അംബാനിക്ക് പിന്നിലായി 7 ലക്ഷം കോടിയുമായി ബജാജ്; പിന്നാലെ ബിര്‍ളയും, ജിന്‍ഡാലും നാടാരും; ഇന്ത്യയുടെ ബിസിനസ് ലോകം നിയന്ത്രിക്കുന്ന പത്ത് കുടുംബങ്ങള്‍!
ലോകം അതിവേഗത്തില്‍ അണുകുടുംബത്തിലേക്ക് പോകുമ്പോഴും, ഇന്ത്യയില്‍ ഇപ്പോഴും ശക്തമായിക്കൊണ്ടിരിക്കുന്ന ഒന്നാണ് കുടുംബ ബിസിനസുകള്‍. എല്ലാ റിസോഴ്സും ഒരു കുടക്കീഴില് കിട്ടുക, പരസ്പരം മത്സരം ഒഴിവാകുക, വിശ്വാസ്യത എന്നീ പല ഗുണങ്ങള്‍ക്കുമൊപ്പം, അണ് ഡിവൈഡഡ് ഹിന്ദുഫാമിലി എന്ന പേരില്‍ രജിസ്റ്റര്‍ ചെയ്താല്‍ കിട്ടുന്ന ആദായ നികുതിയിലടക്കമുള്ള ഇളവുകയും കുടുംബ ബിസിനിസുകളില്‍ ഉറച്ചുനില്ക്കാന് പ്രേരിപ്പിക്കുന്നുവെന്ന്, ഈ മേഖലയിലെ വിദഗ്ധര്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഇന്ത്യന്‍ കുടുംബ ബിസിനസുകളെക്കുറിച്ച്, ബിസിനസ് അവലോക സ്ഥാപനമായ ബാര്‍ക്ലെയ്സ് പ്രൈവറ്റ് ക്ലയന്റ്സ് ഹുരൂണിന്റെ, റിപ്പോര്‍ട്ടും കൗതുകകരമാണ്. ഇത് പ്രകാരം […]
- Share
- Tweet
- Telegram
- LinkedIniiiii
ലോകം അതിവേഗത്തില്‍ അണുകുടുംബത്തിലേക്ക് പോകുമ്പോഴും, ഇന്ത്യയില്‍ ഇപ്പോഴും ശക്തമായിക്കൊണ്ടിരിക്കുന്ന ഒന്നാണ് കുടുംബ ബിസിനസുകള്‍. എല്ലാ റിസോഴ്സും ഒരു കുടക്കീഴില് കിട്ടുക, പരസ്പരം മത്സരം ഒഴിവാകുക, വിശ്വാസ്യത എന്നീ പല ഗുണങ്ങള്‍ക്കുമൊപ്പം, അണ് ഡിവൈഡഡ് ഹിന്ദുഫാമിലി എന്ന പേരില്‍ രജിസ്റ്റര്‍ ചെയ്താല്‍ കിട്ടുന്ന ആദായ നികുതിയിലടക്കമുള്ള ഇളവുകയും കുടുംബ ബിസിനിസുകളില്‍ ഉറച്ചുനില്ക്കാന് പ്രേരിപ്പിക്കുന്നുവെന്ന്, ഈ മേഖലയിലെ വിദഗ്ധര്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
ഇന്ത്യന്‍ കുടുംബ ബിസിനസുകളെക്കുറിച്ച്, ബിസിനസ് അവലോക സ്ഥാപനമായ ബാര്‍ക്ലെയ്സ് പ്രൈവറ്റ് ക്ലയന്റ്സ് ഹുരൂണിന്റെ, റിപ്പോര്‍ട്ടും കൗതുകകരമാണ്. ഇത് പ്രകാരം അംബാനി കുടുംബം തന്നെയാണ് ഇന്ത്യയിലെ ഏറ്റവും വലിയ സമ്പന്നര്‍. 2024 മാര്‍ച്ച് 20 വരെയുള്ള കണക്ക് പ്രകാരം 25.75 ലക്ഷം കോടി രൂപയുടെ സമ്പത്താണ് അംബാനി കുടുംബത്തിനുള്ളത്, ഇന്ത്യന്‍ ജി.ഡി.പിയുടെ പത്ത് ശതമാനത്തോളം വരുമിതെന്ന് ഇക്കണോമിക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു.
നീരജ് ബജാജ് നയിക്കുന്ന ബജാജ് കുടുംബമാണ് 7.13 ലക്ഷം കോടിയുടെ സ്വത്തുക്കളുമായി പട്ടികയില്‍ രണ്ടാമതെത്തിയത്. 5.39 ലക്ഷം കോടി രൂപയുമായി ബിര്‍ല കുടുംബം തൊട്ടുപിന്നിലുണ്ട്. ആദ്യ മൂന്ന് സ്ഥാനത്തെത്തിയ കുടുംബങ്ങളുടെ ആകെ സ്വത്ത് 38.17 ലക്ഷം കോടി രൂപ വരും. സിംഗപ്പൂരിന്റെ ജി.ഡി.പിക്ക് തുല്യമാണിത്. 4.71 ലക്ഷം കോടി രൂപയുടെ ബിസിനസ് മൂല്യവുമായി സജ്ജന്‍ ജിന്‍ഡാല്‍ നയിക്കുന്ന ജിന്‍ഡാല്‍ കുടുംബമാണ് പട്ടികയില്‍ നാലാമതുള്ളത്. തൊട്ടുപിന്നിലുള്ള നാടാര്‍ കുടുംബത്തിന് 4.30 ലക്ഷം കോടിയുടെ മൂല്യമുണ്ട്.
