- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സൗദിക്ക് അവസരം ഒരുക്കിയത് റിയാദിന് പുറത്തെ ഒരു ക്ലിഫിന് മുകളില്‍ തീര്‍ക്കുന്ന അത്ഭുത സ്റ്റേഡിയം; 84,000 കോടി ചെലവില്‍ നിര്‍മിക്കുന്നത് മറ്റൊരു രാജ്യത്തിനും സ്വപ്നം കാണാനാവാത്ത മഹാ സ്റ്റേഡിയം; ഇന്ത്യയില്‍ നിന്നടക്കം ആയിരങ്ങള്‍ക്ക് തൊഴില്‍; അനേകം കുടിയേറ്റ തൊഴിലാളികള്‍ ചുട്ട വെയിലില്‍ മരിച്ചു വീഴുമെന്ന് പാശ്ചാത്യ മാധ്യമങ്ങള്‍
സൗദിക്ക് അവസരം ഒരുക്കിയത് റിയാദിന് പുറത്തെ ഒരു ക്ലിഫിന് മുകളില്‍ തീര്‍ക്കുന്ന അത്ഭുത സ്റ്റേഡിയം
റിയാദ്: 2034 ലെ ലോകകപ്പ് ഫുട്‌ബോളിന് സൗദി അറേബ്യ ആതിഥ്യം വഹിക്കുമെന്ന് ഫിഫ ഔദ്യോഗികമായി പ്രഖ്യാപിച്ചു കഴിയുമ്പോള്‍ ചര്‍ച്ചകള്‍ പലവിധം. 2030-ലെ ലോകകപ്പ് മത്സരങ്ങള്‍ക്ക് സ്‌പെയിന്‍, പോര്‍ച്ചുഗല്‍, മൊറോക്കോ രാജ്യങ്ങള്‍ സംയുക്തമായി ആതിഥ്യം വഹിക്കുമെന്നും ആഗോള ഫുട്‌ബോള്‍ സംഘടന കഴിഞ്ഞ ദിവസം വ്യക്തമാക്കിയിട്ടുണ്ട്. ഫിഫ കോണ്‍ഗ്രസ് യോഗത്തിനുശേഷമാണ് തീരുമാനം പ്രഖ്യാപിച്ചത്.
2022-ല്‍ ഖത്തര്‍ ആതിഥേയത്വം വഹിച്ചതിന് ശേഷം ഗള്‍ഫ് മേഖലയിലേക്ക് ഇതാദ്യമായാണ് ലോകകപ്പ് എത്തുന്നത്. ഏഷ്യക്ക് ആതിഥേയത്വത്തിന് അവസരം ലഭിക്കുന്ന 2034-ലെ ലോകകപ്പിന് സൗദി മാത്രമാണ് അവകാശവാദവുമായി രംഗത്തുണ്ടായിരുന്നത്. ആദ്യഘട്ടത്തില്‍ ഓസ്‌ട്രേലിയയും ഇന്‍ഡോനീഷ്യയും താല്പര്യം പ്രകടിപ്പിച്ചെങ്കിലും പിന്നീട് അതില്‍ നിന്ന് പിന്‍മാറുകയായിരുന്നു. 2027-ലെ വനിതാ ലോകകപ്പിന് ബ്രസീല്‍ ആതിഥ്യം വഹിക്കും. 2030 ലോകകപ്പിലെ മൂന്ന് മത്സരങ്ങള്‍ക്ക് സൗത്ത് അമേരിക്കന്‍ രാജ്യങ്ങളായ യുറഗ്വായ്, അര്‍ജന്റീന, പാരഗ്വായ് എന്നിവ ആതിഥ്യം വഹിക്കും. 2026 ലെ ലോകകപ്പ് കാനഡ, മെക്സികോ, അമേരിക്ക എന്നിവിടങ്ങളിലായാണ് നടക്കുന്നത്.
