- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വീല്‍ചെയറിലെ പ്രണയവും വിവാഹവും; പരിചരിക്കാന്‍ വന്ന നഴ്സുമായും സ്നേഹബന്ധം; അത് പിരിഞ്ഞശേഷം വീണ്ടും ആദ്യഭാര്യക്കും മക്കള്‍ക്കമൊപ്പം; ഇപ്പോള്‍ എപ്സ്റ്റീന് ഫയലിന്റെ പേരില്‍ അനാവശ്യ വിവാദം; സ്റ്റീഫന്‍ ഹോക്കിംഗിന്റെ അസാധാരണ അനുരാഗ ജീവിതം!
സ്റ്റീഫന്‍ ഹോക്കിംഗിന്റെ അസാധാരണ അനുരാഗ ജീവിതം!

ലോകചരിത്രത്തില്‍ തന്നെ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെട്ട ശാസ്ത്ര പുസ്തകമെഴുതിയ വ്യക്തി. ലോകമെമ്പാടുമായി 2.5 കോടിയിലധികം കോപ്പികള്‍ വിറ്റഴിക്കപ്പെട്ട, 40-ലധികം ഭാഷകളിലേക്ക് വിവര്‍ത്തനം ചെയ്യപ്പെട്ട 'ബ്രീഫ് ഹിസ്റ്ററി ഓഫ് ടൈം' എന്ന, ലോക പ്രശസ്ത ശാസ്ത്രകാരന്‍ കാള്‍ സാഗന്‍ അവതാരിക എഴുതിയ, പുസ്തകത്തിന്റെ പേരിലൂടെയാണ് മലയാളികള്‍ സ്റ്റീഫന്‍ ഹോക്കിംഗ് എന്ന മഹാനായ ശാസ്ത്രജ്ഞനെയും അറിഞ്ഞത്. അപുര്‍വമായ നാഡീരോഗം ബാധിച്ച് വീല്‍ചെയറില്‍ കിടക്കുമ്പോഴാണ്, അദ്ദേഹം പ്രപഞ്ചത്തിന്റെ പല രഹസ്യങ്ങളും കണ്ടെത്തിയത്.
പ്രപഞ്ചം ഒരു ബിഗ് ബാങ്ങിലൂടെയാണതുടങ്ങിയതെന്നും, അത് ഒരു ചെറിയ ബിന്ദുവില്‍ നിന്നാണ് വികസിച്ചതെന്നും വ്യക്തമാക്കുന്നു സിംഗുലാരിറ്റി സിദ്ധാന്തം റോജര്‍ പെന്റോസുമായി ചേര്‍ന്ന് ഹോക്കിംഗ് ഗണിതശാസ്ത്രപരമായി സ്ഥാപിച്ചു. പ്രപഞ്ചത്തിന് തുടക്കവും ഒടുക്കവും ഉണ്ടെന്നും, എന്നാല്‍ അതിന് അതിരുകള്‍ ഇല്ലെന്നും വ്യക്തമാക്കുന്ന നോ ബൗണ്ടറി പ്രൊപ്പോസല്‍ലാണ് അദ്ദേഹത്തിന്റ മറ്റൊരു സംഭാവന. ബ്ലാക്ക് ഹോളുകള്‍ എല്ലാത്തിനെയും വിഴുങ്ങുക മാത്രമല്ല, അവ ഒരുതരം ഊര്‍ജ്ജം പുറത്തുവിടുന്നുണ്ടെന്നും ഹോക്കിംഗ് കണ്ടെത്തി. ഇത് ഹോക്കിംഗ് റേഡിയേഷന്‍ എന്നറിയപ്പെടുന്നു. ബ്ലാക്ക് ഹോളുകള്‍ ക്രമേണ നശിച്ചുപോകുമെന്ന് അദ്ദേഹം തെളിയിച്ചു. ഐന്‍സ്റ്റീന്റെ പൊതു ആപേക്ഷികതാ സിദ്ധാന്തത്തെയും ക്വാണ്ടം മെക്കാനിക്സിനെയും തമ്മില്‍ യോജിപ്പിക്കാന്‍ അദ്ദേഹം വലിയ ശ്രമങ്ങള്‍ നടത്തി. ക്വാണ്ടം ഗ്രാവിറ്റി എന്ന പരികല്‍പ്പന ഇന്നും പ്രധാന്യമുള്ളതാണ്.
യൗവനത്തില്‍ ശരീരമാസകലം തളര്‍ന്ന അപൂര്‍വ മാരകരോഗത്തിന് ഇരയായിട്ടും ശാരീരികാവശതകളെ അതിജീവിച്ച്, ഡോക്ടര്‍മാരുടെ പ്രവചനങ്ങള്‍ എല്ലാം തെറ്റിച്ചാണ് ഈ പ്രതിഭ പ്രപഞ്ച രഹസ്യങ്ങള്‍ തിരുത്തി എഴുതിയത്. 2018 മാര്‍ച്ച് 14-ന് തന്റെ 76-ാം വയസ്സിലാണ് സ്റ്റീഫന്‍ ഹോക്കിംഗ് അന്തരിച്ചത്.കേംബ്രിഡ്ജിലെ അദ്ദേഹത്തിന്റെ വസതിയിലായിരുന്നു അന്ത്യം.
