ങ്ങനെ ലൈംഗിക ആരോപണങ്ങളില്‍പ്പെട്ട് ഒരു വന്‍മരം കൂടി വീണിരിക്കയാണ്. രാഹുല്‍ മാങ്കൂട്ടത്തിലെന്ന, പടക്കത്തിന് തീപ്പിടിക്കുന്നപോലെ എതിരാളികളെ സംസാരിച്ച് നിഷ്പ്രഭനാക്കാന്‍ കഴിയുന്ന ഈ കരിസ്മാറ്റിക്ക് യൂത്ത് ലീഡര്‍ക്ക്, ഒരു സെക്സ് സൈക്കോയുടെ മുഖം കൂടിയുണ്ടെന്ന് ഞെട്ടലോടെയാണ് കേരളം അറിയുന്നത്. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷ സ്ഥാനം രാഹുല്‍ ഒഴിഞ്ഞിട്ടും വിവാദങ്ങള്‍ അവസാനിക്കുന്നില്ല. രാഹുല്‍ പാലക്കാട് എംഎല്‍എ സ്ഥാനം രാജിവെക്കണമെന്നാവശ്യപ്പെട്ട് എതിര്‍പാര്‍ട്ടികള്‍ പ്രക്ഷോഭം തുടരുകയാണ്.

പക്ഷേ കേരള ചരിത്രത്തില്‍ ഉടനീളം നോക്കിയാല്‍ പി ടി ചാക്കോ എന്ന അതികായന് അല്ലാതെ, ലൈംഗിക അപവാദത്തിന്റെ പേരില്‍ ആര്‍ക്കും ഒരു ചുക്കും സംഭവിച്ചിട്ടില്ല. ഒരു രാഷ്ട്രീയ നേതാവും ഇന്നുവരെ ലൈംഗിക അപവാദത്തിന്റെ പേരില്‍ ശിക്ഷിക്കപ്പെട്ടിട്ടില്ല. കോളിളക്കം സൃഷ്ടിച്ച പല കേസുകളും കോടതിയില്‍ ആവിയാവുകയാണ് പതിവ്. ആരോപിതനായ നേതാവാവട്ടെ അല്‍പ്പകാലത്തിനുശേഷം വീണ്ടും തിരിച്ചുവരികയും ചെയ്യും. സത്രീകളോടുളള പെരുമാറ്റദൂഷ്യത്തിന്റെ പേരിലോ സ്ത്രീബന്ധങ്ങളുടെ പേരിലുളള ആരോപണത്തിന്റെ അടിസ്ഥാനത്തിലോ, രാജിവെയ്ക്കേണ്ടി വന്നത് അഞ്ച് മന്ത്രിമാര്‍ക്കാണ്. പിടി ചാക്കോ, എ നീലലോഹിതദാസന്‍ നാടാര്‍, പി. കെ. കുഞ്ഞാലിക്കുട്ടി, കെ. ബി ഗണേശ്കുമാര്‍, എ കെ. ശശീന്ദ്രന്‍ എന്നിവരാണവര്‍. ഇതില്‍ ചാക്കോ ഒഴിച്ചുള്ളവരൊക്കെയും തിരിച്ചുവന്നതാണ് രാഷ്ട്രീയ കേരള ചരിത്രം.

ഹൃദയം പൊട്ടി മരിച്ച പി ടി ചാക്കോ

57 മുതലുള്ള ഐക്യകേരളത്തിന്റെ ചരിത്രത്തിലെ ഒരു അതികായന്‍ തന്നെയായിരുന്നു, പി ടി ചാക്കോ എന്ന കോണ്‍ഗ്രസ് നേതാവ്. ഇന്ത്യന്‍ ഭരണഘടന നിര്‍മ്മാണ സമിതിയംഗം, ഐക്യ കേരളത്തിലെ ആദ്യ പ്രതിപക്ഷ നേതാവ്, സംസ്ഥാന ആഭ്യന്തര മന്ത്രി, എ.ഐ.സി.സി അംഗം, ലോക്‌സഭാംഗം തുടങ്ങിയ പദവികള്‍ വഹിച്ച അദ്ദേഹമാണ് രാഷ്ട്രീയക്കാര്‍ ഉള്‍പ്പെട്ട ലൈംഗികാപവാദക്കേസിന്റെ ആദ്യത്തെ ഇരയും. വിമോചന സമരത്തിലുടെ ശ്രദ്ധേയനായ ചാക്കോ, 1960ലെ പട്ടം താണുപിള്ള മന്ത്രിസഭയില്‍ ആഭ്യന്തര മന്ത്രിയായിരുന്നു. ( 'ചാക്കോ നാടു ഭരിക്കട്ടെ, ചാത്തന്‍പോയി പൂട്ടട്ടെ', എന്നായിരുന്നു വിമോചന സമരത്തിലെ കുപ്രസിദ്ധമായ മുദ്രാവാക്യങ്ങളിലൊന്ന്) ആയിരങ്ങളെ ഇളക്കിമറിക്കാന്‍ കഴിയുന്ന തീപ്പൊരി പ്രാസംഗികന്‍ കൂടിയായിരുന്നു അദ്ദേഹം. പിന്നീടു വന്ന ആര്‍. ശങ്കര്‍ മന്ത്രിസഭയില്‍ റവന്യൂ വകുപ്പിന്റെകൂടി പി ടി ചാക്കോ വഹിച്ചു.

കേരള രാഷ്ട്രീയത്തിലെ ചരിത്രം തന്നെ തിരുത്തിയെഴുതിയതായിരുന്നു പി.ടി.ചാക്കോയ്ക്കെതിരായ വിവാദം. ഇന്ന് തിരിഞ്ഞുനോക്കുമ്പോള്‍ എത്രയോ നിസ്സാരമായ ഒരു സംഭവം. ചാക്കോ യാത്ര ചെയ്തിരുന്ന കാറിന് അപകടം സംഭവിച്ചപ്പോള്‍ അതില്‍ ഒരു സ്ത്രീ ഉണ്ടായിരുന്നുവത്രേ. കോണ്‍ഗ്രസിലെ ഗ്രൂപ്പ് സമവാക്യങ്ങളില്‍പെട്ടും, പ്രതിപക്ഷത്തിന്റെ കത്തിക്കലിനെ തുടര്‍ന്നും ഇത് വലിയ സംഭവമായി. കൂടെ നിന്നവര്‍ തന്നെ ചാക്കോയെ തിരഞ്ഞുകുത്തി. ഇതേതുടര്‍ന്ന് ചാക്കോയുടെ രാഷ്ട്രീയഭാവി തന്നെ വഴിമാറി. 1964 ഫെബ്രുവരി 20ന് അദ്ദേഹത്തിന് രാജിവയ്ക്കേണ്ടി വന്നു.



