- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കൂട്ടിക്കൊടുപ്പ് കലയാക്കി കോടീശ്വരനായ നാര്‍സിസിസ്റ്റ് സോഷ്യോപത്ത്! ചെറുപ്പം മുതലേ കള്ളം പറയുന്നതിനും സ്വാധീനിക്കുന്നതിനും പ്രത്യേക വിരുത്; അധ്യാപകനായി ജോലി നേടിയത് കൃത്രിമം നടത്തി; അന്നും പീഡനാരോപണം; റോയല്‍ പിമ്പ് ജെഫ്രി എപ്സ്റ്റീന്റെ മാനസിക വിശകലനം!
ജെഫ്രി എപ്സ്റ്റീന്റെ മാനസിക വിശകലനം!

പ്രായപൂര്‍ത്തിയാവത്തവരടക്കമുള്ള ആയിരത്തോളം സ്ത്രീകളെ ലൈംഗിക അടിമകളാക്കി വര്‍ഷങ്ങളോളമുള്ള ചുഷണം. ലൈംഗിക പീഡനത്തിനായി കോടികള്‍ മുടക്കി ഒരു ദ്വീപുതന്നെ വാങ്ങിയ സൈക്കോ. ഇപ്പോള്‍ ഓരോ ദിവസമെന്നോണം അയാളുടെ പേരിലുള്ള ഫയലുകള്‍ പുറത്തുവരുമ്പോള്‍ ലോകം ഞെട്ടുകയാണ്. ട്രംപ് മുതല്‍ പുടിന്‍ വരെയുള്ള പ്രമുഖരെ മുള്‍മുനയില്‍ നിര്‍ത്തുകയാണ്, ജയിലില്‍ കിടന്ന് മരിച്ച, സെക്സ് സൈക്കോ ജെഫ്രി എപ്സ്റ്റീനുമായി ബന്ധപ്പെട്ടവരെക്കുറിച്ച് പുറത്തുവരുന്ന വാര്‍ത്തകള്‍.
സിനിമക്കഥകളെ വെല്ലുന്ന ജീവിതകഥാണ് ജെഫ്രി എപ്സ്റ്റീന്റേത്. കോടീശ്വരന്മാര്‍ക്കായി വിരുന്നുകളും നിശാപാര്‍ട്ടികളും സംഘടിപ്പിച്ചിരുന്ന എപ്സ്റ്റീന്‍ പിന്നീട് സെലിബ്രിറ്റികളുടെയും ഉന്നത രാഷ്ട്രീയക്കാരുടെയും ബിസിനസുകാരുടെയും ലൈംഗിക ആവശ്യങ്ങള്‍ക്കായി പ്രായപൂര്‍ത്തിയാകാത്ത കുട്ടികളെ കടത്തിയെന്ന കുറ്റത്തിനാണ് അഴിക്കുള്ളിലായത്. 2008-ല്‍ അറസ്റ്റിലായി വെറും 13 ദിവസത്തിനപ്പുറം അയാള്‍ പുറത്തിറങ്ങി. 2019 ജൂലൈയില്‍ പ്രായപൂര്‍ത്തിയാകാത്തവരെ ലൈംഗിക ആവശ്യങ്ങള്‍ക്കായി കടത്തിയെന്ന കുറ്റത്തിന് വീണ്ടും അകത്താവുകയും ചെയ്തു. തൊട്ടടുത്ത മാസം ജയിലറയില്‍ എപ്സ്റ്റീന്‍ മരിച്ചുവീണു. ജയിലധികൃതരുടെ റിപ്പോര്‍ട്ട് പ്രകാരം, എപ്സ്റ്റീന്‍ ആത്മഹത്യ ചെയ്തിരിക്കാം എന്നാണ് വ്യക്തമാകുന്നത്, എങ്കിലും ഇതുസംബന്ധിച്ച ദുരൂഹതകള്‍ ഇപ്പോഴും ബാക്കിയാണ്.
അമേരിക്ക വീണ്ടും ട്രംപിന്റെ കൈയിലായതോടെ എപ്സ്റ്റീന്‍ ഫയലുകളെ ചൊല്ലിയുള്ള വിവാദങ്ങള്‍ക്ക് വീണ്ടും തീ പിടിച്ചിരുന്നു. ആഘോഷരാവുകളില്‍ എപ്സ്റ്റീനൊപ്പമുള്ള ട്രംപിന്റെ ചിത്രങ്ങള്‍ സംശയങ്ങള്‍ക്കും ആരോപണങ്ങള്‍ക്കും വഴിവച്ചു. അങ്ങനെ നിരന്തര സമ്മര്‍ദങ്ങള്‍ക്കൊടുവില്‍ എപ്സ്റ്റീന്‍ ഫയല്‍സ് പുറത്തുവിടാന്‍ ട്രംപ് തന്നെ പ്രഖ്യാപിക്കുകയായിരുന്നു. എപ്സ്റ്റീനുമായി ബന്ധപ്പെട്ട അന്വേഷണത്തിനിടെ കണ്ടെത്തിയ വിവരങ്ങള്‍, ബന്ധപ്പെട്ട രേഖകള്‍, കോണ്‍ടാക്റ്റ് ലിസ്റ്റുകള്‍, കോള്‍ റെക്കോര്‍ഡുകള്‍, ചാറ്റുകള്‍, വീഡിയോകള്‍, അദ്ദേഹത്തിന്റെ കൂട്ടാളികളുടെയും ക്ലയന്റുകളുടെയും പേരുകള്‍, എന്നിവ ഉള്‍പ്പെടുന്ന ഫയലാണ് എപ്സ്റ്റീന്‍ ഫയലുകള്‍ എന്നറിയപ്പെടുന്നത്. മൂന്ന് ദശലക്ഷത്തിലധികം പേജുകളുള്ളതാണ് ഈ ഫയല്‍. 2,000 ലധികം വീഡിയോകള്‍, 2 ലക്ഷത്തോളം ചിത്രങ്ങള്‍ എന്നിങ്ങനെ മുന്പ് പുറത്തുവിടാതെ മാറ്റിവെച്ചിരുന്ന വിപുലമായ രേഖകളാണ് യുഎസ് നീതിന്യായ വകുപ്പ് പുറത്തുവിട്ടത്. അത് വീണ്ടും ലോകത്തെ ഞെട്ടിക്കയാണ്. ഓരോ ദിവസവും പുതിയ പുതിയ വിവരങ്ങളാണ് പുറത്തുവരുന്നത്.
