- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബലാല്‍ത്സംഗം ഭയന്ന് പുരുഷന്മാര്‍ പെണ്‍മക്കളെയും ഭാര്യയെയും വെട്ടിക്കൊന്ന കാലം; ജഡങ്ങള്‍ നിറഞ്ഞ രക്തതീവണ്ടികള് അതിര്‍ത്തി കടന്ന കാലം; ജനനേന്ദ്രിയം വരെ മുറിച്ചുമാറ്റിയ അരുംകൊലകളുടെ കാലം; മരിച്ചത് 20 ലക്ഷത്തോളം പേര്‍, കുടിയിറക്കപ്പെട്ടത് രണ്ടു കോടി; വിഭജന ഭീതി ദിനം ഓര്‍മ്മപ്പെടുത്തുന്നത്!
വിഭജന ഭീതി ദിനം ഓര്‍മ്മപ്പെടുത്തുന്നത്!
1947 ആഗസ്റ്റ് 14 രാത്രി. അര്‍ദ്ധരാത്രിയില്‍ സ്വാതന്ത്ര്യ നിമിഷത്തിനു മുമ്പ് പ്രമേയം അവതരിപ്പിച്ചുകൊണ്ട് നടത്തേണ്ട പ്രസംഗത്തിന്റെ കരട് ഒരിക്കല്‍ കൂടി വായിച്ചശേഷം അത്താഴത്തിനിരുന്ന നെഹ്റുവിന് ഒരു ഫോണ്‍ കോള്‍. ലഹോറില്‍ നിന്നാണ്. വിഭജനത്തില്‍ പാക്കിസ്ഥാനിലായ ഹിന്ദുക്കള്‍ കൂട്ടക്കൊല ചെയ്യപ്പെടുകയാണ്. ഇതറിഞ്ഞാല്‍ ഡല്‍ഹിയിലും ഇന്ത്യന്‍ ഭാഗത്തെ പഞ്ചാബിലും, ബംഗാളിലും മറ്റും പ്രതികാരക്കൊല നടന്നേക്കാം. ആഭ്യന്തരമന്ത്രി പട്ടേലിനെയും മറ്റു ബന്ധപ്പെട്ട ഉദോഗസ്ഥരെയും വിതുമ്പിക്കൊണ്ടാണ് നെഹ്റു ഇക്കാര്യം അറിയിച്ചത്. കരഞ്ഞുകൊണ്ട് പുതിയ രാഷ്ട്രത്തിന്റെ ചുമതല ഏറ്റെടുക്കാന്‍ പോവുന്ന ഒരു പ്രധാനമന്ത്രിയുടെ അവസ്ഥ!
അതേസമയം പാക്കിസ്ഥാന്റെ നിയുക്തതലസ്ഥാനമായ കറാച്ചിയില്‍ മുഹമ്മദ് അലി ജിന്നയ്ക്ക് അധികാരക്കൈമാറ്റം നടക്കുകയായിരുന്നു. മടങ്ങവേ വിമാനത്തിലിരുന്ന് ആ കാഴ്ചകണ്ട്, അധികാര കൈമാറ്റത്തിന് ചുക്കാന്‍ പിടിച്ച അവസാനത്തെ വൈസ്രോയി മൗണ്ട് ബാറ്റണ്‍ ഞെട്ടി. ഇരു പഞ്ചാബിലെയും നൂറുകണക്കിന് വീടുകളും കട കമ്പോളങ്ങളും ആളിക്കത്തിക്കൊണ്ടിരിക്കുന്നു! അവക്കിടയിലൂടെ നുഴഞ്ഞുനീങ്ങുന്ന പതിനായിരക്കണക്കിനു മനുഷ്യരും കാളവണ്ടികളും.. തലയില്‍ കൈവെച്ചാണ് മൗണ്ട് ബാറ്റണ്‍ ആ കാഴ്ച കണ്ടത്.
അതേസമയം ഗാന്ധിജി കല്‍ക്കട്ടയിലെ കലാപബാധിത പ്രദേശങ്ങളിലായിരുന്നു. സ്വാതന്ത്ര്യദിന സന്ദേശത്തിന് എത്തിയ റിപ്പോര്‍ട്ടറെ 'ഞാന്‍ ആകെ വരണ്ടുപോയി' ( ഐ ബികേം ഡ്രൈ) എന്ന് പറഞ്ഞ് ഗാന്ധിജി മടക്കിയച്ചു. ആ സമയത്തും സര്‍ സിറിള്‍ റാഫ് ക്ലിഫ് വരച്ച വിഭജന രേഖയുടെ അപ്പുറത്തും ഇപ്പുറത്തുമായി നൂറുകണക്കിന് മനുഷ്യരുടെ ജീവന്‍ പോയ്ക്കൊണ്ടിരിക്കയായിരുന്നു.
ചോരയിലൂടെയാണ് രണ്ട് പുതിയ രാഷ്ട്രങ്ങളും പിറന്നത്. മനുഷ്യചരിത്രത്തിലെ ഏറ്റവും വലിയ 10 ദുരന്തങ്ങളില്‍ ഒന്നായി ഇന്ത്യാ വിഭജനത്തെ കണക്കാക്കപ്പെടുന്നു. കലാപത്തിലും പലായനത്തിലുമായി 20 ലക്ഷത്തോളം പേര്‍ മരിച്ചെന്നാണ് കണക്ക്. രണ്ടു കോടിയോളംപേര്‍ കുടിയിറക്കപ്പെട്ടു. വിഭജനത്തിന്റെ ഉണങ്ങാത്ത മുറിവ് ഇന്നും ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിന് തീരാവേദനയായി നില്‍ക്കുന്നു.
ഒരു സംശയവുമില്ല, വിഭജനം ഒരു ഭീതിതന്നെയാണ്. ഇപ്പോള്‍ കേരളത്തിലും വിഭജന ഓര്‍മ്മകള്‍ വീണ്ടും വന്നത് ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കറിലുടെയാണ്. ഓഗസ്റ്റ് 14-ന് വിഭജന ഭീതി ദിനം ആചരിക്കണമെന്ന് സംസ്ഥാനത്തെ സര്‍വകലാശാലകള്‍ക്ക് രാജ്ഭവന്‍ നിര്‍ദേശം നല്‍കിയതാണ് വിവാദമായത്.
ഇന്ത്യാവിഭജനം എത്രത്തോളം ഭീകരമായിരുന്നുവെന്ന് ജനങ്ങളെ ബോധ്യപ്പെടുത്തുകയെന്നതാണ് ലക്ഷ്യം. പരിപാടികള്‍ സംഘടിപ്പിക്കാന്‍ അതതു സര്‍വകലാശാല വിസിമാര്‍ പ്രത്യേക ആക്ഷന്‍ പ്ലാനുകള്‍ രൂപവത്കരിക്കണമെന്നും നിര്‍ദേശമുണ്ട്. പക്ഷേ ഇത് സംഘപരിവാര്‍ അജണ്ടയാണെന്ന് പറഞ്ഞ്, മുഖ്യമന്ത്രിയടക്കമുള്ളവര്‍ പ്രതിഷേധിക്കുന്നുമുണ്ട്.