ഇത് കേരളത്തിലെ കോണ്‍ഗ്രസിന്റെ തലവരയും മാറ്റിയെഴുതി. കോണ്‍ഗ്രസിലെ ഗ്രൂപ്പ് വഴക്കിന്റെ വഴിത്തിരിവായിരുന്നു അത്. മന്ത്രിസ്ഥാനം രാജിവച്ച അദ്ദേഹം അഭിഭാഷകവൃത്തിയുമായും മുന്നോട്ടുപോയി. 1964 ജൂണ്‍ മാസത്തില്‍ കെ.പി.സി.സി. പ്രസിഡന്റ് സ്ഥാനത്തേക്ക് ചാക്കോ മത്സരിച്ചെങ്കിലും കെ.സി.എബ്രഹാമിനോട് തോറ്റു. 1964 ഓഗസ്റ്റ് ഒന്നിന് കോഴിക്കോട് ജില്ലയിലെ കുറ്റ്യാടിയില്‍ വച്ച് പെട്ടെന്നുണ്ടായ ഹൃദയാഘാതത്തെത്തുടര്‍ന്നായിരുന്നു അന്ത്യം. ഒരു കേസിന്റെ ഭാഗമായി കുറ്റ്യാടിയിലെത്തിയതായിരുന്നു അദ്ദേഹം. ചാക്കോയുടെ മരണം കോണ്‍ഗ്രസ്സില്‍ വലിയ പൊട്ടിത്തെറിയുണ്ടാക്കുകയും തുടര്‍ന്ന് ശങ്കര്‍ മന്ത്രിസഭയുടെ വീഴ്ചയിലും കേരളാ കോണ്‍ഗ്രസ് എന്ന പുതിയ പാര്‍ട്ടിയുടെ പിറവിയിലും ചെന്നെത്തുകയും ചെയ്തു.

അപാവാദത്തെ തുടര്‍ന്ന് ഹൃദയം പൊട്ടിമരിച്ച നേതാവിനുവേണ്ടി തുടങ്ങിയ കേരളാ കോണ്‍ഗ്രസ് പിന്നീട് പിളരുന്നതും, പി ടി ചാക്കോയുടെ മകന്‍ പി സി തോമസ് തന്നെ അതില്‍നിന്ന് പുറത്തുവന്ന് പുതിയ പാര്‍ട്ടിയുണ്ടാക്കുന്നതും, പിന്നീട് എന്‍ഡിഎയുമായി സഹകരിക്കുന്നതും പിന്നെ എല്‍ഡിഎഫിലേക്ക് പോകുന്നതുമെല്ലാം, കേരളം പിന്നീടുകണ്ട രാഷ്ട്രീയ കൗതുകങ്ങള്‍. ഇന്നായിരുന്നെങ്കില്‍ അത്രയും നിസ്സാരമായ സംഭവത്തിന് ഒരു മന്ത്രിയുടെ രാജിയൊന്നും ഉണ്ടാവുമായിരുന്നില്ല.

ആരാണ് സൂര്യനെല്ലിയിലെ ബാജി?

9-ാം ക്ലാസില്‍ പഠിക്കുന്ന ഒരു പെണ്‍കുട്ടിയെ 40 ദിവസത്തിനകം 37 പേര്‍ ചേര്‍ന്ന് 67 തവണ പീഡിപ്പിക്കുക. അവയില്‍ അമ്പതോളം പ്രാവശ്യം കൂട്ട ബലാല്‍സംഗമായിരുന്നു. 3,090 കിലോമീറ്റര്‍ ദൂരം പെണ്‍കുട്ടിയുമായി സഞ്ചരിച്ചാണ് വിവിധ ഹോട്ടലുകളിലും ഗസ്റ്റ് ഹൗസിലും മുറിയെടുത്ത് ഉന്നതര്‍ക്ക് കുട്ടിയെ കാഴ്ചവെച്ചത്. പീഡനങ്ങളെക്കുറിച്ചുള്ള സൂര്യനെല്ലി പെണ്‍കുട്ടിയുടെ മൊഴി 590 താള്‍ ഉണ്ടായിരുന്നു. അത് വായിച്ചാല്‍ മനസാക്ഷിയുള്ളവരുടെ തല കറങ്ങിപ്പോവും.

പി ടി ചാക്കോക്ക് ശേഷം സ്ത്രീ പീഡനങ്ങളുമായി ബന്ധപ്പെട്ട് കേരള രാഷ്ട്രീയത്തെ പിടിച്ചുകുലുക്കുന്നത് 1996ലാണ്. സൂര്യനെല്ലി കേസാണ് അന്ന് ഉയര്‍ന്നു വന്നത്. അതില്‍ നിരവധി രാഷ്ട്രീയക്കാര്‍ ഉള്‍പ്പെട്ടു. കോണ്‍ഗ്രസ് നേതാവ് പ്രെഫസര്‍ പി ജെ കുര്യന്റെ പേരിലും ആരോപണം വന്നു. വിവാദത്തിന്റെ ആദ്യകാലത്ത് കുര്യന്‍ ചിത്രത്തിലുണ്ടായിരുന്നില്ല. എന്നാല്‍ പീഡകരില്‍നിന്ന് മോചിപ്പിക്കപ്പെട്ട്, വീട്ടില്‍ തിരിച്ചെത്തിയ കുട്ടി കേരളശബ്ദം മാസികയില്‍ വന്ന ഒരു ചിത്രം കണ്ട് 'ബാജി' എന്ന് അലറി വിളിക്കുകയായിരുന്നുവെന്നാണ് മാധ്യമ റിപ്പോര്‍ട്ടുകള്‍. അത് പി ജെ കുര്യന്റെ ചിത്രമായിരുന്നു. അങ്ങനെ കുര്യന്റെ പേരും കേസിലേക്ക് വന്നു. അന്ന് അദ്ദേഹം കേന്ദ്രമന്ത്രിയായതിനാല്‍ ഇത് വലിയ രാഷ്ട്രീയ വിവാദമായി.




