- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Feature
- /
- AUTOMOBILE
വെറും 41 ദിവസത്തിനുള്ളിൽ മൂന്ന് കോടിയിലേറെ തീർത്ഥാടകരെത്തുന്ന കാനനക്ഷേത്രമെന്ന ലോകമഹാത്ഭുതം; തീർത്ഥാടന ടൂറിസം പ്രയോജനപ്പെടുത്തിയാൽ കേരളത്തിനുണ്ടാവുക കോടികളുടെ വരുമാനം; പക്ഷേ അശാസ്ത്രീയ പദ്ധതികൾ വഴി ദുരന്തത്തിന്റെ വക്കിൽ; ശബരിമലയിൽ വേണ്ടത് മക്ക മോഡൽ വികസനമോ?
ചോക്കുമലയ്ക്ക് മുകളിൽ ഇരുന്ന് ഒരു കഷ്ണം ചോക്ക് തിരഞ്ഞവനെപ്പോലെ, സ്വർണ്ണഖനിക്ക് മുകളിൽ ഇരുന്ന് അത് അറിയാതെ ദാരിദ്ര്യത്തിൽ ജീവിക്കുന്നവനെപ്പോലെയാവുകയാണോ നമ്മൾ മലയാളികൾ. രണ്ടു സ്വർണ്ണഖനികളാണ് കേരളത്തിനുള്ളത് എന്നാണ് പൊതുവെ വിലയിരുത്തപ്പെടുന്നത്. ഒന്ന് നമ്മുടെ ചവറയിലെ കരിമണൽ നിക്ഷേപമാണ്, അടുത്ത ആയിരം വർഷത്തേക്ക് ഇന്ത്യക്ക് മുഴുവൻ വൈദ്യതി കൊടുക്കാൻ കഴിയുന്ന സംവിധാനമാണ് ഇവിടെയുള്ളത്. ഇതിനായുള്ള തോറിയം ആണവനിലയത്തിനായി കേരളം അപേക്ഷ കൊടുത്തിരിക്കയാണ്. ലോകം സ്വർണ്ണത്തേക്കാൾ വിലയുള്ളതായി കാണുന്ന തോറിയത്തെ വെറുതെ കളയുന്ന ഒരു ജനതാണ് നമ്മൾ!
അതുപോലെ തന്നെ നമ്മൾ അറിയാത്ത മറ്റൊരു വരുമാനത്തിന്റെ സ്വർണ്ണഖനിയാണ് ശബരിമല എന്ന കാനനക്ഷേത്രം. വെറും 41ദിവസത്തിനുള്ളിൽ മൂന്ന് കോടിയിലേറെ ആളുകൾ സന്ദർശിക്കുന്ന ലോകമഹാത്ഭുതം. പക്ഷേ ഇവിടെ സുഖകരമായി ദർശനത്തിനുള്ള സൗകര്യം ഒരുക്കികൊടുക്കാനും, തീർത്ഥാടന ടൂറിസം എന്ന ആശയം പ്രാവർത്തികമാക്കാനും, അതുവഴി വരുമാനമുണ്ടാക്കാനും നമുക്ക് കഴിയുന്നുണ്ടോ? അതിനുള്ള ഭാവനാത്മകയാമയ പദ്ധതികൾ നമ്മുടെ കൈയിലുണ്ടോ?
റിസർവ് ഫോറസ്റ്റിന് നടുവിലുള്ള ക്ഷേത്രത്തെ വെറുമൊരു കോൺക്രീറ്റ് കാടാക്കി മാറ്റുകയാണ് നാം ചെയ്യുന്നത് എന്ന് വിശ്വസഞ്ചാരിയായ സന്തോഷ് ജോർജ് കുളങ്ങര ഈയിടെ അഭിപ്രായപ്പെട്ടിരുന്നു. പക്ഷേ ഈ തീർത്ഥാടക ഒഴുക്കിനെ അനുബന്ധ വ്യാപരത്തിലേക്ക് കൂടി മൊബിലൈസ് ചെയ്താൽ, കേരളത്തിന് കോടികളുടെ വരുമാനം ഉണ്ടാക്കാൻ കഴിയും. നമ്മൾ അതിനുള്ള ശ്രമങ്ങൾ നടത്തുന്നില്ല എന്ന് മാത്രമല്ല, പത്തൊമ്പതും ഇരുപതും മണിക്കുറുകൾ തീർത്ഥാടകനെ ക്യൂവിൽനിർത്തി വെറുപ്പിച്ച്, ഇനി ഇങ്ങോട്ട് വരില്ല എന്ന് ശപഥം ചെയ്യിച്ച് പറഞ്ഞയക്കയാണ്. മക്കയും മദീനയും വത്തിക്കാനുമൊക്കെ വളർന്ന പോലെ ശബരിമലയെ മാറ്റിയെടുക്കാൻ എന്ത്കൊണ്ട് നമുക്ക് കഴിയുന്നില്ല?
ഇന്ന് ശബരിമല തീർത്ഥാടകരുടെ ദുരിതത്തിന്റെ വാർത്തകളാണ് എവിടെയും. ്ആൾക്കൂട്ട ദുരന്തത്തിന്റെ മുൾമുനയിലാണ് ശബരിമല എന്ന് ദുരന്ത നിവാരണ വിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നുണ്ട്. 18-20 മണിക്കുർ മണിക്കൂർ നീളുന്ന ക്യൂ. ദാഹജലം പോലും ലഭിക്കാതെ കുട്ടികൾ കുഴഞ്ഞുവീഴൂന്നു. ദർശനം കിട്ടാതെ വന്നതോടെ പന്തളത്ത് അയ്യപ്പ സംഘങ്ങൾ മാലയൂരി തേങ്ങയുടച്ച് തിരികെ പോകുന്നു. ഈ അവസ്ഥ എങ്ങനെ മാറ്റാൻ കഴിയും എന്നാണ് പരിശോധിക്കേണ്ടത്.
വേണ്ടത് മക്ക മോഡൽ വികസനം
വികസനത്തിന്റെ കാര്യം വരുമ്പോൾ, മതനിയമങ്ങളെപ്പോലെും പിന്തള്ളിയാണ് സൗദി അറേബ്യ വളരുന്നത്. എല്ലാ ആചാരങ്ങളേക്കാളും അനുഷ്ഠാനങ്ങളേക്കാളും പ്രധാനമാണ് മനുഷ്യന്റെ സുരക്ഷ. അതിന് ഏറ്റവും നല്ല ഉദാഹരണമാണ് മക്ക.
