലം ചെയ്യുക രക്തം ചിന്താത്ത യുദ്ധമായിരിക്കും.
വാല്‍ക്കഷ്ണം: ജനങ്ങള്‍ക്ക് തിന്നാനും കുടിക്കാനുമൊന്നുമില്ലെങ്കിലും, പാക്കിസ്ഥാന്‍ ഭരണാധികാരികള്‍ക്ക് അതൊന്നും വിഷയമല്ല. ഇന്ത്യയുടെ ആയുധ ശക്തിക്കുമുന്നില്‍ അരമണിക്കൂര്‍ പിടിച്ചു നില്‍ക്കാന്‍ പോലും പാക്കിസ്ഥാന് കഴിയില്ല. പക്ഷേ എന്നിട്ടും പാക് പട്ടാള മേധാവിയുടെയൊന്നും വാചകമടിക്ക് യാതൊരു കുറവുമില്ല. ദാവൂദ് ഇബ്രാഹീമിനുപോലും കൊട്ടാരം പണിതുകൊടുത്ത് ഇപ്പോഴും സംരക്ഷിച്ച് കൊണ്ടിരിക്കയാണ് അവര്‍!