1958-ല്‍ സ്ഥാപിതമായ അംബാനി കുടുംബം ഇന്ത്യയുടെ ഊര്‍ജ-ടെലികോ വ്യവസായത്തിന്റെ വളര്‍ച്ചയിലും വികസനത്തിലും നിര്‍ണായക പങ്ക് വഹിച്ചിട്ടുണ്ട്. ഇപ്പോള്‍ മുകേഷ് അംബാനിയുടെ നേതൃത്വത്തില്‍, ലോകം മുഴുവന്‍ വ്യാപിച്ചുകിടക്കുന്ന അവരുടെ ബിസിനസ്സ് ഇപ്പോള്‍ രണ്ടാം തലമുറയാണ് കൈകാര്യം ചെയ്യുന്നത്. ഒരു വില്‍പ്പത്രം എഴുതിവെക്കാന്‍ ധീരുഭായി അംബാനി എന്ന ബിസിനസ് ടൈക്കൂണ്‍ മറന്നുപോയതാണ്, മഹാഭാരതയുദ്ധത്തിനുശേഷം ഇന്ത്യ കണ്ട ഏറ്റവും വലിയ സ്വത്ത് കേസിന് ഇടയാക്കിയെതെന്ന് ഒരു തമാശയുണ്ട്. മുകേഷ് അംബാനിയും, അനില്‍ അംബാനിയും തമ്മിലുള്ള കേസും, അടിപിടിയും, ചെളിവാരിയെറിയലും ഒടുവില്‍ കിടമത്സരത്തിലൂടെ, അനില്‍ അംബാനിയുടെ സമ്പൂര്‍ണ്ണമായ തകര്‍ച്ചയുമെല്ലാം നാം ഏറെ ചര്‍ച്ചചെയ്തതാണ്. ഇപ്പോള്‍ കടങ്ങള്‍ ഒക്കെ വീട്ടി അനില്‍ അംബാനിയും തിരിച്ചുവരുന്ന വാര്‍ത്തയാണ്, എക്കണോമിക്ക് ടൈംസ് അടക്കമുള്ള മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
7 ലക്ഷം കോടി മൂല്യമുള്ള ബജാജ്
7,13,700 കോടി രൂപ മൂല്യമുള്ള ബജാജ് കുടുംബമാണ് ബാര്‍ക്ലെയ്സ് റിപ്പോര്‍ട്ടില്‍ രണ്ടാം സ്ഥാനത്ത്. പൂനെ ആസ്ഥാനമായ ഈ കുടുംബം ഇന്ത്യയുടെ ഓട്ടോമോട്ടീവ് വ്യവസായത്തിന് ഗണ്യമായ സംഭാവന നല്‍കിയിട്ടുണ്ട്. നിരജ് ബജാജാണ് ഇപ്പോള്‍ നേതൃത്വം. 1926 -ല്‍ മുംബൈയില്‍ ജംനാലാല്‍ ബജാജ് സ്ഥാപിച്ച ഒരു ഇന്ത്യന്‍ ബഹുരാഷ്ട്ര കൂട്ടായ്മയാണ് ബജാജ് ഗ്രൂപ്പ്. മഹാത്മാഗാന്ധിയോട് അടുത്ത നിന്ന സഹയാത്രികനും, സാതന്ത്ര്യസമര സേനാനിയുമായിരന്നു, ജമുനാലാല്‍ ബജാജ്. ടാറ്റയെപ്പോലെ രാജ്യത്തിന്റെ വ്യാവസായിക അഭിവൃദ്ധി ലക്ഷ്യമിട്ടായിരുന്നു ബജാജിന്റെയും പ്രവര്‍ത്തനം. ജമനാലാല്‍ ബജാജിനുശേഷം മൂത്ത മകന് കമല്നയന് ബജാജാണ് ഗ്രൂപ്പിന്റെ തലവനായത്. സ്കൂട്ടര്‍, ത്രീ വീലര്‍, സിമന്റ്, അലോയ് കാസ്റ്റിംഗ്, ഇലക്ട്രിക്കല്‍ എന്നിവയുടെ നിര്‍മ്മാണത്തിലേക്ക് അദ്ദേഹം ശാഖകള്‍ വ്യാപിപ്പിച്ചു. സാമൂഹിക സേവനത്തിനും സാമൂഹിക ക്ഷേമ പരിപാടികളിലും സജീവമായിരുന്നു അദ്ദേഹം.
ജംനാലാല്‍ ബജാജിന്റെ ചെറുമകനായ രാഹുല്‍ ബജാജാണ് പിന്നീട് ഗ്രൂപ്പിന്റെ നേതൃതത്തിലേക്ക് വന്നത്. അനന്ത് ബജാജ്, എംഡി, ബജാജ് ഇലക്ട്രിക്കല്‍സ് ലിമിറ്റഡ്, ശേഖര്‍ ബജാജ്, ചെയര്മാന്, ബജാജ് ഇലക്ട്രിക്കല്‍സ് ലിമിറ്റഡ് എന്നിവരാണ് കുടുംബത്തിലെ മറ്റ് ശ്രദ്ധേയരായ വ്യവസായികള്‍. ഇപ്പോള്‍ ബജാജ് ഗ്രൂപ്പില്‍ 40 കമ്പനികള്‍ ഉള്‍പ്പെടുന്നുണ്ട്. അതിന്റെ മുന്‍നിര കമ്പനിയായ ബജാജ് ഓട്ടോ ലോകത്തിലെ നാലാമത്തെ വലിയ ഇരുചക്ര, മുച്ചക്ര വാഹന നിര്‍മ്മാതാക്കളായി റാങ്ക് ചെയ്തിട്ടുണ്ട്. വാഹനങ്ങള്‍ , വീട്ടുപകരണങ്ങള്‍, ലൈറ്റിംഗ്, ഇരുമ്പ്, ഉരുക്ക്, ഇന്‍ഷുറന്‍സ്, യാത്ര, ധനകാര്യം എന്നിവ ഉള്‍പ്പെടുന്ന വിവിധ വ്യവസായങ്ങളില്‍ ഗ്രൂപ്പിന് പങ്കാളിത്തമുണ്ട്.