യാദൃശ്ചികമെന്നു പറയട്ടെ, ലോകം പൈ ദിനമായി ആഘോഷിക്കുന്ന ദിവസമാണ് അദ്ദേഹം അന്തരിച്ചത്. കൂടാതെ, മറ്റൊരു പ്രശസ്ത ശാസ്ത്രജ്ഞനായ ആല്‍ബര്‍ട്ട് ഐന്‍സ്റ്റീന്റെ ജന്മദിനവും അന്നായിരുന്നു! പക്ഷേ ലോകംമുഴവന്‍ ആദരിക്കപ്പെട്ട ഈ പ്രതിഭ ഇന്ന് കേരളത്തിലടക്കം വലിയ തോതില്‍ ഡീ ഗ്രഡിങ്ങിന് ഇരയാവുകയാണ്. ജെഫ്രി എപസ്റ്റീന്‍ എന്ന റോയല്‍പിമ്പിന്റെ ദുഷ്ചെയ്തികളുടെ ഫയലില്‍ അയാളുടെ പേര് ഇടം പിടിച്ചതാണ്, കേരളത്തിലെ ഇസ്ലാമതമൗലികവാദികളടക്കം ആഘോഷിക്കുന്നത്.
ഐപ്സ്റ്റീന്‍ ഫയലില്‍ പേര് വന്നു എന്നാല്‍ അതിന്റെ അര്‍ത്ഥം അയാള്‍ ഉണ്ടാക്കിയ ഐലന്‍ഡില്‍ പോയി പെണ്‍കുട്ടികളെ പീഡിപ്പിച്ചു എന്നാണ് കൂടുതല്‍ ആളുകളും ധരിച്ചുവച്ചിരിക്കുന്നത്. പക്ഷേ അയാളുടെ കുറ്റകൃത്യവുമായി നേരിട്ട് യാതൊരു ബന്ധവുമില്ലാത്ത നൂറു കണക്കിന് ആളുകളുടെ പേര് ഈ ഫയലില്‍ ഉണ്ട്. അത്തരത്തില്‍ ഒരു പേരാണ് സ്റ്റീഫന്‍ ഹോക്കിങ്സിന്റെതും. ഐപ്സ്റ്റീന്‍ ഒരു ലൈംഗിക കുറ്റവാളിയാണ്എന്ന കാര്യംപോലും ഹോക്കിംഗിന് അറിയില്ലായിരുന്നു. എന്നാല്‍ ബില്‍ഗേറ്റ്സിന്റെ കാര്യത്തില്‍ ചെറിയ വ്യത്യാസമുണ്ട്, ഐപ്സ്റ്റീന്‍ ഒരു ലൈംഗിക കുറ്റവാളിയാണ് എന്നറിഞ്ഞതിനുശേഷമാണ് ബില്‍ഗേറ്റ്സ് ഇയാളെ കാണുന്നത്. ഇതേപോലെ തന്നെയാണ് അനില്‍ അംബാനി ഇന്ത്യന്‍ പ്രധാനമന്ത്രിക്ക് വേണ്ടി ബന്ധപ്പെടുന്നത് . ആ സമയത്ത് തന്നെ ഐപ്സ്റ്റീന്‍ ഒരു കുറ്റവാളി ആണ്. അതുകൊണ്ടുതന്നെ അതില്‍ ഒരു മോറല്‍ ആന്‍ഡ് എത്തിക്കല്‍ പ്രശ്നം ആരോപിക്കാന്‍ സാധിക്കും. എന്നാല്‍ അതുപോലെയല്ല ഹോക്കിങ്സിന്റെ കാര്യം. എന്നിട്ടും ആ മഹാനായ ശാസ്ത്രഞ്ജന്‍ അതിഭീകരമായി അപമാനിക്കപ്പെടുകയാണ്.
പക്ഷേ ആര്‍ക്കും മായിച്ചുകളയാന്‍ കഴിയുന്നതല്ല, ഹോക്കിംഗിന്റെ ശാസ്ത്ര സംഭാവനകളും, അദ്ദേഹത്തിന്റെ അസാധാരണ പ്രണയ ജീവിതവും.
തീന്‍മേശയില്‍പോലും പുസ്തകവായന!
1942 ജനുവരി 8-ന് ഇംഗ്ലണ്ടിലെ ഓക്സ്ഫോര്‍ഡിലായിരുന്നു, സ്റ്റീഫന്‍ ഹോക്കിംഗിന്റെ ജനനം. രണ്ടാം ലോകമഹായുദ്ധം കൊടുമ്പിരിക്കൊണ്ടിരുന്ന സമയമായതിനാല്‍ സുരക്ഷിതമായ ഇടം എന്ന നിലയിലാണ് മാതാപിതാക്കള്‍ ഓക്സ്ഫോര്‍ഡ് തിരഞ്ഞെടുത്തത്. അച്ഛന്‍ ഫ്രാങ്ക് ഹോക്കിംഗ് ഒരു മെഡിക്കല്‍ ഗവേഷകനായിരുന്നു. അമ്മ ഐസോബെല്‍ ഹോക്കിംഗ് തത്ത്വചിന്തയും രാഷ്ട്രീയവും പഠിച്ച വ്യക്തിയായിരുന്നു. ഹോക്കിംഗിന്റെ കുടുംബം വളരെ ബുദ്ധിജീവികളായ, എന്നാല്‍ അല്‍പ്പം വിചിത്ര സ്വഭാവമുള്ളവരായാണ് അറിയപ്പെട്ടിരുന്നത്. ഭക്ഷണസമയത്ത് മേശയ്ക്കിരുന്ന് പരസ്പരം സംസാരിക്കാതെ, എല്ലാവരും അവരവരുടെ പുസ്തകങ്ങള്‍ വായിക്കുന്നത് അവരുടെ വീട്ടിലെ സാധാരണ കാഴ്ചയായിരുന്നുവെന്ന് ജീവചരിത്രകാരന്‍മ്മാര്‍ എഴുതുന്നു!
