- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Feature
- /
- AUTOMOBILE
സമ്പന്ന കുടുംബത്തിൽ ജനനം; സ്വാതന്ത്ര്യസമരത്തിൽ സജീവ പങ്കാളിത്തം; ഭർത്താവ് ജയിലിൽ ആയതോടെ ഭക്ഷണത്തിനുപോലും അലഞ്ഞു; വസൂരി ബാധിച്ച മകൻ മരിച്ചത് ചികിത്സ ലഭിക്കാതെ; ദലിത് ബാലികയെ മകളായി വളർത്തി; പട്ടിണിയും പോഷകാഹാരക്കുറവും മൂലം ആരോഗ്യം തകർന്നു; യമുനാഭായി സവർക്കറുടേത് കാലപാനി സിനിമയോട് കിടപിടിക്കുന്ന ജീവിതം
'ഒരു യാഥാർഥ വിപ്ലവകാരിയുടെ ഭാര്യ പട്ടിണി കിടന്ന് മരിക്കും' എന്ന് സാക്ഷാൽ കാൾ മാർക്സ് എഴുതിയതായി പറയപ്പെടുന്നുണ്ട്. അങ്ങനെയാണെങ്കിൽ യഥാർഥ വിപ്ലവകാരി എന്ന് വിശേഷണത്തിന് അർഹനാവുക, ഇന്ന് മാർക്സിന്റെ ശിഷ്യരായ കേരളത്തിലെ സൈബർ സഖാക്കളേക്കാൾ, ഷൂ നക്കിയെന്ന് അധിക്ഷേപിക്കുന്ന ഒരാളാണ്. ഇപ്പോൾ വിവാദ നായകനായ വിനായക് ദാമോദർ സവർക്കർ എന്ന വി ഡി സവർക്കർ തന്നെ. പട്ടിണി കിടന്നതുകൊണ്ടുള്ള പോഷകാഹാരക്കുറവാണ് വി ഡി സവർക്കരുടെ ഭാര്യ, യുമുനാഭായി സവർക്കറുടെ മരണത്തിന് ഒരു കാരണമായി കണ്ടെത്തിയിരിക്കുന്നത്!
സവർക്കറെ സ്വാതന്ത്ര്യ സമര സേനാനിയെന്ന പേരിലോ, ഹിന്ദുത്വയുടെയും സാംസ്കാരിക ദേശീയതയുടെയും ആചാര്യൻ എന്ന നിലയിലോ, അല്ലെങ്കിൽ ബ്രിട്ടീഷുകാർക്ക് മാപ്പ് എഴുതിക്കൊടുത്ത ഷൂ നക്കിയെന്ന ഹേറ്റേഴ്സിന്റെ പരിഹാസത്തിലോ, എന്തായാലും പോസിറ്റീവ് ആയും നെഗറ്റീവ് ആയും ആളുകൾ അറിയും. പക്ഷേ സവർക്കറെപ്പോലെ കഷ്ടതകൾ സഹിച്ച്, സ്വതന്ത്ര്യസമരത്തിനുവേണ്ടി പോരാടി ഒടുവിൽ അസുഖബാധിതയായി മരിച്ച അദ്ദേഹത്തിന്റെ ഭാര്യ യുമുനാദേവിയുടെ ജീവിതം അധികം ആർക്കും അറിയില്ല. സവർക്കറുടെ കടുംബവും അതി ദയനീയമായ ജീവിത സാഹചര്യങ്ങളിലുടെയാണ് കടന്നുപോയത്.
ഒരു സമ്പന്ന കുടുംബത്തിൽ ജനിച്ച സവർക്കറുടെ ഭാര്യ യമുനാഭായിക്ക് ആരാലും തുണയില്ലാതെ, പലപ്പോഴും ഭക്ഷണം പോലും ലഭിക്കാതെ അലയേണ്ടി വന്നു. സമ്പന്നതയിൽ നിന്ന് ഇറങ്ങിവന്നു ഗ്രാമീണനായ ഒരു സ്വാതന്ത്ര്യ സമരസേനാനിയുടെ ഭാര്യയും, പിന്നീട് 14 വർഷം ഭർത്താവിൽ നിന്നും അകന്ന് ദുരിതപൂർണ്ണമായ ജീവിതം നയിക്കുകയും, ആ കാലയളവിൽ സ്വന്തം പുത്രന്റെയും, ജേഷ്ഠ സഹോദരിയുടെയും മരണം കണ്മുൻപിൽ കാണേണ്ടി വരുകയും ചെയ്ത യുമുനാഭായി സവർക്കറുടെ ജീവിതം 'കാലപാനി' സിനിമയോട് കിടപിടിക്കുന്ന ജീവിതമാണ്.
മാത്രമല്ല ഭർത്താവിന്റെ വെറും നിഴൽ ആയിരുന്നില്ല അവർ. അയിത്തോച്ചാടനം അടക്കമുള്ള നിരവധി മേഖലളിൽ ആ ചിദ്ഭവൻ ബ്രാഹ്‌മണ സ്ത്രീ ഇറങ്ങി പ്രവർത്തിച്ചു. ദലിത് ബാലികയെ മകളായി വളർത്തി സ്വ ജീവിതം കൊണ്ട് ജാതിക്കെതിരെ പ്രതികരിച്ചു. സവർക്കറെ രാഷ്ട്രീയമായി എതിർക്കുന്നവർക്കുപോലും, ആ കുടുംബം സഹിച്ച ത്യാഗങ്ങൾ കാണാതിരിക്കാനാവില്ല.