അതിനിടെയാണ്, ജെഫ്രി എപ്സ്റ്റീന്‍ എങ്ങനെ ഇതുപോലെ ഒരു ലൈംഗിക കുറ്റവാളിയായി മാറി എന്ന അന്വേഷണമാണ് അമേരിക്കന്‍ മാധ്യമങ്ങള്‍ നടത്തുന്നത്. ഒരു നാര്‍സിസിസ്റ്റ് സോഷ്യോപാത്ത് ജനിച്ചത് എങ്ങനെയാണെന്ന് ന്യൂയോര്‍ക്ക് ടൈംസ് തുടങ്ങിയ അന്വേഷണം മറ്റ് മാധ്യമങ്ങളും ഏറ്റെടുത്തിയരിക്കയാണ്.
നാര്‍സിസിസ്റ്റ് സോഷ്യോപാത്ത്
എപ്സ്റ്റീന്‍ ഒരു 'നാര്‍സിസിസ്റ്റിക് സോഷ്യോപാത്ത്' ആയിരുന്നുവെന്നും, മറ്റുള്ളവരെ ചൂഷണം ചെയ്യുന്നതില്‍ അയാള്‍ സന്തോഷം കണ്ടെത്തിയിരുന്നുവെന്നും ഫോറന്‍സിക് സൈക്കോളജിസ്റ്റുകള്‍ നിരീക്ഷിച്ചിട്ടുണ്ട്. തന്റെ ഉന്നത ബന്ധങ്ങളും അധികാരവും ഉപയോഗിച്ച് ശിക്ഷകളില്‍ നിന്ന് രക്ഷപ്പെടാന്‍ കഴിയുമെന്ന അമിത ആത്മവിശ്വാസമാണ് അയാളെ വലിയ കുറ്റവാളിയാക്കിയതെന്നാണ് വിലയിരുത്തല്‍.
മാനിപുലേഷന്‍ വിദഗ്നായിരുന്നു ഇയാള്‍. ചെറുപ്പം മുതലേ കള്ളങ്ങള്‍ പറയുന്നതിനും ആളുകളെ സ്വാധീനിക്കുന്നതിനും അദ്ദേഹം പ്രത്യേക വൈദഗ്ദ്ധ്യം കാട്ടിയിരുന്നു. അധ്യാപകനായിരുന്ന കാലം മുതല്‍ക്ക് തന്നെ കുട്ടികളോട് ഇയാള്‍ മോശമായി പെരുമാറിയിരുന്നതായി റിപ്പോര്‍ട്ടുകളുണ്ട്. മുതിര്‍ന്നതിന് ശേഷം ലഭിച്ച അളവറ്റ സമ്പത്തും, അത്യാഗ്രഹവും, നിയമവ്യവസ്ഥയിലെ പഴുതുകള്‍ ഉപയോഗിക്കാനുള്ള പ്രാപ്തിയുമാണ് അയാളെ ഇത്രയും വലിയ കുറ്റവാളിയാക്കി മാറ്റിയത്.
സൈക്കോളജിസ്റ്റുകള്‍ ജെഫ്രി എപ്സ്റ്റീന്റെ സ്വഭാവത്തെക്കുറിച്ച് നടത്തിയ നിരീക്ഷണങ്ങള്‍ പ്രകാരം, ഒരാള്‍ 'നാര്‍സിസിസ്റ്റിക് സോഷ്യോപാത്ത്' ആയി മാറുന്നത് കേവലം ഒരു കാരണം കൊണ്ടല്ല. എപ്സ്റ്റീന്റെ കാര്യത്തില്‍ ഇത് ജനിതകമായ ഘടകങ്ങളും, അയാള്‍ സ്വയം നിര്‍മ്മിച്ചെടുത്ത സാഹചര്യങ്ങളും ചേര്‍ന്നതാണെന്ന് വിലയിരുത്തപ്പെടുന്നു.ഇതുമായി ബന്ധപ്പെട്ട പ്രധാന പഠന നിരീക്ഷണങ്ങില്‍ എറ്റവും പ്രധാനപ്പെട്ടതാണ് ഡാര്‍ക്ക് ട്രയാഡ്' സിദ്ധാന്തം. നാര്‍സിസിസം, മാക്കിയവെല്ലിയനിസം, സൈക്കോപ്പതി എന്നീ മൂന്ന് സ്വഭാവ വൈകല്യങ്ങളുടെ മിശ്രിതമാണിത്.