സെന്റ് ആല്‍ബന്‍സ് സ്‌കൂളിലായിരുന്നു ഹോക്കിംഗ് പഠിച്ചത്. സ്‌കൂളില്‍ അവന്‍ ഒരിക്കലും റാങ്ക് ഹോള്‍ഡര്‍ ആയിരുന്നില്ല. ഗ്രേഡുകള്‍ ശരാശരി മാത്രമായിരുന്നു.പഠനത്തില്‍ മുന്നിലല്ലായിരുന്നിട്ടും, കാര്യങ്ങളെ ആഴത്തില്‍ വിശകലനം ചെയ്യാനുള്ള അദ്ദേഹത്തിന്റെ കഴിവ് കണ്ട സഹപാഠികള്‍ അദ്ദേഹത്തെ 'ഐന്‍സ്റ്റീന്‍' എന്ന് വിളിച്ചിരുന്നു. അറിവുണ്ടായിരുന്നെങ്കിലും പരീക്ഷകള്‍ എഴുതുന്നതില്‍ അവന്‍ അലസനായിരുന്നു. പക്ഷേ, സങ്കീര്‍ണ്ണമായ കാര്യങ്ങള്‍ മനസ്സിലാക്കാന്‍ പ്രത്യേക കഴിവുണ്ടായിരുന്നു. ചെറുപ്പത്തിലേ കൗതുകം നിറഞ്ഞ പ്രകൃതമായിരുന്നു ഹോക്കിംഗിന്റേത്. റേഡിയോകളും ക്ലോക്കുകളും മറ്റും അദ്ദേഹം അഴിച്ചു പരിശോധിക്കുമായിരുന്നു. പലപ്പോഴും അവ തിരികെ ഘടിപ്പിക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞിരുന്നില്ല, എങ്കിലും അവ എങ്ങനെ പ്രവര്‍ത്തിക്കുന്നു എന്ന് അറിയാനായിരുന്നു ആ പയ്യന് താല്‍പ്പര്യം. അങ്ങനെ അവസാനം അവര്‍ ഈ പ്രപഞ്ചം എങ്ങനെ ഉണ്ടാക്കിയെന്നും അഴിച്ചുനോക്കാതെ കണ്ടെത്തി!
ഒരു മുഴുസമയ പഠിപ്പിസ്റ്റായിരുന്നില്ല ഹോക്കിംഗ്. മറിച്ച്, ലോകത്തെ മറ്റൊരു കണ്ണിലൂടെ കാണാന്‍ ശ്രമിച്ച, കൗതുകം നിറഞ്ഞ ഒരു ബാലനായിരുന്നു അദ്ദേഹം. പിതാവിന് മകനെ, ഒരു ഡോക്ടറാക്കാനായിരുന്നു താല്‍പ്പര്യം. എന്നാല്‍ ഹോക്കിംഗിന് ഇഷ്ടം കണക്കിനോടായിരുന്നു. കൗമാരപ്രായത്തില്‍ തന്റെ സുഹൃത്തുക്കളുമായി ചേര്‍ന്ന് പഴയ പാഴ്വസ്തുക്കളും ടെലിഫോണ്‍ സ്വിച്ച് ബോര്‍ഡും ഉപയോഗിച്ച് ലളിതമായ ഒരു കമ്പ്യൂട്ടര്‍ അദ്ദേഹം നിര്‍മ്മിച്ചു. ഇന്നത്തെ അത്യാധുനിക കമ്പ്യൂട്ടറുകള്‍ വരുന്നതിനും എത്രയോ മുന്‍പായിരുന്നു ഇതെന്ന് ഓര്‍ക്കണം!
വീല്‍ചെയറിലെ പ്രണയം!
കേരളത്തിലെ പലരുടെയും ധാരണ അദ്ദേഹം വീല്‍ചെയറില്‍ കിടക്കുന്ന വെറും വെജിറ്റബിള്‍ മനുഷ്യന്‍ മാത്രമാണ് എന്നാണ്. പക്ഷേ നമുക്കൊന്നും സങ്കല്‍പ്പിക്കാന്‍പോലും കഴിയാത്ത പ്രണയജീവിതത്തിന്റെ ഉടമകൂടിയായിരുന്നു ഹോക്കിംഗ്. ശാരീരികമായ വെല്ലുവിളികള്‍ക്കിടയിലും പ്രണയവും വിവാഹവും അദ്ദേഹത്തിന്റെ ജീവിതത്തില്‍ വലിയ സ്വാധീനം ചെലുത്തിയിട്ടുണ്ട്. ഹോക്കിംഗിന്റെ ആദ്യ പ്രണയമായിരുന്നു ജെയിന്‍ വൈല്‍ഡ്. കേംബ്രിഡ്ജിലെ പഠനകാലത്താണ് ഇവര്‍ കണ്ടുമുട്ടുന്നത്. ഹോക്കിംഗിന് മോട്ടോര്‍ ന്യൂറോണ്‍ രോഗം (എ എല്‍ എസ്) സ്ഥിരീകരിച്ച് മാസങ്ങള്‍ക്കുള്ളിലായിരുന്നു ഇവരുടെ വിവാഹം. ഹോക്കിംഗിന് വെറും രണ്ട് വര്‍ഷം കൂടി മാത്രമേ ആയുസ്സുള്ളൂ എന്ന് ഡോക്ടര്‍മാര്‍ വിധി എഴുതിയ സമയത്തും ജെയിന്‍ അദ്ദേഹത്തെ വിവാഹം കഴിക്കാന്‍ തയ്യാറായി.
