- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഫെമിനിച്ചി, അഹങ്കാരി; മമ്മൂട്ടി ഫാന്സില് നിന്ന് റേപ്പ് ഭീഷണി വരെ; താരങ്ങള്‍ ഒതുക്കാന്‍ നോക്കിയിട്ടും ഏറ്റില്ല; പാര്‍വതി വീണ്ടും തരംഗമാവുമ്പോള്‍
ആയിരം മലരിന് അര കാഞ്ചന! പ്രേമം സിനിമയിലെ മലര്‍ മിസ് തരംഗത്തിനുശേഷം, എന്ന് നിന്റെ മൊയ്തീന്‍ എന്ന സിനിമയിറങ്ങിയപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായ വാചകമാണിത്. മൊയ്തീനിലെ കാഞ്ചനമാലയെ മലയാളിക്ക് ഇന്നും മറക്കാനാവില്ല. അതുപോലെ ആസിഡ് ആക്രമണത്തില്‍ പാതിവെന്ത മുഖവുമായി അതിജീവിച്ച പല്ലവിയെയും, ബാംഗ്ലൂര്‍ ഡെയ്സിലെ അരക്കുതാഴെ തളര്‍ന്ന സാറയുമൊക്കെയായി എത്രയെത്ര കഥാപാത്രങ്ങള്‍. സിനിമക്ക് അകത്തു മാത്രമല്ല പുറത്തും പാര്‍വതി നിരന്തരം തലക്കെട്ടുകള്‍ ആകര്‍ഷിച്ചു. മലയാള സിനിമയിലെ അപ്രിയ സത്യങ്ങള്‍ വിളിച്ചുപറഞ്ഞു. ഇതിന്റെയൊക്കെ ആവശ്യമുണ്ടായിരുന്നോ എന്നു ചോദിക്കുന്നവരോട് അത്യാവശ്യമാണെന്ന് […]
ആയിരം മലരിന് അര കാഞ്ചന! പ്രേമം സിനിമയിലെ മലര്‍ മിസ് തരംഗത്തിനുശേഷം, എന്ന് നിന്റെ മൊയ്തീന്‍ എന്ന സിനിമയിറങ്ങിയപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായ വാചകമാണിത്. മൊയ്തീനിലെ കാഞ്ചനമാലയെ മലയാളിക്ക് ഇന്നും മറക്കാനാവില്ല. അതുപോലെ ആസിഡ് ആക്രമണത്തില്‍ പാതിവെന്ത മുഖവുമായി അതിജീവിച്ച പല്ലവിയെയും, ബാംഗ്ലൂര്‍ ഡെയ്സിലെ അരക്കുതാഴെ തളര്‍ന്ന സാറയുമൊക്കെയായി എത്രയെത്ര കഥാപാത്രങ്ങള്‍.
സിനിമക്ക് അകത്തു മാത്രമല്ല പുറത്തും പാര്‍വതി നിരന്തരം തലക്കെട്ടുകള്‍ ആകര്‍ഷിച്ചു. മലയാള സിനിമയിലെ അപ്രിയ സത്യങ്ങള്‍ വിളിച്ചുപറഞ്ഞു. ഇതിന്റെയൊക്കെ ആവശ്യമുണ്ടായിരുന്നോ എന്നു ചോദിക്കുന്നവരോട് അത്യാവശ്യമാണെന്ന് ഇപ്പോഴും ശങ്കയേതുമില്ലാതെ പറയുന്നു പാര്‍വതി. അതിന്റെ പേരിലുള്ള നഷ്ടങ്ങളെയും വെല്ലുവിളികളേയും കുറിച്ചും അവര്‍ക്ക് ബോധ്യമുണ്ട്. ഫെമിനിച്ചി, അഹങ്കാരി, സൂപ്പര്‍താരങ്ങളുടെ വിമര്‍ശക, അങ്ങനെയൊക്കെ പോകുന്ന ടാഗുകളില്‍ വലിയ വിദ്വേഷ പ്രചാരണവും നടി നേരിട്ടു.
പ്രതിഭയുള്ളവരെ ആരൊക്കെ ചേര്‍ന്നാലും ഒതുക്കാന്‍ കഴിയില്ല എന്നതിന്റെ മികച്ച ഉദാഹരണമാണ് നടി പാര്‍വതി തിരുവോത്ത്. വിവാദങ്ങള്‍ കരിയര്‍ ഇല്ലാതാക്കി എന്ന് പറഞ്ഞ് പരിഹസിച്ചവരുടെ വായ അടപ്പിക്കുന്ന തരത്തിലാണ് പാര്‍വ്വതിയുടെ പുതിയ ചിത്രങ്ങള്‍ ഓരോന്നായി വിജയിച്ചു കൊണ്ടിരിക്കുന്നത്. ഏറ്റവും ഒടുവില്‍ പുറത്തിറങ്ങിയ മലയാള സിനിമ ഉള്ളൊഴുക്കില്‍ അവിസ്മരണീയമായ പ്രകടനമാണ് താരം കാഴ്ചവെച്ചത്.അതിനുപിന്നാലെ വിക്രം നായകനായ പാ രഞ്ജിത്ത് സംവിധാനം ചെയ്ത 'തങ്കലാനു'മെത്തി. അതിലെ വിക്രത്തിന്റെ ഭാര്യയായ കൊടും തമിഴത്തിയായി പാര്‍വതി കസറുകയാണ്.
അപ്പോഴാണ് ഹേമാകമ്മറ്റി റിപ്പോര്‍ട്ട വരുന്നത്. മലയാളത്തിലെ മുന്‍നിര നായകന്‍ അടക്കം പകല്‍വെളിച്ചത്തില്‍ മൂണ്ടുരിഞ്ഞുപോയപോലെ നില്‍ക്കുമ്പോള്‍, സ്പോട്ട് ലൈറ്റ് നീങ്ങുന്നത് പാര്‍വതി തെരുവോത്തിലേക്കാണ്. വര്‍ഷങ്ങള്‍ക്ക് മുമ്പ് ഈ യുവനടി എടുത്ത ശക്തമായ നിലപാടാണ്, ഒരു കൊടുങ്കാറ്റായി മലയാള സിനിമയില്‍ ആഞ്ഞടിക്കുന്നത്. വെള്ളിത്തിരയ്ക്ക് അഭിനയ പ്രതിഭ മാത്രമല്ല, പെണ്ണിന്റെ കരുത്ത് എന്താണെന്നും ഒറ്റയ്ക്ക് നെഞ്ചുവിരിച്ചുനിന്ന് തെളിച്ചവളാണിവള്‍!