കേസന്വേഷണത്തിന്റെ വേളയില്‍ പി.ജെ. കുര്യന്റെ പേരും പെണ്‍കുട്ടി പറഞ്ഞുവെങ്കിലും ഇന്‍വെസ്റ്റിഗേറ്റിങ്ങ് ഓഫീസസറായ സിബി മാത്യൂസ് കേസെടുക്കാന്‍ തയ്യാറായില്ല. തുടര്‍ന്ന് പെണ്‍കുട്ടി പീരുമേട് ഒന്നാം ക്ളാസ് ജ്യുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയില്‍ സ്വകാര്യ അന്യായം ഫയല്‍ ചെയ്തു. ഈ കേസില്‍ ഹാജരാകാന്‍ കുര്യനോട് കോടതി ആവശ്യപ്പെട്ടിരുന്നു. ഇതിനെതിരേ കുര്യന്‍ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കിയെങ്കിലും അത് കോടതി തള്ളി. തുടര്‍ന്ന് സുപ്രീംകോടതിയില്‍ അപ്പീല്‍ നല്‍കി. പീരുമേട് കോടതിയുടെ നടപടികള്‍ നിര്‍ത്തിവയ്ക്കാനായിരുന്നു സുപ്രീം കോടതിവിധി.

സൂര്യനെല്ലി കേസില്‍ കുര്യനനുകൂലമായി മൊഴി മാറ്റാന്‍ അന്വേഷണോദ്യോഗസ്ഥനില്‍ നിന്ന് സമ്മര്‍ദ്ദമുണ്ടായി എന്ന് പെണ്‍കുട്ടി പറഞ്ഞിട്ടുണ്ട്. സാങ്കേതികത്വം പറഞ്ഞും കുര്യനെപ്പോലെയുള്ള ഉന്നതനെ കേസിലുള്‍പ്പെടുത്തിയാലുണ്ടാകുന്ന പ്രത്യാഘാതത്തെക്കുറിച്ച് പറഞ്ഞും മൊഴി മാറ്റാന്‍ സമ്മര്‍ദ്ദമുണ്ടായി എന്ന് ചാനല്‍ അഭിമുഖത്തില്‍ പെണ്‍കുട്ടി വെളിപ്പെടുത്തിയത്. രക്ഷിക്കണം എന്നപേക്ഷിച്ചിട്ടും കുര്യന്‍ ഉപദ്രവിക്കുകയായിരുന്നുവെന്നും പെണ്‍കുട്ടി പറഞ്ഞിരുന്നു. ശാരീരിക പ്രത്യേകതകളും ശരീരത്തിലെ മറുക് അടക്കമുള്ള അടയാളങ്ങളും പെണ്‍കുട്ടി മൊഴിയില്‍ നല്‍കിയിരുന്നു. പി.ജെ. കുര്യനെതിരെ പെണ്‍കുട്ടിയുടെ മാതാവ് അന്നത്തെത കോണ്‍ഗ്രസ് അദ്ധ്യക്ഷ സോണിയാ ഗാന്ധിക്കും, ഉപാദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്കും അഹമ്മദ് പട്ടേലിനും കത്ത് അയച്ചിരുന്നു. പക്ഷേ ഒരു കാര്യവുമുണ്ടായില്ല. തെളിവുകളുടെ അഭാവത്തില്‍ കുര്യനെ കോടതി കുറ്റവിമുക്തനാക്കി.

2013-ല്‍ രാജ്യസഭയുടെ ഡെപ്യൂട്ടി സ്പീക്കറായ പി.ജെ. കുര്യനെ പ്രതിയാക്കണം എന്നപേക്ഷിച്ച് പെണ്‍കുട്ടി അയച്ച കത്ത് പുറത്തുവന്നിരുന്നു. 2013ല്‍ വിവാദങ്ങളെത്തുടര്‍ന്ന് എന്‍.ഡി.റ്റി.വി.യില്‍ നടന്ന അഭിമുഖത്തിനിടെ കുര്യന്‍ ഇറങ്ങിപ്പോയത് വാര്‍ത്തയായിരുന്നു. കേസിലെ പ്രധാന പ്രതിയായ ധര്‍മ്മരാജന്‍ പി.ജെ. കുര്യന്‍ തന്റെ കാറില്‍ കുമളി ഗസ്റ്റ് ഹൗസില്‍ വന്നിരുന്നു എന്ന് മാതൃഭൂമി ചാനലില്‍ നടത്തിയ അഭിമുഖത്തില്‍ പറയുകയുണ്ടായി. സുഹൃത്തുക്കളായ ഉണ്ണി, ജമാല്‍, ചെറിയാന്‍ എന്നിവരും തന്നോടൊപ്പമുണ്ടായിരുന്നു എന്നും ധര്‍മ്മരാജന്‍ അവകാശപ്പെട്ടിരുന്നു. കുര്യനെത്തിയത് 1996 ഫെബ്രുവരി 19-ന് ആണെന്നും, അത് കേസിലെ മറ്റൊരു പ്രതിയും കോണ്‍ഗ്രസ് നേതാവുമായിരുന്ന ജേക്കബ് സ്റ്റീഫന്‍ അറിയിച്ചിട്ടായിരുന്നുവെന്നുമാണ് ധര്‍മ്മരാജന്‍ അവകാശപ്പെട്ടത്. പി.ജെ. കുര്യന്‍ ഇക്കാര്യങ്ങള്‍ നിഷേധിക്കുകയുണ്ടായി. തുടര്‍ന്ന് പുതിയ സാഹചര്യമുണ്ടായെന്ന കാരണത്താല്‍, സൂര്യനെല്ലി കേസിലെ ഇരയായ പെണ്‍കുട്ടി പീരുമേട് മജിസ്ട്രേട്ട് കോടതിയില്‍ കേസ് പുനഃപരിശോധിക്കണമെന്നാവശ്യപ്പെട്ട് ഹര്‍ജി നല്‍കുകയുണ്ടായി.