ഈ ദമ്പതികള്‍ക്ക് റോബര്‍ട്ട് (1967), ലൂസി (1970), തിമോത്തി (1979) എന്നീ മുന്ന് മക്കളുണ്ട്. ഹോക്കിംഗിന്റെ രോഗം കൂടുകയും അദ്ദേഹം ആഗോള പ്രശസ്തിയിലേക്ക് ഉയരുകയും ചെയ്തതോടെ ഇവരുടെ കുടുംബജീവിതത്തില്‍ വിള്ളലുകള്‍ വീണു. ഹോക്കിംഗിനെ ശുശ്രൂഷിക്കാന്‍ നഴ്‌സുമാരുടെ ഒരു സംഘം എപ്പോഴും ഒപ്പമുണ്ടായിരുന്നത് ജെയിനിന് ബുദ്ധിമുട്ടായി. 1990-ല്‍ ഇവര്‍ വേര്‍പിരിയുകയും 1995-ല്‍ ഔദ്യോഗികമായി വിവാഹമോചനം നേടുകയും ചെയ്തു.
അപ്പോഴേക്കും തന്നെ ശുശ്രൂഷിച്ചിരുന്ന നഴ്‌സുമാരില്‍ ഒരാളായിരുന്നു ഇലെയ്ന്‍ മാസണുമായി അദ്ദേഹം പ്രണയത്തിലായിരുന്നു! ജെയിനുമായുള്ള ബന്ധം തകര്‍ന്ന ശേഷം 1995-ല്‍ ഇവരെ വിവാഹം ചെയ്തു. ഈ ബന്ധം വലിയ വിവാദങ്ങള്‍ക്ക് വഴിതെളിച്ചു. ഇലെയ്ന്‍ ഹോക്കിംഗിനെ ശാരീരികമായി ഉപദ്രവിക്കുന്നുണ്ടെന്ന് മക്കള്‍ ഉള്‍പ്പെടെയുള്ളവര്‍ ആരോപിച്ചു. എന്നാല്‍ ഹോക്കിംഗ് ഇത് എന്നും നിഷേധിച്ചിരുന്നു. 11 വര്‍ഷത്തെ വിവാഹജീവിതത്തിന് ശേഷം 2006-ല്‍ ഇവര്‍ വിവാഹമോചിതരായി. ഇതിനുശേഷമാണ് കഥയിലെ അടുത്ത ട്വിസ്റ്റ്. ഈ ബ്രേക്കപ്പിനുശേഷം, ഹോക്കിംഗ് വീണ്ടും ജെയിനുമായും മക്കളുമായും അടുപ്പത്തിലായി! മരിക്കുംവരെ ഇവര്‍ ഇദ്ദേഹത്തിന് ഒപ്പമുണ്ടായിരുന്നു. ഹോക്കിംഗിന്റെയും ജെയിന്‍ വൈല്‍ഡിന്റെയും പ്രണയകഥ പ്രമേയമാക്കി നിര്‍മ്മിച്ച ' ദ തിയറി ഓഫ് എവരിതിങ്്' എന്ന സിനിമയും ശ്രദ്ധേയമാണ്. . ഇതില്‍ ഹോക്കിംഗിനെ അവതരിപ്പിച്ച എഡി റെഡ്മെയ്‌നിന് ഓസ്‌കാര്‍ പുരസ്‌കാരം ലഭിച്ചിരുന്നു.
ജെയ്ന്‍ രചിച്ച 'ട്രാവലിങ് ടു ഇന്‍ഫിനിറ്റി: മൈ ലൈഫ് വിത് സ്റ്റീഫന്‍' എന്ന ഓര്‍മപ്പുസ്തകത്തെ ആധാരമാക്കിയാണ് ചിത്രമെടുത്തത്. രോഗാവസ്ഥയില്‍ ജെയിന്‍ നല്‍കിയ സ്‌നേഹവും പിന്തുണയുമാണു തുടര്‍ന്നുള്ള തന്റെ ജീവിതം സാധ്യമാക്കിയതെന്നു ഹോക്കിങ് പറഞ്ഞിരുന്നു. ഹോക്കിങ് ആയി മാറാന്‍ ആറുമാസത്തിലേറെ നീണ്ട പ്രയത്നമാണ് എഡ്ഡി റെഡ്‌മെയ്ന്‍ നടത്തിയത്. ടൊറന്റോ ഫെസ്റ്റിവലില്‍ പ്രദര്‍ശനം കാണാന്‍ ഹോക്കിങ്ങുമുണ്ടായിരുന്നു. സിനിമ തീര്‍ന്നപ്പോള്‍ അദ്ദേഹത്തിന്റെ കവിളിലൂടെ കണ്ണീരൊഴുകി.
എപ്സ്റ്റീന്‍ ഫയലില്‍പെട്ടതിങ്ങനെ?
