കുടുംബം കൂട്ടക്കൊല ചെയ്യപ്പെട്ടപ്പോള്‍ രാഷ്ട്രീയത്തിലിറങ്ങി; പ്രതികളെ ഒന്നൊന്നായി തൂക്കിക്കൊന്നു; 20 തവണ വധശ്രമം; ഹസീന ചോരയിലുടെ വളര്‍ന്ന നേതാവ്
ഓഗസ്റ്റ് 15 എന്നത് ഇന്ത്യക്കാര്‍ക്ക് അങ്ങേയറ്റം സന്തോഷകരമായ ദിനമാണല്ലോ. പക്ഷേ ആ ദിവസം, ബംഗ്ലാദേശിനെ സംബന്ധിച്ച് ഭീതിദമായ ഒരു ഓര്‍മ്മ ദിനമാണ്. 1975 ആഗസ്റ്റ് 15-നാണ് ബംഗ്ലാദേശ് പ്രധാനമന്ത്രിയും, രാഷ്ട്രപിതാവുമായ, ബംഗ്ലാ ബന്ധുവെന്ന് ലോകം വിളിച്ചിരുന്ന, ഷെയ്ഖ് മുജീബുര്‍ റഹ്മാനും കുടുംബവും സ്വന്തം പട്ടാളത്തിലെ വിമതരാല്‍ വെടിയേറ്റ് ശരീരം അരിപ്പ പോലെയായി കൊല്ലപ്പെട്ടത്! സൈനിക അട്ടിമറിയ്ക്കിടെ മുജീബുര്‍ റഹ്മാന് കുടുംബത്തിലെ ഭൂരിഭാഗം അംഗങ്ങളും കൊല്ലപ്പെട്ടു. ഭാര്യ, സഹോദരന്, മൂന്ന് ആണ്മക്കള്, രണ്ട് മരുമക്കള്‍, മറ്റ് ബന്ധുക്കള്‍, പേഴ്സണല്‍ […]
- Share
- Tweet
- Telegram
- LinkedIniiiii
ഓഗസ്റ്റ് 15 എന്നത് ഇന്ത്യക്കാര്‍ക്ക് അങ്ങേയറ്റം സന്തോഷകരമായ ദിനമാണല്ലോ. പക്ഷേ ആ ദിവസം, ബംഗ്ലാദേശിനെ സംബന്ധിച്ച് ഭീതിദമായ ഒരു ഓര്‍മ്മ ദിനമാണ്. 1975 ആഗസ്റ്റ് 15-നാണ് ബംഗ്ലാദേശ് പ്രധാനമന്ത്രിയും, രാഷ്ട്രപിതാവുമായ, ബംഗ്ലാ ബന്ധുവെന്ന് ലോകം വിളിച്ചിരുന്ന, ഷെയ്ഖ് മുജീബുര്‍ റഹ്മാനും കുടുംബവും സ്വന്തം പട്ടാളത്തിലെ വിമതരാല്‍ വെടിയേറ്റ് ശരീരം അരിപ്പ പോലെയായി കൊല്ലപ്പെട്ടത്!
സൈനിക അട്ടിമറിയ്ക്കിടെ മുജീബുര്‍ റഹ്മാന് കുടുംബത്തിലെ ഭൂരിഭാഗം അംഗങ്ങളും കൊല്ലപ്പെട്ടു. ഭാര്യ, സഹോദരന്, മൂന്ന് ആണ്മക്കള്, രണ്ട് മരുമക്കള്‍, മറ്റ് ബന്ധുക്കള്‍, പേഴ്സണല്‍ സ്റ്റാഫ്, പോലീസ് ഓഫീസര്‍മാര്‍, ബംഗ്ലാദേശ് ആര്‍മിയിലെ ഒരു ബ്രിഗേഡിയര്‍ ജനറല്‍ തുടങ്ങി നിരവധി പേര് അദ്ദേഹത്തിന്റെ സ്വകാര്യ വസതിയില്‍ കൊല്ലപ്പെട്ടു. 40ലധികം പേര്‍ക്ക് പരിക്കേറ്റു.