എപ്സ്റ്റീന്റെ അധ്യാപന കാലഘട്ടത്തെക്കുറിച്ച് പഠിച്ചവര്‍ പറയുന്നത്, അന്ന് മുതല്‍ക്കേ അയാള്‍ക്ക് അധികാരത്തോടും അധീശത്വത്തോടും വലിയ ഭ്രമം ഉണ്ടായിരുന്നു എന്നാണ്. അര്‍ഹതയില്ലാത്ത സ്ഥാനങ്ങള്‍ കള്ളം പറഞ്ഞ് നേടിയെടുക്കുന്നതിലൂടെ അയാള്‍ തന്റെ സോഷ്യോപാതിക് സ്വഭാവം പ്രകടിപ്പിച്ചു തുടങ്ങിയിരുന്നു. പ്രമുഖ വ്യക്തികള്‍ക്കൊപ്പം നില്‍ക്കുന്നതിലൂടെ അയാള്‍ക്ക് ലഭിച്ച സാമൂഹിക അംഗീകാരം അയാളിലെ 'ഗ്രാന്‍ഡിയോസിറ്റി' (താാന്‍ അതിശക്തനാണെന്ന തോന്നല്‍) വര്‍ദ്ധിപ്പിച്ചു. തനിക്ക് എന്ത് തെറ്റ് ചെയ്താലും രക്ഷപ്പെടാം എന്ന ബോധ്യം അയാളിലെ ക്രിമിനല്‍ വാസനകളെ വളര്‍ത്തി. മനുഷ്യരെ, പ്രത്യേകിച്ച് പെണ്‍കുട്ടികളെ, വെറും വസ്തുക്കളായി മാത്രം കാണുന്ന അവസ്ഥയിലേക്ക് ഇത് അയാളെ എത്തിച്ചു. അമേരിക്കന്‍ സൈക്കോളജിക്കല്‍ അസോസിയേഷന്റെ (എപിഎ) റിപ്പോര്‍ട്ടുകള്‍ പരിശോധിച്ചാണ് ഈ വിവരങ്ങള്‍ ന്യൂയോര്‍ക്ക് ടൈംസ് എഴുതുന്നത്.
കുട്ടികളെ പീഡിപ്പിച്ച അധ്യാപകന്‍
പലരും പറയുന്നതുപോലെ ടോക്സിക്കായ ഒരു ബാല്യത്തിന്റെ ഇരയൊന്നുമല്ല, ജെഫ്രി എപ്സ്റ്റീന്‍. 1953 ജനുവരി 20-ന് ന്യൂയോര്‍ക്കിലെ ബ്രൂക്ലിനിലുള്ള സീ ഗേറ്റ് എന്ന ഇടത്തരം കുടുംബങ്ങള്‍ താമസിക്കുന്ന സ്ഥലത്താണ് അദ്ദേഹം ജനിച്ചത്. ഒരു സാധാരണ കുടുംബമായിരുന്നു അതേ്. പിതാവ് സെയ്മൂര്‍ എപ്സ്റ്റീന്‍ ന്യൂയോര്‍ക്ക് സിറ്റി പാര്‍ക്സ് ഡിപ്പാര്‍ട്ട്‌മെന്റില്‍ ഗ്രൗണ്ട് കീപ്പറായും, മാതാവ് പൗള എപ്സ്റ്റീന്‍ സ്‌കൂള്‍ സഹായിയായും ജോലി ചെയ്തിരുന്നു. രണ്ട് സഹോദരങ്ങളില്‍ മൂത്തവനായിരുന്നു ജെഫ്രി. അദ്ദേഹവും സഹോദരന്‍ മാര്‍ക്കും ഒരുമിച്ചാണ് കളിച്ചുവളര്‍ന്നത്. കുടുംബത്തിനുള്ളില്‍, എപ്സ്റ്റീന് ബിയര്‍ എന്നും മാര്‍ക്കിന് പഗ്ഗി എന്നും വിളിപ്പേരിട്ടു. കുട്ടിക്കാലത്തെ പൊണ്ണത്തടിയാണ് ആ ഇരട്ടപ്പേരിന് കാരണമായത്. അയല്‍ക്കാര്‍ ഈ കുടുംബത്തെക്കുറിച്ച് പറഞ്ഞിരുന്നത്, ശാന്തരും വിനയാന്വിതരുമാണെന്നായിരുന്നു.
പരിചയക്കാര്‍ എപ്സ്റ്റീനെ 'മധുരനും ഉദാരമതിയും' ആയി കണക്കാക്കി. ചിലര്‍ 'നിശബ്ദനും വിഡ്ഢിയും' ആണെന്ന് കരുതി, അദ്ദേഹത്തിന് 'എപ്പി' എന്ന് വിളിപ്പേര് നല്‍കി. ചെറുപ്പം മുതലേ ഗണിതശാസ്ത്രത്തിലും സംഗീതത്തിലും, പ്രത്യേകിച്ച് പിയാനോവില്‍ എപ്സ്റ്റീന്‍ അസാമാന്യ പ്രാവീണ്യം തെളിയിച്ചിരുന്നു. ബ്രൂക്ലിനിലെ ലഫായെറ്റ് ഹൈസ്‌കൂളില്‍ നിന്നാണ് പ്രാഥമിക പഠനം പൂര്‍ത്തിയാക്കിയത്. സമര്‍ത്ഥനായ വിദ്യാര്‍ത്ഥിയായിരുന്ന അദ്ദേഹം രണ്ട് ഗ്രേഡുകള്‍ ഒഴിവാക്കി 1969-ല്‍ ബിരുദം നേടി. ഈ കാലഘട്ടത്തിനുശേഷമാണ് ജെഫ്രി എപ്സ്റ്റീന്‍ തരികിടകളിലേക്ക് നീങ്ങുന്നത്. പിന്നീട്, കൂപ്പര്‍ യൂണിയന്‍, ന്യൂയോര്‍ക്ക് യൂണിവേഴ്സിറ്റി എന്നിവിടങ്ങളില്‍ പഠിച്ചുവെങ്കിലും ഒരിടത്തുനിന്നും ബിരുദം പൂര്‍ത്തിയാക്കാന്‍ അദ്ദേഹത്തിന് സാധിച്ചില്ല. ഉഴപ്പുതന്നെയായിരുന്നു പ്രധാന പ്രശ്നം.
ബിരുദം ഇല്ലായിരുന്നിട്ടും വ്യാജ രേഖകള്‍ ഉപയോഗിച്ച് ന്യൂയോര്‍ക്കിലെ ഏറ്റവും പ്രശസ്തമായ ഡാള്‍ട്ടന്‍ സ്‌കൂളില്‍ ഫിസിക്‌സ്, കണക്ക് അധ്യാപകനായി അദ്ദേഹം ജോലി നേടി. കുറ്റകൃത്യങ്ങളുടെ ലോകത്തേക്കുള്ള അയാളുടെ തുടക്കം അവിടെയായിരുന്നു. എന്നാല്‍ പഠിപ്പിക്കാനുള്ള കഴിവില്ലായ്മ മൂലം 1976-ല്‍ അദ്ദേഹത്തെ സ്‌കൂളില്‍ നിന്നും പുറത്താക്കി.