സമ്പന്ന കുടുംബത്തിൽ ജനനം
തന്റെ തോളോട് തോൾ ചേർന്ന് പ്രവർത്തിച്ചവൾ എന്നാണ് സവർക്കർ ആത്മകഥയിൽ ഭാര്യയെക്കുറിച്ച് എഴുതുന്നത്. മഹാരാഷ്ട്രയിലെ നാസിക് ജില്ലയിലെ ഒരു ഇടത്തരം ഗ്രാമീണ കുടുംബത്തിലായിരുന്നു സവർക്കറിന്റെ ജനനം. ചെറു പ്രായത്തിൽ തന്നെ മാതാപിതാക്കൾ നഷ്ടപ്പെട്ട സവർക്കറിനെ ജ്യേഷ്ഠസഹോദരനായ ഗണേശ് സവർക്കറാണ് സംരക്ഷിച്ചിരുന്നത്. എന്നാൽ സമ്പന്നരായ ബാവുറാവു എന്ന് വിളിച്ചിരുന്ന രാമചന്ദ്ര ത്രയംബകയുടെയും ലക്ഷ്മി ഭായിയുടെയും മകളായിരുന്നു ഭാര്യ യമുനഭായി. മായി എന്നാണ് മറ്റുള്ളവർ യമുനാഭായിയെ സ്നേഹപൂർവ്വം വിളിച്ചിരുന്നത്. താനെ ജില്ലയിലെ ജവാഹർ എന്ന പ്രദേശത്തെ ജവാൻ ആയിരുന്നു ബാവുറാവു. സമ്പന്നതയുടെ മടിത്തട്ടിലാണ് യമുനഭായി വളർന്നത്.
എന്നാൽ അതിന്റെ മോടികളില്ലാതെ വളരെ വിനയവും താഴ്മയുമുള്ള കുട്ടിയായിരുന്നു യമുനാഭായി. യമുനയും സവർക്കറിന്റെ സഹോദരപത്നിയായ യശോദയും സുഹൃത്തുക്കളായിരുന്നു. സവർക്കറുടെ മാതൃസഹോദരനാണ് യമുനാഭായിയുമായുള്ള വിവാഹാലോചന ബാവുറാവുവിന്റെ അടുത്ത് എത്തിച്ചത്. വിവാഹ സമ്മതത്തിനൊപ്പം സവർക്കറുടെ തുടർന്നുള്ള പഠനച്ചെലവ് കൂടി ഏറ്റെടുത്തു ബാവുറാവു. വളരെ ചെറുപ്പത്തിലേ പിതാവിനെ നഷ്ടപ്പെട്ട അദ്ദേഹത്തിന് ബാവുറാവു പിതൃതുല്യനായിരുന്നു. 1901 ഫെബ്രുവരിയിൽ സവർക്കറും യമുനഭായിയും വിവാഹിതരായി. മായി എന്നാണ് സവർക്കറും ഭാര്യയെ വിളിച്ചിരുന്നത്.
ഭർത്താവിന്റെ ദേശീയതാവാദവും സ്വാതന്ത്ര്യസമര പോരാട്ടവുമൊക്കെ ഉൾക്കൊള്ളാൻ യമുനഭായിയെപോലെ ഒരാൾക്ക് അധികസമയം വേണ്ടിവന്നില്ല. സവർക്കർ ആചാരങ്ങൾക്കും അനുഷ്ഠാനങ്ങൾക്കും വിഗ്രഹാരാധനക്കുമൊക്കെ എതിരായിരുന്നു. എന്നാൽ അദ്ദേഹം അതേ കാര്യം തന്റെ ഭാര്യയിൽ അടിച്ചേൽപ്പിക്കാൻ ശ്രമിച്ചില്ല. ഒരു പരമ്പരാഗത വിശ്വാസിയായിരുന്നു യമുനഭായിക്ക് അവരുടെ മതം അനുഷ്ഠിക്കാൻ പൂർണപിന്തുണ സവർക്കർ നൽകിയിരുന്നു. സംഗീതം ഇഷ്ടപ്പെട്ടിരുന്ന യമുനഭായിയായിരുന്നു സവർക്കരിന്റെ പല ദേശഭക്തിഗാനങ്ങൾക്കും നാടൻപാട്ടുകൾക്കും ശബ്ദം കൊടുത്തത്. കവി, ഗാനരചിയതാവ് എന്ന നിലയിലും സവർക്കർ മറാത്തയിൽ പ്രശസ്തനായിരുന്നു.
സാമൂഹിക പ്രവർത്തനത്തിലേക്ക്
വെറുമൊരു വീട്ടമ്മയായി ഒതുങ്ങിക്കൂടുകയായിരുന്നില്ല യുമുനഭായി സവർക്കർ ചെയ്തത്. അവർ സാമൂഹിക- രാഷ്ട്രീയ മേഖലയിലും സജീവമായി. സമൂഹത്തിൽ നടക്കുന്ന മാറ്റങ്ങളെപ്പറ്റിയും ദേശീയതയെപ്പറ്റിയും സ്ത്രീകളിൽ അവബോധം സൃഷ്ടിക്കാൻ സവർക്കറിന്റെ സഹോദരപത്നി യശോദ തുടങ്ങിവച്ച സംഘടനയായിരുന്നു 'ആത്മനിഷ്ഠ യുവതി സമാജ്'. യമുനാഭായിയും ഈ സംഘടനയിൽ ചേർന്ന് പ്രവർത്തിച്ചുതുടങ്ങി. സംഘടനയുടെ എല്ലാ യോഗങ്ങളിലും അവർ സവർക്കർ രചിച്ച ദേശഭക്തിഗാനങ്ങൾ ആലപിച്ചിരുന്നു. ഭാരതത്തിൽ നിർമ്മിച്ച ആഭരണങ്ങളും വസ്ത്രങ്ങളും അണിയാൻ അവർ സംഘടനയിലെ സ്ത്രീകളോട് ആഹ്വാനം ചെയ്യുകയും സ്ത്രീകൾ അത് പാലിച്ചുപോരുകയും ചെയ്തു.
ഒരിക്കൽ ബ്രാലഗംഗാധര തിലകന്റെ ഭാര്യയായ സത്യഭാമാഭായി നാസിക് സന്ദർശിച്ചപ്പോൾ ഈ സംഘടനയിലെ സ്ത്രീകൾ യോഗത്തിൽ വച്ച് സത്യഭാമാഭായിയെ പ്രത്യേകമായി ആദരിച്ചു. ആ സമയത്തു ഇന്ത്യയിലെ ബ്രിട്ടിഷ് ഭരണത്തിനെതിരായി ലേഖനങ്ങൾ പ്രസിദ്ധീകരിച്ചതിന്റെ പേരിൽ തിലകനെ അറസ്റ്റ് ചെയ്തു ബർമയിലെ മാൻഡലേ ജയിലിൽ തടവിൽ പാർപ്പിച്ചിരിക്കുകയായിരുന്നു. യമുനാഭായിയും സംഘവും തിലകനു വേണ്ടി കോടതിയിൽ അടയ്‌ക്കേണ്ട പണം സമാഹരിച്ചു സത്യഭാമാഭായിയെ ഏൽപ്പിച്ചു. അതുപോലെയുള്ള നിരവധി സാമൂഹിക പ്രവർത്തനങ്ങളും സ്വാതന്ത്ര്യസമര പ്രവർത്തനങ്ങളും ഇവർ നടത്തിയിട്ടുണ്ട്.