2034 ലോക കപ്പിന് ആതിഥ്യമരുളാന്‍ കൂറ്റന്‍ സ്റ്റേഡിയങ്ങളുമായി സൗദി
2034 ലെ ഫിഫ ലോകകപ്പിന് വേദിയാകാന്‍ വമ്പന്‍ തയ്യാറെടുപ്പുകളുമായിട്ടാണ് സൗദി അറേബ്യ ഒരുങ്ങുന്നത്. സൗദിയില്‍ ലോകകപ്പ് മല്‍സരങ്ങള്‍ക്ക് വേദിയാകുന്ന വിവിദ സ്റ്റേഡിയങ്ങളുടെ പേരുകളും സൗദി പ്രഖ്യാപിച്ചു. റിയാദ്, ജിദ്ദ, അല്‍ഖോബാര്‍, അബഹ, നിയോം എന്നീ സൗദി നഗരങ്ങളിലെ 11 വമ്പന്‍ സ്റ്റേഡിയങ്ങളിലാണ് ഫിഫ ലോകകപ്പ് മത്സരങ്ങള്‍ നടക്കുക. ലോകകപ്പ് മുമ്പില്‍ കണ്ടാണ് പുതിയതായി സ്റ്റേഡിയങ്ങള്‍ ഒരുങ്ങുന്നത്. ഇതില്‍ മൂന്ന് സ്റ്റേഡിയങ്ങളുടെ നിര്‍മ്മാണം നിലവില്‍ പുരോഗമിക്കുകയാണ്.
രാജ്യത്ത് നിലവിലെ രണ്ട് വലിയ സ്റ്റേഡിയങ്ങള്‍ പുതുക്കി പണിയും, മറ്റ് രണ്ട് സ്റ്റേഡിയങ്ങള്‍ ടൂര്‍ണമെന്റിനോട് അനുബന്ധിച്ച് വിപുലീകരിക്കും. കിങ് സല്‍മാന്‍ ഇന്റര്‍നാഷണല്‍ സ്റ്റേഡിയമാണ് ഇവയില്‍ ഏറ്റവും പ്രധാനപ്പെട്ടത്. നിര്‍മ്മാണം പൂര്‍ത്തിയാകുമ്പോള്‍ സൗദിയിലെ ഏറ്റവും വലിയ സ്റ്റേഡിയമാകും കിങ് സല്‍മാന്‍ ഇന്റര്‍നാഷണല്‍ സ്റ്റേഡിയം. 'പോപ്പുലസ്' എന്ന പ്രമുഖ ആര്‍ക്കിടെക്ചര്‍ സ്ഥാപനം രൂപകല്‍പ്പന ചെയ്തതാണ് ഈ സ്റ്റേഡിയം. 92,000 പേരെ ഉള്‍ക്കൊള്ളാന്‍ ശേഷിയുള്ളതാണ് സ്റ്റേഡിയം. റിയാദിന് പുറത്തെ ഒരു ക്ലിഫിന് മുകളിലാണ് ഈ സ്റ്റേഡിയം നിര്‍മ്മിക്കുന്നത്. ഇതിനോട് ചേര്‍ന്ന് ഒരു കൂറ്റന്‍ കൃത്രിമ തടാകവും നിര്‍മ്മിക്കുന്നുണ്ട്.
സ്റ്റേഡിയത്തിനുള്ളിലെ എയര്‍കണ്ടിഷനിംഗ് കൂടാതെ അതിന് ചുറ്റനും തണുത്ത കാറ്റിനായിട്ടാണ് ഈ തടാകം നിര്‍മ്മിക്കുന്നത്. എല്ലായിടത്തും ഗാഡ്ജെറ്റുകള്‍ ഉണ്ടാകും. സംഗീതകച്ചേരികള്‍, ഡ്രോണ്‍ റേസിംഗ്, എസ്പോര്‍ട്സ് എന്നിവയ്ക്കായി ഒരു മള്‍ട്ടി-ഇവന്റ് സംവിധാനവും ഉണ്ടായിരിക്കും. കൂടാതെ സ്റ്റേഡിയത്തിന്റെ പിച്ച് പിന്നിലേക്ക് സ്ലൈഡ് ചെയ്യുന്ന തരത്തിലാണ് നിര്‍മ്മിക്കുന്നത്. സ്റ്റേഡിയത്തിന്റെ മറ്റൊരു സവിശേഷത മാറ്റിവെയ്ക്കാവുന്ന മേല്‍ക്കൂരയും ഡിജിറ്റല്‍ മതിലുമാണ്. പടുകൂറ്റന്‍ സ്‌ക്രീനും സ്റ്റേഡിയത്തില്‍ ഉണ്ട്. 84000 കോടി ചെലവിട്ടാണ് ഈ സ്റ്റേഡിയം നിര്‍മ്മിക്കുന്നത്. സൗദിയിലെ പ്രധാനമന്ത്രിയും കിരീടാവകാശിയുമായ മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്റെ പേരാണ് സ്റ്റേഡിയത്തിന് നല്‍കിയിരിക്കുന്നത്.
