- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
എങ്ങനെ പണക്കാരനല്ലാതാവാം! ഇന്ത്യയില്‍ ഏറ്റവുമധികം തുക സേവനങ്ങള്‍ക്കായി ചെലവഴിക്കുന്ന കോടീശ്വരന്; അസീം പ്രേംജിയുടെ അസാധാരണ കഥ
ലോക കോടീശ്വര ലിസ്റ്റില്‍ കയറിപ്പറ്റാന്‍, ശതകോടീശ്വരന്‍മാര്‍ മത്സരിക്കുന്ന ഇക്കാലത്ത്, സ്വന്തം സ്വത്തുക്കളില്‍ ഏറെയും ചാരിറ്റിക്ക് വിട്ടുകൊടുത്ത്, ആ ലിസ്റ്റില്‍ നിന്ന് പുറത്തുകടക്കാന്‍ ശ്രമിക്കുന്ന വ്യവസായികളുമുണ്ടെന്നത് ആരെയും ഞെട്ടിക്കും. അത്തരത്തില്‍ ഒരാളാണ് നമ്മുടെ വിപ്രോയുടെ സ്ഥാപകന്‍ അസീം പേംജി. വെറുമൊരു എണ്ണക്കമ്പനിയായി തന്റെ പിതാവ് തുടങ്ങിയ ഒരു സ്ഥാപനത്തെ, സോപ്പുമുതല്‍ സോഫ്‌റ്റ്വെയര്‍ വരെയുള്ള ശതകോടികളുടെ സാമ്രാജ്യമാക്കി മാറ്റിയ അസീം പ്രേജി, ഇന്ത്യന്‍ ബിസിനസ് ലോകത്തെ അദ്ഭുത മനുഷ്യനാണ്! ഇന്ന് രണ്ടരലക്ഷത്തോളം പേര്‍ ജോലിചെയ്യുന്ന, വിപ്രോ എന്ന ഐടി കമ്പനിയുടെ […]
ലോക കോടീശ്വര ലിസ്റ്റില്‍ കയറിപ്പറ്റാന്‍, ശതകോടീശ്വരന്‍മാര്‍ മത്സരിക്കുന്ന ഇക്കാലത്ത്, സ്വന്തം സ്വത്തുക്കളില്‍ ഏറെയും ചാരിറ്റിക്ക് വിട്ടുകൊടുത്ത്, ആ ലിസ്റ്റില്‍ നിന്ന് പുറത്തുകടക്കാന്‍ ശ്രമിക്കുന്ന വ്യവസായികളുമുണ്ടെന്നത് ആരെയും ഞെട്ടിക്കും. അത്തരത്തില്‍ ഒരാളാണ് നമ്മുടെ വിപ്രോയുടെ സ്ഥാപകന്‍ അസീം പേംജി. വെറുമൊരു എണ്ണക്കമ്പനിയായി തന്റെ പിതാവ് തുടങ്ങിയ ഒരു സ്ഥാപനത്തെ, സോപ്പുമുതല്‍ സോഫ്‌റ്റ്വെയര്‍ വരെയുള്ള ശതകോടികളുടെ സാമ്രാജ്യമാക്കി മാറ്റിയ അസീം പ്രേജി, ഇന്ത്യന്‍ ബിസിനസ് ലോകത്തെ അദ്ഭുത മനുഷ്യനാണ്!
ഇന്ന് രണ്ടരലക്ഷത്തോളം പേര്‍ ജോലിചെയ്യുന്ന, വിപ്രോ എന്ന ഐടി കമ്പനിയുടെ തുടക്കം, എണ്ണ- നെയ്യ് കച്ചവടത്തില്‍ നിന്നാണെന്ന് പറഞ്ഞാല്‍ വിശ്വസിക്കാന്‍ അല്‍പ്പം ബുദ്ധിമുട്ടുണ്ടാകും. നെയ്യും സസ്യ എണ്ണകളും വില്പന നടത്തിയിരുന്ന കുടുംബ ബിസിനസിനെ ചിന്തിക്കാവുന്നതിനപ്പുറത്തെ വളര്‍ച്ചയിലെത്തിച്ചയാളാണ് അസീം പ്രേജി. 21ാം വയസില്‍ കമ്പനി തലപ്പത്തേക്ക് എത്തിയ അദ്ദേഹം ചെറിയ ബിസിനസുകളില്‍ ഒതുങ്ങി നിന്ന കമ്പനിയെ വിവിധ മേഖലയിലേക്ക് പായിച്ചു. ഇന്ത്യയിലെ മുന്‍നിര ടോയ്‌ലറ്റ് സോപ്പ് ബ്രാന്‍ഡുകളിലൊന്നായ സന്തൂര്‍, ആയുര്‍വേദ സോപ്പ് ആയ ചന്ദ്രിക എന്നിവ വിപ്രോയില്‍ നിന്ന് പുറത്തിറങ്ങുന്നവയാണ്. യാഡ്ലി, ഹൈജീനിക്സ്, ഗ്ലൂക്കോവിറ്റ, സേഫ് വാഷ്, സോഫ്റ്റ് ടെച്ച്, ജിഫ്ഫി, മാക്സ്‌ക്ലീന്‍, വിപ്രോ ഗാര്‍നെറ്റ് (എല്‍ഇഡി ലൈറ്റുകള്‍), അരാമസ്‌ക് എന്നീ ബ്രാന്‍ഡുകള്‍ വിപ്രോയില്‍ നിന്നുള്ളവയാണ്. 2024-ലെ കണക്കനുസരിച്ച്, അസിം പ്രേംജിയുടെ ആസ്തി ഏകദേശം 28 ബില്യണ്‍ ഡോളറാണെന്ന് കണക്കാക്കപ്പെടുന്നു.