എന്നാല്‍ വാദം നടന്ന മെയ് 28-ന്, കുര്യനെ അറിയില്ലെന്നും, റിപ്പോര്‍ട്ടറുടെ നിരന്തരമായ ചോദ്യങ്ങള്‍ക്ക് മുമ്പില്‍ പതറിയാണ് കുര്യനുള്‍പ്പെട്ടിട്ടുണ്ടെന്ന് പറഞ്ഞതെന്നും, ചാനലിനു അഭിമുഖം നല്‍കിയപ്പോള്‍ താന്‍ മദ്യലഹരിയിലായിരുന്നുവെന്നും ധര്‍മ്മരാജന്‍ മൊഴിമാറ്റി. തുടര്‍ന്ന് കോടതി ഹര്‍ജി തള്ളി. വര്‍ഷങ്ങള്‍ നീണ്ട നിയമയുദ്ധത്തിനുശേഷവും, കേരളത്തെ ഞെട്ടിച്ച സൂര്യനെല്ലികേസില്‍ മുഖ്യപ്രതി ധര്‍മ്മരാജനടക്കം ഏതാനും പേര്‍ മാത്രമാണ് ശിക്ഷിക്കപ്പെട്ടത്.

കുഞ്ഞാലിക്കുട്ടിയുടെ ഐസ്‌ക്രീം

സൂര്യനെല്ലി കേസ് വിവാദം കത്തി നില്‍ക്കുമ്പോഴാണ് കോഴിക്കോട് ഐസ്‌ക്രീം പെണ്‍വാണിഭ കേസ് ഉയര്‍ന്നുവരുന്നത്. ഈ കേസില്‍ പെടുന്നത് കേരളത്തിന്റെ വ്യവസായ മന്ത്രിയും ലീഗ് നേതാവുമായ പി.കെ.കുഞ്ഞാലിക്കുട്ടിയായിരുന്നു. മൂന്നു തവണ ഈ കേസ് പൊന്തിവന്നു. 1997ലാണ് കോഴിക്കോട് ബീച്ചിലുള്ള ഒരു ഐസ്‌ക്രീം പാര്‍ലര്‍ കേന്ദ്രീകരിച്ച് പെണ്‍വാണിഭം നടക്കുന്നതായുള്ള വാര്‍ത്തകള്‍ പുറത്തുവന്നത്. അജിത നേതൃത്വം കൊടുക്കുന്ന അന്വേഷി എന്ന എന്‍.ജി.ഒ. ആണ് കേസിലെ ആദ്യ പരാതി നല്‍കിയത്. അതിലാണ് കുഞ്ഞാലിക്കുട്ടിയും, കോഴിക്കോട്ടെ പ്രമുഖ സിപിഎം നേതാവായ ടി പി ദാസനും അടക്കമുള്ളവര്‍ ആരോപണ വിധേയരാവുന്നത്. അന്ന് നായനാര്‍ ആയിരുന്നു മുഖ്യമന്ത്രി. പക്ഷേ അന്വേഷണം ശരിയായ ദിശയില്‍ നടന്നില്ല എന്ന് അജിത ഇന്നും ആരോപിക്കുന്നു.

രണ്ടാമത്തെ തവണ ഈ കേസിലെ പീഡനത്തിനിരയായ റെജീന എന്ന പെണ്‍കുട്ടി നേരിട്ട് ചാനലുകളില്‍ വന്ന് കുഞ്ഞാലിക്കുട്ടി പീഡിപ്പിച്ചുവെന്ന് ആരോപിച്ചു. അത് നികേഷ് കുമാര്‍ നയിക്കുന്ന, ലീഗ് നേതാവ് എം കെ മുനീറിന്റെ ഉടമസ്ഥതയിലുള്ള ഇന്ത്യവിഷന്‍ ചാനല്‍ ധൈര്യപൂര്‍വം ഈ വാര്‍ത്ത സംപ്രേഷണം ചെയ്തു. അതേ തുടര്‍ന്ന് രൂക്ഷമായ ആക്രമണങ്ങളാണ് ആ ചാനലിനുനേരെയുണ്ടായത്. കരിപ്പൂരില്‍ കുഞ്ഞാലിക്കുട്ടി വന്നിറങ്ങിയപ്പോള്‍, ലീഗുകാര്‍ മാധ്യമ പ്രവര്‍ത്തകരെ ആക്രമിച്ചതും വന്‍ വിവാദമായി.

അത് സംഭവിക്കുമ്പോള്‍ കുഞ്ഞാലിക്കുട്ടി മന്ത്രിയാണ്. റജീന പിന്നീട് ആരോപണങ്ങള്‍ പിന്‍വലിച്ച് മലക്കം മറിഞ്ഞു. പക്ഷേ വി എസ് അടക്കമുള്ള പ്രതിപക്ഷം വെറുതെ നിന്നില്ല. തങ്ങള്‍ക്ക് അധികാരംകിട്ടിയാല്‍ പെണ്‍വാണിഭക്കാരെ കൈയാമം വെപ്പിച്ച് റോഡിലൂടെ നടത്തിക്കുമെന്ന കാമ്പയിനുമായി വിഎസ് ആഞ്ഞടിച്ചു. ശക്തമായ പ്രക്ഷോഭങ്ങളുടെ ഒടുവില്‍ കുഞ്ഞാലിക്കുട്ടിക്ക് ഉമ്മന്‍ചാണ്ടി മന്ത്രിസഭയിലെ വ്യവസായ മന്ത്രി സ്ഥാനം രാജിവയ്ക്കേണ്ടി വന്നു. അതിനുശേഷം നടന്ന തിരഞ്ഞെടുപ്പില്‍ കുറ്റിപ്പുറത്ത് കുഞ്ഞാലിക്കുട്ടി കെ.ടി.ജലീലിനോട് തോല്‍ക്കുകയും ചെയ്തു. പക്ഷേ അത് കുഞ്ഞാലിക്കുട്ടിയെ സംബന്ധിച്ച് ചെറിയ ഒരു ഇടവേള മാത്രമായിരുന്നു. അദ്ദേഹം വീണ്ടും ശക്തമായി തിരിച്ചുവന്നു.