ടെലിവിഷന്‍ ആങ്കറായി തുടക്കം
അഭിഭാഷകരായ പി.വിനോദ് കുമാറിന്റെയും ടി.കെ ഉഷാകുമാരിയുടെയും മകനായി 1988 ഏപ്രില്‍ 7-ന് കോഴിക്കോട്ടാണ് പാര്‍വതി ജനിച്ചത്. ഒരു സഹോദരനുണ്ട്, തിരുവോത്ത് കരുണാകരന്‍. സ്‌കൂള്‍ കാലഘട്ടത്തില്‍ കുടുംബം തിരുവനന്തപുരത്തേക്ക് താമസം മാറ്റി. തുടര്‍ന്ന് പഠനം നടന്നത് അവിടെയാണ്. പാങ്ങോട് കേന്ദ്രീയ വിദ്യാലയത്തില്‍ നിന്ന് സ്‌കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ ശേഷം തിരുവനന്തപുരം ഓള്‍ സെയിന്റ്സ് കോളേജില്‍ നിന്ന് ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിഎ പൂര്‍ത്തിയാക്കി.
പരിശീലനം ലഭിച്ച ഭരതനാട്യം നര്‍ത്തകി കൂടിയാണ് പാര്‍വതി. തിരുവനന്തപുരം ആസ്ഥാനമായുള്ള കിരണ്‍ ടിവിയിലെ ടെലിവിഷന്‍ അവതാരകയായിരുന്നു തുടക്കം. 2006-ല്‍ പുറത്തിറങ്ങിയ ഔട്ട് ഓഫ് സിലബസ് എന്ന മലയാള സിനിമയിലൂടെയാണ് ചലച്ചിത്രലോകത്തേക്ക് കടക്കുന്നത്. പക്ഷേ ശ്രദ്ധിക്കപ്പെടുന്നത്, രണ്ടാമത്തെ ചിത്രമായ നോട്ട്ബുക്കിലുടെയാണ്. കൗമാരപ്രായത്തിലുള്ള ഗര്‍ഭധാരണം പ്രമേയമാക്കിയ റോഷന്‍ ആന്‍ഡ്രൂസ് ചിത്രം ഏറെ ശ്രദ്ധിക്കപ്പെട്ടു. അയ്യായിരം അപേക്ഷകരില്‍ നിന്നാണ് അന്ന് അവള്‍ തിരഞ്ഞെടുക്കപ്പെട്ടത്. റോമ , മരിയ റോയ് എന്നിവര്‍ക്കൊപ്പം ചിത്രത്തിലെ ലീഡ് റോള്‍ വേഷമായിരുന്നു പാര്‍വതിയുടേത്. 2007-ല്‍ സത്യന്‍ അന്തിക്കാടിന്റെ ദിലീപ് ചിത്രമായ വിനോദയാത്രയില്‍ ഒരു പ്രധാന കഥാപാത്രത്തെ പാര്‍വതി അവതരിപ്പിച്ചു.
പിന്നീടങ്ങോട്ട് കന്നഡയിലും തമിഴിലുമാണ് പാര്‍വതിയെന്ന ഈ യുവനടിയെ കൂടുതല്‍ കണ്ടത്. ആദ്യ പ്രധാന വേഷം കന്നഡ ചിത്രമായ മിലാനയില്‍ പുനീത് രാജ്കുമാറിനൊപ്പമായിരുന്നു. 2007 ഏപ്രിലില്‍ ഇറങ്ങിയ ഈ ചിത്രം വന്‍ വിജയമായി. ബാംഗ്ലൂരിലെ ഒരു മള്‍ട്ടിപ്ലക്‌സില്‍ 500 ദിവസം ചിത്രം പ്രദര്‍ശിപ്പിച്ചു. തുടര്‍ന്നാണ് പാര്‍വതി, മോഹന്‍ലാലിനും ഇന്ദ്രജിത്തിനുമൊപ്പം സിബി മലയിലിന്റെ ഫ്‌ളാഷിലെ കഥാപാത്രം ചെയ്തത്. പക്ഷേ ചിത്രം പരാജയമായിരുന്നു.
ശശിയുടെ പൂ (2008) എന്ന ചിത്രത്തിലെ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കാന്‍ പാര്‍വതി തിരഞ്ഞെടുക്കപ്പെട്ടു. മാരി എന്ന തമിഴ് ഗ്രാമീണ പെണ്‍കുട്ടിയുടെ വേഷമാണ് പാര്‍വതി അവതരിപ്പിച്ചത്. മാരിയുടെ തൊഴില്‍ പഠിക്കാന്‍ ഒരു പടക്കശാല സന്ദര്‍ശിച്ചാണ് അവര്‍ കാര്യങ്ങള്‍ മനസ്സിലാക്കിയത്. ചിത്രം നിരൂപകരാലും ഏറെ പ്രശംസിക്കപ്പെട്ടു. മികച്ച തമിഴ് നടിക്കുള്ള ഫിലിംഫെയര്‍ അവാര്‍ഡും ഈ കഥാപാത്രം നേടി. തുടര്‍ന്നും കന്നഡയില്‍ പാര്‍വതി കൂടുതലായി അഭിനയിച്ചു. 2009 മുതല്‍ 11വരെയുള്ള അവരുടെ കരിയറില്‍ ഏറെയും അന്യഭാഷാ ചിത്രങ്ങളായിരുന്നു. പിന്നെ ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത സിറ്റി ഓഫ് ഗോഡിലുടെയാണ് (2011) മലയാളത്തില്‍ തിരിച്ച് എത്തിയത്. ചിത്രം സാമ്പത്തികമായി പരാജയപ്പെട്ടെങ്കിലും, ഒരു തമിഴ് അഭയാര്‍ത്ഥി പെണ്‍കുട്ടിയുടെ വേഷത്തില്‍ പാര്‍വതി തകര്‍ത്തു. തുടര്‍ന്നും കന്നഡയിലും തമിഴിലുമായി തുടര്‍ന്നു. പക്ഷേ മലയാളത്തിലെ പാര്‍വതിയുടെ ബ്ലോക്ക് ബസ്റ്ററുകള്‍ വരാനിരിക്കുന്നതേ ഉണ്ടായിരുന്നുള്ളൂ.