ഇന്ത്യന്‍ ഇന്റലിജന്‍സ് ഉള്‍പ്പെടെയുള്ളവര്‍ അട്ടിമറി സാധ്യതയെക്കുറിച്ച് മുജീബിന് മുന്നറിയിപ്പ് നല്‍കിയിരുന്നു. പക്ഷേ സ്വന്തം ആളുകള്‍ തന്നെ ഉപദ്രവിക്കില്ലെന്ന് പറഞ്ഞുകൊണ്ട് അദ്ദേഹം ഈ മുന്നറിയിപ്പുകള്‍ അവഗണിച്ചു. പ്രധാനമന്ത്രിയായിട്ടും, അദ്ദേഹം വലിയ സുരക്ഷയുള്ള ഔദ്യോഗിക വസതിയില്‍ താമസിച്ചില്ല. പകരം കാവല്ക്കാര് കുറവുള്ള സ്വന്തം വീട്ടില്‍ താമസിച്ചു. തന്റെ സൈന്യം തന്നെ ഒന്നും ചെയ്യില്ല എന്ന ഉറച്ച വിശ്വാസമായിരുന്നു മുജീബ് റഹ്മാന്. പക്ഷേ ഇന്ദിരാഗാന്ധിയുടെ വധത്തില്‍ സംഭവിച്ച പോലെ ആ വിശ്വാസം ഇവിടെയും തകര്‍ന്നു.
മുജീബുര്‍ റഹ്മാന്റെ കുടുംബത്തില്‍ രണ്ടുപേര്‍ മാത്രമാണ് അതോടെ അവശേഷിച്ചത്. ഷെയ്ഖ് ഹസീനയും, സഹോദരി ഷെയ്ഖ് രഹ്നയും. കുടുംബത്തിന്റെ കൂട്ടക്കൊല, നടക്കുമ്പോള്‍ ഹസീനയും സഹോദരിയും കുടുംബ സമേതം യൂറോപ്പ് സന്ദര്‍ശിക്കുകയായിരുന്നു. അതുകൊണ്ട് അവര്‍ രക്ഷപ്പെട്ടു. ഈ രണ്ട് സ്ത്രീകള്‍ക്ക് എന്തുചെയ്യാന്‍ കഴിയും എന്നായിരിക്കാം എതിരാളികള്‍ കരുതിയത്. പക്ഷേ കുടുംബം ഒന്നടങ്കം ഇല്ലാതായിട്ടും, ഹസീന ഒരു ഫീനിക്സ് പക്ഷിയേപ്പോലെ ചാരത്തില്ലനിന്ന് ഉയര്‍ത്തെഴുനേറ്റു. നാലുവട്ടം ബംഗ്ലാദേശ് പ്രധാനമന്ത്രിയായി. ആ രാജ്യത്തെ സാമ്പത്തികമായി ഉയര്‍ത്തി.