ജെഫ്രി എപ്സ്റ്റീനുമായി ബന്ധപ്പെട്ട് പുറത്തുവന്ന കോടതി രേഖകളില്‍ പ്രശസ്ത ശാസ്ത്രജ്ഞന്‍ സ്റ്റീഫന്‍ ഹോക്കിംഗിന്റെ പേരും ഉള്‍പ്പെട്ടിട്ടുണ്ട്. എന്നാല്‍ ഹോക്കിംഗ് ഏതെങ്കിലും തരത്തിലുള്ള ലൈംഗിക പീഡനം നടത്തിയതായി യാതൊരു തെളിവോ ഔദ്യോഗിക ആരോപണമോ ഇല്ല. 2006-ല്‍ എപ്സ്റ്റീന്‍ സാമ്പത്തിക സഹായം നല്‍കിയ ഒരു ശാസ്ത്ര കോണ്‍ഫറന്‍സില്‍ പങ്കെടുക്കാനായി ഹോക്കിംഗ് എപ്സ്റ്റീന്റെ സ്വകാര്യ ദ്വീപായ ലിറ്റില്‍ സെന്റ് ജെയിംസ് സന്ദര്‍ശിച്ചിരുന്നു. ആ സമയത്ത് അദ്ദേഹം മറ്റ് ശാസ്ത്രജ്ഞര്‍ക്കൊപ്പം ബാര്‍ബിക്യൂ പാര്‍ട്ടിയില്‍ പങ്കെടുക്കുന്നതിന്റെയും ഒരു സബ്മറൈനില്‍ യാത്ര ചെയ്യുന്നതിന്റെയും ചിത്രങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.
2015-ല്‍ എപ്സ്റ്റീന്‍ തന്റെ സഹായിയായ ഗിസ്ലെയ്ന്‍ മാക്‌സ്വെല്ലിന് അയച്ച ഒരു ഇമെയില്‍ രേഖകളില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. 'സ്റ്റീഫന്‍ ഹോക്കിംഗ് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടു' എന്ന ആരോപണം തെറ്റാണെന്ന് തെളിയിക്കാന്‍ സഹായിക്കുന്നവര്‍ക്ക് പ്രതിഫലം നല്‍കാന്‍ എപ്സ്റ്റീന്‍ ഈ മെയിലിലൂടെ നിര്‍ദ്ദേശിച്ചിരുന്നു. ഈ ആരോപണം ഉന്നയിച്ച വിര്‍ജീനിയ ഗിഫ്രെയുടെ വാദങ്ങള്‍ തെറ്റാണെന്ന് സ്ഥാപിക്കാനാണ് എപ്സ്റ്റീന്‍ ശ്രമിച്ചിരുന്നത്. കുറ്റാരോപണങ്ങളുടെ അഭാവം: പുറത്തുവന്ന 900-ലധികം പേജുകളുള്ള രേഖകളില്‍ ഒരിടത്തും ഹോക്കിംഗ് നേരിട്ട് ഏതെങ്കിലും കുറ്റകൃത്യത്തില്‍ ഏര്‍പ്പെട്ടതായി പറയുന്നില്ല.
അദ്ദേഹം ഉള്‍പ്പെടെയുള്ള പല പ്രമുഖരുടെയും പേരുകള്‍ എപ്സ്റ്റീനുമായുള്ള ബന്ധത്തിന്റെയോ സന്ദര്‍ശനങ്ങളുടെയോ അടിസ്ഥാനത്തിലാണ് രേഖകളില്‍ ഉള്‍പ്പെട്ടത്. ചുരുക്കത്തില്‍, എപ്സ്റ്റീന്‍ സ്പോണ്‍സര്‍ ചെയ്ത ശാസ്ത്ര പരിപാടികളില്‍ പങ്കെടുത്തു എന്നതിനപ്പുറം ഹോക്കിംഗിനെതിരെ ലൈംഗികാരോപണങ്ങള്‍ നിലവിലില്ല. സ്റ്റീഫന്‍ ഹോക്കിംഗിനെതിരെ ലൈംഗിക പീഡനവുമായി ബന്ധപ്പെട്ട് യാതൊരു വിധത്തിലുള്ള പെണ്‍കുട്ടികളും പരാതി നല്‍കിയിട്ടില്ല. എപ്സ്റ്റീനെതിരെ പരാതി നല്‍കിയ പ്രധാന വ്യക്തിയായ വിര്‍ജീനിയ ഗിഫ്രെ, ഹോക്കിംഗിനെതിരെ ഒരിക്കലും പീഡന ആരോപണം ഉന്നയിച്ചിട്ടില്ലെന്ന് അവരുടെ അഭിഭാഷകര്‍ വ്യക്തമാക്കിയിട്ടുണ്ട്.
'ബുദ്ധിജീവിയായ മനുഷ്യസ്നേഹി'
പക്ഷേ ജെഫ്രി എപ്സ്റ്റീന്‍ ശാസ്ത്രജ്ഞരെയും കോണ്‍ഫറന്‍സുകളെയും സ്പോണ്‍സര്‍ ചെയ്തതിന് പിന്നില്‍ വ്യക്തമായ ചില ലക്ഷ്യങ്ങളുണ്ടായിരുന്നു എന്നാണ് അന്വേഷണങ്ങള്‍ സൂചിപ്പിക്കുന്നത്.
