- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വലിയശരീരം, കുട്ടികളുടെ ബുദ്ധി! കട്ടന്‍ചായ-പരിപ്പുവട പാര്‍ട്ടിയെ സാമ്പത്തിക ശക്തിയാക്കി; പാര്‍ട്ടി പാപിയാക്കിയ നേതാവ്; ഇ പി പടിയിറങ്ങുമ്പോള്‍
'പാപിയുടെ കൂടെ ശിവന് കൂടിയാല്‍ ശിവനും പാപിയായിടും'- കഴിഞ്ഞ ലോക്്സഭാ തിരഞ്ഞെടുപ്പ് പോളിങ്ങ് ദിവസം മുഖ്യമന്ത്രി പിണറായി വിജയന് ഈ പഞ്ച് ഡയലോഗ് പറയുമ്പോള്‍ ഒരുകാര്യം ഉറപ്പായിരുന്നു, ഇ പി ജയരാജന് എന്ന സിപിഎമ്മിലെ രാഷ്ട്രീയ അതികായന്റെ നാളുകള്‍ എണ്ണപ്പെട്ടിരിക്കുന്നു. കാരണം, പാര്‍ട്ടി എന്നാല്‍ ഇപ്പോള്‍ പിണറായി വിജയനാണ്. പിണറായി കോപിച്ചാല്‍ പിന്നെ പാര്‍ട്ടിയില്‍ സ്ഥാനമില്ല. അത്രക്ക് ഗുരതരമായ ആരോപണങ്ങളാണ് ഇ പിക്കുനേരെ ഉണ്ടായിരിക്കുന്നതും. ദല്ലാള്‍ നന്ദകുമാറിനെപ്പോലുള്ള ദുരൂഹമായ വ്യക്തിത്വങ്ങളുമായുള്ള ചങ്ങാത്തം പാര്‍ട്ടി സഹിക്കും. ക്വാറിക്കാരും, ക്രഷറുകാരും, […]
'പാപിയുടെ കൂടെ ശിവന് കൂടിയാല്‍ ശിവനും പാപിയായിടും'- കഴിഞ്ഞ ലോക്്സഭാ തിരഞ്ഞെടുപ്പ് പോളിങ്ങ് ദിവസം മുഖ്യമന്ത്രി പിണറായി വിജയന് ഈ പഞ്ച് ഡയലോഗ് പറയുമ്പോള്‍ ഒരുകാര്യം ഉറപ്പായിരുന്നു, ഇ പി ജയരാജന് എന്ന സിപിഎമ്മിലെ രാഷ്ട്രീയ അതികായന്റെ നാളുകള്‍ എണ്ണപ്പെട്ടിരിക്കുന്നു. കാരണം, പാര്‍ട്ടി എന്നാല്‍ ഇപ്പോള്‍ പിണറായി വിജയനാണ്. പിണറായി കോപിച്ചാല്‍ പിന്നെ പാര്‍ട്ടിയില്‍ സ്ഥാനമില്ല. അത്രക്ക് ഗുരതരമായ ആരോപണങ്ങളാണ് ഇ പിക്കുനേരെ ഉണ്ടായിരിക്കുന്നതും. ദല്ലാള്‍ നന്ദകുമാറിനെപ്പോലുള്ള ദുരൂഹമായ വ്യക്തിത്വങ്ങളുമായുള്ള ചങ്ങാത്തം പാര്‍ട്ടി സഹിക്കും. ക്വാറിക്കാരും, ക്രഷറുകാരും, അബ്ക്കാരികളുമായുള്ള ബന്ധം പാര്‍ട്ടി അംഗീകരിക്കും. കാരണം അതിലൂടെയാണ് പാര്‍ട്ടിക്കും ഫണ്ട് വരുന്നത്. പക്ഷേ ബിജെപിയില്‍ ചേരാന്‍ ശ്രമിച്ചു എന്നത് അംഗീകരിക്കാനാവില്ല. ബിജെപി നേതാവ് പ്രകാശ് ജാവദേക്കറിനെ കണ്ട് ബിജെപിയിലേക്ക് പോവാന്‍ ഇ പി ചര്‍ച്ച നടത്തിയെന്ന വാര്‍ത്തകള്‍ സിപി്മ്മിന് ശരിക്കും ഷോക്കായിരുന്നു.
അതുകൊണ്ടുതന്നെ ഇപ്പോള്‍ ഇടതു കണ്‍വീനര്‍ സ്ഥാനം ഇപി ജയരാജന് നഷ്ടമാവുമ്പോള്‍, അത് രാഷ്ട്രീയ നിരീക്ഷകരില്‍ ഞെട്ടലുണ്ടാക്കുന്നില്ല. ഒരു പരിധിവരെ സ്വയം കൃതമായ അനര്‍ത്ഥം കൂടിയാണ് അത്. മാത്രമല്ല ഇ പിക്കെതിരെ കൂടുതല്‍ പാര്‍ട്ടി നടപടികള്‍ വരുന്നുവെന്നാണ് സൂചനകള്‍. കേന്ദ്രകമ്മിറ്റി അംഗമായതിനാല്‍ ഇ.പിക്കെതിരായ നടപടി പ്രഖ്യാപിക്കുക കേന്ദ്ര നേതൃത്വമാകും.
കഴിഞ്ഞ ദിവസം ചേര്‍ന്ന സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തില്‍ ഇ.പിക്കെതിരെ അതിരൂക്ഷമായ വിമര്‍ശനമാണ് ഉയര്‍ന്നത്. തുടര്‍ന്ന് ഇ.പി രാജി സന്നദ്ധത നേതൃത്വത്തെ അറിയിക്കുകയായിരുന്നു. വിമര്‍ശനത്തിന്റെ കാതല്‍ തിരിച്ചറിഞ്ഞ അദ്ദേഹം, സംസ്ഥാന സമിതി യോഗത്തില്‍ പങ്കെടുക്കാന്‍ നില്‍ക്കാതെ കണ്ണൂരിലേക്ക് മടങ്ങുകയായിരുന്നു. പാര്‍ട്ടി ബ്രാഞ്ച് സമ്മേളനങ്ങളിലേക്ക് കടക്കുന്നതിന്റെ തൊട്ടുതലേന്നാണ് ഇ പിക്ക് സ്ഥാനം നഷ്ടമാകുന്നത് എന്നത് ഏറെ ശ്രദ്ധേയമാണ്. സമ്മേളനം തുടങ്ങിക്കഴിഞ്ഞാല്‍ പാര്‍ട്ടി രീതിയനുസരിച്ച് സംസ്ഥാന സമ്മേളനം കഴിയുന്നവരെ നടപടികളുണ്ടാകാറില്ല.
കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പില്‍ കേരളത്തില്‍ വോട്ടിങ് നടന്ന ഏപ്രില്‍ 26-ന് രാവിലെയാണ് സി.പി.എമ്മിനെ ഞെട്ടിച്ചുകൊണ്ടുള്ള ഇ പി ജയരാജന്റെ പ്രതികരണമുണ്ടായത്. കേരളത്തിന്റെ ചുമതലയുള്ള ബി.ജെ.പി. ദേശീയ നേതാവ് പ്രകാശ് ജാവദേക്കറെ താന്‍ കണ്ടുവെന്നാണ് ജയരാജന് മാധ്യമങ്ങള്‍ക്ക് മുന്നില്‍ പരസ്യമായി പറഞ്ഞത്. ആക്കുളത്തെ മകന്റെ വീട്ടില്‍ വെച്ചായിരുന്നു കൂടിക്കാഴ്ചയെന്നും ഇ.പി. പറഞ്ഞിരുന്നു. ഇതിനെതിരെ വലിയ വിമര്‍ശനമാണ് സി.പി.എമ്മില്‍ ഉയര്‍ന്നത്. ഇ.പി. ജയരാജന്റെ വെളിപ്പെടുത്തലിന് പിന്നാലെ രൂക്ഷമായ ഭാഷയില്‍ പരസ്യവിമര്‍ശനവുമായി മുഖ്യമന്ത്രി പിണറായി വിജയന് തന്നെ രംഗത്തെത്തിയിരുന്നു. ജയരാജന് ജാഗ്രതക്കുറവുണ്ടായെന്നും 'പാപിയുടെ കൂടെ ശിവന് കൂടിയാല്‍ ശിവനും പാപിയായിടു'മെന്നുമാണ് അന്ന് മുഖ്യമന്ത്രി പറഞ്ഞത്.
പക്ഷേ ഇവിടെ ഒരു ചോദ്യം ഉയരുന്നുണ്ട്, ആരാണ് പാപിയുടെ കുടെക്കൂടിയ ശിവന്. പാര്‍ട്ടിക്കുവേണ്ടിയാണ് ഇ പി ഇതെല്ലാം ചെയ്തത്. ബിസിനസ് ലോകത്തെയും സിപിഎമ്മിനെയും ബന്ധിപ്പിക്കുന്ന സാമ്പത്തിക നാഡിയായിരുന്നു ഇ പി. ഇപ്പോള്‍ മന്ത്രി മുഹമ്മദ് റിയാസിലുടെയൊക്കെ ബിസിനസ് കമ്യൂണിറ്റിയുമായി നേരിട്ട് ബന്ധപ്പെടാന്‍ സിപിഎമ്മിന് കഴിയുന്നുണ്ട്. സത്യത്തില്‍ ഇപ്പോള്‍ സിപിഎമ്മിന് ഇ പിയെപ്പോലെ ഒരു ഫണ്ട് റെയ്സറുടെ ആവശ്യമില്ല എന്നതാണ് വാസ്തവം! കഴുത്തില്‍ വെടിയുണ്ടയുമായി ജീവിക്കുന്ന രക്തസാക്ഷിയെന്ന ഇമേജ് ഒന്നും ആധുനികകാലത്ത് വിലപ്പോവില്ല. മറ്റൊരു അര്‍ത്ഥത്തില്‍ പറഞ്ഞാല്‍ കാര്യം കഴിഞ്ഞപ്പോള്‍ കറിവേപ്പിലപോലെ ഇ പിയെ കളയുകയാണ് സിപിഎം ചെയ്തത്. കണ്ണൂരിലെ ഒരു കുഗ്രാമത്തില്‍ ജനിച്ച് വളര്‍ന്ന്, ഉന്നതങ്ങളിലെത്തിയ ഈ നേതാവ് പാപിയായത് പാര്ട്ടിക്കുവേണ്ടിയാണെന്നാണ്, അയാള്‍ക്കൊപ്പം നില്ക്കുന്നവര് പറയുന്നത്.
ജീവിച്ചിരിക്കേ രക്തസാക്ഷി പരിവേഷം
സിപിഎമ്മില്‍ ജീവിച്ചിരിക്കുന്ന രക്തസാക്ഷിയുടെ പരിവേഷം കിട്ടിയ നേതാവാണ് ഇ പി. കണ്ണൂരിലെ ഒരു നമ്പ്യാര്‍ കുടുംബത്തില്‍ ജനിച്ച ഇദ്ദേഹം ചെറുപ്പത്തിലേ പാര്‍ട്ടിയില്‍ സജീവമായി. യുവനേതാവ് എന്ന രീതിയില്‍ ഇ പി വളരെ പെട്ടന്ന് വളര്നനു. ഡി.വൈ.എഫ്.ഐ യുടെ ആദ്യ അഖിലേന്ത്യാ പ്രസിഡറായ ഇ പി, പാര്‍ട്ടിയില്‍ എം വി ഗോവിന്ദനേക്കാളൊക്കെ സീനിയറാണ്.