അമ്പത് വർഷം മുമ്പുള്ള മസ്ജിദുൽ ഹറാമും ഇപ്പഴത്തെ മസ്ജിദുൽ ഹറാമും തമ്മിലുള്ള വിത്യാസം നോക്കണം. എത്രമാത്രം ശാസ്ത്രീയമായാണ് അവർ കാര്യങ്ങൾ ചെയ്യുന്നത്. ഏറ്റവും പുതിയ ടെക്ക്നോളജിയാണ് അവർ ഉപയോഗിക്കുന്നത്. ആൾക്കൂട്ട നിയന്ത്രണത്തിനും ലോകത്തിലെ ഏറ്റവും മികച്ച സാങ്കേതിക വിദ്യ അവർ ഉപയോഗിക്കുന്നു. മുമ്പൊക്കെ ഹജ്ജിനുള്ള ടെന്റുകൾക്ക് തീപ്പിടിക്കുന്നത് ഒരു പതിവ് വാർത്തയായിരുന്നു. ഇപ്പോൾ അത് ഒരു അമേരിക്കൻ കമ്പനിയുടെ സാങ്കേതിക സഹായം തേടിക്കൊണ്ട്, കൃത്യമായ നിർദ്ദേശങ്ങൾ നിൽകി സൗദി അത് ഒതുക്കിയിരിക്കയാണ്. സാങ്കേതിക വിദ്യകൾ ഉപയോഗിക്കുന്നതിൽ നമ്മുടെ തിരുപ്പതിയും മാതൃകയാണ്.
അടുത്ത വർഷത്തോടെ അയോധ്യയും വമ്പൻ തീർത്ഥാടന കേന്ദ്രമായി മാറും. അതിന് വേണ്ട അടിസ്ഥാന സൗകര്യങ്ങൾ അവരൊരുക്കുന്നുണ്ട്. അപ്പോൾ കേരളത്തിൽ ഈ അവസ്ഥ തുടരുകയാണെങ്കിൽ, ഈ നാട്ടിലേക്ക് വരുന്നവർ അങ്ങോട്ട് മാറാനുള്ള സാധ്യത കൂടുതലാണ്. അതുകൊണ്ടാണ് ഇത്രയും മണിക്കുർ ക്യൂ നിർത്തിക്കാതെ എളുപ്പത്തിലുള്ള ദർശനം നടത്തിപ്പിക്കേണ്ടതാണ്. ഒരു കാനനക്ഷേത്രത്തിന്റെ ആംമ്പിയൻസിന് യോജിക്കുന്ന നിർമ്മിതികളും, വൃത്തിയും, വെടിപ്പും ഉണ്ടെങ്കിൽ, ഇവിടെ വിദേശത്തുനിന്നുപോലും ആളുകൾ എത്തും. വെറും വിശ്വാസം മാത്രമല്ല. ചരിത്രവും, പൈതൃകവും, പ്രകൃതിയുമൊക്കെ സമ്മേളിക്കുന്ന ലോകത്തിലെ അപൂർവം സ്ഥലങ്ങളിൽ ഒന്നാണിത്. അത് പോസറ്റീവ് ആയി മാർക്കറ്റ് ചെയ്യാൻ പോലും നമുക്ക് കഴിയുന്നില്ല.
ഇപ്പോൾ മണ്ഡലകാലത്ത് മാത്രം തുറക്കുന്ന ക്ഷേത്രത്തിൽ അനിനിയന്ത്രിതമായ തിരക്ക്, കേരളത്തെ മൊത്തം വീർപ്പുമുട്ടിക്കയാണ്. ബസ്്സ്റ്റാൻഡുകളും, റെയിൽവേ സ്റ്റേഷനുമെല്ലാം വൃത്തികേടാവുന്നതോടെ, കേരളത്തിലേക്ക് വരാൻ ആഗ്രഹിക്കുന്നവർപോലും പിന്മാറുന്ന അവസ്ഥയാണ് ഉണ്ടാവുന്നത്. ഇവിടെയാണ് ടോയ്ലറ്റ് മുതൽ, വിശ്രമംവരെയുള്ള സകലകാര്യങ്ങളും സർക്കാർ പ്ലാൻ ചെയ്യുന്ന, മക്ക മോഡൽ രീതിയുടെ പ്രസക്തി. അതുപോലെ തന്നെ തീർത്ഥാടനം സംബദ്ധിച്ച് അനുബന്ധമായ ക്രയവിക്രയങ്ങളും ഇവിടെ വികസിക്കുന്നില്ല. കേരളത്തിൽ എത്തിയാൽ തിരക്ക് കാരണം എത്രയും പെട്ടെന്ന് നാടുവിടുക എന്നത് അല്ലാതെ, ഈ നാട്ടിലെ മറ്റ് ക്ഷേത്രങ്ങൾ കാണാനോ, പ്രകൃതി ഭംഗി ആസ്വദിക്കാനനോ രണ്ടുദിവസം ഇവിടെ നിൽക്കാൻ ആർക്കും തോന്നില്ല. അപ്പോൾ മാത്രമാണ് അതുവഴി കേരളത്തിന് വരുമാനം ഉണ്ടാകുക. പൈതൃക ടൂറിസവും, തീർത്ഥാടന ടൂറിസവുമൊക്കെ ഇന്നും ലോകത്ത് വലിയ സാധ്യതയുള്ള കാര്യങ്ങളാണ്.
ഒരു വർഷം കേരളത്തിൽ വെറും രണ്ടുമാസം കൊണ്ട് എത്തുന്ന മൂന്ന് കോടി തീർത്ഥാടകരിൽ പകുതിപേരെയെങ്കിലും മൊബിലൈസ് ചെയ്യാൻ കഴിഞ്ഞാൽ, നമുക്ക് മിനിമം ആയിരം കോടിയുടെ വരുമാനം ഉണ്ടാക്കാം എന്നാണ് ഇതുസംബന്ധിച്ച് പഠനം നടത്തിയ എൻ ശങ്കരയ്യ ചൂണ്ടിക്കാട്ടുന്നത്. അതിനൊക്കെ ആദ്യം ഉണ്ടാവേണ്ടത് തിരക്ക് നിയന്ത്രിക്കുക എന്നതാണ്.
എങ്ങനെ ഈ തിരക്ക് നിയന്ത്രിക്കാം?
ആൾക്കൂട്ട നിയന്ത്രണം ഫലപ്രദമായി നടപ്പാക്കുന്നതിന് ഇന്ന് നിരവധി ടെക്ക്നോളജികൾ ഉണ്ട്. അത്തരത്തിൽ സ്പെഷ്യലൈസ് ചെയ്ത നിരവധി കമ്പനികൾ ഉണ്ട്. ശബരിമലയിലേയ്ക്കെത്തുന്ന ഭക്തരെ നിയന്ത്രിക്കുന്നത് പതിനെട്ടാംപടി കയറുന്നവരുടെ എണ്ണത്തിനനുസരിച്ചാണ്. ഓരോ മിനിറ്റിലും എത്രപേർ പതിനെട്ടാംപടി കയറി സന്നിധാനത്ത് എത്തുന്നു എന്നതിനനുസരിച്ചുള്ള നിയന്ത്രണ സംവിധാനമാണ് പൊലീസ് അവലംബിക്കുന്നത്. പതിനെട്ടാംപടി മുതൽ പിന്നിലേയ്ക്ക് പമ്പവരെയും അവിടെനിന്ന് നിലയ്ക്കൽവരെയും ആളുകളുടെ വരവിനനുസരിച്ച് നിയന്ത്രണങ്ങൾ ആസൂത്രണം ചെയ്യുന്നു. സന്നിധാനം, പമ്പ, നിലയ്ക്കൽ എന്നിവിടങ്ങളിലെ സ്പെഷ്യൽ ഓഫീസർമാരുടെ നേതൃത്വത്തിലുള്ള ഏകോപനത്തിലൂടെയാണ് ഇത് സാധ്യമാകുന്നത്. ഈ ആസൂത്രണത്തിൽ പാളിച്ചയുണ്ടാവുമ്പോഴാണ് ഭക്തർക്ക് ശബരിമലയിൽ ദുരിതം ഉണ്ടാകുന്നത്.