ബന്ധുക്കള്‍ ശത്രുക്കളായ കാലം
പക്ഷേ കേന്ദ്ര സര്‍ക്കാര്‍ 2021 മുതല്‍ ഓഗസ്റ്റ് 14-ന് വിഭജന ഭീതി ദിനം ആചരിച്ചുവരുന്നുണ്ട്. ഇന്ത്യ- പാക് വിഭജനത്തിന്റെ ഓര്‍മയ്ക്കായി ഓഗസ്റ്റ് 14 'വിഭജനഭീതി' ദിനമായി ആചരിക്കണമെന്ന് നേരത്തെ പ്രധാനമന്ത്രി നരേന്ദ്ര മോദി ആഹ്വാനം ചെയ്തിരുന്നു. കഴിഞ്ഞവര്‍ഷം യുജിസിയും 'വിഭജന ഭീതി ദിനം' ആചരിക്കണമെന്ന് നിര്‍ദേശം നല്‍കിയിരുന്നു. ഇതിന്റെ ഭാഗമായാണ് ഇത്തവണ സര്‍വകലാശാലകള്‍ക്കും ഇത്തരത്തിലൊരു നിര്‍ദേശം നല്‍കിയിരിക്കുന്നത് എന്നാണ് രാജ്ഭവന്‍ പറയുന്നത്. വിഭജനം എത്രത്തോളം ഭീതിജനകമായിരുന്നു എന്നതു സംബന്ധിച്ച് സെമിനാറുകള്‍, നാടകങ്ങള്‍ എന്നിവ സംഘടിപ്പിക്കാനും വിസിമാരോട് ഗവര്‍ണര്‍ നിര്‍ദേശിച്ചിട്ടുണ്ട്.
ലോകംകണ്ട ഏറ്റവും വലിയ പലായനങ്ങളില്‍ ഒന്നിനാണ് ഇന്ത്യാവിഭജന പ്രഖ്യാപനം വഴിയൊരുക്കിയത്. ബ്രിട്ടീഷ് ഇന്ത്യയുടെ അവസാന വൈസ്രോയി ബൗണ്ട് ബാറ്റന്‍ 1947 ജൂണ്‍ മൂന്നിനാണ് അവിഭക്ത ഇന്ത്യയെ മതാടിസ്ഥാനത്തില്‍ ഇന്ത്യയും പാകിസ്ഥാനുമായി മുറിക്കുമെന്ന് പ്രഖ്യാപിച്ചത്. ബ്രിട്ടീഷ് പാര്‍ലമെന്റ് പാസാക്കിയ 'ഇന്ത്യ ഇന്‍ഡിപെന്‍ഡന്‍സ് ആക്ട് 1947' പ്രകാരമാണ് വിഭജനം നടന്നത്. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്, മുസ്ലിംലീഗ്, സിഖ് സമുദായത്തിന്റെ നിയമസഭാ പ്രതിനിധികള്‍ എന്നിവര്‍ വിഭജനപദ്ധതിയില്‍ ഒപ്പിട്ടു. ഇതോടെ വിഭജനം അംഗീകരിക്കപ്പെടുകയും ഇന്ത്യക്ക് സ്വാതന്ത്ര്യം നല്‍കാനുള്ള നടപടി ആരംഭിക്കുകയും ചെയ്തു.
ബ്രിട്ടീഷുകാര്‍ വിഭജനം പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെ കൂട്ടക്കൊലകള്‍ ആരംഭിച്ചു. അയല്‍ക്കാര്‍ അയല്‍ക്കാരെ കൊന്നൊടുക്കി. ബാല്യകാല സുഹൃത്തുക്കള്‍ ബദ്ധ ശത്രുക്കളായി. പാകിസ്ഥാനില്‍ നിന്ന് ഹിന്ദുക്കളും സിഖുകാരും പലായനം ചെയ്തു. ഇന്ത്യയിലെ മുസ്ലീങ്ങള്‍ എതിര്‍ ദിശയിലേക്കും. പഞ്ചാബില്‍നിന്നും ബംഗാളില്‍നിന്നുമുള്ള തീവണ്ടികള്‍ മൃതദേഹങ്ങള്‍ കൊണ്ടുനിറഞ്ഞു. 'മിഡ്‌നൈറ്റ്‌സ് ഫ്യൂരീസ്: ദി ഡെഡ്‌ലി ലെഗസി ഓഫ് ഇന്ത്യാസ് പാര്‍ട്ടീഷന്‍' എന്ന പുസ്തകത്തിന്റെ രചയിതാവ് നിസിദ് ഹജാരി എഴുതിയത്, അമേരിക്കയും കാനഡുയുംപോലെ സഖ്യകക്ഷികളായിരിക്കണമൊന്നാണ് ഇന്ത്യയുടെയും പാക്കിസ്ഥാന്റെയും നേതാക്കള്‍ ആഗ്രഹിച്ചത്. പക്ഷേ വിഭജനം പ്രഖ്യാപിച്ചതിനുശേഷം, ഉപഭൂഖണ്ഡം പെട്ടെന്ന് കലാപങ്ങളിലേക്കും രക്തച്ചൊരിച്ചിലിലേക്കും കൂപ്പുകുത്തിയത്'.