തരംഗമായ സാറയും കാഞ്ചനയും
2014-ല്‍ അഞ്ജലി മേനോന്‍ സംവിധാനം ചെയ്ത ബാംഗ്ലൂര്‍ ഡേയ്‌സ് മലയാളത്തില്‍ ബോക്സോഫീസ് കളക്ഷനുകള്‍ തിരുത്തി. അതില്‍ ദുല്‍ഖറിനൊപ്പം നടന്ന സാറ, എന്ന അരക്കുതാഴെ തളര്‍ന്ന റേഡിയോ ജോക്കിയുടെ വേഷം പാര്‍വതി ഗംഭീരമാക്കി. നിവിന്‍ പോളി, ഫഹദ് ഫാസില്‍, നസ്രിയ നസിം, നിത്യ മേനോന്‍ , ഇഷ തല്‍വാര്‍ തുടങ്ങിയ വലിയ താര നിരയുള്ള ഒരു ചിത്രത്തില്‍ അവര്‍ മാന്‍ ഓഫ് ദി മാച്ചായി. മികച്ച സഹനടിക്കുള്ള ഫിലിംഫെയര്‍ അവാര്‍ഡ് ഉള്‍പ്പെടെ നിരവധി അംഗീകാരങ്ങള്‍ അവര്‍ നേടി ഈ കഥാപാത്രം നേടി. പിന്നീട് അങ്ങോട്ട് പാര്‍വതി തരംഗത്തിന്റെ കാലമായിരുന്നു.
പക്ഷേ ബംാഗ്ലൂര്‍ ഡെയ്‌സിനെയും കടത്തിവെട്ടുന്ന, ചിത്രം വാരാനിരിക്കുന്നതേ ഉണ്ടായിരുന്നുള്ളൂ. അതാണ്, തൊട്ടടുത്ത വര്‍ഷം ഇറങ്ങിയ, ആര്‍ എസ് ബിമല്‍ സംവിധാനം ചെയ്ത, പൃഥിരാജ് ചിത്രം എന്ന് നിന്റെ മൊയ്തീന്‍. മലയാളത്തിലെ ഏറ്റവും മികച്ച പ്രണയ ചിത്രങ്ങളിലൊന്നായി നിരവധി നിരൂപകര്‍ ഇതിനെ വാഴ്ത്തി. ചിത്രത്തിലെ അനശ്വര പ്രണയിനി കാഞ്ചനമാലയായി പാര്‍വതി വെട്ടിത്തിളങ്ങി. പാര്‍വതിയെ മലയാളത്തിലെ എക്കാലത്തെയും മികച്ച നടികളില്‍ ഒരാളായി വിലയിരുത്തപ്പെട്ടുകൊണ്ടുള്ള നിരൂപണങ്ങള്‍ പോലും അക്കാലത്ത് വന്നു. അതേവര്‍ഷം തന്നെ ദുല്‍ഖറിന്റെ നായികയായി അഭിനയിച്ച ചാര്‍ലിയും സൂപ്പര്‍ ഹിറ്റായി. അതോടെ മലയാളത്തില്‍ വീണ്ടുമൊരു ലേഡി സൂപ്പര്‍ സ്റ്റാര്‍ എന്ന നിലയില്‍ സിനിമാ മാധ്യമങ്ങള്‍ എഴുതി.
2017-ല്‍ പാര്‍വതിക്ക് രണ്ട് റിലീസുകള്‍ ഉണ്ടായിരുന്നു. ആദ്യത്തേത് മഹേഷ് നാരായണ്‍ സംവിധാനം ചെയ്ത ടേക്ക് ഓഫ് ആയിരുന്നു. കുഞ്ചാക്കോ ബോബനൊപ്പം, ഇറാഖില്‍ ഐസിസ് തീവ്രവാദികളുടെ പിടിയില്‍ പെടുന്ന മലയാളി നഴ്സിന്റെ കഥ പറഞ്ഞ ചിത്രം രാജ്യാന്തര തലത്തില്‍ തന്നെ ശ്രദ്ധിക്കപ്പെട്ടു. ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവല്‍ ഓഫ് ഇന്ത്യ, ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവല്‍ ഓഫ് കേരള എന്നിവയുള്‍പ്പെടെ അന്താരാഷ്ട്ര മേളകളില്‍ ചിത്രം പ്രദര്‍ശിപ്പിച്ചു. ഐഫ്എഫ്ഐയില്‍ മികച്ച നടിക്കുള്ള അവാര്‍ഡ് പാര്‍വതി നേടി.
മികച്ച നടിക്കുള്ള ദേശീയ ചലച്ചിത്ര പുരസ്‌കാരത്തിനും അവര്‍ നാമനിര്‍ദ്ദേശം ചെയ്യപ്പെട്ടു. പക്ഷേ അവസാന റൗണ്ടില്‍ ശ്രീദേവിയോട് പരാജയപ്പെട്ടു. പക്ഷേ പ്രത്യേക ജൂറി പരാമര്‍ശം നേടി. ഇങ്ങനെ കത്തിനില്‍ക്കുന്ന നടിയെ അവഗണിക്കാന്‍ ഹിന്ദി സിനിമക്കും ആയില്ല. 2017-ല്‍ ഖരീബ് ഖരീബ് സിംഗിളില്‍ ഇര്‍ഫാന്‍ ഖാനൊപ്പം ബോളിവുഡില്‍ അരങ്ങേറ്റം കുറിച്ചു.
നടിയെ ആക്രമിച്ചപ്പോള്‍ ശക്തമായ നിലപാട്
ഈ സമയത്താണ്, നടിയെ ആക്രമിച്ച കേസ് ഉണ്ടാവുന്നത്. ബലാത്സംഗത്തിന് ക്വട്ടേഷന്‍ കൊടുത്തതിന്റെ വാര്‍ത്തകള്‍ കേട്ട്, മലയാള സിനിമ നടുങ്ങിയ സമയം. അപ്പോള്‍ എവിടെയും തൊടാതെ അഴകൊഴമ്പന്‍ നിലപാട് എടുത്ത്, ഇത്് ഒരു ഒറ്റപ്പെട്ട സംഭവമാണെന്ന് പറഞ്ഞ് ന്യായീകരിച്ച്, ഇരക്കുവേണ്ടി പ്രാര്‍ത്ഥിക്കയും വേട്ടക്കാരനൊപ്പം നില്‍ക്കുകയും ചെയ്യുന്ന നാണം കെട്ട പരിപാടിക്ക് പാര്‍വതി തയ്യാറായില്ല. പകരം, സിനിമയില്‍ ജോലി ചെയ്യുന്ന സത്രീകള്‍ അനുഭവിക്കുന്ന അരക്ഷിതാവസ്ഥ അവര്‍ ചര്‍ച്ചയാക്കി. അങ്ങനെയാണ്, വിമണ്‍ ഇന്‍ സിനിമാ കളക്ടീവ് എന്ന പേരില്‍ സിനിമയില്‍ വനിതാ കൂട്ടായ്മ രൂപീകരിക്കപ്പെട്ടു. പാര്‍വതി, റിമ കല്ലിങ്കല്‍, മഞ്ജു വാര്യര്‍, ദീദി ദാമോദരന്‍, സജിത മഠത്തില്‍, സൈനോര, അഞ്ജലി മേനോന്‍ തുടങ്ങിയവര്‍ സംഘടന രൂപവത്കരിക്കാന്‍ മുന്‍പന്തിയില്‍ ഉണ്ടായിരുന്നു.