1995-ല്‍ ട്രെയിനില്‍വെച്ച് ഇ പിക്കുനേരയുണ്ടായ ആക്രമണം നടുക്കുന്നതായിരുന്നു. ചണ്ഡീഗഡിലെ പാര്‍ട്ടി ദേശീയ സമ്മേളനത്തില്‍ പങ്കെടുത്തശേഷം ഭാര്യയ്ക്കും മറ്റ് നേതാക്കള്‍ക്കുമൊപ്പം നാട്ടിലേക്ക് മടങ്ങുമ്പോഴാണ് കണ്ണൂര്‍ ജില്ലാ സെക്രട്ടറിയും എംഎല്‍എയുമായ ഇ.പി.ജയരാജന് വെടിയേറ്റത്. ട്രെയിന്‍ ആന്ധ്രയിലെ സിറാല സ്റ്റേഷനിലെത്തിയപ്പോള്‍ മുഖം കഴുകാന്‍ വാഷ്ബേസിനരികിലേക്ക് പോയ ജയരാജനെ രണ്ട് അക്രമികളിലൊരാള്‍ കൈത്തോക്ക് കൊണ്ട് വെടിവച്ചു. ഗൂഢാലോചനയുടെ പേരില്‍ കെപിസിസി പ്രസിഡന്റ് കെ.സുധാകരനെ കേസില്‍ പ്രതിയാക്കി. വെടിവയ്ക്കാനെത്തിയ സംഘത്തിലുണ്ടായിരുന്ന വിക്രംചാലില്‍ ശശി വര്‍ഷങ്ങള്‍ക്കുശേഷം കൊല്ലപ്പെട്ടു. മറ്റൊരു പ്രതിയായ പേട്ട ദിനേശന് സിപിഎം പ്രവര്‍ത്തനെ ജയിലില്‍ കൊലപ്പെടുത്തിയതിന് റിമാന്‍ഡ് തടവുകാരനായി കഴിയുന്നു. നീണ്ട കാലത്തെ നിയമപോരാട്ടത്തിനുശേഷം കെ.സുധാകരനെ ഹൈക്കോടതി കുറ്റവിമുക്തനാക്കി. അതിനുശേഷംജില്ലാ സെക്രട്ടറിയായിരിക്കെ രണ്ടു തവണ ആര്‍എസ്എസ് ബോംബാക്രമണത്തില്‍ നിന്ന് ഇ പി തലനാരിഴയ്ക്ക് രക്ഷപ്പെട്ടിട്ടുണ്ട്. പാനൂരിലെ ആക്രമണത്തില്‍ അദ്ദേഹം സഞ്ചരിച്ച വാഹനത്തിന് കാര്യമായ തകരാര്‍ സംഭവിച്ചിരുന്നു. കൂത്തുപറമ്പ് തൊക്കിലങ്ങാടിയില്‍ കാറിനെ ലക്ഷ്യമാക്കിയെറിഞ്ഞ ബോംബുകള്‍ തൊട്ടുമുന്നില്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ സഞ്ചരിച്ച വാഹനത്തിലാണ് പതിച്ചത്.
പക്ഷേ ട്രെയിന്‍ ആക്രമണത്തില്‍ ഇ പിക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. ഈ വെടിയുണ്ട നീക്കം ചെയ്താല്‍ ജീവന് അപകടത്തിലാകുമെന്നു ഡോക്ടര്‍മാര്‍ വിധിയെഴുതിയപ്പോള്‍ കഴുത്തില്‍ തന്നെ അതിന്റെ ഒരുഭാഗം സൂക്ഷിച്ചാണ് താന്‍ ജീവിക്കുന്നത് എന്നാണ് പറയുന്നത്. വെടിയുണ്ട മജ്ജയ്ക്ക് അകത്തായതിനാല്‍ എടുത്ത് മാറ്റാന്‍ കഴിയില്ല. മജ്ജയുടെ ഭാഗത്തുനിന്ന് വെടിയുണ്ട എടുത്തു മാറ്റിയാല്‍ എന്താ സംഭവിക്കുക എന്നു പറയാന്‍ കഴിയില്ല. ചിലപ്പോള്‍ അപകടകരമായ നിലയുണ്ടാകും. അതിനു ശ്രമിക്കണ്ടെന്നും ഡോക്ടര്‍ പറഞ്ഞു. വെടികൊണ്ടതിന്റെ ഭാഗമായി ഇ പിയുടെ കേള്‍വിക്ക് തകരാറുണ്ടായി. പക്ഷേ ഇതെല്ലാം പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കിടയില്‍ ഇ പിയുടെ ഇമേജ് വലിയതോതില്‍ ഉയര്‍ത്തി. കണ്ണൂരിലെ കരുത്തനായ നേതാവായി അയാള്‍ വളര്‍ന്നു.
ഓക്സിജന്‍ മാസ്ക്ക്വെച്ചുള്ള ജീവിതം
മനോരമയുമായി നടന്ന ഒരു അഭിമുഖത്തില്‍ ഇ പി ഇങ്ങനെ പറയുന്നു-"കഴുത്തില്‍ വെടിയുണ്ട ഉള്ളതിനാല്‍ പ്രത്യേക ശ്വസന ഉപകരണത്തിന്റെ സഹായത്തോടെ ഓക്സിജന്‍ മാസ്ക് ധരിച്ചാണ് ഉറങ്ങുന്നത്. വെടിയേറ്റ് കുറച്ച് നാളുകള്‍ കഴിഞ്ഞപ്പോള്‍ ഉറക്കം നഷ്ടമായി തുടങ്ങി. ഉറങ്ങി അല്പനേരം കഴിയുമ്പോള്‍ ഞെട്ടി ഉണരും. ഉറങ്ങാന്‍ കഴിയാത്ത സ്ഥിതിയായപ്പോള്‍ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അന്ന് അവിടെ ബോംബെയില്‍ നിന്നുള്ള ഡോക്ടര്‍ ഉണ്ടായിരുന്നു. ഉറക്കം കിട്ടാത്ത പ്രശ്നം അദ്ദേഹത്തോട് പറഞ്ഞപ്പോള്‍ 24 മണിക്കൂര്‍ നിരീക്ഷണത്തിലാക്കി. വെടിയേറ്റപ്പോള്‍ നിരവധി ഞരമ്പുകള്‍ തകരാറിലായിരുന്നു. ഹൃദയത്തിന്റെ പ്രവര്‍ത്തനം സുഗമമാകണമെങ്കില്‍ ഈ ഞരമ്പുകള്‍ വേണം. ഞരമ്പുകള്‍ നശിച്ചതിനാല്‍ ആവശ്യത്തിന് ഓക്സിജന്‍ കിട്ടാതെ ഹൃദയത്തിന്റെ പ്രവര്‍ത്തനം പതുക്കെയായി. ഉറക്കത്തില്‍ ഹൃദയത്തിന്റെ പ്രവര്‍ത്തനം മന്ദഗതിയിലാകുമ്പോള്‍ തലച്ചോര്‍ പ്രതികരിക്കും. അങ്ങനെയാണ് ഞെട്ടി ഉണരുന്നത്. അല്ലെങ്കില്‍ ഹൃദയം തകരാറിലാകും. ഞരമ്പുകള്‍ തകരാറിലായതിന്റെ പ്രശ്നം പരിഹരിക്കാന്‍ ഉപകരണത്തിന്റെ സഹായത്തോടെ ഓക്സിജന്‍ സ്വീകരിക്കാന്‍ ഡോക്ടര്‍ നിര്‍ദേശിച്ചു.