ലീഗിന്റെ ഡയറക്ട് ആക്ഷന്‍
ആരാണ് ഇന്ത്യാവിഭജനത്തിന് കാരണക്കാര്‍ എന്ന ചോദ്യത്തിന് ഒറ്റവാക്കില്‍ ഉത്തരം പറയാന്‍ കഴിയില്ല. ദ്വിരാഷ്ട്രവാദം എന്നത് മുസ്ലീം ലീഗിന് മുന്നേ തന്നെ ഇവിടെ ഉണ്ടായിരുന്നുവെന്നത് ഒരു വസ്തുതയാണ്. ആര്‍.സി.മജൂംദാര്‍ തന്റെ 'ഹിസ്റ്ററി ഓഫ് ദി ഫ്രീഡം മൂവ്മെന്റ് ഇന്‍ ഇന്ത്യ' എന്ന കൃതിയില്‍ ചൂണ്ടിക്കാണിച്ചത് പോലെ മുസ്ലിം ലീഗും ജിന്നയും ദ്വിരാഷ്ട്ര സിദ്ധാന്തം സ്വീകരിക്കുന്നതിന് അരനൂറ്റാണ്ട് മുന്‍പ് തന്നെ നഭ ഗോപാല്‍ മിത്ര ദ്വിരാഷ്ട്രസിദ്ധാന്തം അവതരിപ്പിച്ചിരുന്നു. ഭായ് പരമാനന്ദ്, ലാല ലജ്പത് റായ്, ബി.എസ്.മുഞ്ചേ, വി.ഡി.സവര്‍ക്കര്‍ തുടങ്ങിയ ആര്യസമാജ്-ഹിന്ദു മഹാസഭാ നേതാക്കളാണ് ഇന്ത്യയിലെ ഹിന്ദുക്കളും മുസ്ലിംങ്ങളും രണ്ടു വ്യത്യസ്ത രാഷ്ട്രങ്ങളാണെന്നും അവര്‍ക്ക് പരസ്പരസഹവര്‍ത്തിത്വത്തോടെ ജീവിക്കാനാവില്ലയെന്നുമുള്ള അപകടകരമായ സിദ്ധാന്തം അവതരിപ്പിച്ചത്. 1930 -ല്‍ മുസ്ലിം ലീഗിന്‍ന്റെ അലഹബാദ് സമ്മേളനത്തില്‍ സര്‍ മുഹമ്മദ് ഇക്ബാല്‍ ഇതേ ആശയം അവതരിപ്പിക്കുകയും മുസ്ലിങ്ങള്‍ക്ക് ഇന്ത്യന്‍ ഫെഡറേഷന് ഉള്ളില്‍ നിന്ന് കൊണ്ട് ഒരു സ്വയംഭരണ സംസ്ഥാനം എന്ന ആശയം മുന്നോട്ടുവെക്കുകയും ചെയ്തു. 1933-ല്‍ ചൗധരി റഹ്‌മത്ത് അലി 'പാക്കിസ്ഥാന്‍' എന്ന സ്വതന്ത്ര മുസ്ലിം രാഷ്ട്രം ആവശ്യപ്പെട്ടു. 1940 മാര്‍ച്ച് 23 നു മുസ്ലിം ലീഗിന്റ്‌റെ ലാഹോര്‍ സമ്മേളനം ഇന്ത്യാവിഭജനവും 'പാക്കിസ്ഥാന്‍' എന്ന മുസ്ലിം പരമാധികാരരാഷ്ട്രവും ഔപചാരികമായി ആവശ്യപ്പെട്ടു.
പക്ഷേ കാര്യങ്ങള്‍ ഇത്രയൊക്കെ വഷളാക്കിയത് മുഹമ്മദാലി ജിന്നയുടെ അധികാരക്കൊതിയായിരുന്നുവെന്ന് വിവിധ ചരിത്രകാരന്‍മ്മാര്‍ എഴുതിയിട്ടുണ്ട്. ചെയിന്‍്സ്മോക്കറും, മദ്യപാനിയും, പന്നിയറച്ചിവരെ കഴിക്കുകയും ചെയ്ത ഇസ്ലാമിന്റെ ഒരു പ്രധാന ആചാരങ്ങളും പിന്തുടരാത്ത ജിന്ന പക്ഷേ വര്‍ഗീയ കാര്‍ഡ് ഇന്ത്യാവിഭജനത്തിനുവേണ്ടി എടുത്തിട്ടു. ജിന്നക്ക് ശ്വാസകോശ കാന്‍സറായിരുന്നുവെന്ന് നേരത്തെ അറിഞ്ഞിരുന്നുവെങ്കില്‍ ഒരുപക്ഷേ ഇന്ത്യാവിഭജനം തന്നെ ഉണ്ടാവുമായിരുന്നില്ല. 'സ്വാതന്ത്ര്യം അര്‍ധരാത്രിയില്‍' എന്ന പുസ്തകം ഇക്കാര്യത്തിലുടെ കടന്നുപോവുന്നുണ്ട്.
ഇന്ത്യയെ ഇത്രയേറേ വര്‍ഗീയ കലുഷിതമാക്കിയത്, ജിന്നയുടെ നേതൃത്വത്തില്‍ നടന്ന ഡയറക്ട് ആക്ഷന്‍ പദ്ധതിയാണ്. കാബിനറ്റ് മിഷന്‍ പരാജയപ്പെട്ടതിനുശേഷം 1946 ജൂലൈയില്‍, ജിന്ന ബോംബെയിലെ തന്റെ വീട്ടില്‍ ഒരു പത്രസമ്മേളനം നടത്തി. മുസ്ലീം ലീഗ് 'ഒരു പോരാട്ടം ആരംഭിക്കാന്‍ തയ്യാറെടുക്കുകയാണെന്നും 'അവര്‍ 'ഒരു പദ്ധതി തയ്യാറാക്കിയിട്ടുണ്ടെന്നും' അദ്ദേഹം പ്രഖ്യാപിച്ചു. മുസ്ലീങ്ങള്‍ക്ക് പ്രത്യേക പാകിസ്ഥാന്‍ അനുവദിച്ചില്ലെങ്കില്‍ അവര്‍ ഡയറക്ട് ആക്ഷന്‍ ആരംഭിക്കുമെന്ന് അദ്ദേഹം പറഞ്ഞു. വ്യക്തമായി പറയാന്‍ ആവശ്യപ്പെട്ടപ്പോള്‍, ജിന്ന മറുപടി പറഞ്ഞു: 'കോണ്‍ഗ്രസില്‍ പോയി അവരുടെ പദ്ധതികള്‍ ചോദിക്കുക. അവര്‍ നിങ്ങളെ വിശ്വാസത്തിലെടുത്താല്‍ ഞാന്‍ നിങ്ങളെ എന്റെ പദ്ധതിയിലേക്ക് എടുക്കും. ഞാന്‍ മാത്രം കൈകൂപ്പി ഇരിക്കണമെന്ന് നിങ്ങള്‍ എന്തിനാണ് പ്രതീക്ഷിക്കുന്നത്? ഞാനും കുഴപ്പമുണ്ടാക്കാന്‍ പോകുന്നു'.
പിറ്റേന്ന്, 1946 ഓഗസ്റ്റ് 16 ' ഡയറക്ട് ആക്ഷന്‍ ഡേ' ആയിരിക്കുമെന്ന് ജിന്ന പ്രഖ്യാപിക്കുകയും കോണ്‍ഗ്രസിന് മുന്നറിയിപ്പ് നല്‍കുകയും ചെയ്തു. പാക്കിസ്ഥാന് വേണ്ടിയുള്ള മുസ്ലീം ലീഗിന്റെ യുദ്ധ പ്രഖ്യാപനമായിരുന്നു അത്. ആ ദിവസം രാവിലെ, കൊല്‍ക്കത്തയിലെ ഒക്റ്റെര്‍ലോണി സ്മാരകത്തില്‍ സായുധരായ മുസ്ലീം സംഘങ്ങള്‍ ഒത്തുകൂടി. ലീഗിന്റെ ബംഗാള്‍ മുഖ്യമന്ത്രി ഹുസൈന്‍ ഷഹീദ് സുഹ്‌റവദ്രിയുടെ വാക്കുകള്‍ കേള്‍ക്കാന്‍ അവര്‍ കാത്തിരുന്നു. നിങ്ങള്‍ അക്രമിച്ചോളൂ പൊലീസ് ഒന്നും ചെയ്യില്ല എന്ന സന്ദേശമാണ് അദ്ദേഹം നല്‍കിയത്്.