നിയോമില്‍ ആകട്ടെ പുതിയൊരു നഗരം തന്നെയാണ് ഇപ്പോള്‍ നിര്‍മ്മാണത്തിലിരിക്കുന്നത്. ഈ പുതിയ നഗരത്തില്‍ വാഹനങ്ങള്‍ക്ക് വിലക്കുണ്ട്. ഇവിടെയും ഒരു ഗംഭീര സ്റ്റേഡിയം ഒരുങ്ങുകയാണ്. 46000 സീറ്റുകളാണ് ഇവിടെ ഒരുക്കുന്നത്. ഹൈസ്പീഡ് ലിഫ്റ്റുകളും ഡ്രൈവര്‍മാരില്ലാത്ത വാഹനങ്ങളുമായിരിക്കും ഇവിടെ ഉണ്ടാകുക. കളിക്കാര്‍ ബസില്‍ ആയിരിക്കില്ല സ്റ്റേഡിയത്തിലേക്ക് എത്തുന്നത്. താമസിക്കുന്ന ഹോട്ടലില്‍ നിന്ന് സ്റ്റേഡിയത്തിലേക്ക് നേരിട്ട് അവര്‍ക്കായി എലിവേറ്റര്‍ സംവിധാനമാണ് തയ്യാറാക്കുന്നത്. മല്‍സരങ്ങളുടെ ഉദ്ഘാടന ചടങ്ങുകളും സമാപനവും നടക്കുന്ന കിങ് സല്‍മാന്‍ ഇന്റര്‍നാഷണല്‍ സ്റ്റേഡിയത്തിലാണ്.
ലോക കപ്പിനായി സൗദിയില്‍ ഒരുങ്ങുന്നത് 11 വേദികള്‍
11 വേദികളിലായിട്ടാണ് സൗദിയിലെ ലോകകപ്പ് മല്‍സരങ്ങള്‍ നടക്കുന്നത്. റിയാദിലെ റോഷന്‍ സ്റ്റേഡിയം, റിയാദിലെ കിങ് ഫഹദ് സ്‌പോര്‍ട്‌സ് സിറ്റി സ്റ്റേഡിയം, റിയാദിലെ പ്രിന്‍സ് മുഹമ്മദ് ബിന്‍ സല്‍മാന്‍ സ്റ്റേഡിയം, റിയാദിലെ പ്രിന്‍സ് ഫൈസല്‍ ബിന്‍ ഫഹദ് സ്‌പോര്‍ട്‌സ് സിറ്റി സ്റ്റേഡിയം, റിയാദിലെ സൗത്ത് റിയാദ് സ്റ്റേഡിയം, റിയാദിലെ കിങ് സൗദ് യൂണിവേഴ്‌സിറ്റി സ്റ്റേഡിയം, നിയോം സ്റ്റേഡിയം, ജിദ്ദ കിങ് അബ്ദുള്ള സ്‌പോര്‍ട്‌സ് സിറ്റി സ്റ്റേഡിയം, ജിദ്ദ ഖിദ്ദിയ്യ കോസ്റ്റ് സ്റ്റേഡിയം, ജിദ്ദ സെന്‍ട്രല്‍ ഡെവലപ്‌മെന്റ് സ്റ്റേഡിയം, ജിദ്ദ കിങ് അബ്ദുള്ള എക്കണോമിക് സിറ്റി സ്റ്റേഡിയം, അല്‍ ഖോബാര്‍ അരാംകോ സ്റ്റേഡിയം, കിങ് ഖാലിദ് യൂണിവേഴ്‌സിറ്റി സ്റ്റേഡിയം എന്നിവയാണ് ഫിഫ ലോകകപ്പിനായി ഒരുങ്ങുന്നത്. ഇവയില്‍ നിയോം സ്റ്റേഡിയം ഏറെ പ്രത്യേകതകളുള്ളതാണ്. തറയില്‍ നിന്ന് 350 മീറ്റര്‍ ഉയരെയാണ് സ്റ്റേഡിയത്തിലെ പിച്ച്.