5,38,500 കോടി രൂപയുടെ മുല്യമുള്ള ബിര്‍ള
പട്ടികയില്‍ മൂന്നാം സ്ഥാനത്തുള്ള കുമാര്‍ മംഗലം ബിര്‍ളയുടെ നേതൃത്വത്തിലുള്ള ബിര്‍ള കുടുംബത്തിന് 5,38,500 കോടി രൂപയുടെ മൂല്യമുണ്ട്. ആദിത്യ ബിര്‍ള ഗ്രൂപ്പ് മുംബൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഒരു ഇന്ത്യന്‍ ബഹുരാഷ്ട്ര കൂട്ടായ്മയാണ്. ലോഹങ്ങള്‍, സിമന്റ്, ഫാഷന്‍, റീട്ടെയില്‍, സാമ്പത്തിക സേവനങ്ങള്‍, ഫൈബര്‍ ,തുണിത്തരങ്ങള്‍, രാസവസ്തുക്കള്‍ , റിയല്‍ എസ്റ്റേറ്റ് , ഖനനം, വിനോദം തുടങ്ങിയ വിവിധ മേഖലകളിലായി 36 രാജ്യങ്ങളില്‍ സാന്നിധ്യമുള്ള കമ്പനി. അള്‍ട്രാടെക് സിമന്റ്, ഹിന്‍ഡാല്‍കോ, നോവെലിസ് , ഗ്രാസിം ( കോഴിക്കോട് മാവൂരില്‍ മലിനീകരണത്തിന്റെ പേരില്‍ വില്ലനായ ടീം) , ആദിത്യ ബിര്‍ള കാപ്പിറ്റല്‍, ആദിത്യ ബിര്‍ള ഫാഷന്‍ ആന്‍ഡ് റീട്ടെയില്‍ , വോഡഫോണ്‍- ഐഡിയ എന്നിവയാണ് ബിര്‍ളാഗ്രൂപ്പിന്റെ പ്രമുഖ സ്ഥാപനങ്ങള്‍
പത്തൊമ്പതാം നൂറ്റാണ്ടിന്റെ മധ്യത്തില്‍, രാജസ്ഥാനിലെ പിലാനി ഗ്രാമത്തില്‍ നിന്ന് മുംബൈക്ക് കുടിയേറിവരാണ്, മാര്‍വാഡികളായ ബിര്‍ള കുടുംബമെന്നാണ് ചരിത്രം. പരുത്തി, വെള്ളി, ധാന്യം എന്നിവയുടെയും തുടര്‍ന്ന് ചൈനയുമായി നടന്ന വമ്പന്‍ കറുപ്പ് വ്യാപാരത്തിലുടെയും അവര്‍ സമ്പത്ത് വാരിക്കൂട്ടി. ആ കുടിയേറ്റ വ്യാപാരികളില്‍ മൂന്നാം തലമുറക്കാരനായിരുന്നു ഘനശ്യാമദാസ് ബിര്‍ള എന്ന് ജി ഡി ബിര്‍ള. സത്യത്തില്‍ ഇന്നുകാണുന്ന രീതിയില്‍ ബിര്‍ള ഗ്രൂപ്പിനെ വളര്‍ത്തിയത് ഇദ്ദേഹമാണ്. ഗാന്ധിയുടെ അരുമ ശിഷ്യനും, പ്രമുഖ ധനസഹായിയുമായിരുന്നു അദ്ദേഹം.
1942-ല്‍ ക്വിറ്റ് ഇന്ത്യാ പ്രക്ഷോഭം രാജ്യത്തെ ഇളക്കിമറിച്ചു. ഘനശ്യാമദാസ് ബിര്‍ളയും അതില്‍ പങ്കാളിയായി. ബ്രിട്ടീഷ് കാലത്ത് തന്നെ ഇന്ത്യയ്ക്ക് സ്വന്തമായി ഒരു കാര്‍ നിര്‍മ്മിച്ച്, ആധുനികവ്യവസായരംഗത്തേക്ക് രാജ്യത്തെ നയിക്കാന്‍ ജി ഡി ബിര്‍ള മുന്നോട്ട് വന്നു. അങ്ങനെയാണ് അദ്ദേഹം കല്‍ക്കട്ടയില്‍ ഹിന്ദുസ്ഥാന്‍ മോട്ടോഴ്സ് സ്ഥാപിച്ചത്. ഇന്ത്യന്‍ സ്വത്വത്തിന്റെ പ്രതീകമായി മാറിയ അംബാസഡര്‍ കാര്‍ ഇറങ്ങുന്നത് ഈ സ്ഥാപനത്തില്‍ നിന്നാണ്. അടുത്ത വര്‍ഷം ഘനശ്യാമ ദാസ് ഒരു ബാങ്ക് ആരംഭിച്ചു, യുണൈറ്റഡ് കൊമേഴ്സ്യല്‍ ബാങ്ക്. ഇന്നത്തെ ദേശസാത്കൃത യൂക്കോ ബാങ്ക്.
ഘനശ്യാമ ദാസിന്റെ ദില്ലിയിലെ വസതിയായ ബിര്‍ളാ ഹൗസിലായിരുന്നു തന്റെ അവസാനത്തെ മൂന്ന് മാസക്കാലം ഗാന്ധിജി തങ്ങിയത്. 1948 ജനുവരി 30ന് അദ്ദേഹം വെടിയേറ്റ് വീണതും ഇവിടെവച്ചുതന്നെ.