നിലവിലെ പതിനെട്ടാം പടിയുടെ വീതി അനുസരിച്ച് മൂന്നുപേർക്കാണ് ഒരു സമയം കയറാൻ കഴിയുക. അങ്ങനെ നോക്കുമ്പോൾ ഒരു മിനുട്ടിൽ 50-60 പേർക്കാണ് കയറാൻ കഴിയുക എന്നാണ് കണക്ക്. അങ്ങനെനോക്കുമ്പോൾ മണിക്കൂറിൽ 3000 മുതൽ 3600 ഭക്തരാണ് പതിനെട്ടാംപടി കയറുന്നത്. ഒരുദിവസം പരമാവധി 22 മണിക്കൂർ പതിനെട്ടാംപടി കയറി സന്നിധാനത്തെത്തും. ശരാശരി 80,000 പേരെ വരെ ഒരുദിവസം സന്നിധാനത്തെത്തിക്കാനാകുമെന്നാണ് പൊലീസ് പറയുന്നത്. ഇതിൽക്കൂടുതൽ ആളുകൾ എത്തുമ്പോഴാണ് നിയന്ത്രണം ഏർപ്പെടുത്തേണ്ടിവരുന്നത്.
മണ്ഡലപൂജവരെയുള്ള ദിവസങ്ങളിൽ 80,000 മുതൽ 90,000 വരെ ഭക്തർ ദിവസവും വെർച്വൽക്യൂ വഴി ബുക്ക് ചെയ്തിട്ടുണ്ട്. ഇതിനുപുറമേ 10,000 പേർ സ്പോട്ട് ബുക്കിങ്ങിലൂടെയും എത്തും. നിയന്ത്രണം മറികടന്ന്, ബുക്ക് ചെയ്യാതെ 1000 പേരെങ്കിലും നിത്യവും സന്നിധാനത്തെത്തുന്നതായാണ് പൊലീസിന്റെ നിഗമനം.
ആരോഗ്യമുള്ള വ്യക്തി പതിനെട്ടാംപടി കയറാനെടുക്കുന്ന സമയം 20 സെക്കൻഡാണ്. പക്ഷേ സ്ത്രീകളും കുട്ടികളും പതിനെട്ടാംപടി കയറാനെടുക്കുന്ന സമയം 30 സെക്കൻഡുവരെയുണ്ട്. ചിലപ്പോൾ ഇതിൽ അധികം വരും. അതുപോലെ തന്നെ പടിയിറങ്ങുന്നവരുടെ വേഗവും തിരക്കിനെ ബാധിക്കും.
ആദ്യപടികളിൽ വേഗത്തിൽ കയറുമെങ്കിലും അവസാനത്തെ പടികളിലേയ്ക്ക് എത്തുമ്പോൾ വേഗംകുറയും. അപ്പോൾ പൊലീസ് കൺട്രോൾ റൂമിൽനിന്ന് സി.സി.ടി.വി. ദൃശ്യത്തിലൂടെ പതിനെട്ടാംപടി നിരീക്ഷിച്ച് പടികയറ്റം വേഗത്തിലാക്കാൻ നിർദ്ദേശം നൽകുന്നുണ്ട്.
പക്ഷേ മക്കയിലെപ്പോലെയൊക്കെ ഭക്തർക്ക് കൃത്യമായ നിർദ്ദേശവും ക്ലാസും ഇക്കാര്യത്തിൽ കിട്ടുന്നില്ല. തങ്ങൾ ഒരു മിനുട്ട് താമസിച്ചാൽ അത് പുറത്ത് നിൽക്കുന്നവർക്ക് മണിക്കുറുകളുടെ ക്യൂവാണ് ഉണ്ടാക്കുന്നത് എന്ന ബോധവത്ക്കരണം അവരിലേക്ക് എത്തിക്കാൻ കഴിയുന്നില്ല. അതായത് പമ്പയിൽനിന്ന് 5,000പേർ ഒരു മണിക്കൂറിൽ തിരിച്ചിറങ്ങണം എന്നാണ് കണക്ക്. പക്ഷേ ചിലപ്പോൾ ഇത് മൂവായിരം പേർ മാത്രമേ തിരിച്ച് ഇറങ്ങു. അപ്പോൾ ഈ ചങ്ങല ആകെ തെറ്റും. അപ്പോൾ ബാക്കിയുള്ള രണ്ടായിരം പേർ ക്യുവിൽ ഉണ്ടാവും. പത്തുമണിക്കൂർ കഴിഞ്ഞാൽ ഈ രണ്ടായിരം ഇരുപതിനായിരം ആവും. അത്തരം ഒരു ക്യൂവിൽനിന്ന് മുന്നിൽ എത്താൻ മണിക്കൂറുകൾ എടുക്കും.
അതായത് തീർത്ഥാടകൻ ഏറെ ഉത്തരവാദിത്വം കാട്ടേണ്ട ഒന്നാണ് ശബരിമല ദർശനം. പെട്ടെന്ന് ദർശനം നടത്തി പെട്ടെന്ന് തിരിച്ചറിങ്ങിയില്ലെങ്കിൽ, താൻ മറ്റ് അയ്യപ്പന്മാരെ മണിക്കൂറുകൾ ക്യുവിൽ നിർത്തിക്കുക എന്ന ഹീന കൃത്യത്തിനാണ് കുട്ടുനിൽക്കുന്നത് എന്ന് അവന് അറിയുന്നില്ല! എന്തായാലും പതിനെട്ടാം പടി കയറി എത്തിയില്ലേ ഇനി അൽപ്പം താമസിച്ച് പോവാം എന്ന നിലപാട് എടുത്താൽ പ്രശ്നമാണ്. പക്ഷേ ഈ രീതിയിൽ ശബരിമല ദർശനത്തിന്റെ ക്യുവിന്റെ രീതികളൊക്കെ വെച്ച് ഒരു ക്ലാസ് തീർത്ഥാടകന് കിട്ടുന്നില്ല. അങ്ങനെ കിട്ടാൽ അവനും ഉത്തരവാദിത്വമുള്ളവനായി മാറുമെന്ന്, ഇതുസംബന്ധിച്ച് പഠിച്ച സഞ്ജീവ് പിആർ അഭിപ്രായപ്പെടുന്നു.
ഇത്തവണ, സന്നിധാനം, നിലയ്ക്കൽ, പമ്പ എന്നിവിടങ്ങളിൽ കൃത്യമായ ഏകോപനം ഒരുക്കുന്നതിൽ പൊലീസിന് വീഴ്ചയുണ്ടെന്ന പരാതിയുമുണ്ട്. ഭക്തരെ 18-ാംപടി കയറ്റിവിടുന്നതിന് മുൻകാലപരിചയവും വൈദഗ്ധ്യവുമുള്ള പൊലീസുകാരെ നിയോഗിക്കണമെന്നാണ് ബോർഡിന്റെ ആവശ്യം ഇത്തവണ നടപ്പായിട്ടില്ല.