'ഡോക്ടര്‍ തന്നെ ഉപകരണവും പരിചയപ്പെടുത്തി. വര്‍ഷങ്ങളായി ഈ മെഷിന് ഉപയോഗിക്കുന്നു. മെഷിനിന്റെ ഗ്യാരന്റി രണ്ടു വര്‍ഷമാണ്. രാത്രി ഉറങ്ങുമ്പോള്‍ മെഷീന് പ്രവര്‍ത്തിപ്പിച്ച് മാസ്ക് ധരിച്ചാണ് കിടക്കുന്നത്. അതില്ലെങ്കില്‍ ഉറങ്ങാന്‍ കഴിയില്ല. യാത്ര പോകുമ്പോള്‍ ഈ മെഷിനുമായാണ് പോകുന്നത്. ആദ്യകാലത്ത് വലിയ മെഷിനായിരുന്നു. ഇപ്പോള്‍ ചെറിയ മെഷിനാണ്. ട്രെയിനില്‍ യാത്ര ചെയ്യുമ്പോള്‍ രാത്രി 11 മണിക്കുശേഷം യന്ത്രം പ്രവര്‍ത്തിപ്പിക്കാന്‍ കഴിയില്ല. റെയില്‍വേ ചട്ടം അങ്ങനെയാണ്. അതിനാല്‍ രാത്രിയുള്ള യാത്ര പരമാവധി ഒഴിവാക്കും. ഇപ്പോള്‍ വന്ദേഭാരതിലാണ് യാത്ര. കമ്പനിക്കാരുമായി ബന്ധപ്പെട്ട് ഉപകരണത്തിന്റെ പവര്‍ ബാങ്ക് ഇപ്പോള്‍ വാങ്ങിയിട്ടുണ്ട്'ഇ.പി.ജയരാജന് പറയുന്നു.
എന്നാല്‍ ഈ പറയുന്നത് എല്ലാ വ്യാജമാണെന്നാണ് കെപിസിസി പ്രസിഡന്റ് കെ സുധാകരന് പറയുന്നത്. ഇ പിയുടെ ശരീരത്തില്‍ ഇപ്പോള്‍ വെടിയുണ്ടയില്ലെന്നും വെറുതെ സിമ്പതിക്കായി കോളറിട്ട് നടക്കുകയാണെന്നും കെ സുധാകരന് ആരോപിച്ചിരുന്നു. പക്ഷേ കാര്യം എന്തായാലും ജയരാജന് പാര്‍ട്ടിക്കാര്‍ക്കിടയില്‍ ഒരു വികാരമായി. രാഷ്ട്രീയ എതിരാളികളുടെ വെടിയുണ്ടയില്‍നിന്ന് രക്ഷപ്പെട്ട്, 30 വര്‍ഷംമുമ്പ് കണ്ണൂരില്‍ അയാള്‍ അര്‍ധപ്രാണനായി വന്നിറങ്ങിയപ്പോള്‍ അയാള്‍ പാര്‍ട്ടിയുടെ ഹീറോ ആയിരുന്നു. കഴുത്തില്‍ കോളറിട്ട, വെടിയുണ്ടയുടെ ഒരു ഭാഗം വഹിക്കുന്ന വലിയ ശരീരവുമായി, പിന്നീടങ്ങോട്ട് കേരള രാഷ്ട്രീയത്തില്‍ ഇ പിയുടെ ജൈത്രയാത്രയായിരുന്നു. ഒന്നാം പിണറായി സര്‍ക്കാറില്‍ അദ്ദേഹം മന്ത്രിയുമായി.
പാര്‍ട്ടിക്കുവേണ്ടി പാപിയായി
സിപിഎമ്മിനെ, പിഎസ്സി കഴിഞ്ഞാല്‍ ഏറ്റവം കൂടുതല്‍ പേര്‍ക്ക് തൊഴില്‍ നല്കാന് കഴിയുന്ന രീതിയില്‍ വലിയ സാമ്പത്തിക ശക്തിയായി വളര്‍ത്തിയെടുത്തിന് പിന്നിലും ഇ പിയുടെ കരങ്ങളുണ്ട്. സഹകരബാങ്ക് തൊട്ട് ദേശാഭിമാനിയും കൈരളി ടീവിയും വരെയുള്ള സിപിഎമ്മിന്റെ സാമ്പത്തിക സാമ്രാജ്യത്തിലെല്ലാം ഇ പിയുടെ വിയര്‍പ്പുണ്ട്. പാര്‍ട്ടിയുടെ സാമ്പത്തിക നാഡിയാണ് ഇ പി. കട്ടന്ചായയുടെയും പരിപ്പുവടയുടെയും കാലം കഴിഞ്ഞിരിക്കുന്നുവെന്ന് നേരത്തെ പറഞ്ഞതന്നെ അദ്ദേഹം പറഞ്ഞിട്ടുണ്ട്. പാര്‍ട്ടിക്കും മുതലാളിമാര്‍ക്കും ഇടയിലുള്ള പാലമാണ് ഇ പി എന്ന്, അധിനിവേശ പ്രതിരോധ സമിതി ആരോപിക്കുന്നണ്ട്. പറശ്ശിനിക്കടവിലെ വിസ്മയ അമ്യൂസ്മെന്റ് പാര്‍ക്കിന്റെ ആശയം ഇ പിയുടേതായിരുന്നു. കണ്ണൂര്‍ തെക്കിബസാറില്‍ മാതൃകാപരമായി പ്രവര്‍ത്തിക്കുന്ന മൈത്രി വയോധികസദനത്തിലും ഈ ജനനേതാവിന്റെ സ്നേഹാര്‍ദ്രമായ കൈയൊപ്പു കാണാം. നായനാര്‍ ഫുട്ബോളില്‍ ഫാരീസ് അബൂബക്കറില്‍നിന്ന് അടക്കം ലക്ഷങ്ങളുടെ സംഭാവന ഇ പി നേടിയെടുത്തു. ഒരു ചെറിയ ഫുട്ബോള്‍ കളിയിലേക്ക് ഇ പി വന്നാല്‍ അത് കോടികളുടെ ബിസിനസാവും!