സൗദിക്കെതിരെ വിമര്‍ശനവുമായി പാശ്ചാത്യ മാധ്യമങ്ങള്‍
എന്നാല്‍ ഇവിടെ ജോലി ചെയ്യുന്ന ജോലിക്കാര്‍ വന്‍ ദുരിതമാണ് അനുഭവിക്കുന്നത് എന്ന വാര്‍ത്തകളുമായി പാശ്ചാത്യ മാധ്യമങ്ങള്‍ ഇപ്പോള്‍ തന്നെ രംഗത്ത് എത്തിയിരിക്കുകയാണ്. മറ്റ് രാജ്യങ്ങളില്‍ നിന്ന് ഇവിടെ ജോലിക്കായി കൊണ്ടു വന്നവരെ ദിവസവും 16 മണിക്കൂര്‍ വരെ പണിയെടുപ്പിക്കുന്നു എന്നാണ് അവരുടെ പ്രധാന ആരോപണം. കൂടാതെ ഈയിടെ ഐ.ടി.വി സംപ്രേഷണം ചെയ്ത ഒരു ഡോക്യുമെന്ററിയില്‍ വിദേശ ജോലിക്കാരുടെ പാസ്‌പോര്‍ട്ടും മറ്റും പിടിച്ചു വെച്ചിരിക്കുന്നതായി ആരോപണം ഉന്നയിച്ചിരുന്നു. കൃത്യമായി ഇവര്‍ക്ക് ശമ്പളം നല്‍കുന്നില്ലെന്നും കൊടും ചൂടില്‍ ജോലി ചെയ്ത പലര്‍ക്കും രോഗങ്ങള്‍ പിടിപെട്ടിട്ടും ചികിത്സ നല്‍കിയില്ലെന്നും ഡോക്യുമെന്ററിയില്‍ പറയുന്നു.
നേപ്പാളുകാരനായ ഒരു തൊഴിലാളി ഇത്തരത്തില്‍ മരിച്ചതായും അവര്‍ കുറ്റപ്പെടുത്തുന്നു. സൗദിയുടെ വിഷന്‍ 2030 പദ്ധതികളുടെ നിര്‍മ്മാണത്തിനായി 2017 മുതല്‍ ഇന്ത്യ ഉള്‍പ്പെടെയുള്ള ഏഷ്യന്‍ രാജ്യങ്ങളില്‍ നിന്നെത്തിയ 21000 തൊഴിലാളികള്‍ മരിച്ചതായും പാശ്ചാത്യ മാധ്യമങ്ങള്‍ വിമര്‍ശനം ഉയര്‍ത്തുന്നു. എന്നാല്‍ സൗദി സര്‍ക്കാര്‍ ഈ ആരോപണങ്ങള്‍ എല്ലാം തന്നെ തള്ളിക്കളഞ്ഞിരിക്കുകയാണ്.
ക്രിസ്റ്റിയാനോയെ എത്തിച്ചു ലോകശ്രദ്ധ നേടി തുടക്കം
ലോകകപ്പ് ഫുഡ്‌ബോളിന് ആതിധേയത്വം വഹിക്കാന്‍ വേണ്ടി സൗദി അറേബ്യ ശ്രമം തുടങ്ങിയത് പോര്‍ച്ചുഗല്‍ സൂപ്പര്‍താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയെ സൗദി ലീഗിലേക്ക് എത്തിച്ചാണ്. ലോകകപ്പിന് മുന്നോടിയായി സൂപ്പര്‍താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയെ സൗദി ലീഗിലേക്ക് എത്തിച്ചതും വലിയ തോതില്‍ ശ്രദ്ധിക്കപ്പെട്ടു. നിലവില്‍ സൗദി ക്ലബ് അല്‍-നസറിനായാണ് റോണോ കളിക്കുന്നത്. നേരത്തെ യൂറോപ്പിലെ പ്രധാന ക്ലബുകളില്‍ കളിച്ചിരുന്ന നെയ്മര്‍, കരിം ബെന്‍സിമ ഉള്‍പ്പെടെയുള്ള നിരവധി താരങ്ങളാണ് ലീഗിലെ വിവിധ ടീമുകള്‍ക്കായി കളത്തിലിറങ്ങുന്നത്. ക്രിസ്റ്റിയാനോക്ക് ശേഷം സാക്ഷാല്‍ ലയണല്‍ മെസ്സിയെയും സൗദി ലീഗില്‍ എത്തിക്കാന്‍ ശ്രമം നടത്തിയിരുന്നു.