പതിനൊട്ടാം പടിക്ക് വീതി കൂട്ടണോ?
ഈയിടെ പതിനെട്ടാം പടിക്ക് വീതികൂട്ടണോ എന്ന ചർച്ചകൾ വന്നപ്പോൾ തന്നെ വലിയ എതിർപ്പാണ് ഒരു വിഭാഗം ഉണ്ടാക്കിയത്. എന്നാൽ ഇന്ന് ലോകത്ത് കാണുന്ന എല്ലാ തീർത്ഥാടന കേന്ദ്രങ്ങളും വികസനത്തിനുവേണ്ടി ആചാരം ലംഘിച്ചവയാണ്. ചുരുങ്ങിയ സമയം കൊണ്ട് ലോകത്തിൽ എറ്റവും കൂടുതൽ
ഭക്തരെത്തുന്ന ക്ഷേത്രമാണ് ശബരിമല. ഏകദേശം മൂന്നു കോടിയിലധികം പേരാണ് ഓരോ വർഷവും ഇവിടം സന്ദർശിക്കുന്നത്. ചില കണക്കുകൾ ഇവ അഞ്ചു കോടിയോളം വരുമെന്നു പറയുന്നു. സമുദ്രനിരപ്പിൽ നിന്ന് ഏകദേശം 480 മീറ്റർ (1,574 അടി) ഉയരത്തിൽ 18 മലകൾക്കു നടുവിലായാണ് ശബരിമല ക്ഷേത്രം സ്ഥിതിചെയ്യുന്നത്.
ശബരിമല മുമ്പ് ചെറിയൊരു കാനനക്ഷേത്രം മാത്രമായിരുന്നു. പരമ്പരാഗതമായി ശബരിമല ക്ഷേത്രത്തിന് 13.5 ഏക്കർ സ്ഥലം മാത്രമേ സ്വന്തമായുള്ളൂ. 1939 ശേഷമാണ്, അതൊരു തീർത്ഥാടനകേന്ദ്രമായി വികസിക്കാൻ തുടങ്ങിയത്. പിന്നീട് തീർത്ഥാടകബാഹുല്യം പരിഗണിച്ച് ഇവിടെ പല ആചാരങ്ങങളും മാറ്റിയിട്ടുമുണ്ട്. ശബരിമലയിൽ തന്നെ മുമ്പ് പതിനെട്ടാംപടിയിൽ തേങ്ങ ഉടക്കുന്ന ആചാരം ഉണ്ടായിരുന്നു. ഭസ്മക്കുളത്തിൽ കുളിക്കുന്ന ആചാരം ഉണ്ടായിരുന്നു. അങ്ങനെ എത്രയോ ആചാരങ്ങൾ ശബരിമലയിൽ മാറ്റിയിട്ടുണ്ട്.
ഇതിന്റെയൊക്കെ അടിസ്ഥാനത്തി, 18ാം പടിക്ക് വീതി കൂട്ടണം എന്ന് പറഞ്ഞാൽ അത് പുച്ഛിച്ച് തള്ളേണ്ട ഒരു കാര്യമല്ല. ഒരു സമയത്ത് മൂന്ന് ഭക്തരെ മാത്രം കടത്തിവിടാൻ കഴിയുന്നതുകൊണ്ടാണ് മണിക്കൂറിൽ 3600 എന്ന കണക്കിൽ നിൽക്കുന്നത്. ഇത് അഞ്ചായി വർധിപ്പിക്കുന്നുവെന്ന് സങ്കൽപ്പിക്കുക. അങ്ങനെയാണെങ്കിൽ ഒരു മണിക്കൂറിൽ അയ്യായിരത്തോളം ഭക്തരെ സന്നിധാനത്തേക്ക് എത്തിക്കാൻ കഴിയും. ഒരു ദിവസം ഒന്നരലക്ഷത്തിന് മുകളിപേർക്ക് ഇതോടെ ദർശനം നടത്താം. ഇത് തിരക്ക് കുറക്കുന്നതിൽ നിർണ്ണായകം ആവും.
ആ രീതിയിലുള്ള ഘടനാപരമായ മാറ്റങ്ങൾ, ക്ഷേത്രത്തിന്റെ തന്നെ പുതിയ ഡിസൈൻ കൊണ്ടുവന്നത് തിരുപ്പതിയിടലക്കം പ്രായോഗികമായിട്ടുണ്ട്. തിരക്ക് കാരണം ഒരു ദുരന്തം ഉണ്ടാകുന്നതിനേക്കാൾ എത്രയോ നല്ലതല്ലേ ഇത്. അതുപോലെ നിലവിലത്തെ നാൽപ്പത്തിയൊന്നും ദിവസത്തെ നടതുറക്കൽ രീതി മാറ്റി, വർഷം മുഴുവൻ കുറക്കുന്ന രീതിയിലുള്ള സംവിധാനവും ചർച്ചയാവുന്നുണ്ട്. പക്ഷേ ഇതിനും രൂക്ഷമായി എതിർപ്പാണ് വിശ്വാസികളുടെ ഭാഗത്തുനിന്ന് ഉണ്ടാവുന്നത്. ലോകത്തിലെ ആരാധാനാലയങ്ങളിൽ വന്ന മാറ്റം അവരെ മനസ്സിലാക്കിപ്പിക്കുക എന്ന ഉത്തരവാദിത്വവും ആരും ചെയ്യുന്നില്ല.
എവിടെ ശബരിപാതയും എയർപോർട്ടും
ഏത് തീർത്ഥാടന കേന്ദ്രത്തിന്റെയും വികസനത്തിന് അടിസ്ഥാനമാണ്, ഗതാഗത സൗകര്യങ്ങൾ. ശബരിമല തീർത്ഥാടകർക്ക് ഏറെ പ്രയോജനം ലഭിക്കുന്നതും മലയോരമേഖലയുടെ വികസനത്തിനും കർഷകർക്കും ഗുണകരമാകുന്നതുമായ ശബരിപ്പാത എന്തായി എന്ന ചോദ്യത്തിന് ഇപ്പോഴും, കൃത്യമായ മറുപടിയില്ല. മധ്യകേരളത്തിലെ മൂന്ന് ജില്ലകളെ ബന്ധിപ്പിച്ച് യാത്രാസൗകര്യം ഒരുക്കുന്നതിലൂടെ കേരളത്തിന്റെ റെയിൽവേ തീർത്ഥാടന, ടൂറിസം മേഖലയുടെ വളർച്ചക്കും സഹായകരമായിരുന്നു പദ്ധതി.