അജിതയുടെ ഒന്‍പതുവര്‍ഷം നീണ്ടുനിന്ന നിയമപോരാട്ടവും വിഫലമായി. 2006-ല്‍ സുപ്രീം കോടതി ഐസ്‌ക്രീം പാര്‍ലര്‍ കേസ് തെളിവില്ല എന്ന കാരണത്താല്‍ തള്ളിക്കളഞ്ഞു. പക്ഷേ കേസ് വീണ്ടും പൊങ്ങിവന്നു. 2011 ജനുവരിയില്‍ കുഞ്ഞാലിക്കുട്ടിയുടെ ബന്ധുവും വ്യവസായിയുമായ റൗഫിന്റെ വെളിപ്പെടുകളിലുടെയാണത്. കേരള ഹൈക്കോടതിയിലെ ചില ജഡ്ജിമാര്‍ക്ക് കൈക്കൂലി കൊടുത്താണ് കേസിനെ തേച്ചുമാച്ചു കളയാന്‍ ശ്രമമുണ്ടായതെന്ന് വ്യക്തമാക്കുന്ന ഒളിക്യാമറ ദൃശ്യങ്ങളിലൂടെ, ഇന്ത്യാവിഷന്‍ ന്യൂസ് ചാനല്‍ രംഗത്തു വന്നതും കേരളത്തെ ഞെട്ടിച്ചു. ഇടതും വലതും തമ്മിലുണ്ടായ ഒരു കോമ്പ്രമൈസിന്റെ ഭാഗമായാണ് കേസ് അട്ടിമറിക്കപ്പെട്ടതെന്ന് റൗഫ് തെളിവുകള്‍ സഹിതം ആരോപിച്ചിരുന്നു. അന്ന് ഓരോരുത്തര്‍ക്കും കൊടുത്ത കാശിന്റെ കണക്കുവരെ പറഞ്ഞായിരുന്ന റൗഫിന്റെ വാര്‍ത്താ സമ്മേളനം. ഇത് സംഭവിക്കുന്നത് വി.എസ്.അച്യുതാനന്ദന്‍ മന്ത്രിസഭയുടെ അവസാന കാലത്താണ്. എന്നാല്‍ ആ വിവാദവും കെട്ടടങ്ങി. കുഞ്ഞാലിക്കുട്ടി കേരള രാഷ്ട്രീയത്തിലെ പുലിയായി ഇപ്പോഴും നിറഞ്ഞുനില്‍ക്കയാണ്.




നീലന്‍ മുതല്‍ ശശീന്ദ്രന്‍ വരെ

കേരളരാഷ്ട്രീയത്തിലെ ലൈംഗിക അപവാദങ്ങള്‍ പിന്നെയും തുടര്‍ന്നു. 1996 ലെ ഇ. കെ നായനാര്‍ മന്ത്രിസഭയില്‍ ഗതാഗത മന്ത്രിയായിരുന്ന എ നീലലോഹിതദാസന്‍ നാടാര്‍ക്ക് മന്ത്രിസ്ഥാനം നഷ്ടമായതും ലൈംഗിക അപവാദ കേസിലായിരുന്നു. ഐഎഎസ് ഉദ്യോഗസ്ഥയായ നളിനിനെറ്റോയുടെ പരാതിയിലാണ്് നീലന്റെ മന്ത്രിസ്ഥാനം തെറിച്ചത്. ഔദ്യോഗിക കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ നിയമസഭാ സമുച്ചയത്തിലെ തന്റെ മുറിയിലേക്ക് വിളിപ്പിച്ച ശേഷം, അന്ന് ഗതാഗത സെക്രട്ടറിയായിരുന്ന നളിനി നെറ്റോയുടെ കൈയ്ക്ക് കയറിപ്പിടിച്ച് ലൈംഗികമായി അപമാനിക്കാന്‍ ശ്രമിച്ചു എന്നതായിരുന്നു കേസ്.

തനിക്ക് നേരിടേണ്ടി വന്ന അപമാനത്തെക്കുറിച്ചുള്ള നെറ്റോയുടെ പരാതി ഒരു രാഷ്ട്രീയ കൊടുങ്കാറ്റിന് തുടക്കമിട്ടു. പക്ഷേ അധികം വിവാദത്തിന് നില്‍ക്കാതെ നീലന്‍ രാജിവെച്ചു. നീലനെതിരെ ആ സമയത്ത് തന്നെ ഐഎഫ്എസ് ഉദ്യോഗസ്ഥയായ പ്രകൃതി ശ്രീവാസ്തവയും പരാതി നല്‍കിയിരുന്നു. 2004ല്‍ കോഴിക്കോട് മജിസ്റ്റീരിയല്‍ കോടതിയില്‍നിന്ന് നീലനെതിരെ വിധിയുണ്ടായി. എന്നാല്‍ പിന്നീട് 2008-ല്‍ ഫാസ്റ്റ് ട്രാക്ക് കോടതി അദ്ദേഹത്തെ കുറ്റവിമുക്തനാക്കി. കേരളത്തില്‍ രാഷ്ട്രീയക്കാര്‍ ഉള്‍പ്പെടുന്ന ഒരു ലൈംഗിക അതിക്രമത്തിനും ഇതുവരെ കോടതി ശിക്ഷ കിട്ടിയിട്ടില്ല.

2006-ല്‍ വി.എസ്.അച്യുതാന്ദന്‍ മന്ത്രിസഭയുടെ തുടക്കത്തിലാണ്, വിമാനത്തില്‍ വച്ച് മന്ത്രി പി.ജെ.ജോസഫ് സഹയാത്രക്കാരിയോട് അപമര്യാദയായി പെരുമാറിയെന്ന ആരോപണം ഉയര്‍ന്നത്. ചെന്നൈയില്‍ നിന്ന് കൊച്ചിയിലേക്ക് പുറപ്പെട്ട കിംഗ് ഫിഷര്‍ വിമാനത്തിലെ യാത്രക്കാരിയായിരുന്ന ഒരു സ്ത്രീക്കുനേരെ പിറകിലത്തെ സീറ്റിലിരുന്ന പി ജെ ജോസഫ് ലൈംഗികാത്രികമം നടത്തിയെന്നാണ് ആരോപണം. ആകാശപീഡനം എന്ന പേരില്‍ മാധ്യമങ്ങള്‍ സംഭവം കൊഴുപ്പിച്ചു. പരാതിക്കാരി യുവതിയല്ല അമ്മൂമ്മയാണെന്ന് മുഖ്യമന്ത്രി വി എസ് പറഞ്ഞത് വിവാദമായി. തനിക്ക് കൈ പൊങ്ങില്ലെന്ന് കൈ ഉയര്‍ത്തിക്കൊണ്ട് പറഞ്ഞ പി ജെ ജോസഫ് കേരളീയ സമൂഹത്തിന് മുന്നില്‍ അപഹാസ്യനാവുകയും ചെയ്തു. പ്രതിശേഷധം ശക്തമായതോടെ പി ജെ ജോസഫ് മന്ത്രിസ്ഥാനം ഒഴിഞ്ഞു.ചെന്നൈ പൊലീസ് ആണ് സംഭവം അന്വേഷിച്ചത്. തെളിവില്ലാത്തതിനാല്‍ കോടതി പിന്നീട് ജോസഫിനെ കുറ്റവിമുക്തനാക്കുകയും ചെയ്തിരുന്നു.