ആ സമയത്ത് പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ത്ഥിനികളോട് എപ്സ്റ്റീന്‍ അനുചിതമായ പെരുമാറ്റം കാണിച്ചതായും, അവരെ നിരന്തരം പിന്തുടരുന്നതായും, യുവാക്കള്‍ മദ്യപിക്കുന്ന ഒരു പാര്‍ട്ടിയില്‍ പോലും പങ്കെടുത്തതായും ഒരു മുന്‍ വിദ്യാര്‍ത്ഥി പറഞ്ഞു. പലപ്പോഴും ഈ അധ്യാപകന്‍ വിദ്യാര്‍ത്ഥിനികളുമായി പ്രണയത്തിലാകാറുണ്ടായിരുന്നു! അക്കാലത്താണ്, എപ്സ്റ്റീന്‍ ബെയര്‍ സ്റ്റേണ്‍സിന്റെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസറായ അലന്‍ ഗ്രീന്‍ബെര്‍ഗുമായി പരിചയപ്പെട്ടത്. അദ്ദേഹത്തിന്റെ മകനും മകളും സ്‌കൂളില്‍ പഠിക്കുന്നുണ്ടായിരുന്നു. ഈ ബന്ധം തുണയായി. ഡാല്‍ട്ടണില്‍ നിന്ന് പുറത്താക്കിയതിനുശേഷം, ഗ്രീന്‍ബര്‍ഗ് അദ്ദേഹത്തിന് ജോലി നല്‍കി.
കാമുകിയുമൊത്ത് കൂട്ടിക്കൊടുപ്പിലേക്ക്
പിന്നീട് ബാങ്കിംങ് രംഗത്താണ് അദ്ദേഹം കടന്നത്. ബാങ്കറായ അലന്‍ ഗ്രീന്‍ബെര്‍ഗിന്റെ സ്വാധീനമുപയോഗിച്ച് അദ്ദേഹം 'ബിയര്‍ സ്റ്റേണ്‍സ്' എന്ന നിക്ഷേപ ബാങ്കില്‍ ജോലിയില്‍ പ്രവേശിച്ചു. പിന്നീട് അവിടെനിന്ന് വളര്‍ന്ന് 1982-ല്‍ ജെ. എപ്സ്റ്റീന്‍ ആന്‍ഡ് കമ്പനി എന്ന പേരില്‍ സ്വന്തമായി ഒരു സാമ്പത്തിക മാനേജ്‌മെന്റ് സ്ഥാപനം ആരംഭിച്ചു. അവിടെയും പതിവ് പരിപാടികള്‍ തുടര്‍ന്നു. മാനിപുലേഷനും, കൃത്രിമരേഖ ചമയ്ക്കലുമായിരുന്നു. ശതകോടീശ്വരന്മാരുടെ പണം കൈകാര്യം ചെയ്യുന്നതിലൂടെയാണ് അദ്ദേഹം വലിയ സാമ്പത്തിക ശക്തിയായി മാറിയത്.
'റോയല്‍ പിമ്പ് അഥവാ കീരിടം വെച്ച കൂട്ടിക്കൊടുപ്പുകാരന്‍' എന്ന രഞ്ജിപണിക്കര്‍- സുരേഷ് ഗോപി ഡയലോഗുകളൊക്കെ ഏറെ യോജിക്കുന്നത് നമ്മുടെ ജെഫ്രി എപ്സ്റ്റീനാണ്. അയാള്‍ക്ക് നന്നായി അറിയാവുന്ന ഒരോ ഒരു പണി കൂട്ടിക്കൊടുപ്പാണ് എന്നാണ് ന്യൂയോര്‍ക്ക് ടൈംസ് എഴുതുന്നത്!. പെണ്ണിനെ നല്‍കിയാല്‍ വീഴാത്തവരില്ല എന്ന് അയാള്‍ക്ക് നന്നായി അറിയാം. അങ്ങനെയാണ് ഈ ലോക നേതാക്കളെയൊക്കെയും പാട്ടിലാക്കുന്നത്. ജെഫ്രി എപ്സ്റ്റീന്റെ കാമുകിയും കുറ്റകൃത്യത്തില്‍ പങ്കാളിയുമായ, ഗിസ്്‌ലൈന്‍ മാക്സ്വെല്ലും എപ്സ്റ്റീനെപ്പോലെ ഒരു സൈക്കോ കുറ്റവാളിയാണ്. ഒരു കുലീന കുടുംബത്തില്‍ ജനിച്ച അവരാണ് കൂട്ടിക്കൊടുപ്പിന്റെ ഈ സമാന്തരലോകത്തിലെ റാണിയാവുന്നത്!
ഇവര്‍ വന്നതോടെയാണ് എപ്സ്റ്റീന്‍ വേറെ ലെവലായി മാറുന്നത്. പ്രശസ്ത ബ്രിട്ടീഷ് മാധ്യമ രാജാവായിരുന്ന റോബര്‍ട്ട് മാക്സ്വെല്ലിന്റെ ഒന്‍പത് മക്കളില്‍ ഏറ്റവും ഇളയവളായി 1961-ലാണ് ഗിസ്്‌ലൈന്‍ ജനിച്ചത്. പിതാവിന്റെ പ്രിയപ്പെട്ട മകളായിരുന്നു. ഓക്സ്ഫോര്‍ഡ് യൂണിവേഴ്സിറ്റിയിലെ ബാലിയോള്‍ കോളേജില്‍ നിന്നാണ് ബിരുദം നേടിയത്. ലണ്ടനിലെ ഉയര്‍ന്ന സാമൂഹിക വൃത്തങ്ങളില്‍ സജീവമായിരുന്നു. 1991-ല്‍ പിതാവ് മരിക്കുകയും അദ്ദേഹത്തിന്റെ മാധ്യമ സാമ്രാജ്യം തകരുകയും ചെയ്തതോടെ ഗിസ്ലൈന്‍ ലണ്ടന്‍ വിട്ട് ന്യൂയോര്‍ക്കിലേക്ക് താമസം മാറി. അവിടെ വെച്ചാണ് എപ്സ്റ്റീനെ പരിചയപ്പെടുന്നത്.