വിദേശരാജ്യങ്ങളിലെക്ക് ബിര്‍ള ഗ്രൂപ്പിനെ എത്തിച്ച് വലിയ ഒരു കുതിച്ച് ചാട്ടം നടത്തിയത്, ഘനശ്യാമദാസ് ബിര്‍ള എന്ന ജി ഡി ബിര്‍ളയുടെ ചെറുമകനായ, അതായത് മകളുടെ മകനായ ആദിത്യ വിക്രം ബിര്‍ളയാണ്. കത്തിനില്‍ക്കുന്നതിനിടെ വെറും 52ാം വയസ്സിലാണ് ആദിത്യ ബിര്‍ള മരിക്കുന്നത്. അന്നത്തെ ധനകാര്യ മന്ത്രി മന്മോഹന് സിംഗ് ആദിത്യ ബിര്‍ളയെ 'ഇന്ത്യയിലെ ഏറ്റവും മികച്ചതും ശോഭയുള്ളതുമായ പൗരന്മാരില് ഒരാള്‍' എന്നാണ് വിശേഷിപ്പിച്ചത്.പിതാവ് ആദിത്യ വിക്രം ബിര്‍ളയുടെ മരണത്തെത്തുടര്‍ന്ന് 1995-ല്‍ 28ാം വയസ്സില്‍ ബിര്‍ള ഗ്രൂപ്പിന്റെ ചെയര്‍മാനായി മകന് കുമാര്‍ മംഗലം ബിര്‍ള ചുമതലയേറ്റു. ഇത്രയും ചെറുപ്പമായ ഒരാള്‍ കമ്പനിയുടെ തലപ്പത്ത് എത്തുന്നതോടെ ബിര്‍ള ഗ്രൂപ്പ് ആകെ അവതാളത്തിലാവും എന്നാണ് എല്ലാവരും കരുതിയത്. പക്ഷേ കുമാര്‍ മംഗലത്തിന്റെ കീഴില്‍ ബിര്‍ള ഗ്രൂപ്പ് വലിയതോതില്‍ വളര്‍ന്നു. ഗ്രൂപ്പിന്റെ വാര്‍ഷിക വിറ്റുവരവ് 1995ലെ രണ്ടു ബില്യണ്‍ യുഎസ് ഡോളറില്‍ നിന്ന് 2021-ല്‍ 45 ബില്യണ്‍ യുഎസ് ഡോളറായി ഉയര്‍ന്നു. ഇന്ന്, ആറ് ഭൂഖണ്ഡങ്ങളിലായി 36 രാജ്യങ്ങളില്‍ ബിര്‍ള ഗ്രൂപ്പ് പ്രവര്‍ത്തിക്കുന്നു.
ബിര്‍ള ഇപ്പോള്‍ ജ്വല്ലറി മേഖലയിലേക്ക് കൂടി കടന്നിരിക്കയാണ്. സിമന്റ് അടക്കമുള്ള തങ്ങളുടെ പരമ്പരാഗതമേഖലകളിലും ബിര്‍ള നിക്ഷേപം വര്ധിപ്പിക്കയാണ്. അങ്ങനെ അംബാനിക്കും അദാനിക്കും അവര്‍ വെല്ലുവിളി ഉയര്തത്യാണ്.
4,71,200 കോടി മൂല്യമുളള ജിന്‍ഡാല്‍ കുടുംബം
ലിസ്റ്റില്‍ നാലാം സ്ഥാനത്ത്് വന്ന സജ്ജന്‍ ജിന്‍ഡാലിന്റെ നേതൃത്വത്തിലുള്ള ജിന്‍ഡാല്‍ കുടുംബത്തിന്റെ മൂല്യം 4,71,200 കോടി രൂപയാണ്. പ്രാഥമികമായി ലോഹങ്ങളിലും ഖനന വ്യവസായത്തിലും പ്രവര്‍ത്തിക്കുന്ന ഈ ബിസിനസ്സ് ഇപ്പോള്‍ രണ്ടാം തലമുറയാണ് നയിക്കുന്നത്. ഈ ഫാമിലി ബിസിനസിലെ യഥാര്‍ത്ഥതാരം, കഴിഞ്ഞവര്‍ഷം വരെ ഗ്രൂപ്പിന്റെ തലവായായിരുന്നു സജ്ജന്‍ ജിന്‍ഡാലിന്റെ അമ്മ സാവിത്രി ജിന്‍ഡാലാണ്. അവരാണ് രണ്ട് ഭാര്യമാരിലുണ്ടായ മക്കളെ ഒരുപോലെ കൊണ്ടുപോയി കുടുംബ ബിസിനസ് തകരാതെ നോക്കിയത്.
2023-ലെ ഇന്ത്യന്‍ ബിസിനസ് ലോകത്തെ താരം ഒ പി ജിന്‍ഡാല്‍ ഗ്രൂപ്പിന്റെ ചെയര്‍പേഴ്സണ്‍ സാവിത്രി ജിന്‍ഡാല്‍ ആയിരുന്നു. അന്ന് ഏഷ്യയിലെ ഏറ്റവും സമ്പന്നയായ സ്ത്രീയും അവര്‍ തന്നെ.2005-ല്‍ ഹെലികോപ്റ്റര്‍ ഭര്‍ത്താവ് ഓം പ്രകാശ് ജിന്‍ഡാലിന്റെ മരണത്തെ തുടര്‍ന്നാണ് സാവിത്രി ജിന്‍ഡാല്‍ ഗ്രൂപ്പിന്റെ നേതൃസ്ഥാനം ഏറ്റെടുത്തത്.ഹരിയാനയില്‍ നിന്നുള്ള ബിസിനസുകാരനായിരുന്നു ജിന്‍ഡാല്‍. ഒരു ഹിന്ദു മാര്‍വാഡി കുടുംബത്തില്‍ ജനിച്ച സാവിത്രി ദേവിക്ക് കോളില്‍ പഠിക്കാന്‍പോലും അവസരം കിട്ടിയില്ല. പെണ്‍കുട്ടികള്‍ പഠിച്ച് ജോലി സമ്പാദിച്ച് പണം കൊണ്ടുവരേണ്ട കാര്യമൊന്നും ഇവിടെയില്ല എന്ന പരമ്പരാഗത ധാരണ തന്നെയായിരുന്നു കാരണം. സാവിത്രിയുടെ സഹോദരിയും ഒ.പി. ജിന്‍ഡാലിന്റെ ഭാര്യയുമായ വിദ്യാദേവിയുടെ അകാലത്തിലെ മരണമാണ് സാവിത്രിയുടെ ജീവിതത്തെ അടിമുറ്റി മാറ്റിയത്.