ഇന്ന്, ഇന്ത്യയില്‍ ഏറ്റവുമധികം പണം സാമൂഹ്യ സേവനങ്ങള്‍ക്കായി ചെലവഴിക്കുന്ന കോടീശ്വരനാണ് അസിം പ്രേംജി. തന്റെ വരുമാനത്തിന്റെ 39 ശതമാനത്തോളം അദ്ദേഹം കഷ്ടപ്പെടുന്നവര്‍ക്കായി മാറ്റി വച്ചിട്ടുണ്ട്. അസാധാരണം തന്നെയാണ് അസീം പ്രേംജിയുടെ ജീവിത കഥ.
ജിന്നയെ നിരസിച്ച് ഇന്ത്യയില്‍ തുടര്‍ന്നു
പ്രേംജി കുടുംബത്തിന്റെ വേരുകള്‍ സ്വാതന്ത്ര്യാനന്തര ഇന്ത്യയിലേക്ക് എത്തുന്നതാണ്. ബോംബെയില്‍ സ്ഥിരതാമസക്കാരായ ഗുജറാത്തീ മുസ്ലിംകള്‍ ആയിരുന്നു അവര്‍. ഒരു പ്രമുഖ ഷിയ മുസ്ലീം കുടുംബമായിരുന്നു അത്. മുംബൈയിലെ സമ്പന്ന കച്ചവടക്കാരന്‍ ആയിരുന്നു അസീം പ്രേംജിയുടെ പിതാവ് മുഹമ്മദ് ഹാഷിം പ്രേംജി. അദ്ദേഹം അറിയപ്പെട്ടിരുന്നത് 'ബര്‍മന്‍ അരി രാജാവ്' എന്നായിരുന്നു.
മുഹമ്മദലി ജിന്ന ഇദ്ദേഹത്തെ പാക്കിസ്ഥാനിലേക്ക് പല ഓഫറുകളും നല്‍കി ക്ഷണിച്ചത് ചരിത്രം. പക്ഷേ, അദ്ദേഹം ഇന്ത്യയില്‍ തന്നെ നില്‍ക്കാന്‍ തീരുമാനിക്കുകയായിരുന്നു. ജന്മനാടിനോടുള്ള കൂറും ബിസിനസിലെ സത്യസദ്ധതയുമെല്ലാം താന്‍ പിതാവില്‍ നിന്നാണ് പഠിച്ചതെന്ന് അസീം പ്രേംജി പിന്നീട് അനുസ്മരിച്ചു. 'എന്റെ പിതാവില്‍നിന്നു ഞാന്‍ പഠിച്ച വലിയ പാഠം എല്ലാ കാര്യങ്ങളിലും ആര്‍ജവത്വവും സുതാര്യതയും പുലര്‍ത്തുക എന്നതാണ്. മൂല്യങ്ങള്‍ മുറുകെപ്പിടിക്കുന്നതിന്റെ ഫലമായി വ്യാപാരബന്ധുക്കളെ നേടാനല്ലാതെ നഷ്ടപ്പെടാന്‍ ഇടവന്നിട്ടില്ല"- അസീം പ്രേംജി ഒരിക്കല്‍ പറഞ്ഞു.
പരമ്പരാഗതമായി ധാന്യ കച്ചവടക്കാരായിരുന്ന കുടുംബത്തില്‍ നിന്ന് മുഹമ്മദ് ഹുസൈന്‍ ഹാഷം പ്രേംജിയാണ് വിപ്രോയുടെ ആദ്യ രൂപം വെസ്റ്റേണ്‍ ഇന്ത്യ വെജിറ്റബിള്‍ പ്രൊഡക്ട് ലിമിറ്റഡ് ആരംഭിക്കുന്നത്. ബിസിനസ് വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി 1945 ഡിസംബര്‍ 29നായിരുന്നു കമ്പനി തുടങ്ങുന്നത്.മഹാരാഷ്ട്രയിലെ അമല്‍നെറില്‍ വിലയ്ക്ക് വാങ്ങിയ ഓയില്‍ മില്ലുമായാണ് ഹുസൈന്‍ പ്രേംജി വെസ്റ്റേണ്‍ ഇന്ത്യ വെജിറ്റബിള്‍ പ്രൊഡക്ട് ആരംഭിക്കുന്നത്. മുഹമ്മദുസൈന്റെ ഭാര്യ ഡോ ഗുല്‍ബാനു പ്രേംജിയായിരുന്നു ആദ്യ ചെയര്‍പേഴ്സണ്‍. വനസ്പതി നെയ്യും, സണ്‍ഫ്‌ളവര്‍ ഓയിലുകള്‍ എന്നിവയും അതിന്റെ ഉപഉല്‍പ്പന്നമായി സോപ്പും നിര്‍മിച്ചിരുന്നു. 786 എന്നായിരുന്നു പേര്. എന്നാല്‍, അലക്ക് സോപ്പ് ആയതിനാല്‍ ഈ പുണ്യ അറബിക് നമ്പറിന് പകരം, 787 എന്നാക്കി മാറ്റിയതും ചരിത്രം.