സ്വന്തം പിതാവിനെ കൊന്നവരോട് അവര്‍ കണക്ക് ചോദിച്ചു. കിട്ടിയ പ്രതികളെ, 45 വര്ഷത്തിനുശേഷവം തൂക്കിലേറ്റി. ബാക്കിയുള്ളവരുടെ സ്വത്ത് കണ്ടുകെട്ടി. 1971-ലെ ബംഗ്ലാദേശ് യുദ്ധകാലത്ത് കൊള്ളയും, കൊള്ളിവെപ്പും, കൊലപാതകവും ബലാത്സംഗവും നടത്തിയ, ജമാഅത്തെ ഇസ്്ലാമി നേതൃത്വം കൊടുത്ത റസാക്കര്‍മാര്‍ എന്ന സംഘടനയിലെ അംഗങ്ങളെയും ഒന്നിന് പിറകെ ഒന്നായി തൂക്കിലേറ്റി. ബംഗ്ലാദേശ് ജമാഅത്തെ ഇസ്ലാമിയിലെ നൂറിലേറെ പേരെയാണ് ഹസീനയുടെ കാലത്ത് തൂക്കിക്കൊന്നത്. മതമൗലികവാദികള്‍ക്കെതിരെ അവര്‍ ശക്തമായി പേരാടി. ബംഗ്ലാദേശിനെ ആഫ്രിക്കക്ക് സമാനമായ കൊടും പട്ടിണിയില്‍നിന്ന് കരകയറ്റി ഒരു വികസ്വര രാഷ്ട്രമാക്കി. ഒന്നും രണ്ടും തവണയല്ല, 20 തവണയാണ് അവര്‍ വധശ്രമത്തില്‍ നിന്ന് രക്ഷപ്പെട്ടത്. ബോംബും, ഗ്രനേഡും, തോക്കുമെന്നും ഇവര്‍ക്ക് പുത്തിരിയല്ല.
'മനുഷ്യത്വത്തിന്റെ മാതാവ്' എന്ന് അണികള്‍ ഹസീനയെ വിശേഷിപ്പിക്കുമ്പോള്‍, 'വനിതാ എകാധിപതി' എന്നാണ് എതിരാളികള്‍ വിശേഷിപ്പിക്കുന്നത്. ഇന്ദിരാഗാന്ധിക്കുശേഷം ഏഷ്യ കണ്ട ഏറ്റവും കരുത്തുറ്റ ഭരണാധികാരിയായി, ഇന്ത്യയുടെ ചിരകാല സുഹൃത്തായ ഹസീന വിശേഷിക്കപ്പെട്ടു. ഇപ്പോഴിതാ ഷെയ്ഖ് ഹസീന അധികാരത്തിന് പുറത്തായിരിക്കയാണ്. സംവരണവിരുദ്ധ പ്രേക്ഷോഭം ശക്തമായതോടെ, 45 മണിക്കുറിനുള്ളില്‍ രാജ്യം വിടാന്‍ സൈന്യം ഹസീനക്ക് അന്ത്യശാസനം നല്‍കുകയായിരുന്നു. അങ്ങനെ അവര്‍ ഇന്ത്യയിലേക്ക് രക്ഷപ്പെട്ടു എന്നാണ് ഒടുവില്‍ കിട്ടുന്ന വിവരം. പക്ഷേ ഇതുകൊണ്ട് ഒന്നും തളര്ന്നുപോകുന്നവളല്ല ഹസീന. ചോരച്ചാലുകള്‍ നീന്തിക്കയറിയ ഒരു ധീര വനിത തന്നെയാണ് അവര്‍.
മുമ്പും അഭയം തേടിയത് ഇന്ത്യയില്‍
ഹസീനയെ സംബന്ധിച്ച് ഇത് ചരിത്രത്തിന്റെ തനിയാവര്‍ത്തനമാണ്. 1975-ല്‍ സ്വന്തം പിതാവിനെയടക്കം വെടിവെച്ചുകൊന്ന പട്ടാള അട്ടിമറിക്കുശേഷവും അവര്‍ അഭയം തേടിയത്് ഇന്ത്യയിലാണ്. തങ്ങളുടെ സൈനിക ഇടപെടലിനെ തുടര്‍ന്നുണ്ടായ ആ രാജ്യത്തിന്റെ രാഷ്ട്രപിതാവിന്റെ മകളോട് എന്നും ഭാരതത്തിന്റെ കരുതല്‍ ഉണ്ടായിരുന്നു. 75-ലെ കൂട്ടക്കൊലക്കുശേഷം, ഹസീനയും കുടുംബവും പശ്ചിമ ജര്‍മ്മനിയിലെ ബംഗ്ലാദേശ് അംബാസഡറുടെ വീട്ടിലാണ് അഭയം തേടിയത്. പിന്നാലെ ഇന്ത്യന്‍ പ്രധാനമന്ത്രി ഇന്ദിര ഗാന്ധി രാഷ്ട്രീയ അഭയം വാഗ്ദാനം ചെയ്തു. ഇതോടെ കുടുംബത്തിലെ അവശേഷിക്കുന്ന അംഗങ്ങള്‍ ആറ് വര്‍ഷത്തോളം ന്യൂഡല്‍ഹിയില്‍ പ്രവാസജീവിതം നയിച്ചു. വിവാഹത്തോടെ സജീവരാഷ്ട്രീയത്തില്‍ ഇടപെടാന്‍ അവര്‍ ആഗ്രഹിച്ചിരുന്നില്ല. പക്ഷേ പിതാവിന്റെയും കുടുംബാംഗങ്ങളുടെ കൂട്ടക്കൊല അവരെ രാഷ്ട്രീയത്തിലേക്ക് തിരിച്ചുവിളിപ്പിച്ചു.