അല്‍ നസ്ര്‍ ക്ലബുമായി 2025 വരെ രണ്ടര വര്‍ഷത്തേക്കുള്ള കരാറാണ് ക്രിസ്റ്റ്യാനോക്ക് ഉള്ളത്. ഖത്തറില്‍ നടന്ന ലോകകപ്പ് ഫുട്ബാള്‍ മത്സരത്തിനിടെയായിരുന്നു റൊണാള്‍ഡോയും മാഞ്ചസ്റ്റര്‍ യുനൈറ്റഡും തമ്മിലുള്ള കരാര്‍ ഇരുകൂട്ടരുടെയും ഉഭയസമ്മതപ്രകാരം അവസാനിപ്പിച്ചത്. ക്ലബ്ബിനെയും കോച്ചിനെയും ക്ലബ് ഉടമകളെയും രൂക്ഷമായി വിമര്‍ശിച്ച് റൊണാള്‍ഡൊ നല്‍കിയ ഒരു അഭിമുഖമായിരുന്നു മാഞ്ചസ്റ്റര്‍ യുനൈറ്റഡും റൊണാള്‍ഡോയും തമ്മിലുള്ള വേര്‍പിരിയലിലേക്ക് എത്തിച്ചത്. അവിടെ നിന്നുമാണ് ക്രിസ്റ്റ്യാനോ സൗദിയിലേക്ക് എത്തിയത്. ഇപ്പോള്‍ സൗദി ഫുട്‌ബോള്‍ ശ്രദ്ധിക്കപ്പെടുന്നത് ക്രിസ്റ്റ്യാനോയുടെ സാന്നിധ്യം കൊണ്ടാണ്. ഇതെല്ലാം ലോകകപ്പ് നേടിയെടുക്കുന്നതില്‍ ഗുണകരമായെന്നാണ് വിലയിരുത്തുന്നത്.
ടൂറിസത്തിന് പ്രോത്സാഹനം, മദ്യവും ഫാഷനും സിനിമയും വളരുന്നു
സൗദി അറേബ്യയ്ക്ക് പുതിയ മുഖം നല്‍കുന്നതിന്റെ ഭാഗമായുള്ള പ്രവര്‍ത്തനങ്ങളുമായാണ് സൗദി കീരാടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ നടത്തി വന്നത്. സൗദി അറേബ്യ വിഷന്‍ 2030 ലക്ഷ്യമിട്ട് വിപുലമായ മാറ്റങ്ങളാണ് നടത്തുന്നത്. ടൂറിസത്തെ പ്രോത്സാഹിപ്പിക്കാനായി പല ഇളവുകളും സൗദി പ്രഖ്യാപിച്ചിരുന്നു. സൗദി അറേബ്യയിലെ ആദ്യ മദ്യശാല തലസ്ഥാനമായ റിയാദിലെ ഡിപ്ലോമാറ്റിക് ക്വാര്‍ട്ടറില്‍ തുറന്നത് പോലും മാറ്റത്തിന്റെ ഭാഗമായിരുന്നു. ചില വിഭാഗക്കാര്‍ക്ക് മാത്രമായിരിക്കും മദ്യ വില്‍പ്പന.
മുസ്ലീം ഇതര നയതന്ത്രജ്ഞര്‍ക്കായിരിക്കും മദ്യം വാങ്ങാനാകുകയെന്ന് വിവിധ മാധ്യമ റിപ്പോര്‍ട്ടുകളില്‍ വ്യക്തമക്കുന്നത്. ഇസ്ലാമിക മൂല്യങ്ങളില്‍ അടിയുറച്ച് നിലകൊള്ളുന്ന സൗദി അറേബ്യ മദ്യത്തെ നിഷിദ്ധമായാണ് കണ്ടിരുന്നത്. 1952 മുതല്‍ രാജ്യത്ത് മദ്യത്തിന് വിലക്കേര്‍പ്പെടുത്തിയിരുന്നു. അതേസമയം 21 വയസ്സിന് താഴെയുള്ളവരെ സ്റ്റോറില്‍ പ്രവേശിപ്പിക്കില്ല. സ്റ്റോറില്‍ ഫോട്ടോഗ്രഫിയും നിരോധിച്ചിട്ടുണ്ട്. പ്രതിമാസ ക്വാട്ട അടിസ്ഥാനമാക്കിയായിരിക്കും മദ്യ വില്‍പ്പന.