സവർക്കെറപ്പോലെ തന്നെ അയിത്തോച്ചാടനത്തിന് വേണ്ടി യമുനാഭായിയും പ്രവർത്തിച്ചു. അതിനുവേണ്ടി സ്ത്രീകൾക്കായി പ്രത്യേക സമിതിയുണ്ടാക്കി. ബ്രാഹ്‌മണ സമുദായത്തിൽപെട്ട പെൺകുട്ടികൾ പുറത്തിറങ്ങാത്ത കാലത്താണ് ഇതെന്ന് ഓർക്കണം. സവർക്കർ ദത്തെടുത്ത ദലിത് ബാലികയെ സ്വന്തം മകളെപ്പോലെയാണ് അവർ വളർത്തിയത്. ഇന്ന് സവർക്കറെ 'സവർണ്ണ ഫാസിസ്റ്റ്' എന്ന് ഫേസ്‌ബുക്കിൽ എഴുതി 'നിർവൃതി അടയുന്നവരിൽ' എത്രപേർക്ക് കഴിയും ഇതുപോലെ ജീവിക്കാൻ.
മകൻ മരിച്ചത് കൺമുന്നിൽ
ഒരു അമ്മയുടെ ജീവിതത്തിലെ ഏറ്റവും വലിയ ദുഃഖം എന്താണെന്ന് ചോദിച്ചാൽ അത് പുത്ര ദുഃഖം തന്നെയാണ്. ഒന്നല്ല രണ്ട് മക്കളുടെ മരണമാണ് അവർക്ക് കാണേണ്ടി വന്നത്. ആ സമയത്ത് സവർക്കർ ലണ്ടനിൽ ആയിരുന്നു.
1906 ജൂൺ 9ന് സ്‌കോളർഷിപ്പോടുകൂടിയുള്ള നിയമപഠനത്തിനായാണ്് സവർക്കർ ലണ്ടനിലെത്തിയത്. അവിടെയും അദ്ദേഹം സ്വാതന്ത്ര സമരപ്രവർത്തനങ്ങൾ തുടർന്നു. സായുധ ആക്രമണങ്ങളിലൂടെ ബ്രിട്ടീഷുകാരെ ചെറുത്തുതോൽപ്പിക്കാം എന്ന ആശയത്തിലൂന്നിയായിരുന്നു ആദ്യകാല പ്രവർത്തനങ്ങൾ. ഇംഗ്ലണ്ടിൽ ഉപരിപഠനം നടത്തിക്കൊണ്ടിരുന്ന കാലയളവിൽ ഇതിനായി ഇന്ത്യയിലേക്ക് ആയുധങ്ങളും കടത്തിയിരുന്നു. ഇത്തരമൊരു കേസിലാണ് സവർക്കറെ ബ്രിട്ടീഷ് പൊലീസ് പിടികൂടുന്നത്. നാസിക് കലക്ടറായിരുന്ന എ.എം ടി ജാക്സനെ അദ്ദേഹത്തിന്റെ യാത്രയയപ്പ് ചടങ്ങിനിടെ അനന്ത് ലക്ഷ്മൺ കൻഹാരേ എന്ന യുവാവ് വെടിവച്ചു കൊലപ്പെടുത്തി. സവർക്കർ നയിച്ചിരുന്ന അഭിനവ് ഭാരത് സൊസൈറ്റിയുടെ പ്രവർത്തകനായിരുന്നു ഇയാൾ. കൂടുതൽ അന്വേഷണത്തിൽ, കൊലപാതകത്തിനുപയോഗിച്ച തോക്ക് സവർക്കർ ഇംഗ്ലണ്ടിൽ നിന്നും ഒളിച്ചുകടത്തിയതാണെന്ന് തെളിഞ്ഞതോടെയാണ് 1910ൽ അദ്ദേഹത്തെ ബ്രിട്ടീഷ് പൊലീസ് അറസ്റ്റു ചെയ്യുന്നത്.
ബ്രിട്ടീഷ് സർക്കാർ ഉദ്യോഗസ്ഥനായിരുന്ന കഴ്സൺ വൈലിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് സവർക്കർ നേരത്തേതന്നെ നിരീക്ഷണത്തിലായിരുന്നു. അറസ്റ്റു ചെയ്ത് ഇന്ത്യയിലേക്കു കൊണ്ടുവരുന്നതിനിടെ, ഫ്രാൻസിലെ മാഴ്സെയിൽസ് തുറമുഖത്തു നിന്നും സവർക്കർ കടലിൽ ചാടി രക്ഷപ്പെടാൻ ശ്രമിച്ചു. എങ്കിലും, പൊലീസ് വീണ്ടും പിടികൂടുകയും ഇന്ത്യയിൽ എത്തിക്കുകയും ചെയ്തു. ഈ കേസിലാണ് സവർക്കർക്ക് 50 വർഷത്തെ തടവുശിക്ഷ ലഭിക്കുന്നത്. 28 വയസ്സായിരുന്നു അന്ന് സവർക്കർക്ക് പ്രായം.