1997-1998 ലെ റെയിൽവെ ബജറ്റിലാണ് ശബരി റെയിൽ പദ്ധതി പ്രഖ്യാപിച്ചത്. അങ്കമാലി, കാലടി, ഓടക്കാലി, കോതമംഗലം, മൂവാറ്റുപുഴ, വാഴക്കുളം, തൊടുപുഴ, കരിങ്കുന്നം, രാമപുരം, പാല, ഈരാറ്റുപേട്ട, കാഞ്ഞിരപ്പള്ളി, എരുമേലി എന്നിങ്ങനെ കടന്ന് പോകുന്ന പാതക്ക് 14 സ്റ്റേഷനുകളാണ് ഉള്ളത്. മധ്യകേരളത്തിന്റെ വികസന കുതിപ്പിന് നാന്ദിയാകേണ്ടിയിരുന്ന പദ്ധതിയുടെ 25 വർഷമായി നടപ്പായിട്ടില്ല. അങ്കമാലി മുതൽ എരുമേലി വരെയുള്ള 115 കിലോമീറ്റർ പാതയുടെ നിർമ്മാണത്തിന് അന്ന് വകയിരുത്തിയത് 517 കോടി രൂപയായിരുന്നു. അങ്കമാലി മുതൽ കാലടി വരെയുള്ള ഏഴു കിലോമീറ്റർ പാതയും കാലടി റെയിൽവെ സ്റ്റേഷനും പെരിയാറിനു മുകളിലൂടെയുള്ള റെയിൽവെ മേൽപ്പാലവും മാത്രമാണ് ഇതുവരെ പൂർത്തീകരിച്ചത്. ഇപ്പോഴത്തെ കണക്ക് പ്രകാരം പദ്ധതിയുടെ ചെലവ് 3,726.95 കോടി രൂപയാണ്.
പദ്ധതിയെ തകർക്കാൻ നിരവധി ലോബികൾ രംഗത്തുവന്നുവെന്ന് ആരോപണം ഉയർന്നിരുന്നു. വനമേഖലകൾ കൈയടക്കിയ വൻകിട ക്വാറി ലോബിയും തോട്ടം ഉടമകളും പദ്ധതിക്കെതിരെ വന്നതോടെയാണ് പദ്ധതി അട്ടിമറിഞ്ഞത് എന്നാണ് ശബരി പാതക്കുവേണ്ടി നിലകൊള്ളുന്നവർ പറയുന്നത്. ഇതോടെ പദ്ധതി തുടക്കത്തിലെ മുരടിച്ചു. അങ്കമാലി മുതൽ കാലടി വരെയുള്ള സ്ഥലമെടുപ്പും നിർമ്മാണവും മാത്രമാണ് മുന്നോട്ടു പോയത്. രാഷ്ട്രീയ നേതൃത്വങ്ങളുടെ താത്പര്യക്കുറവും പദ്ധതിയെ ബാധിച്ചു.
ഇതിനിടയിൽ കാലടി വരെ റെയിൽപാതയുടെ നിർമ്മാണം പൂർത്തീകരിക്കുകയും കാലടിയിൽ റെയിൽവെ സ്റ്റേഷൻ നിർമ്മിക്കുകയും ചെയ്തു. എന്നാൽ പിന്നീട് അധികാരത്തിലെത്തിയ പിണറായി സർക്കാർ പദ്ധതിയോട് മുഖം തിരിച്ചതോടെ കാലടി റെയിൽവെ സ്റ്റേഷനും പാതയും കാടുകയറി നശിക്കുകയാണ്. ശബരിപാതയുടെ നിർമ്മാണച്ചെലവിന്റെ പകുതി സംസ്ഥാന സർക്കാർ വഹിക്കുമെന്നും കിഫ്ബി മുഖേന ശബരി പാതക്കാവശ്യമായ തുക കൈമാറുമെന്നും സർക്കാർ നേരത്തെ പ്രഖ്യാപിച്ചിരുന്നെങ്കിലും ഒന്നും നടന്നില്ല. ഈ പാതയാഥാത്ഥ്യമാവുകായിരുന്നെങ്കിൽ ഇന്നുള്ള മണ്ഡല സീസൺ കാലത്തെ തിരക്ക് എത്രയോ കുറക്കാൻ കഴിയും.
അതുപോലെ ശബരി വിമാനത്താവള പദ്ധതിയും ഇഴഞ്ഞാണ് നീങ്ങുന്നത്. ഏറ്റവും ഒടുവിലായി ഇതിന്റെ ഭൂമി ഏറ്റെടുക്കൽ തുടങ്ങിയതായാണ് വാർത്ത വന്നത്. ഇതിനായി 307 ഏക്കറാണ് സർക്കാർ ആദ്യം നോട്ടിഫൈ ചെയ്തത്. എന്നാൽ, റൺവേക്കായി എരുമേലി-മണിമല പഞ്ചായത്തുകളിലായി 165 ഏക്കറേ വേണ്ടിവരൂ എന്നാണ് അന്തിമ അതിർത്തിനിർണയത്തിൽ ഉദ്യോഗസ്ഥർ നിജപ്പെടുത്തിയിരിക്കുന്നത്.നിലവിൽ പദ്ധതി വിഭാവനംചെയ്യുന്ന ചെറുവള്ളി എസ്റ്റേറ്റിലും റൺവേക്കായി നിശ്ചയിച്ച ജനവാസ മേഖലയിലെ സ്വകാര്യഭൂമികളിലും അതിർത്തി നിർണയിച്ച് അടയാളം രേഖപ്പെടുത്തിയിട്ടുണ്ട്. 2263 ഏക്കർ ചെറുവള്ളി എസ്റ്റേറ്റ് പൂർണമായി ഏറ്റെടുത്ത് പദ്ധതി നടപ്പാക്കുമെന്നാണ് സർക്കാർപ്രഖ്യാപനം. പക്ഷേ എന്ന് വിമാനത്താവളം നിലവിൽ വരുമെന്ന് മാത്രം ആർക്കും അറിയില്ല. ഇപ്പോൾ ശബരിമല തീർത്ഥാടകരുടെ തിരക്ക് മുൻനിർത്തി ചെന്നൈ-കോട്ടയം ശബരി സ്പെഷൽ വന്ദേഭാരത് സർവിസ് തുടങ്ങിയത് അൽപ്പം ആശ്വാസമാണ്.