1990-കളില്‍ എപ്സ്റ്റീന്റെ കാമുകിയായിരുന്ന ഗിസലൈന്‍ പിന്നീട് അദ്ദേഹത്തിന്റെ ബിസിനസ് പങ്കാളിയും വിശ്വസ്തയുമായി മാറി. എപ്സ്റ്റീന്റെ വീടുകളുടെ ചുമതലയും ജോലിക്കാരുടെ നിയന്ത്രണവും ഇവരുടെ കൈകളിലായിരുന്നു. 'ലേഡി ഓഫ് ദ ഹൗസ്' എന്നാണ് ഇവര്‍ അറിയപ്പെട്ടിരുന്നത്. പ്രഭുക്കന്മാരും രാഷ്ട്രീയക്കാരും അടങ്ങുന്ന തന്റെ ഉന്നത ബന്ധങ്ങള്‍ എപ്സ്റ്റീന് പരിചയപ്പെടുത്തി നല്‍കിയത് ഇവരാണ്. ബ്രിട്ടീഷ് രാജകുടുംബാംഗമായ ആന്‍ഡ്രൂ രാജകുമാരന്‍, ബില്‍ ക്ലിന്റണ്‍, ഡൊണാള്‍ഡ് ട്രംപ് തുടങ്ങിയവരുമായുള്ള എപ്സ്റ്റീന്റെ ബന്ധത്തിന് ഇടനിലക്കാരിയായി ഗിസ്ലൈന്‍ പ്രവര്‍ത്തിച്ചു. എപ്സ്റ്റീന്റെ കുറ്റകൃത്യങ്ങളില്‍ ഗിസ്ലൈന്‍ മാക്സ്വെല്ലിനും പങ്കുണ്ടെന്ന് ആരോപണങ്ങള്‍ ഉയര്‍ന്നു.
പ്രായപൂര്‍ത്തിയാകാത്തവരെ ലൈംഗികമായി ചൂഷണം ചെയ്യാന്‍ എപ്സ്റ്റീനെ സഹായിച്ചുവെന്നും ഇതിനായി പെണ്‍കുട്ടികളെ റിക്രൂട്ട് ചെയ്യുകയും ദുരുപയോഗം ചെയ്യാന്‍ സൗകര്യങ്ങള്‍ ഒരുക്കുകയും ചെയ്തുവെന്നും ഉള്ള ഗുരുതരമായ ആരോപണങ്ങളാണ് ഇവര്‍ക്കെതിരെ ഉയര്‍ന്നത്. എപ്സ്റ്റീന്റെ മരണശേഷം ഒളിവില്‍ പോയ ഇവരെ 2020 ജൂലൈയില്‍ ന്യൂ ഹാംഷെയറിലെ ഒരു രഹസ്യ കേന്ദ്രത്തില്‍ നിന്ന് എഫ്ബിഐ അറസ്റ്റ് ചെയ്തു. 2022 ജൂണില്‍ ഇവര്‍ക്ക് 20 വര്‍ഷം തടവ് ശിക്ഷ വിധിച്ചു. നിലവില്‍ ടെക്സസിലെ ജയിലിലാണ് ഇവര്‍ കഴിയുന്നത്.
ക്രിമിനല്‍ ഗ്രൂമിങ്ങ് ഗ്യാങ്
ലൈംഗിക അതിക്രമങ്ങള്‍ നടത്തുന്നവര്‍ ഇരകളെ വലയിലാക്കാന്‍ പല രീതികളും ഉപയോഗിക്കാറുണ്ട്. ഇതിനെ പൊതുവെ 'ഗ്രൂമിംഗ്' എന്ന് വിശേഷിപ്പിക്കാം. എപ്സ്റ്റീന്‍ കേസില്‍ എറ്റവും പ്രധാനമാണ് ക്രിമിനല്‍ ഗ്രൂമിങ്് ഗ്യാങ്ങ്. കൂട്ടിക്കൊടുപ്പിനും പെണ്‍വേട്ടക്കുമായി ഒരു വലിയ സംഘം സ്ത്രീകള്‍ തന്നെ എപ്സ്റ്റീനും ഗിസ്്‌ലൈനും ഒപ്പമുണ്ടായിരുന്നു! ഒറ്റയടിക്കല്ല, കൃത്യമായ പ്ലാനോടെ പല ഘട്ടങ്ങളിലായി, സമയമെടുത്താണ് ഇവര്‍ ഇരകളെ വശത്താക്കുന്നത്. സാഹചര്യങ്ങള്‍ മുതലെടുക്കാന്‍ സാധ്യതയുള്ള വ്യക്തികളെയാണ് ഇവര്‍ ചൂഷണത്തിന് ലക്ഷ്യം വെക്കുന്നത്. ഒറ്റപ്പെട്ടതോ, സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നതോ, അല്ലെങ്കില്‍ വൈകാരികമായി പിന്തുണ ആവശ്യമുള്ളവരോ ആയവരെയാണ് ഇവര്‍ ആദ്യം ശ്രദ്ധിക്കുന്നത്. ഇവരുമായി സൗഹൃദം സ്ഥാപിച്ചെടുക്കയാണ് ആദ്യഘട്ടം. സഹായകരമായ രീതിയില്‍ പെരുമാറുക, സമ്മാനങ്ങള്‍ നല്‍കുക, അമിതമായ ശ്രദ്ധയും വാത്സല്യവും കാണിക്കുക എന്നിവയിലൂടെ ഇരയുടെ വിശ്വാസം നേടും.