അതിനിടയില്‍ കെ മുരളീധരന്‍ കെപിസിസി പ്രസിഡന്റായിരുന്ന സമയത്ത്, ഗുരുതര ആരോപണങ്ങള്‍ രാജ്മോഹന്‍ ഉണ്ണിത്താന്‍ ഉന്നയിച്ചിരുന്നു. കെപിസിസി ഓഫീസിലെ 'ചര്‍ച്ച' കഴിയുമ്പോഴെക്കും ഓഫീസ് സെക്രട്ടറി ബക്കറ്റില്‍ വെള്ളം കൊണ്ടുവന്ന് വെക്കുന്നതടക്കമുള്ള നാറിയ കഥകള്‍. അതേ രാജ്മോഹനെ തന്നെ പിന്നെ ഡിവൈഎഫ്ഐക്കാര്‍ സദാചാര ഗുണ്ടായിസം കാട്ടി ഒരു സ്ത്രീയോടൊപ്പം മഞ്ചേരിയില്‍നിന്ന് പിടികൂടുന്നതും പിന്നീട് കേരളം കണ്ടു!

ജനതാദള്‍ എസ് നേതാവും എംഎല്‍എയുമായിരുന്ന ജോസ് തെറ്റയിലിനെതിരെയും ലൈംഗിക ആരോപണം ഉന്നയിക്കപ്പെട്ടു. തെറ്റയിലിന്റെ ഒരു വീഡിയോ പുറത്തുവരികയായിരുന്നു. പിന്നീട് ആ സ്ത്രീ തന്നെ ഇതില്‍ കോണ്‍ഗ്രസിലെ ചില നേതാക്കള്‍ കുടുക്കിയതാണെന്ന് ആരോപിച്ചു. ജോസ് തെറ്റയിലിനെതിരെ സ്ത്രീ നല്‍കിയ കേസും കോടതി തളളി. ഫേക്ക് കേസ് ആണെന്ന് പൊതുസമൂഹത്തിന് കൃത്യമായി മനസ്സിലായ ഏക കേസും ഇതായിരുന്നു. പിന്നീടാണ് എ കെ ശശീന്ദ്രന്റെ ഊഴമെത്തുന്നത്.




പിണറായി സര്‍ക്കാര്‍ വന്നിട്ട് 10 മാസം പിന്നിടുമ്പോഴാണ് മന്ത്രിയും എന്‍സിപി നേതാവുമായ എ.കെ.ശശീന്ദ്രനെതിരെ ലൈംഗിക അപവാദ ആരോപണം ഉയരുന്നത്. മംഗളം പത്രം പുതുതായി തുടങ്ങിയ ചാനലിന്റെ ആദ്യ എപ്പിസോഡായി സംപ്രേഷണം ചെയ്യാനായി ഉണ്ടാക്കിയ ഹണി ട്രാപ്പാണ് ഇതെന്ന് പിന്നീട് തെളിഞ്ഞു. ചാനല്‍ ഓഫീസിലെ ഒരു ജീവനക്കാരി വെച്ച കെണിയല്‍ ശരീന്ദ്രന്‍ ചാടുകയായിരുന്നു.' അയ്യോ എന്റെ പൂച്ചക്കുട്ടി എവിടെ എന്ന് ചോദിച്ച്' അശ്ളീല ഭാഷണം നടത്തുന്ന ശശീന്ദ്രന്റെ വാക്കുകള്‍ കുറേക്കാലം ട്രോള്‍ ആയി. ഈ ഹണിട്രാപ്പുകേസില്‍ മംഗളം ചാനലിന്റെ സി ഇ ഒ അജിത്ത് ഉള്‍പ്പെടെയുള്ളവര്‍ റിമാന്‍ഡിലാവുകയും ചെയ്തു. ചാനല്‍ പൂട്ടിപ്പോവുകയും ചെയ്തു. ശശീന്ദ്രന്‍ വീണ്ടും മന്ത്രിയുമായി. പിന്നീട് എല്‍ദോസ് കുന്നപ്പള്ളി എന്ന കോണ്‍ഗ്രസ് എംഎല്‍എക്കെതിരെ പീഡന ആരോപണം വന്നെങ്കിലും അതും കോടതിയില്‍ നിലനിന്നില്ല.

സരിതയും സ്വപ്നയും

2011-ലെ യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് സ്ത്രീകളുമായി ബന്ധപ്പെട്ട ആരോപണങ്ങള്‍ വളരെയേറെയായിരുന്നു. സോളാര്‍ കേസുമായി ബന്ധപ്പെട്ട വിവാദങ്ങളാണ് മാധ്യമങ്ങള്‍ക്ക് ചാകരയായത്. മന്ത്രിയായിരുന്ന കെ.ബി.ഗണേശ് കുമാറിന് മന്ത്രിസ്ഥാനം നഷ്ടമാകുന്നതിന് പിന്നില്‍ ഭാര്യ നല്‍കിയ പരാതിയായിരുന്നു. ഇതിന് തൊട്ടുപിന്നാലെയാണ് സരിത നായരുടെ വെളിപ്പെടുത്തലുകള്‍ കേരളത്തിലെ മന്ത്രിമാരുടെയും രാഷ്ട്രീയനേതാക്കളുടെയും ഉറക്കം കെടുത്തിയത്. 'അമ്പൊന്നു കൊള്ളാത്തവരില്ല കുരുക്കളില്‍' എന്ന പേരില്‍ സരിതയുടെ ആരോപണം ഏല്‍ക്കാത്ത നേതാക്കളില്ല. ഉമ്മന്‍ചാണ്ടി, ജോസ് കെ മാണി, കെ സി വേണുഗോപാല്‍, അബ്ദുല്ലക്കുട്ടി, സ്മാത്തവിചാരം പോലെ സരിതയുടെ പീഡന ലിസറ്റ് നീണ്ടുനീണ്ടുവന്നപ്പോള്‍ കേരളം നടുങ്ങി!