ദേശാഭിമാനിയെ ആധുനികവത്കരിച്ച് പ്രൊഫഷണല്‍ മികവിലേക്ക് നയിച്ചതില്‍ ഇ.പിയുടെ പങ്ക് വലുതാണ്. ഇ പി മാനേജര്‍ ആയിരിക്കുന്ന സമയത്ത് ദേശാഭിമാനി സാമ്പത്തികമായി മെച്ചപ്പെട്ടു. പക്ഷേ ലോട്ടറി പരസ്യങ്ങളുടെ പേരില്‍ സാന്റിയാഗോ മാര്‍ട്ടിനില്‍നിന്ന് രണ്ടുകോടി വാങ്ങിയെന്നത്, വലിയ ചര്‍ച്ചയായി. വിഎസ് പക്ഷം ആഞ്ഞടിച്ചതോടെ, പണം മാര്ട്ടിന് തിരികെകൊടുത്തു. ഇ പിയുടെ സ്ഥാനവും പോയി. അതുപോലെ സിപിഎം പ്ലീനത്തിന് വിവാദ വ്യവസായിയെന്ന് മാധ്യമങ്ങള്‍ വിളിക്കുന്ന വി എം രാധാകൃഷ്ണന്റെ പരസ്യം ഒന്നാം പേജില്‍ കൊടുപ്പിച്ചതിന്റെയും സുത്രധാരന്‍ ഇ പിയാണെന്ന് ആരോപണമുണ്ട്. എന്തായാലും യൂസഫലി മുതല്‍ രവിപിള്ളവരെയുള്ള വ്യവസായികള്‍ അദ്ദേഹത്തിന്റെ അടുപ്പക്കാരാണെന്നതില്‍ സംശയമില്ല.
പക്ഷേ അടുത്തകാലത്തായി ഇ പിയുടെ മക്കളെക്കുറിച്ചും അതി ഗുരുതരമായ ആരോപണങ്ങള്‍ ഉയര്‍ന്നു. ഇ പിക്കും കുടുബത്തിനും ഓഹരിയുള്ള വൈദേഹം റിസോര്‍ട്ട് വന്‍ വിവാദമമായി. മുന്‍ കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖരന്റെ കമ്പനിയും ഇപിയുടെ മക്കളും തമ്മില്‍ ബിസിനസ്സ് പങ്കാളിത്തമുണ്ടെന്ന പ്രതിപക്ഷനേതാവ് വി ഡി സതീശന് ആരോപിച്ചിരുന്നു. അതിനു തെളിവായി ഇവര്‍ എല്ലാവരുമുള്ള ഫോട്ടോയും സതീശന് പുറത്തുവിട്ടിരുന്നു. "രാജീവ് ചന്ദ്രശേഖര്‍ അടക്കമുള്ള കേരളത്തിലെ മൂന്ന് നാല് ബി.ജെ.പി സ്ഥാനാര്‍ഥികള്‍ മിടുമിടുക്കരാണെന്ന് ജയരാജന് പറയുന്നു. ബി.ജെ.പിയ്ക്ക് കേരളത്തില്‍ ഇത്രയധികം സ്പേസ് ഉണ്ടാക്കുന്നതിന് വേണ്ടി സിപിഎം നേതാക്കള്‍ ശ്രമിക്കുന്നത് എന്തിനാണെന്ന് അന്വേഷിച്ചപ്പോഴാണ് വളരെ അടുത്ത ബിസിനസ്സ് ബന്ധം വരെയുണ്ടെന്നത് കണ്ടെത്തിയത്"'- പ്രതിപക്ഷനേതാവ് വി ഡി സതീശന് നേരത്തെ പറഞ്ഞ കാര്യങ്ങളാണിത്. മക്കള്‍ ഇടനിലക്കാരായി വന്നതോടെയാണ് പാര്‍ട്ടി അറിയാതെ ജയരാജന് പല ബിസിനസുകളും നടത്തേണ്ടി വന്നത് എന്നും ആരോപണങ്ങള്‍ ഉയര്‍ന്നു. അതോടെയാണ് ഇ പി പാര്‍ട്ടിക്ക് പാപിയായത്. സ്വജനപക്ഷപാതിത്വത്തിന്റെ പേരിലും ഇ പി പഴികേട്ടു. ഒന്നാം പിണറായി മന്ത്രിസഭയിലെ ചിറ്റപ്പന് വിവാദം ഓര്‍ത്തുനോക്കുക.
ഇ പിക്ക് ദല്ലാള്‍ നന്ദകുമാര്‍ അടക്കമുള്ളവരുമായുള്ള ബന്ധം വരുന്നത് പാര്‍ട്ടിക്ക് വേണ്ടി നടത്തിയ പ്രവര്‍ത്തനങ്ങളുടെ പേരിലാണ്. പക്ഷേ പിണറായി വിജയന് അടക്കമുള്ളവര്‍ അദ്ദേഹത്തെ തള്ളിപ്പറയുകയാണ് ചെയ്തത്. "ബിജെപി നേതാവ് പ്രകാശ് ജാവ്ദേക്കറിനെ കാണുന്നതിലോ സ്വകാര്യം പറയുന്നതിലോ കുറ്റമല്ല. ഞാനും ജാവ്ദേക്കറിനെ കണ്ടിട്ടുണ്ട്. അതും പൊതു വേദിയില്‍. എന്നാല്‍ ഇപിയും ജാവ്ദേക്കറും കണ്ടപ്പോള്‍ സംശയ വ്യക്തിത്വം അതിന് സാക്ഷിയായി. ആ മനുഷ്യന് എങ്ങനേയും പണം കിട്ടണമെന്ന് ആഗ്രഹിക്കുന്ന ആളാണ്. കൂട്ടുകെട്ടുകളില്‍ ഇപി ശ്രദ്ധിക്കണം. ആളെ പറ്റിക്കാന്‍ നടക്കുന്നവരുടെ കൂട്ടുകെട്ട് ഇപി ഒഴിവാക്കണം. ഇക്കാര്യത്തില്‍ ജയരാജന് ജാഗ്രത കാണിക്കാറില്ലെന്ന് മുമ്പും തെളിഞ്ഞിട്ടുള്ളതാണ്-"-ഇതാണ് മുഖ്യമന്ത്രി പിണറായി വിജയന്റെ പോളിങ്ങ് ദിനത്തില്‍ പറഞ്ഞത്. അതിന്റെ പ്രകമ്പനങ്ങളാണ് ഇപ്പോള്‍ സംഭവിക്കുന്നത്.