അസിം ഹാഷിം പ്രേംജി 1945 ജൂലൈ 24നാണ് ജനിച്ചത്. ചെറുപ്പത്തിലെ നന്നായി പഠിക്കുമായിരുന്നു അവന്‍. പിതാവും കുടുംബവും വിദ്യാഭ്യാസത്തിന് വലിയ പ്രാധാന്യം കൊടുത്തിരുന്നു. അങ്ങനെയാണ് അദ്ദേഹം അമേരിക്കയില്‍ ഉപരി പഠനത്തിനായി എത്തുന്നത്. ഒട്ടും പ്രതീക്ഷിക്കാതെ, വളരെ ചെറുപ്പത്തില്‍ തന്നെ, ഒരു വലിയ ബിസിനസിന്റെ ഭാരം ചുമക്കേണ്ടിവന്ന വ്യക്തിയാണ് അസീം പ്രേംജി. അമേരിക്കയിലെ സ്റ്റാന്‍ഡ് ഫോര്‍ഡ് യൂണിവേഴ്‌സിറ്റിയില്‍ ഇലക്ട്രിക്ക് എന്‍ജിനീയറിംഗ് പഠിച്ചുകൊണ്ടിരിക്കുമ്പോളാണ് പിതാവ് മരിച്ചത്. 1966 ലായിരുന്നു സംഭവം. അന്ന് അസീം പ്രേംജിക്ക് വെറും 21 വയസ്സുമാത്രം. അങ്ങനെ നാട്ടിലേക്ക് തിരിച്ചുവന്ന് വെസ്റ്റേണ്‍ ഇന്ത്യ വെജിറ്റബിള്‍ പ്രൊഡക്ട് ലിമിറ്റഡിന്റെ ചുമതല ഏറ്റെടുത്തു. ഒരു 21-കാരനെ ചെയര്‍മാനാക്കി ഇരുത്തുന്നതില്‍ ഓഹരി ഉടമകള്‍ക്ക് താല്‍പര്യമില്ലായിരുന്നെങ്കിലും, 90 ശതമാനത്തിലധികം ഓഹരി അസീം പ്രേംജിക്കായതിനാല്‍ ആരും മറുത്തൊന്നും പറഞ്ഞില്ല. പക്ഷേ കമ്പനിയെ ഈ ബിസിനസ് പരിചയമില്ലാത്ത പയ്യന്‍ നശിപ്പിക്കുമെന്നാണ് കരുതിയത്. പക്ഷേ തിരിച്ചാണ് കാര്യങ്ങള്‍ സംഭവിച്ചത്.
അന്ന് ഓയിലായിരുന്നു കമ്പനിയുടെ പ്രധാന ബിസിനസ്. ഇതുമൂലം അധികകാലമൊന്നും പിടിച്ച് നില്‍ക്കാന്‍ കഴിയില്ല എന്ന് അസീം പ്രേംജി തിരിച്ചറിഞ്ഞു. വ്യത്യസ്ത ഉല്‍പ്പന്നങ്ങള്‍ ഇറക്കി അദ്ദേഹം കമ്പനിയെ വൈവിധ്യവല്‍ക്കരിച്ചു. വ്യാവസായിക്കാവശ്യത്തിനുള്ള സിലിണ്ടറുകള്‍, എത്തിനിക് പ്രോഡക്ടുകള്‍, ബേബി പ്രോഡക്ടുകള്‍, കോസ്‌മെറ്റിക്‌സ്, ഇലക്ട്രിക് ഐറ്റംസ് ഇങ്ങനെ പലതും ഇറക്കി. അസീം പ്രേംജിയുടെ പ്രവര്‍ത്തനങ്ങളോടെ എണ്ണമറ്റ മേഖലകളിലേക്ക് വെസ്റ്റേണ്‍ ഇന്ത്യ വെജിറ്റബിള്‍ പ്രൊഡക്ട് ലിമിറ്റഡ് നീങ്ങി. ഉപഭോക്തൃ അധിഷ്ഠിത ഉത്പ്പന്നങ്ങളിലേക്ക് കമ്പനി നിര്‍മാണം തുടങ്ങി. ടോയ്ലറ്ററികള്‍, സോപ്പുകള്‍, ലൈറ്റിംഗ് ഉല്‍പ്പന്നങ്ങള്‍, വ്യാവസായിക ഹൈഡ്രോളിക് സിലിണ്ടറുകള്‍ എന്നിവ നിര്‍മിക്കുന്ന കമ്പനിയായി മാറി.
വിപ്രോ ജനിക്കുന്നു
അപ്പോഴും വിപ്രോ എന്ന ചരിത്രം കുറിച്ച ബ്രാന്‍ഡിലേക്ക് കമ്പനി മാറിയിട്ടില്ലായിരുന്നു. 1977- ല്‍ രാജ്യത്ത് അധികാരത്തിലെത്തിയ മൊറാര്‍ജി ദേശായിയുടെ നേതൃത്വത്തിലുള്ള ജനതാ സര്‍ക്കാര്‍ നയങ്ങളാണ് സത്യത്തില്‍ വിപ്രോയുടെ പിറവിക്ക് കാരണമാണ്. വിദേശ നിക്ഷേപത്തേയും വിദേശ കമ്പനികളെയും എതിര്‍ത്ത ജനതാ സര്‍ക്കാര്‍ രാജ്യത്ത് നിന്ന് വിദേശ കമ്പനികളെ പുറത്താക്കി. ( ഇന്ന് തിരിഞ്ഞുനോക്കുമ്പോള്‍ രാജ്യം കണ്ട ഏറ്റവും വലിയ സാമ്പത്തിക ദുരന്തമായിട്ടാണ് ഇത് വിലയിരുത്തപ്പെടുന്നത്) കൊക്കകോളയ്‌ക്കൊപ്പം അന്ന് ഇന്ത്യ വിട്ടതില്‍ രാജ്യത്തെ ഏക ഐടി കമ്പനിയായി ഐബിഎം ഉണ്ടായിരുന്നു. കൊക്കകോളയ്ക്ക് ബദലായി തംപ്‌സ്അപ്പും കാംപ കോളയും എത്തിയപ്പോള്‍ ഐബിഎം ഒഴിച്ചിട്ടയിടം നികത്താനായിരുന്നു അസീം പ്രേംജിയുടെ തീരുമാനം.