ഇരയുടെ ആവശ്യകതകള്‍ മനസ്സിലാക്കി അതിനനുസരിച്ചുള്ള വാഗ്ദാനങ്ങള്‍ നല്‍കും. സാമ്പത്തിക സഹായം, നല്ല ജോലിയോ അവസരങ്ങളോ, അല്ലെങ്കില്‍ ഒരു താങ്ങും തണലും ആകാം ഈ വാഗ്ദാനങ്ങള്‍. തുടര്‍ന്നാണ് അടുത്ത ഘട്ടം. ഇരയെ അവരുടെ കുടുംബാംഗങ്ങളില്‍ നിന്നും സുഹൃത്തുക്കളില്‍ നിന്നും അകറ്റാന്‍ ശ്രമിക്കും. അതിക്രമം നടത്തുന്നയാള്‍ മാത്രമാണ് ഇരയെ മനസ്സിലാക്കുന്നതെന്നും സഹായിക്കുന്നതെന്നും ഇരയെ വിശ്വസിപ്പിക്കും. ഇര പൂര്‍ണ്ണമായി വലയിലായിക്കഴിഞ്ഞാല്‍, ഭീഷണിപ്പെടുത്തുകയോ, കുറ്റബോധം തോന്നിക്കുകയോ, അല്ലെങ്കില്‍ മറ്റു തരത്തിലുള്ള സമ്മര്‍ദ്ദങ്ങള്‍ ചെലുത്തുകയോ ചെയ്ത് അവരെ നിയന്ത്രണത്തിലാക്കും. ഇങ്ങനെ മാനസികമായ ഒരു തടവറയുണ്ടാക്കിയാണ് എപസ്റ്റീന്‍ തന്റെ ഇരകളെ ഉപയോഗിച്ചത്. അതുകൊണ്ടുതന്നെയാണ് പലര്‍ക്കും പരാതികൊടുക്കാന്‍ പോലും കഴിയാത്തത്. നിങ്ങളുടെ കണ്‍സന്റോടെയുള്ള ലൈംഗിക ബന്ധമല്ലേ ഇത് എന്ന് ചോദിച്ചാല്‍ അവര്‍ക്കുപോലും നിഷേധിക്കാന്‍ കഴിയില്ല. അത്ര ശക്തമായാണ് എപസ്റ്റീന്‍ ട്രാപ്പ് വിരിക്കുക.
ഒരു 'പിരമിഡ് സ്‌കീം' പോലെയാണ് എപ്സ്റ്റീന്‍ ഈ ശൃംഖല പ്രവര്‍ത്തിപ്പിച്ചിരിക്കുന്നത്. പിരമിഡിന്റെ പ്രധാന ആശയം പുതിയ ആളുകളെ പരിചയക്കാരെ ഉപയോഗിച്ച് റിക്രൂട്ട് ചെയ്യുകയാണേല്ലോ. എപ്സ്റ്റീന്റെ ലൈംഗിക പീഡനത്തിലും സംഭവിച്ചത് അതാണ്. നിലവിലുള്ള അംഗങ്ങളെ അവരുടെ സുഹൃത്തുക്കളെയും കുടുംബാംഗങ്ങളെയും കൊണ്ടുവരാന്‍ പ്രേരിപ്പിക്കുന്നു. ഇത് ഇരകള്‍ക്ക് സുരക്ഷിതത്വം തോന്നാന്‍ ഇടയാക്കുകയും കെണിയില്‍ വീഴാന്‍ എളുപ്പമാക്കുകയും ചെയ്യുന്നു. ഇരകളാകാന്‍ സാധ്യതയുള്ളവരെ സ്വാധീനിക്കാനും ശൃംഖലയിലേക്ക് ആകര്‍ഷിക്കാനും ചില വ്യക്തികളെ ഉപയോഗിക്കുന്നു. ഈ 'ഗേറ്റ്കീപ്പര്‍മാര്‍' ശൃംഖലയുടെ ഉദ്ദേശ്യങ്ങളെക്കുറിച്ച് തെറ്റായ ചിത്രീകരണം നല്‍കുന്നു. ആകര്‍ഷകമായ തൊഴില്‍ അവസരങ്ങളോ, സ്‌കോളര്‍ഷിപ്പുകളോ, അല്ലെങ്കില്‍ മറ്റ് ലാഭകരമായ അവസരങ്ങളോ വാഗ്ദാനം ചെയ്ത് ആളുകളെ ആകര്‍ഷിക്കുന്നു. ശൃംഖലയുടെ ഭാഗമായാല്‍, അവിടെ നടക്കുന്ന കാര്യങ്ങള്‍ രഹസ്യമായി സൂക്ഷിക്കാന്‍ ഇരകളെ മാനസികമായി സ്വാധീനിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്യുന്നു. അങ്ങനെ ശാസ്ത്രീയമായ, ക്രിമിനല്‍ ചൂഷണത്തിലൂടെയാണ് എപ്സ്റ്റീന്‍ മുന്നോട്ടുപോയത്!