സൗദി സമൂഹത്തെ കൂടുതല്‍ ഉദാരവത്കരിക്കുന്നതിനും അന്താരാഷ്ട്ര വിനോദ സഞ്ചാരികളെ ആകര്‍ഷിക്കുന്നതിനും വേണ്ടിയാണ് പുതിയ നീക്കം. എംബിഎസ് മുന്നോട്ടുവെച്ച വിഷന്‍ 2030 എന്നറിയപ്പെടുന്ന വിപുലമായ പദ്ധതിയും വലിയ രീതിയില്‍ ചര്‍ച്ചയായിരുന്നു. രാജ്യത്തിന്റെ പ്രതിഛായയില്‍ വലിയ മാറ്റങ്ങള്‍ കൊണ്ട് വന്ന് വിനോദസഞ്ചാരികളെ ആകര്‍ഷിക്കാനും ഈ പദ്ധതി ലക്ഷ്യമിടുന്നു.
സൗദി അറേബ്യ വിഷന്‍ 2030 ലക്ഷ്യത്തോടെ സമ്പദ്വ്യവസ്ഥയില്‍ വലിയ മാറ്റങ്ങള്‍ കൊണ്ടുവരുകയാണ്. ഈ മാറ്റത്തിന്റെ ഭാഗമായി ഫാഷന്‍, സ്‌പോര്‍ട്‌സ് വസ്ത്ര വിപണികള്‍ക്ക് രാജ്യത്ത് വളരെ പ്രാധാന്യം നല്‍കുന്നു. ഗള്‍ഫ് രാജ്യങ്ങളിലെ ആഡംബര ഫാഷന്‍ വാങ്ങലുകളുടെ മൂല്യം 2021-ല്‍ 9.7 ബില്യന്‍ ഡോളറിലെത്തിയെന്നും ഇതില്‍ 19 ശതമാനം വളര്‍ച്ച സൗദി അറേബ്യയില്‍ നിന്നാണെന്നും ഫാഷന്‍ കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ പറയുന്നത്.
2025 ഓടെ വസ്ത്രങ്ങളുടെയും പാദരക്ഷകളുടെയും ചില്ലറ വില്‍പനയില്‍ 48 ശതമാനം വളര്‍ച്ച പ്രതീക്ഷിക്കുന്ന സൗദി അറേബ്യയില്‍ ആഗോള ഫാഷന്‍ ബ്രാന്‍ഡുകള്‍ വന്‍ മത്സരത്തിലാണ്. വിഷന്‍ 2030 ലക്ഷ്യത്തോടെ സമ്പദ്വ്യവസ്ഥയെ വൈവിധ്യവത്കരിക്കാനുള്ള സൗദി അറേബ്യയുടെ ശ്രമങ്ങള്‍ ഫാഷന്‍, റീട്ടെയില്‍ മേഖലകളില്‍ വലിയ വളര്‍ച്ചയ്ക്ക് വഴിയൊരുക്കിയിട്ടുണ്ട്. സാംസ്‌കാരിക മന്ത്രാലയത്തിന്റെ ഫാഷന്‍ കമ്മീഷന്‍ സംഘടിപ്പിക്കുന്ന റിയാദ് ഫാഷന്‍ വീക്ക് പോലുള്ള പരിപാടികള്‍ രാജ്യാന്തര ശ്രദ്ധ പിടിച്ചുപറ്റിക്കൊണ്ട് ഈ വ്യവസായത്തെ വളര്‍ത്തുന്നതില്‍ പ്രധാന പങ്കു വഹിക്കുന്നു.