ഇഴഞ്ഞുനീങ്ങി നിലയ്ക്കൽ വികസനം
റെയിൽ-വിമാനത്താവളം പോലെയാണ് ശബരിമലയിലേക്കുള്ള റോഡ് വികസനവും. പമ്പയിലല്ല നിലവിൽ കുരുക്ക് ഉണ്ടാകുന്നത് എന്നും പമ്പയേക്കാൾ വികസിക്കേണ്ടത് നിലക്കൽ ആണെന്നും നേരത്തെ വിലയുരുത്തൽ ഉണ്ടായിരുന്നു. എന്നാലും നിലയ്ക്കൽ വികസനം ഇപ്പോഴും ഇഴയുകയാണ്. 2022 ഡിസംബർ ഒമ്പതിന് ശബരിമല തീർത്ഥാടനത്തിനിടെ നിലയ്ക്കലിലെ വലിയ തിരിക്ക് വാർത്തയായിരുന്നു. അന്ന് മൂന്നു മണിക്കൂറോളം വനത്തിൽ പലയിടത്ത് വാഹനങ്ങൾ പിടിച്ചിട്ടു. നിലയ്ക്കലെ പാർക്കിങ് ഗ്രൗണ്ട് നിറഞ്ഞു. തുടർന്ന് മുഖ്യമന്ത്രി അടിയന്തരയോഗം വിളിച്ചു. നിലയ്ക്കലിൽ പാർക്കിങ് സൗകര്യം കൂട്ടണമെന്ന് ദേവസ്വത്തിനോടും പത്തനംതിട്ട കളക്ടറോടും നിർദ്ദേശിച്ചു. 10,000 വാഹനങ്ങൾക്ക് പാർക്കിങ് സൗകര്യം ഒരുക്കുമെന്ന് ദേവസ്വംബോർഡ് പ്രസിഡന്റ് പറഞ്ഞിരുന്നു. ഇപ്പോൾ ഒരു വർഷമായി. പക്ഷേ അന്നത്തെ അത്രപോലും വാഹനങ്ങൾ പാർക്ക് ചെയ്യാൻ പറ്റാത്ത നിലയാണിന്ന്. കഴിഞ്ഞകൊല്ലം 7,000 വാഹനങ്ങൾ പാർക്ക് ചെയ്യാൻ പറ്റിയിരുന്നെങ്കിൽ ഇപ്പോൾ അത് 6,000 ആയി കുറഞ്ഞു. ഭക്ഷണവും വെള്ളം കിട്ടാതെ നാലുമണിക്കൂർവരെ അയ്യപ്പന്മാർ വനത്തിൽ കുടുങ്ങി.
ഹൈക്കോടതി ഉത്തരവ് പ്രകാരമാണ് പമ്പയിലെ പാർക്കിങ് 2019-ൽ നിരോധിച്ചത്. മഹാപ്രളയത്തെ ത്തുടർന്നായിരുന്നു ഇത്. ഇതോടെ ചക്കുപാലം, ത്രിവേണി, ഹിൽടോപ്പ് എന്നിവിടങ്ങളിലായി പാർക്ക് ചെയ്യാമായിരുന്ന 5,000 വാഹനങ്ങൾക്കൂടി നിലയ്ക്കലേക്ക് മാറി. ഇതോടെ നിലക്കലിൽ അതിഭീകരമായ തിരിക്കാണ് ഉണ്ടാവാറുള്ളത്. ഇത് മാനേജ് ചെയ്യാൻ പറ്റാത്തതാണ് ശബരിമല തിരക്കിന്റെ അടിസ്ഥാന പ്രശ്നമെന്ന് വിദഗ്ദ്ധർ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
ശബരിമല മാസ്റ്റർ പ്ലാനിന്റെ ഭാഗമായി പമ്പയിൽ നിന്ന് 18 കിലോമീറ്റർ അകലെയായി നിലക്കലിൽ 273.11 ഓളം ഏക്കർ വനംവകുപ്പ് 2009ൽ കൈമാറിയിട്ടുണ്ട്. നിലക്കലിൽ റാന്നി ഫോറസ്റ്റ് ഡിവിഷനിൽ 250 ഏക്കറും പെരിയാർ ടൈഗർ റിസർവിനകത്തായി 23 ഏക്കറുമാണ് കൈമാറിയത്. സന്നിധാനത്തിലെ അമിതമായ തിക്കും തിരക്കും ഒഴിവാക്കാൻ നിലക്കലിൽ തീർത്ഥാടകർക്ക് താമസിക്കാൻ ബെയ്സ് ക്യാമ്പ് ഉണ്ടാക്കുക എന്നതും കൂടി പരിഗണിച്ചാണ് വനംവകുപ്പ് ഇവിടെ ഭൂമി വിട്ടുകൊടുത്തത്. ശബരിമല തീർത്ഥാടനവുമായി ബന്ധപ്പെട്ട എല്ലാ വികസനപ്രവർത്തനങ്ങളും നിലക്കൽ പരിസരത്ത് മാത്രം ഒതുക്കണമെന്ന് സുപ്രീംകോടതിയും കേന്ദ്രഗവൺമെന്റും നിർദ്ദേശിക്കുകയും ചെയ്തിരുന്നു. പക്ഷെ ഇക്കാര്യങ്ങളൊന്നും കാര്യക്ഷമമായില്ല. പലരും പൊലീസിന്റെ നിയന്ത്രണങ്ങൾ മറികടന്ന് മറ്റു വഴികളിലൂടെ സന്നിധാനത്തെത്തന്നുണ്ട്.
ശബരിമല തീർത്ഥാടനത്തിന്റെ മുന്നൊരുക്കങ്ങൾ എങ്ങുമെത്താത്തതിന്റെ കുറ്റം പ്രവർത്തനങ്ങൾ ഏറ്റെടുത്ത ഏജൻസിയുടെമേൽ ചാരുകയാണ് ദേവസ്വം മന്ത്രി കെ.രാധാകൃഷ്ണൻ ചെയ്തത്. നിലയ്ക്കൽ ഇടത്താവളങ്ങളുടെ ഒന്നാം ഘട്ട വികസനം ഏറ്റെടുത്ത ഏജൻസി പണി സമയബന്ധിതമായി പൂർത്തിയാക്കുന്നതിൽ പരാജയപ്പെട്ടുവെന്നാണ് ദേവസ്വം മന്ത്രി സമ്മതിക്കുന്നത്. വയനാട്, ചെങ്ങന്നൂർ തുടങ്ങി നിരവധി സ്ഥലങ്ങളിലെ ഇടത്താവള നിർമ്മാണമാണ് ഏജൻസി നടത്തുന്നത്. ഒന്നാം ഘട്ട പ്രവർത്തനം ഒരിടത്തും പൂർത്തിയായിട്ടില്ല എന്ന് മന്ത്രി തന്നെ സമ്മതിക്കുന്നു.
ശബരിമലയെ കോൺക്രീറ്റ് കാടാക്കരുത്
അതിനിടെ ശബരിമലയുടെ വികസനം പരിസ്ഥിതിക്ക് ഇണങ്ങുന്ന രീതിയിലേക്ക് മാറ്റാൻ കഴിയുന്നുണ്ടോ എന്ന ആശങ്കയുമുണ്ട്. ലോകത്തെ അതിപ്രധാനമായ ഇക്കോ സ്പോട്ടുകളിലൊന്നായ പശ്ചിമഘട്ടത്തിന്റെ അതിസുന്ദരമായ വനമേഖലയാണ് ശബരിമല. ഈ വനഭൂമിയിൽ ചരിത്രവും ഐതിഹ്യവും കെട്ടുപിണഞ്ഞു കിടക്കുന്നു. ഈ ക്ഷേത്രം പണ്ട് കാടിനാൽ ചുറ്റപ്പെട്ടതുകൊണ്ട് അത് വിശ്വാസികളുടെ പൂങ്കാവനമായിരുന്നു. ഇന്നാകട്ടെ ഓരോ വർഷവും വർധിക്കുന്ന കോൺക്രീറ്റ് കാടുകളാൽ ചുറ്റപ്പെട്ട ഒന്നായി ഈ മലമുടി മാറി.