കേസുമായി ബന്ധപ്പെട്ട് നടന്‍ ദിലീപ് അറസ്റ്റിലായതോടെ സിനിമാലോകം ചേരി തിരിഞ്ഞ് പോരടിക്കുന്നതിനും മലയാളം സാക്ഷ്യംവഹിച്ചു. വിമണ്‍ ഇന്‍ സിനിമാ കളക്ടീവ് അംഗങ്ങളെ ഫെമിനിച്ചികള്‍ എന്ന വിളിച്ചായി അധിക്ഷേപം. ഏറ്റവും വലിയ 'ഫെമിനിച്ചി' പട്ടം ചാര്‍ത്തിക്കിട്ടിയത് പാര്‍വതിക്കായിരുന്നു. അതേക്കുറിച്ച് കഴിഞ്ഞ വര്‍ഷം മനോരമ ഓണ്‍ലൈനില്‍ നല്‍കിയ അഭിമുഖത്തില്‍ പാര്‍വതി ഇങ്ങനെ തുറന്നു പറയുന്നു-'ഫെമിനിച്ചിയെന്ന വിളിപ്പേര് ഏറെ കേട്ടയാളാണു ഞാന്‍. അതൊരു അപമാനമായി കരുതുന്നില്ല. ഫെമിനിച്ചി എന്ന് എംബ്ലോയിഡറി ചെയ്ത ബാഗ് എനിക്ക് ഏറെ പ്രിയപ്പെട്ടതാണ്. ബോള്‍ഡ് ആണ് എന്നു പറയുമ്പോള്‍ പലരും ധരിക്കുന്നത് ഒരു വികാരവുമില്ലാത്ത ജീവിയാണെന്നാണ്. അങ്ങനെയല്ല, വളരെ സെന്‍സിറ്റിവാണു ഞാന്‍. വളരെ അടുപ്പമുള്ള ആളുകളുമായി പിണങ്ങിയാല്‍ ഉറക്കം പോലും നഷ്ടപ്പെടുന്നയാള്‍. അവര്‍ തെറ്റിദ്ധരിക്കുന്നതാണ് എന്നെ ഏറെ സങ്കടപ്പെടുത്തുക."- പാര്‍വതി പറയുന്നു.
ഇന്ന് തിരിഞ്ഞുനോക്കുമ്പോള്‍ ഡബ്ല്യുസിസിക്ക് ഏറെ മാറ്റങ്ങള്‍ ഉണ്ടാക്കാന്‍ കഴിഞ്ഞുവെന്നും പാര്‍വതി പറയുന്നു-'സിനിമയിലെ വനിത കൂട്ടായ്മയായ ഡബ്ല്യുസിസി ഈ കാര്യത്തിലും വലിയ ആത്മവിശ്വാസവും പ്രചോദനവും നല്‍കുന്നുണ്ട്. സിനിമ മേഖലയില്‍ ഇതുവരെ തുറന്നു പറയാന്‍ പോലും മടിച്ചിരുന്ന പല വിഷയങ്ങളില്‍ ചര്‍ച്ചയ്ക്കു വഴി തുറന്നു എന്നതു തന്നെ ഡബ്ല്യുസിസിയുടെ വലിയ നേട്ടമാണ്. ആദ്യം മുതല്‍ മറ്റു സിനിമ സംഘടനകളുമായി പോരാടുകയല്ല, പ്രശ്നങ്ങള്‍ സംബന്ധിച്ച് ചര്‍ച്ചയ്ക്ക് ക്ഷണിക്കുകയാണ് ഡബ്ല്യുസിസി ചെയ്ത ന്യായമായ കാര്യങ്ങള്‍ക്കും അവകാശങ്ങള്‍ക്കും വേണ്ടിയാണു അഭിനേതാക്കളുടെ സംഘടനക്കകത്തും പുറത്തും ന്യൂനപക്ഷമായി നിന്നും ശബ്ദമുയര്‍ത്തിയത്. അതു ഞങ്ങളുടെ വ്യക്തിപരമായ നേട്ടങ്ങള്‍ക്കോ, അജണ്ടകള്‍ക്കോ വേണ്ടിയല്ല. എല്ലാവര്‍ക്കും മാന്യമായി ജോലി ചെയ്യാനുള്ള തൊഴില്‍ സാഹചര്യവും സംസ്‌ക്കാരവും രൂപപ്പെടുത്താനായാണു ഡബ്ല്യുസിസിയുടെ പോരാട്ടം."- പാര്‍വതി ചൂണ്ടിക്കാട്ടി.
2020 ഒക്ടോബറില്‍, ഒരു സഹനടിയെക്കുറിച്ചുള്ള, ജനറല്‍ സെക്രട്ടറി ഇടവേള ബാബുവിന്റെ വിവാദ പരാമര്‍ശത്തില്‍ പ്രതിഷേധിച്ച് അവര്‍ താരസംഘടനയായ അമ്മയില്‍ നിന്ന് രാജിവെച്ചതും വലിയ വാര്‍ത്തയായി. അന്ന് പാര്‍വതി പറഞ്ഞ പ്രശ്നങ്ങളുടെയൊക്കെ തുടര്‍ച്ചയാണ് ഇന്ന് ഹേമ കമ്മറ്റി റിപ്പോര്‍ട്ടിലുടെ പുറത്തുവരുന്നത്.
'കസബ' വിമര്‍ശനം വില്ലനാവുന്നു
2017-ല്‍ തിരുവനന്തപുരത്ത് നടന്ന അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിലെ ഓപ്പണ്‍ ഫോറത്തിലാണ് പാര്‍വതി, മമ്മൂട്ടി നായകനായ കസബ സിനിമയെ വിമര്‍ശിച്ച് സംസാരിച്ചത്. നിര്‍ഭാഗ്യവശാല്‍ തനിക്ക് കസബ കാണേണ്ടതായി വന്നു. ആ സിനിമ തന്നെ വല്ലാതെ നിരാശപ്പെടുത്തി. ഒരു മഹാനടന്‍ ഒരു സീനില്‍ സ്ത്രീകളോട് അപകീര്‍ത്തികരമായ ഡയലോഗുകള്‍ പറയുന്നത് സങ്കടകരമാണ്. സിനിമ സമൂഹത്തെയും ജീവിതത്തെയും പ്രതിഫലിപ്പിക്കുന്നതാണ് എന്നത് സത്യമാണ്. എന്നാല്‍ അതിനെ നമ്മള്‍ മഹത്ത്വവത്കരിക്കുന്നുണ്ടോ എന്നിടത്താണ് അതിന്റെ അതിര്‍വരമ്പ് എന്നാണ് പാര്‍വതി പറഞ്ഞത്.