കൊല്‍ക്കത്തയില്‍, തിരിച്ചെത്തിയ മുസ്ലീങ്ങള്‍ ഹിന്ദുക്കളെ ആക്രമിച്ചു. അക്രമവും പാകിസ്ഥാന്‍ ആവശ്യവും തമ്മിലുള്ള വ്യക്തമായ ബന്ധം കാണിക്കുന്ന ലഘുലേഖകള്‍ അവര്‍ നേരത്തെ വിതരണം ചെയ്തിരുന്നു. തുടര്‍ന്ന് കല്‍ക്കത്തയില്‍ വലിയ കലാപങ്ങളുണ്ടായി. അടുത്ത ദിവസം, ഹിന്ദുക്കള്‍ തിരിച്ചടിച്ചു, അക്രമം മൂന്ന് ദിവസം തുടര്‍ന്നു, അതില്‍ ഏകദേശം 4,000 പേര്‍ മരിച്ചു. ഇതോടെ ഇന്ത്യാ ഗവണ്‍മെന്റും കോണ്‍ഗ്രസും നടുങ്ങിപ്പോയി!
വര്‍ഗീയ കലാപം ബീഹാറിലേക്കും (അവിടെ ഹിന്ദുക്കള്‍ മുസ്ലീങ്ങളെ ആക്രമിച്ചു), ബംഗാളിലെ നവഖാലിയിലേക്കും, (അവിടെ മുസ്ലീങ്ങള്‍ ഹിന്ദുക്കളെ ലക്ഷ്യം വച്ചു), യുണൈറ്റഡ് പ്രവിശ്യകളിലെ ഗര്‍മുക്തേശ്വറിലേക്കും (അവിടെ ഹിന്ദുക്കള്‍ മുസ്ലീങ്ങളെ ആക്രമിച്ചു) പടര്‍ന്നു. 1947 മാര്‍ച്ചില്‍ റാവല്‍പിണ്ടിയിലേക്കും വ്യാപിച്ചു. അവിടെ ഹിന്ദുക്കളെയും സിഖുകാരെയും മുസ്ലീങ്ങള്‍ ആക്രമിച്ചു. ഇങ്ങനെ തുടര്‍ച്ചയായ അക്രമങ്ങള്‍ക്ക് ഒടുവിലുള്ള സമ്മര്‍ദത്തിന്റെ ഫലമായാണ്, ഇന്ത്യയെ വിഭജിക്കാന്‍ കോണ്‍ഗ്രസ് സമ്മതം മുളുന്നത്.
ജനനേന്ദ്രിയം മുറിച്ചുവരെ കൊല
വിഭജന ഭീതി എന്തായിരുന്നുവെന്ന് അറിയണമെങ്കില്‍, ഇന്ത്യന്‍ സ്വാതന്ത്ര്യത്തെക്കുറിച്ച് ഡൊമിനിക് ലാപിയര്‍ എന്ന ഫ്രഞ്ചുകാരനും ലാറി കോളിന്‍സ് എന്ന അമേരിക്കനും ചേര്‍ന്നെഴുതിയ 'ഫ്രീഡം അറ്റ് മിഡ്നൈറ്റ്' എന്ന ഒറ്റ പുസ്തകം വായിച്ചാല്‍ മതി. ഇന്ത്യയിലെ അവസാനത്തെ വൈസ്രോയി മൗണ്ട് ബാറ്റണ്‍ സ്ഥാനമേല്‍ക്കുന്നത് മുതല്‍, രാഷ്ട്രപിതാവ് ഗാന്ധിജിയുടെ കൊലപാതകം വരെയുള്ള കാര്യങ്ങളാണ് ഫ്രീഡം അറ്റ് മിഡ്‌നൈറ്റ്ില്‍ പ്രതിപാദിക്കുന്നത്. അതില്‍ വിഭജനം സൃഷ്ടിച്ചു മുറിവുകളും കൃത്യമായി അടയാളപ്പെടുത്തുന്നുണ്ട്.
സര്‍ സിറില്‍ റാഡ് ക്ലിഫ് എന്ന ബ്രിട്ടീഷ് ഉദ്യോഗസ്ഥന്‍ വരച്ച വിഭജന രേഖ അനുസരിച്ച്, ഹിന്ദുക്കളും സിഖ് വംശജരും കൂടുതലുള്ള പ്രദേശങ്ങള്‍ പുതിയ ഇന്ത്യയിലേക്കും മുസ്ലീം ഭൂരിപക്ഷ പ്രദേശങ്ങള്‍ പുതിയ രാഷ്ട്രമായ പാകിസ്ഥാനിലേക്കും നിയോഗിക്കപ്പെട്ടു. പഞ്ചാബ്, ബംഗാള്‍ എന്നീ മുസ്ലീം ഭൂരിപക്ഷ പ്രവിശ്യകളുടെ വിഭജനവായിരുന്നു ഏറ്റവും പ്രശ്നം. ഇവിടെ റാഡ്ക്ലിഫ് രേഖ പ്രസിദ്ധീകരിച്ചതിനെ തുടര്‍ന്നുണ്ടായ വര്‍ഗീയ അക്രമം ഭയാനകമായിരുന്നു. ഇന്ത്യാ വിഭജനത്തോടൊപ്പമുണ്ടായ അക്രമത്തെക്കുറിച്ച് വിവരിച്ചുകൊണ്ട് ചരിത്രകാരന്മാരായ ഇയാന്‍ ടാല്‍ബോട്ടും ഗുര്‍ഹാര്‍പാല്‍ സിംഗും എഴുതി:'' ഗര്‍ഭിണികളുടെ വയറു കീറല്‍, കുഞ്ഞുങ്ങളുടെ തല ഇഷ്ടിക ചുവരുകളില്‍ ഇടിക്കല്‍, ഇരയുടെ കൈകാലുകളും ജനനേന്ദ്രിയങ്ങളും മുറിച്ചുമാറ്റല്‍, തലകളും മൃതദേഹങ്ങളും പ്രദര്‍ശിപ്പിക്കല്‍ എന്നിങ്ങനെ ഭീകരായ കൊലകളാണ് നടന്നത്''. തന്റെ ഒരു വര ഉണ്ടാക്കിയ മനുഷ്യക്കുരതിയുടെ സംഘര്‍ഷത്തില്‍ ശപിച്ചുകൊണ്ട് നാടുവിട്ട സിറില്‍ റാഡ്ക്ലിഫ് പിന്നീട് ഒരിക്കലും ഇന്ത്യയിലേക്ക് വന്നത് തന്നെയില്ല!