ലോകപ്രശസ്തരായ ശാസ്ത്രജ്ഞര്‍ക്കൊപ്പം നില്‍ക്കുന്നത് എപ്സ്റ്റീന് ഒരു 'ബുദ്ധിജീവിയായ മനുഷ്യസ്നേഹി' എന്ന പ്രതിച്ഛായ നല്‍കി. ഹാര്‍വാര്‍ഡ് യൂണിവേഴ്സിറ്റി പോലുള്ള വമ്പന്‍ സ്ഥാപനങ്ങള്‍ക്ക് നല്‍കിയ സംഭാവനകള്‍ വഴി ഉന്നത ബന്ധങ്ങള്‍ സ്ഥാപിക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞു. ശാസ്ത്രജ്ഞര്‍ക്ക് ഫണ്ടിംഗ് നല്‍കുന്നതിലൂടെ അവരുടെ വലിയ ശൃംഖലകളിലേക്ക് കടന്നുകയറാന്‍ എപ്സ്റ്റീന് സാധിച്ചു. ഇത് രാഷ്ട്രീയക്കാരെയും മറ്റ് ബിസിനസ് പ്രമുഖരെയും ആകര്‍ഷിക്കാന്‍ അദ്ദേഹത്തെ സഹായിച്ചു.
ഇത്തരം കോണ്‍ഫറന്‍സുകള്‍ പലപ്പോഴും അദ്ദേഹത്തിന്റെ സ്വകാര്യ ദ്വീപിലോ റിസോര്‍ട്ടുകളിലോ ആണ് നടന്നിരുന്നത്. ഗൗരവകരമായ ശാസ്ത്ര ചര്‍ച്ചകള്‍ നടക്കുമ്പോള്‍ തന്നെ, അതിന്റെ മറവില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ എത്തിക്കാനും പീഡനങ്ങള്‍ നടത്താനും എളുപ്പമായിരുന്നു. 2006-ല്‍ സ്റ്റീഫന്‍ ഹോക്കിംഗ് ഉള്‍പ്പെടെയുള്ളവര്‍ പങ്കെടുത്ത ശാസ്ത്ര കോണ്‍ഫറന്‍സിന്റെ സമയത്ത് പോലും, അവിടെ പെണ്‍കുട്ടികളെ എത്തിച്ചിരുന്നതായി കോടതി രേഖകളില്‍ വിര്‍ജീനിയ ഗിഫ്രെ സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. ശാസ്ത്രജ്ഞര്‍ പലപ്പോഴും ഇത്തരം കാര്യങ്ങള്‍ അറിഞ്ഞിരുന്നില്ലെങ്കിലും, അവരുടെ സാന്നിധ്യം എപ്സ്റ്റീന്റെ ഇത്തരം പ്രവൃത്തികള്‍ക്ക് ഒരു പരിരക്ഷയായി മാറി.
ഹാര്‍വാര്‍ഡ് യൂണിവേഴ്സിറ്റിയില്‍ ജെഫ്രി എപ്സ്റ്റീന്‍ ചെലുത്തിയ സ്വാധീനം കേവലം സാമ്പത്തിക സഹായത്തിന് അപ്പുറമായിരുന്നു. തന്റെ പണവും സ്വാധീനവും ഉപയോഗിച്ച് അദ്ദേഹം അക്കാദമിക് ലോകത്ത് ഒരു 'മാന്യമായ മുഖം' നേടിയെടുക്കാന്‍ ശ്രമിച്ചു. 1998-നും 2008-നും ഇടയില്‍ എപ്സ്റ്റീന്‍ ഏകദേശം 9.1 ദശലക്ഷം ഡോളര്‍ ഹാര്‍വാര്‍ഡിന് സംഭാവനയായി നല്‍കി. ഇതില്‍ ഏറ്റവും വലിയ തുകയായ 6.5 ദശലക്ഷം ഡോളര്‍ നല്‍കിയത് 2003-ല്‍ 'പ്രോഗ്രാം ഫോര്‍ എവല്യൂഷണറി ഡൈനാമിക്സ്' എന്ന ഗവേഷണ വിഭാഗം സ്ഥാപിക്കാനായിരുന്നു. 2008-ല്‍ ലൈംഗിക കുറ്റകൃത്യങ്ങള്‍ക്ക് ശിക്ഷിക്കപ്പെട്ടതിന് ശേഷവും എപ്സ്റ്റീന് ഹാര്‍വാര്‍ഡ് ക്യാമ്പസില്‍ വലിയ സ്വാധീനമുണ്ടായിരുന്നു. 2010നും 2018-നും ഇടയില്‍ അദ്ദേഹം 40-ലധികം തവണ ക്യാമ്പസ് സന്ദര്‍ശിച്ചതായും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.
യാതൊരു അക്കാദമിക് യോഗ്യതയുമില്ലാതിരുന്നിട്ടും, 2005-ല്‍ എപ്സ്റ്റീനെ ഹാര്‍വാര്‍ഡ് സൈക്കോളജി വിഭാഗത്തില്‍ വിസിറ്റിംഗ് ഫെല്ലോ ആയി നിയമിച്ചു. അക്കാലത്ത് സൈക്കോളജി വിഭാഗം ചെയര്‍മാനായിരുന്ന സ്റ്റീഫന്‍ കോസ്ലിന് എപ്സ്റ്റീന്‍ നല്‍കിയ സംഭാവനകളാണ് ഇതിന് വഴിതുറന്നത്.പിഇഡിയുടെ ഡയറക്ടറായിരുന്ന നൊവാക്കിന് എപ്സ്റ്റീനുമായി അടുത്ത ബന്ധമുണ്ടായിരുന്നു. എപ്സ്റ്റീനെ ഒരു മാന്യനായ ജീവകാരുണ്യപ്രവര്‍ത്തകനായി ചിത്രീകരിക്കാന്‍ ഇദ്ദേഹം തന്റെ വെബ്‌സൈറ്റിലൂടെയും മറ്റും ശ്രമിച്ചു.മുന്‍ ഹാര്‍വാര്‍ഡ് പ്രസിഡന്റ് ലാറി സമ്മേഴ്‌സും എപ്സ്റ്റീനുമായി അടുത്ത ബന്ധം പുലര്‍ത്തിയിരുന്നു.