സഹോദരിയുടെ മരണത്തിന് പിന്നാലെ തന്റെ ഇരുപതാം വയസ്സില്‍ ഓം പ്രകാശ് ജിന്‍ഡാലിന്റെ രണ്ടാം ഭാര്യയായി വിവാഹജീവിതത്തിലേക്ക്. ആറുമക്കളുടെ അച്ഛനായ ഓംപ്രകാശ് ജിന്‍ഡാലിന് സാവിത്രി ദേവിയെ വിവാഹം കഴിക്കുമ്പോള്‍ പ്രായം 40 പിന്നിട്ടിരുന്നു. സാവിത്രിയേക്കാള്‍ 20 വയസ്സ് കൂടുതലുള്ള ഒ.പി.യുടെ ആദ്യവിവാഹത്തിലെ മൂത്തകുട്ടി സാവിത്രിയുടെ പ്രായത്തിനടുത്തായിരുന്നു!പക്ഷേ ഇളയ കുട്ടികളുടെ ഭാവി തന്നെയായിരുന്നു തന്നെ ഇതുപോലെ ഒരു തീരുമാനത്തിലേക്ക് എത്തിച്ചത് എന്ന് അവര്‍ പിന്നീട് പറഞ്ഞു. ജിന്‍ഡാലിന് ആര് രണ്ടാം ഭാര്യയായി വന്നാലും താന്‍ നോക്കുന്നതുപോലെ കുട്ടികളെ നോക്കാന്‍ കഴിയില്ല എന്ന തോന്നല്‍ അവര്‍ക്കുണ്ടായിരുന്നു. പിന്നീട് മൂന്ന് കുട്ടികള്‍ ഈ ദാമ്പത്യത്തില്‍ ഉണ്ടായിട്ടും ആ കുടുംബത്തില്‍ ഒരു വിളളലും ഉണ്ടായില്ല. ശരാശരി ഇന്ത്യന്‍ ബിസിനസ് ഫാമിലിയിലെപ്പോലെ ചെളിവാരിയെറിയലും കോടതി വ്യവഹാരങ്ങളും ഒന്നും ഈ കുടുംബത്തില്‍ ഉണ്ടായിട്ടില്ല.
ബിസിനസിന്റെ യാതൊരു മുന്‍പരിചയവുമില്ലാത്ത ആ വീട്ടമ്മ ബിസിനസ് സാമ്രാജ്യത്തിന്റെ നായിക പദവി ഏറ്റെടുക്കാന്‍ തീരുമാനിച്ചു. കോളജ് വിദ്യാഭ്യാസം പോലുമില്ലാത്ത സാവിത്രി ബിസിനസിന്റെ കടിഞ്ഞാണ്‍ ഏറ്റെടുക്കുമ്പോള്‍ ജിന്‍ഡാല്‍ ഗ്രൂപ്പ് തകര്‍ന്നുവീഴുമെന്ന് എതിരാളികള്‍ പലരും മനക്കോട്ട കെട്ടി. എന്നാല്‍ അവരെയ്യെല്ലാം പ്രവര്‍ത്തനത്തിലൂടെ സാവിത്രി അമ്പരപ്പിച്ചു. ഒ പി ജിന്‍ഡാലിനെപ്പോലെ രാഷ്ട്രീയത്തിലും സാവിത്രി വിജയിച്ചു. കോണ്‍ഗ്രസ് ടിക്കറ്റില്‍ ഹരിയാനയില്‍ നിന്ന് മത്സരിച്ച് മന്ത്രിയായി.
ഒരു ഇന്ത്യന്‍ ബിസിനസ് ഫാമിലിയുടെ അടിസ്ഥാന രീതിയാണ് പിതാവിന്റെ മരണത്തിനുശേഷമുള്ള ഈ തമ്മില്‍ തല്ല്. എന്നാല്‍ ഇതില്‍നിന്നും തീര്‍ത്തും ഭിന്നമാണ് ജിന്‍ഡാല്‍ ഗ്രൂപ്പ് എന്നും, അതിന് നേതൃത്വം കൊടുത്തു എന്നതുമാണ് സാവിത്രിയുടെ വിജയം. മറ്റേത് കുടുംബത്തേക്കാള്‍ എളുപ്പത്തില്‍ പ്രശ്നം ഉണ്ടാവാന്‍ സാധ്യതയുള്ള കടുംബമായിരുന്നു ഇത്. കാരണം, ഇതില്‍ ആറുമക്കള്‍ സാവിത്രിയുടെ ചേച്ചിയിലും, മൂന്നുമക്കള്‍ സാവിത്രിയിലും ഉണ്ടായതാണ്. പക്ഷേ അവര്‍ ഈ ഒമ്പത് മക്കള്‍ക്കും ഒരു വിവേചനവുമില്ലാതെ അമ്മയായി. അഞ്ച് പെണ്മക്കളെയും വിവാഹം കഴിച്ച് അവര്‍ക്കുള്ള സ്വത്ത് കൊടുത്തതിനുശേഷം, നാല് ആണ്മക്കള്ക്കായി എല്ലാം കൃത്യമായി വിഭജിച്ച് കൊടുത്തു. എന്നിട്ട് അതിന്റെ കോര്‍ഡിനേഷനും ഫുള്‍ കണ്ട്രോളും അമ്മയില്‍ വരുന്ന രീതിയില്‍ ആക്കി. സാവിത്രയുടെ മരണശേഷം മൂത്തമകനാണ്, ഈ കോര്‍ഡിനേഷന്‍ പദവിയില്‍ എത്തുക.