ഉമ്മന്‍ചാണ്ടിയെപ്പോലെ ഒരു ജനകീയനായ നേതാവിന്റെ പ്രതിഛായക്ക് ഏറ്റ എറ്റവും വലിയ കളങ്കമായിരുന്നു സോളാര്‍ കേസ്. പിന്നീട് കേസ് ആവിയായപ്പോള്‍ രാഷ്ട്രീയ പ്രതിയോഗികള്‍പോലും ഉമ്മന്‍ചാണ്ടിയോട് മാപ്പു ചോദിച്ചു. സോളാര്‍ ജുഡീഷ്യല്‍ കമ്മീഷന്റെ സീഡി തപ്പിപ്പോയ യാത്രയൊക്കെ കേരളത്തിലെ മാധ്യമങ്ങളും ലജ്ജയോടെയാണ് ഓര്‍ക്കാറുള്ളത്. സോളാര്‍ സംബദ്ധിച്ച പീഡനക്കേസുകള്‍ എല്ലാം കോടതിയില്‍ ചീറ്റി. വിവിധ അസുഖങ്ങള്‍ വേട്ടയാടുന്ന സരിതാ നായര്‍ ആവട്ടെ ഇപ്പോള്‍ ചികിത്സയിലുമാണ്. സോളര്‍ കേസില്‍ പണംപോയവര്‍ ഇപ്പോഴും തെക്കുവടക്ക് നടക്കുകയുമാണ്.




യുഡിഎഫ് കാലത്ത് സരിതയെങ്കില്‍, എല്‍ഡിഎഫ് കാലത്ത് അധികാരത്തിന്റെ ഇടനാഴിയിലെത്തിയത് സ്വപ്നയാണ്. മുഖ്യമന്ത്രിയുടെ പ്രന്‍സിപ്പല്‍ സെക്രട്ടി ശിവശങ്കര്‍ ഐഎഎസുമായി അടുത്ത ബന്ധം പുലര്‍ത്തിയ സ്വപ്നയുടെ വെളിപ്പെടുത്തലുകളില്‍ കേരളം നടുങ്ങിയതാണ്. ഒരുകാലത്ത് സരിതയുടെ ബോംബിനായി ചാനലുകള്‍ കാത്തിരുന്നതുപോലെ, സ്വപന്യുടെ വാക്കുകളും ചാനലുകള്‍ മണിക്കൂറുകള്‍ എയര്‍ ചെയ്തു. ശിവശങ്കര്‍ ജയിലായി. അന്ന് സ്പീക്കറായിരുന്നു സിപിഎം നേതാവ് ശ്രീരാമാകൃഷ്ണന്‍ മദ്യപിച്ച് അശ്ളീല മെസേജുകള്‍ അയച്ചതും, ധനമന്ത്രി തോമസ് ഐസക്ക് മൂന്നാറിലേക്ക് ക്ഷണിച്ചതുമടക്കമുള്ള നിരവധി കഥകള്‍ നാം കേട്ടു. സ്വര്‍ണ്ണക്കടത്തുകേസില്‍ ഇപ്പോഴും കോടതി നടപടികള്‍ തുടരുകയാണ്.




വി ബി ചെറിയാന്‍ പറഞ്ഞ ഗര്‍ഭക്കഥ

ഇന്ന് രാഹുല്‍ മാങ്കൂട്ടത്തിലിനെയൊക്കെ സിപിഎം നന്നായി ട്രോളിവിടുന്നുണ്ടുവെങ്കിലും ലൈംഗിക അപവാദങ്ങള്‍ ആ പാര്‍ട്ടിയിലും ഏറെ ഉണ്ടായിട്ടുണ്ടെന്നാണ് ചരിത്രം. ഒരു കേഡര്‍ പാര്‍ട്ടിയായതുകൊണ്ട് പലതും പുറത്തുവരുന്നില്ല എന്നുമാത്രം. പലതും പാര്‍ട്ടി അന്വേഷണത്തില്‍ തീരുന്നുവെന്ന് മാത്രം.

സിപിഎമ്മില്‍നിന്ന് പുറത്താക്കപ്പെട്ട, സിഐടിയു നേതാവ് വി ബി ചെറിയാന്‍ മുമ്പ് ഒരു കഥ പറയാറുണ്ട്. അത് ഇങ്ങനെയാണ്. -'അവിവാഹിതയായ ഒരു പാര്‍ട്ടി അംഗം ഗര്‍ഭിണിയായി. വിഷയം പാര്‍ട്ടി കമ്മിറ്റിയുടെ മുമ്പാകെ കൊണ്ടുവന്നപ്പോള്‍, പാര്‍ട്ടി സെക്രട്ടറിയാണ് ഉത്തരവാദിയെന്ന് സ്ത്രീ ആരോപിച്ചു. ഇതോടെ സത്യമറിയാന്‍ ഒരു അന്വേഷണ കമ്മിറ്റി രൂപീകരിച്ചു. അവര്‍ കാര്യങ്ങള്‍ പഠിച്ച് വനിതാ സഖാവിന്റെ ആരോപണം അടിസ്ഥാനരഹിതവുമാണെന്ന് റിപ്പോര്‍ട്ട് ചെയ്തു. ഭൂരിപക്ഷ അഭിപ്രായത്തിന്റെ അടിസ്ഥാനത്തില്‍ പാര്‍ട്ടി കമ്മിറ്റി, സ്ത്രീ ഗര്‍ഭിണിയല്ലെന്ന് തീരുമാനിച്ചു. പക്ഷേ ആറ് മാസത്തിന് ശേഷം, സ്ത്രീ പ്രസവിച്ചു. പാര്‍ട്ടി കമ്മിറ്റി വീണ്ടും യോഗം ചേര്‍ന്ന്, പാര്‍ട്ടി അച്ചടക്കം ലംഘിച്ചതിന്' സ്ത്രീയെ പുറത്താക്കി''. സിപിഎമ്മം കമ്മറ്റികളുടെ യാത്രിക സ്വഭാവവും, ഉള്‍പ്പാര്‍ട്ടി ജനാധിപത്യത്തെ ഹനിക്കുന്ന ഭൂരിപക്ഷ ഭീകരതകളും ചൂണ്ടിക്കാട്ടാന്‍ വി ബി ചെറിയാന്‍ ഉണ്ടാക്കിയ ഒരു കഥയാണ് ഇതെങ്കിലും കാര്യങ്ങള്‍ ഏകദേശം ഇങ്ങനെയാക്കെതന്നെയാണ് ( ഇപ്പോള്‍ രാഹുല്‍ സംഭവത്തിനുശേഷം ഇത് നടന്ന കഥയാണെന്ന് കരുതി പലരും ഷെയര്‍ ചെയ്യുന്നുണ്ട്)