കംപ്യൂട്ടറുകള്‍ വ്യാപകമാകുന്ന കാലമായിരുന്നു അത്. ഇനിയുള്ള ലോകം കംപ്യൂട്ടറുകളുടേതാണെന്ന് പ്രേംജി മനസ്സിലാക്കി. അക്കാലത്തെ വലിയ കംപ്യൂട്ടര്‍ കമ്പനിയായ ഐ.ബി.എം. ഇന്ത്യയില്‍ നിന്ന് ഒഴിവായ അവസരം മുതലാക്കാന്‍ അസിം പ്രേംജി തീരുമാനിച്ചു. 1980-തില്‍ വെസ്റ്റേണ്‍ ഇന്ത്യ വെജിറ്റബിള്‍ പ്രൊഡക്ട് ലിമിറ്റഡ് എന്ന പേര് അദ്ദേഹം വിപ്രോ എന്നാക്കി മാറ്റി ഐടി അനുബന്ധ സേവനങ്ങള്‍ ഏറ്റെടുത്തു. 1980-കളിലും 1990-കളിലും വിപ്രോ അതിന്റെ പ്രവര്‍ത്തനങ്ങള്‍ അന്താരാഷ്ട്രതലത്തില്‍ വിപുലീകരിച്ചു, സോഫ്‌റ്റ്വെയര്‍ വികസനം, ഐടി കണ്‍സള്‍ട്ടിംഗ്, ബിസിനസ് പ്രോസസ് ഔട്ട്‌സോഴ്‌സിംഗ് എന്നിവയുള്‍പ്പെടെ നിരവധി ഐടി സേവനങ്ങള്‍ വാഗ്ദാനം ചെയ്തു. അമേരിക്ക, യൂറോപ്പ് തുടങ്ങിയ പ്രധാന വിപണികളില്‍ ശക്തമായ സാന്നിധ്യം ഉറപ്പിച്ചുകൊണ്ട് പ്രേംജിയുടെ നേതൃത്വത്തില്‍ കമ്പനി വന്‍തോതില്‍ വളര്‍ന്നു.
യുഎസ് ആസ്ഥാനമായുള്ള സെന്റിനല്‍ കമ്പ്യൂട്ടര്‍ കോര്‍പ്പറേഷനുമായി സഹകരിച്ചായിരുന്നു തുടക്കത്തിലെ പ്രവര്‍ത്തനം. 1989-ല്‍ വിപ്രോ 'ജനറല്‍ ഇലക്ട്രിക്' എന്ന കമ്പനിയുമായി സഹകരിച്ചു. വിപ്രോ-ജിഇ എന്ന പേരില്‍ മെഡിക്കല്‍ ഇമേജിംഗ്, ഡയഗ്‌നോസിസ് ഉപകരണങ്ങള്‍ കമ്പനി നിര്‍മ്മിച്ചു. 1999-ല്‍ ഏസറുമായി ചേര്‍ന്ന് ഇന്ത്യന്‍ വിപണിയില്‍ വ്യക്തഗത കമ്പ്യൂട്ടറുകളും വിപ്രോ നിര്‍മാണം തുടങ്ങി. റോയല്‍ ഡച്ച് ടെലികോമുമായി ചേര്‍ന്ന് രാജ്യത്ത് ഇന്റര്‍നെറ്റ് സേവനവും വിപ്രോ നല്‍കി. വൈകാതെവിപ്രോയെ തേടി ഐ.എസ്.ഒ അംഗീകാരമെത്തി. ഇന്ത്യയില്‍ ആദ്യമായി ഈ അംഗീകാരം നേടുന്ന ഐ ടി കമ്പനിയാണ് വിപ്രോ. ഓഹരി വിപണിയില്‍ നിക്ഷേപകര്‍ക്ക് വലിയ ലാഭവിഹിതം നല്‍കുന്ന കമ്പനിയായി മാറി. പിന്നീട് അങ്ങോട്ടുള്ളത് ചരിത്രം. രണ്ടുലക്ഷത്തിലധികം പേര്‍ ജോലിചെയ്യുന്ന, മുന്‍നിര കമ്പനിയായി വിപ്രോ മാറി.
പഞ്ചനക്ഷത്രഹോട്ടലില്‍ താമസിക്കാത്ത മില്ല്യണര്‍
എക്കാലത്തും എളിമയുടെ പ്രതീകമായിരുന്നു,അസീം പ്രേംജി. ഒരിക്കലും വിമാനത്തില്‍ ബിസിനസ് ക്ലാസില്‍ യാത്ര ചെയ്യാറില്ല. എക്കണോമി ടിക്കറ്റ് മാത്രം ഉപയോഗിക്കുന്നു. 'വിമാനത്തില്‍ എവിടെ ഇരുന്നാലും ഒരേ സമയത്തല്ലേ നമ്മുടെ ലക്ഷ്യത്തിലെത്തുകയുള്ളൂ. ക്ലാസ് എക്‌സിക്യൂട്ടീവ് ആണെന്ന് കരുതി നാം നേരത്തെ എത്തുകയില്ലല്ലോ"- അസീം പ്രേംജി ഇങ്ങനെയാണ് ഒരു ഇന്റര്‍വ്യൂവില്‍ പ്രതികരിച്ചത്.