ബ്ലാക്ക്മെയിലിങ്ങ് നെറ്റ്വര്‍ക്ക്
കുറ്റകൃത്യങ്ങളുടെ ഡിജിറ്റല്‍ തെളിവുകള്‍ ശേഖരിച്ച് വെക്കുക. എന്നിട്ട് ഒരുകാലത്തും രക്ഷയില്ലാത്ത രീതിയില്‍ പ്രമുഖരെ ബ്ലാക്ക്മെയില്‍ ചെയ്യുക. ജഫ്രി എപ്സ്റ്റീന്റെ പതിവ് പരിപാടിയാണിത്. എപ്സ്റ്റീന്റെ അതിഥി പട്ടികയില്‍ ലോകപ്രശസ്തരായ പല വ്യക്തികളും ഉള്‍പ്പെട്ടിരുന്നു. ഇവരില്‍ എല്ലാവരും കുറ്റകൃത്യങ്ങളില്‍ പങ്കാളികളാണെന്ന് അര്‍ത്ഥമില്ലെങ്കിലും, എപ്സ്റ്റീന്റെ സാമ്പത്തിക സ്വാധീനം എത്രത്തോളമുണ്ടായിരുന്നുവെന്ന് ഇത് വ്യക്തമാക്കുന്നു. ഇതില്‍ ബ്രിട്ടീഷ് രാജകുടുംബാംഗമായ ആന്‍ഡ്രൂ രാജകുമാരന്‍, മുന്‍ യു.എസ്. പ്രസിഡന്റ് ബില്‍ ക്ലിന്റണ്‍, ഡൊണാള്‍ഡ് ട്രംപ്, ബില്‍ ഗേറ്റ്‌സ്, ചലച്ചിത്ര നിര്‍മ്മാതാവ് ഹാര്‍വി വെയ്ന്‍സ്റ്റൈന്‍, പോപ്പ് രാജാവ് മൈക്കല്‍ ജാക്‌സണ്‍, നടന്‍ അലക് ബാള്‍ഡ്വിന്‍എന്നിവരും ഉള്‍പ്പെടുന്നു.
ജെഫ്രി എപ്സ്റ്റീന്‍ ഫയലുകളില്‍ ലോകത്തെ പ്രമുഖരായ നിരവധി വ്യക്തികളുടെ പേരുകള്‍ പരാമര്‍ശിക്കപ്പെട്ടിട്ടുണ്ട്. എന്നാല്‍ ഈ ലിസ്റ്റില്‍ പേര് വന്ന എല്ലാവരും കുറ്റകൃത്യങ്ങളില്‍ പങ്കാളികളാണെന്ന് അര്‍ത്ഥമില്ല. അങ്ങനെ വന്ന ഒരുപേരാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെത്.
2026 ജനുവരിയില്‍ പുറത്തുവന്ന പുതിയ രേഖകളിലാണ് പ്രധാനമന്ത്രിയുടെ പേര് പരാമര്‍ശിക്കപ്പെടുന്നത്. ഇത് എപ്സ്റ്റീന്‍ അയച്ച ചില ഇമെയിലുകളിലെ വിവരങ്ങളാണ്. 2017 ജൂലൈയില്‍ പ്രധാനമന്ത്രി മോദി നടത്തിയ ഇസ്രയേല്‍ സന്ദര്‍ശനവുമായി ബന്ധപ്പെട്ട് എപ്സ്റ്റീന്‍ ഒരു ഇമെയില്‍ അയച്ചിരുന്നു. തന്റെ 'ഉപദേശം' സ്വീകരിച്ചാണ് മോദി ഇസ്രയേല്‍ സന്ദര്‍ശിച്ചതെന്നും അത് ട്രംപിന് ഗുണകരമായെന്നും എപ്സ്റ്റീന്‍ അവകാശപ്പെടുന്നു. അതുപോലെ എപ്സ്റ്റീന്‍ ഇന്ത്യന്‍ വ്യവസായി അനില്‍ അംബാനിയുമായി ഇമെയില്‍ വഴി ആശയവിനിമയം നടത്തിയിരുന്നതായും, മോദി സര്‍ക്കാരുമായി ബന്ധപ്പെടാന്‍ ഇദ്ദേഹത്തെ ഒരു മധ്യസ്ഥനായി എപ്സ്റ്റീന്‍ കണ്ടിരുന്നതായും രേഖകള്‍ സൂചിപ്പിക്കുന്നു. നിലവിലെ കേന്ദ്രമന്ത്രി ഹര്‍ദീപ് സിംഗ് പുരി എപ്സ്റ്റീനുമായി 2014-2017 കാലയളവില്‍ സാമ്പത്തിക വിഷയങ്ങളില്‍ ഇമെയില്‍ വഴി സംസാരിച്ചിരുന്നതായും മൂന്ന് തവണ കൂടിക്കാഴ്ച നടത്തിയതായും റിപ്പോര്‍ട്ടുകളുണ്ട്. എന്നാല്‍ ഇവയെല്ലാം പൂര്‍ണ്ണമായും ഔദ്യോഗികമായ ബിസിനസ്സ് സംഭാഷണങ്ങളാണെന്ന് അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്. 2017-ലെ ഇസ്രയേല്‍ സന്ദര്‍ശനം തികച്ചും ഔദ്യോഗികമായിരുന്നുവെന്നും എപ്സ്റ്റീനുമായി ഇതിന് യാതൊരു ബന്ധവുമില്ലെന്നും ഇന്ത്യന്‍ സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്.
പ്രശസ്ത ശാസ്ത്രജ്ഞനായ സ്റ്റീഫന്‍ ഹോക്കിങ്ങിന്റെ പേര് എപ്സ്റ്റീന്‍ ഫയലുകളില്‍ പരാമര്‍ശിക്കപ്പെട്ടത് വലിയ വാര്‍ത്തയായിരുന്നു.
2006-ല്‍ എപ്സ്റ്റീന്റെ ഉടമസ്ഥതയിലുള്ള ലിറ്റില്‍ സെന്റ് ജെയിംസ് ദ്വീപിന് അടുത്തുള്ള സെന്റ് തോമസ് ദ്വീപില്‍ ഒരു ശാസ്ത്ര കോണ്‍ഫറന്‍സ് നടന്നിരുന്നു. എപ്സ്റ്റീന്‍ സാമ്പത്തികമായി സഹായിച്ച ഈ കോണ്‍ഫറന്‍സില്‍ പങ്കെടുക്കാന്‍ എത്തിയ സ്റ്റീഫന്‍ ഹോക്കിങ് ഉള്‍പ്പെടെയുള്ള ശാസ്ത്രജ്ഞര്‍ എപ്സ്റ്റീന്റെ ക്ഷണപ്രകാരം അദ്ദേഹത്തിന്റെ സ്വകാര്യ ദ്വീപ് സന്ദര്‍ശിക്കുകയും അവിടെ ഒരു വിരുന്നില്‍ പങ്കെടുക്കുകയും ചെയ്തിരുന്നു. ഈ സന്ദര്‍ശനത്തിന്റെ ഫോട്ടോകള്‍ അന്ന് പുറത്തുവന്നിരുന്നു.