സിനിമ മോശമാണെന്ന് പാര്‍വതി പറഞ്ഞിട്ടില്ല. നിരാശപ്പെടുത്തിയെന്നാണ് പറഞ്ഞത്. ഒരു രീതിയിലുള്ള കണ്‍ഫ്യൂഷനും ഇടവരുത്താതെ വ്യക്തമായ രീതിയില്‍ തന്റെ നയം വ്യക്തമാക്കിയിട്ടും പാര്‍വതി സൈബര്‍ ആക്രമണത്തിന് ഇരയായി. ചെയ്ത കഥാപാത്രത്തിന്റെ പേരില്‍ മഹാനടനെ എങ്ങനെ കുറ്റംപറയും എന്ന വാദമുയര്‍ത്തി അവര്‍ പാര്‍വതിക്കുനേരെ അസഭ്യവര്‍ഷങ്ങള്‍ ചൊരിഞ്ഞു. സ്ത്രീവിരുദ്ധ ഡയലോഗുകള്‍ നടന്മാരെ ഉപയോഗിച്ച് ആഘോഷിക്കുന്നതിനും മഹത്ത്വവത്കരിക്കുന്നതിനും എതിരേയാണ് താന്‍ സംസാരിച്ചതെന്ന വാക്കുകള്‍ തമസ്‌കരിച്ചുകൊണ്ടുള്ള ആക്രമണമായിരുന്നു പാര്‍വതിക്കുനേരെ ഉയര്‍ന്നത്. നടിക്കുനേരെ ബലാത്സംഗഭീഷണിവരെ മുഴക്കി മമ്മൂക്ക ഫാന്‍സ് തരംതാണു.
താരാരാധനയും വിധേയത്വവും സ്ത്രീവിരുദ്ധതയും നിറഞ്ഞാടിയ ചില സിനിമാ സെലിബ്രിറ്റികളുടെ ഉള്ളിലിരുപ്പ് വെളിച്ചത്തുവന്നതും കസബ വിവാദത്തിലൂടെയാണ്. പാര്‍വതി നായികയായെത്തുന്ന മൈ സ്റ്റോറി എന്ന ചിത്രത്തിലെ പാട്ടുകള്‍ക്ക് യൂട്യൂബില്‍ എത്തിയപ്പോള്‍ അതിനെതിരെയും ഡിസ്ലൈക്ക് കാമ്പയില്‍ ഉണ്ടായി. സംസ്ഥാന സര്‍ക്കാറിന്റെ രണ്ടാമത്തെ പുരസ്‌കാരം സ്വന്തമാക്കിയപ്പോഴും അഭിനന്ദനങ്ങളേക്കാള്‍ കൂടുതല്‍ അധിക്ഷേപങ്ങള്‍ തന്നെയാണ് പാര്‍വതിയെ വരവേല്‍ക്കുന്നത്. 'അഭിനയിച്ചോളൂ, മേലാല്‍ വായ് തുറക്കരുത് എന്നാണ് പലരുടെയും താക്കീത്. കണ്ടംവഴി ഓടാന്‍ പറയുന്നവരുമുണ്ട്.'
എന്നിട്ടും ആരാധര്‍ അടങ്ങിയിരുന്നില്ല. അവര്‍ പാര്‍വതിയെ പൊതുശത്രുവായി പ്രഖ്യാപിച്ചു. സാമൂഹിക മാധ്യമങ്ങളില്‍ തലങ്ങും വിലങ്ങുമിട്ട് ആക്രമിച്ചു. സ്വന്തം അഭിപ്രായം പറഞ്ഞതിന്റെ പേരില്‍ ഇത്രയധികം ആക്രമണം നേരിട്ടവര്‍ വേറെയുണ്ടാവില്ല സിനിമാലോകത്ത്. സ്വന്തം പ്രവര്‍ത്തനമേഖലയായ സിനിമാ രംഗത്ത് നിന്ന് പോലും പാര്‍വതിക്ക് നേരെ ആക്രമണം ഉണ്ടായതാണ് ഏറ്റവും ഞെട്ടിപ്പിക്കുന്ന കാര്യം.
തന്നെ കുരങ്ങിനോട് ഉപമിച്ച സംവിധായകന്‍ ജൂഡ് ആന്റണിയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റിന് ഒ.എം.കെ.വി. എന്ന ഒറ്റ ഹാഷ്ടാഗിലൂടെ മറുപടി പറഞ്ഞാണ് സിനിമാലോകത്ത് പുതിയ സ്ത്രീപക്ഷ ചര്‍ച്ചയ്ക്ക് പാര്‍വതി തുടക്കംകുറിച്ചത്. 'ഒരു കുരങ്ങ് സര്‍ക്കസ് കൂടാരത്തില്‍ കയറിപ്പറ്റുന്നു. മുതലാളി പറയുന്നത് പോലെ ചാടുന്നു ഓടുന്നു കരണം മറിയുന്നു. ഒടുവില്‍ അഭ്യാസിയായി നാട് മുഴുവന്‍ അറിയപ്പെടുന്ന കുരങ്ങായി മാറുന്നു. അപ്പോള്‍ മുഴുവന്‍ സര്‍ക്കസുകാരെയും മുതലാളിമാരെയും തെറിപറയുന്നു. മുതലാളിമാര്‍ ചൂഷണം ചെയ്തു എന്ന് പരിതപിക്കുന്നു. ഈ കുരങ്ങിന് ആദ്യമേ എല്ലാം വേണ്ടെന്നുവെച്ച് കാട്ടില്‍ പോകാമായിരുന്നു. അങ്ങനെ പോയാല്‍ ആരറിയാന്‍ അല്ലേ.' ഇതായിരുന്നു ജൂഡിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ്.