ഫൈവ് സ്റ്റാര്‍ ഹോട്ടലില്‍ പൊതുവെ അദ്ദേഹം താമസിക്കാറില്ല. കമ്പനി ഗസ്റ്റ് ഹൗസുകള്‍ ഉള്ള സ്ഥലങ്ങളില്‍ അവിടെ മാത്രം രാത്രി വാസം. വിപ്രോ കമ്പനി സ്ഥിതി ചെയ്യുന്ന സ്ഥലങ്ങളിലെല്ലാം അവര്‍ക്ക് ചെറിയ എംപ്ലോയി കോട്ടേജുകള്‍ ഉണ്ട്. അല്ലെങ്കില്‍ ഓഫീസിന് ഉള്ളില്‍ തന്നെ റസ്റ്റ് റൂമുകളും. പ്രേംജി ഇത് മാത്രമാണ് ഉപയോഗിക്കാറുള്ളത്. 'ടോയ്‌ലറ്റ് സൗകര്യമുള്ള ഒരു ചെറിയ മുറിയും ഇന്റര്‍നെറ്റ് കണക്ഷനും ഉണ്ടെങ്കില്‍ അതുതന്നെ എനിക്ക് ധാരാളം മതി" എന്നാണ് ഇതിനെക്കുറിച്ച് പത്രക്കാരോട് അദ്ദേഹം ഒരിക്കല്‍ പ്രതികരിച്ചത്.
ഇന്ത്യയിലെ കോടീശ്വരന്മാരും സിനിമക്കാരുമെല്ലാം വിവാഹ മാമാങ്കങ്ങള്‍ നടത്തുമ്പോള്‍ പ്രേംജി അതിലും വ്യത്യസ്തനായി. ആര്‍ഭാട രഹിതമായി മക്കളുടെ കല്യാണം നടത്തി. മകന്‍ റിഷാദിന്റെ കല്യാണ കത്തില്‍ ഇങ്ങനെ എഴുതി: 'ഉപഹാരങ്ങള്‍ പണമായി മാത്രം സ്വീകരിക്കും'… കല്യാണത്തിന് അതിഥികളില്‍ നിന്നും ലഭിച്ച സമ്മാന തുകകളും കുറച്ചു സ്വന്തം പണവും കൂടി ചേര്‍ത്ത് 400 കോടി രൂപയാണ് സ്‌കൂളുകള്‍ നിര്‍മിക്കുന്നതിന് വേണ്ടി അന്ന് സംഭാവന നല്‍കിയത്.
പണം ധാരാളമുള്ളതുകൊണ്ടു ഹോട്ടല്‍ ബില്‍ നോക്കാതെ പണം നല്‍കുന്ന ശീലവും അദ്ദേഹത്തിനില്ല. ബില്ല് കിട്ടിയാല്‍ വിപ്രോയിലെ സദാ ജീവനക്കാര്‍ ചെയ്യാത്ത കാര്യംപോലും അദ്ദേഹം ചെയ്യും. ഓരോന്നും കണക്കുകൂട്ടി ശരിയാണോയെന്നു നോക്കും. ഇവിടെ വില കൂടുതലാണെന്നു പറയാനും അധികം താമസമുണ്ടാകില്ല. ടിവി ക്യാമറകള്‍ക്കു മുന്നില്‍ അപുര്‍വമായോ പ്രത്യക്ഷപ്പെടാറുള്ളൂ. പത്തുരൂപയുടെ സാമൂഹിക സേവനം നടത്തിയാല്‍ നൂറുരൂപയുടെ വാചകമടിക്കുന്ന പ്രാഞ്ചിയേട്ടന്‍ ബിസിനസുകാരുടെ കൂട്ടത്തില്‍ അദ്ദേഹത്തെ പെടുത്താന്‍ കഴിയില്ല.
അഴിമതിക്കെതിരെ ശക്തമായി പ്രതികരിക്കുന്ന വ്യക്തിയാണ് അദ്ദേഹം. ഒരിക്കല്‍ മുബൈയിലെ റോഡിലെ ഫ്‌ളൈ ഓവറിന്റെ പണി അനന്തമായി വൈകുകയും, യാത്രയില്‍ വന്‍ ബ്ലോക്ക് അനുഭവപ്പെടുകയും ചെയ്ത സമയത്ത്, പാലം പണി തീരാതെ നികുതി കൊടുക്കുകയില്ല എന്ന് ഗവണ്‍മെന്റിന് താക്കീത് നല്‍കിയത് ഒരു ചരിത്രം. മറ്റൊരിക്കല്‍ ഒരു ജീവനക്കാരന്‍ തീവണ്ടിയില്‍ സെക്കന്‍ഡ് ക്ലാസില്‍ യാത്രചെയ്തശേഷം ഫസ്റ്റ് ക്ലാസിന്റെ ബില്‍ നല്‍കി. ഇതേപ്പറ്റി പ്രേംജി അറിഞ്ഞപ്പോള്‍ അയാളെ തല്‍ക്ഷണം ജോലിയില്‍ നിന്നു പിരിച്ചുവിട്ടു. എന്നാല്‍ അയാള്‍ തൊഴിലാളി യൂണിയന്‍ നേതാവായിരുന്നതിനാല്‍ മുംബൈ ഓഫിസിലെ ജോലിക്കാരെ സംഘടിപ്പിച്ച് സമരവും മറ്റു സന്നാഹങ്ങളും ഉണ്ടാക്കി. അതു രണ്ടര മാസത്തോളം നീണ്ടുനിന്നു. അദ്ദേഹം ഒട്ടും വഴങ്ങിയില്ല. സമരം തനിയെ കെട്ടടങ്ങി. അഴിമതി ആരും കാണിച്ചാലും ഒട്ടും ദാക്ഷിണ്യമില്ല എന്നാണ് അദ്ദേഹം ഇതേക്കുറിച്ച് പിന്നീട് പറഞ്ഞത്. ജീവനക്കാര്‍ക്ക് എന്ത് അബദ്ധം ചെയ്താലും പൊറുക്കുന്ന അദ്ദേഹം, അഴിമതിക്കാര്യത്തില്‍ വിട്ടുവീഴ്ച ചെയ്യാറില്ല.