പി ശശി എന്ന മൂന്‍ കണ്ണൂര്‍ ജില്ലാ സെക്രട്ടറിക്കെതിരെയുണ്ടായ ലൈംഗിക അപാവാദം നോക്കുക. പരാതിക്കാരനായ സികെപി പത്മനാഭനെതിരെയാണ് പാര്‍ട്ടി നടപടിയുണ്ടായത്. ആദ്യം പുറത്താക്കപ്പെട്ട ശശി, പിന്നീട് വീണ്ടും പാര്‍ട്ടിയിലെ ഉന്നതനായി. നായനാര്‍ സര്‍ക്കാറിന്റെ കാലത്ത് ഐസ്‌ക്രീം പാര്‍ലര്‍ കേസ് ഒത്തുതീര്‍പ്പാക്കി എന്ന ആരോപണമുയര്‍ന്ന പി ശശി, വീണ്ടും പിണറായി വിജയന്റെ പൊളിറ്റിക്കല്‍ സെക്രട്ടറിയായി.




അതുപോലെ സഹപ്രവര്‍ത്തകയോട് മോശമായി പെരുമാറിയെന്ന് ആരോപണം ഉയര്‍ന്ന, പി കെ ശശി എംഎല്‍എക്കെതിരെയും പാര്‍ട്ടി അന്വേഷണമാണ് ഉണ്ടായത്. വി ബി ചെറിയാന്‍ പറയുന്നതുപോലെ പാര്‍ട്ടി ഗര്‍ഭമില്ല എന്ന് പറഞ്ഞാല്‍ അങ്ങനെ എന്നാണ് ലൈന്‍. മന്ത്രിയായിരിക്കെ സിപിഎം നേതാവ് കടകംപള്ളി സുരേന്ദ്രനും ഫോണ്‍ വിവാദത്തില്‍ പെട്ടിരുന്നു. നേരത്തെ സിപിഎം വിഭാഗീയത കത്തിനിന്ന സമയത്ത് പാര്‍ട്ടി ഓഫീസില്‍ ഒളിക്യാമറ വെച്ച് ഗോപി കോട്ടമുറിക്കല്‍ എന്ന നേതാവിന്റെ വിവാഹതേര ബന്ധങ്ങള്‍ കണ്ടെത്തിയതുപോലുള്ള മഹത്തായ സംഭവങ്ങളും സിപിഎമ്മില്‍ നടന്നിരുന്നു. നേരത്തെ നടന്ന കിളിരൂര്‍, കവിയൂര്‍, വിതുര കേസുകളിലും രാഷ്ട്രീയ ബന്ധങ്ങള്‍ ആരോപിക്കപ്പെട്ടെങ്കിലും നേതാക്കളാരും കേസില്‍ പ്രതിയായില്ല. ആ വിഐപി ആര് എന്ന വിഎസിന്റെ ചോദ്യം ക്രമേണെ അലിഞ്ഞില്ലാതായി.

എറ്റവും ഒടുവിലായി ഹേമ കമ്മറ്റി റിപ്പോര്‍ട്ട് പുറത്തുവന്നതിനെ തുടര്‍ന്ന്, നടനും കൊല്ലം എംഎല്‍എയുമായ മുകേഷിനെതിരെ പീഡന ആരോപണം വന്നപ്പോള്‍, എംഎല്‍എ സ്ഥാനം രാജിവെക്കേണ്ട എന്നായിരുന്നു സിപിഎം എടുത്ത നിലപാട്. അതേ പാര്‍ട്ടിതന്നെ, ഇപ്പോള്‍ രാഹുല്‍ മാങ്കൂട്ടത്തിന്റെ രാജിക്കായും മുറവിളി കൂട്ടുന്നു!

വാല്‍ക്കഷ്ണം: കേരളത്തില്‍ ഇലക്ഷനിലെ തുറപ്പുചീട്ടാണ് ലൈംഗിക അപവാദങ്ങള്‍ എങ്കിലും വിദേശരാജ്യങ്ങളില്‍ ഇതൊന്നും ക്ലച്ച് പിടിക്കാറില്ല. അമേരിക്കയില്‍ ട്രംപും, ഇറ്റലിയില്‍ ബര്‍ലൂസ്‌കോണിയുമൊക്കെ അങ്ങനെയാണെങ്കില്‍ ഒരുകാലത്തും ജയിക്കില്ല. മോണിക്ക ലെവിന്‍സ്‌ക്കിയുമായുള്ള ബന്ധമായിരുന്നില്ല, പ്രസിഡന്റായ ക്ലിന്റന്‍ സത്യം മൂടിവെച്ചതായിരുന്നു അമേരിക്കന്‍ ജനതയുടെ പ്രശ്നം. ക്ലിന്റന്‍ സത്യം തുറന്നുപറഞ്ഞതിനുശേഷമുള്ള അഭിപ്രായ സര്‍വേകളില്‍ അദ്ദേഹത്തിന്റെ ജനപ്രീതി കൂടുകയാണുണ്ടായതത്! എന്നാല്‍ 'എതിര്‍പാര്‍ട്ടിയിലെ നേതാക്കന്‍മാരുടെ കൂട്ടത്തില്‍ കൊള്ളാവുന്ന ചെറുപ്പക്കാര്‍ ഉയര്‍ന്നു വരുന്നാല്‍ അവരെ ഏതെങ്കിലും രീതിയില്‍ വല്ല പെണ്ണുകെസിലോ ഗര്‍ഭ കേസിലോ പെടുത്തി നാറ്റിക്കുകയാണ് വേണ്ടത്' എന്ന കുമാരപ്പിള്ള സാറിന്റെ പാര്‍ട്ടി ക്ലാസിലാണ് നാം ഇപ്പോഴും നില്‍ക്കുന്നത്.