ഇതേസമയം ഇന്ത്യയിലെ യമുനാഭായിയുടെ ജീവിതം അത്യന്തം ദുഷ്‌കരമായിരുന്നു. യമുനയും സവർക്കറുടെ മറ്റു കുടുംബാംഗങ്ങളും സദാസമയം ബ്രിട്ടീഷ് സേനയുടെ നിരീക്ഷണത്തിലായിരുന്നു. 1905 ലാണ് സവർക്കർ -യമുനഭായി ദമ്പതികൾക്ക് ആദ്യപുത്രനായ പ്രഭാകർ ജനിക്കുന്നത്. തൊട്ടടുത്ത വർഷം പ്രഭാകറിന് വസൂരി പിടിപെട്ടു. ഭക്ഷണമോ മരുന്നോ യഥാസമയത്തു ലഭിക്കാതെ മകൻ മരിക്കുന്നത് അവർക്ക് കണ്ടുനിൽക്കേണ്ടിവന്നു. പിന്നീട് ശാലിനി എന്ന ഒരു പെൺകുട്ടി കൂടി പിറന്നെങ്കിലും അതും ശൈശവദശയിൽ മരിച്ചു. വിശ്വാസ് സവർക്കറും, പ്രഭാത് എന്ന പെൺകുട്ടിയുമാണ് രോഗത്തെ അതിജീവിച്ച് വളർന്നത്. പ്രഭാകർ മരിച്ചു 15 ദിവസത്തിനകം സവർക്കറുടെ സഹോദരനെ ബ്രിട്ടീഷ് പൊലീസ് അറസ്റ്റ് ചെയ്തു ആൻഡമാൻ ജയിലിലേക്കയച്ചു. ആകെയുള്ള അത്താണിയായിരുന്ന ഗണേശ് സവർക്കറുടെ അറസ്റ് ആ കുടുംബത്തെ കൂടുതൽ ദുരിതത്തിലാഴ്‌ത്തി.
ലണ്ടനിൽ അറസ്റ്റ് ചെയ്ത സവർക്കറിനെ വിചാരണ ചെയ്യുന്നതിന് വേണ്ടി ഇന്ത്യയിലേക്ക് കൊണ്ടുവന്നപ്പോൾ ഒരുനോക്കു കാണുവാനായി യമുനഭായി നാസിക്കിലേക്കു തിരിച്ചു. ദുർഘടമായ വഴിയിലൂടെ ത്രയംബകേശ്വർ മുതൽ നാസിക് വരെ കുതിരപ്പുറത്തുള്ള യാത്ര അവരെ തളർത്തിയില്ല. യാത്രാമധ്യേ പരിചയക്കാരുടെ ഭവനങ്ങൾ ഉണ്ടായിരുന്നിട്ടും, ബ്രിട്ടീഷുകാരെ ഭയന്ന് ആരും തന്നെ യമുനഭായിക്ക് അഭയം കൊടുക്കാൻ തയ്യാറായില്ല. കോരിച്ചൊരിയുന്ന മഴയിൽ നിന്നും രക്ഷനേടാനായി ഒരു രാത്രി മുഴുവൻ ഒരു ക്ഷേത്രത്തിൽ കഴിയേണ്ടി വന്നു ആ സ്ത്രീക്ക്. പിറ്റേ ദിവസം വീണ്ടും നാസികിലേക്കു യാത്രതിരിച്ചു. അവിടെവച്ചു സവർക്കറെ കണ്ടു. വെറും 45 മിനിട്ടു ദൈർഘ്യമേയുണ്ടായിരുന്നുള്ളൂ അവരുടെ കൂടിക്കാഴ്ചക്ക്. ആൻഡമാനിൽ സെല്ലുലാർ ജയിലിലേക്ക് സവർക്കറെ അയക്കാനുള്ള വിധി ഇതിനോടകം വന്നിരുന്നു. സ്വത്തുക്കൾ ജപ്തി ചെയ്യപ്പെട്ടു. ഫെർഗൂസൻ കോളജിൽ നിന്നും സവർക്കർ നേടി ബിഎ ബിരുദം റദ്ദാക്കപ്പെട്ടു. സ്വാതന്ത്ര്യ സമരത്തിൽ പങ്കെുടത്തതിന്റെ പേരിൽ ഒരു ഇന്ത്യാക്കാരന്റെ ബിരുദം റദ്ദാക്കപ്പെടുന്നത് ഇത് ആദ്യമായിട്ടാണ്. എന്നിട്ടാണ് അയാളെ ഷൂ നക്കിയെന്ന് വിളിക്കുന്നത്.
ദലിത ബാലികയെ മകളായി വളർത്തി
സവർക്കർക്ക് 50 വർഷം തടവ് വിധിച്ചത് യമുനയെ തളർത്തി. പൊട്ടിത്തകർന്നുപോയ യമുനയെ സവർക്കർ ഇപ്രകാരം സമാധാനിപ്പിച്ചുവെന്നാണ് വൈ ജി ഭാവെ തന്റെ വിനായക് ദാമോദർ സവർക്കർ എന്ന പുസ്തകത്തിൽ പറയുന്നത്. ''വിധിയുണ്ടെകിൽ നമ്മൾ വീണ്ടും കണ്ടുമുട്ടും. അതുവരെ ഒരു സാധാരണ കുടുംബജീവിതം എന്ന ചിന്ത നിന്റെ മനസ്സിലേക്ക് വരുകയാണെങ്കിൽ നീ ഇത് ആലോചിക്കുക. വിവാഹ ജീവിതം എന്നത് ചുള്ളിക്കമ്പുകൾ പെറുക്കി കൂടുണ്ടാക്കി അതിൽ പക്ഷികളെ പോലെ ജീവിച്ചു മരിക്കുകയാണെങ്കിൽ അത്തരമൊരു ജീവിതം നയിക്കുന്നത് പക്ഷികളാണ്. എന്നാൽ വിവാഹജീവിതത്തിനു മറ്റൊരു അർഥം നൽകുകയാണെങ്കിൽ നമ്മൾ യഥാർത്ഥത്തിൽ അനുഗ്രഹിക്കപ്പെട്ടവരാണ്. ഇപ്പൊ ജനങ്ങൾ അനുഭവിക്കുന്ന ഈ അടിമത്തത്തിന്റെ നെരിപ്പോടിനുള്ളിൽ നിന്നും അവരെ പുറത്തു കൊണ്ടുവന്നു അവർക്കു ജീവശ്വാസം നൽകാൻ നമുക്ക് കഴിയുന്നതിലൂടെ നമ്മൾ അനുഗ്രഹിക്കപ്പെട്ടവരാണ് എന്ന് പറയാൻ കഴിയും. ഇപ്പോഴത്തെ ഈ ദുരിതാവസ്ഥയെ സധൈര്യം നേരിടൂ .''