എങ്ങനെ പണക്കാരനല്ലാതാവാം!
എല്ലാവരും എങ്ങനെ പണക്കാരനാവാം എന്ന് ഗവേഷണം നടത്തുമ്പോള്‍ എങ്ങനെ പണക്കാരനല്ലാതാവാം എന്നാതിലാണ് അസീം പ്രേംജിയുടെ തീരുമാനം. 1999 മുതല്‍ 2005 വരെ ഫോര്‍ബ്‌സ് മാഗസിന്റെ കണക്കു അനുസരിച്ചു ഇന്ത്യയിലെ ഏറ്റവും വലിയ പണക്കാരനായിരുന്നു അസിം പ്രേംജി. പിന്നീട് അംബാനിക്ക് തൊട്ടു പിന്നില്‍ രണ്ടാം സ്ഥാനമായി. പക്ഷേ തുടര്‍ന്ന് അങ്ങോട്ട് തന്റെ കോടിക്കണക്കിന് വരുന്ന സ്വത്തുക്കള്‍ അദ്ദേഹം സാമൂഹിക സേവനത്തിനാണ് വിനിയോഗിച്ചത്. 2019-ല്‍ സതന്റെ സാമ്പത്തിന്റെ വലിയൊരു വിഹിതം അദ്ദേഹം സോഷ്യല്‍ വര്‍ക്കിനായി സംഭാവന നല്‍കി. അങ്ങനെ, ഇന്ത്യന്‍ കോടീശ്വരപട്ടികയില്‍നിന്ന് രണ്ടാം സ്ഥാനത്ത് നിന്നും പതിനേഴാം സ്ഥാനത്തെത്തി. അത്ര അധികം കോടികളാണ് അന്ന് സംഭാവന നല്‍കിയത്. പക്ഷേ ഇന്ത്യയില്‍ നിന്നും സാമൂഹ്യ സേവനത്തിന് ഏറ്റവും കൂടുതല്‍ സംഭാവന നല്‍കുന്ന മനുഷ്യന്‍ എന്ന നിലയില്‍ ജന മനസ്സുകളില്‍ അദ്ദേഹത്തിന് ്സ്ഥാന കയറ്റം ലഭിച്ചു.
2010-ല്‍, വാറന്‍ ബഫറ്റും, ബില്‍ ഗേറ്റ്‌സും തങ്ങളുടെ സമ്പത്തിന്റെ ഗണ്യമായ ഒരു ഭാഗം ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായി സംഭാവന ചെയ്യാന്‍ കോടീശ്വരന്മാരെ പ്രോത്സാഹിപ്പിക്കുന്ന 'ദ ഗിവിംഗ് പ്ലെഡ്ജില്‍' ഒപ്പുവെച്ചുകൊണ്ട് വലിയ ഒരു സാമൂഹിക മാറ്റത്തിന് തുടക്കമിട്ടു. അതിലെ ആദ്യ ഇന്ത്യക്കാരനായി പ്രേംജി. 2010-ല്‍ ഇന്ത്യയിലെ സ്‌കൂള്‍ എഡ്യൂക്കേഷന്‍ പുരോഗതിക്കായി രണ്ട് ബില്യണ്‍ ഡോളറാണ് അദ്ദേഹം സംഭാവന ചെയ്തത്. തന്റെ കൈവശം ഉണ്ടായിരുന്ന വിപ്രോ കമ്പനിയുടെ 213 മില്യണ്‍ ഷെയറുകള്‍ ഇതിനുവേണ്ടി അദ്ദേഹം സംഭാവന ചെയ്തു. ഇത്തരം ഒരു പ്രവൃത്തി ഇന്ത്യയില്‍ തന്നെ ആദ്യത്തേത് ആയിരുന്നു. 2013ല്‍ തന്റെ വ്യക്തിപരമായ സമ്പാദ്യത്തിന്റെ 25 ശതമാനവും അദ്ദേഹം ചാരിറ്റിക്ക് വേണ്ടി വിട്ടു കൊടുത്തിരുന്നു.2019-ല്‍ തന്റെകൈവശമുള്ള വിപ്രോ ഷെയറുകളില്‍ 34 ശതമാനം കൂടി അദ്ദേഹം സംഭാവന കൊടുത്തു.