എല്ലാ പ്രദേശങ്ങളിലും വെച്ച് ഏറ്റവും ക്രൂരമായ അക്രമം പഞ്ചാബിലാണ് നടന്നത്. മുസ്ലീങ്ങള്‍ കൂടുതലുള്ള പഞ്ചാബ് പവിശ്യയുടെ പടിഞ്ഞാറന്‍ ഭാഗം പാകിസ്ഥാന്റെ പഞ്ചാബ് പ്രവിശ്യയായി. ഹിന്ദുക്കളും സിഖുകാരും കൂടുതലുള്ള കിഴക്കന്‍ ഭാഗം ഇന്ത്യയുടെ കിഴക്കന്‍ പഞ്ചാബ് സംസ്ഥാനമായി. ഇത് പിന്നീട് പഞ്ചാബ്, ഹരിയാന, ഹിമാചല്‍ പ്രദേശ് എന്നീ പുതിയ സംസ്ഥാനങ്ങളായി വിഭജിക്കപ്പെട്ടു. നിരവധി ഹിന്ദുക്കളും സിഖുകാരും പടിഞ്ഞാറന്‍ പ്രദേശത്തും, നിരവധി മുസ്ലീങ്ങള്‍ കിഴക്കന്‍ പ്രദേശത്തും താമസിച്ചിരുന്നു. അവര്‍ അതിഭീകരമായി വേട്ടയാടപ്പെട്ടു. സ്വാതന്ത്ര്യം അര്‍ധരാത്രിയില്‍ എന്ന പുസ്തകത്തില്‍ വിഭജനം എല്ലാം നഷ്ടപ്പെടുത്തിയവരുടെ ഒരുപാട് കഥകള്‍ പറയുന്നുണ്ട്.
കൊള്ളയും കൊലയും മാത്രമല്ല ബലാത്സഗങ്ങളും വ്യാപകമായി. പാക്കിസ്ഥാനിലെ ഹിന്ദു ഭൂരിപക്ഷ മേഖലകളിലെ സ്ത്രീകള്‍ മാനംരക്ഷിക്കുന്നതിനായി കൂട്ട ആത്മഹത്യ ചെയ്തു. അക്രമികള്‍ തങ്ങളെ കൂട്ടിക്കൊണ്ടുപോയാല്‍ എന്ത് സംഭവിക്കുമെന്ന് ഭയന്ന് പുരുഷന്മാര്‍ സ്വന്തം ഭാര്യമാരെയും പെണ്‍മക്കളെയും വെട്ടിക്കൊന്നു! മക്കളുടെ മുന്നില്‍വെച്ച് കൂട്ടബലാല്‍സംഗത്തിന് നിരവധിപേര്‍ ഇരയായി. ഒരു പ്രദേശത്തെ ന്യുനപക്ഷങ്ങള്‍പോയാല്‍, അവരുടെ സ്വത്തുക്കള്‍ കൂടി തട്ടാമെന്ന് കരുതി അയല്‍ക്കാര്‍ വാളെടുത്തു.
'വയറുപിളര്‍ത്തിക്കൊണ്ട് കത്തി നെടുനീളത്തില്‍ നട്ടെല്ലില്‍നിന്നും താഴോട്ടിറങ്ങവേ ആ മനുഷ്യന്റെ പൈജാമച്ചരട് മുറിഞ്ഞു. കത്തിപിടിച്ചിരുന്നയാള്‍ ഒരുവട്ടംമാത്രം നോക്കി. വിഷമത്തോടെ പറഞ്ഞു: അയ്യോ! മിഷ്‌റ്റേക്ക്.' ഇന്ത്യാവിഭജനകാലത്തെ അരുംകൊലകളുടെ ഭീതിദമായ വിവരണമാണ് പ്രക്ഷോഭകാരിയായ എഴുത്തുകാരന്‍ സാദത്ത് ഹസന്‍ മാന്റോ 'മിഷ്‌റ്റേക്ക്'എന്ന കുട്ടിക്കഥയില്‍ വരച്ചിട്ടത്. അത് കഥയായിരുന്നില്ല, യാഥാര്‍ത്ഥ്യമായിരുന്നു. എങ്ങനെ വൃത്തിയായും പെട്ടന്നും കൊലചെയ്യാമെന്ന് പഠിച്ച കാലംകൂടിയായിരുന്നു അത്.
രക്തതീവണ്ടികളുടെ കാലം
വിഭജനകലാപങ്ങളുടെ ഏറ്റവും രൂക്ഷമായ മുഖം കണ്ടത് പഞ്ചാബിലും ബംഗാളിലുമായിരുന്നു. വിഭജന സമയത്ത് പഞ്ചാബിലുടനീളമുള്ള മൊത്തം കുടിയേറ്റം 12 ദശലക്ഷമായാണ് കണക്കാക്കപ്പെടുന്നത്. എകദശം 6.5 ദശലക്ഷം മുസ്ലീങ്ങള്‍ പടിഞ്ഞാറന്‍ പഞ്ചാബിലേക്കും 4.7 ദശലക്ഷം ഹിന്ദുക്കളും സിഖുകാരും കിഴക്കന്‍ പഞ്ചാബിലേക്കും മാറി. കിഴക്കന്‍ പഞ്ചാബില്‍ ( മലേര്‍കോട്‌ലയിലും നൂഹിലും ഒഴികെ) ഒരു മുസ്ലീമും അതിജീവിച്ചില്ല എന്നണ് പറയുന്നത്. പശ്ചിമ പഞ്ചാബില്‍ ( റഹീം യാര്‍ ഖാന്‍ , ബഹവല്‍പൂര്‍ എന്നിവ ഒഴികെ ) ഒരു ഹിന്ദുവോ സിഖുകാരനോ അതിജീവിച്ചില്ല. പശ്ചിമ പഞ്ചാബിന്റെ ഗവര്‍ണറായിരുന്ന സര്‍ ഫ്രാന്‍സിസ് മുഡി തന്റെ പ്രവിശ്യയിലേക്ക് കടക്കാന്‍ ശ്രമിച്ച് 5 ലക്ഷത്തോളം മുസ്ലീങ്ങള്‍ കൊല്ലപ്പെട്ടുവെന്ന് പറയുന്നു. കറാച്ചിയിലെ ബ്രിട്ടീഷ് ഹൈക്കമ്മീഷണര്‍ 8 ലക്ഷംപേര്‍ കൊല്ലപ്പെട്ടുവെന്നാണ് പറയുന്നത്.
ലാഹോര്‍- പഞ്ചാബ് തീവണ്ടികള്‍ 'രക്ത തീവണ്ടികള്‍' എന്നാണ് അറിയപ്പെട്ടത്. ഖുഷ്വന്ത് സിങിന്റെ ട്രെയിന്‍ ടു പാക്കിസ്ഥാന്‍ എന്ന പുസ്തകമൊക്കെ വായിച്ചാല്‍ നമ്മുടെ ചോര വാര്‍ന്നുപോവും. ലാഹോറില്‍നിന്നുവന്ന ഒരു വണ്ടിയില്‍ നിറയെ സിഖുകാരുടെ കബന്ധങ്ങളായിരുന്നു. അതില്‍ രക്തം കൊണ്ട് എഴുതിയ ഒരു കുറിപ്പം. 'ഹത്യ കര്‍നാ ഹം സേ സീഖോ!'. അതായത് കൊല എങ്ങനെ ചെയ്യണമെന്ന് ഞങ്ങളെ കണ്ടുപഠിക്കാന്‍. അതിന് പകരമായി അമൃതസറില്‍നിന്നുപോയി, ഒരു ട്രെയിന്‍ നിറയെ മുസ്ലീം കംബന്ധങ്ങള്‍. അവിടെയും അതേ എഴുത്തും. കൊല ചെയ്യുന്നത് എങ്ങനെയെന്ന് ഞങ്ങളെയും കണ്ടുപഠിക്കാന്‍!