ഇതിനു യമുനഭായി മറുപടി പറഞ്ഞത് ഇങ്ങനെയാണ്. 'അതാണ് ഞാനും മറ്റുള്ളവരും ചെയ്തുകൊണ്ടിരിക്കുന്നത്. അങ്ങ് സൂക്ഷിക്കണം. സ്വയം സംരക്ഷിക്കണം. ആ ഒരു ഉറപ്പിന്മേൽ ഞാൻ തിരിച്ചു പോകാം .'' യമുനക്കു ആ ഉറപ്പു കൊടുത്തു വിലങ്ങുകൾ അണിഞ്ഞ സവർക്കർ നടന്നകന്നു. ആജീവനാന്തര തടവ് വിധിക്കപ്പെട്ട് 1911 ജൂലൈ 4 നു ആൻഡമാൻ ജയിലിലെത്തി സവർക്കർ. നീണ്ട പതിനാലു വർഷം കഠിനമായ തടവ്, താൻ അമ്മയെപ്പോലെ സ്നേഹിക്കുന്ന ജ്യേഷ്ഠത്തി അമ്മയുടെയും മറ്റു അടുത്ത കുടുംബാഗങ്ങളുടെയും മരണം പുറം ലോകം പോലും കാണാൻ കഴിയാത്ത തടവറയിൽ കിടന്നു.ശിക്ഷയിൽ ഇളവു ലഭിച്ച് ആൻഡമാനിൽ നിന്നും 1921ലാണ് സവർക്കർ രത്നഗിരി ജയിലിലെത്തുന്നത്. 1937 വരെ രത്നഗിരി ജില്ല വിട്ട് പുറത്തുപോകുവാൻ സവർക്കർക്ക് അനുമതിയും ഉണ്ടായിരുന്നില്ല.
സവർക്കർ ദത്തെടുത്ത ഒരു ദളിത് ബാലികയെ വീട്ടിൽ കൊണ്ട് വന്നു സ്വന്തം മക്കളോടൊപ്പം യമുനഭായി വളർത്തിയിരുന്നു. സവർക്കറുടെ എല്ലാ പ്രവർത്തനങ്ങൾക്കും പൂർണപിന്തുണ നൽകിക്കൊണ്ട് യമുനഭായിയുടെ ജീവിതം കടന്നു പോയി.
ഭാര്യയുടെ മൃതദേഹം കാണാൻ പോയില്ല
അസാധാരണ ഇഛാശക്തിയുള്ള വനിത കൂടിയായിരുന്നു യമുനഭായി. സവർക്കർ ഗാന്ധിവധക്കേസിൽ പ്രതിയായപ്പോൾ ജനക്കൂട്ടം വീട് ആക്രമണിക്കാൻ വന്നതിനെപ്പറ്റിയുമുണ്ട് മറ്റൊരു കഥ. അന്നും യമുനാഭായി പതറിയില്ല. കൈയിൽ ഒരു വടിയുമായി ആൾക്കൂട്ടത്തിനുമുന്നിൽ അക്ഷോഭ്യയായി അവർ നിന്നു. അതിനാൽ തന്നെ മുദ്രാവാക്യം വിളിച്ച് ജനം മടങ്ങിപ്പോയി. നേരത്തെ, ഗാന്ധിജിയും സവർക്കറും തമ്മിൽ നടന്ന ഒരു കൂടിക്കാഴ്ചയെക്കുറിച്ചും മാധ്യമങ്ങൾ വാർത്തയാക്കിയിരുന്നു. ആശയപരമായി ഇരുചേരികളിൽ ആയിരുന്ന ഗാന്ധിയും സവർക്കറും തമ്മിലുള്ള ചർച്ചകൾ ഏതാനും നിമിഷങ്ങൾകൊണ്ട് കഴിഞ്ഞപ്പോൾ, പക്ഷേ കസ്തൂർഭയും, യമുനാഭായിയുടെ അടുക്കളയിൽ ഒരുപാട് സമയം സംസാരിച്ചുവെന്നാണ് ആ റിപ്പോർട്ടുകൾ പറയുന്നത്. സംഭാഷണ പ്രിയയും, നല്ല ഗായികയും ആയിരുന്നു അവർ.
1956 ൽ യമുന സവർക്കർ രോഗബാധിതയായി. പൂർണ്ണമായും ബെഡ് റെസ്റ്റാണ് ഡോക്ടർമാർ വിധിച്ചത്. ഈ രീതിയിൽ ആരോഗ്യം തകരാനുള്ള ഒരു കാരണമായി അവർ പറഞ്ഞത്, പട്ടിണിയും പോഷകാഹാരക്കുറവും ആയിരുന്നു. ആൻഡമാനിലെ സെല്ലുലാർ ജയിലിലെ കഠിനജീവിതം സവർക്കറെയും രോഗിയാക്കിയിരുന്നു. പലപ്പോഴും ഈ കുടുംബത്തിന് ചികിത്സക്ക്പോലും പണം ഇല്ലായിരുന്നു. മഹാരാഷ്ട്ര സർക്കാർ നൽകിയ തുഛമായ ഒരു പെൻഷൻ ആയിരുന്നു ഏക ആശ്രയം. 1963 നവംബർ 8 ന് യമുനാഭായി മരിച്ചു.
ദാദറിലെ ഒരു നഴ്സിങ്ങ് ഹോമിൽവച്ചായിരുന്നു അന്ത്യം. ലിംഫോമ എന്ന രക്താർബുദമായിരുന്നു മരണ കാരണം. ഏറ്റവും വിചിത്രം മൃതദേഹത്തിനുമേൽ അന്ധവിശ്വാസങ്ങളും അനാചാരങ്ങളും പാടില്ല എന്ന സവർക്കറുടെ നിർബന്ധം, ഭാര്യയുടെ മരണത്തിലും പാലിക്കപ്പെട്ടു എന്നായിരുന്നു. ആശുപത്രിയിൽനിന്ന് യമുനാഭായലയുടെ മൃതദേഹം നേരെ ശ്മശാനത്തിലേക്കാണ് കൊണ്ടുപോയത്. വീട്ടിലേക്ക് കൊണ്ടുവന്നില്ല. ഭാര്യയെ മതാചാരപ്രകാരം ദഹിപ്പിച്ച് ചിതാഭസ്മം ഒഴുക്കുന്ന ഇന്നത്തെ കമ്യൂണിസ്റ്റ് നേതാക്കളിൽനിന്നൊക്കെ എത്രയോ വ്യത്യസ്തനായിരുന്നു സവർക്കർ!