ആഗോള ബ്രാന്‍ഡുകളെ ആകര്‍ഷിക്കുന്നതിനൊപ്പം പ്രാദേശിക ഡിസൈനര്‍മാരെ പിന്തുണയ്ക്കുന്നതിലും ഫാഷന്‍ കമ്മീഷന്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നുണ്ട്. ഇത് സൗദി അറേബ്യയെ ഒരു ഫാഷന്‍ കേന്ദ്രമാക്കി മാറ്റുകയാണ്. സൗദി അറേബ്യയില്‍ ഓണ്‍ലൈന്‍ ഫാഷന്‍ വ്യാപാരം ശക്തമായ വളര്‍ച്ച കൈവരിക്കുകയാണ്. അടുത്തിടെ നടന്ന സൗദി ലൈഫ് സ്‌റ്റൈല്‍ വീക്ക് 2025-ന്റെ തയ്യാറെടുപ്പിന്റെ പാനല്‍ ചര്‍ച്ചയിലാണ് ഈ വിവരം പുറത്തുവന്നത്. ഇറ്റലി, പോര്‍ച്ചുഗല്‍, ജര്‍മനി, സ്‌പെയിന്‍ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ള ഫാഷന്‍ രംഗത്തെ പ്രമുഖര്‍ ഈ ഇവന്റില്‍ പങ്കെടുത്തു.
ഇ-കൊമേഴ്സിന്റെ വളര്‍ച്ച സൗദി അറേബ്യയിലെ രാജ്യാന്തര ഫാഷന്‍ ബ്രാന്‍ഡുകളുടെ ലാന്‍ഡ്സ്‌കേപ്പില്‍ വലിയ മാറ്റങ്ങള്‍ കൊണ്ടുവന്നിട്ടുണ്ട്. 2024-ല്‍ രാജ്യത്ത് 5000-ത്തിലധികം ഓണ്‍ലൈന്‍ വസ്ത്ര സ്റ്റോറുകള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നാണ് ഇവന്റ് സംഘാടകര്‍ പറയുന്നത്. ഇത് ഓണ്‍ലൈന്‍ ഷോപ്പിങ്ങിലേക്കുള്ള ആഗോള പ്രവണതയുമായി ഒത്തുപോകുന്നു. പ്രത്യേകിച്ച് സൗകര്യപ്രദമായ ഷോപ്പിങ് അനുഭവം ആഗ്രഹിക്കുന്ന യുവാക്കള്‍ ഇത്തരത്തിലുള്ള ഓണ്‍ലൈന്‍ ഷോപ്പിങ്ങിനെയാണ് ഇഷ്ടപ്പെടുന്നത്.
ഇങ്ങനെ അടിമുടി മാറുന്ന സൗദിയുടെ പുതിയ മുഖമാകും 2034ലെ ലോകകപ്പിലും കാണാന്‍ സാധിക്കുക. ഓസ്‌ട്രേലിയ പിന്മാറിയതോടെ 2034ലെ ലോകകപ്പ് ആതിഥേയത്വത്തിന് സൗദി മാത്രമാണ് രംഗത്ത് ബാക്കിയുണ്ടായിരുന്നത്. 419/500 എന്ന ചരിത്രത്തിലെ തന്നെ ഏറ്റവും ഉയര്‍ന്ന സ്‌കോറോടെ യോഗ്യതയും നേടി. 'ഒരുമിച്ച് വളരാം' എന്ന മുദ്രാവാക്യമാണ് ആതിഥേയത്വത്തിനുള്ള ബിഡ് പ്രക്രിയയില്‍ സൗദി ഉയര്‍ത്തിയത്. നിരവധി അന്താരാഷ്ട്ര കായിക മത്സരങ്ങള്‍ക്ക് ഇതിനകം വേദിയായ സൗദി, ലോക ഫുട്ബാളിലെ വന്‍താരങ്ങളെ കൊണ്ടുവന്ന് ക്ലബ് ഫുട്ബാളും അന്തര്‍ദേശീയ നിലവാരത്തിലേക്ക് ഉയര്‍ത്തിയിട്ടുണ്ട്. അതേസമയം, 2030 ലോകകപ്പ് വേദി തെരഞ്ഞെടുക്കാന്‍ വോട്ടെടുപ്പ് വേണ്ടി വന്നിരുന്നു. ഖത്തറില്‍ 32 രാജ്യങ്ങളാണ് ഏറ്റുമുട്ടിയതെങ്കില്‍ 2026ലെ മെക്‌സിക്കോ-കാനഡ-യു.എസ് ലോകകപ്പ് മുതല്‍ 48 ടീമുകളുണ്ടാവും.