'സര്‍ക്കസ് കൂടാരത്തില്‍ കയറിപ്പറ്റിയാല്‍ പിന്നെ മുതലാളിമാര്‍ ചെയ്യുന്ന എന്തും സഹിച്ചുകൊള്ളണം. മുതലാളിമാര്‍ അഭ്യാസം പഠിപ്പിക്കുന്നത് കുരങ്ങ് ഒരു സര്‍ക്കസ്‌കാരനാവാനുള്ള മുതലാളിമാരുടെ അടങ്ങാത്ത ആഗ്രഹം കൊണ്ടാണ് അല്ലാതെ അവര്‍ക്ക് കുരങ്ങിനെ ഉപയോഗിച്ച് കാശുണ്ടാക്കാനല്ല. അതുകൊണ്ടുതന്നെ കുരങ്ങന്‍ ചൂഷണം അര്‍ഹിക്കുന്നു' എന്ന് വേദാന്തമോതുന്ന ജൂഡ് ആന്റണിയുടെ പോസ്റ്റ് ഡിബേറ്റബിള്‍ പോലുമല്ല എന്ന ഉറച്ച വിശ്വാസത്തില്‍ നിന്നാവണം ഓട് മലരേ കണ്ടം വഴി (ഒ.എം.കെ.വി.) എന്ന് പാര്‍വതിക്ക് പറയേണ്ടിവന്നത്.
പാര്‍വതിയുടെ പോസ്റ്റ് സോഷ്യല്‍ മീഡിയ ഏറ്റെടുക്കുന്ന കാഴ്ചയാണ് പിന്നീട് കണ്ടത്. ഒരുപക്ഷേ, ഒരു സ്ത്രീ അതും പബ്ലിക് ഫിഗറായ ഒരു നടി അത്ര സഭ്യമല്ലാത്ത വാക്കില്‍നിന്ന് രൂപംകൊണ്ട പദാവലി ഉപയോഗിച്ച് ആഘോഷിക്കപ്പെടുന്നത് കേരളീയചരിത്രത്തില്‍ തന്നെ ആദ്യമായിരുന്നു. ആ 'ഒഎംകെവി' പ്രതികരണത്തില്‍ ഖേദമില്ലെന്ന് ഈയിടെയും ഒരു അഭിമുഖത്തില്‍ പാര്‍വതി പറഞ്ഞിരുന്നു. 'ആലോചിച്ച് ഇട്ടതു തന്നെയാണ്. അദ്ദേഹത്തിന്റെ വാക്കുകള്‍ ആ പ്രതികരണം അര്‍ഹിക്കുന്നുണ്ട്". പക്ഷേ അതോടെ അണിറയറയിലെ കളി തുടങ്ങിയിരുന്നു.പിന്നീട് കുറച്ച് കാലത്തേക്ക് മലയാള സനിമയില്‍ നിന്നുതന്നെ പാര്‍വതി ഇല്ലാതായി.
ഒതുക്കാന്‍ ആസൂത്രിത നീക്കം
പക്ഷേ ആ സമയത്തും നടന്‍ മമ്മൂട്ടിയുമായി തനിക്ക് വ്യക്തിപരമായി പ്രശ്നങ്ങള്‍ ഒന്നും ഉണ്ടായിട്ടില്ലെന്ന് പാര്‍വതി പറയുന്നുണ്ട്. -'എനിക്കും മമ്മൂക്കയ്ക്കും ഇടയില്‍ അത് ഒരു തരത്തിലുമുള്ള പ്രശ്നങ്ങളുണ്ടാക്കിയിട്ടില്ല. ആ സംഭവത്തിന് പിന്നാലെ ഉണ്ടായ 'പൊങ്കാല'യ്ക്കിടയില്‍ ഞാന്‍ അദ്ദേഹത്തിന് മെസേജയച്ചു. ഞാന്‍ പേഴ്സണലി പറഞ്ഞതല്ല എന്ന് പറഞ്ഞു. അതൊന്നും കുഴപ്പമില്ല, ജസ്റ്റ് റിലാക്സ് എന്നാണ് അദ്ദേഹം പറഞ്ഞത്. ഞങ്ങളുടെ ഇടയില്‍ ഒരു പ്രശ്നവുമില്ല. ഞാന്‍ അദ്ദേഹത്തെ അറ്റാക്ക് ചെയ്യുകയാണെന്ന തരത്തില്‍ പ്രചരിപ്പിച്ചത് മറ്റ് ചിലരായിരുന്നു. അത് ഒരിക്കലും ഒരു അറ്റാക്ക് അല്ലായിരുന്നു. ഞാനൊരു സത്യമാണ് പറഞ്ഞത്."- പാര്‍വതി പറയുന്നു. അതിനുശേഷം 'പുഴു' എന്ന ചിത്രത്തിലൂടെ മമ്മൂട്ടിയും പാര്‍വതിയും വീണ്ടും അഭിനയിച്ചതും ചരിത്രം.
ഈയിടെ മനോരമക്ക് നല്‍കിയ അഭിമുഖത്തിലും തന്നെ ബോധപൂര്‍വം ചിലര്‍ സിനിമയില്‍നിന്ന് ഒഴിവാക്കാന്‍ ശ്രമിച്ച കാര്യം പാര്‍വതി പറയുന്നുണ്ട്-'അഞ്ജലി മേനോന്‍ സംവിധാനം ചെയ്ത കൂടെയില്‍ അഭിനയിക്കും വരെ ഓരോ സിനിമകള്‍ക്കിടയിലുള്ള ഇടവേള ഞാന്‍ സ്വയം തിരഞ്ഞെടുത്തതായിരുന്നു. സിനിമകളിലേക്കുള്ള വിളികള്‍ യഥേഷ്ടം തേടി വന്നിരുന്നു. എന്നാല്‍ കൂടെയില്‍ അഭിനയിച്ച ശേഷമുണ്ടായ 8 മാസത്തെ ഇടവേള അങ്ങനെയല്ല. സിനിമയിലേക്കുള്ള വിളികള്‍ കുറഞ്ഞു.
ബാംഗ്ലൂര്‍ ഡേയ്സ് മുതല്‍ വലിയ വിജയം നേടിയ ചിത്രങ്ങളുടെ ഭാഗമായ ആര്‍ട്ടിസ്റ്റ് എന്ന നിലയ്ക്ക് ഇത് അസ്വാഭാവികമാണ്. വിജയ ചിത്രങ്ങളുടെ ഭാഗമായ, നല്ല കഥാപാത്രങ്ങള്‍ ചെയ്യാന്‍ അവസരം ലഭിച്ച, ഇനിയും അത്തരം റോളുകള്‍ ലഭിക്കാന്‍ സാധ്യതയുളള ഒരു പ്രിവിലേജ്ഡ് ആര്‍ട്ടിസ്റ്റായിട്ടും എന്റെ അവസ്ഥ ഇതാണെങ്കില്‍ അങ്ങനെയല്ലാത്ത ആര്‍ട്ടിസ്റ്റുകളുടെയും ടെക്നീഷ്യന്‍മാരുടെയും കാര്യമെന്താവും. പക്ഷേ ജോലിപോകും എന്നതുകൊണ്ട് പറയേണ്ട കാര്യങ്ങള്‍ പറയാതിരിക്കരുത്. അങ്ങനെ ഭയക്കുന്നവര്‍ ഇപ്പോഴുമുണ്ട്. അതു മാറണമെങ്കില്‍ കുറച്ചു വര്‍ഷങ്ങള്‍ കൂടിയെടുക്കും. അതിനു തുടക്കമായിട്ടുണ്ട്.