സമ്മേഴ്‌സിന്റെ ഭാര്യയുടെ ചില പ്രോജക്റ്റുകള്‍ക്കായി എപ്സ്റ്റീന്‍ പണം കണ്ടെത്താന്‍ സഹായിച്ചിരുന്നു. 2025-ല്‍ പുറത്തുവന്ന രേഖകളെത്തുടര്‍ന്ന് ഇദ്ദേഹത്തിന്റെ ബന്ധങ്ങളെക്കുറിച്ച് കൂടുതല്‍ അന്വേഷണങ്ങള്‍ നടക്കുന്നുണ്ട്. എപ്സ്റ്റീനുമായുള്ള ബന്ധം വിവാദമായതോടെ ഹാര്‍വാര്‍ഡ് യൂണിവേഴ്സിറ്റി പെഡ് എന്ന ഗവേഷണ വിഭാഗം അടച്ചുപൂട്ടുകയും മാര്‍ട്ടിന്‍ നൊവാക്കിനെ സസ്പെന്‍ഡ് ചെയ്യുകയും ചെയ്തു. എപ്സ്റ്റീനില്‍ നിന്ന് ലഭിച്ച തുകയുടെ ബാക്കി ഭാഗം ലൈംഗിക അതിക്രമങ്ങള്‍ക്ക് ഇരയായവരെ സഹായിക്കുന്ന സംഘടനകള്‍ക്ക് കൈമാറി.
കിസ്വ തൊട്ട് എംബിഎസ് വരെ
പക്ഷേ ഇത്തരം കാര്യങ്ങള്‍ യാതൊന്നും പഠിക്കാതെ എപ്്സ്റ്റീനില്‍ ഫയലില്‍ പേരുവന്നു പക്ഷേ അതുകൊണ്ട് പീഡകനാണ് എന്ന രീതിയിലാണ് കേരളത്തിലെയടക്കം പ്രചാരണം. അതേസമയം, ഇസ്ലാമികവിശ്വാസികളെ ഞെട്ടിക്കുന്ന ഒരുപാട് കാര്യങ്ങള്‍ എപ്സ്റ്റീന്‍ ഫയല്‍സിലുണ്ട്. മക്കയിലെ വിശുദ്ധ കഅബാലയത്തെ അലങ്കരിക്കുന്ന കിസ്വ എന്ന പുണ്യവസ്ത്രം എപ്സ്റ്റീന്‍ തന്റെ വസതിയില്‍ അനാദരവോടെ ഉപയോഗിച്ചിരുന്നുവെന്നാണ് വിവരം. ചിത്രത്തില്‍ ജെഫ്രി എപ്സ്റ്റീനൊപ്പം യുഎഇയിലെ ഡിപി വേള്‍ഡ് ചെയര്‍മാനായ സുല്‍ത്താന്‍ അഹമ്മദ് ബിന്‍ ആണുള്ളത്. ഇരുവരും ചേര്‍ന്ന് എപ്സ്റ്റീന്റെ വീടിന്റെ തറയില്‍ കിസ്വ വിരിക്കുന്നതായി ചിത്രത്തില്‍ കാണാം.
ലോകമെമ്പാടുമുള്ള മുസ്ലീംങ്ങള്‍ അതീവ പരിശുദ്ധമായി കരുതുന്ന ഒന്നാണ് കഅബയിലെ കിസ്വ. ഖുര്‍ആന്‍ വചനങ്ങള്‍ സ്വര്‍ണ്ണനൂലുകള്‍ കൊണ്ട് തുന്നിപ്പിടിപ്പിച്ച ഈ വസ്ത്രം ഏറെ ആദരവോടെയാണ് വിശ്വാസികള്‍ കാണുന്നത്. ജെഫ്രി എപ്സ്റ്റീന്‍ ഈ പുണ്യവസ്ത്രം തന്റെ വീട്ടില്‍ വെറുമൊരു 'റഗ്ഗ്' അഥവാ ചവിട്ടിയായാണ് ഉപയോഗിച്ചിരുന്നത്. മാത്രമല്ല, ജെഫ്രി എപ്സ്റ്റീനും ഗള്‍ഫ് മേഖലയിലെ പ്രമുഖരും തമ്മിലുള്ള ബന്ധത്തെക്കുറിച്ചുള്ള നിര്‍ണ്ണായക വിവരങ്ങളും, യുഎസ് നീതിന്യായ വകുപ്പ് പുറത്തുവിട്ട രേഖകളിലൂടെ വെളിപ്പെട്ടിട്ടുണ്ട്. പ്രധാനമായും ബിസിനസ്സ്, രാഷ്ട്രീയ സ്വാധീനം എന്നിവയുമായി ബന്ധപ്പെട്ടായിരുന്നു ഈ ബന്ധങ്ങള്‍. സൗദി അറേബ്യന്‍ കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാനും എപ്സ്റ്റീനും തമ്മില്‍ നേരിട്ട് ബന്ധമുണ്ടായിരുന്നതായി രേഖകള്‍ സൂചിപ്പിക്കുന്നു. എപ്സ്റ്റീന്റെ ന്യൂയോര്‍ക്കിലെ വസതിയില്‍ ഇദ്ദേഹത്തിന്റെ ചിത്രം കണ്ടെത്തിയിരുന്നു. 2016-ല്‍ എപ്സ്റ്റീന്‍ റിയാദ് സന്ദര്‍ശിച്ചപ്പോള്‍ എംബിഎസ് ഒരു 'ബദൂയിന്‍ ടെന്റ്' സമ്മാനമായി നല്‍കിയെന്നും രേഖകള്‍ വ്യക്തമാക്കുന്നു.