ഉരുക്ക്, വൈദ്യുതി, ഖനനം, എണ്ണ, വാതകം എന്നിവയിലെ ലീഡിങ്ങ് കമ്പനികളാണ് ഇന്ന് ജിന്‍ഡാല്‍ ഗ്രൂപ്പിനുള്ളത്. ബ്ലൂംബെര്‍ഗ് റിപ്പോര്‍ട്ട് അനുസരിച്ച് , കുടുംബ ബിസിനസിന്റെ കുടക്കീഴില് ഓരോ കമ്പനിയുടെയും ഷെയര്‍ഹോള്‍ഡിംഗിന്റെ അഞ്ചിലൊന്ന് ഓരോ മകനും സ്വന്തമാക്കുന്ന തരത്തിലാണ് ഓഹരികള്‍ ക്രമീകരിച്ചത്. ഭര്‍ത്താവിന്റെ മരണശേഷം കമ്പനിയുടെ ചെയര്‍മാനായി മാത്രമല്ല, മക്കളുടെ ഓഹരികളും സാവിത്രി സ്വന്തമാക്കി. അവര്‍ മരിക്കുമ്പോള്‍, എല്ലാ ബിസിനസ്സിലെയും അവളുടെ വിഹിതം ഒപി ജിന്‍ഡാല്‍ ഗ്രൂപ്പിന്റെ തലവനായ മൂത്ത മകന് സ്വയമേവ കൈമാറ്റം ചെയ്യപ്പെടും.
പൃഥ്വിരാജ് ജിന്‍ഡാല്‍, സജ്ജന്‍ ജിന്‍ഡാല്‍ ,രത്തന്‍ ജിന്‍ഡാല്‍, നവീന്‍ ജിന്‍ഡാല്‍ എന്നിവരാണ് ഇപ്പോള്‍ ഗ്രൂപ്പിന്റെ വിവിധ മേഖലകള്‍ നിയന്ത്രിക്കുന്നത്. ഗ്രൂപ്പിന്റെ ഏറ്റവും വലിയ ആസ്തിയുടെ മേല്‍നോട്ടം വഹിക്കുന്നത്, മുബൈ ആസ്ഥാനമാക്കി പവര്‍ത്തിക്കുന്ന സജ്ജന്‍ ജിന്‍ഡാലാണ്. തുറമുഖ വിഭാഗം ആണിത്. ഡല്‍ഹി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഇളയമകന് മകന് നവീന്‍, ജിന്‍ഡാല്‍ സ്റ്റീല്‍ ആന്‍ഡ് പവര്‍ കൈകാര്യം ചെയ്യുന്നു.
4ലക്ഷം കോടിയുടെ നാടാര്‍ കുടുംബം
പട്ടികയില്‍ അഞ്ചാം സ്ഥാനത്തുള്ള നാടര്‍ കുടുംബത്തിന്, 4,30,600 കോടി രൂപയാണ് മൂല്യം. റോഷ്നി നാടാര്‍ മല്‍ഹോത്രയുടെ നേതൃത്വത്തില്‍ അവരുടെ ബിസിനസ്സ് സോഫ്റ്റ്വെയര്, സേവന മേഖലകളില്‍ പുരോഗമിക്കുന്നു. 1991-ല്‍ സ്ഥാപിതമായതും ഇപ്പോള്‍ രണ്ടാം തലമുറ കൈകാര്യം ചെയ്യുന്നതുമായ കമ്പനി നോയിഡയിലാണ് പ്രവര്‍ത്തിക്കുന്നത്. ഇന്ത്യയുടെ സാങ്കേതിക വ്യവസായത്തില്‍ നാടാര്‍ കുടുംബത്തിന്റെ ഗണ്യമായ സ്വാധീനം നിലനില്ക്കുന്നു. ബാര്‍ക്ലെയ്സ് റിപ്പോര്‍ട്ടില്‍ ആദ്യ പത്തിലെത്തിയ വനിത നയിക്കുന്ന ഫാമിലി ബിസിനസും ഇതുതന്നെയാണ്. എച്ച്.സി.എല്‍ ചെയര്‍പേഴ്സണ്‍ ആണ് റോഷ്നി നാടാര്‍. ഓഹരി വിപണിയില്‍ ലിസ്റ്റ് ചെയ്ത ഇന്ത്യയിലെ ഒരു ഐ.ടി കമ്പനി നയിക്കുന്ന ആദ്യ വനിതയും റോഷ്നി നാടാര്‍ തന്നെ.
1982-ലാണ് റോഷ്നി നാടാര്‍ മല്‍ഹോത്രയുടെ ജനനം. എച്ച്സിഎല്‍ ഗ്രൂപ്പ് സ്ഥാപകനും ശതകോടീശ്വരനായ വ്യവസായിയുമായ ശിവ് നാടാറിന്റെ ഏക മകളാണ്.2019-ല്‍, ഫോര്‍ബ്സിന്റെ ലോകത്തിലെ ഏറ്റവും ശക്തരായ 100 സ്ത്രീകളുടെ പട്ടികയില്‍ അവര്‍ 54-ാം സ്ഥാനത്താണ്. വെല്‍ത്ത് ഹുറൂണ്‍ ഇന്ത്യ റിച്ച് ലിസ്റ്റ് (2019) പ്രകാരം, അവര്‍ സ്വയാര്‍ജ്ജിത സ്വത്തുക്കളുള്ള ഇന്ത്യയിലെ ഏറ്റവും ധനികയായ സ്ത്രീയാണ്.2023-ല്‍, ലോകത്തിലെ ഏറ്റവും ശക്തരായ 100 സ്ത്രീകളുടെ ഫോര്‍ബ്സ് പട്ടികയില്‍ റോഷ്നി 60-ാം സ്ഥാനത്തെത്തി.