ഒരു കൂട്ടര്‍ വിചാരിച്ചാല്‍ അവസരം നഷ്ടപ്പെടുത്തി ഒതുക്കി നിര്‍ത്താമെന്ന സാഹചര്യമൊക്കെ മാറുകയാണ്. അങ്ങനെ ഒതുക്കപ്പെട്ടാല്‍ അതിനെ മറികടക്കാന്‍ സ്വന്തം സിനിമകളും അവസരങ്ങളും സൃഷ്ടിക്കാന്‍ കഴിയുന്നവരുടെ കൂട്ടായ്മ ഇപ്പോള്‍ ഇവിടെയുണ്ട്. എത്ര ട്രോളിയാലും അക്കാര്യത്തില്‍ വ്യക്തിപരമായി ഏറെ ആത്മവിശ്വാസമുള്ള ആളാണ് ഞാനും."- പാര്‍വതി പറയുന്നു.
പക്ഷേ ഈ ഒതുക്കിനിടയിലും 2019-ലെ ഉയരെ എന്ന സിനിമയില്‍ അസാധാരണമായ ഒരു കഥാപാത്രത്തെ പാര്‍വതി അവതരിപ്പിച്ചു. ആസിഡ് ആക്രമണത്തിനിരയാവുന്ന ഒരു വനിത പൈലറ്റ് അതിജീവിനത്തിനായി നേരിടുന്ന വെല്ലുവിളികളും വഴികളുമാണ് ഉയരെ. 'ഇതുവരെ അഭിനയിച്ച കഥാപാത്രങ്ങളെല്ലാം എനിക്ക് പല രീതിയില്‍ പ്രിയപ്പെട്ടതാണെങ്കിലും ശാരീരികമായി ഏറ്റവും വെല്ലുവിളിയായതു പല്ലവി തന്നെ. ഏറെ സീനുകളിലുംഒരു മുഖംമൂടിക്കുള്ളിലൂടെയാണ് അഭിനയിക്കേണ്ടത്. ആസിഡ് അക്രമണത്തിനിരയായ ശേഷമുള്ള മുഖരൂപം മോള്‍ഡിലുണ്ടാക്കി പിടിപ്പിക്കുകയായിരുന്നു. ആ മേക്കപ്പിനായി തന്നെ 4 മണിക്കൂര്‍ എടുത്തു. കണ്ണും വായുമെല്ലാം ടേപ്പ് ഒട്ടിച്ചുണ്ടാവും. അതിനു മുകളില്‍ പിടിപ്പിച്ച മോള്‍ഡുമായിട്ടാണ് ഷൂട്ടിങ്ങിനായി മണിക്കൂറുകളോളം ചിലവഴിച്ചത്. വിയര്‍പ്പും അസ്വസ്ഥതളെല്ലാം സഹിച്ചാണ് അഭിനയിച്ചത്.
ബോബി-സഞ്ജയുടെ തിരക്കഥയില്‍ കഥാപാത്രത്തിന്റെ എല്ലാ സൂക്ഷ്മതയും വ്യക്തമായിരുന്നു. എങ്കിലും അത്തരം ആളുകളുടെ ജീവിതം നേരിട്ടറിയാന്‍ ആസിഡ് ആക്രമണത്തിനിരയായ സ്ത്രീകള്‍ അഗ്രയില്‍ നടത്തുന്ന ഷീറോസ് എന്ന റസ്റ്ററന്റില്‍ പോയി പഠിച്ചാണ് അവര്‍ വേഷം ചെയ്തത്.
ഉള്ളൊഴുക്കിലൂടെ ശക്തമായ തിരിച്ചുവരവ്
രണ്ട് ദശാബ്ദത്തോട് അടുക്കുന്ന കരിയറില്‍ ആകെ മുപ്പതോളം സിനിമകള്‍ മാത്രമാണ് ഈ നടി ചെയ്തിടടുള്ളത്. ഒരു സമയം ഒരു സിനിമ മാത്രമേ ചെയ്യുകയുള്ളൂ എന്ന നിലപാടാണു കരിയറിന്റെ തുടക്കം മുതല്‍ സ്വീകരിച്ചത്. മാത്രമല്ല താന്‍ അതാവശ്യമെന്ന് തോന്നുന്ന ചിത്രങ്ങളിലേ അവര്‍ മുഖം കാണിക്കാറുമുള്ളൂ. ഇപ്പോഴിതാ അതിശക്തയായാണ് പാര്‍വതി തിരിച്ചവന്നിരിക്കുന്നത്.
വിവാദങ്ങള്‍ കരിയര്‍ ഇല്ലാതാക്കി എന്ന് പറഞ്ഞ് പരിഹസിച്ചവരുടെ വായ അടപ്പിക്കുന്ന രീതിയിലാണ് താരത്തിന്റെ പുതിയ ചിത്രങ്ങള്‍ ഓരോന്നായി വിജയിച്ചു കൊണ്ടിരിക്കുന്നത്. ഏറ്റവും ഒടുവില്‍ പുറത്തിറങ്ങിയ മലയാള സിനിമ 'ഉള്ളൊഴുക്കി'ല്‍ അവിസ്മരണീയമായ പ്രകടനമാണ് പാര്‍വതി കാഴ്ചവെച്ചിട്ടുള്ളത്. ഉര്‍വശിയോടൊപ്പം മത്സരിച്ച് അഭിനയിച്ച പാര്‍വതിയെയാണ് മലയാളികള്‍ ചിത്രത്തില്‍ കണ്ടത്. ചിത്രത്തിലെ അഭിനയത്തിന് ഉര്‍വശിക്ക് മികച്ച നടിയ്ക്കുള്ള കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം ലഭിച്ചിരുന്നു. ആ വേളയില്‍ ഉര്‍വശിയും പറഞ്ഞത് താന്‍ പാര്‍വതിയോടൊപ്പം മത്സരിച്ച് അഭിനയിക്കുകയായിരുന്നു എന്ന് തന്നെയാണ്.