പെരിയാർ ടൈഗർ റിസർവിൽപ്പെടുന്ന അതീവ സംരക്ഷണം ആവശ്യപ്പെടുന്ന ഈ പരിസ്ഥിതിലോല പ്രദേശത്തിന്റെ പാരിസ്ഥിതികാഘാതം കുറയ്ക്കാനും ശബരിമലയെ രക്ഷിക്കാനും വനംവകുപ്പും കേന്ദ്രഗവൺമെന്റും സുപ്രീംകോടതിയുടെ അംഗീകാരത്തോടെ 2007 ൽ മാസ്റ്റർ പ്ലാൻ ഉണ്ടാക്കി. നിർഭാഗ്യവശാൻ ദേവസ്വംബോർഡിന്റെ ഭരണത്തിൻ കീഴിൽ മാസ്റ്റർപ്ലാനിനെ നോക്കുകുത്തിയാക്കി ശബരിമല കെട്ടിടങ്ങളാൽ വളർന്നു തളർന്നു കഴാച്യാണ് ഉണ്ടായത്. ശബരിമല മാസ്റ്റർപ്ലാനിന് വിരുദ്ധമായ പരിസ്ഥിതിനിയമലംഘനങ്ങളെക്കുറിച്ച് അന്തരിച്ച പരിസ്ഥിതി പ്രവർത്തകൻ, പ്രൊഫ. ടി. ശോഭീന്ദ്രൻ സുപ്രീം കോടതിയിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ കോടതി കേന്ദ്ര ഉന്നതാധികാരസമിതിയെക്കൊണ്ട് അന്വേഷിക്കുകയും അവർ സമർപ്പിച്ച റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കോടതി ശബരിമലയിലെ അനധികൃത നിർമ്മാണങ്ങൾക്കെതിരെ 2018ൽ ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കുകയും ചെയ്തിരുന്നു. എന്നിട്ടും വലിയ പുരോഗതിയൊന്നും ഉണ്ടായിട്ടില്ല.
ഇന്നും കേരളത്തിലെ ഏറ്റവും മലിനമായ നദികളിൽ ഒന്നാണ് പമ്പ. ശാസ്ത്രീയമായ നിർമ്മാണവും, ശാസ്ത്രീയമായ മാലിന്യ നിർമ്മാജ്ജനവും ഒന്നും അവിടെ ഇപ്പോഴും നടക്കുന്നില്ല. ശബരിമലയുടെ ചുറ്റുവട്ടങ്ങളിലും മഹാനഗരത്തെപ്പോലും തോൽപിക്കുന്ന മാലിന്യങ്ങളത്രയും കുന്നുകൂടി കിടക്കുന്നുണ്ട്. മാലന്യനിർമ്മാർജ്ജനം നടക്കുന്നുണ്ടെങ്കിലും അവ ഉറവിടത്തിൽ തന്നെ സംസ്ക്കരിക്കുക, എന്നതുപോലുള്ള പദ്ധതികൾ നടപ്പാകുന്നില്ല. ഇക്കാര്യത്തിൽ മക്കയിലും എന്തിന് നമ്മുടെ തിരുപ്പതി ക്ഷേത്രത്തിൽവരെ നടപ്പാക്കുന്ന രീതികളും, നിയമത്തിന്റെ കർശന സ്വഭാവും കണ്ടുപഠിക്കേണ്ടതാണ്. ശരിക്കും പെരിയാർ ടൈഗർ റിസർവ് പോലുള്ള ഒരു വനമേഖലയിൽ പ്ലാസ്റ്റിക്ക് മാലിന്യങ്ങൾ ഒന്നും അനുവദിക്കാൻ പോലും പാടില്ലാത്തതാണ്. പക്ഷേ നമ്മുടെ വികസനം എന്നത് അങ്ങനെയായിപ്പോയി.
ദുരന്തം ആസന്നമോ?
ഈ രീതിയിൽ 20 മണിക്കൂറിന്റെയൊക്കെ ക്യൂ ഉണ്ടായാൽ അത് ഒരു ദുരന്തമായി മാറാൻ അതിക സമയം വേണ്ടകാര്യമില്ല എന്ന ഭീതി പലരും പങ്കുവെക്കുന്നുണ്ട്. ദുരന്തനിവാരണ വിദഗ്ദ്ധനായ മുരളി തുമ്മാരുകുടി ഇങ്ങനെ എഴുതുന്നു. - ''ശബരിമലയിൽ പ്രൊഫഷണലായി ആൾക്കൂട്ട നിയന്ത്രണം നടക്കുന്നില്ല. ഓരോ ദിവസവും എത്ര ആളുകൾ മലയിൽ എത്തും എന്നതിന് മുൻകൂട്ടി കണക്കില്ല. മുൻകൂട്ടി ബുക്ക് ചെയ്തോ അല്ലാതെയോ എത്തുന്ന എല്ലാവർക്കും ദർശനത്തിനുള്ള അവസരമൊരുക്കാനാണ് അധികാരികൾ ശ്രമിക്കുന്നത്. ഇത് ഇടക്കിടക്ക് ഇത് പരിധിക്ക് പുറത്ത് പോകും, ആളുകൾ ക്യൂ നിന്ന് വലയും, ദർശനം കിട്ടാതെ തിരിച്ചു പോരുന്ന സ്ഥിതി ഉണ്ടാകും, തീർത്ഥാടകാരിലും വിശ്വാസികളിലും ഏറെ അസംതൃപ്തി ഉണ്ടാകും.
എന്നെ പേടിപ്പിക്കുന്നത് അതല്ല. ഇത്രമാത്രം ആളുകൾ, ഏറെ ബുദ്ധിമുട്ടി വളരെ ഇടുങ്ങിയ ഒരു വനപ്രദേശത്തിനകത്ത് നിൽക്കുകയും യാത്ര ചെയ്യുകയും ചെയ്യുമ്പോൾ അത് വലിയൊരു ദുരന്തമായി മാറാൻ ഒരു നിമിഷം പോലും വേണ്ട. പമ്പയിൽ നിന്നും മുകളിലേക്കുള്ള ആളുകളുടെ ഒഴുക്കിന്റെ വീഡിയോ കണ്ടപ്പോൾ തന്നെ എനിക്ക് തല ചുറ്റി. ഇതിനിടയിൽ ആനയും പുലിയും കടുവയും ഒന്നും വേണ്ട, ഒരു നുണബോംബ് മതി വൻ ദുരന്തം ഉണ്ടാകാൻ. ശബരിമലയിൽ തിരക്കിൽ പെട്ട് ആളുകൾ പണ്ടും മരിച്ചിട്ടുണ്ടല്ലോ. ഇനി അതുണ്ടായാൽ ദുരന്തത്തിന്റെ ആഘാതം പല മടങ്ങാകും എന്നുറപ്പാണ്.