ഡല്‍ഹിയിലാണ് റോഷ്നി വളര്‍ന്നത്. വസന്ത് വാലി സ്കൂളില്‍ പഠിച്ചു, റേഡിയോ/ടിവി/സിനിമയില്‍ ശ്രദ്ധ കേന്ദ്രീകരിച്ച് ആശയവിനിമയത്തില്‍ ബിരുദം നേടിയ നോര്‍ത്ത് വെസ്റ്റേണ്‍ യൂണിവേഴ്സിറ്റിയില്‍ നിന്ന് ബിരുദം നേടി.കെല്ലോഗ് സ്കൂള്‍ ഓഫ് മാനേജ്മെന്റില്‍ നിന്ന് എംബിഎയും നേടിയിട്ടുണ്ട്. എച്ച്സിഎല്‍ കോര്‍പ്പറേഷന്റെ സിഇഒ ആകുന്നതിന് മുമ്പ്, ശ്രീ ശിവസുബ്രഹ്മണ്യ നാടാര്‍ കോളേജ് ഓഫ് എഞ്ചിനീയറിംഗ് നടത്തുന്ന ശിവ് നാടാര്‍ ഫൗണ്ടേഷന്റെ ട്രസ്റ്റിയായിരുന്നു റോഷ്നി. സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്കുള്ള നേതൃത്വ അക്കാദമിയായ വിദ്യാഗ്യാന് ലീഡര്‍ഷിപ്പ് അക്കാദമിയുടെ ചെയര്‍പേഴ്സണാണ് അവര്‍. പരിസ്ഥിതി സ്നേഹി, ജീവകാരുണ്യ പ്രവര്‍ത്തക എന്ന നിലയിലും അവര്‍ പ്രശസ്തയാണ്. ഇന്ത്യയുടെ സ്വാഭാവിക ആവാസ വ്യവസ്ഥകളെയും തദ്ദേശീയ ജീവജാലങ്ങളെയും സംരക്ഷിക്കുകയെന്ന ലക്ഷ്യത്തോടെ അവര്‍ 'ദ ഹാബിറ്റാറ്റ്സ്' എന്ന ട്രസ്റ്റ് സ്ഥാപിച്ചിട്ടുണ്ട്.
രോഷ്ണി പരിശീലനം നേടിയ ഒരു ശാസ്ത്രീയ സംഗീതജ്ഞ കൂടിയാണ്. 2010ല്‍, എച്ച്സിഎല്‍ ഹെല്‍ത്ത്കെയറിന്റെ വൈസ് ചെയര്മാന് ശിഖര്‍ മല്‍ഹോത്രയെ അവര്‍ വിവാഹം കഴിച്ചു. അവര്‍ക്ക് രണ്ട് ആണ്‍മക്കളുണ്ട്. ഇപ്പോള്‍ റോഷ്ണിയുടെ നേതൃത്വത്തില്‍ എച്ച്.സി.എല്‍ കുതിക്കയാണ്.
മഹീന്ദ്രമുതല് മുരുഗപ്പ വരെ
പട്ടികയില്‍ ആറാം സ്ഥാനത്തുള്ളത് മഹീന്ദ്ര ഫാമിലിയാണ്. ഇവരുടെ മൂല്യം 3,45,200 കോടി രൂപയാണ്. മൂന്നാം തലമുറ സംരംഭകനായ ആനന്ദ് മഹീന്ദ്രയുടെ നേതൃത്വത്തില്‍, മഹീന്ദ്ര ഗ്രൂപ്പ് അഭിവൃദ്ധി പ്രാപിച്ചു. ഓട്ടോമോട്ടീവ്, എയ്റോസ്പേസ്, അഗ്രിബിസിനസ്, ഫിനാന്‍സ്, ഐടി മേഖലകളില്‍ വ്യാപിച്ചുകിടക്കുന്ന ഈ വൈവിധ്യമാര്‍ന്ന കൂട്ടായ്മയാണിത്. ആനന്ദ് മഹീന്ദ്രയുടെ ദീര്‍ഘവീക്ഷണമുള്ള നേതൃത്വവും സുസ്ഥിരതയോടുള്ള അര്‍പ്പണബോധവും ഗ്രൂപ്പിനെ ആഗോള പ്രാധാന്യത്തിലേക്ക് ഉയര്‍ത്തിയെന്ന് എക്കണോമിക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു. 7ാം സ്ഥാനത്തുള്ള ഏഷ്യന്‍ പെയിന്റ്സിന്റെ സ്ഥാപകരായ ഡാനി, ചോക്സി, ഫാമിലിയാണ്. ഇവരുടെ മൂല്യം 2,71,200 കോടി രൂപയാണ്. കെമിക്കല്‍സ്, പെട്രോകെമിക്കല്‍സ് വ്യവസായത്തിലാണ് അവരുടെ ശ്രദ്ധയൂന്നിയിട്ടുള്ളത്.
ലോക പ്രശസ്തമായ വിപ്രോയെ നയിക്കുന്ന അസീം പ്രേംജി കുടുംബമാണ് തൊട്ടുടത്ത്. 2,57,900 കോടി രൂപയാണ് മൂല്യമുള്ള പ്രേംജി കുടുംബത്തിന്റെ മൂല്യം. ഇപ്പോള്‍ റിഷാദ് പ്രേംജിയുടെ നേതൃത്വത്തില്‍ സോഫ്റ്റ്വെയര്, സേവന മേഖലയിലാണ് ബിസിനസ് വേരൂന്നിയിരിക്കുന്നത്. 1945-ല്‍ സ്ഥാപിതമായ, ഇപ്പോള്‍ മൂന്നാം തലമുറ കൈകാര്യം ചെയ്യുന്ന ഈ കമ്പനി ബംഗളൂരു ആസ്ഥാനമായി പ്രവര്‍ത്തിക്കുന്നു. ഒമ്പതാം സ്ഥാനത്തുള്ള രാജീവ് സിംഗ് കുടുംബത്തിന് 2,04,500 കോടി രൂപ മൂല്യമുണ്ട്. പ്രശസ്തമായ ഡിഎല്‍ഫ് ഇവരുടേതാണ്. കുടുംബത്തിലെ മൂന്നാം തലമുറയെ നയിക്കുന്ന രാജീവ് സിംഗ് റിയല്‍ എസ്റ്റേറ്റ് മേഖലയിലെ അവരുടെ പ്രവര്‍ത്തനങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കുന്നു. 1946-ല്‍ സ്ഥാപിതമായ അവരുടെ സ്ഥായിയായ പാരമ്പര്യം ഇന്ത്യയുടെ നഗരവികസനത്തെ കാര്യമായി സ്വാധീനിച്ചിട്ടുണ്ട്.