എറ്റവും വിചിത്രം മൃതദേഹം കാണാൻ സവർക്കർ പോയില്ല എന്നതായിരുന്നു. ഇതേ പറ്റി ചോദിച്ചപ്പോൾ, 'മായിക്ക് ഞാൻ നേരത്തെ വിട നിൽകിയതാണെന്നും, അവളുടെ ജീവിതം സന്തുഷ്ടമായി അവസാനിച്ചുവെന്നും, എനിക്ക് അവിടേക്ക് പോകാൻ തോനുന്നില്ല' എന്നുമായിരുന്നു സവർക്കറുടെ പ്രതികരണം. മറാത്തതിലെ അറിയപ്പെടുന്ന കവി കൂടിയായ സവർക്കർ ഭാര്യക്കായി ആന്തമാൻ ജയിലിൽവെച്ചുപോലും ഭാര്യക്കായി കവിത എഴുതിയിരുന്നു. കമല എന്ന അദ്ദേഹത്തിന്റെ പ്രശസ്തമായ കവിതയിലെ നായിക, തന്റെ ഭാര്യ യുമുനാ ദേവി തന്നെയാണെന്ന് സവർക്കർ തുറന്ന് പറഞ്ഞിട്ടുണ്ട്.
മരണത്തെ സ്വയം വരിക്കുന്നു
മൂന്നുവർഷത്തിനുള്ളിൽ സവർക്കറും യാത്രയായി. ഭാര്യയുടെ മരണം അദ്ദേഹത്തെ മാനസികമായി തളർത്തിയിരുന്നു. ഗാന്ധിവധത്തിൽ കോടതി നടപടികളിൽനിന്ന് രക്ഷപ്പെട്ടെങ്കിലും, അതിന്റെ കളങ്കം ജീവിത്തതിൽ ഉടനീളം അദ്ദേഹത്തെ വേട്ടയാടിയിരുന്നു.
മാത്രമല്ല, സ്വാതന്ത്ര്യനന്തര ഭാരതത്തിന്റെ മാറിയ രാഷ്ട്രീയ പരിതസ്ഥിതിയിൽ അധികാര രാഷ്ട്രീയത്തിന്റെ പിറകെ അദ്ദേഹം പോയില്ല. അവസാനകാലത്ത് പലപ്പോഴും സവർക്കർ നിർവികാരനായാണ് കാണപ്പെട്ടത്. 1966 ഫെബ്രുവരി മാസത്തിൽ അദ്ദേഹം മരുന്നുകളും ഭക്ഷണവും ഉപേക്ഷിച്ചു. ഇതിനെക്കുറിച്ച് അണികൾ അദ്ദേഹത്തോട് ചോദിച്ചപ്പോൾ 'ഇത് ആത്മഹത്യയല്ല, ആത്മാർപ്പണമാണ്' എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. മരണത്തിന് മുൻപ് അദ്ദേഹം എഴുതിയ ഒരു ലേഖനത്തിന്റെ തലക്കെട്ട് 'ആത്മഹത്യ കെ ആത്മാർപ്പൺ' എന്നായിരുന്നു. അതിൽ അദ്ദേഹം ഇങ്ങനെ പറയുന്നു. ''ഒരുവന്റെ ജീവിത ദൗത്യം അവസാനിക്കുകയും സമൂഹത്തെ സേവിക്കാനുള്ള കഴിവ് ഇല്ലാതാവുകയും ചെയ്താൽ, ജീവിതം അവസാനിപ്പിക്കുന്നതാണ് മരണത്തെ പ്രതീക്ഷിച്ചുകൊണ്ടിരിക്കുന്നതിലും നല്ലത്''.ഒടുവിൽ 1966 ഫെബ്രുവരി 26-ന് തന്റെ 83ാം വയസ്സിൽ അദ്ദേഹം അന്തരിച്ചു. മരിച്ചു എന്ന് പറയുന്നതിനോക്കാൾ നല്ലത് ബോധപൂർവം ആത്മഹത്യ ചെയ്തു എന്നു തന്നെ ആയിരുന്നു.
മരണസമയമടുത്തപ്പോഴുള്ള കുറിപ്പിൽ അദ്ദേഹം ശവസംസ്‌കാരം മാത്രമേ ചെയ്യാവൂ എന്ന് എഴുതിയിരുന്നു. അതിനുശേഷം 10-ാം ദിനവും 13-ാം ദിനവും ഉള്ള ചടങ്ങുകളൊന്നും ചെയ്യരുത്. തൊട്ടടുത്ത ദിവസം അദ്ദേഹത്തിന്റെ മകൻ വിശ്വാസ് അദ്ദേഹത്തിന്റെ മൃതദേഹം മുംബൈ സോനാപൂരിനടുത്തുള്ള ഒരു ഇലക്ട്രിക് ശ്മശാനത്തിൽ സംസ്‌കരിച്ചു. മറ്റ് ചടങ്ങുകൾ ഒന്നും ഉണ്ടായില്ല. അങ്ങനെ സ്വന്തം മരണം കൊണ്ടും സവർക്കർ ശരിക്കും സാമൂഹിക പരിഷ്‌ക്കരണത്തിന് കൂട്ടുനിന്നു.
ഈ പശ്ചാത്തലമൊക്കെ മറന്നാണ്, ഇന്ന് പലരും സവർക്കറെ വെറുമൊരു ഷൂ നക്കിയെന്ന് വിശേഷിപ്പിക്കുന്നത്. സവർക്കറുടെ ഹിന്ദുത്വ ആശയത്തോട് വിയോജിക്കാം. പക്ഷേ അയാൾ സ്വാതന്ത്ര്യസമരത്തിൽ യാതൊരു റോളും വഹിച്ചിട്ടില്ലെന്നതും, ബ്രിട്ടീഷുകാരുടെ വെറുമൊരു ഷൂ നക്കി മാത്രമാണെന്നുതും, കൃത്യമായ ചരിത്ര നിഷേധമാണ്. വ്യക്തിപരമായ സവർക്കറോളം ത്യാഗം സഹിച്ചവരെ ഇന്ത്യൻ സ്വാതന്ത്ര്യസമരത്തിൽ അധികമൊന്നും കാണാൻ കഴിയില്ല.
സവർക്കർ വിശ്വാസി ആയിരുന്നോ?