2021-ലെ സാമ്പത്തിക വര്‍ഷത്തെ കണക്കനുസരിച്ച് പ്രതിദിനം 27 കോടി രൂപയാണ് ഇദ്ദേഹം സംഭാവനയായി ചെലവഴിച്ചത്. അതായത് ഒരു വര്‍ഷം 9,713 കോടി രൂപ. ഇതിന് പുറമെയാണ് അടിയന്തിര ഘട്ടങ്ങളില്‍ നല്‍കുന്ന സഹായം. കോവിഡ് പ്രതിരോധത്തിന് മാത്രം നല്‍കിയത് നല്‍കിയത്് 132 മില്യണാണ് (10,53,96,06,000 രൂപ) ആണ്. ലോകത്തില്‍ തന്നെ കോവിഡ് വിരുദ്ധ പ്രയത്‌നത്തിന് ഏറ്റവും കൂടുതല്‍ തുക ചെലവഴിച്ച സ്വകാര്യ സ്ഥാപനങ്ങളില്‍ മൂന്നാം സ്ഥാനമാണ് പ്രേംജിയുടേത്.
2001-ല്‍ അസിം പ്രേംജി രൂപം കൊടുത്ത സംഘടനയായ അസിം പ്രേംജി ഫൗണ്ടേഷന് വഴിയാണ്, അദ്ദേഹത്തിന്റെ സാമൂഹിക സേവനങ്ങള്‍ ഏറെയും നടത്തുന്നത്. പാവപ്പെട്ട കുട്ടികള്‍ക്ക് വിദ്യാഭ്യാസവും മറ്റ് സൗകര്യങ്ങളും ഒരുക്കാന്‍ ഈ സംഘടന മുന്‍കൈ എടുക്കുന്നു. ബാംഗ്ലൂരിലെ സര്‍ജാപൂര്‍ റോഡില്‍ 90 ഏക്കറില്‍ വ്യാപിച്ച് കിടക്കുന്ന അസീം പ്രേംജി യൂണിവേഴ്‌സിറ്റിയില്‍ വ്യത്യസ്തങ്ങളായ ബിരുദ ബിരുദാനന്തര കോഴ്സുകളും റിസര്‍ച്ചിന് വേണ്ടി വിശാലമായ സൗകര്യങ്ങളും ഉണ്ട്.
വിജയരഹസ്യം കഠിനാധ്വാനവും ഭാഗ്യവും
1996-ല്‍ മുംബൈയില്‍ നിന്ന് ബംഗളൂരുവിലേക്ക് കമ്പനി വിപ്രോ ആസ്ഥാനം മാറ്റി. 2000 ത്തില്‍ 1 ബില്യണ്‍ ഡോളര്‍ കമ്പനിയായി വളര്‍ന്ന വിപ്രോ ന്യൂയോര്‍ക്ക് സ്റ്റേക്ക് എക്സ്ചേഞ്ചില്‍ ലിസ്റ്റ് ചെയ്തു. ഐടി രംഗത്തേക്ക് വന്നെങ്കിലും തുടങ്ങിയ ബിസിനസുകളില്‍ പിന്നോക്കം പോകാന്‍ വിപ്രോ തയ്യാറായിട്ടില്ല. ഇപ്പോഴും അത് ഇന്ത്യയുടെ മുന്‍നിര കമ്പനികളില്‍ ഒന്നാണ്.
ഒരു സസ്യ എണ്ണ കമ്പനിയെ ഇക്കാണുന്ന വിജയത്തിലേക്ക് എത്തിച്ച വിജയരഹസ്യം അദ്ദേഹം ഒരിക്കല്‍ എന്‍ഐടി ട്രിച്ചിയിലെ വിദ്യാര്‍ത്ഥികള്‍ക്ക് മുന്നില്‍ വിവരിക്കുകയുണ്ടായി. 'വിപ്രോയില്‍ കൂടുതല്‍ ഉല്‍പ്പന്നങ്ങള്‍ എത്തിക്കുയും വൈവിധ്യവത്കരിക്കുകയുമായിരുന്നു ഞാന്‍ ചെയ്തത്. കഠിനാധ്വാനവും ഭാഗ്യം ഈ രണ്ട് പ്രധാന കാര്യങ്ങളാണ് എന്റെ വിജയത്തെ സഹായിച്ചത്. സുസ്ഥിരമായ വിജയം നേടാനുള്ള ഏക മാര്‍ഗം നിങ്ങളോട് മത്സരിക്കുക എന്നതാണ്. സത്യവും ആത്മാര്‍ഥതയമാണ് എല്ലാത്തിന്റെയും അടിസ്ഥാനമെന്നാണ് ഞാന്‍ ജീവിതത്തില്‍ നിന്ന് പഠിച്ചിട്ടുള്ളത്. ആത്മാര്‍ഥതയില്ലെങ്കില്‍ എല്ലാം തകരും. സത്യത്തെ നേരിടാനവും സത്യം വിളിച്ചു പറഞ്ഞും എല്ലാ പ്രവൃത്തിയും ആത്മാര്‍ഥയോടെ മുന്നോട്ട് കൊണ്ടുപോയാല്‍ ജീവിതത്തെ ആത്മവിശ്വാസത്തോടെ നേരിടാം. 1966 ല്‍ വിപ്രോയുടെ ചുമതല ഏറ്റെടുത്തത് മുതല്‍ ഞാനിത് പിന്തുടരന്നുണ്ട്. സത്യത്തെയും ആത്മാര്‍ഥതയെയും അടിസ്ഥാനമാക്കിയാണ് ഇതുവരെ നേടിയ വിജയം"- അദ്ദേഹം പറഞ്ഞു.