ലിസ്റ്റില്‍ 202,200 കോടി രൂപ മൂല്യത്തോടെ, പത്താം സ്ഥാനത്താണ് മുരുഗപ്പ കുടുംബം. എം.എ.എം അരുണാചലത്തിന്റെ നേതൃത്വത്തില്‍ ഓട്ടോമൊബൈല്‍, ഓട്ടോ കംപോണന്റ്സ് മേഖലകളില്‍ ബിസിനസ് പ്രമുഖമാണ്. 1900-ല്‍ സ്ഥാപിതമായ, ഇപ്പോള്‍ മൂന്നാം തലമുറ കൈകാര്യം ചെയ്യുന്ന ഈ കമ്പനി ചെന്നൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്നു.
അദാനിയില്ലാത്തത് എന്തുകൊണ്ട്?
ഈ ലിസ്റ്റില്‍, ഇന്ത്യയിലെ ഏറ്റവും ശക്തമായ വ്യവസായ ഗ്രൂപ്പായ അദാനി ഉള്‍പ്പെട്ടിട്ടില്ല. അതിനുകാരണം, ആദ്യ തലമുറയിലെ ബിസിനസ് കുടുംബങ്ങളെ പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടില്ല എന്നതുകൊണ്ടാണ്. ആദ്യ തലമുറ കുടുംബങ്ങളുടെ ലിസ്റ്റ് എടുത്താല്‍ അദാനി മുന്നിലാണ്. 15.44 ലക്ഷം കോടി രൂപയാണ് മൂല്യം കണക്കാക്കിയിരിക്കുന്നത്. 2.37 ലക്ഷം കോടി രൂപയുടെ മൂല്യമുള്ള സെറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ കമ്പനി നയിക്കുന്ന പൂനേവാല കുടുംബമാണ് ഈ ലിസ്റ്റില്‍ അദാനിക്ക് തൊട്ടുപിന്നിലുണ്ട്. ഒരു കുടുംബ സംരംഭമായി ലിസ്റ്റ് ചെയ്യാത്തതുകൊണ്ട് ടാറ്റയും ഇതില്‍ ഉള്‍പ്പെട്ടിട്ടില്ല.
അതുപോലെ വനിതകള്‍ നയിക്കുന്ന കുടുംബ ബിസിസസിന്റെ വിവരങ്ങളും കൗതുകരമാണ്. റോഷ്ണി നാടാര്‍ കഴിഞ്ഞാല്‍, ഗോദ്റെജ് കുടുംബത്തിലെ നിസാബ ഗോദ്റെജാണ് രണ്ടാം സ്ഥാനത്ത്.1,72,500 കോടി രൂപയുടെ ബിസിനസുമണ്ട് ഇവര്‍ക്ക്. മൂന്നാം സ്ഥാനത്ത് ഫാര്‍മ കമ്പനിയായ ലുപിന്‍ അവതരിപ്പിക്കുന്ന മഞ്ജു ഡി. ഗു്പ്തയാണ്. 71,200 കോടിയുടേതാണ് ബിസിനസ്.
അതുപോലെ മറ്റു ചില പ്രധാന വനിതകള്‍ ഇവരാണ്. ജെ.കെ സിമന്റ് നിര്‍മാതാക്കളായ സിംഘാനിയ കുടുംബത്തെ നയിക്കുന്ന സുശീലാദേവി സിംഘാനിയ കുടുംബ ബിസിനസ് വളര്‍ത്തിയത് 67,600 കോടിയിലേക്കാണ്. തെര്മാക്സിലൂടെ അറിയപ്പെടുന്ന മെഹര്‍ പദംജിയുടെ കുടുംബ ബിസിനസ് 44,000 കോടി രൂപയുടേതാണ്. ബിര്‍ലാ സോഫ്ടിന്റെ അമിത ബിര്‍ല 30,900 കോടിയുടെ കുടുംബ ബിസിനസ് നയിക്കുന്നു. മലയാളിയായ ജ്യോതി രാമചന്ദ്രന് മാനേജിങ് ഡയറക്ടറായ ജ്യോതി ലബോറട്ടറീസിന്റെ കുടുംബ ബിസിനസ് ഇന്ന് 15,400 കോടിയുടേതാണ്. വനിത വ്യവസായികളില്‍ 10-ാം സ്ഥാനം. ആകെ കേരളത്തില്‍നിന്ന് ഈ ലിസ്റ്റില്‍ കണ്ട ഏക പേര് നമ്മുടെ ഉജാലയുടെ ജ്യോതി രാമചന്ദ്രന്റെതാണ്.
വാല്‍ക്കഷ്ണം: നോക്കുക, ഈ ലിസ്റ്റില്‍ കേരളത്തില്നിന്നൊന്നും അരുമില്ല. കുറച്ചുകാലം മുമ്പ്, മുന്‍ ധനമന്ത്രി ഡോ തോമസ് ഐസക്ക് പറഞ്ഞതായി ഓര്‍ക്കുന്നത്, മാര്വാഡികളെപ്പോലുള്ള ബിസിനസ് ഫാമലികള് ഇല്ലാത്തതുകൊണ്ടാണ്, കേരളത്തില്‍ വലിയ വ്യവസായികള്‍ ഉണ്ടാവാത്തത് എന്നായിരുന്നു. ഇവിടെ നോക്കുക, പഴയ ബിസിനസ് ഫാമിലിക്ക് പകരം ഒരുപാട് പുതിയവര്‍ ഉദയം ചെയ്യുന്നുണ്ട്. സംരംഭകന് ബൂര്ഷ്വയാണെന്ന അടഞ്ഞ കാഴ്ചപ്പാടായിരിക്കണം, കേരളത്തെ പിറകോട്ടടിപ്പിച്ചത്.