1947 മാര്‍ച്ച് 3 ന് ലാഹോറില്‍ സിഖ് നേതാവ് താരാ സിങ്, ഏകദേശം 500 സിഖുകാരോടൊപ്പം ഒരു വേദിയില്‍ നിന്ന് 'പാകിസ്ഥാന് മരണം' പ്രഖ്യാപിച്ചു. തന്റെ കൃപാണ്‍ ഉയര്‍ത്തിക്കാട്ടിയായിരുന്നു ഈ പ്രഖ്യാപനം. വടക്കന്‍ പഞ്ചാബിലെ മുസ്ലീം ഭൂരിപക്ഷ ജില്ലകളിലെ ജനം സിഖുകാര്‍ക്കെതിരെയും ഹിന്ദുക്കള്‍ക്കെതിരെയും തിരിയുന്നതിന് ഇത് കാരണമായി. പേടിച്ച് നഗ്നപാദരായി റെയില്‍ പാളത്തിലൂടെ നടന്നുവന്ന് വീണ് മരിച്ചവര്‍പോലും ആയിരങ്ങളായിരുന്നു.
അവിടെ നിന്ന് സിഖുകാരരെ ആക്രമിച്ചപ്പോള്‍ ഇവിടെയുള്ള സിഖുകാര്‍ അതി പൈശാചികമായി തിരിച്ചടിച്ചു. പടിഞ്ഞാറന്‍ പഞ്ചാബിലെ ഹിന്ദുക്കളെയും സിഖുകാരെയും കൊന്നൊടുക്കിയതിനേക്കാള്‍ ഇരട്ടി മുസ്ലീങ്ങള്‍ കിഴക്കന്‍ പഞ്ചാബില്‍ കൊല്ലപ്പെട്ടിട്ടുണ്ടെന്നാണ് വിവിധ ചരിത്രകാരന്‍മ്മാര്‍ പറയുന്നത്.
പാക്കിസ്ഥാനില്‍വെച്ച് കൊടിയ പീഡനമാണ് സിഖുകാര്‍ ഏറ്റുവാങ്ങിയത്. അവിടെന്ന് രക്ഷപ്പെട്ടുവന്ന സര്‍ജിത് സിംഗ് ചൗധരി തന്റെ അനുഭവം ഇങ്ങനെ പറയുന്നു. -''റേഡിയോയിലൂടെയാണ് ഞാന്‍ വിഭജനത്തിന്റെ വാര്‍ത്ത അറിഞ്ഞത്. ആ സമയത്ത് 2,000 മൈല്‍ അകലെ ഇറാഖില്‍ ബ്രിട്ടീഷ് സൈന്യത്തിന്റെ ഭാഗമായി ഞാന്‍ സേവനമനുഷ്ഠിക്കുകയായിരുന്നു. വിഭജനത്തോടെ എന്റെ കുടുംബം അപകടത്തിലാകാമെന്നും മനസ്സുപറഞ്ഞു. ലീവ് അപേക്ഷിച്ച് ഞാന്‍ 1947 സെപ്റ്റംബറോടെ നാട്ടില്‍ തിരിച്ചെത്തി. ഞാന്‍ പോയപ്പോള്‍ ഇതൊരു സമാധാനപരമായ ഒരു രാജ്യമായിരുന്നു. തിരിച്ചെത്തിയപ്പോള്‍ രക്തച്ചൊരിച്ചിലായിരുന്നു. എന്റെ ജന്മനാടായ പാകിസ്ഥാനിലെ കഹുട്ടയില്‍ കൊലപാതകങ്ങള്‍ ആരംഭിച്ചിരുന്നു. അമ്മ ഒരു ധീരയായ സ്ത്രീയായിരുന്നു. തോക്ക് എങ്ങനെ ഉപയോഗിക്കണമെന്ന് അവര്‍ക്ക് അറിയാമായിരുന്നു, അതിനാല്‍ അവര്‍ക്ക് സ്വയം പ്രതിരോധിക്കാന്‍ കഴിഞ്ഞു. അവര്‍ രക്ഷപ്പെട്ട് സഹോദരങ്ങളെ ഇന്ത്യയിലേക്ക് കൊണ്ടുവന്നു''-അദ്ദേഹം പറഞ്ഞു. വാഷിങ്്ടണ്‍ പോസ്റ്റ് 2017-ല്‍ നടത്തിയ അന്വേഷണത്തിലാണ് ഈ പ്രതികരണം.
'ഒരു മരിച്ചയാളുടെ മൃതദേഹം ട്രെയിനില്‍ നിന്ന് വലിച്ചെറിയുന്നത് ഞാന്‍ കണ്ടു,'ഒരിക്കല്‍, ഡല്‍ഹിയില്‍ നിന്ന് ജലന്ധറിലേക്കുള്ള യാത്രാമധ്യേ, ഞങ്ങള്‍ ദോറഹ കനാലില്‍ നിര്‍ത്തി, വെള്ളം രക്തത്താല്‍ ചുവന്നതായി മാറിയിരിക്കുന്നത് കണ്ടു.''-അക്രമത്തിന്റെ രക്തരൂക്ഷിതത്വത്തെക്കുറിച്ച് സര്‍ജിത് സിംഗ് ചൗധരി പറയുന്നു. ''എന്റെ ഗ്രാമത്തില്‍ നിന്ന് വെറും 12 കിലോമീറ്റര്‍ അകലെയുള്ള തോഹ ഖല്‍സ എന്ന ഗ്രാമത്തില്‍, സ്ത്രീകള്‍ അവരുടെ മാനം രക്ഷിക്കാന്‍ പൂഴയില്‍ ചാടി ആത്മഹത്യ ചെയ്തു. സൈന്യം അവരെ കണ്ടെത്തിയപ്പോള്‍, അവരുടെ മൃതദേഹങ്ങള്‍ വീര്‍ക്കുകയും ഉപരിതലത്തിലേക്ക് ഉയരുകയും ചെയ്തിരുന്നു. അക്കാലത്തെ അവസ്ഥ അതായിരുന്നു. അക്രമികള്‍ തങ്ങളെ കൂട്ടിക്കൊണ്ടുപോയാല്‍ എന്ത് സംഭവിക്കുമെന്ന് ഭയന്ന് പുരുഷന്മാര്‍ സ്വന്തം ഭാര്യമാരെയും പെണ്‍മക്കളെയും വെടിവച്ചുകൊല്ലുകയായിരുന്നു''- അദ്ദേഹം പറയുന്നു.