ജാതിക്കും മതത്തിലും വിശ്വസിച്ചില്ലെങ്കിലും സവർക്കർ നാസ്തികൻ ഒന്നുമായിരുന്നില്ല. ഇന്ന് സവർക്കറൈറ്റ് നാസ്തിക എന്ന് ഇസ്ലാമോ ഇടതുപക്ഷം ഫേസ്‌ബുക്കിൽ വ്യാപകമായ തള്ളുന്ന പ്രയോഗംപോലും കല്ലൂവെച്ച നുണയാണ്. ശരിക്കും ദൈവവിശ്വാസി തന്നെയാണ് സവർക്കർ എന്ന് അദ്ദേഹത്തിന്റെ ആത്മകഥ തെളിയിക്കുന്നു.എല്ലാവർക്കും വരാൻ കഴിയുന്ന ക്ഷേത്രമാണ് അദ്ദേഹം നിർമ്മിച്ചത്. ഭഗവത്്ഗീതയുടെ വലിയ ഒരു ആരാധകൻ ആയിരുന്നു സവർക്കർ. ഗീത അദ്ദേഹത്തിന് ആവേശവും ആശ്വാസവുമായിരുന്നു. ഗീതയുടെ ഉദ്ധരിണികൾ അദ്ദേഹത്തിന്റെ പുസ്തകങ്ങളിലും പ്രസംഗങ്ങളിലും പതിവായി കാണാം. മാത്രമല്ല ഒരു നിരീശ്വരവാദിയുടെ കാഴ്ചപ്പാടിന് ഭിന്നമായി പിതൃഭൂമി, മാതൃഭൂമി, പുണ്യഭൂമി തുടങ്ങിയ സാംസ്‌കാരിക ദേശീയതാ കാഴ്ചപ്പാട് ആയിരുന്നു സവർക്കറുടേത്.
സംസ്‌കൃതം ദേവഭാഷയാണെന്നും, രാമായണം ചരിത്രമാണെന്നും, സവർക്കർ വിശ്വസിച്ചിരുന്നതായി അദ്ദേഹത്തിന്റെ ജീവചരിത്രകാരന്മാർ പറയുന്നു. മാത്രമല്ല വാനരസാമ്രാജ്യം യാഥർത്ഥത്തിൽ ഉള്ളതാണെന്നുമായിരുന്നു സവർക്കർ പറഞ്ഞിരുന്നത്. അദ്ദേഹം രണ്ടുരണ്ടര മണിക്കുറൊക്കെ പൂജചെയ്യുന്നത് കണ്ടതിന് സാക്ഷികൾ ഉണ്ട്. അതുപോലെ ഇന്നത്തെ ഘർവാപ്പസി പോലെ, ഹിന്ദുമതത്തിൽവിന്ന് വിട്ടുപോയവരെ ശുദ്ധിക്രിയ ചെയ്ത തിരിച്ചുകൊണ്ടുവരികയായിരുന്നു, ഒരു കാലത്ത് സവർക്കറുടേ പ്രധാന പരിപാടി. ഇങ്ങനെയൊക്കെയുള്ള ഒരാൾ എങ്ങനെയാണ് നാസ്തികൻ ആവുന്നത്. ജാതിയിലും ഉപജാതിയിലും എല്ലാവിധ അന്ധവിശ്വാസത്തിലും അഭിരമിക്കുന്ന, ആധുനികതയോടെ പുറം തിരിഞ്ഞ് നിൽക്കുന്ന ഇന്ത്യൻ നേതാക്കളിൽനിന്ന് ഏറെ ഭേദമായിരുന്നു വീർ സവർക്കർ. പക്ഷേ അദ്ദേഹം ഒന്നാന്തരം വിശ്വാസി തന്നെ ആയിരുന്നുവെന്നാണ് അദ്ദേഹത്തിന്റെ ജീവിതം പഠിക്കുമ്പോൾ മനസ്സിലാവുക.
ആർഎസ്എസ് ആയിരുന്നില്ല
അതുപോലെ തന്നെ സവർക്കർ ആർഎസ്എസും ആയിരുന്നില്ല. പലപ്പോഴും അൽപ്പം പുഛത്തോടെയാണ് അദ്ദേഹം ആർഎസ്എസിനെകുറിച്ച് സംസാരിച്ചത്. ആ സംഘടനക്ക് ഒന്നും വീര്യംപോര എന്നായിരുന്നു സവർക്കറുടെ അഭിപ്രായം. അതുപോലെ പശു, ചാണകം തുടങ്ങിയ ഹിന്ദുത്വ ആശയങ്ങളിൽ ഒന്നും അദ്ദേഹം വിശ്വസിച്ചിരുന്നില്ല. പശു ഒരു സാധു മൃഗമാണെന്നും അതിനെയൊന്നും ആരാധിക്കരുതെന്നും, നമ്മുടെ ആരാധനാമൂർത്തി നരസിംഹം ആണെന്നുമാണ് സവർക്കർ എഴുതിയത്. ബ്രാഹ്‌മണനായ അദ്ദേഹത്തിന്റെ തിയറി, നോൺ വെജ് കഴിച്ച് കരുത്തനാവുക എന്നാതായിരുന്നു.
മതപരമായ ആചാരങ്ങളോ ചടങ്ങുകളോ സവർക്കർ പിന്തുടർന്നിരുന്നില്ല. പകരം ഹിന്ദുത്വയെ ഒരു ആത്മീയ അനുഭവം എന്നതിൽ നിന്നും അടർത്തിമാറ്റി, അതിന്റെ സാമൂഹിക സ്ഥാപനത്തിൽ ശ്രദ്ധകേന്ദ്രീകരിക്കുകയാണ് വേണ്ടതെന്ന് ആഹ്വാനം ചെയ്തു. ഹിന്ദു എന്നത് സവർക്കർക്ക് ഒരു ദേശീയതയായിരുന്നു. അഥവാ, ഹിന്ദുത്വയുടെ സാംസ്‌കാരികാനുഭവത്തെ ഇന്ത്യൻ ദേശീയതയായി വ്യാഖ്യാനിക്കാൻ അദ്ദേഹം ശ്രമിച്ചു. സിഖുകളും ജൈനരും ബുദ്ധിസ്റ്റുകളും ചേർന്ന സവർക്കറുടെ ദേശീയതയിൽ മുസ്ലിങ്ങൾക്കും ക്രിസ്ത്യാനികൾക്കും ഇടമുണ്ടായിരുന്നില്ല.