പാ രഞ്ജിത്ത് സംവിധാനം ചെയ്ത വിക്രം നായകനായ, ബിഗ് ബജറ്റ് തമിഴ് ചിത്രം തങ്കലാനിലും പാര്‍വതി തകര്‍ക്കയാണ്. താന്‍ എവിടേക്കും പോയിട്ടില്ല ഇവിടെ തന്നെയുണ്ട് ഇങ്ങനെ തന്നെയാണെന്ന് അവര്‍ പറയുന്നു.-'എന്റെ മിക്ക സുഹൃത്തുക്കളും നേരത്തെ വിവാഹം ചെയ്തു. ചിലര്‍ വൈകിയാണ് വിവാഹം ചെയ്തത്. ചിലര്‍ വിവാഹം ചെയ്ത് ഡിവോഴ്സായി തിരിച്ച് വന്നു. താന്‍ ഇപ്പോഴും സിംഗാളായി തുടരുകയാണ്.".ഇടക്കുണ്ടായ ഒരു ബ്രേക്കപ്പ് തന്നെ തകര്‍ത്തുവെന്നും അവര്‍ പറഞ്ഞിരുന്നു.
2019- ല്‍ ഞാന്‍ ഈ പാര്‍വതിയേ ആയിരുന്നില്ല. ബെഡില്‍ നിന്ന് എഴുന്നേല്‍ക്കാനോ ബ്രഷ് ചെയ്യാനോ കുളിക്കാനോ കഴിയാത്ത അവസ്ഥ. ഞാന്‍ വല്ലാതെ ഡിപ്രസ്ഡ് ആയിരുന്നു. ഡിപ്രഷനാണെന്ന് ക്ലിനിക്കലി കണ്ടെത്തി. ഒറ്റപ്പെടല്‍ വലുതായിരുന്നു. കുറേക്കാലത്തേക്ക് പുതിയ സൗഹൃദങ്ങളുണ്ടാക്കാനോ റിലേഷന്‍ഷിപ്പിലേക്ക് കടക്കാനോ പേടി തോന്നിയിരുന്നു. പക്ഷേ വൈകാതെ അതില്‍നിന്ന് പുറത്തുകടന്നു"- പാര്‍വതി വ്യക്തമാക്കി.
തന്റെ പോരാട്ടം ഇനിയും തുടരുമെന്നും, ഹേമാ കമ്മറ്റി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ അവര്‍ മാധ്യമങ്ങളോട് പറഞ്ഞു. സിനിമാ നയത്തിന്റെ കരട് തയാറാക്കുന്നതിനായി കോണ്‍ക്ലേവ് നടത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞതിനെ അവര്‍ എതിര്‍ക്കുന്നു. കോണ്‍ക്ലേവ് എന്നതുകൊണ്ട് എന്താണ് ഉദ്ദേശിക്കുന്നതെന്ന് മനസ്സിലാകുന്നില്ലെന്ന് പാര്‍വതി പറഞ്ഞു.
'2019 -ല്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടാണിത്. അന്ന് മുതല്‍ ഡബ്ല്യൂ.സി.സി ചോദിക്കുന്നതാണ് റിപ്പോര്‍ട്ട് എന്ന് പുറത്ത് വരുമെന്ന്. സാംസ്‌കാരിക വകുപ്പിന്റെ നിലപാടില്‍ ആശങ്കയുണ്ട്. ഇരകള്‍ പരാതി കൊടുക്കട്ടെയെന്ന സര്‍ക്കാര്‍ നിലപാട് സങ്കടകരം. അവര്‍ റിപ്പോര്‍ട്ട് വായിച്ചിട്ടില്ല, പഠിച്ചിട്ടില്ല എന്നൊക്കെയാണ് പറയുന്നത്. സിനിമയില്‍ നടക്കുന്ന ലൈംഗിക ചൂഷണം മാത്രമല്ല വിഷയം. എന്റര്‍ടൈന്‍മെന്റ് നിയമങ്ങള്‍ ഇവിടെ നടപ്പാക്കേണ്ടതുണ്ട്. എന്താണ് തൊഴിലിടം എന്നത് സംബന്ധിച്ച് ആര്‍ക്കും വ്യക്തമായ ധാരണയില്ല. ഇന്ന് ഈ ചര്‍ച്ചകളെല്ലാം ഒരു നഴ്‌സറി സ്റ്റേജിലാണ് നില്‍ക്കുന്നത്. സിനിമയെ എങ്ങിനെ മികച്ച തൊഴിലിടമാക്കാം.അതിനു വേണ്ടിയാണ് ശ്രമങ്ങള്‍ നടത്തേണ്ടത്. ഇപ്പോള്‍ തന്നെ വൈകിപ്പോയി.കൃത്യമായ നിയമങ്ങള്‍ കൊണ്ടുവരേണ്ടതുണ്ട്. സര്‍ക്കാറിനേ ഇതെല്ലാം ചെയ്യാന്‍ പറ്റൂ. ചിലയാളുകളുടെ ഇഷ്ടത്തിന് സിനിമാ വ്യവസായം ചലിക്കുന്നത് ശരിയല്ല. ഇത്രയും പണം വരുന്ന വ്യവസായമാണ്. അത് സര്‍ക്കാര്‍ അധികാരത്തില്‍ വരുമ്പോഴും പറയുന്നത് സ്ത്രീസുരക്ഷയെക്കുറിച്ചാണ്. പക്ഷേ എന്താണ് ഇവിടെ നടക്കുന്നത്. കോണ്‍ക്ലേവ് എന്നത് കൊണ്ട് എന്താണ് എന്താണ് ഉദ്ദേശിക്കുന്നത്. ഇരകളും വേട്ടക്കാരും ഒരുമിച്ച് ഇരുന്നാണോ അത് സംഘടിപ്പിക്കേണ്ടത്."- പാര്‍വതി ചോദിക്കുന്നു.
വാല്‍ക്കഷ്ണം: ഹോളിവുഡിലെ പ്രമുഖ നിര്‍മാതാവായ ഹാര്‍വി വെയിന്‍സ്റ്റീന്റെ ബലാത്സംഗത്തിനും പീഡനത്തിനും ഇരയായ നടിമാരുടെ തുറന്നുപറച്ചിലാണ് മീ ടൂ കാമ്പയിനിന്റെ ആത്മാവ്. ഹോളിവുഡ് നടി അലീസ മിലാനോയില്‍ നിന്നാരംഭിച്ച് ലോകത്തെ മുഴുവന്‍ സിനിമാ വ്യവസായമേഖലകളിലും ഈ ഹാഷ്ടാഗ് ചലനങ്ങള്‍ സൃഷ്ടിച്ചു. അതിന്റെ അനുരണനങ്ങളാണ് കേരളത്തിലും കണ്ടത്. പക്ഷേ ഹോളിവുഡില്‍ പോലും അന്വേഷണം ഉണ്ടാവുകയും ചില പീഡകര്‍ അകത്താവുകയും ചെയ്തു. പക്ഷേ ഇവിടെ നമുക്ക് ഒന്നും ചെയ്യാന്‍ കഴിയുന്നില്ല.