കുപ്രസിദ്ധമായ 'രക്ത തീവണ്ടികളില്‍' പാകിസ്ഥാനിലേക്ക് യാത്ര ചെയ്ത മുഹമ്മദ് നയീവും വാഷിങ്്ടണ്‍ പോസ്റ്റിനോട് തന്റെ അനുഭവം പങ്കുവെച്ചിരുന്നു. താജ്മഹലിന്റെ ജന്മനാടായ ആഗ്രയില്‍ നിന്ന് ട്രെയിനിലാണ് മുഹമ്മദ് നയീം ലാഹോറില്‍ എത്തിയത്. കലാപം തുടങ്ങിയപ്പോള്‍, അദ്ദേഹത്തിന്റെ മുസ്ലീം കുടുംബത്തിന് ഇന്ത്യയില്‍ സുരക്ഷിതത്വം തോന്നിയില്ല. അവര്‍ തീവണ്ടി മാര്‍ഗം ലാഹോറിലേക്ക് തിരിച്ചു. അതൊരു അപകടകരമായ യാത്രയായിരുന്നു. ഇതേ വഴിയിലൂടെ സഞ്ചരിച്ച പലരും കൊല്ലപ്പെട്ടിരുന്നു. അവരുടെ മൃതദേഹങ്ങള്‍ ട്രാക്കുകളില്‍ ചിതറിക്കിടക്കുകയായിരുന്നു''- നയീം ഓര്‍ക്കുന്നു.
ബംഗാളിലും കൂട്ടക്കൊലകള്‍
പാക്കിസ്ഥാനിലെ കലാപത്തെക്കുറിച്ച് നിസിദ് ഹജാരിയുടെ വിവരണം ഇങ്ങനെ-'ബംഗ്ലാവുകളും മാളികകളും കത്തിക്കുകയും കൊള്ളയടിക്കുകയും ചെയ്തു. സ്ത്രീകളെ ബലാത്സംഗം ചെയ്തു. കുട്ടികളെ സഹോദരങ്ങളുടെ മുന്നില്‍ വെച്ച് കൊന്നു. രണ്ട് പുതിയ രാജ്യങ്ങള്‍ക്കിടയില്‍ അഭയാര്‍ത്ഥികളെ വഹിച്ചുകൊണ്ട് വന്ന ട്രെയിനുകള്‍ നിറയെ ശവശരീരങ്ങള്‍ കൊണ്ട് നിറഞ്ഞിരുന്നു. വഴിമധ്യേ ജനക്കൂട്ടം അവരുടെ യാത്രക്കാരെ കൊലപ്പെടുത്തിയിരുന്നു. പലപ്പോഴും അവര്‍ ശവസംസ്‌കാര നിശബ്ദതയില്‍ അതിര്‍ത്തി കടന്നു, അവരുടെ വണ്ടികളുടെ വാതിലുകള്‍ക്കടിയില്‍ നിന്ന് രക്തം ഒഴുകി''. അക്കാലത്ത് പഴങ്ങള്‍ക്കു പോലും രക്തത്തിന്റെ രുചിയായിരുന്നുവെന്ന് പാകിസ്ഥാനിലെ തന്റെ ജന്മനാട്ടില്‍ നിന്ന് ഇന്ത്യയിലേക്ക് പലായനം ചെയ്ത സുദര്‍ശന കുമാരി ഓര്‍മ്മിക്കുന്നു.
ബംഗാളിലും റാഡ്ക്ലിഫ് രേഖമൂലം കൂട്ടക്കൊലകളുണ്ടായി. ഗംഗയുടെ വലതുകരയില്‍ സ്ഥിതി ചെയ്യുന്ന മുര്‍ഷിദാബാദ് ,മാള്‍ഡ ജില്ലകള്‍ മുസ്ലീം ഭൂരിപക്ഷമായിരുന്നിട്ടും ഇന്ത്യക്കാണ് കിട്ടിയത്. ഗംഗയുടെ അഴിമുഖത്ത് സ്ഥിതി ചെയ്യുന്നതും മുസ്ലീം ഭൂരിപക്ഷ ജില്ലകളാല്‍ ചുറ്റപ്പെട്ടതുമായ ഹിന്ദു ഭൂരിപക്ഷ ഖുല്‍ന ജില്ല പാകിസ്ഥാനും. പാകിസ്ഥാന് നല്‍കിയ കിഴക്കന്‍ ബംഗാളിലെ ജില്ലകളിലെ ആയിരക്കണക്കിന് ഹിന്ദുക്കള്‍ ആക്രമിക്കപ്പെട്ടു. ഉടുതുണി പൊക്കി നോക്കി, മതം ഉറപ്പുവരുത്തിയാണ് പലരെയും വെട്ടിക്കൊന്നത്. ഇതോടെ ലക്ഷക്കണക്കിന് ഹിന്ദുക്കള്‍ ഇങ്ങോട്ട് പലായനം ചെയ്തു. പലരും പട്ടിണിയും അസുഖവുംമൂലം വഴിയില്‍ വീണ് മരിച്ചു. കല്‍ക്കട്ടയിലേക്കുള്ള ഹിന്ദു അഭയാര്‍ത്ഥികളുടെ വന്‍തോതിലുള്ള ഒഴുക്ക് നഗരത്തിന്റെ ജനസംഖ്യാ ഘടനയെ ബാധിച്ചു. ഇതോടെ നിരവധി മുസ്ലീങ്ങള്‍ നഗരം വിട്ട് കിഴക്കന്‍ പാകിസ്ഥാനിലേക്ക് പോയി. അഭയാര്‍ത്ഥി കുടുംബങ്ങള്‍ അവരുടെ ചില വീടുകളും സ്വത്തുക്കളും കൈവശപ്പെടുത്തി.
വിഭജന സമയത്ത് ബംഗാളിലുടനീളമുള്ള മൊത്തം കുടിയേറ്റം 3.3 ദശലക്ഷമായി കണക്കാക്കപ്പെടുന്നു. 2.6 ദശലക്ഷം ഹിന്ദുക്കള്‍ കിഴക്കന്‍ പാകിസ്ഥാനില്‍ നിന്ന് ഇന്ത്യയിലേക്കും 0.7 ദശലക്ഷം മുസ്ലീങ്ങള്‍ ഇന്ത്യയില്‍ നിന്ന് കിഴക്കന്‍ പാകിസ്ഥാനിലേക്കും (ഇപ്പോള്‍ ബംഗ്ലാദേശ്) മാറി. ജനസാന്ദ്രത കുറഞ്ഞ ചിറ്റഗോംഗ് കുന്നിന്‍ പ്രദേശങ്ങള്‍ ഒരു പ്രത്യേക സാഹചര്യമായിരുന്നു. 1947-ലെ രേഖകളില്‍ 98.5% ബുദ്ധമത ഭൂരിപക്ഷം ഉണ്ടായിരുന്നിട്ടും ഈ പ്രദേശം പാകിസ്ഥാനാണ് കിട്ടിയത്. ഇവിടെയും കൊലകള്‍ അരങ്ങേറി.