കൈവിട്ട വാക്ക് വാവിട്ട ആയുധം
എന്നും ട്രോളന്മ്മാര്ക്ക് ചാകരയാണ് ഇ പിയുടെ വാക്കുകള്‍. ബകാസുരന്റെ ശരീവും കുട്ടികളുടെ ബുദ്ധിയുമെന്നാണ് അദ്ദേഹത്തെക്കുറിച്ച് പൊതുവെ പറയുക. ഒരു അര്‍ത്ഥത്തില്‍ നിഷ്ക്കളങ്കന്‍ കൂടിയാണ് അദ്ദേഹം. ആരുവന്നാലും അവരുടെ പരാതികള്‍ കേള്‍ക്കാനുള്ള ഒരു മനസ്സുണ്ട്. തന്റെ മകന് ഒരു വാഹനാപകടത്തില്‍ പരിക്കേറ്റ്, ആശുപത്രിയില്‍ ആയ വിവരം ട്രെയിന്‍ യാത്രക്കിടെ അറിഞ്ഞപ്പോള്‍ മുതല്‍ തന്റെ കൂടെ നില്ക്കയും, എല്ലാം സൗകര്യങ്ങളും ചെയ്തുതന്ന ഇ പി ജയരാജനെകുറിച്ച് രാജ്മോഹന്‍ ഉണ്ണിത്താനടക്കമുള്ളവര് നേരത്തെ പറഞ്ഞിട്ടുണ്ട്. ഭരണ-പ്രതിപക്ഷ വ്യത്യാസമില്ലാതെ, കക്ഷിരാഷ്ട്രീയം നോക്കാതെ ആളുകളെ സഹായിക്കാനുള്ള ഒരു മനസ്സ് അദ്ദേഹത്തിനുണ്ട്.
പക്ഷേ അദ്ദേഹത്തിന്റെ ആലോചനയില്ലാത്ത പ്രതികരണങ്ങള്‍ പലപ്പോഴും വിവാദമായിട്ടുണ്ട്. കായിക മന്ത്രിയായിരിക്കേ മുഹമ്മദലി മരിച്ചതില്‍ അനുശോചനം രേഖപ്പെടുത്താന്‍ ആവശ്യപ്പെട്ടപ്പോഴാണ് ജയരാജന് വലിയ മണ്ടത്തരം പറഞ്ഞു.- 'മുഹമ്മദലി അമേരിക്കയില്‍ മരിച്ച വിവരം ഞാന്‍ ഇപ്പോഴാണ് അറിഞ്ഞത്. കേരളത്തിന്റെ കായിക രംഗത്തെ ലോകരാഷ്ട്രങ്ങളുടെ നിലവാരത്തിലേയ്ക്ക് ഉയര്‍ത്തിയ താരമാണ് അദ്ദേഹം. സ്വര്‍ണ മെഡല്‍ നേടി കേരളത്തിന്റെ പ്രശസ്തി അദ്ദേഹം വാനോളമുയര്‍ത്തി. മുഹമ്മദലിയുടെ മരണത്തില്‍ കേരളത്തിന്റെ ദുഃഖം ഞാന്‍ അറിയിക്കുന്നു' എന്നാണ് ജയരാജന് അന്ന് പറഞ്ഞത്. നിമിഷങ്ങള്‍ക്കകം ഈ മണ്ടത്തരം നിറഞ്ഞ അനുശോചനം സമൂഹമാദ്ധ്യമങ്ങളില്‍ തരംഗമായി.
അതുപോലെ തനിക്ക് വിലക്കേര്‍പ്പെടുത്തിയ ഇന്‍ഡിഗോ വിമാനക്കമ്പനിക്കെതിരേ ഇ.പി. ജയരാജന് നടത്തിയ പ്രതികരണം സോഷ്യല്‍ മീഡിയയില്‍ വലിയ തരംഗം സൃഷ്ടിച്ചിരുന്നു. ഇന്‍ഡിഗോയ്ക്കെതിരേ രൂക്ഷവിമര്‍ശനമുന്നയിച്ചും ഇന്‍ഡിഗോയില്‍ ഇനി കയറില്ലെന്ന് അസന്ദിഗ്ധമായി പ്രഖ്യാപിച്ച് ഇ.പി ജയരാജന് നടത്തിയ പ്രസ്താവനയെ ആര്‍പ്പുവിളികളോടെയുമാണ് ട്രോളന്മാര് സ്വീകരിച്ചത്. ജയരാജന്റെ പ്രസ്താവനയേക്കുറിച്ചുള്ള പരിഹാസങ്ങളുമായി ഇന്‍ഡിഗോയുടെ ഫേയ്സ്ബുക്ക് പേജിലും ട്രോളന്മാര് അര്‍മാദിച്ചു.