ഇത് ഒഴിവാക്കണമെങ്കിൽ അടുത്ത മണ്ഡലക്കാലത്തിന് മുൻപെങ്കിലും ഈ വിഷയത്തിൽ ബന്ധപ്പെട്ട എല്ലാവരും (തന്ത്രി മുതൽ ദുരന്ത നിവാരണ അഥോറിറ്റി വരെയുള്ളവർ) ഒരുമിച്ചിരുന്ന് ഈ വിഷയത്തെ പ്രൊഫഷണൽ ആയി കൈകാര്യം ചെയ്യാൻ ശ്രമിക്കണം. ഏതൊക്കെ കാര്യത്തിൽ മാറ്റങ്ങൾ സാധ്യമാണ്, ഏതൊക്കെയാണ് മാറ്റാൻ പറ്റാത്ത പരിധികൾ ഇതൊക്കെ മനസ്സിലാക്കി സമയത്തിനും കാലാവസ്ഥക്കും ഒക്കെ അനുസരിച്ചുള്ള ആളുകളുടെ എണ്ണം തീരുമാനിക്കണം. ശബരിമലയിലേക്ക് വരാനായി മുൻകൂട്ടി ബുക്കിങ്ങ് നിർബന്ധമാക്കണം. ഓരോ ദിവസവും ഓരോ സമയത്തും എത്ര ആളുകൾ ബുക്ക് ചെയ്തിട്ടുണ്ടെന്നും അതുകൊണ്ട് പ്രതീക്ഷിക്കാവുന്ന ക്യൂ എത്രയാണെന്നും ഒക്കെ ആളുകൾക്ക് അവരുടെ മൊബൈൽ ഫോണിൽ അറിയാനുള്ള സംവിധാനം ഉണ്ടാക്കണം, അതനുസരിച്ച് ആളുകൾക്ക് തയ്യാറെടുക്കാമല്ലോ.
കുട്ടികളെ കൊണ്ട് വരുന്നവർക്കും പ്രായമായവർക്കും വേണമെങ്കിൽ പ്രത്യേക ദിവസങ്ങളോ സമയങ്ങളോ തീരുമാനിച്ചു കൊടുക്കണം, വരുന്ന എല്ലാവർക്കും വേണ്ടത്ര സഹായങ്ങൾ ചെയ്യാനുള്ള വളണ്ടിയർ സംഘവും ഭക്ഷണവും വെള്ളവും, ടോയ്ലറ്റ് സൗകര്യങ്ങളും ഒക്കെ ഉറപ്പാക്കണം. ആൾക്കൂട്ട നിയന്ത്രണങ്ങൾക്ക് ലോകത്ത് അനവധി നല്ല മാതൃകകകൾ ഉണ്ട്, ഉപകരണങ്ങൾ ഉണ്ട്, അതൊക്കെ നമ്മുടെ നാട്ടിലും ഉപയോഗിക്കണം. നിർദ്ദേശങ്ങൾ വേറെയും ഉണ്ട്, മറ്റുള്ളവർക്കും ഉണ്ടാകും. പക്ഷെ ഒരേ മനസ്സോടെ എല്ലാവരും പ്രവർത്തിക്കാൻ തയ്യാറാണോ എന്നതാണ് പ്രധാന വിഷയം.
ശബരിമല ഭക്തർക്ക് ഏറ്റവും പ്രിയപ്പെട്ടതും കേരളത്തിന്റെ പുറത്ത് ഏറ്റവും അറിയപ്പെടുന്നതുമായ തീർത്ഥാടന കേന്ദ്രമാണ്. അതിനെ മാതൃകാപരമായി, വരുന്നവർക്ക് ബുദ്ധിമുട്ടുണ്ടാക്കാതെ, ആർക്കും അപകടമുണ്ടാക്കാതെ നടത്തിക്കൊണ്ടു പോകേണ്ടത് എല്ലാവരുടെയും ഉത്തരവാദിത്തമാണ്. ശബരിമലയിലേക്ക് വരുന്ന ഭക്തർ പച്ചവെള്ളം പോലും കിട്ടാതെ ദർശനം നടത്താൻ കഴിയാതെ വാഹനങ്ങളിൽ തിക്കിത്തിരക്കി ഒക്കെ പോകേണ്ടി വന്നാൽ അത് ഏറ്റവും വിഷമകരമായ ഒന്നാണ്. തീർത്ഥാടനത്തിന് വരുന്നവർ അപകടത്തിൽ പെടുന്നതൊക്കെ ചിന്തിക്കാനേ വയ്യാതെ ദുരന്തമാണ്. നമ്മുടെ സംവിധാനങ്ങളെപ്പറ്റി അഭിമാനം ഉണ്ടാക്കുന്ന തരത്തിലുള്ള തയ്യാറെടുപ്പുകൾ ഉണ്ടാക്കാനാണ് നാം ശ്രമിക്കേണ്ടത്.
ഇതൊക്കെ ഞാൻ മുൻപും പറഞ്ഞിട്ടുള്ളതാണ്, പക്ഷെ ഓരോ സീസണും കഴിയുമ്പോൾ നമ്മൾ ഇത് മറക്കുന്നു എന്ന് തോന്നുന്നു. അതുകൊണ്ടാണ് അപകടമില്ലതെ ഓരോ മണ്ഡലക്കാലവും കടന്നു പോകുമ്പോൾ ഞാൻ സ്വാമി അയ്യപ്പന് നന്ദി പറയുന്നത്!''- മുരളി തുമ്മാരുകുടി ചൂണ്ടിക്കാട്ടുന്നു. സത്യത്തിൽ അതി ഗുരുതരമാണ് ശബരിമലയിലെ കാര്യങ്ങൾ. ഒരു ദുരന്തം ഒഴിവാക്കാൻ വേണ്ടിയെങ്കിലും അധികൃതർ ഉണർന്ന് പ്രവർത്തിച്ചിരുന്നെങ്കിൽ.
വാൽക്കഷ്ണം: പക്ഷേ മൂൻ വർഷങ്ങളെവെച്ചുനോക്കുമ്പോൾ ശബരിമലയിൽ ഇത്തവണ തിരക്ക് കുറവാണ് എന്നതാണ് വസ്തുത. മണ്ഡല പൂജക്കായി നട തുറന്ന് 29 ദിനങ്ങൾ പൂർത്തിയാവുമ്പോൾ ശബരിമലയിലെ ആകെ വരുമാനത്തിൽ 20 കോടിയുടെ കുറവാണ് ഉണ്ടായത്. കഴിഞ്ഞ തീർത്ഥാടന കാലത്തെക്കാൾ 203,306,510 രൂപയുടെ ഇടിവാണ് ഇത്തവണ ഉണ്ടായിരിക്കുന്നത്. ഇക്കുറി ശബരിമലയിലെ ആകെ വരവ് 134,44,90,495 രൂപയാണ്. കഴിഞ്ഞ വർഷം ഇത് 154,77,97,005 രൂപയായിരുന്നു. ഇത്തവണ 41,80,66,720 രൂപയാണ് കാണിക്കായയി ലഭിച്ചത്. കഴിഞ്ഞ വർഷം ഇത് 46,45,85,520 രൂപയായിരുന്നു. ആളുകുറഞ്ഞിട്ടും ക്യൂ കൂടുന്നെങ്കിൽ പ്രശ്നം നമ്മുടെ ആൾക്കൂട്ട നിയന്ത്രണ രീതികളുടെത് തന്നെയാണ്.