1947 സെപ്റ്റംബര്‍ 28-ന് കിഴക്കന്‍ ബംഗാളിലെ തുംഗിപാരയില്‍ ബംഗാളി ഷെയ്ഖ് കുടുംബത്തില്‍ ബംഗാളി ദേശീയ നേതാവ് ശൈഖ് മുജീബുര്‍ റഹ്മാന്റെയും ബീഗം ഫാസില തുന്നീസ മുജീബിന്റെയും മകളായാണ് ഹസീന ജനിച്ചത്. ഗ്രാമത്തിലെ പ്രൈമറി സ്കൂളിലാണ് വിദ്യാഭ്യാസം ആരംഭിച്ചത്. പിന്നീട് കുടുംബം ധാക്കയിലേക്ക് മാറി. ഇതോടെ ഹസീന അസിംപൂര്‍ ഗേള്‍സ് സ്കൂളില്‍ ചേര്‍ന്നു. പിന്നീട് ബിരുദ വിദ്യാഭാസത്തിനായി ഈഡന് കോളേജില്‍ ചേര്‍ന്നു. 1966-നും 1967-നും ഇടയില്‍ ഈഡന് കോളേജിലെ സ്റ്റുഡന്റ്സ് യൂണിയന്റെ വൈസ് പ്രസിഡന്റായിരുന്നു ഹസീന. ഭൗതികശാസ്ത്രത്തില്‍ ഡോക്ടറേറ്റ് നേടിയ ബംഗാളി ആണവ ശാസ്ത്രജ്ഞനായ എം.എ. വാസെദ് മിയയെ 1967-ല്‍ ഹസീന വിവാഹം കഴിച്ചു. പിന്നീട് ധാക്ക സര്‍വകലാശാലയില്‍ സാഹിത്യം പഠിക്കാനായി ചേര്‍ന്നു. അവിടെനിന്ന് 1973-ല്‍ ബിരുദം നേടി. പഠനകാലത്ത് തന്നെ രാഷ്ട്രീയപ്രവര്‍ത്തനം ആരംഭിച്ച ഹസീന സ്റ്റുഡന്റ്സ് ലീഗിന്റെ രാഷ്ട്രീയ പ്രവര്‍ത്തനങ്ങളില്‍ സജ്ജീവമായിരുന്നു.