ജയരാജനെ വിലക്കിയ ഇന്‍ഡിഗോയ്ക്കെതിരായ പ്രതിഷേധം എന്ന മട്ടിലാണ് ഫേയ്സ്ബുക്ക് പേജിലെ പോസ്റ്റുകള്‍ക്കു താഴെ മലയാളികള്‍ കമന്റുകളുടെ പെരുമാഴയുമായെത്തുന്നത്. എന്നാല്‍, എല്ലാം ജയരാജനുള്ള പരിഹാസങ്ങളാണെന്നു മാത്രം. കേരളത്തിനു മുകളില്‍ക്കൂടി പറപ്പിക്കില്ലെടാ ഇഡിഗോയെ നിന്നെയൊന്നും എന്നാണ് കൂടുതല്‍ കമന്റുകളും. ജയരാജന് ബഹിഷ്കരിച്ചാല്‍ ഇന്‍ഡിഗോയ്ക്ക് കമ്പനി പൂട്ടി ഓടേണ്ടിവരുമെന്നാണ് പരിഹാസം. ഇന്‍ഡിഗോയ്ക്ക് പകരമായി കെ-റെയില്‍ ഓടിക്കുമെന്നും ജയരാജന്റെ യാത്ര ഇനി അതില്‍ മാത്രമായിരിക്കുമെന്നും ചിലര്‍ ട്രോളുന്നു.
ഇന്‍ഡിഗോ വിമാനത്തില്‍വെച്ച് മുഖ്യമന്ത്രിക്കെതിരായി നടന്ന പ്രതിഷേധവും അതിനേത്തുടര്‍ന്നുള്ള നടപടിയുമാണ് ജയരാജന്റെ വിമാന വിലക്കിലേക്ക് നയിച്ചത്. ഇന്‍ഡിഗോ വിമാനത്തില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ തള്ളിമാറ്റിയ സംഭവത്തില്‍ തനിക്ക് ഏര്‍പ്പെടുത്തിയ യാത്രാവിലക്ക് നിയമവിരുദ്ധമാണെന്ന് ജയരാജന് തനിക്കെതിരായ നടപടിയോട് പ്രതികരിച്ചിരുന്നു. ഇത്ര നിലവാരമില്ലാത്ത കമ്പനിയാണ് ഇന്‍ഡിഗോയെന്ന് മനസിലാക്കിയില്ലെന്നും ഇനി ഇന്‍ഡിഗോ വിമാനത്തില്‍ യാത്ര ചെയ്യില്ലെന്നും അദ്ദേഹം പ്രഖ്യാപിച്ചിരുന്നു.
ഇന്‍ഡിഗോയില്‍ യാത്ര ചെയ്തില്ലെങ്കില്‍ എനിക്കൊന്നും സംഭവിക്കില്ല. മാന്യമായി സര്‍വീസ് നടത്തുന്ന വേറെ കമ്പനികളുണ്ട്. ആ വിമാനങ്ങളിലേ ഇനി യാത്ര ചെയ്യുകയുള്ളൂ. താനാരെന്ന് ഇന്‍ഡിഗോയ്ക്ക് അറിയില്ലെന്ന് തോന്നുന്നു. നടന്നുപോയാലും ഇനി ഇന്‍ഡിഗോയില്‍ കയറില്ല. താനും ഭാര്യയും ഒന്നിച്ച് ഇന്‍ഡിഗോയില്‍ യാത്ര ചെയ്യാന്‍ ബുക്ക് ചെയ്തിരുന്ന ടിക്കറ്റ് റദ്ദാക്കിയതായും ഇ പി പറഞ്ഞു. ഇന്‍ഡിഗോയുടെ വിമാനങ്ങള്‍ അപകടത്തില്‍പ്പെടുന്ന വാര്‍ത്ത വരുന്നുണ്ടെന്നും അതുകൊണ്ടുകൂടി ആ കമ്പനിയെ ഉപേക്ഷിക്കുകയാണെന്നും ജയരാജന് വ്യക്തമാക്കിയിരുന്നു.അതുകഴിഞ്ഞ്, ക-റെയില്‍ ഉടന്‍ വരുമെന്നും, കുറച്ച് നാള് കഴിഞ്ഞാല്‍ കേരളത്തിന്റെ ആകാശം മുഴുവന്‍ വിമാനങ്ങളായിരിക്കുമെന്നും ജയരാജന് പറഞ്ഞതും ട്രോളായി. വീണ്ടും വീണ്ടും മണ്ടത്തരങ്ങള്‍ വിളിച്ച് പറഞ്ഞ് മതിയായില്ലേ എന്നും ട്രോളന്മ്മാര് ചോദിച്ചു.
എം വി ഗോവിന്ദനുമായി ഉടക്ക്
പിണറായി ഭക്തിയില്‍ സുഗ്രീവനാണ്, ഇ പിയെന്ന് അഡ്വ ജയശങ്കര്‍ അടക്കമുള്ളവര്‍ വിമര്‍ശിക്കുന്ന നേതാവായിരുന്നു ഇ പി. പക്ഷേ അടുത്തകാലത്ത് അദ്ദേഹവും പിണറായിയുമായുള്ള ബന്ധം മികച്ചതല്ല. ഇതോടെ ഒരുകാര്യം വ്യക്തമാവുകയാണ്. കണ്ണൂര്‍ രാഷ്ട്രീയത്തില്‍ ഇ പി യുഗം അവസാനിക്കയാണ്. ജയരാജന്റെ കൂസലില്ലായ്മയും, ചൊടിയും തന്‍േറടവം, വാക്ചാതുരിയും, അതിജീവനത്വരയും, കണ്ട് മലയാള മനോരമ പോലും എഴുതി ഇത് ശരിക്കും 'ഗജരാജനാ'ണെന്ന്. തിടമ്പേറ്റിയ ഒരു കൊമ്പന്റെ ശൈലിയായിരുന്നു അദ്ദേഹത്തിന് പ്രസംഗങ്ങളില്‍. ലാവലിന്‍ കേസിന്റെ സമയത്തോക്കെ പിണറായിക്കുവേണ്ടി ഏറ്റവും കൂടുതല്‍ വാദിച്ചത് ഇ പിയായിരുന്നു. പൊതുയോഗങ്ങളില്‍ രോമം പറിച്ച് ആകാശത്തേക്ക് എറിഞ്ഞ് വെല്ലുവിളിച്ചായിരുന്നു അദ്ദേഹത്തിന്റെ പ്രസംഗങ്ങള്‍. പക്ഷേ പാര്‍ട്ടിയേക്കാള്‍ വലിയ സാമ്പത്തിക ശക്തിയായി റിസോര്‍ട്ടും, ആശുപത്രികളുമൊക്കെയുള്ള, ബാറുകാരോട് തൊട്ട് ക്വാറിക്കാരോടുവരെ ബന്ധമുള്ള നേതാവായി ഇ പി വളര്‍ന്നതോടെ, പിണറായിയും തനിക്ക് ഭീഷണിയായ, പുരയ്ക്ക്മുകളിലേക്ക് ചായുന്ന മരമായി ഇ പിയെ കണ്ടു.