സൗദിയിലെങ്ങും ആഘോഷം
25 ടൂര്‍ണമെന്റുകള്‍ തികയ്ക്കുന്ന 2034ലെ അസാധാരണ ലോകകപ്പിന് ആതിഥേയത്വം വഹിക്കാനുള്ള ചരിത്രദൗത്യമാണ് സൗദി അറേബ്യക്ക് കൈവന്നത്. ലേലത്തിലും യോഗ്യത സംബന്ധിച്ച വിലയിരുത്തലിലും റെക്കോര്‍ഡ് പോയിന്റുകളോടെ മുന്നിലെത്തിയ സൗദി അറേബ്യ ഇനി ലോകത്തിന്റെ ശ്രദ്ധാകേന്ദ്രമാവും. അടുത്ത 10 വര്‍ഷം ആ ദൗത്യപൂര്‍ത്തീകരണത്തിനുള്ള നിരന്തര പ്രവര്‍ത്തനങ്ങളില്‍ മുഴുകും ഗള്‍ഫിലെ ഈ ഏറ്റവും വലിയ സമ്പന്ന രാജ്യം. സുപ്രധാന പ്രഖ്യാപനത്തിന് കാതും കണ്ണും കൂര്‍പ്പിച്ച് തുടിക്കുന്ന ഹൃദയങ്ങളുമായി കാത്തിരുന്ന രാജ്യം പ്രഖ്യാപനമുണ്ടായ നിമിഷത്തില്‍ തന്നെ ആഘോഷങ്ങളില്‍ മുഴുകി.
ചരിത്രനേട്ടം കൈവരിച്ചതേടെ രാജ്യവ്യാപകമായി നാല് ദിവസം നീളുന്ന ആഘോഷത്തിന് തുടക്കം കുറിച്ചു. റിയാദില്‍ രാത്രി 8.30ന് കിങ് അബ്ദുല്ല ഫിനാന്‍ഷ്യല്‍ ഡിസ്ട്രിക്റ്റില്‍ ആകാശത്ത് ഡ്രോണ്‍ ഷോ അരങ്ങേറി. 8.34 ന് കിങ് അബ്ദുല്ല ഫിനാന്‍ഷ്യല്‍ ഡിസ്ട്രിക്റ്റ്, ബോളിവാഡ്, അല്‍ ഫൈസലിയ ടവര്‍, മജ്ദൂല്‍ ടവര്‍, അല്‍ രാജ്ഹി ടവര്‍, മിനിസ്ട്രി ഓഫ് ട്രാന്‍സ്‌പോര്‍ട്ട് ടവര്‍, ബഗ്ലഫ് കിങ് ഫഹദ് സ്‌റ്റേഡിയം, മൂണ്‍ ടവര്‍, മഹദ് അക്കാദമി എന്നിവിടങ്ങളില്‍ കരിമരുന്ന് പ്രയോഗം മാനത്ത് വര്‍ണവിസ്മയം ഒരുക്കി.
ശനിയാഴ്ച വരെ വൈകിട്ട് 5.15 മുതല്‍ രാത്രി 11 വരെ ബോളിവാഡ് സിറ്റി, ലൈസന്‍ വാലി, റോഷന്‍ ഫ്രന്റ, ബുജൈരി ടെറസ് എന്നിവിടങ്ങളില്‍ പൊതുജനങ്ങള്‍ പങ്കെടുക്കുന്ന വലിയ ആഘോഷ പരിപാടികളും അരങ്ങേറുന്നുണ്ട്. വ്യാഴാഴ്ച ഉച്ചക്ക് രണ്ട് മുതല്‍ കിങ് അബ്ദുല്ല ഫിനാന്‍ഷ്യല്‍ ഡിസ്ട്രിക്ട്, ബഗ്ലഫ് കിങ് ഫഹദ് സ്‌റ്റേഡിയം, കിങ് ഫഹദ് റോഡ് എന്നിവിടങ്ങളില്‍ എയര്‍ ഷോയും അരങ്ങേറും. ഫിഫയുടെ 25ാമത്തെ ലോകകപ്പ് എന്ന നിലയില്‍ അസാധാരണമായ ഇവന്റായിട്ടായിരിക്കും 2034 ലോകകപ്പ് നടക്കുക. ആറ് വന്‍കരകളില്‍നിന്ന് 48 ടീമുകള്‍ പങ്കെടുക്കും. സൗദിയില്‍ അഞ്ച് നഗരങ്ങളില്‍, 15 സ്‌റ്റേഡിയങ്ങളിലായാണ് ലോകകപ്പ് ഉദ്ഘാടന, സമാപന പരിപാടികളും മത്സരങ്ങളും നടക്കുക.