മുജീബ് റഹ്മാന്റെ കൊലക്കുശേഷം അധികാരമേറ്റ, സിയാവുര്‍ റഹ്മാന്റെ സൈനിക ഭരണകൂടം ഹസീനയെ ബംഗ്ലാദേശില്‍ പ്രവേശിക്കുന്നതില്‍ നിന്ന് വിലക്കിയിരുന്നു. 1981-ല്‍ സിയാവുര്‍ റഹ്മാന് കൊല്ലപ്പെട്ടു. ആ വര്‍ഷം തന്നെ ഇന്ത്യയില്‍ പ്രവാസജീവിതം നയിക്കുന്നതിനിടയില്‍ അവാമി ലീഗിന്റെ പ്രസിഡന്റായി ഹസീന തിരഞ്ഞെടുക്കപ്പെട്ടു. മെയ് 17-ന് വീട്ടില്‍ തിരിച്ചെത്തിയ ഹസീനയെ സ്വീകരിക്കാന്‍ ആയിരക്കണക്കിന് അവാമി ലീഗ് പ്രവര്‍ത്തകരാണ് ഒത്തുചേര്‍ന്നത്. 1984-ല്‍ ഫെബ്രുവരിയിലും നവംബറില്‍ അവര്‍ സൈനിക നിയമപ്രകാരം വീട്ടുതടങ്കലിലായി. 1985 മാര്‍ച്ചില്‍ വീണ്ടും മൂന്നു മാസത്തേക്ക് വീട്ടുതടങ്കലില്‍. പ്രസിഡന്റ് ഹുസൈന് മുഹമ്മദ് എര്‍ഷാദിന്റെ കീഴില്‍ നടന്ന 1986-ലെ ബംഗ്ലാദേശ് പൊതുതിരഞ്ഞെടുപ്പില്‍ ഹസീനയും അവാമി ലീഗും മത്സരിച്ചു. അവിടെ തുടങ്ങിയതാണ് അവരുടെ തിരഞ്ഞെടുപ്പു ജീവിതം.
ലോക റെക്കോഡിട്ട വനിത
1996-ലാണ് ഹസീന ആദ്യമായി ബംഗ്ലാദേശിന്റെ പ്രധാനമന്ത്രിയാകുന്നത്. 2001-ലെ തിരഞ്ഞെടുപ്പില്‍ വിജയം നിലനിര്‍ത്താനായില്ല. പിന്നീട് 2007-ല്‍ സൈന്യം അട്ടിമറിയിലൂടെ അധികാരം പിടിച്ചെടുത്തപ്പോള്‍ അഴിമതിക്കുറ്റം ചുമത്തി ഹസീനയെ ജയിലിലച്ചു. പിന്നീട് 2008-ലും 2014-ലും 2019-ലും, 2024- ലും ഹസീന വന്‍ ഭൂരിപക്ഷത്തില്‍ അധികാരത്തിലെത്തി. 1996 മുതല്‍ 2001 വരെയും പിന്നീട് 2009 മുതല്‍ തുടര്‍ച്ചയായ് നാലുതവണയും അധികാരത്തിലിരുന്നതോടെ ലോകത്തിലെ ഏറ്റവും കൂടുതല്‍ കാലം സേവനമനുഷ്ഠിച്ച വനിതാ ഭരണാധികാരിയാണ് അവര്‍.
ജയിലും, ആക്രമണങ്ങളുമൊന്നും ഹസീനക്ക് പുത്തരിയല്ല. 2004 മേയില്‍ അവര്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടുവെന്നുപോലും വാര്‍ത്ത വന്നിരുന്നു. 2024 ഓഗസ്റ്റ് 21-ന് ധാക്കയില്‍ അവാമി ലീഗ് സമ്മേളനത്തിന് നേരെ നടന്ന ഗ്രനേഡ് ആക്രമണത്തില്‍ പാര്‍ട്ടി വനിതാ സെക്രട്ടറി ഐവി റഹ്മാന് ഉള്‍പ്പെടെ 24 പാര്‍ട്ടി അനുഭാവികള്‍ കൊല്ലപ്പെട്ടു. ഹസീനയെ ലക്ഷ്യമിട്ടായിരുന്നു ഈ ആക്രമണം. ഹസീനയുടെ അടുത്ത ഉപദേഷ്ടാവും മുന്‍ ധനമന്ത്രിയുമായ എസ്എഎംഎസ് കിബ്രിയ ആ വര്‍ഷം ഗ്രനേഡ് ആക്രമണത്തില്‍ കൊല്ലപ്പെട്ടു. അന്നാണ് ഹസീനയും മരിച്ചുവെന്ന് വാര്‍ത്ത വന്നത്.