2024ന്റെ തുടക്കത്തില്‍ കോടതി പുറത്തുവിട്ട രേഖകളില്‍ 2015-ല്‍ എപ്സ്റ്റീന്‍ ഘിസ്ലൈന്‍ മാക്സ്വെല്ലിന് അയച്ച ഒരു ഇമെയില്‍ ഉള്‍പ്പെട്ടിരുന്നു. അതില്‍ പറയുന്നത് ഇങ്ങനെയാണ്: 'സ്റ്റീഫന്‍ ഹോക്കിങ് പ്രായപൂര്‍ത്തിയാകാത്ത കുട്ടികളുമായി മോശമായി പെരുമാറി എന്ന ആരോപണം തെറ്റാണെന്ന് തെളിയിക്കാന്‍ സഹായിക്കുന്നവര്‍ക്ക് പ്രതിഫലം നല്‍കാം.' ഹോക്കിങ്ങിനെതിരെ ഉയര്‍ന്നേക്കാവുന്ന ആരോപണങ്ങളെ പ്രതിരോധിക്കാന്‍ എപ്സ്റ്റീന്‍ ശ്രമിച്ചിരുന്നു എന്നാണ് ഈ ഇമെയില്‍ സൂചിപ്പിക്കുന്നത്. എന്നാല്‍ ഹോക്കിങ് ഏതെങ്കിലും തരത്തിലുള്ള ലൈംഗിക കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെട്ടതായി ഈ ഫയലുകളിലോ സാക്ഷിമൊഴികളിലോ ഒരിടത്തും പറയുന്നില്ല.
സ്റ്റീഫന്‍ ഹോക്കിങ്ങിനെതിരെ ഏതെങ്കിലും ഇരകള്‍ പരാതി നല്‍കുകയോ അദ്ദേഹം കുറ്റകൃത്യം ചെയ്തതായി തെളിവുകള്‍ ലഭിക്കുകയോ ചെയ്തിട്ടില്ല. എപ്സ്റ്റീന്‍ തന്റെ ദ്വീപില്‍ പ്രമുഖരായ ശാസ്ത്രജ്ഞരെയും ബുദ്ധിജീവികളെയും കൊണ്ടുവരാന്‍ താല്‍പ്പര്യപ്പെട്ടിരുന്നു. തന്റെ പ്രതിച്ഛായ വര്‍ദ്ധിപ്പിക്കാന്‍ വേണ്ടിയാണ് ഹോക്കിങ്ങിനെപ്പോലെയുള്ള വ്യക്തികളെ അയാള്‍ ഉപയോഗിച്ചത് എന്നാണ് നിരീക്ഷകര്‍ കരുതുന്നത്. അതുപോലെ കോടികള്‍ വാരിയെറിഞ്ഞ് ലോകത്തിലെ നമ്പര്‍ വണ്‍ അഭിഭാഷകരെയും ഈ പീഡകന്‍ ഇറക്കി. അലന്‍ ഡെര്‍ഷോവിറ്റ്സ് ഉദാഹരണം.
ലോകപ്രശസ്തനായ അഭിഭാഷകനായ ഇദ്ദേഹം എപ്സ്റ്റീന്റെ പ്രതിരോധ സംഘത്തിന്റെ തലവനായിരുന്നു. കേസ് ഫെഡറല്‍ തലത്തിലേക്ക് നീങ്ങുന്നത് തടയാന്‍ ഇദ്ദേഹത്തിന്റെ സ്വാധീനം വലിയ പങ്കുവഹിച്ചു. എപ്സ്റ്റീന്റെ ഇരകളില്‍ ഒരാളായ വിര്‍ജീനിയ ഗിഫ്രെ ഇദ്ദേഹത്തിനെതിരെയും ആരോപണങ്ങള്‍ ഉന്നയിച്ചിരുന്നു.
വാല്‍ക്കഷ്ണം: കരീബിയന്‍ കടലിലെ യു.എസ്. വെര്‍ജിന്‍ ഐലന്‍ഡ്‌സിലെ ഈ സൈക്കോയുടെ പീഡന ദ്വീപ് ഇപ്പോള്‍ വില്‍ക്കാന്‍ വെച്ചിരിക്കയാണ്. 1998-ലാണ് എപ്സ്റ്റീന്‍ ഇത് സ്വന്തമാക്കിയത്. എപ്സ്റ്റീന്‍ തന്റെ സ്വന്തം ബോയിംഗ് 727 വിമാനം ഉപയോഗിച്ചാണ്, പ്രമുഖരെ തന്റെ ദ്വീപിലേക്കും ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേക്കും എത്തിച്ചത്. എപ്സ്റ്റീന്റെ മരണശേഷം 2023-ല്‍ ഈ ദ്വീപ് ഒരു നിക്ഷേപകന്‍ വാങ്ങി. ഇത് ഒരു ലക്ഷ്വറി റിസോര്‍ട്ടായി മാറ്റാനാണ് നിലവിലെ തീരുമാനം. ഈ വില്‍പ്പനയില്‍ നിന്നുള്ള തുക എപ്സ്റ്റീന്റെ ഇരകള്‍ക്ക് നഷ്ടപരിഹാരമായി നല്‍കാന്‍ ഉപയോഗിക്കുകയാണ്.