എപ്സ്റ്റീന്റെ വലയില്‍ വീണ മറ്റൊരു പ്രധാന വ്യക്തിയാണ് സുല്‍ത്താന്‍ അഹമ്മദ് ബിന്‍ സുലായം. ദുബായ് ആസ്ഥാനമായുള്ള പ്രമുഖ ലോജിസ്റ്റിക്സ് കമ്പനിയായ ഡിപി വേള്‍ഡിന്റെ ചെയര്‍മാനും സിഇഒയുമാണ് ഇദ്ദേഹം. എപ്സ്റ്റീനുമായി ദശകങ്ങളോളം നീണ്ട ഇമെയില്‍ ആശയവിനിമയം ഇദ്ദേഹം നടത്തിയിരുന്നതായി രേഖകള്‍ പറയുന്നു. ഇതില്‍ ലൈംഗിക ചര്‍ച്ചകളും ബിസിനസ്സ് കാര്യങ്ങളും ഉള്‍പ്പെട്ടിരുന്നു. എപ്സ്റ്റീന്റെ സ്വകാര്യ സ്പായില്‍ നിന്നുള്ള ഒരു റഷ്യന്‍ മസാജിസ്റ്റിനെ തുര്‍ക്കിയിലെ ഒരു സ്പായില്‍ പരിശീലിപ്പിക്കാന്‍ ഇദ്ദേഹം സഹായിച്ചതായും വെളിപ്പെടുത്തലുണ്ട്.
മുന്‍ ഖത്തര്‍ പ്രധാനമന്ത്രിയായ ഹമദ് ബിന്‍ ജാസിം ബിന്‍ ജാബര്‍ അല്‍ താനിയും മുന്‍ ഇസ്രായേല്‍ പ്രധാനമന്ത്രി എഹുദ് ബരാക്കും തമ്മിലുള്ള രഹസ്യ കൂടിക്കാഴ്ചയ്ക്ക് 2018-ല്‍ എപ്സ്റ്റീന്‍ ഇടനിലക്കാരനായി പ്രവര്‍ത്തിച്ചിരുന്നുവെന്ന് രേഖകള്‍ വ്യക്തമാക്കുന്നു. യുഎഇ പ്രസിഡന്റ് മുഹമ്മദ് ബിന്‍ സായിദിന്റെ കുടുംബാംഗങ്ങള്‍ക്ക് ഇസ്രായേലില്‍ ചികിത്സാ സൗകര്യങ്ങള്‍ ഒരുക്കാനും എപ്സ്റ്റീന്‍ സഹായിച്ചിരുന്നു.
ഗള്‍ഫ് രാജ്യങ്ങളും ഇസ്രായേലും തമ്മിലുള്ള അനൗദ്യോഗിക ബന്ധങ്ങള്‍ മെച്ചപ്പെടുത്തുന്നതിനും ബിസിനസ്സ് നിക്ഷേപങ്ങള്‍ക്കും വേണ്ടിയുള്ള ഒരു ഇടനിലക്കാരനായാണ് എപ്സ്റ്റീന്‍ ഈ മേഖലയില്‍ പ്രവര്‍ത്തിച്ചിരുന്നത് എന്നാണ് രേഖകള്‍ പുറത്തുവരുന്നത്.
വാല്‍ക്കഷ്ണം: ചുരുക്കിപ്പറഞ്ഞാല്‍, 'അമ്പൊന്നുകൊള്ളാത്തവരില്ല കുരുക്കളില്‍' എന്ന് പറഞ്ഞതുപോലെയാണ് കാര്യം. പാശ്ചാത്യലോകത്തെ പ്രമുഖര്‍ മാത്രമല്ല, ഗള്‍ഫ്രാജ്യങ്ങളിലെ പ്രധാനികളും എപസ്റ്റീന്റെ ലോബിയിങ്ങില്‍ പെട്ടുപോയിട്ടുണ്ട്. അതുകൊണ്ടുതന്നെ ബില്‍ഗേറ്റ്സും സ്റ്റീഫന്‍ ഹോക്കിങും അടക്കമുള്ള പാശ്ചാത്യരെമാത്രം, അടച്ച് ആക്ഷേപിച്ച്, ഇസ്ലാമും മാര്‍കിസിസും മാത്രമാണ് ശരിയെന്ന് തെളിഞ്ഞുവെന്ന് പറഞ്ഞ് കേരളത്തില്‍ നടത്തുന്ന പ്രചാരണം വെറും പൊള്ളയാണ്.