പക്ഷേ അവര്‍ ഓരോ ആക്രമണം കഴിയുന്തോറും കരുത്തയായി. കഴിഞ്ഞ 15 വര്‍ഷമായി മറ്റാര്‍ക്കും പ്രവേശനമില്ലാതെ ബംഗ്ലാദേശില്‍ ഹസീന യുഗമാണ്. ഹസീനയുടെ ഭരണത്തിന് കീഴില്‍ ബംഗ്ലാദേശ് പടിപടിയായി വികസന സ്വപ്നങ്ങള്‍ കൈവരിച്ചു. ഇതില്‍ ഏറ്റവും പ്രധാനം സാമ്പത്തിക രംഗത്തെ നേട്ടങ്ങള്‍ തന്നെയാണ്. 2006-ലെ ജി.ഡി.പി. 71 ബില്യണ്‍ ഡോളറില്‍ നിന്ന് 2022-ല്‍ 460 ബില്യണ്‍ ഡോളറായി ഉയര്‍ന്നു. ഇന്ത്യയ്ക്ക് പിന്നില്‍ ദക്ഷിണേഷ്യയിലെ രണ്ടാമത്തെ വലിയ സമ്പദ് വ്യവസ്ഥയായി ബംഗ്ലാദേശ് മാറി. ഒരുകാലത്ത് സ്വന്തം ജനതയ്ക്ക് ആവശ്യത്തിന് ഭക്ഷണമില്ലാതിരുന്ന അവസ്ഥയില്‍ നിന്ന് ഭക്ഷ്യ കയറ്റുമതി രാഷ്ട്രമായി ബംഗ്ലാദേശ് മാറി. സാമൂഹിക സുരക്ഷാ മേഖലകളിലും വലിയ മുന്നേറ്റമുണ്ടായി. രാജ്യത്ത് ഇന്ന് 98 ശതമാനം പെണ്‍കുട്ടികളും പ്രാഥമിക വിദ്യാഭ്യാസം നേടുന്നു. ഒപ്പം വലിയതോതില്‍ നിക്ഷേപവും രാജ്യത്തേക്ക് എത്തുന്നു. സാംസങ് പോലുള്ള അന്താരാഷ്ട്ര കമ്പനികള്‍ ചൈനയില്‍ നിന്ന് എത്തുന്നതും അവര്‍ക്ക് ശുഭസൂചകമാണ്. പക്ഷേ കഴിഞ്ഞവര്‍ഷം വലിയ സാമ്പത്തിക പ്രതിസന്ധിയുണ്ടായതും, ഇന്ധനവില 50 ശതമാനം കൂടിയതും, തൊഴിലില്ലായ്മ വലിയ രീതിയില്‍ വര്‍ധിച്ചതും അവര്‍ക്ക് തിരിച്ചടിയായി.
ഇസ്ലാമിക തീവ്രവാദികളുടെ കണ്ണിലെ കരട്
തന്റെ പിതാവ്, മുജീബ് റഹ്മാന്റെ ഘാതകരില്‍ ഒരാളെ 45 വര്‍ഷത്തിനുശേഷം പിടികൂടിയാണ് ഹസീന സര്‍ക്കാര്‍ തൂക്കിക്കൊന്നത്. 1975ലെ സൈനിക അട്ടിമറിയില്‍ പങ്കാളിയായ മുന്‍ സൈനിക ക്യാപ്റ്റന്‍ അബ്ദുല്‍ മജീദിന്റെ വധശിക്ഷയാണ് 2020-ല്‍ നടപ്പാക്കിയത്. 24 വര്‍ഷമായി കൊല്‍ക്കൊത്തയില്‍ ഒളിവിലായിരുന്നു പ്രതി. ഷെയ്ഖ് ഹസീന 1996-ല്‍ ആദ്യം പ്രധാനമന്ത്രിയായപ്പോഴാണു മജീദ് ഒളിവില്‍ പോയത്. 23 വര്‍ഷം കൊല്‍ക്കത്തയില്‍ കഴിഞ്ഞുവെന്നും കഴിഞ്ഞ മാസമാണു ധാക്കയില്‍ തിരിച്ചെത്തിയതെന്നുമാണു മൊഴി. കേസിലെ മറ്റ് 5 പ്രതികളെ 2010-ല്‍ തൂക്കിലേറ്റിയിരുന്നു. കൂട്ടക്കൊലയുടെ മുഖ്യ ആസൂത്രകന്‍ ലഫ് കേണല്‍ അബ്ദുര്‍ റഷീദ് അടക്കം വധശിക്ഷ ലഭിച്ച മറ്റ് 5 കരസേനാ ഉദ്യോഗസ്ഥര്‍ ഇപ്പോഴും ഒളിവിലാണ്. ഇവരെയും കണ്ടെത്താനുള്ള തീവ്രശ്രമത്തിലായിരുന്നു അവര്‍.