2019 ജൂലായ് 31ന് അസീം പ്രേംജി വിപ്രോയുടെ ചെയര്‍മാന്‍ സ്ഥാനത്ത് നിന്ന് ഒഴിഞ്ഞിരുന്നു. അദ്ദേഹത്തിന്റെ മൂത്ത മകന്‍ റിഷാദ് പ്രേംജിയാണ് ചെയര്‍മാനായി ചുമതലയേറ്റത്. അസിം പ്രേംജി വിരമിച്ചപ്പോള്‍ ഇന്‍ഫോസിസ് മുന്‍ ചെയര്‍മാന്‍ എന്‍. ആര്‍. നാരായണ മൂര്‍ത്തി പറഞ്ഞത് ഇങ്ങനെയാണ്- 'ഹൈലി പ്രഫഷനല്‍ ആന്‍ഡ് ഹമ്പിള്‍ മാന്‍" പ്രഗത്ഭ എഴുത്തുകാരിയും സാമൂഹിക പ്രവര്‍ത്തകയുമായ യാസ്മിന്‍ പ്രേംജിയെയാണ് അസിം പ്രേംജി വിവാഹം കഴിച്ചത്. ദമ്പതികള്‍ക്ക് റിഷാദ്, താരിഖ് എന്നീ രണ്ട് ആണ്‍മക്കളാണുള്ളത്്.റിഷാദ് വിപ്രോ ലിമിറ്റഡില്‍ എക്‌സിക്യൂട്ടീവ് ചെയര്‍മാനായി സേവനമനുഷ്ഠിക്കുന്നു, പിതാവിനുശേഷം വിപ്രോയെ നയിക്കുന്നത് അദ്ദേഹമാണ്. താരിഖ് പ്രേംജികുടുംബത്തിന്റെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളും നിക്ഷേപങ്ങളും കൈകാര്യം ചെയ്യുന്നതിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.
ബിസിനസിനും സമൂഹത്തിനും അസിം പ്രേംജി നല്‍കിയ സംഭാവനകള്‍ പരക്കെ അംഗീകരിക്കപ്പെട്ടിട്ടുണ്ട്. ടൈം മാഗസിന്‍ ഒന്നിലധികം തവണ ലോകത്തെ സ്വാധീനിച്ച 100 വ്യക്തികളില്‍ ഒരാളായി തിരഞ്ഞെടുക്കപ്പെട്ടതുള്‍പ്പെടെ നിരവധി അവാര്‍ഡുകളും ബഹുമതികളും അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്. 2005-ല്‍ ഇന്ത്യ ഗവണ്‍മെന്റ് പത്മഭൂഷനും, 2011-ല്‍ പത്മവിഭൂഷനും നല്‍കി ആദരിച്ചു. ഡോക്ടറേറ്റുകളും അവാര്‍ഡുകളുമായി ധാരാളം പുരസ്‌കാരങ്ങള്‍ ഇദ്ദേഹത്തെ തേടിയെത്തി. ഫോബ്‌സ് മാസിക പത്തോളം വ്യത്യസ്ത സ്ഥാനങ്ങളാണ് പലപ്പോഴായി നല്‍കിയത്. ഫ്രഞ്ച് ഗവണ്‍മെന്റിന്റെ പരമോന്നത ബഹുമതിയായ ഷെവലിയര്‍ പട്ടവും അദ്ദേഹത്തിന് ലഭിച്ചു.
ഇപ്പോള്‍ ഈ 79ാം വയസ്സിലും അദ്ദേഹത്തിന് വിശ്രമമില്ല. അസീം പ്രേംജി ഫൗണ്ടേഷന്റെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളിലും, വിദ്യാഭ്യാസ പ്രവര്‍ത്തനത്തിലും സജീവമായി ആ ജീവിത സായാഹ്നം കടുന്നുപോകുന്നു. 'ഞാന്‍ വിയര്‍പ്പൊഴുക്കി കെട്ടിപ്പടുത്തതല്ല വിപ്രോ. പിന്നെയോ, എന്റെ സഹപ്രവര്‍ത്തകരുടെയും ജോലിക്കാരുടെയും പ്രയത്നഫലത്താലാണ്."- ഈ സന്ദേശമാണ് അസീം പ്രേംജി എല്ലായിപ്പോഴും മുന്നോട്ട് വെക്കുന്നത്. തികച്ചും പ്രകാശം പരത്തുന്ന മനുഷ്യനെന്ന് നമുക്ക് അദ്ദേഹത്തെ നിസ്സംശയം വിളിക്കാം.
വാല്‍ക്കഷ്ണം: തന്റെ സ്വത്തിന്റെ 40 ശതമാനത്തിലേറെ വരുന്ന കോടിക്കണക്കിന് രൂപ, ഈ ഭൂമിയിലെ പാവങ്ങളുടെ ജീവിത നിലവാരം ഉയര്‍ത്തുന്നതിനായി വിട്ടുകൊടുത്ത വ്യക്തിയാണ് ബില്‍ ഗേറ്റ്സ്. ആ മാതൃക അസീം പ്രോംജിയും പിന്തുടുന്നു. കേരളത്തിലെ പൊതുബോധമായ അടഞ്ഞ കമ്യുണിസ്റ്റ് മനസ്സുവെച്ച് ഇവര്‍ എല്ലാവരും വെറും കുത്തക - മൂരാച്ചി ബുര്ഷ്വകള് മാത്രമാണ്!