ആൻഡമാൻ ജയിലിൽനിന്ന് വന്നശേഷമുള്ള, സവർക്കറുടെ എഴുത്തുകളും ആശയപ്രചരണങ്ങളും ഹിന്ദുത്വയിൽ കേന്ദ്രീകരിച്ചായിരുന്നു. 1942ൽ ക്വിറ്റ് ഇന്ത്യാ പ്രസ്ഥാനത്തിന് കോൺഗ്രസ് രൂപം നൽകിയപ്പോൾ, സവർക്കറുടെ ഹിന്ദു മഹാസഭ ആ നീക്കത്തെ നിശിതമായി വിമർശിക്കുകയാണ് ചെയ്തത്. ക്വിറ്റ് ഇന്ത്യാ പ്രസ്ഥാനത്തിൽ നിന്നും വിട്ടു നിൽക്കാനും, സർക്കാരിനെ എതിർക്കാതിരിക്കാനും ഹിന്ദുക്കളോട് ആഹ്വാനം ചെയ്യുകയും ചെയ്തിരുന്നു.
സവർക്കറുടെ തീവ്രാശയങ്ങളിൽ വന്ന മാറ്റങ്ങളെക്കുറിച്ച്, പല ലേഖനങ്ങളും അധികരിച്ച് ചരിത്രകാരന്മാർ നിരീക്ഷിച്ചിട്ടുണ്ട്. ആദ്യകാലഘട്ടങ്ങളിൽ ബ്രിട്ടീഷ് ആധിപത്യത്തിൽ നിന്നും ഇന്ത്യയെ മോചിപ്പിക്കുന്നതിനെക്കുറിച്ച് സംസാരിച്ചിരുന്ന സവർക്കർ, പിൽക്കാലത്ത് എഴുതിയിരുന്നത് മുസ്ലിങ്ങളിൽ നിന്നും ഹിന്ദുക്കളെ മോചിപ്പിക്കുന്നതിനെക്കുറിച്ചാണ്. ഇന്ത്യാവിഭജനത്തെ അനുകൂലിച്ചിരുന്ന സവർക്കർ, ഇന്ത്യൻ പൊലീസ് സേനയിലും സൈന്യത്തിലും മുസ്ലിം മതവിശ്വാസികൾ ജോലി ചെയ്യുന്നത് ഭീഷണിയായാണ് കണ്ടിരുന്നത്. ഇതിനു ബദലായി ഹിന്ദുക്കളോട് സൈന്യത്തിൽ ചേർന്ന് സേവനമനുഷ്ഠിക്കാൻ സവർക്കർ ആഹ്വാനം ചെയ്തു. സ്വാതന്ത്ര്യാനന്തരം ഹിന്ദുരാഷ്ട്രസ്ഥാപനമായിരുന്നു സവർക്കറുടെയും സംഘടനയുടെയും ലക്ഷ്യം. അതിനായുള്ള പ്രചാരണപ്രവർത്തനങ്ങൾ സവർക്കർ നടത്തിപ്പോന്നിരുന്നു. ഇന്ത്യൻ നാഷണൽ കോൺ്ഗ്രസിന്റെ മതേതര നയങ്ങൾ മുസ്ലിം പ്രീണനമായിക്കണ്ട് നഖശിഖാന്തം എതിർത്തു. ദ്വി രാഷ്ട്രവാദവും ആദ്യമായി ഉന്നയിച്ചത് സവർക്കർ ആണെന്ന് വിമർശനം ഉണ്ട്.
ഈ രീതിയിൽ പൊളിറ്റിക്കലായി സവർക്കറെ വിമർശിക്കാം. ഒരു വിപ്ലവകാരിയിൽനിന്ന് ഹിന്ദുത്വവാദിയിലേക്ക് മാറിയതായിരുന്നു അദ്ദേഹത്തിന്റെ ജീവിതം. പക്ഷേ സ്വതന്ത്ര്യ സമരത്തിൽ അദ്ദേഹം ഒരു പങ്കും വഹിച്ചില്ലെന്ന് പറയുന്നവർ, സവർക്കറും കുംടുംബവും അനുഭവിച്ച യാതനകൾ ഓർക്കണം.
വാൽക്കഷ്ണം: സവർക്കറേക്കാൾ മുമ്പ് മറ്റൊരാളെ ഇന്ത്യൻ കമ്യുണിസ്റ്റുകൾ ചെരിപ്പുനക്കിയാക്കിയിരുന്നു. സാക്ഷാൽ നേതാജി സുഭാഷ് ചന്ദ്രബോസിനെ. 'ഈ ചെറ്റ ജപ്പാൻകാരുടെ ചെരുപ്പ് നക്കി' എന്ന് കേരളത്തിൽ പോലും കമ്യുണിസ്റ്റുകാർ മുദ്രാവാക്യം മുഴക്കിയത് മറന്നുപോകരുത്. ഇന്ന് സവർക്കർ ആസ്ഥാന ഷൂ നക്കിയായതോടെ നേതാജിയുടെ ചെരിപ്പ് നക്കിപ്പട്ടം എല്ലാവരും മറന്നുപോയെന്ന് മാത്രം!
വിവരങ്ങൾക്ക് കടപ്പാട്- വൈ ജി ഭാവെ. - വിനായക് ദാമോദർ സവർക്കർ, എ ജി നൂറാനി - സവർക്കർ ആൻഡ് ഗാന്ധി, രാജേഷ് രാമചന്ദ്രൻ - ദ മാസ്റ്റർമൈന്റ് -ഔട്ട്ലുക്ക് മാഗസിൻ, വിക്രം സമ്പത്ത് -ലേഖനം- ദ പ്രിന്റ്, അയ്യപ്പനും സവർക്കറും- പ്രഭാഷണം- സി രവിചന്ദ്രൻ
(ദുഃഖവെള്ളി പ്രമാണിച്ച് ഓഫീസിന് (7.4.2023) അവധി ആയതിനാൽ മറുനാടൻ മലയാളി നാളെ അപ്‌ഡേറ്റ് ചെയ്യുന്നതല്ല - എഡിറ്റർ.)
അരുൺ ജയകുമാർ മറുനാടൻ മലയാളി തിരുവനന്തപുരം റിപ്പോർട്ടർ