ജമാഅത്തെ ഇസ്ലാമിയടക്കമുള്ള തീവ്രവാദ സംഘടനകളോട് സന്ധിയില്ലാത്ത സമരമാണ് ഹസീന നടത്തിയത്. നൂറകണക്കിന് മതഭീകരരെയാണ് അവര്‍ തൂക്കിലേറ്റിയത്. മതഭ്രാന്തന്മാര് ഏറെയുള്ള ഒരു നാട്ടില്‍ അവശേഷിക്കുന്ന ന്യുനപക്ഷങ്ങളുടെ പ്രതീക്ഷയായിരുന്നു അവര്‍. ഇടക്കിടെ ക്ഷേത്രങ്ങളും, ചര്‍ച്ചുകളും തകര്‍ക്കപ്പെടുന്ന ഒരു രാജ്യം കൂടിയാണ് ബംഗ്ലാദേശ്. ഹസീന ഇത്ര കൃത്യമായി നടപടി എടുത്തിട്ടും ഇതാണ് സ്ഥിതിയെങ്കില്‍, പുതിയ ഭരണത്തില്‍ എന്താവും അവസ്ഥയെന്ന് കണ്ടറിയേണ്ടിയിരിക്കുന്നു.
1971-ലെ വിമോചനയുദ്ധത്തില്‍ പങ്കെടുത്ത സ്വാതന്ത്ര്യ സമരസേനാനികളുടെ മക്കള്‍ക്കും കൊച്ചുമക്കള്‍ക്കും രാജ്യത്തെ സര്‍ക്കാര്‍ ജോലികളില്‍ 30 ശതമാനം സംവരണം നല്‍കുന്നതിനെതിരെ ഉയര്‍ന്ന വിദ്യാര്‍ത്ഥി-യുവജന പ്രക്ഷോഭമാണ് ഹസീനയുടെ പതനത്തിലേക്ക് നയിച്ചത്. സമരക്കാരെ, ബംഗ്ലാദേശ് യുദ്ധകാലത്ത് കൊലയും, ബലാത്സംഗവും നടത്തിയ റസാക്കര്മാരുമായി ഹസീന ഉപയോഗിച്ചത്, സമരം കത്തിക്കാന്‍ ഇടയാക്കി. ഈ കത്തിക്കലിനു പിന്നിലും ബംഗ്ലാദേശിലെ ഇസ്ലാമിസ്റ്റുകള്‍ ആണെന്ന് പറയുന്നുണ്ട്. ബംഗ്ലാദേശ് രാഷ്ട്രീയത്തില്‍ നിന്ന് ഏതാണ്ട് തുടച്ചു നീക്കപ്പെട്ട ബീഗം ഖാലിദ സിയയുടെ നേതൃത്വത്തിലുളള ബംഗ്ലാദേശ് നാഷണലിസ്റ്റ് പാര്‍ട്ടി (ബിഎന്‍പി), ബംഗ്ളാ ജമാഅത്തെ ഇസ്ലാമി എന്നിവ ഉള്‍പ്പെടെയുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍ കലാപകാരികളെ രംഗത്തിറക്കി തങ്ങളുടെ നഷ്ടപ്പെട്ട ജനകീയ അടിത്തറ വിപുലീകരിക്കാന്‍ ശ്രമിക്കുകയാണെന്ന് ബിബിസി അടക്കമുള്ള മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്.