പഞ്ചാബിലും ബംഗാളിലും ഉണ്ടായതുപോലെ സിന്ധില്‍ വ്യാപകമായ അക്രമങ്ങള്‍ ഉണ്ടായിരുന്നില്ല. വിഭജന സമയത്ത്, സിന്ധിലെ മധ്യവര്‍ഗക്കാരും ഭൂരിഭാഗവും ഹിന്ദുക്കളായിരുന്നു. ഹിന്ദുക്കള്‍ കൂടുതലും നഗരങ്ങളിലാണ് കേന്ദ്രീകരിച്ചിരുന്നത്. അവര്‍ അധികമൊന്നും ഇന്തയിലേക്ക് വന്നില്ല. 47 അവസാനത്തോടെ സ്ഥിതി മാറാന്‍ തുടങ്ങി. ഇന്ത്യയില്‍ നിന്നുള്ള ധാരാളം മുസ്ലീം അഭയാര്‍ത്ഥികള്‍ സിന്ധില്‍ എത്താന്‍ തുടങ്ങി. അവര്‍ അഭയാര്‍ത്ഥി ക്യാമ്പുകളില്‍ താമസിക്കാന്‍ തുടങ്ങി. ഇതോടെ ഹിന്ദുവിരുദ്ധ കലാപവും അണപൊട്ടി.
1947 ഡിസംബര്‍ 6 ന് ഇന്ത്യയിലെ അജ്മീറില്‍ വര്‍ഗീയ കലാപം പൊട്ടിപ്പുറപ്പെട്ടു. ദര്‍ഗ ബസാറില്‍ ചില സിന്ധി ഹിന്ദു അഭയാര്‍ത്ഥികളും തദ്ദേശീയ മുസ്ലീങ്ങളും തമ്മില്‍ ഉണ്ടായ ഒരു തര്‍ക്കത്തെ തുടര്‍ന്നാണിത്. ഡിസംബര്‍ മധ്യത്തില്‍ അജ്മീറില്‍ വീണ്ടും അക്രമം പൊട്ടിപ്പുറപ്പെട്ടു. കത്തിക്കുത്തും, കൊള്ളയും, തീവെപ്പും ഉണ്ടായതോടെ അതില്‍ ഭൂരിഭാഗവും മുസ്ലീങ്ങള്‍ക്ക് ജീവഹാനി സംഭവിച്ചു. നിരവധി മുസ്ലീങ്ങള്‍ താര്‍ മരുഭൂമി കടന്ന് പാകിസ്ഥാനിലെ സിന്ധിലേക്ക് പലായനം ചെയ്തു. പലരും മരുഭുമിയില്‍ പിടഞ്ഞ് മരിച്ചു.
ഈ വാര്‍ത്ത പരന്നതോടെ സിന്ധില്‍ കൂടുതല്‍ ഹിന്ദു വിരുദ്ധ കലാപങ്ങളുണ്ടായി. ജനുവരി 6 ന് കറാച്ചിയില്‍ ഹിന്ദു വിരുദ്ധ കലാപങ്ങള്‍ പൊട്ടിപ്പുറപ്പെട്ടു, ഇത് 1,100 പേരുടെ മരണത്തിന് കാരണമായി. 1948 മാര്‍ച്ചില്‍ വടക്കന്‍ ഗുജറാത്തിലെ ഗോദ്ര പട്ടണത്തില്‍ സിന്ധി ഹിന്ദു അഭയാര്‍ത്ഥികളുടെ വരവ് വീണ്ടും അവിടെ കലാപങ്ങള്‍ക്ക് കാരണമായി, ഇത് ഗോദ്രയില്‍ നിന്ന് പാകിസ്ഥാനിലേക്ക് മുസ്ലീങ്ങളുടെ കൂടുതല്‍ കുടിയേറ്റത്തിന് കാരണമായി. സിന്ധ് പ്രവിശ്യയില്‍ ഇപ്പോഴും സിന്ധി ഹിന്ദുക്കളുണ്ട്. പാകിസ്ഥാനിലെ ഹിന്ദുക്കള്‍ മതപരമായ പീഡനങ്ങള്‍ നേരിടുന്നതിനാല്‍, സിന്ധില്‍ നിന്നുള്ള ഹിന്ദുക്കള്‍ ഇപ്പോഴും ഇന്ത്യയിലേക്ക് കുടിയേറിക്കൊണ്ടിരിക്കുന്നു.
പാക്കിസ്ഥാനില്‍ ഹിന്ദുക്കള്‍ അടക്കമുള്ള ന്യൂനപക്ഷങ്ങളുടെ ജനസംഖ്യ കുത്തനെ കുറയുകയാണ്. എന്നാല്‍ ഇന്ത്യയില്‍ മുസ്ലീങ്ങളുടെ ജനസംഖ്യ വര്‍ധിക്കുകയാണ് അതാണ് ഇരു രാജ്യങ്ങളും തമ്മിലുള്ള അടിസ്ഥാന വ്യത്യാസവും. രാജ്യം വിഭജിക്കുന്നതിന്റെ വിഷമം പിന്നീട് പാക്കിസ്ഥാനും അറിഞ്ഞു.
1971-ല്‍ കിഴക്കന്‍ ബംഗാള്‍ പാക്കിസ്ഥാനില്‍നിന്ന് വിഘടിച്ച് ഇന്ത്യയുടെ സഹായത്തോടെ ബംഗ്ലാദേശായി. അന്നും ജമാഅത്തെ ഇസ്ലാമിയുടെ കാര്‍മ്മികത്വത്തില്‍ ആയിരക്കണക്കിന് ബംഗാളികളെയാണ് കൊന്നെടുക്കിയത്. കലാപത്തിന്റെ ഭാഗമായി ലക്ഷക്കണക്കിന് പേര്‍ ഇന്ത്യയില്‍ അഭയാര്‍ത്ഥികളായി. പക്ഷേ പാക്കിസ്ഥാനും രണ്ടായി. ചരിത്രം പ്രഹസനമായി അവര്‍ത്തിക്കപ്പെട്ടു.
വാല്‍ക്കഷ്ണം: കേരളത്തിലും പാക്കിസ്ഥാന്‍ വാദത്തിന് ചെറുതല്ലാത്ത വേരുകള്‍ ഉണ്ടായിരുന്നു. 'പത്തിഞ്ച് കത്തികൊണ്ട് കുത്തിവാങ്ങും പാക്കിസ്ഥാന്‍' എന്ന മുദ്രാവാക്യമുയര്‍ത്തി ഇന്നത്തെ മലപ്പുറം ജില്ലയുടെ ഭാഗമായ ഏറനാട്ടില്‍ നടന്ന പ്രകടനങ്ങളെകുറിച്ച് കോണ്‍ഗ്രസ് നേതാവ് ആര്യാടന്‍ മുഹമ്മദ് എഴുതിയിട്ടുണ്ട്. കേരളത്തില്‍നിന്ന് പാക്കിസ്ഥാനിലേക്ക് പോയവരും ഉണ്ട്. പക്ഷേ ഉത്തരേന്ത്യയിലെപ്പോലെ വലിയ ഒരു കലാപം നമ്മുടെ നാട്ടില്‍ ഭാഗ്യത്തിന് ഉണ്ടായില്ലെന്ന് മാത്രം.