2021-ല്‍ മറ്റ് ഒരുപാട് നേതാക്കള്‍ക്ക് ഒപ്പം ഇ പിക്കും സീറ്റ് നിഷേധിക്കപ്പെട്ടു. പക്ഷേ മുതിര്‍ന്ന നേതാവ് എന്ന നിലയില്‍ ഇ പി തനിക്ക് ഇളവ് കിട്ടുമെന്ന് പ്രതീക്ഷിച്ചിരുന്നു. അതുണ്ടായില്ല. ഇതോടെ ഇനി ഒരു തിരഞ്ഞെടുപ്പിലും മത്സരിക്കില്ല എന്ന പരസ്യ പ്രഖ്യാപനമാണ് അദ്ദേഹം നടത്തിയത്. ഒരു ആറുമാസക്കാലത്തോളം അദ്ദേഹം പാര്‍ട്ടിയുടെ മുതിര്‍ന്ന നേതാക്കളുമായും എന്തിന് പ്രവര്‍ത്തകരുമായിപ്പോലും മിണ്ടാതെയാണ് കഴിച്ചുകൂട്ടിയത്. കോടിയേരിയുമായി ഇ പിക്ക് ഊഷ്മള ബന്ധമായിരുന്നെങ്കിലും, കോടിയേരിയുടെ പിന്‍ഗാമിയായി ചുമതലയേറ്റ, എം വി ഗോവിന്ദനുമായി ഇ പിക്ക് അത്ര നല്ല ബന്ധമല്ലായിരുന്നു.
എം വി ഗോവിന്ദന് സെക്രട്ടറിയായതോടെ പാര്‍ട്ടിയിലും സര്‍ക്കാറിലും ഇ പിക്ക് യാതൊരു റോളുമില്ലാതെയായി. ഇടതുമുന്നണി കണ്‍വീനറായ ഇ പി, എം വി ഗോവിന്ദന് നയിക്കുന്ന യാത്രയില്‍ പങ്കെടുക്കാതെ ദല്ലാള്‍ നന്ദുകമാറിന്റെ അമ്മയെ പൊന്നാട അണിയിക്കാന്‍ പോയതും വിവാദമായിരുന്നു. പക്ഷേ ഇതിനെല്ലാം ഇടയാക്കിയത് പാര്‍ട്ടിയില്‍നിന്നുണ്ടായ തുടര്‍ച്ചയായ അവഗണയാണെന്നാണ്, ഇ പിയുമായി ചേര്‍ന്ന് നില്ക്കുന്നവര് പറയുന്നത്. ഒരുവേള പാര്‍ട്ടി വിടുന്നതിനെപ്പറ്റിയൊക്കെ ചിന്തിക്കാന്‍ അദ്ദേഹത്തെ പ്രേരിപ്പിച്ചത് ഇതേ കാരണം തന്നെയായിരക്കണം. അങ്ങനെയാണ് പ്രകാശ് ജാവദേക്കറുമായി ചര്‍ച്ച നടന്നതും.
കഴിഞ്ഞകാല സിപിഎം രാഷ്ട്രീയം നിയന്ത്രിച്ചിരുന്നത് വിജയ- ജയരാജന്മ്മാര് ആയിരുന്നു. ഇ പി, എം വി, പി എന്നീ മൂന്ന് ജയരാജന്‍മ്മാരും, പിണറായി വിജയനും ചേര്‍ന്നാല്‍, കേരള സിപിഎം ആയി എന്ന ഒരു ചൊല്ല് അക്കാലത്ത് ഉണ്ടായിരുന്നു. ഇതില്‍ പി ജയരാജന് നേരത്തെ സൈഡായിക്കഴിഞ്ഞു. ഇപ്പോഴിതാ ഇ പിയും. മാത്രമല്ല പാര്‍ട്ടിക്കുവേണ്ടി പണം പരിക്കാന്‍ മന്ത്രി മുഹമ്മദ് റിയാസിനെപ്പോലുള്ള യുവരക്തങ്ങള്‍ സജീവമാണ്. ഇതോടെ സത്യത്തില്‍ ഇ പിയുടെ ആവശ്യം തന്നെ പാര്‍ട്ടിക്ക് ഇല്ലാതായിരിക്കുന്നു. സിപിഎമ്മിന്റെ സാമ്പത്തിക നാഡിയായും, ഇനി പുത്തന്‍ കൂറ്റുകാര്‍ വിലസട്ടെ.74 വയസ്സിലേക്ക് എത്തിനില്‍ക്കുന്ന ഇ പിയുടെ രാഷ്ട്രീയ ജീവിതത്തിന്റെയും അന്ത്യമാണ് ഇപ്പോഴത്തെ, കണ്‍വീനര്‍ സ്ഥാനമാറ്റം. ഇനിയൊരു അങ്കത്തിന് ഈ നേതാവിന് ബാല്യമുണ്ടോ എന്ന കാര്യം സംശയമാണ്.
വാല്‍ക്കഷ്ണം: പക്ഷേ എന്തൊക്കെ പറഞ്ഞാലും മസിലുപിടിച്ചു നില്ക്കുന്ന സിപിഎം നേതാക്കളില്‍ നിന്ന് തീര്‍ത്തും വ്യത്യസ്തനായിരുന്നു ഇ പി. കക്ഷി രാഷ്ട്രീയ ഭേദമന്യേ, എല്ലാവരുമായി സൗഹൃദം പങ്കിടും. അണികളുടെ തോളില്‍ കൈയിട്ട് ലോഹ്യം ചോദിക്കുന്ന രാഷ്ട്രീയ മുഖമാണ് ഇ പിയുടെ പടിയറങ്ങലോടെ ഇല്ലാതാവുന്നത്.