ബംഗ്ലാദേശില്‍ റസാക്കര്‍ എന്നത് അങ്ങേയറ്റം നിന്ദ്യമായ പദമാണ്. എന്നാല്‍ കലാപകാരികള്ക്കുള്ളില് നുഴഞ്ഞു കയറിയ മത തീവ്രവാദികളും മറ്റും ആ വാക്കിന് സാമൂഹിക സ്വീകാര്യത നല്കാന് ശ്രമിക്കുകയാണ്. തങ്ങള്‍ റസാക്കര്‍മാരാണ് എന്നുള്ള മുദ്രാവാക്യമുയര്‍ത്താന്‍ അവര്‍ വിദ്യാര്‍ത്ഥികളെ പ്രേരിപ്പിക്കുന്നു. റസാക്കര്‍മാര്‍ക്ക് സാമൂഹിക സ്വീകാര്യത നേടിയെടുക്കാനുള്ള മത മൗലിക വാദികളുടെ ശ്രമവും ഇതിലുണ്ട് എന്ന് മാധ്യമങ്ങള്‍ നിരീക്ഷിക്കുന്നുണ്ട്.
ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വലിയ പിന്തുണയാണ് ഹസീനക്ക് എല്ലാ ഘട്ടത്തിലും ലഭിച്ചത്. ഇപ്പോള്‍ അവര്‍ അഭയം പ്രാപിച്ചിരിക്കുന്നതും ഇന്ത്യയില്‍ തന്നെയാണ്. എന്തൊക്കെ പറഞഞാലും കോടിക്കണക്കിന് ജനതയുടെ പട്ടിണി മാറ്റിയ നേതാവാണ് ഹസീന. അവര്‍ക്ക് മുമ്പ് ശരിക്കും പട്ടിണി രാഷ്ട്രമായിരുന്നു ബംഗ്ലാദേശ്. അഴിമതിയും, സ്വജനപക്ഷപാതിത്വവും, ഏകാധിപത്യ പ്രവണതയുമൊക്കെയുണ്ടെങ്കിലും, ദാരിദ്ര്യലഘൂകരണം ആ ഒറ്റകാര്യം കൊണ്ട് ഹസീനയെ നമിച്ചുപോവും. 17 കോടി ജനസംഖ്യയുള്ള ഒരു രാജ്യത്തെ ഒന്നുമില്ലായ്മയില്‍ നിന്ന് വികസിച്ചുകൊണ്ടിരിക്കുന്ന സമ്പദ് വ്യവസ്ഥയിലേക്ക് വഴിനടത്തിയ കരുത്തുറ്റ വനിത എന്ന രീതിയില്‍ തന്നെയായിരിക്കും ലോകം അവരെ വിലയിരുത്തുക.
വാല്‍ക്കഷ്ണം: പാക്കിസ്ഥാനും, അഫ്ഗാനും അടക്കമുള്ള നമ്മുടെ അയല്‍ രാജ്യങ്ങളിലെ ഭരണാധികാരികളുടെ അവസ്ഥ ദയനീയമാണ്. അധികാരം പോയാല്‍ ഒന്നുകില്‍ പാലായനം, അല്ലെങ്കില്‍ ജയില്‍. ഇമ്രാന്ഖാന് ഇപ്പോള്‍ ജയിലിലാണ്. ഹാമിദ് കര്‍സായി പലായനം ചെയ്യേണ്ടിവന്നു. ഇതൊക്കെ വെച്ചുനോക്കുമ്പോള്‍ എത്ര കരുത്തുള്ളതാണ് ഇന്ത്യന്‍ ജനാധിപത്യം!